മുതലാളിത്തവും ഫാസിസവും...
(Relation between Capitalism and Fascism )
നരേന്ദ്രമോദി സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ,ബിജെപിയുടെ നേതൃത്വത്തിൽ തീവ്രവലതു വർഗീയ കക്ഷികൾ നാടെങ്ങും അരക്ഷിതാവസ്ഥ സൃഷ്ടിച്ചുമുന്നേറുന്ന കാലത്ത് ഫാസിസമെന്നതിനെ കുറിച്ച് കൃത്യമായ ബോധവത്കരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.. ഫാസിസം എന്ന വിഭജനത്തിന്റെയും സങ്കുചിതത്വത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെ സവിശേഷതകൾ ഒരു മാർക്സിസ്റ്റ് വിദ്യാർത്ഥി തീർച്ചയായും മനസിലാക്കണം.. കാരണം ഫാസിസമെന്നാൽ മുതലാളിത്തം തന്നെയാണ്.. അഥവാ മുതലാളിത്തത്തിന്റെ ഒരു അതിജീവനമാർഗം കൂടിയാണ് ഫാസിസം.. മാർക്സ് ഫാസിസത്തെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. കാരണം മാർക്സിനും എത്രയോ കാലശേഷം 1922 മുതൽ 1943 വരെയുള്ള കാലഘട്ടത്തിൽ ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തിൽ ഇറ്റലിയിൽ നിലനിന്ന രാഷ്ട്രീയസാഹചര്യങ്ങളെയാണ് ഫാസിസമെന്ന് വിളിക്കുന്നത്.
ജർമനിയിൽ ഹിറ്റ്ലറുടെയും ജപ്പാനിൽ ടോജോയുടെയും ഒക്കെ രൂപത്തിൽ ഫാസിസം അരങ്ങുവാണു. ഫാസിസത്തെ കുറിച്ചുള്ള മാർക്സിയൻ പരിപ്രേക്ഷ്യങ്ങൾ വ്യക്തമായി മനസിലാകണമെങ്കിൽ അന്റോണിയോ ഗ്രാംഷിയിലേക്ക് തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കൊടിയ പീഢനങ്ങൾക്ക് ഇരയാവുകയും ജയിൽവാസം നയിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് ചിന്തകനെന്ന് വിശേഷിപ്പിക്കാവുന്ന കമ്മ്യൂണിസ്റ്റായിരുന്നു ഗ്രാംഷി..
ചരിത്രത്തിലേക്ക് കൂടുതൽ കടക്കുന്നില്ല. വാസ്തവത്തിൽ എന്താണ് ഫാസിസമെന്നതിന് ഉത്തരം മുസോളിനിയുടെ തന്നെ ഒരു നിർവചനത്തിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ നിർവചനം നോക്കുക.. -'' ഭരണകൂടവും മുതലാളിത്തതാത്പര്യങ്ങളും തമ്മിലെ പൂർണമായ ഏകീകരണത്തിനുള്ള ഉപാധിയാണ് ഫാസിസം..''. ഫാസിസവും മുതലാളിത്തവും തമ്മിലെ വിട്ടുപിരിയാനാവാത്ത ബാന്ധവത്തിന് ഇതിലും നല്ലൊരു വിശദീകരണമില്ല. എന്തുകൊണ്ടാണിത്.. നോക്കാം..
മുതലാളിത്തത്തിന്റെ അടിസ്ഥാനസ്വഭാവം ചൂഷണമാണ്.. ബഹുഭൂരിപക്ഷം വരുന്ന ജനതയെ പട്ടിണിക്കിടാതെ മുതലാളിത്തശക്തികൾക്ക് തിന്നുകൊഴുക്കുക അസാധ്‌യം. ഇതിന് തീർച്ചയായും ഭരണകൂടത്തിന്റെ പിന്തുണയും വേണം. അതായത് ധനികരായ ന്യൂനപക്ഷത്തിന്റെയും കുത്തകമുതലാളിത്തത്തിന്റെയും താത്പര്യങ്ങൾ സമൂഹത്തിൽ അധീശത്വം നേടണമെങ്കിൽ ഭരിക്കുന്ന ഗവൺമെന്റ് സാധാരണക്കാരുടെയും തൊഴിലാളികളുടെയും പക്ഷത്തല്ല, മറിച്ച് കുത്തകകളുടെ പക്ഷത്താവണം നിലയുറപ്പിക്കേണ്ടത്..
എന്നാൽ ജനാധിപത്യം ഇതിന് അവർക്ക് തടസമാണ്. ഭരണകൂടം കുത്തകമുതലാളിത്തത്തിന്റെ താത്പര്യങ്ങൾ പിന്തുടർന്ന് ജനങ്ങളെ പിഴിയുമ്പോൾ സ്വാഭാവികമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളുയരും.. കുത്തകകൾക്കും അവരുടെ ഗവൺമെന്റിനും വ്യവസ്ഥിതിക്കും എതിരെ പാവപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ മഹാഭൂരിപക്ഷം തൊഴിലാളികളും കർഷകരും ആയുധമെടുക്കും.. സമരം ചെയ്യും.. ഇത് ഗവൺമെന്റിനും മുതലാളിത്തശക്തികൾക്കും പ്രമാണിവർഗത്തിനും ഒരുപോലെ വെല്ലുവിളിയാകും.
എന്നാൽ ജനാധിപത്യം ഇതിന് അവർക്ക് തടസമാണ്. ഭരണകൂടം കുത്തകമുതലാളിത്തത്തിന്റെ താത്പര്യങ്ങൾ പിന്തുടർന്ന് ജനങ്ങളെ പിഴിയുമ്പോൾ സ്വാഭാവികമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളുയരും.. കുത്തകകൾക്കും അവരുടെ ഗവൺമെന്റിനും വ്യവസ്ഥിതിക്കും എതിരെ പാവപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ മഹാഭൂരിപക്ഷം തൊഴിലാളികളും കർഷകരും ആയുധമെടുക്കും.. സമരം ചെയ്യും.. ഇത് ഗവൺമെന്റിനും മുതലാളിത്തശക്തികൾക്കും പ്രമാണിവർഗത്തിനും ഒരുപോലെ വെല്ലുവിളിയാകും.
അതിനാൽ ഈ ബഹുജനശക്തിയെ ഇല്ലായ്‌മ ചെയ്യാൻ ഭരണവർഗം പലവിധ അടവുകൾ സ്വീകരിക്കുന്നു.. ചൂഷണത്തെക്കുറിച്ചുള്ള ചിന്ത തന്നെ അവരിൽൽ നിന്നില്ലാതാക്‌കുക.. യഥാർത്ഥ പ്രശ്നങ്ങളെ മറച്‌ചുപിടിച്ച് മറ്റ് സ്വത്വങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കുക.. എതിർസ്വരങ്ങളെ അടിച്ചമർത്തുക.. തുടങ്ങിയ അനേകം മാർഗങ്ങൾ ഫാസിസം പ്രയോഗിക്കുന്നു.. ഇതിലൂടെ മുതലാളിത്തവ്യവസ്ഥിതി തന്നെയാണ് സംരക്ഷിക്കപ്പെടുന്നത്.. മുതലാളിത്തം അതിന്റെ സർവപരിധികളും ലംഘിക്കുമ്പോൾ ഫാസിസമായി പരിണമിക്കുന്നു.. ഫാസിസമെന്ന വിദ്വേഷത്തിന്റെയും സങ്കുചിതത്വത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെ മാർഗരേഖകൾ, അതിന്റെ പ്രവർത്തനരീതി ,ഫലങ്ങൾ തുടങ്ങിയവ അടുത്ത ലേഖനത്തിൽ..
ഫാസിസം എന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് കൃത്യമായ വിവരണം നൽകുന്ന ധാരാളം പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ഗ്രാംഷിയുടെ ജയിൽക്കുറിപ്പുകളും ഉമ്പർട്ടോ എക്കോയുടെ നിതാന്തഫാസിസവും ഒക്കെ ഉദാഹരണങ്ങളാണ്. ഫാസിസത്തിന്റെ ചില ലക്ഷണങ്ങൾ ആണ് ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നത്.
അപരത്വത്തിന്റെ നിഷേധവും സ്വപരയുക്തികളുടെ മഹത്വവത്കരണവുമാണ് ഫാസിസത്തിന്റെ കാമ്പെന്ന് പറയാം. ഇതരരുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ ,സംസ്കാരങ്ങൾ തുടങ്ങിയവയെ നിഷേധിക്കുന്നു. സമൂഹത്തെ ഒന്നിച്ചുനിലനിർത്തുന്ന നാനാത്വത്തെ ഫാസിസം ഭയക്കുന്നു. വംശവെറിയും മതവിദ്വേഷവും ജാതിഭ്രഷ്ടും വളർത്തി സ്വന്തം സ്വത്വത്തെ പരമപ്രധാനമായി ഉയർത്തിക്കാട്ടുവാൻ അത് വ്യഗ്രത കാട്ടുന്നു. ഇതരസ്വത്വങ്ങളെ ശത്രുവായി കാണുന്നു.. വിയോജിപ്പുകളെ വിശ്വാസവഞ്ചനയായും ഫാസിസം അവതരിപ്പിക്കുന്നു.
സാങ്കൽപികമായ ഒരു ശത്രുവിനെ സൃഷ്ടിക്കുക എന്നത് ഫാസിസത്തിന്റെ മുഖ്യലക്ഷണമായി ചിന്തകർ വിലയിരുത്താറുണ്ട്.. അതായത് മറ്റ് വിഭാഗങ്ങളെ തങ്ങളുടെ ശത്രുവായി അവതരിപ്പിച്ച് വിഭാഗീയത രൂക്ഷമാക്കി നിതാന്തമായ യുദ്ധത്തിലേക്ക് ജനങ്ങളെ ഫാസിസം നയിക്കുന്നു എന്നർത്ഥം. ഉദാ:- 1930കളിൽ ജർമനിയിലെ ജൂതവിരോധവും ഇന്ന് സംഘപരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവിരോധവും.. ജനങ്ങളുടെ താത്പര്യങ്ങൾ എന്തുതന്നെയായാലും അതുൾക്കൊള്ളാതെ സ്വേച്ഛാപരമായ തീരുമാനങ്ങൾ നടപ്പാക്കുകയും അത് തന്നെയാണ് പൊതുജനതാത്പര്യം എന്ന് വരുത്തിത്തീർക്കുകയും ചെയ്യുക..
ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ ഒരു പൊതുസ്വഭാവം എന്നത് യുക്തിചിന്തയുടെ നിരാകരണമാണ്‌്.. ചരിത്രത്തെയും പാരമ്പര്യങ്ങളെയും ഉയർത്തിക്കാട്ടുകയും അവയെ കണക്കറ്റ് ആരാധിക്കുകയും ചെയ്യുന്നു.. ആരെങ്കിലും യുക്തിസഹമായി അതിനെ ചോദ്യം ചെയ്താൽ അവരെ വഞ്ചകരായും ശത്രുവായും ചിത്രീകരിക്കുന്നു. സ്വതന്ത്രചിന്തയെയും യുക്തിചിന്തയെയും ഫാസിസം പൊതുവെ ശത്രുപക്ഷത്താണ് നിർത്താറ്. തങ്ങളുടെ വ്യാഖ്യാനങ്ങൾ സാധൂകരിക്കാൻ ഭാഷയെയും ചരിത്‌രത്തെയും ഒക്കെ വളച്ചൊടിക്കാനും ഫാസിസം മടിക്കില്ല. ഒരു വലിയ വിഭാഗം ജനങ്ങളെ പ്രത്യക്ഷമായും (നേരിട്ടുള്ള സ്വേച്ഛാധിപത്യം) പരോക്ഷമായും ( വംശവെറിയും ജാതിഭ്രാന്തും സൃഷ്ടിച്ച് ജനങ്ങളെ തമ്മിൽ തല്ലിച്ച് അവരുടെ കൂട്ടായ ശക്തിയെ ഇല്ലാതാക്കുക) അടക്കിനിർത്താനുള്ള ചില കേന്ദ്രങ്ങളുടെ പ്രായോഗികോപാധി കൂടിയാണ് ഫാസിസം. അതിന്റെ പ്രവർത്തനരീതികൾ പലതാണ്..
നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നത് ഫാസിസ്റ്റ് ശക്തികളുടെ ആവശ്യമാണ്. ഒരു കള്ളം നൂറുവട്ടം പറഞ്ഞാൽ അത് സത്യമാകുമെന്ന ജർമനിയിലെ ഗീബൽസിയൻ തന്ത്രം ഇതിന്റെ ഭാഗമായിരുന്നു. ഇത്തരം നുണകളും കിംവദന്തികളും വിശ്വസിക്കാൻ തക്കവണ്ണം വലിയൊരു വിഭാഗം ജനങ്ങളെ മണ്ടന്മാരാക്കേണ്ടതും അവരുടെ ആവശ്യമായി മാറുന്നു. ഫാസിസത്തിന് പക്ഷേ ഒരു സമൂഹത്തിൽ വിജയകരമായി നടപ്പാകാൻ കഴിയണമെങ്കിൽ അനിവാര്യമായും വേണ്ട ഒരു സ്ഥിതിവിശേഷമുണ്ട്.. ജനങ്ങളുടെ സാമ്പത്തികമായ ദുരിതാവസ്ഥ തന്നെ.. മുതലാളിത്തനയങ്ങൾ കൊണ്ട് വ്യാപകമായി ദരിദ്രവത്കരിക്കപ്പെട്ട ജനതയുടെ ക്ലേശാവസ്ഥയെ മുതലെടുത്തുകൊണ്ട് ഫാസിസ്റ്റ് ശക്തികൾ ലോകം കീഴടക്കാനായി മുന്നോട്ടു നീങ്ങുന്നു.. സോഷ്യലിസം എന്ന വിമോചനമാർഗത്തിനു പകരം ഫാസിസമെന്ന കിരാതത്വത്തിന്റെ വഴിയിലേക്ക് സമൂഹം എടുത്തെറിയപ്പെടുന്നു എന്നതാണ് വാസ്തവം.. അതായത് ഫലത്തിൽ ഫാസിസം മുതലാളിത്തത്തിന്റെ സംരക്ഷണം കൂടി നിർവഹിക്കുന്നു...

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...