Monday, September 24, 2018

മിച്ചമൂല്യസിദ്ധാന്തം - ചില വിമർശനങ്ങളും മറുപടികളും.

1)അധ്വാനമൊന്നും ചെയ്യുന്നില്ലെങ്കിലും  പണം മുടക്കുന്നവനാണ് മുതലാളി. അതിനാൽ ലാഭവും അയാൾക്കവകാശപ്പെട്ടതാണ്.
            -- ഇത് തെറ്റാണ്. ഉത്പന്നത്തിൽ മുതലാളി മുടക്കുന്ന സ്ഥിരമൂലധനം മാത്രമല്ല, തൊഴിലാളി സൃഷ്ടിക്കുന്ന അധ്വാനവുമുണ്ട്. സ്ഥിരമൂലധനം മുടക്കുമുതലായി മുതലാളിക്ക് തിരികെ കിട്ടും. എന്നാൽ ബാക്കിയുള്ള അധ്വാനത്തിന്റെ വില തൊഴിലാളിക്ക് ലഭിക്കുന്നില്ല. അതിലൊരു പങ്ക് കൂടി മുതലാളി ലാഭമായി സ്വന്തമാക്കുന്നു.
       ഇതിൽ നിന്നും എന്ത് മനസിലാക്കാം..? തൊഴിലാളി അയാളുടെ അധ്വാനത്തിന്റെ വിലയാണ് ചോദിക്കുന്നത്. മുതലാളിയോ അയാൾ മുടക്കിയ പണത്തേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നു. ഇതാണ് ലാഭം. നഗ്നമായ ന്യായീകരിക്കാനാവാത്ത ചൂഷണമാണത്.

2) മുതലാളിയാണ് കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നത്. അതിനാൽ ലാഭം അയാൾക്കുള്ളതാണ്.
               --- തെറ്റ്. സംഘാടനവും മേൽനോട്ടവും അധ്വാനം തന്നെയാണ്. അതിനുള്ള പ്രതിഫലം മറ്റു തൊഴിലാളികളെ പോലെ സ്ഥിരശമ്പളമായാണ് നേടേണ്ടത്. തുച്ഛവും നിശ്ചിതവുമായ കൂലിയെ അപേക്ഷിച്ച് വളരെ കൂടുതലും വർധിക്കുന്നതുമായ ലാഭത്തിനുള്ള ന്‌യായീകരണമല്ല സംഘാടനം. ഇന്ന് മിക്ക കമ്പനികളുടെയും സംഘാടനവും മറ്റും മുതലാളി നേരിട്ടല്ല ചെയ്യുന്നത്. അയാൾ നിയോഗിക്കുന്ന മാനേജ്മെന്റാണ്.
അപ്പോഴും ലാഭം വെറുതെയിരിക്കുന്ന മുതലാളിക്കു തന്നെ.

3)മുതലാളിയുണ്ടെങ്കിലേ സംരംഭം ഉണ്ടാകൂ. തൊഴിലവസരങ്ങൾ ഉണ്ടാകൂ. തൊഴിലാളികളും ഉണ്ടാകൂ.
            --- തെറ്റ്. സംരംഭം ഉണ്ടാകാൻ ഒരു സ്വകാര്യവ്യക്തിയുടെ ആവശ്യമില്ല. മുതലാളി ഇല്ലെങ്കിലും തൊഴിലാളികളുണ്ടാകും. എന്നാൽ തൊഴിലാളി ഇല്ലെങ്കിൽ മുതലാളിയും അയാളുടെ സംരംഭവും ഇല്ല. തൊഴിലാളി ഉണ്ടെങ്കിലേ അധ്വാനം നടക്കൂ. ഇനി റോബോട്ടുകളെ വെച്ച് ജോലി ചെയ്യിച്ചാലും ലാഭം നേടണമെങ്കിൽ ചരക്ക് വാങ്ങാൻ ശേഷിയുള്ള ഉപഭോക്താക്കൾ വേണം. അതിനവർക്ക് ജോലിയും ശമ്പളവും വേണം. മുതലാളിയില്ലാത്ത വ്യവസ്ഥ സാധ്യമാണ്. എന്നാൽ തൊഴിലാളി ഇല്ലാത്ത സമൂഹം അസംഭവ്യവും..

മിച്ചമൂല്യസിദ്ധാന്തം ഒറ്റനോട്ടത്തിൽ.. (10 പോയിന്റുകൾ)

1)ഏതൊരു ഉത്പന്നവും പ്രത്യക്ഷമായും പരോക്ഷമായും കോടിക്കണക്കിന് മനുഷ്യരുടെ അധ്വാനഫലമാണ്..

2)ഏതൊരു ഉത്പാദനപ്രകിയയ്ക്കും മനുഷ്യന്റെ അധ്വാനവും അത് പ്രയോഗിക്കാൻ സ്ഥാവരജംഗമവസ്തുക്കളായ സ്ഥിരമൂലധനവും വേണം. സ്ഥിരമൂലധനത്തിൽ അധ്വാനം നിക്ഷേപിച്ചാണ് ഉത്പന്നം ഉണ്ടാകുന്നത്..

3)ഉത്പന്നം വിറ്റഴിക്കുന്നതിലൂടെ മുതലാളിക്ക് കിട്ടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനം തന്നെയാണ്. ഇത് മിച്ചമൂല്യം എന്നറിയപ്പെടുന്നു. അധ്വാനവിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് നൽകുന്നു. ഇതാണ് കൂലി. 

4)തൊഴിലാളിയുടെ അധ്വാനത്തിന്റെ ചൂഷണമാണ് മുതലാളിയുടെ ലാഭത്തിന്റെ കാരണം.ഈ ലാഭത്തിലൊരു ഭാഗം പിന്നെയും നിക്ഷേപിച്ച് മൂലധനം കുന്നുകൂടുന്നു.

5)തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം മുതലാളി മാത്രമല്ല, കച്ചവടക്കാരനും ബാങ്ക് ഉടമസ്ഥനും ഭൂവുടമയും മറ്റുമടങ്ങുന്ന ബൂർഷ്വാവർഗം പങ്കിട്ടെടുക്കുന്നു. 

6)തൊഴിലാളിക്ക് ലഭിക്കുന്ന കൂലി അയാളുടെ അധ്വാനത്തിന്റെയല്ല.. അധ്വാനശക്തിയുടെ വിലയാണ്. അധ്വാനശക്തിയിൽ നിന്നാണ് അതിനേക്കാൾ മൂല്യമുള്ള അധ്വാനം ഉണ്ടാകുന്നത്.

7)ഉത്പാദനോപാധികളുടെ മേലുള്ള മുതലാളിയുടെ ഉടമസ്ഥതയാണ് മിച്ചമൂല്യം സ്വന്തമാക്കാൻ അയാൾക്ക് അധികാരം നൽകുന്നത്.

8)മുതലാളിക്ക് ചരക്ക് കൈമാറ്റത്തിനിടയിൽ ഉണ്ടാകുന്ന നഷ്ടം വാസ്തവത്തിൽ മറ്റൊരു മുതലാളിയുടെ ലാഭമാണ്. ഇതിന് തൊഴിലാളിയുമായി ബന്ധമില്ല. താത്കാലികവുമാണ്. മുതലാളിവർഗത്തെ മൊത്തമെടുത്താൽ ഇങ്ങനെയുണ്ടാകുന്ന ലാഭം പൂജ്യമാണ്.

9)മുതലാളിവർഗത്തിന്റെ ലാഭവും ആസ്തിയും കുതിച്ചുയരാനുള്ള യഥാർത്ഥ കാരണമാണ് മിച്ചമൂല്യം..

10) മിച്ചമൂല്യവും ലാഭവും ഒന്നുതന്നെയാണെങ്കിലും മിച്ചമൂല്യനിരക്കും ലാഭനിരക്കും ഒന്നല്ല. ലാഭനിരക്ക് മിച്ചമൂല്യനിരക്കിനേക്കാൾ കുറവായതിനാൽ മുതലാളി ലാഭനിരക്ക് ഉയർത്തിപ്പിടിക്കുന്നു. ചൂഷണങ്ങൾ മറയ്ക്കപ്പെടുന്നു.

മൂലധനവർധനവ്..

ഓരോ ഉത്പാദനപ്രക്രിയയിലും തൊഴിലാളി സ്ഥിരമൂലധനത്തിനു മേൽ സൃഷ്ടിക്കുന്ന മിച്ചമൂല്യം മുതലാളി ലാഭമായി സ്വന്തമാക്കുന്നതായി നാം കണ്ടു.. ഈ ലാഭം എന്തിനാണ് മുതലാളി വിനിയോഗിക്കുന്നത്..?

1) സ്വന്തം ആവശ്യങ്ങൾക്കും ആഢംബരങ്ങൾക്കും..
2) കൂടുതൽ ഉത്പാദനത്തിന്..

അതായത് ലാഭത്തിന്റെ ഒരു വിഹിതം വീണ്ടും മുതലാളി ഉത്പാദനത്തിന് വിനിയോഗിക്കുന്നു.. മൂലധനനിക്ഷേപം വർധിക്കുന്നു.. അതായത് മുമ്പ് 10000 രൂപ നിക്ഷേപിച്ച മുതലാളി ഇന്ന് ഇരുപതിനായിരവും നാളെ അമ്പതിനായിരവും നിക്ഷേപിക്കുന്നു. ഉത്പാദനത്തിന്റെ ഓരോ സൈക്കിളിലും മൂലധനവും പെറ്റുപെരുകുന്നു..

 ഇന്നത്തെ ശതകോടീശ്വരന്മാരായ കോർപറേറ്റുകൾ പലരും അവർ സംരംഭം തുടങ്ങുമ്പോൾ നിക്ഷേപിച്ച മൂലധനത്തേക്കാൾ എത്രയോ മടങ്ങാണ് ഇന്ന് മുടക്കുന്നത്..?!?
അപ്പോൾ ഒരു കാര്യം വ്യക്തം.. തൊഴിലാളിയാണ് മുതലാളിയുടെ ലാഭത്തിന്റെ ഉത്ഭവത്തിന് കാരണം.. ഈ ലാഭമുപയോഗിച്ച് കമ്പനി വളർത്തുമ്പോൾ വാസ്തവത്തിൽ അതാരുടെ വിയർപ്പാണ്..? സംശയമേതുമില്ലാതെ പറയാം.. തൊഴിലാളി തന്നെ. പടുകൂറ്റൻ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെയും അത് നേടുന്ന ലാഭത്തിന്റെയും അടിസ്ഥാനം തൊഴിലാളിയുടെ മിച്ചമൂല്യം തന്നെ..

എന്താണ് ലാഭനിരക്ക് ?

തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം തന്നെയാണ് മുതലാളിയുടെ ലാഭവും. അതായത് മിച്ചമൂല്യവും ലാഭവും വിലയിൽ ഒന്നുതന്നെയാണ്. മിച്ചമൂല്യം=ലാഭം...

എന്നാൽ ലാഭനിരക്കും മിച്ചമൂല്യനിരക്കും ഒരുപോലെയല്ല.. ലാഭനിരക്ക് = ലാഭം/മൊത്തം ചെലവ്.. എന്നാൽ,
മിച്ചമൂല്യനിരക്ക്= മിച്ചമൂല്യം/അധ്വാനശക്തിയുടെ വില(കൂലി)

ഇവിടെ മിച്ചമൂല്യവും ലാഭവും തുല്യമാണ്. എന്നാൽ മൊത്തം ചെലവ് = അസ്ഥിരമൂലധനം(കൂലി) +സ്ഥിരമൂലധനം. 
അധ്വാനശക്തിയുടെ വിലയാണ് കൂലി എന്നും നേരത്തെ കണ്ടതാണ്. അധ്വാനശക്തിയുടെ വിലയേക്കാൾ കൂടുതലാണ് മൊത്തം ചെലവ് എന്നതിനാൽ മിച്ചമൂല്യനിരക്കിനേക്കാൾ കുറവായിരിക്കും ലാഭനിരക്ക്. അതിനാൽ മുതലാളി ലാഭനിരക്കാണ് ഉയർത്തിക്കാട്ടുന്നത്. മിച്ചമൂല്യനിരക്കല്ല. 

മിച്ചമൂല്യനിരക്കിനേക്കാൾ കുറഞ്ഞ സംഖ്യയാണ് ലാഭനിരക്ക് എന്നതിനാൽ ലാഭനിരക്ക് ഉയർത്തിക്കാട്ടുന്നതിലൂടെ ചൂഷണം മറച്ചുപിടിക്കാൻ മുതലാളിത്തത്തിന് കഴിയുന്നു. സ്ഥിരമൂലധനവും അസ്ഥിരമൂലധനവുമൊന്നും മുതലാളിത്തം വകവെക്കുന്നില്ല. അത് മൊത്തം ചെലവ് മാത്രമേ പരിഗണിക്കൂ..

മിച്ചമൂല്യം പങ്കുവെക്കപ്പെടൽ..

പത്തെറിഞ്ഞ് നൂറു കൊയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം.. മുതലാളി മുടക്കുന്ന സ്ഥിരമൂലധനത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുമ്പോഴാണ് അതിനെ ലാഭം എന്നു പറയുന്നത്.. ഈ ലാഭമാകട്ടെ തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യവും. ഈ ലാഭം മുതലാളി മാത്രമാണോ സ്വന്തമാക്കുന്നത്..? തീർച്ചയായും അല്ല. മുതലാളിയോടൊപ്പം ബാങ്ക് മുതലാളി, ഭൂവുടമവർഗം, വ്യാപാരമുതലാളി എന്നിവരും ഈ മിച്ചമൂല്യം പങ്കിടുന്നു.വിശദമാക്കാം.

10000 രൂപ സ്ഥിരമൂലധനത്തിൽ  അധ്വാനം നിക്ഷേപിച്ച് ചരക്കുണ്ടാകുന്നു. തൊഴിലാളിക്ക് കൂലിയായി 2000 രൂപ നൽകുന്നു. ചരക്ക് 15000 രൂപയ്ക്ക് വ്യാപാരിക്ക് വിൽക്കുന്നു. 
മുതലാളിയുടെ ലാഭം=3000 രൂപ.

വ്യാപാരി ഇത് 18000 രൂപയ്ക്ക് ഉപഭോക്താവിലെത്തിക്കുന്നു. എങ്കിൽ, ചരക്കിന്റെ മൂല്യം= 18000 രൂപ.
വ്യാപാരിയുടെ ലാഭം=3000 രൂപ.(ചരക്കിന്റെ മൂല്യം ഉപഭോക്താക്കളുടെ മാർക്കറ്റിലാണ് നിർണയിക്കപ്പെടുന്നത്. അതിനാൽ ചരക്കിന്റെ മൂല്യം 15000 അല്ല. 18000 രൂപ)

ചരക്കിലെ അധ്വാനത്തിന്റെ മൂല്യം= ചരക്കിന്റെ മൂല്യം -സ്ഥിരമൂലധനം
=18000- 10000=8000 രൂപ.

തൊഴിലാളിയുടെ അധ്വാനത്തിന്റെ വിലയാണ് ഈ 8000 രൂപ. ഇതിൽ തൊഴിലാളിക്ക് ലഭിച്ചതെത്ര..? 2000രൂപ. 
മിച്ചമൂല്യം= 8000-2000=6000 രൂപ.

മുതലാളിയുടെയും വ്യാപാരിയുടെയും ലാഭം 3000 രൂപ വീതമാണെന്നും മുകളിൽ കാണാം.
ഇതിൽ നിന്നെന്ത് വ്യക്തമാക്കാം..? 6000 രൂപ എന്ന മിച്ചമൂല്യം മുതലാളി മാത്രമല്ല, ഇടനിലക്കാരായ വ്യാപാരിമാരും പങ്കിടുന്നു എന്നു തന്നെ.. തൊഴിലാളിയുടെ അധ്വാനമാണ് പണരൂപത്തിൽ പങ്കുവെക്കപ്പെടുന്നത്..

ഭൂവുടമയും പലിശക്കാരും..

ഭൂമിയും ഉത്പാദനോപാധികളും വാടകയ്ക്ക് നൽകുന്നവരെയാണ് ഭൂവുടമകൾ എന്നു പറയാറ്. ഭൂമിയ്ക്കും കെട്ടിടത്തിനും മറ്റും അവകാശികൾ.. ഇത് മുതലാളിക്ക് ഉത്പാദനാവശ്യങ്ങൾക്ക് വിട്ടുനൽകുകയും വെറുതെയിരുന്ന് വാടക സമ്പാദിക്കുകയും ചെയ്യുന്നു.

പലിശക്കാരൻ അഥവാ ബാങ്ക് മുതലാളി എന്ന വർഗമോ..? അവർ പണമാണ് മുതലാളിക്ക് വിട്ടുനൽകുന്നത്. മുതലിനോടൊപ്പം പലിശയും അവർ ഈടാക്കുന്നു.

 മുതലാളിവർഗത്തിന്റെ വരുമാനം ''ലാഭ''മാണ്. ഈ ലാഭത്തിൽ നിന്നു തന്നെയാണ് ഭൂവുടമയ്ക്കുള്ള വാടകയും ബാങ്ക് മുതലാളിക്ക് പലിശയും  മുതലാളി നൽകുന്നത്.
എന്നാൽ ഈ ലാഭമോ? തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യവും. അതായത്, തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്ത് ലാഭം നേടുന്ന മുതലാളിയിൽ നിന്നും ആ ലാഭത്തിന്റെ പങ്ക് പിടിച്ചുവാങ്ങുന്ന വർഗമായി ഭൂവുടമ- ബാങ്ക് മുതലാളിമാർ മാറുന്നു. മുതലാളിയും വ്യാപാരിയും പലിശക്കാരനും ഭൂവുടമയും ചേർന്ന ബൂർഷ്വാവർഗം തൊഴിലാളിവർഗത്തിന്റെ അധ്വാനത്തിൽ നിന്നുള്ള മിച്ചമൂല്യം പങ്കുവെക്കുന്നു..

ചൂഷണമൂല്യത്തെ ചൂഷണം ചെയ്യുന്നവർ..

സ്ഥിരമൂലധനത്തിനുമേൽ തൊഴിലാളി ചെലുത്തുന്ന അധ്വാനത്തെ ചൂഷണം ചെയ്താണ് മുതലാളി ലാഭം സൃഷ്ടിക്കുന്നത്. ഈ ലാഭത്തിൽ നിന്നാണ് ഭൂവുടമ വാടകയും ബാങ്ക് പലിശയും ഈടാക്കുന്നത്.. മുതലാളിയും ബാങ്ക് മുതലാളിയും ഭൂവുടമവർഗവും മാത്രമല്ല, വ്യാപാരിയും എങ്ങനെ മിച്ചമൂല്യം പങ്കുവെക്കുന്നുവെന്ന് മുൻലേഖനങ്ങളിൽ കണ്ടു. 

മുതലാളിമാരുടെ ലാഭത്തെ ഊറ്റിജീവിക്കുന്ന ഇത്തിൾക്കണ്ണികളെന്നാണ് ലെനിൻ ഭൂവുടമകളെ വിശേഷിപ്പിക്കുന്നത്. കൂടുതലും കാർഷികമുതലാളിമാർക്കാണ് ഈ വാടകഭാരം താങ്ങേണ്ടിവരിക.

 മുതലാളിത്തഉത്പാദനത്തിന് തടസമായി നിൽക്കുന്ന ഈ ഭൂവുടമയുടെ ആധിപത്യം മുതലാളിത്തത്തിനു മുമ്പുള്ള പഴയ ഫ്യൂഡൽ സമൂഹത്തിന്റെ സ്വഭാവമായി കാണാം.. ( ചരിത്രപരമായ ഭൗതികവാദം കാണുക). ഭൂപരിഷ്കരണവും ദേശസാൽക്കരണവും ഭൂമിക്കുമേലുള്ള ഫ്യൂഡൽ ആധിപത്യം അവസാനിപ്പിക്കും.. അത് മുതലാളിത്തത്തിനും ഗുണം ചെയ്യും.

ബാങ്കുകളാകട്ടെ ഇന്ന് മൂലധനകേന്ദ്രീകരണത്തിന് ചുക്കാൻ പിടിക്കുന്ന സ്ഥാപനങ്ങളായി മാറുന്നു. ചെറിയ ബാങ്കുകളെ വൻബാങ്കുകൾ വിഴുങ്ങുന്നു. മൂലധനം ഒരു സ്ഥാപനത്തിലേക്ക് മാത്രമായി കുന്നുകൂടുന്നു. വായ്പ നൽകിയും ഓഹരികൾ വാങ്ങിയും കുത്തകബാങ്കുകൾ വലുതാകുന്നു.. ലെനിന്റെ ''സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ അന്തിമഘട്ടം'' എന്ന പുസ്തകത്തിൽ ഇതൊക്കെ വിശദമാക്കുന്നുണ്ട്..

ഉടമസ്ഥാവകാശം എന്ന അധികാരം..

മിച്ചമൂല്‌യം അഥവാ ലാഭം വാസ്തവത്തിൽ മുതലാളിയുടെ സ്വന്തമല്ലെന്നും അത് തൊഴിലാളിയുടെ പ്രയത്നത്തിൽ നിന്നും ചൂഷണം ചെയ്തതാണെന്നും മുൻപേ നൽകിയ വിശദീകരണങ്ങൾ
വ്യക്തമാക്കുന്നു. ഇത് കാണുന്ന ആർക്കും തോന്നുന്ന ഒരു കാര്യം ഇതാവാം.. ലാഭം എന്നത് തൊഴിലാളിയുടെ അധ്വാനമാണെങ്കിൽ, അത് തൊഴിലാളിക്ക് തന്നെ തിരിച്ചുനൽകണമെങ്കിൽ പിന്നെ മുതലാളിക്ക് എന്താണ് വരുമാനം..? നിക്ഷേപിച്ച സ്ഥിരമൂലധനം
അതുപോലെ തന്നെ തിരിച്ചുസ്വന്തമാക്കുകയും അധ്വാനത്തിന്റെ വില തൊഴിലാളികൾക്കും കൊടുത്താൽ പിന്നെ മുതലാളി എങ്ങനെ ജീവിക്കും..?!?

ഇതിന്റെ ഉത്തരം ലളിതമാണ്.. വ്യവസ്ഥ മാറണം.. മുതലാളി- തൊഴിലാളി എന്ന വേർതിരിവില്ലാതെ  എല്ലാവരും അധ്വാനിക്കുകയും അതിലൂടെ ശമ്പളം ലഭിക്കുകയും ബാക്കിവരുന്ന മിച്ചമൂല്യം  സമൂഹത്തിലേക്ക് , തൊഴിലാളികളിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്ന
 വ്യവസ്ഥിതി ഉണ്ടാകണം.. മുതലാളിത്തത്തിലും സോഷ്യലിസത്തിലും മിച്ചമൂല്‌യം ഉണ്ടാകും. സോഷ്യലിസത്തിൽ അത് തൊഴിലാളികളിലേക്ക് തന്നെ
തിരിച്ചെത്തുന്നു. മുതലാളിത്തത്തിൽ അത് മുതലാളി ലാഭമെന്ന പേരിട്ട് സ്വന്തമാക്കുന്നു. അതാണ് വ്യത്യാസം.

 എന്തുകൊണ്ടാണ് മുതലാളിക്ക് മിച്ചമൂല്യം (ലാഭം) സ്വന്തമാക്കാൻ കഴിയുന്നത്. കാരണം സ്ഥിരമൂലധനം അല്ലെങ്കിൽ ഉത്പാദനോപാധികൾ മുതലാളിയുടെ ഉടമസ്ഥതയിലായതുകൊണ്ട്.. ഉത്പാദനോപാധികൾ മുതലാളി
കൈവശം വെച്ചിരിക്കുന്നിടത്തോളം കാലം മിച്ചമൂല്യം മുതലാളി തന്നെ സ്വന്തമാക്കും. അത് ലാഭമാണെന്ന് കരുതുകയും മുതലാളിയുടെ 'കഴിവിൽ' നിന്നാണ് അതുണ്ടായത് എന്ന് വീമ്പിളക്കുകയും ചെയ്യും..

അധ്വാനശക്തിയും മിച്ചധ്വാനവും

അധ്വാനശക്തി..

തൊഴിലാളിക്ക് നൽകുന്ന കൂലി എന്നത് തൊഴിലാളിയുടെ അധ്വാനത്തിന്റെ തന്നെ വിലയാണെന്നും ആ വിലയ്ക്ക് തൊഴിലാളി അവരുടെ അധ്വാനം മുതലാളിക്ക് വിൽക്കുകയാണെന്നും ഉള്ള വാദം തെറ്റാണ്.. കൂലിയേക്കാൾ കൂടുതൽ അധ്വാനം തൊഴിലാളി ചെയ്യുന്നതിനാലാണ് മുതലാളിക്ക് ലാഭം കിട്ടുന്നത്.. അതാണ് മിച്ചമൂല്യം. 

അധ്വാനത്തിന്റെ ഉത്ഭവം എവിടെ നിന്നാണ്..? സംശയമില്ല, തൊഴിലാളിയിൽ നിന്നുതന്നെ. തൊഴിലാളിക്ക് അധ്വാനിക്കാനുള്ള ശക്തി കൂടി വേണമെന്നുമാത്രം. ഈ അധ്വാനശക്തിയിൽ നിന്നാണ് അധ്വാനം ഉണ്ടാകുന്നത്. മാർക്സ് പറയുന്നതനുസരിച്ച്, മുതലാളി കൂലിയായി നൽകുന്ന സ്ഥിരസംഖ്യ തൊഴിലാളിയുടെ അധ്വാനശക്തിയുടെ വിലയാണ് (അധ്വാനത്തിന്റെയല്ല.)..

100 രൂപ കൂലി ലഭിക്കുന്ന തൊഴിലാളിയുടെ അധ്വാനശക്തിക്ക് 100 രൂപ മൂല്യമുണ്ടെങ്കിലും അതിൽ നിന്നുണ്ടാകുന്ന അധ്വാനത്തിന് നൂറുരൂപയേക്കാൾ മൂല്യമുണ്ട്.. ഈ അധികതുകയാണ് മിച്ചമൂല്യമായി മാറുന്നതും മുതലാളി സ്വന്തമാക്കുന്നതും.. അധ്വാനശക്തിയിൽ നിന്നും അതിനേക്കാൾ മൂല്യമുള്ള അധ്വാനം സൃഷ്ടിക്കാൻ തൊഴിലാളിക്ക് കഴിയുന്നു..

മിച്ചാധ്വാനം

മുതലാളിയുടെ ലാഭം എന്നത് തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം മാത്രമാണ്.. മുതലാളി അതിനെ ലാഭം എന്നു വിളിക്കുമ്പോൾ മാർക്സിസ്റ്റുകാർ അതിനെ ചൂഷണമായും മിച്ചമൂല്യമായും കാണുന്നു.. അതായത് തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ വിലയുടെ ഒരു ഭാഗം മാത്രമേ അയാൾക്ക് കൂലിയായി കിട്ടുന്നുള്ളൂ.. ശമ്പളത്തേക്കാൾ കൂടുതൽ മൂല്യമുള്ള അധ്വാനം ഓരോ തൊഴിലാളിയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മുതലാളിക്ക് ലാഭം നേടാൻ കഴിയുന്നത്.. 

അതായത് തൊഴിലാളിക്ക് ലഭിക്കുന്ന കൂലിയ്ക്ക് തത്തുല്യമായ അധ്വാനം തൊഴിലാളി ചെയ്യുന്നു.. പുറമേ മുതലാളിക്ക് ലാഭം/മിച്ചമൂല്യം കിട്ടാനായുള്ള അധിക -അധ്വാനവും ചെയ്യുന്നു.. കൂലിക്ക് തുല്യമായ അധ്വാനം ആവശ്യാധ്വാനമെന്നും മിച്ചമൂല്യം സൃഷ്ടിക്കാനുള്ള അധ്വാനം മിച്ചാധ്വാനമെന്നും അറിയപ്പെടുന്നു. ഇത് രണ്ടും ചേർന്നതാണ് മൊത്തം  അധ്വാനം.

 മിച്ചാധ്വാനത്തിലൂടെ മുതലാളിക്കുവേണ്ടിയുള്ള ലാഭം സൃഷ്ടിക്കപ്പെടുന്നു.. ഈ അധ്വാനം കൊണ്ട് തൊഴിലാളിക്ക് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. കഷ്ടപ്പാടല്ലാതെ..

ഉത്പാദനത്തിലെ നഷ്ടം..

ലാഭനഷ്ടങ്ങൾ..

A ,B എന്നീ രണ്ട് വ്യാപാരികളെ സങ്കൽപിക്കുക.. ഒരു ചരക്ക് Aയിൽ നിന്നും 1000 രൂപയ്ക്ക് B വാങ്ങുന്നു. B ഇത് 900 രൂപയ്ക്ക് ഉപഭോക്താവിന് വിൽക്കുന്നു.  ഇവിടെ A വിറ്റ ചരക്കിന് മാർക്കറ്റിൽ ലഭിച്ച വില 900വും ലഭിച്ച പണത്തിന്റെ മൂല്യം 1000വും ആണല്ലോ.. B വാങ്ങിയ ചരക്കിന്റെ മൂല്യം 900വും കൊടുത്ത പണത്തിന്റെ മൂല്യം 1000വും ആണ്. അതായത് A 100 രൂപ അധികമൂല്യം നേടി. Bയോ..? 100 രൂപ നഷ്ടമായി. എല്ലാ നഷ്ടങ്ങളും ഇതു പോലെ തന്നെയാണ്.. അത് മറ്റൊരു മുതലാളിയുടെ ലാഭമായി മാറുന്നു. മേൽപറഞ്ഞ പ്രശ്നത്തിൽ A, Bയിൽ നിന്ന് 100 രൂപ B അറിയാതെ കവർന്നെടുക്കുന്നതു പോലെയാണ് 900 രൂപ മൂല്യമുള്ള ചരക്ക് A ,Bയ്ക്ക് 1000 രൂപയ്ക്ക് വിൽക്കുന്നത്..

സാധനങ്ങളുടെ വില കൂട്ടിയും കുറച്ചുമുള്ള വ്യാപാരങ്ങൾ ഒരാൾക്ക് നഷ്ടമുണ്ടാക്കിയാലും മറ്റേ വ്യക്തിക്ക് തുല്യമായ ലാഭം തന്നെ ഉണ്ടാക്കും. രണ്ടു പേർക്കും കൂടിയുള്ള ലാഭം പൂജ്യവും (രണ്ടുപേരിൽ ഒരാൾക്കുണ്ടായ അതേ ലാഭം മറ്റേയാൾക്ക് നഷ്ടമായി മാറുന്നതിനാൽ രണ്ടുപേർക്കും കൂടി മൊത്തം ലാഭം പൂജ്യമാണ്). രണ്ടു പേർക്കുപകരം സമൂഹത്തിലെ മുതലാളിവർഗത്തെ മുഴുവൻ എടുത്താലും ഒരുകൂട്ടരുടെ ലാഭം മറ്റേ കൂട്ടരുടെ നഷ്ടവുമായി ചേർന്ന് പൂജ്യമായി മാറും.

പക്ഷേ യഥാർത്ഥത്തിൽ മുതലാളിവർഗത്തിന്റെ ലാഭം പൂജ്യമല്ല.. വളരെ ഉയർന്ന സംഖ്യയാണ്. കാരണം ഈ ലാഭം മുതലാളികൾക്കിടയിലെ കച്ചവടത്തിൽ നിന്നും ഉണ്ടാകുന്നതല്ല. അതിന്റെ ഉത്ഭവം തൊഴിലാളിവർഗമാണ്. തൊഴിലാളിവർഗത്തിന്റെ അധ്വാനം മിച്ചമൂല്യരൂപത്തിൽ മുതലാളിവർഗത്തിലേക്ക് ഒഴുകുന്നു.. തൊഴിലാളിയുടെ മിച്ചമൂല്യം മുതലാളിയുടെ ലാഭമായി മാറുന്നു..

ഉത്പാദനത്തിലെ നഷ്ടം..

A, B എന്നീ രണ്ടു വ്യാപാരികളെ പരിഗണിക്കുക.. Aയിൽ നിന്നും 10000 രൂപയ്ക്ക് ഉത്പാദനോപാധി (സ്ഥിരമൂലധനം ) വാങ്ങിയ B തൊഴിലാളിയെ കൊണ്ട് അധ്വാനിപ്പിച്ച് ഉത്പന്നം ഉണ്ടാക്കുന്നു. 
തൊഴിലാളിയുടെ കൂലി 5000 രൂപ. 
ഉത്പന്ന മൂല്യം(ഉപഭോക്താവിന്റെ പക്കലെത്തുമ്പോഴുള്ള വില. ഇടനിലക്കാരായ വ്യാപാരികൾ നൽകുന്ന വിലയല്ല.) 13000 രൂപ ആണെന്ന് കരുതുക. 
മുതലാളിയുടെ നഷ്ടം= 10000+5000-13000= 2000 രൂപ. 

ഇനി Aയെ പരിഗണിക്കുക. അയാൾ ഉത്പാദനോപാധി വിൽക്കുന്നത് Bയ്ക്കാണ്.. അത് ഉപഭോഗത്തിനല്ല, മറിച്ച് കൂടുതൽ ഉത്പാദനത്തിനാണ്. അതുകൊണ്ട്  ഉത്പാദനോപാധിയുടെ വില 10000 ആണെങ്കിലും യഥാർത്ഥ മൂല്യം 10000 ആകണമെന്ന് യാതൊരു നിർബന്ധവുമില്ല. B നിർമിച്ച ഉത്പന്നവില 13000വും അതിലെ അധ്വാനത്തിന്റെ മൂല്യം 5000+മിച്ചമൂല്യവും ആണ് .മിച്ചമൂല്യം 1000എന്ന് കരുതുക.. അപ്പോൾ അധ്വാനം=6000 രൂപ. 
സ്ഥിരമൂലധനം= ഉത്പന്നവില -അധ്വാനമൂല്യം= 13000-6000= 8000 രൂപ. അതായത് 8000 രൂപ യഥാർത്ഥ മൂല്യം വരുന്ന ഉത്പാദനോപാധികൾ 10000 രൂപയ്ക്ക് വിറ്റ Aയാണ് B യുടെ നഷ്ടത്തിന് ഉത്തരവാദി.

 Aയ്ക്ക് ലാഭം 2000രൂപ. 
Bയ്ക്ക് ഉണ്ടായ നഷ്ടം 2000രൂപ(നേരത്തെ കണ്ടു ).അതായത് 
Aയുടെ ലാഭം=B യുടെ നഷ്ടം.
 മൊത്തം മുതലാളി വർഗത്തിന്റെ ലാഭം =പൂജ്യം. അതേസമയം B നേടിയ മിച്ചമൂല്യം= 1000 രൂപ.

മിച്ചമൂല്യവും ലാഭവും..

മിച്ചമൂല്യം..

ചരക്ക് ഉത്പാദനത്തിനാവശ്യമായ മനുഷ്യാധ്വാനത്തെ അസ്ഥിരമൂലധനമെന്നും മറ്റ് സ്ഥാപനജംഗമവസ്തുക്കളെ സ്ഥിരമൂലധനമെന്നും മാർക്സ് വിളിച്ചു.. സ്ഥിരമൂലധനം എന്നത് ഉത്പാദനോപാധികളുടെ മൂല്യമാണ്.. ഇത് മുടക്കുന്നതാകട്ടെ മുതലാളിയും.. ഈ സ്ഥിരമൂലധനത്തിൽ അധ്വാനം ചെലുത്തുന്നതിനാലാണ് ഉത്പന്നം ഉണ്ടാക്കുന്നത്. ഉത്പന്നത്തിന്റെ മൂല്യം മാർക്കറ്റിൽ വെച്ച് പണമായി ലഭിക്കുന്നു. ഉത്പന്നത്തിന്റെ മൂല്യം= സ്ഥിരമൂലധനം+ അധ്വാനത്തിന്റെ മൂല്യം.
അതിനാൽ,

അധ്വാനത്തിന്റെ മൂല്യം= ഉത്പന്നത്തിന്റെ മൂല്യം- സ്ഥിരമൂലധനം.

അതായത്  ഉത്പന്നമൂല്യത്തിൽ നിന്ന് സ്ഥാപനജംഗമവസ്തുക്കളുടെമൂല്യം കുറച്ചുകിട്ടുന്നതാണ് തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ വില.. 
ഇൗ മൂല്യം സൃഷ്ടിക്കുന്നത് തൊഴിലാളിയാണ്. എന്നാൽ ഇതിൽ ഒരു വിഹിതം മുതലാളി തൊഴിലാളിക്ക് കൂലിയായി നൽകുകയും ബാക്കി ലാഭമായി സ്വന്തമാക്കുകയും ചെയ്യുന്നു.. മുതലാളി സ്വന്തമാക്കുന്ന ഈ ലാഭം എവിടെ നിന്നുണ്ടായി..? തൊഴിലാളിയുടെ അധ്വാനത്തിൽ നിന്ന് തന്നെ.. ഇതിനെ മാർക്സ് മിച്ചമൂല്യം എന്നുവിളിക്കുന്നു.

ഉത്പന്നത്തിന്റെ മൂല്യം= സ്ഥിരമൂലധനം+ കൂലി+ മിച്ചമൂല്യം.

മിച്ചമൂല്യവും ലാഭവും..

ഒരു സ്വകാര്യകയർഫാക്ടറി സങ്കൽപിക്കുക.. അവിടെ കയർ ഉത്പാദിപ്പിക്കാൻ എന്തൊക്കെയുണ്ട്..? കെട്ടിടം, ചകിരി, യന്ത്രോപകരണങ്ങൾ തുടങ്ങിയ ഉത്പാദനോപാധികൾ.. ഇവയ്ക്കെല്ലാം കൂടി മുതലാളി 2ലക്ഷം രൂപ അഞ്ച് മാസത്തേക്ക് മുടക്കി എന്നിരിക്കട്ടെ..(തൊഴിലാളികളുടെ കൂലി ഇതിൾ ഉൾപെടുത്തിയിട്ടില്ല) അതായത് സ്ഥിരമൂലധനം=2 ലക്ഷം.
ഈ ഫാക്ടറിയിൽ അഞ്ച് മാസം കൊണ്ട് നിർമിച്ച കയറിന്റെ മൂല്യം  3 ലക്ഷം രൂപയുണ്ടെന്ന് കരുതാം.. അപ്പോൾ അധികം ലഭിച്ച ഒരു ലക്ഷം എന്താണ്..?
 തീർച്ചയായും അധ്വാനത്തിന്റെ വിലയാണത്. അതായത് 2ലക്ഷത്തിന്റെ സ്ഥിരമൂലധനം 3 ലക്ഷത്തിന്റെ ചരക്കായി മാറാൻ കാരണം അധ്വാനമാണെന്നും ആ അധ്വാനത്തിന്റെ വില ഒരു ലക്ഷമാണെന്നും നിഷേധിക്കാനാവാത്ത സത്യമാണ്. 

തൊഴിലാളികൾക്ക്  5 മാസം കൊണ്ട് കൂലി നൽകിയ ഇനത്തിൽ മാത്രം മുതലാളിക്ക് ചെലവായത് 30000 രൂപയാണെന്ന് കരുതുക.. മുതലാളിയുടെ കണക്കുപുസ്തകത്തിൽ മൊത്തം മുടക്കുമുതൽ = സ്ഥിരമൂലധനം+ കൂലി
=200000+ 30000 =230000/-
 മുതലാളിയുടെ കണ്ണിൽ അയാളുടെ ലാഭം= ഉത്പന്നവില- മുടക്കുമുതൽ =300000-230000 =70000/-

ഇവിടെ എന്ത് സംഭവിച്ചു.? തൊഴിലാളിയുടെ ഒരു ലക്ഷം രൂപയുടെ അധ്വാനത്തിൽ 30000 രൂപ അവർക്ക് കൂലിയായി നൽകി. ബാക്കി മുതലാളി ലാഭമായി സ്വന്തമാക്കി.. മുതലാളി ഇതിനെ ലാഭമെന്ന് വിളിക്കുമ്പോൾ മാർക്സിസം ഇതിനെ വിളിക്കുന്നത് മിച്ചമൂല്യം(Surplus) അല്ലെങ്കിൽ ചൂഷണം  എന്നാണ്. മുതലാളി നേടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നതാണെന്ന സത്യം ഈ രണ്ടു കൂട്ടരും ചിന്തിക്കുന്നുമില്ല താനും.. മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം ഇത് അനിവാര്യമായ തിന്മയായി തന്നെ നിലനിൽക്കും..

മിച്ചമൂല്യസിദ്ധാന്തം

മാർക്കറ്റും വിലയും..

ഏതൊരു ഉത്പന്നത്തിന്റെയും വില നിശ്ചയിക്കുന്നത് മാർക്കറ്റിലെ ഡിമാന്റ്, സപ്ലൈ എന്നീ രണ്ട് ഘടകങ്ങളാണ്. ഉത്പന്നത്തിന് ജനങ്ങൾക്കിടയിലെ ഡിമാന്റ് കൂടുമ്പോൾ അതിന്റെ വില കൂടുന്നു. ഡിമാന്റ് കുറയുമ്പോൾ വില കുറയുന്നു. അതുപോലെ ഉത്പന്നത്തിന്റെ സപ്ലൈ വർധിപ്പിക്കുമ്പോൾ അതിന്റെ വില കുറയുകയാണ് ചെയ്യുന്നത്. സപ്ലൈ കുറയുമ്പോൾ ഉള്ളതെങ്കിലും വാങ്ങാൻ ആളുകൾ തിരക്കിടുന്നു. ഇത് ഡിമാന്റ് വർധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്യുന്നു.

 ചുരുക്കത്തിൽ എന്ത് മനസിലാക്കാം..? ഡിമാന്റ് ,സപ്ലൈ എന്നീ വൈരുധ്യങ്ങളുടെ പ്രവർത്തനഫലമാണ് ചരക്കിന്റെ വില. ഇതിനു വിരുദ്ധമായി നമ്മൾ ചരക്കിന്റെ വില കൂട്ടിയെന്നിരിക്കട്ടെ. ആളുകൾ വിലക്കുറവുള്ളിടത്തേക്ക് ഒഴുകുകയും വില കൂട്ടാൻ മുതിർന്നവർ കഷ്ടത്തിലാവുകയും ചെയ്യും. അവരും വില പഴയതുപോലെ കുറച്ചുതുടങ്ങും. വില തന്നിഷ്ടപ്രകാരം കുറച്ചാലും ഇത് തന്നെ സ്ഥിതി.
ചുരുക്കത്തിൽ എന്താ മനസിലാക്കാം..? ഒരു ചരക്കിന്റെ വില എന്നത് ഒരു മനുഷ്യന്റെയോ രണ്ടുപേരുടെയോ ഇഷ്ടപ്രകാരം നിശ്ചയിക്കപ്പെടുന്നതല്ല. അത് സ്വയം ബാലൻസ് ചെയ്ത ഒരു നിശ്ചിതസംഖ്യയിൽ എത്തുന്നു. ഇതാണ് അതിന്റെ മൂല്യം. യഥാർത്ഥ വില അതിൽ നിന്നും കൂടിയും കുറഞ്ഞും ഇരിക്കാം.. പക്ഷെ മുഴുവൻ ഉത്പാദകരെയും കണക്കിൽ എടുക്കുമ്പോൾ അത് ശരാശരിവത്കരിച്ച് ചരക്കിന്റെ യഥാർത്ഥ മൂല്യത്തിൽ എത്തിച്ചേരും. 

ഇനി മറ്റൊരു കാര്യം..
A, B എന്നീ രണ്ട് വസ്തുക്കൾ സങ്കൽപിക്കുക.. രണ്ടിനും കൂടി മാർക്കറ്റിലെ വില 100 രൂപയെന്നിരിക്കട്ടെ.. Aയ്ക്ക് മാത്രം വില 50 രൂപയും.. എങ്കിൽ B യുടെ വിലയെത്ര..? തീർച്ചയായും 50തന്നെ.. A എന്നത് മുതലാളി മുടക്കുന്ന സ്ഥിരമൂലധനവും B എന്നത് തൊഴിലാളിയുടെ അധ്വാനവും ആയാലോ..? അപ്പോഴും കണക്കിൽ വ്യത്യാസമൊന്നുമില്ല..
ആർക്കും മനസിലാകുന്ന ഈ യുക്തി തന്നെയാണ് മാർക്സിന്റെ മിച്ചമൂല്യസിദ്ധാന്തത്തിന്റെ അടിസ്ഥാനം..

മിച്ചമൂല്യസിദ്ധാന്തം

മൂലധനം എന്ന മാർക്സിന്റെ വിശ്വവിഖ്യാതഗ്രന്ഥത്തിലെ  അതീവപ്രാധാന്യം അർഹിക്കുന്ന സിദ്ധാന്തമാണ് മിച്ചമൂല്യസിദ്ധാന്തം. ബൂർഷ്വാസിക്കു നേരെ ഉതിർത്ത ആദ്യത്തെ വെടിയുണ്ട എന്നാണ് ഇഎംഎസ്  ദാസ് ക്യാപിറ്റലിനെ വിശേഷിപ്പിക്കുന്നത്..

 മുതലാളിത്തം അടിസ്ഥാനപരമായി ചൂഷണം നിറഞ്ഞതാണെന്നും
 അതിന്റെ പ്രഥമലക്ഷ്യമായ ലാഭം വാസ്തവത്തിൽ ചൂഷണം മാത്രമാണെന്നും അടിവരയിട്ട് തെളിയിക്കുന്ന സിദ്ധാന്തമാണ് മിച്ചമൂല്യസിദ്ധാന്തം (Theory 
of Surplus Value). 

തൊഴിലാളിയുടെ അധ്വാനത്തെ 
ചൂഷണം ചെയ്തല്ലാതെ   മുതലാളിത്തത്തിന് നിലനിൽപില്ലെന്ന് വിളിച്ചുപറഞ്ഞ 
ഈ സിദ്ധാന്തം മുതലാളിത്തസമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നു.

അധ്വാനത്തിന്റെ മൂല്യം..

എങ്ങനെയാണ് ഒരു ഉത്പന്നം ഉണ്ടാകുന്നത്.. അധ്വാനത്തിലൂടെ.. വെറും അധ്വാനം മാത്രം പോര.. അസംസ്കൃതവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, മറ്റ് വസ്തുക്കൾ, ഊർജം (eg- വൈദ്യുതി) തുടങ്ങിയ മറ്റ് ഘടകങ്ങളും വേണം.. അധ്വാനം ഒഴികെയുള്ള ഈ ഉത്പാദന-ഉപാധികളെ സ്ഥിരമൂലധനം എന്ന് വിളിക്കാം.. 

എന്നാൽ ഈ വസ്തുക്കൾ ഉത്പന്നമായി മാറണമെങ്കിൽ എന്തുകൂടി ആവശ്യമാണ്..? സംശയമില്ല.. അധ്വാനം തന്നെ. ഒരു തടിക്കഷ്ണം ശില്പമാകുന്നതും മണ്ണും കല്ലും സിമന്റുമൊക്കെ വീടായി മാറുന്നതും പരുത്തി വസ്ത്രമായി മാറുന്നതും അധ്വാനം ചേരുമ്പോഴാണ്. അതായത്,

ഉത്പന്നം= സ്ഥിരമൂലധനം+ അധ്വാനം.
ഇവിടെ സ്ഥിരമൂലധനം മുതലാളിയുടെ ഉടമസ്ഥതയിലാണ്.. അധ്വാനമാകട്ടെ (അസ്ഥിരമൂലധനം എന്നും പറയാം) തൊഴിലാളിയുടെ ഉടമസ്ഥതയിലാണ്.. മുതലാളി സ്ഥിരമൂലധനം നിക്ഷേപിക്കുന്നു, ഉത്പാദനോപാധികൾ കരസ്ഥമാക്കുന്നു.. തൊഴിലാളിയോ അവന്റെ അധ്വാനം മുതലാളിക്ക് വിൽക്കുന്നു. സ്ഥിരമൂലധനവും അധ്വാനവും ചേർന്ന് ഉത്പാദനം നടക്കുന്നു. ഉത്പന്നം ഉണ്ടാകുന്നു.

മൂല്യത്തിന്റെ അധ്വാനസിദ്ധാന്തം..(Labour theory of value)

അധ്വാനമൂല്യസിദ്ധാന്തം ലളിതമായി വിശദീകരിക്കാം.
ഒരു ഉത്പന്നത്തിന്റെ മൂല്യം എന്നത് ആ ഉത്പന്നം നിർമിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ മൂല്യമാണ്..

ഉദാഹരണത്തിന് ഒരു സോപ്പിന്റെ കാര്യമെടുക്കാം. സോപ്പ് നിർമിക്കാൻ അസംസ്കൃതവസ്തുക്കൾ വേണം. യന്ത്രങ്ങൾ വേണം.. ഉപകരണങ്ങൾ വേണം. ഇവയെ സ്ഥിരമൂലധനം എന്ന് വിളിക്കാം. ഇതു കൂടാതെ മനുഷ്യാധ്വാനവും വേണം. മനുഷ്യാധ്വാനം ഒഴികെയുള്ള മറ്റെല്ലാം സ്ഥിരമൂലധനമാണ്. അതായത്,
സോപ്പ്= സ്ഥിരമൂലധനം+ അധ്വാനം.

 എന്നാൽ സ്ഥിരമൂലധനം എങ്ങനെ ഉണ്ടായി..? തീർച്ചയായും അധ്വാനത്തിലൂടെ തന്നെ. ഉദാഃ സോപ്പ് നിർമിക്കുന്ന മെഷീനും ഫാക്ടറിയും മറ്റ് വസ്തുക്കളും ഉണ്ടാക്കിയത് അവയ്ക്കാവശ്യമായ സ്ഥിരമൂലധനത്തോടൊപ്പം അധ്വാനവും ചേർത്താണല്ലോ.. 
സോപ്പുനിർമിക്കുന്ന മെഷീൻ തന്നെ മറ്റു ഫാക്ടറികളിൽ എത്രയോ തൊഴിലാളികളുടെ അധ്വാനം മൂലം ഉണ്ടായതാണ്.! ഈ മെഷീന് ആവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റും ഇതുപോലെ അധ്വാനത്തിലൂടെ ഉണ്ടായതാണ്.. ഇങ്ങനെ സോപ്പിന്റെ മൊത്തം ഫ്ലാഷ്ബാക്കിലേക്ക് നോക്കിയാൽ സോപ്പ് എന്ന വസ്തു പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനമാണെന്ന് മനസിലാക്കാം.. ഒരു ഉത്പന്നം നിർമിക്കാനാവശ്യമായ സമൂഹത്തിലെ മുഴുവൻ അധ്വാനത്തെ സാമൂഹ്യാധ്വാനം എന്ന് പറയുന്നു. അധ്വാനമൊഴികെയുള്ള മറ്റ് വസ്തുക്കളും അധ്വാനത്തിലൂടെ തന്നെ ഉണ്ടായതാണ്.

അതിനാൽ അധ്വാനമൂല്യസിദ്ധാന്തമെന്നത് ഇങ്ങനെ ചുരുക്കാം.. ഏതൊരു ഉത്പന്നത്തിന്റെ മൂല്യവും യഥാർത്ഥത്തിൽ അതിനു പിന്നിലെ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ മൂല്യമാണ്..

കാൾ മാർക്സിന്റെ ഏറ്റവും വലിയ സംഭാവനയായ മിച്ചമൂലസിദ്ധാന്തത്തിന്റെ അടിത്തറയാണ് അധ്വാനമൂല്യസിദ്ധാന്തം. ഇത് പ്രസ്താവിച്ചത് മാർക്സല്ല.. മറിച്ച് Father of Economics എന്ന് അറിയപ്പെടുന്ന ആഡം സ്മിത്താണ്. 

ഒരു ഉത്പന്നം എന്നത് സാധനമോ സേവനമോ ആകാം. ഏതായാലും ശരി, അത് മനുഷ്യാധ്വാനം തന്നെയാണ്. അധ്വാനം എന്നത് ഒരു ഭൗതികേതരവസ്തുവാണ്. അതായത് അധ്വാനത്തിന് ഒരിക്കലും സ്വതന്ത്രമായി നിലനിൽക്കാനാവില്ല. അതിനെ കൈവെള്ളയിലോ പാത്രത്തിലോ എടുത്ത് കാണിച്ചുതരാനും ആവില്ല. അത് തൊഴിലാളിയിൽ നിന്നും ഉത്പന്നത്തിലേക്ക് ഉത്പാദനസമയത്ത് പ്രവേശിക്കുകയാണ് ചെയ്യുന്നത്. 

അതായത് ഒരു സോപ്പിൽ സോപ്പുണ്ടാക്കാനുള്ള അധ്വാനം മാത്രമല്ല സോപ്പുണ്ടാക്കാൻ സഹായിക്കുന്ന ഓരോ ഉപകരണങ്ങളും വസ്തുക്കളും ( എന്തിന്, ഒരു ചെറിയ സ്പൂൺ പോലും..!) നിർമിക്കാനാവശ്യമായ അധ്വാനങ്ങളും അടങ്ങിയിരിക്കുന്നു. അറിഞ്ഞും അറിയാതെയും ലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനമാണ് ഒരു ഉത്പന്നത്തിൽ സന്നിവേശിക്കുന്നത്. അതിനാൽ അധ്വാനത്തിന്റെ ഭൗതികരൂപം തന്നെയാണ് ഓരോ ഉത്പന്നവും..

 അധ്വാനത്തെ നമുക്ക് നേരിട്ട് കാണാനാവില്ലെങ്കിലും നാം കാണുന്ന ഓരോ വസ്തുവും അധ്വാനം തന്നെയാണ്.  ഈ അധ്വാനത്തിന്റെ വില തന്നെയാണ് ആ ഉത്പന്നത്തിന്റെ മൂല്യം. ഉത്പന്നത്തിന്റെ വില എന്നത് ഈ മൂല്യത്തേക്കാൾ കൂടുതലോ കുറവോ ആകാം. എന്നാൽ അത്തരം വ്‌യത്യസ്തനിരക്കുകൾ മാർക്കറ്റിൽ  ശരാശരിവത്ക്കരിക്കപ്പെടുമ്പോൾ ചരക്കിന്റെ മൂല്യം  ലഭിക്കും

തൊഴിലാളിയും തൊഴിലുടമയും..

മനുഷ്യൻ തന്റെ അധ്വാനശക്തി ഒന്നുകൊണ്ടു മാത്രം ജോലി ചെയ്തുകൊണ്ട് പ്രതിഫലം നേടുകയും അതുപയോഗിച്ച് ജീവിതോപാധികൾ( ജീവിക്കാനാവശ്യമായ ഉപാധികൾ ) നേടുകയും ചെയ്യുന്നു.. ഇവരെ തൊഴിലാളി എന്നു പറയാം. അധ്വാനം എന്നത് ശാരീരികമോ മാനസികമോ ആവാം.. എന്നാൽ അധ്വാനം ഒന്നുകൊണ്ടു മാത്രം ഉത്പാദനം നടക്കില്ല.. അതിന്  ഉത്പാദനോപാധികൾ വേണം.. ഉദാ:ഭൂമി, ഫാക്ടറി, കെട്ടിടങ്ങൾ, അസംസ്കൃതവസ്തുക്കൾ, യന്ത്രങ്ങൾ, ഗതാഗതസംവിധാനം തുടങ്ങിയവ.. 

ഒരു കൃഷിക്കാരന് അധ്വാനിക്കാൻ ഭൂമിയും വിത്തും വളവും ജലവും മറ്റ് ഉപാധികളും കൂടിയേ തീരൂ.. ഒരു ടീച്ചർക്ക് പഠിപ്പിക്കാനും കയർ തൊഴിലാളിക്ക് കയറുണ്ടാക്കാനും ആശാരിക്ക് ഫർണീച്ചറുണ്ടാക്കാനും   ഒക്കെ ഇതുപോലെ ഉത്പാദനോപാധികൾ വേണം. 

എന്നാൽ ഈ ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം തൊഴിലാളിയുടേതാണോ..? മുതലാളിത്തവ്യവസ്ഥയിൽ അതങ്ങനെയല്ല. തൊഴിലാളിവർഗത്തിന് അധ്വാനം ചെലുത്തി ഉത്പാദനം നടത്താനാവശ്യമായ ഉത്പാദനോപാധികളുടെ ഉടമസ്ഥത മറ്റൊരാളുടേതാകും.. അവരെ സ്വത്തുടമകൾ എന്നു പറയുന്നു.. സ്വത്തുടമയുടെ അനുവാദമുണ്ടെങ്കിലേ തൊഴിലാളിക്ക് അതിൻമേൽ അധ്വാനിക്കാൻ കഴിയൂ.അതിലൂടെ ഇവർക്ക് ശമ്പളം കിട്ടുന്നു.. 

എന്നാൽ അധ്വാനത്തിന്റെ ആവശ്യമില്ലാതെ തന്നെ പ്രതിഫലം നേടുന്ന വർഗമാണ് സ്വത്തുടമകൾ.. മൂലധനത്തിന് ലാഭമായും ഭൂമിക്കും വീടിനും മറ്റും വാടകയായും വായ്പയ്ക്ക് പലിശയായും ഇവർ പണം നേടുന്നു.. സ്വന്തമായി ഉത്പാദനോപാധികൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇവർക്ക് ലാഭം, വാടക, പലിശ എന്നീ രൂപങ്ങളിൽ വരുമാനം ലഭിക്കുന്നത്.. സ്വത്തുടമകളായ ഇവരെ ബൂർഷ്വാസികൾ എന്നു വിളിക്കാം.. സ്വന്തമായി ഉത്പാദനോപാധികൾ ഇല്ലാത്തവരാകട്ടെ തൊഴിലാളികളാകുന്നു.. അവരുടെ കയ്യിലുള്ളത് അധ്വാനശേഷി മാത്രമാണ് താനും..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...