Wednesday, October 3, 2018

കാർഷികാഭിവൃദ്ധിയുടെ ആവശ്യകത..


മുതലാളിത്തത്തിൽ കൃഷി വികസിക്കുകയില്ലെന്നും വികസിച്ചാൽ അത് മുതലാളിത്തമേയല്ലെന്നുമാണ് ലെനിൻ ഒരിക്കൽ പറഞ്ഞത്. എന്താണ് കാർഷികമേഖലയും ബഹുജനങ്ങളും തമ്മിലെ ബന്ധം..?

 പ്രാഥമികമേഖല, ദ്വിതീയമേഖല, ത്രിതീയമേഖല എന്നിങ്ങനെ മൂന്നുതരം ഉത്പാദനമേഖലകളുണ്ട്.. കൃഷി തന്നെയാണ് പ്രാഥമികവിഭാഗത്തിൽ പെടുന്നത്. വ്യവസായങ്ങളും മറ്റ് ഉത്പാദനപ്രവർത്തനങ്ങളും ദ്വിതീയമേഖലയിലും സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ ത്രിതീയമേഖലയിലും ഉൾപെടുന്നു.

 ഈ മൂന്ന് മേഖലകളെയും പരിഗണിച്ചാൽ പൊതുവേ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നത് പ്രാഥമികമേഖലയായ കൃഷി തന്നെയാണ്. അത് ഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നു. കൃഷി വികസിക്കുന്നതോടെ കൂടുതൽ ജനങ്ങൾക്ക് തൊഴിലും വരുമാനവും ലഭിക്കും. ഡെന്മാർക്ക്, നോർവേ തുടങ്ങിയ രാജ്യങ്ങൾ കാര്യമായ വ്യവസായവത്കരണമൊന്നുമില്ലാതെ തന്നെ മാനുഷികവികസനസൂചികയിലും ജനജീവിതനിലവാരത്തിലും ഒന്നാമതെത്തിയതിന്റെ പ്രധാനകാരണം കാർഷികമേഖലയിലെ അഭിവൃദ്ധി തന്നെയാണ്..

അത്യധികം വികേന്ദ്രീകൃതമായ സ്വഭാവമാണ് കാർഷികമേഖലയ്ക്കുള്ളത്. എങ്കിലും കുറേയൊക്കെ കുത്തകകളുടെ കയ്യിലും കാർഷികമേഖല ചുരുങ്ങിയിട്ടുണ്ട്. കൃഷി വികസിക്കുന്നതോടെ ജനജീവിതം കൂടുതൽ സുരക്ഷിതമാകുകയും ജനങ്ങളുടെ വാങ്ങൽശേഷി വർധിക്കുകയും കമ്പോളത്തിന് ഗുണകരമാകുകയും ചെയ്യും.. നല്ലൊരു കമ്പോളം സൃഷ്ടിക്കപ്പെടും..

കൃഷിയും ഇതരഉത്പാദനമേഖലകളും..

കാർഷികമേഖല വികസിക്കുമ്പോൾ ഒപ്പം പുരോഗതി പ്രാപിക്കുന്നത് ഇതരഉത്പാദനമേഖലകൾ കൂടിയാണ്. കൃഷിയുമായി ബന്ധപ്പെട്ട വളം, കീടനാശിനി, ഭക്ഷ്യസംസ്കരണം തുടങ്ങിയ അനേകം വ്യവസായങ്ങൾക്ക് ഡിമാന്റ് വർധിപ്പിക്കണമെങ്കിൽ കൃഷി വ്യാപിക്കണം. മാത്രമല്ല ദ്വിതീയ-വ്യവസായമേഖലയ്ക്ക് അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കാനും കാർഷികമേഖല ഉണർന്നുപ്രവർത്തിച്ചേ മതിയാകൂ..

ഭക്ഷ്യഉത്പന്നങ്ങളും പാനീയങ്ങളും മറ്റ് പല ഉപഭോഗവസ്തുക്കളും വ്യാപകമായി ഉത്പാദിപ്പിക്കണമെങ്കിൽ കാർഷികമേഖല വൻതോതിൽ അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കിയേ തീരൂ..
അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ഉത്പാദനവ്യവസ്ഥയ്ക്കും വളർച്ചയ്ക്കും കാർഷികമേഖലയുടെ വളർച്ച അനിവാര്യം തന്നെയാണ്..

 വമ്പിച്ച തോതിൽ ജനങ്ങൾക്ക് തൊഴിലും വരുമാനവും നൽകി അവരുടെ വാങ്ങൽശേഷിയും വർധിപ്പിക്കുന്നതുകൊണ്ട് എല്ലാ ഉത്പാദനമേഖലകൾക്കും ഡിമാന്റ് വർധിക്കുകയും നല്ലൊരു കമ്പോളം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു..

ആഗോളവത്കരണവും  കാർഷികമേഖലയുടെ തകർച്ചയും..

ലോകമെമ്പാടും വരുമാനച്ചുരുക്കം അടിച്ചേൽപ്പിക്കപ്പെടുകയാണ്. ജനങ്ങളുടെ വാങ്ങൽശേഷി ഇടിയുന്നതുമൂലം ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്ന കാർഷികോത്പന്നങ്ങൾക്ക് ഡിമാന്റ് കുറയുന്നു. കാർഷികോത്പാദനവ്യവസ്ഥ സ്തംഭിക്കുന്നു.ഭക്ഷ്യധാന്യങ്ങളുടെ പ്രതിശീർഷോപയോഗവും ഡിമാന്റും കുറഞ്ഞുവരുന്ന പ്രവണതയും കണ്ടുവരുന്നു. ജനസംഖ്യ വളരുന്നതിനനുസരിച്ച് കാർഷികമേഖല വളരുന്നില്ല എന്നതാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ നേരിടുന്ന പ്രശ്നം. . വ്യാപാരവ്യവസ്ഥകളും കർഷകർക്കെതിരാവുന്ന കാഴ്ചയാണ് കാണാനാവുക..

കാർഷിക -ഭക്ഷ്യോത്പന്നങ്ങളുടെ വമ്പിച്ച ഇറക്കുമതിയും സ്വതന്ത്രവ്യാപാരവും നമ്മുടെ നാട്ടിലെ കർഷകരുടെ നില പരുങ്ങലിലാക്കും. അവരുടെ വിയർപ്പിൽ നിന്നുണ്ടായ വിളകൾ വാങ്ങാതെ കെട്ടിക്കിടക്കുകയോ വിലയിടിയുകയോ ചെയ്യുന്നു.. കാർഷികോത്പന്നങ്ങളുടെ വിലയിടിവ് മുതലെടുത്ത് കർഷകരിൽ നിന്നും വൻകിടകമ്പനികൾ കാർഷികോത്പന്നങ്ങൾ ചുളുവിലയ്ക്ക് തട്ടിയെടുക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്നു. ഇടനിലക്കാരായ ഒരു വിഭാഗവും ചൂഷണമുതലിന്റെ പങ്കുപറ്റുന്നുണ്ട്..

തൊഴിൽരഹിതവളർച്ചയുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് കാർഷികമേഖലയുടെ തകർച്ചയാണ്. ഇന്ത്യയിൽ സെൻസസ് പ്രകാരം മൊത്തം ജനസംഖ്യയുടെ 57 ശതമാനത്തോളം പേരും ആശ്രയിക്കുന്നത് കൃഷിയെയാണ്.എന്നാൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 18%ത്തോളം മാത്രമാണ് കാർഷികമേഖല സംഭാവന ചെയ്യുന്നത്. അതേസമയം കുറച്ച് തൊഴിലവസരങ്ങൾ മാത്രം പ്രദാനം ചെയ്യുന്ന ത്രിതീയ മേഖല(സേവനമേഖല) മൊത്തംGDPയുടെ 54% ഉത്പാദിപ്പിക്കുന്നു. ഇതാണ് ആധുനികഇന്ത്യൻസമ്പദ് വ്യവസ്ഥയുടെ വൈരുധ്യം.. എന്താണിത് വ്യക്തമാക്കുന്നത്..? എന്താണിതിന് കാരണം..?

തൊഴിൽശക്തിയുടെ കാര്യത്തിൽ മുൻപന്തിയിലെങ്കിലും ഉത്പാദനക്ഷമത കുറയുന്നുവെന്നതാണ് കാർഷികമേഖലയുടെ മുഖ്യപ്രശ്നം.. വികലമായ വളർച്ചയാണിത്.. കൃഷി ഇന്നൊരു നഷ്ടക്കച്ചവടമാണ്. തന്റെ വിളകൾക്ക് മിനിമം വില പോലും കിട്ടാതെ കർഷകന്റെ  കയറിൽ ജീവിതം ഹോമിക്കപ്പെടുകയാണ്.

മുതലാളിത്തത്തിന്റെ ചാക്രികപ്രതിസന്ധി


മുതലാളിത്തം നിരന്തരമായ ഒരു പ്രതിസന്ധിയെ നേരിടുന്നതായി മൂലധനത്തിൽ മാർക്സ് വിശദീകരിക്കുന്നുണ്ട്. വളരെ ലളിതമായി ഇത് വ്യക്തമാക്കാം..

മുതലാളിത്തഉത്പാദനവ്യവസ്ഥ രണ്ട് വിഭാഗങ്ങൾ ചേർന്നാണ് രൂപം കൊണ്ടിരിക്കുന്നത്. ഉപഭോഗവസ്തുക്കൾ നിർമിക്കുന്ന വിഭാഗമാണ് ഒന്നാമത്തേത്. ഈ ഉപഭോഗഉത്പന്നങ്ങൾ നിർമിക്കാനാവശ്യമായ ഉത്പാദനോപാധികൾ നിർമിക്കുന്നതാണ് രണ്ടാമത്തെ വിഭാഗം. ഉത്പാദനോപാധികൾ നിർമിക്കുന്ന ഒന്നാം വിഭാഗവും ഉപഭോഗവസ്തുക്കൾ നിർമിക്കുന്ന രണ്ടാം വിഭാഗവും ചേർന്ന മുതലാളിത്തഘടന ഒരു പ്രതിസന്ധി സൃഷ്ടിക്കും.

ഉപകരണസാമഗ്രികൾ രണ്ടാം വിഭാഗത്തിൽ പുനഃസജ്ജീകരണം നടത്തും.. അതായത് ഉത്പാദനോപാധികളുടെ ആവശ്യകത കൂടും. ഇത് ഒന്നാം വിഭാഗത്തിൽ ഉത്പാദനപ്രവർത്തനം ചടുലമാക്കും. ഒന്നാം വിഭാഗത്തിൽ തൊഴിലാളികൾ വർധിക്കുകയുംചെയ്യും. ഇതോടെ രണ്ടാം വിഭാഗവും സജീവമാകും. മൊത്തം സാമൂഹ്യോത്പാദനം ശക്തമാകും. തൊഴിലവസരങ്ങൾ കൂടും. ജനങ്ങളുടെ വാങ്ങൽശേഷി വർധിക്കും. ഇത് മാർക്കറ്റിന് ഗുണം ചെയ്യും. മുതലാളിത്തം ഒരു സുവർണദശയിലൂടെ കടന്നു പോകും..

എന്നാൽ രണ്ടാം വിഭാഗത്തിലെ ഉപകരണനവീകരണവും സജ്ജീകരണങ്ങളും കഴിയുമ്പോൾ ഒന്നാം വിഭാഗഉത്പാദനം മന്ദീഭവിക്കും. ഉത്പാദനം ദുർബലമാകും. ആ വിഭാഗത്തിലെ തൊഴിലവസരങ്ങൾ ഇടിയും. ഒരു വലിയ വിഭാഗം ജനങ്ങൾ ഇതുമൂലം ദുരിതത്തിലാവും. വാങ്ങൽശേഷി ഇടിയും. ഇതോടെ രണ്ടാം വിഭാഗഉത്പന്നങ്ങളുടെ ഡിമാന്റ് ഇടിയുകയും അവ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. അവിടെയും മാന്ദ്യവും തൊഴിലില്ലായ്മയും വർധിക്കും. മുതലാളിത്തം ഗുരുതരപ്രതിസന്ധിയിലേക്ക് നീങ്ങും.
എങ്കിലും ഇത് മറികടക്കുകയും പക്ഷേ പ്രതിസന്ധികൾ കൂടുതൽ രൂക്ഷസ്വഭാവത്തിൽ ചാക്രികമായി തുടരുകയും ചെയ്യും.

മുതലാളിത്തത്തിന്റെ സാംസ്കാരികമുഖം..


ലാഭക്കൊതി, അത്യാഗ്രഹം, സ്വാർത്ഥത ഇതു മൂന്നുമാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം.,ലാഭമാണ് മുതലാളിത്തത്തിന്റെ പ്രചോദനം. മുതലാളിത്തലോകത്ത് സമ്പന്നരിലും ദരിദ്രരിലും ഒരുപോലെ ഈ ചിന്താഗതികൾ വ്യാപിക്കും. മുകേഷ് അംബാനിക്കും സൊമാലിയയിലെ ആദിവാസിക്കും പണം സമ്പാദിച്ചുകൂട്ടാനും ആർത്തുല്ലസിക്കാനും ആഗ്രഹമുണ്ടാകുമല്ലോ.. അതായത് ആർത്തിയിൽ അധിഷ്ഠിതമായ മുതലാളിത്തസംസ്കാരം എല്ലാ ജനങ്ങളിലും നിലനിൽക്കുമ്പോഴും  പണം വാരി കുന്നുകൂട്ടുന്നത് ഒന്നോ രണ്ടോ ശതമാനം പേർ മാത്രമായിരിക്കും. ബൂർഷ്വാസിയുടെ ബൗദ്ധിക-സാംസ്കാരികഘടകങ്ങൾ സാധാരണക്കാരും പിന്തുടരാൻ ആഗ്രഹിക്കും..

 മുതലാളിത്തം ഉത്പാദിപ്പിക്കുന്നത് ചരക്കിനേക്കാൾ അവയോടുള്ള ആഗ്രഹമാണ്. പണമുണ്ടാക്കുന്നതാണ് വിജയം എന്ന് കരുതുന്നു. പണമുള്ളവൻ ആദരിക്കപ്പെടുന്നു. ഈ ഒരു ചിന്താഗതി സമൂഹത്തിൽ മുഴുവൻ പടർന്നുപിടിക്കുന്നു. പരസ്യങ്ങളിലൂടെയും മറ്റും ജനങ്ങളെ ഉപഭോഗസംസ്കാരത്തിലേക്ക് മുതലാളിത്തം തള്ളിവിടുന്നു. മത്സരം, അരാഷ്ട്രീയബോധം, സ്വാർത്ഥത, ധൂർത്ത്, അഴിമതി ഇത്തരം ചിന്തകളെല്ലാം മുതലാളിത്ത സംസ്കാരത്തിന്റെ ഫലമാണ്. ലോകം വിജയികൾക്കുള്ളതാണ്. സമ്പന്നരെയും ശക്തരെയുമാണ് ലോകത്തിനാവശ്യം. ദരിദ്രരെയും പരാജിതരെയും കുറിച്ച് ഓർക്കരുത്. ഇതാണ് ആഗോളവത്കരണത്തിന്റെ നീതി... മനുഷ്യത്വവിരുദ്ധമായ നീതി...!!

ഗവൺമെന്റുകൾ കോർപറേറ്റ് സേവകരാകുന്നതെങ്ങനെ..??


ആഗോളമുതലാളിത്തത്തെ പ്രീതിപ്പെടുത്തുന്ന കോർപ്പറേറ്റ് അനുകൂല രാഷ്ട്രീയമാണ് ഒട്ടുമിക്ക ഗവൺമെന്റുകളും പിന്തുടരുന്നത്..  ഭരണകൂടങ്ങളും ഭരണകക്ഷിപാർട്ടികളുമായി മുതലാളിത്തം കൈകോർക്കുന്നു.. ആഗോളസ്വഭാവമുള്ള മുതലാളിത്തത്തെ എതിർത്തുനിൽക്കാൻ ദേശീയതലത്തിൽ ഒതുങ്ങിനിൽക്കുന്ന ഭരണകൂടങ്ങൾക്ക് പരിമിതിയുമുണ്ട്. അവയ്ക്ക് മൂലധനത്തിന്റെ സ്വതന്ത്രമായ രാജ്യാന്തരപ്രവാഹത്തെ തടയാനാകില്ല..

 സ്വാശ്രയവികസനം, സ്വയംപര്യാപ്തത, പൊതുജനക്ഷേമം, സാമ്പത്തികദേശീയത എന്നിവയെല്ലാം ഭരണകൂടം വിസ്മരിക്കും. ഇടതുപക്ഷനയങ്ങൾ പരസ്യമായി എഴുതിതള്ളപ്പെടും. ഗവൺമെന്റുകൾ അവരുടെ ചെലവുകൾ(സബ്സിഡികൾ, ക്ഷേമഫണ്ടുകൾ, പെൻഷനുകൾ, തുടങ്ങിയവ ) വെട്ടിക്കുറയ്ക്കും
സാമ്പത്തികമേഖലയിൽ നിന്നും ഗവൺമെന്റ് പരമാവധി ഒഴിഞ്ഞുമാറും. ഉപ്പുമുതൽ കർപൂരം വരെ ജനങ്ങൾക്കെത്തിക്കേണ്ടത് സ്വകാര്യമുതലാളിമാരാണെന്ന സ്ഥിതിയുണ്ടാകും. രാജ്യത്തിലെ വിപുലമായ മാർക്കറ്റ് പൂർണമായും കുത്തകകൾക്ക് വിട്ടുകൊടുക്കും.

 കോർപറേറ്റ് നികുതികൾ കുറയും. കുത്തകമുതലാളിമാരുടെ നികുതികുടിശ്ശികകളും കിട്ടാക്കടങ്ങളും എഴുതിത്തള്ളും..
സ്വകാര്യനിക്ഷേപത്തിനും സ്വതന്ത്രവ്യാപാരത്തിനുമുള്ള സകല നിയന്ത്രണങ്ങളും ഇല്ലാതാക്കും. പൊതുനിക്ഷേപം വെട്ടിച്ചുരുക്കുകയും പൊതുഓഹരികൾ വിറ്റഴിച്ച് സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയും ചെയ്യും. ഭരണകൂടങ്ങൾ പൂർണമായും കുത്തകകളുടെ പാദസേവകരായി മാറുന്ന സ്ഥിതിയിലേക്ക് ലോകം നീങ്ങും..

സാമ്പത്തികവളർച്ച എന്ന ഭരണകൂടത്തിന്റെ പൊള്ളത്തരം..

ഇന്ന് മിക്ക രാഷ്ട്രീയക്കാരും  പൊതുവേ പറയാറുള്ള വാക്കാണ് സാമ്പത്തികവളർച്ച. വികസിതരാജ്യങ്ങൾ തങ്ങളുടെ നേട്ടമായി ഉയർത്തിക്കാട്ടുന്ന സൂചകവും സാമ്പത്തികവളർച്ച തന്നെ.. ഇന്ത്യയും ഇക്കാര്യത്തിൽ മുൻനിരയിലാണ്. പക്ഷേ എന്താണ് സാമ്പത്തികവളർച്ച? ഒരു രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനമാണിത്.. GDP (Gross Domestic Product) എന്നും നമ്മൾ ഇതിനെ വിളിക്കുന്നു.

എന്നാൽ ഇത് ആ രാജ്യത്തിന്റെ ജനജീവിത യാഥാർത്ഥ്യം പുറത്തുകാണിക്കുന്നുണ്ടോ..? ഇല്ല തന്നെ.. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും (ഇന്ത്യ പ്രത്യേകിച്ചും) നടക്കുന്നത് തൊഴിൽരഹിത സാമ്പത്തികവളർച്ചയാണ്. അതായത് ഉത്പാദനം നടക്കുന്നുണ്ട്. പക്ഷേ തൊഴിലവസരങ്ങൾ വർധിക്കുന്നില്ല. തൊഴിൽശക്തി അവഗണിക്കപ്പെടുന്നു.

 സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിക്കുന്നുണ്ട്. പക്ഷേ ജനങ്ങൾ വ്യാപകമായി ദാരിദ്യ്രത്തിലേക്ക് നീങ്ങുന്നു.

 ഡിജിറ്റൽവത്കരണവും ഉത്പാദനവും കോർപറേറ്റുകളുടെ ലാഭവും കുത്തനെ ഉയരുന്നു. പക്ഷേ തൊഴിലില്ലായ്മ ഒരു പ്രശ്നമായി നിലനിൽക്കുന്നു. ദരിദ്രനും സമ്പന്നനും തമ്മിലെ അന്തരം വർധിക്കുന്നു..

 സ്വദേശവിദേശനിക്ഷേപങ്ങൾ വർധിക്കുന്നു.. അതേസമയം ഭൂരിപക്ഷം ജനങ്ങളും അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ വലയുന്നു. പരിസ്ഥിതിയും ആവാസവ്യവസ്ഥയും മരണത്തിലേക്ക് നീങ്ങുന്നു..

 വികസനം എന്ന് നാഴികയ്ക്ക് നാൽപത് വട്ടം രാഷ്ട്രീയകക്ഷികൾ പുലമ്പിക്കൊണ്ടിരിക്കുമ്പോൾ അത് ആരുടെ വികസനം എന്ന് പ്രത്യേകം ഓർക്കണം.. മുതലാളിത്തത്തിന്റെ ആഗോളവത്കരണയുഗത്തിൽ വികസനം എന്നത് കോർപറേറ്റുകളുടെയും അവരുടെ ആജ്ഞാനുവർത്തികളായ ഭരണകർത്താക്കളുടെയും പോക്കറ്റിന്റെ വികസനമാണ്.. ജനജീവിതം ദുരിതമയം തന്നെ..  വികസനം ആരംഭിക്കേണ്ടത് രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെ കുടിലിൽ നിന്നാവണമെന്ന തത്വം വിസ്മരിക്കപ്പെടുകയാണ്..

അടിസ്ഥാനസൗകര്യവികസനവും നിക്ഷേപങ്ങളും..

പൊതുവേ നമ്മുടെ വലതുരാഷ്ട്രീയപ്പാർട്ടികൾ ധരിച്ചുവെച്ചിരിക്കുന്ന ഒരു ധാരണയുണ്ട്. സ്വകാര്യമൂലധനശക്തികളുടെ സഹായമില്ലാതെ വികസനം അസാധ്യമാണ്. പൊതുഉടമസ്ഥതയിൽ നടപ്പാക്കുന്നത് പഴഞ്ചൻഏർപ്പാടും ദേശസാൽക്കരണം, സോഷ്യലിസം തുടങ്ങിയ നയപരിപാടികൾ ഉട്ടോപ്യനുമാണ്. സർവതിനും വിദേശനിക്ഷേപം കൂടിയേ തീരൂ.. രാഷ്ട്രീയക്കാരും ജനങ്ങളും ഒരുപോലെ ഇത് വിശ്വസിക്കുന്നു.

വിദേശനിക്ഷേപം ആകർഷിക്കുന്നതിനു പിന്നിൽ ചില നല്ല ലക്ഷ്യങ്ങളുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഉത്പാദനം വർധിപ്പിക്കുക, വളർച്ച നേടുക, ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാധനസേവനങ്ങൾ , നികുതിവരുമാനം..  തുടങ്ങിയവയാണവ.   വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ മുന്നോടിയായി നാടിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കണം.  അടിസ്ഥാനസൗകര്യവികസനമെന്നാൽ   വൻഅഴിമതികൾക്കുള്ള വിളനിലങ്ങൾ കൂടിയാണ്..

വിദേശ- അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയെടുത്തും പശ്ചാത്തലവികസനം നടത്താൻ മൂന്നാം ലോകരാജ്യങ്ങൾ മത്സരിക്കുന്നു.. എന്നാൽ തുടർന്ന് കടക്കെണിയിലാകുന്ന രാജ്യങ്ങളെ അതിന്റെ പേരിൽ തങ്ങളുടെ ഡിമാന്റുകൾ അംഗീകരിപ്പിക്കാൻ ഇത്തരം ബൂർഷ്വാസ്ഥാപനങ്ങൾ ശ്രമിക്കുന്നു. തങ്ങളുടെ നയങ്ങൾ അവർ ഈ രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുന്നു.. കടം വാങ്ങിയ രാജ്യങ്ങൾ നിലനിൽപിനായി തങ്ങളുടെ സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതി നവഉദാരവത്കരണത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് സംഭവിച്ചത് ഇതാണ്.

വിദേശനിക്ഷേപം എന്ന വ്യാമോഹം..

അടിസ്ഥാനസൗകര്യവികസനത്തിലൂടെ വമ്പിച്ച തോതിൽ വിദേശനിക്ഷേപം ഒഴുകുമെന്നാണ് എല്ലാ രാജ്യങ്ങളുടെയും ധാരണ. എന്നാൽ ഇത് വെറും വ്യാമോഹം മാത്രമാണ്. ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര മുതലാളിത്തസ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് രാജ്യങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നു. ഈ വികസനത്തിലൂടെ വിദേശനിക്ഷേപം ഒഴുകുമെന്നും അതിലൂടെ രാജ്യങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാമെന്നും അവർ സ്വപ്നം കാണുന്നു.

രാഷ്ട്രീയപ്പാർട്ടികളും ഇത്തരം തെറ്റിദ്ദാരണ പരത്തുന്നു. അവരുടെ ഉദ്ദേശ്യം വികസനം എന്നതിനപ്പുറം അതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയനേട്ടവും അഴിമതിപ്പണവും ആണെന്നത് മറ്റൊരു കാര്യം. എന്നാൽ ഇവിടെ പലരും മനസിലാക്കാത്ത ഒരു എക്കണോമിക്സുണ്ട്. നിക്ഷേപം ഒരു പരിധി കഴിഞ്ഞാൽ ലാഭനിരക്കും ഉത്പാദനനിരക്കും കുറയും. മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥിരമൂലധനം കുത്തനെ പെരുകുമ്പോൾ മിച്ചമൂല്‌യം കൂടുമെങ്കിലും അതിന്റെ നിരക്ക് (മിച്ചമൂല്യം/മൂലധനം) കുറയും. മൂലധനം കുന്നുകൂടുന്നതു കൊണ്ടാണിത്. അതിനാൽ വമ്പിച്ച തോതിൽ എല്ലായിടത്തൂം നിക്ഷേപങ്ങൾ നടത്താൻ കമ്പനികൾ ശ്രമിക്കാറില്ല.

വിദേശനിക്ഷേപം ആകർഷിക്കുന്ന കാര്യത്തിൽ ഭൂരിപക്ഷം രാജ്യങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. കടം വാങ്ങി വികസനം നടത്തിയ രാജ്യങ്ങൾ സമ്മർദ്ദത്തിലാകും. വികസിതരാജ്യങ്ങളുടെയും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെയും കമ്പോളതാത്പര്യങ്ങൾക്ക് വിധേയമായി ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങൾ നീങ്ങേണ്ടി വരും. വായ്പ നൽകിയ ബാങ്ക് ഓഹരി ഉടമകളായ മുതലാളിമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് യന്തോപകരണങ്ങളും സേവനങ്ങളും നൽകി കച്ചവടലാഭം നേടാനും മുതലാളിവർഗത്തിന് കഴിയും. കരാറുകൾ ഏറ്റെടുക്കുന്നതിലൂടെ ഭരണകക്ഷിയുമായി ചങ്ങാത്തത്തിലാകാനും സ്വാധീനത്തിലൂടെ കാര്യങ്ങൾ സാധിക്കാനും അഴിമതി നടത്താനും ഇവർക്ക് കഴിയുന്നു..

ആഗോളവത്കരണത്തിന്റെ പുതിയ യുഗം..


ചൂഷണാധിഷ്ഠിതമായ മുതലാളിത്തം കരയും കടലും കടന്ന് ലോകമാകെ വ്യാപിക്കും.. ദേശാതിർത്തികളെ പോലും അപ്രസക്തമാക്കി കൊണ്ട് അതൊരു ആഗോളഗ്രാമം തന്നെ സൃഷ്ടിക്കും.. ഇത് 1848ൽ മാർക്സ് നടത്തിയ പ്രവചനാത്മകമായ വീക്ഷണമാണ്.. അത് അക്ഷരാർത്ഥത്തിൽ ഇന്ന് സത്യമായിരിക്കുന്നു..

1990കൾ മുതൽ (സോവിയറ്റ് യൂണിയൻ പതനത്തിനു ശേഷം) ലോകം അമേരിക്കൻ ചേരി എന്ന ഒരൊറ്റ കുടക്കീഴിലായി അഭയം തേടി.. മുതലാളിത്തമാണ് ശരിയെന്ന് പ്രഖ്യാപിക്കപ്പെട്ടു.. മൂലധനശക്തികൾ ലോകം മുഴുവൻ വ്യാപിച്ചു. കാടും മലയും പുഴയും കടലുമെല്ലാം കോർപറേറ്റുകളുടെ കീശ നിറയ്ക്കാനുള്ള ഉപകരണങ്ങളായി.. വ്യാപാരം എന്നത് സാർവദേശീയമായി മാറി.. ഇന്ത്യ ഉൾപെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ തങ്ങളുടെ സോഷ്യലിസ്റ്റ് നയങ്ങൾ പൊളിച്ചെഴുതി.. തങ്ങളുടെ ആഭ്യന്തരകമ്പോളം വിദേശബൂർഷ്വാസികൾക്കായി തുറന്നിട്ടു..

സമ്പത്ത് മാത്രമല്ല   സംസ്കാരം, കല, അഭിരുചി, ഭക്ഷണം, വിനോദം, സംഗീതം, പരിസ്ഥിതി നാശം, ഭീകരത, ക്രിമിനലിസം എല്ലാം തന്നെ ദേശാതിർത്തികൾ കടന്നു..  ഹോളിവുഡ് എന്നത്  ലോകസിനിമയായി മാറി.. ഇംഗ്ലീഷ് സംഗീതം ലോകസംഗീതമായി മാറി. ഓരോ രാഷ്ട്രത്തിലെയും തദ്ദേശീയ വിപണി വിദേശബ്രാന്റുകൾ കൊണ്ടുനിറഞ്ഞു.. പണമൂലധനവും ചരക്കുകളും ഇഷ്ടം പോലെ രാജ്യങ്ങൾ കടന്ന് സഞ്ചരിച്ചു.. ഗവൺമെന്റുകൾ നോക്കുകുത്തികളായി. അല്ലെങ്കിൽ കോർപറേറ്റുകളുടെ സ്തുതിപാഠകരായി. സർക്കാർ ചെലവുകളും സബ്സിഡികളും കുറച്ചു.

 ചുരുക്കത്തിൽ ഭരണകൂടങ്ങൾ സ്വദേശത്ത് ഒതുങ്ങി നിൽക്കുകയും മുതലാളിത്തം ആഗോളതലത്തിൽ പടർന്നുപിടിക്കുകയും മനുഷ്യരാശി ഒരു വലിയ ടേണിങ് പോയിന്റിൽ എത്തുകയും ചെയ്തു.. സർവവും ആഗോളസ്വഭാവം പ്രാപിച്ചു.. ഇതാണ് ആഗോളവത്കരണം.. മാർക്സ് ഒന്നരനൂറ്റാണ്ടുകൾക്ക് മുമ്പ് മുൻകൂട്ടിക്കണ്ടത് ഇന്ന് സത്യമാകുന്നു..! സ്വഭാവികമായും മറ്റേതൊരു കാലഘട്ടത്തേക്കാളും ഈ ആഗോളവത്കരണയുഗത്തിൽ മാർക്സിസത്തിന് തിളക്കമേറുന്നു..

സംസ്കാരികവൈവിധ്യവും ആഗോളവത്കരണവും..

ആഗോളവത്കരണം എന്നാൽ കേവലം സാമ്പത്തികമായ ആഗോളീകരണം മാത്രമല്ല, സാംസ്കാരികമായ ആഗോളവത്കരണം കൂടിയാണ്. അമേരിക്കൻവത്കരണം എന്നുപറയുന്നതാവും കൂടുതൽ ശരി.. തദ്ദേശീയമായ സാംസ്കാരികമൂല്യങ്ങൾ, വേഷവിധാനങ്ങൾ ,നമ്മുടെ അഭിരുചികൾ, ഭക്ഷണരീതികൾ, ഭാഷ, പെരുമാറ്റം ,വിനോദം, കല തുടങ്ങിയവയെല്ലാം ദുർബലമാകുകയും പാശ്ചാത്യസംസ്കാരം എല്ലായിടത്തും പടർന്നുപിടിക്കുകയും ചെയ്യുന്നു.. സാംസ്കാരികമായ അധഃപതനം സംഭവിക്കുന്നു.

ഇംഗ്ലീഷ് മറ്റു ഭാഷകൾക്കുമേൽ കടന്നുകയറ്റം നടത്തുന്നു. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും വരെ ആധുനികപാശ്ചാത്യബോധം വ്യാപിക്കുന്നു.. ഹോളിവുഡ് സിനിമയും ബർഗറും പിസയും വെസ്റ്റേൺ മ്യൂസിക്കും എല്ലാം ജനപ്രിയമാകുന്നു. തദ്ദേശീയമായ സാംസ്കാരികമൂല്യങ്ങൾ, മാതൃഭാഷ, വേഷവിധാനങ്ങൾ, ആഘോഷങ്ങൾ  തുടങ്ങിയവയെല്ലാം ദുർബലമാകുന്നതും ആഗോളവത്കരണത്തിന്റെ ഫലം തന്നെയാണ്.

ഇതുമാത്രമല്ല.. കുറ്റകൃത്യങ്ങൾ പോലും ആഗോളവത്കരിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളത്.. മയക്കുമരുന്ന് മാഫിയയും പെൺവാണിഭവും ഭീകരതയും ആയുധക്കച്ചവടവും സൈബർകൊള്ളയും ഒക്കെ രാജ്യാതിർത്തികൾക്കുള്ളിൽ  ഒതുങ്ങിനിൽക്കാതെ ലോകത്തിനു മുഴുവൻ ഭീഷണിയാകും.. പാശ്ചാത്യമുതലാളിത്തത്തിന്റെ ഉത്പന്നങ്ങൾ മാത്രമല്ല, അതിലൂടെ അവർ പിന്തുടരുന്ന സംസ്കാരം കൂടിയാണ് ലോകമാകെ പടർന്നുപിടിക്കുന്നത്. ഭൗതികതലത്തിലും ബൗദ്ധികതലത്തിലും ആഗോളവത്കരണം സംഭവിക്കുന്നു എന്നർത്ഥം.. ബൂർഷ്വാസി അയാളെ തന്നെ പ്രതിഫലിപ്പിക്കുന്ന  ഒരു ആഗോളഗ്രാമം സൃഷ്ടിക്കുമെന്ന് മാർക്സ് മുൻകൂട്ടിക്കണ്ടത് ഇതുകൊണ്ടാണ്...

സാമ്രാജ്യത്വം..


സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ അന്തിമഘട്ടമാണെന്നാണ് ലെനിൻ പറഞ്ഞത്. എന്താണ് സാമ്രാജ്യത്വവും അതിന്റെ ഫലമായ കൊളോണിയലിസവും..?

മൂലധനം കുറച്ചു വ്യക്തികളുടെ കയ്യിൽ കുന്നുകൂടുകയും ഉത്പാദനം വർധിക്കുകയും ചെയ്യും. എന്നാൽ ഇവ വിറ്റുപോകണമെങ്കിൽ വലിയ മാർക്കറ്റുകൾ ആവശ്യമാണ് താനും. സ്വരാജ്യങ്ങളിൽ ലാഭം കുന്നുകൂടുന്നതോടെ മറ്റ് രാജ്യങ്ങളിലേക്കും ചരക്ക് കയറ്റിയയ്ക്കാൻ മുതലാളിത്തം ആർത്തി കാട്ടും.. എന്താണിതിന്റെ കാരണങ്ങൾ..?
1) പിന്നോക്ക രാജ്യങ്ങളിലെ കുറഞ്ഞ കൂലിനിരക്ക്.. കുറഞ്ഞ മൂലധനനിക്ഷേപം , തൊഴിലില്ലാത്തവരുടെ ലഭ്യത(കരുതൽസേന) എന്നിവ മറ്റ് രാജ്യങ്ങളിലും നിക്ഷേപവും ഉത്പാദനവും നടത്താൻ മുതലാളിത്തത്തെ പ്രേരിപ്പിക്കും..
2)ചുളുവിലയ്ക്ക് ഭൂമിയും മറ്റ് അസംസ്കൃതവസ്തുക്കളും കിട്ടുന്നതു മൂലം പിന്നോക്ക രാജ്യങ്ങളിലേക്ക് മുതലാളിത്തം ഒഴുകും. അവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് അസംസ്കൃതവസ്തുക്കൾ സ്വന്തമാക്കും. ഉത്പാദനം നടത്തിയുണ്ടാക്കുന്ന ചരക്കുകൾ കൂടിയ വിലയ്ക്ക് ഇവിടങ്ങളിൽ തന്നെ വിറ്റഴിക്കുകയും ചെയ്യാം.
3) തൊഴിലില്ലായ്മ വ്യാപകമായ പിന്നോക്ക രാജ്യങ്ങളിൽ മുതലാളിത്തം സുരക്ഷിതത്വവും സ്ഥിരതയും നേടും.. കുറഞ്ഞ കൂലിക്ക് പണിക്കാരെ നിയോഗിക്കാം. തൊഴിൽ നഷ്ടം ഭയന്ന് അവർ എന്ത് ചൂഷണവും സഹിക്കുകയും ചെയ്യും.
       
ചരക്കും മൂലധനവും രാജ്യാതിർത്തികൾ കടന്ന് ഒഴുകാൻ ആരംഭിച്ചു. യൂറോപ്യൻ ശക്തികൾ ഉദ്ഘാടനം ചെയ്ത ഈ കോളനിവത്കരണം ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കൻ വൻകരകളിലും വ്യാപിച്ചു. അവിടങ്ങളിൽ തദ്ദേശീയ -ചെറുകിട ഉത്പാദനം മുഴുവൻ തകർന്നു. കോളനി രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളും തൊഴിലാളികളെയും ബൂർഷ്വാസി വൻതോതിൽ ചൂഷണം ചെയ്തു. അവരെ കൊള്ളയടിച്ചു. വില കൂടിയ ഉത്പന്നങ്ങൾ അവർക്കുമേൽ അടിച്ചേൽപ്പിച്ചു.

  കഴിഞ്ഞില്ല.. കച്ചവടത്തിനു വന്നവർ രാഷ്ട്രീയത്തിലും ഇടപെടാൻ തുടങ്ങി. ഭരണം ബലാൽക്കാരമായും തന്ത്രപരമായും കയ്യടക്കി. സൈന്യത്തെ നിയോഗിച്ചു. ജനങ്ങളെ മുഴുവൻ അടക്കി ഭരിച്ചു. തങ്ങളുടെ മുതലാളിത്തചൂഷണം ഭംഗിയായി നടപ്പാക്കാനുള്ള ചട്ടുകമായി അവർ അധികാരത്തെ ഉപയോഗിച്ചു. സാമ്രാജ്യത്വവും കോളനിവത്കരണവും സർവവ്‌യാപിയായി മാറി..

വിപണി, ലാഭം, കുന്നുകൂടുന്ന മൂലധനം, വീണ്ടും വിപണി ഇതാണ് മുതലാളിത്തത്തിന്റെ മാർഗം.. ദേശങ്ങൾക്കതീതമായി വളർന്നുവ്യാപിക്കുകയും ഇതരസംസ്കാരങ്ങളെയും ജനങ്ങളെയും വിഴുങ്ങുകയും ചെയ്യുന്ന മുതലാളിത്തവ്യവസ്ഥയാണ് സാമ്രാജ്യത്വം.. അത് ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ചതോടെ ഇല്ലാതായ ഒന്നല്ല, .. ഇന്നും അനായാസമായി തുടരുന്ന പ്രതിഭാസമാണ്.. മുതലാളിത്തത്തിന്റെ വാർദ്ധക്യരൂപമാണ് സാമ്രാജ്യത്വം.. സംശയമില്ല.. അത് കൊണ്ടുചെന്നെത്തിക്കുന്നത് വ്യവസ്ഥിതിയുടെ സർവനാശത്തിലേക്കായിരിക്കും..

ശാസ്ത്രസാങ്കേതികവിദ്യ, യന്ത്രവത്കരണം..


മൂലധനം കുന്നുകൂടുന്നതിനൊപ്പം കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്.. സ്ഥിരമൂലധനത്തിന്റെ വർധനവ്. തൊഴിലാളികൾക്ക് കൂലിയിനത്തിൽ മുടക്കുന്ന അസ്ഥിരമൂലധനം,  മറ്റ് സ്ഥാവരജംഗമ വസ്തുക്കൾക്കും മറ്റും മുടക്കുന്ന  സ്ഥിരമൂലധനം എന്നിങ്ങനെ മൂലധനത്തെ രണ്ടായി തിരിക്കാമെന്ന് കണ്ടു. അസ്ഥിരമൂലധനത്തെ അപേക്ഷിച്ച് സ്ഥിരമൂലധനം വളരുന്നതിന്റെ ഒരു ഉദാഹരണമാണ് യന്ത്രവത്കരണവും സാങ്കേതികപരിഷ്കാരങ്ങളുമൊക്കെ.. ശമ്പളത്തിനായി മുടക്കുന്നതിനെ അപേക്ഷിച്ച് സ്ഥാവരജംഗമ മൂലധനനിക്ഷേപം മുതലാളി കൂട്ടുന്നു.. യന്ത്രങ്ങളും ഉത്പാദനമാർഗങ്ങളും പരിഷ്കരിക്കുന്നു.

ഇതോടെ തൊഴിലാളിയുടെ ഉത്പാദനക്ഷമത വർധിക്കുന്നു. അതായത് കൈ കൊണ്ട് ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ ചരക്ക് നിർമ്മിക്കാൻ യന്ത്രം ഉപയോഗിച്ച് സാധിക്കും. ഒരു കൈത്തറി ഫാക്ടറിയിൽ ഒരു മണിക്കൂർ കൊണ്ട് നിർമിക്കുന്ന തുണിയുടെ പതിന്മടങ്ങ് യന്ത്രത്തറിയിലെ തൊഴിലാളിക്ക് ഒരു മണിക്കൂറിൽ നിർമിക്കാനാവും. ഉത്പാദനക്ഷമത കൂടുന്നതോടെ യൂണിറ്റ് ചരക്കിന്റെ മൂല്യവും കുറയും. വില കുറയുമെന്നർത്ഥം. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണവും കുറയും. തൊഴിലവസരങ്ങൾ ഇടിയും.

ഒരു മീറ്റർ തുണി നിർമിക്കാൻ നേരിട്ടും അല്ലാതെയും നൂറുകണക്കിന് തൊഴിലാളികൾ വേണ്ടിവരുന്നുണ്ട്.. നൂല് നൂത്തവരും നെയ്തവരും തറി പണിതവരും മുതൽ പരുത്തി കൃഷി ചെയ്തവന്റെ വരെ അധ്വാനം ആ തുണിയിലുണ്ട്. ഇതെല്ലാം ചേർന്നതാണ് മൊത്തം സാമൂഹ്യാധ്വാനം. അധ്വാനം യന്ത്രങ്ങൾ ഏറ്റെടുക്കുന്നതോടെ ഈ മൊത്തം സാമൂഹ്യാധ്വാനം കുത്തനെ ഇടിയും. തത്ഫലമായി ചരക്കിന്റെ മൂല്യവും ഇടിയാറുണ്ട്..

യന്ത്രവത്കരണം..

യന്ത്‌രങ്ങൾ വരുമ്പോഴും  പരിഷ്കരിക്കുമ്പോഴും  തൊഴിലവസരങ്ങൾ വ്യാപകമായി കുറയും. എന്നാൽ പുതിയ സാങ്കേതികവിദ്യകൾ ഉണ്ടാകുമ്പോൾ പുതിയ തൊഴിലവസരങ്ങളും ഉണ്ടാകില്ലേ എന്നൊരു പ്രസക്തമായ ചോദ്യമുണ്ട്.. എന്നാൽ ഇല്ലാതാകുന്ന തൊഴിലവസരങ്ങളെ അപേക്ഷിച്ച് പുതുതായി ഉണ്ടാകുന്ന തൊഴിലവസരങ്ങൾ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.. പത്ത് തൊഴിലാളികൾ ചേർന്ന് നിർമിക്കുന്ന ഒരു യന്ത്രം നൂറുപേരുടെ പണി കളയും എന്നതു പോലെയാണത്. എന്നാൽ പുതിയ ശാസ്ത്രസാങ്കേതികപരിഷ്കരണങ്ങളെയും മറ്റും കണ്ണടച്ച് എതിർക്കുന്ന പിന്തിരിപ്പൻ പ്രത്യയശാസ്ത്രമല്ല മാർക്സിസം..

 ശാസ്ത്രവും ഗവേഷണവും യന്ത്രവത്കരണവും ഒക്കെ തൊഴിലാളിവർഗ ബഹുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നാണ് മാർക്സ് പറഞ്ഞത്.. യന്ത്രപരിഷ്കരണങ്ങൾ ഉത്പാദനം വർധിപ്പിക്കുകയും അതിലൂടെ വളർച്ച ഉറപ്പാക്കുകയും ചെയ്യും.

എന്നാൽ അവ തൊഴിലാളികൾക്ക് വിരുദ്ധമായി മാറാൻ കാരണം നിലവിലെ വ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല. കുത്തകമുതലാളിത്തത്തെ സഹായിക്കുകയും അവരുടെ ലാഭം കുത്തനെ ഉയർത്തുകയും ചെയ്യുന്ന  ഘടകങ്ങളായല്ല, സമൂഹത്തിന്റെ മുഴുവൻ അഭിവൃദ്ധിക്കായി ശാസ്ത്രസാങ്കേതികവിദ്‌യകളെ ഉപയോഗപ്പെടുത്തുകയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം...

കുത്തകകൾ ഭരിക്കുന്ന ലോകം..


മാർക്സ് ജീവിച്ചിരുന്ന ലോകത്ത് മുതലാളിത്തം പിച്ച വെച്ചുതുടങ്ങുന്ന ശിശു മാത്രമായിരുന്നു.. ആർക്കും മൂലധനം നിക്ഷേപിക്കാനും വ്യാപാരം നടത്താനും സാധിക്കുമായിരുന്നു.. മത്സരം വളരെ സ്വതന്ത്രമായിരുന്നു. ഉത്പാദനം അത്യധികം വികസിച്ച അവസ്ഥയിലും ആയിരുന്നില്ല.. ഒരു സ്വതന്ത്രമത്സരക്കമ്പോളമായിരുന്നു മുതലാളിത്തത്തിന്റെ ആദ്യരൂപം..കുത്തകകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല.

എന്നാൽ ലാഭത്തിനുവേണ്ടിയുള്ള കടുത്ത മത്സരം ചിലയിടത്ത് മൂലധനം കുന്നുകൂടാൻ ഇടയായി.. മറ്റ് വ്യവസായസംരംഭകരെ ഈ മൂലധനഭീമന്മാർ വിഴുങ്ങി.. കടുത്ത മത്സരം കമ്പോളത്തെ ചില വ്യക്തികളുടെ ആധിപത്യത്തിനു കീഴിലാക്കി.. സ്വതന്തമുതലാളിത്തം കാലക്രമേണ ബൃഹത്തായ കേന്ദ്രീകരണത്തിലേക്ക് വഴിമാറി.

ഒാരോ ചരക്കിന്റെയും ഉത്പാദനം മുഴുവൻ 1% പോലും വരാത്തവർ കയ്യടക്കി. ബാക്കിയുള്ളവർ മത്സരത്തിൽ പരാജയപ്പെട്ട് പിന്മാറുകയോ തങ്ങളുടെ സംരംഭങ്ങൾ വിൽക്കുകയോ ചെയ്തു. ഉത്പാദനം വികേന്ദ്രീകൃത- അവസ്ഥയിൽ നിന്നും കേന്ദ്രീകൃത ഉത്പാദനമായി മാറി. നൂറുകണക്കിന് എന്നതിനു പകരം  വിരലിലെണ്ണാവുന്ന എണ്ണം കമ്പനികൾ കമ്പോളം കീഴടക്കി. മൈക്രോസോഫ്റ്റുകളും വാൾമാർട്ടുകളും അംബാനിമാരും ജന്മം കൊണ്ടു..

കുത്തകമുതലാളിത്തം-ചില സവിശേഷതകൾ...

1) മത്സരം ഇല്ലാതാകുന്നു. ഉത്പാദനം ചില കുത്തകകൾ കയ്യടക്കുന്നതോടെ അവരോട് പിടിച്ചുനിൽക്കാൻ ചെറിയ കമ്പനികൾക്ക് കഴിയാതെ വരുന്നു. കമ്പോളം മുഴുവൻ തന്റെ കൈപ്പിടിയിലാക്കുന്നതോടെ ശക്തമായ മത്സരമൊന്നും കുത്തകമുതലാളിക്ക് നേരിടേണ്ടി വരുന്നില്ല.

2) ജനങ്ങളെ അടിമകളാക്കും. ശക്തരായ മറ്റ് ഉത്പാദകർ ഇല്ലാതാകുന്നതോടെ ജനം കുത്തകകളുടെ ഉത്പന്നം വാങ്ങാൻ നിർബന്ധിതരാകും. അവരുടെ മുന്നിൽ മറ്റ് ഓപ്ഷൻസ് ഇല്ലാതാകും എന്നർത്ഥം.

3)കുത്തകഉത്പന്നങ്ങളുടെ വില കൂടും. ഒരു പ്രത്യേക ഉത്പാദനമേഖല മുഴുവൻ കൈപ്പിടിയിലാക്കിയതിനാൽ തോന്നിയതുപോലെ വില കൂട്ടാൻ മുതലാളിക്ക് കഴിയും. സാധനസപ്ലൈ കുറച്ചുകൊണ്ടാണിത്. മറ്റ് മുതലാളിമാർ പിന്തള്ളപ്പെടും. കമ്പോളം മുഴുവൻ കയ്യടക്കിയ കുത്തകകൾ അവരുടെ സപ്ലൈ കുറയ്ക്കുമ്പോൾ സാധനവില ഭീമമാകും. ജനം ഇത് വാങ്ങാൻ നിർബന്ധിതരാകും.

4)ജനങ്ങളുടെ അഭിരുചികൾ, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവയെ സ്വാധീനിക്കാൻ കുത്തകകൾക്ക് കഴിയും. മുഴുവൻ ഉത്പാദനവും കൈപ്പിടിയിലാകുന്നതോടെ ജനം എന്ത് തിന്നണം ,ഉടുക്കണം എന്നൊക്കെ കമ്പനി തീരുമാനിക്കും..

5)കുത്തകകൾ പരസ്പരം കൂട്ടുകൂടും. മത്സരത്തിൽ തോറ്റുപോവാതിരിക്കാൻ കുത്തകകമ്പനികൾ തമ്മിൽ ലയിക്കും. മൂലധനം കേന്ദ്രീകരിച്ച് ഭീമമാകും..

6)തൊഴിലില്ലായ്മ വർധിക്കും. വികേന്ദ്രീകൃത- ചെറുകിട ഉത്പാദനങ്ങൾ തകരുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാകും. കുത്തകഭീമന്മാർ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളേക്കാൾ വളരെ കൂടുതലാണിത്.

7)ശാസ്ത്രസാങ്കേതികവിദ്യയും യന്ത്രവത്കരണവും വർധിക്കും. ഉത്പാദനക്ഷമത കൂടും.

കുത്തകമുതലാളിത്തം മുതലാളിത്തത്തിന്റെ ജീർണിച്ച രൂപമാണ്‌. അത് വളരെ വിശദമായി പഠിക്കേണ്ടതുമാണ്..

കുത്തകമുതലാളിത്തവും തൊഴിൽനഷ്ടവും..

 കുത്തകമുതലാളിത്തം അരങ്ങുവാഴുന്നതുമൂലം വമ്പിച്ച തോതിൽ ചെറുകിട ഉത്പാദനം തകർന്നുപോകുന്നുണ്ട്.. ഉദാഹരണത്തിന്, ആയിരക്കണക്കിന് ചെറുകിടതൊഴിൽശാലകൾ പ്രവർത്തിക്കുന്ന ഒരു മേഖല സങ്കൽപിക്കാം. ഇത്തരം ഉത്പാദനത്തെ വികേന്ദ്രീകൃത ഉത്പാദനം എന്ന് പറയുന്നു. ഒരു മൂലധനഭീമന്റെ കീഴിലല്ല, മറിച്ച് അനവധി ചെറിയ ഉത്പാദനയൂണിറ്റുകളായി വിഭജിക്കപ്പെട്ടാണ് ഇവ പ്രവർത്തിക്കുന്നത്‌. ഇവിടെയിലെല്ലാം കൂടി ലക്ഷക്കണക്കിന് തൊഴിലാളികളും പണിയെടുക്കുന്നു..

ഈ വികേന്ദ്രീകൃതമേഖലയിൽ ഒരു വൻകിട ഫാക്ടറി സ്ഥാപിക്കപ്പെട്ടെന്ന് കരുതുക.. വമ്പിച്ച മൂലധനം, അത്യധികം നൂതനസാങ്കേതികവിദ്യകൾ, വ്യാപകമായ യന്ത്രവത്കരണം, ആരെയും കടത്തിവെട്ടുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ ഇവയെല്ലാം സ്വന്തമായുള്ള ഒരു ഭീമൻ ഉത്പാദനകേന്ദ്രം ഒരിടത്ത് സ്ഥാനം പിടിക്കുമ്പോൾ ചുറ്റുമുള്ള ചെറുകിട തൊഴിൽശാലകൾ വ്യാപകമായി പ്രതിസന്ധി നേരിടും. കൂടിയ ഗുണനിലവാരവും കുറഞ്ഞ വിലയുമുള്ള ഉത്പന്നങ്ങൾ ഈ വൻകിട-യന്ത്രവത്കൃത ഫാക്ടറി നിർമിക്കുന്നതോടെ തങ്ങളുടെ ഉത്പന്നങ്ങളുടെയും വില കുറയ്ക്കാൻ ചെറുകിടവ്യവസായങ്ങൾ നിർബന്ധിതമാകും.

എന്നാൽ മത്സരത്തിൽ പിടിച്ചുനിൽക്കാനാവാതെ ആയിരക്കണക്കിന് വികേന്ദ്രീകൃത ഉത്പാദകർ സംരംഭം ഉപേക്ഷിക്കും. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമാവും. കുത്തകയായി മാറുന്ന വൻകിട ഫാക്ടറി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളേക്കാൾ വളരെ കൂടുതലാണ് ഇങ്ങനെ നഷ്ടമാകുന്ന തൊഴിലവസരങ്ങൾ.. തൊഴിലില്ലായ്മ പെരുകുന്നത് കരുതൽസേന വർധിപ്പിക്കും. കുത്തകമുതലാളിത്തത്തിന് അതും ഗുണകരമാകും..

സ്വതന്ത്രമത്സരക്കമ്പോളം..


മുതലാളിത്തത്തിന്റെ ഒരു ഉട്ടോപ്യൻ മാതൃകയാണ് സ്വതന്ത്രമത്സരക്കമ്പോളവ്യവസ്ഥ. എന്താണിതെന്ന് നോക്കാം..

ചരക്ക് നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന മുതലാളിവർഗം, ചരക്ക് വാങ്ങുന്ന ഉപഭോക്താക്കൾ എന്നിവർ ചേർന്നതിനെ കമ്പോളം എന്ന് പറയുന്നു. ലക്ഷക്കണക്കിന് ഉത്പാദകരും ലക്ഷക്കണക്കിന് ഉപഭോക്താക്കളും അടങ്ങുന്ന ഒരു ഉട്ടോപ്യൻ മുതലാളിത്തമാതൃകയാണ് സ്വതന്ത്രമത്സരമുതലാളിത്തം. ഇത്തരം കമ്പോളത്തെ പൂർണമത്സരക്കമ്പോളം എന്ന് പറയാം. ഈ മാർക്കറ്റിൽ ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാം.. ആർക്ക് വേണമെങ്കിലും തിരിച്ചുപോകാം.. പ്രവേശിക്കുന്നത് ഉത്പാദകനായോ ഉപഭോക്താവായോ ആകാം.

ഏതെങ്കിലും ഒരു മുതലാളി തന്റെ ചരക്കിന് വില കൂട്ടി എന്ന് സങ്കൽപിക്കുക.. എന്നാൽ സമാനമായ ഉത്പന്നം കുറഞ്ഞ വിലയ്ക്ക് കമ്പോളത്തിലെ മറ്റ് ഉത്പാദകർ സപ്ലൈ ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ അങ്ങോട്ടേക്ക് നീങ്ങാൻ തുടങ്ങും. അതോടെ വില കൂട്ടിയ ഉത്പാദകൻ വില കുറയ്ക്കാൻ നിർബന്ധിതനാകും. ഏതെങ്കിലും ഒരു ഉത്പാദകൻ വില കുറച്ചാലും ഇത് തന്നെ അവസ്ഥ..  അതായത് കമ്പോളത്തിലെ കുറച്ചുപേർ വിലയിൽ കൃത്രിമമായി മാറ്റം വരുത്തിയാലും കമ്പോളത്തെ അത് മൊത്തത്തിൽ യാതൊരു ഇഫക്ടും ഉണ്ടാക്കുന്നില്ല. കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത വിലകൾ തനിയെ പഴയപടി ആയിക്കൊള്ളും. എണ്ണമറ്റ ഉത്പാദകർ കമ്പോളത്തിൽ ഉള്ളതിനാൽ ചിലർ ബിസിനസ് നിർത്തിവെച്ചാലും കമ്പോളത്തിലും സാധനവിലയിലും യാതൊരു മാറ്റവും ഉണ്ടാകില്ല.

ഒട്ടനേകം ഉത്പാദകർ, ഒട്ടനേകം ഉപഭോക്താക്കൾ.. ഇതാണ് സ്വതന്ത്രമത്സരക്കമ്പോളം.. ഇതിനെ കുറിച്ച് ഇത്രയും പറയാൻ ഒരു കാരണമുണ്ട്.. സ്വതന്ത്രമത്സര മുതലാളിത്തം ലോകത്ത് അസാധ്യമാണ്. ഇന്ന് നിലനിൽക്കുന്നതാവട്ടെ കുത്തകമുതലാളിത്തവും.. മുതലാളിത്തത്തെ നാശത്തിലേക്കടുപ്പിക്കുന്ന ഈ കുത്തകവത്കരണപ്രക്രിയ മനസിലാക്കണമെങ്കിൽ അതിന്റെ നേർവിപരീതമായ സ്വതന്ത്രമത്സര കമ്പോളം എന്തെന്ന് അറിഞ്ഞേ മതിയാവൂ..

വർഗബോധം


മുതലാളിത്തം എല്ലാ മനുഷ്യരിലും ചെലുത്തുന്ന ചില ശീലങ്ങളും സ്വഭാവങ്ങളുമുണ്ട്.. അത്യാഗ്രഹം, സ്വാർത്ഥത, കുറുക്കവഴിയിലൂടെ സമ്പത്ത് നേടാനുള്ള വ്യഗ്രത, മതബോധത്തിലൂടെ ചെലുത്തുന്ന നിഷ്ക്രിയത്വം, വർഗീയമായ ഭിന്നിപ്പുകൾ തുടങ്ങിയവ.. ഇത് തൊഴിലാളികളിൽ നിന്നും അകന്നുപോകണമെങ്കിൽ അവരിൽ ഉണ്ടാകേണ്ട ഒന്നാണ് വർഗബോധം.

കയ്യിൽ മൂലധനമില്ലാതെ അധ്വാനം വിറ്റ് ജീവിക്കുക, വമ്പിച്ച ചൂഷണങ്ങൾക്ക് വിധേയരാവുക, കലയും മാനുഷികബന്ധങ്ങളും  എന്തിനേറെ പറയുന്നു, ലൈംഗികത പോലും വിൽപനച്ചരക്കാകുക, ഭരണകൂടവും നിയമവും ഉൾപെടെ സകല പ്രസ്ഥാനങ്ങളും ബൂർഷ്വാസിയുടെ ചട്ടുകമായി മാറുക, കൂലി അടിമത്തം ശക്തമാകുക.. ഇതെല്ലാം തൊഴിലാളിയെ ദുരിതത്തിലാഴ്ത്തും. സമ്പന്നനും ദരിദ്രനും തമ്മിലെ അന്തരം വർധിപ്പിക്കും.. അടിച്ചമർത്തപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ ഒരുപോലെയാകും.. അസംതൃപ്തിയും പടരും.. ഒരുപോലുള്ള ജീവിതസാഹചര്യങ്ങൾ അവരെ ഒരേ ദിശയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കും.. ചിന്തകൾ ഏകീകരിക്കപ്പെടും.. മുതലാളിവർഗവും തൊഴിലാളിവർഗവും തമ്മിലെ ഈ വൈരുധ്യം വർധിക്കുകയും, വർഗസമരം രൂക്ഷമാകുകയും ചെയ്യും..

മുതലാളിത്തലോകത്ത് ചൂഷണം ചെയ്യപ്പെടുന്നത് തൊഴിലാളികൾ മാത്രമല്ല,  ആദിവാസികൾ, സ്ത്രീകൾ തുടങ്ങിയ വർഗങ്ങളും ഉൾപെടും.. പരിസ്ഥിതിപ്രവർത്തകരും നവോത്ഥാനപ്രസ്ഥാനങ്ങളുമെല്ലാം നിലവിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്തും. എന്നാൽ അതിന് നേതൃത്വം നൽകാൻ കഴിയുന്നതും ദാർശനികമായും ഭൗതികമായും കരുത്തുള്ളതും ആധുനികതൊഴിലാളിവർഗത്തിനു മാത്രമാണ്..

മതനിരപേക്ഷത വാക്കിലൊതുങ്ങുമ്പോൾ...


ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.. ഒരാൾ നല്ല സസ്യഭുക്കാണ്. മറ്റേയാൾ തികഞ്ഞ മാംസപ്രിയനും.. രണ്ടുപേരും ഒരിക്കൽ അവരവരുടെ ഭക്ഷണരീതിയെ ചൊല്ലി തർക്കമായി. ഒരാൾ സസ്യാഹാരത്തെ അനുകൂലിച്ചും മറ്റേയാൾ എതിർത്തും തർക്കം മുറുകി. അവസാനം രണ്ടും രണ്ട് വഴിക്കായി.
നമ്മുടെ സസ്യഭുക്ക് നേരെ ചെന്ന് അയാളെ പോലെ കുറച്ചുപേരെ സംഘടിപ്പിച്ച് ഒരു പാർട്ടി ഉണ്ടാക്കി.. സസ്യാഹാരികളുടെ പാർട്ടി. മറ്റേ സുഹൃത്ത് പകരമായി മാംസഭുക്കുകളുടെ പാർട്ടിയും. രണ്ടുപേരും പരസ്പരം തർക്കിച്ചു.. പ്രസംഗിച്ചു. സസ്യാഹാരികൾ ഒന്നിച്ചുനിൽക്കണമെന്ന് ആദ്യത്തേ പാർട്ടി ആഹ്വാനം ചെയ്തു. മാംസഭുക്കുകളും അതുപോലെ തന്നെ. അവസാനം രണ്ടുപേരും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. സസ്യഭുക്ക് പ്രസ്ഥാനം ജയിച്ചു. അധികാരത്തിൽ വന്നു.
പ്രശ്നം തുടങ്ങുന്നതേയുള്ളൂ. രാജ്യം മുഴുവൻ സർക്കാർ മാംസാഹാരം നിരോധിച്ചു. മാംസം കഴിക്കുന്നവരെ ജയിലിലടച്ചു.. പ്രതിഷേധങ്ങളും കലാപങ്ങളും നടന്നു. വെട്ട്.. കുത്ത്.. ബോംബേറ്.. ആയിരങ്ങൾ മരിച്ചുവീണു.. രാജ്യം തകർന്നുതരിപ്പണമായി. കലിയടങ്ങാതെ കലാപങ്ങൾ ആളിക്കത്തി. രാജ്യം ചാമ്പലായി..അതും മനുഷ്യന്റെ വിശപ്പടക്കാനുള്ള സാധനത്തിന്റെ പേരിൽ..

ഇത് തന്നെയാണ് ഇന്നത്തെ അവസ്ഥ.. ആഹാരം സസ്യമായാലും മാംസമായാലും ജീവൻ നിലനിർത്താനാണ്. മതം ഓരോരുത്തരുടെയും ആത്മസുഖത്തിനും സംതൃപ്തിക്കും വേണ്ടിയാണ് താനും. ആഹാരത്തെ പോലെ തന്നെ മതവിശ്വാസവും നമ്മുടെ  സ്വകാര്യവിഷയങ്ങളാകേണ്ടതാണ്. എന്നാൽ ഇന്നോ ..? സസ്യാഹാരം, മാംസാഹാരം എന്നതിനുപകരം ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ വ്യത്യാസമേയുള്ളൂ. അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നു. തമ്മിൽ തല്ലുന്നു. ചാകുന്നു. ഇതാണോ അഭികാമ്യം..!??
മതം മുതലാളിത്തത്തെ നിലനിർത്തുന്നത് അത് ഇത്തരത്തിൽ മനസുകളിൽ ഭ്രാന്തമായി അള്ളിപ്പിടിക്കുമ്പോഴാണ്. മതങ്ങളോടുള്ള അമിതാഭിനിവേശവും അന്യമതവിദ്വേഷവും തൊഴിലാളിവർഗത്തെ അവന്റെ യഥാർത്ഥ പ്രശ്നങ്ങൾ കാണുന്നതിൽ നിന്നും മറച്ചുപിടിക്കുന്നു എന്നർത്ഥം..

മതനിരപേക്ഷരാഷ്ട്രീയത്തിന്റെ ആവശ്യകത..

തൊഴിലാളിവർഗപാർട്ടിയിലുള്ളവർ എല്ലാവരും നിരീശ്വരവാദികളാകണമെന്ന് പലരും വാശി പിടിക്കാറുണ്ട്. തീർച്ചയായും കമ്മ്യൂണിസ്റ്റ് ദർശനം മതത്തിന് വിരുദ്ധമാണ്. എന്നാൽ മതത്തെ ഉപേക്ഷിച്ചവരെ മാത്രമേ കമ്മ്യൂണിസ്റ്പാർട്ടിയിൽ ഉൾപെടുത്താവൂ എന്ന വാദം തെറ്റാണ്. ദൈവമുണ്ടോ ഇല്ലയോ എന്നതല്ല മറിച്ച് മനുഷ്യന്റെ പട്ടിണിയും ദാരിദ്യ്രവുമാണ് നമ്മുടെ അടിസ്ഥാനപ്രശ്നം..  മതങ്ങൾ വിപ്ലവത്തെ തടയുകയും മനുഷ്യനെ തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയെയാണ് മാർക്സിസം എതിർക്കുന്നത്.. മതം ചൂഷണോപാധിയായാൽ അതിനെ എതിർക്കുക തന്നെ വേണം.. സ്വർഗം മുകളിൽ വെച്ച് ദൈവം തരേണ്ടതല്ല, ഭൂമിയിൽ നാം കെട്ടിപ്പടുക്കേണ്ടതാണ്.

 ദുഃഖങ്ങളും ദുരിതങ്ങളും പ്രകൃതിയെക്കുറിച്ച് മനുഷ്യനുള്ള അറിവില്ലായ്മയും അവനെ മതവിശ്വാസിയാകാൻ പ്രേരിപ്പിക്കും. വിശപ്പും ചൂഷണവുമാണ് യഥാർത്ഥ പ്രശ്നമെന്നും അത് മാറാൻ പ്രാർത്ഥനയല്ല പ്രവർത്തനമാണ് ആവശ്യമെന്നും ബഹുജനങ്ങളെ ബോധവത്കരിക്കണം.മതം സ്വകാര്യവിഷയമായി ഒതുങ്ങണം. അത് രാഷ്ട്രീയത്തിൽ നിന്നും പൂർണമായി മാറിനിൽക്കണം.

 ജാതിമതരാഷ്ട്രീയത്തിൽ നിന്നും തൊഴിലാളിവർഗരാഷ്ട്രീയത്തിലേക്ക് ജനങ്ങളെ നയിക്കണം.. വിശ്വാസിയെന്നോ യുക്തിവാദിയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ ബഹുജനങ്ങളും ഒന്നിക്കണം. മതങ്ങളിൽ പുഴുക്കുത്തുകളുണ്ടെങ്കിൽ അത് തുടച്ചുമാറ്റി ജനങ്ങളെ ശുദ്ധീകരിക്കണം. വർഗീയതയ്ക്കും ജാതീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സമരം ചെയ്യണം. സാമ്പത്തികമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. ബ്രാഹ്മണനായാലും ദളിതനായാലും ജാതിയല്ല, വിശപ്പാണ് മുഖ്യമെന്ന് അവരെ പഠിപ്പിക്കണം..

 ഇത്തരത്തിലുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാവശ്യം. മതപ്രീണനവും മതചിഹ്നങ്ങളും മറ്റും രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ലെന്ന് തിരിച്ചറിയാതെ അവർക്ക് രക്ഷയില്ല.. മതം ഉപയോഗിച്ചുള്ള രാഷ്ട്രീയം ബൂർഷ്വാസിയുടെ ആയുധമാണ്.. ജനങ്ങളെ അത് അന്ധരാക്കുകയേ ഉള്ളൂ..

മതം മനുഷ്യനെ മയക്കുന്ന കറുപ്പോ..?


മതം എന്ന സാമൂഹ്യയാഥാർത്ഥ്യത്തെ കുറിച്ചുള്ള മാർക്സിന്റെ പ്രസിദ്ധമായ വാചകമാണിത്.. ആശയങ്ങളുടെ മേൽപുര നിലവിലെ ചൂഷണവ്യവസ്ഥയെ നിലനിർത്തുകയും വിപ്ലവത്തിലേക്കുള്ള ദൂരം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ മേൽപുരയിൽ ഏറ്റവും പഴക്കമേറിയ ഘടകമാണ് മതം(Religion).. അതിനെങ്ങനെയാണ് മനുഷ്യനെ മയക്കാനും മുതലാളിത്തത്തെ സഹായിക്കാനും കഴിയുന്നത്..?!
അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നീ മൂന്ന് ചൂഷണവ്യവസ്ഥകളും ഭൂരിഭാഗജനതയ്ക്കും സമ്മാനിക്കുന്നത് ദുഃഖങ്ങളും ദുരിതങ്ങളും പട്ടിണിയും ഒക്കെയാണ്.. ഏത് ജാതി- മതത്തിൽ പെട്ടവരായാലും ഇത് തന്നെ സ്ഥിതി. എന്നാൽ ഈ വേദനകളെ മറക്കാനും 'നല്ല നാളുകൾ വരും' എന്ന പ്രതീക്ഷ മനുഷ്യന് നൽകാനും മതത്തിന് കഴിയുന്നു..

കറുപ്പ് (opium) എന്നാൽ ഒരു തരം മയക്കുമരുന്നാണ്. ദുഃഖങ്ങൾ മറക്കാൻ മനുഷ്യൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്നതുപോലെയാണ് മതവും. ദാരിദ്യ്രവും ചൂഷണങ്ങളുമെല്ലാം താത്കാലികമാണെന്നും ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്നും മതം നമ്മെ പഠിപ്പിക്കുന്നു. കയ്പുനിറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങൾക്കെതിരെ പൊരുതാനല്ല, എല്ലാം സഹിച്ചും ക്ഷമിച്ചും ദൈവം എന്ന സങ്കൽപത്തിൽ അടിയുറച്ചുവിശ്വസിക്കാനാണ് മതം ആവശ്യപ്പെടുന്നത്.

 ദൈവചിന്ത മനുഷ്യന് ആശ്വാസം പകരുന്നു. പ്രതീക്ഷകൾ നൽകുന്നു. തൊഴിലാളിവർഗത്തിന്റെ  അവസാനത്തെ അത്താണിയാകുന്നു.. എന്നാൽ തങ്ങളുടെ ദുരിതങ്ങളുടെ യഥാർത്ഥ കാരണം ഈ മുതലാളിത്തവ്യവസ്ഥിതിയിൽ തന്നെയാണ് നിലകൊള്ളുന്നതെന്നും മതത്തിൽ അഭയം പ്രാപിച്ച് മാനസികമായ മുക്തിയും ആശ്വാസവും ലഭിച്ചാലും യഥാർത്ഥ പ്രശ്നം ഇല്ലാതാകുന്നില്ലെന്നും മാർക്സ് വ്യക്തമാക്കുന്നു. മതം എന്ന കറുപ്പ് ഉപയോഗിക്കുമ്പോൾ മനുഷ്യൻ അവന്റെ  സങ്കടങ്ങൾ മറക്കുന്നു. പക്ഷേ ആ സങ്കടങ്ങളുടെ കാരണമായ മുഖ്യപ്രശ്നങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നു..

ദൈവം, സ്വർഗനരകങ്ങൾ, പുനർജന്മം..

ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലേക്കുള്ള സമ്പത്തിന്റെ കേന്ദ്രീകരണം, ഭീമാകാരമായി പെരുകുന്ന ദാരിദ്യ്രം, തൊഴിലില്ലായ്മ, നാൾക്കുനാൾ പെരുകുന്ന സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം, പട്ടിണിമരണം, കുറ്റകൃത്യങ്ങൾ തുടങ്ങി ആഗോളസമൂഹത്തെ മുഴുവൻ വിഴുങ്ങുന്ന ഭീഷണികൾ ഭൂരിപക്ഷജനങ്ങളെയും അസംതൃപ്തരാക്കുമ്പോൾ അവരുടെ അസംതൃപ്തിയെ ശമിപ്പിക്കുകയാണ് മതം ചെയ്യുന്നത്.. ലോകം നേരിടുന്ന ഭയാനകമായ ഭീഷണികൾ ദൈവം എന്ന ഒരജ്ഞാതശക്തിയുടെ ചെയ്തികളാണ്.. പട്ടിണിപ്പാവങ്ങളെ അദ്ദേഹം പരീക്ഷിക്കുകയാണ്.. എന്നാൽ ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക.. അദ്ദേഹം നമ്മെ കാത്തോളുമെന്ന് മതം ആശ്വസിപ്പിക്കുന്നു.

 എന്നാൽ ഭൂരിഭാഗം വരുന്ന ജനതയും ദുരിതത്തിലാണ്ടുപോകുകയും ഒരു ശതമാനം പോലും വരാത്തവർ പട്ടുമെത്തയിൽ സുഖിക്കുകയും ചെയ്യുമ്പോൾ ദൈവം ആരുടെ പക്ഷത്താണെന്ന് ചോദ്യമുയരാം.
മതങ്ങൾ അതിന് കണ്ടെത്തുന്ന ന്യായീകരണം സ്വർഗനരകചിന്തകളും പുനർജന്മവുമൊക്കെയാണ്.

 നീ അനുഭവിക്കുന്ന കൊടിയ ചൂഷണങ്ങൾ സഹനശക്തിയാൽ നേരിടുക.. മരണശേഷം നിനക്ക് ദൈവം സ്വർഗത്തിൽ സുന്ദരസുരഭിലമായ ജീവിതം കരുതിവെച്ചിട്ടുണ്ടാകും. ദൈവത്തിൽ വിശ്വസിക്കുക. നിന്റെ പാത നല്ലതാണെങ്കിൽ അടുത്ത ജന്മത്തിൽ ഒരു ഉന്നതസ്ഥാനത്ത് തന്നെ നീ പിറന്ന് വീഴും.. എന്നൊക്കെ പറഞ്ഞ്  മതദർശനങ്ങൾ ചൂഷിതരെ ആശ്വസിപ്പിക്കുന്നു..  ഭൂമിയിൽ ലഭിച്ചില്ലെങ്കിൽ മരിച്ചതിനുശേഷമെങ്കിലും നല്ല ജീവിതം ദൈവം തന്നോളുമെന്ന ചിന്തകൾ പോലും ഭൂമിയിൽ തൊഴിലാളിവർഗം നടത്തേണ്ട വിപ്ലവങ്ങളെയും പോരാട്ടങ്ങളെയും തടസപ്പെടുത്തുകയാണ് ചെയ്യുന്നത്..
മാനസികാശ്വാസവും ഭക്തിയിൽ നിന്നുണ്ടാകുന്ന ആത്മസംതൃപ്തിയുമല്ലാതെ മതം ചൂഷണാത്മകമായ വ്യവസ്ഥിതിക്ക് പരിഹാരമല്ല.. ഭൂമിയിലെ ദുരിതങ്ങൾ നേരിടുക.. മരണശേഷം സ്വർഗം തരാമെന്ന് മതം മനുഷ്യനെ പറഞ്ഞ് മയക്കുമ്പോൾ അവനോട് ഉണരാനും സംഘടിക്കാനും സ്വർഗം ഭൂമിയിൽ തന്നെ കെട്ടിപ്പടുക്കാനും ആഹ്വാനംചെയ്യുന്ന ദർശനമാണ് മാർക്സിസം..

മതങ്ങളെയും വൈരുധ്യാത്മഭൗതികവാദത്തിന്റെ വെളിച്ചത്തിലാണ് നാം കാണേണ്ടത്.. നിലവിലുള്ള മതങ്ങളെല്ലാം തന്നെ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ളവയാണ്. ഓരോ മതവും ഉണ്ടായ കാലഘട്ടത്തിലെ പല അവശേഷിപ്പുകളും മതങ്ങളിലും കാണാനാവും.. അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ഉൾപെടെ പല അഴുക്കുകളും കുറഞ്ഞോ കൂടിയോ എല്ലാ മതത്തിലും അടിഞ്ഞുകൂടിയിട്ടുണ്ട്.. അവ പരിഷ്കരിച്ചുകൊണ്ടേ എല്ലാ മതങ്ങൾക്കും മുന്നോട്ടു പോകാനാവൂ.. ഉദാഃ സതി, ചാതുർവർണ്യം തുടങ്ങിയ മാലിന്യങ്ങൾ ഹിന്ദുസമൂഹത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ അതെല്ലാം കഴുകിക്കളഞ്ഞാണ് ആ മതം പുരോഗമിച്ചതെന്ന് പറയാം.. ഇന്നും ചിലതൊക്കെ ബാക്കിയുമുണ്ട്..

എല്ലാ ദർശനങ്ങളും( മാർക്സിസം അടക്കം) ഇതുപോലെ തന്നെയാണ്.. കാലാനുസൃതമായി പരിഷ്കരണങ്ങൾക്ക് വിധേയമാകണം.
ഒാരോ കാലഘട്ടത്തിന്റെയും ധാർമികമൂല്യങ്ങൾ, ആ കാലഘട്ടത്തിൽ നിലനിൽക്കുന്ന മതമൂല്യങ്ങൾ ഇവ പരസ്പരം പൊരുത്തപ്പെടാതാകാറുണ്ട്.. ഉദാ:- നിലവിലെ സ്ത്രീപുരുഷസമത്വം എന്ന പുരോഗമനചിന്തയും ഇസ്ലാമികസമൂഹത്തിലെ മുത്തലാഖ് വ്യവസ്ഥയും തമ്മിലെ വൈരുധ്യമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.. മതങ്ങൾ കാലഘട്ടവുമായി ഇത്തരം വൈരുധ്യങ്ങളിൽ ഏർപെടുമ്പോൾ വിപ്ലവകരമായ പരിഷ്കരണങ്ങൾ മതങ്ങൾക്ക് സംഭവിക്കുന്നു..

ഇപ്പോൾ ചർച്ചാവിഷയമായ മുത്തലാഖ് നിർത്തലാക്കൽ മുതൽ പണ്ട് നടന്ന പല നവോത്ഥാനങ്ങളും ഇത്തരം ശുദ്ധീകരണമാണ്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രാജാറാം മോഹൻ റായിയും വിവേകാനന്ദനും ഉൾപെടെയുള്ള മഹാൻമാർ ഹിന്ദുസമൂഹത്തിലെ അഴുക്കുകളെ ശുദ്ധീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തവരാണ്.. അത്തരത്തിലുള്ള തുടർച്ചയായ തിരുത്തലുകളിലൂടെ ആകണം എല്ലാ മതങ്ങളും മുന്നോട്ടുടോകേണ്ടത്..

മതം ബൂർഷ്വാസിയുടെ ഉപകരണമാകുമ്പോൾ..

മാർക്സ് മതത്തെ വിശേഷിപ്പിക്കുന്നത് നോക്കുക.. ''ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതം''. വിശപ്പും കണ്ണീരുമായി ജീവിതം തള്ളിനീക്കുന്നവരെ കാണാനുള്ള ഹൃദയം മുതലാളിത്തത്തിനില്ല. അതിന്റെ ലക്ഷ്യം ലാഭം മാത്രമാണ്. എന്നാൽ ഹൃദയമില്ലാത്ത ഈ ലോകത്ത് അടിച്ചമർത്തപ്പെട്ടവർക്ക് ആശ്വാസം പകരുന്ന ഒരു ഹൃദയമായി മതം മാറുന്നു എന്നാണ് മാർക്സ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

മുതലാളിത്തം വരുത്തിവെക്കുന്ന ദുരിതപൂർണമായ ലോകസാഹചര്യങ്ങൾ കണ്ട് പൊറുതിമുട്ടുന്ന തൊഴിലാളിവർഗത്തിനുമുന്നിലെ ഒരേയൊരു പരിഹാരം വിപ്ലവമാണ്.. പുതിയൊരു ലോകത്തിലേക്കുള്ള കുതിപ്പാണ്.. എന്നാൽ വിപ്ലവത്തിനും വിമോചനത്തിനും പകരം ദൈവപ്രീതി, സ്വർഗപ്രാപ്തി തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ കൊണ്ട്  അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടവീര്യത്തെ മതം കെടുത്തുന്നു.. ചൂഷണങ്ങളില്ലാത്ത ലോകത്തെ കെട്ടിപ്പടുക്കേണ്ടതിനു പകരം അവർ സാങ്കൽപികകഥകളിൽ വിശ്വസിച്ച് സംതൃപ്തിയടയുന്നു. ചൂഷിതരെ ഇത്തരത്തിൽ അടക്കിനിർത്തുന്ന മതം ബൂർഷ്വാസിക്ക് ഒരു തരത്തിൽ അനുഗ്രഹം തന്നെയായി മാറുന്നു.
മാത്രമല്ല തൊഴിലാളിവർഗം എന്ന വർഗബോധത്തിനുപകരം ജാതിമതത്തിലധിഷ്ഠിതമായ വേർതിരിവുകളും ഉണ്ടാകുന്നത് വിപ്ലവങ്ങൾക്ക് തടസമാകുന്നു. മതമല്ല, വിശപ്പാണ് മുഖ്യമെന്ന് തൊഴിലാളിവർഗത്തിന് തിരിച്ചറിവുണ്ടാകാത്തിടത്തോളം കാലം അവർ മതങ്ങളുടെ പേരുപറഞ്ഞ് പല ചേരികളിലായി ഒതുങ്ങും.

 വർഗീയകലാപങ്ങൾ പോലും ബൂർഷ്വാസിക്ക് അനുഗ്രഹമാണ്.. കാരണം ജാതിമതങ്ങളുടെ പേരിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങൾ ഭിന്നിക്കുമ്പോൾ ,മുതലാളിത്തചൂഷണങ്ങളും അടിസ്ഥാനപ്രശ്നങ്ങളും മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്.. ജാതിയും മതവും സമുദായവുമല്ല, ജീവിതസാഹചര്യങ്ങളാകണം തൊഴിലാളികളെ ഒരുമിപ്പിച്ച് നിർത്തേണ്ടത്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും യുക്തിവാദിയായാലും മനുഷ്യന്റെ അടിസ്ഥാനപ്രശ്നം ചൂഷണമാണ്‌.. നാം ചൂണ്ടുവിരലുയർത്തേണ്ടതും അതിനെതിരെയാണ്..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...