സ്റ്റാലിന്റെ രംഗപ്രവേശം....
USSRൽ മാത്രമല്ല ആഗോളകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടായത് സ്റ്റാലിന്റെ രംഗപ്രവേശത്തോടെയാണ്. പക്ഷാഘാതം മൂലം തളർന്ന് രോഗാവസ്ഥയിലായ ലെനിൻ 1922ൽ ജോസഫ് സ്റ്റാലിനെ പാർട്ടി ജനറൽ സെക്രട്ടറി ആക്കി. ലിയോൺ ട്രോട്സ്കിക്കും മറ്റ് നേതാക്കന്മാർക്കും അധികാരങ്ങൾ കൈമാറി. എന്നാൽ സ്റ്റാലിൻ പാർട്ടിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. അധികാരസ്ഥാനങ്ങൾ ഓരോന്നായി തന്റെ കീഴിലാക്കി. ഇത് ലെനിന് ആശങ്കയുണ്ടാക്കി. സ്റ്റാലിന്റെ ഏകപക്ഷീയമായ പെരുമാറ്റം പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ സൃഷ്ടിച്ചു. ലെനിൻ സ്റ്റാലിനെ നിശ്ചിതമായി വിമർശിച്ചു. എന്നാൽ കിടക്കയിൽ കിടന്ന് നേരാവണ്ണം സംസാരിക്കാൻ പോലും കഴിയാത്ത ലെനിനെ സ്റ്റാലിൻ ഗൗനിച്ചില്ല.
സ്റ്റാലിനെതിരെ നടപടിയെടുക്കാൻ ലെനിൻ ചെമ്പടയുടെ സ്ഥാപകനായ ട്രോട്സ്കിയുടെ സഹായം തേടി. ട്രോട്സ്കിയും സ്റ്റാലിനും നേർക്കുനേർ ഏറ്റുമുട്ടി. ട്രോട്സ്കി അധികാരത്തിൽ എത്താതിരിക്കാൻ സ്റ്റാലിൻ കിണഞ്ഞു പരിശ്രമിച്ചു. പാർട്ടിയിലെ ഒരു വിഭാഗവും സ്റ്റാലിനെ പിന്തുണച്ചു. ഒടുവിൽ അവസാനശ്രമമെന്ന നിലയിൽ സ്റ്റാലിനെ സെക്രട്ടറി പദവിയിൽ നിന്നും പുറത്താക്കാൻ ലെനിൻ പാർട്ടിക്ക് കത്തെഴുതി. ഇനിയും പാർട്ടിയിലെ അന്തഃച്ഛിദ്രം കാണാനാകാതെയാകണം ലെനിൻ 1924ൽ ലോകത്തോടു വിട പറഞ്ഞത്.. താനാണ് ലെനിന്റെ പിൻഗാമിയെന്ന് സ്റ്റാലിൻ സ്വയം പ്രഖ്യാപിച്ചു. ഗ്രിഗറി സിനൊവേവ്, ലിയോൺ ട്രോട്സ്കി ,ബുക്കാറിൻ എന്നിവർ പാർട്ടിയുടെ ഉന്നതപദവികളിൽ എത്തിച്ചേർന്ന് സ്റ്റാലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി.
12ാം പാർട്ടി കോൺഗ്രസിൽ ട്രോട്സ്കി ലെനിന്റെ അവസാനത്തെ കത്ത് ഉയർത്തിക്കാട്ടി. സ്റ്റാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാർട്ടിയുടെ അധികാരങ്ങളെല്ലാം തന്റെ കൈവെള്ളയിലാക്കിയ സ്റ്റാലിനെ പാർട്ടി പിന്തുണച്ചു. ലെനിനെ തള്ളിപ്പറയുക വരെ ചെയ്തു. സ്റ്റാലിനെ എതിർത്തവരെല്ലാം ഒറ്റപ്പെട്ടു. സിനൊവേവ്, ലേ കമെനേവ് തുടങ്ങിയ നേതാക്കൾ സ്റ്റാലിന്റെ പക്ഷം ചേർന്നു. ട്രോട്സ്കിയെ പല പദവികളിൽ നിന്നും 1925ൽ പുറത്താക്കി.
സ്റ്റാലിൻ തന്റെ ഭരണകാലത്ത് ഉയർത്തിക്കാട്ടിയ ഏറ്റവും പിന്തിരിപ്പനായ ഒരാശയമായിരുന്നു ഏകരാഷ്ട്രസോഷ്യലിസം. അതായത് ശാശ്വതമായ ഒരു വിപ്ലവം ലോകം മുഴുവൻ വ്യാപിക്കണമെന്നുള്ള ആഗോളകമ്മ്യൂണിസം എന്ന ലെനിന്റെയും ട്രോട്സ്കിയുടെയും വാദത്തെ എതിർത്ത സ്റ്റാലിൻ സോഷ്യലിസം റഷ്യയിൽ മാത്രം മതിയെന്ന് പറഞ്ഞു( socialism in One Country). ആഗോളകമ്മ്യൂണിസം വിദൂരഭാവിയിലേ നടക്കൂ എന്നും സ്റ്റാലിൻ കരുതി. ഫലമോ..? ജർമ്മനിയിലും മറ്റും നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ പരാജയപ്പെട്ടു. അതിന് കാരണം സ്റ്റാലിന്റെ ഈ വാദമാണെന്ന് കരുതപ്പെടുന്നു. 1926ൽ ട്രോട്സ്കി പാർട്ടിയിൽ നിന്നും പുറത്തായി. അതുവരെ സ്റ്റാലിന്റെ ഒപ്പം നിന്ന സിനൊവേവ്, കമെനേവ് എന്നിവരും സ്റ്റാലിന്റെ ഏകാധിപത്യത്തെ ഭയന്നു. ലെനിന്റെ കത്തും ട്രോട്സ്കിയുടെ വാദങ്ങളും ഉപയോഗിച്ച് ഇവരും സ്റ്റാലിനെതിരെ തിരിഞ്ഞു. എന്നാൽ ലെനിൻ പക്ഷക്കാരനായിരുന്ന ബുക്കാറിൻ സ്റ്റാലിനോടൊപ്പം ചേർന്നു.
ഒടുവിൽ ട്രോട്സ്കിക്ക് സംഭവിച്ചത് തന്നെ ഈ 2 പേർക്കും സംഭവിച്ചു. എതിരാളികളെയെല്ലാം സ്റ്റാലിൻ 1928 നാടുകടത്തി. ഒടുവിൽ തന്റെ ഒപ്പം നിന്ന ബുക്കാറിനെ പോലും വലതുപക്ഷക്കാരനെന്ന് ആരോപിച്ച് നിഷ്കാസനം ചെയ്തു. കടുത്ത ആരോപണങ്ങളും തെളിവുകളും പാർട്ടിഉന്നതരുടെ അതൃപ്തിയും സ്റ്റാലിനെതിരെ ഉണ്ടായിട്ടും എതിരാളികളെയെല്ലാം തന്ത്രപരമായി 'ഒതുക്കാൻ' സ്റ്റാലിന് കഴിഞ്ഞു. ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത ഏകാധിപതിയായി സ്റ്റാലിൻ മാറി. USSR പുതിയ ചരിത്രഘട്ടങ്ങളിലേക്ക് നീങ്ങി.
സ്റ്റാലിന്റെ ഏകാധിപത്യവും ജനാധിപത്യത്തിന്റെ അഭാവവും..
സോവിയറ്റ് യൂണിയനെ ലോകം ഉറ്റുനോക്കുന്ന വൻസാമ്പത്തികശക്തിയായി വളർത്തുന്നതിൽ ഏറ്റവുമധികം പങ്കുവഹിച്ച നേതാവ് സ്റ്റാലിൻ തന്നെയാണ്. സോവിയറ്റ് പ്രീമിയർ ആയിചുമതലയേറ്റ സ്റ്റാലിന്റെ കാലത്ത് 1929ൽ ലെനിന്റെ പുത്തൻ സാമ്പത്തികനയം ഉപേക്ഷിച്ചു. കാർഷികമേഖല നിർബന്ധിതമായി പൊതുഉടമസ്ഥതയിലാക്കി. വ്യവസായമേഖലയിലെ വളർച്ച കുത്തനെ ഉയർന്നു. USSR ഒരു ശക്തമായ വ്യവസായിക- സാമ്പത്തികശക്തിയായി വളർത്തുന്നതിലും സ്റ്റാലിനോളം വിജയിച്ച മറ്റൊരു നേതാവില്ല. അതുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്ക്ക് വിജയം നേടാനായത്. സ്റ്റാലിൻ ഇല്ലായിരുന്നെങ്കിൽ ഹിറ്റ്ലറുടെ പരാജയം സ്വപ്നം മാത്രമായേനെ. 1930ൽ ലോകം മുഴുവൻ സാമ്പത്തികമാന്ദ്യത്തിലുലഞ്ഞപ്പോഴും ഒരു പോറലുമേൽക്കാതെ അതിജീവിക്കാൻ USSRന് കഴിഞ്ഞു. അവിടത്തെ പൊതുമേഖലാധിഷ്ഠിത ഉത്പാദനവും അടഞ്ഞ കമ്പോളവുമായിരുന്നു ഇതിന് കാരണം. കിഴക്കൻ യൂറോപ്പിൽ ശക്തമായ നേതൃത്വം വഹിക്കാനും സ്റ്റാലിന് കഴിഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രം സ്റ്റാലിന് നൽകിയത് ഒരു വില്ലൻ പരിവേഷമാണ്. Political Paranoia എന്നൊരു മാനസികാവസ്ഥ സ്റ്റാലിനുണ്ടായിരുന്നു. അതായത് തന്റെ അധികാരം നഷ്ടപ്പെടുമോ,, എതിരാളികൾ തന്നെ തുറുങ്കിലടയ്ക്കുമോ തുടങ്ങിയ നിരന്തരമായ വിഭ്രാന്തിയും ഭയവും. റഷ്യയിൽ ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമായ ക്ഷാമം പടർന്നു. അതേസമയം ഭരണകൂടമാകട്ടെ കർഷകരിൽ നിന്നും അന്യായമായി ധാന്യങ്ങൾ പിടിച്ചുവാങ്ങി. സർക്കാർ ധാന്യശേഖരം കുന്നുകൂടി. ക്ഷാമത്തെ അതിജീവിച്ച കുലാക്കുകളെ ബലം പ്രയോഗിച്ച് പണിയെടുപ്പിച്ചു.. എതിർത്തവരെയെല്ലാം അറസ്റ്റ് ചെയ്തു.
USSR തകർച്ചയ്ക്ക് ശേഷം സർക്കാർ അത് വരെ രഹസ്യമായി സൂക്ഷിച്ച ചരിത്രരേഖകൾ പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് ലോകം കേട്ടത്. സുരക്ഷാസേനയായ NKVD 1930കളിൽ 15 ലക്ഷത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 7 ലക്ഷവും വെടിയേറ്റ് മരിച്ചു. അതായത് ഒരു ദിവസം ആയിരം പേരെ വീതം വെടിവെച്ചുകൊന്നു.! വ്യവസായപുരോഗതിക്കൊപ്പം കൂട്ടക്കുരുതികളും അരങ്ങേറി. സ്റ്റാലിന്റെ രാഷ്ട്രീയഎതിരാളികളെ എല്ലാം അമർച്ച ചെയ്തു. മഹാശുദ്ധീകരണം(The Great Purge) എന്നാണ് പാർട്ടി ഇതിനെ വിളിച്ചത്. ലെനിന്റെ കാലത്തും ശുദ്ധീകരണം ഉണ്ടായിരുന്നു. എന്നാൽ അത് പാർട്ടിപദവികളിൽ നിന്നും വ്യക്തികളെ നീക്കം ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന വാക്കായിരുന്നു. സ്റ്റാലിന്റെ കാലത്തും ലക്ഷക്കണക്കിന് രാഷ്ട്രീയക്കാരെ മാറ്റി ശുദ്ധീകരിച്ചു. പദവികളിൽ നിന്നല്ല, ഭൂമുഖത്തുനിന്ന് തന്നെ..!!
Correctional Labour Campകളിൽ ജനലക്ഷങ്ങൾ തുറുങ്കിലടയ്ക്കപ്പെട്ടു. ലക്ഷങ്ങൾ മരിച്ചു. റഷ്യൻ വിപ്ലവത്തിന് തിരി കൊളുത്തിയ ലെനിനും ചെമ്പടയുടെ കരുത്തുറ്റ നേതാവ് ട്രോട്സ്കിയും ബുക്കാറിനും സെനോവേവും കമെനേവും വിപ്ലവകാലത്ത് സ്റ്റാലിന്റെ സഹപ്രവർത്തകരായിരുന്നല്ലോ.. ഇതിൽ ലെനിൻ മാത്രമാണ് കിടക്കയിൽ കിടന്ന് മരണം വരിച്ചത്. ബാക്കി 4 നേതാക്കന്മാരുടെയും ജീവനെടുത്തത് മറ്റാരുമായിരുന്നില്ല.. സ്റ്റാലിനെ സ്ഥിരമായി വിമർശിച്ച ട്രോട്സ്കിയെ 1940ൽ മെക്സിക്കോയിൽ ആളെ വിട്ട് ഹിമക്കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നതും ആരാണെന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യമല്ലാതെ സോഷ്യലിസത്തിലേക്ക് മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന മാർക്സിന്റെ വാക്കുകളായിരുന്നില്ല ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചതെന്ന് വ്യക്തം..
(സ്റ്റാലിൻ എന്ന നേതാവിനെ ഇന്നും പല മാർക്സിസ്റ്റുകളും ആദരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പുരോഗമനവശങ്ങളെ അനുകൂലിച്ചുകൊണ്ടു തന്നെ പറയാം.. USSRലും പാർട്ടീയിലും ജനാധിപത്യം ഇല്ലാതാക്കുന്നതിലും അതിലൂടെ USSRന്റെ മരണത്തിനുള്ള ആദ്യവിത്ത് പാകുന്നതിലും സ്റ്റാലിനുള്ള പങ്ക് അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ല)
(ഒക്ടോബർ വിപ്ലവത്തിന്റെ മുൻനിരനായകരായ ലെനിൻ, സ്റ്റാലിൻ, ട്രോട്സ്കി, ബുക്കാറിൻ, സിനോവേവ്, കമനേവ് എന്നിവർ യഥാക്രമം.. ഇതിൽ ലെനിൻ ഒഴികെയുള്ള 5 പേരിൽ അവസാന നാല് പേരെയും വധിച്ചത് സ്റ്റാലിൻ തന്നെയാണ്..)
(തുടരും...)