Thursday, October 4, 2018

**മതദൈവങ്ങളുടെ ചരിത്രപശ്ചാത്തലം***


ഘോരവനാന്തരങ്ങളിൽ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും നടന്നിരുന്ന മനുഷ്യന് എന്നും ഒരത്ഭുതമായിരുന്നു പ്രകൃതി. കാട്ടുതീയും ഇടിമിന്നലും കൊടുങ്കാറ്റും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒക്കെ അവനുമുന്നിൽ ചോദ്യചിഹ്നങ്ങളായി നിലകൊണ്ടു. അവ മനുഷ്യനിൽ ഭയം ചെലുത്തുകയും തന്റെ ജീവിതദശകളെ നിയന്ത്രിക്കാൻ കെല്പുള്ള അമൂർത്തമായ ദൈവസങ്കല്പങ്ങളിലേക്ക് ഈ ഭയം മനുഷ്യനെ കൊണ്ടെത്തിക്കുകയും ചെയ്തു.

അതിപ്രാചീനകാലത്ത് സമൂഹം ആരാധിച്ചിരുന്ന ദൈവങ്ങൾ പ്രകൃതിശക്തികൾ തന്നെയായിരുന്നുവെന്ന് ഇന്ന് തെളിവുകൾ നമുക്ക് കാണിച്ചുതരുന്നു. ഭാരതത്തിലും ഇത് വ്യത്യസ്തമല്ല. മഴയുടെയും മിന്നലിന്റെയും സമുദ്രത്തിന്റെയും അഗ്നിയുടെയും ഒക്കെ ദൈവരൂപങ്ങൾ അനേകകാലം മനുഷ്യമനസ്സുകളെ അടക്കിഭരിച്ചു. ഉത്പാദനം ഇല്ലാതിരിക്കുകയും മനുഷ്യർ കാടുകളിൽ നിന്നും മറ്റും ഭക്ഷണം ശേഖരിച്ച് ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്ന പ്രാകൃത-കമ്മ്യൂണിസ്റ്റുഘട്ടത്തിൽ തന്നെ ഗോത്രവർഗങ്ങളിൽ ആകമാനം ഇത്തരം പ്രകൃതി- ദൈവസങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് കൃഷിയും മറ്റ് അനുബന്ധ- ഉത്പാദനങ്ങളും ആരംഭിച്ചതോടെ സ്വത്തുത്പാദനം എന്ന ചരിത്രഘട്ടത്തിലേക്ക് മനുഷ്യൻ എത്തിച്ചേരുകയും സാമൂഹ്യവ്യവസ്ഥിതിയെയും ഉത്പാദനക്രമങ്ങളെയും അത് ആകമാനം മാറ്റിമറിക്കുകയും ചെയ്തു. കാലാവസ്ഥയും പ്രകൃതിശക്തികളും കൃഷിയെയും ജീവിതത്തെയും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് മനുഷ്യൻ കണ്ടു.

സമ്പത്തിനുവേണ്ടിയുള്ള ഗോത്രവർഗയുദ്ധങ്ങളും വെട്ടിപ്പിടിക്കലുകളും ആരംഭിച്ചു. മുൻപും ഇത്തരം യുദ്ധങ്ങൾ നടന്നിരുന്നെങ്കിലും പരാജിതൻ മറ്റു ഭാഗങ്ങളിലേക്ക് പലായനം ചെയ്യുകയാണുണ്ടായത്.. എന്നാൽ ഉത്പാദനവും അധ്വാനപ്രക്രിയകളും വികാസം പ്രാപിച്ചതോടെ ഒരാളുടെ അധ്വാനം കൊണ്ടുതന്നെ ഒരു കൂട്ടം ആളുകൾക്ക് വേണ്ടിയുള്ള വിഭവങ്ങൾ ഉണ്ടാക്കാനാവും എന്ന സ്ഥിതി അടിമത്തത്തിലേക്ക് മാനവരാശിയെ നയിച്ചു. മനുഷ്യരെ മനുഷ്യർ കീഴടക്കി അടിമകളായി പണിയെടുപ്പിക്കാൻ ആരംഭിച്ചതോടെ പ്രകൃതി മാത്രമല്ല, മനുഷ്യർക്കും സമൂഹത്തിന്റെ വിധിനിർണയിക്കുന്നതിൽ ഗണ്യമായ പങ്കുണ്ടെന്ന ചിന്തയിലേക്ക് സമൂഹം എത്തിപ്പെട്ടു. മനുഷ്യന്റെ കഴിവുകളെപ്പറ്റിയുള്ള ബോധവും ജനങ്ങൾക്ക് ഉണ്ടായി.. ഇതിന്റെ പ്രതിഫലനം തീർച്ചയായും ദൈവചിന്തകളിലും പ്രതിഫലിച്ചു..

സൂര്യനും ചന്ദ്രനും എന്നൊക്കെയുള്ള പ്രകൃതീ-ദൈവസങ്കൽപ്പങ്ങളിൽ നിന്നും അതിശക്തരായ മനുഷ്യരെ ദൈവങ്ങളായി ആരാധിക്കുന്ന നിലയിലുള്ള മാറ്റങ്ങൾക്ക് സമൂഹം വിധേയമായി. മതചിന്തകൾക്കും വിശ്വാസങ്ങൾക്കും ഇത് തുടക്കം കുറിച്ചു. മതം എന്ന സ്ഥാപനം അടിമവർഗത്തിനുമേൽ ഒരു ചൂഷണോപാധിയായി ഉപയോഗിക്കാൻ മേലാളവർഗത്തിനു കഴിഞ്ഞു. സമൂഹത്തിലെ മേൽത്തട്ടിലുള്ളവരുടെ അഭിലാഷങ്ങൾക്കായി കീഴാളവിഭാഗത്തെ എക്കാലവും അടിച്ചമർത്തുകയും അതിന് മതപരമായ പരിവേഷം നൽകുകയും ചെയ്തു.ഇത് തന്നെയാണ് ഫ്യൂഡലിസത്തിലും തുടർന്നുപോന്നത്.

മനുഷ്യൻ നേരിടുന്ന എല്ലാവിധ ചൂഷണങ്ങളും ദൈവഹിതമായി കരുതപ്പെട്ടു. അത് മുജ്ജന്മപാപങ്ങളുടെ ഫലമായും ദൈവകോപമായും ഒക്കെ വ്യാഖ്യാനിക്കാനും അങ്ങനെ തങ്ങൾ അടിച്ചേൽപ്പിക്കുന്ന ക്രൂരതകളെ മറച്ചുപിടിക്കാനും ഭൂപ്രഭുവർഗത്തിന് കഴിഞ്ഞു. മതപൗരോഹിത്യം എന്നും ചൂഷകവർഗ്ഗത്തിന്റെ പക്ഷം ചേർന്ന് നിലകൊണ്ടു. മേലാളരെയും വ്യവസ്ഥാപരമായ ചൂഷണങ്ങളെയും ചോദ്യം ചെയ്യുന്നതും വിപ്ലവകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ദൈവനിന്ദയായി ആരോപിക്കാൻ ചൂഷകവർഗം മുതിർന്നു. ഇങ്ങനെ മതം എല്ലാത്തരത്തിലും ഉപരിവർഗം അടിച്ചേൽപ്പിച്ച ഒരു സ്ഥാപനമായി നിലകൊള്ളുകയും അതിനെ ഒരു വേദനാസംഹാരിയെന്നപോൽ സ്വീകരിച്ച അധഃസ്ഥിതർ എല്ലാ കഷ്ടപ്പാടുകളും മറന്ന് വിധി ദൈവത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.

മുതലാളിതസമൂഹത്തിലും ഇപ്രകാരം ഒരു കറുപ്പെന്ന പോൽ മതം മനുഷ്യനെ അത്രമാത്രം പിടികൂടിയിരിക്കുന്നു. അതിന്റെ ഏറ്റവും അപകടകരമായ ദൗത്യം എന്നത് ''മനുഷ്യബോധത്തെ യഥാർത്ഥ- സാമൂഹ്യപ്രശ്നങ്ങളിൽ നിന്നും അകറ്റിനിർത്തുകയും ഒന്നിച്ചുനിൽക്കേണ്ട അധ്വാനവർഗ്ഗത്തെയും പതിതരെയും അത് വിഭജിച്ചു നിർത്തുകയും ചെയ്യുന്നു,- അതിലൂടെ ലാഭാധിഷ്ഠിതമായ മുതലാളിത്ത- ചൂഷണങ്ങളെ അത് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു'' എന്നതാണ്. കഷ്ടപ്പെടുന്ന സാധാരണക്കാരായ വിശ്വാസിസമൂഹത്തെ മതമൂല്യങ്ങൾ കൊണ്ട് അടക്കിനിർത്തുകയും ലാളിത്യത്തിന്റെയും സന്യാസജീവിതത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന പൗരോഹിത്യം സമ്പന്നതയുടെ പട്ടുമെത്തയിൽ സുഖലോലുപതയിൽ വാഴുന്നതിന്റെ അനവധി ഉദാഹരണങ്ങൾ കണ്ണുതുറന്നാൽ കാണാവുന്നതേയുള്ളൂ..

ധർമത്തെ മുഴുവൻ ആവാഹിച്ച് സ്വയംപൂർണമായി നിലനിൽക്കുന്നതല്ല ഒരു മതപ്രമാണങ്ങളും. ജീവിതമൂല്യങ്ങളും നല്ല പാഠങ്ങളും എന്നതിനപ്പുറം കടുത്ത അനാചാരങ്ങളും വിവേചനങ്ങളും സ്ത്രീവിരുദ്ധതയും അക്രമണത്വരയും അപരവിദ്വേഷവും യുക്തിരാഹിത്യവും ശാസ്ത്രനിഷേധവും ഒക്കെ അത് ഉൾകൊള്ളുന്നു.. കാരണം എല്ലാ മതങ്ങളും അത് സ്ഥാപിക്കപ്പെട്ട ചരിതഘട്ടത്തിൽ നിലനിന്ന ധാർമികബോധങ്ങളുടെയും ശാസ്ത്രസങ്കല്പങ്ങളുടെയും പൊതുബോധത്തിന്റെയും ആകെത്തുക മാത്രമാണ്.. യഥാർത്ഥ പുരോഗമനവും സമ്പൂർണതയിലേക്കുള്ള മനുഷ്യസഞ്ചാരവും മതനിരപേക്ഷമായി തുടർന്നുപോവുക തന്നെ ചെയ്യും..

മാനുഷികമൂല്യങ്ങൾക്കും പുരോഗമനചിന്തകൾക്കും മുകളിലല്ല ഒരു വിശ്വാസവും ഒരു ആചാരവും.. ഇതുവരെ ഉണ്ടായ എല്ലാ പുരോഗമനങ്ങളുടെയും നേടിയെടുത്ത അവകാശങ്ങളുടെയും മുകളിൽ ചാടിക്കയറിനിന്നു കൊണ്ടാണ് ഇന്ന് ബോധമറ്റുപോയ ഒരു പറ്റം വിശ്വാസിസമൂഹം ആചാരങ്ങൾക്കുവേണ്ടി കവലപ്രസംഗവും തമ്മിൽ തല്ലും നടത്തുന്നത് എന്നത് കാലഘട്ടത്തിന്റെ ഒരു വൈരുധ്യമാകാം.. ഒന്നോർത്താൽ നന്ന്.. വിപ്ലവങ്ങളാണ് ചരിത്രത്തെ കെട്ടിപ്പടുത്തത്,, വിശ്വാസങ്ങളല്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...