Friday, November 23, 2018

സംവാദാത്മക- ലോകത്തിലേക്കുള്ള ദൂരം.


                              



                     എന്തിനെയും നിരന്തരം വിമർശനങ്ങൾക്ക് വിധേയമാക്കുക, എന്തിനെയും സംശയാസ്പദമായി വിശകലനം ചെയ്യുക (Doubt Everything ) എന്നത് മാർക്സ് നിരന്തരം പുലർത്തിയിരുന്ന ഒരു കീഴ്വഴക്കമായിരുന്നു. ആകാശത്തിനു കീഴിലുള്ള എന്തും വിമർശനങ്ങൾക്ക് വിധേയമാണെന്ന് അദ്ദേഹം കരുതി. മാറ്റം അനിവാര്യമല്ലാത്തതായി യാതൊന്നും ഇല്ലാത്ത ലോകത്ത് ഇത്തരം വിമർശനങ്ങൾ വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടുവരാനും കൂടുതൽ ഉയർന്ന തലങ്ങളിലേക്കുള്ള വ്യവസ്ഥാപരമായ പുരോഗതിക്ക് ആക്കം കൂട്ടാനും സഹായിക്കും. ഏതൊരു സംവാദത്തിലും അരങ്ങേറുന്നതും വൈരുധ്യങ്ങളുടെ പരസ്പരസംഘട്ടനം തന്നെയാണ്. എന്നാൽ എതിർപ്പുകൾക്കും വിമർശനങ്ങൾക്കും മുകളിൽ യാതൊന്ന് സ്ഥാനം പിടിക്കുന്നുവോ, അവിടെ ഈ സംഘട്ടനവും അതിലൂടെ സംഭവിക്കാനിടയുള്ള പുരോഗമന-പ്രക്രിയയും മരവിച്ചുപോവുകയാണ് ചെയ്യുക.

                                     കേരളത്തിന്റെ പശ്ചാത്തലത്തിൽ തന്നെ ചിന്തിച്ച് തുടങ്ങണം. ഇവിടെ നിരന്തരം പലവിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുതലാളിത്തവും സാമ്രാജ്യത്വവും വിമർശിക്കപ്പെടാറുണ്ട്. രാഷ്ട്രീയകൊലപാതകങ്ങളും ജാതിപ്രീണനവും വർഗീയതയും അഴിമതിയും സമൂഹത്തിലെ മൂല്യച്യുതിയും ഒക്കെ പ്രതിസ്ഥാനത്തുനിർത്തപ്പെടുന്നു. എന്നാൽ ചില മേഖലകൾ, ചില സാമൂഹ്യസ്ഥാപനങ്ങൾ എതിർസ്വരങ്ങൾക്ക് പോലും അവസരങ്ങൾ നിഷേധിച്ചുകൊണ്ട് എക്കാലവും പൂജിക്കപ്പെടേണ്ട വിഗ്രഹങ്ങളായി മാറുന്നു. അവയെ യുക്തിപരമായി ചോദ്യം ചെയ്യുന്നതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. മതവും ദൈവചിന്തയും മുതൽ ചരിത്രപുരുഷന്മാർ വരെ ഇങ്ങനെ സംവാദങ്ങളുടെ ലോകത്തുനിന്നും രക്ഷപ്പെട്ട് മാറിനിൽക്കുന്നു. മതങ്ങൾക്കും വിശ്വാസങ്ങൾക്കും നമ്മുടെ മതാധിപത്യരാജ്യം നൽകിയിരിക്കുന്ന സൗജന്യം വ്രണപ്പെടാനുള്ള സാധ്യതകളാണ്. മതത്തിനുനേരെ വൈകാരികമായി വസ്‌തുനിഷ്‌ഠ മല്ലാത്ത അവഹേളനങ്ങൾ നടത്തുന്നത് ശരിയല്ല.എന്നാൽ അവയെ യുക്തിഭദ്രമായും മനുഷ്യപക്ഷത്തുനിന്ന് കൊണ്ടും തിരുത്തലുകൾ നടത്തുന്നത് മതത്തെ വ്രണപ്പെടുത്തലല്ല, മറിച്ച് നവീകരണമാണ്. ജനങ്ങളുടെ ചിന്താഗതികളെ ശുദ്ധീകരിക്കലാണ്. സത്യങ്ങളെ ഒരിക്കലും വ്രണപ്പെടുത്താനാവുകയില്ല. പരിണാമം പോലുള്ള ശാസ്ത്രസിദ്ധാന്തങ്ങളെ ഒരു മതപണ്ഡിതൻ വിമർശിച്ചതുകൊണ്ട് അവ വ്രണപ്പെട്ടെന്ന് പരാതി പറയുന്ന ശാസ്ത്രജ്ഞരെയോ യുക്തിവാദികളെയോ കാണാൻ കഴിയില്ലല്ലോ. 

                    എന്നാൽ മാനവികമൂല്യങ്ങൾക്ക് വിരുദ്ധമായ വിശ്വാസാചാരങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ അവ വ്രണപ്പെടുത്തരുതെന്ന് പറയുന്നത് ജനാധിപത്യസംവാദങ്ങളെ തളർത്തും. ഒരു സംവാദത്തിനുമുന്നിൽ തകർന്നുവീഴാവുന്ന ചീട്ടുകൊട്ടാരം മാത്രമാണ് തങ്ങളുടെ വിശ്വാസമെന്ന് വിശ്വാസികൾ തന്നെ സമ്മതിക്കലാണത്. മതം മാത്രമല്ല, പ്രത്യയശാസ്ത്രങ്ങളും വ്യക്തികളും സ്ഥാപനങ്ങളും മഹത്-വ്യക്തികളും കലാരൂപങ്ങളുമൊക്കെ നിരന്തരം കൈകാര്യം ചെയ്യപ്പെടേണ്ടത് ഏകപക്ഷീയമായ യോജിപ്പിന്റെ മണ്ഡലത്തിലല്ല, വിരുദ്ധാഭിപ്രായങ്ങൾ തമ്മിലുള്ള സംവാദങ്ങളുടെ മണ്ഡലത്തിലാണ്. മാർക്സിസം ഉൾപ്പെടെയുള്ള സർവ്വ ചിന്താപദ്ധതികളും ഇതിന് വിധേയമാകണം. കുടുംബം,സദാചാരം പോലുള്ള സാമൂഹ്യഘടകങ്ങളെ വിമർശിക്കണം. ഇതൊന്നും നിർഭാഗ്യവശാൽ സംഭവിക്കാത്തതിന്റെ ഫലമാണ് നാട്ടിൽ വിളയാടുന്ന സദാചാരപോലീസിങ്ങും സ്ത്രീവിരുദ്ധതയും ജാതി-മതവർഗീയതയും കുടുംബങ്ങളിലെങ്കിലും സജീവമായ യാഥാസ്ഥിതികത്വവുമൊക്കെ.. മലയാളികളുടെ ഒരു സൂപ്പർസ്റ്റാറിനെതിരെ രംഗത്തുവന്നതിന് ഫെമിനിച്ചികൾ വിചാരണ ചെയ്യപ്പെടുന്നതും സിനിമകളിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാണിച്ചതിന് നടിയെ വെർബൽ റേപ്പ് ചെയ്യുന്നതും മുതൽ ആചാരലംഘനങ്ങളുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ച സുനിൽ മാഷിനെതിരെ വധഭീഷണി മുഴക്കുന്നതും ഒക്കെ സൂചിപ്പിക്കുന്നത് ഒന്നുമാത്രം. 

                    ഇന്ത്യയിലെ ജനാധിപത്യം ഇന്ന് പേരിനുമാത്രമാണ്. ചോദ്യം ചെയ്യാൻ പാടില്ലാത്ത നിരവധി വിശുദ്ധപ്രസ്ഥാനങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം അത് അങ്ങനെ തന്നെയാണ്. മാർക്സും ഗാന്ധിയും നെഹ്രുവും പട്ടേലും ഒക്കെ ആദരിക്കപ്പെടേണ്ടവർ മാത്രമല്ല, വിമർശിക്കപ്പെടേണ്ടവർ കൂടിയാണ്. കാരണം വിമർശനം അനാദരവല്ല, നവീകരണമാണ്. ശരികളും തെറ്റുകളും വിച്ഛേദിച്ചുമനസിലാക്കാൻ ജനങ്ങൾക്ക് കഴിയണമെങ്കിൽ ജാഥകൾ മാത്രം പോരാ, ചർച്ചകളും സംവാദങ്ങളും ഒക്കെ വേണം. പ്രമാണങ്ങളും പ്രസ്ഥാനങ്ങളും ശുദ്ധീകരിക്കപ്പെടണം. സംവാദങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട്, അന്ധമായ ആരാധനയ്ക്കും മനുഷ്യവിരുദ്ധതയ്ക്കും മൗനപിന്തുണ നൽകുന്ന മനുഷ്യർ സംവാദങ്ങളിലേക്ക് വരാൻ സഹിഷ്ണുത പ്രകടിപ്പിക്കട്ടെ. ശരികൾ മടികളേതും കൂടാതെ അംഗീകരിക്കപ്പെടട്ടെ..

Sunday, November 4, 2018

സ്വത്വരാഷ്ട്രീയവും (Identity Politics) മാർക്സിസവും..



                    
                    നമ്മുടെ പാർലമെന്ററി ജനാധിപത്യവും ഭരണഘടനയും വളരെ പുരോഗമനാത്മകമാണ്. അതേസമയം അത് ജാതി-മതാചാരങ്ങളെ സംരക്ഷിക്കുന്നവയുമാണ്. ജാതിമതസ്വത്വങ്ങളെ തലോടുമ്പോഴും നമ്മുടെ ഭരണഘടന മനുഷ്യാവകാശങ്ങൾക്കും മൗലികസ്വാതന്ത്ര്യങ്ങൾക്കും നൽകുന്ന സംരക്ഷണവും വളരെ വലുതാണ്. (അവ യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടാനുള്ള ഒരു ജനാധിപത്യം ഇവിടെയില്ലെങ്കിലും..) ഭരണഘടനയും മാനവിക
മൂല്യങ്ങളും അവകാശങ്ങളും ഒരു ഭാഗത്തും വിശ്വാസവും ആചാരവും എതിർപക്ഷത്തും നിലകൊള്ളുന്നു. ഈ ആന്തരികവൈരുധ്യം സമൂഹത്തിൽ തക്കതായ പ്രതിഫലനങ്ങൾ സൃഷ്ടിക്കും. എന്തായാലും മനുഷ്യന്റെ ചിന്തയിലും പ്രവർത്തിയിലും ജാതിയെ വൻതോതിൽ അലിയിച്ചുചേർക്കാൻ നമ്മുടെ പാർലമെന്ററി ജനാധിപത്യം മൗനാനുവാദം നൽകിയിട്ടുണ്ട്. ഓരോ ജാതിയും ഓരോ സ്വത്വമായി മാറുന്നു. SNDP ഈഴവ സ്വത്വത്തെയും NSS നായർ സ്വത്വത്തെയും ഉയർത്തിക്കാട്ടുന്നതുപോലെ. സ്വത്വം അതാത് വിഭാഗങ്ങളുടെ അഭിമാനപ്രതീകമായി വളരുന്നു.

                    ഇന്ത്യയിൽ ജാതിയാണെങ്കിൽ പാശ്ചാത്യ ഇടങ്ങളിൽ വർണമാണ് സ്വത്വമായി മാറുന്നത്. കറുപ്പും വെളുപ്പും സ്വത്വങ്ങളായി മാറുന്നു. ജാതിസ്വത്വങ്ങൾ തീവ്രമായി നമ്മുടെ ജനാധിപത്യത്തെ ഭരിക്കുകയാണ്. ഓരോ സ്വത്വവും അവരുടെ സംഘാടനത്തെ പറ്റി മാത്രം സംസാരിക്കുന്നു. അവരുടെ ആവശ്യങ്ങൾ മാത്രം നേടിയെടുക്കാൻ കൂട്ടംകൂടുന്നു. ഈ സ്വത്വബോധം വളർന്നുണ്ടാകുന്ന രാഷ്ട്രീയമാണ് സ്വത്വരാഷ്ട്രീയം എന്നത്. ജാതി തെരഞ്ഞെടുപ്പുകളിൽ കേന്ദ്രബിന്ദുവായി മാറുന്നതും ഇതിന്റെ ഫലമാണ്. മതരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും ഫലത്തിൽ ദുർബലമാക്കുന്നത് കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടുവെക്കുന്ന വർഗ്ഗരാഷ്ട്രീയത്തെയാണ്. ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ചേരിക്ക് സംഭവിച്ച അപചയം സ്വത്വരാഷ്ട്രീയത്തിന് ആക്കം കൂട്ടി. ആഗോളമുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയായി സ്വത്വബോധം മാറി.

                    സ്വത്വം എന്ന പ്രത്യയശാസ്ത്ര-ഉപകരണത്തെ പുനരുത്പാദിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അനുഷ്ട്ടാനപരത, വംശീയവികാരം, ഭൂതകാലസ്മൃതികൾ, ഐതിഹ്യങ്ങൾ, പ്രമാണങ്ങൾ ഒക്കെ അതിന്റെ ഭാഗമാണ്. സ്വത്വം എന്നത് മതമാവാം, ജാതിയാവാം, വംശം, ദേശം, ഭാഷ, പാരമ്പര്യം, സംസ്കാരം, അങ്ങനെ പലതുമാവാം. ഉത്തരേന്ത്യയിൽ പാർട്ടികൾ ജാതിക്കാർഡും മതക്കാർഡും മാറിമാറി ഉപയോഗിക്കുകയാണ്. സവർണഹിന്ദുത്വം ഹിന്ദുത്വവികാരത്തെ ആളിക്കത്തിച്ചും അന്യമതസ്പർദ്ധ പരത്തിയും പിന്നോക്കഹിന്ദുക്കളെ കൂടെക്കൂട്ടുന്നു. അധികാരം ലഭിച്ചാൽ ഹിന്ദു ഐക്യം വിട്ട് ദളിത് പീഡനങ്ങളും കൊലകളും പ്രോത്സാഹിപ്പിക്കുന്നു. ഇതുപോലെ ജാതിയടിസ്ഥാനത്തിൽ പ്രചാരണം നടത്തിയും ജാതി-സ്വത്വബോധത്തിൽ എണ്ണയൊഴിച്ചുകൊടുത്തും വോട്ടുപിടിച്ച് മായാവതിയും മുലായംസിംഗും ലാലുപ്രസാദുമൊക്കെ ജയിച്ചുകേറുന്നു. ഇതെല്ലാം കണ്ട് മൗനം പാലിക്കാനേ ഇടതുപക്ഷത്തിന് കഴിയുന്നുള്ളൂ..

                    സ്വത്വരാഷ്ട്രീയത്തിന്റെ ഇല്ലാതാകലിന് ആവശ്യം ജാതിനിരാകരണം തന്നെയാണ്. നവോത്ഥാനകാലത്തെ സമുദായികസംഘടനകൾ കീഴ്ജാതിക്കാരുടെ സാമൂഹ്യഉന്നമനത്തിനായി വാദിച്ചപ്പോഴും അവരുടെ ആത്യന്തികലക്ഷ്യം 'ജാതിരഹിത'സമൂഹമായിരുന്നു. നായാടിയുടെ നമ്പൂരിക്കുമേലുള്ള ജയമല്ല, നായാടിയും നമ്പൂരിയുമില്ലാത്ത ലോകമായിരുന്നു അവർ സ്വപ്നം കണ്ടത്. അതിന് അധഃകൃതരുടെ ഉയർച്ച ആവശ്യമായിരുന്നു. ഈഴവശിവനെ പ്രതിഷ്ഠിച്ച ഗുരു പറഞ്ഞത് നാം ഒരു പ്രത്യേകവിഭാഗത്തിലും പെടുന്നില്ല എന്നാണ്. എന്നാൽ ഇന്നത്തെ സമുദായികനേതാക്കൾ ജാതിവികാരത്തെ മുതലെടുത്ത് പള്ള നിറയ്ക്കുകയാണെന്ന് പറഞ്ഞാൽ തെറ്റുപറയാനാകുമോ.? അവർക്ക് നവോത്ഥാനമൊക്കെ പഴയകാലഓർമകൾ മാത്രമാണ്.

                    സ്വത്വരാഷ്ട്രീയത്തിനു ബദലായി വർഗ്ഗരാഷ്ട്രീയം ശക്തിപ്പെടണമെങ്കിൽ ദളിത്- ആദിവാസികളുടെ ശബ്ദമായും ഇടതുപക്ഷം മാറണം. അവരെയും തൊഴിലാളിവർഗത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണം. പാതിവഴിയിൽ അവസാനിച്ച നവോത്ഥാനം പുനഃരാരംഭിക്കണം. അമേരിക്കയിലെ മാർക്സിസ്റ്റ് ചിന്തകർ വർണവിവേചനത്തെയും സ്വത്വത്തെയും വിശകലനം ചെയ്തിരുന്നു. ജാതിയും വർണവുമൊക്കെ അടിമത്ത- ഫ്യൂഡൽ കാലഘട്ടത്തിന്റെ ഉത്പന്നമാണ്. സാംസ്കാരികഉപരിഘടനയിലെ ഭാഗങ്ങളാണിവ. ജാതി ഉത്ഭവിച്ചത് ചാതുർവർണ്യത്തിന്റെ അടിമത്ത-സമാനമായ പശ്ചാത്തലത്തിലായിരുന്നു. അവ പിന്നീട് എല്ലാ മേഖലകളിലും വ്യാപിച്ചു. സാമ്പത്തികം മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്ക് വഴി മാറിയാലും ഈ ഉപരിഘടന നശിക്കില്ല. കാരണം ജാതി ഉൾപ്പെടെയുള്ള ഉപരിഘടന സാമ്പത്തിക അടിത്തറയിൽ നിന്നാണ് ഉത്ഭവിക്കുന്നതെങ്കിലും പിന്നീട് അവയുടെ നിയന്ത്രണത്തിനതീതമായി അത് മാറും.

                    നിരന്തരമായ നവോത്ഥാനപ്രക്രിയകളിലൂടെയും ഭരണഘടനാ-ഇടപെടലുകളിലൂടെയും ആണ് സ്വത്വബോധങ്ങൾ നിർവീര്യമാകേണ്ടത്. ഗ്രാംഷിയും US മാർക്സിസ്റ്റായ കോക്ക്‌സുമൊക്കെ ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നു. സ്വത്വത്തെ അവഗണിച്ചോ, അതിനെ മുതലെടുത്തോ അല്ല, അവയിൽ ഫലപ്രദമായി ഇടപെട്ട് നിർവീര്യമാക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യേണ്ടത്. രാഷ്ട്രീയത്തിലും ജീവിതത്തിലും സ്വത്വബോധം അപ്രധാനമായി മാറണം. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള യഥാർത്ഥ മുതലാളിത്ത-പ്രതിസന്ധികളെ ഉയർത്തിക്കൊണ്ടുവരണം. ജാതിവിരുദ്ധപ്രക്ഷോഭങ്ങളിൽ സവർണ- അവർണഭേദമന്യേ ജനങ്ങളെ സംഘടിപ്പിക്കണം. കാരണം മാർക്സിസം ലോകത്തിന്റെ വ്യാഖ്യാനമല്ല, മറിച്ച്  ലോകത്തിൽ നടത്തേണ്ടുന്ന മൂർത്തമായ ഇടപെടലുകളാണ്..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...