ബെൽജിയത്തിൽ തുടരാനാവാതെ വന്നതോടെ പാരീസിലേക്ക് മാർക്സ് താമസം മാറ്റി. കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനവും പാരീസിലേക്ക് മാറ്റുകയും അവിടെയുണ്ടായിരുന്ന ജർമ്മൻ സോഷ്യലിസ്റ്റുകളെ സംഘടിപ്പിച്ച് ജർമൻ വർക്കേഴ്സ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. അധികാരികളിൽ നിന്ന് മറഞ്ഞിരിക്കാൻ മെസ്സ്യർ റാംബോസ് എന്ന പേര് മാർക്സ് സ്വീകരിച്ചു. ചുരുണ്ട മുടിയും കറുത്ത നിറവുമുള്ള മാർക്സിനെ ആഫ്രിക്കൻ നീഗ്രോ വംശമായ മൂർസ് എന്ന പേരിലും സഹപ്രവർത്തകർ വിളിച്ചിരുന്നു. തന്റെ പ്രിയപ്പെട്ടവരെ മറ്റു പേരുകളിൽ വിളിക്കുന്നത് മാർക്സിന് ഇഷ്ടമായിരുന്നു. എംഗൽസിനെ മാർക്സ് ജനറൽ എന്നാണ് വിളിച്ചിരുന്നത്. ജർമ്മനിയിൽ ഒരു പരിവർത്തനം ലക്ഷ്യമാക്കി അദ്ദേഹം അവിടുത്തെ കൊളോണിലേക്ക് 1848ൽ ചെല്ലുകയും ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യങ്ങൾ എന്ന പേരിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ പത്ത് നിർദേശങ്ങളിൽ നാലെണ്ണം ഉൾക്കൊള്ളുന്ന ലഘുലേഖ സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.
ജർമ്മനിയിൽ അടിയന്തിരമായി സോഷ്യലിസ്റ്റ് വിപ്ലവം എന്നതായിരുന്നില്ല, മറിച്ച് ഫ്യൂഡലിസത്തെ ബൂർഷ്വാസി ആദ്യം ഉന്മൂലനം ചെയ്യണമെന്ന കാഴ്ചപ്പാടായിരുന്നു മാർക്സിന്റേത്. ഇതിനിടയിൽ പിതാവിന്റെ സ്വത്തിന്റെ ഓഹരി ലഭിച്ചതിനാൽ നേരത്തെ നിർത്തിവെച്ച നോയെ റൈനിഷെ സൈറ്റങ്ങ് എന്ന പത്രം മാർക്സ് പുനരാരംഭിച്ചു. തന്റെ ചിന്തകൾ അതിലൂടെ യൂറോപ്പിലാകമാനം പടരണമെന്ന ചിന്തയോടെ മാർക്സും അതിലെ ഒരു പ്രധാന എഴുത്തുകാരനായി മാറി. വിപ്ലവാശങ്ങൾ പ്രചരിപ്പിച്ചതിനാലും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയതിനാലും മാർക്സിനെ പോലീസ് ഒരുപാട് പീഡിപ്പിച്ചു. കള്ളക്കേസുകൾ വരെ ചുമത്തി. ഒട്ടേറെ തവണ അറസ്റ്റിലായെങ്കിലും രക്ഷപ്പെട്ടു.
ഇതിനിടയിൽ പ്രഷ്യയിൽ രാജാധികാരം മാറി, ഫ്രെഡറിക് വില്യം നാലാമന്റെ മന്ത്രിസഭ രൂപംകൊണ്ടു. ജർമ്മനിയിൽ നിന്നും മാർക്സ് ഉൾപെടെയുള്ള സോഷ്യലിസ്റ്റ് -ഇടതുപക്ഷപ്രവർത്തകരെ മുഴുവൻ നാടുകടത്താൻ പുതിയ സർക്കാർ ശ്രമം തുടങ്ങി. മാർക്സിന് തിരിച്ച് പാരീസിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. ജെന്നി തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പാരീസിൽ പടർന്നുപിടിച്ച കോളറയും പുതിയ സർക്കാരുമായുള്ള കടുത്ത ശത്രുതയും മൂലം മാർക്സിന് വീണ്ടും നാടുവിടേണ്ടി വന്നു.. ബെൽജിയവും ജർമ്മനിയും തങ്ങളെ ഊരുവിലക്കിയ സ്ഥിതിക്ക് ലണ്ടനിൽ അഭയം തേടാൻ മാർക്സ് തീരുമാനിച്ചു. 1849ൽ മാർക്സ് ലണ്ടനിലെത്തി. തന്റെ ഒടുവിലത്തെ വാസസ്ഥലമായിരുന്നു ലണ്ടൻ. പാരീസിലായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റി.
ഇക്കാലത്ത് ആഗസ്റ്റ് വില്ലിച്ച് , കാൾ സ്ക്രാപ്പർ എന്നിവരുടെ നേതൃത്വത്തിൽ ലീഗിൽ ഒരു വലിയ എടുത്തുചാട്ടത്തിന് തുടക്കമിട്ടു. തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ യൂറോപ്പിലാകമാനം സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ അരങ്ങേറണമെന്നും യൂറോപ്പിലെ സകല തൊഴിലാളികളും തങ്ങളോടൊപ്പം ഉണ്ടാവുമെന്നും അവർ പറഞ്ഞു. മാർക്സും എംഗൽസും ഇതിനെ ശക്തമായി എതിർത്തു. പൊടുന്നനെയുള്ള വിപ്ലവങ്ങൾ ലീഗ് സ്വയം ശവപ്പറമ്പ് ഉണ്ടാക്കുന്നതുപോലെയാണ്. അവ നിശ്ചയമായും അടിച്ചമർത്തപ്പെടും. മനുഷ്യരുടെ ആവേശവും ആഗ്രഹങ്ങളും ഒരിക്കലും സാമൂഹ്യവിപ്ലവങ്ങൾക്ക് വഴിയൊരുക്കില്ല. അതിന് സമൂഹത്തിലെ സാമ്പത്തികവ്യവസ്ഥയുടെ തുടർചയായ പരിഷ്കരണവും അവയുടെ ശാസ്ത്രീയവിശകലനവും അനിവാര്യമാണ്. സോഷ്യലിസം എന്നത് പല ഘട്ടങ്ങളിലൂടെ എത്തിച്ചേരേണ്ട മഹത്തായ ലക്ഷ്യമാണ്. ആദ്യം വേണ്ടത് തൊഴിലാളിവർഗത്തെ ബൂർഷ്വാസിയോടൊപ്പം അണിനിരത്തുകയും സമൂഹത്തിലെ ഫ്യൂഡൽ ജന്മിത്വ ശക്തികളെ ഉന്മൂലനം ചെയ്യുകയുമാണ്. സർക്കാരിന്റെ പരിഷ്കരണങ്ങൾക്കും സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾക്കും ജനാധിപത്യത്തിനും വേണ്ടി തൊഴിലാളികൾ ബൂർഷ്വാസിയോടൊപ്പം പരിശ്രമിക്കണം. ബൂർഷ്വാസിയുടെ ലോകം പൂർണമായും സഫലമായെങ്കിൽ മാത്രമേ തൊഴിലാളിവർഗത്തിന്റെ വിപ്ലവസ്വപ്നങ്ങൾക്ക് മുള പൊട്ടാൻ സമയമാകൂ..
ഇക്കാരണങ്ങളാൽ മാർക്സ് ലീഗിന്റെ വിപ്ലവശ്രമങ്ങളെ എതിർത്തു. ലീഗിന്റെ പല കലാപപരിപാടികളും പരാജയപ്പെടുകയും ചെയ്തു. മാർക്സിന്റെ ചിന്തകൾക്ക് ലീഗിൽ പ്രഥമസ്ഥാനം ലഭിച്ചു. ലണ്ടനിലെ ഗ്രേറ്റ് വിൻഡ്മിൽ സ്ട്രീറ്റിൽ ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ യോഗങ്ങൾ നടത്തി. കമ്മ്യൂണിസ്റ്റ് ലീഗിൽ സംഭവിച്ചതുപോലുള്ള വിഭാഗീയത ഇതിലുംആവർത്തിച്ചു. ഒടുവിൽ മാർക്സ് സൊസൈറ്റിയിൽ നിന്നും 1850ൽ രാജി വെച്ചു. ന്യൂയോർക്ക് ട്രിബ്യൂൺ പത്രത്തിന്റെ ലേഖകനായി ലഭിക്കുന്ന ശമ്പളവും എംഗൽസിന്റെ സഹായവും മാത്രമായിരുന്നു മാർക്സിന് ആശ്രയം. കടുത്ത ദാരിദ്യ്രത്തിലായിരുന്നു ആ കുടുംബം. 1851 മുതൽ രണ്ട് വർഷം മാർക്സ് ദ് എയിറ്റീത്ത് ബ്രൂമിയ ഓഫ് ലൂയിസ് നെപ്പോളിയ എന്ന ഫ്രഞ്ചുവിപ്ലവത്തെ സംബന്ധിച്ച പുസ്തകം എഴുതിത്തീർത്തു. വർഗസമരം, വിപ്ലവം, മുതലാളിത്തസാമ്പത്തിക രാഷ്ട്രീയമാനങ്ങൾ, അവയിൽ വരുത്തേണ്ട വിപ്ലവകരമായ മാറ്റങ്ങൾ ഇതൊക്കെയായിരുന്നു മാർക്സിന്റെ ചിന്താവിഷയങ്ങൾ..
ഇതിനിടയിൽ ജെന്നി 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പിന്നീട് രണ്ടു കുഞ്ഞുങ്ങളും.. എന്നാൽ മോശമായ ജീവിതസാഹചര്യങ്ങളിൽ 3 പെൺമക്കൾ മാത്രമേ അതിജീവിച്ചുള്ളൂ. ജെന്നി കരോലിൻ ,ജെന്നി ലോറ, ജെന്നി ജൂലിയറ്റ് എലിനോർ എന്നിവരായിരുന്നു അവർ.. ഇതിൽ ഇളയവളായ എലിനോർ മാർക്സ് പിൽക്കാലത്തെ സജീവയായ ഫെമിനിസ്റ്റ് -സോഷ്യലിസ്റ്റ് പ്രവർത്തകയുമായിരുന്നു. കരൾ രോഗങ്ങൾ പോലെ കടുത്ത ആരോഗ്യപ്രശ്നങ്ങളും ലണ്ടനിലെ മോശം സാഹചര്യങ്ങളാൽ മാർക്സിന് സഹിക്കേണ്ടി വന്നു. ലണ്ടനിൽ വില്യംസ് എന്ന പേരിൽ മാർക്സ് അറിയപ്പെട്ടു..
ദാസ് കാപ്പിറ്റലും പാരീസ് കമ്മ്യൂണും
മാർക്സിനും ജെന്നിക്കും ഏഴ് സന്താനങ്ങൾ ജനിച്ചു.. എന്നാൽ മോശമായ ജീവിതസാഹചര്യങ്ങളിൽ 3 പെൺമക്കൾ മാത്രമേ അതിജീവിച്ചുള്ളൂ. ജെന്നി കരോലിൻ ,ജെന്നി ലോറ, ജെന്നി ജൂലിയറ്റ് എലിനോർ എന്നിവരായിരുന്നു അവർ.. ഇതിൽ ഇളയവളായ എലിനോർ മാർക്സ് പിൽക്കാലത്തെ സജീവയായ ഫെമിനിസ്റ്റ് -സോഷ്യലിസ്റ്റ് പ്രവർത്തകയുമായിരുന്നു. കരൾ രോഗങ്ങൾ പോലെ കടുത്ത ആരോഗ്യപ്രശ്നങ്ങളും ലണ്ടനിലെ മോശം സാഹചര്യങ്ങളാൽ മാർക്സിന് സഹിക്കേണ്ടി വന്നു. ലണ്ടനിൽ വില്യംസ് എന്ന പേരിൽ മാർക്സ് അറിയപ്പെട്ടു. 1850- 60കളോടെ താത്വികമായ പക്വത മാർക്സിന് കൈവന്നുവെന്ന് പറയാം.. തൊഴിലാളിസമരങ്ങൾ നേരിട്ട തുടർച്ചയായ പരാജയങ്ങൾ മാർക്സിനെ വളരെ ദുഃഖിതനാക്കി.
മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് മാർക്സ് ദീർഘകാലം പഠനം നടത്തുകയും 1857കളോടെ ഒട്ടേറെ ഉപന്യാസങ്ങളും ലഘുലേഖകളും എഴുതുകയും ചെയ്തു. മുതലാളിത്തം, ജോലി, കൂലി, ഉടമസ്ഥാവകാശം, സ്റ്റേറ്റ്, വിദേശവ്യാപാരം, ലോകവിപണി തുടങ്ങിയവയെല്ലാം മാർക്സിന്റെ പഠനവിഷയമായി. 1859ൽ തന്റെ പ്രസിദ്ധമായ സാമ്പത്തികഗവേഷണഗ്രന്ഥം -The contribution to the critique of political economy പ്രസിദ്ധീകരിച്ചു. 1860ൽ എഴുതിയ Theories of surplus value എന്ന 3 വോള്യമുള്ള പുസ്തകം സാമ്പത്തികചരിത്രത്തിന്റെ എക്കാലത്തെയും മികച്ചതും മനോഹരവുമായ രചനയായിരുന്നു. ആഡം സ്മിത്ത്, റിക്കാർഡോ എന്നിവരെ ഇതിൽ ഉദ്ദരിക്കുന്നു.
1864ൽ ഇന്റർനാഷണൽ വർക്കിങ് മെൻ അസോസിയേഷനിൽ മാർക്സ് ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ഇന്റർനാഷണൽ എന്നുംഇത് അറിയപ്പെടുന്നു. തന്റെ ഇരുപതോളം വർഷത്തെ പരിശ്രമഫലമായി 1867ൽ മൂലധനത്തിന്റെ ആദ്യഖണ്ഡം പുറത്തിറക്കി. ലോകമുതലാളിത്തത്തിന്റേ നെറുകയിലേറ്റ കനത്ത ആഘാതമായിരുന്നു ആ വിശ്വവിഖ്യാതഗ്രന്ഥം. മിച്ചമൂല്യസിദ്ധാന്തത്തിലൂടെ മുതലാളിത്തത്തിന്റെ അടിത്തറ തന്നെ തൊഴിലാളിവർഗചൂഷണമാണെന്നും അത് ആന്തരികവൈരുധ്യങ്ങളാൽ നിബിഡമാണെന്നും ലോകജനതയോട് മാർക്സ് വിളിച്ചുപറഞ്ഞു. തുടരെത്തുടരെ മുതലാളിത്തം നേരിടുന്ന സാമ്പത്തികമാന്ദ്യങ്ങൾ (ഇന്നും ലോകം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്), ലാഭനിരക്ക് ഇടിയുന്ന പ്രവണത തുടങ്ങിയവയെല്ലാം വിശദീകരിക്കാൻ മാർക്സിനുമാത്രമേ കഴിഞ്ഞുള്ളൂ എന്നതാണ് സത്യം. മൂലധനം ഒന്നാംഖണ്ഡം മിച്ചമൂല്യഉത്പാദനത്തെയും രണ്ടാം ഖണ്ഡം മൂലധനചംക്രമണത്തെയും മൂന്നാംവോള്യം മൊത്തത്തിലുള്ള മുതലാളിത്തോത്പാദനത്തെയും സംബന്ധിക്കുന്നതാണ്. അവസാനത്തെ രണ്ട് ഖണ്ഡങ്ങളും മാർക്സിന്റെ മരണാനന്തരം എംഗൽസ് ആണ് പ്രസിദ്ധീകരിച്ചത്.
അക്കാലത്തെ മാർക്സിന്റെ മുഖ്യഎതിരാളി റഷ്യൻ അനാർക്കിസ്റ്റായ (അരാജകവാദി) മിഖായേൽ ബാക്കുനിൻ ആയിരുന്നു. ബാക്കുനിന്റെ സ്വാധീനത്തിൽ തൊഴിലാളികൾ വീണുപോകാതിരിക്കാൻ മാർക്സ് തന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അങ്ങനെ അസോസിയേഷന്റെ ആസ്ഥാനം ലണ്ടനിൽ നിന്നും പാരീസിലേക്ക് മാറ്റി. അതിന്റെ ഫലമായിരുന്നു 1871ലെ പാരീസ് കമ്മ്യൂൺ. തങ്ങളുടെ സർക്കാരിന്റെ മോശം നയങ്ങൾക്കെതിരെ വിമതർ ചേർന്ന് പാരീസിൽ സംഘടിച്ചു. വമ്പിച്ച ജനകീയകൂട്ടായ്മ രണ്ടുമാസത്തേക്ക് നഗരം കീഴ്പെടുത്തി വെച്ചു. എന്നാൽ ഗവൺമെന്റ് ഇതിനെ ശക്തമായി അടിച്ചമർത്തി. ഇതിൽ നിരാശനായ മാർക്സ് എഴുതിയ പുസ്തകമാണ് The Civil War in France. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവമായി പാരീസ് കമ്മ്യൂണിനെ വിലയിരുത്തുന്നു..
മാർക്സിന്റെ ചിന്തകൾക്ക് തന്റെ പേരു നൽകി മാർക്സിസം എന്നുവിളിക്കുന്നതിൽ മാർക്സിന് ഒട്ടും താത്പര്യമില്ലായിരുന്നു.. താനൊരു മാർക്സിസ്റ്റല്ല എന്നുമാർക്സ് ഒരിക്കൽ പറഞ്ഞതിന്റെ അർത്ഥം ഇതാണ്.. തൊഴിലാളിസമരങ്ങൾ നേരിട്ട പരാജയങ്ങൾ നൽകിയ നിരാശയും ഇതിനുപിന്നിലുണ്ടാകാം..
അനശ്വരനായ മാർക്സ്
രോഗാതുരമായ നാളുകളിലൂടെയാണ് മാർക്സ് തന്റെ അവസാനനാളുകൾ കഴിച്ചുകൂട്ടിയത്... മുമ്പത്തേതുപോലെ എഴുതാനും ജോലി ചെയ്യാനുമൊന്നും വയ്യാത്ത അവസ്ഥ. എങ്കിലും ദൈനംദിനരാഷ്ട്രീയസംഭവങ്ങളെ മാർക്സ് എന്നും ശ്രദ്ധിച്ചുകൊണ്ടിരുന്നു.
എടുത്തുപറയേണ്ടത് റഷ്യയെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണ്. റഷ്യയിൽ മുതലാളിത്തം നിലവിൽ വളരെ ദുർബലമാണെന്നും കാർഷികസമൂഹമാണ് റഷ്യയുടെ ശക്തിസ്രോതസെന്നും മാർക്സ് കണ്ടെത്തി. സോഷ്യലിസത്തിലെത്തിച്ചേരണമെങ്കിൽ മുതലാളിത്തം വികാസം പ്രാപിക്കണം.. മുതലാളിത്തം അതിന്റെ ശൈശവാവസ്ഥ പോലും കൈവരിച്ചിട്ടില്ലാത്ത റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന് മാർക്സ് മുൻകൂട്ടികണ്ടു.. ബ്രിട്ടൻ, ഫ്രാൻസ് പോലുള്ള വികസിത വ്യവസായരാജ്യങ്ങളിലേ സോഷ്യലിസ്റ്റ് വിപ്ലവം നടക്കാൻ പരിമിതമായെങ്കിലും സാധ്യതയുള്ളൂ.. റഷ്യയിൽ കമ്മ്യൂണിസം നടപ്പാകുന്നതിനെ കുറിച്ച് മാർക്സ് അപ്പോഴും ചിന്ത തുടർന്നു.
പൊതുഉടമസ്ഥതയിലുള്ള ഭൂമി ഉണ്ടാകണമെന്നും റഷ്യയിലെ നിലവിലുള്ള ഫ്യൂഡൽ അവശിഷ്ടങ്ങൾ ഇല്ലായ്മ ചെയ്യണമെന്നും മാർക്സ് പറഞ്ഞു.. റഷ്യൻ വിപ്ലവകാരിയ വേറ സാസുലിച്ചിന് എഴുതിയ കത്തിൽ മാർക്സ് ഇതെല്ലാം വ്യക്തമാക്കുന്നു. എങ്കിലും റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവം ബൂർഷ്വാസിയാൽ അടിച്ചമർത്തപ്പെടുമെന്ന ശാസ്ത്രീയമായ വീക്ഷണം മാർക്സ് അന്നേ വെച്ചുപുലർത്തി.. അതിനുതന്നെയാണല്ലോ 20ാം നൂറ്റാണ്ട് സാക്ഷിയായത്. അതേസമയം അമേരിക്കയിലും യൂറോപ്പിലും മുതലാളിത്തം അനിവാര്യമായ തകർച്ചയിലൂടെയാണ് കടന്നുപോവുന്നതെന്നും മാർക്സ് പറഞ്ഞു.. ഇന്നത്തെ ലോകസാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ മാർക്സിന്റെ ദീർഘവീക്ഷണം എത്ര ശരിയായിരുന്നുവെന്ന് നാം തിരിച്ചറിയും. ഉറപ്പ്..
1881ൽ ജെന്നിയുടെ മരണം മാർക്സിനെ അങ്ങേയറ്റം വിഷാദത്തിലേക്കാണ് തള്ളിവിട്ടത്.. നേത്രരോഗങ്ങളും ബ്രോങ്കൈറ്റിസും ഗുരുതരമായി.. വളരെ കുറച്ചുസുഹൃത്തുക്കൾ കാണാൻ വരുന്നതൊഴിച്ചാൽ തീർത്തും ഏകാന്തമായ നാളുകളിലൂടെയാണ് മാർക്സ് കടന്നുപോയത്.. 1883 മാർച്ച് 14ന് ലോകം കണ്ട അതുല്യനായ ആ വിപ്ലവകാരി മരണത്തെ സ്വീകരിച്ചു. ലണ്ടനിൽ തന്നെയുള്ള ഹൈഗേറ്റ് സെമിത്തേരിയിൽ മാർക്സിനെ അടക്കം ചെയ്തു. ഏറിയാൽ പത്തോളം ആളുകൾ മാത്രമാണ് മാർക്സിന്റെ ശവസംസ്കാരചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.. മാർക്സിന്റെ മക്കൾ, മരുമക്കൾ, എംഗൽസ് പിന്നെ കുറച്ച് സഖാക്കളും മാത്രം. എംഗൽസിന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം ആ പെൺമക്കൾക്ക് എഴുതിവെച്ചു. ആ ദുഃഖനിർഭരമായ നിമിഷത്തിൽ എംഗൽസ് പറഞ്ഞതിങ്ങനെ- ''ലോകം കണ്ട എക്കാലത്തെയും മഹാനായ ചിന്തകൻ നമ്മോടു വിടപറഞ്ഞു പോയിരിക്കുന്നു. ഏതാനും മിനുട്ടുകൾക്കു മുമ്പ് ഇനിയൊരിക്കലും ഉണരാത്തവണ്ണം സമാധാനപൂർണമായ നിദ്രയിലേക്ക് അദ്ദേഹം പ്രവേശിച്ചിരിക്കുന്നു..''
സർവരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ എന്ന വാചകം മാർക്സിന്റെ ശവകുടീരത്തിൽ എഴുതിവെച്ചിട്ടുണ്ട്.. 1970ൽ അവിടം ബോംബിട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തന്റെ ചിന്തകളും സ്വപ്നങ്ങളും പരാജയങ്ങളെ പുൽകുന്നത് കണ്ട് നിരാശനായാണ് മാർക്സ് നമ്മോടു വിട പറഞ്ഞത്.. അദ്ദേഹത്തിന്റെ കാലത്ത് മാർക്സിസം ഒരു വലിയ സ്വാധീനശക്തി ആയിരുന്നില്ല താനും.. ആ ദുഃഖം എന്നും മാർക്സിനുണ്ടായിരുന്നു.. പക്ഷേ അദ്ദേഹത്തിനു ശേഷം ചരിത്രം സാക്ഷ്യം വഹിച്ച സംഭവവികാസങ്ങളും ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും നൽകുന്ന നിഗമനം മാർക്സായിരുന്നു ശരി എന്നതു തന്നെയാണ്.. 1883ൽ മാർക്സ് മരിച്ചതിനും എത്രയോ കാലശേഷമാണ് അദ്ദേഹത്തിന്റെ പല കുറിപ്പുകളും ലോകം കണ്ടത്.. അവ ലോകത്തെ വലിയൊരു ജനവിഭാഗത്തെ കമ്മ്യൂണിസത്തിന്റെ കൊടിക്കീഴിൽ അണി ചേർത്തതും മഹാസമുദ്രങ്ങൾക്കുമപ്പുറം അവ ജനങ്ങളുടെ നെഞ്ചിൽ മുദ്രാവാക്യങ്ങളായി മുഴങ്ങിയതും തകർന്നുവെന്ന് മുതലാളിത്തം വിധിയെഴുതിയ ഇടത്തുനിന്ന് മൂലധനം വീണ്ടും തുറന്നുവായിക്കാൻ ഇന്ന് ധനശാസ്ത്രഞ്ജരും തത്വചിന്തകരും നിർബന്ധിതമാവുന്നതും തെളിയിക്കുന്ന വസ്തുത ഒന്നു മാത്രമാണ്- മാർക്സിലേക്ക് തിരിഞ്ഞുനോക്കാതെ മനുഷ്യരാശിയുടെ അതിജീവനം സാധ്യമല്ല.. മാർക്സ്, താങ്കൾ ഇന്നും ജീവിക്കുന്നു.. തീർച്ച..


