Tuesday, October 30, 2018

ഉത്പാദനവും മനുഷ്യപ്രകൃതിയും..


                    

                    ശിലായുഗസംസ്കാരത്തിൽ നിന്നും സ്വയം ചരക്കുകൾ ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യൻ എത്താൻ പ്രധാന കാരണം ജനസംഖ്യാവർധനവായിരുന്നു. മനുഷ്യരുടെ എണ്ണം പെരുകിയതോടെ ഭക്ഷണവും മറ്റും ശേഖരിക്കുന്നതിൽ നിന്നും ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത മനുഷ്യൻ തിരിച്ചറിഞ്ഞു. ഉത്പാദനം നടക്കണമെങ്കിൽ ഉത്പാദനോപാധികൾ മാത്രം പോര.. മനുഷ്യർ തമ്മിലുള്ള സാമൂഹ്യമായ ഉത്പാദനബന്ധങ്ങളും ആവശ്യമാണ്. ഉത്പാദനബന്ധങ്ങൾ പല തരത്തിലാകാമെന്നും ഇതിനെ നിർണയിക്കുന്നത് ഉത്പാദനശക്തികളാണെന്നും ചരിത്രപരമായ ഭൗതികവാദത്തിലൂടെ മാർക്സ് വ്യക്തമാക്കുന്നു (ചരിത്രപരമായ ഭൗതികവാദം മുമ്പ് വിശദീകരിച്ചിരുന്നു).

                    മനുഷ്യൻ സ്വീകരിക്കുന്ന ഉത്പാദനരീതികൾ ഉത്പാദനബന്ധങ്ങളെയും ഉത്പാദനബന്ധങ്ങൾ മനുഷ്യന്റെ സ്വഭാവഗുണങ്ങളെ തന്നെയും സ്വാധീനിക്കുന്നുണ്ട്. കൂടാതെ മനുഷ്യന്റെ ആവശ്യങ്ങളും അവന്റെ മനസ്ഥിതിയുടെ പ്രതിഫലനമാണ്. മുതലാളിത്തോത്പാദന വ്യവസ്ഥ മനുഷ്യരിൽ സൃഷ്ടിക്കുന്ന ചില ഗുണങ്ങളുണ്ട്. സ്വാർത്ഥത, അത്യാഗ്രഹം, ലാഭം വർധിപ്പിക്കാനും പണക്കാരനാകാനുമുള്ള അടങ്ങാത്ത ആശ തുടങ്ങിയവയെല്ലാം മനുഷ്യന്റെ സാർവത്രികമായ ഗുണങ്ങളല്ല.. മറിച്ച് മുതലാളിത്തം അവനിൽ സൃഷ്ടിക്കുന്ന മനസ്ഥിതിയാണത്. മനുഷ്യപ്രകൃതി എന്നത് മനുഷ്യൻ ജീവിക്കുന്ന സമൂഹത്തിലെ ഉത്പാദനബന്ധങ്ങളുടെ പ്രതിഫലനം തന്നെയാണ്. മുതലാളിത്തം സൃഷ്ടിക്കുന്ന ഈ മനുഷ്യപ്രകൃതി അവനെ യഥാർത്ഥ മനുഷ്യസത്തയിൽ നിന്നും അന്യവത്കരിക്കുന്നു.

                      തൊഴിലാളിവർഗം മാത്രമല്ല അന്യവത്കരണത്തിന് വിധേയമാകുക.. അധ്വാനത്തിൽ നിന്ന് അന്യംനിൽക്കുന്ന തൊഴിലാളി യന്ത്രസമാനനായി തീരുകയും മനുഷ്യസത്തയിൽ നിന്നുതന്നെ അന്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. ആർഭാടതയിൽ മുഴുകി ജീവിക്കുന്ന ഒരു ധനികനെ സംബന്ധിച്ചിടത്തോളവും ഇതേ അന്യവത്കരണം സംഭവിക്കുന്നുണ്ട്. അത്യാഗ്രഹവും ലാഭത്തോടുള്ള ആസക്തിയും ഭൗതികസുഖങ്ങൾക്ക് മുൻഗണന നൽകുന്ന മനസ്ഥിതിയും മുതലാളിത്തം സൃഷ്ടിക്കുന്ന അന്യവത്കരണം തന്നെയാണ്..

                    വസ്തുവത്കരണവും മനുഷ്യനും.. 

                    സ്വാതന്ത്യ്രബോധം മനുഷ്യസത്തയുടെ അടിസ്ഥാനമാണ്. എന്നാൽ താൻ സ്വതന്ത്രനാണെന്ന തോന്നൽ ഇല്ലാതാകുന്ന (താൻ പലതിനും വിധേയനാണെന്ന) തോന്നലും അന്യവത്കരണത്തിന്റെ ഭാഗമാണ്. ചരക്കുരതി ,വസ്തുവത്കരണം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങൾ വാസ്തവത്തിൽ മനുഷ്യസത്തയിൽ നിന്നു തന്നെയുള്ള അന്യവത്കരണം തന്നെയാണ്. വസ്തുക്കൾക്ക് മനുഷ്യബന്ധങ്ങളേക്കാളും മൂല്യങ്ങളേക്കാളും പ്രാധാന്യം കൈവരുന്ന അവസ്ഥയാണ് ചരക്കുരതി. ഭൗതികവസ്തുക്കളോടും സുഖങ്ങളോടുമുള്ള അടക്കാനാകാത്ത ആസക്തിയാണിത്. വിഗ്രഹങ്ങളെ ആരാധിക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥയും ഇതിന്റെ ഭാഗമാണ്. ചില പ്രത്യേക വസ്തുക്കളെയും ബിംബങ്ങളെയും അമിതമായി ആരാധിക്കുമ്പോൾ മനുഷ്യൻ അവന്റെ സത്തയിൽ നിന്നും അന്യവത്കരിക്കപ്പെടുന്നു.

                    വസ്തുക്കൾക്ക് പ്രഥമസ്ഥാനം നൽകുന്ന മനുഷ്യൻ തന്നെ സ്വയം ഒരു വസ്തുവായി മാറുന്നു. മുതലാളിത്തത്തിൽ സംഭവിക്കുന്നത് മറ്റൊന്നുമല്ല.. അത് അതിന്റെ ഉത്പന്നങ്ങളെ ലോകത്തേറ്റവും മികച്ചതെന്ന തരത്തിൽ ഉയർത്തിക്കാട്ടുന്നു. അത് ചരക്കുകൾക്കും യന്ത്രങ്ങൾക്കും മുൻഗണന നൽകുന്നു. മറ്റെന്തിനെക്കാളും. മനുഷ്യബന്ധങ്ങൾ പോലും ചരക്കുകളാൽ സൂചിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന് ഭർത്താവ് ഭാര്യയ്ക്ക് ആഭരണം വാങ്ങിനൽകുന്ന പരസ്യത്തിലൂടെ ആഭരണത്തെ ദാമ്പത്യബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി മുതലാളി ഉയർത്തിക്കാട്ടുന്നു! കുഞ്ഞിനോട് അമ്മയ്ക്ക് സ്നേഹമുണ്ടെങ്കിൽ അതിന് ബേബി പൗഡർ വാങ്ങി ഇട്ടുകൊടുക്കാൻ പരസ്യം നമ്മോട് ആവശ്യപ്പെടുന്നു. പണത്തിനും വസ്തുക്കൾക്കും എല്ലായിടത്തും പ്രഥമസ്ഥാനം ലഭിക്കുന്ന അവസ്ഥയാണ് വസ്തുവത്കരണം. മനുഷ്യൻ നിർമിക്കുന്ന ചരക്കുകൾക്ക് ആത്മീയമൂല്യം കൈവരുന്നത് അതിന്റെ ഭാഗമാണ്. അതായത് വസ്തുക്കളെ മനുഷ്യന്റെ വ്യക്തിത്വമായി അവതരിപ്പിക്കുന്ന അവസ്ഥ.

                    ഒരു കൂളിങ് ഗ്ലാസ് പോലും ഒരാളുടെ വ്യക്തിത്വത്തിന്റെ ഒരു അടയാളമായി മാറുന്നു. അതു വെച്ചാൽ തനിക്ക് ഇത്തരത്തിലൊരു പരിവേഷം ലഭിക്കുമെന്ന് മനുഷ്യൻ വിലയിരുത്തുന്നു. മനുഷ്യൻ മനുഷ്യനിൽ നിന്ന് തന്നെ അന്യവത്കരിക്കപ്പെടുകയും വസ്തുവത്കരിക്കപ്പെടുകയും ചെയ്യുന്നു. ചരക്കുരതിയും വസ്തുവത്കരണവും മനുഷ്യമനസുകളിൽ ആധിപത്യം നേടുമ്പോൾ മനുഷ്യൻ അവനെ മൃഗത്തിൽ നിന്നും യന്ത്രങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ത് ഗുണമാണോ ആ മനുഷ്യസത്തയിൽ നിന്നും അന്യവത്കരിക്കപ്പെടുന്നു. മനുഷ്യൻ സ്വയം ചെറുതാകുന്നു. യന്ത്രങ്ങളുടെ അഭാവത്തിൽ അവൻ  സ്വയം അശക്തനായി വിലയിരുത്തുന്നു.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...