Saturday, September 22, 2018

ഭൗതികവാദം( Materialism )

മാർക്സിസ്റ്റ് സിദ്ധാന്തങ്ങളുടെയെല്ലാം താത്വികമായ അടിത്തറയാണ്  വൈരുധ്യാത്മകഭൗതികവാദം.. വൈരുധ്യാത്മകത, ഭൗതികവാദം എന്നീ രണ്ട് ആശയങ്ങളുടെ സമ്മേളനമാണിത്. വൈരുധ്യാത്മകത അഥവാ ഡയലക്ടിക്സ് പോലെ തന്നെ പ്രധാനമാണ് ഭൗതികവാദവും.. എന്താണ് ഭൗതികവാദം..
ഇതിന്റെ അടിസ്ഥാനതത്വങ്ങൾ താഴെ പറയുന്നു..

1.പ്രപഞ്ചം ഭൗതികമാണ്.. സത്യമാണ്.. ഭൗതികയാഥാർത്ഥ്യമാണ് ഈ പ്രപഞ്ചമെന്ന് സാരം.. പ്രപഞ്ചം മായയാണെന്നും തോന്നലുകളാണെന്നും മറ്റുമുള്ള വാദങ്ങൾ മാർക്സിസം നിഷേധിക്കുന്നു..


2. പ്രപഞ്ചം എന്നത് ഭൗതികവസ്തുക്കൾ മാത്രമല്ല ആശയങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്.. കല്ല്, മരം, മനുഷ്യൻ, ഭൂമി ,പ്രകാശം തുടങ്ങിയവയാണ് ഭൗതികവസ്തുക്കളെങ്കിൽ നമ്മുടെ ചിന്തയിൽ നിന്നുണ്ടാകുന്ന കാര്യങ്ങളെ ആശയം എന്നു പറയാം.. ഉദാഃ നമ്മുടെ വികാരങ്ങൾ, പ്രണയം, ധാർമികത, ജനാധിപത്യം,മതം, മാർക്സിസം, ശാസ്ത്രനിയമങ്ങൾ etc.


3.ഭൗതികവസ്തുക്കളിൽ നിന്നാണ് ആശയങ്ങൾ ഉണ്ടാകുന്നത്. മറിച്ച് ആശയങ്ങളിൽ നിന്നും ഭൗതികവസ്തുക്കളല്ല ജനിക്കുന്നത്. അതായത് നമ്മുടെ വികാരവിചാരങ്ങളും തത്വങ്ങളും മറ്റ് ആശയങ്ങളും ഒക്കെ ഉണ്ടാകുന്നത് തലച്ചോർ എന്ന ഭൗതികവസ്തുവിൽ നിന്നാണ്.. ഭൗതികവസ്തുക്കൾ ഇല്ലെങ്കിൽ ആശയങ്ങളും ഇല്ല..


ഭൗതികവാദം വൈരുധ്യാത്മകമാകുമ്പോൾ..

ഭൗതികവാദമെന്നത് ഭൗതികവസ്തുക്കൾക്ക് മുഖ്യപ്രാധാന്യം നൽകുന്നതാണ്.. എന്നാൽ അതിനർത്ഥം ആശയങ്ങളെയും ആദർശങ്ങളെയും നിഷേധിക്കണമെന്നല്ല..ആശയങ്ങൾക്കും അവയുടെതായ പ്രാധാന്യം വൈരുധ്യാത്മകഭൗതികവാദം നൽകുന്നു.അതായത് ഭൗതികപദാർത്ഥങ്ങളും ആശയങ്ങളും തമ്മിൽ വൈരുധ്യാത്മകമായ ബന്ധമാണുള്ളത്.

 ഭൗതികവസ്തുക്കളിൽ(thesis) നിന്നും ആശയങ്ങൾ(anti-thesis) ഉത്ഭവിക്കുന്നു. ഇതേ ആശയങ്ങൾ വളർന്ന് ശക്തി പ്രാപിക്കുമ്പോൾ ഭൗതികലോകത്ത് മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.. മാറുന്ന ഭൗതികലോകത്ത് പുതിയ ആശയങ്ങൾ ജനിക്കുകയുമാവാം.. ആശയങ്ങൾ ജനമനസുകളിൽ അള്ളിപ്പിടിക്കുമ്പോൾ അത് ഒരു ഭൗതികശക്തിയായി മാറുമെന്നാണ് മാർക്സ് പറഞ്ഞത്. 


ഫാസിസം, വർഗീയത തുടങ്ങിയ ആശയങ്ങൾക്ക്  ഈ ഭൗതികലോകത്ത് എന്തൊക്കെ വിനാശകരമായ മാറ്റങ്ങൾ വരുത്താനാകുമെന്ന് നമുക്കറിയാം.. ശാസ്ത്രസിദ്ധാന്തങ്ങൾ(ആശയങ്ങൾ) സമൂഹത്തിലുണ്ടാക്കുന്ന പുരോഗതിയും ചെറുതല്ല. മാർക്സിസം എന്ന ആശയവും ലോകത്തെ മാറ്റിമറിക്കാനുതകുന്ന ഒരായുധമാണ്.. അതുകൊണ്ടാണ് ആശയങ്ങൾക്ക് ഭൗതികലോകത്ത് ഗണ്യമായ മാറ്റം ചെലുത്താനാവുമെന്ന് പറയുന്നത്.. ഇവ രണ്ടും വൈരുധ്യാത്മകമാണ്..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...