Tuesday, October 30, 2018

അന്യവത്കരണം ( Alienation)



 ഒരുപക്ഷേ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമായാണ് മാർക്സിസത്തെ കൂടുതൽ പേരും അറിയുക.. എന്നാൽ അതിലുപരി മാർക്സിയൻ വീക്ഷണത്തിന്റെ മറ്റു സാധ്യതകളിലേക്കും കൂടി നാം തീർച്ചയായും എത്തിനോക്കേണ്ടതുണ്ട്.. മാർക്സിയൻ സാമൂഹ്യമനഃശാസ്ത്ര വിശകലനമാണ് അതിലൊന്ന്.. അതിനുമുമ്പ് നാം ഓരോരുത്തരും മനസിലാക്കേണ്ട ഒരു പദമാണ് അന്യവത്കരണം..

 മുതലാളിത്തവ്യവസ്ഥയിൽ തൊഴിലാളിവർഗം കടന്നുപോകുന്ന ഒരു പ്രത്യേക അവസ്ഥ എന്നോണമാണ് മാർക്സ് അന്യവത്കരണം എന്ന ആശയം മുന്നോട്ടുവെച്ചത്.. എന്താണിതെന്ന് നോക്കാം.. അന്യവത്കരണം നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു..

(1) ഉത്പന്നത്തിൽ നിന്നുള്ള അന്യവത്കരണം (Alienation from product)-
തൊഴിലാളി ഉത്പാദകശക്തികൾക്കുമേൽ അധ്വാനിച്ചുകൊണ്ട് ഉത്പന്നം നിർമിക്കുന്നു. ലാഭവും സൃഷ്ടിക്കുന്നു. എന്നാൽ ഈ ഉത്പന്നമോ ലാഭമോ തൊഴിലാളിയുടെ സ്വന്തമാകുന്നില്ല.. മാത്രമല്ല ഉത്പാദനത്തിനായ് അവർ ഉപയോഗിക്കുന്ന ഉപാധികളും (അസംസ്കൃതവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങിയവ) അവരുടെ സ്വന്തമല്ല.. ഇങ്ങനെ ഉത്പന്നങ്ങളിൽ നിന്നും ഉത്പാദനോപാധികളിൽ നിന്നും അവർ അന്യവത്കരിക്കപ്പെടുന്നു. ഉത്പാദിപ്പിക്കുന്നത് കോടികൾ വിലമതിക്കുന്നതാണെങ്കിലും തൊഴിലാളിവർഗത്തിന് സ്വന്തമെന്ന് പറയാവുന്നത് തുച്ഛമായി മാറുന്നു..

 (2)ഉത്പാദനപ്രക്രിയയിൽ നിന്നുള്ള അന്യവത്കരണം (Alienation from Labour)-
തൊഴിലാളിയുടെ അധ്വാനം എന്നത് തുടർച്ചയായതും ക്രമസ്വഭാവമുള്ളതുമായിരിക്കും.. ഒരേ ജോലി തന്നെ ആവർത്തനസ്വഭാവത്തോടെ ചെയ്ത് ഒരു യന്ത്രത്തിലെ പൽചക്രം പോലെ തൊഴിലാളി നിലകൊള്ളുന്നു. ഇത് ഉത്പാദനപ്രക്രിയയോടുള്ള വിരക്തി വർധിപ്പിക്കും. തൊഴിലില്ലാത്തവർ തൊഴിലിൽ നിന്ന് നേരത്തെ അന്യവത്കരിക്കപ്പെട്ടവരാണ്. അതേസമയം തൊഴിലെടുക്കുന്നവർക്ക് വിരസതയും വർധിക്കുന്നു. ജൈവികവും ഉന്മേഷപൂർണവുമായ അധ്വാനത്തിൽ നിന്നും അവർ അന്യവത്കരിക്കപ്പെടുന്നു.

(3)മറ്റുള്ളവരിൽ നിന്നുള്ള അന്യവത്കരണം (Alienation from others)-
വരുമാനത്തിലുണ്ടാകുന്ന അസമത്വം, തൊഴിലാളികൾക്കിടയിലെ ശക്തമായ മത്സരം തുടങ്ങിയവ അവരെ പരസ്പരം അന്യവത്കരിക്കുന്നു.. സഹകരണവും പരസ്പരാശ്രയവുമല്ല, മത്സരബുദ്ധിയും സ്വാർത്ഥതയുമാണ് ജനങ്ങളെ മുന്നോട്ടു നയിക്കുക. തൊഴിലാളിഐക്യത്തിന് ഇത് വിഘാതവുമാണ്.

(4)അവനവനിൽ നിന്നു തന്നെയുള്ള അന്യവത്കരണം (Alienation from oneself)-
ആദ്യത്തെ 3 പ്രതിഭാസങ്ങൾ ഇതിലേക്കാണ് നയിക്കുന്നത്.. തുടർച്ചയായ അധ്വാനം, വർധിച്ചു വരുന്ന ദുരിതങ്ങൾ, എത്ര കഷ്ടപ്പെട്ടാലും ജീവിതം ക്ലേശകരമായി തുടരുന്ന അവസ്ഥ ജീവിതത്തോടുള്ള വിരസത എന്നിവ തൊഴിലാളിയെ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിൽ എത്തിക്കുന്നു. അവരുടെ ക്രിയാത്മകത, സർഗാത്മകമായ ശേഷികൾ തുടങ്ങിയവയിൽ നിന്നും ഫലത്തിൽ അവനവന്റെ സത്തയിൽ നിന്നുതന്നെയും അന്യവത്കരിക്കപ്പെടുന്നു.

അന്യവത്കരണം എന്നതിന് സാമൂഹ്യവും മനശാസ്ത്രപരവുമായ മാനങ്ങളുണ്ട്.. അവയെല്ലാം തുടർന്ന് വിശദീകരിക്കാം. സോഷ്യലിസം എന്നത് ഈ 4 തരം അന്യവത്കരണത്തെയും ഇല്ലാതാക്കുന്നതു കൂടിയാവണം...

മനുഷ്യപ്രകൃതി- ഒരു മാർക്സിയൻ പരിപ്രേക്ഷ്യം..

മാർക്സിസത്തിൽ ചരിത്രവിശകലനം എന്നത് മനുഷ്യനിൽ സംഭവിക്കുന്ന നിരന്തരമായ പരിഷ്കരണത്തെ കൂടി വിശകലനം ചെയ്യുന്നതും ഉൾപെടുന്നുണ്ട്.. ചരിത്രം എന്നാൽ മനുഷ്യവംശത്തിന്റെ ഇന്നേവരെയുള്ള കഥയും സംഭവങ്ങളും മാത്രമല്ല.. അത് മനുഷ്യന്റെ പ്രകൃതി അഥവാ മനുഷ്യഗുണത്തിലുണ്ടാവുന്ന  സ്വാഭാവികമായ പരിവർത്തനം കൂടിയാണ്.. അടിമത്തത്തിൽ നിന്നും ഫ്യൂഡലിസത്തിലേക്കും മുതലാളിത്തത്തിലേക്കുമുള്ള സാമൂഹ്യപരിഷ്കരണം മനുഷ്യനിലെ ഗുണഗണങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കുന്നുണ്ട്..

ഉദാഹരണത്തിന് ചാതുർവർണ്യകാലത്തെ മനുഷ്യരുടെ ധർമസങ്കൽപങ്ങളും മൂല്യബോധവുമല്ല കോളനിവത്കരണകാലത്തെ  ജനങ്ങളിൽ  ആധിപത്യം ചെലുത്തിയിരിക്കുക.. അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നത്തെ മനുഷ്യരുടെ ചിന്താഗതികൾ. സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലും ഇത്തരം ഒരു ബൗദ്ധികമായ വിപ്ലവം സംഭവിച്ചേ തീരൂ.. ചരിത്രം മുന്നോട്ടുപോകുന്തോറും മനുഷ്യൻ അവന്റെയുള്ളിലെ യഥാർത്ഥ മനുഷ്യഗുണത്തിലേക്ക് എത്തിച്ചേരുന്നു. വ്യവസ്ഥയുടെ മുന്നോട്ടു പോക്കിൽ മനുഷ്യവംശം അതിന്റെ സത്തയിലേക്ക് കൂടുതൽ അടുക്കുന്നു എന്നർത്ഥം. എന്താണ് ഈ മനുഷ്യഗുണം അഥവാ മനുഷ്യസത്ത എന്ന് വിശദീകരിക്കാം. കമ്മ്യൂണിസം എന്നത് മനുഷ്യൻ പൂർണമായും മനുഷ്യനായി ജീവിക്കുന്ന ഒരു വ്യവസ്ഥയായാണ് മാർക്സ് വിഭാവനം ചെയ്യുന്നതും.

മനുഷ്യൻ അടിസ്ഥാനപരമായി സ്വാതന്ത്യ്രം ആഗ്രഹിക്കുന്നവനാണ്. സ്വാതന്ത്യ്രം എന്ന ആശയത്തെ മാർക്സ് ഗഹനമായ വിശകലനങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. മനുഷ്യന്റെ ഗുണങ്ങളെ കുറിച്ചുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടുകളും വർഗബോധത്തെ കുറിച്ചുള്ള ആശയങ്ങളും മനഃശാസ്ത്രവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രോയ്ഡിന്റെ ചിന്തകളും മാർക്സിയൻ വീക്ഷണങ്ങളോട് വളരെയധികം സമാനത പുലർത്തുന്നുണ്ട്. മനുഷ്യൻ എപ്പോഴാണോ ചില പ്രത്യേക ബലങ്ങളാൽ നിയന്ത്രിക്കപ്പെടുന്നത്, അഥവാ ചില ഘടകങ്ങൾ അവന്റെ വിധി തീരുമാനിക്കുന്നത് അപ്പോഴെല്ലാം അവൻ അസ്വതന്ത്രനായിരിക്കും എന്ന വിഖ്യാതശാസ്ത്രജ്ഞനായ സ്പിനോസയുടെ ആശയം തന്നെയാണ് മാർക്സിസത്തിന്റെയും ഫ്രോയീഡിയൻ മനഃശാസ്‌ത്രത്തിന്റെയും അടിസ്ഥാനം.

എന്നാൽ ഫ്രോയിഡിന്റെ മനുഷ്യസങ്കൽപം എന്നത് ബൂർഷ്വാസിയുടെ വിപണിസങ്കൽപത്തിൽ അധിഷ്ഠിതമായ മനുഷ്യസങ്കൽപം തന്നെയാണ്. ഇതനുസരിച്ച് മനുഷ്യൻ എന്നത് ചില ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിമാത്രം മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്ന ഒറ്റപ്പെട്ട ജീവിയാണ്. മനുഷ്യർ തമ്മിലെ സാമൂഹ്യബന്ധങ്ങളെ ഈ വീക്ഷണം അവഗണിക്കുന്നു. തിന്നാനും കുടിക്കാനും ആവശ്യം നേടാനും ഉള്ള നെട്ടോട്ടം ഒഴിച്ചാൽ എല്ലാ മനുഷ്യരും ഒറ്റയൊറ്റയായി നിലകൊള്ളുന്നുവത്രേ.. എന്നാൽ മാർക്സിയൻ മനുഷ്യവീക്ഷണം കുറച്ചുകൂടി വ്യത്യസ്തമാണ്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അവൻ നിലനില്പിനായി  ലോകത്തെ ആവശ്യപ്പെടുന്നു. നിലനിൽപ് എന്നാൽ ജീവന്റെ നിലനിൽപ്എന്നതു മാത്രമല്ല, മറിച്ച് മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന അവന്റെ ഉണ്മ (മനുഷ്യസത്ത)യുടെ നിലനിൽപാണത്.



മനുഷ്യന്റെ അപാരമായ ക്രിയാത്മകശേഷിയിൽ മാർക്സ് അടിയുറച്ചു വിശ്വസിച്ചു. എന്നാൽ സാമൂഹ്യയാഥാർത്ഥ്യങ്ങൾ അവനെ ഒരു ചട്ടക്കൂടിനുള്ളിൽ അടിമയാക്കി നിർത്തിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം എന്ന് മാർക്സ് കണ്ടു. മനുഷ്യനിൽ അന്തർലീനമായ സത്തയിലേക്കുള്ള അവസാനിക്കാത്ത പ്രയാണത്തിന്റെ കഥയാണ് ചരിത്രം..


മനുഷ്യവിശകലനം മാർക്സിസത്തിൽ..

മാർക്സിയൻ മനഃശാസ്ത്രവിശകലനത്തെ കുറിച്ച് കഴിഞ്ഞ ലേഖനത്തിൽ ഒന്നു സൂചിപ്പിച്ചിരുന്നല്ലോ.. വാസ്തവത്തിൽ മനുഷ്യപ്രകൃതി (മനുഷ്യന്റെ പൊതുവായ ഗുണം) എന്നത് അവന്റെ അധ്വാനത്തിൽ അധിഷ്ഠിതമാണെന്നാണ് മാർക്സ് പറഞ്ഞത്. മനുഷ്യന്റെ ദൈനംദിനപ്രവർത്തികൾ അവനിലെ ഗുണഗണങ്ങളെ സ്വാധീനിക്കുന്നു. കാട്ടിൽ വേട്ടയാടുന്ന ആദിമമനുഷ്യനും പൊരിവെയിലിൽ കഷ്ടപ്പെട്ട് പണിയെടുത്ത് വിളവുണ്ടാക്കുന്ന കർഷകനും എസി റൂമിലിരുന്ന് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന സീനിയർ മാനേജരും വിയർപ്പൊഴുക്കാതെ ഓഹരിനിക്ഷേപത്തിലൂടെ കാശ് വാരുന്ന ധനികനും മരച്ചുവട്ടിൽ മതപ്രസംഗം നടത്തി ജീവിക്കുന്ന പണ്ഡിതനും തൊഴിലില്ലാതെ അലയുന്ന യുവാവുമൊക്കെ തീർച്ചയായും പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്തങ്ങളായ മനുഷ്യപ്രകൃതികളെയാണ്.

മനുഷ്യനിലെ ആന്തരികപ്രകൃതിയെ രൂപപ്പെടുത്തുന്ന ഘടകം മറ്റൊന്നുമല്ല, അവന്റെ അധ്വാനമാണ്. ഈ മനുഷ്യപ്രകൃതിക്കു ബദലായി ഒരു യഥാർത്ഥ മനുഷ്യസത്ത എല്ലാ മനുഷ്യരും ഉൾക്കൊള്ളുന്നു. മനുഷ്യന്റെ ബോധമനസുപോലെ ഉപബോധമനസും ധാരാളം ഗുണങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. ഈ സത്തയിലേക്കുള്ള മനുഷ്യന്റെ പ്രയാണമാണ് അവന്റെ ചരിത്രമെന്ന് കഴിഞ്ഞ ലേഖനത്തിൽ എഴുതിയിരുന്നു. എന്നാൽ ഈ യഥാർത്ഥ മനുഷ്യപ്രകൃതിയിൽ നിന്ന് മനുഷ്യൻ അകന്നുമാറുന്നതിന് കാരണം നിലവിലെ സാമൂഹ്യവ്യവസ്ഥിതിയിൽ അവൻ നേരിടുന്ന അന്യവത്കരണം തന്നെയാണ്.

അധ്വാനമാണ് മനുഷ്യനിലെ സത്തയെ നിർവചിക്കുന്നത് എന്നതിനാൽ അധ്വാനത്തിൽ നിന്നുള്ള അവന്റെ അന്യവത്കരണം വാസ്തവത്തിൽ അവനവനിൽ നിന്നു തന്നെ മനുഷ്യനെ അന്യവത്കരിക്കുന്നു. തന്റെയുള്ളിലെ യഥാർത്ഥ സത്തയിൽ നിന്നും അവൻ അകലുന്നു. ചരക്കിൽ നിന്നും അധ്വാനത്തിൽ നിന്നും മനുഷ്യൻ മാനസികമായി അന്യവത്കരിക്കപ്പെടുമ്പോൾ അയാൾ തന്നിൽ നിന്നുതന്നെ അകന്നുമാറുകയും യന്ത്രസമാനനായി മാറുകയും ചെയ്യുന്നു. (അന്യവത്കരണം കാണുക). മുതലാളിത്തലോകത്ത് തൊഴിലാളിക്ക് ഇത്തരം ഒരു ആത്മീയച്യുതി ( സത്തയുടെ നഷ്ടം) സംഭവിക്കുന്നു. എന്താണ് മനുഷ്യന്റെ ഈ അടിസ്ഥാനസത്ത..?

1) സ്വാതന്ത്യ്രബോധം- മനുഷ്യൻ പൊതുവേ സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന ജീവിയാണ്. അത് മനുഷ്യനിൽ അന്തർലീനമാണ്. സ്വതന്ത്രമായി ജീവിക്കുക, സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കുക, ആവശ്യങ്ങളും ആഗ്രഹങ്ങളും (അത്യാഗ്രഹമല്ല) നിറവേറുക തുടങ്ങിയവയ്ക്കായുള്ള സ്വാതന്ത്യ്രമാണത്. സ്വാതന്ത്യ്രത്തെ ആരെങ്കിലും ഹനിച്ചിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുടെ സ്വാതന്ത്യ്രത്തെ മാത്രമാണ് താനും.

2) എല്ലാ മനുഷ്യരും ആഗ്രഹങ്ങൾ കൊണ്ടുനടക്കുന്നു. (ആവശ്‌യം, ആഗ്രഹം, അത്യാഗ്രഹംഎന്നീ 3 പദങ്ങൾ തമ്മിലെ വ്യത്യാസം മനസിലാക്കുക).

3) സ്വാർത്ഥത, ആധിപത്യബോധം തുടങ്ങിയവ മനുഷ്യനിലെ സ്വാഭാവികഗുണങ്ങളല്ല.. അവ വ്യവസ്ഥിതി അവനിൽ അവനറിയാതെ അടിച്ചേൽപ്പിക്കുന്ന ഗുണങ്ങൾ മാത്രമാണ്. അതിനെപ്പറ്റി പിന്നീട് വിശദീകരിക്കാം.

4) വൈവിധ്യപപൂർണവും ക്രിയാത്മകവുമായ പ്‌രവർത്തനങ്ങൾ- മനുഷ്യൻ വൈവിധ്യമാർന്ന പ്രവർത്തികളെ ഇഷ്ടപ്പെടുന്നു. എക്കാലവും ഒരേ രീതിയിൽ പ്രവർത്തിക്കാതെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനും മാറ്റങ്ങൾ സ്വീകരിക്കാനും സർഗാത്മകമായ (crerative) കഴിവുകളിലേക്ക് തിരിയാനും ആഗ്രഹിക്കുന്നു.
കൂടാതെ സഹകരണം, സമാധാനം, പങ്കാളിത്തം, സ്നേഹം തുടങ്ങിയ മൂല്യങ്ങളെല്ലാം മനുഷ്യന്റെ അടിസ്ഥാനസത്തയുടെ ഭാഗമാണ്. ഈ 'യഥാർത്ഥ മനുഷ്യ' നിലേക്കുള്ള യാാത്രയുടെ കഥയാണ് മനുഷ്യ ചരിത്രം എന്നത്. എന്നാൽ വ്യവസ്ഥിതി അടിച്ചേൽപ്പിക്കുന്ന അന്യവത്കരണം ഈ സത്തയിൽ നിന്നും മനുഷ്യനെ അകറ്റുന്നു. മുതലാളിത്തം നമുക്കു മുന്നിൽ അവതരിപ്പിക്കുന്ന സ്വാതന്ത്യ്രവും സമത്വവും മൂല്യങ്ങളും നമ്മിൽ അതുണ്ടാക്കുന്ന ആഗ്രഹങ്ങളും ഒക്കെ മുകളിൽ പറഞ്ഞ മനുഷ്യസത്തയിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...