Monday, December 3, 2018

കാറൽ മാർക്സ്- പുതുയുഗത്തിന്റെ വഴികാട്ടി.. PART- 2



                    മാർക്സ്.. എംഗൽസ്.. കമ്മ്യൂണിസം


                    രാഷ്ട്രീയം ,മനുഷ്യവിമോചനം എന്നിവയെ കുറിച്ച് മാർക്സ് വ്യക്തമായ താരതമ്യം നടത്തിയ പുസ്തകം- On the Jewish Question 1843ൽ പ്രസിദ്ധീകരിച്ചു. കൊളോണിൽ വെച്ച് പത്രപ്രവർത്തനം പ്രതിസന്ധിയിലായതോടെ മാർക്സ് നഗരം വിട്ടു. അർനോൾഡ് റൂഗ് എന്ന ജർമൻ പരിഷ്കർത്താവിന്റെ ഒരു പത്രത്തിൽ മാർക്സ് എഴുതാൻ തുടങ്ങി. 'German -French Annals' എന്ന ഈ പത്രസ്ഥാപനം ഫ്രാൻസിലെ പാരീസിലായതിനാൽ മാർക്സും ഭാര്യയും 1843ൽ പാരീസിലേക്ക് താമസം മാറി. ഇക്കാലത്ത് മാർക്സിന്റെ ആദ്യത്തെ മകളും ജനിച്ചു. പത്രത്തിലൂടെ പുറത്തുവന്ന മാർക്സിന്റെ ആശയങ്ങൾ അനേകം പേരെ ആകർഷിച്ചു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' എന്ന പ്രസിദ്ധവാചകവും ഈ പത്രത്തിലാണ് മാർക്സ് എഴുതിയത്.

                    Introduction to a Contribution to the Critique of Hegel's Philosophy of Right എന്ന രചനയും മാർക്സ് പുറത്തിറക്കി. പത്രത്തിൽ പ്രവർത്തിച്ചവരിൽ കൂടുതലും ജർമ്മൻകാരും ഫ്രഞ്ചുകാരുമായിരുന്നു. ഒരേയൊരു റഷ്യക്കാരനാവട്ടെ ലോകപ്രസിദ്ധ സോഷ്യലിസ്റ്റും എഴുത്തുകാരനുമായ മൈക്കൽ ബാക്കുനിനും.. തൊഴിലാളിവർഗമാണ് സമൂഹത്തിലെ ഒരേയൊരു വിപ്ലവശക്തിയെന്നും മാർക്സ് കണ്ടെത്തി. കമ്മ്യൂണിസം എന്ന ആശയത്തിന്റെ തീപ്പൊരി ആദ്യമായി മാർക്സിന്റെ മനസിൽ തെളിഞ്ഞു. On the Jewish Questionലൂടെ മാർക്സ് ഇത് ലോകത്തോട് വിളിച്ചുപറഞ്ഞു. യൂറോപ്യൻ ജനങ്ങളിൽ ഇത് ചെറിയ ഓളമൊന്നുമല്ല സൃഷ്ടിച്ചത്.. മാർക്സിന്റെ രചനകൾ പ്രേക്ഷകരിൽ കാട്ടുതീ പോലെ പടർന്നുപിടിച്ചു. സഹികെട്ട ബവേറിയൻ ഭരണകൂടം പത്രം നിരോധിക്കാൻ ഉത്തരവിട്ടു. പത്രഉടമയായ അർനോൾഡും മാർക്സുമായുള്ള സൗഹൃദം തകരാനും ഇത് കാരണമായി.

                    ഇതിനു ശേഷം മാർക്സ് അക്കാലത്ത് സെൻസർഷിപ്പില്ലാത്ത ഒരേയൊരു ജർമ്മൻ പത്രമായ Worwarts (അർത്ഥം- മുന്നോട്ട്)ൽ എഴുതാൻ തുടങ്ങി. പാരീസിലായിരുന്ന ഈ പത്രം അക്കാലത്തെ ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളുടെ രഹസ്യസംഘടനയായ ലീഗ് ഒഫ് ജസ്റ്റിന്റേതായിരുന്നു. മാർക്സ് ഇതിൽ അംഗമായില്ലെങ്കിലും പല മീറ്റിങുകളിലും പങ്കെടുത്തു. 1844 ആഗ്സ്റ്റ് 28നാണ് ചരിത്രപരമായ ആ കണ്ടുമുട്ടൽ നടന്നത്.. ജർമ്മൻ സോഷ്യലിസ്റ്റായ ഫ്രെഡറിക്ക് എംഗൽസിനെ മാർക്സ് പരിചയപ്പെട്ടു. ജീവിതത്തിലൊരിക്കലും കൈവിടാത്ത സൗഹൃദമായി അത് വളർന്നു. ആ വർഷം തന്നെ പുറത്തിറങ്ങിയ 'ഇംഗ്ലണ്ടിലെ അധ്വാനവർഗത്തിന്റെ അവസ്ഥ' എന്ന തന്റെ പുസ്തകം എംഗൽസ് മാർക്സിനു നൽകി.

                    അന്തിമമായ വിപ്ലവത്തിന്റെ യഥാർത്ഥകരങ്ങൾ തൊഴിലാളികളുടേതാണെന്ന് മാർക്സ് ഉറപ്പിച്ചു. രണ്ടുപേരും തുടർന്ന് ഒരുമിച്ച് രചനകളിൽ ഏർപ്പെട്ടു. മാർക്സിന്റെ പഴയ സുഹൃത്തായ ബ്രൂണോ ബൗവ്വറിന്റെ ഹെഗേലിയൻ തത്വചിന്തകളെ വിമർശിച്ചുകൊണ്ടുതന്നെ മാർക്സ്- എംഗൽസ് രചനകൾ പുറത്തിറങ്ങി. ഇതാണ് 1844ലെ 'The Holy Family'. ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേ ഉള്ളുവെന്നും അതിനെ മാറ്റിമറിക്കുന്നതാണ് പ്രധാനമെന്നും മാർക്സ് എഴുതി. ആശയങ്ങളല്ല പ്രവർത്തികളാണ് അതിനാവശ്യം. ഹെഗൽ കഴിഞ്ഞാൽ മാർക്സിനെ ഏറെ സ്വാധീനിച്ച ചിന്തകൻ യങ് ഹെഗേലിയൻ ഗ്രൂപ്പിലെ സഹപ്രവർത്തകനായ ലദ്വിഗ് ഫൊയർബാച്ച് ആയിരുന്നു. ഒരു കടുത്ത നിരീശ്വരവാദിയായിരുന്ന ഫൊയർബാച്ചിന്റെ ഭൗതികവാദസങ്കൽപങ്ങൾ ഭാഗികമായി മാത്രം സ്വീകരിച്ചു. മാക്സ് സ്റ്റിർണർ എന്ന സുഹൃത്തും മാർക്സിനെ സ്വാധീനിച്ചിരുന്നു.

                    ഹെഗലിന്റെ വൈരുധ്യാത്മകതയും ഫൊയർബാച്ചിന്റെ ഭൗതികവാദവും വിമർശനാത്മകമായി വിശകലനം നടത്തുകയും അങ്ങനെ വൈരുധ്യാത്മകഭൗതികവാദം എന്ന വിപ്ലവകരമായ ചിന്താപദ്ധതി രൂപം കൊള്ളുകയും ചെയ്തു. വോർവാഡ്സ് പത്രത്തിലൂടെ മാർക്സ് യൂറോപ്പിലെ സോഷ്യലിസ്റ്റുകളുടെയും ലിബറലുകളുടെയും പിന്തിരിപ്പൻ നിലപാടുകളെ വിമർശിക്കുകയും ഹെഗേലിയൻ - ഫൊയർബാച്ച് ആശയങ്ങളുടെ വെളിച്ചത്തിൽ തന്റേതായ സോഷ്യലിസ്റ്റ് പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. വൈരുധ്യാത്മകഭൗതികവാദവും കമ്മ്യൂണിസ്റ്റ് ലീഗ് എന്ന ആശയവും ഇതിലൂടെ സമൂഹത്തിൽ പ്രചരിച്ചു.

                    കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിറവി


                    ആഡംസ്മിത്ത്, ഡേവിഡ് റെക്കാർഡോ, ജയിംസ് മിൽ തുടങ്ങിയ ബൂർഷ്വാധനശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങൾ മാർക്സ് ആഴത്തിൽ പഠിക്കുകയും നീണ്ടകാലം Political Economy- രാഷ്ട്രമീമാംസ-സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു. ഫ്രഞ്ച് സോഷ്യലിസ്റ്റുകളായ ക്ലൗഡ് ഹെന്റി സൈമൺ, ചാൾസ് ഫൊറിയർ എന്നിവരുടെ സോഷ്യലിസ്റ്റ് ചിന്തകളും മാർക്സിനെ സ്വാധീനിച്ചു. ഇന്ന് മാർക്സിസം എന്നറിയപ്പെടുന്നതിനെ മാർക്സ് വിളിച്ചത് Political Economy എന്നാണ്. ഹെഗേലിയൻ ഡയലക്ടിക്സും ഫ്രഞ്ച് സോഷ്യലിസവും ഇംഗ്ലീഷ് എക്കണോമിക്സും മാർക്സിസത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിക്കുന്നു.

                    പത്രപ്രവർത്തനവും രാഷ്ട്രീയപാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട ഫ്രാൻസിലെ പ്രവർത്തനങ്ങളും മൂലം മാർക്സിന് തന്റെ സൈദ്ധാന്തികപഠനങ്ങളിൽ പൂർണമായും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. എങ്കിലും മുതലാളിത്തസമ്പദ് വ്യവസ്ഥയെ മാർക്സ് ആഴത്തിൽ വിശകലനം ചെയ്തു. 1844കളോടെ മാർക്സിസ്റ്റ് ആശയങ്ങൾ പൂർണതയിലെത്തി. എങ്കിലും പഠനങ്ങൾ ഇനിയും നടത്തേണ്ടതുണ്ടായിരുന്നു. The Economic and Philosophical Manuscripts എന്ന പുസ്തകം പുറത്തിറങ്ങി. അന്യവത്കരണം എന്ന തന്റെ പ്രസിദ്ധമായ ആശയം അവതരിപ്പിക്കപ്പെടുന്നത് ഇതിലൂടെയാണ്. മുതലാളിത്തം, കമ്പോളം, മൂലധനം തുടങ്ങിയവയെപ്പറ്റിയുള്ള തന്റെ ഭൗതികവാദചിന്തകളുടെ വെളിച്ചത്തിലുള്ള അഗാധവും നീണ്ടകാലത്തേതുമായ പഠനങ്ങൾ 'ശാസ്ത്രീയ സോഷ്യലിസം' എന്ന ആശയത്തിലേക്ക് മാർക്സിനെ എത്തിച്ചു. മുതലാളിത്തവ്യവസ്ഥ അനേകം വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നും ജനാധിപത്യ- മനുഷ്യത്വ വിരുദ്ധമാണെന്നും വിപ്ലവത്തിലൂടെ അത് തകരുമെന്നും സോഷ്യലിസം ഉദയം കൊള്ളുമെന്നും മാർക്സ് എഴുതി.

                    എന്നാൽ പാരീസിലെ ജീവിതം അധികനാൾ നീണ്ടുനിന്നില്ല.. കമ്മ്യൂണിസ്റ്റ് ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വോർവാഡ്സ് പത്രം പൂട്ടാൻ ഫ്രഞ്ച് സർക്കാർ ഉത്തരവിട്ടു. പ്രഷ്യൻ സർക്കാരിന്റെ ചരടുവലികളും ഇതിനുപിന്നിൽ ഉണ്ടായിരുന്നു. മാർക്സിനെ ഫ്രാൻസിൽ നിന്നും നാടുകടത്താൻ സർക്കാർ ഉത്തരവിട്ടു.. 1845ൽ മാർക്സ് ബ്രസൽസിലേക്ക് (ബെൽജിയം) കുടിയേറി. എന്നാൽ രാഷ്ട്രീയലേഖനങ്ങൾ എഴുതുന്നതിൽ നിന്ന് വിലക്കുന്ന കരാറിൽ ഒപ്പിടിയിച്ചതിനു ശേഷമാണ് മാർക്സിനെ ബ്രസൽസിൽ പ്രവേശിപ്പിച്ചത്. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ധാരാളം പേരുമായി മാർക്സ് പരിചയത്തിലായി. എംഗൽസും മാർക്സിന്റെ സംഘത്തിൽ വന്നു ചേർന്നു. Thesis11 എന്നറിയപ്പെടുന്ന Thesis on Feurbachലൂടെ തന്റെ ഭൗതികവാദസമീപനങ്ങൾ മാർക്സ് വ്യക്തമാക്കി. ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടെ ഉള്ളൂവെന്നും അതിനെ മാറ്റിമറിക്കലാണ് പ്രധാനമെന്നും മാർക്സ് എഴുതി. ചരിത്രപരമായ ഭൗതികവാദം എന്ന മഹത്തായ ദർശനം രൂപംകൊണ്ടു.

                    1845ൽ ബ്രസൽസിൽ കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനവുമായി മാർക്സും എംഗൽസും സംഘവും മുന്നോട്ടുപോയി. എംഗൽസിനോടൊത്ത് മാർക്സ് തന്റെ ആദ്യ ബ്രിട്ടൻ സന്ദർശനം നടത്തി. അവിടത്തെ ചാർട്ടിസ്റ്റുകൾ എന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി അവർ ബന്ധം സ്ഥാപിച്ചു. ചരിത്രപരമായ ഭൗതികവാദവും ജർമ്മൻ ഐഡിയോളജിയും പുറത്തിറങ്ങി. മാർക്സ് തന്റെ യങ് ഹെഗേലിയൻസായ എല്ലാ സുഹൃത്തുക്കളോടും മറ്റ് സോഷ്യലിസ്റ്റുകളോടും വിടപറഞ്ഞു. ആശയപരമായ തർക്കങ്ങളായിരുന്നു കാരണം. യുക്തിരഹിതമായ നിലപാടുകളാണ് അക്കാലത്തെ മിക്ക ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളും പിന്തുടർന്നത്. ജർമ്മൻ ഐഡിയോളജി എന്നാൽ സർക്കാർ നിരോധിച്ചു. ഇത് ലോകം കണ്ടത് 20ാം നൂറ്റാണ്ടിൽ (1932) മാത്രമാണ്.

                    തൊഴിലാളിവർഗവിപ്ലവത്തിന്റെ ആവശ്യകതയെ കുറിച്ചും മറ്റും മാർക്സിന്റെ രചനകൾ പുറത്തിറങ്ങി. എന്നാൽ ഇതിനെ വിമർശിച്ചുകൊണ്ട് ഫ്രഞ്ച് സോഷ്യലിസ്റ്റായ പിയറി ജോസഫ് പ്രൂധോൻ ദാരിദ്യ്രത്തിന്റെ തത്വശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വിപ്ലവങ്ങൾക്കു പകരം സഹകരണമാതൃകയിലുള്ള പ്രസ്ഥാനങ്ങളായിരുന്നു പ്രൂധോന്റെ ആശയം. പ്രൂധോന്റെ പെറ്റിബൂർഷ്വാ നിലപാടുകളുടെ കുറിക്കു കൊള്ളുന്ന വിധം മാർക്സ് മറുപടിയെന്നോണം രചിച്ച ഗ്രന്ഥമായിരുന്നു തത്വശാസ്ത്രത്തിന്റെ ദാരിദ്യ്രം. ഈ പുസ്തകം മാർക്സിനെയും എംഗൽസിനെറും തങ്ങളുടെ ലീഗിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രരേഖ രചിക്കാൻ പ്രേരിപ്പിച്ചു..

                    പഴയ ലീഗ് ഒഫ് ജസ്റ്റ് എന്ന രഹസ്യസംഘടനയെ ഒരു രാഷ്ട്രീയപാർട്ടിയായി സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. 1847മുതലാണ് ഇത് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. 1848 ഫെബ്രുവരി 21ന് ലീഗിന്റെ രാഷ്ട്രീയരേഖയായി മാർക്സും എംഗൽസും ചേർന്ന് പുറത്തിറക്കിയ പുസ്തകമാണ് വിശ്വപ്രസിദ്ധവും ലോകത്തെ ഏറ്റവും സ്വാധീനിച്ച രാഷ്ട്രീയമാർഗരേഖയുമായ 'THE COMMUNIST MANIFESTO'.. യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നുഎന്നാരംഭിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നാളിതുവരെയുള്ള ചരിത്രം വർഗസമരത്തിന്റെതാണെന്ന് പ്രഖ്യാപിച്ചു. ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിലെ വർഗസമരം മൂർഛിക്കുമെന്നും മുതലാളിത്തം തകർന്ന് സോഷ്യലിസം ഉദയം ചെയ്യുമെന്നും അത് ലോകത്തോട് വിളിച്ചുപറഞ്ഞു. മാർക്സിന്റെ ഈ പ്രഖ്യാപനം യൂറോപ്പിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഫ്രാൻസിൽ ഭരണകൂടത്തെ ജനങ്ങൾ അട്ടിമറിക്കുകയും റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു. ബെൽജിയം സർക്കാർ മാർക്സിനെ അറസ്റ്റു ചെയ്തു. അദ്ദേഹം ഫ്രാൻസിലേക്ക് പോകാൻ തീരുമാനിച്ചു..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...