എന്തിനെയും നിരന്തരം വിമർശനങ്ങൾക്ക് വിധേയമാക്കുക, എന്തിനെയും സംശയാസ്പദമായി വിശകലനം ചെയ്യുക (Doubt Everything ) എന്നത് മാർക്സ് നിരന്തരം പുലർത്തിയിരുന്ന ഒരു കീഴ്വഴക്കമായിരുന്നു. ആകാശത്തിനു കീഴിലുള്ള എന്തും വിമർശനങ്ങൾക്ക് വിധേയമാണെന്ന് അദ്ദേഹം കരുതി. മാറ്റം അനിവാര്യമല്ലാത്തതായി യാതൊന്നും ഇല്ലാത്ത ലോകത്ത് ഇത്തരം വിമർശനങ്ങൾ വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടുവരാനും കൂടുതൽ ഉയർന്ന തലങ്ങളിലേക്കുള്ള വ്യവസ്ഥാപരമായ പുരോഗതിക്ക് ആക്കം കൂട്ടാനും സഹായിക്കും. ഏതൊരു സംവാദത്തിലും അരങ്ങേറുന്നതും വൈരുധ്യങ്ങളുടെ പരസ്പരസംഘട്ടനം തന്നെയാണ്. എന്നാൽ എതിർപ്പുകൾക്കും വിമർശനങ്ങൾക്കും മുകളിൽ യാതൊന്ന് സ്ഥാനം പിടിക്കുന്നുവോ, അവിടെ ഈ സംഘട്ടനവും അതിലൂടെ സംഭവിക്കാനിടയുള്ള പുരോഗമന-പ്രക്രിയയും മരവിച്ചുപോവുകയാണ് ചെയ്യുക.
കേരളത്തിന്റെ പശ്ചാത്തലത്തിൽ തന്നെ ചിന്തിച്ച് തുടങ്ങണം. ഇവിടെ നിരന്തരം പലവിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുതലാളിത്തവും സാമ്രാജ്യത്വവും വിമർശിക്കപ്പെടാറുണ്ട്. രാഷ്ട്രീയകൊലപാതകങ്ങളും ജാതിപ്രീണനവും വർഗീയതയും അഴിമതിയും സമൂഹത്തിലെ മൂല്യച്യുതിയും ഒക്കെ പ്രതിസ്ഥാനത്തുനിർത്തപ്പെടുന്നു. എന്നാൽ ചില മേഖലകൾ, ചില സാമൂഹ്യസ്ഥാപനങ്ങൾ എതിർസ്വരങ്ങൾക്ക് പോലും അവസരങ്ങൾ നിഷേധിച്ചുകൊണ്ട് എക്കാലവും പൂജിക്കപ്പെടേണ്ട വിഗ്രഹങ്ങളായി മാറുന്നു. അവയെ യുക്തിപരമായി ചോദ്യം ചെയ്യുന്നതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. മതവും ദൈവചിന്തയും മുതൽ ചരിത്രപുരുഷന്മാർ വരെ ഇങ്ങനെ സംവാദങ്ങളുടെ ലോകത്തുനിന്നും രക്ഷപ്പെട്ട് മാറിനിൽക്കുന്നു. മതങ്ങൾക്കും വിശ്വാസങ്ങൾക്കും നമ്മുടെ മതാധിപത്യരാജ്യം നൽകിയിരിക്കുന്ന സൗജന്യം വ്രണപ്പെടാനുള്ള സാധ്യതകളാണ്. മതത്തിനുനേരെ വൈകാരികമായി വസ്‌തുനിഷ്‌ഠ മല്ലാത്ത അവഹേളനങ്ങൾ നടത്തുന്നത് ശരിയല്ല.എന്നാൽ അവയെ യുക്തിഭദ്രമായും മനുഷ്യപക്ഷത്തുനിന്ന് കൊണ്ടും തിരുത്തലുകൾ നടത്തുന്നത് മതത്തെ വ്രണപ്പെടുത്തലല്ല, മറിച്ച് നവീകരണമാണ്. ജനങ്ങളുടെ ചിന്താഗതികളെ ശുദ്ധീകരിക്കലാണ്. സത്യങ്ങളെ ഒരിക്കലും വ്രണപ്പെടുത്താനാവുകയില്ല. പരിണാമം പോലുള്ള ശാസ്ത്രസിദ്ധാന്തങ്ങളെ ഒരു മതപണ്ഡിതൻ വിമർശിച്ചതുകൊണ്ട് അവ വ്രണപ്പെട്ടെന്ന് പരാതി പറയുന്ന ശാസ്ത്രജ്ഞരെയോ യുക്തിവാദികളെയോ കാണാൻ കഴിയില്ലല്ലോ.
എന്നാൽ മാനവികമൂല്യങ്ങൾക്ക് വിരുദ്ധമായ വിശ്വാസാചാരങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ അവ വ്രണപ്പെടുത്തരുതെന്ന് പറയുന്നത് ജനാധിപത്യസംവാദങ്ങളെ തളർത്തും. ഒരു സംവാദത്തിനുമുന്നിൽ തകർന്നുവീഴാവുന്ന ചീട്ടുകൊട്ടാരം മാത്രമാണ് തങ്ങളുടെ വിശ്വാസമെന്ന് വിശ്വാസികൾ തന്നെ സമ്മതിക്കലാണത്. മതം മാത്രമല്ല, പ്രത്യയശാസ്ത്രങ്ങളും വ്യക്തികളും സ്ഥാപനങ്ങളും മഹത്-വ്യക്തികളും കലാരൂപങ്ങളുമൊക്കെ നിരന്തരം കൈകാര്യം ചെയ്യപ്പെടേണ്ടത് ഏകപക്ഷീയമായ യോജിപ്പിന്റെ മണ്ഡലത്തിലല്ല, വിരുദ്ധാഭിപ്രായങ്ങൾ തമ്മിലുള്ള സംവാദങ്ങളുടെ മണ്ഡലത്തിലാണ്. മാർക്സിസം ഉൾപ്പെടെയുള്ള സർവ്വ ചിന്താപദ്ധതികളും ഇതിന് വിധേയമാകണം. കുടുംബം,സദാചാരം പോലുള്ള സാമൂഹ്യഘടകങ്ങളെ വിമർശിക്കണം. ഇതൊന്നും നിർഭാഗ്യവശാൽ സംഭവിക്കാത്തതിന്റെ ഫലമാണ് നാട്ടിൽ വിളയാടുന്ന സദാചാരപോലീസിങ്ങും സ്ത്രീവിരുദ്ധതയും ജാതി-മതവർഗീയതയും കുടുംബങ്ങളിലെങ്കിലും സജീവമായ യാഥാസ്ഥിതികത്വവുമൊക്കെ.. മലയാളികളുടെ ഒരു സൂപ്പർസ്റ്റാറിനെതിരെ രംഗത്തുവന്നതിന് ഫെമിനിച്ചികൾ വിചാരണ ചെയ്യപ്പെടുന്നതും സിനിമകളിലെ സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാണിച്ചതിന് നടിയെ വെർബൽ റേപ്പ് ചെയ്യുന്നതും മുതൽ ആചാരലംഘനങ്ങളുടെ ആവശ്യകതയെ കുറിച്ച് സംസാരിച്ച സുനിൽ മാഷിനെതിരെ വധഭീഷണി മുഴക്കുന്നതും ഒക്കെ സൂചിപ്പിക്കുന്നത് ഒന്നുമാത്രം.
ഇന്ത്യയിലെ ജനാധിപത്യം ഇന്ന് പേരിനുമാത്രമാണ്. ചോദ്യം ചെയ്യാൻ പാടില്ലാത്ത നിരവധി വിശുദ്ധപ്രസ്ഥാനങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം അത് അങ്ങനെ തന്നെയാണ്. മാർക്സും ഗാന്ധിയും നെഹ്രുവും പട്ടേലും ഒക്കെ ആദരിക്കപ്പെടേണ്ടവർ മാത്രമല്ല, വിമർശിക്കപ്പെടേണ്ടവർ കൂടിയാണ്. കാരണം വിമർശനം അനാദരവല്ല, നവീകരണമാണ്. ശരികളും തെറ്റുകളും വിച്ഛേദിച്ചുമനസിലാക്കാൻ ജനങ്ങൾക്ക് കഴിയണമെങ്കിൽ ജാഥകൾ മാത്രം പോരാ, ചർച്ചകളും സംവാദങ്ങളും ഒക്കെ വേണം. പ്രമാണങ്ങളും പ്രസ്ഥാനങ്ങളും ശുദ്ധീകരിക്കപ്പെടണം. സംവാദങ്ങൾക്ക് കടിഞ്ഞാണിട്ടുകൊണ്ട്, അന്ധമായ ആരാധനയ്ക്കും മനുഷ്യവിരുദ്ധതയ്ക്കും മൗനപിന്തുണ നൽകുന്ന മനുഷ്യർ സംവാദങ്ങളിലേക്ക് വരാൻ സഹിഷ്ണുത പ്രകടിപ്പിക്കട്ടെ. ശരികൾ മടികളേതും കൂടാതെ അംഗീകരിക്കപ്പെടട്ടെ..
