ഓഹരിവിപണി എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കഴിഞ്ഞ പോസ്റ്റിൽ വ്യക്തമാക്കി.. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് വഹിക്കുന്നത് ഓഹരിവിപണിയാണ്.. പക്ഷെ മനസിലാക്കേണ്ട ഒരു കാര്യം ഓഹരിവിപണിയുടെ വളർച്ച എന്നതിന് രാജ്യത്തിന്റെ യഥാർത്ഥ ഉത്പാദനവളർച്ചയുമായോ ജനങ്ങളുടെ ക്ഷേമവുമായോ എപ്പോഴും ബന്ധം ഉണ്ടാവണമെന്നില്ല എന്നതാണ്.. ഊഹക്കച്ചവടവും ചൂതാട്ടവും കുടിലതന്ത്രങ്ങളും ഒക്കെയാണ് അവിടുത്തെ യഥാർഥ 'മൂലധനം'.. ഓഹരികൾ വാങ്ങുകയും കൂടിയ വിലയ്ക്ക് വിൽക്കുകയും ലാഭം നേടുകയും ചെയ്യുക എന്നതാണ് ലക്‌ഷ്യം.
ഓഹരിയുടെ വില കൂടുന്നത് എന്തുകൊണ്ടാണ്.? ദീർഘകാലയളവിൽ അതിന്റെ കാരണം കമ്പനിയുടെ മികച്ച തോതിലുള്ള വളർച്ചയും വരുമാനവുമാണ്. എന്നാൽ അതോടൊപ്പം തന്നെ ഓഹരികളുടെ ഡിമാന്ഡിന് ഇവിടെ പ്രാധാന്യമുണ്ട്.. ഓഹരികളുടെ ഡിമാൻഡ് വർധിക്കുമ്പോൾ അതിന്റെ വില കൂടുകയും ഡിമാൻഡ് കുറയുമ്പോൾ വിലയും ഇടിയുകയും ചെയ്യുന്നു. ഇത് വിശദമാക്കും മുമ്പ് സെൻസെക്‌സ്, നിഫ്റ്റി എന്നീ സംഗതികളെ കുറിച്ച് സൂചിപ്പിക്കണം. എന്താണിവ?? ലളിതമായി വിശദീകരിക്കാം..
ഇന്ത്യയിലെ സ്റ്റോക്ക് മാർക്കറ്റ് പ്രധാനമായും 2 വിപണികളെ ആണ് ഉൾക്കൊള്ളുന്നത്..
1) BSE -Bombay Stock Exchange - ഇവിടെ 6000ത്തിൽ പരം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും പഴയ ഓഹരിവിപണിയാണിത്..
2) NSE -National Stock Exchange - 1600 കമ്പനികളാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
BSE യുടെ ഓഹരിവില സൂചികയാണ് സെൻസെക്‌സ് എന്നത്.. NSEയിലെ ഓഹരിസൂചികയാണ് നിഫ്റ്റി.. എന്താണിവ?
കമ്പനികളുടെ ഓഹരിവില പല കാരണങ്ങളുടെയും ഫലമായി കൂടിയും കുറഞ്ഞുമിരിക്കും. ഇതിനെയെല്ലാം കൂടി മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു സംഖ്യയാണ് ഈ സൂചിക കൊണ്ട് ഉദ്ദേശിക്കുന്നത്.
സെൻസെക്‌സ് മെച്ചപ്പെട്ടു എന്നാൽ അതിനർത്ഥം ബോംബെ സ്റ്റോക്ക് വിപണിയിലെ കമ്പനികളുടെ ഓഹരിവിലകൾ പൊതുവെ വർധിച്ചു എന്നാണ്.. നിഫ്റ്റി ആയാലും അതുപോലെ തന്നെ. സൂചിക ഇടിഞ്ഞു എന്ന് പറഞ്ഞാലോ..? ഓഹരികളുടെ വില താഴോട്ടുപോകുന്നു എന്നാണ് മനസിലാക്കേണ്ടത്.. സ്വാഭാവികമായും ഓഹരികൾ അപ്പോൾ കൈവശം വെച്ചിരിക്കുന്ന ഭാഗ്യദോഷികൾ വിയർക്കാൻ തുടങ്ങും.
ഓഹരിവില ഇടിയാൻ പല കാരണങ്ങളുമാവാം. ഒരു കമ്പനി ഭാവിയിൽ അടച്ചുപൂട്ടാനോ നഷ്ടത്തിൽ ആകാനോ സാധ്യതയുണ്ട് എന്നൊരു ശ്രുതി വിപണിയിൽ പരന്നാലും (അങ്ങനെ സംഭവിക്കണമെന്നില്ല എങ്കിലും!!) അത് ആ കമ്പനിയുടെ ഓഹരിവില ഇടിയാൻ കാരണമാകും.. എങ്ങനെ..? ഓഹരിയുടമകൾ അത് വേഗം ആർക്കെങ്കിലും വിറ്റ് തടിയൂരാൻ ശ്രമിക്കും എന്നതുകൊണ്ട് തന്നെ.. ഭാവിയിൽ ഷെയർ വാല്യൂ പിന്നെയും ഇടിഞ്ഞാൽ താൻ പാപ്പരാവുമെന്ന ഭയത്താൽ ഉടമകൾ വേഗത്തിൽ തങ്ങളുടെ ഓഹരികൾ വിൽക്കാൻ ധൃതി കൂട്ടും. വിൽക്കാൻ തയ്യാറായ ഓഹരികളുടെ സപ്ലൈ കൂടുന്നതിനാൽ വീണ്ടും അവയുടെ വില താഴാൻ തുടങ്ങും..
കാര്യങ്ങൾ അവതാളത്തിൽ ആവും മുൻപേ ഉള്ളതെല്ലാം വിറ്റ് രക്ഷപെടാൻ നോക്കുന്ന ഓഹരിയുടമകളെ കരടികൾ എന്ന് സൂചിപ്പിക്കുന്നു.. മാർക്കറ്റിൽ കരടികളുടെ സാന്നിധ്യം കൂടിയാൽ ഓഹരിവിലകളും സൂചികയും ഇടിയുന്നുവെന്നും സംഗതി പ്രശ്നമാണെന്നുമാണ് അർത്ഥം. ഓഹരിവിപണി സംബന്ധിച്ച പത്രവാർത്തകളിൽ ഒരു കരടിയുടെ ചിത്രം കൊടുത്തിരിക്കുന്നതിന്റെ അർത്ഥം ഇതാണ്..
മറ്റൊരു ചിത്രം നാം കണ്ടിട്ടുണ്ടാവുക കാളയുടേതാവും.. അതിന്റെ അർത്ഥം നേരെ വിപരീതമാണ്.. ഓഹരിവിലകൾ ഊതിപ്പെരുപ്പിച്ചും മറ്റും വിലകളും സൂചികയും ഉയരുന്നു. ഓഹരികൾ എല്ലാം ഒന്നിച്ച് വാങ്ങിക്കൂട്ടി കൃത്രിമമായി ക്ഷാമം ഉണ്ടാക്കി, അവയുടെ സപ്ലൈ കുറച്ചും മുതലാളിമാർക്ക് വില വർധിപ്പിക്കാനാവും. ഇങ്ങനെ വില കൂടുമ്പോൾ ആളുകൾ വില കൂടിയ ഓഹരികൾ സ്വന്തമാക്കാൻ പായുന്നു. ഓഹരികളുടെ ഡിമാൻഡ് കൂടുകയും അത് വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുകയോ ചെയ്യുന്നു. ഇവരെയാണ് കാളയുടെ ചിത്രം സൂചിപ്പിക്കുന്നത്. ഓഹരിവിപണിയുടെ അഭിവൃദ്ധിയെയാണ് കാള സൂചിപ്പിക്കുന്നത്. അതായത് ഷെയറുകളുടെ വിലയും തത്ഫലമായി സൂചികകളും ഉയരുന്നു എന്നർത്ഥം..
അപ്പോൾ ഇനിമുതൽ ഓഹരിവിപണി സംബന്ധമായ വാർത്തകൾ കാണുമ്പോൾ അവഗണിച്ചുകളയാതെ നിങ്ങളും ശ്രദ്ധിക്കുമെന്ന് കരുതുന്നു. മനസിലാക്കേണ്ട ഒരു കാര്യം ഓഹരിവിപണിയുടെ അഭിവൃദ്ധിക്ക് യഥാർത്ഥ സാമ്പത്തികവ്യവസ്ഥയുടെ അഭിവൃദ്ധിയുമായി എപ്പോഴും ബന്ധം ഉണ്ടാവണമെന്നില്ല.. ധനമൂലധനത്തിന്റെ രാജ്യാതിർത്തികൾ കടന്നുള്ള ഒഴുക്ക് സ്വതന്ത്രവും ദ്രുതഗതിയിലും ആക്കിയത് സ്റ്റോക്ക്മാർക്കറ്റുകളാണ്. വിലകൾ ഊതിപ്പെരുപ്പിച്ചും ഇടിച്ചുതാഴ്ത്തിയും ഒക്കെയുള്ള ഓഹരിയുടമകളുടെ തന്ത്രങ്ങളും അതിലൂടെ മറ്റ് ഉടമകൾക്കുണ്ടാവുന്ന സംശയങ്ങളും മാനസികമായ ചാഞ്ചല്യങ്ങളും ഒക്കെ വിപണിയെയും ബാധിക്കാം. പക്ഷെ ഇവ അനിയന്ത്രിതമാകുമ്പോൾ അനന്തരഫലങ്ങളും വളരെ ഭീകരമാവുന്നു. അതിന്റെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഒന്നുമറിയാത്ത സാധാരണക്കാരാണ്..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...