ഭാരതത്തിന്റെ കറൻസിയായ രൂപയുടെ മൂല്യം തുടർച്ചയായി താഴുന്നത് പൊതുവെ രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയ്ക്കും ജനങ്ങൾക്ക് തന്നെയും ഗുരുതരമായ ദോഷങ്ങളാണ് വരുത്തിവെക്കുന്നത്. എങ്കിലും ചിലർ അതുകൊണ്ട് ചില ഗുണങ്ങളും ഉണ്ടാകുമെന്ന് അവകാശപ്പെടാറുണ്ട്.. സത്യാവസ്ഥ എന്താണ്? ലളിതമായി പറയാം..
1) രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി ചെലവ് ഗണ്യമായി വർധിക്കും.. കാരണം നാം ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് ഡോളർ ആണല്ലോ പകരമായി നൽകുന്നത്. ഇതിനായി കയ്യിലുള്ള രൂപ Foreign exchangeൽ ഡോളർ ആക്കി മാറ്റുകയാണ് ചെയ്യുക. സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിയുമ്പോൾ ഓരോ ഡോളർ വിദേശ- ചരക്കിനും നാം കൂടുതൽ രൂപ ചെലവാക്കേണ്ടി വരും. അന്ന് ഒരു ഡോളർ ചരക്കിന് 60 രൂപ നൽകിയ സ്ഥാനത്ത് ഇന്ന് 72 രൂപ അതേ ചരക്കിന് നൽകേണ്ടി വരും..
ക്രൂഡ് ഓയിൽ ഇറക്കുമതിയെയും ഇത് ബാധിക്കും. സ്വാഭാവികമായും ഇവിടെയെത്തുന്ന ചരക്കുകളുടെ വിലയും ക്രമാതീതമായി ഉയരുകയും അത് ജനജീവിതത്തെയാകെ സ്തംഭിപ്പിക്കുകയും ചെയ്യും.. പെട്രോൾ വില കൂടാനുള്ള പ്രധാന കാരണം ഇതാണ്.
2) പ്രവാസികൾ അയക്കുന്ന വരുമാനം വർധിക്കും. അതോടൊപ്പം ടൂറിസത്തിൽ നിന്നുള്ള വരുമാനവും. കാരണം ഈ 2 വരുമാനങ്ങളും വിദേശകറൻസിയായാണ് എത്തുന്നത്.. അത് രൂപയായി മാറുമ്പോൾ മൂല്യവും കൂടും. ഉദാ- മുൻപ് ഒരു ഡോളർ ഇവിടെ എത്തുമ്പോൾ നമുക്ക് 65 രൂപ കിട്ടിയ സ്ഥാനത്ത് ഇന്ന് 72 രൂപ ലഭിക്കും എന്ന് സാരം.
പക്ഷെ ഇവിടെ വർധിച്ചുകൊണ്ടിരിക്കുന്ന സാധനവിലകൾ ആ ചെറിയ നേട്ടങ്ങളെ നിഷ്പ്രഭമാക്കും. പ്രവാസികളുടെ കാര്യം പരിഗണിച്ചാലും പ്രശ്നമാണ്. ക്രൂഡ്ഓയിൽവില വർധന മൂലം ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്ന അഭിവൃദ്ധി അവിടെ പണിയെടുക്കുന്ന നമ്മുടെ തൊഴിലാളികൾക്കും നല്ലതാണ്. അവർ അയക്കുന്ന വരുമാനവും കൂടും. പക്ഷെ ഇപ്പോൾ ആ രാജ്യങ്ങളിൽ (GCC) നടക്കുന്ന നികുതിവർധനയും VATഉം പോലുള്ള പരിഷ്കാരങ്ങൾ പ്രവാസികളുടെ വരുമാനം കുറയ്ക്കാനും കൂടാതെ നിതാഖാത് പോലുള്ള തൊഴിൽ- സ്വദേശിവത്കരണങ്ങൾ പ്രവാസികളുടെ ജോലി തന്നെ ഇല്ലാതാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
3) കയറ്റുമതി വർധന- രൂപയുടെ മൂല്യം കുറയുമ്പോൾ കയറ്റുമതി കൂടും എന്നത് ഒരു പൊതുവായ സാമ്പത്തിക-നിയമമാണ്. എങ്ങനെയാണിത്..? പെട്രോളിയം ഉത്പന്നങ്ങൾ, വൈരക്കല്ലുകൾ, ആഭരണങ്ങൾ, മരുന്നുകൾ, ചെറിയ യന്ത്രങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ വിദേശത്തേക്കയക്കുന്ന പ്രധാനഉത്പന്നങ്ങൾ..
മുൻപ് 1$= 65 രൂപ ആയിരുന്ന സാഹചര്യം നോക്കാം. അന്ന് വിദേശരാജ്യം ഒരു ഡോളർ നൽകുമ്പോൾ 65 രൂപയുടെ ചരക്കുകൾ നാം കയറ്റുമതി ചെയ്യുമായിരുന്നു.. ഇന്ന് അവർക്ക് ഒരു ഡോളറിന് 73 രൂപയുടെ ഇന്ത്യൻ സാധനങ്ങൾ കിട്ടുന്നു. അത് അവരെ സംബന്ധിച്ച് നല്ല കാര്യമായതിനാൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ അവർ അവരുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യും.. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കയറ്റുമതി കൂടും. ഇതാണ് രൂപയുടെ മൂല്യമിടിവിന് ചിലർ നിരത്തുന്ന ന്യായം.
ഇത് സത്യമാണെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഇത് പൂർണമായും ശരിയല്ല. കാരണം നമ്മുടെ കയറ്റുമതിരംഗം ആകെ തകർന്ന മട്ടിലാണ് ഇന്നത്തെ അവസ്ഥ. നോട്ട് നിരോധനം, GST , കയറ്റുമതിവസ്തുക്കൾ നിർമിക്കുന്ന വലിയൊരു വിഭാഗം ചെറുകിട കച്ചവടക്കാരുടെ ദുരവസ്ഥ.. എല്ലാം ഇതിനു കാരണമാണ്. അതിനാൽ കയറ്റുമതി വർധനയ്ക്ക് സാധ്യത ഇല്ല.
4) ഇനി രൂപയുടെ മൂല്യം ഓഹരിവിപണിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.. ഓഹരിവിപണിയെപ്പറ്റി എഴുതിയ മുൻലേഖനങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാവുമല്ലോ.. വിദേശവ്യവസായികളും ബാങ്കുകളുമൊക്കെ നമ്മുടെ രാജ്യത്ത് മൂലധനം നിക്ഷേപിക്കാനെത്തുന്നത് പ്രധാനമായും ഓഹരികളിലും കടപ്പത്രങ്ങളിലുമാണ്.. (വായ്പ വാങ്ങുന്നയാൾ പുറത്തിറക്കുന്ന ഉറപ്പുരേഖകളാണ് കടപ്പത്രങ്ങൾ.. ഇവ സർക്കാർ ഇഷ്യൂ ചെയ്തതോ കമ്പനികൾ ഇഷ്യൂ ചെയ്തതോ ആവാം.)
ഓഹരിവിപണിയുടെ കാര്യം എടുക്കുക.. വിദേശസ്ഥാപനങ്ങൾ അവരുടെ ഡോളർ രൂപയായി മാറ്റുകയും നമ്മുടെ ഓഹരിവിപണികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
65 രൂപയുടെ ഓഹരി ഒരു വിദേശി സ്വന്തമാക്കി എന്ന കരുതുക. അന്ന് അതിന്റെ മൂല്യം ഒരു ഡോളർ ആയിരുന്നു. മൂല്യം ഇടിഞ്ഞ് ഒരു ഡോളർ 72 ഇന്ത്യൻ രൂപയാകുമ്പോഴോ..? അയാളുടെ 65 രൂപയുടെ ഓഹരിയുടെ ഡോളർ മൂല്യം ൦.90 ഡോളർ മാത്രമാണ്. അതായത് ഓഹരിയുടെ മൂല്യവും രൂപയോടൊപ്പം താഴ്ന്നു എന്നർത്ഥം. ഇങ്ങനെ തുടരുമ്പോൾ വിദേശമൂലധനം ഇവിടുത്തെ ഓഹരികൾ വ്യാപകമായി വിറ്റഴിച്ച് ഉള്ള കാശും കൊണ്ട് പുറത്തേക്ക് രക്ഷപ്പെടും.. ഓഹരിവില്പന വ്യാപകമാവുന്നതിനാൽ അവയുടെ വിലയും സൂചികകളും ഇടിയും.
ഏപ്രിൽ മുതൽ നമ്മുടെ ഓഹരി-കടപ്പത്ര വിപണിയിൽ നിന്നും 15500 കോടി രൂപയോളം ഓഹരികൾ വിറ്റഴിക്കപ്പെട്ടെന്നാണ് കണക്ക്.. ഓഹരി വിറ്റ് ലഭിക്കുന്ന രൂപ ഡോളർ ആക്കിമാറ്റാൻ വിദേശസ്ഥാപനങ്ങൾ തിടുക്കം കൂട്ടുന്നതിനാൽ വീണ്ടും രൂപയുടെ മൂല്യമിടിയും. രൂപയുടെ മൂല്യമിടിവും ഓഹരിയിലെ തകർച്ചയും തുടർച്ചയായി ഇന്ന് കാണപ്പെടുന്നതിന്റെ കാരണം ഇതാണ്..
കഴിയുന്നിടത്തോളം ലളിതമായി കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. സംശയങ്ങൾ കമൻറ് ചെയ്യുക..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...