Friday, September 28, 2018

സമൂഹഘടന (The Structure of Society)


ഭൗതികമായ ഒരു അടിത്തറ. അതിനു മുകളിൽ കെട്ടിപ്പടുത്ത ആശയപരമായ ഒരു മേൽപുര. മാർക്സിസം  മനുഷ്യസമൂഹത്തെ നോക്കിക്കാണുന്നതിങ്ങനെയാണ്. ഈ അടിത്തറ-മേൽപുര സിദ്ധാന്തം അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്നത് തെറ്റാണ്. 20ാം നൂറ്റാണ്ടിലെ പല മാർക്സിസ്റ്റുകാർക്കും പറ്റിയ പിഴവാണത്.

 ഭൗതികഅടിത്തറയിൽ നിന്നും ആശയപരമായ മേൽപുര ഉണ്ടാകുന്നു. (ഇത് കുറച്ചുകൂടി വ്യക്തമാകാൻ ഭൗതികവാദത്തെ സംബന്ധിച്ച പോസ്റ്റ് കാണുക.
എന്നാൽ ഭൗതികാടിത്തറയ്ക്ക് മാറ്റം സംഭവിച്ചാൽ ഉടനടി ആശയപരമായ മേൽപുരയും മാറിക്കോളും എന്ന ചിന്തയാണ് ഒരു പക്ഷേ പഴയ പല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും പിന്തുടർന്നത്. അത് തെറ്റാണെന്ന് ചരിത്‌രം കാണിച്ചുതന്നു.

എന്താണ് ഭൗതികമായ അടിത്തറ..? സമൂഹത്തിലെ ഉത്പാദനശക്തികളും ഉത്പാദകബന്ധങ്ങളും ചേർന്ന അടിത്തറയാണിത്.. ആശയപരമായ മേൽപുര എന്നത് ഈ അടിത്തറയെ നിലനിർത്തുന്ന വിവിധ ആശയങ്ങളും.. മതം, സംസ്കാരം, വിനോദം, രാഷ്ട്രീയം, ഭരണകൂടം, ചിന്താഗതികൾ തുടങ്ങിയ അനേകം ഘടകങ്ങൾ ചേർന്നതാണ് ആശയപരമായ മേൽപുര.

അടിസ്ഥാനപരമായി സമൂഹം എന്താണെന്നും അതിന്റെ സത്ത എന്താണെന്നും ഒരു  കമ്മ്യൂണിസ്റ്റുകാരൻ മനസിലാക്കണമെങ്കിൽ ഈ ഭൗതികാടിത്തറയും ആശയങ്ങളുടെ മേൽപുരയും വേർതിരിച്ച് മനസിലാക്കണം.. ഇവ തമ്മിലെ ബന്ധമെന്താണ്..? ഇവ വിപ്ലവവും തൊഴിലാളിവർഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.. മതം, രാഷ്ട്രീയം, കല, സംസ്കാരം, ശാസ്ത്രം, വിനോദം, ഭരണകൂടം തുടങ്ങിയവയെ കമ്മ്യൂണിസം എങ്ങനെ കൈകാര്യം ചെയ്യുന്നു..? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കണം.. നമ്മുടെ പല വിചാരങ്ങളെയും മാറ്റിമറിക്കാനും മാർക്സിസ്റ്റുകാർക്ക്  ചരിത്രത്തിൽ സംഭവിച്ച, ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന പല തെറ്റുകളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാനും ഈ സിദ്ധാന്തം സഹായിക്കും..

സമൂഹത്തിന്റെ ഭൗതികാടിത്തറ..

ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും എന്തെന്ന് മനസിലാക്കാതെ ഭൗതികാടിത്തറയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

ഉത്പാദകശക്തികൾ (ഉത്പാദനോപാധികൾ എന്നും പറയാം), ഉത്പാദനബന്ധങ്ങൾ എന്നിവയാണ് സമൂഹത്തിന്റെ അടിത്തറയായി മാറുന്നത്. ഇതിൽ അടിസ്ഥാനം ഉത്പാദനബന്ധങ്ങൾ തന്നെയാണ്. ഉദാ:- പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനബന്ധങ്ങളല്ല, അടിമത്ത സമൂഹത്തിലുള്ളത്.. അതിൽ നിന്നും വ്യത്യസ്തമായ ഉത്പാദനബന്ധമായിരുന്നു  ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിലേത്. മുതലാളിത്തത്തിലും അങ്ങനെ തന്നെ. ഉത്പാദനബന്ധങ്ങൾ കുറേ കാലം അങ്ങനെ തന്നെ നിലനിൽക്കുകയും ചില പ്രത്യേകഘട്ടങ്ങളിൽ മാത്രം മാറുകയും ചെയ്യുന്നു. അടിമ-ഉടമ എന്ന ഉത്പാദനബന്ധം ജന്മി- കുടിയാൻ , മുതലാളി-തൊഴിലാളി എന്നീ ഉത്പാദനബന്ധങ്ങളിലേക്ക് മാറിയത് ചരിത്രപരമായ ഭൗതികവാദത്തിലൂടെ മാർക്സ് വിശദീകരിക്കുന്നു. (ചരിത്രപരമായ ഭൗതികവാദം സംബന്ധിച്ച ലേഖനങ്ങൾ മുമ്പ് നൽകിയിട്ടുണ്ട്..)

ഉത്പാദകശക്തികൾ ഓരോ നിമിഷവും വളരുന്നതാണെന്ന് പറയാം.കാലം  കഴിയുന്തോറും ശാസ്ത്രസാങ്കേതികവിദ്യയും വിഭവങ്ങളും ഞൊടിയിടയിൽ പുരോഗമിക്കുന്നു. എന്നാൽ ഇതെല്ലാം ഉപയോഗിച്ച് ഉത്പാദനം നടത്താൻ കാരണമായ ഉത്പാദനബന്ധം നൂറ്റാണ്ടുകളായി മാറ്റമില്ലാതെ നിൽക്കുന്നു. (മുതലാളി-തൊഴിലാളി ബന്ധം നൂറ്റാണ്ടുകളായി ഭൂമിയിൽ ഉള്ളതാണല്ലോ..) ഇതാണ് ഉത്പാദനശക്തികളും ഉത്പാദനബന്ധവും തമ്മിലെ വൈരുധ്യം.

ഉത്പാദകശക്തികൾ വളർന്നുവികസിക്കുന്തോറും ഉത്പാദനബന്ധങ്ങൾക്കു തന്നെ ഭീഷണിയായി മാറുന്നു(തുടർന്ന് വിശദീകരിക്കാം ).ഒരു ഘട്ടത്തിൽ വെച്ച് ഈ വൈരുധ്യം മൂർച്ഛിക്കുന്നു. ഉത്പാദനബന്ധം തകർന്നടിയുന്നു. പുതിയ സമൂഹം ഉണ്ടാകുന്നു. ഉത്പാദനബന്ധവും ഉത്പാദകശക്തികളുമാണ് സമൂഹത്തിന്റെ ഭൗതികാടിത്തറ. അത് മാറിയാൽ സമൂഹം തന്നെ മാറുന്നു.

ആശയപരമായ മേൽപുര(Ideological Superstructure)

മുതലാളിത്തസമൂഹം പരിഗണിക്കുക.. പണം മുടക്കുന്ന മുതലാളിയും അധ്വാനിക്കുന്ന തൊഴിലാളിയും തമ്മിലെ ഉത്പാദനബന്ധമാണ് അതിന്റെ അടിസ്ഥാനം. ഈ അടിത്തറയ്ക്കുമുകളിൽ ചില ഘടകങ്ങൾ (ആശയങ്ങൾ) നിലനിൽക്കുന്നു. ഭൂമിക്കുമുകളിൽ കാർമേഘം എന്നതുപോലെയാണത്. കാർമേഘം ഭൂമിയിലെ ജലം ആവിയായി മേലോട്ടുയർന്ന് തണുത്ത് മേഘമായി മാറുന്നതാണ്. അതേ സമയം ആ മേഘത്തിൽ നിന്നുണ്ടാകുന്ന മഴ ഭൂമിയെ നിലനിർത്തുന്നു.

ഇതുപോലെയാണ് ആശയപരമായ മേൽപുരയും. മുതലാളിത്തസമൂഹത്തിൽ ഇത്തരം ചില ആശയങ്ങൾ നിലനിൽക്കുന്നു. ഇവയുടെ ഉത്ഭവം ഈ ഭൗതികസമൂഹത്തിൽ നിന്നു തന്നെയാണ്. അതേ സമയം ഈ ആശയങ്ങളുടെ മേൽപുര മുതലാളിത്തത്തെ നിലനിർത്തുന്നു. സോഷ്യലിസത്തിലേക്കുള്ള വിപ്ലവത്തെ ഇവ തടയുകയോ സാവധാനമാക്കുകയോ ചെയ്യുന്നു..

ആശയപരമായ മേൽപുര(Ideological Superstructure) താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

1)മനോഭാവം
2)മതം
3)കല
4)സംസ്കാരം
5)ശാസ്ത്രം
6)കുടുംബം
7)വിദ്യാഭ്യാസം
8)ദേശീയത
9)ഭരണകൂടം
10)വിനോദം

സമൂഹം മാർക്സിസ്റ്റ് വീക്ഷണത്തിൽ...
Marxian perspective of society...

ചിത്രം കാണുക..
ഉത്പാദനശക്തികളും (ഉപകരണങ്ങൾ, ഫാക്ടറി, യന്ത്രങ്ങൾ, ഭൂമി, അസംസ്കൃതവസ്തുക്കൾ etc) ഉത്പാദനബന്ധങ്ങളും (മൂലധനം കയ്യിലുള്ള മുതലാളിയും അധ്വാനശക്തി കൈവശമുള്ള തൊഴിലാളിയും തമ്മിലെ ബന്ധം) അവ സൃഷ്ടിക്കുന്ന ഭൗതികാടിത്തറയിൽ നിലനിൽക്കുന്ന ആശയ- മേൽപുര ( Ideological Superstructure)യും ചേർന്നതാണ് സമൂഹം..

ഭൗതികവ്യവസ്ഥ ആശയങ്ങളെ രൂപീകരിക്കുന്നു.. ആശയങ്ങൾ വ്യവസ്ഥയെ സംരക്ഷിച്ച് നിലനിർത്തുന്നു..

ഇന്നത്തെ സാഹചര്യത്തിൽ ഇതിങ്ങനെ വ്യക്തമാക്കാം..  മുതലാളിത്തസമ്പദ് വ്യവസ്ഥയാണ് സമൂഹത്തിന്റെ അടിത്തറ..  ഇതിനു പുറമേയുള്ള ആശയങ്ങളുടെ മേൽപുര മുതലാളിത്തത്തെ സംരക്ഷിക്കുന്നു.. മതം, കല, സംസ്കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ ചിത്രത്തിൽ കൊടുക്കുന്ന ഘടകങ്ങൾ മുതലാളിത്തത്തിന്റെ സംരക്ഷകരായി മാറുന്നു.. തുടർന്ന് വിശദീകരിക്കാം..


No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...