Sunday, October 28, 2018

മാർക്സിയൻ ഫെമിനിസം





                                ഒരു സമൂഹത്തിന്റെ പുരോഗതി എത്രയുണ്ടെന്ന് അളക്കണമെങ്കിൽ ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ അറിഞ്ഞാൽ മതിയെന്നാണ് മാർക്സ് അഭിപ്രായപ്പെട്ടത്. പൊതുവെ സ്ത്രീകളുടെ ചരിത്രപരമായ അടിമത്തത്തെ വിശകലനം ചെയ്യാൻ മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം ഉപയോഗപ്പെടുത്താറുണ്ട്.

                                  പ്രാകൃതകമ്മ്യൂണിസമായിരുന്നല്ലോ മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ ആദ്യ ഘട്ടം.. (ചരിത്രപരമായ ഭൗതികവാദത്തെയും പ്രാകൃതകമ്മ്യൂണിസത്തെയും  സംബന്ധിച്ച പഴയ പോസ്റ്റുകൾ വായിക്കുക.. ) പ്രാകൃതകമ്മ്യൂണിസം എന്ന ആദിമവ്യവസ്ഥിതിയിൽ സ്ത്രീപുരുഷ- അസമത്വങ്ങൾ ഉടലെടുത്തിരുന്നില്ല. ഉത്പാദനം ഇല്ലായിരുന്നു. കാട് മുഴുവൻ അലഞ്ഞ് ഭക്ഷണം ശേഖരിച്ച് സഹകരണാടിസ്ഥാനത്തിൽ പങ്കിടുകയാണ് മനുഷ്യർ ചെയ്തത്. വലിയ തോതിലുള്ള അധ്വാനപ്രക്രിയയോ തൊഴിൽവിഭജനമോ ഇല്ലായിരുന്നു. അതിനാൽ ശാരീരികമായ വ്യത്യാസങ്ങൾ ലിംഗസമത്വത്തെ ബാധിച്ചിരുന്നില്ല.

                                  നമ്മുടെ പുരാതനഭാരതത്തിൽ പൂർവകാല വേദങ്ങൾ പരിശോധിച്ചാൽ കാണാം.. ആര്യസംസ്കൃതിയുടെ ആദ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനു തുല്യമായ സ്ഥാനം ഉണ്ടായിരുന്നു. സ്ത്രീകൾക്കിടയിൽ തന്നെ പണ്ഡിതമാരും കവികളും ഉണ്ടായിരുന്നു. ഭർത്താവ് മരിച്ചാൽ പുനർവിവാഹവും പെണ്ണിന് അനുവദനീയമായ ഒരു സമൂഹമായിരുന്നു അന്നത്തേത് എന്ന് പൂർവകാലവേദങ്ങൾ നമുക്ക് ബോധ്യപ്പെടുത്തുന്നു. ഡാൻ ബ്രൗണിന്റെ 'ദ് ഡാവിഞ്ചി കോഡ് 'എന്ന പുസ്തകത്തെ പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. അതിൽ ക്രിസ്തുമതങ്ങൾക്കും പുരുഷാധിപത്യ സമൂഹങ്ങൾക്കും ഒക്കെ വളരെ മുമ്പ് നിലനിന്നിരുന്ന പേജൻസ് സംസ്കാരത്തിലും ഇത്തരം ഒരു സ്വഭാവം കാണാം. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിൽ ഒരേ സ്ഥാനമാണെന്നും ഏത് വ്യവസ്ഥയും സമ്പൂർണമാകുന്നത് അതിലെ സ്ത്രീ-പുരുഷഭാവങ്ങൾ ഒന്നു ചേരുമ്പോഴാണെന്നും അവർ കരുതി. ദേവന്മാരെ പോലെ ദേവിമാരും ആരാധിക്കപ്പെട്ടു.

                                എന്താണ് ഇതെല്ലാം വ്യക്തമാക്കുന്നത്..? ലിംഗവിവേചനം എന്നത് മനുഷ്യൻ ഉണ്ടായ കാലം മുതലേ പൊട്ടിമുളച്ചതല്ല. ആദ്യകാല പ്രാകൃതകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ ഈ വിവേചനം ഇല്ലായിരുന്നു. സ്ത്രീകൾ ഭക്ഷണം ശേഖരിച്ചു. സന്തതികളെ മുലപ്പാൽ നൽകി പരിപാലിച്ചു. പുരുഷന്മാരും ഭക്ഷണം ശേഖരിക്കുകയും ഒപ്പം ഗോത്രത്തെ സംരക്ഷിക്കുകയും ചെയ്തു. സ്ത്രീകളുടെ ഗർഭകാലത്ത് ഈ സംരക്ഷണം അനിവാര്യവുമായിരുന്നു. എന്നാൽ കൃഷിയും ഉത്പാദനവും തൊഴിൽ വിഭജനവും ആരംഭിക്കുകയും അടിമത്തം എന്ന വർഗാധിഷ്ഠിത സമൂഹങ്ങൾ രൂപം കൊള്ളുകയും ചെയ്തതോടെ സ്ത്രീ എന്നെന്നേക്കുമായി രണ്ടാം സ്ഥാനത്തേക്ക് മാറ്റിനിർത്തപ്പെട്ടു. വർഗസമൂഹങ്ങൾ ( അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം) സ്ത്രീ -പുരുഷവിവേചനങ്ങളുടെയും സ്ത്രീകൾക്കുമേലുള്ള പുരുഷാധിപത്യത്തിന്റെയും ദൃശ്യങ്ങൾക്ക് സാക്ഷിയായി. എന്തായിരുന്നു സ്ത്രീ എന്ന സ്വത്വം അടുക്കളയിലേക്ക് ഒതുങ്ങിപ്പോയതിന്റെ ചരിത്രപരമായ സാഹചര്യം..? ഇത് മനസിലാക്കാൻ മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം കൂടുതൽ ചികഞ്ഞു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

***********************************************************************

                                സ്ത്രീസമൂഹത്തിന്റെ സാമൂഹ്യമായ പാർശ്വവത്കരണത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് അധ്വാനത്തിലധിഷ്ഠിതമായ സാമൂഹ്യജീവിതത്തിലേക്ക് മനുഷ്യൻ കടക്കുന്നതോടെയാണ്. പ്രാകൃതകമ്മ്യൂണിസത്തിലെ വൈരുധ്യങ്ങൾ അതിനെ തകർക്കുകയും അടിമത്തം എന്ന ചരിത്രത്തിലെ ആദ്യത്തെ വർഗസമൂഹം രൂപം കൊള്ളുകയും ചെയ്തുവല്ലോ.. കൃഷി, മൃഗസംരക്ഷണം തുടങ്ങി കാർഷികമേഖലയുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലേക്ക് മനുഷ്യൻ കടക്കാനാരംഭിച്ചതോടെ സ്ത്രീപുരുഷവ്യത്യാസങ്ങൾ സമൂഹത്തിൽ പ്രകടമായിത്തുടങ്ങി. അവർക്കിടയിലെ ശാരീരികമായ വ്യത്യാസങ്ങൾ തൊഴിലിലും പ്രതിഫലിച്ചു. സ്ത്രീകൾ ചെയ്യേണ്ടത് ,പുരുഷൻ ചെയ്യേണ്ടത് എന്നിങ്ങനെ തൊഴിലുകളിൽ വിഭജനം രൂപപ്പെട്ടു. സമൂഹത്തിലെ ഭാരിച്ച അധ്വാനപ്രക്രിയകളിൽ പുരുഷന്മാർ ഏർപ്പെട്ടപ്പോൾ സ്ത്രീകൾ വീടുകളിൽ ഒതുങ്ങി.

                                അടിമത്തത്തിനു മുൻപ് ഗോത്രങ്ങളായിരുന്നുവല്ലോ. സ്വകാര്യസ്വത്ത് ആവിർഭവിച്ചതോടെ പുരുഷൻ ഗോത്രത്തെ സംരക്ഷിക്കുന്നതോടൊപ്പം സ്വത്തുക്കളുടെ ഉടമസ്ഥതയും ഏറ്റെടുത്തു. ഗോത്രയുദ്ധങ്ങളിൽ തോൽക്കുന്നവരെ അടിമകളാക്കി. ഉടമകൾ എന്ന ന്യൂനപക്ഷം പുരുഷഅടിമകളെ ഉപയോഗിച്ച് കടുത്ത ജോലികൾ ചെയ്യിച്ചപ്പോൾ ശാരീരികബലത്തിലും സാമൂഹ്യമായും രണ്ടാം തരക്കാരായ സ്ത്രീകളെ ലൈംഗികഅടിമകളാക്കി. പൂർണമായും പുരുഷമേധാവിത്തത്തിന്റെ സ്ഥാപനം കൂടിയായിരുന്നു അടിമത്തവ്യവസ്ഥിതി. ഭരണകൂടം, മതം, സംസ്കാരം തുടങ്ങിയ ബൗദ്ധികഘടകങ്ങൾ ഈ അവസ്ഥയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. സ്ത്രീ വെറും അടിമയായും ലൈംഗികവസ്തുവായും അധഃപതിച്ചു.

                                അടിമകൾ പിൽക്കാലത്ത് സ്വതന്ത്രരായെങ്കിലും ഈ പുരുഷമേധാവിത്തം തുടർന്നുപോന്നു. ഫ്യൂഡലിസ്റ്റ് ശക്തികളും മതപുരാണങ്ങളുടെ കൂടി സഹായത്തോടെ സ്ത്രീയെ അടുക്കളയിൽ ഒതുക്കിനിർത്തി. മുതലാളിത്തസമൂഹത്തിലും ഇത് തന്നെ തുടർന്നുപോകുന്നു. കലാമാധ്യമങ്ങളിൽ സ്വന്തമായ ഒരു ഐഡിന്റിയില്ലാതെ പ്രേക്ഷകരിൽ ലൈംഗികാകർഷണം ചെലുത്താനുള്ള വിപണിവസ്തുവായും പുരുഷത്തൊഴിലാളിയേക്കാൾ കൂടുതൽ ചൂഷണം സ്ത്രീക്കുമേൽ അടിച്ചേൽപ്പിക്കുന്നതിലൂടെ  ലാഭം വർധിപ്പിക്കാനുള്ള മാർഗമായും സ്ത്രീ മുതലാളിവർഗത്തിന്റെ ചൂഷണത്തിന് വിധേയമാകുന്നുവെന്ന് മാത്രമല്ല ,തൊഴിലാളിവർഗത്തിൽ തന്നെ രണ്ടാം തരക്കാരായി ഒതുങ്ങിക്കൂടുന്നു. വസ്തുവത്കരിക്കപ്പെടുന്നു..
                                           
********************************************************************

                                ഒരു സമൂഹത്തിന്റെ പുരോഗതി എത്രയുണ്ടെന്ന് അളക്കണമെങ്കിൽ ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ അറിഞ്ഞാൽ മതിയെന്ന് കാൾ മാർക്സ് ഒരിക്കൽ പറഞ്ഞു. സ്ത്രീവിമോചനപ്പോരാട്ടങ്ങളും സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ ഭാഗമാകണമെന്ന് ലെനിനും പ്രസ്താവിച്ചു. ഗാർഹികാധ്വാനവും പൊതുഅധ്വാനഭാരവും ഒന്നിച്ച് പേറുന്ന ഒരു സ്ത്രീയുടെ നേരെ കണ്ണുതുറക്കാതിരിക്കാൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ല. 19ാം നൂറ്റാണ്ടിൽ യൂറോപ്പിലെ തൊഴിലാളിവർഗപ്പോരാട്ടങ്ങളിൽ വനിതാപ്രസ്ഥാനങ്ങളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. മാർക്സിന്റെ മകളായ എലിനോർ മാർക്സ് ലണ്ടനിലെ ട്രേഡ് യൂണിയനുകളിലും വനിതാപ്രസ്ഥാനങ്ങളിലും സജീവപ്രവർത്തകയായിരുന്നു. 1888ൽ ലണ്ടനിലെ സ്ത്രീത്തൊഴിലാളികൾ നടത്തിയ മാർച്ചും കൂലിയിലെ ലിംഗവിവേചനത്തിനെതിരെ നടത്തിയ സമരങ്ങളും ഇതിന് ഉദാഹരണമാണ്.

                                 റഷ്യയിലെ ഒക്ടോബർ വിപ്ലവകാലത്ത് ബോൾഷെവിക്കുകളും 1912 മുതൽ സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തി. മാർച്ച് 8ൽ അന്താരാഷ്ട്ര വനിതാദിനത്തിൽ അവർ വലിയ സമ്മേളനങ്ങളും റാലികളും സംഘടിപ്പിച്ചു. ബൂർഷ്വാസ്ത്രീ വിമോചനപ്രസ്ഥാനങ്ങളിൽ നടത്തിവന്ന പ്രവർത്തനങ്ങളെ ബഹിഷ്കരിച്ച് 1905  മുതൽ വനിതകളെ വൻതോതിൽ തൊഴിലാളിവർഗ വിപ്ലവവുമായി വിശാലമായ അർത്ഥത്തിൽ കൂട്ടിയിണക്കി. ലിംഗവിവേചനത്തിനെതിരെ സമരങ്ങളുയർത്തി. ഒന്നാം ലോകയുദ്ധകാലത്ത് ഫാക്ടറിത്തൊഴിലാളികളുടെ 1/3 ഭാഗവും വനിതകളായിരുന്നു.

                                സോവിയറ്റ് വിപ്ലവാനന്തരം ലിംഗസമത്വത്തിനായുള്ള പരിപാടികളും കമ്മ്യൂണിസ്റ്റ് സർക്കാർ ആവിഷ്കരിച്ചു. വീട്ടിലെ സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കുക, അവരെ കൂടുതൽ സ്വതന്ത്രരാക്കുക, സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ഉത്പാദനമേഖലയിൽ അവരെ പങ്കെടുപ്പിക്കുക തുടങ്ങിയവ പാർട്ടി തങ്ങളുടെ ലക്ഷ്യങ്ങളായി കണ്ടു. കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം, ജനങ്ങൾക്ക് പൊതുഭക്ഷണശാല, അലക്കുകമ്പനികൾ, ഡേ കെയർ സെന്ററുകൾ ,നഴ്സറികൾ തുടങ്ങിയവ സ്ഥാപിച്ചു. ഇതിലൂടെ സ്ത്രീകളുടെ വീട്ടിലെ അധ്വാനഭാരം കുറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടണമെന്ന് ട്രോട്സ്കി വാദിച്ചു.

                                തുല്യജോലിക്ക് തുല്യവേതനം, സ്ത്രീകൾക്ക് രാത്രി ജോലി ഒഴിവാക്കൽ, പ്രസവാവധി, കുടുംബക്ഷേമപദ്ധതികൾ, ശിശുക്ഷേമ പരിപാടികൾ etc നടപ്പിലായി. 1920കളോടെ ഗർഭഛിദ്രം നിയമവിധേയമാക്കിയതും വിവാഹമോചനം കൂടുതൽ ലളിതമാക്കിയതും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്യ്രം നൽകി. സ്ത്രീകളെ ചൂഷണം ചെയ്ത് വേശ്യാലയങ്ങൾ നടത്തി വരുമാനം പറ്റുന്ന മുതലാളിമാരെ അറസ്റ്റ് ചെയ്തു. ജീവിക്കാൻ നിവൃത്തിയില്ലാതെ വേശ്യാവൃത്തിക്കിറങ്ങിയ വനിതകൾക്ക് മറ്റ് തൊഴിലവസരങ്ങളും പരിശീലനങ്ങളും നൽകി. കുട്ടികളെ പ്രസവിക്കുന്നവർ ,കിടപ്പറയിലെ പുരുഷന്റേ സ്വത്ത് തുടങ്ങിയ വിശേഷണങ്ങളിൽ നിന്നും യഥാർത്ഥ സമൂഹജീവികളായി സ്ത്രീകൾ മാറി.

                                എന്നാൽ സ്റ്റാലിന്റേ വരവോടെ സ്ഥിതിയാകെ മാറി. സ്ത്രീവിമോചനം എന്ന സങ്കൽപത്തിൽ തന്നെ വെള്ളം ചേർക്കുകയാണ് അദ്ദേഹം ചെയ്തത്. ഗർബഛിദ്രം നിയമവിരുദ്ധമാക്കുക, വേശ്യാലയങ്ങൾ നടത്തുന്ന ബ്രോക്കർമാർക്കു പകരം ഗതികേടു കൊണ്ട് ഇതിൽ പെട്ടുപോയ വേശ്യകളെ തന്നെ അറസ്റ്റ് ചെയ്യുക, സ്ത്രീകളെ പഴയ അടുക്കളജീവിതത്തിലേക്ക് മടക്കിയയ്ക്കുക തുടങ്ങിയ മുമ്പുള്ളതിൽ നിന്നും വിപരീതമായ നയങ്ങളായിരുന്നു സ്റ്റാലിന്റേത്. ട്രോട്സ്കി ഇതിനെ ശക്തിമായി എതിർത്തു.
സ്റ്റാലിനു ശേഷം സ്ത്രീകൾക്ക് കുറച്ച് സ്വാതന്ത്യ്രമൊക്കെ അനുവദിക്കപ്പെട്ടെങ്കിലും ലെനിന്റെ കാലത്തുണ്ടായ പുരോഗമനപരമായ സ്ത്രീമുന്നേറ്റങ്ങൾ പിന്നീടുണ്ടായില്ല. സോവിയറ്റ് റഷ്യ തകർന്നതോടെ വനിതകൾ പഴയ അടുക്കളച്ചുവരുകളിലേക്ക് തന്നെ ഒതുങ്ങി. ദാരിദ്യ്രം വർധിച്ചു. റഷ്യയുടെ തകർച്ചയ്ക്കു ശേഷം ഏതാനും വർഷങ്ങളിൽ അവിടെ വേശ്യാലയങ്ങളുടെ എണ്ണം കൂടിയെന്നും കണക്കുകൾ കാണിക്കുന്നു. മുതലാളിത്തസമൂഹത്തിലും ഈ ദുരിതങ്ങൾ വർധിക്കുന്നു.

********************************************************************

                                സമൂഹത്തിലെ സ്ത്രീവർഗത്തിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള പിൻവാങ്ങലിന് മനുഷ്യന്റെ അധ്വാനത്തിലധിഷ്ഠിതമായ ഉത്പാദനവ്യവസ്ഥയും വർഗസമൂഹത്തിലേക്കുള്ള സമൂഹത്തിന്റെ പരിണാമവും ഒക്കെയായി നല്ല ബന്ധമുണ്ടെന്ന് മുൻലേഖനങ്ങളിൽ വ്യക്തമായിക്കഴിഞ്ഞു. മുതലാളിത്തത്തിൽ മാത്രമല്ല എല്ലാവർഗവ്യവസ്ഥിതികളിലും (അടിമത്തം, ഫ്യൂഡലിസം) സ്ത്രീകൾ വിവേചനം നേരിടുന്നു. എങ്കിലും വർഗവ്യവസ്ഥിതികളിൽ എന്ന പോലെ സ്ത്രീകളുടെ അവസ്ഥയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പുരോഗമനവും പരിഷ്കരണവും ഒക്കെ കാണാനാവും. സ്തീകൾക്ക് മാറുമറയ്ക്കാനാവാത്തഅങ്ങേയറ്റം  ദുഷിച്ച ഫ്യൂഡൽ- ജാതിവ്യവസ്ഥയിൽ നിന്നും  നാം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്.

                                മാർക്സ് സ്ത്രീകൾക്കു മേലുള്ള ചൂഷണത്തെ കുടുംബവ്യവസ്ഥയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. മുതലാളിത്തത്തിൽ കുമിഞ്ഞുകൂടുന്ന സ്വത്ത് തലമുറകളിലൂടെ കൈമാറാനും ആ അസമത്വവും പണത്തിന്റെ കേന്ദ്രീകരണവും ചൂഷണവും കാലങ്ങളോളം നിലനിർത്താനും മുതലാളിത്തത്തെ പ്രാപ്തമാക്കുന്നത് ഈ കുടുംബവ്യവസ്ഥയാണ്. കുടുംബത്തിന്റെ അടിത്തറയാവട്ടെ, വിവാഹവും ദാമ്പത്യബന്ധവും.. വിവാഹം എന്നത് മാനസികമായ ഒരു ബന്ധനത്തേക്കാളുപരി ഇന്ന് സ്ത്രീക്കുമേലുള്ള പുരുഷന്റെ ലൈസൻസായി മാറുന്നു. വിവാഹങ്ങളുടെ  കാരണം തന്നെ പണത്തിലും സ്വത്തിലും അധിഷ്ഠിതമായ സ്വാർത്ഥമോഹങ്ങളാകുന്നു. നമ്മുടെ നാട്ടിൽ തന്നെ സ്ത്രീധനവും ജാതിമതപശ്ചാത്തലവും ജാതകവുമൊക്കെയാണ് വിവാഹങ്ങളെ സാധൂകരിക്കുന്നത്. 

                                വിവാഹം , ദാമ്പത്യം തുടങ്ങിയ പവിത്രമായ മാനുഷികബന്ധങ്ങളിൽ പോലും ധനത്തിന്റെ മേമ്പൊടിയേകുന്നത് മുതലാളിത്തസമൂഹത്തിൽ അനിവാര്യമാണ്. കാരണം മുതലാളിത്തത്തിൽ എല്ലാം തീരുമാനിക്കുന്നത് പ്രൈസ് ടാഗുകളാണ്.. ജനാധിപത്യവും രാഷ്ട്രീയവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും മുതൽ മനുഷ്യർ തമ്മിലെ സ്നേഹബന്ധങ്ങൾ പോലും തീരുമാനിക്കുന്നത് ഭൗതികമായ ചരക്കുകളെയോ സമ്പത്തിനെയോ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലെങ്കിൽ സമൂഹം അങ്ങനെ ധരിച്ചിരിക്കുന്നു. ഭർത്താവിന് ഭാര്യയോടുള്ള പ്രണയത്തെ  പ്രതിനിധീകരിക്കുന്നത് അയാൾ വാങ്ങിക്കൊടുക്കുന്ന ഡയമണ്ട് നെക്ലെയ്സാണെന്ന് ആഭരണപ്പരസ്യം പഠിപ്പിക്കുന്നതു പോലെ.

                                സ്ത്രീകളും കുട്ടികളും മുതലാളിത്തത്തിന്റെ ചൂഷണം പതിന്മടങ്ങ് നേരിടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ശമ്പളത്തിൽ വിവേചനം കാട്ടിയും പെൻസിലെടുക്കേണ്ട കുരുന്നുകൈകളെ ഉപയോഗിച്ച് കടുത്ത ജോലികൾ ചെയ്യിച്ചും മുതലാളിവർഗത്തിന് തങ്ങളുടെ ചൂഷണവും മിച്ചമൂല്യവും പതിന്മടങ്ങ് വർധിപ്പിക്കാമെന്ന് മാർക്സ് മൂലധനത്തിൽ വിവരിക്കുന്നു. കൂലിയിലെ ലിംഗവിവേചനവും ബാലവേലയും ഇന്നത്തെ യാഥാർത്ഥ്യങ്ങളാണ്.  ബാലവേലയെ മാർക്സ് ക്രൂരതയെന്നാണ് വിളിച്ചത്. സ്ത്രീകൾക്കെതിരായ ആൺകോയ്മയുടെ ഗുണഭോക്താക്കൾ മുതലാളിവർഗം കൂടിയാണ്. സംശയമില്ല.

                                 തൊഴിലാളികളുടെ ഒരു കരുതൽസേനയായും മുതലാളിത്തം സ്ത്രീകളെ ഉപയോഗിക്കുന്നു. ലോകമഹായുദ്ധങ്ങൾ നടന്നപ്പോൾ തൊഴിലാളികളായ പുരുഷന്മാർ വരെ  സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് യുദ്ധമുഖത്തേക്ക് ചലിച്ചു. ഇക്കാലയളവിൽ ഫാക്ടറികളിൽ ലക്ഷക്കണക്കിന്  സ്ത്രീകളാണ്  പകരം നിയോഗിക്കപ്പെട്ടത്. വ്യവസായരംഗത്തെ തൊഴിലാളികളുടെ മൂന്നിലൊന്നും സ്ത്രീകളായിരുന്നു. യുദ്ധത്തിനും ഭരണകൂടത്തിനുമെതിരെ അവർ വൻതോതിൽ പ്രക്ഷോഭം നടത്തി. വീട്ടിലും പണിശാലയിലുമായി ഇരട്ടിഅധ്വാനഭാരമാണ് അവർക്ക് സഹിക്കേണ്ടിവന്നത്.

                                  ഇന്നും  തൊഴിലില്ലാത്ത ജനവിഭാഗങ്ങളിൽ നല്ലൊരു പങ്കും സ്ത്രീകളാണ്. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അടങ്ങുന്ന ഈ വമ്പിച്ച തൊഴിലില്ലാപ്പട ഒരു അനുഗ്രഹം കൂടിയാണെന്ന് മുമ്‌പ് വിശദീകരിച്ചതുമാണ്.  സമൂഹത്തിലെ സ്ത്രീകളുടെ പാർശ്വവത്കരണവും മുതലാളിത്തവ്യവസ്ഥയുമായുള്ള ബന്ധം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കൂടാതെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും സ്ത്രീവിമോചനപ്പോരാട്ടങ്ങളും തമ്മിലെ ആശയപരമായ ബന്ധവും സഹവർത്തിത്വവും തിരിച്ചറിയുമ്പോഴേ ഫെമിനിസം എന്ന ആശയം അർത്ഥപൂർണമാകൂ..

***************************************************************************

                                സ്ത്രീവിമോചനവിഷയങ്ങളിൽ മാർക്സിസത്തിന് എന്ത് കാര്യം എന്ന ചിന്തയ്ക്കുള്ള ഉത്തരം കൂടിയാണ് സോഷ്യലിസം.. സാമ്പത്തികവും സാമൂഹ്യവുമായ സമത്വം മാത്രമല്ല, ലിംഗപരമായ സമത്വവും അതിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് സ്ത്രീവിമോചനപ്പോരാട്ടവും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമാകണം എന്നു പറയുന്നത്..? ലെനിൻ ഒരിക്കൽ പറഞ്ഞ ഒരു വാചകമുണ്ട്.. ''ഓരോ കമ്മ്യൂണിസ്റ്റിന്റെയും തൊലിക്കടിയിൽ ഒരു സംസ്കാരശൂന്യനുണ്ട്.'' തൊഴിലാളിവർഗത്തിൽ പോലും സ്ത്രീപുരുഷഭിന്നതകൾ കണ്ടുവരുന്ന അനാരോഗ്യകരമായ പ്രവണതയെ മുൻനിർത്തിയാണ് ലെനിൻ ഇത് പറഞ്ഞത്. പുരുഷനായ തൊഴിലാളി അവന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ മറ്റ് സ്ത്രീകളോ കാട്ടുന്ന ലിംഗപരമായ ആധിപത്യസ്വഭാവം സംസ്കാരശൂന്യത തന്നെയാണ്.

                                ഏതൊരു സ്ത്രീയും ഒരു തൊഴിലാളി കൂടിയാണ്. ഗൃഹത്തിലും ഫാക്ടറിയിലും അവൾ പണിയെടുക്കുന്നു. ഭർത്താവിനു വേണ്ടിയും മക്കൾക്കു വേണ്ടിയും അവൾ ചോര നീരാക്കുന്നു. ഇങ്ങനെ ഇരട്ടിഅധ്വാനഭാരം പേറുന്ന ഒരു സ്ത്രീക്കു നേരെ കണ്ണടയ്ക്കാൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന് കഴിയില്ലെന്ന് ലെനിൻ പറഞ്ഞു. സ്ത്രീകളുടെ അടിമത്തം എന്നത് ലിംഗപരമായ വിഷയം മാത്രമല്ല.. അതിന് സാമൂഹ്യവും സാമ്പത്തികവുമായ മാനങ്ങളുണ്ട്. വിവാഹം, ഗാർഹികാധ്വാനം, പ്രസവം തുടങ്ങിയവ സ്ത്രീകളുടെ കടമകളായി മാറുന്നു. അങ്ങനെയുള്ള സ്ത്രീകൾ 'അടക്കവും ഒതുക്കവും' ഉള്ളവരായും മറിച്ച് യാതൊരു ബന്ധനങ്ങളുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കുന്നവൾ തന്റേടിയുമാകുന്നു. തന്റേതായ ഇടം കണ്ടെത്തുന്നവരാണല്ലോ 'തന്റേടക്കാർ'.. എന്നാൽ അത്തരം സ്വാതന്ത്യ്രം അനുഭവിക്കാൻ എത്ര സ്ത്രീകൾക്ക് കഴിയുന്നുണ്ട്..?

                                മുതലാളിത്തം പോലും സ്ത്രീയെ വസ്തുവത്ക്കരിക്കുകയാണ് ചെയ്യുന്നത്. സിനിമയിലും പരസ്യങ്ങളിലും  സ്ത്രീകൾ ലൈംഗികോപകരണങ്ങൾ മാത്രമാണ്.. നായകന്റെ വീരത്വം പ്രേക്ഷകനിലെത്തിക്കാനുള്ള ഉപാധിയായി പെണ്ണ് മാറുന്നു. സ്ത്രീകേന്ദ്രീകൃതമായ , സ്ത്രീയുടെ താത്പര്യങ്ങൾക്കും വികാരങ്ങൾക്കും അവളുടെ ഐഡന്റിറ്റിക്കും പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ ചുരുക്കം.. ചിലതിൽ അവൾ പ്രേക്ഷകരെ ആകർഷിക്കാനുള്ള ലൈംഗികോപാധി മാത്രവും. പരസ്യങ്ങളിൽ പോലും അഴകും ആകർഷകത്വവുമുള്ള സ്ത്രീകൾ ഉത്പന്നങ്ങളുടെ പശ്ചാത്തലത്തിലെത്തുന്നു. സ്ത്രീയെ മുതലാളിത്തം ചരക്കുവത്കരിക്കുന്നതിന് സിനിമയും പരസ്യവും മാത്രമല്ല, പെൺവാണിഭം പോലുള്ള മാഫിയപ്രവർത്തനങ്ങളും ഉദാഹരണം. സ്ത്രീയുടെ ലൈംഗികത വിറ്റ് കാശാക്കുന്ന മുതലാളിമാർ തടിച്ചുകൊഴുക്കുന്നു. പിഞ്ചുബാലികമാർ പോലും പണമുള്ളവന്റെ കിടപ്പറയിലെത്തിച്ചേരുന്നു. ദാരിദ്യ്രവും തൊഴിലില്ലായ്മയും പട്ടിണിയും ഒക്കെ കൊടികുത്തിവാഴുന്ന പുഴുക്കുത്തേറ്റ ചൂഷണത്മകവ്യവസ്ഥിതിയിൽ ഇൗ ജോലി മാത്രമേ തനിക്ക് പോംവഴിയായി മുന്നിലുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഒരു സ്ത്രീ ഗതികേടുകൊണ്ട് സ്വന്തം മാനം വിൽക്കാൻ തയ്യാറാകുന്നതിനെ ആർക്ക് കുറ്റം പറയാനാവും.. അവൾ പെൺവാണിഭമാഫിയകളുടെ ചൂഷണത്തിന് നിന്നു കൊടുത്താലും അത്ഭുതമില്ല. ഇതാണ് ഇന്നത്തെ ലോകയാഥാർത്ഥ്യം..

                                സ്ത്രീസുരക്ഷ എന്ന പദം പോലും തെറ്റാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കിയ സമൂഹമല്ല, സ്ത്രീസുരക്ഷ ആവശ്യമില്ലാത്ത പരിഷ്കൃത സമൂഹമാണ് നമുക്കാവശ്യം. (പുരുഷസുരക്ഷ എന്നാരും പറയാറില്ലല്ലോ..). സ്വാതന്ത്യ്രത്തിന് വിലക്കിടുന്ന സദാചാരങ്ങളും പുരുഷാധിപത്യമനോഭാവവും ഇല്ലാതാകണം. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗത്തിൽ പോലും ഈ സ്ത്രീവിവേചനം നിലനിൽക്കുന്നുണ്ട്. പകൽ മുഴുവൻ പണിയെടുത്ത് തളർന്നു വരുന്നവനും പണിയില്ലാതെ മനസുമടുത്ത് വീട്ടിലെത്തുന്നവനും തന്റെ ദേഷ്യവും സങ്കടവും തീർക്കുക അവന്റെ ഭാര്യയോടായിരിക്കും. സ്ത്രീപുരുഷസമത്വം എന്ന മൂല്യം തൊഴിലാളിവർഗത്തിന്റെ സോഷ്യലിസ്റ്റ് ചിന്തകളുടെ ഭാഗമായാൽ , സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ലാതെ ഒരുമിച്ച് ചൂഷണവിരുദ്ധ- തൊഴിലാളീപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയാൽ അത് തൊഴിലാളിവർഗചൂഷണത്തിനു മാത്രമല്ല അറുതി വരുത്തുക.. സമൂഹത്തിലെ സ്ത്രീവിരുദ്ധചിന്തകൾക്ക് കൂടിയാവും.. എന്താണ് സ്ത്രീവിമോചനത്തിനുള്ള സോഷ്യലിസ്റ്റ് മാർഗങ്ങൾ..? അത്തരം കാര്യങ്ങൾ അവസാനത്തെ  ലേഖനത്തിൽ..
           
**********************************************************************
                                സ്ത്രീവിമോചനപ്പോരാട്ടം സോഷ്യലിസ്റ്‌റ് പ്രസ്ഥാനങ്ങളുടെ ഭാഗമാകേണ്ടതാണ്. സ്ത്രീപുരുഷസമത്വം
യാഥാർത്ഥ്യമാകേണ്ടത് തൊഴിലാളിവർഗപ്പോരാട്ടങ്ങളിലൂടെ തന്നെയാണ്. മുതലാളിത്തചൂഷണത്തിനും കുത്തഴിഞ്ഞ സാമൂഹ്യവ്യവസ്ഥിതിയ്ക്കുമെതിരെ ഒരേ ദിശയിൽ ഒരേ മനസോടെ നീങ്ങുന്ന തൊഴിലാളിവർഗത്തിൽ ഈ ലിംഗസമത്വബോധവും ഉണ്ടാകണം. സ്ത്രീകളുടെ അർപണബോധത്തിനും സമരരംഗത്തെ അവരുടെ ധീരതയ്ക്കും വിപ്ലവവീര്യത്തിനും മാർക്സ് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

                                ട്രേഡ് യൂണിയനുകളിലും വിപ്ലവപ്രസ്ഥാനങ്ങളിലും തുല്യഅവകാശ ബോധത്തോടെയും പ്രതിബദ്ധതയോടെയും സ്ത്രീകളും ശക്തമായ സ്വാധീനം ചെലുത്തണം. യാതൊരു വിധ വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാത്ത സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റം തൊഴിലാളിവർഗത്തിൽ തന്നെയുള്ള പുരുഷാധിപത്യപ്രവണതകളെ ഇല്ലാതാക്കുന്നതും കൂടിയാവണം.

                                  സ്ത്രീകളും വ്യവസായശാലകളിലും മറ്റും തൊഴിലാളികളാകുന്നതിനെ മാർക്സിസം പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും സമൂഹത്തിലെ ഉത്പാദനപ്രക്രിയകളിൽ ഒരു പോലെ പങ്കാളികളാകണം. ഇത് അവർ തമ്മിലെ വേർതിരിവ് ഇല്ലാതാക്കുകയും ഇരുവിഭാഗങ്ങളിലും ഒരേ മനസ്ഥിതി സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം മുന്നേറ്റങ്ങൾ സ്ത്രീകളെ ഒരു സാമൂഹ്യജീവി എന്ന നിലയിൽ പുരുഷനോടൊപ്പം ഉയർത്തിക്കൊണ്ടുവരാൻ കഴിയും. ഭരണരംഗത്തും സ്ത്രീപ്രാതിനിധ്യം വർധിക്കണം. തൊഴിലാളിവർഗത്തെ വർഗബോധത്തിലേക്കും സോഷ്യലിസ്റ്റ് ആശയങ്ങളിലേക്കും നയിക്കുന്ന പ്രവർത്തനത്തിൽ ലിംഗസമത്വത്തെ കുറിച്ചുള്ള ബോധവൽക്കരണവും പ്രധാനമാണ്.

                                കമ്മ്യൂണിസം എന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ആത്യന്തികമായ വിമോചനം തന്നെയാണ്. നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ ഇല്ലാതാകണം. സദാചാരബന്ധനങ്ങൾ ഇല്ലാതാകണം. വിവാഹം എന്നത് പെണ്ണിനെ പുരുഷൻ സ്വകാര്യസ്വത്താക്കുന്ന ഏർപാടാവരുത്‌. ഭാര്യ- ഭർത്താവ്, രക്ഷിതാവ് -സന്താനങ്ങൾ തുടങ്ങിയ ബന്ധങ്ങൾ ഊഷ്മളമാകണം. കരാറുകളോ, ആചാരങ്ങളോ  ,സ്വത്തോ ,പണമോ, താലിമാല പോലുള്ള ബിംബങ്ങളോ ആവരുത് ഇത്തരം സ്നേഹബന്ധങ്ങളുടെ അടിസ്ഥാനം..
മറിച്ച് നിസ്വാർത്ഥമായ സ്നേഹം മാത്രമാകണം.

                                സ്ത്രീ  എന്നാൽ പുരുഷനുപിന്നിൽ മുഖം മറച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടവളാണെന്നും ഭാര്യയെന്നാൽ പുരുഷനാൽ ഭരിക്കപ്പെടേണ്ടവളാണെന്നും അവൾ കിടപ്പറയിലെ ഉപകരണവും സമൂഹത്തിലെ രണ്ടാംകിടക്കാരും അശക്തരും ആണെന്നും ഒക്കെയുള്ള അധമചിന്തകളുടെ ഒരു കണികയെങ്കിലും വെച്ചുപുലർത്താൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ല. അത്തരം വലതുപക്ഷചിന്തകൾ കൊണ്ടുനടക്കുന്നയാൾ ഒരു കമ്മ്യൂണിസ്റ്റുമല്ല.. തീർച്ച..
   

എന്താണ് ട്രോട്സ്കിയിസം...?


                                (ഒരു സുഹൃത്തിന്റെ അഭ്യർത്ഥനപ്രകാരം എഴുതുന്ന ലേഖനം..)
1917ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിലെ മുൻനിരപ്പോരാളിയും ലെനിന്റെ വലംകൈയും ചെമ്പടയുടെ സ്ഥാപകനുമായ മാർക്സിയൻ ചിന്തകനാണ് ലിയോൺ ട്രോട്സ്കി. ട്രോട്സ്കിയുടെ മാർക്സിയൻ പരിപ്രേക്ഷ്യങ്ങളാണ് ട്രോട്സ്കിയിസം എന്ന് വ്യാപകമായി അറിയപ്പെടുന്നത്. എന്താണിതെന്ന് നോക്കാം. അടിസ്ഥാനപരമായി ലെനിന്റെ ആശയങ്ങളോട് വളരെയധികം സമാനത തന്നെയാണ് ട്രോട്സ്കിയിസത്തിനും ഉള്ളത്. എങ്കിലും ട്രോട്സ്കിയിസം ചർച്ച ചെയ്യപ്പെടുന്നത് സ്റ്റാലിനിസത്തോടുള്ള അതിന്റെ പ്രകടമായ ശത്രുത മുൻനിർത്തിയാണ്. ലെനിന്റെ സാമ്പത്തികനിർണയവാദത്തിൽ ഊന്നുന്ന ഓർത്തഡോക്സ് മാർക്സിസ്റ്റ് ആശയങ്ങളെ ട്രോട്സ്കി പുൽകുന്നു. തൊഴിലാളിവർഗത്തിന്റെ മുന്നണിപാർട്ടി, തൊഴിലാളിവർഗത്തിന്റെ സാർവദേശീയവിപ്ലവം, ആഗോള തൊഴിലാളിവർഗവിമോചനം, തൊഴിലാളിവർഗസർവാധിപത്യത്തിലൂടെ ആത്യന്തികമായ ജനാധിപത്യത്തിൽ എത്തിച്ചേരൽ തുടങ്ങിയ മാർക്സിയൻ ചിന്തകളെ ട്രോട്സ്കിയിസം പിന്തുടരുന്നു.


1) ശാശ്വത വിപ്ലവം (Permanent Revolution) - സ്റ്റാലിന്റെ ഏകരാഷ്ട്രസോഷ്യലിസത്തിന് വിരുദ്ധമാണിത്. സോഷ്യലിസം അതിവിദൂരമല്ല. അത് തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ സാർവദേശീയവിപ്ലവത്തിലൂടെ അടിയന്തിരമായി സ്ഥാപിക്കപ്പെടേണ്ടതാണ്. വിപ്ലവവും സോഷ്യലിസവും ഒരു രാജ്യത്തിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട് അവസാനിക്കേണ്ടതല്ല. ആഗോളതലത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നതുവരെ വിപ്ലവം സ്ഥിരമായും ശാശ്വതമായും തുടർന്നുകൊണ്ടേയിരിക്കണം. ഇതാണ് ശാശ്വതവിപ്ലവം എന്ന ട്രോട്സ്കിയ്സ്റ്റ് സങ്കൽപം.

2) ആഗോളസോഷ്യലിസം- സോഷ്യലിസം ഒരു രാജ്യത്ത് മാത്രം സംഭവിക്കേണ്ടതല്ല. അത് ആഗോളതലത്തിൽ രൂപം കൊള്ളണം. സാമ്പത്തികവ്യവസ്ഥ ആഗോളസ്വഭാവം ഉൾക്കൊള്ളുന്നതാണ്. ഒരു രാഷ്ട്രത്തിന് സ്വന്തമായി ഒരു സാമ്പത്തികവ്യവസ്ഥിതിയിൽ ഒതുങ്ങി ജീവിക്കാനാവില്ല. രാഷ്ട്രം ഒറ്റപ്പെട്ടാലും രാഷ്ട്രസാമ്പത്തിക വ്യവസ്ഥ ഒറ്റപ്പെട്ട് നിൽക്കില്ല. ആഗോളസമ്പദ് വ്യവസ്ഥയുടെ മാറ്റങ്ങൾ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വ്യവസ്ഥയെ സ്വാധീനിക്കും. രാഷ്ട്രസമ്പദ് വ്യവസ്ഥകൾ പരസ്പരം കൈകോർത്താണ് നിൽക്കുക. ഭൂമിശാസ്ത്രം ,ജനസംഖ്യ, വിഭവലഭ്യത തുടങ്ങിയ ഘടകങ്ങൾ രാഷ്ട്ര്ര സമ്പദ്വ്യവസ്ഥകളെ തമ്മിൽ വേർതിരിക്കുമെങ്കിലും പരസ്പരമുള്ള അവ തമ്മിലെ സ്വാധീനങ്ങൾ നിഷേധിക്കാനാവില്ല. അതിനാൽ മുതലാളിത്തലോക സാമ്പത്തികവ്യവസ്ഥയിലെ ഒറ്റപ്പെട്ട  സോഷ്യലിസ്റ്റ് രാജ്യം എന്നത് അസാധ്യമാണ്. ആഗോള സാമ്പത്തികം മൊത്തത്തിൽ സോഷ്യലിസത്തിലേക്ക് വഴിമാറണം.

3) ജനാധിപത്യത്തിന്റെ ആവശ്യകത- സോവിയറ്റ് യൂണിയനിലെ വർധിച്ച ഉദ്യോഗസ്ഥ മേധാവിത്തത്തെ ട്രോട്സ്കി എതിർത്തു. ഉത്പാദനശക്തികൾ ദേശസാൽക്കരിച്ചാൽ സോഷ്യലിസമാകില്ല. അവ ഉദ്യോഗസ്ഥനിയമാവലികളിൽ കുരുങ്ങി ഉപയോഗശൂന്യമാകുകയോ സർക്കാരിന്റെ കീഴിൽ കുത്തകവത്ക്കരിക്കപ്പെടുകയോ അല്ല വേണ്ടത്. തൊഴിലാളിവർഗത്തിന് വർധിച്ച അധികാരം ലഭിക്കണം. പാർട്ടി സ്വേഛാധിപത്യവും ബ്യൂറോക്രസിയും ഇല്ലാതാകണം. പാർട്ടിക്കകത്തും പുറത്തും ഇടതുപക്ഷആശയങ്ങളിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകണം. ജനാധിപത്യം വർധിക്കണം. ജനങ്ങളാണ് അധികാരികൾ.. ഏതാനും വ്യക്തികളല്ല.

4) ഫാസിസ്റ്റ് വിരുദ്ധത -ഹിറ്റ്ലറുമായി സ്റ്റാലിൻ ഉണ്ടാക്കിയ പ്രീണനസന്ധിയെ ട്രോട്സ്കി ശക്തമായി എതിർത്തു. ഫാസിസം മുതലാളിത്തോത്പന്നമാണ് . അതിനെതിരെ തൊഴിലാളിവർഗം സംഘടിക്കണം. സന്ധി ചേരുകയല്ല, മറിച്ച് ട്രേഡ് യൂണിയനുകൾ ചേർന്ന ഐക്യമുന്നണി രൂപീകരിച്ച് ഫാസിസത്തെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. 

ട്രോട്സ്കിയിസം മാർക്സിസത്തിന്റെ ഒരു പ്രായോഗികതലത്തിലുള്ള പരിപ്രേക്ഷ്യം കൂടിയാണ്. ഇന്നും ലോകത്ത് പലയിടത്തും പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലും മറ്റും ട്രോട്സ്കിയിസ്റ്റ് പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നു. ഇടതുപക്ഷമുന്നണികളുടെ ഭാഗമായും വിപ്ലവഗ്രൂപ്പുകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്..

2008 -ലോകസാമ്പത്തികമാന്ദ്യം


ഒമ്പത് വർഷങ്ങൾക്കുമുമ്പാണ് ലോകത്തെ പിടിച്ചുകുലുക്കിയ ആ ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയെന്ന വൻകിട മുതലാളിത്തരാജ്യം ഉദ്ഘാടനം ചെയ്ത സാമ്പത്തികമാന്ദ്യം ലോകമെമ്പാടും പടർന്നുപിടിച്ചു. 2007ൽ റിയൽ എസ്റ്റേറ്റിലുണ്ടായ പ്രതിസന്ധി സമസ്തമേഖലകളിലും വ്യാപിച്ചു. ചരിത്രത്തിലിന്നോളംമുതലാളിത്തത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. എന്തായിരുന്നു അതിന്റെ പശ്ചാത്തലം..? ലളിതമായി വിശദീകരിക്കാം..

സമൃദ്ധിയിലേക്ക് കുതിച്ചുകയറിയ മുതലാളിത്ത സമ്പദ് വ്യവസ്ഥ ആ വളർച്ച തുടർന്നും നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്നു. വർധിച്ച ഉത്പാദനം അങ്ങനെ തന്നെ നിലനിർത്തണമെങ്കിൽ ജനങ്ങളുടെ ഉപഭോഗശേഷിയും വർധിപ്പിക്കണമായിരുന്നു. അതിന് സാമ്പത്തികവിദഗ്ധർ കണ്ട പോംവഴി കടം നൽകി ജനങ്ങളെ സാധനം വാങ്ങാൻ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കൻ ബാങ്കുകൾ വായ്പകൾ സമൂഹത്തിലേക്ക് ഒഴുക്കി. ജനങ്ങൾ കടം വാങ്ങി ഉപഭോഗം വർധിപ്പിച്ചു. ഉപഭോഗം വർധിച്ചതോടെ കമ്പനികൾ ഉത്പാദനവും വർധിപ്പിക്കാനാരംഭിച്ചു. മൂലധനത്തിനു പുറമേ വായ്പകൾ കമ്പനികളും എടുത്തു. ഉത്പാദനവും ലാഭവും ഉപഭോഗവും ഓഹരിവിലകളും ഒക്കെ കുതിച്ചുയർന്നു. വിപണി സജീവമായി.

ചില ധനകാര്യസ്ഥാപനങ്ങൾ മറ്റ് കേന്ദങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വായ്പ നൽകി. വായ്പ നൽകുന്ന ബാങ്കുകൾ അവയുടെ കടപത്രം പുറത്തിറക്കാറുണ്ട്. ഇത് ഓഹരിവിപണിയിൽ ഒഴുകിനടക്കും. വ്യക്തികളും സ്ഥാപനങ്ങളും ഇവ വിപണനം നടത്തി ലാഭം വീർപ്പിക്കും. കടപത്രങ്ങൾക്ക് വിലയുണ്ടാകുന്നത് അതിലെ കടങ്ങൾ യഥാസമയം തിരിച്ചടയ്ക്കപ്പെടും എന്നുറപ്പുള്ളപ്പോൾ മാത്രമാണ് എന്ന വസ്തുത എല്ലാവരും മറന്നു. കടത്തിന്റെ കുമിള വീർത്തു. ജനങ്ങളുടെ വരുമാനച്ചുരുക്കത്തെ വായ്പ നൽകി മറികടന്നു എന്ന് സാരം. വിദേശസ്ഥാപനങ്ങളും യുഎസ് ബാങ്കുകളിലും കടപത്രങ്ങളിലും നിക്ഷേപങ്ങൾ നടത്തി.
വായ്പയെടുത്ത ജനങ്ങൾ അത് തിരിച്ചടയ്ക്കാൻ കൂടുതൽ വായ്പയെടുക്കേണ്ടി  വന്നു. അവർക്കതേ കഴിയുമായിരുന്നുള്ളൂ.

 വായ്പകളിൽ കൂടുതലും പാർപ്പിടവായ്പകളായിരുന്നു. കടപത്രങ്ങൾ, കടം വാങ്ങിയവരുടെ ഈട് തുടങ്ങിയവയെല്ലാം ഓഹരിവിപണിയിൽ വെറും നിക്ഷേപവസ്തുക്കളായി മാറി. ഈടില്ലാതെ വായ്പ നൽകുന്ന മഹാമനസ്കരായ ബാങ്കുകളും ഉണ്ടായിരുന്നു. വീട് എന്നത് വാസസ്ഥലം എന്നതിലുപരി ലാഭം കൊയ്യാനുള്ള ധനനിക്ഷേപ ആസ്തിയായി. വായ്പയെടുത്ത ജനലക്ഷങ്ങൾ വീടുകൾ വാങ്ങി. ഇത് കൂടുതൽ വിലയ്ക്ക് മറിച്ചുവിറ്റ് എല്ലാവരും പണം വാരി. റിയൽ എസ്റ്റേറ്റ് തടിച്ചുകൊഴുത്തു. ഒാരോ ഘട്ടം കഴിയുന്തോറും വീടുകളുടെ വില കുതിച്ചുയർന്നു. വീടുകളുടെ എണ്ണം പെരുകിയതോടെ വിലയിടിയുമെന്ന ഭയം ഉണ്ടായി. ഇതോടെ വീട് വാങ്ങിയവർ കിട്ടുന്ന വിലയ്ക്ക് വിറ്റ് തടിരക്ഷിക്കാനായി ശ്രമം.. അതുവരെ ചടുലമായി നിലനിന്ന സാമ്പത്തികവ്യവസ്ഥ അതിന്റെ അനിവാര്യമായ തകർച്ചയിലേക്ക് നീങ്ങി.

 വീടുകൾ വാങ്ങാൻ വന്നവർ വിസമ്മതം പ്രകടിപ്പിച്ചു. റിയൽ എസ്റ്റേറ്റിന്റെയും മറ്റ് സ്വത്തുക്കളുടെയും വിലയിടിഞ്ഞു. കടം തിരിച്ചടവ് മുടങ്ങി. ഈടുകളിലും കടപത്രങ്ങളിലും പണമിറക്കാൻ ആളുകൾക്ക് വിശ്വാസമില്ല. ബാങ്കുകളിലെ പണയവസ്തുക്കളുടെയും വിലയിടിഞ്ഞു. കിട്ടാക്കടം പെരുകാൻ തുടങ്ങിയതോടെ ബാങ്കുകൾ ഒന്നൊന്നായി പൂട്ടാൻ തുടങ്ങി. ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ ജപ്തി ചെയ്ത് പൂട്ടിയിട്ടു. ബാങ്ക് ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു. നിക്ഷേപങ്ങൾ നടത്തിയവരെല്ലാം പാപ്പരായി. ലെഹ്മാൻ ബ്രദേഴ്സ്, ബിയർ സ്റ്റേൺസ് തുടങ്ങിയ മൂലധനഭീമന്മാർ നിമിഷനേരം കൊണ്ട് പാപ്പരായി. കടം കൊടുത്ത് വർധിപ്പിക്കുന്ന ഉപഭോഗം വീഴ്ചയുടെ ആഘാതം വർധിപ്പിക്കുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ഉപഭോഗം കുറഞ്ഞതോടെ കമ്പനികൾ നഷ്ടത്തിലായി.

 അമിതോത്പാദനപ്രതിസന്ധി ഉടലെടുത്തു. ഓഹരിവില തകർച്ചയും ഉപഭോഗമാന്ദ്യവും രൂക്ഷമായി. കമ്പനികൾ ഉത്പാദനം കുറച്ചു. പലതും പൂട്ടി. തൊഴിലില്ലായ്മ റോക്കറ്റ് പോലെ കുതിച്ചുയർന്നു. ഇത് ദാരിദ്യ്രം വീണ്ടും വർധിപ്പിക്കുകയും ഉപഭോഗവും കടം തിരിച്ചടവും ഒരുപോലെ ഇടിയുകയും ചെയ്തു. തകർന്നടിഞ്ഞ വാൾസ്ട്രീറ്റ് ബാങ്കുകൾ സർക്കാർ തന്നെ ഏറ്റെടുത്തു. അമേരിക്കൻ ഓഹരികളിൽ നിക്ഷേപിച്ച വിദേശരാജ്യങ്ങളിലും മാന്ദ്യം വൈറസ് പോലെ പടർന്നുപിടിച്ചു.

അമേരിക്കൻ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ സാമ്പത്തികകുഴപ്പവും അത് സൃഷ്ടിച്ച ആഘാതങ്ങളും വിശദീകരിച്ചുവല്ലോ.. വമ്പിച്ച പ്രക്ഷോഭമാണ് പിന്നീടുള്ള നാളുകളിൽ അമേരിക്ക സാക്ഷ്യം വഹിച്ചത്. യുഎസ് ഓഹരിവിപണിയുടെ കേന്ദ്രബിന്ദുവായ വാൾസ്ട്രീറ്റ് സമരാനുകൂലികളെ കൊണ്ട് നിറഞ്ഞു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിൽ നടന്ന ഭരണവിരുദ്ധപ്രക്ഷോഭങ്ങളേക്കാൾ രൂക്ഷമായിരുന്നു അത്. എന്തായിരുന്നു മാന്ദ്യകാലത്തെ ജനങ്ങളുടെ അവസ്ഥ..? ഒരു ഭാഗത്ത് വാങ്ങാനാളില്ലാതെ ജപ്തി ചെയ്ത് പൂട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് വീടുകൾ.. മറുഭാഗത്ത് മൈതാനങ്ങളിലും പൊതുഇടങ്ങളിലും ടെന്റ് കെട്ടിയും മറ്റും വസിക്കുന്ന ലക്ഷോപലക്ഷം ഭവനരഹിതർ.. തൊഴിൽ നഷ്ടപ്പെട്ട് അലഞ്ഞു തിരിയുന്ന യുവാക്കൾ.. സ്കൂളുകൾ പൂട്ടിയതോടെ തെരുവിൽ പ്ലക്കാർഡുകളേന്തിയ വിദ്യാർത്ഥികൾ..

 ഇങ്ങനെ മാന്ദ്യം എല്ലാ വിഭാഗങ്ങളെയും കടന്നാക്രമിക്കുമ്പോൾ ബാങ്കുകളിലെ ഉന്നതമേധാവികളുടെ ഉയർന്ന ശമ്പളവും ധൂർത്തും ജനങ്ങളെ രോഷാകുലരാക്കി. ബാങ്കുകൾ വായ്പ നൽകുന്നത് കുറച്ചതും കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കിയതേ ഉള്ളൂ. പ്രസിഡന്റ് ബുഷ് ഒരു രക്ഷാപ്പാക്കേജ് പ്രഖ്യാപിച്ചു. എന്നാലിത് ബാങ്കുകളെ മാത്രം സഹായിക്കുന്നതായിരുന്നു. അവയ്ക്ക് ലഭിക്കാനുള്ള കിട്ടാക്കടങ്ങൾ സർക്കാർ നൽകി (വിലയില്ലാത്ത കടപ്പത്രങ്ങൾ വാങ്ങുക) ബാങ്കുകളെ മാത്രം കരകയറ്റുന്നു. എന്നാൽ ലോണെടുത്ത് തിരിച്ചടയ്ക്കാനാവാതെ തെരുവിലിറങ്ങിയവരെ ഒരു ബുഷും തിരിഞ്ഞുനോക്കിയില്ല. ബുഷിന്റെ രക്ഷാപ്പാക്കേജ് വലിയ ജനരോഷം ഉയർത്തി. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പാപ്പരായ ബാങ്കുകളെയും കോർപറേറ്റുകളെയും രക്ഷപ്പെടുത്തണ്ട എന്ന് സമൂഹം ശബ്ദമുയർത്തി. പണക്കാർക്ക് മാത്രം സോഷ്യലിസവും പാവപ്പെട്ടവർക്ക് മുതലാളിത്തവും (Socialism for the Rich, Capitalism for the Rest) എന്ന ആക്ഷേപം ഭരണകൂടത്തിനു നേരെ ഉയർന്നു.

 വിദ്യാർത്ഥികളും യുവാക്കളും വയോജനങ്ങളും പടുകൂറ്റൻ ബാനറുകളും പ്ലക്കാർഡുകളുമേന്തി ധനികർ മാത്രം വന്നുപോയിരുന്ന വാൾസ്ട്രീറ്റ് ബാങ്കുകൾക്കു മുന്നിൽ സംഘടിച്ചു. പോലീസുകാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഒടുവിൽ ഭരണപക്ഷവും പ്രതിപക്ഷവും ബുഷിന്റെ പാക്കേജിനെ തള്ളിപ്പറഞ്ഞു. പിന്നീട് സർക്കാർ കൊണ്ടുവന്ന രക്ഷാപ്പാക്കേജിൽ കടബാധ്യതയുള്ള സാധാരണക്കാരെ കൂടി ഉൾപെടുത്തുന്ന നടപടികളുണ്ടായി. ജനങ്ങൾക്കായി ക്ഷേമപദ്ധതികൾ രൂപീകരിച്ചു. നികുതിയിളവുകൾ നൽകി. എന്തിനേറെ പറയുന്നു.., ബാങ്കുകളുടെ ഓഹരികൾ പോലും സർക്കാർ വാങ്ങി അവയെ ദേശസാൽക്കരിച്ചു. മുതലാളിത്തഹുങ്കിന്റെ ഈറ്റില്ലമായ അമേരിക്കയിലും ബ്രിട്ടനിലും നടന്ന ബാങ്ക് ദേശസാൽക്കരണങ്ങൾ അവിടത്തെ നവലിബറൽപ്രേമികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ബജറ്റ് കമ്മിയും ഉയർന്നു. പൊതുജനക്ഷേമത്തിനായി സർക്കാർ ചെലവുകളും നിക്ഷേപങ്ങളും കൂട്ടി.

 സോഷ്യലിസത്തെ തള്ളിപ്പറഞ്ഞവർക്ക് മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ സോഷ്യലിസത്തെ തൽക്കാലത്തേക്കെങ്കിലും പുൽകേണ്ടിവന്നു. വെനസ്വേലൻ സോഷ്യലിസ്റ്റ് നേതാവും പ്രസിഡന്റുമായ ഹ്യൂഗോ ഷാവേസ് ജോർജ് ബുഷിനെ വിളിച്ചത് സഖാവ് ബുഷെന്നാണ്..!! യൂറോപ്പിലും യഥേഷ്ടം നടന്നുവന്നിരുന്ന സ്വകാര്യവത്ക്കരണങ്ങൾ നിലച്ചു. ജർമ്മൻ റെയിൽവേ സർക്കാർ ഏറ്റെടുത്തു. ലാറ്റിൻ അമേരിക്കയിലും ഇത് തന്നെ അവസ്ഥ. ഇത്തരം നടപടികൾ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തി. തകർന്നടിഞ്ഞ വിപണി കരകയറി. സോഷ്യലിസ്റ്റ് നയങ്ങളുടെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയത്തിലും വരുത്തിയ മാറ്റങ്ങൾ വലുതായിരുന്നു.


              

ലോകബാങ്ക്, IMF( അന്താരാഷ്ട്ര നാണയനിധി )- നവലിബറലിസത്തിന്റെ പുത്തൻമുഖങ്ങൾ..

                            

    

                                                     രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്യൻ കോളനികൾ വ്യാപകമായി സ്വതന്ത്രറിപ്പബ്ലിക്കുകളായി സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വം കോളനികളിൽ നിന്നും പിന്മാറുകയും രാജ്യങ്ങളിൽ തദ്ദേശഗവൺമെന്റുകൾ രൂപം കൊള്ളുകയും ചെയ്തു. കോളനിവത്കരണം ഒരു ചരിത്രം മാത്രമായി മാറി. പക്ഷേ അത് പുതിയൊരു തരം കോളനിവത്കരണത്തിന്റെ തുടക്കമായിരുന്നു. പഴയ രീതിയിൽ മൂന്നാം ലോകരാജ്യങ്ങളുടെ ആഭ്യന്തരരാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടുള്ള കോളനിവത്കരണം ഫലം ചെയ്യില്ലെന്ന് അമേരിക്കയടക്കം തിരിച്ചറിഞ്ഞു. സാമ്പത്തികമായി മറ്റ് രാജ്യങ്ങളെ കീഴ്പെടുത്തുക എന്ന അജണ്ട നടപ്പാക്കാനായി തങ്ങളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. ലോകബാങ്ക്, IMF ,എന്നിവ തന്നെ ഉദാഹരണം. അന്താരാഷ്ട്രതലത്തിൽ നിലകൊള്ളുന്ന സാമ്പത്തിക- ധനസഹായസ്ഥാപനങ്ങളായാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവ വാസ്തവത്തിൽ അമേരിക്കൻ നിയന്ത്രിത സ്ഥാപനങ്ങളാണ് എന്നു പറയുന്നതിലും തെറ്റ് പറയാനാവില്ല.

                                ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധി (IMF)യുടെയും മുഖ്യഓഹരിയുടമസ്ഥർ അമേരിക്കയാണ്. IMFൽ എന്തുതീരുമാനമെടുക്കാനും 80% ഓഹരിപിന്തുണ വേണം. യുഎസിന്റെ ഓഹരി 23 ശതമാനമാണ് IMFൽ. അതായത് മറ്റെല്ലാ രാജ്യങ്ങളും ഒന്നിച്ചുനിന്നാലും USന്റെ പിന്തുണയില്ലെങ്കിൽ അവിടെ യാതൊന്നും നടപ്പാവില്ലെന്നർത്ഥം. ജനാധിപത്യമല്ല ധനാധിപത്യമാണ് IMFനെ ഭരിക്കുന്നത്. ഇത് തന്നെയാണ് ലോകബാങ്കിന്റെ സ്ഥിതിയും. ലോകബാങ്ക് തലവനെ നോമിനേറ്റ് ചെയ്യുന്നത് US ആണ്. IMF തലവൻ യൂറോപ്പ്യനാണെങ്കിലും ഡെപ്യൂട്ടി മാനേജറും എല്ലാക്കാലത്തും US പൗരനാണ്. ഈ രണ്ട് സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളും USൽ തന്നെ- വാഷിംഗ്ടൺ. വിദേശവിനിമയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനായി രാജ്യങ്ങൾക്ക് താത്കാലികവായ്പകൾ നൽകുന്നത് IMF ആണ്. ലോകബാങ്ക് ഇതിനുപുറമേ ആഭ്യന്തരവികസനാവശ്യങ്ങൾക്ക് കൂടി രാഷ്ട്രങ്ങൾക്ക് വായ്പ നൽകുന്നു. നവഉദാരവത്കരണം ഈ സ്ഥാപനങ്ങളുടെ അടിസ്ഥാനനയമാണ്.

                                1980കളിൽ അവികസിതരാജ്യങ്ങളുടെ വിദേശകടം 7000 കോടിയിൽ നിന്ന് 50000കോടിയായി ഉയർന്നു. നവലിബറൽ നയങ്ങൾ ഇന്ത്യയുൾപെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ അവയെ കടുത്ത കടബാധ്യതയിലേക്ക് തള്ളിവിടുക എന്നത് ലോകബാങ്ക് ,IMF എന്നിവയുടെ തന്ത്രമായിരുന്നു. കുത്തക ബഹുരാഷ്ട്രക്കമ്പനികൾ ലാഭം വർധിപ്പിക്കാൻ അവികസിതരാജ്യങ്ങളിൽ നിന്നും ചുളുവിലയ്ക്ക് അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നു. തങ്ങളുടെ വിഭവങ്ങൾ  നിസാരവിലയ്ക്ക് കയറ്റുമതി നടത്തി  ചൂഷണത്തിന് വിധേയമാകുന്ന ഇത്തരം രാജ്യങ്ങൾ കടക്കെണിയിലാകുക സ്വാഭാവികമായിരുന്നു. കുത്തകഉത്പന്നങ്ങൾ വളരെ ഉയർന്ന വിലയ്ക്ക് ഇൗ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇത്തരം സാമ്രാജ്യത്വനയങ്ങൾ മൂന്നാം ലോകരാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.

                                എണ്ണവില ഉയർന്നപ്പോൾ ഭീമമായ തുക സമ്പാദിച്ച ഗൾഫ് രാജ്യങ്ങൾ പെട്രോ-ഡോളറായി അവ യുഎസ് ബാങ്കുകളിൽ നിക്ഷേപിച്ചു. ഇത് വായ്പയായി നൽകിയാലേ ബാങ്കുകൾക്കും നാണയനിധിക്കും ലാഭം ഉണ്ടാക്കാൻ കഴിയൂ. മറ്റ് രാജ്യങ്ങളിലേക്ക് വായ്പകൾ വാരിക്കോരി നൽകുന്നതിനു പിന്നിലെ ഉദ്ദ്യേശം ഇതായിരുന്നു. പലിശ പെരുകിപ്പെരുകി മൂന്നാംലോക രാജ്യങ്ങൾ കഷ്ടത്തിലായി. ഇതോടെ IMF ന്റെ നേതൃത്വത്തിൽ വായ്പകൾ റീഷെഡ്യൂൾ ചെയ്യുകയും കടത്തിലായ രാജ്യങ്ങൾക്ക് പുതിയ വായ്പ നൽകുകയും ചെയ്തു. ഇതിന് പകരമായി ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ അവരുടെ ആഭ്യന്തര സാമ്പത്തികനയങ്ങൾ തങ്ങൾ പറയുന്നതുപോലെ പൊളിച്ചെഴുതണമെന്ന് IMF നിഷ്കർഷിച്ചു. നവലിബറൽ നയങ്ങൾ നടപ്പാക്കിക്കൊണ്ട് ആഗോളവത്കരണത്തിന്റെ കണ്ണികളായി ലോകരാജ്യങ്ങൾ മാറണമെന്ന ലക്ഷ്യം നാണയനിധി നടപ്പാക്കി.

                                രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധിക്ക് മുഖ്യകാരണം കയറ്റുമതി ഇറക്കുമതിയെ അപേക്ഷിച്ച് ഇടിയുന്നതാണ്. ഇത് വിദേശവ്യാപാരക്കമ്മിയിലേക്ക് മൂന്നാം ലോകരാജ്യങ്ങളെ നയിക്കുന്നു. വിദേശവായ്പകൾ തിരിച്ചടയ്ക്കാൻ രാജ്യങ്ങൾക്ക് കഴിയണമെങ്കിൽ ആദ്യം കയറ്റുമതി വർധിപ്പിക്കണം. അവരാകട്ടെ ,നാണയമൂല്യം കുറയ്ക്കാനുള്ള തീരുമാനങ്ങൾ എടുത്തു. ഒരു രാജ്യത്തിന്റെ നാണയമൂല്യം കുറയുമ്പോൾ കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്യും. എന്നാൽ ഇറക്കുമതി കുറഞ്ഞില്ല. അവയെല്ലാം അത്യാവശ്യച്ചരക്കുകളായിരുന്നു എന്നതാണ് കാരണം. കയറ്റുമതി വർധിച്ചതുമില്ല. അപ്പോഴാണ് തീർത്തും ജനവിരുദ്ധമായ ഒരു പോംവഴി നാണയനിധി രാജ്യങ്ങളോട് നിർദ്ദേശിച്ചത്. കയറ്റുമതി വർധിപ്പിക്കണമെങ്കിൽ രാജ്യത്തെ ആഭ്യന്തരഡിമാന്റ് കുറയ്ക്കണം. രാജ്യത്തിനുള്ളിൽ ചരക്കുകൾ ജനങ്ങൾ വാങ്ങാതാകുമ്പോൾ അവയുടെ കയറ്റുമതി വർധിച്ചുകൊള്ളും.

                                ആഭ്യന്തരഡിമാന്റ് കുറയ്ക്കാൻ മൂന്ന് പരിപാടികൾ IMF മുന്നോട്ടുവെച്ചു.
1)ബാങ്ക് വായ്പ കുറയ്ക്കുക. പലിശനിരക്ക് ഉയർത്തുക
2) കമ്മിബജറ്റ് ഇല്ലാതാക്കുക. സർക്കാരിന്റെ ചെലവുകൾ കുറയ്ക്കുക. ക്ഷേമപദ്ധതികൾ ഇല്ലാതാക്കുക. വിലകൾ ഉയർത്‌തുക. സബ്സിഡികൾ ഇല്ലാതാക്കുക.
3) ജനങ്ങളുടെ കൂലി കുറയ്ക്കുക. ഇതെല്ലാം ചരക്ക് ഡിമാന്റ് ഇടിയാനും കയറ്റുമതി വർധിക്കാനും വ്യാപാരക്കമ്മി ഇല്ലാതാക്കാനും കഴിയുമെന്ന് IMF നിർദ്ദേശിച്ചു. ഫലത്തിൽ നവലിബറൽനയങ്ങൾ വ്യാപകമായി മൂന്നാം ലോകരാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു

                                എന്താണ് ലോകവ്യാപാരക്കരാർ..

                                മൂന്നാം ലോകരാഷ്ട്രങ്ങളെ നവലിബറൽ സാമ്പത്തികനയങ്ങളിലേക്ക് തള്ളിയിടുന്നതിനായി രൂപംകൊണ്ട അന്താരാഷ്ട്ര മുതലാളിത്ത സ്ഥാപനങ്ങളാണ് IMFഉം ലോകബാങ്കും ഗാട്ടും. അന്തർദേശീയവ്യാപാരത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും കുത്തകമുതലാളിത്തത്തിന് ലോകത്തെവിടെയും പ്രവേശിക്കാനാവും വിധം രാജ്യങ്ങൾ കമ്പോളങ്ങൾ തുറന്നിടുന്നതിനുമായി രൂപംകൊണ്ട ധനകാര്യഉടമ്പടിയാണ് ഗാട്ട് എന്നത്. 1980കളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയൻ തകരുകയും കിഴക്കൻ യൂറോപ്പിൽ പുതിയ ഒട്ടേറെ റിപ്പബ്ലിക്കുകൾ രൂപംകൊള്ളുകയും ചെയ്തു. ലോകം അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിലെ ഒരു ഏകധ്രുവ-ആഗോളരാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു.

                                നവലിബറൽ കുത്തകമൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരത്തിനായി എല്ലാവിധ ആഭ്യന്തരനയങ്ങളും ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ പൊളിച്ചെഴുതി. സോഷ്യലിസം പഴഞ്ചനും പരാജയവുമാണെന്നും മുതലാളിത്തമാണ് ശരിയെന്നും ബൂർഷ്വാസി വിധിയെഴുതി. ഇത്തരം ഒരു ഏകധ്രുവലോകത്തിന്റെ പ്രഖ്യാപനം തന്നെയായിരുന്നു വാസ്തവത്തിൽ 1995ലെ ലോകവ്യാപാരക്കരാർ. നവലിബറലിസം അതിന്റെ വിശ്വരൂപം പ്രകടമാക്കിയ നയരേഖയാണിത്.
എന്താണിതെന്ന് നോക്കാം.

1) GATS -General Agreement on Trade and Service - ലോകവ്യാപാരക്കരാറിലെ പ്രധാനഇനമായ ഗാട്ട്സ് സേവനങ്ങളും വ്യാപാരവും അന്താരാഷ്ട്രതലത്തിൽ ഉദാരമാക്കാനായി ചിട്ടപ്പെടുത്തിയതാണ്.

2) TRIMS - വിദേശനിക്ഷേപങ്ങളും പണമിടപാടുകളും ഉദാരവത്കരിക്കുന്ന ഇനമാണിത്. ബാങ്ക്, ഇൻഷുറൻസ്, സ്റ്റോക്ക് എക്സേഞ്ച് എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.

3) TRIPS ചരക്കുകളുടെ മേൽ ബൗദ്ധികാവകാശം ഉറപ്പാക്കുന്ന കരാറാണിത്. അറിവിനുമേൽ കുത്തകാധികാരം ഉറപ്പിക്കുവാനും പേറ്റന്റുകൾക്കുമേൽ സർവനിയന്ത്രണങ്ങളും ഇല്ലാതാക്കാനുമായി രൂപീകരിച്ച കരാറിലെ ഇനം. കാർഷികഅറിവുകൾ, ഔഷധം, ചികിത്സ തുടങ്ങിയവ ഒഴികെ മറ്റെല്ലാത്തിനും മേൽ പേറ്റന്റ് ചുമത്തപ്പെട്ടു. നമ്മുടെ നാട്ടറിവുകളും വിളകളും ജൈവസമ്പത്തും ഒക്കെ വിദേശകുത്തകകൾക്ക് അൽപം ജനിതകമാറ്റം വരുത്തി സ്വന്തമാക്കാനും വിജ്ഞാനത്തിനു മേലുള്ള നമ്മുടെ അവകാശങ്ങളെ പോലും നിഷ്പ്രഭമാക്കാനും കഴിയുന്നു. വിജ്ഞാനം പോലും സ്വകാര്യസ്വത്തായി മാറുന്ന മുതലാളിത്തത്തിന്റെ തലതിരിഞ്ഞ നിയമസംവിധാനമാണ് പേറ്റന്റുകൾ..

                                  ഉറുഗ്വേചർച്ചകളിലാണ് ലോകവ്യാപാരക്കരാറിന്റെ അജണ്ടകൾ പൂർണമായും തീരുമാനിച്ച് അംഗീകാരം നേടിയത്. കാർഷികമേഖലയിലെ ഉത്പന്നവ്യാപാരവും ഉദാരമാക്കി. കാർഷികസബ്സിഡികൾ ഗണ്യമായി ചുരുക്കി. കാർഷികഉത്പന്നങ്ങൾ വ്യാപകമായി ഇറക്കുമതി ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമോ..? നാട്ടിലെ കർഷകരെല്ലാം ദുരിതത്തിലായി. അവരുടെ വിളകൾക്ക് ന്യായവില എന്നതുപോയിട്ട്, ഉത്പാദനച്ചെലവ് പോലും തിരിച്ച് കിട്ടാതായി. നമ്മുടെ കമ്പോളം വിദേശനാണ്‌യവിളകളും ഉത്പന്നങ്ങളും കീഴടക്കി. ഇറക്കുമതി വർധിച്ചു. കാർഷികമേഖല തകർന്നു. കർഷകർ ആത്മഹത്യ ചെയ്യുകയോ മറ്റ് ജോലികളിലേക്ക് തിരിയുകയോ ചെയ്തു.. സോഷ്യലിസ്റ്റ് ചായ്വുള്ള സമ്പദ് വ്യവസ്ഥ ഉപേക്ഷിച്ച ഇന്ത്യ വിദേശകുത്തകകളുടെ നല്ല ഒന്നാന്തരം കമ്പോളമായി മാറി.. ശുഭം..!

എന്താണ് നവഉദാരവത്കരണം..? -Neo liberalisation....


           
                                                

മുതലാളിത്തത്തെ രക്ഷിച്ച കെയ്ൻസ്..

                            ചൂഷണവും സാമ്പത്തികമാന്ദ്യങ്ങളും വർധിച്ചുവരുന്ന സാമൂഹ്യപ്രശ്നങ്ങളും മുതലാളിത്തത്തിന്റെ കൂടെപ്പിറപ്പാണ്. കാലം മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് അതിലെ വൈരുധ്യങ്ങൾ രൂക്ഷമാകുകയും ചെയ്യും.. എന്നാൽ അത്തരം ഭീഷണികളെയെല്ലാം ഇല്ലാതാക്കി മുതലാളിത്തസമ്പദ്വ്യവസ്ഥയെ കുറച്ചു കാലത്തേക്കെങ്കിലും സംരക്ഷിച്ചുനിർത്താൻ കെയ്നീഷ്യൻ നയപരിപാടികൾക്ക് കഴിഞ്ഞു. എന്താണിതെന്ന് നോക്കാം.. നിയോക്ലാസിക്കൽ ധനശാസ്ത്രത്തെ തള്ളിക്കളഞ്ഞ സാമ്പത്തികശാസ്ത്രജ്ഞനായ കെയ്ൻസ് ഒരു ശുഭാപ്തിവിശ്വാസി കൂടിയായിരുന്നു. 30ലെ മാന്ദ്യങ്ങൾക്ക് ശേഷം  തകർച്ചകളെയും മാന്ദ്യങ്ങളെയും ഒഴിവാക്കി മുതലാളിത്തത്തെ എക്കാലവും വളർച്ചയുടെ പാതയിൽ നിലനിർത്താമെന്ന് കെയ്ൻസ് വാദിച്ചു. എന്താണ് സാമ്പത്തികമാന്ദ്യത്തിന്റെ അടിസ്ഥാനകാരണം..?

                                ജനങ്ങളുടെ മൊത്തം വാങ്ങൽശേഷിയും ചരക്കുകളുടെ ഡിമാന്റും ഉത്പാദനത്തിനൊത്ത് വളരുന്നില്ല. ഇത് അമിതോത്പാദനത്തിലേക്കും നയിക്കുന്നു. ഈ ഡിമാന്റ് ഇടിവ് നികത്താൻ സർക്കാർ ഇടപെടണമെന്ന് കെയിൻസ് വാദിച്ചു. സർക്കാർ നിക്ഷേപങ്ങൾ വർധിപ്പിക്കണം. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും വാങ്ങൽശേഷിയും ഡിമാന്റും വർധിക്കുകയും ചെയ്യും. ഇതിനെ ചിലർ എതിർത്തു. എങ്കിലും US പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ് കെയ്ൻസിനെ അടിസ്ഥാനമാക്കി ന്യൂഡീൽ പദ്ധതി ആവിഷ്കരിച്ചു. മാന്ദ്യത്തിൽ നിന്നും അമേരിക്ക കരകയറി. പൗരന്മാരുടെ ആരോഗ്യ സാമൂഹ്യസുരക്ഷയ്ക്കും സർക്കാർ പണം മുടക്കി. കെട്ടിക്കിടന്ന ചരക്കുകൾ സർക്കാർ വാങ്ങി വിലകുറച്ച് വിതരണം ചെയ്തു. നാസി ജർമനി പോലും 1930ലെ സാമ്പത്തികമാന്ദ്യങ്ങളിൽ നിന്ന് കരകയറുകയും യുദ്ധസജ്ജരാകുകയും ചെയ്തു. ചില രാജ്യങ്ങളാകട്ടെ ക്ഷേമപദ്ധതികളേക്കാൾ ആയുധവത്കരണത്തിനാണ് സർക്കാർ ചിലവ് വർധിപ്പിച്ചത്. സ്വകാര്യമേഖലയുമായി മത്സരിക്കാതിരിക്കാനും സർക്കാരുകൾ ശ്രദ്ധിച്ചു.

                            പിൽക്കാലത്തും മാന്ദ്യസമയങ്ങളിൽ കെയ്നീഷ്യൻ ഡിമാന്റ് മാനേജ്മെന്റ് മുതലാളിത്തത്തെ തുണച്ചു. ഡിമാന്റ് കുറയുമ്പോൾ സർക്കാർ ചിലവ് കൂട്ടുന്നു. അല്ലാത്തപ്പോൾ ചിലവ് ചുരുക്കുന്നു. ഇതായിരുന്നു ഇതിന്റെ അടിസ്ഥാനം.. കെയ്ൻസിന്റെ സിദ്ധാന്തം വാസ്തവത്തിൽ മാർക്സിസത്തിനു നേരെ എതിരാളികൾ പ്രയോഗിക്കാനും തുടങ്ങി. മാന്ദ്യങ്ങൾ മുതലാളിത്തത്തിൽ അനിവാര്യമാണെന്നും ബൂർഷ്വാസിക്ക് അതിനെ തടഞ്ഞുനിർത്താനാവില്ലെന്നും വാദിച്ച മാർക്സിസ്റ്റുകളോട് 'ഇതാ മുതലാളിത്തം മാന്ദ്യരഹിതവും എക്കാലവും സുസ്ഥിരവും ആയിരിക്കുന്നു'വെന്ന് വിളിച്ചുപറയാൻ മുതലാളിത്തവാദികൾക്ക് കഴിഞ്ഞു. സമ്പദ് വ്യവസ്ഥയിലെ സർക്കാർ പങ്കാളിത്തം കുത്തകമുതലാളിത്തത്തിന് ദഹിക്കാത്ത കാര്യമാണെങ്കിലും കോർപറേറ്റുകളെ പിണക്കാതെയും അവരുടെ വിപണി ആധിപത്യത്തെ ചോദ്യം ചെയ്യാതെയും മാന്ദ്യത്തെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിച്ചു.. മുതലാളിത്തത്തിന്റെ സുവർണയുഗം ആരംഭിച്ചു.. മാർക്സിനെ എല്ലാവരും മറന്നു.. പക്ഷേ ഈ നല്ലകാലം താത്കാലികം മാത്രമായിരുന്നു.

എന്തുകൊണ്ട് കെയ്നീഷ്യൻ നയങ്ങളെ ഇവിടെ പരാമർശിക്കുന്നു..?

                            വൈരുധ്യങ്ങൾ നിറഞ്ഞ മുതലാളിത്തസമ്പദ്വ്യവസ്ഥയിൽ തുടർച്ചയായി രൂക്ഷമായ സാമ്പത്തികമാന്ദ്യങ്ങൾ ഉണ്ടാകുമെന്ന മാർക്സിന്റെ വീക്ഷണത്തെ നിരർഥകമാക്കാൻ പോന്ന നയപരിപാടികളായിരുന്നു കെയ്നീഷ്യൻ ഡിമാന്റ് മാനേജ്മെന്റ് .. മുതലാളിത്തം അനശ്വരവും മാന്ദ്യങ്ങളും വിഷമതകളും ഇല്ലാത്ത വ്യവസ്ഥയാണെന്ന് കാണിച്ചുകൊടുക്കാനും മാത്രമല്ല വർഗസമരത്തെ വലിയൊരളവിൽ പിടിച്ചുനിർത്തി മുതലാളിത്തത്തെ മെരുക്കാനും ഇതിന് കഴിഞ്ഞു. പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല.. 1948 മുതൽ 1968 വരെയുള്ള കെയ്നീഷ്യൻ നയങ്ങളുടെ കാലഘട്ടം മുതലാളിത്തത്തിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നു.

                             മാന്ദ്യം ഉണ്ടായപ്പോഴൊക്കെ ഉണ്ടായ അമിതോത്പാദനപ്രതിസന്ധി ഗവൺമെന്റ് തന്നെ ഇടപെട്ട് കുറച്ചു. ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടാൻ വേണ്ട ക്ഷേമപദ്ധതികൾ നടപ്പിലായി. ചില ഗവൺമെന്റുകൾ ആയുധനിർമാണം പോലുള്ള മേഖലകളിലാണ് പണം മുടക്കിയത്. ഇതിനൊരു കാരണമുണ്ട്. ആയുധമേഖല ഒരിക്കലും ഡിമാന്റ് ഇടിയാത്ത മേഖലയാണ്. അതായത് ജനങ്ങളുടെ വാങ്ങൽശേഷിയുമായി ഇതിന് ബന്ധമില്ല. യുദ്ധങ്ങളും യുദ്ധസമാനസാഹചര്യങ്ങളും ഉണ്ടായാൽ മതി ആയുധനിർമാണവും വ്യാപാരവും പൊടിപൊടിച്ചോളും. ഈ മേഖലയിൽ സർക്കാർ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഒട്ടേറെ തൊഴിലവസരങ്ങളും വർധിച്ചു. റൊട്ടിക്കുപകരം തോക്കുണ്ടാക്കുന്നതായിരുന്നു അവരുടെ നയം. രണ്ടാം ലോകയുദ്ധത്തിനു ശേഷവും ആയുധീകരണം തുടർന്നു.

                            മാന്ദ്യങ്ങളെ സർക്കാർ ഇടപെടലിലൂടെ തടഞ്ഞ് നിർത്താനും മുതലാളിത്തത്തെ സംരക്ഷിക്കാനും കഴിഞ്ഞ ബൂർഷ്വാസമൂഹം സോഷ്യലിസത്തിനു പകരമായി കെയ്നീഷ്യൻ നയങ്ങളെ വാഴ്ത്തിപ്പാടി. ട്രേഡ് യൂണിയനുകൾ പോലും സർക്കാരും കമ്പനികളുമായും ഇണങ്ങി. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ അവരുപേക്ഷിച്ചു. മാന്ദ്യവും ദാരിദ്യ്ര വും ഇല്ലാതാക്കാൻ കെയ്ൻസിന് സാധിച്ചെങ്കിൽ പിന്നെ സോഷ്യലിസവും കമ്മ്യൂണിസവും കൊണ്ടെന്ത് ഗുണം..? ഇതായിരുന്നു ചിന്ത.. പണിമുടക്കുകൾ കുറഞ്ഞു. ട്രേഡ് യൂണിയനുകൾ ഒതുങ്ങിയതോടെ അവയുടെ ക്ഷീണവും ആരംഭിച്ചു. ആപേക്ഷികപാപ്പരീകരണവും ചൂഷണവും പെരുകി. യുദ്ധാനന്തരം സാങ്കേതികവിപ്ലവങ്ങൾ മൂലം കൂലിവിഹിതം കുറഞ്ഞു. ഉത്പാദനക്ഷമത വർധിച്ചു. ലാഭനിരക്ക് കൂടി.( മാർക്സിന്റെ TRPF തിയറി പ്രസ്താവിക്കുന്നത് ലാഭനിരക്ക്  കുറയുമെന്നാണ്. ). എന്നാൽ ചില പ്രത്യേകസാഹചര്യങ്ങളിൽ ലാഭനിരക്ക് കൂടാം. ആ സാഹചര്യങ്ങൾ മുമ്പുള്ള പോസ്റ്റുകളിൽ വിശദീകരിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ കെയ്നീഷ്യൻ കാലത്തും ലാഭനിരക്ക് ഉയർന്നു.  മൂലധനത്തിന്റെയും ചരക്കിന്റെയും കയറ്റുമതി വർധിച്ചു. അന്താരാഷ്ട്ര വ്യാപാരങ്ങളിൽ നാണയമായി ഡോളർ ഉപയോഗിക്കപ്പെട്ടു. ഡോളറിന്റെ ഒരു കരുതൽശേഖരം മിക്കരാജ്യങ്ങളും സൂക്ഷിച്ചു. ഇതില്ലാത്തവരോ വിദേശനാണ്യത്തിനായി കൈനീട്ടി. ഇവർക്ക് വായ്പ നൽകാൻ IMF,  പോലുള്ള സംഘടനകൾ ഉണ്ടായി. ലോകബാങ്കും മൂന്നാം ലോക രാജ്യങ്ങൾക്ക് കടം നൽകീ. എന്നാൽ ഇതൊന്നും തിരിച്ചടയ്ക്കാൻ മിക്ക രാജ്യങ്ങൾക്കും കഴിയാതെ വരുമ്പോൾ അവർ മുതലാളിത്തസ്ഥാപനങ്ങളുടെ വ്യവസ്ഥകൾ പലതും അംഗീകരിക്കേണ്ടി വന്നു. ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക നയങ്ങളും  അവരുടെ നിർദേശത്താൽ  പൊളിച്ചെഴുതാൻ തുടങ്ങി.

കെയ്നീഷ്യൻ നയങ്ങളുടെ അസ്തമനം...
സോവിയറ്റ് സോഷ്യലിസത്തിന്റെ പതനം...
നവലിബറൽ നയങ്ങളുടെ ഉദയം...

                            കെയ്ൻസിന്റെ സാമ്പത്തികപരിപാടികളുടെ പിൻബലത്താൽ അഭിവൃദ്ധിയിലേക്ക് നീങ്ങിയ മുതലാളിത്തം മരണമില്ലാത്ത വ്യവസ്ഥിതിയായി വാഴ്ത്തപ്പെട്ടു. സോഷ്യലിസവും മാർക്സിസവും തിരസ്കരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ 1980കൾ വരെ മാത്രമായിരുന്നു മുതലാളിത്തത്തിന്റെ ഈ വളർച്ചയുടെ കാലഘട്ടം. താത്കാലികം മാത്രമായിരുന്നു അത്. സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോൾ പതിവുപോലെ സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ട് ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തോടെ മാന്ദ്യം ഇല്ലാതാക്കാൻ കെയ്നീഷ്യൻ നയങ്ങളെ രാഷ്ട്രങ്ങൾ പിൻപറ്റാൻ തുടങ്ങി. എന്നാൽ ഇത് പുതിയൊരു പ്രശ്നത്തിന് വഴിതെളിച്ചു. സ്റ്റാഗ്ഫ്ലേഷൻ. എന്താണിത്..?
ഒരു ഭാഗത്ത് ജനങ്ങളുടെ വാങ്ങൽശേഷിയിടിഞ്ഞ് ഉത്പാദനം മന്ദീഭവിക്കുകയും ദേശീയവരുമാനം കുറയുകയും ചെയ്യുന്നു. കമ്പനികൾ പൂട്ടിപ്പോകുകയോ നിവൃത്തിയില്ലാതെ  തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്യുന്നു.  തൊഴിലില്ലായ്മ യുവാക്കളിലും സ്ത്രീകളിലും രൂക്ഷമായി. അമിതോത്പാദനപ്രതിസന്ധിയും വർധിച്ചു.

                        പതിവുപോലെ രാജ്യങ്ങൾ കെയ്ൻസ് നയങ്ങൾ ആവിഷ്കരിച്ച് മാന്ദ്യത്തെ ചെറുക്കാൻ ആരംഭിച്ചു. വാസ്തവത്തിൽ മാന്ദ്യകാലത്ത് ചരക്കുകളുടെ ഡിമാന്റ് ഇടിവ് മൂലം വിലകൾ താഴുകയാണ് വേണ്ടത്. എന്നാൽ ഇത്തവണ മാന്ദ്യവും(Stagnation) വിലക്കയറ്റവും (Inflation) ഒരുമിച്ച് തലപൊക്കി. ഈ പ്രതിഭാസത്തെയാണ് Stagflation എന്നു പറയുന്നത്. ഇതിന്റെ യഥാർത്ഥ കാരണം മുതലാളിത്തത്തിന്റെ കുത്തകവത്കരണമായിരുന്നു. കുത്തകകൾ വിപണി കയ്യടക്കി. ഇതോടെ തങ്ങൾക്ക് തോന്നിയതുപോലെ ചരക്കുകളുടെ വില വർധിപ്പിക്കാമെന്നു വന്നു. മുമ്പും കുത്തകകമ്പനികൾ ഉണ്ടായിരുന്നെങ്കിലും ചരക്കുവില ഒരു പരിധിയിലധികം കൂട്ടാൻ അവർ മടിച്ചു. ചരക്കിന്റെ ഡിമാന്റ് കുറയുമെന്ന് ഭയന്നായിരുന്നു ഇത്. എന്നാൽ ഇത്തവണ മാന്ദ്യകാലത്ത് കെയ്നീഷ്യൻ നയങ്ങളുടെ ഭാഗമായി സർക്കാർ ജനക്ഷേമ ഇടപെടലുകൾ നടത്തുന്നതിനാൽ ജനങ്ങളുടെ വാങ്ങൽശേഷി കൂടുമെന്നും വില കൂട്ടിയാലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കമ്പനികൾ കരുതി. മാന്ദ്യം വന്നതിനൊപ്പം കുത്തകകൾ ചരക്കുവിലകൾ തോന്നിയതു പോലെ കൂട്ടി ലാഭം കൊയ്തു. ഇതിന് സർക്കാരുകളും പിന്തുണ നൽകി.

                    സർക്കാർ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ കെയ്ൻസ് നയങ്ങളുടെ ഭാഗമായി നോട്ടുകളടിച്ചിറക്കി. ജനങ്ങളുടെ വാങ്ങൽശേഷി കൂടുന്നതിനനുസരിച്ച് കുത്തകകൾ ചരക്കുവിലകൾ കൂട്ടി. കെയ്ൻസ് നയങ്ങൾ തന്നെ മുതലാളിത്തത്തിന് ശാപമായി മാറി. ഡിമാന്റ് വർധിപ്പിക്കാൻ സർക്കാർ നടപടിയെടുത്താൽ വിലക്കയറ്റമുണ്ടാകും. സർക്കാർ ഇടപെടൽ നിർത്തിയാൽ മാന്ദ്യത്തിലേക്ക് വഴുതിവീഴും. ഫലത്തിൽ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലായി. അതുവരെ കൊട്ടിഘോഷിക്കപ്പെട്ട എല്ലാ അഭിവൃദ്ധികളും അവസാനിച്ചു. കെയ്നീഷ്യൻ നയങ്ങളെ തള്ളിപ്പറഞ്ഞ് മുതലാളിത്തം അതിന്റെ പുതിയ മാതൃകകളിലേക്ക് തിരിഞ്ഞു.

                    ഏതാണ്ട് 90കളിൽ സോവിയറ്റ് സോഷ്യലിസത്തിന്റെ അന്ത്യത്തോടെ മുതലാളിത്തം ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യവസ്ഥയാണെന്ന ചിന്ത വ്യാപകമായി. ലോകമുതലാളിത്തം അതിന്റെ ഏറ്റവും നികൃഷ്ടമായ രൂപം സ്വീകരിച്ചു. ഇന്നും നാമതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആ പുതിയ തത്വശാസ്ത്രമാണ് നവലിബറലിസം അഥവാ Neo-Liberalism..

രാജ്യത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും നടുവൊടിക്കുകയും കോർപറേറ്റുകളുടെ കീശ വീർപ്പിക്കുകയും ചെയ്യുന്ന നവലിബറൽ നയങ്ങൾ ഒരു അലങ്കാരം പോലെ കൊണ്ടുനടക്കുന്ന 'അച്ഛേദിൻ'- സർക്കാർ ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. വാസ്തവത്തിൽ മോദിസർക്കാരിനെ മാത്രമായി നമുക്ക് കുറ്റം പറയാനാവില്ല. മുൻകോൺഗ്രസ് സർക്കാർ നടപ്പാക്കിയ നയങ്ങൾ കുറച്ചുകൂടി വേഗത്തിൽ 'സംഘികൾ' ആവിഷ്കരിക്കുന്നുവെന്ന് മാത്രം..! ഇത്തരം നവലിബറലിസത്തിനെതിരെ പോരാട്ടം നയിക്കാനുള്ള ആശയപരമായ ബാധ്യത ഇടതുപക്ഷത്തിന് മാത്രമാണുള്ളത്. എന്താണ് ഈ നവലിബറലിസം..? എന്താണതിന്റെ അടിസ്ഥാനപ്രമാണങ്ങൾ..?

 1) എല്ലാവിധ സാമ്പത്തികനിയന്ത്രണങ്ങളെയും നവലിബറലിസം എതിർക്കുന്നു. ഉദാഃ ചരക്കുവിലകൾക്കു മേൽ സർക്കാരിന്റെ നിയന്ത്രണം,  കുത്തകകമ്പനികൾക്കുമേലുള്ള നികുതികൾ, വായ്പാബാധ്യതകൾ, ഇറക്കുമതി നിയന്ത്രണങ്ങൾ, കമ്പനികളെ അതൃപ്തരാക്കുന്ന തൊഴിലാളിസൗഹൃദ നയങ്ങൾ, ട്രേഡ് യൂണിയനിസം, പരിസ്ഥിതി നിയമങ്ങൾ, തുടങ്ങിയ സകലതിനെയും പൊളിച്ചു മാറ്റണമെന്ന് നവലിബറലിസം വാദിക്കുന്നു.

2)  വ്യക്തിസ്വാതന്ത്യ്രത്തെ നവലിബറലിസം അങ്ങേയറ്റം വിലമതിക്കുന്നു. അവർ വ്യക്തികളായി കണക്കാക്കുന്നത് അംബാനിമാരെയും അദാനിമാരെയും മാത്രമാണ് എന്നതാണ് സത്യം. നവലിബറലിസം ഉദ്ഘോഷിക്കുന്ന സ്വാതന്ത്യ്രമെന്നത് സമ്പത്ത് ഉണ്ടാക്കാനും കുന്നുകൂട്ടാനുമുള്ള സ്വാതന്ത്യ്രമാണ്. ആർക്കും മാർക്കറ്റിൽ പ്രവേശിക്കാനും തോന്നിയതുപോലെ ഉത്പാദനവും വ്യാപാരവും നടത്താനും ലാഭം കൊയ്യാനും സ്വാതന്ത്യ്രമുണ്ട്. അതിനുവേണ്ടി മാനുഷിക -പാരിസ്ഥിതികമൂല്യങ്ങളെ എത്ര വേണമെങ്കിലും പൊളിച്ചുമാറ്റാനും സ്വാതന്ത്യ്രമുണ്ട്.. ഇതാണ് നവഉദാരവത്കരണം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിസ്വാതന്ത്യ്രം.

3) സർക്കാരിന്റെ സാമ്പത്തികഇടപെടലുകളെ നവഉദാരവത്കരണം എതിർക്കുന്നു. ഏറ്റവും കുറച്ചുഭരിക്കുന്ന സർക്കാർ -നല്ല സർക്കാർ.. ജനങ്ങൾക്കുവേണ്ടി ഏറ്റവും കുറച്ച് ഖജനാവിൽ നിന്നും മുടക്കുന്ന സർക്കാർ -മികച്ച സർക്കാർ. ഇതാണ് നവലിബറലിസത്തിന്റെ തത്വം.. സബ്സിഡികൾ, ക്ഷേമപദ്ധതികൾ, പെൻഷനുകൾ തുടങ്ങിയ സർക്കാർ പരിപാടികൾ അവസാനിപ്പിക്കണം. ക്ഷേമം ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്തമത്രേ..! സമ്പത്ത് വർധിക്കുമ്പോൾ അതിന്റെ ഫലം ജനങ്ങൾക്കും ലഭ്യമായിക്കോളും (ട്രിക്കിൾ ഡൗൺ തിയറി) ..

4) മൂലധനഉടമകളെ അവരുടെ വഴിക്ക് വിട്ടേക്കുക എന്ന പഴയ ലെസെ -ഫെയർ സിദ്ധാന്തത്തെയാണ് അവർ പിന്തുടരുന്നത്. കമ്പോളത്തെ വ്യക്തിഹിതങ്ങൾ നടപ്പാക്കുന്ന മേഖലയായി നവലിബറലിസം കാണുന്നു. സമൂഹം എന്നാൽ വ്യക്തികൾ ചേർന്ന കൂട്ടമാണ്. വ്യക്തികൾക്കിടയിലെ വിവിധ സാമൂഹ്യബന്ധങ്ങളെ നവലിബറലിസം തള്ളിക്കളയുന്നു.

5) സർക്കാരിനെ പൂർണമായും സാമ്പത്തികമേഖലയ്ക്ക് പുറത്തുനിർത്തണമെന്ന പഴയ ലിബറൽ കാഴ്ചപ്പാടല്ല നവലിബറലിസത്തിന്റേത്.. ഗവൺമെന്റ് ഒരു ഒഴിവാക്കാനാകാത്ത ശല്യമാണ് മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം. കുത്തകകളുടെ സ്വകാര്യസ്വത്ത് സംരക്ഷണം, കടങ്ങൾ എഴുതിത്തള്ളൽ, കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകൽ, നികുതികൾ ഇല്ലാതാക്കൽ, പൊലീസിങ് തുടങ്ങിയവയാണ് സർക്കാരുകളുടെ കടമകൾ.. ജനങ്ങൾക്ക് ഉപ്പുമുതൽ കർപൂരം വരെ സർവതും ലഭ്യമാക്കാൻ സ്വകാര്യമേഖലയുണ്ട്. കമ്പോളകാര്യങ്ങളിൽ സർക്കാരുകളും മറ്റ് സംഘടനകളും ഇടപെടാൻ പാടില്ല.

6) കമ്പോളമാണ് പ്രാഥമികം. അത് നല്ലതിനെ ചീത്തയിൽ നിന്ന് വേർതിരിക്കും. സമ്പന്നരെയും പണ്ഡിതന്മാരെയും സൃഷ്ടിക്കും. ചരക്കുവിലകളും തൊഴിലാളികളുടെ കൂലിയും ജനജീവിതവും ഒക്കെ മാർക്കറ്റാണ് തീരുമാനിക്കേണ്ടത്. ഭരണകൂടമല്ല.

7) ഫിനാൻസ് മൂലധനത്തിന്റെ ആധിക്യമാണ് നവലിബറലിസത്തിന്റെ സവിശേഷത. വ്യവസായഉത്പാദനങ്ങളും വ്യാപാരങ്ങളും രണ്ടാം സ്ഥാനത്താകുന്നു. ദിനംപ്രതി ഓഹരിവിപണിയിൽ നടക്കുന്ന ചൂതാട്ടങ്ങൾ, ഊഹക്കച്ചവടം, ധനകാര്യഇടപാടുകൾ എന്നിവ ഒന്നാം സ്ഥാനത്ത് സ്വതന്ത്രമായി മുന്നേറുന്നു. വിപണിയും ഓഹരിവിപണിയും നാഥനില്ലാക്കളരിയാകുന്നു.

8) ട്രേഡ് യൂണിയനുകൾ ഇല്ലാതാകണം. കൂലി ഇഷ്ടം പോലെ കൂട്ടാനും കുറയ്ക്കാനും തൊഴിലാളികളെ ആവശ്യമുള്ളപ്പോൾ റിക്രൂട്ട് ചെയ്യാനും പിരിച്ചുവിടാനും ഉള്ള സ്വാതന്ത്യ്രം ഉണ്ടാകണം. ഇതിനു വിരുദ്ധമായ ചലനങ്ങൾ ഇല്ലാതാകണം. തൊഴിലാളിസമരങ്ങളും രാഷ്ട്രീയവും ഒക്കെ പഴഞ്ചനും ഉട്ടോപ്യനുമാണ്. അപരിഷ്കൃതമാണ്.

9) സാമ്പത്തികമാന്ദ്യങ്ങൾ നല്ലതാണ്. മുതലാളിത്തത്തിന്റെ ദുർമേദസ് കളയാൻ അവ സഹായിക്കും. സാമ്പത്തിക അസമത്വങ്ങളും ദാരിദ്യ്രവും ഒക്കെ അനിവാര്യവും ഒഴിവാക്കാനാവാത്തുമാണ്. ലോകത്തിനാവശ്യം ശക്തരെയും സമ്പന്നരെയുമാണ്.

                                    നവഉദാരവത്കരണം എന്നത് ഇന്നും സർവരാലും അംഗീകരിക്കപ്പെട്ട ഒരു ആഭാസമാണ്. സംശയമില്ല.. നിലവിലെ സർക്കാരുകളാകട്ടെ അവയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്നു. ഇടതുപക്ഷസംഘടനകൾ മാത്രമാണ് ഇവയ്ക്കെതിരെ ശബ്ദമുയർത്താറുള്ളത്..

നവഉദാരവത്കരണത്തിന്റെ ആരംഭവും കുതന്ത്രങ്ങളും..

                                കാൾ മാർക്സ് ദർശിച്ചതുപോലെ തുടർച്ചയായ സാമ്പത്തികമാന്ദ്യങ്ങളിൽ വരിഞ്ഞുമുറുങ്ങിയ മുതലാളിത്തത്തെ രക്ഷിക്കാനും മാന്ദ്യങ്ങളില്ലാത്ത ക്ഷേമമുതലാളിത്തം സൃഷ്ടിക്കാനുമാണ് കെയ്നീഷ്യൻ നയങ്ങൾ ആവിഷ്കരിക്കപ്പെട്ടത്. പക്ഷേ 80കളോടെ  അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. സ്റ്റാഗ്ഫ്ലേഷൻ എന്ന പുതിയ കുഴപ്പത്തിന് അത് തുടക്കമിട്ടു. ഇതോടെ കെയ്നീഷ്യൻ സിദ്ധാന്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് മുതലാളിത്തം പുതിയ യുഗത്തിലേക്ക് കടന്നു. ഇതാണ് നവഉദാരവത്കരണം..

                                മുതലാളിത്തത്തിന്റെ പഴയ ലിബറൽ പാരമ്പര്യങ്ങളെ ഉയർത്തിക്കാട്ടിയവരാണ് നിയോലിബറലിസത്തിന്റെ വക്താക്കളായത്. കെയ്ൻസിന്റെ കാലത്ത് നവലിബറലിസത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന Constitution Of Liberty എന്ന പുസ്തകം പുറത്തിറങ്ങി. ഫ്രെഡറിക് വോൺ ഹെയ്ക്ക് ആണ് ഇതിന്റെ രചയിതാവ്. ലോകത്ത് ആദ്യമായി നവലിബറലിസത്തിന് തുടക്കമിട്ടത് ചിലിയിലാണ്. 1971ൽ ചിലിയിൽ പട്ടാളഅട്ടിമറിയിലൂടെ അധികാരത്തിലേറിയ പിനോഷെ വൈകാതെ IMF (International Monitary Fund)-മായി അടുപ്പത്തിലായി. പൊതുമേഖല വൻതോതിൽ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങി. പ്രകൃതിവിഭവങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതി. ഇറക്കുമതി സർവസ്വതന്ത്രമാക്കി. വിദേശവ്യാപാരത്തിനായി രാജ്യത്തെ വിപണികൾ തുറന്നു.

                                പിനോഷെയ്ക്ക് ശേഷം നവലിബറലിസത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയായി കടന്നുവന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി മാഗരറ്റ് താച്ചർ ആണ്. Constitution Of Liberty തങ്ങളുടെ അടിസ്ഥാനവിശ്വാസപ്രമാണമാണെന്ന് താച്ചർ അങ്ങ് പ്രഖ്യാപിച്ചുകളഞ്ഞു.!! ട്രേഡ് യൂണിയനുകളെ ഇംഗ്ലണ്ടിൽ നിരോധിച്ചു. ഖനികൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതി. സ്വകാര്‌യവത്കരണം വ്യാപകമായി. ചിലിയിൽ നടന്നതെല്ലാം കൂടുതൽ തീവ്രസ്വഭാവത്തിൽ നടപ്പിലായി. ക്ഷേമപദ്ധതികൾ വെട്ടിക്കുറച്ചു. ആദായനികുതി കുറച്ചു. കമ്മിബജറ്റ് (രാജ്യത്തിലെ സർക്കാർ ചെലവ് കൂടുന്ന ബജറ്റ് ) കുറച്ചു. വിലക്കയറ്റം തടയാൻ വരുമാനച്ചുരുക്കം അടിച്ചേൽപ്പിച്ചു.

                                  അമേരിക്കയിൽ നവലിബറലിസം ഉദ്ഘാടനം ചെയ്തത് റൊണാൾഡ് റീഗനാണ്. സമാനമായ നയങ്ങൾ യുഎസിലും അരങ്ങേറി. അമേരിക്ക കയറ്റുമതി വർധിപ്പിച്ച് ലാഭം കൊയ്തപ്പോഴും തങ്ങളുടെ വിപണിയ്ക്ക് വെല്ലുവിളി ആകാതെയിരിക്കാൻ ജപ്പാനെയും മറ്റും നിർബന്ധിച്ച് അവരുടെ കയറ്റുമതി നിയന്ത്രിച്ചുനിർത്തി. സ്വകാര്യവത്കരണം യുഎസിൽ വലുതായൊന്നും നടന്നില്ല. സ്വകാര്യവത്ക്കരിക്കാൻ മാത്രമുള്ള ഗവഃ സ്ഥാപനങ്ങൾ അവിടെ അവശേഷിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് കാരണം. സൈനികച്ചെലവുകൾ മാത്രം ഗവൺമെന്റ് വർധിപ്പിച്ചുകൊണ്ടിരുന്നു. ലോകത്ത് നവലിബറൽ- ആഗോളവത്കരണനയങ്ങൾ വ്യാപിപ്പിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ മുതലാളിത്തം പ്രയോഗിച്ച ഉപകരണങ്ങളാണ് IMF ,ലോകബാങ്ക് ,ഗാട്ട് ത്രിമൂർത്തികളും ലോകവ്യാപാരക്കരാറും..

                                കുതിച്ചുയരുന്ന അസമത്വം...

                                പുരോഗതിയുടെ വീരവാദങ്ങൾ മുഴക്കി ലോകമെമ്പാടും അടിച്ചേൽപ്പിക്കപ്പെട്ട നവഉദാരവത്കരണം വരുത്തിവെച്ച വിനകൾ അങ്ങേയറ്റം രൂക്ഷമായിരുന്നു. വികസ്വരവും അവികസിതവുമായ രാജ്യങ്ങളിൽ നിന്നും യുഎസ് ഉൾപെടെയുള്ള ചുരുക്കം ചില സമ്പന്നരാജ്യങ്ങളിലേക്കുള്ള ലാഭത്തിന്റെ കുത്തൊഴുക്ക് തന്നെയായിരുന്നു നിയോലിബറലിസത്തിന്റെ അന്തഃസത്ത. സാമ്പത്തികമാന്ദ്യം പഴയതിലും രൂക്ഷമായി തുടർന്നു. പക്ഷേ അതൊന്നും വകവെക്കാതെ കുത്തകമുതലാളിത്തം അതിന്റെ നാശത്തിലേക്കുള്ള യാത്ര തുടരുകയാണ്. സമ്പന്നനും ദരിദ്രനും തമ്മിലെ അസമത്വം റോക്കറ്റ് പോലെ കുതിച്ചുയർന്നു. സമ്പത്ത് ഒരു ന്യൂനപക്ഷത്തിനുമേൽ കുന്നുകൂടി. ഇതെല്ലാം അനിവാര്യമാണെന്ന് ന്യായീകരിക്കുകയാണ് മാഗരറ്റ് താച്ചർ (ബ്രിട്ടീഷ് പ്രധാനമന്ത്രി) ഉൾപെടെയുള്ള നവലിബറൽവാദികൾ ചെയ്തത്. TINA (There Is No Alternative)- ഇതല്ലാതെ മറ്റു പോംവഴികളില്ല എന്നതായിരുന്നു അവരുടെ പ്രമാണം. ഒരേയൊരു പോംവഴിയായ സോഷ്യലിസത്തെ പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു. നവഉദാരവത്കരണം മൂലം ആഗോളപ്രതിശീർഷവരുമാനം കൂടി കുറഞ്ഞുവരുന്നു. ഇത്തരം തല തിരിഞ്ഞ നയങ്ങൾ വരുത്തിവെച്ച സാമ്പത്തികഅസമത്വങ്ങളെ കുറിച്ച് താഴെകൊടുക്കുന്നു.

1) USൽ സാധാരണക്കാരായ 50% പേരുടെ ദേശീയവരുമാനത്തിലെ വിഹിതം 12.8% ആണ്. അതേസമയം ധനികരായ 1% ആളുകൾ ദേശീയവരുമാനത്തിന്റെ 21.2% കയ്യടക്കിയിരിക്കുന്നു.(Wallstreet journel- 2007)
2) USൽ അതിസമ്പന്നരായ 0.5% ആളുകളുടെ പാർപ്പിടേതര ആസ്തി 34% ആണെങ്കിൽ അവിടത്തെ താഴ്ന്നവരുമാനക്കാരായ 90% പേർക്കും ഇത് 22% മാത്രം. (ഡഗ് ഹെൻവുഡ്- wallstreet-2007).
3) 19ാം നൂറ്റാണ്ടിൽ പാശ്ചാത്യരാജ്യങ്ങളുടെ പ്രതിശീർഷവരുമാനം ആഫ്രിക്കയേക്കാൾ 3 ഇരട്ടിയായിരുന്നു. ഇന്നത് 20 ഇരട്ടിയാണ്. (ആൻഗഡ് മെഡിസൻ റിപ്പോർട്ട്)
4) ലോകത്തെ 20% സമ്പന്നർക്ക് 20% ദരിദ്രരുടെ വരുമാനത്തിന്റെ 74മടങ്ങ് വരുമാനമുണ്ട്- UN Report
5) 1% അതിസമ്പന്നരുടെ വരുമാനം ലോകത്തെ 57% സാധാരണക്കാരുടെ വരുമാനത്തിന് തുല്യമാണ്. (WB Report)
6) അമേരിക്കയിലെ 80% ജനങ്ങളുടെ സ്വത്ത് ദേശീയആസ്തിയുടെ 7% മാത്രമാണ്. 1% അതിസമ്പന്നരാകട്ടെ 43% സ്വത്ത് കയ്യടക്കിയിരിക്കുന്നു.
7) USലെ ഏറ്റവും വലിയ 15 കമ്പനികളിലെ CEOമാരുടെ ശമ്പളം ശരാശരി തൊഴിലാളിയുടെ ശമ്പളത്തേക്കാൾ 500 മടങ്ങാണ്. 2003- 2007ൽ CEOമാരുടെ ശമ്പളം 10% വർധിച്ചു. സാധാരണക്കാരുടേത് 0.5%...!!!
8) ലോകത്തെ 1% അതിസമ്പന്നന്യൂനപക്ഷം ആഗോളആസ്തിയുടെ 52% സ്വന്തമാക്കിയിരിക്കുന്നു..! ഏറ്റവും സമ്പന്നരായ 3 പേരുടെ ആസ്തി 50 ദരിദ്രരാജ്യങ്ങളുടെ മൊത്തം ആസ്തിയേക്കാൾ കൂടുതൽ..
9) USലെ 78% വീടുകളും വായ്പാബാധ്യത പേറുന്‌നവയാണ്. അവിടെയുള്ള ഭവനരഹിതരുടെ അഞ്ചിരട്ടി എണ്ണം വീടുകൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.
10) ഓക്സ്ഫാം റിപ്പോർട്ടിന്റെ പുതിയ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2014ൽ ലോകത്തെ സാധാരണക്കാരും ദരിദ്രരുമായ പകുതിജനസംഖ്യ (എതാണ് 350 കോടി)യുടെ സ്വത്തിനേക്കാൾ കൂടുതൽ സ്വത്ത് 85 സ്വകാര്യവ്യക്തികളുടെ കയ്യിലുണ്ട്. 2016ൽ ഇത്രയും സ്വത്ത് 65പേരുടെ കയ്യിലായി. 2017ൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നുറപ്പ്.

                                ഇവിടെ ലോകത്തെ നമ്പർ വൺ സമ്പന്നമുതലാളിത്ത രാജ്യമായി അഹങ്കരിക്കുന്ന കോടീശ്വരന്മാരുടെ നാടായ  അമേരിക്കയുടെ സ്ഥിതി പോലും എന്താണെന്ന് മുകളിൽ വ്യക്തം.. അപ്പോൾ പട്ടിണിപ്പാവങ്ങളുടെയും അശരണരുടെയും നാടായ ഇന്ത്യയുടെ കാര്യം എന്തായിരിക്കുമെന്ന് വായനക്കാർ ചിന്തിക്കുക.. ഇതൊന്നും യാദൃശ്ചികമോ ഒറ്റപ്പെട്ടതോആയ പ്രശ്നങ്ങൾ അല്ല. ഇത് തന്നെയാണ് മുതലാളിത്തം.. ഇതുകൊണ്ടുതന്നെയാണ് മാർക്സിന്റെ വിചാരധാരയ്ക്ക് തിളക്കമേറുന്നത്.

Wage Deflation അഥവാ വേതനച്ചുരുക്കം..



                        പണപ്പെരുപ്പത്തെ വിലക്കയറ്റം എന്ന് വേണമെങ്കിൽ വിളിക്കാം.. പേരുപോലെ തന്നെ സമൂഹത്തിൽ പണത്തിന്റെ ലഭ്യത കൂടുന്ന അവസ്ഥയെയാണ് പണപ്പെരുപ്പം എന്നുപറയുന്നത്. ജനങ്ങളുടെ പക്കൽ പണലഭ്യതയുണ്ടാകുമ്പോൾ ചരക്കുകളുടെ വിൽപനയും വർധിക്കുന്നു. അതിനാൽ അവയുടെ വില ഉയരാൻ തുടങ്ങും.  പണപ്പെരുപ്പം കറൻസിയുടെ മൂല്യം ഇടിയാനും ആളുകൾ വൻതോതിൽ ആസ്തികൾ കൈവശപ്പെടുത്താനും കാരണമാകും. അധ്വാനശേഷി മാത്രം കൈമുതലായുള്ള തൊഴിലാളിവർഗം ദുരിതത്തിലുമാകും. പണപ്പെരുപ്പത്തെ രണ്ട് തരത്തിൽ നിയന്ത്‌രിക്കാം..

1) ചരക്കിന്റെ ഉത്പാദനമോ ലഭ്യതയോ വർധിപ്പിച്ച് അവയുടെ വില കുറയ്ക്കാം.
2) ജനങ്ങളുടെ മേൽ വരുമാനച്ചുരുക്കം അടിച്ചേൽപ്പിച്ചുകൊണ്ട് അവരുടെ വാങ്ങൽശേഷി കുറയ്ക്കുക.. ഇത് ചരക്കിന്റെ വിൽപന കുറയാനും വിലക്കയറ്റത്തിന് കടിഞ്ഞാണിടാനും കാരണമാകും..

                    മുകളിലെ രണ്ട് മാർഗങ്ങളിൽ ഏറ്റവും എളുപ്പവും പെട്ടെന്ന് നടപ്പാക്കാനാവുന്നതും രണ്ടാമത്തേതാണെന്ന് ആർക്കും മനസിലാകും.. ചരക്കിന്റെ ഉത്പാദനം വർധിപ്പിച്ച് അധികചരക്ക് ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾക്ക് അത് വാങ്ങാനുള്ള കഴിവിനെ ഇല്ലാതാക്കി വരുമാനച്ചുരുക്കത്തിലൂടെ ചരക്ക് വിൽപന കുറയ്ക്കുക എന്നതുതന്നെ.. അതിനാൽ പണപ്പെരുപ്പം കുറയ്ക്കാൻ ഭരണകൂടങ്ങൾ തെരഞ്ഞെടുക്കുന്ന മാർഗം വരുമാനച്ചുരുക്കമാണ്‌. കൂലി കുറയ്ക്കുക,  ജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കുക എന്നതൊക്കെ ഇതിന്റെ മാർഗമാണ്..

                    പണപ്പെരുപ്പം ഇല്ലാതാക്കി എന്നുപറഞ്ഞ് ഗവൺമെന്റ് മേനിനടിക്കുമ്പോഴും അതിനു പിന്നിലെ കുറുക്കുവഴി സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വരുമാനച്ചുരുക്കമാണെന്ന് അവർ പുറത്തുപറയില്ല. നവലിബറൽ നയങ്ങളുടെ ചുവടുപറ്റുന്ന ഭരണകൂടങ്ങൾ പണപ്പെരുപ്പത്തെ വരുമാനച്ചുരുക്കം കൊണ്ട് നേരിടുന്നു.. എന്നാൽ ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ..

           ഉയർച്ചയും താഴ്ചയും നിറഞ്ഞ മുതലാളിത്തം..

മുതലാളിത്തം എന്ന സാമ്പത്തിക- രാഷ്ട്രീയവ്യവസ്ഥ  സമൃദ്ധിയുടെയും തകർച്ചയുടെയും ഘട്ടങ്ങളിലൂടെ തുടർച്ചയായി കടന്നുപോകുന്നു എന്ന വസ്തുത മാർക്സ് മൂലധനത്തിൽ വിശദീകരിക്കുന്നുണ്ട്.. ഏതാണ്ട് 8- 10 വർഷത്തിനിടയിലാണ് ഈ മാന്ദ്യം ആവർത്തിച്ചുവരുന്നത്. ഇത്തരം പ്രതിസന്ധിയെ ഒരിക്കലും തടഞ്ഞുനിർത്താൻ മുതലാളിത്തത്തിന് കഴിയില്ലെന്നും കൂടി മാർക്സ് പ്രസ്താവിച്ചു.. മാർക്സിനുശേഷം നാളിതുവരെയുള്ള ചരിത്രത്തിൽ നാം കാണുന്ന യാഥാർത്ഥ്യങ്ങൾ പരിശോധിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം എത്രത്തോളമായിരുന്നുവെന്ന് വ്യക്തമാകുന്നത്..

സോവിയറ്റ് സോഷ്യലിസത്തിന്റെ പതനത്തോടെ മരിച്ചുമണ്ണടിഞ്ഞുവെന്ന് ബൂർഷ്വാസി വിധിയെഴുതിയ മാർക്സിന്റെ ദർശനങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കാനും തുറന്നുവായിക്കാനും അതേ ലോകം പിൽക്കാലത്ത് നിർബന്ധിതമായതും കൗതുകകരമാണ്. 2008ൽ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ലോകസാമ്പത്തികമാന്ദ്യം അഹന്തയുടെ ഉച്ചസ്ഥായിയിൽ എത്തിച്ചേർന്ന മുതലാളിത്തത്തിന് കിട്ടിയ തിരിച്ചടി മാത്രമായിരുന്നില്ല.. അത് മാർക്സിസം എന്ന ലോകം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ദർശനത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു. മാർക്സ് വീണ്ടും വായിക്കപ്പെട്ടു. മൂലധനത്തിന്റെ വാല്യങ്ങൾ യൂറോപ്പിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. 18ാം നൂറ്റാണ്ടിലെ മാർക്സിന്റെ നിരീക്ഷണങ്ങൾക്ക് 21ാം നൂറ്റാണ്ടിൽ പതിന്മടങ്ങ് ശക്തിയുണ്ടെന്ന് ബൂർഷ്വാസി തിരിച്ചറിഞ്ഞു.. മാന്ദ്യത്തിനു ശേഷം യൂറോപ്പിൽ തന്നെ പലയിടങ്ങളിലും ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തി.. തൊഴിലില്ലായ്മയും ദാരിദ്യ്രവും ആഗോളപരിസ്ഥിതി പ്രശ്നങ്ങളും സാമ്പത്തികഅസമത്വവും വർഗീയതയും ഒക്കെ സോഷ്യലിസം എന്ന പോംവഴിയിലേക്ക് തിരിഞ്ഞുനോക്കാൻ ലോകത്തെ പ്രേരിപ്പിച്ചു..

*******************************************************************************

മുതലാളിത്തം വളരെ Smooth ആയി മുന്നോട്ടുപോകുന്ന ഒരു സാമ്പത്തികവ്യവസ്ഥയാണെന്ന ബൂർഷ്വാവാദങ്ങൾ ശുദ്ധമണ്ടത്തരമാണെന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചതാണ്. തുടർച്ചയായ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് മുതലാളിത്തം.. അങ്ങേയറ്റം വളർച്ച നേടി വിജയത്തിന്റെ അത്യുന്നതങ്ങളിൽ എത്തുന്ന മുതലാളിത്തം ഒട്ടും താമസിയാതെ തന്നെ തകർച്ചയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നു. ലോകത്തെ മുഴുവൻ അത് ഈ തകർച്ചയിലേക്ക് വലിച്ചിടുന്നു. ഇനി തകർന്നടിയാൻ ഒന്നുമില്ല എന്ന അവസ്ഥ എത്തുമ്പോൾ വീണ്ടും മുതലാളിത്തസമ്പദ്വ്യവസ്ഥ കരകയറാൻ തുടങ്ങുന്നു. വീണ്ടും സമൃദ്ധിയുടെ പടവുകളിലെത്തി അഹങ്കരിക്കുന്ന മുതലാളിത്തം അടുത്ത തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. ആവർത്തിച്ചുള്ള ഈ പ്രതിസന്ധികൾ മുതലാളിത്തത്തിന് പരിഹരിക്കാനാവാത്ത, അതിന്റെ രക്തത്തിൽ കലർന്ന ഒരു ദൗർബല്യമാണെന്ന് ലോകത്തിന് വസ്തുനിഷ്ഠമായി കാണിച്ചുകൊടുക്കാനായത് മാർക്സിനു മാത്രമാണ്. ഇത്തരം പ്രതിസന്ധികളുടെ തുടക്കം വരുമാനച്ചൂരുക്കം എന്ന പ്രതിസന്ധിയിൽ നിന്നാണ്. എന്തുകൊണ്ടാണെന്ന് നോക്കാം..

ലോകം മുഴുവൻ ഇന്ന് തൊഴിലാളിവർഗം ഒരു വരുമാനച്ചുരുക്കം നേരിടുന്നുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്.
1) ഭീമമായ യന്ത്രവത്കരണം തൊഴിലില്ലായ്മ കുത്തനെ ഉയർത്തുന്നു. ഇത് തൊഴിലില്ലാത്ത ഒരു വലിയ ജനവിഭാഗത്തെ വളർത്തിക്കൊണ്ടുവരുന്നു. സ്വാഭാവികമായും ഉള്ള തൊഴിലവസരങ്ങൾ നേടാൻ ആളുകളുടെ തിക്കിത്തിരക്ക് വർധിക്കുന്നു. കൂലിയും ഇതിനനുസരിച്ച് കുറയും. തൊഴിലാളികളുടെ ലഭ്യത പെരുകുന്നതും എന്ത് തുച്ഛമായ വേതനത്തിനും ജോലി ചെയ്യാൻ തയ്യാറായി തൊഴിലില്ലായ്മയിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളികൾ ശ്രമിക്കുന്നതുമാണ് ഇതിന് കാരണം..

2) ആഗോളവത്കരണ-നവലിബറൽ നയങ്ങൾ ഭരണകൂടഒത്താശയോടെ നടപ്പിലാകുന്നതോടെ തൊഴിലാളികളുടെ വേതനം ഇടിയുന്നു. ട്രേഡ് യൂണിയനുകൾ ദുർബലമാകുകയോ നിരോധിക്കപ്പെടുകയോ ചെയ്യുന്നതോടെ തൊഴിലാളികളുടെ പ്രതികരണശേഷി നഷ്ടമാകും. ശമ്പളം കുത്തനെ ഇടിയും.

3) വികസിതരാജ്യങ്ങളിൽ തൊഴിലാളികളുടെ ശമ്പളം കൂടുന്നതോടെ അസ്വസ്ഥരാകുന്ന കുത്തകകമ്പനികൾ ഇന്ത്യയെ പോലുള്ള 3ാം ലോകരാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റും.. ഇത്തരം രാജ്യങ്ങളിൽ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ ആളെ കിട്ടുമെന്നതാണ് മുതലാളിത്തത്തെ മൂന്നാം ലോകവികസ്വര- അവികസിത രാജ്യങ്ങളിലേക്ക് കപ്പൽ കേറാൻ പ്രേരിപ്പിക്കുന്നത്. ഇതോടെ വികസിതരാജ്യങ്ങളിലെ തൊഴിലാളികളുടെ ശമ്പളം ഇടിയാനും തുടങ്ങും. അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള ലോകത്ത് ഒരു വലിയ തൊഴിലില്ലാപ്പട നിലനിൽക്കുന്നുണ്ടെന്ന തിരിച്ചറിവ് ആ രാജ്യങ്ങളിലെ തൊഴിലാളികളുടെ വേതനം കുറയ്ക്കാനും മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് റിക്രൂട്ട് ചെയ്യാനും ഇടയാക്കും.. സ്വതന്ത്രവ്യാപാരക്കരാറുകളും ആഗോളവത്കരണനയങ്ങളും കൊണ്ട് അർത്ഥമാക്കുന്നത് ചരക്കുകളുടെ രാജ്യാതിർത്തികൾ കടന്നുള്ള വ്യാപാരം മാത്രമല്ല.. തൊഴിലാളികളുടെ കൂടിയാണ്.

കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ തേടി വൻകിട ബഹുരാഷ്ട്രക്കമ്പനികൾ ഇന്ത്യ ,ചൈന തുടങ്ങിയ വികസ്വരരാജ്യങ്ങളിലേക്ക് വരുന്നു. അതുപോലെ ഇവിടെ നിന്നും തൊഴിലാളികൾ മികച്ച ജോലി തേടി സമ്പന്നരാജ്യങ്ങളിലേക്കും പോകുന്നു. അമേരിക്കയിൽ അവിടുത്തെ തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ വർഷങ്ങളിൽ വ്യാപകമായ തൊഴിലില്ലായ്മയ്ക്കും കൂലിഇടിവിനും കാരണം അവിടെ കാലുകുത്തുന്ന വിദേശതൊഴിലാളികളാണെന്ന ട്രംപിന്റെ ആരോപണം ഓർക്കുക. ലോകം മുഴുവൻ കൂലികൾ തുച്ഛമായ നിരക്കിലേക്ക് ഏകീകരിക്കപ്പെടുന്നു. തൊഴിലില്ലായ്മയും പടർന്നുപിടിക്കുന്നു. ആഗോളതലത്തിൽ സംഭവിക്കുന്ന കൂലിഇടിവിന്റെ ഫലം എന്താണ്..? കുത്തകമുതലാളിമാരുടെ ലാഭം ഉയരുന്നു.. ബഹുരാഷ്ട്രക്കമ്പനികൾ ലാഭം ഉപയോഗിച്ച് നിക്ഷേപങ്ങൾ നിർബാധം വർധിപ്പിക്കുന്നു.. ആഢംബരജീവിതം നയിക്കുന്നു.. ഓഹരിവിപണി സജീവമാകുന്നു. പക്ഷേ മാർക്സ് പറഞ്ഞതുപോലെ മുതലാളിത്തത്തിന്റെ വൈരുധ്യാത്മകശക്തികൾ തലപൊക്കാനും തുടങ്ങുന്നു.

   മുതലാളിത്തത്തിന്റെ താത്കാലികമായ സമൃദ്ധി..

                    ഉത്പാദനവും വളർച്ചയും ഉയരുകയും മുതലാളിത്തം സമൃദ്ധിയിലേക്ക് കടക്കുകയും ചെയ്യും. എന്നാൽ അതേസമയം തൊഴിലാളിയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വരുമാനച്ചുരുക്കവും വർധിക്കുന്നു. ലാഭവിഹിതം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണിതിന് കാരണം. ലാഭനിരക്ക് ഇടിയാനുള്ള പ്രവണത (TRPF നിയമം)യും മുതലാളിയെ ഏതുവിധേനയും ലാഭവർധന നിലനിർത്താൻ പ്രേരിപ്പിക്കുന്നു. എന്നാൽ സമൂഹത്തിൽ തൊഴിലാളിവർഗം നേരിടുന്ന വരുമാനച്ചുരുക്കം ജനങ്ങളുടെ വാങ്ങൽശേഷി ഇടിയാൻ കാരണമാകും. വാങ്ങൽശേഷി വർധിപ്പിച്ചാൽ മാത്രമേ ചരക്കുകൾ വിറ്റഴിയുകയും മുതലാളിയുടെ ലാഭം വർധിക്കുകയും ചെയ്യുകയുള്ളൂ.. തൊഴിലാളികളുടെ കൂലി കുറഞ്ഞാൽ അവരുടെ ഉപഭോഗം എങ്ങനെ കൂടാനാണ്..??

                    ഇതൊഴിവാക്കാൻ മുതലാളിത്തം സ്വീകരിക്കുന്ന മാർഗം വായ്പ ഉദാരമാക്കലാണ്.. ബാങ്കുകൾ ലക്കും ലഗാനുമില്ലാതെ ആളുകൾക്ക് കടം കൊടുക്കുന്നു.. ലോണെടുത്ത് ഉപഭോഗം വർധിപ്പിക്കാൻ ജനങ്ങളെ കോർപറേറ്റ് ബാങ്കുകളും ഭരണകൂടവും പ്രേരിപ്പിക്കുന്നു. വായ്പയെടുക്കുന്നവർ അവരുടെ ഉപഭോഗം വർധിപ്പിക്കുകയും സാമ്പത്തികനില കൂടുതൽ സജീവമാകുകയും ചെയ്യും. ഡിമാന്റ് കൂടുന്നതിനാൽ ഉത്പാദനവും വർധിപ്പിക്കേണ്ടി വരും. ഇതിനായി കമ്പനികളും വായ്പകൾ എടുക്കും. പണപ്പെരുപ്പവും വർധിക്കുന്നു. കമ്പനികൾ ലാഭത്തിലാകും. ഓഹരിവിലകൾ വർധിക്കും. വൻതോതിൽ വായ്പ നൽകിയ ബാങ്കുകൾ പുറത്തിറക്കുന്ന കടപത്രങ്ങളും വിൽക്കാൻ തുടങ്ങും. അതായത് ബാങ്കുകളും വ്യക്തികളും തമ്മിൽ ഓഹരികളുടെയും കടപത്രങ്ങളുടെയും വ്യാപാരം നടക്കും..

                 ഊഹക്കച്ചവടം തകൃതിയായി പെരുകും. ലോണുകളും ക്രെഡിറ്റ് കാർഡുകളും ഉദാരമാകുന്നതും ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടുകയും അവർ ആസ്തികൾ വാങ്ങിക്കൂട്ടുകയും ചെയ്യും.. ഈ ആസ്തികളും കൈമാറ്റം ചെയ്യപ്പെടും. വായ്പ നൽകിയ ബാങ്കുകളുടെ പക്കലുള്ള പണയവസ്തുക്കളും ഓഹരിവിപണിയിൽ നിർബാധം ഒഴുകിനടക്കും.. ഇതിന്റെയെല്ലാം രത്നച്ചുരുക്കം എന്താണ്..? സമ്പത്ത് വർധിക്കുന്നെങ്കിലും അതിന്റെ അർത്ഥം ഉത്പാദനം വർധിക്കുന്നെന്നല്ല. ധനകാര്യഇടപാടുകൾ വർധിക്കുന്നുവെന്നാണ്.. ആസ്തികളും ഓഹരികളും കടപത്രങ്ങളുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വിറ്റും വാങ്ങിയും വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു. ഇതോടെ ഇവയുടെയെല്ലാം വിനിമയമൂല്യവും പെരുകും..

                ഉദാഹരണത്തിന് വീട് വാങ്ങുന്ന ഒരാൾ അത് കൂടുതൽ വിലയ്ക്ക് വിൽക്കും. ഇത് വീണ്ടും മറ്റൊരാൾക്ക് ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടും. അതായത് എല്ലാവരും പണത്തിൽ നിന്ന് കൂടുതൽ പണമുണ്ടാക്കും. പക്ഷേ അതിന്റെയർത്ഥം വീട് എന്ന ആസ്തിയുടെ ഉത്പാദനം വർധിക്കുന്നുവെന്നുമല്ല. ഉൗഹക്കച്ചവടത്തിലെ ഈ അരാജകത്വം വ്യക്തികളുടെ കയ്യിലെ പണം പെരുകാനിടയാക്കും.. ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും വിലകൂട്ടി വിൽക്കലും ഒക്കെ തകൃതിയായി നടക്കുന്നതോടെ സമ്പദ്വ്യവസ്ഥ കൂടുതൽ അപകടത്തിലേക്ക് നീങ്ങും. സാമ്പത്തികകുമിളകൾ എന്ന് ഇത് അറിയപ്പെടുന്നു. ഓഹരികളുടെ വിലകൾ പെരുകുകയും ഓഹരിവിപണിയിൽ തോന്നിയതുപോലെ മൂലധനം ഒഴുകിനടക്കുകയും ചെയ്യുന്നതോടെ ഈ കുമിള വീർത്തുവരുന്നു.. അനിവാര്യമായ തകർച്ച ആസന്നമാകുന്നു

                       സാമ്പത്തികമാന്ദ്യത്തിന്റെ  ആരംഭം..

                ജനങ്ങൾക്ക് വായ്പ നൽകി വളർത്തുന്ന വാങ്ങൽശേഷി, അതിലൂടെ ഉയരുന്ന ഉത്പാദനവും ലാഭവും, ബാങ്കുകളിൽ കുന്നുകൂടുന്ന ഈടുകളും കടപത്രങ്ങളും കോർപറേറ്റ് ഓഹരികളും വിപണിയിൽ യഥേഷ്ടം ഒഴുകിനടക്കുന്ന അവസ്ഥ, ഉയരുന്ന ഓഹരിവിലകൾ തുടങ്ങിയവയെല്ലാം വൈകാതെ മൂക്കും കുത്തിവീഴും.. കടം വാങ്ങി ഉപഭോഗജീവിതം നയിക്കുന്ന ജനങ്ങൾ അവ തിരിച്ചടയ്ക്കുന്നത് മുടങ്ങും. കാരണം തൊഴിലാളികളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നത് വരുമാനം വർധിച്ചിട്ടല്ല, മറിച്ച് അവരെക്കൊണ്ട് വായ്പയെടുപ്പിക്കുന്നതുകൊണ്ടാണ്.. സ്വാഭാവികമായും വായ്പയും പലിശയും തിരിച്ചടയ്ക്കണമെങ്കിൽ ജനങ്ങളുടെ വരുമാനവും അതിനനുസരിച്ച് വർധിച്ചേ മതിയാകൂ.. വരുമാനച്ചുരുക്കം നിലനിൽക്കുന്നത് വായ്പ തിരിച്ചടവിന് ഭംഗം വരുത്തും. ബാങ്കുകൾ പ്രതിസന്ധിയിലാകും.. കോർപറേറ്റ് ബാങ്കുകൾ ഓരോന്നായി പൂട്ടാൻ തുടങ്ങും..

                ഇത് മുതലാളിത്തത്തെ അനിവാര്യമായ തകർച്ചയിലേക്ക് നയിക്കും. ബാങ്കുകളിൽ നിക്ഷേപം നടത്തിയവരും ഓഹരികൾ സ്വന്തമാക്കിയവരും കടപ്പത്രങ്ങൾ സ്വന്തമാക്കിയവരും ഒക്കെ അവയുടെ വിലയിടിയുന്നതു മൂലം ചങ്ങലക്കണ്ണികൾ പോലെ തകർന്നുവീഴും. ഓഹരിവിപണി തകർന്നടിയും.. അമിതോത്പാദനപ്രതിസന്ധി കുത്തകകമ്പനികളുടെ ലാഭം ഇടിയാനും നിക്ഷേപങ്ങളും ഉത്പാദനവും കുറയാനും കാരണമാകും.. മാന്ദ്യം അതിന്റെ സർവപരിധിയും ലംഘിക്കും.. ഉപഭോഗവസ്തുക്കൾ വിറ്റഴിക്കാതെ കിടക്കുന്നത് അവയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട സകല വ്യവസായങ്ങളെയും ബാങ്കിംഗ് മേഖലയെയും ഉൾപെടെ തകർക്കും.. ഊതിവീർപ്പിക്കപ്പെട്ട സാമ്പത്തികകുമിളകൾ പൊട്ടും.. ഊഹക്കച്ചവടത്തിലൂടെ ആസ്തികളുടെ വില എത്രത്തോളം കൂടുന്നോ അതിനനുസരിച്ച് മാന്ദ്യകാലത്ത് വിലയിടിയലിന്റെ ആഘാതവും കൂടും. 2000 ലെ ഡോട്ട് കോം ബബിൾ, 2007ലെ റിയൽ എസ്റ്റേറ്റ് ബബിൾ തുടങ്ങിയവ ഉദാഹരണം..

                 മുതലാളിത്തം തകർച്ചയുടെ പാരമ്യത്തിൽ  എത്തിയാൽ പിന്നീട് അത് കരകയറാൻ തുടങ്ങും.. ഉത്പാദനക്ഷമത കുറഞ്ഞ കമ്പനികൾ പൂട്ടുകയും വൻകിട കുത്തകകൾ മാത്രം നിലനിൽക്കുകയും ചെയ്യുന്നു. ഓരോ മാന്ദ്യവും കഴിയുമ്പോൾ കുത്തകവത്കരണം ഭീമമാകുന്നത് ഇതിനാലാണ്. ഈ കമ്പനികളാകട്ടെ യന്ത്രസാമഗ്രികൾ പുനസ്ഥാപിക്കുകയും ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. അമിതോത്പാദന പ്രതിസന്ധി മൂലം വിറ്റഴിയാതെ കിടന്ന ചരക്കുകളെല്ലാം നശിക്കുന്നതോടെ വില ഉയരും.. ചരക്കുകൾ വീണ്ടും ഉത്പാദിപ്പിക്കേണ്ട ആവശ്യകത ഉണ്ടാവുകയും ഉത്പാദനവും ലാഭവും തകർച്ചയിൽ നിന്നും ഉയരാൻ തുടങ്ങുകയും ചെയ്യും. തൊഴിലവസരങ്ങൾ വർധിക്കുന്നു. തൊഴിലാളികളുടെ വരുമാനം വർധിക്കുന്നു. മുതലാളിത്തം പഴയതു പോലെ സമൃദ്ധമായ അവസ്ഥയിൽ എത്തിച്ചേരുന്നു.. സമൃദ്ധിയിൽ നിന്നും തകർച്ചയിലേക്ക് മൂക്കും കുത്തി വീണ മുതലാളിത്തം വീണ്ടും സമൃദ്ധിയിലേക്ക് കരകയറുന്നതോടെ ലാഭവർധനവിന്റെയും കൂലിഇടിവിന്റെയും ഘട്ടം തുടങ്ങുകയായി.. അടുത്ത തകർച്ചയുടെ വിത്തുകൾ സമൃദ്ധിയുടെ അഹന്തയിൽ നിവർന്നു നിൽക്കുന്ന മുതലാളിത്തത്തിന്റെ ഉള്ളിൽ തന്നെ രൂപം കൊള്ളുന്നു..


മുതലാളിത്തസാമ്പത്തികം - മാർക്സിസ്റ്റ് വിമർശം..

ലാഭവർധനവിന്റെ വഴികൾ.. 

മുതലാളിത്തോത്പാദനത്തെ സംബന്ധിച്ച് കഴിഞ്ഞ പോസ്റ്റിൽ ലളിതമായ വിശദീകരണം നൽകിയിരുന്നു. ഉത്പാദനം എന്നത് മൂലധനഉടമ മുടക്കുന്ന സ്ഥിരമൂലധനത്തിനുമേൽ അധ്വാനം നിക്ഷേപിക്കുന്ന പ്രക്രിയയാണ്. സ്ഥിരമൂലധനത്തിൻമേൽ അധ്വാനമൂല്യം കൂടി ചേരുമ്പോൾ കൂടുതൽ മൂല്യമുള്ള ചരക്ക് നിർമിതമാകും. ഈ അധികമൂല്യമാണ് മിച്ചമൂല്യം.  അതായത് തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം തന്നെയാണ് മുതലാളിയുടെ ലാഭമായി മാറുന്നത്..

മുതലാളിക്ക് തന്റെ ലാഭം രണ്ട് തരത്തിൽ വർധിപ്പിക്കാമെന്ന് മാർക്സ് വ്യക്തമാക്കുന്നു.
1)തൊഴിലാളിയുടെ കൂലി കുറയ്ക്കുക, തൊഴിൽസമയം,അധ്വാനഭാരം എന്നിവ കൂട്ടുക എന്നീ മാർഗങ്ങൾ. ഇവിടെ തൊഴിലാളി മുതലാളിക്കുവേണ്ടി ഉത്പാദിപ്പിക്കുന്ന മിച്ചമൂല്യം (തൊഴിലാളി നിക്ഷേപിക്കുന്ന മൊത്തം മൂല്യം- കൂലി) തന്നെയാണ് വർധിക്കുന്നത്. അതിനാൽ ലാഭവും വർധിക്കുന്നു. കേവലമിച്ചമൂല്യം എന്നിത് അറിയപ്പെടുന്നു. ഇത് തൊഴിലാളികളെ കേവലമായി ദരിദ്രവത്കരിക്കും. ലാഭം കൂടുകയും കൂലി കുറയുകയും ചെയ്യും.

2) സാങ്കേതികപരിഷ്കരണം, യന്ത്രവത്കരണം തുടങ്ങിയവയിലൂടെ തൊഴിലാളിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നു. ഒരു നിശ്ചിതസമയത്തിൽ തൊഴിലാളി ഉത്പാദിപ്പിക്കുന്ന മൂല്യമാണ് ഉത്പാദനക്ഷമത. കൈത്തറിയിലെ തൊഴിലാളികൾ ഒരു മണിക്കൂറിൽ 1000രൂപയുടെ ചരക്ക് നിർമിക്കുന്നുവെങ്കിൽ യന്ത്രത്തറിയിൽ അത്രയും തൊഴിലാളികൾക്ക് ഇതിന്റെ എത്രയോ ഇരട്ടി മൂല്യമുള്ള തുണി നിർമിക്കാം. ഇവിടെ തൊഴിലാളിയുടെ കൂലി വർധിച്ചാലും ഉത്പാദനക്ഷമത അതിനേക്കാൾ വേഗത്തിൽ വർധിക്കുന്നു. നിശ്ചിതസമയത്തിൽ തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം കൂടുന്നതിനാൽ കൂടുതൽ ലാഭം നേടാൻ മുതലാളിക്ക് കഴിയുന്നു. ഇതാണ് ആപേക്ഷികമിച്ചമൂല്യം.ഇവിടെ തൊഴിലാളികൾ ആപേക്ഷികമായാണ് ദരിദ്‌രവത്കരിക്കപ്പെടുന്നത്. അതായത് കൂലി വർധിച്ചാലും ഉത്പാദനക്ഷമതയും മുതലാളിയുടെ ലാഭവും കൂലിയേക്കാൾ കൂടിയ നിരക്കിൽ വർധിക്കുന്നതിനാൽ മുതലാളി- തൊഴിലാളിവർഗങ്ങൾ തമ്മിലെ സാമ്പത്തിക അസമത്വം പെരുകും. അകലം വർധിക്കും..

ഈ 2 മാർഗത്തിലും പൊതുവായി കാണാവുന്ന ഫലം എന്തെന്നാൽ മൊത്തം ദേശീയവരുമാനത്തിൽ കൂലിവിഹിതം ലാഭവിഹിതത്തെ അപേക്ഷിച്ച് കുറയും. തൊഴിലാളിവർഗത്തിന്റെ കൂലിയും മുതലാളിമാർ ലാഭം,പലിശ, വാടക എന്നീയിനങ്ങളിൽ നേടുന്ന വരുമാനവും(ഇതിനെ ഒന്നിച്ച് ലാഭം എന്ന് പറയാം) ചേർന്നതാണ് ദേശീയവരുമാനം. ഇതിൽ കൂലിയുടെ പങ്ക് കുറയുകയും ലാഭവിഹിതം കൂടുകയും ചെയ്യും. മൊത്തം ദേശീയവരുമാനം കൂടിയാലും അതിൽ തൊഴിലാളിയുടെ കൂലിയുടെ പങ്ക് ചുരുങ്ങും.. ദേശീയവരുമാനം ,GDP തുടങ്ങിയ സൂചകങ്ങൾ യഥാർത്ഥ ജനജീവിതത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നാണിത് കാണിക്കുന്നത്.


ചിത്രങ്ങൾ നോക്കുക.. അമേരിക്കയുടെ മൊത്തം ദേശീയവരുമാനത്തിൽ തൊഴിലാളികളുടെ വിഹിതം എത്രയെന്നതിന്റെ കണക്കാണിത്.. കഴിഞ്ഞ 100 വർഷങ്ങളെടുത്തു പരിശോധിച്ചാൽ തൊഴിലാളിയുടെ കൂലി ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നാൽ മൊത്തം ദേശീയവരുമാനത്തിൽ കൂലിയുടെ വിഹിതം സാരമായി കുറഞ്ഞിട്ടുണ്ടെന്ന് ചിത്രം 1 വ്യക്തമാക്കുന്നു.. എന്നാൽ ലാഭവിഹിതം ഗണ്യമായി ഉയരുന്നുണ്ട് താനും(ചിത്രം 2).. ദേശീയവരുമാനം വർധിക്കുന്നുണ്ടെങ്കിലും അത് സമ്പന്നമുതലാളിവർഗത്തിന്റെ ലാഭവർധന കൊണ്ടുമാത്രമാണെന്നും തൊഴിലാളിയുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നും മനസിലാക്കാം.. അമേരിക്കയുടെ മാത്രമല്ല എല്ലാദേശങ്ങളുടെയും സ്ഥിതി ഇതുതന്നെ..

പ്രതിസന്ധിയിലാകുന്ന മുതലാളിത്തം..

നമ്മുടെ സാമൂഹികമായ ഉത്പാദനവ്യവസ്ഥ രണ്ട് തട്ടുകളിലായാണ് സ്ഥിതി ചെയ്യുന്നത്.. സമൂഹം മൊത്തത്തിൽ വാങ്ങി ഉപയോഗിക്കുന്ന ഉപഭോഗവസ്തുക്കളുടെ നിർമ്മാണം, ഈ ഉപഭോഗവസ്തുക്കൾ നിർമ്മിക്കാനാവശ്യമായ ഉത്പാദനോപാധികളുടെ നിർമ്മാണം. അതായത് തുണി എന്ന ഉത്പന്നം എല്ലാ മനുഷ്യരും ഉപയോഗിക്കുന്ന ഉപഭോഗവസ്തുവും തുണിനിർമ്മിക്കുന്ന മെഷീൻ തുണിയുത്പാദിപ്പിക്കുന്ന മുതലാളിക്ക് മാത്രം ആവശ്യമുള്ള ഉത്പാദനോപാധിയുമാണ്. 

സമൂഹത്തിന്റെ മൊത്തം വരുമാനത്തിൽ തൊഴിലാളികളുടെ കൂലിവിഹിതം കുറയുകയും ലാഭവിഹിതം ക്രമേണ കൂടിവരുമെന്നും കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചു. ഇതിന്റെ ഫലമെന്താണ്..? ഉത്പാദനം കുത്തനെ ഉയർന്നാലും തൊഴിലാളികളുടെ വാങ്ങൽശേഷി ഉയരുന്നില്ല. ഉത്പാദനക്ഷമതയും ലാഭവും വർധിക്കുന്നതിനെ അപേക്ഷിച്ച് തൊഴിലാളിയുടെ ശമ്പളം ഉയരാത്തതിനാൽ അവർക്ക് ഇത്തരം ഉത്പന്നങ്ങൾ പൂർണമായും വാങ്ങാനാവില്ല. തൊഴിലാളികളുടെ ഉപഭോഗം ഇടിയുന്നു. ഫലമോ..? കുറേ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. ഇതേസമയം മുതലാളിമാരോ..? അവർ അവർക്ക് കിട്ടുന്ന ലാഭം മുഴുവനും തിന്നുതീർക്കുകയില്ല. നല്ലൊരുഭാഗം വീണ്ടും നിക്ഷേപിച്ച് ഉത്പാദനം വർധിപ്പിക്കുന്നു. ലാഭത്തിന്റെ ശേഷിക്കുന്ന തുക സ്വന്തം ആവശ്യങ്ങൾക്കായി മുതലാളി ഉപയോഗിക്കുന്നു. അതായത് ലാഭം വളരുന്നതിനനുസരിച്ച് മുതലാളിമാരുടെ ഉപഭോഗവും കൂടുന്നില്ല. 

ഉദാ: ഒരു മുതലാളിക്ക് 1000 രൂപ ലാഭവും തൊഴിലാളിക്ക് 100 രൂപ ശമ്പളവും കിട്ടിയെന്ന് കരുതുക.. മുതലാളി ഇതിൽ 500 രൂപ വീണ്ടും നിക്ഷേപത്തിന് വിനിയോഗിക്കുകയും 500 രൂപ കൊണ്ട് ഉത്പന്നങ്ങൾ വാങ്ങി ഉപഭോഗം നടത്തുകയും ചെയ്യും.. തൊഴിലാളി 100 രൂപയ്ക്കും ഉപഭോഗം നടത്തും. 500 രൂപയുടെ നിക്ഷേപം വർധിച്ചതിനാൽ ഉത്പാദനം അടുത്ത തവണ കൂടും. ചരക്കുകളുടെ അളവും കൂടും. ഈ അധിക ചരക്കുകൂടി വിറ്റുപോണമെങ്കിൽ തൊഴിലാളിവർഗത്തിന്റെയും മുതലാളിവർഗത്തിന്റെയും അതിനനുസരിച്ച് വാങ്ങൽശേഷി ഉയരണം. തൊഴിലാളികൾ സമൂഹത്തിൽ ഭൂരിപക്ഷമാണ്. ഇവരുടെ വരുമാനം ഒരിക്കലും മുതലാളിയുടെ ലാഭത്തിനും നിക്ഷേപങ്ങൾക്കും ഉത്പാദനവർധനവിനും ആനുപാതികമായി ഉയരില്ല. അതിനാൽ അവർക്ക് ഉപഭോഗം വർധിപ്പിക്കാനാവില്ല. ഇത് അമിതോത്പാദനപ്രതിസന്ധിയിലേക്ക് നയിക്കും. ചരക്കുകൾ കെട്ടിക്കിടക്കും.. 

 മുതലാളിമാർ എന്ന ന്യൂനപക്ഷത്തിന് വേണമെങ്കിൽ ഈ അധികചരക്കും കൂടി വാങ്ങി ഉപയോഗിച്ച് പ്രതിസന്ധി പരിഹരിക്കാം. എന്നാൽ മുതലാളി കിട്ടുന്ന ലാഭത്തിലൊരു ഭാഗം നിക്ഷേപങ്ങൾക്കുപയോഗിക്കുന്നതിനാൽ ഉപഭോഗം വർധിപ്പിക്കുന്നതിന് പരിധിയുണ്ട്. ചുരുക്കത്തിൽ ഇങ്ങനെ പറയാം.. മുതലാളിത്തത്തിൽ ഉത്പാദനം വളരുന്നതിനനുസരിച്ച് മുതലാളിമാരുടെയും തൊഴിലാളികളുടെയും 'വാങ്ങൽ' വർധിക്കുന്നില്ല. ഇത് അമിതോത്പാദനപ്രതിസന്ധി സൃഷ്ടിക്കുന്നു..

അമിതോത്പാദനപ്രതിസന്ധി...

തൊഴിലാളിവർഗത്തിന്റെ വരുമാനം കേവലമായോ ആപേക്ഷികമായോ കുറയുന്നതും തന്മൂലം മാർക്കറ്റിൽ ഉപഭോഗവസ്തുക്കളുടെ ഡിമാന്റ് ഇടിയുന്നതും മുതലാളിമാർ ലാഭം മുഴുവൻ ഉപഭോഗവസ്തുക്കൾ വാങ്ങി ഡിമാന്റിടിവ് നികത്താത്തതിന്റെ കാരണവും കഴിഞ്ഞ പോസ്റ്റുകളിൽ വ്യക്തമാക്കി.. ഇനി ഉത്പാദനോപാധികളുടെ കാര്യമെടുക്കാം.. ഉപഭോഗവസ്തുക്കളുടെ നിർമാണത്തിനാവശ്യമായ ഉത്പാദനോപാധികൾ വാങ്ങുന്നത് മുതലാളിവർഗം മാത്രമാണ്. (തൊഴിലാളികളും അവരുടെ കുടുംബവും തുണി വാങ്ങിയാൽ മതിയല്ലോ.. അതിനാവശ്യമായ നൂലും യന്ത്രങ്ങളും വാങ്ങുന്നത് ഉത്പാദകനായ മുതലാളിയും..) മാർക്കറ്റിലെ മൊത്തം ഡിമാന്റ് എന്നത് ഉത്പാദനോപാധികളുടെയും ഉപഭോഗവസ്തുക്കളുടെയും ഡിമാന്റ് ചേർന്നതാണ്. 

ജനങ്ങളുടെ വാങ്ങൽശേഷി ഇടിവ് ഉപഭോഗച്ചരക്ക് ഡിമാന്റ് കുറയ്ക്കുന്നു. ഉപഭോഗവസ്തുക്കൾ ആവശ്യമില്ലാതെ കെട്ടിക്കിടക്കും. ഇത് നികത്താനായി മുതലാളിമാർ ഉപഭോഗവസ്തുക്കളുടെ നിർമാണം കുറയ്ക്കും. ഉത്പാദനോപാധികൾ വ്യാപകമായി നിർമിക്കുകയും വാങ്ങിച്ചുകൂട്ടുകയും ചെയ്യും.. (അതായത് തുണിയുടെ ഉത്പാദനം കുറച്ച് പകരം പരുത്തിയും നൂലും തുണിനിർമിക്കുന്ന യന്ത്രസാമഗ്രികളും വ്യാപകമായി നിർമിക്കുകയും വാങ്ങുകയും ചെയ്യും..) ഉത്പാദനോപാധികളുടെ ഡിമാന്റ് വർധിപ്പിക്കും(ഇത് വാങ്ങുന്നത് മുതലാളിമാർ മാത്രമാണെന്ന് ഓർക്കുക).. ഉപഭോഗവസ്തുക്കളുടെ ഡിമാന്റിടിവ് ഉത്പാദനോപാധികളുടെ ഡിമാന്റ് വർധനയിലൂടെ പരിഹരിക്കാനും മുതലാളിത്തത്തിന് കഴിയും...

 എന്നാൽ യഥാർത്ഥ പ്രശ്നം വീണ്ടും ആരംഭിക്കും.. മുതലാളിമാർ നിർമിച്ചുകൂട്ടുന്ന ഉത്പാദനോപാധികൾ വിറ്റഴിക്കണമെങ്കിൽ ഉപഭോഗവസ്തുക്കളുടെ ഉത്പാദനവും വർധിച്ചേ തീരൂ.. തുണിയുടെ ഉത്പാദനം ഇടിഞ്ഞ സാഹചര്യത്തിൽ പരുത്തിയുത്പാദനം വർധിക്കുന്നത് അവയുടെ അമിതോത്പാദനത്തിലേക്കാണ് നയിക്കുക... ചുരുക്കത്തിൽ ഉപഭോഗവസ്തുക്കളുടെ ഡിമാന്റിലുണ്ടാകുന്ന ഇടിവ് ഉത്പാദനോപാധികളിലേക്കും വ്യാപിക്കുന്നു. മുതലാളിത്തം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു..

വരുമാനച്ചുരുക്കം

മാർക്കറ്റിലെ മൊത്തം ഡിമാന്റ്= ഉത്പാദനോപാധികളുടെ ഡിമാന്റ്+ ഉപഭോഗവസ്തുക്കളുടെ ഡിമാന്റ് ആയിരിക്കും.. സമൂഹത്തിൽ വ്യാപകമായി അടിച്ചേൽപ്പിക്കപ്പെടുന്ന വരുമാനഇടിവും ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടാകുന്ന കുറവും ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തെ ദോഷകരമായി വ്യാപിക്കും. ഇത് ഉപഭോഗച്ചരക്കുകൾ നിർമിക്കാനാവശ്യമായ ഉത്പാദനോപാധികളുടെ ഉത്പാദനത്തെയും ബാധിക്കും.. അമിതോത്പാദനപ്രതിസന്ധി മുതലാളിത്തത്തിന്റെ ലാഭത്തിലൂന്നിയ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മുതലാളിമാർ പാപ്പരാകുന്നു.. 

എന്നാൽ ചില പ്രത്യേക മേഖലയിൽ നടക്കുന്ന നിക്ഷേപങ്ങൾ മുതലാളിത്തത്തെ രക്ഷപ്പെടുത്തുന്നു. ഉദാ:- ആയുധനിർമാണം, ബഹിരാകാശഗവേഷണം തുടങ്ങിയവ.. ഇത്തരം മേഖലകൾ ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഉത്പാദനമേഖലകളാണ്. എന്തുകൊണ്ടാണെന്ന് നോക്കാം.. ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടാകുന്ന ഇടിവ് ചരക്കുകളുടെ നിർമാണത്തെ ബാധിക്കും.. എന്നാൽ മുകളിൽ പറഞ്ഞ മേഖലകളെ അവ സ്വാധീനിക്കുന്നില്ല.. ജനങ്ങൾ ദാരിദ്യ്രവത്കരിക്കപ്പെടുമ്പോൾ സാധാരണചരക്കു-സേവനങ്ങളുടേ വിൽപന ഇടിയുകയും അമിതോത്പാദനപ്രതിസന്ധി ഉടലെടുക്കുകയും  ഉത്പാദനം സ്തംഭിക്കുകയും ചെയ്യാം. പക്ഷേ ആയുധനിർമാണം പോലുള്ള മേഖലകൾ നിർബാധം വികസിക്കുന്നു.. ജനങ്ങളുടെ വാങ്ങൽശേഷി ഇടിവും ദാരിദ്യ്രവുമൊന്നും ആയുധനിർമാണത്തെ ബാധിക്കില്ലല്ലോ.. ബോംബും മിസൈലുമൊക്കെ യഥേഷ്ടം നിർമിച്ചുകൂട്ടാൻ ലോകത്ത് യുദ്ധങ്ങൾ നിലനിന്നാൽ മതി.. 

യുദ്ധങ്ങളില്ലാത്ത സമാധാനസുന്ദരലോകം ഉണ്ടായാൽ ആദ്യം തകരുന്നത് ഈ ആയുധനിർമാതാക്കളും വ്യാപാരികളും തന്നെയാവും.. അതായത് ബഹുഭൂരിപക്ഷം ഉപഭോക്താക്കളുടെ വാങ്ങൽശേഷിയുമായി ബന്ധമില്ലാത്ത ആയുധനിർമാണം, ജനങ്ങളുമായി ബന്ധമില്ലാത്ത ഗവേഷണങ്ങൾ,  സമ്പന്നർ മാത്രം വാങ്ങുന്ന ആഢംബരവസ്തുക്കളുടെയും മറ്റും ഉത്പാദനം ഇതെല്ലാം മുതലാളിത്തോത്പാദനത്തെ മുന്നോട്ടുനയിക്കുന്നു.. ജനങ്ങൾ പട്ടിണികിടന്ന് മരിച്ചാലും ഇത്തരം മേഖലകൾ സജീവമായി നിലനിൽക്കുകയും മുതലാളിമാരുടെ കീശ വീർപ്പിക്കുകയും ചെയ്യും..

വിപ്ലവം- ഒരു ദാർശനികവിശകലനം..



                        മനുഷ്യന് ജീവിക്കണമെങ്കിൽ സാധനങ്ങളും സേവനങ്ങളും വേണം.. ഭക്ഷണം, വെള്ളം, വായു, വസ്ത്രം ,പാർപ്പിടം, ഗതാഗതം, ആശയവിനിമയസൗകര്യം, ഊർജം, തുടങ്ങി അനേകം ഘടങ്ങൾ ഇതിൽ ഉൾപെടും.. ഇതിൽ വായു ഒഴികെ മറ്റെല്ലാം തന്നെ വില കൊടുത്താണ് മനുഷ്യൻ സ്വന്തമാക്കുന്നത്. നാളെ ഒരുപക്ഷേ ഓക്സിജനും വിൽപനച്ചരക്കാകുമോ എന്നതും ആശങ്കയുളവാക്കുന്നതാണ്.. എന്തായാലും ഇത്തരം ചരക്കുകൾ മനുഷ്യന് ഉപയോഗിക്കണമെങ്കിൽ അത് വ്യാപകമായി നിർമിക്കപ്പെടണം. എന്നാൽ ഒരു മനുഷ്യന് അവനാവശ്യമുള്ള ചരക്കുകളെല്ലാം സ്വയം നിർമിക്കാനാവില്ല. അതിനാൽ അവനത് കമ്പോളത്തിൽ നിന്ന് വാങ്ങുന്നു.

                        കമ്പോളത്തിൽ എത്തണമെങ്കിൽ ചരക്ക് നിർമിക്കപ്പെടണം. ഉത്പന്നങ്ങൾ ഉണ്ടാകുന്നത് മനുഷ്യാധ്വാനത്തിലൂടെയാണ്. അധ്വാനം മാത്രം പോര.. അസംസ്കൃതവസ്തുക്കളും ഉപകരണങ്ങളും യന്ത്രങ്ങളും മറ്റ് ഉപാധികളും ഒക്കെ വേണം.. ഇതിനെല്ലാം പണം വേണം. ഒരു സ്വകാര്യവ്യക്തി അല്ലെങ്കിൽ ഗ്രൂപ്പ് ഇതിനായി മൂലധനം മുടക്കുന്നു. ഫാക്ടറിയും മറ്റ് സ്ഥാവരജംഗമവസ്തുക്കളും സജ്ജമാക്കുന്നു.. ഇതു മാത്രം പോര ,മനുഷ്യാധ്വാനവും വേണം.. കയ്യിൽ മൂലധനമില്ലാത്ത, അധ്വാനിക്കാനുള്ള ശേഷി മാത്രമുള്ള ഭൂരിപക്ഷം ഈ സ്ഥാവരജംഗമവസ്തുക്കളുമായി ചേർന്ന് ഉത്പാദനം നടത്തുന്നു.. ആദ്യത്തെ ന്യൂനപക്ഷം മുതലാളിവർഗവും ഭൂരിപക്ഷം തൊഴിലാളിവർഗവുമെന്ന് അറിയപ്പെടുന്നു..
മുതലാളിയുടെ മൂലധനത്തിനുമേൽ തൊഴിലാളിയുടെ അധ്വാനം ചേർന്ന് പുതിയ ചരക്കുണ്ടാകുന്നു. ഈ ചരക്കിന്റെ മൂല്യം മൂലധനത്തേക്കാൾ കൂടുതലായിരിക്കും. ഈ മൂല്യം കമ്പോളത്തിൽ വെച്ച് ലാഭമായി മാറുന്നു. മുടക്കുമുതലും ഈ മിച്ചമൂല്യവും മുതലാളി സ്വന്തമാക്കുന്നു. തൊഴിലാളിക്ക് ഒരു നിശ്ചിതസംഖ്യ നൽകുന്നു.  ചരക്ക് പല കൈകളിലൂടെയും കൈമാറ്റം ചെയ്താണ് കമ്പോളത്തിൽ അന്തിമമായി ഉപഭോക്താവിന്റെ മുന്നിൽ എത്തുന്നത്. അതായത് കമ്പോളത്തിൽ ചരക്കിന് ലഭിക്കുന്നവിലയിൽ നിന്ന് ചരക്ക് നിർമാണത്തിനാവശ്യമായ മൂലധനം കുറച്ചാൽ ബാക്കി ലഭിക്കുന്ന ലാഭം ഫാക്ടറി മുതലാളിയും ഇടനിലക്കാരായ വ്യാപാരിമുതലാളിമാരും പങ്കിടുന്നു എന്ന് കാണാം. കമ്പോളത്തിൽ നിന്ന് ചരക്ക് വാങ്ങുന്നത് ജനങ്ങളാണ്. ഇതിൽ ഭൂരിപക്ഷവും ആരുടെയെങ്കിലും കീഴിൽ പണിയെടുക്കുന്ന തൊഴിലാളിവർഗവും.. അവർ സാധനം വാങ്ങുന്നതാവട്ടെ മാസംതോറും ലഭിക്കുന്ന ശമ്പളം ഉപയോഗിച്ചാണ് താനും.. മുതലാളിമാർ സാധനം വാങ്ങുന്നതോ ലാഭം ഉപയോഗിച്ചും.. ഇതാണ് മുതലാളിത്തം എന്ന സാമ്പത്തികവ്യവസ്ഥിതിയുടെ രത്നച്ചുരുക്കം..


                ആന്തരികവൈരുധ്യങ്ങളാൽ സമ്പുഷ്ടമായ ഒരു സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഈ വൈരുധ്യങ്ങൾ തമ്മിലെ സംഘട്ടനം മൂർഛിക്കുന്നതിന്റെ ഫലമായി പൊടുന്നനെ ഒരു മാറ്റം സംഭവിക്കുന്നു.. ഇതാണ് വിപ്ലവം.. അതിലൂടെ ആ വ്യവസ്ഥിതി തന്നെ തകർന്നടിയുകയും പുതിയതൊന്ന് ജന്മം കൊള്ളുകയും ചെയ്യുന്നു. ഈ പുതിയ വ്യവസ്ഥിതിയുടെ വിത്തുകൾ പഴയ വ്യവസ്ഥിതിയുടെ ഉള്ളിൽ തന്നെയുണ്ടാകും.. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള വിപ്ലവത്തെ ഒന്നു വിശകലനം ചെയ്താൽ താഴെ പറയുന്ന വസ്തുതകൾ വ്യക്തമാകും..

1) മുതലാളിത്തത്തിന്റെ ഉത്പാദനോപാധികൾ (ശാസ്ത്രസാങ്കേതികവിദ്യ ഉൾപെടെ) ദ്രുതഗതിയിൽ വളർന്നുവികസിക്കുമ്പോഴും ചൂഷണത്തേ അടിസ്ഥാനമാക്കിയ അതിന്റെ ഉത്പാദനബന്ധം മാറ്റമില്ലാതെ തുടരുന്നതാണ് വൈരുധ്യങ്ങൾ മൂർച്ഛിക്കാൻ കാരണം. അതായത് ഒരു സോഷ്യലിസ്റ്റ് വിപ്ലവം സംഭവ്യമാകണമെങ്കിൽ മുതലാളിത്തത്തിലെ ഉത്പാദനശക്തികൾ വളർന്നുവികസിക്കണം.

2) സമ്പന്നനും ദരിദ്രനും തമ്മിലെ അകലം കുറയ്ക്കലാണ് സോഷ്യലിസം.. അതായത് സമ്പത്ത് ജനങ്ങളിൽ സമമായി വിതരണം ചെയ്യപ്പെടുന്ന അവസ്ഥ.. അതുകൊണ്ടുതന്നെ സോഷ്യലിസം ഉണ്ടാവണമെങ്കിൽ ആദ്യം സമ്പത്ത് വേണം.. ദരിദ്രന്മാരുടെ സോഷ്യലിസമല്ല മാർക്സ് പ്രഖ്യാപിച്ചതെന്നോർക്കുക. മുതലാളിത്തത്തിന്റെ ഉത്പാദനശക്തികൾ വളരുകയും അതിലൂടെ സമ്പദ് വ്യവസ്ഥ പക്വത പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ ചൂഷണാധിഷ്ഠിതമായ ഉത്പാദനബന്ധങ്ങൾ ഒരു സാമൂഹ്യവിപ്ലവത്തിലേക്ക് നയിക്കുന്നു..

3) സാംസ്കാരികവും സാമ്പത്തികവുമായ പുരോഗമനം സോഷ്യലിസത്തിന്റെ പിറവിക്ക് ആവശ്യമാണ്. സാമ്പത്തികപുരോഗതി എന്തിനാണെന്ന് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.. അതുപോലെ തന്നെയാണ് സാംസ്കാരികമായ/ ബൗദ്ധികമായ പുരോഗതി.. ആർത്തിയെയും ചൂഷണത്തെയും അസമത്വത്തെയും ന്യായീകരിക്കുന്ന മനസ്ഥിതി മാറണം.. പങ്കിടലിന്റെയും സഹകരണത്തിന്റെയും സമത്വഭാവത്തിന്റെയും പാഠങ്ങൾ ചൂഷിതവർഗത്തിന്റെ സംസ്കാരമായി മാറണം.

4) ജാതി- മതങ്ങളുടെ പേരിൽ വിഘടിക്കുകയല്ല, ചൂഷണങ്ങൾക്കെതിരെ ജാതിമതവ്യത്യാസമില്ലാതെ ഒന്നിക്കുകയാണ് വേണ്ടതെന്ന തോന്നൽ തൊഴിലാളിവർഗത്തിന് ഉണ്ടാകണം. മതവിശ്വാസം സ്വകാര്യവിഷയമായി മാറണം.. രാഷ്ട്രീയത്തിൽ നിന്നും അത്തരം ഉപാധികൾ മാറ്റിനിർത്തപ്പെടണം.

5) മുതലാളിത്തവ്യവസ്ഥിതിക്കെതിരെ തൊഴിലാളിവർഗം മാത്രമല്ല, പരിസ്ഥിതിപ്രസ്ഥാനങ്ങൾക്കും മനുഷ്യാവകാശസംഘടനകൾക്കും വനിതാവിമോചനപ്രസ്ഥാനങ്ങൾക്കും ഒക്കെ അണി ചേരാൻ കഴിയും.. മറ്റൊരു ലോകം സാധ്യമാണെന്ന ബോധത്തോടെ ബഹുജനങ്ങൾ അണിനിരക്കണം. എന്നാൽ അവരുടെ പക്കലുള്ള ദാർശനികമായ ആയുധം മാർക്സിസം ആയിരിക്കും എന്നതിൽ സംശയമില്ല. കാരണം മുതലാളിത്തത്തിന്റെ ഒരേയൊരു പ്രതിവിധി സോഷ്യലിസം മാത്രമാണ്.

6) ബൂർഷ്വാസമൂഹത്തിലും പുരോഗമനപരമായ ചില ഘടകങ്ങളുണ്ട്. അവ സ്വീകരിക്കുക തന്നെ വേണം. കുത്തകകളുടെ ലാഭം വർധിപ്പിക്കാനുള്ള ശാസ്ത്രസാങ്കേതികവിദ്യ നാളെ സോഷ്യലിസ്റ്റ് ഉത്പാദനക്രമത്തിനായി പരിവർത്തനപ്പെടുത്തണം. ജനങ്ങൾ പരിപൂർണമായി രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും പങ്കുചേരണം. അത് അങ്ങേയറ്റം വികേന്ദ്രീകൃതമാകണം. കേന്ദ്രീകൃത ജനാധിപത്യവും സ്വേഛാധിപത്യവും ഒക്കെ പൊളിച്ചെഴുതപ്പെടണം..

                ദുഃഖകരമായ കാര്യം എന്തെന്നുവെച്ചാൽ 20ാം നൂറ്റാണ്ടിൽ നാം കണ്ട കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾക്കൊന്നും മേൽപറഞ്ഞ സവിശേഷതകൾ ഉണ്ടായിരുന്നില്ല എന്നതാണ്. അതിനാൽ അവയുടെയെല്ലാം പരാജയവും സുനിശ്ചിതമായിരുന്നു.. സോവിയറ്റ് സോഷ്യലിസത്തിന്റെ തകർച്ചയും ചൈനയുടെ മുതലാളിത്തവത്കരണവും ഉത്തരകൊറിയൻ ഭീകരതകളും ഒക്കെ മാർക്സിസം ആണ് വില്ലനെന്നും അത് തകർന്നതാണെന്നുമുള്ള ബോധം സമൂഹത്തിൽ ഉണ്ടാക്കി. സത്യം അതല്ലങ്കിൽ കൂടി..

സോവിയറ്റ് സോഷ്യലിസം മാർക്സിയൻ ചരിത്രനിയമങ്ങൾക്ക് വിരുദ്ധമായിരുന്നോ..?


മാർക്സ് പ്രസ്താവിച്ച ചരിത്രപരമായ ഭൗതികവാദത്തിലെ ഒരു ഭാഗം തന്നെയെടുക്കാം.. ഭൂമി മുഴുവൻ കുത്തകയായി വെച്ചിരിക്കുന്ന ഭൂപ്രഭു -നാടുവാഴിവർഗത്തിനെതിരെ ശക്തമായ വിപ്ലവങ്ങളിലൂടെയാണ് ബൂർഷ്വാസി മുതലാളിത്തലോകം കെട്ടിപ്പടുത്തത്.. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കും അതുപോലെ മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കും സമൂഹം നയിക്കപ്പെടുകയും ചെയ്യും.  മുതലാളിത്തം അങ്ങേയറ്റം വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് അതിലെ വൈരുധ്യങ്ങളും വളരുകയും സ്വന്തം മരണകാരണം തന്നെ മുതലാളിത്തത്തിനുള്ളിൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ഇത് സോഷ്യലിസത്തിന് ജന്മം നൽകുന്നു. സോഷ്യലിസത്തിന്റെ വിത്തുകൾ വളർന്നുവികസിച്ച മുതലാളിത്തത്തിനുള്ളിൽ തന്നെ മുളപൊട്ടാൻ തുടങ്ങും.

എന്നാൽ റഷ്യയിലും ചൈനയിലും ഒക്കെ സംഭവിച്ചതോ..? ഒക്ടോബർ വിപ്ലവത്തിനു മുമ്പുള്ള റഷ്യ ഒരിക്കലും ഒരു വികസിതമുതലാളിത്ത രാജ്യമായിരുന്നില്ല. ഫ്യൂഡലിസത്തിന്റെ അവശേഷിപ്പുകൾ ധാരാളമുണ്ടായിരുന്ന റഷ്യ ഒരു കാർഷികരാജ്യമായിരുന്നു. സാമ്പത്തികവളർച്ചയും ഉത്പാദനവും വ്യവസായരംഗവുമെല്ലാം ദുർബലമായ റഷ്യയിൽ മുതലാളിത്തം പിച്ച വെച്ചുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. അങ്ങനെയുള്ള ഒരു രാജ്യത്ത് സോഷ്യലിസം സ്ഥാപിക്കാൻ പുറപ്പെടുകയും പാർട്ടി രൂപീകരിച്ച് വിപ്ലവം നടത്തി ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്തത് വലിയ പ്രതിസന്ധിയിലേക്കാണ് ലെനിനെ എത്തിച്ചത്.. ഭരണത്തിൽ വന്നതിനു ശേഷം പുത്തൻ സാമ്പത്തികനയമെന്ന പേരിൽ മുതലാളിത്തത്തെ ലെനിൻ ചെറുതായെങ്കിലും സ്വീകരിച്ചു..

 ചൈനയാകട്ടെ മാവോയുടെ മരണശേഷം നല്ല ഒന്നാന്തരം മുതലാളിത്തനയങ്ങൾ ചുവപ്പുപെയിന്റടിച്ച് നടപ്പിലാക്കി. ക്യൂബയും വിയറ്റ്നാമും ഒക്കെ ആഗോളവത്കരണ മുതലാളിത്തത്തിന്റെ ഭാഗമായി.. ഇവിടെ ലെനിനെയും ചൈനയെയും ക്യൂബയെയുമൊന്നും കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്.. അവർക്കതല്ലാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയും ക്യൂബയുമൊക്കെ മുതലാളിത്തം വളരെ ദുർബലമായിരുന്ന രാജ്യങ്ങളായിരുന്നു വിപ്ലവത്തിനു മുമ്പ്. ഇത്തരം ദേശങ്ങളിൽ സോഷ്യലിസം സ്ഥാപിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതിൽ അത്ഭുതമില്ല.. മുതലാളിത്തം വളർന്നുവികസിക്കുകയും അതിലൂടെ ഉത്പാദനശക്തികൾ വികസിക്കുകയും വേണം. അത് തന്നെയാണ് ഫ്യൂഡൽ സ്വഭാവമുള്ള രാജ്യങ്ങളായ റഷ്യയിലും ചൈനയിലും ഒക്കെ നടന്നത്.. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തമേ സൃഷ്ടിക്കപ്പെടൂ.. സോഷ്യലിസം മുകളിൽ നിന്നും കെട്ടിയിറക്കാനാകില്ല എന്ന മാർക്സിസ്റ്റ് വീക്ഷണമാണ് ഇവിടെയെല്ലാം കാണാനാവുക..

ബൂർഷ്വാജനാധിപത്യം...

ബൂർഷ്വാജനാധിപത്യം ജനങ്ങൾക്ക് ഉറപ്പുനൽകുന്നത് നിയമപരമായ സമത്വം മാത്രമാണ്. എന്നാൽ ബൂർഷ്വാപാർലമെന്ററി ജനാധിപത്യത്തിനും ചില പുരോഗമനാത്മകമായ വശങ്ങൾ ഉണ്ടായിരുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ മറന്ന് അവയെയെല്ലാം വെറും ബൂർഷ്വാഉപകരണങ്ങൾ മാത്രമായി മുദ്ര കുത്തുകയാണ് ലെനിനുൾപെടെയുള്ള സോവിയറ്റ് നേതൃത്വം ചെയ്തത്. പാർലമെന്ററി വ്യവസ്ഥയെ ഇവർ ശക്തമായി എതിർത്തു. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും നടപ്പിലായതാകട്ടെ ഏകപാർട്ടിഭരണവും. മറ്റു പാർട്ടികൾ (ഇടതുപക്ഷപാർട്ടികൾ പോലും) നിരോധിക്കപ്പെട്ടു. പാർട്ടിക്കുള്ളിൽ തന്നെ അധികാരം വിരലിലെണ്ണാവുന്ന ആളുകളിലേക്ക് ചുരുങ്ങി. ജനാധിപത്യം പാർട്ടിക്കകത്തും പുറത്തും ഒരുപോലെ ദുർബലമായെന്നർത്ഥം..

ഇന്ന് ചൈനയിലും കാണുന്ന മാതൃക ഇതൊക്കെത്തന്നെയാണ്. പ്രതിപക്ഷവും എതിർസ്വരങ്ങളും അനുവദിക്കപ്പെടാത്ത രാഷ്ട്രീയവ്യവസ്ഥിതികൾക്ക് സ്വേഛാധിപത്യ സ്വഭാവം ഉണ്ടാവുക സ്വാഭാവികമായിരുന്നു. ബൂർഷ്വാപാർലമെന്ററി സിസ്റ്റത്തെ അപേക്ഷിച്ച് സോവിയറ്റ് ജനാധിപത്യം ഒരു പിന്തിരിപ്പൻ മാതൃക തന്നെയായിരുന്നു..

 എന്നാൽ മാർക്സിനും എംഗൽസിനും ഇത്തരം കാഴ്ചപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. ജനാധിപത്യം സോഷ്യലിസത്തിലേക്കുള്ള മാർഗമാണെന്നാണ് അവർ പറഞ്ഞത്. പാർലമെന്ററി ജനാധിപത്യത്തോട് മാർക്സ് ഒരിക്കലും വിമുഖത കാട്ടിയിട്ടില്ല. അതിനെയും സോഷ്യലിസത്തിലേക്കുള്ള മാർഗമായി ഉപയോഗിക്കാമെന്ന് മാർക്സ് പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിലൂടെ യൂറോപ്പിൽ സോഷ്യലിസത്തെ ശക്തിപ്പെടുത്തുന്നതിനെ പറ്റി എംഗൽസും പറയുന്നു. കൗത്സ്കിയെപോലുള്ള ചിന്തകരും ഈ അഭിപ്രായക്കാരായിരുന്നു..

ഏകരാഷ്ട്രസോഷ്യലിസം എന്ന തെറ്റായ മാർഗം..

ലെനിന്റെ മരണാനന്തരം സ്റ്റാലിൻ സ്വീകരിച്ച ഒരു അന്താരാഷ്ട്രനയമായിരുന്നു ഏകരാഷ്ട്രസോഷ്യലിസം അഥവാ Socialism in one country.. മാർക്സും എംഗൽസും ലെനിനും ഒക്കെ സ്വപ്നം കണ്ട ആഗോളകമ്മ്യൂണിസവും സർവരാജ്യത്തൊഴിലാളി ഐക്യവും ആഗോളവിപ്ലവവും ഒക്കെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രഖ്യാപിതനയങ്ങൾ കൂടിയായിരുന്നു.. എന്നാൽ ഏകരാഷ്ട്രസോഷ്യലിസം എന്ന പിന്തിരിപ്പൻ വാദത്തിലൂടെ അതിലെല്ലാം വെള്ളം ചേർക്കുന്ന നിലപാടാണ് സ്റ്റാലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സോഷ്യലിസം ഒരു രാജ്യത്ത് മാത്രം നടപ്പിലായാൽ മതിയെന്നും ആഗോളവിപ്ലവം ഉടനെയൊന്നും സംഭവിക്കുക സാധ്യമല്ലെന്നുമുള്ള സ്റ്റാലിന്റെ വാദത്തെ പുരോഗമനവാദികൾ ഒന്നടങ്കം എതിർത്തിരുന്നു.

ഫലമോ..? ജർമനിയിലും മറ്റും വിജയിക്കേണ്ട സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ദയനീയമായി പരാജയപ്പെട്ടു..  സോവിയറ്റ് യൂണിയനിൽ മാത്രമായി ഭരണം ചുരുങ്ങാനും ക്രമേണ അത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വമായി വളരാനും അധികകാലം വേണ്ടിവന്നില്ല. ചെ ഗുവേര ഉൾപെടെയുള്ള അന്താരാഷ്ട്രവ്യക്തിത്വങ്ങൾ അടക്കം ഏകരാഷ്ട്രസോഷ്യലിസത്തെ ശക്തമായി എതിർത്തു.. പിൽക്കാലത്ത് ചൈനയിലും ക്യൂബയിലും ബോളീവിയയിലും വിയറ്റ്നാമിലും ഉത്തരകൊറിയയിലും ഒക്കെ വിപ്ലവം പടരുകയാണ് ചെയ്തത്.

ജനാധിപത്യകേന്ദ്രീകരണവും പാർട്ടി സ്വേച്ഛാധിപത്യവും..

സോഷ്യലിസത്തിന്റെ അടിസ്ഥാനം ജനാധിപത്യമാണെന്നും ഫാസിസത്തിനും ഏകാധിപത്യവാഴ്ചയ്ക്കും കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ സ്ഥാനമില്ലെന്നുമുള്ള വസ്തുത മറന്നതാണ് സോവിയറ്റ് സോഷ്യലിസത്തിനു സംഭവിച്ച ആദ്യപിഴവ്. ജനാധിപത്യസംവിധാനങ്ങൾ USSRൽ ഉണ്ടായിരുന്നെങ്കിലും അവ സുഗമമായി പ്രവർത്തിച്ചിരുന്നില്ല. മറിച്ച് ദുർബലപ്പെട്ടുവന്നു. പാർട്ടി എന്ന പുതിയൊരു അധികാരവർഗം ഉയർന്നുവന്നു. മാർക്സ് പറഞ്ഞത് തൊഴിലാളിവർഗസർവാധിപത്യത്തെ കുറിച്ചാണെങ്കിൽ റഷ്യയിൽ നടന്നത് പാർട്ടി-സർവാധിപത്യമാണ്. വ്യക്തിസ്വാതന്ത്യ്രങ്ങൾ പോലും ഹനിക്കപ്പെട്ടു. പാർട്ടിക്കുള്ളിൽ തന്നെയുള്ള വ്യത്യസ്തശബ്ദങ്ങളെ ജനാധിപത്യപരമായി കൈകാര്യം ചെയ്യാനായില്ല. മറ്റ് ഇടതുപക്ഷപാർട്ടികളെപ്പോലും നിരോധിച്ചു..

വിമർശനം, തെറ്റുതിരുത്തൽ എന്നിവയ്ക്കുള്ള അവസരം കുറഞ്ഞു. പാർട്ടി തൊഴിലാളികളിൽ നിന്നകന്നു. അധികാരികളും നേതൃത്വവും അവരുടെ കീഴിലെ ബുദ്ധിജീവികളും ഈ ജനാധിപത്യമില്ലാത്ത 'സോഷ്യലിസ'ത്തെ  സിദ്ധാന്തവും രാഷ്ട്രീയവും തമ്മിലെ വൈരുധ്യമെന്നാണ് ന്യായീകരിച്ചത്. വിപ്ലവസിദ്ധാന്തങ്ങൾ നേതൃത്വത്തിന് സ്വന്തവും രാഷ്ട്രീയം അതിനപ്പുറം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ഉപകരണവുമായി വ്യാഖ്യാനിച്ചു.

 വാസ്തവത്തിൽ പാർട്ടിയുടെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെളിച്ചത് സഃലെനിൻ തന്നെ തുടങ്ങിവെച്ച ജനാധിപത്യകേന്ദ്രീകരണം എന്ന രാഷ്ട്രീയതത്വമാണ്. അധികാരം പാർട്ടിയുടെ മുകൾത്തട്ടിലെ വർഗത്തിലേക്ക് കേന്ദ്രീകരിക്കുന്നു. താഴേത്തട്ടിലുള്ള പ്രവർത്തകർ നേതൃത്വത്തിന്റെ പാവകൾ മാത്രമാകുന്നു. അധികാരം മുകളിൽ നിന്നും താഴേക്ക്.. ഇതാണ് ജനാധിപത്യകേന്ദ്രീകരണം( Democratic Centralisation).. ലെനിന്റെ കാലത്ത് പാർട്ടിയെ സുശക്തമാക്കാൻ ഇത് ഉപകരിച്ചെങ്കിലും പിൽക്കാലത്ത് നേതൃത്വത്തിന്റെ ഏകാധിപത്യത്തിലേക്ക് വഴിമാറി. വിപ്ലവകാലത്ത് 'എല്ലാ അധികാരവും സോവിയറ്റുകൾക്ക് 'എന്ന് പറഞ്ഞ ലെനിൻ പിന്നീട് എല്ലാ അധികാരവും പാർട്ടിക്കാണെന്നും സോവിയറ്റുകൾ ഭരണത്തിലെ പൽചക്രങ്ങൾ മാത്രമാണെന്നും തിരുത്തി.. പാർട്ടി നേതൃത്വത്തിലേക്ക് ജനാധിപത്യം ഒതുങ്ങി.. രാജ്യം നടക്കാൻ പാടില്ലാത്ത ക്രൂരതകൾക്ക് സാക്ഷിയുമായി.. ഏകാധിപത്യങ്ങൾ ചരിത്രത്തിൽ സ്വയം എരിഞ്ഞ് ഇല്ലാതാകുക സ്വാഭാവികം. അത് സംഭവിക്കുകയും ചെയ്തു.

ദൗർബല്യങ്ങൾ വിനയായപ്പോൾ..

മോസ്കോയോടുള്ള അമിതമായ അഭിനിവേശമാണ് സോവിയറ്റ് റിപ്പബ്ലിക്കുകളുടെ മറ്റൊരു പ്രധാനദൗർബല്യം.. USSRന്റെ സഖ്യരാജ്യങ്ങളും റിപ്പബ്ലിക്കുകളും ഒക്കെ സോവിയറ്റ് ഭരണകൂടത്തിന്റെ ആശ്രിതരായി മാറി. ഒാരോ രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തരസാഹചര്യങ്ങൾ അനുസരിച്ച് സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതിനു പകരം റഷ്യൻ ആജ്ഞകളും അവരുടെ മാതൃകകളും യാന്ത്രികമായി സ്വന്തം രാജ്യത്തും പകർത്തുകയാണ് ചെയ്തത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പോലും ഇത്തരത്തിൽ ആദ്യകാലങ്ങളിൽ സോവിയറ്റ് ആരാധകരാവുകയാണ് ചെയ്തത്.

മറ്റൊരു പ്രശ്നം USSR തന്നെ സൃഷ്ടിച്ച ഒരു തരം സാമ്രാജ്യത്വമായിരുന്നു. ലോകമഹായുദ്ധങ്ങൾക്കു ശേഷം ആയുധനിർമാണത്തിൽ എങ്ങനെയും അമേരിക്കയെ കടത്തിവെട്ടുക എന്നതു മാത്രമായി USSRന്റെ ലക്ഷ്യം. പൊതുജനക്ഷേമം വിസ്മരിച്ചു. തോക്കും ബോംബും മിസൈലും യുദ്ധസന്നാഹങ്ങളും ഉണ്ടാക്കാൻ പണം വൻതോതിൽ സോവിയറ്റ് യൂണിയൻ ഒഴുക്കി. ജനങ്ങളുടെ ക്ഷേമത്തിനും ഉത്പാദനത്തിനും രണ്ടാം സ്ഥാനം മാത്രം.. മറ്റു രാജ്യങ്ങളുടെ മേൽ അടിച്ചമർത്തലുകൾ നടത്താനും റഷ്യ ശ്രമിച്ചു. അൽബേനിയ, ജോർജിയ എന്നിവിടങ്ങളിൽ ദേശീയവികാരങ്ങളെ അമർച്ച ചെയ്തു. ചെക്-അഫ്ഗാൻ ആക്രമണങ്ങൾ സോവിയറ്റ് യൂണിയനെയും അമേരിക്കയെപോലെ ഒരു സാമ്രാജ്യത്വരാജ്യമെന്ന ദുഷ്പേര് സമ്പാദിക്കാൻ സഹായിച്ചു.
തോക്കിനു പകരം റൊട്ടിയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്..  ലോകമുതലാളിത്തശക്തികൾ ശത്രുക്കളായി ചുറ്റും വളഞ്ഞപ്പോൾ അതിജീവനത്തിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു സോവിയറ്റ് യൂണിയൻ..

എല്ലാവരും അവരവരുടെ കഴിവിനൊത്ത് അധ്വാനിക്കുന്നു.. ആവശ്യത്തിനൊത്ത് നേടുന്നു.. ഉത്പാദനോപാധികൾ സമൂഹത്തിന്റെ കൂട്ടുടമസ്ഥതയിൽ വരുന്നു. തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം സമൂഹത്തിലേക്ക് തന്നെ (മുതലാളിയുടെ പോക്കറ്റിലേക്കല്ല) തിരികെയെത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഇതാണ് മാർക്സ് പറഞ്ഞ സോഷ്യലിസത്തിന്റെ അടിത്തറ. എന്നാൽ സോവിയറ്റ് യൂണിയനിൽ സംഭവിച്ചത് ഇതായിരുന്നില്ല.. സോഷ്യലിസത്തിനുപകരം സർക്കാർ തന്നെ നേതൃത്വം നൽകുന്ന ഒരു മുതലാളിത്തമായിരുന്നു അത്. സ്റ്റേറ്റ് കാപിറ്റലിസം എന്നും പറയാം. മുതലാളിമാരില്ലെങ്കിലും സർക്കാർ തന്നെ ഒരു മുതലാളിയുടെ ഭാവത്തിൽ സമ്പത്ത് കുന്നുകൂട്ടുന്നു. ജനങ്ങളിൽ നിന്നും വ്യാപകമായി സർക്കാർ ഖജനാവിലേക്ക് പണമൊഴുകി. ഉത്പാദനോപാധികൾ സർക്കാർ കൈവശമാക്കി. എന്നാൽ അതിനു തക്കതായ ഉത്പാദനം നടന്നുമില്ല. കൂടാതെ കടുത്ത ഉദ്യോഗസ്ഥമേധാവിത്തവും അഴിമതിയും. സോഷ്യലിസ്റ്റ് രാജ്യങ്ങൾ വ്യാപകമായി നേരിട്ട ഒരു പ്രതിസന്ധി അധ്വാനത്തിന്റെ അന്യവത്കരണമാണ്. ജനങ്ങളുടെ ഉപഭോഗാസക്തി വർധിച്ചെങ്കിലും അധ്വാനിക്കാനുള്ള താത്പര്യം കുറഞ്ഞു. മത്സരങ്ങളുടെയും ചൂഷണങ്ങളുടെയും അഭാവം രാജ്യത്ത് അധ്വാനത്തിനുള്ള പ്രചോദനമെന്ത് എന്ന ചോദ്യമുയർത്തി. കൂടുതൽ ഉപഭോഗം.. കുറച്ചു ജോലി.. കൂടുതൽ സന്തോഷം എന്ന മുതലാളിത്തസങ്കൽപം തന്നെയാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലും വ്യാപകമായത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...