Saturday, September 22, 2018

മാർക്സിസത്തിന്റെ അടിസ്ഥാനആശയങ്ങൾ

അടിച്ചമർത്തപ്പെട്ടവന്റെ പക്ഷം ചേരുന്ന പ്രത്യയശാസ്ത്രമായ മാർക്സിസ്റ്റ് ദർശനത്തിന് മൂന്ന് അടിത്തറകളാണുള്ളത്.. 

1.മാർക്സിസ്റ്റ് പ്രപഞ്ചവീക്ഷണം- വൈരുധ്യാത്മകഭൗതികവാദം(Dialectical Materialism)

2.മാർക്സിസ്റ്റ് ചരിത്രവീക്ഷണം- ചരിത്രപരമായ ഭൗതികവാദം(Historical Materialism)

3.മാർക്സിയൻ സാമ്പത്തികശാസ്ത്രം (Marxian Economics)

ഇതിൽ വൈരുധ്യാത്മകഭൗതികവാദം എന്ന് വൈരുധ്യാത്മകത, ഭൗതികവാദം എന്നീ രണ്ട് ആശയങ്ങൾ ചേർന്നതാണ്.. വൈരുധ്യാത്മകഭൗതികവാദത്തിന്റെ രീതികൾ മുൻപ് വിശദീകരിച്ചതുമാണ്.. അത് ഒരു പ്രപഞ്ചതത്വമായും കാര്‌യങ്ങൾ വിശകലനം ചെയ്യാനുള്ള രീതിയായും അറിയപ്പെടുന്നു.. വൈരുധ്യാത്മകഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യചരിത്രത്തെ നോക്കിക്കാണുകയും സമൂഹത്തെയും അതിലെ പല സംഘടിതരൂപങ്ങളെയും ചെയ്യുന്ന രീതിയാണ് ചരിത്രപരമായ ഭൗതികവാദം(Historical Materialism). കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ അടിത്തറയാണിവ.. അതോടൊപ്പം മുതലാളിത്തത്തെയും അതിന്റെ ഘടനയെയും  പഠിക്കുകയും രൂക്ഷമായി വിമർശിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പ്രത്യേകതകൾ മുന്നോട്ടുവെക്കുകയുമാണ് മാർക്സിയൻ സാമ്പത്തികശാസ്ത്രം ചെയ്യുന്നത്.. മനുഷ്യനെ മനുഷ്യനായി സ്നേഹിക്കുന്ന ഏതൊരു കമ്മ്യൂണിസ്റ്റിനും ഈ ചിന്തകൾ ബലം പകരും.. അവ ചൂഷണങ്ങളും യുദ്ധങ്ങളും  അസമത്‌വങ്ങളുമില്ലാത്തനാളെയുടെ ദീപങ്ങളായി മാറും.. ഉറപ്പ്..

ഇനി വരുന്ന പോസ്റ്റുകളിലും സുഹൃത്തുക്കളുടെ പൂർണസഹകരണം പ്രതീക്ഷിക്കുന്നു..🙏🏾

കേവലഭൗതികവാദം.

വളരെ പിന്തിരിപ്പനായ ഒരു ഭൗതികചിന്തയാണിത്.. വൈരുധ്യാത്മകഭൗതികവാദം ആശയങ്ങൾക്കു പ്രാധാന്യം നൽകുകയും ആശയങ്ങളെയും ഭൗതികവസ്തുക്കളെയും വൈരുധ്യാത്മകമായി കാണുകയും ചെയ്യുമ്പോൾ കേവലഭൗതികവാദം ആശയങ്ങളെയും ആദർശങ്ങളെയും നിഷേധിക്കുകയും ഉപയോഗശൂന്യമായി കാണുകയും ചെയ്യുന്നു. കേവലഭൗതികവാദം ഭൗതികലോകത്തിനു മാത്രം പ്രാധാന്യം നൽകുന്നു.. ഇത് തെറ്റാണ്. ആശയവാദത്തെ പോലെ പിന്തിരിപ്പനുമാണ്. ആശയങ്ങൾ ഭൗതികലോകത്തുനിന്നും വേർപെട്ടല്ല.. അതിനു സമാന്തരമായി വൈരുധ്യാത്മകമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഇതാണ് വൈരുധ്യാത്മകഭൗതികവാദത്തിന്റെ അടിസ്ഥാനം... മാർക്സിസത്തിന്റെ അടിസ്ഥാനം...

ഭൗതികലോകവും ആശയങ്ങളും തമ്മിൽ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നും അവ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും താഴെ കൊടുക്കുന്ന ഉദാഹരണചിത്രം വ്യക്തമാക്കും.. ഭൗതികലോകവും അതിൽ നിന്നുണ്ടാവുന്ന ആശയങ്ങളും സമാന്തരമായി നിലനിൽക്കുന്നു.. ഇവ വേർപെട്ടല്ല പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നുമാത്രം..

ഭൗതികവാദം( Materialism )

മാർക്സിസ്റ്റ് സിദ്ധാന്തങ്ങളുടെയെല്ലാം താത്വികമായ അടിത്തറയാണ്  വൈരുധ്യാത്മകഭൗതികവാദം.. വൈരുധ്യാത്മകത, ഭൗതികവാദം എന്നീ രണ്ട് ആശയങ്ങളുടെ സമ്മേളനമാണിത്. വൈരുധ്യാത്മകത അഥവാ ഡയലക്ടിക്സ് പോലെ തന്നെ പ്രധാനമാണ് ഭൗതികവാദവും.. എന്താണ് ഭൗതികവാദം..
ഇതിന്റെ അടിസ്ഥാനതത്വങ്ങൾ താഴെ പറയുന്നു..

1.പ്രപഞ്ചം ഭൗതികമാണ്.. സത്യമാണ്.. ഭൗതികയാഥാർത്ഥ്യമാണ് ഈ പ്രപഞ്ചമെന്ന് സാരം.. പ്രപഞ്ചം മായയാണെന്നും തോന്നലുകളാണെന്നും മറ്റുമുള്ള വാദങ്ങൾ മാർക്സിസം നിഷേധിക്കുന്നു..


2. പ്രപഞ്ചം എന്നത് ഭൗതികവസ്തുക്കൾ മാത്രമല്ല ആശയങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്.. കല്ല്, മരം, മനുഷ്യൻ, ഭൂമി ,പ്രകാശം തുടങ്ങിയവയാണ് ഭൗതികവസ്തുക്കളെങ്കിൽ നമ്മുടെ ചിന്തയിൽ നിന്നുണ്ടാകുന്ന കാര്യങ്ങളെ ആശയം എന്നു പറയാം.. ഉദാഃ നമ്മുടെ വികാരങ്ങൾ, പ്രണയം, ധാർമികത, ജനാധിപത്യം,മതം, മാർക്സിസം, ശാസ്ത്രനിയമങ്ങൾ etc.


3.ഭൗതികവസ്തുക്കളിൽ നിന്നാണ് ആശയങ്ങൾ ഉണ്ടാകുന്നത്. മറിച്ച് ആശയങ്ങളിൽ നിന്നും ഭൗതികവസ്തുക്കളല്ല ജനിക്കുന്നത്. അതായത് നമ്മുടെ വികാരവിചാരങ്ങളും തത്വങ്ങളും മറ്റ് ആശയങ്ങളും ഒക്കെ ഉണ്ടാകുന്നത് തലച്ചോർ എന്ന ഭൗതികവസ്തുവിൽ നിന്നാണ്.. ഭൗതികവസ്തുക്കൾ ഇല്ലെങ്കിൽ ആശയങ്ങളും ഇല്ല..


ഭൗതികവാദം വൈരുധ്യാത്മകമാകുമ്പോൾ..

ഭൗതികവാദമെന്നത് ഭൗതികവസ്തുക്കൾക്ക് മുഖ്യപ്രാധാന്യം നൽകുന്നതാണ്.. എന്നാൽ അതിനർത്ഥം ആശയങ്ങളെയും ആദർശങ്ങളെയും നിഷേധിക്കണമെന്നല്ല..ആശയങ്ങൾക്കും അവയുടെതായ പ്രാധാന്യം വൈരുധ്യാത്മകഭൗതികവാദം നൽകുന്നു.അതായത് ഭൗതികപദാർത്ഥങ്ങളും ആശയങ്ങളും തമ്മിൽ വൈരുധ്യാത്മകമായ ബന്ധമാണുള്ളത്.

 ഭൗതികവസ്തുക്കളിൽ(thesis) നിന്നും ആശയങ്ങൾ(anti-thesis) ഉത്ഭവിക്കുന്നു. ഇതേ ആശയങ്ങൾ വളർന്ന് ശക്തി പ്രാപിക്കുമ്പോൾ ഭൗതികലോകത്ത് മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.. മാറുന്ന ഭൗതികലോകത്ത് പുതിയ ആശയങ്ങൾ ജനിക്കുകയുമാവാം.. ആശയങ്ങൾ ജനമനസുകളിൽ അള്ളിപ്പിടിക്കുമ്പോൾ അത് ഒരു ഭൗതികശക്തിയായി മാറുമെന്നാണ് മാർക്സ് പറഞ്ഞത്. 


ഫാസിസം, വർഗീയത തുടങ്ങിയ ആശയങ്ങൾക്ക്  ഈ ഭൗതികലോകത്ത് എന്തൊക്കെ വിനാശകരമായ മാറ്റങ്ങൾ വരുത്താനാകുമെന്ന് നമുക്കറിയാം.. ശാസ്ത്രസിദ്ധാന്തങ്ങൾ(ആശയങ്ങൾ) സമൂഹത്തിലുണ്ടാക്കുന്ന പുരോഗതിയും ചെറുതല്ല. മാർക്സിസം എന്ന ആശയവും ലോകത്തെ മാറ്റിമറിക്കാനുതകുന്ന ഒരായുധമാണ്.. അതുകൊണ്ടാണ് ആശയങ്ങൾക്ക് ഭൗതികലോകത്ത് ഗണ്യമായ മാറ്റം ചെലുത്താനാവുമെന്ന് പറയുന്നത്.. ഇവ രണ്ടും വൈരുധ്യാത്മകമാണ്..

വൈരുധ്യാത്മകപ്രവർത്തനം- രൂപരേഖ

മാറ്റം എന്ന പ്രപഞ്ചസത്യത്തിന്റെ അടിസ്ഥാനമായ താത്വികചിന്ത മാത്രമല്ല വൈരുധ്യാത്മകത.. ഏതൊരു വസ്തുതയെയും പഠിക്കാനുള്ള രീതിശാസ്ത്രം കൂടിയാണിത്.. ഒരു കാര്യത്തെ പരിഗണിക്കുന്നതോടൊപ്പം അതിനുള്ളിൽ തന്നെയുള്ള ,എന്നാൽ ആ ആശയത്തിനു വിരുദ്ധമായി നിൽക്കുന്ന വൈരുധ്യങ്ങളെയും പരിഗണിക്കുക.. ഇവ തമ്മിലെ യുക്തിഭദ്രമായ താരതമ്യപഠനത്തിലൂടെ പുതിയ അറിവുകളിലെത്തിച്ചേരുക.. ഇതാണ് വൈരുധ്യാത്മകരീതി..

നിഷേധത്തിന്റെ നിഷേധം

മാർക്സിസത്തിൽ നിഷേധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യവസ്ഥിതിയുടെ ഇല്ലാതാകലല്ല.. മറിച്ച് കൂടുതൽ ഉയർന്ന തലത്തിലേക്കുള്ള വ്യവസ്ഥയുടെ മാറ്റമാണ്. വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെയാണ് ഈ കുതിച്ചുചാട്ടം വ്യവസ്ഥയ്ക്കു സംഭവിക്കുന്നത്. നിഷേധം എന്നാൽ പുനസൃഷ്ടിയെന്നർത്ഥം.. 

പഴയ സിസ്റ്റത്തിലെ വൈരുധ്യങ്ങൾ തമ്മിൽ സംഘർഷത്തിലേർപെട്ട് പുതിയ വ്യവസ്ഥിതി അഥവാ സിസ്റ്റം ഉണ്ടാകുമ്പോൾ പഴയതിലേ പുരോഗമനപരമായ ഘടകങ്ങൾ പുതിയ സിസ്റ്റത്തിലും നിലനിൽക്കും എന്ന് മനസിലാക്കണം.. ഇല്ലാതാകുന്നത് വൈരുധ്യങ്ങൾ മാത്രമാണ്.. നേരത്തേയുള്ള ചില ഗുണപരമായ ഘടകങ്ങൾ പുതിയതിലും നിലനിൽക്കും.. ഐസ് വെള്ളമായാലും നീരാവിയായാലും അതിലെ തന്മാത്രകൾ H2O തന്നെയായിരിക്കും എന്നുപറയുന്നതു പോലെ.. എന്നാൽ പഴയത് വൈരുധ്യാത്മകമായി നിഷേധിച്ചുണ്ടായ പുതിയ സിസ്റ്റത്തിൽ പുതിയ വൈരുധ്യങ്ങൾ രൂപം കൊണ്ടേക്കാം.. ഇവ വീണ്ടും ഐക്യത്തിലും ഒടുവിൽ സംഘട്ടനത്തിലും ഏർപെട്ട് ആ വ്യവസ്ഥയെയും മാറ്റിമറിക്കും. ഇതുതന്നെയാണ് നിഷേധത്തിന്റെ നിഷേധം എന്നു പറയുന്നത്..

 വൈരുധ്യാത്മകത എന്ന മാർക്സിസ്റ്റ് ചിന്താധാരയുടെ മൂന്ന് ഘടകങ്ങളാണ് വൈരുധ്യങ്ങളുടെ ഐക്യവും സംഘട്ടനവും, അളവിൽ നിന്നും ഗുണത്തിലേക്കുള്ള മാറ്റം , നിഷേധത്തിന്റെ നിഷേധം എന്നിവ..

അളവും ഗുണവും...

അളവിൽ നിന്നും ഗുണത്തിലേക്കുള്ള മാറ്റം..

പ്രകൃതിയിലെ ഏതൊരു മാറ്റവും രണ്ട് തരത്തിലാകാം.. അളവിലുണ്ടാകുന്ന മാറ്റവും ഗുണപരമായ മാറ്റവും. ഇത് രണ്ടും വൈരുധ്യാത്മകമാണ്.. ഒന്നിന്റെ അളവിൽ നിന്നു തന്നെയാണ് മറ്റൊന്നിന്റെ ഗുണം ഉണ്ടാകുന്നത്.. സ്വാഭാവികമായും ഏതൊരു വ്യവസ്ഥയുടെയും ഗുണപരമായ മാറ്റം മറ്റെന്തിന്റെയോ അളവിലെ മാറ്റത്തിന്റെ പരിണിതഫലം മാത്രമാണ്. 

ഉദാഃ പദാർത്ഥങ്ങളിലെ തന്മാത്രയുടെ ഗതികോർജത്തിന്റെ അളവ് മാറുമ്പോൾ പദാർത്ഥത്തിന്റെ ഗുണം(ഖരം, ദ്രാവകം ,വാതകം) തന്നെ മാറുന്നു. ഘനീഭവിക്കലും ബാഷ്പീകരണവും ഒക്കെ ഇതിന്റെ ഫലമാണ്.. 
വസ്തുവിന്റെ വേഗത (അളവ്) കൂടുമ്പോൾ ഭൗതികനിയമങ്ങൾ പോലും മാറുന്നു..ക്ലാസിക്കൽ ഭൗതികം ആപേക്ഷികതയ്ക്ക് വഴിമാറുന്നു.
നിറം എന്ന ഗുണം പോലും പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ അളവിൽ നിന്നും ഉണ്ടാകുന്നതാണ്..

അളവും ഗുണവും തമ്മിലെ വൈരുധ്യം..

വൈരുധ്യങ്ങളുടെ സംഘട്ടനം മൂർഛിക്കുന്നത് അളവിലുണ്ടാകുന്ന മാറ്റമാണ്. Anti thesis(അപരപക്ഷം) അളവിൽ വർധിക്കുന്നത് വ്യവസ്ഥയുടെ ഗുണപരമായ മാറ്റത്തിനു കാരണമാകുന്നു. അളവിലെ മാറ്റം താത്കാലികവും ഗുണപരമായ മാറ്റം സ്ഥിരവുമാണ്.. അളവ് എന്നത് ദ്രവ്യത്തിന്റെയോ ഊർജത്തിന്റെയോ തീവ്രതയുടെയോ ജ്യാമിതീയമോ ആയ അളവുകളാകാം. രസതന്ത്രത്തിലെ ഐസോമറുകൾക്ക് തുല്യഎണ്ണം ആറ്റങ്ങളുണ്ടായിട്ടും ഗുണം വ്യത്യസ്തമാകാൻ കാരണം bond length, bond angle തുടങ്ങിയവയുടെ മാറ്റമാണ്. പരിഗണനാവിധേയമായ വസ്തുവിന്റെ വലിപ്പം(അളവ് ) മാറുമ്പോൾ ഭൗതികനിയമങ്ങളും മാറുന്നു. സൂക്ഷ്മലോകത്ത് quantum mechanicsഉം സ്ഥൂലപ്രപഞ്ചത്തിൽ relativity theory യും പ്രസക്തമാകുന്നതു പോലെ..

അളവിലെ മാറ്റം താത്കാലികവും ബാഹ്യവുമാണ്. ഇത് ക്രമമായി തുടരുകയും ഒരു ഘട്ടത്തിൽ വെച്ച് വസ്തുവിന്റെ ഗുണം മാറുന്നതിന് കാരണമാകുകയും ചെയ്യുന്നു.

ഹെഗേലിയൻ വൈരുധ്യാത്മകത

വൈരുധ്യാത്മകത -ഹെഗലും മാർക്സും

വൈരുധ്യാത്മകവാദത്തിനു രൂപം നൽകിയത് യൂറോപ്യൻ ഫിലോസഫറായ ഹെഗൽ ആണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 
ആശയങ്ങളിലും വൈരുധ്യാത്മകത പ്രകടമാണ്. എല്ലാ ആശയങ്ങളിലും പൂർവപക്ഷം(Thesis), അപരപക്ഷം(Anti- thesis ) എന്നീ രണ്ട് വിരുദ്ധഘടകങ്ങൾ ഉണ്ടാകാം. ഇൗ രണ്ട് വൈരുധ്യങ്ങളും തമ്മിൽ ഐക്യം നിലനിൽക്കുന്നു. പൂർവപക്ഷം പ്രധാനവും ശക്തവുമാണ്. അപരപക്ഷം ദുർബലവും.
പൂർവപക്ഷത്തിൽ അന്തർലീനമായ പൊരുത്തക്കേടുകളാണ് അപരപക്ഷം എന്നത്. ആന്റിതിസീസിന്റെ വെളിച്ചത്തിൽ തിസീസിനെ ഇല്ലാതാക്കിക്കൊണ്ട് സിൻതസിസ് അഥവാ ഉത്തരപക്ഷം രൂപം കൊള്ളുന്നു. ഹെഗൽ ഈ തത്വം ആശയങ്ങളുടെ കാര്യത്തിൽ മാത്രമാണ് പ്രയോഗിച്ചതെങ്കിൽ മാർക്സ് അതിനെ ഭൗതികപ്രപഞ്ചത്തിന്റെ ആകെ തത്വമായി അവതരിപ്പിക്കുന്നു.

ആശയങ്ങളിലെ വിരുദ്ധഘടകങ്ങൾ തമ്മിൽ സംഘട്ടനം നടത്തുകയും അത് മൂർദ്ധന്യാവസ്ഥയിലെത്തി പുതിയ വ്യവസ്ഥ അഥവാ സിൻതസിസ് ഉണ്ടാകുകയും ചെയ്യുന്നു. ഈ സിൻതസിസ് അടുത്ത ഘട്ടത്തിൽ തീസീസ് ആയി മാറുകയും അതിനുള്ളിൽ തന്നെയുള്ള ആന്റിതീസിസുമായി റിയാക്ട് ചെയ്യുകയും ചെയ്യുന്നു..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...