നമ്മുടെ പാർലമെന്ററി ജനാധിപത്യവും ഭരണഘടനയും വളരെ പുരോഗമനാത്മകമാണ്. അതേസമയം അത് ജാതി-മതാചാരങ്ങളെ സംരക്ഷിക്കുന്നവയുമാണ്. ജാതിമതസ്വത്വങ്ങളെ തലോടുമ്പോഴും നമ്മുടെ ഭരണഘടന മനുഷ്യാവകാശങ്ങൾക്കും മൗലികസ്വാതന്ത്ര്യങ്ങൾക്കും നൽകുന്ന സംരക്ഷണവും വളരെ വലുതാണ്. (അവ യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടാനുള്ള ഒരു ജനാധിപത്യം ഇവിടെയില്ലെങ്കിലും..) ഭരണഘടനയും മാനവിക
മൂല്യങ്ങളും അവകാശങ്ങളും ഒരു ഭാഗത്തും വിശ്വാസവും ആചാരവും എതിർപക്ഷത്തും നിലകൊള്ളുന്നു. ഈ ആന്തരികവൈരുധ്യം സമൂഹത്തിൽ തക്കതായ പ്രതിഫലനങ്ങൾ സൃഷ്ടിക്കും. എന്തായാലും മനുഷ്യന്റെ ചിന്തയിലും പ്രവർത്തിയിലും ജാതിയെ വൻതോതിൽ അലിയിച്ചുചേർക്കാൻ നമ്മുടെ പാർലമെന്ററി ജനാധിപത്യം മൗനാനുവാദം നൽകിയിട്ടുണ്ട്. ഓരോ ജാതിയും ഓരോ സ്വത്വമായി മാറുന്നു. SNDP ഈഴവ സ്വത്വത്തെയും NSS നായർ സ്വത്വത്തെയും ഉയർത്തിക്കാട്ടുന്നതുപോലെ. സ്വത്വം അതാത് വിഭാഗങ്ങളുടെ അഭിമാനപ്രതീകമായി വളരുന്നു.
ഇന്ത്യയിൽ ജാതിയാണെങ്കിൽ പാശ്ചാത്യ ഇടങ്ങളിൽ വർണമാണ് സ്വത്വമായി മാറുന്നത്. കറുപ്പും വെളുപ്പും സ്വത്വങ്ങളായി മാറുന്നു. ജാതിസ്വത്വങ്ങൾ തീവ്രമായി നമ്മുടെ ജനാധിപത്യത്തെ ഭരിക്കുകയാണ്. ഓരോ സ്വത്വവും അവരുടെ സംഘാടനത്തെ പറ്റി മാത്രം സംസാരിക്കുന്നു. അവരുടെ ആവശ്യങ്ങൾ മാത്രം നേടിയെടുക്കാൻ കൂട്ടംകൂടുന്നു. ഈ സ്വത്വബോധം വളർന്നുണ്ടാകുന്ന രാഷ്ട്രീയമാണ് സ്വത്വരാഷ്ട്രീയം എന്നത്. ജാതി തെരഞ്ഞെടുപ്പുകളിൽ കേന്ദ്രബിന്ദുവായി മാറുന്നതും ഇതിന്റെ ഫലമാണ്. മതരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും ഫലത്തിൽ ദുർബലമാക്കുന്നത് കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടുവെക്കുന്ന വർഗ്ഗരാഷ്ട്രീയത്തെയാണ്. ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ചേരിക്ക് സംഭവിച്ച അപചയം സ്വത്വരാഷ്ട്രീയത്തിന് ആക്കം കൂട്ടി. ആഗോളമുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയായി സ്വത്വബോധം മാറി.
സ്വത്വം എന്ന പ്രത്യയശാസ്ത്ര-ഉപകരണത്തെ പുനരുത്പാദിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അനുഷ്ട്ടാനപരത, വംശീയവികാരം, ഭൂതകാലസ്മൃതികൾ, ഐതിഹ്യങ്ങൾ, പ്രമാണങ്ങൾ ഒക്കെ അതിന്റെ ഭാഗമാണ്. സ്വത്വം എന്നത് മതമാവാം, ജാതിയാവാം, വംശം, ദേശം, ഭാഷ, പാരമ്പര്യം, സംസ്കാരം, അങ്ങനെ പലതുമാവാം. ഉത്തരേന്ത്യയിൽ പാർട്ടികൾ ജാതിക്കാർഡും മതക്കാർഡും മാറിമാറി ഉപയോഗിക്കുകയാണ്. സവർണഹിന്ദുത്വം ഹിന്ദുത്വവികാരത്തെ ആളിക്കത്തിച്ചും അന്യമതസ്പർദ്ധ പരത്തിയും പിന്നോക്കഹിന്ദുക്കളെ കൂടെക്കൂട്ടുന്നു. അധികാരം ലഭിച്ചാൽ ഹിന്ദു ഐക്യം വിട്ട് ദളിത് പീഡനങ്ങളും കൊലകളും പ്രോത്സാഹിപ്പിക്കുന്നു. ഇതുപോലെ ജാതിയടിസ്ഥാനത്തിൽ പ്രചാരണം നടത്തിയും ജാതി-സ്വത്വബോധത്തിൽ എണ്ണയൊഴിച്ചുകൊടുത്തും വോട്ടുപിടിച്ച് മായാവതിയും മുലായംസിംഗും ലാലുപ്രസാദുമൊക്കെ ജയിച്ചുകേറുന്നു. ഇതെല്ലാം കണ്ട് മൗനം പാലിക്കാനേ ഇടതുപക്ഷത്തിന് കഴിയുന്നുള്ളൂ..
സ്വത്വരാഷ്ട്രീയത്തിന്റെ ഇല്ലാതാകലിന് ആവശ്യം ജാതിനിരാകരണം തന്നെയാണ്. നവോത്ഥാനകാലത്തെ സമുദായികസംഘടനകൾ കീഴ്ജാതിക്കാരുടെ സാമൂഹ്യഉന്നമനത്തിനായി വാദിച്ചപ്പോഴും അവരുടെ ആത്യന്തികലക്ഷ്യം 'ജാതിരഹിത'സമൂഹമായിരുന്നു. നായാടിയുടെ നമ്പൂരിക്കുമേലുള്ള ജയമല്ല, നായാടിയും നമ്പൂരിയുമില്ലാത്ത ലോകമായിരുന്നു അവർ സ്വപ്നം കണ്ടത്. അതിന് അധഃകൃതരുടെ ഉയർച്ച ആവശ്യമായിരുന്നു. ഈഴവശിവനെ പ്രതിഷ്ഠിച്ച ഗുരു പറഞ്ഞത് നാം ഒരു പ്രത്യേകവിഭാഗത്തിലും പെടുന്നില്ല എന്നാണ്. എന്നാൽ ഇന്നത്തെ സമുദായികനേതാക്കൾ ജാതിവികാരത്തെ മുതലെടുത്ത് പള്ള നിറയ്ക്കുകയാണെന്ന് പറഞ്ഞാൽ തെറ്റുപറയാനാകുമോ.? അവർക്ക് നവോത്ഥാനമൊക്കെ പഴയകാലഓർമകൾ മാത്രമാണ്.
സ്വത്വരാഷ്ട്രീയത്തിനു ബദലായി വർഗ്ഗരാഷ്ട്രീയം ശക്തിപ്പെടണമെങ്കിൽ ദളിത്- ആദിവാസികളുടെ ശബ്ദമായും ഇടതുപക്ഷം മാറണം. അവരെയും തൊഴിലാളിവർഗത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണം. പാതിവഴിയിൽ അവസാനിച്ച നവോത്ഥാനം പുനഃരാരംഭിക്കണം. അമേരിക്കയിലെ മാർക്സിസ്റ്റ് ചിന്തകർ വർണവിവേചനത്തെയും സ്വത്വത്തെയും വിശകലനം ചെയ്തിരുന്നു. ജാതിയും വർണവുമൊക്കെ അടിമത്ത- ഫ്യൂഡൽ കാലഘട്ടത്തിന്റെ ഉത്പന്നമാണ്. സാംസ്കാരികഉപരിഘടനയിലെ ഭാഗങ്ങളാണിവ. ജാതി ഉത്ഭവിച്ചത് ചാതുർവർണ്യത്തിന്റെ അടിമത്ത-സമാനമായ പശ്ചാത്തലത്തിലായിരുന്നു. അവ പിന്നീട് എല്ലാ മേഖലകളിലും വ്യാപിച്ചു. സാമ്പത്തികം മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്ക് വഴി മാറിയാലും ഈ ഉപരിഘടന നശിക്കില്ല. കാരണം ജാതി ഉൾപ്പെടെയുള്ള ഉപരിഘടന സാമ്പത്തിക അടിത്തറയിൽ നിന്നാണ് ഉത്ഭവിക്കുന്നതെങ്കിലും പിന്നീട് അവയുടെ നിയന്ത്രണത്തിനതീതമായി അത് മാറും.
നിരന്തരമായ നവോത്ഥാനപ്രക്രിയകളിലൂടെയും ഭരണഘടനാ-ഇടപെടലുകളിലൂടെയും ആണ് സ്വത്വബോധങ്ങൾ നിർവീര്യമാകേണ്ടത്. ഗ്രാംഷിയും US മാർക്സിസ്റ്റായ കോക്ക്‌സുമൊക്കെ ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നു. സ്വത്വത്തെ അവഗണിച്ചോ, അതിനെ മുതലെടുത്തോ അല്ല, അവയിൽ ഫലപ്രദമായി ഇടപെട്ട് നിർവീര്യമാക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്യേണ്ടത്. രാഷ്ട്രീയത്തിലും ജീവിതത്തിലും സ്വത്വബോധം അപ്രധാനമായി മാറണം. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള യഥാർത്ഥ മുതലാളിത്ത-പ്രതിസന്ധികളെ ഉയർത്തിക്കൊണ്ടുവരണം. ജാതിവിരുദ്ധപ്രക്ഷോഭങ്ങളിൽ സവർണ- അവർണഭേദമന്യേ ജനങ്ങളെ സംഘടിപ്പിക്കണം. കാരണം മാർക്സിസം ലോകത്തിന്റെ വ്യാഖ്യാനമല്ല, മറിച്ച് ലോകത്തിൽ നടത്തേണ്ടുന്ന മൂർത്തമായ ഇടപെടലുകളാണ്..
