ജനിച്ച നാൾ മുതൽ സമൂഹം പകർന്നുതന്ന അന്ധതയിൽ അഭിരമിക്കുന്ന ഒരു വലിയ ജനതയോട് തലമുറകളോളം അവർ പവിത്രമായി ആഹരിച്ച ഇലാമപ്പഴമാണ് അവരുടെ അന്ധതയ്ക്ക് കാരണമെന്ന് വിളിച്ചുപറഞ്ഞ രഘുരാമനെ മലയാളികൾ അറിയും- ഗുരു എന്ന ചലച്ചിത്രത്തിലൂടെ. വ്യവസ്ഥാപിതമായ സാമൂഹിക-സമ്മർദ്ദം മനുഷ്യന്റെ ചിന്തകളിൽ നിറയ്ക്കുന്ന മതാചാരങ്ങളുടെയും പൗരോഹിത്യ- പ്രമാണങ്ങളുടെയും വിഷം എത്രമേൽ മാരകമാണെന്നും, അവയ്ക്കപ്പുറം നാം ഉപയോഗശൂന്യമെന്ന് ആരോപിച്ച് ഉപേക്ഷിക്കുന്ന സമഭാവനയുടെയും മാനവികതയുടെയും ശാസ്ത്രബോധത്തിന്റെയും വിത്തുകൾ കാട്ടിത്തരുന്ന നവയുഗത്തിന്റെ വെളിച്ചം എന്താണെന്നും പ്രതീകാത്മകമായി വരച്ചുകാട്ടുന്ന ഒരു സിനിമയാണത്. എന്തുകൊണ്ടാണ് സമൂഹം യുക്തിക്കും മാനുഷികതയ്ക്കും നിരക്കാത്ത പഴഞ്ചൻ- മൂല്യങ്ങളെ വീണ്ടുവിചാരങ്ങൾക്കുപോലും മുതിരാതെ 'വിശ്വാസം' എന്ന ലേബൽ ചാർത്തി അന്ധമായി പിന്തുടരുന്നത്..? അവയെ എതിർക്കാനും സ്വതന്ത്രമായി ചിന്തിക്കാനും മാറ്റത്തിനായി ശബ്‌ദിക്കാനും ധൈര്യം കാട്ടുന്നവർ ഭൂരിപക്ഷത്തിന്റെ തെറി-മന്ത്രങ്ങൾക്കുനടുവിൽ ഒറ്റപ്പെട്ടുപോവുന്നത് എന്തുകൊണ്ടാവാം..?
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. മാർക്സിന്റെ വാചകം കടമെടുത്തുപറഞ്ഞാൽ സമൂഹം എന്നത് ഏതാനും മനുഷ്യരുടെ കൂട്ടമല്ല, മറിച്ച് അവർക്കിടയിലെ സാമൂഹ്യബന്ധങ്ങൾ കൂടി ചേർന്നതാണെന്ന് അർഥം. മനുഷ്യർക്കിടയിൽ അവർ പുലർത്തുന്ന ,അതിലൂടെ സമൂഹത്തിന്റെ അസ്തിത്വത്തെ തന്നെ നിർണയിക്കുന്ന സാമൂഹ്യബന്ധങ്ങളില്ലാതെ മനുഷ്യന് മനുഷ്യനായി ജീവിക്കാൻ കഴിയില്ലെന്ന് തന്നെ നിരീക്ഷിക്കാം. ഒരാൾ എത്രമാത്രം ഏകാന്തപഥികനാണെന്ന് കരുതിയാലും അയാൾ അറിഞ്ഞും അറിയാതെയും ,പ്രത്യക്ഷമായും പരോക്ഷമായും ഒരു വലിയ ജനസമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. സാമ്പത്തികമായ വിനിമയങ്ങൾ മാത്രമല്ല, ബൗദ്ധികമായ വിനിമയങ്ങൾക്കും നാം വിധേയരായിക്കൊണ്ടിരിക്കും.
നമുക്ക് ചുറ്റുമുള്ള സാമൂഹ്യബന്ധങ്ങൾ നമ്മിൽ സൃഷ്ടിക്കുന്ന ഒരു പൊതുബോധം (Collective consciousness ) ഉണ്ട്. ഈ പൊതുബോധത്തെ തീരുമാനിക്കുന്ന ഒട്ടേറെ ഘടകങ്ങളും സമൂഹത്തിൽ തന്നെ ജന്മം കൊണ്ടിട്ടുണ്ടാകും. മതവും ആചാരാനുഷ്ടാനങ്ങളും മാധ്യമങ്ങളും(സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ) കലാസാംസ്കാരികരംഗവും രാഷ്ട്രീയപ്രസ്ഥാനങ്ങളും നമ്മുടെ കുടുംബവ്യവസ്ഥിതി പോലും ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ഇത്തരം ഘടകങ്ങളുമായി ദിനംപ്രതി സംവദിക്കുകവഴി അവ സൃഷ്ടിക്കുന്ന സാമൂഹ്യപൊതുബോധത്തിന്റെ അടിമകളായി നമ്മളും മാറുന്നു. മതങ്ങൾക്ക് ഇതിൽ വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസവും തിരിച്ചറിവും നേടിയശേഷമാണ് നമ്മൾ മതം തെരഞ്ഞെടുക്കുന്നത് എങ്കിൽ ഈ ലോകത്ത് മതങ്ങൾ എന്നൊന്ന് അസംഭവ്യമായേനെ. എന്നാൽ കുഞ്ഞുനാൾ മുതലേ നമ്മുടെ മാതാപിതാക്കൾ മതത്തെ നമ്മിൽ സന്നിവേശിപ്പിക്കുകയാണ് ചെയ്യാറ്. ബന്ധുക്കളും സമൂഹവും അതിനെ പ്രോത്സാഹിപ്പിക്കുന്നു. കൈകൂപ്പി തൊഴാനും നിസ്കരിക്കാനും കുരിശുവരയ്ക്കാനും കുഞ്ഞുങ്ങൾ പരിശീലിപ്പിക്കപ്പെടുന്നു. ഭക്തിയെന്നത് നല്ല സ്വഭാവഗുണത്തിന്റെ അടയാളമായി അവതരിക്കുന്നു. വീടിനു പുറത്തും നമ്മൾ കാണുന്നത് ഉത്സവങ്ങളുടെയും ഭക്തിനിർഭരതയുടെയും കൺകെട്ടുവിദ്യകളുടെയും ലോകമാണ്.
മതമൂല്യങ്ങൾ മാത്രമല്ല, നമ്മുടെ സൗന്ദര്യബോധം, ധാർമികബോധം, സാമൂഹ്യവീക്ഷണങ്ങൾ തുടങ്ങിയവയെല്ലാം നാം ആർജിക്കുന്നത് കുടുംബത്തിൽ നിന്നും കുടുംബങ്ങൾ ചേർന്ന സമൂഹത്തിൽ നിന്നുമാണ്. സിനിമകളിലും കഥകളിലും പുരുഷകേസരികളെ കണ്ടുമതിമറന്ന നമ്മൾ ശക്തിയുടെയും വീരഭാവത്തിന്റെയും പ്രതീകമായി പുരുഷനെ സ്ഥാപിക്കുന്നു. അടുപ്പിലെ പുക ശ്വസിച്ച് കഷ്ടപ്പെടുന്ന അമ്മയുടെ സഹനവും വിധേയത്വവും മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെ തന്നെയും അലങ്കാരമായി നമ്മുടെ മനസുകൾ സ്വീകരിക്കും. വെളുത്ത തൊലിയാണ് സൗന്ദര്യമെന്നും മദ്യപാനവും പുകവലിയും ഊർജസ്വലമായ യുവത്വത്തിന്റെ സവിശേഷതയാണെന്നും നാം മനസിലാക്കും. ആചാരങ്ങളെ അമൃതായി കരുതണമെന്നും അവ മാറ്റങ്ങൾക്ക് വിധേയമാക്കരുതെന്നും നാം പഠിക്കും. ബാല്യം മുതൽ നാം പരിശീലിക്കുന്ന അച്ചടക്കവും വിധേയത്വവും ഭാവിയിൽ വർഗശത്രുക്കളുടെ ചൂഷണങ്ങൾക്കും ആജ്ഞകൾക്കും വിധേയരാകാൻ നമ്മെ ശീലിപ്പിക്കുന്നു. വിവേചനങ്ങളുടെയും വിഭജനങ്ങളുടെയും യുക്തികൾ ബാല്യകാലം മുതൽ കണ്ടുമനസിലാക്കും. പരീക്ഷകളും ജയപരാജയങ്ങളും മത്സരാധിഷ്ഠിതമായ വിപണിയുടെ ലോകക്രമത്തോട് ഇഴുകിച്ചേരാൻ മനുഷ്യനെ സഹായിക്കുന്നു. പാരമ്പര്യം, ജാതി, മതവികാരം, അന്യനോടുള്ള കരുതൽ ഇല്ലാത്ത രാഷ്ട്രീയബോധം, അന്ധമായ തീവ്രദേശീയത ഇങ്ങനെ സമൂഹത്തിലെ ജീർണതകളെല്ലാം വ്യക്തികൾ കാലാകാലങ്ങളായി സ്വീകരിക്കുന്നു.
ഇത്തരം ജീർണിച്ച സാമൂഹ്യപൊതുബോധത്തിന്റെ 'ഇലാമപ്പഴങ്ങൾ' തിന്നുവീർത്ത ജനതയെ ഒന്നുശ്രദ്ധിച്ചാൽ നമുക്കുചുറ്റും കാണാനാകും. നമ്മളും അതിൽ പെടുമെന്നും മനസിലാക്കാം. യുക്തിബോധമൊക്കെ നമ്മൾ മത-വിശ്വാസകാര്യങ്ങളിൽ സൗകര്യപൂർവം മാറ്റിവെക്കും. സ്ത്രീസ്വാതന്ത്ര്യവും സ്ഥിതിസമത്വവും പുരോഗമന - പ്രസംഗങ്ങളും ഒക്കെ പുച്ഛിക്കപ്പെടും. മാറ്റങ്ങൾക്കുവേണ്ടി ശബ്‌ദിക്കില്ല, സാമൂഹ്യസമ്മർദ്ദങ്ങൾ മനുഷ്യരെ നിലനിൽക്കുന്ന വ്യവസ്ഥിതിയോട് താദാത്മ്യം പ്രാപിക്കാൻ ഭീഷണിപ്പെടുത്തും. അന്ധമായ ചിന്താഗതികൾക്കുവേണ്ടി ഭൂരിപക്ഷങ്ങൾ നാമജപവും ന്യായീകരണങ്ങളും നടത്തും. വ്യക്തികൾ സ്വയം അലങ്കാരമായി മാറ്റുന്ന ഈ അന്ധത സമൂഹത്തിന്റെ അധോഗതിക്ക് ഹേതുവാകും എന്നതിൽ സംശയം വേണ്ട. മാനവികതയ്ക്കും സമത്വത്തിനും യുക്തിബോധത്തിനും പുരോഗമനത്തിനും വേണ്ടി വാദിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങൾ ഇലാമപ്പഴത്തിന്റെ കുരു പോലെ വിഷമാണെന്ന് ആളുകൾ പറയും. അത്തരം ശബ്ദങ്ങൾ ഉയർത്താൻ നാം ധൈര്യം സംഭരിച്ചില്ലെങ്കിൽ വരാൻ പോകുന്നത് പ്രമാണിമാരും പൗരോഹിത്യവും മതനേതാക്കളും അട്ടഹസിക്കുന്ന ചങ്ങലകൾ നിറഞ്ഞ ഇരുണ്ടലോകം ആയിരിക്കും.. തീർച്ച..