Sunday, September 23, 2018

ചരിത്രവും വിപ്ലവങ്ങളും..

എന്താണ് വിപ്ലവം..?

നിലവിലുള്ള സാമൂഹ്യ- സാമ്പത്തിക- സാംസ്കാരികവ്യവസ്ഥകളുടെ പൊടുന്നനെയുള്ള മാറ്റത്തെയാണ് വിപ്ലവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.. അനേകകാലം നിലനിൽക്കുന്ന വ്യവസ്ഥ (System)യ്ക്ക് താരതമ്യേന വളരെ കുറച്ച് കാലയളവ് കൊണ്ട് സംഭവിക്കുന്ന എടുത്തുചാട്ടമാണിത്..

ചരിത്രത്തെക്കുറിച്ചുള്ള മാർക്സിസ്റ്‌റ് വീക്ഷണത്തെയാണ് ചരിത്രപരമായ ഭൗതികവാദം(Historical Materialism) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇവ മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാകൃതകമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ചരിത്രം മുന്നോട്ടു നീങ്ങിയത്. വർഗരഹിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ അനേകം വൈരുധ്യങ്ങൾ നിലനിന്നു.. ഇവ വളർന്ന് മൂർച്ഛിക്കുകയും  വ്യവസ്ഥിതിയെ തന്നെ  അട്ടിമറിച്ചുകൊണ്ട് അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്തു.. അടിമത്തത്തിലെ വൈരുധ്യങ്ങൾ ഫ്യൂഡലിസത്തിലേക്കും തുടർന്ന് മുതലാളിത്തത്തിലേക്കും മാനവരാശിയെ നയിച്ചു.. ഇത് യൂറോപ്പിലെ മാത്രം കഥയല്ല.. മാർക്സ് ജീവിച്ചിരുന്നപ്പോൾ മാത്രം ഉണ്ടായതുമല്ല.. മറിച്ച്  ലോകത്തെമ്പാടും അരങ്ങേറിയ ചരിത്രമാണ്.. മനുഷ്യവംശം ഉണ്ടായതുമുതലുള്ള ചരിത്രം..

 എന്താണ് ഇവിടെയെല്ലാം കണ്ട വൈരുധ്യം..? ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തന്നെ.. അതെങ്ങനെ വർധിച്ചെന്നും മുൻപോസ്റ്റുകളിൽ വിശദീകരിച്ചതാണ്.. വൈരുധ്യങ്ങൾ വിപ്ലവങ്ങൾക്ക് കാരണമായി.. പ്രാകൃതകമ്മ്യൂണിസം വിപ്ലവങ്ങളിലൂടെ (Neolithic Revolution ) അടിമത്തത്തിലേക്ക്.. തുടർന്ന് അടിമത്തവിപ്ലവങ്ങൾ അരങ്ങേറി ഫ്യൂഡലിസ്റ്റ് സമൂഹങ്ങൾ.. പിന്നീട് അതിനെതിരെയും വിപ്ലവങ്ങൾ നടന്നു.. മുതലാളിത്തം സ്ഥാപിതമായി. അത് ലോകമെമ്പാടും ഇന്നും  വ്യാപിക്കുന്നു.. മുതലാളിത്തത്തിലെ ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തൊഴിലാളിവിപ്ലവങ്ങൾക്ക് കാരണമാകും.. ഇത് സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയ്ക്ക് തുടക്കം കുറിക്കും..

 സോഷ്യലിസത്തെ കുറിച്ചും അതിന്റെ സാധുതയെക്കുറിച്ചും മനസിലാകണമെങ്കിൽ മുതലാളിത്തത്തെ കുറിച്ച് മനസിലാക്കിയേ മതിയാകൂ..

മുതലാളിത്തം എന്ത്..? എന്തിന്..?

ഉത്പാദനോപാധികൾക്കുമേലുള്ള ഭൂപ്രഭുക്കന്മാരുടെ ആധിപത്യത്തെ തകർത്തുകൊണ്ടാണ് ആധുനികബൂർഷ്വാസി 
ഉയർന്നുവന്നതും മുതലാളിത്തം ശക്തമായതും.. സ്വതന്ത്രമായി
 ഉത്പാദനം നടത്താനും സമ്പാദിക്കാനുമുള്ള സ്വാതന്ത്യ്രവും ബൂർഷ്വാസി നേടിയെടുത്തു.
 ഫ്രഞ്ച് വിപ്ലവം പോലുള്ള ചരിത്രസംഭവങ്ങൾ  ഇതിനുദാഹരണമാണ്.. ഇന്ത്യയിൽ മുതലാളിത്തം ശക്തമായത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെയാണ്.. 
ഇന്ന് നാം ജീവിക്കുന്നതും മുതലാളിത്തവും അതിന്റെ ധാർമികതയും അരങ്ങുവാഴുന്ന സമൂഹത്തിൽ തന്നെ.. 

എന്താണ് വാസ്തവത്തിൽ മുതലാളിത്തം(Capitalism)..? മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഉത്പാദനോപാധികളിൽ
 തൊഴിലാളി അധ്വാനം(Hardwork) ചെലുത്തുന്നു.. ഇതിലൂടെ പുതിയ ഉത്പന്നങ്ങൾ ഉണ്ടാകുന്നു.. 
ഇവയിൽ നിന്നും ലഭിക്കുന്ന ലാഭം മുതലാളി സ്വന്തമാക്കുന്നു..  
ഒരു വിഹിതം തൊഴിലാളിക്കും 
നൽകുന്നു.. ഇതുതന്നെയാണ് മുതലാളിത്തം.. കേൾക്കുമ്പോൾ സിംപിളായി തോന്നാം.. മുതലാളിത്തസമൂഹത്തിലെ രണ്ട് വർഗങ്ങൾക്കും( മുതലാളിവർഗവും  തൊഴിലാളിവർഗവും) ഇവിടെ 
പ്രതിഫലം ലഭിക്കുന്നു.. ഒരു 
വർഗത്തിന് ലാഭമായും മറ്റേ വർഗത്തിന് കൂലിയായും.. ഒറ്റനോട്ടത്തിൽ 
അതിനെ എതിർക്കേണ്ട യാതൊരു ആവശ്യവുമില്ല. മുതലാളിയും തൊഴിലാളിയും തമ്മിലെ സഹകരണം ഉണ്ടായിരിക്കുന്നിടത്തോളം 
കാലം അത് തകരുകയുമില്ല..

എന്നാൽ മുതലാളിത്തം നല്ലതാണോ..? അതിൽ വൈരുധ്യങ്ങളില്ലേ..? അതിൽ ചൂഷണവും അസമത്വവും ഇല്ലേ..? ഇതൊന്നും ഇല്ലാതെ ഒരു നല്ല മുതലാളിത്തം സാധ്യമാണോ..? അല്ല എന്നതു തന്നെയാണ് മാർക്സിസം നൽകുന്ന ഉത്തരം.. 
മുതലാളിത്തത്തിലും വർഗസമരം വ്യാപിക്കും.. അതിലും വൈരുധ്യങ്ങൾ തമ്മിൽ സംഘട്ടനം നടത്തും.. അത് മുതലാളിത്തത്തെ നശിപ്പിക്കും.. മുതലാളിയും തൊഴിലാളിയുമെന്ന വേർതിരിവില്ലാത്ത
 (വർഗരഹിതമായ ) ഒരു സമൂഹം രൂപപ്പെടും.. അതാണ് സോഷ്യലിസം..

 സോഷ്യലിസത്തിലൂടെ ലോകം
 വർഗങ്ങളും ഭരണകൂടങ്ങളും രാഷ്ട്രങ്ങളും ചൂഷണങ്ങളുമില്ലാത്ത അവസ്ഥയിലെത്തിച്ചേരും.. 
അവിടെ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കും.. മത്സരിക്കുന്നതിനു പകരം തമ്മിൽ സഹകരിക്കും. തന്റെ 
ലാഭം എന്ന ചിന്ത മാറി സമൂഹത്തിന്റെ നന്മ എന്ന മനോഭാവം ഉണ്ടാകും.. ആ സമത്വസുന്ദരലോകമാണ് 
കമ്മ്യൂണിസം.. 

എങ്കിൽ ഒരു ചോദ്യം.. അതെങ്ങനെ സാധ്യമാകും..??

വർഗസമരവും ചരിത്രപുരോഗതിയും

ചിത്രം കാണുക.. മാർക്സിസ്റ്റ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം അഥവാ ചരിത്രപരമായ ഭൗതികവാദം എന്താണെന്ന് വ്യക്തമാക്കുന്നു ഈ ചിത്രം. മനുഷ്യചരിത്രത്തിലെ ഓരോ ഘട്ടത്തിലും  രണ്ട് വർഗങ്ങൾ രൂപം കൊള്ളും. ഇതിൽ ഒന്ന് മേധാവിവർഗമായി നിലനിന്ന് സമൂഹത്തെ നിയന്ത്രിക്കും(Blue line).. അവരാൽ ചൂഷണം ചെയ്യപ്പെടുന്നവരാണ് രണ്ടാമത്തെ വർഗം(Red line).. മേലാളവർഗം മാറ്റമില്ലാതെ നിലകൊള്ളുമ്പോൾ ചൂഷിതവർഗം ആദ്യം ദുർബലമാണെങ്കിലും ശക്തിയാർജിക്കും.. ഈ രണ്ട് വർഗങ്ങൾ തമ്മിലെ വൈരുധ്യത്തെ വർഗസമരം എന്നു പറയാം. ഒരു ഘട്ടത്തിൽ വെച്ച് ഇവ രണ്ടും തമ്മിലെ സംഘട്ടനം സാമൂഹ്യവ്യവസ്ഥയെ തന്നെ അട്ടിമറിക്കുകയും പുതിയ ഒരു സമൂഹം രൂഷം കൊള്ളുകയും ചെയ്യും..

വർഗങ്ങളില്ലാത്ത പ്രാകൃതകമ്മ്യൂണിസം--> അടിമ(Plebeians)--ഉടമ(Patricians) എന്നിവരായി വേർപെട്ട അടിമത്തം--> ഭൂപ്രഭു(land owner)--നഗരവാസി അല്ലെങ്കിൽ ബൂർഷ്വാസി(Serfs/Bourgeois) എന്നീ വർഗങ്ങളടങ്ങിയ ഫ്യൂഡലിസം--> ബൂർഷ്വാസി-- തൊഴിലാളിവർഗം(Proletariate) എന്ന വർഗവിഭജനം നിലനിൽക്കുന്ന മുതലാളിത്തം എന്നീ വ്യവസ്ഥകളിലൂടെയാണ് കാലം ഇന്നുവരെയെത്തിയത്.. ഓരോ സമൂഹവും തകർന്ന് അടുത്തതിന് രൂപം നൽകുകയായിരുന്നു എന്നു മാത്രം..

ബൂർഷ്വാസിയുടെ ഉദയം..

ചരിത്രം ഫ്യൂഡലിസത്തിലേക്ക്..

ഗ്രീസിലും റോമിലും മറ്റ് യൂറോപ്യൻ ദേശങ്ങളിലും  അടിമത്തം രൂക്ഷമായപ്പോൾ ഭാരതത്തിൽ ഇത് ചാതുർവർണ്യത്തിന്റെ രൂപത്തിലായിരുന്നു നിലനിന്നത്.. വടക്കേ അമേരിക്കയിൽ  സമത്വവും സമാധാനവും നിലനിന്നിരുന്ന ആദിമനിവാസികളെ തകർത്തുകൊണ്ടാണ് കൊളംബസിന്റെ വരവോടെ അടിമത്തം രൂക്ഷമായത്.. പ്രാകൃതകമ്മ്യൂണിസം അടിമത്തത്തിലേക്ക് എന്നതുപോലെ അടിമത്തത്തിലെ വൈരുധ്യങ്ങൾ സമൂഹത്തെ ഫൂഡലിസത്തിലേക്കുനയിച്ചു.. ഫ്രാൻസിലും മറ്റും ഇത് ഭൂപ്രഭുക്കന്മാരുടെയും അവരെ പിന്തുണച്ച പുരോഹിതവർഗത്തിന്റെയും നേതൃത്വത്തിൽ അരങ്ങേറി.. ഇന്ത്യയിലും ഇത് നിലനിന്നിരുന്നു.. വർഷങ്ങളോളം കേരളം ജന്മിത്തമ്പുരാന്റെ ഫ്യൂഡൽവാഴ്ചയ്ക്ക് കീഴിൽ ആയിരുന്നല്ലോ.. ചരിത്രത്തിന്റെ വഴിത്തിരിവായ ഒരു ഘട്ടമായിരുന്നു ഫ്യൂഡലിസം.. 

ഇക്കാലത്തും സാങ്കേതികവിദ്യ വളരെയേറെ ശക്തി പ്രാപിച്ചു.. അടിമത്തം തകർന്നതോടെ മേലാളന്മാർ അവരുടെ  ഭൂമിയുടെ ഒരു ഭാഗം  അടിമകൾക്കും നൽകി.. (അല്ലെങ്കിൽ അടിമകൾ അവ പിടിച്ചെടുത്തു). കാലക്രമേണ ഭൂമിയുടെ കുത്തകാധിപത്യം സ്വന്തമാക്കിയ ഒരു വർഗം ഉയർന്നുവന്നു.. ഇവരായിരുന്നു ഭൂപ്രഭുക്കന്മാർ/ ജന്മികൾ.. ഉത്പാദനത്തിന് ഭൂമിയില്ലാത്തവരാകട്ടെ ഇവരുടെ ഭൂമിയിൽ പാട്ടത്തിന്  പണിയെടുത്തു. സമൂഹത്തിൽ പുതിയ രണ്ട് വർഗങ്ങൾ ഉയർന്നുവന്നു.. ഭൂപ്രഭുവും ബൂർഷ്വാസിയും...

ഉത്പാദനശക്തികളും ഉത്പാദകബന്ധങ്ങളും തമ്മിലെ വർധിച്ചുവരുന്ന വൈരുധ്യമാണല്ലോ ഓരോ സാമൂഹ്യവ്യവസ്ഥിതിയുടെയും നാശത്തിനും പുതിയതൊന്നിന്റെ ഉത്ഭവത്തിനും കാരണം.. എന്തായിരുന്നു ഫ്യൂഡൽ വ്യവസ്ഥിതിയിലെ ഉത്പാദനബന്ധം..? ഭൂപ്രഭുവും ബൂർഷ്വാസിയും തമ്മിലെ ബന്ധമായിരുന്നു അത്..  നമ്മുടെ നാട്ടിൽ നിലനിന്ന ഫ്യൂഡൽ-ജന്മിവാഴ്ച തന്നെയെടുക്കാം. ഭൂമി മുഴുവൻ കുത്തകയായി വെച്ചിരുന്ന ജന്മിക്കു കീഴിൽ കർഷകർ പാട്ടത്തിന്  പണിയെടുത്തു. കാരണം സ്വന്തമായി വിളകൾ ഉത്പാദിപ്പിക്കാൻ കർഷകർക്ക് ഭൂമിയില്ല എന്നത് തന്നെ..

യൂറോപ്പിൽ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു.. ഭൂമി മുഴുവൻ കൈവശപ്പെടുത്തിയ ഭൂപ്രഭുക്കന്മാരുടെ ഭൂമിയിൽ അവരുടെ അനുവാദത്തോടെ പാട്ടത്തിന് കൃഷി ചെയ്യാനോ വ്യവസായം തുടങ്ങാനോ മറ്റുള്ളവർ ആരംഭിച്ചു.. ഭൂമിയിൽ പണിയെടുക്കുകയോ തൊഴിലാളികളെക്കൊണ്ട് പണി എടുപ്പിക്കുകയോ ചെയ്ത് ഇവർ സമ്പന്നരായി.. വ്യവസായികളും കച്ചവടക്കാരും ഉൾപെടുന്ന ഈ ആധുനികവർഗം ബൂർഷ്വാസികൾ എന്നറിയപ്പെട്ടു.. എന്നാൽ ഭൂമി ബൂർഷ്‌വാസിയുടെ സ്വന്തമല്ല.. ഭൂമിയുടെ കുത്തകാവകാശം ഭൂപ്രഭുവിനാണെന്ന് മാത്രം.. 

കാലക്രമേണ ഉത്പാദകശക്തികൾ വികസിച്ചു. ചെറുകൈത്തൊഴിൽശാലകൾ വലിയ ഫാക്ടറികളായി മാറി. ശാസ്ത്രം ,സാങ്കേതികവിദ്യ, ഗതാഗതം തുടങ്ങിയ മേഖലകൾ വൻതോതിൽ വികാസം നേടി. എന്നാൽ ഭൂപ്രഭുക്കന്മാരുടെ ആധിപത്യം ഈ വികാസത്തിന് തടസമായി.. 

ഉത്പാദകശക്തികൾ വികസിക്കണമെങ്കിൽ ഭൂമിയും അസംസ്കൃതവസ്തുക്കളും ബൂർഷ്വാസിക്ക് തടസമില്ലാതെ ലഭിക്കണം.. അതിൽ അവർ ഉത്പാദനം നടത്തുകയും വേണം.. എന്നാൽ ഭൂപ്രഭു/നാടുവാഴിയുടെ സമ്മതമില്ലാതെ ഭൂമിയും മറ്റും ബൂർഷ്വാസിക്ക് ലഭിക്കുകയുമില്ല.. ഭൂപ്രഭുവും ബൂർഷ്വാസിയും തമ്മിലെ ഈ വർഗസമരം ഫ്യൂഡലിസത്തിന് ഭീഷണിയായി മാറി. 

ഭൂപ്രഭു vs ബൂർഷ്വാസി എന്ന ഈ ഉത്പാദനബന്ധം ഉത്പാദകശക്തികളുടെ വളർച്ചയ്ക്ക് തടസമായി.. ഇവ തമ്മിലെ വൈരുധ്യം പുതിയ വിപ്ലവങ്ങൾക്ക് കാരണമായി.. മുതലാളിത്തം സൃഷ്ടിക്കാനുള്ള  ബൂർഷ്വാസിയുടെ വിപ്ലവം..!!

അടിമത്തകാലഘട്ടം--Slavery

സഹകരണത്തിലധിഷ്ഠിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്കുള്ള വിപ്ലവം സമൂഹത്തെ കൂടുതൽ പുരോഗമനത്തിലേക്കു നയിച്ചിരുന്നു. കാരണം, ഉത്പാദനോപാധികൾ വമ്പിച്ച തോതിൽ വികസിക്കുകയും ശാസ്ത്രസാങ്കേതികവിദ്യ പുരോഗതി പ്രാപിക്കുകയും ചെയ്തു.. പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നു വ്യത്യസ്തമായി മിച്ചോത്പന്നങ്ങളും സ്വകാര്യസ്വത്തും രൂപംകൊണ്ടതോടെ മനുഷ്യൻ സമ്പത്തിനായി പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.. കഴിവുള്ളവർ ജയിക്കുകയും തോൽക്കുന്നവർ അടിമകളാകുകയും ചെയ്തു.. സമൂഹത്തിൽ അടിമകൾ(ഭൂരിപക്ഷം) ,ഉടമകൾ(ന്യൂനപക്ഷം) എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടായി..

 അടിമത്തം ആരംഭിക്കുന്ന സമയത്ത് ഈ വേർതിരിവ് അത്ര പ്രകടമായിരുന്നില്ല.. ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ തോൽക്കുന്നവർ അടിമകളായി മാറി.. പിന്നീട് ഉടമവർഗത്തിൽ പെടുന്നവർ തന്നെ പരസ്പരം ആക്രമിച്ചും വെട്ടിപ്പിടിച്ചും മുന്നോട്ടുനീങ്ങി. ഇവരിലും തോൽക്കുന്നവർ  അടിമകളായി മാറി.. അധിനിവേശങ്ങളിലൂടെ അടിമകളുടെ എണ്ണം വർധിച്ചു.. ഉടമകൾ ചുരുങ്ങുകയും  അടിമകൾ മഹാഭൂരിപക്ഷം ആവുകയും ചെയ്തു..

അടിമകളെ സൃഷ്ടിക്കേണ്ടതും അവരുടെ എണ്ണം വർധിപ്പിക്കേണ്ടതും ഉടമവർഗത്തിന്റെ ആവശ്യമായിരുന്നു. എന്നാലേ അവർക്ക് സുഭിക്ഷമായി ജീവിക്കാനുള്ളതെല്ലാം അടിമകൾ അധ്വാനിച്ച് ഉണ്ടാക്കിത്തരുമായിരുന്നുള്ളൂ.. കൃഷിയും മറ്റ് തൊഴിലുകളും വളർന്നത് അടിമകളുടെ ആവശ്യകതയും വർധിപ്പിച്ചു.. കൂടുതൽ അധിനിവേശങ്ങൾ നടക്കുകയും കൂടുതൽ പേരെ ഉടമകൾ 
കീഴ് പ്പെടുത്തുകയും ചെയ്തു.. അടിമവർഗവും ഉടമവർഗവും തമ്മിലെ വർഗസമരം വർധിച്ചുവന്നു..

ഉടമകൾ അധ്വാനിക്കാതെ സുഖമായി ജീവിച്ചു. അവർ അടിമകളെയും വിൽക്കുകയും വാങ്ങുകയും പണിയെടുപ്പിക്കുകയും വേണ്ടിവന്നാൽ കൊല്ലുകയും ചെയ്തു..  
പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നു വ്യത്‌യസ്തമായി ഭരണകൂടം എന്ന ആശയം ഉണ്ടായത് അടിമത്തസമൂഹത്തിലാണ്. ഉടമകളുടെ ആധിപത്യം ഉറപ്പിക്കാനും അടിമത്തത്തെ സംരക്ഷിച്ചുകൊണ്ട് എതിർശബ്ദങ്ങളെ അടിച്ചമർത്താനും ഭരണകൂടം ഉടമകളെ സഹായിച്ചു.. രാജാവ്, പട്ടാളം, മന്ത്രി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായി. 

ചുരുക്കത്തിൽ എന്താണ് സംഭവിച്ചത്..? അടിമത്തത്തിൽ 
അടിമ--ഉടമ എന്ന ഉത്പാദനബന്ധം ആയിരക്കണക്കിനു വർഷം അങ്ങനെ നിലനിന്നപ്പോൾ തന്നെ ഉത്പാദനശക്തികൾ ക്രമാതീതമായി വളർന്നുവികസിക്കുകയും  വളരുന്ന ഉത്പാദനശക്തികളും മാറ്റമില്ലാതെ തുടരുന്ന ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം അടിമത്തം എന്ന സിസ്റ്റത്തിനു തന്നെ ഭീഷണിയാവുകയും ചെയ്തു..

അടിമത്തത്തിലെ വൈരുധ്യാത്മകത..

അടിമത്തസമൂഹത്തിൽ അടിമകൾക്കും ഉടമകൾക്കും പുറമേ ചിലർ കൈവേലക്കാരായും ധനികരായും ദരിദ്രരായും പുരോഹിതരായും ഭരണാധികാരികളായും ഒക്കെ മാറി.. ഇങ്ങനെ പല വർഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അടിമകളുടെ എണ്ണം വർധിക്കുകയും ഉടമകളും അടിമകളും തമ്മിലെ വൈരുധ്യവും വർഗസമരവും വർധിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ മറ്റെല്ലാ വർഗങ്ങളും അപ്രസക്തമായി.. ചരിത്രം ഈ രണ്ട് വിഭാഗങ്ങൾ തമ്മിലെ വർഗസമരമായി മാറി..

ഉടമകൾക്ക് ശാരീരികാധ്വാനം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ.. അതിനാൽ അവർക്ക് ധാരാളം ഒഴിവുസമയം കിട്ടുകയും  ശാസ്ത്രവും കലയും സർഗാത്മകതയും ഒക്കെ അതിവേഗത്തിൽ വികസിക്കുകയും ചെയ്തു. പുരാതനഗ്രീസിൽ  അരിസ്റ്റോട്ടിലും പ്ലേറ്റോയും തുടങ്ങിയ പ്രഗത്ഭർ ജന്മം കൊണ്ടെങ്കിൽ ഇവിടെ സുശ്രുതനും കണാദനും ആര്യഭടനും ഒക്കെ ആയിരുന്നു അക്കാലത്തെ ബഹുമുഖപ്രതിഭകൾ.  അടിമത്തകാലത്ത്  കലയും സംസ്കാരവും വളർന്നു.. അടിമകളെ കൊണ്ട് പണിയെടുപ്പിക്കുന്നതിനാൽ മറ്റുള്ളവർക്ക് ജീവിതം ഒഴിവുസമയം നിറഞ്ഞതും സുഖകരവുമായി മാറി.. അവർ ധാരാളം അന്വേഷണങ്ങൾ നടത്തി. ഇതാണ് ഈ ശാസ്ത്ര -സാംസ്കാരിക പുരോഗതിക്കും കാരണം.. ഉത്പാദനശക്തികളും വേഗത്തിൽ വികാസം നേടി.. അടിമത്തം എന്ന സിസ്റ്റം അതിന് സഹായിച്ചു. 

എന്നാൽ അടിമയും ഉടമയും തമ്മിലെ മനുഷ്യത്വത്തിനു നിരക്കാത്ത ഉത്പാദനബന്ധം ഉത്പാദനശക്തികളുടെ വളർച്ചയ്ക്ക് തടസമുണ്ടാക്കി..
ശാസ്ത്രസാങ്കേതികവിദ്യ വളർന്നിട്ടും ഉത്പാദനത്തിന് ഉടമകൾ അടിമകളെ തന്നെ ഉപയോഗിച്ചു.. മൃഗീയമായി ജോലി ചെയ്യാൻ അടിമകൾ ധാരാളം ഉള്ളതിനാൽ ഉത്പാദനശക്തികളുടെ വികാസം തന്നെ അനാവശ്യമായി മാറി.. അവയുടെ വളർച്ച മുരടിച്ചു. വികാസം പ്രാപിച്ച ഉത്പാദനശക്തികളെ ഉപയോഗിച്ചാലോ അടിമകളുടെ ആവശ്യകത വലിയ തോതിൽ കുറയുകയും ചെയ്യും.. അടിമത്തത്തിലും വിള്ളൽ വീഴും. ഇതായിരുന്നു ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം..

 ഇത് പരിധികൾ കടന്നു.. അടിമകളെ മാത്രം ആശ്രയിച്ചുള്ള ഉത്പാദനം അവരുടെ ദുരിതം വർധിപ്പിച്ചു.. അവർ അസംതൃപ്തരായി.. സംഘടിച്ചു.. ലഹളകൾ നടത്തി.. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും ഒടുവിൽ അവർ വിജയിച്ചു.. വിപ്ലവം സാധ്യമായി.. അടിമകൾ സ്വതന്ത്രരായി.. വൈരുധ്യങ്ങൾ തമ്മിലെ സംഘട്ടനം വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു..!! അല്ലെങ്കിൽ ഉത്പാദകശക്തികളിലെ അളവിലെ മാറ്റം ഉത്പാദനബന്ധങ്ങളുടെ ഗുണത്തിലെ മാറ്റമായി മാറി.. (വൈരുധ്യാത്മകഭൗതികവാദം നോക്കുക). അടിമത്തം തകരുകയും തികച്ചും വ്യത്യസ്ഥമായ ഫ്യൂഡലിസം (നാടുവാഴിത്തം) എന്ന പുതിയൊരു സിസ്റ്റം രൂപം കൊള്ളുകയും ചെയ്തു..

പ്രാകൃതകമ്മ്യൂണിസം..

മനുഷ്യൻ സാംസ്കാരികജീവിതം ആരംഭിക്കും മുൻപേ നിലനിന്നിരുന്ന പ്രാകൃതസമൂഹമാണ് പ്രാകൃതകമ്മ്യൂണിസം അഥവാ Primitive Communism.. വളരെ അപരിഷ്കൃതമായ സമൂഹം.. മനുഷ്യൻ പ്രകൃതിക്കുമുന്നിൽ പൂർണമായും കീഴടങ്ങിയ അവസ്ഥ. ഭക്ഷണവും മറ്റും ഉത്പാദിപ്പിക്കുന്നതിനു പകരം പ്രകൃതിയിൽ നിന്നും നേരിട്ട് ഉപഭോഗം ചെയ്ത് ജീവിച്ചിരുന്ന കാലഘട്ടം. അതുകൊണ്ടുതന്നെ എല്ലാവർക്കും അവരവർക്ക് ആവശ്യമുള്ളതുമാത്രം ഉപയോഗിച്ചുപോന്നു.. അടിസ്ഥാനവിഭവങ്ങൾക്കുമേൽ സമൂഹത്തിന്റെ കൂട്ടായ അവകാശം(Collective Ownership) ഉണ്ടായിരുന്നു. സ്വകാര്യസ്വത്ത്, ദരിദ്രൻ..സമ്പന്നൻ എന്ന രീതിയിലുള്ള അസമത്വങ്ങൾ, സമ്പന്നനാകാനുള്ള മത്സരവും ലാഭവും സ്വാർത്ഥതയും, മർദ്ദകസ്വഭാവമുള്ള ഭരണകൂടം( അതായത് ജനങ്ങളെ അടക്കിഭരിക്കുന്ന ഗവൺമെന്റ് ) എന്നിവയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.

 ഇന്ന് ഒരു കർഷകനോ തൊഴിലാളിയോ അധ്വാനിച്ചാൽ അയാൾക്കാവശ്യമുള്ളതിനേക്കാൾ കൂടുതൽ വിഭവങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ പ്രാകൃതകമ്മ്യൂണിസത്തിൽ അത് അസാധ്യമായിരുന്നു.. അധ്വാനത്തിലൂടെ മിച്ചം ഉത്പാദിപ്പിക്കുക വളരെ വിരളമായിരുന്നു. ഓരോരുത്തരും അവരുടെ കഴിവിനൊത്ത് ഭക്ഷണം ശേഖരിച്ചു.

 സമൂഹത്തിൽ ഒരു സഹകരണമനോഭാവമാണ് മത്സരമായിരുന്നില്ല ഉണ്ടായിരുന്നത്.. അതിനാൽ കിട്ടുന്ന വിഭവങ്ങൾ എല്ലാവരും അവരവരുടെ ആവശ്യത്തിനൊത്ത്  പങ്കിട്ടു.. ആരും സമ്പത്ത് കൈയടക്കിവെച്ച് കേമത്തം കാട്ടിയില്ല.. അങ്ങനെ കൈയടക്കിവെക്കാനുള്ള മിച്ചോത്പാദനം അപ്പോൾ ഇല്ലായിരുന്നു എന്നതാണ് കാരണം.

 എല്ലാവരും സമത്വത്തോടെയും സഹകരണത്തോടെയും ജീവിച്ചു. പാർപ്പിടം ,ആയുധങ്ങൾ, തുടങ്ങിയ സാധനങ്ങളൊക്കെ സാമൂഹ്യഉടമസ്ഥതയിലായിരുന്നു.. ഇതൊന്നും സ്ഥിരമായി ആരും സ്വകാര്യസ്വത്തായി വെച്ചില്ല. വളരെ പ്രാകൃതവും അതേസമയം സമത്വപൂർണവുമായ ആദിമസമൂഹമായിരുന്നു പ്രാകൃതകമ്മ്യൂണിസം..

വിപ്ലവത്തിലൂടെ ആദ്യത്തെ വർഗസമൂഹം..

മാർക്സിയൻ ചരിത്രപരമായ ഭൗതികവാദമനുസരിച്ച് ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുധ്യമാണല്ലോ വിപ്ലവങ്ങൾ സൃഷ്ടിക്കുന്നതും പുതിയ സാമൂഹ്യവ്യവസ്ഥകൾ രൂപീകരിക്കുന്നതും.. പ്രാകൃതകമ്മ്യൂണിസ്റ്റ് സമൂഹം പരിഗണിക്കുക.. എന്തായിരുന്നു ആദ്യകാലത്തെ ഉത്പാദകശക്തികളും ഉത്പാദകബന്ധങ്ങളും?

ഉത്പാദകബന്ധം- സഹകരണം..
ഉത്പാദകശക്തി- ആവശ്യത്തിനു മാത്രം ശേഖരിക്കുന്ന ഭക്ഷണവും മറ്റും..

എന്നാൽ പ്രാകൃതകമ്മ്യൂണിസത്തിലൂടേ കാലം മുന്നോട്ടുനീങ്ങിയപ്പോൾ രണ്ടാമതുപറഞ്ഞ ഉത്പാദകശക്തികൾ ഒരുപാട് വികസിച്ചു.. വെറും പെറുക്കിത്തീനികളായി ജീവിച്ച മനുഷ്യൻ കൃഷി കണ്ടുപിടിച്ചു. ഉപകരണങ്ങൾ വികസിപ്പിച്ചു. ഒടുവിൽ ഒരാൾ അധ്വാനിച്ചാൽ തന്നെ അയാൾക്കാവശ്യമുള്ളതിൽ കൂടുതൽ സാധനങ്ങൾ നിർമിക്കാനുള്ള ശേഷി മനുഷ്യനുണ്ടായി.. ഉത്പാദനം ഗണ്യമായി വർധിച്ചു.. മിച്ചം വന്ന സാധനങ്ങൾ മനുഷ്യൻ കൈമാറ്റം ചെയ്യാനും തുടങ്ങി. പല തരത്തിലുള്ള തൊഴിലുകൾ ഉണ്ടായി. അവനവനാവശ്യമുള്ള ഭക്ഷണം മാത്രം ശേഖരിച്ച അവസ്ഥയിൽ നിന്നും അവനവനാവശ്യമുള്ളതിനേക്കാൾ സാധനങ്ങൾ സ്വയം ഉണ്ടാക്കി പരസ്പരം കൈമാറുന്ന അവസ്ഥയിൽ മനുഷ്യനെത്തി. ഇതാണ് ഉത്പാദകശക്തികളിലുണ്ടായ വികാസം. 

എന്നാൽ ഉത്പാദനബന്ധമോ..? അത് മനുഷ്യർ തമ്മിലെ സഹകരണവും.. ഉത്പാദകശക്തികൾ എത്രയൊക്കെ വികസിച്ചിട്ടും ഉത്പാദനബന്ധം നീണ്ടകാലം സഹകരണമായി തന്നെ തുടർന്നു.. വൈരുധ്യാത്മകഭൗതികവാദത്തിൽ ആന്റിതീസിസ് വളർന്നുകൊണ്ടിരുന്നാലും തീസിസ്  സ്ഥിരമായി തന്നെ നിൽക്കുമല്ലോ.. ഒടുവിൽ രണ്ടും പരസ്പരം സംഘടിച്ച് സിസ്റ്റത്തെ ഇല്ലാതാക്കി പുതിയതൊന്ന്( സിൻതസീസ്) നിർമിക്കും. അതുപോലെ വളർന്നുവന്ന ഉത്പാദകശക്തികൾക്ക് മാറ്റമില്ലാതെ തുടർന്ന ഉത്പാദകബന്ധങ്ങൾ ഒരു തടസമായി മാറി.. 

ഒരു മനുഷ്യന്റെ അധ്വാനം ഒരുപാട് പേർക്ക് തിന്നാനുള്ള വകനൽകുമെന്ന് അവർ മനസിലാക്കിയതോടെ അധ്വാനത്തെ തന്നെ കീഴടക്കാനുള്ള ശ്രമം തുടങ്ങി.. മനുഷ്യൻ മനുഷ്യനെ ആക്രമിച്ച് അടിമയാക്കി.. ഗോത്രങ്ങൾ ഗോത്രങ്ങളെ ആക്രമിച്ച് അടിമകളാക്കി.. അടിമകളുടെ അധ്വാനം ഉപയോഗിച്ച് ഉടമകൾ തിന്നു കൊഴുത്തു..

 ഉത്പാദകശക്തികളുടെ വികാസവും സമ്പത്തും മനുഷ്യനെഅതിനുവേണ്ടി തമ്മിൽ തല്ലിച്ചു. സഹകരണം എന്ന ഉത്പാദകബന്ധം അടിമത്തം എന്ന വ്യത്യസ്തമായ മറ്റൊരു ഉത്പാദകബന്ധത്തിലേക്കു നയിച്ചു.. ഉത്പാദകശക്തികളിലെ അളവിലെ മാറ്റം ഉത്പാദകബന്ധങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു (Dialectical Materialism)..

 ഇതായിരുന്നു ചരിത്രം കണ്ട ആദ്യ വിപ്ലവം.. സമൂഹവും സാമ്പത്തികവും രാഷ്ട്രീയവുമെല്ലാം  (Society ,Economics, Politics) മാറിമറിഞ്ഞ വിപ്ലവം..

ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും..

മാർക്സിസത്തിന്റെ അതിപ്രാധാന്യമായ സിദ്ധാന്തമായ ചരിത്രപരമായ ഭൗതികവാദത്തിലേക്ക് കടക്കുന്ന ഏതൊരാളും തീർച്ചയായും മനസിലാക്കേണ്ട രണ്ട് പദങ്ങൾ..അവയാണ് ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും..

മനുഷ്യൻ ഉത്പാദനം നടത്തി സമ്പത്ത് നേടാനുപയോഗിക്കുന്ന ഏതൊരു വസ്തുവിനെയും ഉത്പാദനോപാധി എന്നുപറയാം.. ഉദാഃ ഭൂമി വാടകയ്ക്ക് നൽകി കാശ് സമ്പാദിക്കുക, സാധനങ്ങൾ മറിച്ചുവിൽക്കുക, ഫാക്ടറിയിൽ ഉത്പാദനം നടത്തുക etc. ഇവിടെ ഭൂമി, കച്ചവടസാധനങ്ങൾ, ഫാക്ടറി,അസംസ്കൃതവസ്തുക്കൾ, സാങ്കേതികവിദ്യ എന്നിവയെല്ലാം ഉത്പാദനശക്തികളാണ്. ഇവ നമുക്ക് കൂടുതൽ സമ്പത്ത് (surplus) നൽകുന്നു. ഓർക്കുക..നമ്മുടെ വീടും നാം ഉപയോഗിക്കുന്ന സാധനങ്ങളുമൊന്നും ഉത്പാദനശക്തികളല്ല.. ഉപഭോഗവസ്തുക്കളാണ്.. അവയിൽ നിന്നും നമുക്ക് സമ്പത്ത് കിട്ടില്ല..

ഏതൊരു സമൂഹത്തിലും ഉത്പാദനം നടക്കാൻ കാരണമായ മനുഷ്യർ തമ്മിലെ ബന്ധത്തെ ഉത്പാദനബന്ധം എന്നു പറയുന്നു.. ഉദാഃ ഈജിപ്തിലെ പിരമിഡ് നിർമിക്കാൻ സഹായകമായ ഉത്പാദനബന്ധം അടിമ-ഉടമ ബന്ധമായിരുന്നു.. ജന്മിയുടെ ഭൂമിയിൽ കുടിയാൻ കൃഷി ചെയ്യുന്നത് ഭൂപ്രഭു- കർഷകബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.. ഇതാണ് ഫ്യൂഡലിസം.. നാം ജീവിക്കുന്ന സമൂഹത്തിലെ ഉത്പാദനത്തിന് കാരണമായ ബന്ധം മുതലാളി- തൊഴിലാളിബന്ധമാണ്. ഈ ബന്ധം ഇല്ലെങ്കിൽ ഉത്പാദനവും നടക്കില്ല. സമൂഹം പുരോഗമിക്കുകയുമില്ല..

ചരിത്രത്തിന്റെ വൈരുധ്യാത്മകത.. (Dialectics of History)

മനുഷ്യർ വർഗങ്ങളായി തിരിയാതെ സഹകരണത്തോടെ ജീവിച്ച അപരിഷ്കൃതമായ  പ്രാകൃതകമ്മ്യൂണിസ്റ്റ് സമൂഹം, അതിനുശേഷം അടിമയും ഉടമയും തമ്മിലെ വർഗസമരം നടന്ന അടിമത്തവ്യവസ്ഥ, അതുകഴിഞ്ഞാൽ ഭൂപ്രഭുക്കന്മാരുടെ കീഴിൽ കർഷകരും മറ്റും ചവിട്ടിമെതിക്കപ്പെട്ട ഫ്യൂഡലിസം, തുടർന്ന് മുതലാളിയും തൊഴിലാളിവർഗവുമായി സമൂഹം വിഭജിക്കപ്പെട്ട ഇന്നത്തെ മുതലാളിത്തം ഇവയാണ് മനുഷ്യന്റെ ചരിത്രഘട്ടങ്ങൾ.. പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും തുടങ്ങി മുതലാളിത്തത്തിന്റെ മത്സരവും ചൂഷണവും നിറഞ്ഞ ലോകത്ത് നാം എത്തിനിൽക്കുന്നു.. ഇനിയെന്ത് എന്ന ചോദ്യത്തിന് മാർക്സിസം അടിവരയിട്ടു പറയുന്ന രണ്ട് സാമൂഹ്യവ്യവസ്ഥിതികളാണ് സോഷ്യലിസവും കമ്മ്യൂണിസവും( പിന്നീട് വ്യക്തമാക്കാം)..

മനുഷ്യസമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മാറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും കാരണമാകുന്നത്..? ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം... അതാണുത്തരം.. 

വൈരുധ്യങ്ങൾ വളർച്ച പ്‌രാപിച്ചും സംഘട്ടനം നടത്തിയുമാണ് മാറ്റം ഉണ്ടാവുക.. എന്താണ് ചരിത്രത്തിലെ മാറ്റങ്ങൾക്കുപിന്നിലെ മെക്കാനിസം..? അതിതാണ്.. ഉത്പാദനശക്തികൾ കാലം കഴിയുന്നതനുസരിച്ച് തുടർച്ചയായി മാറിക്കൊണ്ടേയിരിക്കുന്നു.അവ അനുദിനം വളർച്ച പ്രാപിക്കുന്നു.. എന്നാൽ അപ്പോഴും ഉത്പാദനബന്ധങ്ങൾ മാറ്റമില്ലാതെ  അങ്ങനെ തന്നെ നിലനിൽക്കുന്നു.. മാറിക്കൊണ്ടിരിക്കുന്ന ഉത്പാദനശക്തികളും മാറാത്ത ഉത്പാദനബന്ധങ്ങളും തമ്മിൽ വലിയ വൈരുധ്യങ്ങൾ ഉണ്ടാകുകയും സമൂഹം വലിയ വിപ്ലവങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു.
ഉത്പാദകശക്തികൾ വലിയ പുരോഗതികൾ     കൈവരിക്കുമ്പോഴും ഉത്പാദനബന്ധം മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ചരിത്രത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കിയെന്ന് തുടർന്ന് വിശദീകരിക്കാം..

വൈരുധ്യാത്മകഭൗതികവാദം അനുസരിച്ച് ഇവിടെ ഉത്പാദകശക്തികൾ ആന്റിതീസിസും ഉത്പാദനബന്ധങ്ങൾ തീസിസും ആണെന്ന് മനസിലാക്കുക.. 
http://returntomarx.blogspot.com/2018/09/blog-post_47.html

ചിത്രം കാണുക.. മൂലധനവുംഭൂമിയും  മറ്റും ചേരുന്ന ഉത്പാദകശക്തികളുടെ വളർച്ച സാമ്പത്തികമായ പുരോഗമനത്തിലേക്കു നയിക്കുന്നു.. എന്നാൽ ഈ വളർച്ചയിലും മാറ്റമില്ലാതെ തുടരുന്ന ഉത്പാദകബന്ധങ്ങൾ ഈ ഉത്പാദകശക്തികളുമായി വൈരുധ്യാത്മകമായി പ്രവർത്തിക്കുന്നു.. ഇത് സാമൂഹ്യവ്യവസ്ഥയെ തന്നെ മാറ്റുകയും വിപ്ലവങ്ങൾ നടക്കുകയും ചെയ്യുന്നു..

ചരിത്രപരമായ ഭൗതികവാദം..(Historical Materialism)

വൈരുധ്യാത്മകഭൗതികവാദത്തിന്റെ ചരിത്രപരമായ ആവിഷ്കാരമാണ് ചരിത്രപരമായ ഭൗതികവാദം. മനുഷ്യന്റെ ചരിത്രഗതിയിലും വൈരുധ്യാത്മകനിയമങ്ങൾ ആവിഷ്കരിക്കുകയാണ് മാർക്സ് ചെയ്യുന്നത്.. ഇതിന്റെ മൂന്ന് പോയിന്റുകൾ..

1. മനുഷ്യചരിത്രം ഇന്നുവരെയും കടന്നുപോയിട്ടുള്ളത് വർഗസമരങ്ങളിലൂടെ മാത്രമാണ്.. ഓരോ ചരിത്രഘട്ടത്തിലും സമൂഹത്തിൽ വ്യക്തമായി രൂപം കൊള്ളുന്ന രണ്ട് വർഗങ്ങളുടെ ഭൗതികമായ ചേരിതിരിവാണ് വർഗസമരം എന്നത്..
ഉദാഃ മുതലാളിയും തൊഴിലാളിയും തമ്മിലെ വർഗസമരം.

2. ഓരോ സാമൂഹ്യവ്യവസ്ഥിതിയിലും അനേകം വൈരുധ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വികസിച്ച് പരിധി കടക്കുകയും വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെ സാമൂഹ്യവ്യവസ്ഥയിലും ചരിത്രത്തിലും തന്നെ ധാരാളം മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു.

3. ഓരോ സാമൂഹ്യവ്യവസ്ഥയിലെയും വൈരുധ്യങ്ങൾ അവയുടെ നാശത്തിലേക്ക് നയിക്കുമ്പോൾ തന്നെ പുതിയൊരു സിസ്റ്റം അതിന്റെ ഗർഭത്തിൽ രൂപം കൊള്ളും..ഇത് പുതിയ സാമൂഹ്യവ്യവസ്ഥയായി മാറുകയും അതിൽ തന്നെ പുതിയ വൈരുധ്യങ്ങൾ രൂപപ്പെടുകയും ചെയ്യും..

...ചരിത്രപരമായ ഭൗതികവാദം...

1. മനുഷ്യന്റെ സാംസ്കാരികഘട്ടം ആരംഭിക്കുന്നതിനു മുൻപ് അവൻ ജീവിച്ചിരുന്നത് കാടുകളിലും മറ്റും ഗോത്രസമൂഹങ്ങളായാണ് (ശിലായുഗം). ഒട്ടും പരിഷ്കൃതമല്ലാത്ത, പ്രാകൃതമായ ആ സാമൂഹ്യവ്യവസ്ഥയിൽ  ഉത്പാദനവും ചൂഷണവും ഇല്ലായിരുന്നു. ഉള്ളവനും ഇല്ലാത്തവനുമെന്ന അസമത്വവും ഇല്ലായിരുന്നു.സമത്വവും സഹകരണവുമുള്ള ആ പ്രാചീനകാലഘട്ടത്തെ പ്രാകൃതകമ്മ്യൂണിസം( Primitive communism) എന്നു വിളിക്കാം..

2.പ്രാകൃതകമ്മ്യൂണിസത്തിലെ വൈരുധ്യങ്ങൾ അതിനെ നശിപ്പിക്കുകയും സമൂഹം വികസിച്ച് അടിമത്തവ്യവസ്ഥിതി രൂപംകൊള്ളുകയും ചെയ്തു. സമൂഹത്തിൽ  അടിമയും ഉടമയും എന്നീ രണ്ട് വർഗങ്ങൾ ഉണ്ടായി. 

3.അടിമയും ഉടമയും തമ്മിലെ വർഗസമരം മൂർഛിച്ചു. സമൂഹത്തിലെ പുതിയ വൈരുധ്യങ്ങൾ അടിമത്തവ്യവസ്ഥയെ നശിപ്പിച്ച് ഫ്യൂഡലിസം അഥവാ നാടുവാഴിത്തം എന്ന പുതിയ വ്യവസ്ഥിതിക്ക് ജന്മം നൽകി. സമൂഹത്തിൽ ഭൂപ്രഭു, കർഷകൻ എന്നിങ്ങനെ പുതിയ രണ്ട് വർഗങ്ങൾ ഉണ്ടായി. ഇവർതമ്മിലും വർഗസമരം വർധിച്ചു.

4. സാമൂഹ്യവൈരുധ്യങ്ങളുടെ സംഘട്ടനം നാടുവാഴിത്തത്തെ അവസാനിപ്പിച്ച് മുതലാളിത്തവ്യവസ്ഥയ്ക്കു ജന്മം നൽകി.. മുതലാളിത്തത്തിലോ..? സമൂഹത്തിൽ ബൂർഷ്വാസി , തൊഴിലാളി എന്നീ രണ്ട് വർഗങ്ങൾ ഉത്ഭവിച്ചു. ഇവർ തമ്മിലെ വർഗസമരം വർധിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഇന്നു നാം ജീവിക്കുന്നതും ഈ കാലഘട്ടത്തിലാണ്.

 മുതലാളിത്തം തകർന്നാൽ പിന്നെയെന്ത്..? അതിന് മാർക്സിസം നൽകുന്ന ഉത്തരങ്ങളാണ് സോഷ്യലിസവും കമ്മ്യൂണിസവും..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...