Monday, December 3, 2018

കാറൽ മാർക്സ്- പുതുയുഗത്തിന്റെ വഴികാട്ടി.. PART 1



                    ക്രിസ്തുവിനും നബിക്കും ബുദ്ധനും ശേഷം ലോകത്തെ വലിയൊരുവിഭാഗം ജനവിഭാഗത്തിൽ സ്വാധീനം ചെലുത്താനും അടിച്ചമർത്തപ്പെട്ടവരുടെ ഹൃദയങ്ങളിൽ ഇത്രമേൽ സ്ഥാനം നേടാനും കഴിഞ്ഞ മറ്റൊരാൾ ചരിത്രത്തിൽ വിരളമായിരിക്കും.. മാർക്സ് ഒരിക്കലും ഒരു അതിമാനുഷൻ ആയിരുന്നില്ല.. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ചിന്താഗതികൾക്കും തീർച്ചയായും പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള മർദ്ദിതവർഗത്തിന്റെ പ്രശ്നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും അവരുടെ മുമ്പിൽ വിമോചനത്തിന്റെ മാർഗങ്ങളിലേക്ക് വെളിച്ചം വീശാനും സോഷ്യലിസമെന്നും കമ്മ്യൂണിസമെന്നും അതിനെ വിളിക്കുവാനും മാർക്സിനു കഴിഞ്ഞു.. മാർക്സിനുമാത്രം.. കാൾ മാർക്സിന്റെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം ..


                              ബാല്യകാലം

                    പഴയ പ്രഷ്യൻ സാമ്രാജ്യത്തിലെ ജർമ്മൻ അതിർത്തിക്കടുത്ത് ട്രയർ പട്ടണത്തിൽ 1818 മെയ് 5ന് ഹെന്റിച്ച് മാർക്സിന്റെയും ഹെന്റിറ്റ് പ്രെസ് ബർഗിന്റെയും മകനായി ജനിച്ചു. ഒരു മധ്യവർഗ- ജൂതകുടുംബമായിരുന്നു മാർക്സിന്റേത്.. അമ്മയുടേത് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു വ്യാപാരകുടുംബവും.. ഇവരാണ് പിൽക്കാലത്ത് ഫിലിപ്സ് ഇലക്ട്രോണിക്സ് കമ്പനിയുടെ സ്ഥാപകർ.. ധാരാളം മുന്തിരിത്തോട്ടങ്ങൾ അവർക്ക് സ്വന്തമായി ഉണ്ടായിരുന്നു. മാർക്സിന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായപ്പോഴെല്ലാം പണം നൽകി സഹായിച്ചത് അമ്മാവനായിരുന്നു. മുത്തച്ഛൻ ഒരു യഹൂദഗുരു ആയിരുന്നെങ്കിലും അച്ഛനായ ഹെന്റിച്ച് മാർക്സ് പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചു.

                    യൂറോപ്പിൽ പടർന്നുപിടിച്ച നവോത്ഥാനത്തിൽ ആകൃഷ്ടനായ ആ പിതാവ് ഇമ്മാനുവൽ കാന്റിന്റെയും വോൾട്ടയറിന്റെയും കടുത്ത ആരാധകനായിരുന്നു. പ്രഷ്യൻ രാജഭരണത്തിനെതിരെ ധാരാളം സമരങ്ങളിലും പിതാവ് ഹെന്റിച്ച് മാർക്സ് പങ്കെടുത്തു. മാർക്സ് ജനിച്ച് വർഷങ്ങൾക്കു ശേഷം മാമോദീസ നടന്നു. അച്ഛൻ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ആയിരുന്നെങ്കിലും മാതാവ് യഹൂദസ്ത്രീ ആയിരുന്നു.. പക്ഷേ മാർക്സ് പിൽക്കാലത്ത് ഒരു നിരീശ്വരവാദിയായി സ്വയം വിശേഷിപ്പിച്ചു.. 1819ൽ അവർ പോർട്ടനിഗ്രയിലേക്ക് താമസം മാറി. 9 മക്കളിൽ മൂന്നാമനായിരുന്നു മാർക്സ്. ജ്യേഷ്ഠൻ കൂടി മരിച്ചതോടെ മാർക്സ് ഏറ്റവും മൂത്ത കുട്ടിയായി.. 1830 വരെ പിതാവാണ് മാർക്സിന് പ്രാഥമികവിദ്യാഭ്യാസം നൽകിയത്. പിന്നീട് പിതാവിന്റെ സുഹൃത്തും പുരോഗമനവാദിയുമായ ഹ്യൂഗോ വൈറ്റൻബാച്ച് ഹെഡ്മാസ്റ്ററായ ട്രയർ ഹൈസ്കൂളിൽ മാർക്സിന് അഡ്മിഷൻ ലഭിച്ചു.

                    ലിബറൽ ഹ്യുമാനിസ്റ്റുകളായ അവിടുത്തെ ടീച്ചർമാരും മതേതര- ജനാധിപത്യ-രാഷ്ട്രീയമൂല്യങ്ങളിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയുമെല്ലാം മാർക്സിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടാവണം. എന്നാൽ കുട്ടികളെ രാഷ്ട്രീയം പഠിപ്പിക്കുന്നെന്നാരോപിച്ച് പൊലീസ് സ്കൂളിൽ റെയ്ഡ് നടത്തുകയും സ്കൂൾ പൂട്ടുകയും ചെയ്തു. തന്റെ 17ാം വയസിൽ മാർക്സ് ബോൺ സർവകലാശാലയിൽ തത്ത്വശാസ്ത്രവും സാഹിത്യവും പഠിക്കാൻ ചേർന്നു. പിതാവിനാകട്ടെ നിയമപഠനമായിരുന്നു ആഗ്രഹം. ഉയർന്ന ജോലിസാധ്യതകൾ മുൻനിർത്തിയായിരുന്നു ഇത്. എങ്കിലും മകന്റെ താത്പര്യങ്ങൾക്ക് അച്ഛൻ അനുവാദം നൽകി.

                    അക്കാലത്ത് മാർക്സിന് ഹൃദയസംബന്ധമായ ചില അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ നിർബന്ധിത സൈനികസേവനത്തിൽ നിന്നും ഒഴിവാകാൻ മാർക്സിന് കഴിഞ്ഞു. സർവകലാശാലയിൽ തീവ്രരാഷ്ട്രീയം പ്രചരിപ്പിക്കുന്ന ചില കവിസമ്മേളനങ്ങളിലൊക്കെ മാർക്സും അംഗമായി. എങ്കിലും പിന്നീട് മാർക്സിന് വിദ്യാഭ്യാസത്തോടുള്ള താത്പര്യം കുറഞ്ഞു. അമിതമായ മദ്യപാനാസക്തിയും ഇതിന് ഒരു കാരണമായിരുന്നു. ഇക്കാരണങ്ങളാൽ പിതാവ് മാർക്സിനെ ജർമനിയിലെ ബെർലിൻ യൂണിവേഴ്സിറ്റിയിൽ ചേർത്തു. അവിടെ തത്ത്വശാസ്ത്രവും ചരിത്രവും പഠിക്കുന്നതിൽ മാർക്സ് അതീവശ്രദ്ധ ചെലുത്തി. മാർക്സിന്റെ ജീവിതം വഴിത്തിരിവുകളിലേക്ക് നീങ്ങാനാരംഭിച്ചത് അവിടെ നിന്നായിരുന്നു.

                              ചിന്തകൾ തളിരിട്ട യുവത്വം

                    ബെർലിൻ സർവകലാശാലയിൽ വെച്ച് മാർക്സ് ജർമ്മൻ തത്ത്വചിന്തകനായ GWFഹെഗലിൽ ആകൃഷ്ടനായി. 1836ൽ മാർക്സ് നിയമപഠനവും ആരംഭിച്ചു. ഒരു വാടകമുറിയിലായിരുന്നു താമസം. തത്ത്വശാസ്ത്രവും നിയമസംഹിതകളും തമ്മിലെ സംയോജനത്തെ പറ്റി മാർക്സ് ചിന്തിച്ചു. യൂറോപ്പിൽ വലിയ സംവാദങ്ങൾക്ക് വിഷയമായിരുന്ന ഹെഗേലിയൻ ആശയങ്ങളിൽ നിന്നാണ് വൈരുധ്യാത്മകത (Dialectics) എന്ന ചിന്താരീതി മാർക്സ് സ്വാംശീകരിച്ചത്. എന്നാൽ ദൈവവിശ്വാസിയായ ഹെഗലിന്റെ ആശയവാദപരമായ സങ്കൽപങ്ങളെ മാർക്സും സഹപ്രവർത്തകരും തള്ളിക്കളഞ്ഞു.

                    യങ് ഹെഗേലിയൻസ് എന്ന സംഘടനയിൽ 1837ൽ മാർക്സ് അംഗമായി. ലദ്വിഗ് ഫൊയർബാച്ച്, ബ്രൂണോ ബൗവർ തുടങ്ങിയ ചിന്തകരെയും മാർക്സ് പരിചയപ്പെട്ടു. യങ് ഹെഗേലിയൻ മെമ്പേഴ്സ് എല്ലാവരും ഹെഗലിനെ മൊത്തത്തിൽ അംഗീകരിച്ചില്ലെങ്കിലും വൈരുധ്യാത്മകത എന്ന ആശയം അവർ ഉൾക്കൊള്ളുകയും ഫിലോസഫി, ചരിത്രം, മതം, സാമ്പത്തികം തുടങ്ങിയ മേഖലകളെ വിശകലനം ചെയ്യാനായി ഉപയോഗിക്കുകയും ചെയ്തു.
ഇക്കാലത്ത് തന്നെ ജെന്നി വോൺ വെസ്റ്റ്ഫാലൻ എന്ന സുന്ദരിയായ യുവതിയുമായി മാർക്സ് അടുപ്പത്തിലായി. പ്രഷ്യൻ ഭരണവർഗകുടുംബത്തിലെ അംഗമായിരുന്നു ജെന്നി. എന്നാൽ ഉന്നതനിലയിൽ ജീവിക്കുന്ന ജെന്നിയും ജൂതനായ മാർക്സും തമ്മിലുള്ള വിവാഹം അന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും എല്ലാ സാമൂഹ്യഭ്രഷ്ടിനെയും മാർക്സ് അവഗണിച്ചു. ജെന്നിയുടെ അച്ഛനായിരുന്നു മാർക്സ് തന്റെ ഡോക്ടറേറ്റിനു വേണ്ടിയുള്ള പ്രബന്ധങ്ങൾ സമർപ്പിച്ചിരുന്നത്. അദ്ദേഹവും ഇവരുടെ പ്രണയവിവാഹത്തെ അനുകൂലിച്ചു. വിവാഹനിശ്ചയവും നടന്നു.. മാർക്സിന്റെ ആദ്യകാലരചനകളിൽ ജെന്നിക്കെഴുതിയ പ്രണയലേഖനങ്ങളും കവിതകളും ഉണ്ടായിരുന്നു.

                    ഇംഗ്ലീഷും ഇറ്റാലിയനും മാർക്സ് പഠിച്ചു. 1837ൽ മാർക്സ് തന്റെ ആദ്യ നോവൽ ആയ 'സ്കോർപിയ ആൻഡ് ഫെലിക്സ് ' പൂർത്തിയാക്കി. ഔലാന എന്നൊരു നാടകവും മാർക്സ് എഴുതി. ഇതൊക്കെ പ്രസിദ്ധീകരിച്ചത് ഏറെ വർഷങ്ങൾക്കു ശേഷമാണ്. 1838ൽ മാർക്സിന്റെ പിതാവ് മരണപ്പെട്ടത് മാർക്സിനെ അതീവവിഷാദത്തിലേക്കാണ് നയിച്ചത്. അത്രമേൽ അദ്ദേഹം പിതാവിനെ സ്നേഹിച്ചിരുന്നു. 1840ൽ ബൂണോ ബൗവറുമായി ചേർന്ന് ഹെഗലിന്റെ 'Philosophy of religion' എഡിറ്റ് ചെയ്തു.

                    'The difference between Democritean and Epicurean Philosophy of Nature' എന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലൂടെ മാർക്സിന് ഡോക്ടറേറ്റും ലഭിച്ചു. ഈ പ്രബന്ധം ബെർലിൻ സർവകലാശാലയിൽ വിവാദം സൃഷ്ടിച്ചതിനാൽ ജെന യൂണിവേഴ്സിറ്റിയിലാണ് മാർക്സ് ഇത് സമർപ്പിച്ചത്. കൂട്ടുകാരനും യുക്തിവാദിയുമായ ബൗവറിനൊപ്പം ചേർന്ന് Atheist archives എന്ന പത്രം തുടങ്ങിയെങ്കിലും വെളിച്ചം കണ്ടില്ല. രണ്ടുപേരും കുറച്ചുകാലം ബെർലിനിൽ നിന്നും ബോണിലേക്ക് യാത്ര തിരിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

                    1842ൽ മാർക്സ് കൊളോണിലെത്തുകയും ഉപജീവനത്തിനായി പത്രപ്രവർത്തനത്തിന് തുടക്കമിടുകയും ചെയ്തു. റൈനിഷെ സൈറ്റങ്ങ് എന്ന പത്രത്തിലൂടെ യൂറോപ്യൻ സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ് രൂക്ഷമായി വിമർശിച്ചു. എക്കണോമിക്സിൽ മാർക്സ് കൂടുതൽ ശ്രദ്ധ ചെലുത്തുകയും തന്റേതായ സോഷ്യലിസ്റ്റ് ചിന്തകൾക്ക് രൂപം കൊടുക്കുകയും ചെയ്തു. നിലവിലെ സോഷ്യലിസ്റ്റ് തത്വങ്ങൾ ഉട്ടോപ്യനും അശാസ്ത്രീയവുമാണെന്നും അതിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നും മാർക്സ് എഴുതി. സർക്കാരും പൊലീസും പത്രത്തിനു മേൽ കടുത്ത സെൻസർഷിപ്പ് ഏർപെടുത്തി. തന്നെ വിമർശിച്ചതിനാൽ റഷ്യൻ ചക്രവർത്തി പത്രം നിരോധിക്കാനും ഉത്തരവിട്ടു.1843ൽ മാർക്സ് ഇതിനെതിരെ ഒരു ഹെഗേലിയൻ മാസികയിൽ ലേഖനമെഴുതി. ഈ മാസികയും സർക്കാർ നിരോധിച്ചു.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...