ലോകപ്രശസ്ത മാർക്സിസ്റ്റുകളായ എറിക് ഹോബ്സോം, ലൂയി അൾത്തൂസർ, പെറി ആൻഡേഴ്സൺ എന്നിവർ 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്സിസ്റ്റ് ചിന്തകനായാണ് അന്റോണിയോ ഗ്രാംഷിയെ കാണുന്നത്. എന്നാൽ ഇന്ത്യയിലെ ഇടതുപക്ഷസൈദ്ധാന്തിക ലോകത്ത് ഇന്നും ഗ്രാംഷിയുടെ പ്രാധാന്യം വേണ്ടവിധം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്. പ്രത്യേകിച്ചും വർഗീയഫാസിസം ഭീഷണിയായി മാറുന്ന ഇക്കാലത്ത്. എങ്കിലും ഗ്രാംഷിയെ പറ്റി രചിക്കപ്പെട്ടതിൽ എടുത്തുപറയാനാവുന്ന ഒരു പുസ്തകം ഇ.എം.എസ് രചിച്ച ഗ്രാംഷിയൻ വിചാരവിപ്ലവം ആണ്.
മാർക്സിയൻ ആശയങ്ങൾക്ക് ഗ്രാംഷി നൽകിയ വളരെ പ്രധാനപ്പെട്ട ഒരു സംഭാവനയാണ് കൾച്ചറൽ ഹെജിമണി അഥവാ സാംസ്കാരിക മേധാവിത്തം എന്ന ആശയം.. മുതലാളിത്തം. പൗരസമൂഹം ,രാഷ്ട്രീയസമൂഹം എന്നിവ തമ്മിലെ വൈരുധ്യം ഗ്രാംഷി ചർച്ച ചെയ്യുന്നു. വ്യക്തിയും സമൂഹവും തമ്മിലെ വൈരുധ്യങ്ങളും പ്രധാനമാണ്. വ്യക്തികൾ ചേർന്നാണ് സമൂഹം ഉണ്ടാകുന്നത്. എന്നാൽ സമൂഹം വ്യക്തിക്കുമേൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. വ്യക്തിക്ക് സ്വന്തമായി താത്പര്യങ്ങൾ ഉണ്ടാകാം. എന്നാൽ സമൂഹത്തിന്റെ പൊതുതാത്പര്യങ്ങളുമായുള്ള ധാരണയിൽ മാത്രമേ വ്യക്തിക്ക് നിലനിൽപ് സാധ്യമാകൂ.. വ്യക്തിയും സമൂഹവും തമ്മിലെ വൈരുധ്യം പരിഹരിച്ച് ഇവയെ പരസ്പര ഐക്യത്തോടെ സംരക്ഷിക്കാനുള്ള ഉപാധിയാണ് ജനാധിപത്യം. മറിച്ച് വ്യക്തിതാത്പര്യങ്ങൾ സമൂഹതാത്പര്യങ്ങൾക്കു മേൽ ആധിപത്യം നേടുകയാണെന്ന് കരുതുക.. അതിന്റെ ഫലം ഏകാധിപത്യവും ഫാസിസവും ഒക്കെയായിരിക്കും.
ഒരു സമൂഹത്തിലെ 2 വിരുദ്ധമുഖങ്ങളാണ് പൗരസമൂഹവും രാഷ്ട്രീയസമൂഹവും. പൗരസമൂഹത്തിന്റെ അടിസ്ഥാനം പരസ്പര സഹകരണമാണ്. വിട്ടുവീഴ്ചകളിലൂടെയും സഹകരണത്തോടെയും പൗരന്മാർ ജീവിക്കുന്നു. എന്നാൽ രാഷ്ട്രീയസമൂഹത്തിന്റെ അടിസ്ഥാനം പരസ്പര ബലപ്രയോഗമാണ്.. വിദ്യാലയങ്ങൾ, ദേവാലയങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ തുടങ്ങി പരസ്പര സഹകരണത്തോടെ നിലകൊള്ളുന്ന സ്ഥാപനങ്ങൾ ചേർന്നതാണ് പൗരസമൂഹം. വിവിധ സമൂഹങ്ങളും പ്രസിദ്ധീകരണങ്ങളും ഒക്കെ ഇതിൽ പെടും. പൗരസമൂഹം ജനങ്ങൾക്കു മേൽ നേരിട്ട് മേധാവിത്തം അടിച്ചേൽപിക്കുന്നില്ല. അതേസമയം രാഷ്ട്രീയസമൂഹം എന്നത് ഗവൺമെന്റ്, പോലീസ്, കോടതി, സൈന്യം തുടങ്ങിയവ ചേർന്നതാണ്. ഇവ ജനങ്ങൾക്കുമേൽ ഒരു മേൽക്കോയ്മ സ്ഥാപിക്കുന്നുണ്ട്. പൗരസമൂഹവും രാഷ്ട്രീയസമൂഹവും മുതലാളിത്തത്തിന്റെ രണ്ട് ഉപകരണങ്ങൾ കൂടിയാണ്.
മുതലാളിത്തം ജനങ്ങൾക്കുമേൽ ഈ രണ്ട് മാർഗങ്ങളാൽ ആധിപത്യം ചെലുത്തുന്നു. പൗരസമൂഹത്തെ ഉപയോഗിച്ച് മുതലാളിത്തം അതിന്റേതായ ഒരു സാമൂഹ്യരാഷ്ട്രീയ സംസ്കാരം ജനങ്ങളിൽ സൃഷ്ടിക്കുകയും അവരറിയാതെ തന്നെ അവർക്കു മേൽ മുതലാളിത്തം ആധിപത്യം നേടുകയും ചെയ്യുന്നു. മുതലാളിത്തചൂഷണത്തെ പൊതുസമ്മതമാക്കുന്നു. മുതലാളിത്തനിർമിതികളെ അത് ജനങ്ങൾക്കിടയിൽ പ്രിയങ്കരമാക്കുന്നു. മുതലാളിത്തം തന്നെയാണ് ശരിയെന്ന മിഥ്യാബോധം ജനങ്ങളിൽ ഉണ്ടാക്കുന്നു. ഇതാണ് കൾച്ചറൽ ഹെജിമണി എന്ന് ഗ്രാംഷി ഉദ്ദേശിച്ചത്. വിദ്യാഭ്യാസം, മതം, മാധ്യമം തുടങ്ങിയവയെല്ലാം ഈ മിഥ്യാബോധം ജനങ്ങളിൽ പരത്തുന്നു.
രാഷ്ട്രീയസമൂഹത്തെ മുതലാളിത്തംജനങ്ങൾക്കു മേൽ നേരിട്ടുള്ള മേധാവിത്തത്തിനാണ് ഉപയോഗിക്കുക. ഭരണകൂടം അതിന്റെ നയങ്ങൾ കൊണ്ടും നീതിന്യായം അതിന്റെ നടപടികൾ കൊണ്ടും പോലീസും സൈന്യവും അതിന്റെ ബലപ്രയോഗം കൊണ്ടും ജനങ്ങൾക്കുമേൽ മുതലാളിത്തമേധാവിത്തം സുസാധ്യമാക്കുന്നു. അതിനാൽ വിപ്ലവം എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഭരണകൂടം പിടിച്ചെടുക്കുന്നത് മാത്രമല്ല ,മറിച്ച് തൊഴിലാളിവർഗത്തെ സാംസ്കാരികമായി മുതലാളിത്തത്തിനെതിരായ വഴിയിലേക്ക് നയിക്കുകയും സോഷ്യലിസത്തിലേക്ക് ബൗദ്ധികമായി നയിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാവണം കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതുമാണ് ഗ്രാംഷി നൽകുന്ന പാഠം.

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...