Friday, September 28, 2018

സമൂഹഘടന (The Structure of Society)


ഭൗതികമായ ഒരു അടിത്തറ. അതിനു മുകളിൽ കെട്ടിപ്പടുത്ത ആശയപരമായ ഒരു മേൽപുര. മാർക്സിസം  മനുഷ്യസമൂഹത്തെ നോക്കിക്കാണുന്നതിങ്ങനെയാണ്. ഈ അടിത്തറ-മേൽപുര സിദ്ധാന്തം അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്നത് തെറ്റാണ്. 20ാം നൂറ്റാണ്ടിലെ പല മാർക്സിസ്റ്റുകാർക്കും പറ്റിയ പിഴവാണത്.

 ഭൗതികഅടിത്തറയിൽ നിന്നും ആശയപരമായ മേൽപുര ഉണ്ടാകുന്നു. (ഇത് കുറച്ചുകൂടി വ്യക്തമാകാൻ ഭൗതികവാദത്തെ സംബന്ധിച്ച പോസ്റ്റ് കാണുക.
എന്നാൽ ഭൗതികാടിത്തറയ്ക്ക് മാറ്റം സംഭവിച്ചാൽ ഉടനടി ആശയപരമായ മേൽപുരയും മാറിക്കോളും എന്ന ചിന്തയാണ് ഒരു പക്ഷേ പഴയ പല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും പിന്തുടർന്നത്. അത് തെറ്റാണെന്ന് ചരിത്‌രം കാണിച്ചുതന്നു.

എന്താണ് ഭൗതികമായ അടിത്തറ..? സമൂഹത്തിലെ ഉത്പാദനശക്തികളും ഉത്പാദകബന്ധങ്ങളും ചേർന്ന അടിത്തറയാണിത്.. ആശയപരമായ മേൽപുര എന്നത് ഈ അടിത്തറയെ നിലനിർത്തുന്ന വിവിധ ആശയങ്ങളും.. മതം, സംസ്കാരം, വിനോദം, രാഷ്ട്രീയം, ഭരണകൂടം, ചിന്താഗതികൾ തുടങ്ങിയ അനേകം ഘടകങ്ങൾ ചേർന്നതാണ് ആശയപരമായ മേൽപുര.

അടിസ്ഥാനപരമായി സമൂഹം എന്താണെന്നും അതിന്റെ സത്ത എന്താണെന്നും ഒരു  കമ്മ്യൂണിസ്റ്റുകാരൻ മനസിലാക്കണമെങ്കിൽ ഈ ഭൗതികാടിത്തറയും ആശയങ്ങളുടെ മേൽപുരയും വേർതിരിച്ച് മനസിലാക്കണം.. ഇവ തമ്മിലെ ബന്ധമെന്താണ്..? ഇവ വിപ്ലവവും തൊഴിലാളിവർഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.. മതം, രാഷ്ട്രീയം, കല, സംസ്കാരം, ശാസ്ത്രം, വിനോദം, ഭരണകൂടം തുടങ്ങിയവയെ കമ്മ്യൂണിസം എങ്ങനെ കൈകാര്യം ചെയ്യുന്നു..? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കണം.. നമ്മുടെ പല വിചാരങ്ങളെയും മാറ്റിമറിക്കാനും മാർക്സിസ്റ്റുകാർക്ക്  ചരിത്രത്തിൽ സംഭവിച്ച, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന പല തെറ്റുകളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാനും ഈ സിദ്ധാന്തം സഹായിക്കും..

സമൂഹത്തിന്റെ ഭൗതികാടിത്തറ..

ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും എന്തെന്ന് മനസിലാക്കാതെ ഭൗതികാടിത്തറയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

ഉത്പാദകശക്തികൾ (ഉത്പാദനോപാധികൾ എന്നും പറയാം), ഉത്പാദനബന്ധങ്ങൾ എന്നിവയാണ് സമൂഹത്തിന്റെ അടിത്തറയായി മാറുന്നത്. ഇതിൽ അടിസ്ഥാനം ഉത്പാദനബന്ധങ്ങൾ തന്നെയാണ്. ഉദാ:- പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനബന്ധങ്ങളല്ല, അടിമത്ത സമൂഹത്തിലുള്ളത്.. അതിൽ നിന്നും വ്യത്യസ്തമായ ഉത്പാദനബന്ധമായിരുന്നു  ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിലേത്. മുതലാളിത്തത്തിലും അങ്ങനെ തന്നെ. ഉത്പാദനബന്ധങ്ങൾ കുറേ കാലം അങ്ങനെ തന്നെ നിലനിൽക്കുകയും ചില പ്രത്യേകഘട്ടങ്ങളിൽ മാത്രം മാറുകയും ചെയ്യുന്നു. അടിമ-ഉടമ എന്ന ഉത്പാദനബന്ധം ജന്മി- കുടിയാൻ , മുതലാളി-തൊഴിലാളി എന്നീ ഉത്പാദനബന്ധങ്ങളിലേക്ക് മാറിയത് ചരിത്രപരമായ ഭൗതികവാദത്തിലൂടെ മാർക്സ് വിശദീകരിക്കുന്നു. (ചരിത്രപരമായ ഭൗതികവാദം സംബന്ധിച്ച ലേഖനങ്ങൾ മുമ്പ് നൽകിയിട്ടുണ്ട്..)

ഉത്പാദകശക്തികൾ ഓരോ നിമിഷവും വളരുന്നതാണെന്ന് പറയാം.കാലം  കഴിയുന്തോറും ശാസ്ത്രസാങ്കേതികവിദ്യയും വിഭവങ്ങളും ഞൊടിയിടയിൽ പുരോഗമിക്കുന്നു. എന്നാൽ ഇതെല്ലാം ഉപയോഗിച്ച് ഉത്പാദനം നടത്താൻ കാരണമായ ഉത്പാദനബന്ധം നൂറ്റാണ്ടുകളായി മാറ്റമില്ലാതെ നിൽക്കുന്നു. (മുതലാളി-തൊഴിലാളി ബന്ധം നൂറ്റാണ്ടുകളായി ഭൂമിയിൽ ഉള്ളതാണല്ലോ..) ഇതാണ് ഉത്പാദനശക്തികളും ഉത്പാദനബന്ധവും തമ്മിലെ വൈരുധ്യം.

ഉത്പാദകശക്തികൾ വളർന്നുവികസിക്കുന്തോറും ഉത്പാദനബന്ധങ്ങൾക്കു തന്നെ ഭീഷണിയായി മാറുന്നു(തുടർന്ന് വിശദീകരിക്കാം ).ഒരു ഘട്ടത്തിൽ വെച്ച് ഈ വൈരുധ്യം മൂർച്ഛിക്കുന്നു. ഉത്പാദനബന്ധം തകർന്നടിയുന്നു. പുതിയ സമൂഹം ഉണ്ടാകുന്നു. ഉത്പാദനബന്ധവും ഉത്പാദകശക്തികളുമാണ് സമൂഹത്തിന്റെ ഭൗതികാടിത്തറ. അത് മാറിയാൽ സമൂഹം തന്നെ മാറുന്നു.

ആശയപരമായ മേൽപുര(Ideological Superstructure)

മുതലാളിത്തസമൂഹം പരിഗണിക്കുക.. പണം മുടക്കുന്ന മുതലാളിയും അധ്വാനിക്കുന്ന തൊഴിലാളിയും തമ്മിലെ ഉത്പാദനബന്ധമാണ് അതിന്റെ അടിസ്ഥാനം. ഈ അടിത്തറയ്ക്കുമുകളിൽ ചില ഘടകങ്ങൾ (ആശയങ്ങൾ) നിലനിൽക്കുന്നു. ഭൂമിക്കുമുകളിൽ കാർമേഘം എന്നതുപോലെയാണത്. കാർമേഘം ഭൂമിയിലെ ജലം ആവിയായി മേലോട്ടുയർന്ന് തണുത്ത് മേഘമായി മാറുന്നതാണ്. അതേ സമയം ആ മേഘത്തിൽ നിന്നുണ്ടാകുന്ന മഴ ഭൂമിയെ നിലനിർത്തുന്നു.

ഇതുപോലെയാണ് ആശയപരമായ മേൽപുരയും. മുതലാളിത്തസമൂഹത്തിൽ ഇത്തരം ചില ആശയങ്ങൾ നിലനിൽക്കുന്നു. ഇവയുടെ ഉത്ഭവം ഈ ഭൗതികസമൂഹത്തിൽ നിന്നു തന്നെയാണ്. അതേ സമയം ഈ ആശയങ്ങളുടെ മേൽപുര മുതലാളിത്തത്തെ നിലനിർത്തുന്നു. സോഷ്യലിസത്തിലേക്കുള്ള വിപ്ലവത്തെ ഇവ തടയുകയോ സാവധാനമാക്കുകയോ ചെയ്യുന്നു..

ആശയപരമായ മേൽപുര(Ideological Superstructure) താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

1)മനോഭാവം
2)മതം
3)കല
4)സംസ്കാരം
5)ശാസ്ത്രം
6)കുടുംബം
7)വിദ്യാഭ്യാസം
8)ദേശീയത
9)ഭരണകൂടം
10)വിനോദം

സമൂഹം മാർക്സിസ്റ്റ് വീക്ഷണത്തിൽ...
Marxian perspective of society...

ചിത്രം കാണുക..
ഉത്പാദനശക്തികളും (ഉപകരണങ്ങൾ, ഫാക്ടറി, യന്ത്രങ്ങൾ, ഭൂമി, അസംസ്കൃതവസ്തുക്കൾ etc) ഉത്പാദനബന്ധങ്ങളും (മൂലധനം കയ്യിലുള്ള മുതലാളിയും അധ്വാനശക്തി കൈവശമുള്ള തൊഴിലാളിയും തമ്മിലെ ബന്ധം) അവ സൃഷ്ടിക്കുന്ന ഭൗതികാടിത്തറയിൽ നിലനിൽക്കുന്ന ആശയ- മേൽപുര ( Ideological Superstructure)യും ചേർന്നതാണ് സമൂഹം..

ഭൗതികവ്യവസ്ഥ ആശയങ്ങളെ രൂപീകരിക്കുന്നു.. ആശയങ്ങൾ വ്യവസ്ഥയെ സംരക്ഷിച്ച് നിലനിർത്തുന്നു..

ഇന്നത്തെ സാഹചര്യത്തിൽ ഇതിങ്ങനെ വ്യക്തമാക്കാം..  മുതലാളിത്തസമ്പദ് വ്യവസ്ഥയാണ് സമൂഹത്തിന്റെ അടിത്തറ..  ഇതിനു പുറമേയുള്ള ആശയങ്ങളുടെ മേൽപുര മുതലാളിത്തത്തെ സംരക്ഷിക്കുന്നു.. മതം, കല, സംസ്കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ ചിത്രത്തിൽ കൊടുക്കുന്ന ഘടകങ്ങൾ മുതലാളിത്തത്തിന്റെ സംരക്ഷകരായി മാറുന്നു.. തുടർന്ന് വിശദീകരിക്കാം..


മുതലാളിയുടെ അധ്വാനം..!


കഠിനപരിശ്രമമുണ്ടെങ്കിൽ എത്ര ഉയരത്തിലും നമുക്കെത്തിച്ചേരാം.. ബിൽഗേറ്റസിനെ പോലെ.. ധിരുഭായ് അംബാനിയെ പോലെ.. സ്റ്റീവ് ജോബ്സിനെ പോലെ.. അധ്വാനിച്ചാൽ നമുക്കും അവരെയൊക്കെ പോലെ ആകാം.. സുഖിക്കാം.. അതേസമയം ഒരാൾ ദാരിദ്യ്രത്തിലേക്കു കൂപ്പുകുത്തുന്നെങ്കിൽ അത് അയാളുടെ തന്നെ കുറ്റമാണ് താനും..
പലരും പറയാറുള്ള തത്വങ്ങളാണിത്..

ശരി.. എന്നാലൊരു ചോദ്യം.. ''അധ്വാന''ത്തിലൂടെ ഉയരങ്ങളിലെത്തിയ കോടീശ്വരന്മാരിൽ എത്ര കർഷകത്തൊഴിലാളികളുണ്ട്..? മരപ്പണിക്കാരുണ്ട്..? കെട്ടിടം തൊഴിലാളികളുണ്ട്..? വീട്ടുവേലക്കാരുണ്ട്..? തൂപ്പുകാരുണ്ട്..? ഫാക്ടറി ജോലിക്കാരുണ്ട്..? ഉത്തരം പൂജ്യം.. അതിനർത്ഥം അവരൊന്നും അധ്വാനിക്കുന്നില്ലെന്നാണോ..? അല്ല..

അപ്പോൾ ഒരു കാര്യം വ്യക്തം.. ''പണം മുടക്കുക.. കമ്പനി സ്ഥാപിക്കുക..'' ഈ ജോലി ചെയ്യുന്നവർ ലോകമറിയുന്ന അതിസമ്പന്നരാകുന്നു.
മറ്റ് ജോലികൾ ചെയ്യുന്നവരെല്ലാം ഉള്ള വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുനീക്കുന്നു. ചിലരെ ദാരിദ്യ്രം വിഴുങ്ങുന്നു.
ചിലർ കടക്കെണിയിലാകുന്നു. ചിലർ ആത്മഹത്യയിലേക്ക് വരെ നയിക്കപ്പെടുന്നു.

ഇതാണ് പ്രശ്നം.. തൊഴിലാളിയേക്കാൾ അവരെ കൊണ്ട് തൊഴിലെടുപ്പിക്കുന്നവരാണ് വളരുന്നത്.. അവരുടെ അധ്വാനമാകട്ടെ പണം മുടക്കലാണ്. മുതലാളിവർഗവും  ഉന്നതപദവികൾ വഹിക്കുന്ന വിരലിലെണ്ണാവുന്ന തൊഴിലാളികളും ഒഴികെ മറ്റുള്ളവർ വ്യാപകമായി താഴേക്ക് മാറ്റിനിർത്തപ്പെടുന്നു. തൊഴിലാളിയുടെ മിച്ചമൂല്യം സ്വന്തമാക്കുന്നവൻ പരിശ്രമത്തിന്റെ ഉത്തമോദാഹരണവും കയ്യിൽ പണമില്ലാതെ വെറുംകൈയുമായി വരുന്ന തൊഴിലാളിവർഗം ''കുറ്റവാളി''കളുമായി മാറുന്നു. എന്തൊരു വൈരുധ്യം..!

തൊഴിലില്ലായ്മയുടെ ശാസ്ത്രം..


ഉത്പാദനം എന്നത് സഥിരമൂലധനവും അധ്വാനവും ചേരുന്ന പ്രക്രിയയാണെന്ന് നേരത്തെ വിശദീകരിച്ചു. (സ്ഥിരമൂലധനം എന്നത് മറ്റ് പല അധ്വാനങ്ങളുടെയും ഫലമാണ് താനും). മുതലാളിത്തത്തിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് അധ്വാനത്തെ അപേക്ഷിച്ച് സ്ഥിരമൂലധനത്തിന്റെ വർധനവ്. അതായത് തൊഴിലാളികൾക്ക് വേണ്ടി മുടക്കുന്ന കൂലിയേക്കാൾ അസംസ്കൃതവസ്തുക്കൾ, യന്ത്‌രസാങ്കേതികവിദ്യകൾ തുടങ്ങിയവയ്ക്കായി മുതലാളി കൂടുതൽ മൂലധനം മുടക്കുന്നുവെന്നർത്ഥം. വർധിച്ചുവരുന്ന യന്ത്രവത്കരണവും സാങ്കേതികപുരോഗതിയും തന്നെ ഉദാഹരണം. ഇവ വാസ്തവത്തിൽ തൊഴിലാളിയുടെ ഉത്പാദനശേഷി കൂട്ടുന്നു. അതായത് കൈത്തറിത്തൊഴിലാളി ഒരു മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ മൂല്യം യന്ത്രത്തറിയിലെ തൊഴിലാളി ഒരു മണിക്കൂർ കൊണ്ടുണ്ടാക്കുന്നു. എല്ലാ മേഖലകളിലും ഈ പ്രവണത കാണാം.

ഉത്പാദനശേഷി ഒരു ഭാഗത്ത് കൂടുമ്പോൾ യന്ത്രവത്കരണം തൊഴിലവസരങ്ങൾ കുറയ്ക്കും. തൊഴിലില്ലായ്മ വർധിപ്പിക്കും. 10000 പേർ ചെയ്തിരുന്ന ഭാരിച്ച ജോലികൾ അവരേക്കാൾ വേഗത്തിൽ പരാതികളില്ലാതെ, വിശ്രമമില്ലാതെ ഒരു യന്ത്രം ചെയ്യുന്നു. സ്ഥിരമൂലധനം അസ്ഥിരമൂലധന(അധ്വാനം)ത്തെ അപേക്ഷിച്ച് വർധിക്കുന്നു.

യന്തവത്കരണവും ശാസ്ത്രസാങ്കേതികപുരോഗതിയും അനിവാര്യമാണ്. അത് ഉണ്ടാകുക തന്നെ വേണം. എന്നാൽ മുതലാളിത്തത്തിൽ അത് ഒരു ഭാഗത്ത് പുരോഗതിയും മറുഭാഗത്ത് ദുരിതങ്ങളുമാണ് സമ്മാനിക്കുന്നത്. ഈ വൈരുധ്യം മുതലാളിത്തം ഉള്ളിടത്തോളം കാലം തുടരും.

തൊഴിലില്ലായ്മ മുതലാളിത്തത്തിന് അനുഗ്രഹമോ..?

യന്ത്രവത്കരണവും കുത്തകമുതലാളിത്തവും തൊഴിലവസരങ്ങൾ കുത്തനെ താഴ്ത്തുന്നത് എങ്ങനെയെന്ന് നാം കൂടുതൽ പഠിക്കേണ്ടതുണ്ട്. പക്ഷേ ഇത് മുതലാളിത്തത്തിന് ഗുണകരമാകുന്നതെങ്ങനെ..?

സമൂഹത്തിൽ വർധിച്ചുവരുന്ന തൊഴിലില്ലാത്ത ആളുകൾ (തൊഴിലില്ലാപ്പട എന്നും പറയാം) തൊഴിലുള്ളവർക്ക് ഒരു ഭീഷണിയാകും. എത്ര കുറഞ്ഞ കൂലിക്കായാലും വേണ്ടില്ല, ഉള്ള ജോലി കളയാതെ നോക്കണം എന്ന ചിന്തയും ഉത്കണ്ഠയും തൊഴിലാളികളിലുണ്ടാകും. താൻ ജോലി കളഞ്ഞാൽ അത് ചെയ്യാൻ ആയിരങ്ങൾ സമൂഹത്തിൽ തിങ്ങിഞെരുങ്ങുന്നുവെന്ന സത്യം തൊഴിലാളിവർഗം മനസിലാക്കും. തൊഴില്ലാത്ത ആ വലിയ വിഭാഗത്തെ കരുതൽസേന എന്നുപറയും. കരുതൽസേന കൂടുതലുള്ളിടത്ത് മുതലാളിക്ക് എന്ത് ചൂഷണവും മടികൂടാതെ തൊഴിലാളികളിൽ നടപ്പാക്കാം. കൂലി കുറയ്ക്കാം. ജോലിസമയം കൂട്ടാം. ആനുകൂല്യങ്ങൾ എടുത്തുകളയാം. കാരണം തൊഴിലില്ലായ്മ എന്ന തൊഴിലാളിയുടെ ഭയത്തെ അവർ മുതലെടുക്കുന്നു.

കരുതൽസേന കൂടുതലുള്ളിടത്ത്  തൊഴിലാളികളുടെ ലഭ്യത മുതലാളിക്ക് ഒരു പ്രശ്നമേയല്ലാതാകുന്നു. ജോലി ചെയ്യാൻ ധാരാളം പേർ തിരക്കുകൂട്ടുന്നുണ്ടല്ലോ.. ഇതിലൂടെ തൊഴിലാളിയുടെ വിലപേശൽശക്തിയും കുറയ്ക്കാനാകും. തൊഴിലാളിവർഗത്തിന്റെ സംഘടിതശക്തിയെയും ഇല്ലാതാക്കാം. തൊഴിൽ ഇല്ലാതാകുന്ന സ്ഥിതിയോർത്ത് അവർ എന്തും സഹിക്കാനും ക്ഷമിക്കാനും തയ്യാറാകും. തൊഴിലാളിവർഗത്തെ അടക്കി നിർത്തുന്നതിൽ മുതലാളി വിജയിക്കും.

ചുരുക്കത്തിൽ പെരുകിവരുന്ന തൊഴിലില്ലാപ്പട മുതലാളിക്ക് ഒരനുഗ്രഹം തന്നെ.. തൊഴിലില്ലായ്മ വളരെ കൂടുതലുള്ള രാജ്യങ്ങളിലേക്ക് മുതലാളിവർഗം നിക്ഷേപങ്ങൾ നടത്തുന്നതും ഇതുകൊണ്ടുതന്നെ..

മുതലാളിത്തത്തിലെ 7 വൈരുധ്യങ്ങൾ..

മുതലാളിത്തം തകരുകയും സോഷ്യലിസം രൂപം കൊള്ളണമെന്ന് പറയുകയും ചെയ്യുമ്പോൾ ''അത് നിങ്ങളുടെ ആഗ്രഹം മാത്രമല്ലേ.. മുതലാളിത്തം തകരുമെന്നെന്താണിത്ര ഉറപ്പ്..?'' എന്ന് ബൂർഷ്വാവാദക്കാർ ചോദിക്കും.. ഉത്തരം ഒന്നേയുള്ളൂ.. വൈരുധ്യങ്ങൾ.. മുതലാളിത്തം അനേകം വൈരുധ്യങ്ങൾ നിറഞ്ഞതാണ്.. ഈ വൈരുധ്യങ്ങൾ കാലക്രമേണ വർധിക്കുന്നവയുമാണ്.. അതായത് പരസ്പരം പൊരുത്തപ്പെട്ടു പോകാത്ത ഈ ഘടകങ്ങൾ മുതലാളിത്തത്തിന്റെ നാശത്തിന് വഴി തുറക്കുകയും അതിന്റെ ഉള്ളിൽ നിന്നും പുതിയ വ്യവസ്ഥ രൂപം കൊള്ളുകയും ചെയ്യും..

മുതലാളിത്തത്തിന്റെ യഥാർത്ഥ ശത്രു സോഷ്യലിസവും കമ്മ്യൂണിസവുമൊന്നുമല്ല.. അങ്ങനെ ചിന്തിച്ചാൽ അത് തെറ്റാണ്. മറിച്ച് മുതലാളിത്തത്തിന്റെ ശത്‌രു മുതലാളിത്തം തന്നെയാണ്.. അത് സ്വയം വളരുകയും സ്വയം നശിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ്. മുതലാളിത്തം വളരുന്ന അതേ സമയം തന്നെ അതിന്റെ മരണത്തിനു കാരണമായ വൈരുധ്യങ്ങളും വളരുന്നു..

മുതലാളിത്തത്തിന്റെ വളർച്ച എന്നാൽ ഉത്പാദനശക്തികളുടെ വളർച്ചയാണ്.. ഉത്പാദനസാമഗ്രികൾ, സാങ്കേതികവിദ്യകൾ, അറിവുകൾ, യന്ത്രങ്ങൾ ,ശാസ്ത്രം തുടങ്ങിയവയെല്ലാം വളർന്നുകൊണ്ടിരിക്കുന്ന ഉത്പാദനശക്തികളാണ്. പക്ഷേ ഉത്പാദനബന്ധം മാറുന്നുണ്ടോ..? ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഇപ്പോഴുമെല്ലാം ഉത്പാദനത്തിന്റെ അടിസ്ഥാനം മുതലാളി- തൊഴിലാളി എന്ന ഉത്പാദനബന്ധം തന്നെയാണ്.. തൊഴിലാളി മിച്ചമൂല്യം സൃഷ്ടിക്കുന്നു. മുതലാളി അത് ലാഭമായി സ്വന്തമാക്കുന്നു. അന്നുമിന്നും ഇങ്ങനെ തന്നെ. ഉത്പാദനശക്തികൾ വളർന്നുവികസിക്കുന്നു. ഉത്പാദനബന്ധങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നു.. വൈരുധ്യാത്മകഭൗതികവാദത്തിന്റെ ഭാഷയിൽ  വളരുന്ന ആന്റി തീസീസും മാറ്റമില്ലാത്ത തീസീസും എന്നർത്ഥം.


മുതലാളിത്തത്തിന്റെ അന്തകൻ അവയിലെ വൈരുധ്യങ്ങൾ തന്നെയാണെന്നും കാലക്രമേണ ഈ വൈരുധ്യങ്ങളുടെ മൂർഛീകരണം ആ വ്യവസ്ഥയെ തന്നെ തകർക്കുമെന്നും മാർക്സ് വ്യക്തമാക്കുന്നു. എന്തൊക്കെയാണ് ഈ വൈരുധ്യങ്ങൾ എന്നുനോക്കാം.

 1) മുതലാളിത്തത്തിൽ ഉണ്ടാകുന്ന സമ്പത്ത് കോടിക്കണക്കിന് ജനങ്ങളുടെ അധ്വാനഫലമാണ്.. എന്നാൽ ആ സമ്പത്തിന്റെ 90 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് വളരെ കുറച്ചുപേരും.
-വർധിക്കുന്ന ദാരിദ്യ്രവും വർധിക്കുന്ന സമ്പത്തും തമ്മിലെ വൈരുധ്യം..

2) ഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗത്തെ ചൂഷണം ചെയ്ത് ദാരിദ്യ്രത്തിലേക്ക് തള്ളിയിടാതെ മുതലാളിവർഗത്തിന് ലാഭം വർധിപ്പിക്കാനാവില്ല. എന്നാൽ ബഹുജനങ്ങളുടെ വാങ്ങൽ/ ഉപഭോഗശേഷി കുറയുന്നത് മുതലാളിക്ക് ദോഷമാണ് താനും. അയാളുടെ കമ്പനിപ്രൊഡക്റ്റ്സ് ആരും വാങ്ങാതെ കെട്ടിക്കിടക്കുന്നു..
-വർധിക്കുന്ന ലാഭവും കുറഞ്ഞുവരുന്ന വാങ്ങൽശേഷിയും തമ്മിലെ വൈരുധ്യം.

3)ഒരു മൊട്ടുസൂചിയുടെയാണെങ്കിൽ പോലും ഉത്പാദനത്തിലും വിപണനത്തിലും നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു. പക്ഷേ ഉത്പാദകശക്തികളുടെ ഉടമസ്ഥത കുറച്ചു വ്യക്തികൾക്കും.
-സാമൂഹ്യമായ ഉത്പാദനവും സ്വകാര്യമായ ഉടമസ്ഥതയും തമ്മിലെ വൈരുധ്യം.

4)ഫാക്ടറിയിൽ ഉത്പാദനം വളരെ ആസൂത്രിതമാണ്. എന്നാൽ സമൂഹത്തെ മൊത്തത്തിലെടുത്താൽ ഉത്പാദനത്തിൽ ആസൂത്രണമല്ല അരാജകത്വമാണ് കാണുന്നത്.
-ആസൂത്രണവും അരാജകത്വവും തമ്മിലെ വൈരുധ്യം.

5)കൂടുതൽ മൂലധനനിക്ഷേപത്തിലൂടെ നടപ്പാക്കുന്ന യന്ത്രവത്കരണവും മറ്റും തൊഴിലാളിയുടെ ഉത്പാദനശേഷി കൂട്ടുന്നു. പക്ഷേ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുന്നു.
-മൂലധനവർധനവും തൊഴിലില്ലായ്മയും തമ്മിലെ വൈരുധ്യം.

6) സ്വതന്ത്രമായ മത്സരവും സംരംഭങ്ങളും പൊടിപൊടിക്കുമ്പോഴും വിപണി ചില കുത്തകകളുടെ കയ്യിലൊതുങ്ങുന്നു.
-സ്വതന്ത്രമത്സരവും കുത്തകമുതലാളിത്തവും തമ്മിലെ വൈരുധ്യം.

7)മുതലാളിയും തൊഴിലാളിയും തമ്മിലെ വർധിച്ച അന്തരം അവരെ രണ്ട് തട്ടുകളിലേക്ക് ,രണ്ട് ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് വേർതിരിക്കുന്നു.  മുതലാളി വ്യവസ്ഥയെ നിലനിർത്താനും തൊഴിലാളി വ്യവസ്ഥയെ അട്ടിമറിക്കാനും ശ്രമിക്കുന്നു..
-മുതലാളിയും തൊഴിലാളിയും തമ്മിലെ വൈരുധ്യം..
   ---ഇൗ വൈരുധ്യമാണ് വർഗസമരം..

താഴെ നിന്നും മേലേക്കുള്ള മാറ്റം.


മാർക്സിന്റെ വൈരുധ്യവാദത്തിൽ  വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന എടുത്തുചാട്ടങ്ങൾ അഥവാ വിപ്ലവങ്ങൾ ഗുണത്തിലെ മാറ്റമായിരിക്കും. വിപ്ലവം എന്നത് എപ്പോഴും താഴെത്തട്ടിൽ നിന്നും കൂടുതൽ ഉയർന്ന അവസ്ഥയിലേക്കുള്ള വ്യവസ്ഥയുടെ മാറ്റമായിരിക്കും.. കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം വാസ്തവത്തിൽ കൂടുതൽ ഉയർന്ന തലത്തിലേക്കുള്ള മാറ്റമായിരുന്നു. വെള്ളം തിളച്ച് ആവിയാകുന്നത് മറ്റൊരു ഉദാഹരണം..

 ലളിതമായ അവസ്ഥയിൽ നിന്നും കൂടുതൽ സങ്കീർണാവസ്ഥയിലേക്കാകും എല്ലാ വിപ്ലവകരമായ മാറ്റങ്ങളും. ഘടനാപരമായി പ്രാകൃതകമ്മ്യൂണിസത്തേക്കാൾ മുകളിലായിരുന്നു അടിമത്തം. അതിനേക്കാൾ സങ്കീർണമായിരുന്നു ഫ്യൂഡലിസവും മുതലാളിത്തവും ഒക്കെ..

സോഷ്യലിസം എന്നതും മുതലാളിത്തവ്യവസ്ഥയേക്കാൾ കൂടുതൽ സങ്കീർണവും ഉയർന്നതുമായിരിക്കും.. സംസ്കാരവും സാമ്പത്തികവും രാഷ്ട്രീയവും ഒക്കെ സോഷ്യലിസത്തിൽ കൂടുതൽ പരിഷ്കൃതമായിരിക്കും. അതായത് വൈരുധ്യങ്ങളുടെ സംഘട്ടനഫലമായ വിപ്ലവങ്ങൾ വ്യവസ്ഥയെ കൂടുതൽ ഉയർന്ന തലത്തിലെത്തിക്കുന്നു.

വളർച്ചയുടെ ത്വരിതപ്പെടൽ..

മനുഷ്യൻ ഉണ്ടായ നാൾ മുതൽ AD1900 വരെയുള്ള നീണ്ട കാലം പരിഗണിക്കുക. തീർച്ചയായും ഒട്ടനവധി പുരോഗതികൾ നാം കൈവരിച്ച കാലഘട്ടം. അതിന്റെയും എത്രയോ മടങ്ങ് കണ്ടുപിടുത്തങ്ങൾ 1900 മുതൽ 2000 വരെയുള്ള 100 വർഷക്കാലം  ഉണ്ടായിരിക്കുന്നു.!( ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം മെക്കാനിക്സും മുതൽ ചാന്ദ്രയാത്ര വരെ..!) 2000 മുതൽ 2017 വരെയുള്ള വെറും തുച്ഛമായ വർഷത്തിനിടയിലും ഉണ്ടായ പുരോഗതി നേരത്തേതിനേക്കാൾ അതിവേഗത്തിലാണെന്നും കാണാം.

ഇതുമാത്രമല്ല ജീവപരിണാമത്തിലും ഈ ഒരു ത്വരിതപ്പെടൽ കാണാം. വ്യവസ്ഥിതി തുടർച്ചായി വളരുകയും മാറുകയും ചെയ്യുന്നതനുസരിച്ച് അവ മാറുന്നതിന്റെ വേഗതയും കൂടുന്നു. പുരോഗമനം കൂടുതൽ പെട്ടെന്നാകുന്നു. വൈരുധ്യാത്മകഭൗതികവാദത്തിലെ ഒരു സവിശേഷതയാണ് വളർച്ചയിലെ ഈ ത്വരിതപ്പെടൽ..

പ്രാകൃതകമ്മ്യൂണിസംഅടിമത്തമായി മാറാൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. അടിമത്തം ഫ്യൂഡലിസത്തിലേക്ക് കടക്കാൻ ഏതാനും ആയിരം വർഷം മാത്രമേ എടുത്തുള്ളൂ. ഫ്യൂഡലിസം മുതലാളിത്തമാകാൻ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള വിപ്ലവം ഇതിലും വേഗത്തിലായിരിക്കുമെന്ന് കരുതാം..

വളർച്ചയുടെ ത്വരിതപ്പെടൽ എന്നത് സാർവത്രികമായ ഒരു പ്രതിഭാസമല്ലെന്നോർക്കുക.. തുടക്കത്തിൽ ശീഘ്രവും പിന്നീട് സാവധാനമാകുന്നതുമായ പ്രവർത്തനങ്ങളും പ്രപഞ്ചത്തിലുണ്ട്..

ഡാർവിന്റെ പരിണാമസിദ്ധാന്തം..


ജീവന്റെ ഉത്ഭവവും പരിണാമവും ശാസ്ത്രീയമായി  വിശദീകരിച്ചുകൊണ്ട് മതങ്ങളുടെ കെട്ടുകഥകൾക്കുമേൽ ഇടിത്തീ പോലെ വീണ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് മാർക്സിസവുമായി എന്ത് ബന്ധം എന്ന് സംശയം തോന്നാം.. ഒറ്റവാക്യത്തിൽ പറഞ്ഞാൽ ഡാർവിനും മാർക്സും പരിണാമസിദ്ധാന്തം തന്നെയാണ് കെട്ടിപ്പടുത്തത്. ചാൾസ് ഡാർവിൻ ജീവന്റെ പരിണാമത്തിലും മാർക്സ് ജീവികൾ ചേർന്ന സാമൂഹ്യവ്യവസ്ഥയുടെ പരിണാമത്തിലും ശ്രദ്ധയൂന്നി എന്ന് മാത്രം..

ചാൾസ് ഡാർവിൻ 'Origin of Species' പുറത്തിറക്കിയപ്പോൾ അത് ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയ ചിന്തകനായിരുന്നു കാൾ മാർക്സ്. ഇതിലെ ചില നല്ല കാര്യങ്ങളും കുഴപ്പങ്ങളും ചൂണ്ടിക്കാട്ടി മാർക്സ് എംഗൽസിന് കത്തുകളുമയച്ചിരുന്നു.

ഏകകോശജീവിയിൽ നിന്നും ബഹുകോശജീവിയിലേക്കും നട്ടെല്ലുള്ള ജീവികളിലേക്കും സസ്തനിയിലേക്കും മനുഷ്യനിലേക്കുമുള്ള ജീവന്റെ പരിണാമം മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദത്തിനും ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കുന്നു. സമൂഹം എന്നത് ജീവികൾ ചേർന്ന കൂട്ടമല്ല, മറിച്ച് അവരും അവർ തമ്മിലെ പരസ്പരബന്ധവും ചേർന്നതാണെന്ന് മാർക്സ് പറഞ്ഞു.

ജീവികളെ പോലെ തന്നെ ഈ പരസ്പരബന്ധവും തുടർച്ചയായി മാറ്റങ്ങൾക്ക് വിധേയമാകുന്നു. മനുഷ്യരുടെ കാര്യത്തിൽ പ്രാകൃതകമ്മ്യൂണിസം ,അടിമത്തം ,ഫ്യൂഡലിസം ,മുതലാളിത്തം  ,സോഷ്യലിസം ,കമ്മ്യൂണിസം എന്നിവ ഈ പരസ്പരബന്ധത്തിന്റെ വിവിധ ഘട്ടങ്ങളാണ്.

പരിണാമസിദ്ധാന്തത്തിലെ കേവലവാദം..

വിപ്ലവം എന്നതാണ് വൈരുധ്യവാദത്തിന്റെ അടിത്തറ. ഓരോ വ്യവസ്ഥയിലെയും 2 വൈരുധ്യങ്ങളിൽ ഒന്നിന്റെ അളവിന് സാവധാനമുള്ള മാറ്റം(വളർച്ച) ഉണ്ടാകുന്നു. ഇത് ഈ വൈരുധ്യങ്ങൾ തമ്മിലെ ശത്രുത വർധിപ്പിച്ച് വിപ്ലവം സൃഷ്ടിക്കുന്നു. കാലങ്ങളായുള്ള സാവധാനവളർച്ചയ്ക്കു ശേഷം പൊടുന്നനെയുള്ള ഒരു കുതിച്ചുചാട്ടം വ്യവസ്ഥയ്ക്ക് സംഭവിക്കുന്നു.

കോടിക്കണക്കിന് വർഷങ്ങളെടുത്ത ജീവന്റെ പരിണാമത്തിന്റെ കാര്യത്തിലും ഇത് ശരിയായിരുന്നു. ലക്ഷക്കണക്കിന് വർഷത്തെ സാവധാനമാറ്റത്തിനുശേഷം ഇടയ്ക്കിടെ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങൾ ജീവികളുടെ ശൃംഖലയെ തന്നെ മാറ്റിമറിച്ചു. എന്നാൽ ഡാർവിൻ ഇങ്ങനെയല്ല പരിണാമത്തെ കണ്ടത്.

പരിണാമം ഒരു തുടർച്ചയായ, സാവധാനമുള്ള, കോടിക്കണക്കിന് വർഷങ്ങളെടുക്കുന്ന ഒരു പ്രക്രിയയാണെന്ന് അദ്ദേഹം അടക്കം പലരും മുന്നോട്ടുവെച്ചു.
കുതിച്ചുചാട്ടങ്ങൾ പരിണാമത്തിലില്ലെന്ന് അവർ കരുതി. വൈരുധ്യങ്ങളുടെ സംഘട്ടനവും തത്ഫലമായ വിപ്ലവകരമായ വഴിത്തിരിവുകളുമല്ല, സാവധാനമുള്ള പരിണാമപ്രക്രിയയ്ക്കാണ് പരിണാമവാദികൾ ഊന്നൽ നൽകിയത്..

പരിണാമസിദ്ധാന്തം -മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ..

പരിണാമം (സാവധാനമുള്ള തുടർച്ചയായ വളർച്ച-Gradual change)) , വിപ്ലവം (വ്യവസ്ഥയുടെ പെട്ടെന്നുള്ള എടുത്തുചാട്ടം- sudden change) എന്നീ രണ്ടുപദങ്ങളെയും പരസ്പരബന്ധം പുലർത്തുന്ന  വൈരുധ്യങ്ങളായാണ് മാർക്സ് കണ്ടത്. ഓരോ സ്പീഷീസും നീണ്ടകാലത്തെ പരിണാമങ്ങൾക്ക് വിധേയമാകുന്നതിനൊപ്പം അവയിലെ വൈരുധ്യങ്ങളുടെ സംഘട്ടനഫലമായി വിപ്ലവങ്ങളും ഉണ്ടാകുന്നു.

 ചുറ്റുപാടുമുള്ള സാഹചര്യങ്ങളും കാലാവസ്ഥയും മാറുന്നതനുസരിച്ച് ജീവിവർഗങ്ങളിൽ പൊടുന്നനെയുണ്ടാകുന്ന വംശനാശങ്ങളും അതിജീവനവും ഉദാഹരണം. ചുറ്റുപാടുകളും ജീവികളുടെ ഘടനയും തമ്മിലെ വൈരുധ്യമാണിതിന് കാരണം. ബാഹ്യസാഹചര്യങ്ങൾ അളവിൽ സാവധാനം മാറുന്നു(Anti thesis).
എന്നാൽ നീണ്ട കാലം ജീവിയുടെ ഘടനയ്ക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നുമില്ല(Thesis). ഇവ രണ്ടും  തമ്മിൽ വൈരുധ്യം മൂർച്ഛിക്കുമ്പോൾ ചില പ്രത്യേകഘട്ടങ്ങളിൽ ജീവികളിലും വിപ്ലവകരമായ മാറ്റമുണ്ടാകുന്നു.

പല ജീവികളുടെയും വംശനാശവും പല തരം ജീവിവർഗങ്ങളുടെ ഉത്ഭവവും ഒക്കെ ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉദാഹരണമാണ്. ഉൽക്കാപതനവും വൻകരാവിഭജനവും മുതൽ കാലാവസ്ഥാമാറ്റവും ഇരപിടിയന്മാരും ദേശാടനവും രോഗങ്ങളും വരെ പരിണാമത്തെ സ്വാധീനിക്കുന്ന സാഹചര്യങ്ങളാണ്. വൈരുധ്യാധിഷ്ഠിതമായ പരിണാമസിദ്ധാന്തത്തോട് സമാനമായി മാർക്സിന്റെ ചരിത്രനിയമങ്ങളെയും കാണാവുന്നതേയുള്ളൂ..

ഡാർവിന്റെ പ്രകൃതിനിർദ്ദാരണസിദ്ധാന്തം..

ഡാർവിന്റെ വലിയൊരു സംഭാവനയാണ് പ്രകൃതിനിർദ്ദാരണസിദ്ധാന്തം. അർഹതയുള്ളവൻ അതിജീവിക്കും എന്ന ഈ വാദം പക്ഷേ ചരിത്രത്തിലും ഇന്നുപോലും നന്നായി ദുരുപയോഗം ചെയ്യപ്പെടുന്നു. ചൂഷണങ്ങളെയും സാമ്പത്തികഅസമത്വങ്ങളെയും ദാരിദ്യ്രത്തെയും തൊഴിലില്ലായ്മയെയും ഒക്കെ ന്യായീകരിക്കാൻ ഈ വാചകം പലരും ഉപയോഗിക്കാറുണ്ട്.

പണ്ട് കോളനിവൽക്കരണകാലത്ത് തങ്ങളുടെ ആധിപത്യത്തെ ന്യായീകരിക്കാൻ ബ്രിട്ടീഷുകാരും ഉപയോഗിച്ച ഒരു തത്വമായിരുന്നു ഇതും.. അർഹതയുള്ളവൻ അഥവാ കഴിവുള്ളവൻ വിജയിക്കും. ശക്തിയും സമ്പത്തുമില്ലാത്തവർ പരാജയപ്പെടും. അവരെ കുറിച്ചോർത്ത് ദുഃഖിക്കണ്ട. ദാരിദ്യ്രവും പട്ടിണിയുമൊക്കെ ഈ  പ്രകൃതിനിർദ്ദാരണസിദ്ധാന്തത്തിന്റെ ഫലങ്ങളാണ്. അതൊന്നും ആരെക്കൊണ്ടും മാറ്റാനും പറ്റില്ല.. എത്ര മനോഹരമായ ന്യായീകരണം..!!

എന്നാൽ കഴിവുള്ളവന്  മറ്റുള്ളവരെ നശിപ്പിക്കാം എന്നല്ല, നിലനിൽപിനായുള്ള സമരം എന്നായിരുന്നു ഡാർവിൻ ഇതുകൊണ്ടുദ്ദേശിച്ചത്. വേട്ടക്കാരനായ പുലിയിൽ നിന്നും രക്ഷപ്പെടാൻ മാൻ ശ്രമിക്കുന്നത് നിലനിൽപിനായാണ്. ഇതിൽ നല്ല വേഗമുള്ള മാനുകൾ രക്ഷപ്പെടും. ശക്തിയില്ലാത്തവ പുലിയുടെ ഭക്ഷണമാകും. ഈ പ്രകൃതിനിയമത്തെ തങ്ങളുടെ അധിനിവേശങ്ങൾക്കായി വളച്ചൊടിക്കുകയായിരുന്നു ചൂഷകവർഗം..

സോഷ്യലിസത്തിന്റെ ഉയർച്ച..



മുതലാളിത്തത്തിലെ വൈരുധ്യങ്ങൾ സംഘട്ടനത്തിലൂടെ ആ വ്യവസ്ഥയെ തന്നെ തകർത്തുകൊണ്ട് സോഷ്യലിസം കെട്ടിപ്പടുക്കും എന്നാണ് മാർക്സ് പറഞ്ഞത്. ഓരോ സമൂഹത്തിലും നിലനിന്ന വൈരുധ്യങ്ങൾ നിരവധിയാണ്. ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യമാണ് ഇതിൽ പ്രധാനം. മുതലാളിത്തം തകരില്ല, അത് ശാശ്വതമാണ് തുടങ്ങിയ പിന്തിരിപ്പൻചിന്തകൾക്ക് വിരുദ്ധമാണത്..

പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്കും അവിടെ നിന്നും ഫ്യൂഡലിസത്തിലേക്കും അതിൽ നിന്നും മുതലാളിത്തത്തിലേക്കുമുള്ള ചരിത്രത്തിന്റെ പൊടുന്നനെയുള്ള മാറ്റം നേരത്തെ വിശദീകരിച്ചു (Historical Materialism).. ഈ ഓരോ മാറ്റവും എല്ലാ വൻകരകളിലും എല്ലാ കാലത്തും സംഭവിച്ചത് വിപ്ലവങ്ങളിലൂടെയാണ്..

ഉത്പാദനോപാധികൾക്കുമേൽ മുതലാളിക്കുള്ള സ്വകാര്യഅവകാശം തന്നെ അട്ടിമറിച്ചുകൊണ്ട് അവയെല്ലാം സമൂഹത്തിന്റെ കൂട്ടായ ഉടമസ്ഥതയിൽ വരുന്ന ഒരു കാലം ഉണ്ടാകുമെന്നും അതാണ് സോഷ്യലിസമെന്നും മാർക്സ് പറഞ്ഞത് വെറുതെയല്ല.. മുതലാളിത്തത്തിന്റെ വൈരുധ്യാത്മകതയും  സ്വയം നശിക്കാനുള്ള കഴിവും തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ..

വൈരുധ്യാത്മകഭൗതികവാദം എന്തിന്..?



മാർക്സിസത്തിന്റെ പ്രപഞ്ചവീക്ഷണമായ വൈരുധ്യാത്മകഭൗതികവാദം ഒരു ഉപകരണമാണ്. പ്രപഞ്ചത്തെയും അതിന്റെ പ്രതിഭാസങ്ങളെയും നോക്കിക്കാണാനുള്ള ഒരു രീതിയാണത്. അത് സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ പ്രയോഗിക്കുകയാണ് മാർക്സ് ചെയ്തത്. വൈരുധ്യാത്മകഭൗതികവാദത്തിന്റെ ഉപയോഗവും അതുതന്നെ. പ്രധാനമായും ഇന്നത്തെ മുതലാളിത്തവ്യവസ്ഥിതിയെ വിശകലനം ചെയ്യുക. അതിന്റെ അടിസ്ഥാനത്തിൽ അതിന്റെ വരുംകാലസാധ്യതകളെ മുൻകൂട്ടി കാണുക.

എന്നാൽ കമ്മ്യൂണിസത്തെ വിമർശിക്കുന്നവരടക്കമുള്ള  ബൂർഷ്വാസമൂഹങ്ങൾ വെച്ചുപുലർത്തുന്നത് വൈരുധ്യാത്മകരീതിയല്ല.. കേവലമായ ലോകവീക്ഷണമാണ്. കമ്മ്യൂണിസത്തെ പരിഹസിക്കുന്നവന്റെ വീക്ഷണരീതി തന്നെ കുഴപ്പം പിടിച്ചതാണെന്നർത്ഥം. ഇതാണ് കേവലവാദം. ഇത് മാറണം.


വൈരുധ്യാത്മകവാദവും കേവലവാദവും എന്താണെന്ന് നാം മനസിലാക്കണം.. അവയുടെ ലക്ഷണങ്ങൾ മനസിലാക്കണം. വൈരുധ്യാത്മകഭൗതികവാദം തുടക്കം മുതലേ ലേഖനങ്ങളിലൂടെ വിശദീകരിച്ചതാണ്. അതിലേക്ക് ഒന്നു കൂടി തിരിഞ്ഞുനോക്കാതെ നമുക്ക് മാർക്സിസത്തിന്റെ അപാരമായ സാധ്യതകൾ മനസിലാക്കാനാവില്ല.

രൂപയുടെ മൂല്യം കുറയുന്നത് എങ്ങനെ..?? അതിന്റെ ഫലങ്ങൾ എന്തൊക്കെ..? -- a brief explanation


നാം സ്ഥിരം വാർത്തകളിലൂടെ കാണാറുള്ളതാണ് രൂപയുടെ മൂല്യം ഇടിയുന്നു, രൂപ കര കയറുന്നു എന്നൊക്കെയുള്ള ശീർഷകങ്ങൾ.. എന്താണ് ഇതിന്റെ അർത്ഥം..? നോക്കാം..
രൂപ എന്നത് ഇന്ത്യയുടെ ഔദ്യോഗികകറൻസിയാണ്. നമ്മുടെ രാജ്യം 1990കൾക്ക് ശേഷമുള്ള ഉദാരവത്കരണ നയങ്ങൾക്ക് ശേഷം അന്താരാഷ്ട്രവ്യാപാരവും വിദേശ നിക്ഷേപവും കൂടുതൽ സ്വാതന്ത്രമാക്കുകയുണ്ടായി.. ഇന്ന് മറ്റു ലോകരാജ്യങ്ങളിൽ നിന്ന് നാം ഒട്ടേറെ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നു.. അതുപോലെ തന്നെ കയറ്റുമതിയും.. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ചരക്ക് ക്രൂഡ് ഓയിലും സ്വർണവുമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഓയിൽ ഇറക്കുമതി ചെയ്യുന്നത്. പക്ഷെ ഇവിടുത്തെ എണ്ണകമ്പനികൾക്ക് (ഉദാ- IOC ) രൂപയല്ല മറിച്ച് ഡോളർ കൊടുത്താലേ വിദേശത്തുനിന്നും ചരക്കുകൾ ലഭിക്കൂ. ഡോളർ ഒരു ആഗോളകറൻസി ആയി പരിഗണിക്കപ്പെടുന്നതാണ് കാരണം..
എന്നാൽ നമ്മുടെ കമ്പനികളുടെ പക്കൽ രൂപയാണ് ഉള്ളത്.. ഇത് അവർ FOREIGN EXCHANGE RESERVE - അഥവാ വിദേശനാണയ ശേഖരത്തിൽ നിന്നും ഡോളർ ആക്കി മാറ്റുന്നു. ഈ ഡോളർ ഉപയോഗിച്ചാണ് നമ്മുടെ രാജ്യത്തെ കമ്പനികളും മറ്റും വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തുക- അഥവാ ചരക്കുകൾ ഇറക്കുമതി ചെയ്യുക.. അപ്പോൾ ഇറക്കുമതി കൂടിയാൽ എന്ത് സംഭവിക്കും..? നമ്മുടെ വിദേശനാണയശേഖരത്തിൽ നിന്നും കൂടുതൽ ഡോളർ കമ്പനികൾ രൂപയ്ക്ക് പകരമായി മാറ്റിയെടുക്കുന്നു. വിദേശനാണയ ശേഖരത്തിലെ ഡോളറിന്റെ അളവ് കുറഞ്ഞു വരുന്നു.. കൂടുതൽ കമ്പനികൾ രൂപ നൽകി ഡോളർ വാങ്ങാൻ എത്തുന്തോറും ഡോളറിന്റെ ഡിമാൻഡ് വർധിക്കും.. നേരത്തെ ഒരു ഡോളർ കിട്ടാൻ 60 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ എന്ന സ്ഥാനത്ത് ഇപ്പോൾ 65 രൂപ നൽകേണ്ടി വരും. അതായത് ഡോളറിനെതിരായി രൂപയുടെ മൂല്യം കുറഞ്ഞു എന്നർത്ഥം..
ക്രൂഡ് ഓയിലിന്റെ വില കൂടിയതും രൂപയുടെ വില ഇടിയാൻ കാരണമായി.. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ നമ്മുടെ കമ്പനികൾക്ക് കൂടുതൽ ഡോളർ നൽകേണ്ടതായി വരുന്നു. അതായത് ഇന്ത്യയുടെ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതിച്ചെലവ് കൂടുന്നു. ഇറക്കുമതി കയറ്റുമതിയെക്കാൾ കൂടുമ്പോൾ അതിനെ വ്യാപാരക്കമ്മി എന്നാണ് വിളിക്കുക. ഇറക്കുമതിചെലവിൽ നിന്നും കയറ്റുമതി വരുമാനം കുറയ്ക്കുമ്പോൾ വ്യാപാരക്കമ്മി ലഭിക്കും.. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇറക്കുമതിച്ചെലവും തത്ഫലമായി വ്യാപാരക്കമ്മിയും ഉയരും. വ്യാപാരകമ്മിയോടൊപ്പം ഇന്ത്യ പുറത്തേക്ക് നൽകുന്ന പലിശ-തിരിച്ചടവ് ഉൾപ്പെടെയുള്ള ചെലവുകളും മറ്റു വരവുകളും കൂടി പരിഗണിക്കുമ്പോൾ ഉള്ള രാജ്യത്തിന്റെ മൊത്തം നഷ്ടമാണ് കറണ്ട് അക്കൗണ്ട് കമ്മി എന്ന് പറയുന്നത്. അതായത് അത്രയും ഡോളർ നമ്മുടെ ഡോളർ ശേഖരത്തിൽ നിന്നും പുറത്തേക്ക് പോയി എന്നർത്ഥം.. ഇത് ഡോളറിന്റെ ക്ഷാമത്തിനും അതിന്റെ വില വീണ്ടും കൂടാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാവും.. രാജ്യത്തിൻറെ ഇപ്പോഴത്തെ കറണ്ട് അക്കൗണ്ട് കമ്മി= 1580 കോടി ഡോളർ ആണെന്നോർക്കുക..
രൂപയുടെ മൂല്യം ഇടിയുക എന്നത് ഒരു നിസാരസംഭവമായി കാണരുത്.. അങ്ങേയറ്റം ഗുരുതരമായ ഒരു സാമ്പത്തികഭീഷണിയിലേക്കാണ് ഇതിലൂടെ മോഡി സർക്കാർ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 69 രൂപ ആയിരുന്നെങ്കിൽ ഇന്നത് 72.97 എന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്. 2018 ജനുവരി മുതൽ നോക്കുകയാണെങ്കിൽ രൂപ 12% വരെ ഇന്ന് നിലം പൊത്തിയിട്ടുണ്ട്. രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്.. ഇത് സാധാരണക്കാരെ എങ്ങനെയൊക്കെ ബാധിക്കുമെന്നും നാം അറിഞ്ഞിരിക്കണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...