Saturday, July 18, 2020

Das capital for beginners


                                        ''ഈ പുസ്തകം എഴുതിത്തീർക്കാനായി ലഭ്യമായ ഓരോ നിമിഷവും എനിക്ക് ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്.. കാരണം, ഇതിന്റെ പൂർത്തീകരണത്തിനുവേണ്ടി എനിക്ക് ത്യജിക്കേണ്ടിവന്നത് എന്റെ ആരോഗ്യത്തെയും കുടുംബത്തെയും എല്ലാവിധ സന്തോഷങ്ങളെയുമാണ്'' - സുഹൃത്തിനെഴുതിയ കത്തിൽ മാർക്സ് നടത്തുന്ന പരാമർശമാണിത്.. 1849ൽ ലണ്ടനിലേക്ക് കുടുംബസമേതം കുടിയേറിയ ശേഷം അദ്ദേഹത്തെ കാത്തിരുന്നത് സോഹോയിലെ ഡീൻ സ്ട്രീറ്റിലെ അങ്ങേയറ്റം ദുരിതപൂർണമായ ജീവിതമായിരുന്നു.. തന്റെ കോട്ട് വിറ്റുപോലും അന്നന്നത്തെ ചെലവുകൾ നിർവഹിക്കേണ്ടിവന്നു.. പത്രങ്ങളിലും മറ്റും ലേഖനങ്ങളെഴുതി ലഭിച്ചിരുന്ന തുച്ഛമായ വരുമാനം ആ കുടുംബത്തിന് ഗുണം ചെയ്തില്ല. ധനികകുടുംബത്തിൽ നിന്നും വന്ന ഭാര്യയ്ക്കും എല്ലാവിധ കഷ്ടപ്പാടുകളോടും പൊരുത്തപ്പെട്ട് മാർക്സിനോടൊപ്പം ജീവിക്കേണ്ടിവന്നു. ദാരിദ്ര്യസംബന്ധമായ രോഗങ്ങളാൽ മക്കളിൽ മൂന്ന് പേർ മരിച്ചു. എല്ലാം ഒരു പുസ്തകത്തിനുവേണ്ടിയായിരുന്നു, അതിലൂടെ ലോകത്തിന് നൽകപ്പെട്ട പ്രതീക്ഷകൾക്ക് വേണ്ടിയായിരുന്നു.
തന്റെ ആയുസിന്റെ ശേഷിക്കുന്ന നല്ലൊരുകാലവും ഹോമിച്ചുകൊണ്ടാണ് 1867ൽ മാർക്സ് 'മൂലധനം' എഴുതിത്തീർക്കുന്നത്. ഒരു നല്ല ഗൃഹനാഥനാകാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞില്ല..അതുകൊണ്ടുതന്നെ 'മൂലധനം' ഒരു സാമ്പത്തികശാസ്ത്ര പുസ്തകം എന്നതിലുപരി ഒരു പുരുഷായുസ് നീണ്ട അന്വേഷണങ്ങളുടെയും ത്യാഗനിർഭരമായ പ്രയത്നത്തിന്റെയും ഫലമാണ്.. 1942 കോപ്പിറൈറ്റ് നിയമം പ്രാബല്യത്തിലായ ശേഷം അനേകം പുസ്തകങ്ങൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ ലഭ്യമാകാൻ തുടങ്ങിയിരുന്നു. ഏതാണ്ട് 6 ലക്ഷത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് മ്യൂസിയത്തിലെ റീഡിംങ് റൂമിൽ സ്ഥിരം അതിഥിയായിരുന്നു മാർക്സ്.. ദീർഘമായ വായനയും വിശകലനവും വീട്ടിലേക്കുള്ള മടക്കവും തന്റേതായ സാമ്പത്തിക വിശകലനക്കുറിപ്പുകളുടെ രചനകളുമായി അദ്ദേഹം കാലം കഴിച്ചുകൂട്ടി. രാത്രികാലങ്ങൾ മുഴുവൻ അദ്ദേഹം സുദീർഘമായ ഗ്രന്ഥരചന തുടർന്നു.. മുതലാളിത്ത ഉത്പാദനക്രമങ്ങളെയും അതിന്റെ നാളിതുവരെ അനാവരണം ചെയ്യപ്പെടാത്ത വൈരുധ്യങ്ങളെയും കുറിച്ച് പഠിച്ചു.

                                       മാർക്സിന്റെ സാമ്പത്തികവീക്ഷണങ്ങൾ എക്കാലവും കടപ്പെട്ടിരിക്കുന്നത് അക്കാലത്ത് ഏറ്റവും കൂടുതൽ പുരോഗതി പ്രാപിച്ച ബ്രിട്ടീഷ് -ക്ലാസിക്കൽ എക്കണോമിക്സ് ആണ്. സാമ്പത്തികശാസ്ത്രത്തിന്റെ പിതാമഹന്മാരായ ആഡം സ്മിത്ത്, ഡേവിഡ് റിക്കാർഡോ, ജെ ബി സെയ, സിസ്മോണ്ടി, ജെയിംസ് മിൽ തുടങ്ങിയവരെ ആഴത്തിൽ വായിച്ചറിഞ്ഞു. വ്യവസായവിപ്ലവാനന്തരം ഉദയം കൊണ്ട ആധുനികവ്യവസായ മുതലാളിത്തം ഇംഗ്ലീഷ് ക്ലാസിക്കൽ എക്കണോമിക്സിനെ പുരോഗതിയിലേക്ക് നയിച്ചു. മൂലധനത്തെയും ചരക്കുവ്യാപാരത്തെയും മൂല്യവ്യവസ്ഥകളെയും സംബന്ധിച്ച ക്ലാസിക്കൽ സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങൾ ( മൂല്യത്തിന്റെ അധ്വാനസിദ്ധാന്തം- Labour theory of value) തന്നെയാണ് മാർക്സിസ്റ്റ് എക്കണോമിക്സിന്റെയും അടിത്തറയായത്. ധാരാളം സംഭാവനകൾ വിവിധ വൈജ്ഞാനികമേഖലകളിൽ ആഡം സ്മിത്ത് ഉൾപെടെയുള്ള ബൂർഷ്വാധനപണ്ഡിതർ നൽകിയെങ്കിലും അവരുടെയെല്ലാം നിരീക്ഷണപാടവവും വിശകലനവും മുതലാളിത്തത്തിന്റെ ന്യായാതിർത്തികളിൽ ഒതുങ്ങിനിൽക്കുന്നതോ അതിന്റെ മുൻവിധികളെ ഉപയോഗിച്ച് ന്യായീകരിക്കുന്നതോ ആയിരുന്നു.
മുതലാളിത്തം മനുഷ്യരാശിയുടെ ഉയർന്ന പുരോഗമനഘട്ടമായി എല്ലാവരും കണക്കാക്കി. തൊഴിലാളിവർഗചൂഷണമോ വർഗസമരമോ ഒന്നും ഒരു ചർച്ചാവിഷയം പോലുമാകാതെ നിലനിന്നിരുന്ന അതിന്റെ ആരംഭദശകളിലാണ് മാർക്സ് സാമ്പത്തികശാസ്ത്രമേഖലയിൽ ഒരു വിമതപാതയ്ക്ക് തുടക്കം കുറിക്കുന്നത്. സമൂഹത്തെ വ്യക്തികളും ചരക്കുകളുമടങ്ങുന്ന കേവലസഞ്ചയമായാണ് ബൂർഷ്വാധനശാസ്ത്രം ദർശിച്ചതെങ്കിൽ മാർക്സ് അതിൽ കെട്ടുപിണഞ്ഞുകിടക്കുന്ന അനേകം സാമൂഹ്യബന്ധങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മുതലാളിത്തഉത്പാദനബന്ധങ്ങളെ ചരിത്രപരമായി നോക്കിക്കാണാനും അതിന്റെ പ്രവർത്തനങ്ങളിലെ വൈരുധ്യാത്മകതകളെ അനാവരണം ചെയ്യാനും മാർക്സ് ശ്രമിച്ചു. ''ബൂർഷ്വാധനശാസ്തജ്ഞരും മുതലാളിത്തത്തിന്റെ സ്വാഭാവികവിമർശകർ പോലും മുതലാളിത്തത്തിന്റെ അതിർത്തികളിൽ നിന്നും പുറത്തുകടന്ന് അതിനെ ചരിത്രപരമായി വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടില്ല''- മാർക്സ് എഴുതുന്നു.


                                        ചരക്കിനെ കേവലം ചരക്കായി മുതലാളിത്തധനശാസ്ത്രം കാണുമ്പോൾ അതിനെ ഒരു ചരിത്രബന്ധമായി കൂടികാണണമെന്ന് മാർക്സ് നിഷ്കർഷിച്ചു.
വ്യക്തിതാത്പര്യങ്ങളോ ഗുണങ്ങളോ അല്ല, നിശ്ചിതമായ വികാസനിയമങ്ങളാലാണ് എക്കോണമി മുന്നോട്ടുനീങ്ങുന്നത്. വിവിധ വർഗതാത്പര്യങ്ങൾ പോലും ഇങ്ങനെ രൂപം കൊള്ളുന്നതാണ്. ഹെഗേലിയൻ വൈരുധ്യാത്മതയുടെ വലിയ സ്വാധീനം 'മൂലധന'ത്തിലുടനീളം മാർക്സിന്റെ നിരീക്ഷണങ്ങളിൽ കാണാനാകും.. വൈരുധ്യാത്മകചിന്തയെക്കൂടാതെ മുതലാളിത്ത ഉത്പാദനക്രമങ്ങളെ വിശകലനം ചെയ്യുക അസാധ്യമാണെന്നും കാണാം.. തന്റെ ആശയങ്ങളെ കോർത്തിണക്കി 1859ലാണ് 'A contribution to the critique of political economy' എന്ന പുസ്തകം മാർക്സ് രചിച്ചത്. ദാസ് ക്യാപിറ്റലിന്റെ മുന്നോടിയായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തികഅടിത്തറകളെയും അതിന്റെ വൈരുധ്യാത്മക പ്രവർത്തനങ്ങളെയും കുറിച്ചുള്ള മൂർത്തമായ വിശകലനം ഇല്ലാതെ സാമൂഹ്യവിപ്ലവത്തെ കുറിച്ച് സംസാരിക്കുക സാധ്യമല്ലെന്ന് മാർക്സ് ദർശിച്ചു. എക്കണോമിക്സ് എന്നത് ചരക്കുബന്ധങ്ങളോടൊപ്പം ആളുകൾക്കിടയിലുള്ള വർഗബന്ധങ്ങളെയും ആധാരമാക്കുന്നു.


                                        1858ലെ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ കുറിച്ചുള്ള നിരന്തരമായ അന്വേഷണങ്ങളും മാർക്സിനെ മുതലാളിത്തവിമർശന ഗ്രന്ഥം എഴുതുന്നതിലേക്ക് നയിച്ചു. 1867ൽ ദാസ് ക്യാപിറ്റലിന്റെ മൂന്ന് ഭാഗങ്ങൾക്കും 'മിച്ചമൂല്യസിദ്ധാന്തത്തിനും' ആവശ്യമായ ഡ്രാഫ്റ്റ് അദ്ദേഹം എഴുതിയുണ്ടാക്കി. 1887ൽ മാത്രമാണ് മൂലധനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങുന്നത്.. ഇപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലേക്ക് കടക്കുമ്പോൾ ആഗോളമുതലാളിത്തം രൂക്ഷമായ സാമ്പത്തികമാന്ദ്യങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രം പരാജയമാണെന്ന് ആവർത്തിച്ചുവാദിക്കാൻ വലതുപക്ഷം ധാരാളം പരിശ്രമങ്ങൾ നടത്താറുണ്ട്. മിച്ചമൂല്യസിദ്ധാന്തം മുതലാളിത്തചൂഷണത്തെ നഗ്നമായി തുറന്നുകാണിക്കുന്നുവെന്ന് കണ്ടപ്പോൾ അതിനെയും Labour theory of valueനെയും നിഷേധിക്കുക, ഉപയുക്തതാ (utility theory)സിദ്ധാന്തം, ട്രിക്കിൾ ഡൗൺ തിയറി പോലുള്ള അയഥാർത്ഥമായ ന്യായീകരണസിദ്ധാന്തങ്ങൾ ചമയ്ക്കുക തുടങ്ങിയ പ്രവണതകൾ നമ്മുടെ നാട്ടിലെ സംവാദങ്ങൾ മുതൽ അന്താരാഷ്ട്ര ഡിബേറ്റുകളിൽ വരെ ധാരാളമായി കാണാം..
മൂലധനത്തെക്കുറിച്ചുള്ള അപൂർണമായ ധാരണകളോ അൽപ്പവായനയോ ഒക്കെയാണ് എല്ലാ മാർക്സിസ്റ്റ് വിമർശനത്തിനും കാണാറ്..
ദാസ് കാപ്പിറ്റലിലൂടെ അനാവരണം ചെയ്യപ്പെടുന്ന വിപുലമായ ആശയങ്ങൾ തുടർന്നുള്ള ലേഖനങ്ങളിലൂടെ ലളിതമായി വിശദീകരിക്കുന്നതാണ്..
മാർക്സിസത്തിന്റെ മുതലാളിത്തവിമർശന ചിന്താപദ്ധതികളെകുറിച്ചും അതിന്റെ സമകാലീനപ്രാധാന്യങ്ങളെ കുറിച്ചുമുള്ള തിരിച്ചറിവുകൾ നാം ആർജിക്കേണ്ടതുണ്ട്. മുതലാളിത്ത ഉത്പാദനവ്യവസ്ഥയും അതിനോടനുബന്ധമായി ആധുനികലോകം തുടർച്ചയായി നേരിടുന്ന മാന്ദ്യഭീഷണികളും അസമത്വവും ചൂഷണവും തൊഴിലില്ലായ്മാ വിസ്ഫോടനവും ഉൾപെടെയുള്ള കാതലായ വിഷയങ്ങൾ മനസിലാക്കേണ്ടതുണ്ട്..


                                        ചരക്കിന്റെ ദ്വൈതസ്വഭാവം

മൂലധനത്തിന്റെ ആദ്യ അധ്യായത്തിന് #മാർക്സ് നൽകിയിരിക്കുന്ന പേര് 'ചരക്ക്' (Commodity) എന്നാണ്. മുതലാളിത്തസമ്പദ്ഘടനയുടെ അക്കാലംവരെ നിഗൂഢമായിരുന്ന ആന്തരികവൈരുധ്യങ്ങളെ അനാവരണം ചെയ്യുന്ന വിശ്വോത്തരമായ ഒരു ഗ്രന്ഥം അതിന്റെ അന്വേഷണം ആരംഭിക്കുന്നത് മുതലാളിത്തത്തിൽ നിന്നോ, മാർക്കറ്റിൽ നിന്നോ ,ഉത്പാദനബന്ധങ്ങളിൽ നിന്നോ ,ഉത്പാദകപ്രക്രിയകളിൽ നിന്നോ ഒന്നുമല്ല, മറിച്ച് ചരക്കിൽ നിന്നാണ്. എന്തുകൊണ്ടാണ് 'ചരക്ക്' മാർക്സിനെ സംബന്ധിച്ചിടത്തോളം പ്രാഥമികവിഷയമായി മാറുന്നത്.. നമുക്കുനോക്കാം. അതിനുമുമ്പ് മാർക്സിസത്തെ വായിക്കുന്നവരും വിമർശിക്കുന്നവരും പിന്തുണയ്ക്കുന്നവരും മനസിലാക്കേണ്ട ചില പോയിന്റുകൾ താഴെ കൊടുക്കുന്നു. ഒരു സാമ്പത്തികവീക്ഷണഗ്രന്ഥമെന്നോണം മൂലധനത്തിലും മാർക്സിസത്തിൽ പൊതുവിലും മുൻനിർത്തുന്ന വിശകലനമാർഗങ്ങൾ ഇവയാണ്..

1) മാർക്സിസം മുതലാളിത്തത്തെ ഒറ്റയായ ഒരു സമ്പദ്ഘടനയായി കാണുന്നില്ല. മുതലാളിത്തം നല്ലതോ ചീത്തയോ എന്ന അന്തിമപ്രഖ്യാപനം പോലും അത് നടത്തുന്നില്ല. മനുഷ്യന്റെ നാളിതുവരെയുള്ള പുരോഗതിയിലെ ഒരു പ്രധാനഘട്ടം ആണ് മുതലാളിത്തം. അത്തരത്തിൽ മുതലാളിത്തത്തെയും അതിന്റെ ഘടനാപരമായ സവിശേഷതകളെയും അത് 'ചരിത്രപരമായാണ്' വിലയിരുത്തുന്നത്. അതായത് ചരിത്രപുരോഗതിയുടെ പശ്ചാത്തലത്തിലാണ് ക്യാപിറ്റലിസം ചർച്ച ചെയ്യപ്പെടുന്നത്. ഇത് ഗ്രന്ഥത്തിലുടനീളം കാണാം..

2) മാർക്സിസ്റ്റ് വിമർശനം വസ്തുനിഷ്ഠമാണ്. അതായത് മുതലാളിത്തത്തിന്റെ അനിവാര്യമായ പ്രതിസന്ധികളെയും ഭീഷണികളെയും വസ്തുനിഷ്ഠമായ യാഥാർത്ഥ്യങ്ങളുടെ പിൻബലത്തിലാണ് മാർക്സ് അവതരിപ്പിക്കുന്നത്. സോഷ്യലിസത്തിന്റെ ആവിർഭാവവും ഒരു അനിവാര്യതയായാണ് കണക്കാക്കുന്നത്. മറിച്ച് മുതലാളിത്തത്തോടുള്ള വിരോധമോ, സോഷ്യലിസത്തിനു വേണ്ടിയുള്ള സ്വപ്നംകാണലോ അല്ല മാർക്സിസത്തിന്റെ അടിസ്ഥാനം. അത് വസ്തുതകൾ (Facts) അനാവരണം ചെയ്യുകയാണ് ചെയ്യുന്നത്. കേവല വികാരങ്ങളാൽ നടത്തുന്ന നയപ്രഖ്യാപനങ്ങളല്ല.

3) വ്യക്തിപരതയിലല്ല, സാമൂഹികപ്രക്രിയകളിലാണ് മാർക്സിസത്തിന്റെ നിഗമനങ്ങൾ ഊന്നിനിൽക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ഇടപെടുന്നു, അതുണ്ടാക്കുന്ന അനന്തരഫലങ്ങൾ എന്തൊക്കെ, തുടങ്ങിയവയെ മുൻനിർത്തിയുള്ള ഏത് പൊതുനിഗമനവും ആത്മനിഷ്ഠവും അബദ്ധവുമായിരിക്കും. ഉദാഹരണത്തിന് ഒരാൾ 100 രൂപ വിപണിയിൽ വിലയുള്ള ഒരു ചരക്ക് 1500 രൂപയ്ക്ക് വിൽക്കാൻ വെച്ചിരിക്കുന്നുവെന്ന് സങ്കൽപിക്കുക.. തീർച്ചയായും പൊതുസമൂഹം അത് വാങ്ങാൻ തയ്യാറാവില്ല. ഒരാൾ അത് വാങ്ങിയെന്നുസങ്കൽപിച്ചാലും അത് ഒറ്റപ്പെട്ട ഒരു പ്രതിഭാസം മാത്രമാണ്, പൊതുവായ വിപണിനിയമമല്ല. അതായത് വ്യക്തികൾ തമ്മിലെ ഇടപെടലുകളും ക്രയവിക്രയങ്ങളുമല്ല, മറിച്ച് വിപണിയിലെ generalised ആയ കൈമാറ്റങ്ങളും പ്രതിഭാസങ്ങളുമാണ് മൂലധനം ചർച്ചാവിഷയമാക്കുന്നത്. കാരണം മുതലാളിത്തസമ്പദ്ഘടനയുടെ ഗതിവിഗതികളും നിത്യപ്രതിസന്ധികളും അതിന്റെ വസ്തുനിഷ്ഠവും ഘടനാപരവുമായ ഇത്തരം സവിശേഷതകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

                                        #ചരക്ക്_ഒരു_സാമൂഹ്യബന്ധമാണ്

ചരക്ക് എന്നാൽ വസ്തുക്കൾ തന്നെയാവണമെന്നില്ല, സേവനങ്ങളുമാവാം. ഒരു ആശാരിപ്പണിക്കാരൻ നിർമിക്കുന്ന ചരക്കുകൾ തടിയുപകരണങ്ങളാണെങ്കിൽ ഒരു ടീച്ചറോ, ഓട്ടോ ഡ്രൈവറോ ,ഡോക്ടറോ ചെയ്യുന്നത് സേവനങ്ങൾ അഥവാ സർവീസസ് ആണ്. സാധനങ്ങൾക്കും സേവനങ്ങൾക്കും ചരക്ക് ആകാൻ കഴിയും. ചരക്ക് മനുഷ്യർ ഉത്പാദിപ്പിക്കുകയാണ് ചെയ്യുക. ചരക്കുത്പാദനം കൂടാതെ മനുഷ്യസമൂഹത്തിന് അതിജീവനം സാധ്യമല്ലെന്ന് അറിയാമല്ലോ.. നമുക്ക് ജീവിതം സാധ്യമാകണമെങ്കിൽ പലവിധ ചരക്കുകൾ വേണം (സേവനങ്ങൾ ഉൾപെടെ). ഭക്ഷണം, പാനീയങ്ങൾ, വസ്ത്രങ്ങൾ, ഫർണീച്ചറുകൾ, കെട്ടിടസാമഗ്രികൾ, സൗന്ദര്യവർധകവസ്തുകൾ, മരുന്നുകൾ, വിനോദോപാധികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങി അനേകം ചരക്കുകൾ ദിനംതോറും ഉത്പാദിപ്പിക്കപ്പെടുന്നു.. ഇത്തരം ചരക്കുകൾ ഉത്പാദിപ്പിക്കാനാവശ്യമായ അസംസ്കൃതവസ്തുക്കളും യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇതുപോലെ തന്നെ ഉത്പാദിപ്പിക്കപ്പെടുന്നു.
ചരക്കുസേവനങ്ങൾ സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത് വിപണികളിലൂടെയാണ്. ഇവിടെയാണ് മൂല്യം എന്ന ആശയം രൂപംകൊള്ളുന്നത്. ചരക്കിന്റെ അനാവരണം ചെയ്യപ്പെടാത്ത യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരികയാണ് അവയെ ഉത്പാദിപ്പിക്കുന്ന മുതലാളിത്തസമ്പദ്ഘടനയെ മനസിലാക്കാനുള്ള മാർഗമെന്ന് മാർക്സ് വ്യക്തമാക്കുന്നുണ്ട്. ഏതൊരു ചരക്കും രണ്ട് വ്യത്യസ്തമായ ഘടകസ്വഭാവങ്ങൾ ഉൾക്കൊള്ളുന്നു. ഇവയാണ് #ഉപയോഗമൂല്യവും (Use value) #കൈമാറ്റമൂല്യവും (Exchange value). ഉത്പാദനശേഷം ചരക്കിൽ രൂപംകൊള്ളുന്ന ദ്വന്ദങ്ങളാണിവ..

                                        ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിങ്ങൾ നിങ്ങളുടെ പണിശാലയിൽ വെച്ച് രണ്ട് മേശകൾ നിർമ്മിച്ചെന്നിരിക്കട്ടെ. ഇതിൽ ആദ്യത്തെ മേശ നിങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി മുറിയിലേക്ക് മാറ്റുന്നു. രണ്ടാമത്തേതാകട്ടെ നിങ്ങളുടെ അയൽക്കാരന് വിൽക്കുന്നു. അയൽക്കാരൻ അത് സ്വന്തമാക്കി ഉപയോഗിക്കുന്നു. ഇതിൽ നിങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മേശ ഒരു ഉപയോഗവസ്തു ആയിരുന്നു. അതിനാൽ നിങ്ങളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മേശയ്ക്ക് ഉപയോഗമൂല്യമാണുള്ളത് (use value). കൈമാറ്റമൂല്യമൊന്നും ഇല്ല താനും. നിങ്ങളുടെ അയൽക്കാരന് രണ്ടാമത്തെ ചരക്ക് കൈമാറുകവഴി രണ്ടാമത്തെ മേശ നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത് ഉപയോഗമൂല്യമല്ല, കൈമാറ്റമൂല്യമാണ് (exchange value). അതായത് രണ്ടാമത്തെ മേശ നിർമിക്കുന്നത് ഉപയോഗത്തിനല്ല, മറ്റൊരാൾക്ക് കൈമാറാനാണ്. അതേസമയം നിങ്ങളുടെ അയൽക്കാരനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ മേശയ്ക്ക് ഉപയോഗമൂല്യമാണുള്ളത് താനും.
മാർക്കറ്റിൽ കൈമാറ്റം ചെയ്യാനായി നിർമിക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്ന ചരക്കുകൾ കൈമാറ്റമൂല്യവും വ്യക്തിഗതമായ ഉപഭോഗത്തിനും സംതൃപ്തിക്കും വേണ്ടി സ്വന്തമാക്കപ്പെടുന്ന ചരക്കുകൾ ഉപയോഗമൂല്യവും ഉൾക്കൊള്ളുന്നു. ഒരു ചരക്കിന്റെ തന്നെ ദ്വൈതഘടകങ്ങളായാണ് മാർക്സ് ഉപയോഗമൂല്യത്തെയും കൈമാറ്റമൂല്യത്തെയും അനാവരണം ചെയ്യുന്നത്.
ഒരു ചരക്കിന് ഉപയോഗമൂല്യവും കൈമാറ്റമൂല്യവും ഉണ്ടാകാം (മുകളിലെ ഉദാഹരണത്തിൽ രണ്ടാമത്തെ മേശ ഈ രണ്ട് മൂല്യങ്ങളും ഉൾക്കൊള്ളുന്നു).
കൈമാറ്റമില്ലാത്തതും ഉപയോഗമൂല്യം മാത്രമുള്ളതുമായ ചരക്കുകളും ഉണ്ടാവാം (മുൻ ഉദാഹരണത്തിലെ ഒന്നാമത്തെ മേശ ഇത്തരത്തിലുള്ള ഒന്നാണ്). കൈമാറ്റത്തിനു (exchange) പകരം സ്വന്തം ഉപയോഗത്തിനായി നിർമിക്കപ്പെടുന്ന ചരക്കുകളാണിവ.

                                        ഇതുപോലെ കൈമാറ്റമൂല്യം ഉള്ളതും ഉപയോഗമൂല്യമില്ലാത്തതുമായ വസ്തുക്കളും ഉണ്ടാവാം. ഇതിന് ഏറ്റവും മികച്ച ഉദാഹരണം പണം (കറൻസി) ആണ്. നിങ്ങൾ പണം സ്വന്തമാക്കുന്നത് മറ്റൊരു ഉത്പന്നം വാങ്ങാൻ വേണ്ടിമാത്രമാണ്. മാർക്കറ്റിൽ ചരക്കുമായി കൈമാറ്റം ചെയ്യപ്പെടുകയാണ് പണത്തിന്റെ കർത്തവ്യം. മറിച്ച് അതിന് ഉപയോഗമൂല്യമൊന്നും ഇല്ല. നിങ്ങൾക്ക് പണത്തെ പണമായി 'ഉപയോഗി'ക്കാനാവില്ല. പണത്തെ തിന്നാനോ കുടിക്കാനോ വസ്ത്രമായി ഉപയോഗിക്കാനോ കഴിയില്ല. അതിനുള്ളത് ഉപയോഗമൂല്യമല്ല ,കൈമാറ്റമൂല്യമാണ്. പണം മാത്രമല്ല , ബോണ്ടുകളും ഡിജിറ്റൽ കറൻസികളും ബിറ്റ് കോയിൻ ഉൾപെടെയുള്ള ക്രിപ്‌റ്റോകറൻസികളും ഒക്കെ ഇതിന് മറ്റ് ഉദാഹരണങ്ങളാണ്..

                                        ഉപയോഗമൂല്യവും കൈമാറ്റമൂല്യവും തമ്മിലെ വൈരുധ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. ഉപയോഗമൂല്യത്തിന്റെ ഉത്ഭവം എന്നത് ചരക്കിന്റെ ഭൗതികസ്വഭാവമാണ്. ഒരു ചരക്കിന് ഉപയോഗമൂല്യം കൈവരുന്നത് അത് മനുഷ്യന്റെ ആവശ്യങ്ങൾ എത്രമാത്രം നിറവേറ്റാൻ കഴിയുന്നു എന്നതിനെ ആസ്പദമാക്കിയിരിക്കും. ഒരു മേശയെ സംബന്ധിച്ചിടത്തോളം അതിന്റെ ഉറപ്പ്, ആകൃതി, ഭാരം താങ്ങാനുള്ള ശേഷി, ആയുസ്സ് തുടങ്ങിയ ഭൗതികസവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഉപയോഗമൂല്യം തീരുമാനിക്കേണ്ടത് (ഓർക്കുക, ഉപയോഗമൂല്യം അളന്നുതിട്ടപ്പെടുത്താൻ കഴിയില്ല).
 
അതേസമയം കൈമാറ്റമൂല്യത്തിന് ചരക്കിന്റെ മേൽപറഞ്ഞ ഭൗതികസവിശേഷതകളുമായി ബന്ധമില്ല. നിങ്ങൾ വിൽക്കാനായി നിർമിച്ച ഒരു മേശയുടെ ഭൗതികഗുണങ്ങൾ അതിന്റെ കൈമാറ്റമൂല്യത്തെ ബാധിക്കില്ല. കാരണം, നിങ്ങൾക്ക് മേശയുടെ ഉപയോഗഗുണത ഒരു വിഷയമേയല്ല, കാശാണ് മുഖ്യം എന്നതുതന്നെ. കൈമാറ്റമൂല്യത്തിന് അടിസ്ഥാനം ചരക്ക് ഉത്പാദിപ്പിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനമാണ് (ഇതിനെക്കുറിച്ച് പിന്നീടുള്ള ലേഖനങ്ങളിൽ വിശദമാക്കാം). കൈമാറ്റമൂല്യം ഒരു ഭൗതികഗുണമല്ല, സാമൂഹ്യഗുണമാണ്. സമൂഹത്തിലെ ചരക്കിന്റെ ഉത്പാദനക്രമങ്ങളും അതുമായി ബന്ധപ്പെട്ട സാമൂഹ്യബന്ധങ്ങളുമാണ് കൈമാറ്റമൂല്യം നിർണയിക്കുന്നത്. കൈമാറ്റമൂല്യവും മാറ്റങ്ങൾക്ക് വിധേയമാണ്.
ഉപയോഗമൂല്യം അളക്കാൻ കഴിയുന്നതല്ല, മാത്രമല്ല അത് വ്യക്തിയിലധിഷ്ഠവുമാണ്. ഉദാ:- തല മുണ്ഡനം ചെയ്ത ഒരാൾക്ക് ഒരു ചീപ്പ് നൽകുന്ന ഉപയോഗമൂല്യം പൂജ്യമാണ്, നല്ല തലമുടിയുള്ള വ്യക്തിക്ക് അങ്ങനെയല്ലതാനും. ഉപയോഗമൂല്യം എന്നത് പലപ്പോഴും സ്വാഭാവികമോ കൃത്രിമമോ ആവാറുണ്ട്.. ഭക്ഷ്യവസ്തുക്കൾ ഉൾപെടെയുള്ള ചില ആവശ്യചരക്കുകൾ ഉപയോഗമൂല്യം സ്വയം ഉൾക്കൊള്ളുമ്പോൾ പല ചരക്കുകൾക്കും കൃത്രിമമായി ഉപയോഗമൂല്യം സൃഷ്ടിക്കാൻ മുതലാളിത്തത്തിന് കഴിയുന്നു. പരസ്യങ്ങളും കാംപയിനിങ്ങുകളും ഒക്കെ നിർവഹിക്കുന്ന ദൗത്യം ഇതാണ് (ഇതിൽ പലതും കബളിപ്പിക്കുന്നവയും ആവാം) .


                                        മനുഷ്യന് കാര്യമായി ഒരുഗുണവും ചെയ്യാത്ത പല ഉത്പന്നങ്ങളും നാം വാങ്ങാറുണ്ട്. ഇതൊന്നും തന്നെ നമ്മുടെ സ്വാഭാവികമായ ആവശ്യങ്ങൾ മൂലം വാങ്ങുന്നതല്ല. നിങ്ങൾ ഇത് വാങ്ങിഉപയോഗിക്കണമെന്ന് പരസ്യങ്ങൾ നമ്മോട് പറയുകയാണ് ചെയ്യുന്നത്. ചരക്കുമാത്രമല്ല, അത് വാങ്ങാനുള്ള ആഗ്രഹത്തെ കൂടിയാണ് മുതലാളിത്തം സൃഷ്ടിക്കുന്നത്.
കൈമാറ്റമൂല്യവും ഉപയോഗമൂല്യവും തമ്മിലെ വൈരുധ്യങ്ങൾ പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്. ഈ മുഖ്യമായ വൈരുധ്യങ്ങളെ പരിഹരിച്ചുകൊണ്ടാണ് 'മൂല്യം' എന്നൊരു ആശയം രൂപം കൊള്ളുന്നത്. #മൂല്യം (Value) എന്നാൽ കൈമാറ്റമൂല്യം തന്നെയാണ്, അതേസമയം അത് ഉപയോഗമൂല്യത്തിലധിഷ്ഠിതവുമാണ്. ഉപയോഗമൂല്യം, കൈമാറ്റമൂല്യം, മൂല്യം എന്നിവ തമ്മിലെ ബന്ധങ്ങൾ ലളിതമാക്കാം. അതായത്, ഒരു ചരക്കിന്റെ മൂല്യമെന്നത് അതിന്റെ കൈമാറ്റമൂല്യത്തിന് തുല്യമാണ്. എന്നാൽ ഉപയോഗമൂല്യമാണ് ചരക്കിന്റെ മൂല്യത്തിന് സാധുത നൽകുന്നതും. ഉപയോഗമൂല്യം ഇല്ലാത്ത ഒരു വസ്തുവിന് കൈമാറ്റമൂല്യമുണ്ടെങ്കിൽ പോലും മൂല്യം പൂജ്യമാണ്. അല്ലാത്തപക്ഷം ചരക്കിന്റെ മൂല്യം അതിന്റെ കൈമാറ്റമൂല്യവുമാണ്.


                                        കൈമാറ്റമൂല്യമുണ്ടെങ്കിലും ഉപയോഗമൂല്യമില്ലാത്ത വസ്തുവാണ് പണം എന്നു പറഞ്ഞല്ലോ.. ഇവിടെ പണത്തിനും കൈമാറ്റമൂല്യം ഉണ്ടെങ്കിലും സ്വന്തമായി മൂല്യം (value) എന്നൊന്നില്ല. അതിന് ഉപയോഗമൂല്യമില്ലാത്തതാണ് കാരണം. രൂപയുടെ മൂല്യം ഇടിഞ്ഞു എന്നൊക്കെ പറയുമ്പോൾ നാം ഉദ്ദേശിക്കുന്നത് അതിന്റെ ഡോളറിനെതിരെയുള്ള കൈമാറ്റമൂല്യം (exchange value) ഇടിഞ്ഞുവെന്നാണ്. അല്ലാതെ രൂപയോ മറ്റ് കറൻസികളോ 'മൂല്യം' ഉൾക്കൊള്ളുന്നില്ല.


                                        ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത ഇതാണ്. ഒരു ചരക്കിന്റെ മൂല്യം അതിന്റെ വിലയാണെന്ന് ധരിക്കരുത്. മൂല്യത്തിന്റെ വിപണിയിലുള്ള മൂർത്തരൂപത്തെയാണ് '#വില' എന്നുപറയുന്നത്. ഒരു മേശയുടെ മൂല്യം അതിനുപിന്നിലെ ആവശ്യമായ സാമൂഹ്യാധ്വാനത്തിനെ അടിസ്ഥാനപ്പെടുത്തിയാവും നിർണയിക്കപ്പെടുക. ഇത് പണരൂപത്തിൽ മാർക്കറ്റിൽ ശരാശരിവൽക്കരിക്കപ്പെടുമ്പോഴാണ് അത് ചരക്കിന്റെ വിലയായി മാറുന്നത്. തൊഴിൽശാലയിൽ ചരക്ക് നിർമിക്കപ്പെടുമ്പോൾ അതിന് മൂല്യമാണുളളത്. ഇത് വിപണിയിൽവെച്ച് പണമായി മാറുന്നതാണ് വില. വില എപ്പോഴും മൂല്യത്തിന് തുല്യമാകണമെന്നില്ല, മറിച്ച് മൂല്യത്തെ അപേക്ഷിച്ച് കൂടുകയോ കുറയുകയോ ചെയ്യാം. (ഇതിന് പലവിധ കാരണങ്ങളുണ്ട്. അവ പിന്നീട് വിശദീകരിക്കാം). മൂല്യം (അഥവാ കൈമാറ്റമൂല്യം) നിർമിക്കുന്നത് വ്യക്തികളാണെങ്കിൽ പോലും അതിന്റെ വ്യക്തിഗതസ്വഭാവം മാർക്കറ്റിൽ വെച്ച് നഷ്ടപ്പെടുന്നു. ആര് മേശ നിർമിച്ചു എന്നുള്ളതിന് പ്രസക്തി നഷ്ടപ്പെടുന്നു. മേശയുടെ മൂല്യം മറ്റ് വിപണിശക്തികളുടെ കൂടി സ്വാധീനത്താൽ സാമൂഹ്യവത്കരിക്കപ്പെടുകയും ശരാശരിയായി മാറുകയുമാണ് ചെയ്യുക
 
                                        അധ്വാനത്തിന്റെ മൂല്യസിദ്ധാന്തം
 
മനുഷ്യസമൂഹത്തിന്റെ നിലനിൽപിന് ചരക്കിന്റെയും സേവനങ്ങളുടെയും ഉത്പാദനവും വളർച്ചയും അത്യന്താപേക്ഷിതമാണ്. എന്താണ് മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത്..? സ്വയം പരിഷ്കരണങ്ങൾക്ക് വിധേയമാവുകയും ചുറ്റുപാടുകളെ (ബാഹ്യപ്രകൃതിയെ) കൂടി പരിഷ്കരിക്കുകയും ചെയ്യുന്ന മൃഗമാണ് #മനുഷ്യൻ എന്ന് പറയാം.. ഇങ്ങനെ സ്വയം പരിഷ്കരിക്കാനും പുനഃനിർവചിക്കാനും (reform & redefine) മനുഷ്യന് കഴിയുന്നത് അവന്റെ അധ്വാനത്തിലൂടെയാണ്. തീയുടെയും ചക്രത്തിന്റെയും കണ്ടുപിടുത്തം മുതലിങ്ങോട്ടുള്ള ചരിത്രം നിരന്തരമായ ഈ അധ്വാനപ്രകിയയുടെ ചരിത്രമാണ്. മനുഷ്യന്റെ ചിന്താപ്രക്രിയകൾ പോലും അവന്റെ അധ്വാനജീവിതവുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. അന്നന്നത്തെ ഭക്ഷണത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലുകൾ തന്നെയാണ് മനുഷ്യന് ബൗദ്ധികമായി പുരോഗതി പ്രാപിക്കാനുള്ള ഇടമൊരുക്കിയത്.

                                        ഈ കൂട്ടായ മനുഷ്യാധ്വാനം സമൂഹത്തിൽ ക്രമീകരിക്കപ്പെടുന്ന രീതിയെയാണ് #ഉത്പാദനക്രമം (#mode_of_production) എന്ന് വിശേഷിപ്പിക്കുന്നത്. മുതലാളിത്തം (Capitalism), അടിമത്തം(Slavery), ഫ്യൂഡലിസം എന്നിവയെല്ലാം വിവിധ ഉത്പാദനക്രമങ്ങളാണ്. മനുഷ്യാധ്വാനം എങ്ങനെയെല്ലാം സമൂഹത്തിൽ വിതരണം ചെയ്യപ്പെടുന്നു എന്നതിനനുസരിച്ചാണ് ഇവയെല്ലാം ഘടനാപരമായി വ്യത്യാസപ്പെട്ടിരിക്കുന്നത്. ഉദാ:- മുതലാളിത്ത ഉത്പാദനക്രമത്തിൽ മനുഷ്യൻ അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ലക്ഷ്യം വിപണിയിൽ ലാഭത്തിനായി കൈമാറ്റം ചെയ്യപ്പെടുക എന്നിവയാണ്.. ഇവിടെ ചരക്കിന് കൈമാറ്റമൂല്യം കൈവരുന്നു. ഫ്യൂഡലിസത്തിലാകട്ടെ കൈമാറ്റമൂല്യം അപ്രധാനമാണ്. മനുഷ്യൻ അധ്വാനിച്ചുണ്ടാക്കുന്നതിന്റെ ചെറിയൊരംശം അവന്റെ കുടുംബത്തിലേക്കും ബാക്കി ഭൂപ്രഭു- മേലാളവർഗങ്ങളിലേക്കുമാണ് പോകുന്നത് (വിപണിയിലേക്കല്ല).
ചെറിയ ക്ലാസുകളിൽ നമ്മൾ ബാർട്ടർ സമ്പ്രദായത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്. കാർഷികജീവിതത്തിലേക്കും ഉത്പാദനത്തിലേക്കും കടന്നതിന്റെ ഫലമായി ചരക്കുത്പാദനം വർധിച്ചു. മനുഷ്യൻ അവന് ആവശ്യമുള്ളതിനേക്കാളേറെ സാധനങ്ങൾ കൃഷി ചെയ്തും മറ്റും നിർമ്മിക്കാൻ തുടങ്ങി. തന്റെ ഉപയോഗം കഴിഞ്ഞ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ഈ ചരക്കിനെ മിച്ച-ഉത്പന്നങ്ങൾ (surplus) എന്ന് വിളിക്കാം. ഇത്തരത്തിൽ ചരക്കുകൾ സമൂഹത്തിൽ വർധിച്ചതോടെ അവ കൈമാറ്റം ചെയ്യാനാരംഭിച്ചു. കറൻസികളുടെ ആവിർഭാവത്തിനുമുമ്പ് സാധനങ്ങളാണ് പരസ്പരം കൈമാറ്റം ചെയ്തിരുന്നത്. മൺകലം കൊടുത്ത് അരി വാങ്ങുക, കുതിരകളെ നൽകി കൃഷിയിടം വാങ്ങുക, അങ്ങനെയങ്ങനെ.. അതായത് ഉപയോഗമൂല്യത്തിലുപരി ചരക്കുകൾക്ക് കൈമാറ്റമൂല്യം കൈവന്നു. 

                                        പിൽക്കാലത്ത് ചരക്കുകൾക്കിടയിലെ ഇടനിലക്കാരനെന്നോണം പണം ആവിർഭവിച്ചു ( പണത്തിന്റെ ഉത്ഭവവും പ്രവർത്തനവും തുടർലേഖനങ്ങളിൽ വിശദീകരിക്കുന്നുണ്ട്) എന്താണ് വാസ്തവത്തിൽ ഇത്തരം കൈമാറ്റങ്ങളുടെ പിന്നിലെ ധനശാസ്ത്രം.. നോക്കാം.
മൂലധനത്തിലെ ഒരു പ്രശസ്തഉദാഹരണം തന്നെ എടുക്കാം. എന്റെ കൈവശം ധാരാളം 'ലിനൻ' (ചണം കൊണ്ടുള്ള തുണി) സ്റ്റോക്കുണ്ട്. എനിക്ക് ഒരു കോട്ട് വാങ്ങണം. മറ്റൊരാളിൽ നിന്നും ഞാൻ കോട്ട് സ്വന്തമാക്കണമെങ്കിൽ അയാൾക്ക് എന്റെ പക്കലുള്ള ചരക്ക് (ലിനൻ) നൽകണമല്ലോ. അതായത് ലിനൻ, കോട്ട് എന്നിവ പരസ്പരം കൈമാറ്റം ചെയ്യപ്പെടണം. ഇത് സംഭവിക്കണമെങ്കിൽ കോട്ട് നൽകുന്നയാൾ ലിനൻ സ്വീകരിക്കാൻ കൂടി തയ്യാറാവേണ്ടതുണ്ട്. അതായത് ഞാൻ കോട്ടിന്റെ ഉപയോഗമൂല്യത്തിനും അയാൾ കൈമാറ്റമൂല്യത്തിനുമാണ് പ്രാധാന്യം നൽകുക. ലിനന്റെ കാര്യത്തിൽ തിരിച്ചും. ഈ കൈമാറ്റത്തിൽ കോട്ടും ലിനനും തമ്മിൽ എങ്ങനെ കൈമാറ്റം ചെയ്യപ്പെടും..? ഒരു കോട്ടിന് എത്ര ലിനൻ നൽകേണ്ടതായി വരും. ഇത് നിശ്ചയിക്കപ്പെടുന്നത് സാമൂഹ്യമായി നടക്കുന്ന അനേകം കൈമാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്.
ഒരു കോട്ടിന് 20 ലിനൻ എന്നിങ്ങനെയാണ് കൈമാറ്റത്തിന്റെ അംശബന്ധം എന്നിരിക്കട്ടെ. ഇതിനെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം.


1 കോട്ട് = 20 ലിനൻ.
ഇതുപോലെ വേറെയും കൈമാറ്റബന്ധങ്ങൾ (exchanges) പരിഗണിക്കുക,
2 പുസ്തങ്ങൾ = 3 പായ്ക്കറ്റ് ബ്രഡ്,
100000 പായ്ക്കറ്റ് ബ്രഡ്= ഒരു കാർ,
2 കാറുകൾ = ഒരു വീട് etc.
 
ഇത്തരത്തിൽ ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടണമെങ്കിൽ അവ തീർച്ചയായും ഒരു പൊതുഘടകവുമായി തുല്യമാകണം. അതായത് ഒരു കോട്ടിലും 20 ലിനനിലും തുല്യമായ അളവിൽ ഒരു പൊതുഘടകം ഉണ്ടാവണം. ഇതാണ് മൂല്യം (Value). അവസാനഉദാഹരണത്തിൽ രണ്ട് കാറുകളുടെ അതേ മൂല്യം ഒരു വീട് ഉൾക്കൊള്ളുന്നതിനാലാണ് അവ കൈമാറ്റം ചെയ്യാൻ കഴിയുന്നത്.
ഇത്തരത്തിൽ ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്നതുവഴി അർത്ഥമാക്കുന്നത് കൈമാറ്റമൂല്യങ്ങളുടെ exchange ആണ്. മൂല്യം എന്നത് കൈമാറ്റമൂല്യം തന്നെയാണെന്നും ഉപയോഗമൂല്യമെന്നതാകട്ടെ മൂല്യം സാധുവാകാനുള്ള ഒരു മുൻനിബന്ധന മാത്രമാണെന്നും മുൻലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. അതായത് ഒരു കോട്ടിലും 20 ലിനനിലും ഒരേ അളവിലുള്ള കൈമാറ്റമൂല്യമാണ് ഉള്ളത്. ഇത്തരത്തിൽ ചരക്കുകൾ മാർക്കറ്റിൽ കൈമാറ്റത്തിനായി പരസ്പരം സമീകരിക്കപ്പെടണമെങ്കിൽ(equate) അവയുടെ മൂല്യത്തിൽ പൊതുവായി കാണപ്പെടേണ്ട ഒരു ഘടകമുണ്ടാവണം. മൂല്യം തീർച്ചയായും ശൂന്യതയിൽ നിന്നും രൂപം കൊള്ളുന്നതല്ല. രണ്ട് പുസ്തകങ്ങളുടെ അതേമൂല്യം 3 പായ്ക്കറ്റ് ബ്രഡിനും ഉണ്ടെങ്കിൽ ഈ മൂല്യം എവിടെ നിന്നും രൂപം കൊള്ളുന്നു എന്നൊരു ചോദ്യമുണ്ട്. ഇതിനുള്ള ഉത്തരമാണ് #മൂല്യസിദ്ധാന്തം (#Labour_theory_of_value .
എല്ലാ കൈമാറ്റമൂല്യങ്ങളിലും ഉള്ള പൊതുസാമൂഹ്യഘടകം മനുഷ്യാധ്വാനം ആണ്. രണ്ട് പുസ്തകത്തിലും 3 പാക്കറ്റ് ബ്രഡിലും അടങ്ങിയിരിക്കുന്ന മൊത്തം സാമൂഹ്യാധ്വാനത്തിന്റെ അളവ് തുല്യമായതുകൊണ്ടാണ് അവയുടെ മൂല്യങ്ങൾ സമമാകുന്നത്. ''ഒരു ചരക്കിന്റെ മൂല്യം നിശ്ചയിക്കുന്നത് അത് നിർമിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനം (Socially necessary labour time) ആണ്. ആഡംസ്മിത്ത് ആണ് ഈ മൂല്യസിദ്ധാന്തം ആവിഷ്കരിച്ചത്. പിന്നീട് റിക്കാർഡോ അതിനെ പരിഷ്കരിക്കുകയും ചെയ്തു. മാർക്സ് ഈ സിദ്ധാന്തത്തെ സ്വീകരിക്കുകയും അതുപയോഗിച്ച് ക്യാപിറ്റലിസ്റ്റ് ഉത്പാദനക്രമം മിച്ചമൂല്യം ചൂഷണം ചെയ്യുന്നതെങ്ങനെയെന്നും അതിന്റെ ആന്തരികവൈരുധ്യങ്ങൾ എന്തൊക്കെയെന്നും വിശദീകരിച്ചു. മുതലാളിത്തസാമ്പത്തിക ശാസ്ത്രത്തിന്റെ ആചാര്യനായ ആഡംസ്മിത്തിന്റെ അധ്വാനമൂല്യസിദ്ധാന്തം തന്നെയാണ് മാർക്സും അദ്ദേഹത്തിന്റെ മുതലാളിത്തവിരുദ്ധ -വിപ്ലവാശയങ്ങൾ രൂപീകരിക്കുന്നതിനായി സ്വീകരിച്ചത് എന്നതും കൗതുകകരമാണ്. ഇനി എന്താണ് #മൂല്യസിദ്ധാന്തം എന്ന് പരിശോധിക്കാം..
 
                                        മാർക്സിസ്റ്റ് എക്കോണമിക്സിനെയും മാർക്സിസത്തെ തന്നെയും രൂക്ഷമായി വിമർശിക്കുന്നവർ സാധാരണയായി മൂല്യസിദ്ധാന്തം അവാസ്തവമാണെന്ന് പ്രചരിപ്പിക്കുക പതിവാണ്. മാർക്സിസത്തിന്റെ മുതലാളിത്തവിരുദ്ധവീക്ഷണങ്ങൾക്ക് ആണിക്കല്ലായി വർത്തിക്കുന്ന തിയറിയാണ് labour theory of value. മൂല്യസിദ്ധാന്തത്തെ നിരാകരിക്കുക എന്നതും അതുകൊണ്ടുതന്നെ മാർക്സിസ്റ്റ് വിരുദ്ധരുടെ നിത്യവിനോദവുമാണ്. വാസ്തവത്തിൽ എന്താണ് മൂല്യസിദ്ധാന്തം എന്നുപോലും അറിയാൻ ശ്രമിക്കാതെയാണ് വലതുപക്ഷ'പണ്ഡിത'ന്മാർ മൂല്യസിദ്ധാന്തത്തെ വിമർശിച്ചു'കൊല്ലാൻ' ശ്രമം തുടരുന്നത്.
 
                                        മൂല്യത്തിന്റെ അധ്വാനസിദ്ധാന്തം ഇത്രയേ ഉള്ളൂ.. :- '' എല്ലാ ചരക്കുകളുടെയും കൈമാറ്റമൂല്യം നിർണയിക്കുന്നത് അതിലടങ്ങിയിരിക്കുന്ന സാമൂഹ്യാധ്വാനമാണ്''. ഈ പ്രസ്താവനയിൽ പക്ഷേ ഒരുപാടുകാര്യങ്ങളുണ്ട്.
 
1) മൂല്യസിദ്ധാന്തം ചരക്കിന്റെ മൂല്യത്തെയാണ് (value) നിർവചിക്കുന്നത്. വിലയെ (prize) അല്ല. മൂല്യം വിപണിയിൽ പണരൂപത്തിൽ മൂർത്തവത്കരിക്കുന്നതാണ് വില എന്ന് മനസിലാക്കുക. വില മൂല്യത്തേക്കാൾ കൂടുകയോ മൂല്യത്തിൽ നിന്നും കുറയുകയോ ആണ് ചെയ്യുന്നത്. ഇതിനെ മൂല്യത്തിനു ചുറ്റുമുള്ള വ്യതിയാനങ്ങൾ (Fluctuations around value) എന്നുപറയാം. ഡിമാന്റ് -സപ്ലൈ നിയമങ്ങൾ, മോണോപോളി എഫക്ട്, യൂട്ടിലിറ്റി തിയറി, സബ്ജക്ടിവിറ്റി, ബ്രാന്റ് വാല്യു തുടങ്ങിയ മെക്കാനിസങ്ങൾ വിലയുമായി ബന്ധപ്പെട്ടതാണ്, മൂല്യവുമായല്ല. ഇവയെല്ലാം മാർക്സിനെതിരായ ആയുധങ്ങളായി വലതുപക്ഷം നിരന്തരം ഉയർത്തുന്നുമുണ്ട്. (അടുത്ത ലേഖനത്തിൽ ഇതിന്റെ പിന്നിലെ യാഥാർത്ഥ്യം വിശദമാക്കാവുന്നതാണ്).
 
2) ചരക്കിന്റെ മൂല്യം എന്നത് അതിനുപിന്നിലുള്ള മൊത്തം സാമൂഹ്യാധ്വാനം സൃഷ്ടിക്കുന്ന മൂല്യമാണ്. ഇതിനെ #Social_labour എന്നും പറയാം. ഒരു വ്യക്തിയുടെ അധ്വാനമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു പേനയുടെ നിർമാണത്തിൽ പോലും അനേകം ഉത്പാദനഘട്ടങ്ങൾ (stages of production) ഉണ്ട്. അതായത് പേനയുടെയും അതിന്റെ ഓരോ ഭാഗങ്ങളുടെയും അതിനാവശ്യമായ വസ്തുക്കളുടെയും ഒക്കെ നിർമാണപ്രക്രിയകളിലായി ധാരാളം മനുഷ്യരുടെ അധ്വാനം അരങ്ങേറുന്നുണ്ട്. ഒരു ചരക്കിനു പിന്നിലെ #സാമൂഹ്യാധ്വാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അത് നിർമിക്കാൻ 'സമൂഹം' ചെലവഴിച്ച മൊത്തം അധ്വാനസമയം ആണ്. ഇതാണ് #socially_necessary_labour_time എന്നറിയപ്പെടുന്നത്.
 
3) അധ്വാനത്തിന്റെ അളവ് എന്നത് അധ്വാനത്തിനെടുത്ത സമയം ഉപയോഗിച്ചാണ് കണക്കാക്കുന്നത്. ഒരു കാറിന്റെ മൂല്യം ഒരു പുസ്തകത്തേക്കാൾ കൂടുതലാണ്. കാരണം കാറിന്റെ ഉത്പാദനത്തിനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ സമയം പുസ്തകത്തിന്റേതിനേക്കാൾ വളരെ കൂടുതലാണ്. വജ്രത്തിന് മൂല്യം ഉയരാൻ കാരണം അത് ഖനികളിൽ നിന്നും വേർതിരിക്കുന്നതുമുതൽ നിലവിലെ രൂപഭംഗിയിലേക്ക് പരുവപ്പെടുത്തുന്നത് വരെയുള്ള ദുഷ്കരമായ മൊത്തം സാമൂഹ്യാധ്വാനത്തിന്റെ സമയം കൂടുതലായതുകൊണ്ടാണ്.
 
4) ചരക്കിന്റെ മൂല്യം അഥവാ, അതിന്റെ ഉത്പാദനത്തിനാവശ്യമായ സാമൂഹ്യാധ്വാനം (social labour) മൊത്തം തൊഴിലാളികളുടെ അധ്വാനമൂല്യങ്ങളുടെ ശരാശരിയാണ്. ഉദാ:- ഒരു പാക്കറ്റ് ബ്രഡ് നിർമ്മിക്കാനാവശ്യമായ മൊത്തം സാമൂഹ്യ-അധ്വാനസമയം ഒരു മണിക്കൂർ ആണെന്ന് കരുതുക. ഇത് വിപണിയിലെ എല്ലാ ബ്രഡ് ഫാക്ടറികളിലെയും അധ്വാനസമയത്തിന്റെ ശരാശരിയാണ്. ഒരു ഫാക്ടറിയെ സംബന്ധിച്ചിടത്തോളം ബ്രഡ് നിർമാണത്തിന് മൂന്ന് മണിക്കൂർ വേണ്ടിവന്നു എന്ന് വിചാരിക്കുക. അവരുടെ ബ്രഡിന്റെ മൂല്യം കൂടുമോ..? ഇല്ല. ഇവിടെ ഉണ്ടായത് വ്യക്തിഗത അധ്വാനമാണ് (Individual labour). സാമൂഹ്യാധ്വാനം എന്നത് എല്ലാ ഉത്പാദനയൂണിറ്റുകളിലെയും വ്യക്തിഗതഅധ്വാനങ്ങളുടെ ശരാശരിയാണ്. ഏതെങ്കിലും ഒരാൾ ഇതിൽ നിന്നും വ്യത്യസ്തമായി അതിവേഗത്തിലോ സാവധാനമോ ചരക്ക് നിർമിച്ചതുകൊണ്ട് മൂല്യത്തിന് കാര്യമായ മാറ്റം ഉണ്ടാകുന്നില്ല. വ്യക്തിപരമായ അധ്വാനസമയമല്ല, അവയുടെ സാമൂഹ്യശരാശരിയെയാണ് Socially necessary labour time എന്നുപറയുന്നത്.
 
5) മൊത്തം സാമൂഹ്യാധ്വാനം എന്നതുകൊണ്ടർത്ഥമാക്കുന്നത് ഉപയോഗപ്രദമായ മൊത്തം അധ്വാനം എന്നാണ്. അതായത് അധ്വാനത്തിലൂടെ ഉണ്ടാകുന്ന ചരക്കിന് ഉപയോഗമൂല്യം ഉണ്ടാകണം. ഉദാ:- മണ്ണുകൊണ്ട് നിങ്ങൾ ചുട്ടെടുത്ത ഒരു കേക്ക് സങ്കൽപിക്കുക. അത് നിർമിക്കാൻ എത്ര അധ്വാനസമയം വേണ്ടിവന്നാലും ആ ചരക്കിന്റെ മൂല്യം പൂജ്യം ആണ്. മൺകേക്ക് ആരും വാങ്ങില്ല. കാരണം അവിടെ അധ്വാനം യാതൊരു ഉപയോഗമൂല്യവും സൃഷ്ടിക്കുന്നില്ല. ഉപയോഗപ്രദമായ അധ്വാനമാണ് Socially necerssary labour time എന്ന് പറയപ്പെടുന്നത്.
 
6) അധ്വാനങ്ങൾ ഗുണപരമായി വ്യത്യാസപ്പെടാം. ഒരു ടീച്ചറിന്റെ അധ്വാനവും ഒരു തെങ്ങുകയറ്റക്കാരന്റെ അധ്വാനവും ഗുണപരമായി (qualitatively) വളരെ വ്യത്യസ്തമാണ്. ഈ ഗുണപരമായ വ്യത്യാസങ്ങളെ പരിമാണാത്മകമായി -അളവിൽ (quantitatively) ഏകീകരിക്കുകയാണ് മൂല്യം ചെയ്യുന്നത്.
 
7) മൂല്യസിദ്ധാന്തം വിപണിനിയമങ്ങൾക്ക് വിധേയമായ സമൂഹത്തിലെ മൊത്തം ചരക്ക് കൈമാറ്റങ്ങളുടെ കാര്യത്തിലാണ് പ്രബലമാകുന്നത്. ഒറ്റപ്പെട്ടതോ, വിപണിനിയമങ്ങളുമായി യോജിക്കാത്തതോ ആയ വ്യക്തിപരമായ കൈമാറ്റങ്ങളെ അത് പരിഗണിക്കില്ല. ഉദാ:- ഞാൻ ആയിരം രൂപയ്ക്ക് ഒരു കാർ വെറുതെ വിൽക്കുന്നുവെന്നിരിക്കട്ടെ . ഇവിടെ കാറിന്റെ മൂല്യത്തിന് അതിന്റെ വിലയുമായി ബന്ധമില്ല. മൂല്യം എന്നത് കാറിനുപിന്നിലെ ആവശ്യമായ സാമൂഹ്യാധ്വാനസമയം തന്നെയാണ്. അത്തരം കൈമാറ്റങ്ങൾ മാർക്കറ്റിൽ നിന്ന് വ്യതിരിക്തമായ വ്യക്തിഗതകൈമാറ്റങ്ങൾ (Isolated individual exchange ) മാത്രമാണ്. ഇവയെ മാർക്കറ്റ് പ്രതിഭാസമായി പരിഗണിക്കാനാവില്ല..
 
8) ഏറ്റവും പ്രധാനപ്പെട്ട സംഗതി, ചരക്കിനുപിന്നിലെ മൊത്തം സാമൂഹ്യാധ്വാനം (Socially necessary labour time) കാലക്രമേണ മാറിക്കൊണ്ടിരിക്കാം. തൊഴിൽ നൈപുണ്യം, #സാങ്കേതികവിദ്യ ,യന്തോപാധികൾ തുടങ്ങിയവ അധ്വാനസമയത്തെ സ്വാധീനിക്കും. ഉദാഹരണത്തിന് ഒരു കൈത്തറിശാലയിൽ തൊഴിലാളികൾ ചേർന്ന് 10 തുണികൾ നെയ്യുന്ന അതേസമയം കൊണ്ടുതന്നെ ഒരു 'യന്ത്ര'ത്തറി ഉപയോഗിച്ച് ഇത്രയും തൊഴിലാളികൾക്ക് നൂറിലേറെ തുണികൾ നിർമിക്കാനാവും. ഇവിടെ രണ്ട് ഇടങ്ങളിലെയും തുണികളിലെ സാമൂഹിക അധ്വാനങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
 
സപ്ലൈ , ഡിമാൻഡ്, യൂട്ടിലിറ്റി സിദ്ധാന്തങ്ങൾ


മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കപ്പെടുന്ന സാമ്പത്തികനിയമമാണ് മൂല്യസിദ്ധാന്തം (Labour theory of value ). മാർക്സിനെയും 'മൂലധനത്തെ'യും വിമർശിക്കുന്നവർ ആദ്യം വെടിയുതിർക്കുന്നതും മൂല്യസിദ്ധാന്തത്തിന്റെ നേർക്കാണ്. എന്നാൽ അതിന്റെ ചില പ്രധാനഘടകങ്ങളെ എതിരാളികൾ സ്പർശിക്കാറുപോലുമില്ലതാനും. Labour theory of value വിനെ റദ്ദാക്കാൻ വിമർശകർ ഉപയോഗിക്കുന്ന പ്രധാനആയുധമാണ്, നാം പൊതുവെ എക്കണോമിക്സ് ക്ലാസുകളിൽ പഠിക്കാറുള്ള സപ്ലൈ- ഡിമാന്റ് നിയമം (#Supply -#Demand law). ഇവർ വാദിക്കുന്നത് പ്രകാരം ''ചരക്കിന്റെ മൂല്യത്തിന്റെ അടിസ്ഥാനം അതിനുപിന്നിലെ മൊത്തം ആവശ്യമായ സാമൂഹ്യാധ്വാനമാണ്'' എന്ന മൂല്യസിദ്ധാന്തത്തിന്റെ നിർവചനം തെറ്റാണ്. ചരക്കിന്റെ മൂല്യം നിർണയിക്കുന്നത് അധ്വാനമല്ല, വിപണിയിലെ സപ്ലൈയും ഡിമാന്റുമാണ്. ഉദാ:- ഒരു മേശ നിർമ്മിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനം (Socially necessary labour time) അഞ്ച് മണിക്കൂറാണെന്ന് കരുതുക. ഇത് ചരക്കിന്റെ വിലയെ ബാധിക്കുന്നില്ല. വിപണിയിലെ മേശകളുടെ സപ്ലൈ കൂടുമ്പോൾ വില കുറയുകയും ആളുകൾ കൂടുതലായി മേശ വാങ്ങുമ്പോൾ വില കൂടുകയും ചെയ്യും. സപ്ലൈയും ഡിമാന്റുമാണ് വില നിർണയിക്കുന്നത്, അധ്വാനസമയമല്ല.

                                        മൂല്യസിദ്ധാന്തത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെയാണ് സാധാരണയായി ഇത്തരം വികലവാദങ്ങൾ വലതുപക്ഷം ഉന്നയിക്കാറ്. ഇടതുപക്ഷക്കാരിൽ പോലും ഇത്തരം സന്ദേഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്താണ് യാഥാർത്ഥ്യമെന്ന് നോക്കാം.
 
1) എന്താണ് #സപ്ലൈയും_ഡിമാന്റും
വിപണിയിലെ ഒരു ചരക്കിന്റെ അളവിലുള്ള ലഭ്യതയാണ് സപ്ലൈ എന്നറിയപ്പെടുന്നത്. ഈ ചരക്ക് ആളുകൾ എത്രയളവിൽ വാങ്ങാൻ തയ്യാറാവുന്നു എന്നതിനെ ഡിമാന്റ് എന്ന് പറയുന്നു. ''ചരക്കിന്റെ വില കൂടുന്നതിനനുസരിച്ച് അതിന്റെ മാർക്കറ്റ് സപ്ലൈ വർധിക്കും. അതുപോലെ തിരിച്ചും'' കാരണം വില കൂടുമ്പോൾ ആ ചരക്ക് കൂടുതലായി നിർമിച്ച് ലാഭം നേടാൻ കമ്പനികൾ താത്പര്യം കാണിക്കുകയും ഉത്പാദനവും സപ്ലൈയും വർധിപ്പിക്കുന്നതുമാണ് കാരണം. വില കൂടുന്നതിനനുസരിച്ച് സപ്ലൈയുടെ അളവ് മുകളിലേക്ക് കൂടുന്നതായി ചിത്രത്തിൽ കാണാം.
ഡിമാന്റ് ആകട്ടെ, വിലയുമായി വിപരീതബന്ധമാണ് പുലർത്തുക. ''ചരക്കിന്റെ വില വർധിക്കുമ്പോൾ വിപണിയിലെ അതിന്റെ ഡിമാന്റ് കുറയുന്നു. തിരിച്ചും സംഭവിക്കുന്നു''. വിലക്കൂടുതലുള്ള ചരക്ക് വാങ്ങാൻ തയ്യാറാവുന്നവരുടെ എണ്ണം കുറയുന്നതും വാങ്ങുന്നവർ വിലക്കൂടുതൽ മൂലം ചരക്ക് വാങ്ങുന്നത് ചുരുക്കുന്നതുമാണ് കാരണം. വില കൂടുന്നതിനനുസരിച്ച് സാധനത്തിന്റെ ഡിമാന്റ് താഴേക്ക് കുറയുന്നു.
 
                                        ഇവിടെ സപ്ലൈ- ഡിമാന്റ് നിയമങ്ങൾ ചരക്കിന്റെ ''വിലയെ'' സ്വാധീനിക്കുകയാണ് ചെയ്യുന്നത്, മൂല്യത്തെയല്ല. മൂല്യവും(value ) വിലയും (prize) ഒന്നാകണമെന്ന് നിർബന്ധമില്ല. സപ്ലൈ -ഡിമാന്റ് ബലങ്ങളുടെ സ്വാധീനത്താൽ ചരക്കിന്റെ വില മൂല്യത്തിൽ നിന്നും ഉയരുകയോ താഴുകയോ ചെയ്യുകയും ഇതേ മാർക്കറ്റ് ബലങ്ങളാൽ വില മൂല്യത്തിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്യും. ഇവിടെയാണ് മാർക്സിസ്റ്റ് വിശകലനം പ്രസക്തമാകുന്നത്. ഒരു ചരക്കിന്റെ മൂല്യം അതിനുപിന്നിലെ സാമൂഹ്യ-അധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ മൂല്യം വിപണിയിൽ വെച്ച് പണമായി മൂർത്തവത്കരിക്കുന്നതാണ് വില (Realization of value in market exchange into money form). ചരക്കിന്റെ സപ്ലൈ വർധിക്കുമ്പോഴും ഡിമാന്റ് കുറയുമ്പോഴും വില ചരക്കിന്റെ മൂല്യത്തേക്കാൾ കുറയുന്നു. ചരക്കിന്റെ സപ്ലൈ -Supply കുറയുകയും Demand കൂടുകയും ചെയ്യുമ്പോൾ ചരക്കിന്റെ മൂല്യത്തേക്കാൾ അതിന്റെ വില കൂടുകയും ചെയ്യുന്നു. മൂല്യം എപ്പോഴും ചരക്കിന്റെ വിലയ്ക്ക് തുല്യമാവുകയല്ല ചെയ്യുക, മറിച്ച് സപ്ലൈ- ഡിമാന്റ് നിയമങ്ങളനുസരിച്ച് മൂല്യത്തിന് മുകളിലും താഴെയുമായി അതിന്റെ വില മാറിക്കൊണ്ടിരിക്കുകയാണ് ചെയ്യുക. വിപണിവില മൂല്യത്തേക്കാൾ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ഇതേ മാർക്കറ്റ് ബലങ്ങൾ അതിനെ മൂല്യത്തിലേക്ക് അടുപ്പിക്കുന്നു.

സപ്ലൈ-ഡിമാന്റ് ഗ്രാഫ് ശ്രദ്ധിക്കുക. സപ്ലൈയുടെയും ഡിമാന്റിന്റെയും രേഖകൾ തമ്മിൽ കൂട്ടിമുട്ടുന്ന ബിന്ദുവിനെ 'സന്തുലിതബിന്ദു'വെന്ന് (Point of equilibrium) വിളിക്കാം. ഈ പോയിന്റിൽ ചരക്കിന്റെ സപ്ലൈയും ഡിമാന്റും തുല്യമാകുന്നതായി കാണാം. അതായത് എത്രമാത്രം ചരക്ക് വിപണിയിൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുവോ അത്രയും തന്നെ അവിടെ സപ്ലൈ ചെയ്യപ്പെടുന്നു. ഈ ഇക്വിലിബ്രിയം പോയിന്റ് ആണ് ചരക്കിന്റെ മൂല്യം. ചരക്കിന്റെ സപ്ലൈ കുറയുകയോ ,ഡിമാന്റ് കൂടുകയോ ചെയ്തെന്ന് കരുതുക. ഇവിടെ ചരക്കിന്റെ വില മൂല്യത്തേക്കാൾ വർധിക്കുന്നു. ഡിമാന്റ് സ്വാഭാവികമായും കുറയുകയും വില പഴയതുപോലെ ഇക്വിലിബ്രിയത്തിലേക്ക് താഴുകയും ചെയ്യുന്നു. മറിച്ച് വില മൂല്യത്തേക്കാൾ താഴുമ്പോൾ ഡിമാന്റ് വർധിക്കുകയും സപ്ലൈ കുറയുകയും ചെയ്യുന്നു. വില മൂല്യത്തിലേക്ക് ഉയരുന്നു. മൂല്യത്തിൽ നിന്നും വില എത്രമാത്രം വ്യതിചലിക്കുന്നുവോ അതിനനുസരിച്ച് സപ്ലൈ- ഡിമാന്റ് നിയമങ്ങൾ അതിനെ മൂല്യത്തിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുക.
 
                                        വില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കമ്പനി നിർമിക്കുന്ന ചരക്കിന്റെ വിലയല്ല, മറിച്ച് അതിന്റെ വിപണിയിലെ ശരാശരിയാണ്. ഒരു ചരക്കിന് തന്നെ വ്യത്യസ്തമായ വിലകൾ വിപണിയിലുണ്ടാവാം. എന്നാൽ ഈ വിലകൾ അതിന്റെ ശരാശരിയിലേക്ക് എപ്പോഴും അടുക്കാനാവും ശ്രമിക്കുക. (ചില സാഹചര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ. ഇവ പിന്നീട് വിശദീകരിക്കാം) ഉദാ:- നിങ്ങളുടെ ഫർണീച്ചർ മാനുഫാക്ച്വറിങ് കമ്പനിയിൽ നിർമിക്കുന്ന മേശയ്ക്ക് വിപണിവില 6000 രൂപയും എന്റെ പണിശാലയിൽ നിർമിച്ച മേശ 3500 രൂപയും ആണെന്ന് കരുതുക. ഇതിന് പിന്നിലെ സാമൂഹ്യാധ്വാനവും രണ്ട് മേശകളുടെയും ഉപയോഗമൂല്യവും (ഗുണനിലവാരം) ഒക്കെ ഏതാണ്ട് ഒരുപോലെയാണെന്നിരിക്കട്ടെ. ആളുകൾ വിലക്കുറവുള്ള ചരക്ക് കൂടുതലായി വാങ്ങുന്നു. 6000 രൂപയുള്ള മേശയുടെ വിൽപന കുറയുകയും 3500 രൂപ വിലവരുന്ന മേശ കൂടുതലായി വിറ്റുപോവുകയും ചെയ്യുന്നു. ഇതോടുകൂടി നിങ്ങളുടെ മേശയ്ക്ക് വില കുറയ്ക്കാൻ നിങ്ങൾ നിർബന്ധിതമാകുന്നു. ഡിമാന്റ് കൂടുന്നതുമൂലം എന്റെ മേശയുടെ വില 3500നുമുകളിലേക്ക് ഉയരുകയും ചെയ്യുന്നു. അതായത് വ്യത്യസ്തമായ വിലകൾ ഒരു നിശ്ചിതശരാശരിയിലേക്ക് അടുക്കുന്നു. വിപണിയിലെ മത്സരങ്ങളും സപ്ലൈ- ഡിമാന്റ് ബലങ്ങളും വിലകളെ ശരാശരിവത്കരിക്കുന്നു. ഇതാണ് വിപണിവിലയായി നാം കണക്കാക്കുന്നത്.
 
                                        ചുരുക്കത്തിൽ ചരക്കിന്റെ ഈ വിപണിവിലയെയാണ് സപ്ലൈയും ഡിമാന്റും സ്വാധീനിക്കുന്നത്, മൂല്യത്തെയല്ല. സപ്ലൈയും ഡിമാന്റും മൂലം വിലകൾക്ക് ഒരു നിശ്ചിതസംഖ്യയ്ക്ക് മുകളിലേക്കും താഴേക്കുമായി വ്യതിയാനം സംഭവിക്കുന്നു. ഈ നിശ്ചിതസംഖ്യ ചരക്കിന്റെ മൂല്യത്തെ സൂചിപ്പിക്കുന്നു. സപ്ലൈ -ഡിമാന്റ് നിയമങ്ങൾ മൂല്യസിദ്ധാന്തത്തെ നിരാകരിക്കുകയല്ല ,മറിച്ച് മൂല്യത്തെ നിർവചിക്കാൻ സഹായിക്കുകയാണ് ചെയ്യുക. മൂല്യത്തിന്റെ ഉത്ഭവം ചരക്കിന് പിന്നിലെ മൊത്തം സാമൂഹ്യാധ്വാനമാണ്. ഉദാഹരണത്തിന് , ഒരു കാറിന്റെയും ഒരു ഷർട്ടിന്റെയും വിപണിവിലയിലെ ഏറ്റക്കുറച്ചിലുകൾ സപ്ലൈ -ഡിമാന്റ് ഗ്രാഫുകൾ ഉപയോഗിച്ച് നമുക്ക് മനസിലാക്കാം. എന്നാൽ ഒരു കാറിന്റെ Supply- demand ഗ്രാഫിലെ സന്തുലിതവില (equilibrium prize) ഒരു ഷർട്ടിന്റെ സന്തുലിതവിലയേക്കാൾ കൂടുതലാവുന്നതിന് കാരണമെന്ത്.? കാറിന് ഷർട്ടിനേക്കാൾ ഡിമാന്റ് കൂടിയതുകൊണ്ടോ , അതിന്റെ സപ്ലൈ ഷർട്ടിനെ അപേക്ഷിച്ച് കുറഞ്ഞതിനാലോ ആണോ..? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കേവലം സപ്ലൈ -ഡിമാന്റ് മാനദണ്ഡങ്ങൾക്ക് കഴിയില്ല. കാർ നിർമിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനം ഒരു ഷർട്ടിനെ അപേക്ഷിച്ച് എത്രയോ മടങ്ങ് കൂടുതലാണ് എന്നതാണ് ഇതിന് കാരണം.
 
                                        മറ്റൊരു വസ്തുത ചരക്കിന്റെ മൂല്യം അഥവാ, ഗ്രാഫിലെ സന്തുലനബിന്ദു ഒരിക്കലും സ്ഥിരമാവണമെന്നില്ല എന്നതാണ്. ശാസ്ത്രസാങ്കേതികവികാസം , കൂടിയ ഉത്പാദനക്ഷമത, തൊഴിൽ നൈപുണ്യം തുടങ്ങിയവയനുസരിച്ച് ചരക്കിന്റെ മൂല്യം മാറുന്നു. സപ്ലൈ -ഡിമാന്റ് ഗ്രാഫിലെ രേഖകളുടെ സ്ഥാനംമാറ്റുന്ന (shifting the curves) ഇത്തരം ഘടകങ്ങൾ മൂല്യത്തെ ഇല്ലാതാക്കുന്നില്ല. സപ്ലൈ - ഡിമാന്റ് രേഖകളെ ചലിപ്പിച്ചുകൊണ്ട് മാർക്കറ്റിനെ പുതിയൊരു ഇക്വിലിബ്രിയത്തിൽ അവ എത്തിക്കുകയും അതിലൂടെ മൂല്യം തന്നെ മാറുകയുമാണ് ചെയ്യുന്നത്. ( ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ വരുംചാപ്റ്ററുകളിൽ നൽകുമ്പോൾ വ്യക്തമാവും). സപ്ലൈ-ഡിമാന്റ് നിയമം ഒരു വിപണിപ്രതിഭാസമാണ്. ബിസിനസ് തീരുമാനങ്ങളെടുക്കാനും മാർക്കറ്റിന്റെ സ്ഥിതിഗതികൾ മനസിലാക്കാനും ഇത് സഹായിച്ചേക്കാം. എന്നാൽ അതിനപ്പുറം മൂല്യങ്ങളുടെയും കൈമാറ്റങ്ങളുടെയും പിന്നിലെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ മൂല്യസിദ്ധാന്തം കൂടിയേ തീരൂ.
 
           വിലയും_മൂല്യവും-വ്യതിയാനകാരണങ്ങൾ


                                        വിലയെ മൂല്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട്. ഉദാ:- കുത്തകസ്വാധീനം, ബ്രാന്റ് വാല്യു, സാംസ്കാരികഘടകങ്ങൾ എന്നിവ. ബഹുരാഷ്ട്രകമ്പനികളുടെ പ്രൊഡക്ടുകൾ മാർക്കറ്റിൽ അപ്രമാദിത്വം നേടുകയും മറ്റ് കമ്പനികളും സംരംഭകരും മത്സരിക്കാനില്ലാതെ വരികയും അവ കുത്തകകളായി മാറുകയും ചെയ്യുമ്പോൾ തങ്ങളുടെ ചരക്കിന്റെ വിലകൾ യഥേഷ്ടം ഉയർത്താൻ അവർക്ക് കഴിയും. അതായത്, മൂല്യത്തേക്കാൾ ചരക്കിന്റെ വില ഉയരുന്നു. കുറഞ്ഞ വിലയ്ക്ക് ഇതേ സാധനങ്ങൾ ഇതേ ഗുണങ്ങളോടുകൂടി ലഭ്യമാക്കുന്ന മറ്റ് ഉത്പാദകരും കുത്തകവത്കരണം മൂലം ഉണ്ടാവണമെന്നില്ല. ഇതുമൂലം സ്വതന്ത്രമത്സരം ഇല്ലാതാവുകയും സപ്ലൈ -ഡിമാന്റ് നിയമങ്ങൾ പ്രവർത്തിക്കാതെ വരികയും ചെയ്യും. ചരക്കിന്റെ വിലയിൽ നിന്നും മൂല്യം ഒഴിച്ചുനിർത്തിയാൽ ബാക്കിയുണ്ടാവുന്ന ഈ മിച്ചം കുത്തകവത്കരണത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. മുതലാളിത്തം വിഭാവനം ചെയ്യുന്ന സ്വതന്ത്രമത്സരമോ ,സ്വതന്ത്രവ്യാപാരമോ ഇവിടെയില്ല.
 
                                        ചില പ്രത്യേകബ്രാന്റഡ് ഉത്പന്നങ്ങൾക്കും അതിലടങ്ങിയിരിക്കുന്ന മൂല്യത്തേക്കാൾ ഉയർന്ന വില ഉണ്ടാകാറുണ്ട്. ഇവിടെ അധികവില സൃഷ്ടിക്കുന്നത് 'ബ്രാന്റ്' എന്നൊരു മുതലാളിത്തബിംബമാണ്. അതുപോലെ തന്നെയാണ് സാംസ്കാരികമൂല്യങ്ങളും. ചില ഉത്പന്നങ്ങൾക്ക് നാം മതപരമോ വംശപരമോ ദേശീയതയുമായി ബന്ധപ്പെട്ടതോ ഒക്കെയായ ചിഹ്നങ്ങൾ നൽകിയെന്ന് കരുതുക. ഉദാ: മതമുദ്രകൾ പതിപ്പിച്ച വസ്ത്രങ്ങൾ തുടങ്ങിയവ. ഇവയൊക്കെ സാധാരണഗതിയിൽ ഉൾക്കൊള്ളുന്ന മൂല്യത്തേക്കാൾ ഉയർന്ന വിലയ്ക്ക് ഉപഭോക്താക്കൾ വാങ്ങുന്നു. ഒരു ഏലസ്സോ, ചരടോ കുരിശുമാലയോ ഒക്കെ പ്രത്യേകിച്ച് ഉപയോഗമൂല്യമൊന്നും ഉൾക്കൊള്ളുന്നില്ല, അവയുടെ പിന്നിലെ സാമൂഹ്യാധ്വാനവും (അതുകൊണ്ട് മൂല്യവും) നിസാരമാണെങ്കിലും വില അതിനേക്കാൾ മുകളിലായിരിക്കും. മേൽപറഞ്ഞ സന്ദർഭങ്ങളിലെല്ലാം വില മൂല്യത്തേക്കാൾ ഉയരുകയാണ് ചെയ്യുന്നത്. മൂല്യം എന്ന സാമൂഹ്യയാഥാർത്ഥ്യം അവിടെ ഇല്ലാതാവുന്നില്ല. വിലയിൽ മൂല്യത്തിനോടൊപ്പം ചില മിച്ചവിലകൾ കൂടി ചേരുന്നു എന്ന് മാത്രം. ബ്രാന്റിങ്, കുത്തകവത്കരണം, സാംസ്കാരികകാരണങ്ങൾ ഒക്കെ ഇതിന് കാരണമാകുന്നത് എങ്ങനെയെന്നാണ് ഇതുവരെ വിശദീകരിച്ചത്.
 
                   ഉപയുക്തതാസിദ്ധാന്തം (Utility /subjectivity theory)

                                        നഗ്നവും അടിസ്ഥാനപരവുമായ മുതലാളിത്തചൂഷണത്തെ സൈദ്ധാന്തികമായി വിശദീകരിക്കാൻ മൂല്യസിദ്ധാന്തം (Labour value theory) ഉപകരിക്കുമെന്നതിനാൽ അതിനെ അംഗീകരിക്കാൻ മുതലാളിത്തം ഒരിക്കലും തയ്യാറാവില്ല. യൂട്ടിലിറ്റി തിയറി (ഉപയുക്തതാ സിദ്ധാന്തം), സബ്ജക്ടിവിറ്റി തിയറി എന്നൊക്കെയുള്ള പേരുകളിൽ ബൂർഷ്വാസി പുതിയ തട്ടിക്കൂട്ട് സിദ്ധാന്തങ്ങൾ മൂല്യസിദ്ധാന്തത്തിനെതിരെ ഇന്നും തുടർച്ചയായി മുഴക്കുന്നുണ്ട്. ചരക്കിന്റെ മൂല്യത്തിന് അടിസ്ഥാനം സാമൂഹ്യാധ്വാനമല്ലെന്നും ആത്മനിഷ്ഠമായ മറ്റ് ഘടകങ്ങളാണെന്നും നിയോക്ലാസിക്കൽ പണ്ഡിതന്മാർ അന്തിമവിധിയെഴുതുന്നു. മാർക്സിസത്തിന് അവർ ചരമക്കുറിപ്പ് അടിച്ചിറക്കുകയും ചെയ്തു. ഇതിനായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സിദ്ധാന്തമാണ് ഉപയുക്തതാ സിദ്ധാന്തം. ചരക്കിന്റെ മൂല്യം നിശ്ചയിക്കുന്നത് സാമൂഹ്യാധ്വാനമല്ല, ഉപഭോക്താവിന്റെ മനശാസ്ത്രപരമായ ചാഞ്ചല്യങ്ങളാണത്രേ.. ചരക്ക് വാങ്ങുന്നവന്റെ ചരക്കിനോടുള്ള 'ഇഷ്ടവും' 'സംതൃപ്തിയും' 'അനിഷ്ടവു'മൊക്കെയാണ് മൂല്യത്തെ നിശ്ചയിക്കുക. ചരക്ക് ഉപഭോക്താവിന് നൽകുന്ന ഈ സംതൃപ്തിയെ (Individual satisfaction ) ഉപയുക്തത എന്നോ യൂട്ടിലിറ്റി എന്നോ പറയുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയും ഡിമാന്റുമാണ് ചരക്കിന്റെ വില നിർണയിക്കുന്നത്.
 
                                        നിയോക്ലാസിക്കൽ സാമ്പത്തികശാസ്ത്രം ക്ലാസിക്കൽ എക്കണോമിക്സിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതും ഇവിടെയാണ്. വ്യക്തിതാത്പര്യങ്ങളും ഗുണങ്ങളുമാണ് എക്കോണമിയെ മുന്നോട്ടു നയിക്കുന്നതെന്ന് നിയോക്ലാസിക്കൽ സാമ്പത്തികശാസ്ത്രജ്ഞർ വാദിക്കുന്നു. ഇത് തെറ്റാണ്. ഒരു മനുഷ്യൻ നല്ലവനോ ചീത്തയോ എന്നതല്ല, അയാളുടെ സ്വകാര്യതാത്പര്യങ്ങളാലുമല്ല മറിച്ച് എക്കോണമിയുടെ ഗതി നിശ്ചയിക്കുന്നത് സാമൂഹ്യബന്ധങ്ങളിലധിഷ്ഠിതമായ സാമ്പത്തികചലനനിയമങ്ങളാലാണ്. വ്യക്തിതാത്പര്യങ്ങൾക്ക് പോലും രൂപം നൽകുന്നത് ഈ സാമ്പത്തികനിയമങ്ങളാണ്. വ്യക്തിയുടെ സംതൃപ്തിയും തീരുമാനങ്ങളും ചരക്കിന്റെ വിലയെ നിർണയിക്കുന്നു എന്നത് തെറ്റാണ്. വ്യക്തിക്ക് ചരക്ക് വാങ്ങാൻ കഴിയണമെങ്കിൽ സംതൃപ്തിയും തീരുമാനശേഷിയും ഉണ്ടായിട്ട് കാര്യമില്ല. കൈയിൽ കാശ് കൂടി വേണം. ഡിമാന്റ് എന്നത് ഈ വാങ്ങൽശേഷിയുടെ കൂടി അടിസ്ഥാനത്തിലുള്ള ഡിമാന്റ് ആയി വേണം കണക്കാക്കാൻ. വാങ്ങൽശേഷി ഉണ്ടാകണമെങ്കിൽ നിങ്ങൾക്ക് വരുമാനം ഉണ്ടാകണം.
 
                                        നിയോക്ലാസിക്കൽ എക്കണോമിസ്റ്റുകളുടെ യൂട്ടിലിറ്റി തിയറി മാർക്സിന്റെ ക്ലാസിക്കൽ ധനശാസ്ത്രത്തെ ആധാരമാക്കിയുള്ള മുതലാളിത്തവിമർശത്തെ മറച്ചുപിടിക്കാനായി ഉയർത്തിക്കൊണ്ടുവന്ന ഒരു മായാവാദമാണ്. യൂട്ടിലിറ്റി അഥവാ ഉപയുക്തത ഒരിക്കലും അളക്കുവാൻ കഴിയില്ല. ഒരു കേക്ക് പല ആളുകൾക്കും നൽകുന്ന സംതൃപ്തി ഗുണപരമായി തന്നെ വ്യത്യാസപ്പെട്ടിരിക്കും. ഇതിനെ മൂല്യം എന്ന 'അളവിലേക്ക്' ഏകീകരിക്കാൻ കഴിയില്ല. ആത്മനിഷ്ഠഘടകങ്ങളല്ല, വസ്തുനിഷ്ഠനിയമങ്ങളാണ് എക്കോണമിയുടെ അടിത്തറയെ മുന്നോട്ടുനീക്കുന്നത്. അതുകൊണ്ടാണ് കോർപ്പറേറ്റ് 'താത്പര്യങ്ങളുടെ' ചിറകിലേറി മുതലാളിത്തസമ്പദ്ഘടന എത്രമാത്രം പുരോഗതിയിലേക്ക് കുതിക്കാൻ ശ്രമിച്ചാലും വസ്തുനിഷ്ഠവും സാമൂഹ്യബന്ധങ്ങളിൽ അധിഷ്ഠിതവുമായ നിയമങ്ങൾ മുതലാളിത്തത്തിന്റെ അടിസ്ഥാനഘടനയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും രൂക്ഷമായ മാന്ദ്യങ്ങളെയും തകർച്ചകളെയും ബൂർഷ്വാസിക്ക് ഒന്നും ചെയ്യാനാവാതെ നോക്കിനിൽക്കേണ്ടി വരുന്നതും.

                                        ചില ചരക്കുകൾ നൽകുന്ന സംതൃപ്തി വളരെ കൂടുതലാണെങ്കിൽ പോലും അവയുടെ വില വളരെ ചെറുതായിരിക്കും.. ഉദാ: പേപ്പർ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും വില കുറവാണ്. അതുപോലെ വെള്ളം മനുഷ്യന് നൽകുന്ന സംതൃപ്തി വളരെ വലുതാണ്. അത് വിലമതിക്കാനാവാത്തതും അത്യന്താപേക്ഷിതവും ബഹുവിധഉപയോഗങ്ങൾ സാധ്യമാക്കുന്നതുമാണ്, എന്നാൽ ഇവയുടെ വില വളരെ നിസാരവുമാണ്. അതുപോലെ തന്നെ വജ്രത്തെ പരിഗണിക്കുക. ഒരു അലങ്കാരവസ്തുവോ കട്ടിംങ് ടൂളോ എന്നതിനപ്പുറം വജ്രം നൽകുന്ന ഉപയോഗമൂല്യവും സംതൃപ്തിയും വെള്ളത്തെ അപേക്ഷിച്ച് എത്രയോ കുറവാണ്. വെള്ളം ഒരു അടിസ്ഥാനആവശ്യമാണ്. വജ്രം അങ്ങനെയല്ല. എന്നിട്ടും യൂട്ടിലിറ്റി തിയറിക്ക് വിരുദ്ധമായി വജ്രത്തിന് വിലകൂടാൻ അടിസ്ഥാനകാരണം അത് നിർമിക്കാനായി ചെലവഴിക്കേണ്ടിവരുന്ന ഉയർന്ന സാമൂഹ്യാധ്വാനമാണ്. വജ്രം ലഭിക്കണമെന്ന് നിങ്ങൾ അതിയായി ആഗ്രഹിക്കുന്നതും ഈ ഉയർന്ന വില കാരണമാണ്. അല്ലാതെ യൂട്ടിലിറ്റിതിയറി പറയുന്നതുപോലെ 'ആഗ്രഹം' മൂലമല്ല വില ഉയരുന്നത്.

                                        യൂട്ടിലിറ്റി, പോലുള്ള ആത്മനിഷ്ഠാ- മായാവാദങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. സംതൃപ്തി എന്നതുപോലും നമ്മുടെ വാങ്ങൽശേഷിയുണ്ടെങ്കിൽ മാത്രമേ സാധുവാകൂ. കൈയിൽ പണമില്ലാത്തവന് ഒരു ആഡംബരകാർ എത്രമാത്രം സംതൃപ്തിയും ചോദനയും നൽകിയാലും അതിന്റെ വിലയിൽ ഒരുമാറ്റവും ഉണ്ടാവില്ല. സാമൂഹ്യബന്ധങ്ങളിൽ നിന്നും വ്യക്തികളുടെ മനഃശാസ്ത്രത്തിലേക്ക് ശ്രദ്ധ ഏകപക്ഷീയമായി കേന്ദ്രീകരിക്കുന്നതിന്റെ ഫലമായാണ് ഇത്തരം സബ്ജക്ടീവ് തിയറികൾ ബൂർഷ്വാ -നിയോക്ലാസിക്കൽ ധനശാസ്ത്രം ഉയർത്തിക്കൊണ്ടുവരുന്നത്. വ്യക്തികൾ തീരുമാനിച്ചുറപ്പിച്ചല്ല വിലകൾ നിശ്ചയിക്കുക, നിലവിലുള്ള മാർക്കറ്റ് നിയമങ്ങളുടെ കൂടി സ്വാധീനത്താലാണ്. അങ്ങനെയല്ലാത്ത എല്ലാ കൈമാറ്റങ്ങളും വിപണിവിരുദ്ധമായ ഒറ്റപ്പെട്ട പ്രതിഭാസങ്ങൾ മാത്രമാണ്..

                                        ഉത്പാദനക്ഷമത, മൂല്യരൂപങ്ങൾ

                                        ലേബർ തിയറി ഒഫ് വാല്യു ആവിഷ്കരിക്കുന്നതിൽ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രജ്ഞരായ റിക്കാർഡോയുടെയും ആഡം സ്മിത്തിന്റെയും സംഭാവനകൾ നിസ്തർക്കമാണ്. ലെസെ ഫെയർ പോലുള്ള മുതലാളിത്തസാമ്പത്തിക നിയമങ്ങളുടെ ഉപജ്ഞാതാക്കളും വക്താക്കളുമായിരുന്നവരുടെ ലേബർ തിയറി ഒഫ് വാല്യു തന്നെയാണ് മാർക്സിന്റെ മുതലാളിത്തചൂഷണസിദ്ധാന്തങ്ങൾക്കും അടിത്തറ പാകിയത് എന്നത് കൗതുകകരമായി തോന്നാം. എന്നാൽ റിക്കാർഡോയിൽ നിന്നും സ്മിത്തിൽ നിന്നും വ്യത്യസ്തമായ ചില സമീപനങ്ങൾ മാർക്സ് തന്റെ മൂല്യസിദ്ധാന്തത്തിൽ കൈക്കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മൂർത്തമായ അധ്വാനവും (#Concrete labour) അമൂർത്തഅധ്വാനവും (#Abstract labour). എന്താണ് ഇവയെന്ന് പരിശോധിക്കാം.
******************************************

                                 മൂർത്തമായ അധ്വാനം (Concrete labour)

                                        ചരക്കിന്റെ മൂല്യം നിർണയിക്കുന്നത് അതിന്റെ ഉത്പാദനത്തിനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനമാണല്ലോ (Socially necessary labour time). ഒരു പ്രത്യേക ചരക്കിന്റെ ഉത്പാദനത്തിന് ആവശ്യമായ വിവിധ അധ്വാനങ്ങളെ മാർക്സ് മൂർത്തമായ അധ്വാനമെന്നാണ് വിളിച്ചത്. ഇതാണ് Concrete labour. ഉദാ: ഒരു കയർഫാക്ടറിയുടെ കാര്യമെടുക്കാം. ധാരാളം പേരുടെ മൂർത്തമായ അധ്വാനങ്ങൾ കൂടിച്ചേർന്നെങ്കിൽ മാത്രമേ ഒരു യൂണിറ്റ് കയർ എന്ന ചരക്ക് നിർമ്മിക്കാനാവൂ. അവർ നിർമിക്കുന്ന കയറിന്റെ മൂല്യം കയർ ഫാക്ടറിയിലെ തൊഴിലാളികളുടെ മാത്രം അധ്വാനം കൊണ്ടുണ്ടായതുമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ തന്നെ ഉത്പന്നമാണ്‌ എന്ന് സാരം.
കയർ പിരിക്കുന്നവരുടെ അധ്വാനം, തൊണ്ട് ശേഖരിക്കുന്നവരുടെയും തല്ലുന്നവരുടെയും അഴുക്കുന്നവരുടെയും അധ്വാനം, കയറുത്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും നിർമിക്കുന്നവരുടെ അധ്വാനങ്ങൾ, ചരക്കും അസംസ്കൃതവസ്തുക്കളും ലോറിയിലും മറ്റും transport ചെയ്യുന്നവരുടെ അധ്വാനം, ഈ ഗതാഗതമാർഗങ്ങൾക്കു പിന്നിലെ അധ്വാനങ്ങൾ ഇങ്ങനെ നേരിട്ടും അല്ലാതെയും ഒരു വലിയ തൊഴിലാളീസമൂഹത്തിന്റെ അധ്വാനപ്രക്രിയയുടെ ഫലമായാണ് കയർ എന്ന ഉത്പന്നം വിപണിയിലെത്തുന്നത്. ഒരു മീറ്റർ കയർ നിർമാണത്തിൽ പോലും അനേകായിരങ്ങളുടെ ചെറിയ ,ചെറിയ അധ്വാനങ്ങൾ മൂല്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് (പലതുള്ളി പെരുവെള്ളം എന്നതുപോലെ). ഈ അധ്വാനത്തെ #മൂർത്തമായ_അധ്വാനം അഥവാ Concrete labour എന്ന് വിശേഷിപ്പിക്കാം.
 
ഉത്പാദനക്ഷമത (Productivity) ,സാമൂഹ്യമൂല്യം (Social value )


                                        ഒരു ചരക്കുത്പാദനത്തിൽ യൂണിറ്റ് സമയത്തിനുള്ളിൽ നിർമിക്കപ്പെടുന്ന ഉപയോഗമൂല്യം ആണ് ഉത്പാദനക്ഷമത (#Productivity) എന്നറിയപ്പെടുന്നത്. ഒരു മണിക്കൂറിൽ എത്ര അളവിൽ ചരക്കുത്പാദിപ്പിക്കുന്നു എന്ന നിരക്കാണിത്. ഉത്പാദനോപാധികൾ പരിഷ്കരിക്കുകയും യന്ത്രവത്കരണം വ്യാപകമാവുകയും തൊഴിലാളികളുടെ നൈപുണ്യം വർധിക്കുകയും ചെയ്യുമ്പോൾ ഉത്പാദനക്ഷമത കൂടുകയാണ് ചെയ്യുക. ഉത്പാദനക്ഷമത വർധിക്കുന്നതിനനുസരിച്ച് യൂണിറ്റ് ചരക്ക് ഉത്പാദിപ്പിക്കാനാവശ്യമായ സാമൂഹ്യാധ്വാനസമയം കുറയുന്നു. കൈത്തറിമേഖലയിലെ തൊഴിലാളിയേക്കാൾ കുറഞ്ഞ സമയം കൊണ്ട് യന്ത്രത്തറി ഉപയോഗിക്കുന്ന തൊഴിലാളി തുണി നിർമിക്കുന്നു. സ്വാഭാവികമായും Socially necessary labour time കുറയുന്നത് മൂലം ചരക്കിന്റെ മൂല്യവും കുറയും.
 
                                        യന്ത്രപരിഷ്കരണങ്ങൾ ഏർപെടുത്തിയ ഉത്പാദനകേന്ദ്രങ്ങളിലെ ചരക്കുകൾ ഇതുമൂലം വേഗത്തിൽ വിറ്റഴിയുകയും ഈ ഉത്പാദനക്ഷമതയോടൊപ്പമെത്താൻ കൈത്തറിമേഖലയും മറ്റും തുടർച്ചയായി ശ്രമിക്കുകയും ചെയ്യും. സമൂഹത്തിലെ ഓരോ ഉത്പാദനകേന്ദ്രങ്ങളിലെയും വിവിധഉത്പാദനക്ഷമതകൾ സമൂഹത്തിൽ ശരാശരിവത്കരിക്കപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് സാമൂഹ്യഉത്പാദനക്ഷമത (Social productivity). ചരക്കിന്റെ കൈമാറ്റമൂല്യം നിശ്ചയിക്കുന്നത് ഏതെങ്കിലും ചില വ്യക്തികളുടെയോ പണിശാലകളുടെയോ അധ്വാനമോ ഉത്പാദനക്ഷമതയോ അല്ല, അവയുടെ സാമൂഹ്യശരാശരിയാണ്. ഈ 'സാമൂഹ്യ'-അധ്വാനവും 'സാമൂഹ്യ'-ഉത്പാദനക്ഷമതയുമാണ് കൈമാറ്റമൂല്യവും മൂല്യവും നിശ്ചയിക്കുന്നത്. ഓരോ വ്യക്തിഗത അധ്വാനങ്ങളും ഈ സാമൂഹ്യഉത്പാദനക്ഷമതയിലേക്കും സാമൂഹ്യാധ്വാനസമയത്തിലേക്കും അടുക്കാൻ ശ്രമിക്കുന്നു (Approximation of individual labours into social labour). അമൂർത്തമായ അധ്വാനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ സാമൂഹ്യാധ്വാനം തന്നെയാണ്. സാമൂഹ്യാധ്വാനം ഒരു ഭൗതികവസ്തുവല്ലാതിരിക്കുകയും അതേസമയം വസ്തുനിഷ്ഠയാഥാർത്ഥ്യമായി നിലനിൽക്കുകയും ചെയ്യുന്നു.
 
                അമൂർത്തമായ അധ്വാനം(Abstract labour)

ചരക്കിന്റെ വിപണിമൂല്യം ആശ്രയിക്കുന്നത് Abstract labour അഥവാ അമൂർത്ത-അധ്വാനത്തെയാണ്. നാട്ടിൽ അനേകം കയർ ഫാക്ടറികളും അനേകം തൊഴിലാളികളും ഉണ്ടാവാം. ഓരോ മീറ്റർ കയറും നിർമിക്കാനാവശ്യമായ Concrete labourഉം എല്ലാ കയറുകൾക്കും ഒരുപോലെയാവണമെന്നില്ല. കൂടുതൽ ഉയർന്ന ഉത്പാദനക്ഷമതയുള്ള പണിശാലകളിൽ ഒരു യൂണിറ്റ് ചരക്ക് നിർമിക്കാനാവശ്യമായ അധ്വാനസമയം കുറവായിരിക്കും. യന്ത്രവത്കരണം, തൊഴിലാളികളുടെ പല അളവിലും ഗുണത്തിലുമുള്ള നൈപുണ്യങ്ങൾ ഒക്കെ ഇതിനെ സ്വാധീനിക്കും. എന്നാൽ സാമൂഹ്യമായി ഈ വൈവിധ്യങ്ങൾ ശരാശരിവത്കരിക്കപ്പെടും. അതായത് ഒരു ചരക്ക് ഉത്പാദനത്തിന് ആവശ്യമായ സാമൂഹ്യാധ്വാനങ്ങൾ ഒരു ശരാശരിയിലേക്ക് ഏകീകരിക്കപ്പെടും. ഈ സാമൂഹ്യാധ്വാനമാണ് Abstract labour.
 
ഉദാ: ഒരു കയറിലടങ്ങിയിരിക്കുന്ന Abstract labour (അമൂർത്ത അധ്വാനം) ആ കയറിന് പിന്നിലുള്ള മൊത്തം അധ്വാനമല്ല, മറിച്ച് അതുപോലുള്ള കയറുകളുടെയെല്ലാം പിന്നിലെ വ്യത്യസ്തമായ അധ്വാനസമയങ്ങളുടെ സാമൂഹ്യശരാശരിയാണ്. സമൂഹത്തിലെ ശരാശരി ഉത്പാദനക്ഷമതയും തൊഴിൽനിപുണതയും അനുസരിച്ച് ഈ ശരാശരി സാമൂഹ്യാധ്വാനസമയം മാറും. ഒരു മീറ്റർ കയറിന്റെ നിർമാണത്തിന് ശരാശരി മൂന്ന് മണിക്കൂർ വേണമെന്നിരിക്കട്ടെ. ഉത്പാദനക്ഷമത കുറഞ്ഞ ഫാക്ടറികളെ സംബന്ധിച്ചിടത്തോളം ഈ സമയം കൂടുതൽ ദീർഘിക്കുകയും മൂല്യം ഉയരുകയും ചെയ്യും. കൈത്തറി വസ്ത്രങ്ങളുടെ മൂല്യം യന്ത്രത്തറിയെ അപേക്ഷിച്ച് കൂടാൻ കാരണം അതിന്റെ കുറഞ്ഞ ഉത്പാദനക്ഷമത മൂലം അധ്വാനസമയം ഉയരുന്നതാണ്. അവർ സമൂഹത്തിലെ ശരാശരി ഉത്പാദനക്ഷമതയ്ക്കൊത്ത് ഉയർന്നെങ്കിൽ മാത്രമേ ശരാശരി സാമൂഹ്യാധ്വാനസമയത്തിലേക്ക് ഉത്പാദനത്തെ പരിഷ്കരിക്കാൻ കഴിയൂ..
ഇനി ചില ഉത്പാദനകേന്ദ്രങ്ങൾ ശരാശരിക്കും മുകളിൽ ഉത്പാദനക്ഷമത കൈവരിക്കുമ്പോൾ അധ്വാനസമയം മൂന്നിന് പകരം രണ്ട് മണിക്കൂർ ആയി കുറയുന്നു, ചരക്കിന്റെ മൂല്യവും കുറയുന്നു. എന്നാൽ ഡിമാന്റ് വർധനമൂലം ഈ കുറഞ്ഞ മൂല്യവും ശരാശരി സാമൂഹ്യമൂല്യത്തിലേക്ക് ഉയരുന്നു. ഇത്തരത്തിൽ ശരാശരി സാമൂഹ്യാധ്വാനസമയത്തിൽ നിന്നും ചരക്കിന്റെ മൊത്തം മൂർത്തമായ അധ്വാനസമയം കൂടുകയോ കുറയുകയോ ചെയ്യാം. എന്നാൽ ചരക്കിന്റെ മൂല്യമാകട്ടെ ഈ വ്യത്യസ്തമായ സമയങ്ങളെയല്ല ആശ്രയിക്കുക. സമൂഹത്തിൽ നിലനിൽക്കുന്ന ശരാശരി ഉത്പാദനക്ഷമതയുടെ ഫലമായി രൂപംകൊള്ളുന്ന Abstract labourനെ ആവും ആശ്രയിക്കുക.
ഇതിന്റെ രത്നച്ചുരുക്കം ഇത്രയേയുള്ളൂ..
 
          ചരക്കിന്റെ മൂല്യം നിർമിക്കുന്നത് ഏതെങ്കിലുമൊരു പ്രത്യേക ചരക്കിലെ മൂർത്തമായ അധ്വാനമല്ല, മറിച്ച് അമൂർത്ത -അധ്വാനമാണ്. Socially necessary labour time എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. അമൂർത്ത അധ്വാനം ചരക്കിന്റെ കൈമാറ്റമൂല്യം നിർമിക്കുമ്പോൾ മൂർത്തമായ അധ്വാനം അതിലെ ഉപയോഗമൂല്യത്തെ നിശ്ചയിക്കുന്നു. (കയറിന്റെ ഉപയോഗമൂല്യം അത് നിർമ്മിച്ച തൊഴിലാളികളുടെ വ്യക്തിഗതമായ നൈപുണ്യത്തെ തന്നെയാവും ആശ്രയിക്കുക, മറിച്ച് സാമൂഹ്യശരാശരിയൊന്നുമല്ല). Abstract labour എന്ന ആശയത്തിന്റെ കൂടി പിൻബലത്തിലാണ് മാർക്സ് മൂല്യസിദ്ധാന്തത്തെ നോക്കിക്കണ്ടത്. മറിച്ച് റിക്കാർഡോ ആകട്ടെ, മൂർത്തമായ അധ്വാനത്തെ മൂല്യമായി അവതരിപ്പിക്കുകയാണ് ചെയ്തത്.
 
                              മൂല്യത്തിന്റെ രൂപങ്ങൾ
                              (Relative form & Equivalent form)

                    ഒരു കോട്ടിന് പകരമായി 20 ലിനൻ കൈമാറ്റം ചെയ്യപ്പെട്ടുവെന്നിരിക്കട്ടെ. നമുക്ക് ഇതിനെ ഇങ്ങനെ സൂചിപ്പിക്കാം.
20 ലിനൻ = 1കോട്ട്. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്ന ഓരോ ചരക്കിന്റെയും മൂല്യങ്ങൾ രണ്ട് തരം രൂപങ്ങൾ കൈവരിക്കുന്നതായി മാർക്സ് വിശകലനം ചെയ്യുന്നു. എല്ലാ ചരക്കുകളുടെ മൂല്യം അതിന് പിന്നിലെ അധ്വാനങ്ങൾ അളന്ന് തിട്ടപ്പെടുത്തി കണ്ടെത്താനാവില്ല. മേൽപറഞ്ഞ സമവാക്യത്തിൽ കോട്ടിന്റെ മൂല്യം നമുക്ക് അറിവുള്ളതാണെന്ന് കരുതുക. അതേസമയം ലിനന്റെ മൂല്യം നമുക്ക് കോട്ടിന്റെ മൂല്യത്തെ ഉപയോഗിച്ച് മാത്രമേ എഴുതാനും സാധിക്കൂ. ലിനന്റെ മൂല്യം ലിനൻ ഉപയോഗിച്ച് എഴുതാനാവില്ല. അതായത് 20 ലിനന്റെ മൂല്യം = 20 ലിനന്റെ മൂല്യം എന്ന് പറയുന്നതിൽ അർത്ഥമില്ല, മറിച്ച് 20 ലിനന്റെ മൂല്യം ഒരു കോട്ടിന്റെ മൂല്യത്തിന് തുല്യമാണ് എന്നേ പറയാനാവൂ.
ഇവിടെ ലിനൻ എന്ന ചരക്കിന്റെ മൂല്യം പ്രസ്താവിക്കാൻ നമുക്ക് കോട്ട് എന്ന ചരക്കിന്റെ മൂല്യം ആവശ്യമാകുന്നു. അതിനാൽ ലിനന്റെ മൂല്യത്തിന് ആപേക്ഷികരൂപം (#Relative_form) ഉള്ളതായി എന്ന് മാർക്സ് വ്യക്തമാക്കുന്നു.
(എളുപ്പത്തിൽ മനസിലാക്കാൻ ഒരു ഉദാഹരണം പറയാം. പഴയ ത്രാസുകളിൽ ഒരു വസ്തുവിന്റെ ഭാരം അളക്കുന്നത് ഇരുമ്പ് കട്ടികളുടെ ഭാരം ഉപയോഗിച്ചാണല്ലോ. ഇവിടെ ഇരുമ്പ് കട്ടികളുടെ ഭാരത്തിലൂടെ സാധനത്തിന്റെ ഭാരം ആപേക്ഷികരൂപം പ്രാപിക്കുകയാണ് ചെയ്യുന്നത്). ഒരു ചരക്കിന്റെ മൂല്യം മറ്റൊരു ചരക്കിന്റെ മൂല്യത്തിലൂടെ മാത്രം പ്രകടിപ്പിക്കാൻ കഴിയുന്നെങ്കിൽ അതിനെ മൂല്യത്തിന്റെ Relative form എന്ന് വിളിക്കാം. മുകളിലെ ഉദാഹരണത്തിൽ ലിനന്റെ മൂല്യം കോട്ടിന്റെ മൂല്യത്തിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുക. ലിനന്റെ മൂല്യം ആപേക്ഷികരൂപവും(Relative form) കോട്ടിന്റെ മൂല്യം തുല്യരൂപവും കൈവരിക്കുന്നു. എന്തായിരിക്കും ഈ 'തുല്യരൂപം'?

                    ആപേക്ഷികരൂപം കൂടാതെ മൂല്യത്തിന് രണ്ടാമതൊരു രൂപം കൂടി ഉള്ളതായി മാർക്സ് എഴുതുന്നു. ഇതാണ് തുല്യരൂപം (#Equivalent_form). മേൽപറഞ്ഞ ഉദാഹരണത്തിൽ കോട്ട് ഉൾക്കൊള്ളുന്നത് തുല്യരൂപമാണ്.. ഒരു കോട്ടിന്റെ മൂല്യം 20 ലിനന്റെ മൂല്യത്തോട് തുല്യം (equivalent) ആണെന്നേ പറയുന്നുള്ളൂ. ഈ സമവാക്യം തിരിച്ചെഴുതുക ,അതായത്

1 കോട്ട്= 20 ലിനൻ.
ഇവിടെ കോട്ടിന്റെ മൂല്യത്തിന് ആപേക്ഷികരൂപവും ലിനന് തുല്യരൂപവും കൈവരുന്നു. അതായത് 20 ലിനന്റെ മൂല്യത്തിലൂടെ കോട്ടിന്റെ മൂല്യം പ്രകാശിപ്പിക്കപ്പെടുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന ഏതൊരു ചരക്കിന്റെയും മൂല്യം ഒരേസമയം തുല്യരൂപവും (equivalent form) ആപേക്ഷികരൂപവും (Relative form) പ്രകടിപ്പിക്കുന്നു. തുല്യരൂപവും ആപേക്ഷികരൂപവും പരസ്പരം വേർതിരിക്കാനാവില്ല, അവ രണ്ടും ഒരു ചരക്കിന്റെ തന്നെ ഭാഗമാണ്. അതേസമയം രണ്ട് വ്യത്യസ്ത ആശയങ്ങളുമാണ് താനും.


                              പണവും മൂലധനവും

          പണം എങ്ങനെയാണ് സമൂഹത്തിന്റെ നാനാവിധമേഖലകളിൽ പ്രവർത്തിക്കുന്നത് എന്നതിന് പല അഭിപ്രായങ്ങളുണ്ടാകാം.. സാധനങ്ങളും സേവനങ്ങളും വാങ്ങാൻ, വീട് നിർമിക്കാൻ, ബാങ്കിൽ നിക്ഷേപം നടത്താൻ, ബിസിനസുകളും സ്റ്റാർട്ട് അപ്പുകളും തുടങ്ങാൻ, നാട്ടിൽ വികസനപ്രവർത്തനങ്ങൾ നടത്താൻ, ഓഹരികളിൽ നിക്ഷേപിക്കാൻ, ചിട്ടിയിലും മറ്റും അംഗമാകാൻ, പലിശയും ടാക്സുമൊക്കെ അടച്ചുതീർക്കാൻ, ചാരിറ്റി നടത്താൻ തുടങ്ങി 'ദൈവാനുഗ്രഹ'ത്തിനായി കാണിക്കവഞ്ചിയിലും ഭണ്ഡാരങ്ങളിലും ഇടാൻ വരെ പണം ആവശ്യമാണ്. എന്താണ് പണമെന്നും പണം നിർവഹിക്കുന്ന കടമകൾ എന്തൊക്കെയാണെന്നും അതിന്റെ ചരിത്രപരമായ പരിണാമമെന്താണെന്നും നോക്കാം.

പണം സമ്പദ്ഘടനയിൽ കൈക്കൊള്ളുന്ന ചില രൂപങ്ങളിവയാണ്;
 
1) അടിസ്ഥാനപരമായി പണം എന്നത് മൂല്യത്തിന്റെ ഒരു രൂപമെന്നോണമാണ് മാർക്സ് വിലയിരുത്തിയത്. ഒരു ചരക്കിന്റെ വില എന്നത് അതിന്റെ മൂല്യത്തെ പണത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കുന്നത് തന്നെയാണ്. അതുപോലെ മൂല്യത്തെ സൂക്ഷിച്ചുവെക്കാൻ കൂടി പണം ഉപയോഗപ്പെടുന്നു. പണരൂപത്തിൽ നാം സമ്പത്ത് സ്വരൂപിക്കുന്നു. മറിച്ച് ഈ പണം ഉപയോഗിച്ച് കുറേ പച്ചക്കറികൾ വാങ്ങിയാൽ അത് എല്ലാക്കാലത്തും സൂക്ഷിക്കാൻ കഴിയില്ലല്ലോ. അവയുടെ മൂല്യം കാലക്രമേണ നശിക്കുകയേ ഉള്ളൂ.. പണം സമ്പത്ത് കേടാകാതെ സംരക്ഷിക്കാനുള്ള ഒരു നല്ല ഉപാധിയാണ് (പണമായി തന്നെ വേണമെന്നില്ല, സ്വർണമായോ, മൂല്യശോഷണം സംഭവിക്കാത്ത മറ്റ് ചരക്കുകളായോ ഒക്കെ സമ്പത്ത് സൂക്ഷിക്കാം).
 
2) പണത്തിന്റെ മറ്റൊരു ദൗത്യം അത് നല്ലൊരു അടങ്കൽ ഉപാധിയാണ് എന്നതാണ്. വായ്പകൾ, പലിശ, ടാക്സ്, ഫൈനുകൾ, മറ്റ് ബില്ലുകൾ തുടങ്ങിയവയൊക്കെ അടച്ചുതീർക്കാൻ പണം തന്നെയാണ് സൗകര്യപ്രദം. ചക്കയോ മൺചട്ടിയോ ഉപയോഗിച്ച് ഇത്തരം കടങ്ങൾ വീട്ടാൻ സാധിക്കില്ല. മൂല്യത്തെ അളവുകളായി കാണിക്കാനും കണക്കുകൾ സൂക്ഷിക്കാനും പണം ആവശ്യമാണ്.
 
3) എന്നാൽ പണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ദൗത്യം എന്തെന്നാൽ അത് ചരക്കുകൈമാറ്റത്തിനുള്ള നല്ലൊരു മാർഗമായി വർത്തിക്കുന്നു എന്നതാണ്. ഇവിടെയാണ് പണം എന്ന ചരക്കിനെ കുറിച്ചുള്ള മാർക്സിന്റെ വിശകലനം ആരംഭിക്കുന്നത്.
 
                    ചരക്കുകൈമാറ്റം (C ---->C )

          ചരക്കുത്പാദനത്തിലേക്ക് മനുഷ്യൻ കടന്നതോടെ അവയുടെ കൈമാറ്റവും അനിവാര്യമായി വന്നു. ഇത് ആദ്യകാലങ്ങളിൽ ബാർട്ടർ സിസ്റ്റത്തിലൂടെയാണ് നിർവഹിച്ചിരുന്നത്. അതായത് ഒരു ചരക്ക് കൊടുക്കുകയും ആവശ്യമുള്ള മറ്റൊന്ന് വാങ്ങുകയും ചെയ്യുക. ഉദാ:- എന്റെ കയ്യിലുള്ള ഇരുപത് ലിനൻ കൊടുത്തുകൊണ്ട് ഒരു കോട്ട് പകരമായി വാങ്ങുന്നു. ഇവിടെ കൊടുക്കുന്ന ചരക്ക് കൈമാറ്റമൂല്യവും വാങ്ങുന്ന ചരക്ക് ഉപയോഗമൂല്യവുമാണ് ഉൾക്കൊള്ളുന്നത്. ലിനൻ ആവശ്യമുള്ളയാൾ എന്റെ കയ്യിൽ നിന്നും അത് വാങ്ങുകയും പകരം എനിക്കാവശ്യമുള്ള കോട്ട് അയാൾ എനിക്ക് നൽകുകയും ചെയ്തെങ്കിൽ മാത്രമേ കൈമാറ്റം പൂർണമാകുകയുള്ളൂ.. ഒരു ചരക്ക് മറ്റൊരു ചരക്കുമായി നടത്തുന്ന ഇത്തരം കൈമാറ്റത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.,

          ചരക്ക് ---->ചരക്ക്
          അഥവാ C ---->C.
രണ്ട് ചരക്കുകൾ തമ്മിൽ ഇത്തരത്തിൽ കൈമാറ്റം യാഥാർത്ഥ്യമാകണമെങ്കിൽ അവയുടെ മൂല്യങ്ങളും തുല്യമാകേണ്ടതുണ്ട്. നിങ്ങൾ എനിക്കുനൽകുന്ന കോട്ടിന്റെ അത്രയും മൂല്യം ഞാൻ നിങ്ങൾക്ക് നൽകുന്ന 20 ലിനനിലും ഉണ്ടാകണം. ഒരു കാർ നൽകി പകരം രണ്ട് പേന വാങ്ങാൻ കഴിയാത്തത് അവയുടെ മൂല്യങ്ങൾ തമ്മിലെ വലിയ അന്തരം മൂലമാണ്. കൈമാറ്റം ചെയ്യുന്ന ചരക്കുകൾ ഇത്തരത്തിൽ സമമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ( Relative form & equivalent form എന്നിവ കഴിഞ്ഞ ഭാഗത്തിൽ വിവരിച്ചിട്ടുണ്ട് നോക്കുക). കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളിൽ പൊതുവായിട്ടുള്ളത് അധ്വാനമായതിനാൽ മൂല്യത്തെ കണക്കാക്കുന്ന അളവുകോൽ ചരക്കുത്പാദനത്തിന് ആവശ്യമായ സാമൂഹ്യാധ്വാനമാണെന്നും കാണാനാവും.
ഒരു കോട്ട് 20 ലിനനുമായി കൈമാറ്റം ചെയ്യണമെങ്കിൽ അവയുടെ ഉത്പാദനത്തിനായി ചെലവിടുന്ന സാമൂഹ്യാധ്വാനവും തുല്യമാകണം. എന്നാൽ ചരക്കുകളുടെ പിന്നിലെ സാമൂഹ്യാധ്വാനം കൃത്യമായി തിരിച്ചറിയാനും അതുപയോഗിച്ച് കൈമാറ്റം നടത്താനും പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഉദാ- ഒരു വീട് വാങ്ങണമെങ്കിൽ അതിന്റെ അത്രയും തന്നെ സാമൂഹ്യാധ്വാനം വേണ്ടിവരുന്ന മറ്റൊരു ചരക്ക് ആവശ്യമാണ്. ഇതൊക്കെ കണ്ടെത്തുക ബുദ്ധിമുട്ടായതോടെ ചരക്കുകൈമാറ്റത്തിൽ പുതിയൊരു പോംവഴി ചരിത്രപരമായി രൂപം കൊണ്ടു. ഇതാണ് പണത്തിന്റെ ഉത്ഭവത്തിന് ആധാരം..


          പണത്തിന്റെ ആവിർഭാവം (C --> M --> C )


                              രണ്ട് ചരക്കുകൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിന് പകരമായി മൂന്നാമതൊരു ചരക്ക് അവിടെ ഇടനിലക്കാരനായി വരുന്നു. അതായത് ഇരുപത് ലിനൻ ഒരു പൊതുചരക്കുമായി കൈമാറ്റം ചെയ്യപ്പെടുന്നു, തുടർന്ന് ഈ പൊതുചരക്ക് നൽകി കോട്ട് വാങ്ങുന്നു. ഉദാഹരണത്തിന് ഞാൻ ഇരുപത് ലിനൻ ഒരാൾക്ക്‌ നൽകുകയും അയാളിൽ നിന്ന് അത്രയും മൂല്യമുള്ള സ്വർണം വാങ്ങുകയും ചെയ്യുന്നു. യൂണിറ്റ് സ്വർണത്തിൽ അടങ്ങിയിരിക്കുന്ന സാമൂഹ്യാധ്വാനവും മൂല്യവും എല്ലാവർക്കുമറിയാം. ഇതുപയോഗിച്ച് മറ്റ് ചരക്കുകളുടെ ആപേക്ഷികമൂല്യം കണ്ടെത്താം. അതിനാൽ ഈ സ്വർണം പിന്നീട് കോട്ട് നിർമിക്കുന്നയാൾക്ക് നൽകുകയും പകരമായി കോട്ട് വാങ്ങുകയും ചെയ്യുന്നു. ഇവിടെ ലിനനുപകരം കോട്ട് വാങ്ങാനായി ഒരു മാധ്യമമെന്നോണം ഞാൻ സ്വർണം ഉപയോഗിക്കുന്നു. അല്ലാതെ സ്വർണം ഒരു ചരക്കായോ ഉപഭോഗവസ്തുവായോ ഞാൻ ഉപയോഗിക്കുന്നില്ല.
സ്വർണം ഇവിടെ പണമായി വർത്തിക്കുന്നു. ഇത് തന്നെയാണ് പിൽക്കാലത്ത് പണമായി മാറിയത്. അതായത് ചരക്ക് കൊടുത്ത് പണം വാങ്ങുക, പണം നൽകി തുല്യമൂല്യമുള്ള മറ്റൊരു ചരക്ക് വാങ്ങുക.
                    ചരക്ക് ---> പണം ---> ചരക്ക്
                    അഥവാ C ---> M ---> C
ഈ സാഹചര്യത്തിലും കൈമാറ്റം ചെയ്യപ്പെടുന്ന രണ്ട് ചരക്കുകളും പണവും ഒരേ മൂല്യം തന്നെ ഉൾക്കൊള്ളുന്നു. വിൽക്കുന്ന ചരക്കിന് തുല്യമായ മൂല്യമുള്ള പണം വാങ്ങുകയും അത് നൽകി അത്രയും തന്നെ മൂല്യമുള്ള മറ്റൊരു ചരക്ക് വാങ്ങുകയും ചെയ്യുന്നു. ഇവിടെ രണ്ട് പ്രക്രിയകൾ ഒരുമിച്ച് സംഭവിക്കുന്നു -ചരക്ക് വിൽക്കലും (sell) വാങ്ങലും (purchase). C ---> M ചരക്ക് വിറ്റ് പണം വാങ്ങലിനെയും M ---> C പണം നൽകി ചരക്ക് വാങ്ങലിനെയും സൂചിപ്പിക്കുന്നു. ഇത് സമൂഹത്തിൽ ചങ്ങലക്കണ്ണികൾ പോലെ തുടർന്നുകൊണ്ടിരിക്കുന്നു (...C ---> M --->C ---> M ---> C... ) ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ പണം കേവലം പൊതുചരക്ക് എന്നതിലുപരി #Universal_equivalent ആയി മാറുന്നുവെന്നും മാർക്സ് എഴുതുന്നു.

തുല്യമൂല്യങ്ങൾ തമ്മിലുള്ള കൈമാറ്റം തന്നെയാണ് ഈ വിധത്തിലുള്ള ചരക്ക് കൈമാറ്റം. ചരക്കിന്റെ ഉപയോഗമൂല്യമാണ് ഇവയുടെ പ്രഥമപരിഗണനയും. എന്നാൽ മൂന്നാമതൊരു തരം ചരക്ക് കൈമാറ്റം കൂടി കാലക്രമേണ രൂപം കൊണ്ടു.
 
                    പണം മൂലധനമാകുന്നു (M --->C --->M+Δm)


                    പണം ---->ചരക്ക് ---> പണം
                    അഥവാ M ---->C ---> M.
അതായത് പണം കൊടുത്ത് ചരക്ക് വാങ്ങുകയും കൂടുതൽ പണത്തിനായി ചരക്ക് വിൽക്കുകയും ചെയ്യുന്നു. 500 രൂപയ്ക്ക് തുണി വാങ്ങി 510 രൂപയ്ക്ക് വിൽക്കുന്നു (500 രൂപയ്ക്ക് തന്നെ തുണി വിൽക്കേണ്ട കാര്യമില്ലല്ലോ..) അതായത് കൂടുതൽ പണം ലഭിക്കാൻ വേണ്ടി പണത്തെ ഉപയോഗിക്കുന്നു. M ---> C ---> M എന്നത് തിരുത്തി ഇങ്ങനെ എഴുതാം..
 
M ---> C ---> M + Δm
പണം ---> ചരക്ക് ----> കൂടുതൽ പണം.
Δm എന്നത് അധികമായി ലഭിക്കുന്ന പണമാണ്. പണം കേവലം ചരക്ക് കൈമാറ്റത്തിനുള്ള ഉപാധി എന്നതിലുപരി പുതിയ മാനങ്ങൾ കൈവരിക്കുന്നു. ഇവിടെ പണം നൽകി ചരക്ക് വാങ്ങുന്നത് അതിന്റെ ഉപയോഗമൂല്യം കണ്ടിട്ടല്ല, അത് വിറ്റ് കൂടുതൽ പണം നേടാൻ വേണ്ടിയാണ്. ചരക്ക് കൈമാറ്റത്തിനുപകരം കൂടുതൽ പണം ലഭിക്കാനായി ഉപയോഗിക്കുന്ന പണമൂല്യത്തെ മൂലധനം (#Capital) എന്ന് വിളിക്കുന്നു.
 
C ---->M ---> C പ്രക്രിയയിൽ പണം കൈമാറ്റോപാധിയാണെങ്കിൽ ഇവിടെ പണം മൂലധനമായി മാറുന്നു.

ഒരു ചരക്ക് അതിന്റെ മൂല്യത്തിന് വാങ്ങി മൂല്യത്തേക്കാൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് കൊണ്ട് മൂല്യം സൃഷ്ടിക്കുകയല്ല ചെയ്യുന്നത്, മൂല്യം ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഉദാ - 500 രൂപ മൂല്യമുള്ള തുണി ഞാൻ നിങ്ങൾക്ക് 510 രൂപയ്ക്ക് വിറ്റുവെന്ന് കരുതുക. ഇവിടെ നിങ്ങളുടെ കയ്യിലുള്ള ചരക്കിന്റെ മൂല്യം 510 ആയി വർധിച്ചിട്ടില്ല. 500 രൂപ മൂല്യമുള്ള ചരക്ക് നിങ്ങൾ വാങ്ങുകയും 510 രൂപ എനിക്ക് നൽകുകയുമാണ് ചെയ്ത്. പത്ത് രൂപ നിങ്ങളിൽ നിന്നും ഞാൻ കവർന്നതിന് തുല്യമാണിത്. കൈമാറ്റത്തിന് മുമ്പ്,
എന്റെ കയ്യിലെ തുണിയുടെ മൂല്യം + നിങ്ങളുടെ കൈവശമുള്ള പണത്തിന്റെ മൂല്യം = 500 + 510= 1010 Rs
തുണി വിറ്റ ശേഷം എനിക്ക് ലഭിച്ച പണത്തിന്റെ മൂല്യം + നിങ്ങളുടെ കയ്യിലെ തുണിയുടെ മൂല്യം = 510 + 500 = 1010 Rs
അതായത് ചരക്കിന്റെ ഇത്തരം കൈമാറ്റങ്ങളിൽ മൊത്തം മൂല്യം വർധിക്കുകയോ മൂല്യം പുതുതായി സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നില്ല. ഒരാളിൽ നിന്ന് നഷ്ടമാകുന്ന മൂല്യം മറ്റൊരാൾ നേടുന്നുവെന്ന് മാത്രം. മൂല്യം സൃഷ്ടിക്കപ്പെടുന്നത് ചരക്കിന്റെ ഉത്പാദനപ്രക്രിയയിൽ മാത്രമാണ് (ചരക്കുകൈമാറ്റത്തിൽ മൂല്യത്തിന് എന്ത് സംഭവിക്കുന്നുവെന്നത് സംബന്ധിച്ച കാര്യങ്ങൾ തുടർലേഖനങ്ങളിൽ എഴുതാം).
M ---> C ---> M പ്രക്രിയയിൽ പണം മൂലധനമായി പ്രവർത്തിക്കുന്നു. ഇത് പല രീതിയിലാവാം. ഉദാ :- ചരക്ക് വ്യാപാരം, ചരക്ക് ഉത്പാദനം (പണം മൂലധനമായി നിക്ഷേപിച്ച് ഉത്പാദനോപാധികൾ വാങ്ങുന്നു, ഉത്പന്നം വിറ്റ് കൂടുതൽ പണം ലാഭരൂപത്തിൽ നേടുന്നു) . ബാങ്കിങ്, ഫിനാൻസ് പ്രവർത്തനങ്ങളിൽ ചരക്ക് ഉൾപെടുന്നില്ല.. പണം വായ്പയായി നൽകുകയും പലിശരൂപത്തിൽ കൂടുതൽ പണം നേടുകയും ചെയ്യുന്നു. ഓഹരികളിലും കടപ്പത്രങ്ങളിലും ഒക്കെ പണം കൂടുതൽ പണമായിമാറുന്നു എന്നതല്ലാതെ ചരക്ക് കൈമാറ്റമല്ല സംഭവിക്കുന്നത്. ഇത് ഇങ്ങനെ സൂചിപ്പിക്കാം,
 
പണം ---> കൂടുതൽ പണം
അഥവാ M ---> M +Δm.
 
                              പണരൂപങ്ങളുടെ ചരിത്രം

                    എട്ടാം നൂറ്റാണ്ടിലാണ് കറൻസികൾ ചൈനയിൽ കൈമാറ്റത്തിനായി പ്രചാരത്തിൽ വരുന്നത്.ഇതിനുമുമ്പ് സ്വർണ്ണം ,കന്നുകാലികൾ തുടങ്ങിയ ചരക്കുകൾ തന്നെയാണ് പണമായി പുരാതനറോമിലും മറ്റിടങ്ങളിലും ഉപയോഗിച്ചിരുന്നത് ,എന്നതിന് തെളിവുകളുണ്ട്. മെസോപ്പൊട്ടേമിയയിൽ ബാർലിയും ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും ചൈനയിലുമൊക്കെ ചിപ്പിയും ശംഖുകളും പണമായി പ്രചാരത്തിലുണ്ടായിരുന്നു. ന്യൂ സൗത്ത് വെയ്ൽസിലെ പഴയ ബ്രിട്ടീഷ് കോളനികളിൽ റം കുടിക്കാൻ മാത്രമല്ല, പണമൂല്യമായും ഉപയോഗിച്ചിരുന്നു. ഇവയുടെ പ്രത്യേകത എന്തെന്നാൽ ചരക്കുകൈമാറ്റങ്ങളിൽ തുടർച്ചയായി ഉപയോഗിക്കുന്നതിനാൽ ഇവയെല്ലാം തന്നെ കൈകാര്യം ചെയ്യാൻ എളുപ്പവും നിലനിൽപുള്ളതുമായിരുന്നു എന്നതാണ്.

          പെട്ടെന്ന് നശിച്ചുപോകുന്ന ചരക്കിനെ പണമൂല്യമായി ഉപയോഗിക്കാനാവില്ല. ഉദാ:- നൂറുരൂപ മൂല്യം വരുന്ന കോട്ട് വാങ്ങാൻ കറൻസിയില്ലാത്തതു മൂലം നൂറുരൂപ മൂല്യമുള്ള തണ്ണിമത്തൻ നൽകിയെന്നിരിക്കട്ടെ. ഈ ചരക്ക് വാങ്ങി കോട്ട് നൽകുന്നയാൾക്ക് രണ്ട് ആഴ്ചയ്ക്ക് ശേഷം ഈ തണ്ണിമത്തൻ വീണ്ടും മറ്റൊരാൾക്ക് കൈമാറി 100 രൂപ മൂല്യമുള്ള വേറൊരു ഉത്പന്നം വാങ്ങാൻ കഴിയുമോ..? ഇല്ല, അപ്പോഴേക്കും പണമായി ഉപയോഗിച്ച തണ്ണീർമത്തൻ നശിക്കാൻ സാധ്യതയുണ്ട്. പെട്ടെന്ന് മൂല്യച്യുതി സംഭവിക്കുന്നവയെ പണമായി ഉപയോഗിക്കാനാവില്ല. കന്നുകാലികളെ ഉപയോഗിച്ചപ്പോഴും രണ്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്, ചരക്ക് വിറ്റ് പകരം കന്നുകാലികളെ പണമായി വാങ്ങുന്നതിലെ പരിമിതി. ഒരു പശുവിന്റെ മൂല്യമുള്ള ചരക്ക് വാങ്ങാനായി നമുക്ക് പശുവിനെ കൈമാറാം. അരപശുവിന്റെ മൂല്യമുള്ള ചരക്ക് വാങ്ങാനെന്ത് ചെയ്യും..? (പശുവിനെ നെടുകെ പിളർന്ന് നൽകാനാവില്ലല്ലോ) മാത്രമല്ല കന്നുകാലികളെ പണമായി ഉപയോഗിക്കുമ്പോൾ മരിച്ചുപോകാനോ രോഗം വരാനോ ഒക്കെയുള്ള സാധ്യതകൾ വേറെയും..

          ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സ്വർണം പണത്തിന്റെ സ്ഥാനം കൈവരിക്കുന്നത്. സ്വർണം ഉത്പാദിപ്പിക്കാൻ ധാരാളം അധ്വാനം വേണ്ടിവരുന്നത് കൊണ്ടുതന്നെ അതിന് ഉയർന്ന മൂല്യവുമുണ്ടായിരുന്നു. യൂണിറ്റ് അളവിലുള്ള സ്വർണത്തിന്റെ മൂല്യം ഉപയോഗിച്ച് മറ്റ് ചരക്കുകൾ കൈമാറ്റം ചെയ്യാൻ തുടങ്ങി. സ്വർണം പെട്ടെന്ന് നശിക്കുകയോ ഇരുമ്പിനെ പോലെ ലോഹനാശനം സംഭവിക്കുകയോ ഇല്ല. മാത്രമല്ല, ചെറിയ മൂല്യങ്ങൾ കൈമാറാനായി സ്വർണത്തെ ചെറിയ തുട്ടുകളായി വിഭജിച്ച് പണമായി ഉപയോഗിക്കാം. ഉരുക്കി ഒന്നാക്കുകയും ചെയ്യാം. കിഴികളായും മറ്റും കൊണ്ടുനടക്കാം.. സ്വർണം ആയതുകൊണ്ടുതന്നെ ക്ഷാമവുമുണ്ടായിരുന്നു. ഒരാൾക്ക് സ്വന്തമായി സ്വർണം ഉണ്ടാക്കി പണമാക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് ഗോൾഡ് കോയിനുകളും സർക്കാരിന്റെ ഗ്യാരന്റി സൂചിപ്പിക്കുന്ന മുദ്രകളോടു കൂടിയ നാണയങ്ങളും രംഗത്തുവന്നു. സ്വർണം സൂക്ഷിക്കുന്നതിലും കൊണ്ടുനടക്കുന്നതിലുമുള്ള അസൗകര്യവും അസുരക്ഷിതത്വവും മൂലം സ്വർണത്തിന് പകരമായി സർക്കാർ കറൻസികൾ പുറത്തിറക്കിതുടങ്ങി.
 
          സ്വർണം, വെള്ളി പോലുള്ള പണരൂപങ്ങളെ സർക്കാരും മറ്റ് അധികാരസ്ഥാപനങ്ങളും സ്വീകരിക്കുകയും പകരം ഇതേമൂല്യം ഉണ്ടെന്ന് അവകാശപ്പെടുന്ന ഉറപ്പുരേഖകൾ (ഗ്യാരന്റികൾ) പുറത്തിറക്കുകയും ചെയ്തു. ഇത് മറ്റൊരാൾക്ക് അച്ചടിക്കാൻ കഴിയുമായിരുന്നില്ല. ഒരു പവൻ സ്വർണ്ണം നൽകി തുല്യമൂല്യമുള്ള ചരക്ക് വാങ്ങുന്നതിന് പകരം, ഈ ഉറപ്പുരേഖകൾ തന്നെ പണമായി നൽകി സാധനം വാങ്ങാമെന്ന സ്ഥിതിവന്നു. 17ാം നൂറ്റാണ്ടിൽ യൂറോപ്പിലും പേപ്പർ കറൻസികൾ പ്രാബല്യത്തിലായി. കറൻസിയുടെ മൂല്യം അതിലെ പേപ്പറിന്റെ മൂല്യമായിരുന്നില്ലെന്ന് ഓർക്കുക. അഥവാ നാണയത്തിന്റെ മൂല്യം അതിലെ ലോഹത്തിന്റെ മൂല്യമായിരുന്നില്ല. കറൻസിയും നാണയവും മൂല്യത്തിന്റെ അടയാളങ്ങൾ മാത്രമായിരുന്നു. നൂറ് യൂറോയുടെ കറൻസി എന്നുവെച്ചാൽ അത്രയും രൂപയുടെ സ്വർണം കരുതൽശേഖരമായി സർക്കാർ സ്വീകരിച്ച് പകരമായി പുറത്തിറക്കുന്ന രേഖയെന്നർത്ഥം.
 
          മുമ്പ് യൂറോപ്പിലെ ചരക്കുവ്യാപാരികൾ പണം ബാങ്കുകളിൽ നിക്ഷേപിക്കുകയും പകരമായി ബില്ലുകൾ വാങ്ങുകയും ഇതേ പണത്തിന് പകരമായി ഈ ബില്ലുകൾ തന്നെ പണമായി കൈമാറുകയും ചെയ്തിരുന്നു. മൂല്യമായല്ല, മൂല്യത്തിന്റെ പ്രതിനിധിയായാണ് പണം പ്രവർത്തിക്കുന്നത്. സർക്കാർ സ്വർണം ശേഖരിക്കുകയും അതേമൂല്യമുണ്ടെന്ന് വാഗ്ദാനം ചെയ്ത് കറൻസികൾ പുറത്തിറക്കുകയും ചെയ്യുന്ന സമ്പ്രദായത്തെ ഗോൾഡ് സ്റ്റാൻഡേർഡ് (Gold standard) എന്നുപറയുന്നു. ഇവിടെ കറൻസിയായി ഉപയോഗിക്കുന്ന പേപ്പറിന് യഥാർത്ഥത്തിൽ വലിയ മൂല്യമൊന്നുമില്ല, മറിച്ച് ഒരു അമൂർത്തമായ മൂല്യം സർക്കാരിന്റെ ഉറപ്പുമൂലം അതിനുണ്ടാകുന്നുവെന്ന് മാത്രം.
 
          ഇന്റർനാഷണൽ ഗോൾഡ് സ്റ്റാൻഡേർഡ് തുടങ്ങിവെച്ചത് ബ്രിട്ടൻ ആണ്. സ്വർണത്തെ അടിസ്ഥാനമാക്കി എല്ലാരാജ്യങ്ങളും അവരുടേതായ കറൻസികൾ പുറത്തിറക്കി. എല്ലാ കറൻസിയും നിശ്ചിതമൂല്യം സ്വർണവുമായി ബന്ധപ്പെട്ടിരിക്കുന്നത് മൂലം കറൻസികൾ മറ്റുകറൻസികളുമായി വിനിമയം ചെയ്യാമെന്നും കണ്ടു. 1890കളിൽ അമേരിക്കയിൽ സ്വർണത്തോടൊപ്പം വെള്ളിയും കറൻസി പ്രിന്റിങിന് അടിസ്ഥാനമായി. ഇത് ബൈമെറ്റലിസം എന്നറിയപ്പെട്ടു.


                              ബ്രട്ടൺവുഡ് സിസ്റ്റം

1930കളിലെ മാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും കഴിഞ്ഞു. അമേരിക്ക ലോക-ഒന്നാം നമ്പർ ശക്തിയുമായി വികസിച്ചതോടെ, ഗോൾഡ് സ്റ്റാൻഡേർഡ് രാജ്യങ്ങൾ തിരസ്കരിച്ച് പകരമായി ബ്രട്ടൻവുഡ് സിസ്റ്റം ഏർപെടുത്തി. സ്വർണത്തിന് പകരം എല്ലാ രാജ്യങ്ങളിലെയും ദേശീയബാങ്കുകൾ/ സർക്കാരുകൾ ഡോളർ അന്താരാഷ്ട്രനാണയമായി തങ്ങളുടെ കരുതൽശേഖരത്തിൽ ചേർത്തു. ഒരു ഡോളർ ശേഖരിക്കുകയും പകരം അത്രയും മൂല്യം വരുന്ന ദേശീയകറൻസി (ഇന്ത്യയിൽ രൂപ) പുറത്തിറക്കുകയും ചെയ്തു. ഇന്ന് രാജ്യങ്ങൾ പണം അച്ചടിക്കുന്നത് കരുതൽസ്വർണം അളന്നിട്ടല്ല, അവരവരുടെ മോണിറ്ററി പോളിസികൾ അനുസരിച്ചാണ്. ഇതിനെ #Fiatmoney എന്നൊക്കെ വിളിക്കാറുണ്ട് (മോണിറ്ററി പോളിസി, ഫിനാൻസ് മൂലധനം തുടങ്ങിയ കൂടുതൽ കാര്യങ്ങൾ വരുംലേഖനങ്ങളിൽ എഴുതാം).
 
                    ഗോൾഡ് സ്റ്റാൻഡേർഡ് റദ്ദാക്കിയശേഷം എല്ലാരാജ്യങ്ങളും തങ്ങളുടെ ഡോളർ ശേഖരത്തെ അടിസ്ഥാനമാക്കി കറൻസികൾ അച്ചടിച്ചപ്പോൾ, അമേരിക്ക ഡോളർ അച്ചടിച്ചത് തങ്ങളുടെ സ്വർണശേഖരത്തെ ആസ്പദമാക്കിയാണ്. ബ്രട്ടൻവുഡ് സിസ്റ്റത്തിൽ ഒരു ഔൺസ് സ്വർണത്തിന് പകരമായി ദേശീയബാങ്ക് 35$ അച്ചടിക്കുന്നു. ആർക്കുവേണമെങ്കിലും ബാങ്കിലൂടെ ഇത്തരത്തിൽ സ്വർണം ഡോളറാക്കി മാറ്റാമായിരുന്നു, തിരിച്ചും. ആളുകൾ ഡോളറിനുപകരമായി സ്വർണം കൂടുതലായി മാറ്റിവാങ്ങിയതോടെ സർക്കാരിന്റെ സ്വർണശേഖരം കുറഞ്ഞു. ഇതോടെ 1971ൽ US പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഇത്തരത്തിൽ ഗോൾഡ് ഡോളറുമായി കൈമാറ്റം ചെയ്യുന്നത് റദ്ദാക്കി. (ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ അന്വേഷിച്ചറിയുമല്ലോ)..
 
                    ചരക്കുകളുടെ മൂല്യത്തെ പ്രകാശിപ്പിക്കാനുള്ള അടയാളരൂപങ്ങളായാണ് മാർക്സ് പണത്തെ വിശകലനം ചെയ്തത്. പണത്തിന്റെ ഉത്ഭവം ചരിത്രത്തിൽ യാദൃശ്ചികമല്ലെന്നും അത് ഉത്പാദനോപാധികളുടെയും വർഗസമൂഹങ്ങളുടെയും ചരക്ക് കൈമാറ്റങ്ങളുടെയും ആവിർഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാർക്സ് വിവരിക്കുന്നു. ചരക്കിന്റെ മൂല്യം പ്രകാശിപ്പിക്കുന്നതിലുപരി പണം ഇന്ന് നിഗൂഢമായ പുതിയ മാനങ്ങൾ കൈവരിക്കുന്നുണ്ട്. ഇതും മാർക്സ് കാണാതിരുന്നില്ല. ചരക്കുത്പാദനവുമായി ബന്ധപ്പെട്ട #Real_economyയിൽ നിന്നുള്ള മൂലധനത്തിന്റെയും പണത്തിന്റെയും അന്യവത്കരണം വിഷയമാക്കാനും അതിജീവനത്തിനായി മുതലാളിത്തം ചെയ്തുകൂട്ടുന്ന ഏച്ചുകെട്ടലുകൾ പ്രതിസന്ധികളെ രൂക്ഷമാക്കുന്നത് തുറന്നുകാട്ടാനും മാർക്സിന് കഴിഞ്ഞു.

                              കൂലിയും അധ്വാനവും

                              ബൂർഷ്വാധനശാസ്ത്രം കൂലിക്ക് നൽകുന്ന നിർവചനം തൊഴിലാളിയുടെ അധ്വാനത്തിന് ലഭിക്കുന്ന പ്രതിഫലം എന്നാണ്. ഉത്പാദനവ്യവസ്ഥയിൽ തൊഴിലാളികൾ ഇടപെടുന്നത് മൂലധനത്തിലൂടെയല്ല, മറിച്ച് അധ്വാനത്തിലേർപെട്ടുകൊണ്ടാണ്. ഈ അധ്വാനത്തിന് അവർക്ക് നൽകേണ്ടുന്ന പ്രതിഫലമാണത്രേ കൂലി/ വേതനം/ ശമ്പളം. ഇതൊരു തെറ്റായവാദമാണെന്ന് ആദ്യമേ പറയട്ടെ.. കാരണം കൂലി (Wage) എന്നത് പലപ്പോഴും ദിവസാടിസ്ഥാനത്തിലോ മാസാടിസ്ഥാനത്തിലോ ഉള്ള ഒരു സംഖ്യയാണല്ലോ.. തൊഴിലാളിയുടെ അധ്വാനപ്രക്രിയയിലൂടെ ചരക്കുകൾ നിർമിക്കപ്പെടുകയും അവയുടെ മൂല്യം വിപണിയിൽ 'മൂർത്തവത്കരിച്ച്' (Realisation of value) വരവും ലാഭവും ഉണ്ടാകുകയും ചെയ്യുന്നു. ഓരോ മാസവും നിർമിക്കപ്പെടുന്ന ചരക്കുകളുടെ മൊത്തം മൂല്യം, ലാഭം, വിറ്റുവരവ് ഇതൊക്കെ പല കാലങ്ങളിലും പലതാകാറുണ്ട്. അധ്വാനവും അങ്ങനെ തന്നെ. 

                    ദിവസം അഞ്ഞൂറ് രൂപയ്ക്ക് പണിക്കുപോകുന്നവൻ എല്ലാദിവസവും ചെയ്യുന്ന തൊഴിൽ ഗുണത്തിലും അളവിലുമൊക്കെ വ്യത്യാസപ്പെട്ടിരിക്കും. അതായത് ചില ദിവസങ്ങളിൽ കഠിനമായ ജോലിയുണ്ടാവാം. ചിലപ്പോൾ ലളിതമാവാം, തരക്കേടില്ലാത്ത പണിയാവാം. അയാൾ തൊഴിലെടുക്കുന്നതിലൂടെ കമ്പനിയിൽ ചരക്കുത്പാദനം സുഗമമാകുന്നു. ചരക്കുത്പാദനവും ലാഭവും കുത്തനെ ഉയർന്നാലും താഴ്ന്നാലും കൂലി സ്ഥിരസംഖ്യയായി നിലനിൽക്കുന്നു (നീണ്ട കാലയിളവിനിടയിലെ കൂലിവർധനകൾ ഒഴിച്ചാൽ). ഇതിൽ നിന്നും വ്യക്തമാകുന്നത് എന്താണ്.? കൂലി എന്നത് അധ്വാനത്തിന്റെ പ്രതിഫലമല്ല. ഒരു തൊഴിലാളിക്ക് വേതനം നൽകുന്നതിലൂടെ തൊഴിലുടമ വാങ്ങുന്നത് അയാളുടെ അധ്വാനത്തെയല്ല, അധ്വാനശേഷിയെ ആണ്. അധ്വാനവും അധ്വാനശേഷിയും തമ്മിലെ വ്യത്യാസം എന്താണെന്ന് നോക്കാം. ചരക്കുത്പാദനത്തിൽ നാം സമയം ചെലവഴിച്ച് നടത്തുന്ന കായികമോ മാനസികമോ ആയ പ്രവർത്തനങ്ങളെന്തും അധ്വാനമാണ് (Labour). ഇങ്ങനെ അധ്വാനിക്കുവാനുള്ള നമ്മുടെ കഴിവാണ് അധ്വാനശേഷി (Labour power /Labour Capacity).

                    തൊഴിലാളിയെ നിയമിക്കുന്നതിലൂടെ ഉടമ അയാളുടെ അധ്വാനശേഷിയെ വാങ്ങുന്നു. തൊഴിലാളിയുടെ ഈ അധ്വാനശേഷിയിൽ നിന്നും മുതലാളി പരമാവധി അധ്വാനത്തെ 'ഉപയോഗപ്പെടുത്തുകയും' ചരക്കുത്പാദനക്രമത്തിൽ അത് വിനിയോഗിക്കുകയും ചെയ്യുന്നു..! കൂലി എന്നത് അധ്വാനശേഷിയുടെ മൂല്യമാണ്. അഞ്ഞൂറ് രൂപ ദിവസവേതനമുള്ളവന്റെ അധ്വാനശേഷിയുടെ വിലയാണ് അഞ്ഞൂറ് രൂപ. ഈ അധ്വാനശേഷിയിൽ നിന്നും ഉണ്ടാകുന്ന അധ്വാനം വിവിധ സ്വഭാവത്തിലുള്ളതാവാം, പല ദിവസങ്ങളിലും പല തോതിലുള്ള അധ്വാനങ്ങളാവാം. എന്നാൽ അധ്വാനശേഷിയുടെ മൂല്യം കൂലിയായി തന്നെ തുടരുന്നു.

                   അധ്വാനശേഷിയുടെ പുനർനിർമാണം

                    എന്തിനാണ് കൂലി അഥവാ വേതനം വിനിയോഗിക്കപ്പെടുന്നത്..? ഒരു തൊഴിലാളിയുടെ വേതനം അയാൾ എന്തിനെല്ലാം ചെലവാക്കുന്നുണ്ടാവാം.. ദൈനംദിനചെലവുകൾ നിർവഹിക്കാൻ, കറണ്ട് ബില്ല് മുതൽ ലോൺ തിരിച്ചടവ് വരെയുള്ള ചെലവുകൾ, വിനോദത്തിന് (സിനിമ കാണാൻ, യാത്ര ചെയ്യാൻ തുടങ്ങിയവ) ഇങ്ങനെ പോകുന്നു ലിസ്റ്റ്. തൊഴിലാളിയുടെ വേതനം എന്നത് അയാളുടെ അധ്വാനശേഷിയുടെ മൂല്യം മാത്രമല്ല, അധ്വാനശേഷിയെ നിർമിക്കാനും പുനർനിർമിക്കാനുമുള്ള മൂല്യം കൂടിയാണ്. നിങ്ങളുടെ അധ്വാനശേഷി വിൽക്കുന്നതിലൂടെ നിങ്ങൾക്ക് ശമ്പളം ലഭിക്കുന്നു. ഈ ശമ്പളം ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് മുതൽ സിനിമ കാണുന്നത് വരെയുള്ള അനേകം കാര്യങ്ങൾ നിങ്ങൾ നിർവഹിക്കുന്നു. ഇതിലൂടെ നിങ്ങളുടെ മനുഷ്യസഹജമായ അവകാശങ്ങളും ഇഷ്ടങ്ങളും താത്പര്യങ്ങളും നിർവഹിക്കപ്പെടുന്നു, ഭൗതികവും മാനസികവുമായ സംതൃപ്തി നേടാൻ സാധിക്കുന്നു. ജീവിതം ചലനാത്മകമാകുന്നു. അധ്വാനത്തിലൂടെയും വേതനത്തിലൂടെയുമുള്ള ഈ ആവശ്യനിർവഹണങ്ങളും സംതൃപ്തിയുമാണ് നിങ്ങളെ വീണ്ടും അധ്വാനിക്കാൻ പ്രാപ്തനാക്കുന്നതും പ്രേരിപ്പിക്കുന്നതും.

                     അതായത് കൂലി എന്നത് അധ്വാനശേഷിയെ പുനർനിർമിക്കാനുള്ള പണം കൂടിയാണ്. തൊഴിലാളിയുടെ ശമ്പളം എന്നത് അയാളുടെ അധ്വാനശേഷിയെ പുനർനിർമിക്കാൻ കഷ്ടിച്ച് ആവശ്യമായ മൂല്യം കൂടിയാണ്. ഇതിൽ തൊഴിലാളിയുടെ കുടുംബവും ഉൾപെടുന്നു. എന്റെ വേതനം എന്റെ വീട്ടിലെ മറ്റംഗങ്ങളുടെയും കൂടി ആവശ്യങ്ങൾ നിറവേറ്റുന്നതും പ്രധാനമാണ്. തൊഴിലാളിയുടെ ശരീരത്തെയും മനസിനെയും അധ്വാനത്തിന് വീണ്ടും പ്രാപ്തമാക്കുക എന്ന ലക്ഷ്യമാണ് കൂലി നിറവേറ്റുന്നത്. ഇത് തൊഴിലാളികളുടെ മൊത്തം ജീവിതനിലവാരത്തെ കൂടി സ്വാധീനിക്കുന്നു. അധ്വാനശേഷിയുടെ മൂല്യം എന്നാൽ ഭക്ഷണം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങളിലൂടെ അധ്വാനശേഷിയെ പുനർനിർമിക്കാനുള്ള മൂല്യം മാത്രമല്ല, തൊഴിലാളിയുടെ കുടുംബത്തെയും അടുത്ത തലമുറയെയും കൂടി വളർത്തിയെടുക്കാനുള്ള മൂല്യം കൂടിയാണ്. അതായത് തൊഴിലാളിയുടെ 'maintenance'ന് ആവശ്യമായ മൂല്യമാണിത്.

                    വേതനത്തിന് ഇനി ഒരുവശം കൂടിയുണ്ടെന്ന് ഓർക്കുക. തൊഴിലാളികൾ എന്നത് ബൂർഷ്വാധനശാസ്ത്രം വിവക്ഷിക്കുന്നത് പോലെ ഉത്പാദനക്രമത്തിലെ അസംസ്കൃതവസ്തുക്കളോ പൽചക്രങ്ങളോ മാത്രമല്ല, അവർ തന്നെയാണ് വിപണിയിലെ ഉപഭോക്താക്കളുടെ സിംഹഭാഗവും. തൊഴിലാളിവർഗത്തിന്റെ വേതനം അവർ സമൂഹത്തിൽ ചെലവഴിക്കുമ്പോഴാണ് തൊഴിലാളികളാൽ തന്നെ ഉത്പാദിപ്പിക്കപ്പെട്ട ചരക്കുസേവനങ്ങൾ വിറ്റഴിയുന്നത്. തൊഴിലാളിയുടെ വേതനത്തോതുകൾക്ക് വിപണിയിലെ ഉപഭോഗത്തെയും കമ്പനിയുടെ ലാഭത്തെ വരെയും നിർണയിക്കാനാവുന്നു. കമ്പനിയിൽ നിർമിക്കപ്പെടുന്ന ചരക്കുകളെല്ലാം ന്യൂനപക്ഷം ധനികർക്ക് പൂർണമായും വാങ്ങിഉപയോഗിക്കാനാവില്ല. തുറന്ന വിപണിയിലെത്തുന്ന ചരക്കുകൾ ഭൂരിപക്ഷം വരുന്ന തൊഴിലാളികളും സാധാരണക്കാരും അവരുടെ ശമ്പളത്തുക ഉപയോഗിച്ച് വാങ്ങുക തന്നെ വേണം. തൊഴിലില്ലായ്മയും ശമ്പളത്തിലെ ഇടിവുകളും തൊഴിലാളിയുടെ വാങ്ങൽശേഷിയെ ദുർബലമാക്കുന്നത് വഴി മുതലാളിത്തവിപണിയെയും ലാഭത്തെയും പ്രതിസന്ധിയിലാക്കുന്നതാണ് അതിന്റെ ആന്തരികവൈരുധ്യം.

                    വാസ്തവത്തിൽ കുത്തകകമ്പനികളുടെ ലാഭം റോക്കറ്റിനു സമാനമായി കുതിച്ചുയരുന്നതുപോലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും ശമ്പളം മാസം തോറും ഉയരാറില്ല. കൂലി സ്ഥിരമായി നിലനിൽക്കുകയോ വളരെ ചെറിയ തോതിലുള്ള വർധനകൾ നടപ്പാക്കപ്പെടുകയോ ചെയ്യുന്നു. ശമ്പളം വെട്ടിക്കുറയ്ക്കലും തൊഴിൽ നഷ്ടവും സാധാരണയാവുന്നു. ആളുകളുടെ വാങ്ങൽശേഷിയും ഉപഭോഗവും ചരക്ക് വിറ്റഴിയലും അതിലൂടെ മുതലാളിയുടെ ലാഭവും ഉറപ്പാക്കുന്നത് ജനങ്ങളുടെ വേതനം തന്നെയാണ്. എന്നാൽ കുതിച്ചുയരുന്ന ലാഭവും അതേസമയം കിതച്ചുനീങ്ങുന്ന വേതനങ്ങളും തമ്മിലെ പൊരുത്തക്കേടുകൾ മുതലാളിത്തത്തിൽ തുടർച്ചയായ സാമ്പത്തികമാന്ദ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സമകാലീനയാഥാർത്ഥ്യങ്ങളെ മനസിലാക്കണമെങ്കിൽ മൂലധനത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്കുകൂടി നാം വിശകലനം തുടരേണ്ടതുണ്ട്..

          തൊഴിലില്ലായ്മയും കരുതൽസേനയും
 
                    ഇനി കൂലിയും വിപണിനിയമങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് നോക്കാം. ഏതൊരു ചരക്കിന്റെയും വില വിപണിയിലെ സപ്ലൈയുടെയും ഡിമാന്റിന്റെയും ഫലമായി വ്യത്യാസപ്പെടുന്നത് എങ്ങനെയെന്ന് അറിയാമല്ലോ.. (മൂലധനപരമ്പരയുടെ മുൻഭാഗങ്ങളിൽ വിവരിച്ചിട്ടുണ്ട്) ചരക്കിന്റെ സപ്ലൈ അഥവാ ലഭ്യത കൂടുമ്പോൾ വില ഇടിയുകയും ചരക്കിന് ഡിമാന്റ് വർധിക്കുമ്പോൾ വില ഉയരുകയും ചെയ്യും. ബൂർഷ്വാധനശാസ്ത്രം അധ്വാനത്തെയും ചരക്കായി തന്നെയാണ് വിലയിരുത്താറ്. തൊഴിലാളിയും ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃതവസ്തുവാണെന്ന് മുതലാളിത്തം എല്ലാക്കാലത്തും പറയാതെ പറഞ്ഞുവെക്കുന്നു. മാർക്സ് അധ്വാനത്തെ ചരക്കായല്ല, സാമൂഹ്യബന്ധമായാണ് നിരീക്ഷിച്ചത്. അതേസമയം അധ്വാനശേഷി എന്നത് ചരക്കായി തന്നെയാണ് തൊഴിൽവിപണിയിൽ പ്രതിഫലിക്കുന്നത്. ചരക്കിനുള്ളത് പോലെതന്നെ അധ്വാനശേഷിയുടെ വിലയും (അഥവാ കൂലിയും) തൊഴിലാളികളുടെ സപ്ലൈക്കും ഡിമാന്റിനും അനുസരിച്ച് മാറുന്നു. തൊഴിലെടുക്കാൻ ശേഷിയുള്ളവർ ധാരാളമുള്ള ഒരു ദേശത്ത് കൂലിനിരക്കുകൾ കുറവായിരിക്കും. 

                    വികസിതമുതലാളിത്തരാജ്യങ്ങളിലെ തൊഴിലാളികളുടെ ഉയർന്ന കൂലിയും സംഘാടനശേഷിയും കമ്പനിയുടമകളെ വലയ്ക്കുമ്പോൾ അവർ ഉത്പാദനം ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിലേക്ക് മാറ്റുന്നു. ഇവിടെ വിദേശമൂലധനം ആകർഷിക്കപ്പെടുന്നു. കാരണം ഇവിടെയുള്ള ഉയർന്ന തൊഴിലില്ലായ്മ മൂലം തുച്ഛമായ കൂലിക്കും തൊഴിലാളികൾ പണിയെടുക്കാൻ തയ്യാറാവുന്നു. എന്ത് വിട്ടുവീഴ്ചകൾക്കും തയ്യാറായി തങ്ങളുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം സമൂഹത്തിലെ തൊഴിലില്ലാതെ അലഞ്ഞുതിരിയുന്ന വലിയൊരുവിഭാഗം ജനതയാണ്. 'നീ പോയാലും നിനക്കുപകരം പണിയെടുക്കാൻ വേറെ ആയിരം പേർ പുറത്തുണ്ടെന്നുള്ള' കമ്പനിയുടമയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ മുതലാളിത്തത്തിന് എക്കാലവും എല്ലാവിധത്തിലും ഗുണമേ ചെയ്യൂ.. അത് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നു എന്ന് മാത്രമല്ല, തൊഴിലാളികളെ സമരങ്ങളിൽ നിന്നും സംഘടിതമുന്നേറ്റങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും അവർക്ക് മേൽ തുച്ഛവും അന്യായവുമായ കൂലി അടിച്ചേൽപിക്കാനും അവരുടെ ന്യായമായ ആവശ്യങ്ങളെ പോലും അവഗണിക്കാനും ഇത് മുതലാളിയെ സഹായിക്കും.

                              തൊഴിലില്ലാത്ത ജനവിഭാഗങ്ങളെ മുതലാളിത്തം എപ്പോഴും നിലനിർത്തുമെന്നും മാർക്സ് അടിവരയിടുന്നു. ഇവരെ 'കരുതൽ സേന' അഥവാ Reserve Army എന്നാണ് മാർക്സ് വിളിച്ചത്. ഉത്പാദനത്തിൽ പങ്ക് ചേരാതെ തന്നെ മുതലാളിത്ത ഉത്പാദനക്രമത്തിന് ഗുണം ചെയ്യാൻ ഈ കരുതൽസേനയ്ക്ക് സാധിക്കുന്നു. തൊഴിലില്ലായ്മയും തൊഴിലാളികളുടെ ലഭ്യതയും അധ്വാനശേഷിയുടെ സപ്ലൈ (ലഭ്യത) വർധിക്കാനും അതിന്റെ വില അഥവാ കൂലി ഇടിയാനും കാരണമാവുന്നു. ഇതുപോലെ ചില വിഭാഗം തൊഴിലാളികൾക്ക് ഡിമാന്റ് വർധിക്കുന്നത് മൂലം ശമ്പളം കൂടുകയും ചെയ്യാം.

                              അധ്വാനശക്തിയുടെ മൂല്യങ്ങൾ

                    'മൂലധന'ത്തിന്റെ ആരംഭത്തിൽ തന്നെ തുടർച്ചയായി ചർച്ച ചെയ്യുന്ന വിഷയമാണ് കൈമാറ്റമൂല്യവും ഉപയോഗമൂല്യവും (മുൻഭാഗങ്ങൾ വായിക്കുക). എല്ലാചരക്കുകളിലും ഇത്തരമൊരു ദ്വൈതസ്വഭാവം നിലനിൽക്കുന്നു- അതായത് കൈമാറ്റമൂല്യവും ഉപയോഗമൂല്യവും അവ ഉൾക്കൊള്ളുന്നു. അധ്വാനശേഷിയും ഒരു ചരക്കാകയാൽ അതിനും കൈമാറ്റമൂല്യവും ഉപയോഗമൂല്യവുമുണ്ട്. അധ്വാനശേഷിയുടെ കൈമാറ്റമൂല്യമാണ് കൂലി. തൊഴിലാളിയായ നിങ്ങൾ നിങ്ങളുടെ അധ്വാനശേഷി മുതലാളിക്ക് വിൽക്കുമ്പോൾ പകരം ലഭിക്കുന്ന 'കൈമാറ്റമൂല്യമാണ്' (exchange value) കൂലി. ഇങ്ങനെ മുതലാളി സ്വന്തമാക്കുന്ന അധ്വാനശേഷി ചരക്കുത്പാദനത്തിന്റെ ഭാഗമാകുന്നു. നിങ്ങൾ അധ്വാനിക്കുമ്പോൾ നിങ്ങളുടെ അധ്വാനം ചരക്കു-സേവനങ്ങളുടെ രൂപത്തിൽ മൂല്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ അധ്വാനശേഷിയിൽ നിന്നും ഇത്തരത്തിൽ ഉത്പാദനത്തിനായി സൃഷ്ടിക്കപ്പെടുന്ന മൂല്യം തന്നെയാണ് അതിന്റെ ഉപയോഗമൂല്യം. അതായത് അധ്വാനശേഷിയുടെ ഉപയോഗമൂല്യം (use value) അത് സൃഷ്ടിക്കുന്ന അധ്വാനം തന്നെയാണ്, അഥവാ ചരക്കിലെ മൂല്യമാണ്.


                              അധ്വാനശേഷിയുടെ കൈമാറ്റമൂല്യവും ഉപയോഗമൂല്യവും തമ്മിലെ വൈരുധ്യമാണ് മിച്ചമൂല്യസിദ്ധാന്തം (Theory of surplus value) എന്ന വിപ്ലവകരമായ ആശയത്തിന്റെ അടിസ്ഥാനം. അധ്വാനശേഷിയുടെ ഉപയോഗമൂല്യവും കൈമാറ്റമൂല്യവും വ്യത്യസ്തമാണ്. അതായത് അധ്വാനശേഷിയുടെ വിലയേക്കാൾ കൂടുതലാണ് അത് സൃഷ്ടിക്കുന്ന ചരക്കിലെ ഉപയോഗമൂല്യം. നിങ്ങൾ യന്ത്രോപകരണങ്ങളും മറ്റുസാമഗ്രികളും ഉപയോഗിച്ച് അധ്വാനത്തിലേർപെടുമ്പോൾ നിങ്ങളുടെ അധ്വാനം ആ ഉത്പന്നത്തിലേക്ക് സന്നിവേശിക്കുകയാണ് ചെയ്യുന്നത്. അതായത് നിങ്ങൾ മൂല്യം സൃഷ്ടിക്കുകയാണ്. തടിയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ഞാൻ മേശ നിർമിക്കുമ്പോൾ എന്റെ അധ്വാനം മൂല്യം സൃഷ്ടിക്കുന്നു. ഇതിലൂടെയാണ് മേശ എന്ന ഉത്പന്നം സൃഷ്ടിക്കപ്പെടുന്നത്. അധ്വാനം സൃഷ്ടിക്കുന്ന ഈ മൂല്യം അധ്വാനശേഷിയുടെ മൂല്യത്തേക്കാൾ (കൂലി) വലുതായിരിക്കും. (മിച്ചമൂല്യസിദ്ധാന്തത്തിന് വരുംലേഖനങ്ങളിൽ വ്യക്തമായി വിശദീകരണം നൽകേണ്ടതുണ്ട്. വായന തുടരുക). എന്തായാലും അധ്വാനശേഷിയും അധ്വാനവും കൂലിയും എന്താണെന്ന് വ്യക്തമായല്ലോ..

                    അധ്വാനശേഷിയുടെ മൂല്യമായ വേതനം എന്നത് തൊഴിലാളിയും മുതലാളിയും തമ്മിലെ പരസ്പരധാരണകളിലൂടെ തീരുമാനിക്കപ്പെടുന്നതാണ് എന്നാണ് ബൂർഷ്വാസിയുടെ വാദമെങ്കിലും വാസ്തവത്തിൽ ശമ്പളം എപ്പോഴും മുതലാളിത്തതാത്പര്യങ്ങളെ ആശ്രയിച്ച് തന്നെയാണ് തീരുമാനിക്കപ്പെടുന്നത്. കൂടുതൽ ശമ്പളത്തിനും തൊഴിലിടങ്ങളിലെ മറ്റ് അവകാശങ്ങൾക്കും വേണ്ടിയുള്ള തൊഴിലാളിയുടെ 'വർഗസമരം' ശമ്പളത്തെ പരിഷ്കരിക്കാനും മുതലാളിയെ നിർബന്ധിതമാക്കുന്നു. എന്നാൽ കോർപ്പറേറ്റ് അനുകൂലമായ വിവിധ തൊഴിൽ നിയമങ്ങൾ, സ്ഥിരംതൊഴിലിന്റെ അഭാവം, തൊഴിലാളികളുടെ അസംഘടിതാവസ്ഥ ഇതൊക്കെ കമ്പനിയുടമകൾക്ക് ഗുണം ചെയ്യുകയും ചെയ്യും.

                              ചരക്കുരതി (Commodity fetishism)

                    മനുഷ്യചരിത്രം മുഴുവനായി പരിശോധിച്ചാൽ മുതലാളിത്തം എന്നൊരു ഉത്പാദനക്രമം ചരിത്രത്തിൽ രൂപം കൊണ്ടത് അവസാനത്തെ ഏതാനും നൂറ്റാണ്ടുകളിൽ മാത്രമാണെന്ന് കാണാം. അതായത് മുതലാളിത്തത്തിന് മുമ്പും മൂലധനവും ചരക്കുത്പാദനവും പണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കിലും മനുഷ്യൻ തന്റെ അധ്വാനശേഷി വിറ്റ് വേതനം വാങ്ങുന്ന ഇന്നത്തെ സമ്പ്രദായം അന്നുണ്ടായിരുന്നില്ല. അടിമത്തത്തിൽ അധ്വാനശേഷിയല്ല ,അധ്വാനിക്കുന്ന മനുഷ്യർ തന്നെയാണ് യന്ത്രങ്ങളെ പോലെ വിൽക്കപ്പെട്ടത്. അവിടെ മനുഷ്യന് അധ്വാനശേഷി സ്വതന്ത്രമായി വിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്ത് ജോലി ചെയ്യണമെന്നുവരെ മറ്റുള്ളവർ തീരുമാനിച്ചിരുന്ന സ്ഥിതി ആയിരുന്നു. ഫ്യൂഡലിസത്തിലും ഈ അവസ്ഥ കുറഞ്ഞ തോതിൽ ഉണ്ടായിരുന്നെങ്കിലും അധ്വാനശേഷി കൂടാതെ പണിയായുധങ്ങളും മറ്റും അധ്വാനജനതയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നതായി കാണാം. അവിടെയും അധ്വാനശേഷിക്ക് പകരമായി വേതനം എന്ന നിലയ്ക്കല്ല മനുഷ്യർക്ക് വരുമാനം ലഭിച്ചിരുന്നത്. തങ്ങൾ ഉത്പാദിപ്പിക്കുന്നതിന്റെ ഒരു ചെറിയ പങ്ക് കർഷകനും മറ്റും ഔദാര്യമെന്നോണം നൽകപ്പെട്ടിരുന്നെന്ന് മാത്രം. ചരക്കുകളുടെ വ്യാപകമായ വിപണിയൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ചരക്കുകൾ ദൂരദേശങ്ങളിലേക്ക് കച്ചവടം ചെയ്യാനായി ഉത്പാദിപ്പിക്കുന്ന അവസ്ഥയും വിരളമായിരുന്നു.

                     മുതലാളിത്തം ആവിർഭവിച്ചതോടെ കഥയാകെ മാറി.
മുതലാളിത്തത്തിൽ എല്ലാവരും സ്വതന്ത്രരാണ്. മുതലാളിത്തം അനുവദിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം പണിയെടുക്കാനും പണിയെടുപ്പിക്കാനും അധ്വാനശേഷി വിൽക്കാനും മൂലധനം നിക്ഷേപിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യമാണ്. ഇതിലൂടെ വമ്പിച്ച തോതിൽ ചരക്ക് ഉത്പാദിപ്പിക്കപ്പെടുകയും അവ വിപണിയിൽ വെച്ച് വിറ്റഴിയുകയും ചെയ്യുന്നു. ഇവിടെ ചരക്കുകൾ മനുഷ്യർക്കിടയിൽ കൈമാറ്റം ചെയ്യപ്പെടുന്നു. നിങ്ങൾ ഒരു ഉത്പന്നം വാങ്ങി ഉപയോഗിക്കുമ്പോൾ നിങ്ങൾ കാണുന്നത് ആ ഉത്പന്നത്തെ മാത്രമാണ്. അതിലടങ്ങിയിരിക്കുന്ന മൂല്യമാകട്ടെ അനേകം തൊഴിലാളികളുടെ അധ്വാനവുമാണ്. ചരക്കിലെ ഈ മൂല്യം നിങ്ങൾ ഉപയോഗിക്കുമ്പോഴും ആ ചരക്കിനുപിന്നിൽ പ്രവർത്തിച്ച അനേകായിരങ്ങളെ നിങ്ങൾ അറിയുന്നില്ല.
ഉദാ:- ഞാൻ ഒരു കോട്ടൺ ഷർട്ട് വാങ്ങുന്നു, ധരിക്കുന്നു എന്നല്ലാതെ അത് നിർമ്മിച്ച തൊഴിലാളികളെയോ അതിനാവശ്യമായ പരുത്തി ഉത്പാദിപ്പിച്ച കർഷകരെയോ മറ്റനേകം പണിക്കാരെയോ ഞാനറിയുന്നില്ല. സമാനമായി ഞാൻ കൂടി അധ്വാനം ചെലുത്തിയതിലൂടെ നിർമിക്കപ്പെട്ട ഒരു ഉത്പന്നം വാങ്ങി ഉപയോഗിക്കുന്ന ആൾ എന്നെയും അറിയണമെന്നില്ല. ഇൗ പ്രതിഭാസത്തെ മാർക്സ് Commodity fetishism അഥവാ ചരക്കുരതി എന്ന് വിളിക്കുന്നു. അതായത് മുതലാളിത്തത്തിൽ സമൂഹത്തിലെ കോടിക്കണക്കിന് മനുഷ്യർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 

                    എന്നാൽ ഈ ബന്ധം നേരിട്ടുള്ള ബന്ധമല്ല, ചരക്കുകളിലൂടെയുള്ള ബന്ധമാണ്. നിങ്ങളുടെ കയ്യിലുള്ള ഒരു വാച്ചിൽ പോലും ഒരുപക്ഷേ ഒരു അമേരിക്കക്കാരന്റെയോ ചൈനാക്കാരന്റെയോ യൂറോപ്യന്റെയോ ആഫ്രിക്കൻ പൗരന്റെയോ ഒക്കെ അധ്വാനം പതിഞ്ഞിട്ടുണ്ടാവാം. അധ്വാനവും മൂലധനവും ചരക്കുകളും ഭൂഗോളത്തിലുടനീളം സ്വതന്ത്രമായി നീക്കം ചെയ്യപ്പെടുന്ന ആഗോളവത്കൃത -മുതലാളിത്തത്തിൽ മനുഷ്യർ തമ്മിലുള്ള ഈ അനിഷേധ്യവും സങ്കീർണവുമായ ബന്ധത്തെ 'വ്യക്തികൾക്കിടയിലെ ചരക്കുബന്ധം' (Material relations between persons) എന്നാണ് മാർക്സ് വിശേഷിപ്പിക്കുന്നത്.

                    ചരക്കുകൈമാറ്റമാണ് വ്യക്തികളിൽ മാത്രമല്ല, രാജ്യങ്ങൾക്കിടയിൽ പോലും പരസ്പരബന്ധങ്ങൾ സൃഷ്ടിക്കുന്നത്. അതേസമയം ഇത് ചരക്കുകൾ തമ്മിൽ ഒരുതരം സാമൂഹ്യബന്ധവും (Social relations between commodities) നിലനിൽക്കുന്നു. അതായത് വിവിധ ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്നതും വിനിയോഗിക്കപ്പെടുന്നതും സമൂഹത്തിലെ അനേകം സാമൂഹ്യബന്ധങ്ങളെ ആസ്പദമാക്കിയാണ്. വ്യക്തികളും അവർക്കിടയിലെ സാമൂഹ്യധാരണകളുമാണ് ചരക്കുകളുടെ സഞ്ചാരപാതയിൽ പ്രകടമാകുന്നത്. ചരക്കുകൾക്കിടയിലെ സാമൂഹ്യബന്ധവും വ്യക്തികൾക്കിടയിലെ ചരക്കുബന്ധവും എന്ന ഈ വൈരുധ്യമാണ് ചരക്കുരതി എന്ന ആശയത്തിന് അടിസ്ഥാനം. (fetishism എന്ന വാക്കിന് രതിയെന്നോ ലൈംഗികാസക്തിയെന്നോ ആണ് പരിഭാഷ).

                    മനുഷ്യർ തങ്ങൾക്കിടയിൽ പരസ്പരബന്ധങ്ങൾ പുലർത്തുന്നതിൽ ചരക്ക് അഥവാ സമ്പത്ത് അടിസ്ഥാനഘടകമായി മാറുന്നത്, ചരക്കുകളിൽ മനുഷ്യൻ അതിയായി ആശ്രയിക്കുന്നത്, മറ്റ് വ്യക്തികളേക്കാളേറെ മനുഷ്യർ ചരക്കുകളോട് കൂടുതൽ ഇടപഴകുന്നത്, അവയെ സ്വന്തമാക്കുന്നതിൽ അഭിമാനിക്കുന്നത്, ചരക്കുകളെ മനുഷ്യരെന്നപോൽ സ്നേഹിക്കുന്നത്, ഒടുവിൽ മനുഷ്യൻ തന്നെ ചരക്കുകൾക്ക് വേണ്ടി ജീവിക്കുന്ന മറ്റൊരു ചരക്കായി മാറുന്നത് ഇങ്ങനെ അനേകം തലങ്ങളിൽ ചരക്കുരതി എന്ന ആശയത്തെ വിലയിരുത്താം.

                              മിച്ചമൂല്യസിദ്ധാന്തം

                              മാർക്സിസത്തെ ഉപയോഗശൂന്യമെന്ന് എഴുതിത്തളളുന്നവർ പൊതുവേ ഉന്നയിക്കാറുള്ള ഒരു ന്യായം അക്കാദമികരംഗത്ത് അഥവാ സാമ്പത്തികശാസ്ത്രപഠനത്തിലെ അംഗീകൃതസിലബസുകളിലൊന്നും മാർക്സോ മാർക്സിസമോ ഒരു പ്രതിപാദ്യവിഷയമേ ആകുന്നില്ല എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു കോളേജിലെയും ഒരു എക്കണോമിക്സ് ടെക്സ്റ്റ് ബുക്കിലും മാർക്സിസ്റ്റ് തിയറികളോ സാമ്പത്തികവീക്ഷണങ്ങളോ വിശദരൂപത്തിൽ കാണാനാവില്ല (അപൂർവ്വം ചില പരാമർശങ്ങളൊഴിച്ചാൽ).. എന്താവും കാരണം..? സ്കൂളുകളിലെയും സർവകലാശാലകളിലെയും അംഗീകൃതസിലബസുകളിൽ നിന്നും ഇത്തരത്തിൽ തിരസ്കരിക്കപ്പെടുന്നതു കൊണ്ട് അത് ഉപയോഗശൂന്യമാണ് എന്നാണോ അർത്ഥം..? മുതലാളിത്തത്തിന്റെ ചരിത്രത്തിൽ തന്നെ അതിന്റെ ഏറ്റവും വലിയ വിമർശനദർശനമായി നാളിതുവരെയും പരിഗണിക്കപ്പെടുന്ന മാർക്സിസത്തെ ബൂർഷ്വാ- ധനശാസ്ത്രം ഒഴിവാക്കുന്നതിന്റെ ഒരേയൊരുകാരണം മാർക്സിസം മുതലാളിത്തത്തിന്റെ സ്ഥായിയായ നിലനിൽപിനെ പോലും ചോദ്യം ചെയ്യുന്നു എന്നതാണ്.

                              നാം സാധാരണയായി പഠനവിധേയമാക്കുന്ന സാമ്പത്തികശാസ്ത്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് മാർക്സിസ്റ്റ് സാമ്പത്തികവീക്ഷണത്തിന്റെ പ്രതിപാദ്യമേഖലകൾ. ആദ്യത്തേതിന്റെ ലക്ഷ്യം ലാഭവളർച്ചയാണ്. ഒരു ബിസിനസ് എങ്ങനെ തുടങ്ങണമെന്നോ, കുറഞ്ഞ പ്രയത്നത്തിലൂടെ സ്ഥിരമായ ലാഭവളർച്ച എങ്ങനെ ഉറപ്പാക്കാമെന്നോ, വിപണിയിലെ കടുത്ത മത്സരത്തിൽ ഏർപെട്ട് മറ്റ് ഉത്പാദകർക്ക് മേൽ എങ്ങനെ അപ്രമാദിത്വം നേടാമെന്നോ ഓഹരിവിപണിയിലുൾപെടെ എന്തെല്ലാം തന്ത്രപരമായ നീക്കങ്ങൾ സ്വീകരിക്കണമെന്നോ, ഒക്കെ പഠിക്കാനാഗ്രഹിക്കുന്നവർക്ക് മാർക്സിസവും മൂലധനവുമൊക്കെ യാതൊരു ഗുണവും ചെയ്യില്ല. അതേസമയം ബിസിനസ് താത്പര്യങ്ങൾക്കുമുപരി മുതലാളിത്തം എന്ന 'ഉത്പാദനക്രമ'ത്തിന്റെ ചരിത്രപരമായ വളർച്ച, വികാസം, അത് സമൂഹത്തിന്റെ നാനാമേഖലകളിൽ ചെലുത്തുന്ന സ്വാധീനങ്ങൾ, മുതലാളിത്തത്തിനു പോലും പരിഹരിക്കാനാവാത്തവിധം അതിൽ അന്തർലീനമായ ആന്തരികവൈരുധ്യങ്ങൾ, ഭീഷണികൾ, പ്രതിസന്ധികൾ ഇങ്ങനെ മാനവരാശിയുടെ മൊത്തം ഭാവിയെ കുറിച്ച് ഉത്കണ്ഠാകുലരും വിമോചനം സ്വപ്നം കാണുന്നവരുമായ ഏതൊരാൾക്കും മാർക്സിനെ കൂടി വായിക്കാതെ മുൻപോട്ടുനീങ്ങാനാവില്ല.

                    മുതലാളിത്തപ്രതിസന്ധികൾ താത്കാലികമാണെന്നും അവ പരിഹരിച്ചും നിയന്ത്രിച്ചും മുതലാളിത്തത്തെ പരിഷ്കരിക്കണമെന്നും ഒരു 'നല്ല മുതലാളിത്തം' സൃഷ്ടിക്കണമെന്നുമുള്ള വാദങ്ങളെയും മാർക്സ് എതിർക്കുന്നു. കാരണം മാർക്സിസത്തിന്റെ അടിത്തറ 'മുതലാളിത്തത്തിന്റെ' തന്നെ നിഷേധമാണ്. ചൂഷണമില്ലാത്ത നല്ല മുതലാളിത്തം എന്നൊന്നില്ല, കാരണം മുതലാളിത്തം ഘടനാപരമായി തന്നെ ചൂഷണാത്മകമാണ്. മുതലാളിത്തത്തിന്റെ പ്രവർത്തനതത്വം തന്നെ ചൂഷണമാണ്. ഈ യാഥാർത്ഥ്യത്തെ സാധൂകരിക്കുന്ന മാർക്സിന്റെ സിദ്ധാന്തമാണ് മിച്ചമൂല്യസിദ്ധാന്തം (Theory of surplus value)..


                      അറിഞ്ഞിരിക്കേണ്ട വസ്തുതകൾ   

ഇതുവരെ നാം 'മൂലധന'വായനയിലൂടെ മനസിലാക്കിയ ചില ആശയങ്ങളിലേക്ക് തിരിഞ്ഞുനോക്കാം..
 
1) ചരക്കിന്റെ മൂല്യം സൃഷ്ടിക്കുന്നത് അതിന്റെ ഉത്പാദനത്തിനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനമാണ്. ഈ സാമൂഹ്യാധ്വാനമാണ് ചരക്കിന്റെ കൈമാറ്റമൂല്യമായി മാറുന്നത്..

2) മൂല്യം, വില എന്നിവ രണ്ട് വ്യത്യസ്തആശയങ്ങളാണ്. ചരക്കിന്റെ വില നിശ്ചയിക്കപ്പെടുക വിപണിയിലെ സപ്ലൈ -ഡിമാന്റ് എന്നീ ഘടകങ്ങളാലാണ്. സപ്ലൈ- ഡിമാന്റ് തുല്യമാകുമ്പോഴുള്ള ചരക്കിന്റെ സന്തുലനവിലയാണ് മൂല്യം.. ഈ മൂല്യം എപ്പോഴും ചരക്കിലുണ്ടാവും. സപ്ലൈയിലെയും ഡിമാന്റിലെയും ഏറ്റക്കുറച്ചിലുകൾ ചരക്കിന്റെ വിലയെ മൂല്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നു എന്ന് മാത്രം.

3) ചരക്കിന്റെ ഉത്പാദനത്തിന് ആവശ്യമായ അധ്വാനശക്തിയുടെ മൂല്യമാണ് കൂലി (Wage). മനുഷ്യന്റെ ശാരീരികവും മാനസികവുമായ നൈപുണ്യങ്ങളുടെ ആകെത്തുകയാണിത്. ഈ അധ്വാനശക്തി ഉപയോഗിച്ചാണ് മനുഷ്യൻ അധ്വാനിക്കുന്നത്. തന്റെ അധ്വാനശക്തിയുടെ മൂല്യത്തെക്കാളേറെ മൂല്യം അയാളുടെ അധ്വാനത്തിന് സൃഷ്ടിക്കാനാവും..


                    കൊടുക്കൽ വാങ്ങലുകളും ലാഭവും

                    നാം കുട്ടിക്കാലം മുതലേ കണക്കുക്ലാസുകളിൽ പഠിക്കുന്ന ലാഭത്തിന്റെ നിർവചനം എന്നത് വിറ്റ വില - വാങ്ങിയ വില എന്നാണ്. 100 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 120 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ 20 രൂപ ലാഭം നേടി എന്ന് പറയാം. ഒരു ചരക്കിന്റെ യഥാർത്ഥ മൂല്യം 100 രൂപ ആണെന്നിരിക്കട്ടെ. ഇവിടെ ചരക്ക് 120 രൂപയ്ക്ക് മറ്റൊരാൾക്ക് കൈമാറി എന്നതുകൊണ്ട് ചരക്കിന്റെ മൂല്യം 100ൽ നിന്നും 120 രൂപയായി ഉയരുന്നില്ല. വിപണിയിലെ കൈമാറ്റങ്ങൾക്ക് മൂല്യം സൃഷ്ടിക്കാനാവില്ല. മൂല്യത്തേക്കാൾ ഉയർന്നതോ താഴ്ന്നതോ ആയ വിലകളിൽ ചരക്ക് കൈമാറാമെന്ന് മാത്രം. ഇങ്ങനെ ചെയ്യുമ്പോൾ അധികലാഭം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറുക മാത്രമാണ് സംഭവിക്കുന്നത്.

                    100 രൂപ മൂല്യമുള്ള ഒരു മൺകലം ഞാൻ 120 രൂപയ്ക്ക് നിങ്ങൾക്ക് നൽകിയെന്നിരിക്കട്ടെ. കൈമാറ്റശേഷം നിങ്ങളുടെ കയ്യിൽ 100 രൂപ മൂല്യമുള്ള ഉത്പന്നവും എന്റെ കയ്യിൽ 120 രൂപയും ശേഷിക്കുന്നു. അതായത് നൂറുരൂപയുടെ ചരക്ക് ഞാൻ നിങ്ങൾക്കുനൽകി, നൂറുരൂപ ഞാൻ വാങ്ങിയതിന് പുറമേ 20 രൂപ അധികമായി ഞാൻ നിങ്ങളിൽ നിന്നും കവർന്നിരിക്കുന്നു. മറ്റൊരു പ്രധാന വസ്തുത എന്റെയും നിങ്ങളുടെയും കയ്യിലെ മൺകലത്തിന്റെയും കറൻസിയുടെയും ആകെമൊത്തം മൂല്യം 100 +120 =220 രൂപ ആയിരുന്നു. കൈമാറ്റത്തിന് ശേഷവും അത് 220 രൂപ തന്നെയാണ്. അതായത് പുതുതായി മൂല്യം സൃഷ്ടിക്കപ്പെടുന്നില്ല. ചരക്ക് കൈമാറുന്ന വ്യക്തികളുടെ കൈവശമുള്ള മൊത്തം മൂല്യം വർധിക്കുന്നില്ല. ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടമായി മാറുന്നു, രണ്ടും cancel ചെയ്യപ്പെടുന്നു എന്ന് മാത്രം. (കൂടുതൽ വിശദാംശങ്ങൾ മുൻലേഖനങ്ങളിലുണ്ട്).

                    ചരക്കിന്റെ വില ബോധപൂർവ്വം കൂട്ടി വിറ്റഴിക്കുന്നത് ലാഭം നേടിത്തരുമെങ്കിലും അത് പുതുതായി മൂല്യമൊന്നും സൃഷ്ടിക്കില്ല. മാത്രമല്ല, ഇത്തരം കൈമാറ്റങ്ങളാണ് ലാഭത്തിന്റെ അടിസ്ഥാനസ്രോതസ്സ് എങ്കിൽ വിപണിയിലെ മൊത്തം മുതലാളിമാരുടെയും കൈവശമുള്ള മൊത്തം മൂല്യം എപ്പോഴും സ്ഥിരമായിരിക്കുകയും വേണം. എന്നാൽ ഇതല്ല യാഥാർത്ഥ്യം..! മുതലാളിത്തത്തിൽ കാലക്രമേണ സമൂഹത്തിലെ അതിസമ്പന്ന ന്യൂനപക്ഷത്തിന്റെ പക്കലുള്ള സമ്പത്ത് വർധിക്കുന്നതാണ് കാണുന്നത്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരിൽ നിന്നും എന്തോ ഒരു 'മൂല്യം' ധനികവർഗത്തിലേക്ക് ഏകദിശയിൽ ഒഴുകുന്നു. അസമത്വം വർധിക്കുന്നു. ധനികൻ കൂടുതൽ ധനികനും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനുമാകുന്നു (പാവപ്പെട്ടവന്റെ ജീവിതനിലവാരവും വർധിക്കുന്നുണ്ടെങ്കിലും അസമത്വം രൂക്ഷമാവുകയാണ്). എന്താവും കാരണം.?


സ്ഥിരമൂലധനവും അസ്ഥിരമൂലധനവും (Constant capital and variable capital)


മിച്ചമൂല്യസിദ്ധാന്തം മനസിലാക്കാൻ കുറച്ച് പദപ്രയോഗങ്ങൾ ആദ്യം പരിചയപ്പെടാം..

#മൂലധനം (Capital) -- ഒരുപാട് നിർവചനങ്ങൾ ഉണ്ടെങ്കിലും ലളിതമായി പറഞ്ഞാൽ കൂടുതൽ സമ്പത്ത് ലാഭമായി നേടാനായി നിക്ഷേപിക്കപ്പെടുന്ന സമ്പത്താണ് മൂലധനം. ഇത് വ്യവസായനിക്ഷേപമോ വ്യാപാരമേഖലയിലെ നിക്ഷേപമോ, ബാങ്ക് മൂലധനമോ ഒക്കെയാകാം. ലാഭമോ പലിശയോ വാടകയോ പാട്ടമോ ഡിവിഡന്റോ ഒക്കെയാണ് മൂലധനനിക്ഷേപത്തിന്റെ ലക്ഷ്യം. ഒരു കെട്ടിടം വാടകയ്ക്ക് നൽകുന്നവൻ നടത്തുന്ന നിക്ഷേപം ആ കെട്ടിടം തന്നെയാണെങ്കിൽ അവന്റെ ലാഭമെന്നത് വാടക (Rent) ആണ്. ബാങ്കിനെയും പണമിടപാട് സ്ഥാപനങ്ങളെയും സംബന്ധിച്ച് അവരുടെ ലാഭം പലിശയാണ്. ലാഭവും പലിശയും വാടകയുമൊക്കെ ലഭ്യമാകുന്നതിന്റെ അടിസ്ഥാനം ഉത്പാദനപ്രദമായ അധ്വാനമല്ല, മറിച്ച് സ്വകാര്യസ്വത്തുടമസ്ഥതയാണ്.

#സ്ഥിരമൂലധനം (Constant capital)
---ചരക്കുത്പാദനം ലക്ഷ്യമിട്ട് നടത്തുന്ന മൂലധനനിക്ഷേപം പ്രധാനമായും രണ്ടായി തിരിക്കാം- സ്ഥിരമൂലധനം, അസ്ഥിരമൂലധനം എന്നിങ്ങനെ. ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, സ്ഥാവരജംഗമവസ്തുക്കൾ, ഊർജസ്രോതസുകൾ, മറ്റ് ഉത്പാദനച്ചെലവുകൾ എന്നിവയെല്ലാം ചേർന്നതാണ് സ്ഥിരമൂലധനം (c). സ്ഥിരമൂലധനം ഇല്ലാതെ ഉത്പാദനം സാധ്യമല്ല. ഉത്പാദനപ്രക്രിയയിൽ സ്ഥിരമൂലധനത്തിന്റെ മൂല്യം ഉത്പാദിപ്പിക്കുന്ന ചരക്കിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഉദാ- പരുത്തി ഉപയോഗിച്ച് നിർമിച്ച വസ്ത്രത്തിന്റെ മൂല്യത്തിൽ അതിനാവശ്യമായ പരുത്തിയുടെ മൂല്യവും ഉൾചേർന്നിരിക്കും.

#യന്തോപകരണങ്ങൾ (Machinery)- ഉത്പാദനക്ഷമത വർധിപ്പിക്കുകയും അധ്വാനസമയം കുറയ്ക്കുകയുമല്ലാതെ യന്ത്രങ്ങൾക്കും മറ്റുപകരണങ്ങൾക്കും ചരക്കിൽ മൂല്യം സൃഷ്ടിക്കാനാവില്ല. യന്ത്രം അതിന്റെ മൂല്യം കാലക്രമേണ ചരക്കിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് യന്ത്രത്തിന് തേയ്മാനം സംഭവിക്കുന്നതും നശിക്കുന്നതും. ഉദാ- പത്ത് ലക്ഷം രൂപ മൂല്യമുള്ള ഒരു യന്ത്രം 10 വർഷക്കാലം പ്രവർത്തിക്കുകയും ഒടുവിൽ നശിച്ചുപോവുകയും ചെയ്തെന്ന് സങ്കൽപിക്കാം. ഇക്കാലയളവിൽ അത് ഒരു ലക്ഷം ഉത്പന്നങ്ങൾ നിർമിച്ചെന്ന് കരുതുക. ഇവിടെ യന്ത്രത്തിന്റെ മൊത്തം മൂല്യം 10 വർഷം കൊണ്ട് ഇല്ലാതാകുന്നു, അഥവാ 10 വർഷക്കാലയളവിൽ അതിന്റെ മൂല്യം (10 ലക്ഷം രൂപ) അത് നിർമിച്ച ഒരു ലക്ഷം ഉത്പന്നങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. ഓരോ ഉത്പന്നത്തിലും യന്ത്രം 10,00,000 ÷ 1,00,000 = 10 രൂപ വീതം മൂല്യം സൃഷ്ടിച്ചുവെന്ന് സാരം. ഇത് മറ്റ് ഉപകരണങ്ങൾക്കും സ്ഥാവരജംഗമവസ്തുക്കൾക്കും ഒക്കെ ബാധകമാണ്. സ്ഥിരമൂലധനം മൂല്യം സൃഷ്ടിക്കുന്നില്ല. അതിലടങ്ങിയിരിക്കുന്ന മൂല്യം ചരക്കുത്പാദനസമയത്ത് വിനിയോഗിക്കുകയും ചരക്കിലേക്ക് കൈമാറുകയും ചെയ്യുന്നുവെന്ന് മാത്രം. ചരക്കിന്റെ മൂല്യം സൃഷ്ടിക്കുന്നത് സാമൂഹ്യാധ്വാനമാണ്.

#അസ്ഥിരമൂലധനം (Variable capital)
--തൊഴിലാളികളിൽ നിന്നും അധ്വാനശക്തിയെ വിലയ്ക്ക് വാങ്ങാനായി മുതലാളി ചെലവഴിക്കുന്ന മൂല്യമാണിത്. ഉത്പാദനപ്രദമായ അധ്വാനം നിർവഹിക്കുന്ന എല്ലാ തൊഴിലാളികളുടെയും വേതനച്ചെലവാണ് അസ്ഥിരമൂലധനം എന്നറിയപ്പെടുന്നത്.

#ഉത്പാദനം- സ്ഥിരമൂലധനവും അസ്ഥിരമൂലധനവും നിക്ഷേപിക്കപ്പെട്ടതിന്റെ ഫലമായി നടക്കുന്ന ചരക്ക് നിർമാണപ്രക്രിയയാണിത്. മൂല്യം സൃഷ്ടിക്കപ്പെടുന്നതും ഇവിടെ വെച്ചാണ്. (ചരക്കിന്റെ കൈമാറ്റങ്ങൾക്ക് മൂല്യം സൃഷ്ടിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ).

#അധ്വാനം- അസംസ്കൃതവസ്തുക്കളുടെയും യന്ത്രോപകരണങ്ങളുടെയും സഹായത്തോടെ തൊഴിലാളിയും ഉത്പാദനപ്രക്രിയയിൽ പങ്കെടുക്കുന്നത് അധ്വാനത്തിലൂടെയാണ്. അധ്വാനത്തിന്റെ ഫലമായി ഉത്പന്നം നിർമിക്കപ്പെടുന്നു. ഈ ഉത്പന്നത്തിന്റെ മൂല്യത്തിൽ സ്ഥിരമൂലധനം അഥവാ അസംസ്കൃതവസ്തുക്കളുടെയും മറ്റെല്ലാ സ്ഥാവരജംഗമവസ്തുക്കളുടെയും മൂല്യം ഒരു ഭാഗമായി മാറുന്നു. സ്ഥിരമൂലധനത്തോടൊപ്പം തൊഴിലാളിയുടെ അധ്വാനം മൂല്യം സൃഷ്ടിക്കുന്നതിന്റെ ഫലമായാണ് ചരക്കിന് മൂല്യം കൈവരുന്നത്. സ്ഥിരമൂലധനം എന്നതും മറ്റ്അനേകം തൊഴിലാളികളുടെ അധ്വാനഫലമായി രൂപംകൊണ്ട മൂല്യമാണ്. അതിനാൽ സ്ഥിരമൂലധനത്തെ പൊതുവേ നിർജീവ -അധ്വാനം (dead labour) എന്ന് വിളിക്കാം. തൊഴിലാളിയുടെ അധ്വാനത്തെ സജീവ-അധ്വാനമെന്നും (living labour) വിളിക്കുന്നു. നിർജീവ- അധ്വാനത്തൊടൊപ്പം സജീവഅധ്വാനം ചേരുന്നതിലൂടെ ചരക്കുത്പാദനം നടക്കുന്നു.
ചരക്കിന്റെ മൂല്യം = നിർജീവഅധ്വാനം + സജീവ അധ്വാനം എന്നും കാണാം.


ആവശ്യഅധ്വാനവും മിച്ചാധ്വാനവും (necessary labour & surplus labour)


- തൊഴിലാളി ചെയ്യുന്ന അധ്വാനപ്രക്രിയയെ പൊതുവേ രണ്ടായി തിരിക്കാം. ആവശ്യാധ്വാനവും മിച്ചാധ്വാനവും. തൊഴിലാളിയുടെ കൂലി എന്നത് അയാളുടെ അധ്വാനശക്തിയുടെ മൂല്യം തന്നെയാണല്ലോ. ഈ മൂല്യത്തിന് തത്തുല്യമായ മൂല്യം ചരക്ക് രൂപത്തിൽ നിർമിക്കാനാവശ്യമായ സമയമാണ് ആവശ്യാധ്വാനം. ഇതുകൂടാതെ അയാൾ നിർവഹിക്കുന്ന അധികഅധ്വാനമാണ് മിച്ചാധ്വാനം. അധ്വാനമാണ് മൂല്യം സൃഷ്ടിക്കുന്നത്. മിച്ചാധ്വാനം മിച്ചമൂല്യവും.. ഒരു തൊഴിലാളിയുടെ മൊത്തം അധ്വാനസമയത്തിൽ ചെറിയൊരുഭാഗം മാത്രമാണ് അയാളുടെ കൂലിക്ക് (അധ്വാനശക്തിയുടെ വില) തുല്യമായ മൂല്യം ആ തൊഴിലാളി സൃഷ്ടിക്കുന്നത്. ബാക്കി സമയം അയാൾ നടത്തുന്ന മിച്ചാധ്വാനത്തിലൂടെ മിച്ചമൂല്യം നിർമിക്കപ്പെടുന്നു. ഇതാണ് മുതലാളിയുടെ ലാഭമായി മാറുന്നത്. മേൽപറഞ്ഞ വസ്തുതകൾ ഒരു ലളിതമായ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നോക്കുക..

                    ഉദാ:- ഒരു സ്ത്രീ ഒരു തുണിക്കടയിൽ നിന്നും 1000 രൂപയുടെ ഒരു വസ്ത്രം വാങ്ങിയെന്ന് കരുതുക. വസ്ത്രത്തിന്റെ മൂല്യം 1000 രൂപ തന്നെയാണെന്നിരിക്കട്ടെ.

ഇതിൽ 560 രൂപ തുണിക്കട അഥവാ റീടെയ്ലറുടെ ലാഭമാണ്. അതായത് അയാൾ വസ്ത്രത്തിനായി മുടക്കിയത് 440 രൂപയാണെന്ന് സാരം. ഈ വസ്ത്രം നിർമിച്ചത് തുണിക്കടക്കാരനോ അവിടത്തെ തൊഴിലാളികളോ അല്ല. വസ്ത്രത്തിന്റെ 1000 രൂപ എന്ന മൂല്യം രൂപംകൊണ്ടത് ഉത്പാദനശാലയിൽ വെച്ചാണ്.
ഇവിടെ 180 രൂപ അസംസ്കൃതവസ്തുക്കൾക്ക് ചിലവായി. 120 രൂപ മറ്റ് ഉത്പാദനച്ചെലവുകളായി വകയിരുത്തി. 110 രൂപ തൊഴിലാളികൾക്ക് കൂലിയിനത്തിലും നൽകപ്പെട്ടു. വസ്ത്രനിർമാണശാലയിൽ ഒരു വസ്ത്രം നിർമിക്കാൻ വേണ്ട മൊത്തം ചെലവ് 180+ 120+ 110 =410രൂപ. റീട്ടെയ്ലർക്ക് 440രൂപയ്ക്ക് വിറ്റതുമൂലം ബാക്കി 30 രൂപ വസ്ത്രനിർമാണഫാക്ടറി മുതലാളിയുടെ ലാഭമായി മാറുന്നു. ഇത് ഒരു വസ്ത്രത്തിന്റെ മാത്രം കാര്യമാണ് കേട്ടോ..

ഇനി ഈ പ്രശ്നത്തെ മാർക്സിസ്റ്റ് പദാവലികളിലൂടെ നമുക്ക് പരിശോധിക്കാം.

ഇവിടെ സ്ഥിരമൂലധനം (അസംസ്കൃതവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, മറ്റ് ഉത്പാദനചെലവുകൾ etc), C = 180+ 120 = Rs 300

അസ്ഥിരമൂലധനം (തൊഴിലാളികളുടെ കൂലിച്ചെലവ്) v= Rs 110

മിച്ചമൂല്യം /ലാഭം , s= Rs 590

ചരക്കിന്റെ മൂല്യം = സ്ഥിരമൂലധനം+ അസ്ഥിരമൂലധനം+ മിച്ചമൂല്യം
= C + v + s = 300 +110+ 590 = 1000 രൂപ.

                    എന്താണിവിടെ സംഭവിച്ചത്..?  ചരക്കിന്റെ മൊത്തം മൂല്യത്തിൽ 300 രൂപയുടെ മൂല്യം നിർമിച്ചത് സ്ഥിരമൂലധനം ആണ്. (ഈ 300 രൂപ എന്ന മൂല്യവും മറ്റനേകം തൊഴിലാളികളുടെ അധ്വാനത്താൽ രൂപീകൃതമാണ്). വസ്ത്രം എന്ന ചരക്ക് നിർമിക്കപ്പെടണമെങ്കിൽ തൊഴിലാളിയുടെ അധ്വാനവും കൂടി പങ്കെടുക്കേണ്ടതുണ്ടല്ലോ.. അതായത് 1000 രൂപ മൂല്യമുള്ള ചരക്കിൽ ബാക്കി 700 രൂപയുടെ മൂല്യം നിർമിച്ചത് തൊഴിലാളികളുടെ അധ്വാനമാണ്. ഇതിൽ 110 രൂപ മാത്രമാണ് അവർക്ക് കൂലിയായി ലഭിച്ചതെങ്കിൽ ബാക്കി 590 രൂപ മുതലാളിമാരുടെ ലാഭമായി മാറുകയായിരുന്നു. ലാഭമാകട്ടെ വിപണിപ്രക്രിയകളുടെ ഫലമായി പങ്കുവെക്കപ്പെടുകയും 30 രൂപ ഉത്പാദകനായ മുതലാളിക്കും 560 രൂപ റീട്ടെയ്ലർക്കും ലഭിച്ചു.
വസ്ത്രം നിർമിച്ച തൊഴിലാളി 110 രൂപയുടെ ആവശ്യ- അധ്വാനം നിർവഹിച്ചതുമുഖേന തന്റെ അധ്വാനശക്തിയുടെ മൂല്യം അധ്വാനത്തിലൂടെ സൃഷ്ടിച്ചു. 590 രൂപയുടെ 'മിച്ചാധ്വാനത്തിലൂടെ' അത്രയും തന്നെ മിച്ചമൂല്യവും സൃഷ്ടിച്ചു. ഈ മിച്ചമൂല്യം ഒരു പറ്റം മുതലാളിമാരുടെ ലാഭമായി മാറുന്നു. ഇതാണ് മിച്ചമൂല്യസിദ്ധാന്തം. മുതലാളിത്തം ലാഭാധിഷ്ഠിതമാണ്, അതുകൊണ്ടുതന്നെ അത് ചൂഷണാധിഷ്ഠിതവുമാണ്. കാരണം ലാഭത്തിന്റെ അടിസ്ഥാന ഉറവിടം തൊഴിലാളി നിർമിക്കുന്ന മിച്ചമൂല്യമാണ്. ഇതാണ് മിച്ചമൂല്യസിദ്ധാന്തം..

                              മിച്ചമൂല്യസിദ്ധാന്തത്തിന്റെ ഭാഗികമായ ഒരു വിശദീകരണമേ നൽകിയിട്ടുള്ളൂ.. പല വിമർശകരും ഉന്നയിക്കുന്നത് പോലെ മിച്ചമൂല്യസിദ്ധാന്തം (Theory of surplus value) ഒരു വ്യാജസിദ്ധാന്തമാണോ..? ഉത്പാദനത്തിലെ ലാഭത്തിന്റെ ഉറവിടം തൊഴിലാളിയുടെ മിച്ചാധ്വാനം മാത്രമാണെന്നാണോ ഈ തത്വം പറഞ്ഞുവെക്കുന്നത്.? ഉത്പാദനത്തിൽ മുതലാളി നിർവഹിക്കുന്ന പങ്കും മൂലധനം നിക്ഷേപിക്കുന്നവന്റെ കഷ്ടപ്പാടും അവഗണിക്കുന്ന തിയറിയാണോ മിച്ചമൂല്യസിദ്ധാന്തം..? ഈ മൂന്നുചോദ്യത്തിനും 'അല്ല' എന്നാണ് ഉത്തരം.

                         ചില സംശയങ്ങളും മറുപടിയും.     .

                    ക്യാപിറ്റലിസത്തിൽ ഏതൊരു ചരക്കും ഉത്പാദിപ്പിക്കപ്പെടുന്നതും വിപണിയിലെത്തുന്നതും ലാഭം നേടാൻ വേണ്ടിയാണ്. ചരക്കിന്റെ മൂല്യം സൃഷ്ടിക്കുന്നതാകട്ടെ, അതിന്റെ ഉത്പാദനത്തിന് ആവശ്യമായ സ്ഥിരമൂലധനത്തിന്റെ മൂല്യവും തൊഴിലാളികൾ നിർവഹിക്കുന്ന അധ്വാനവും ചേർന്നാണ്. തന്റെ കൂലിക്ക് തത്തുല്യമായ അധ്വാനമൂല്യം നിർമിച്ചശേഷം തൊഴിലാളി നിർവഹിക്കുന്ന ഓരോ മണിക്കൂർ അധിക- അധ്വാനവും സൃഷ്ടിക്കുന്ന മൂല്യമാണ് #മിച്ചമൂല്യം എന്നറിയപ്പെടുന്നത്. ഈ മിച്ചമൂല്യമാണ് കമ്പനിയുടെ ലാഭമായി മാറുന്നത്. ഇതാണ് മിച്ചമൂല്യസിദ്ധാന്തത്തിന്റെ ലളിതമായ നിർവചനം. അതായത് 100 രൂപ മൂല്യമുള്ള ചരക്കിൽ സ്ഥാവര-ജംഗമവസ്തുക്കളും യന്ത്രോപകരണങ്ങളും മറ്റ് ഉത്പാദനച്ചെലവുകളും ചേർന്ന് 40 രൂപയുടെ മൂല്യം കൈമാറുന്നുവെങ്കിൽ ബാക്കി 60 രൂപയും ഈ ഉത്പാദനത്തിനായി ചെലവഴിച്ച അധ്വാനം സൃഷ്ടിച്ചതാണ്.

തൊഴിലാളികൾ നടത്തുന്ന മൊത്തം അധ്വാനത്തെ രണ്ടായി വിഭജിക്കാം..
 
1) ആവശ്യഅധ്വാനമെന്നും
2) മിച്ച-അധ്വാനമെന്നും. തൊഴിലാളിയുടെ അധ്വാനശക്തിക്ക് മൂലധനഉടമ നൽകുന്ന മൂല്യമാണ് '#കൂലി'. ഈ മൂല്യം നിർമിക്കുവാൻ തൊഴിലാളി ചെയ്യുന്ന അധ്വാനമാണ് ആവശ്യഅധ്വാനം. ഉദാഹരണത്തിന് 100 രൂപ ദിവസക്കൂലി വാങ്ങുന്ന തൊഴിലാളി തന്റെ അധ്വാനത്തിലൂടെ 300 രൂപയുടെ മൂല്യം സൃഷ്ടിക്കുകയാണെങ്കിൽ, ഇതിൽ 100 രൂപ ആവശ്യഅധ്വാനത്തിന്റെ മൂല്യവും ബാക്കി 200 രൂപ മിച്ച-അധ്വാനവും ആണ്. ആവശ്യഅധ്വാനത്തിലൂടെ കൂലി (അധ്വാനശക്തിയുടെ മൂല്യം)ക്ക് തുല്യമായ മൂല്യം നിർമിക്കപ്പെടുമ്പോൾ മിച്ച-അധ്വാനത്തിലൂടെ മൂലധനഉടമയ്ക്ക് ലാഭമാണ് പ്രദാനം ചെയ്യുന്നത്. 8 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളി ചിലപ്പോൾ ആദ്യത്തെ രണ്ട് മണിക്കൂറിൽ തന്നെ ആവശ്യ-അധ്വാനം നിർവഹിക്കുകയും തന്റെ കൂലിക്ക് തുല്യമായ മൂല്യം നിർമിക്കുകയും ചെയ്തിരിക്കാം. ബാക്കി ആറ് മണിക്കൂർ തൊഴിലാളി നിർവഹിക്കുന്ന അധ്വാനം അയാൾക്ക് വേണ്ടിയല്ല, മറിച്ച് മുതലാളിക്ക് ലാഭം സൃഷ്ടിക്കുവാൻ വേണ്ടിയാണ്. ഈ മിച്ചാധ്വാനമാണ് ലാഭത്തിന്റെ അടിസ്ഥാനം. മിച്ചാധ്വാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഈ അധികമൂല്യത്തെ മിച്ചമൂല്യം എന്ന് വിളിക്കുന്നു. മിച്ചമൂല്യമാണ് ലാഭമായി മാറുന്നത്.
ചുരുക്കിപറഞ്ഞാൽ മുതലാളിത്തത്തിൽ ലാഭത്തിന്റെ പ്രാഥമികസ്രോതസ് തൊഴിലാളിയുടെ മിച്ചാധ്വാനമാണ്, അഥവാ മിച്ചമൂല്യമാണ്..

ഇനി ചില ചോദ്യങ്ങൾ പരിഗണിക്കാം..

1) ലാഭം സൃഷ്ടിക്കുന്നത് തൊഴിലാളിയുടെ മിച്ച-അധ്വാനമാണ് എന്ന് പൂർണമായി പറയാനൊക്കുമോ..? ഒരു സംരംഭകൻ എന്ന നിലയിൽ മുതലാളിയുടെ കഷ്ടപ്പാടുകളും പരിഗണിക്കപ്പെടേണ്ടതല്ലേ..?

ഉത്തരം :- ലാഭം, വേതനം ഇവ രണ്ടും തമ്മിൽ ഘടനയിൽ തന്നെ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. വേതനം മാസാടിസ്ഥാനത്തിലോ ദിവസാടിസ്ഥാനത്തിലോ ഉള്ള
ഒരു നിശ്ചിതസംഖ്യയാണ്. ലാഭം അങ്ങനെയല്ല, അത് ചരക്കിന്റെ മൂല്യത്തെയും വിപണിയെയും ആശ്രയിച്ചിരിക്കുന്നു. തൊഴിലാളിയുടെ അധ്വാനശക്തിയുടെ മൂല്യമെന്നോണമാണ് അയാൾ കൂലി വാങ്ങുന്നത്. അതേസമയം മുതലാളി എന്തെങ്കിലും അധ്വാനം നിർവഹിച്ചതുകൊണ്ടല്ല, ലാഭം അയാൾ സ്വന്തമാക്കുന്നത്, മറിച്ച് മൂലധനത്തിന് മേലുള്ള #സ്വകാര്യസ്വത്തുടമസ്ഥത എന്ന കാരണം കൊണ്ടുമാത്രമാണ്. സംരംഭം തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും മുതലാളി നിർവഹിക്കുന്ന അധ്വാനവും കഷ്ടപ്പാടുകളുമാണ് പരിഗണിക്കുന്നതെങ്കിൽ അതിന്റെ പ്രതിഫലവും തൊഴിലാളിക്ക് സമാനമായ ഒരു കൂലി തന്നെയാവണം. എന്നാൽ മൂലധനഉടമ നേടുന്നത് കൂലിയല്ല, ലാഭമാണ്. ഇതിന്റെ അടിസ്ഥാനം ഉടമസ്ഥത എന്ന പദവിയാണ്, മറിച്ച് അധ്വാനമല്ല.

                    ഇന്ന് പല വലിയ വ്യവസായസംരംഭങ്ങളുടെയും ഉടമസ്ഥത ഒരാൾക്കല്ല, a group of ഓഹരിയുടമകളുടെ പക്കൽ ആണ്. അവരാരും ആ കമ്പനികളിലെ ഉത്പാദനക്രിയകളിൽ പങ്കെടുക്കുന്നവരോ ചരക്കിന്റെ മൂല്യം സൃഷ്ടിക്കുന്നവരോ അല്ല. കമ്പനിയിൽ എന്താണ് നടക്കുന്നത് എന്ന് പോലും അവർക്കറിയണമെന്നില്ല. സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലെ അംഗങ്ങളായ ഓഹരിയുടമകളും ആകെക്കൂടി ചെയ്യുന്നത് മൂലധനം നിക്ഷേപിക്കുകയും ലാഭസൂചികകളെ നിരന്തരം വീക്ഷിക്കുകയും ലാഭം ഡിവിഡന്റുകളായി കൈപ്പറ്റുകയുമാണ്. ഈ ലാഭം ഓഹരിയുടമകൾ സൃഷ്ടിച്ചതല്ല, തൊഴിലാളിവർഗത്തിന്റെ മിച്ചമൂല്യം തന്നെയാണ്. ഇതാണ് മുതലാളിത്തത്തിന്റെ പ്രാഥമികമായ ചൂഷണസ്വഭാവമായും വർധിച്ചുവരുന്ന അസമത്വത്തിന്റെ മുഖ്യകാരണമായും മാർക്സ് വിലയിരുത്തുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ വർധിച്ച #അസമത്വത്തിന് കാരണം ഉള്ളവൻ ഇല്ലാത്തവനേക്കാൾ എന്തെങ്കിലും അധികമൂല്യം നിർമിച്ചതിനാലല്ല, മറിച്ച് അധ്വാനശേഷിയല്ലാതെ സ്വന്തമായി മറ്റൊന്നും ഇല്ലാത്തവൻ പണിയെടുത്തുണ്ടാക്കുന്ന മിച്ചമൂല്യം 'ലാഭം' എന്ന പേരിൽ ഉള്ളവൻ സ്വന്തമാക്കുന്നതിനാലാണ്.

2) ലാഭത്തിന്റെ സ്രോതസ് തൊഴിലാളിചൂഷണവും മിച്ചമൂല്യവും മാത്രമാണോ..? മറ്റ് ഘടകങ്ങളും ഇതിനുപുറകിൽ ഉണ്ടാകണമല്ലോ..?

ഉത്തരം:- തീർച്ചയായും ഉണ്ട്. ലാഭം ഇല്ലെങ്കിൽ മുതലാളിത്തം ഇല്ലെന്ന് തന്നെ പറയേണ്ടിവരും. ലാഭത്തിന്റെ അടിസ്ഥാനസ്രോതസ് എന്ന നിലയ്ക്കാണ് മിച്ചമൂല്യം അവതരിപ്പിക്കപ്പെടുന്നത്. ഇതിനുപുറമേ മറ്റ് മാർഗങ്ങളിലൂടെയും ലാഭം സൃഷ്ടിക്കാം. ചരക്ക് ധാരാളമായി വാങ്ങിക്കൂട്ടി പൂഴ്ത്തിവെച്ച് വിപണിയിലെ അതിന്റെ സപ്ലൈ കുറയ്ക്കുകയും കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യാം. ഇങ്ങനെ അധികലാഭം നേടാം. 100 രൂപ മൂല്യമുള്ള ഒരു ചരക്ക് 100 രൂപയ്ക്ക് തന്നെ വിൽക്കുമ്പോഴും മിച്ചമൂല്യത്തിന്റെ രൂപത്തിൽ ലാഭമായി 40 രൂപ ലഭിച്ചുവെന്ന് കരുതുക. പ്രാഥമികമായി ലാഭം ഇതുതന്നെയാണ്. എന്നാൽ പൂഴ്ത്തിവെപ്പിന്റെയോ മറ്റനവധി കാരണങ്ങളുടെയോ ഫലമായി ചരക്കിന്റെ ഡിമാന്റിലും സപ്ലൈയിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ വിലയെ മൂല്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നു. പൂഴ്ത്തിവെപ്പിന്റെ ഫലമായി മേൽപറഞ്ഞ ചരക്കിന്റെ വില 130 ആയി ഉയർന്നു എന്ന് കരുതുക. ഇവിടെ മൂല്യം 100 തന്നെയാണ് ( കാരണം മൂല്യം സൃഷ്ടിക്കുന്നത് വിപണിയിലെ സപ്ലൈയോ ഡിമാന്റോ അല്ല).

വില 130 ആയി ഉയരുമ്പോൾ നേരത്തെ തൊഴിലാളി നിർമിച്ച മിച്ചമൂല്യമായ 40 രൂപയോടൊപ്പം ഈ 30 രൂപ കൂടിചേർന്ന് മൊത്തം ലാഭം 70 രൂപ ആകുന്നു എന്ന് മാത്രം. ഇതിൽ 40 രൂപ തൊഴിലാളിക്കുമേലുള്ള ചൂഷണഫലമായി നടന്ന മിച്ചാധ്വാനം നിർമിച്ച ലാഭമാണ്. 30 രൂപയാകട്ടെ വിപണിയിലെ വിലക്കയറ്റത്തിന്റെ ഫലമായി ഉണ്ടായതും.. വിപണിയിലെ പൂഴ്ത്തിവെപ്പ്, കുത്തകവത്കരണം, ഉപഭോക്താക്കളുടെ മാറിവരുന്ന ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം സപ്ലൈ-ഡിമാന്റ് ഘടകങ്ങളെയും തൽഫലമായി വിലയെയും സ്വാധീനിക്കാം. ഇതിലൂടെ ലാഭം വർധിക്കാം. പക്ഷേ ഈ വിലക്കയറ്റമോ മേൽപറഞ്ഞ പ്രതിഭാസങ്ങളോ അപ്രത്യക്ഷമായാലും, (ചരക്കിന്റെ വില അതിന്റെ യഥാർത്ഥ മൂല്യം തന്നെയായാലും) ലാഭം അപ്രത്യക്ഷമാകില്ല. ഇതിന്റെ കാരണം മിച്ചമൂല്യം ആകയാൽ മിച്ചമൂല്യമാണ് ലാഭത്തിന്റെ പ്രാഥമികസ്രോതസ് എന്ന് മനസിലാക്കാം.

3) ലാഭം മൂലധനഉടമയ്ക്ക് അവകാശപ്പെട്ടതാണല്ലോ..? മുതലാളിയില്ലെങ്കിൽ എങ്ങനെ മൂലധനം സ്വരൂപിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും..? ലാഭം എന്നത് തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം ആയതിനാൽ കമ്പനിയുടെ ലാഭം മുഴുവൻ തൊഴിലാളികൾക്ക് നൽകണമെന്നും മുതലാളി താൻ നിക്ഷേപിച്ച മുതൽ കൊണ്ടുതന്നെ തൃപ്തിപ്പെടണം എന്നുമാണോ പറയുന്നത്..?

ഉത്തരം:- തന്റെ കൂലിക്ക് തത്തുല്യമായ അധ്വാനമൂല്യം നിർമിച്ചശേഷം തൊഴിലാളി നിർവഹിക്കുന്ന ഓരോ മണിക്കൂർ അധികഅധ്വാനവും സൃഷ്ടിക്കുന്ന മൂല്യമാണ് മിച്ചമൂല്യം. ഈ മിച്ചമൂല്യമാണ് കമ്പനിയുടെ ലാഭം. ഇതാണല്ലോ മിച്ചമൂല്യസിദ്ധാന്തത്തിന്റെ ലളിതമായ നിർവചനം. ഇതിനർത്ഥം ലാഭം മുഴുവനായി തൊഴിലാളികൾ പങ്കിടണമെന്നല്ല. അത് തെറ്റിദ്ദാരണയാണ്. ലാഭത്തിന്റെ ഒരു പങ്ക് കമ്പനിയിൽ വീണ്ടും നിക്ഷേപമായി മാറുകയും മൂലധനം വളരുകയും കമ്പനി വികസിക്കുകയുമാണ് ചെയ്യുക.
മുതലാളി ഉണ്ടെങ്കിലേ മൂലധനം സ്വരൂപിക്കലുള്ളൂ, മുതലാളി തയ്യാറായാൽ മാത്രമേ നിക്ഷേപവും തൊഴിലവസരങ്ങളും തൊഴിലാളിയും ഉള്ളൂ, മുതൽമുടക്കുന്നവന്റെ അവകാശമാണ് ലാഭം തുടങ്ങിയ വാദങ്ങളൊക്കെ മുതലാളിത്തവ്യവസ്ഥിതിയിൽ 100% ശരിയാണ്. എന്നാൽ അത്തരം ശരികളെ ശരികളായി നാം ധരിച്ചുവെക്കുന്നതിന് കാരണം നാം ജീവിക്കുന്നത് മുതൽമുടക്കുന്നവർ നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിലായതിനാൽ ആണ്. മൂലധനം മനുഷ്യന്റെ സാമ്പത്തികോത്പാദനകാലം മുതൽക്കേ ഉണ്ടായിരുന്നു എന്നും അതിന്റെ നിക്ഷേപത്തിനും വളർച്ചയ്ക്കും ഉടമസ്ഥതയ്ക്കും ഒരു സ്വകാര്യവ്യക്തിയോ സംഘമോ ആവശ്യമില്ല എന്നതാണ് മാർക്സിസത്തിന്റെ നെടുംതൂണായ ആശയം. മുതൽമുടക്കുന്നവന്റെ കഷ്ടപ്പാടും വെല്ലുവിളികളും വ്യവസ്ഥിതിയുടെ നിർമിതിയാണ്. മുതലാളിത്ത - ഉത്പാദകബന്ധം തകർക്കപ്പെടണം എന്നതിലൂടെ സ്വകാര്യമുതൽമുടക്ക് എന്ന വെല്ലുവിളിയുടെ ആവശ്യകതയില്ലാത്ത ഒരു ലോകത്തെ കൂടിയാണ് നാം മുന്നോട്ടുവെക്കേണ്ടത്. ഉത്പാദനോപാധികളുടെ കൂട്ടുടമസ്ഥതയും അവയ്ക്ക് മേലുള്ള പരിപൂർണമായ ജനാധിപത്യവുമാണ് സോഷ്യലിസം.

4) തൊഴിലാളിയാണ് മിച്ചമൂല്യവും ലാഭവും സൃഷ്ടിക്കുന്നതെങ്കിൽ മുതൽമുടക്കുന്നവർ നേരിടുന്ന സാമ്പത്തികനഷ്ടങ്ങളെ മിച്ചമൂല്യസിദ്ധാന്തത്തിലൂടെ എങ്ങനെ വിശദീകരിക്കാനാകും..?

ഉത്തരം: - ലാഭത്തിന്റെ പ്രാഥമികസ്രോതസാണ് മിച്ചമൂല്യമെന്നും ഇതിനുപുറമേ വിപണിയിലെ മറ്റ് ഘടകങ്ങളാലും ലാഭം ഉണ്ടാകാമെന്നും ചോദ്യം 2ൽ വിശദീകരിച്ചു. ഒരു ചരക്ക് അതിന്റെ മൂല്യത്തിന് തുല്യമായ വിലയിട്ട് നിങ്ങൾ വിറ്റഴിക്കുകയാണെങ്കിൽ നിങ്ങൾ ലാഭം (മിച്ചമൂല്യം) നേടും. ഇനി, പലവിധ കാരണങ്ങളാൽ വില മൂല്യത്തേക്കാൾ ഇടിയുകയും ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത വിധം നഷ്ടം സംഭവിക്കുകയും ചെയ്തെന്ന് കരുതുക. ഇവിടെയുള്ള പ്രശ്നം വിപണിയിലെ സുശക്തമായ മത്സരത്തിന്റേതാണ്. ബഹുരാഷ്ട്രക്കമ്പനികളുമായും വൻകിടകോർപ്പറേറ്റുകളുമായും പിടിച്ചുനിൽക്കാനാവാതെ ചെറുകിട ഉത്പാദകരും വ്യാപാരികളും വലിയ സാമ്പത്തികനഷ്ടം അനുഭവിക്കുന്നു. ഇവിടെയും ചെറിയവന്റെ നഷ്ടം വലിയവന്റെ ലാഭമായി മാറുന്നു എന്ന് മാത്രം. സമ്പത്ത് ഭൂരിപക്ഷത്തിൽ നിന്നും ന്യൂനപക്ഷത്തിലേക്ക് ഒഴുകുന്നു.

വിപണിയിൽ പൊതുവായി നേരിടുന്ന നഷ്ടങ്ങൾ പിൽക്കാലത്ത് വാസ്തവത്തിൽ ഡിമാന്റ്- സപ്ലൈ ബലങ്ങളാൽ നികത്തപ്പെടുകയും വില മൂല്യത്തിലേക്ക് ഉയരുകയും ചെയ്യും എന്നേയുള്ളൂ. വില ഇടിഞ്ഞതുകൊണ്ട് മൂല്യം ഇടിയില്ല.. കുറഞ്ഞ വില സ്വീകരിച്ചുകൊണ്ട് നിങ്ങൾ കൂടിയ മൂല്യം മറ്റൊരാൾക്ക് കൈമാറുന്നു എന്ന് മാത്രം. ഒരാളുടെ നഷ്ടം മറ്റൊരാളുടെ ലാഭമാകുന്നു. ഇത്തരം വിപണിപ്രതിഭാസങ്ങൾ താത്കാലികവുമാണ്..

5) ധാരാളം അധ്വാനവും മിച്ചാധ്വാനവും ഉപയോഗിച്ച് നിർമിച്ച എത്രയോ ഉത്പന്നങ്ങൾ വാങ്ങാനാളില്ലാതെ നശിക്കുകയും കമ്പനിക്ക് നഷ്ടമുണ്ടാവുകയും ചെയ്യുന്നുണ്ട്..? ഇവയും മിച്ചമൂല്യസിദ്ധാന്തം അനുസരിച്ച് ലാഭം സ്വായത്തമാക്കേണ്ടതല്ലേ..?

ഉത്തരം:- ഉപയോഗമൂല്യമുള്ള ഒരു ചരക്കിന്റെ മൂല്യം അത് വിറ്റാലും ഇല്ലെങ്കിലും ആ ചരക്കിൽ എപ്പോഴും ഉണ്ടാകും. കാരണം ചരക്കിന്റെ മൂല്യം നിർമിക്കുന്നത് അധ്വാനമാണ്. വിൽക്കുന്നുണ്ടോ, ഇല്ലയോ എന്നതിനെ മൂല്യം ആശ്രയിക്കില്ല. പക്ഷേ ചരക്ക് വിൽക്കുമ്പോൾ സംഭവിക്കുന്നത് മൂല്യത്തിന്റെ പണരൂപത്തിലുള്ള മൂർത്തവത്കരണമാണ്. ചരക്കിന്റെ മൂല്യം ഇത്തരത്തിൽ വിൽപനയിലൂടെ മൂർത്തവത്കരിച്ചാൽ മാത്രമേ മുതലാളിക്ക് ഗുണം ചെയ്യൂ എന്ന് മനസിലാക്കുക. മിച്ചമൂല്യവും ഇങ്ങനെ തന്നെയാണ്. ഏതൊരു ചരക്കിന്റെയും നിർമാണത്തിലേർപെട്ട അസംഖ്യം തൊഴിലാളികളുടെ അധ്വാനശേഷിയുടെ മൂല്യത്തേക്കാൾ (കൂലി) 'അധികമൂല്യം' അഥവാ മിച്ചമൂല്യം ആ ചരക്കിലുണ്ടാവും. അതായത് മൂല്യമുള്ളിടത്തോളം കാലം മിച്ചമൂല്യവും ചരക്കിലുണ്ടാവും. എന്നാൽ ഇത് വിൽക്കപ്പെട്ടെങ്കിൽ മാത്രമേ ആ മിച്ചമൂല്യം പണമായോ മറ്റോ മൂർത്തവത്കരിക്കപ്പെടൂ.. വിൽക്കാതെ കെട്ടിക്കിടക്കുന്ന ചരക്കുകളിലും മിച്ചമൂല്യം ഉണ്ടെങ്കിലും അവ മുതലാളിക്ക് ഗുണം ചെയ്യില്ലെന്ന് മാത്രം.

6) മനുഷ്യരായ തൊഴിലാളികൾ മാത്രമേ മിച്ചമൂല്യം സൃഷ്ടിക്കുകയുള്ളോ..? യന്ത്രോപകരണങ്ങളോ റോബോട്ടുകളോ ആണ് ഉത്പാദനം നിർവഹിക്കുന്നതെങ്കിൽ മിച്ചമൂല്യം ഉണ്ടാവില്ലെന്നാണോ സാരം..?

ഉത്തരം:- തീർച്ചയായും.. യന്ത്രങ്ങൾ (കൃത്രിമബുദ്ധി ഉൾപെടെ എന്തും) ഉത്പാദനം നടത്തുമ്പോൾ യന്ത്രങ്ങളുടെ മൂല്യം ഉത്പന്നത്തിന്റെ മൂല്യത്തിന്റെ ഭാഗമാകുകയാണ് ചെയ്യുക. (ഇതുമായി ബന്ധപ്പെട്ട മുൻലേഖനം വായിക്കുക). അല്ലാതെ അവ സ്വന്തമായി മിച്ചമൂല്യം സൃഷ്ടിക്കില്ല. യന്ത്രവത്കരണം ഏർപ്പെടുത്തുമ്പോൾ കുറഞ്ഞ അധ്വാനത്തിലൂടെ കൂടുതൽ ചരക്ക് നിർമിക്കാൻ തൊഴിലാളിക്ക് കഴിയുന്നു. അതായത് ഉത്പാദനക്ഷമത കൂടുന്നു. ഒരു ചരക്കിന് ആവശ്യമായ അധ്വാനം കുറയുന്നതിനാൽ മൂല്യവും കുറയുന്നു. യന്ത്രത്തറിയിലെ വസ്ത്രത്തിന്റെ മൂല്യം കൈത്തറിവസ്ത്രത്തെ അപേക്ഷിച്ച് കുറയാൻ കാരണം ഇതാണ്. ധാരാളം കൈത്തറിമില്ലുകൾ പ്രവർത്തിക്കുന്ന ഒരു പ്രദേശത്ത് യന്ത്രത്തറിയാൽ പ്രവർത്തിക്കുന്ന ഒരു മിൽ സ്ഥാപിച്ചുവെന്ന് കരുതുക. യന്ത്രത്തറിശാലയിലെ വസ്ത്രങ്ങളുടെ വില കുറയേണ്ടതാണ്. എന്നാൽ നാട്ടിലെ ഉയർന്ന വിലയുള്ള കൈത്തറിവസ്ത്രങ്ങളുടെ ആധിക്യം മൂലം വിലകൾ ശരാശരിവത്കരിക്കപ്പെടുകയും യന്ത്രത്തറിമില്ലിലെ വസ്ത്രത്തിനും അതിന്റെ മൂല്യത്തെക്കാൾ ഉയർന്ന വില ലഭിക്കുകയും ചെയ്യും. ഇതിലൂടെ അവയ്ക്ക് മിച്ചമൂല്യത്തിന് പുറമേ ഒരു 'അധികലാഭം' നേടാനാവും.

7) തൊഴിലാളിയുടെ അധ്വാനശേഷിക്ക് ലഭിക്കുന്ന കൂലിയേക്കാൾ കൂടുതൽ മൂല്യം അവർ മിച്ചാധ്വാനത്തിലൂടെ നിർമിക്കുന്നു. ഇത് മിച്ചമൂല്യമായും വിപണിയിൽ ലാഭമായും മാറുന്നു. ഇതിന്റെ അനന്തരഫലങ്ങൾ സമൂഹത്തിൽ നിരീക്ഷിക്കാനാകുമോ..?..?

ഉത്തരം: - രാവിലെ മുതൽ രാത്രി വരെ ഓഫീസിലിരുന്ന് പണിയെടുത്ത് കോടീശ്വരനായ എത്ര പേരെ നിങ്ങൾ കണ്ടിട്ടുണ്ട്..? പകലന്തിയോളം വെയിലത്ത് പാടത്തും പറമ്പിലും പണിയെടുത്ത് ലോകം കണ്ട കോടീശ്വരന്മാരായ എത്ര പേരെ കണ്ടിട്ടുണ്ട്.. ഉത്തരം കിട്ടില്ല. അതേസമയം വ്യവസായത്തിലും വ്യവസായേതര മേഖകളിലും ഓഹരിവിപണിയിലുമൊക്കെ മൂലധനം നിക്ഷേപിക്കുകയും വെറുതെയിരുന്ന് ലാഭസൂചികകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്ന ചരക്കുത്പാദനത്തിൽ പ്രത്യേകിച്ച് യാതൊരു പങ്കും വഹിക്കാത്ത, അഥവാ താൻ നിക്ഷേപിച്ച ഓഹരികളിൽ നടക്കുന്ന യഥാർത്ഥ ഉത്പാദനപ്രക്രിയകൾ എന്താണെന്ന് പോലും അറിയാത്ത ബൂർഷ്വാസിക്ക് നിമിഷങ്ങൾ കൊണ്ടുതന്നെ കോടികൾ ലാഭമായി സമ്പാദിക്കാനാവും.
 
                    മൂല്യം തന്നെയാണ് സമ്പത്ത്. ഈ സമ്പത്ത് കൈവശം കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനപക്ഷത്തിൽ നല്ലൊരു ഭാഗവും അധ്വാനിച്ച് നേടിയവരല്ല, അസംഖ്യം ആളുകളെ അധ്വാനിപ്പിച്ച് നേടിയവരാണ്. മിച്ചമൂല്യത്തിന്റെ രൂപത്തിൽ അധ്വാനമൂല്യം തൊഴിലാളിയിൽ നിന്നും മൂലധനഉടമയിലേക്ക് അനുനിമിഷം ഒഴുകിക്കൊണ്ടിരിക്കുന്നത് നിത്യയാഥാർത്ഥ്യമാണ്. ഇതാണ് മുതലാളിത്തത്തിന്റെ ഘടനാപരമായ ചൂഷണവും. മുതലാളിത്തചൂഷണങ്ങൾ ധാരാളം വിധങ്ങളിൽ അരങ്ങേറുന്നുവെങ്കിലും അതിന് ഒഴിവാക്കാനാവാത്ത, അഥവാ മുതലാളിത്തത്തിന്റെ ഘടനയുടെ തന്നെ സവിശേഷതയായ ചൂഷണം എന്നത് മിച്ചമൂല്യം തന്നെയാണ്..

ലാഭനിരക്ക് ഇടിയുന്ന പ്രവണത (TRPF -Theory of Tendency of Profit to Flow)


                              കേവലം ആശയങ്ങളോ ആഗ്രഹങ്ങളോ മാനസികമായ വികാരവിക്ഷോഭങ്ങളോ കൊണ്ട് ചരിത്രത്തെ മാറ്റാൻ കഴിയില്ലെന്നും സമൂഹത്തിന്റെ ഭൗതികാടിത്തറയിൽ അതിനനുരൂപമായ പരിവർത്തനങ്ങൾ കൂടി ഉണ്ടാകണമെന്നുമുള്ളതാണ് മാർക്സിസത്തിന്റെ കാതൽ. മുതലാളിത്ത ഉത്പാദനബന്ധങ്ങൾ സ്വയം നിലനിന്നുപോകുന്ന ,അനശ്വരവും എല്ലാറ്റിലും കേമവുമായ ഒരു സാമൂഹ്യവ്യവസ്ഥിതി അല്ല എന്ന് പറയാം. മുതലാളിത്തത്തെ പരിഷ്കരിച്ചുകൊണ്ടും മുന്നോട്ടുപോക്ക് സാധ്യമല്ല. കാരണം, മുതലാളിത്തം എന്നതിന്റെ അടിസ്ഥാനഘടന തന്നെ അതിനെ സ്വയം വളരാനനുവദിക്കാത്ത വിധം ആന്തരികവൈരുധ്യങ്ങളാൽ നിബിഡമാണ്. ആവർത്തിച്ചുവരുന്ന രൂക്ഷമായ സാമ്പത്തികമാന്ദ്യങ്ങൾ, കുത്തകവത്കരണം, മുൻകാലങ്ങളേക്കാൾ വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്മ, അമിതോത്പാദനപ്രതിസന്ധി ഇങ്ങനെ പോകുന്നു കാര്യങ്ങൾ. 'മൂലധനം' എന്ന ഗ്രന്ഥത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു നിരീക്ഷണമാണ് ഇവിടെ പ്രതിപാദിക്കുന്നത്. വായിക്കുക.. അറിവുകൾ പ്രചരിപ്പിക്കുക.. വിമർശനങ്ങളും സംശയങ്ങളും ചുരുങ്ങിയ വാക്കുകളിൽ കമന്റ് ചെയ്യുക..

               ഇതുവരെ മനസിലാക്കേണ്ട വസ്തുതകൾ

1) ഏതൊരു ചരക്കും കൈമാറ്റമൂല്യത്തെ ഉൾക്കൊള്ളുന്നു. അഥവാ കൈമാറ്റമൂല്യമുള്ള വസ്തുവാണ് ചരക്കായി മാറുന്നത്. അല്ലാത്തപക്ഷം അത് 'ഉത്പന്നം' ആണ്. കൈമാറ്റമൂല്യം കൂടാതെ ഉപയോഗമൂല്യവും ചരക്ക് ഉൾക്കൊള്ളുന്നു.

2) ചരക്കിന്റെ മൂല്യം സൃഷ്ടിക്കുന്നത് അത് നിർമിക്കാനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനമാണ്. പ്രകൃതിവിഭവങ്ങളോടൊപ്പം സമൂഹത്തിന്റെ മുഴുവൻ അധ്വാനം കൂടി ചേരുമ്പോഴേ അതിന് മൂല്യം ഉണ്ടാകൂ. തൊഴിലാളികളുടെ അധ്വാനക്ഷമതയും ഉത്പാദനക്ഷമതയും അനുസരിച്ച് അധ്വാനസമയങ്ങളിൽ വ്യത്യാസം വരാം.

3) ചരക്കിന്റെ വിപണിവില സപ്ലൈയെയും ഡിമാന്റിനെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് കൂടിയും കുറഞ്ഞുമിരിക്കും. വ്യത്യസ്തമായ വിലകൾ ശരാശരിവത്കരിക്കപ്പെടുകയും ചെയ്യും. ഈ വില മൂല്യത്തെക്കാളും കൂടുകയോ കുറയുകയോ ചെയ്യാം. സപ്ലൈ -ഡിമാന്റ് ബലങ്ങൾ സന്തുലനാവസ്ഥയിലെത്തുമ്പോൾ വില മൂല്യം തന്നെയായി മാറും. സപ്ലൈയും ഡിമാന്റും വിലയെ മൂല്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയാണ് ചെയ്യുക, മൂല്യത്തെ നിഷേധിക്കുകയല്ല.

4) തൊഴിലാളിയുടെ കൂലി എന്നത് അയാളുടെ അധ്വാനത്തിന്റെ മൂല്യമല്ല, അധ്വാനശേഷിയുടെ മൂല്യമാണ്. ഒരു തൊഴിലാളിക്ക് അയാളുടെ അധ്വാനശേഷിയേക്കാൾ മൂല്യം അധ്വാനത്തിലൂടെ നിർമിക്കാനാവും. ഈ അധികമൂല്യമാണ് മിച്ചമൂല്യം.

5) ചരക്കിന്റെ മൂല്യം = c + v + s

c -സ്ഥിരമൂലധനം (അസംസ്കൃതവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, സ്ഥാവരജംഗമവസ്തുക്കൾ etc)
v- അസ്ഥിരമൂലധനം (തൊഴിലാളികളുടെ കൂലിച്ചെലവ്)
s -തൊഴിലാളി അധ്വാനത്തിലൂടെ സൃഷ്ടിക്കുന്ന മിച്ചമൂല്യം.
ചുരുക്കത്തിൽ മുടക്കുമുതൽ അഥവാ നിക്ഷേപിക്കുന്ന മൂലധനം c + v ആണ്. ചരക്കിന്റെ മൂല്യമാകട്ടെ c + v + s ഉം. അതായത് മിച്ചമൂല്യം തന്നെയാണ് പ്രാഥമികമായി മുതലാളിയുടെ ലാഭമായി മാറുന്നത്.

6) തൊഴിലാളികളുടെ മൊത്തം അധ്വാനസമയത്തെ രണ്ടായി തിരിക്കാം. ആവശ്യഅധ്വാനവും മിച്ചാധ്വാനവും. ആവശ്യഅധ്വാനത്തിലൂടെ തൊഴിലാളി തന്റെ കൂലി അഥവാ അധ്വാനശേഷിയുടെ മൂല്യത്തിന് തുല്യമായ മൂല്യം സൃഷ്ടിക്കുകയും മിച്ചാധ്വാനത്തിലൂടെ മിച്ചമൂല്യം അഥവാ നിക്ഷേപകന് ലാഭം നിർമിക്കുകയും ചെയ്യുന്നു.
വിപണിയിൽ വെച്ച് മാത്രമാണ് മിച്ചമൂല്യം പണരൂപത്തിൽ ലാഭമായി മാറുന്നത്.
മേൽപറഞ്ഞ ആശയങ്ങൾ മുൻലേഖനങ്ങളിൽ വിശദമാക്കിയിട്ടുണ്ട്. വായിക്കുക..

                    ലാഭനിരക്കും മിച്ചമൂല്യനിരക്കും

ചരക്കിന്റെ മൂല്യം എന്നത് സ്ഥിരമൂലധനം , അസ്ഥിരമൂലധനം ,മിച്ചമൂല്യം എന്നിവയുടെ തുകയാണ്.

Value = c + v + s.
ഇതിൽ മിച്ചമൂല്യം (s) ആണ് മുതലാളിയുടെ അടിസ്ഥാനലാഭമായി മാറുന്നത്.
ലാഭം = s.
ചരക്ക്‌ നിർമാണത്തിന് മുടക്കേണ്ടിവന്ന മൊത്തം ചെലവ് = സ്ഥിരമൂലധനം + അസ്ഥിരമൂലധനം
= c + v.

എന്താണ് ലാഭനിരക്ക്..? ലാഭത്തെ മൊത്തം മൂലധനച്ചെലവ് കൊണ്ടുഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യയാണിത്. അതായത് ഓരോ രൂപ മുതൽ മുടക്കുമ്പോഴും എത്ര രൂപ ലാഭമായി ലഭിക്കുന്നു എന്നതാണ് ലാഭനിരക്ക് (Rate of profit) എന്ന് അറിയപ്പെടുന്നത്.

ലാഭനിരക്ക് = ലാഭം / മൂലധനചെലവ്.
PR = s / (c + v)

ലാഭനിരക്ക് ആണ് മുതലാളിത്തപ്രക്രിയയെ മുന്നോട്ടു ചലിപ്പിക്കുന്നത്. നിങ്ങൾ 100 രൂപ മുതൽ മുടക്കുകയും 120 രൂപ വരുമാനമായി നേടുകയും ചെയ്തെന്നിരിക്കട്ടെ. ലാഭം 20 രൂപയും ലാഭനിരക്ക് 20 / 100 = 20 ശതമാനവുമാണ്. ലാഭത്തിന്റെ വളർച്ചയേക്കാൾ ലാഭനിരക്കിന്റെ വളർച്ചയാണ് മുതലാളിത്തത്തിന്റെ ഊർജ്ജമെന്ന് സാരം. നിങ്ങൾക്ക് ഉയർന്ന തുക ലാഭമായി കിട്ടിയാലും മുടക്കുമുതലും വളരെ ഉയർന്നത് തന്നെയാണെങ്കിൽ ലാഭനിരക്ക് വളരെ കുറവാണെന്നർത്ഥം. ലാഭം മുഴുവൻ നിക്ഷേപകൻ തന്റെ ചെലവുകൾക്കും ആഢംബരങ്ങൾക്കും ആയി ഉപയോഗിക്കില്ല. ലാഭത്തിന്റെ നല്ലൊരുഭാഗം വീണ്ടും മൂലധനമായി മാറുന്നു. അതായത് 20 രൂപ ലാഭം നേടിയാലും അതിൽ 15 രൂപ വീണ്ടും നിക്ഷേപിക്കുന്നു. പുതിയ യന്ത്രോപകരണങ്ങൾ വാങ്ങാൻ, പുതിയ സാങ്കേതികവിദ്യകൾ ഏർപെടുത്താൻ, ഉത്പാദനം കൂടുതൽ വിപുലമാക്കാൻ, പുതിയ ഉത്പാദനകേന്ദ്രങ്ങൾ ആരംഭിക്കാൻ, സംരംഭങ്ങൾ തുടങ്ങാൻ, ആവശ്യമെങ്കിൽ പുതിയ തൊഴിലാളികളെ നിയമിക്കാൻ ഇങ്ങനെ പല ആവശ്യങ്ങൾക്കായി മുൻ ടേൺ ഓവറിൽ ലഭിച്ച മുതലും ലാഭത്തിലൊരു പങ്കും വിനിയോഗിക്കുന്നു.
 
                    ചുരുക്കിപ്പറഞ്ഞാൽ മുതലാളിത്തത്തിനു കീഴിൽ മുതലാളിയുടെ കീശ വീർക്കുക മാത്രമല്ല സംഭവിക്കുന്നത്, മറിച്ച് സമൂഹത്തിലെ ഉത്പാദനോപാധികൾ വികാസം പ്രാപിക്കുക കൂടി ചെയ്യുന്നു. മൂലധനം കുന്നുകൂടുന്നതോടൊപ്പം യന്ത്രസാങ്കേതികവിദ്യകളിലും നൂതനമായ ഉത്പാദനമാർഗങ്ങളിലും കൂടുതൽ മൂലധനം നിക്ഷേപിക്കപ്പെടുന്നു. ഇത് പുരോഗമനകരമായ ഒരുവശമാണ്. കാരണം ശാസ്ത്രസാങ്കേതികവികാസവും ചരക്കുത്പാദനത്തിലെ പുതിയ സാങ്കേതികവിദ്യകളുടെ ആഗമനവും കമ്പനിയുടെയും തൊഴിലാളികളുടെയും ഉത്പാദനക്ഷമത വർധിപ്പിക്കും. കൂടുതൽ ചരക്കുകൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാനാവും. ഉത്പാദനോപാധികളുടെ വളർച്ചയില്ലാതെ മനുഷ്യസമൂഹത്തിന്റെ പുരോഗമനം അസാധ്യമാണെന്നുള്ളതാണ് സത്യം.


                 ലാഭനിരക്ക് ഇടിയുന്ന പ്രവണത (TRPF)

ലാഭനിരക്ക് PR = s / (c + v) ആണ്. മുകളിലും താഴെയും v കൊണ്ട് ഹരിച്ചാൽ
PR = (s/v) / ( 1 + (c/v) ). എന്ന് ലഭിക്കുമല്ലോ.

ഇവിടെ c /v എന്ന അംശബന്ധത്തെ മാർക്സ് organic composition of capital (OCC) എന്ന് വിളിക്കുന്നു. അതായത് ചരക്കുത്പാദനത്തിലെ സ്ഥിരമൂലധനവും കൂലിച്ചെലവും തമ്മിലെ അനുപാതമാണിത്.

s/v മിച്ചമൂല്യനിരക്കിനെ സൂചിപ്പിക്കുന്നു. മിച്ചമൂല്യവും കൂലിയും തമ്മിലെ അനുപാതമാണ് s/v. ഒരു രൂപ കൂലി വാങ്ങുന്നയാൾ എത്ര രൂപ മിച്ചാധ്വാനത്തിലൂടെ മിച്ചമൂല്യമായ് സൃഷ്ടിക്കുന്നു എന്നതാണ് മിച്ചമൂല്യനിരക്ക്.

അതിനാൽ ലാഭനിരക്ക് ഇങ്ങനെ സൂചിപ്പിക്കാം.
PR = SR / (1 + OCC)
PR ലാഭനിരക്കിനെയും
SR മിച്ചമൂല്യനിരക്കിനെയും (s/v)
OCC സ്ഥിരമൂലധനവും കൂലിയും തമ്മിലുള്ള അനുപാതത്തെയും (c/v) സൂചിപ്പിക്കുന്നു.

                    ഇവിടെയാണ് ലാഭനിരക്ക് ഇടിയുന്ന പ്രവണത (Tendency of Rate of Profit to Fall -TRPF) എന്ന മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രതിസന്ധി തലപൊക്കുന്നത്.

മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവം അനുസരിച്ച് ലാഭവും മൂലധനവും സ്ഥിരമായ വളർച്ച പ്രാപിക്കേണ്ടത് അനിവാര്യമാണ്. മൂലധനച്ചെലവ് കൂടുതലായും സ്ഥിരമൂലധനത്തിലേക്കായിരിക്കും ഒഴുകുക എന്നതാണ് അതിന്റെ സഹജമായ സ്വഭാവം. അതായത് ചരക്കുത്പാദനത്തിൽ സ്ഥാവരജംഗമവസ്തുക്കൾക്കും നൂതനമായ യന്ത്രസാങ്കേതികവിദ്യകൾക്കും കൂടുതലായി മൂലധനം നിക്ഷേപിക്കപ്പെടുന്നു. തൊഴിലാളികളുടെ കൂലിച്ചെലവ് അഥവാ അസ്ഥിരമൂലധനം ഈതോതിൽ വളരുന്നുമില്ല. വർധിച്ച തോതിലുള്ള യന്ത്രവത്കരണം തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിന്നും പുറത്താക്കുന്നതോടെ കൂലിച്ചെലവ് ഇനത്തിലുള്ള മൂലധനം വീണ്ടും കുറയുന്നു.

                    ഇതിന്റെ ആകെത്തുക എന്താണ്..? സ്ഥിരമൂലധനം (c) വർധിക്കുന്നു, അസ്ഥിരമൂലധനം (v) അത്രയും വേഗത്തിൽ വർധിക്കാതിരിക്കുകയോ സ്ഥിരമായി നിൽക്കുകയോ കുറയുകയോ ചെയ്യുന്നു. അതായത് c/ v എന്ന അനുപാതം ഗണ്യമായി വർധിക്കുന്നു. ചരക്കുത്പാദനത്തിൽ മനുഷ്യാധ്വാനത്തിന്റെ പ്രാധാന്യം കുറയുകയും യന്ത്രോപകരണങ്ങൾക്കും സാങ്കേതികവിദ്യകൾക്കും മറ്റ് ഉത്പാദനോപാധികൾക്കുമുള്ള മൂലധനച്ചെലവ് കൂടുകയും ചെയ്യുന്നു. ഇത് ഒരു യാഥാർത്ഥ്യമാണെന്ന് പറയാൻ കാരണമുണ്ട്. ഉത്പാദനസാങ്കേതികവിദ്യകളിലും മറ്റും കൂടുതലായി മൂലധനനിക്ഷേപം നടന്നെങ്കിൽ മാത്രമേ ഉത്പാദനക്ഷമത വർധിപ്പിക്കാനാവൂ.. വിപണിയിലെ കനത്ത മത്സരങ്ങൾ ഓരോ മൂലധനഉടമയെയും ഇതിനായി പ്രേരിപ്പിക്കും. ഉത്പാദനോപാധികളുടെ ക്ഷമത വർധിപ്പിക്കാനും കൂടുതൽ ഗുണമേന്മയുള്ള ചരക്കുകൾ ഉത്പാദിപ്പിക്കാനും സാധിക്കും.

                    ലാഭനിരക്ക് = (s/v) / ( 1+ (c/v) )
 
ഇവിടെ മേൽപ്പറഞ്ഞ പ്രതിഭാസങ്ങൾ (c/v) എന്ന അനുപാതം (ratio ) വർധിക്കാനിടയാക്കും. അതേസമയം മിച്ചമൂല്യനിരക്ക് (s/v) സ്ഥിരമായി തുടരുകയോ കുറഞ്ഞ വേഗത്തിൽ വർധിക്കുകയോ ചെയ്യുമ്പോൾ അന്തിമഫലമെന്നോണം ലാഭനിരക്ക് കുറയാൻ തുടങ്ങും. നീണ്ട കാലയളവിൽ ലാഭനിരക്കിലുണ്ടാകുന്ന ഇത്തരം ഇടിവുകൾ കനത്തതും ആവർത്തനസ്വഭാവമുള്ളതുമായ മുതലാളിത്തപ്രതിസന്ധികൾക്ക് ആക്കം കൂട്ടും. ഇതാണ് മാർക്സ് മുന്നോട്ടുവെച്ച ലാഭനിരക്ക് ഇടിയുന്ന പ്രവണത അഥവാ TRPF എന്ന് അറിയപ്പെടുന്നത്.

                    ഓരോ തൊഴിലാളിയും കൈകാര്യം ചെയ്യുന്ന സ്ഥിരമൂലധനം വർധിക്കുകയോ അഥവാ സ്ഥിരമൂലധനത്തെ അപേക്ഷിച്ച് അസ്ഥിരമൂലധനം കുറയുകയോ ചെയ്യുന്ന മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവമാണ് TRPFന്റെ അടിസ്ഥാനം. Political economyയിൽ അതീവപ്രാധാന്യം അർഹിക്കുന്ന ഒരു നിയമമെന്ന് പറഞ്ഞുകൊണ്ടാണ് മാർക്സ് ഇത് വിശദീകരിക്കുന്നത്. മുതലാളിത്തം അതിന്റെ ഉത്പാദനോപാധികളുടെയും ഉത്പാദനക്ഷമതയുടെയും വളർച്ചയെ ആധാരമാക്കുമ്പോഴും മേൽപറഞ്ഞ പ്രവണതകൾ ഈ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു.

                    മുതലാളിത്തഉത്പാദകബന്ധങ്ങളിൽ ലാഭനിരക്ക് എപ്പോഴും ഇടിയണമെന്ന് നിർബന്ധമില്ല.. ലാഭനിരക്ക് ഇടിയൽ അതിന് ഒഴിവാക്കാനാവാത്ത സഹജമായ പ്രവണത മാത്രമാണ്.
ഈ പ്രവണതയെ പരിഹരിച്ചുകൊണ്ട് ലാഭനിരക്ക് വർധിപ്പിക്കാൻ സഹായിക്കുന്ന ചില പോംവഴികളും മുതലാളിത്തം കൈക്കൊള്ളുന്നുണ്ട്. Counter acting tendencies against TRPF എന്ന് മാർക്സ് ഇവയെ വിശേഷിപ്പിക്കുന്നു. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

1) തൊഴിലാളിക്കുമേലുള്ള വർധിതമായ ചൂഷണത്തിലൂടെ മിച്ചമൂല്യം വർധിപ്പിക്കുക. ഇവിടെ s/v വർധിക്കുകയും ലാഭനിരക്ക് ഇടിയുന്നതിൽ നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിന് രണ്ട് മാർഗങ്ങളുണ്ട്. അവ അടുത്ത ഭാഗത്തിൽ വിശദീകരിക്കാം.

2) ഉത്പാദനോപാധികളും അസംസ്കൃതവസ്തുക്കളും തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുക. അഥവാ സ്ഥിരമൂലധനച്ചെലവ് ആപേക്ഷികമായി കുറയ്ക്കുക. ഇത് c/v അനുപാതത്തെ കുറയ്ക്കുകയും ലാഭനിരക്കിനെ സംരക്ഷിക്കുകയും ചെയ്യുന്നു. മൂന്നാം ലോകരാജ്യങ്ങളിൽ ഉൾപെടെയുള്ള വിഭവങ്ങളുടെ ചൂഷണവും സർക്കാരുടെ കോർപ്പറേറ്റ് അനുകൂല ഉദാരനയങ്ങളും നികുതി വെട്ടിച്ചുരുക്കൽ പോലുള്ള നടപടികളുമൊക്കെ ഇതിന്റെ ഭാഗമാണ്.

3) വിദേശവ്യാപാരനയങ്ങൾ ഉദാരമാക്കൽ- വ്യവസായത്തിനാവശ്യമായ വിഭവങ്ങളും ഉത്പാദനോപാധികളും രാജ്യാതിർത്തികൾക്കപ്പുറം കയറ്റുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്രവ്യാപാരം ഉദാരമാക്കുന്നു. കുറഞ്ഞ ചെലവിൽ ഉത്പാദനോപാധികളും അസംസ്കൃതവസ്തുക്കളും ലഭ്യമാവുകയും സ്ഥിരമൂലധനച്ചെലവ് (c) കുറയുകയും ചെയ്യും. കമ്പനികളുടെ ലാഭനിരക്ക് വർധിക്കും. ആസിയാൻ പോലുള്ള അന്താരാഷ്ട്രസ്വതന്തവ്യാപാരക്കരാറുകളും ഇറക്കുമതി തീരുവ വെട്ടിചുരുക്കലുമൊക്കെ ഇതുമായി ചേർത്ത് വായിക്കാം.

4) ശാസ്ത്രസാങ്കേതികരംഗത്തെ വിപ്ലവകരമായ ചില മുന്നേറ്റങ്ങൾ ഉത്പാദനച്ചിലവ് കുറയ്ക്കാനും ലാഭനിരക്കിനെ സംരക്ഷിക്കാനും സഹായിക്കാറുണ്ട്.
ഇത്തരം മാർഗങ്ങളിലൂടെ TRPF മൂലമുള്ള പ്രതിസന്ധികൾ ഒരുപരിധി വരെ പരിഹരിക്കപ്പെടുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരം പ്രതിസന്ധികൾ വീണ്ടും രൂക്ഷമാകുന്നു. തുടർച്ചയായ സാമ്പത്തികതകർച്ചകളെ ഒഴിവാക്കാൻ മുതലാളിത്തം ധാരാളം പോംവഴികൾ കൈക്കൊള്ളാറുണ്ട്. എന്നാൽ ഈ പോംവഴികളാന്നും അതിന്റെ അടിസ്ഥാനഘടനയെ പൊളിച്ചെഴുതുന്നതല്ല എന്ന് മാത്രമല്ല കൂടുതൽ രൂക്ഷമായ മാന്ദ്യങ്ങളിലേക്ക് സമ്പദ്ഘടനയെ നയിക്കുകയും ചെയ്യുന്നു. അനിവാര്യമായ പ്രതിസന്ധികളെ നീട്ടിവെക്കുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾ ഭാവിയിൽ സൃഷ്ടിക്കപ്പെടുമെന്നല്ലാതെ മറ്റ് ഗുണമൊന്നുമില്ല. അമേരിക്കയിലെ 2008ലെ വിപണിമാന്ദ്യത്തെ പ്രതിരോധിക്കാൻ മുതലാളിത്തം ക്രെഡിറ്റ് എക്കോണമി ഉദാരമാക്കിയപ്പോൾ പ്രതിസന്ധി ഇല്ലാതാവുകയല്ല, ചരിത്രത്തിലേറ്റവും വലിയ തകർച്ചയിലേക്ക് പിൽക്കാലത്ത് റിയൽഎസ്റ്റേറ്റ് മേഖലയും ഇതരമേഖലകളും വീഴുന്നതാണ് കണ്ടത്.

                              ലാഭനിരക്ക് ഇടിയുന്നതിന് അനേകം കാരണങ്ങളുണ്ട്. വിപണിയിലെ സ്ഥിതിഗതികൾ ഉൾപെടെ ഇതിനെ സ്വാധീനിക്കും. എന്നാൽ അത്തരം കാരണങ്ങൾക്കുപുറമേ മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവം അതിനെ തുടർച്ചയായ ലാഭനിരക്ക് ഇടിയുന്ന പ്രവണതകളിലേക്ക് സമ്പദ് വ്യവസ്ഥയെ തള്ളിയിടുന്നു. ഇത് കേവലം സിദ്ധാന്തമല്ല, സമ്പദ്ഘടനയിൽ ദീർഘകാലത്തിൽ കണ്ടുവരുന്ന യാഥാർത്ഥ്യമാണ്. സാമ്പത്തികമാന്ദ്യങ്ങൾക്കും പ്രതിസന്ധികൾക്കും TRPF പോലുള്ള പ്രതിഭാസങ്ങൾ കാരണമാകാറുണ്ട്. കമ്പനികളെ ഇത് പ്രതികൂലമായി ബാധിക്കുകയും നിക്ഷേപങ്ങൾ കുറയുകയും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തൊഴിൽനഷ്ടം വ്യാപകമാവുകയും ചെയ്യുന്നത് സർവസാധാരണമാവുന്നു. മുതലാളിത്തത്തിന്റെ 'രക്തത്തിലലിഞ്ഞു ചേർന്നിട്ടുള്ള' സ്വാഭാവികവും ഒഴിവാക്കാനാവാത്തതുമായ പ്രതിസന്ധിയാണിത്. സാമ്പത്തികമാന്ദ്യങ്ങൾക്കുള്ള ഏകകാരണമല്ല TRPF എന്ന് മനസിലാക്കുക. മറ്റ് പല കാരണങ്ങളും വരും ലേഖനങ്ങളിൽ വ്യക്തമാക്കാൻ ശ്രമിക്കാം...

                    TRPF എന്ന പ്രതിഭാസം മാർക്സ് അല്ല ആവിഷ്കരിച്ചത്. ആദ്യമായി ഇതിന് വിശദീകരണങ്ങൾ നൽകിയത് ക്ലാസിക്കൽ എക്കണോമിസ്റ്റുകളായ ആഡം സ്മിത്തും റിക്കാർഡോയുമായിരുന്നു. കടുത്ത വിപണിമത്സരവും മൂലധനവളർച്ചയും ലാഭനിരക്ക് ഇടിയാനുള്ള പ്രധാനകാരണമായി സ്മിത്ത് വിശദീകരിച്ചപ്പോൾ ഡേവിഡ് റിക്കാർഡോ അതിന്റെ കാരണം കെട്ടിവെച്ചത് തൊഴിലാളികളുടെ തലയ്ക്കുമീതെയാണ്. തൊഴിലാളികളുടെ കൂലിവർധനയാണ് TRPFനു കാരണമെന്ന് റിക്കാർഡോ വ്യാഖ്യാനിച്ചു.. സ്റ്റുവർട്ട് മിൽ ഉൾപെടെയുള്ള മറ്റ് ധനശാസ്ത്രജ്ഞരും സമാനമായ പല കാരണങ്ങൾ പറയുന്നുവെങ്കിലും മാർക്സ് അതിനെ മുതലാളിത്തവിമർശത്തിന്റെ നെടുംതൂണായി കണ്ടു. ഉത്പാദനക്ഷമത കുറയുന്നതുകൊണ്ടല്ല, ഉത്പാദനക്ഷമത കൂട്ടാനുള്ള ഭീമമായ മൂലധനനിക്ഷേപമാണ് TRPFന് അടിസ്ഥാനം എന്നതാണ് കൗതുകകരമായ വസ്തുതയെന്ന് കാണാം.

                              സേവനമേഖലയെ കുറിച്ച്

ചരക്കുനിർമാണവും അതുമായി ബന്ധപ്പെട്ട മൂല്യസിദ്ധാന്തവും മിച്ചമൂല്യസിദ്ധാന്തവും ഒക്കെ വിശദീകരിച്ചല്ലോ.. എങ്ങനെയാണ് സേവനമേഖലയിൽ മാർക്സിസ്റ്റ് സാമ്പത്തികവീക്ഷണം പ്രയോഗിക്കപ്പെടുക..? നോക്കാം
 
പ്രാഥമികമേഖല (primary sector) ,ദ്വിതീയമേഖല (secondary or manufacturing sector), സേവനമേഖല (service sector) എന്നിങ്ങനെ ഒരു ദേശത്തിന്റെ സാമ്പത്തികമേഖലയെ മൂന്നായി തിരിച്ചിരിക്കുന്നുവെന്ന് അറിയാമല്ലോ. നാം സ്കൂൾതലം മുതൽ പഠിക്കുന്ന മുഖ്യധാരാ- സാമ്പത്തികശാസ്ത്രം പൊതുവേ പിന്തുടരുന്ന ഒരു വർഗീകരണമാണിത്. കാർഷികോത്പാദനം, പ്രകൃതിദത്തമായ അസംസ്കൃതവസ്തുക്കൾ, ഖനനം, മത്സ്യബന്ധനം തുടങ്ങിയ ഉത്പാദനപ്രവർത്തനങ്ങളെ പ്രാഥമികമേഖലയെന്ന് വിളിക്കാം. വ്യവസായികോത്പാദനമാണ് ദ്വിതീയമേഖലയുടെ കാതൽ. കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും മുതൽ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം വരെയുള്ള ഉത്പാദനങ്ങൾ ഇതിൽ ഉൾപെടുന്നു. മനുഷ്യന്റെ ആവശ്യങ്ങൾ (അനാവശ്യങ്ങളുമാകാം) തൃപ്തിപ്പെടുത്തുന്ന ചരക്കുകളുടെ നിർമാണം ദ്വിതീയമേഖലയിൽ ഉൾക്കൊള്ളുന്നു. ദ്വിതീയമേഖലയ്ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും ഉൗർജ്ജവുമൊക്കെ പ്രദാനം ചെയ്യുന്നത് പ്രാഥമികമേഖലയാണ് . അതിനാൽ ഒരു രാജ്യത്തിന്റെ കാർഷികമേഖലയുടെ വളർച്ചയെ അവഗണിച്ചുകൊണ്ട് അതിന്റെ വ്യവസായോത്പാദനത്തെ ത്വരിതപ്പെടുത്താനാവില്ല.

                    സേവനമേഖല (Service sector)

                    പ്രാഥമികമേഖലയും നിർമാണമേഖലയും കൂടി രൂപം നൽകുന്ന അടിത്തറയാണ് സേവനമേഖലയ്ക്ക് ആധാരം. വ്യവസായത്തിലൂടെ നിർമിക്കപ്പെടുന്ന ചരക്കുകൾ വിപണിയിൽ മൊത്തവ്യാപാരത്തിലൂടെയും ചില്ലറവ്യാപാരത്തിലൂടെയും വിറ്റഴിയുന്നു. അവ ഉപഭോക്താക്കളിലെത്തിച്ചേരുന്നു. ഇവിടെ വാണിജ്യം എന്നത് സേവനമേഖലയിൽ ഉൾപെടുന്നതാണ്. റീട്ടെയ്ൽ, ഗതാഗതം, ടൂറിസം, വിനോദം, ഐടി, ആരോഗ്യവിദ്യാഭ്യാസ മേഖലകൾ, ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ വിഭാഗങ്ങൾ തൃതീയമേഖല അഥവാ സേവനമേഖലയിൽ ഉൾപെടുന്നു. സേവനമേഖല പ്രധാനമായും സേവനങ്ങളാണ് പ്രദാനം ചെയ്യുന്നത്. കടയിൽ പോയി കാശുകൊടുത്ത് സാധനം വാങ്ങുമ്പോൾ ആ സാധനം ഉപഭോക്താവിലെത്തിക്കുക എന്ന സേവനമാണ് റീട്ടെയ്ലർ ചെയ്യുന്നത്. സ്കൂളിൽ ടീച്ചർ ചെയ്യുന്നതും ഹോസ്പിറ്റലിൽ നഴ്സുമാർ ചെയ്യുന്നതും ചരക്കുത്പാദനമല്ല, സേവനമാണ്.

          ഇതുകൂടാതെ നാലാമതൊരു സാമ്പത്തികവിഭാഗം കൂടി വിവക്ഷിക്കപ്പെടാറുണ്ട്. ഇതാണ് Knowledge sector. ഗവേഷണങ്ങൾ, പുതിയ സാങ്കേതികവിദ്യകളുടെ വികാസം, ട്രെയിനിംഗ് അഥവാ തൊഴിൽ നൈപുണ്യവികസനം തുടങ്ങിയവ ഇതിൽപെടും. ആദ്യ മൂന്ന് മേഖലകളും ഉൾപെടുന്ന സാമ്പത്തികഘടനയുടെ ജ്ഞാനസമ്പാദനമാണ് ഇതിന്റെ രത്നച്ചുരുക്കം. കൂടുതൽ ഉത്പാദനക്ഷമവും ത്വരിതവളർച്ചയും സാധ്യമാക്കുന്ന സാങ്കേതികവിദ്യകൾ, ശാസ്ത്രഗവേഷണങ്ങൾ, തൊഴിലാളികളുടെ നൈപുണ്യത്തിന്റെ പരിപോഷിപ്പിക്കൽ ഇതെല്ലാം നാലാം വിഭാഗത്തിൽ ഉൾപെടും. എങ്കിലും ആദ്യമൂന്ന് മേഖലകളായുള്ള തരംതിരിവാണ് എക്കണോമിയുടെ അടിസ്ഥാനവർഗീകരണ മാനദണ്ഡമായി നാം സ്വീകരിക്കുന്നത്.

        മാർക്സിസവും സാമ്പത്തികവർഗീകരണവും..

                    ഇനി മാർക്സിലേക്ക് കടക്കാം. മാർക്സിന്റെ സാമ്പത്തികവീക്ഷണം എന്നും കടപ്പെട്ടിരിക്കുന്നത് ആഡംസ്മിത്തും ഡേവിഡ് റിക്കാർഡോയും പരിപോഷിപ്പിച്ചെടുത്ത ക്ലാസിക്കൽ എക്കണോമിക്സിനോടു തന്നെയാണ്. മൂല്യസിദ്ധാന്തമാണ് അതിന്റെ ആണിക്കല്ല്. എന്നാൽ മുതലാളിത്ത- ഉത്പാദകബന്ധങ്ങളെ വിമർശനപക്ഷത്ത് നിർത്തി അത് സൃഷ്ടിക്കുന്ന അനിവാര്യമായ തകർച്ചകളെ ചൂണ്ടിക്കാട്ടുന്ന മാർക്സിയൻ എക്കണോമിക്സ് മേൽപറഞ്ഞ primary, secondary, service sectors എന്ന രീതിയിലുള്ള വിഭജനയുക്തിയിൽ താത്പര്യം പ്രകടിപ്പിക്കുന്നില്ല ,എന്നാൽ നിഷേധിക്കുന്നുമില്ല. മേഖലകളാക്കിയുള്ള വർഗീകരണത്തേക്കാൾ മുതലാളിത്ത സാമ്പത്തികഘടനയിലെ ഉത്പാദനശക്തികളുടെ വളർച്ചയെയും സങ്കീർണമായ ഉത്പാദനബന്ധങ്ങളെയുമാണ് മാർക്സിസം ചർച്ചാവിഷയമാക്കുന്നത്. ചരക്കിന്റെ മൂല്യം അതിന്റെ നിർമാണത്തിനാവശ്യമായ മൊത്തം സാമൂഹ്യാധ്വാനത്തെ ആശ്രയിക്കുന്നു. അങ്ങനെയാണെങ്കിൽ സേവനങ്ങൾ, വ്യാപാരം, ബാങ്കിംങ് ,ഇൻഷുറൻസ്, വിനോദം തുടങ്ങി ചരക്കിതരമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സേവനമേഖലയിൽ മൂല്യസിദ്ധാന്തവും മിച്ചമൂല്യസിദ്ധാന്തവും എങ്ങനെ പ്രവർത്തിക്കുന്നു..? നോക്കാം.

                    ഒരു പക്ഷേ കാർഷിക- വ്യവസായിക മേഖലകളേക്കാൾ ദേശീയവരുമാനത്തെ നിയന്ത്രിക്കുന്ന മുഖ്യഘടകമായി സേവനമേഖല മാറിയിരിക്കുന്നു. മൂലധനം കൂടുതലായി ഈ മേഖലകളിൽ കുന്നുകൂടുന്നു. ഫിനാൻസ് മൂലധനം ഇതിന് നല്ലൊരു ഉദാഹരണമാണ് (വരും ലേഖനങ്ങളിൽ വിശദീകരിക്കാം). സേവനമേഖലയിലെ സാമ്പത്തികപ്രവർത്തനങ്ങളെ കുറിച്ച് മാർക്സ് വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് യൂറോപ്പിലെ ദേശീയസാമ്പത്തിക വളർച്ചകൾ കൂടുതലും കാർഷിക വ്യവസായിക -പുരോഗതികളെയാണ് ആശ്രയിച്ചിരുന്നത്. ഇന്നതേതുപോലെ സേവനമേഖല അക്കാലത്ത് വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ സേവനമേഖലയിലെ മൂല്യോത്പാദനത്തെ വിശകലനം ചെയ്യാൻ മാർക്സിസ്റ്റ് രീതിശാസ്ത്രത്തിലൂടെ സാധിക്കും.

       അധ്വാനം -ഉത്പാദനപരവും ഉത്പാദനേതരവും


സേവനമേഖലയും ചരക്കുകളിൽ ഉള്ളതുപോലെ മൂല്യം നിർമിക്കുന്നുണ്ട്. ചരക്ക് എന്നത് ഭൗതികവസ്തു മാത്രമായി കാണാനാവില്ല. ഉദാഹരണത്തിന് ഫാക്ടറിയിൽ നിർമിക്കപ്പെടുന്ന ചരക്ക് മറ്റിടങ്ങളിലെത്തിക്കുന്ന ലോറി ഡ്രൈവർ ചരക്ക് നിർമാണത്തിൽ പങ്കാളിയല്ല, എന്നാൽ ചരക്കിന്റെ മൂല്യത്തിൽ അയാളുടെ അധ്വാനവും പങ്ക് വഹിക്കുന്നുണ്ട്. കുട്ടികൾക്ക് വിജ്ഞാനം പകരുക, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുക എന്നീ കടമകൾ നിർവഹിക്കുന്ന അധ്യാപകനും സേവനരൂപത്തിൽ മൂല്യം സൃഷ്ടിക്കുന്നുണ്ട്. അധ്വാനം പ്രധാനമായും രണ്ട് വിധത്തിലാകാം.
                    1) ഉത്പാദനപരം (Productive)
                    2) ഉത്പാദനേതരം (Non productive)

          ചരക്ക് നിർമാണത്തിൽ അഥവാ മൂല്യത്തിന്റെ ഉത്പാദനത്തിൽ പങ്ക് വഹിക്കുന്ന/ മൂല്യവും മിച്ചമൂല്യവും സൃഷ്ടിക്കുന്ന അധ്വാനമാണ് ഉത്പാദനപരമായ അധ്വാനം. കയർ ഫാക്ടറിയിൽ തൊണ്ട് തല്ലുന്നവനും കയർ പിരിക്കുന്നവനും ചരക്കിന്റെ ഉത്പാദനത്തിന് ആവശ്യമായ മൊത്തം അധ്വാനത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ മൂല്യം പുതുതായി ഉത്പാദിപ്പിക്കാത്ത അധ്വാനങ്ങളെ ഉത്പാദനേതര അധ്വാനം എന്ന് വിളിക്കാം. ഒരു റീട്ടെയ്ൽ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റമറിന് സാധനങ്ങൾ വിൽക്കുന്ന ജോലിയിലേർപ്പെടുന്നു എന്ന് കരുതുക. ഇവിടെ സാധനത്തിന്റെ നിർമാണത്തിൽ ആ കടയിലെ സ്റ്റാഫിന് പങ്കില്ല. അയാളുടെ അധ്വാനം സാധനത്തിൽ പുതുതായി മൂല്യമൊന്നും സൃഷ്ടിക്കുന്നില്ല. ചരക്കുകളുടെ വിപണനത്തിനായി അയാളുടെ അധ്വാനം ചിലവാക്കുകയാണ് ചെയ്യുക.
വിപണിയിലെത്തുന്ന ചരക്കിന്റെ മൂല്യം ഉണ്ടാകുന്നത് ഉത്പാദനപ്രക്രിയയിൽ വെച്ചാണ്. വിപണനവേളയിലല്ല. ചരക്കിന്റെ മൂല്യം പണമായി മൂർത്തവത്കരിക്കപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. മാർക്കറ്റിൽ ചരക്ക് മൂല്യത്തിന് സംഭവിക്കുന്ന ക്രയവിക്രയങ്ങളിൽ പങ്കെടുക്കുന്നവർ അധ്വാനിക്കുന്നുണ്ടെങ്കിലും മൂല്യം സൃഷ്ടിക്കുന്നില്ല.

                    ഇവിടെ ഒരുപാട് സംശയങ്ങൾ തലപൊക്കിയേക്കാം. ലാഭത്തിന്റെ അടിസ്ഥാനം തൊഴിലാളി നിർമിച്ച മിച്ചമൂല്യമാണല്ലോ.. ചരക്ക് വ്യാപാരത്തിൽ വ്യാപാരിയുടെ ലാഭത്തിന്റെ അടിസ്ഥാനം എന്ത്..?
ഇത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം..
 
ഒരു ചരക്കിന് വിപണിമൂല്യം 200 രൂപയാണെന്ന് കരുതുക. ഇത് നിർമിക്കാനാവശ്യമായ സ്ഥിരമൂലധനം C= Rs 60
അസ്ഥിരമൂലധനം V= Rs 40 ആയാൽ
മിച്ചമൂല്യം S= Rs 100 എന്ന് കാണാം.
മൂല്യം = C+ V+ S ആണല്ലോ.
ഇവിടെ ചരക്ക് നിർമിച്ച കമ്പനി ഈ ചരക്ക് വ്യാപാരിക്ക് വിറ്റത് 120 രൂപയ്ക്കാണെന്ന് കരുതുക.
ചരക്ക് നിർമിച്ച കമ്പനി മുതലാളിയുടെ
ലാഭം = 120 - 100 = 20 രൂപ.
വ്യാപാരി ഇത് കടയിൽ എത്തിക്കുകയും സാധനം വിറ്റ് 200 രൂപ മൂല്യം നേടുകയും ചെയ്യും.
വ്യാപാരിയുടെ ലാഭം = 200 - 120 = 80 രൂപ.

                    ചരക്ക് ഉത്പാദനത്തിൽ ഏർപെട്ട തൊഴിലാളി സൃഷ്ടിച്ച മിച്ചമൂല്യമായ 100 രൂപ ഇവിടെ 80, 20 എന്നിങ്ങനെ വിഭജിക്കപ്പെട്ടതായി കാണാം. മൂല്യവും മിച്ചമൂല്യവും ഉത്പാദിപ്പിക്കപ്പെടുന്നത് ചരക്കിന്റെ ഉത്പാദനവേളയിലാണ്. ഈ മിച്ചമൂല്യത്തിന്റെ ഒരു പങ്ക് ഉത്പാദകന് ലാഭമായി ലഭിക്കുമ്പോൾ മറ്റൊരു പങ്ക് വിപണനവേളയിൽ കച്ചവടക്കാരന്റെ ലാഭമായി മാറുന്നത് കാണാം. വ്യാപാരിയുടെ ഈ മിച്ചം തന്നെയാണ് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും കൂലിയായി മാറുന്നത്. ഉത്പാദനേതരമായ അധ്വാനം നിർവഹിക്കുന്ന ഇൗ വിഭാഗം ജീവനക്കാരും അധ്വാനവും മിച്ചാധ്വാനവും നടത്തുന്നുണ്ടെങ്കിലും അവർ ചരക്കിൽ മൂല്യം സൃഷ്ടിക്കുന്നില്ല. ചരക്കിലെ മിച്ചമൂല്യം ഈ തൊഴിലാളികൾക്കിടയിലും പങ്ക് വെക്കപ്പെടുകയാണ് ചെയ്യുന്നത്.. ചരക്ക് ഉത്പാദനമേഖലയിൽ പങ്കെടുക്കുന്ന അധ്വാനവർഗം സൃഷ്ടിക്കുന്ന മിച്ചമൂല്യം ഒരു മുതലാളിയുടെ മാത്രം ലാഭമായി മാറുന്നില്ല. വ്യാപാരി, ബാങ്ക്, ഭൂവുടമ തുടങ്ങി വർഗങ്ങളാൽ പങ്ക് വെക്കപ്പെടുകയാണ് ചെയ്യുന്നത്.

                              ബാങ്കും ഭൂവുടമയും.

                              ബാങ്കിന്റെ ലാഭം പലിശയാണെങ്കിൽ ഭൂവുടമ വാങ്ങുന്നത് വാടകയാണ്. ചരക്കുത്പാദനത്തിനായി നിക്ഷേപം നടത്തുന്ന മുതലാളിയുടെ ലാഭം (അഥവാ തൊഴിലാളിയുടെ മിച്ചമൂല്യം) തന്നെയാണ് അയാൾ പലിശയിനത്തിൽ (Interest) ബാങ്കിൽ അടയ്ക്കുന്നത്. ഫാക്ടറി കെട്ടിടത്തിന്റെയോ ഭൂമിയുടെയോ മറ്റോ വാടകയായി (Rent) മുതലാളി ഭൂവുടമയ്ക്ക് നൽകുന്നതും ലാഭത്തിന്റെ പങ്ക് തന്നെ. ചുരുക്കത്തിൽ ചരക്കുകളുടെ (സേവനങ്ങൾ ഉൾപെടെ) ഉത്പാദനത്തിൽ നിർവഹിക്കുന്ന ഉത്പാദനപരമായ അധ്വാനം മിച്ചമൂല്യം സൃഷ്ടിക്കുന്നു എങ്കിലും ഈ മിച്ചമൂല്യം മുഴുവനായി മൂലധനഉടമ ലാഭമെന്ന പേരിൽ സ്വന്തമാക്കുന്നില്ല. ഈ മിച്ചമൂല്യത്തിലൊരു പങ്ക് മുതലാളിയുടെ ലാഭമായും ബാക്കി വ്യാപാരിയിലേക്കും ബാങ്ക് ഉൾപെടെയുള്ള ധനകാര്യസ്ഥാപനങ്ങളിലേക്കും ഭൂവുടമയിലേക്കും ഉത്പാദനേതര -തൊഴിൽ നിർവഹിക്കുന്ന മറ്റ് തൊഴിലാളികളിലേക്കും പങ്കുവെക്കപ്പെടുകയുമാണ് ചെയ്യുക.

                    ഒരു അധ്വാനം ഉത്പാദനപരമോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആ അധ്വാനം ചരക്ക് ഉത്പാദനവുമായും ക്രയവിക്രയവുമായും എങ്ങനെ ബന്ധം പുലർത്തുന്നു എന്നത് അനുസരിച്ചാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സേവനങ്ങളെ നാലായി തിരിക്കാം..

1) മൂല്യോത്പാദന സേവനങ്ങൾ (Value creating services)
 
- ചരക്കിന്റെയോ സേവനത്തിന്റെയോ രൂപത്തിൽ ഉപയോഗമൂല്യം നിർമിക്കുന്ന സേവനങ്ങൾ.. ഒരു കയർമില്ലിലെ തൊഴിലാളിയുടെ സേവനം കയർ എന്ന ചരക്കിന്റെ രൂപത്തിൽ മൂല്യം സൃഷ്ടിക്കുമ്പോൾ ഒരു ടീച്ചർ സൃഷ്ടിക്കുന്ന മൂല്യം ചരക്കായല്ല, സേവനരൂപത്തിലാണ് വിവക്ഷിക്കപ്പെടുക. തന്റെ വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെയും നൈപുണ്യത്തിന്റെയും ശിക്ഷണത്തിന്റെയും രൂപത്തിൽ ഉപയോഗമൂല്യം സൃഷ്ടിക്കുന്ന അധ്യാപകർ സ്കൂൾ ഉടമയ്ക്ക് മിച്ചമൂല്യവും ലാഭരൂപത്തിൽ നൽകുന്നുണ്ട്. ഒരു സിനിമാതാരവും അഭിനയത്തിലൂടെ ചരക്ക് അല്ല, പ്രേക്ഷകന് വേണ്ടിയുള്ള വിനോദമൂല്യമാണ് നിർമിക്കുന്നത്. മൂല്യത്തിന്റെ അധ്വാനസിദ്ധാന്തത്തെ (Law of value) വികസിപ്പിച്ച ആഡം സ്മിത്തും റിക്കാർഡോയും മാൽത്തൂസുമൊക്കെ ഭൗതികച്ചരക്കുകളുടെ ഉത്പാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മാർക്സ് ചരക്ക് നിർമാണവുമായി ബന്ധപ്പെട്ട സേവനങ്ങളെ കുറിച്ച് എഴുതുന്നുവെങ്കിലും സേവനമേഖലയെ സ്പർശിച്ചുപോകുന്നതേ ഉള്ളൂ എന്ന് കാണാം. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അതേ സാധ്യമാകുമായിരുന്നുള്ളൂ..

2) ചരക്ക് വിപണനസേവനങ്ങൾ (Value circulating services)
 
- ഇവിടെ ചരക്കിന്റെ വിപണിയിലെ ക്രയവിക്രയം വേഗത്തിലാക്കുന്ന സേവനങ്ങളാണ് ഉൾപെടുന്നത്. ചരക്കുകളുടെ മൂല്യം പണരൂപത്തിൽ മൂർത്തവത്കരിക്കുകയാണ് വിപണിയിൽ സംഭവിക്കുക (Realization of value). ഉത്പന്നങ്ങളുടെ വിറ്റഴിയൽ വേഗത്തിലാക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ കർത്തവ്യം, മറിച്ച് ഈ മേഖലയിലെ തൊഴിലാളികൾ ചരക്കിൽ പുതുതായി മൂല്യമോ മിച്ചമൂല്യമോ നിർമിക്കുന്നില്ല. അവരുടെ അധ്വാനം മൂല്യനിർമാണത്തിനല്ല, മൂല്യത്തിന്റെ വേഗത്തിലുള്ള മൂർത്തവത്കരണത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. റീട്ടെയ്ൽ, ഇ- കൊമേഴ്സ്, ബാങ്കിംഗ്, പരസ്യം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപെടും.. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിൽപനയും മൂലധനനിക്ഷേപവുമൊക്കെയാണ് ഇൗ വിഭാഗത്തിന്റെ ലക്ഷ്യം.

3) ചരക്കുഗതാഗതവും സംഭരണവും (Transport& Storage)
 
- ഒരു ചരക്ക് ഉപയോഗമൂല്യം ഉള്ളതാകണമെങ്കിൽ അത് നിർമിതമായ ഫാക്ടറിയിൽ കൂട്ടിയിട്ടിട്ട് കാര്യമില്ല, ഉപഭോക്താവിലേക്ക് അവ എത്തിച്ചേരേണ്ടതുണ്ട്, അഥവാ ചരക്കിന് സ്ഥാനചലനം കൂടി സംഭവിക്കണം. ഇതാണ് ചരക്കുഗതാഗതത്തിന്റെ കർത്തവ്യം. ഇതിനാൽ ഗതാഗതവും ചരക്കിന്റെ മൂല്യത്തിൽ ഒരു പങ്ക് വഹിക്കുന്നു, മൂല്യവും മിച്ചമൂല്യവും നിർമിക്കുന്നു. ഈ മൂല്യവും ചരക്കിന്റെ മൂല്യത്തിന്റെ ഭാഗമായി മാറുന്നു, മൊത്തം സാമൂഹ്യാധ്വാനത്തിന്റെ ഭാഗമാകുന്നു. (എല്ലാ ഗതാഗതവും productive ആകണമെന്നുമില്ല). ചരക്ക് ഗതാഗതം ചരക്ക് നിർമാണത്തിന്റെ അന്തിമഘട്ടത്തിന്റെ തുടർച്ച തന്നെയാണ്. അത് ഉത്പാദനപരമായ സേവനമാണ്.
ചരക്കിന്റെ സംഭരണമാവട്ടെ ഉത്പാദനേതരമാണ്. അതായത് സംഭരണത്തിലൂടെ ചരക്കിന് പ്രത്യേകിച്ച് മൂല്യമൊന്നും കൈവരുന്നില്ല, രണ്ടാം വിഭാഗത്തെ പോലെ മൂല്യം പണരൂപമായി മാറുന്നുമില്ല. ചരക്ക് സംഭരണം മൂല്യത്തെ അതേരൂപത്തിൽ സംരക്ഷിക്കുകയാണ് ചെയ്യുക. ചരക്കിന് സംഭവിക്കാവുന്ന കേടുപാടുകളെ പ്രതിരോധിച്ച് അതിന്റെ മൂല്യത്തെ അത് സംരക്ഷിക്കുന്നു എന്ന് സാരം. (എന്നാൽ ചില സാങ്കേതികമായ സംഭരണമാർഗങ്ങൾ ചരക്കിന്റെ മൂല്യം ഉയർത്താറുണ്ട് താനും).

4) മുതലാളിത്തേതര ഉത്പാദനം (Non-Capitalist production)
 
- വീട്ടുവേല, ഓട്ടോറിക്ഷ, ചില വ്യക്തിഗതമായ സ്വയംതൊഴിലുകൾ തുടങ്ങിയ വിഭാഗങ്ങൾ ഇതിൽ ഉൾപെടും. സ്വന്തം ഓട്ടോ ഓടിച്ച് വരുമാനം നേടുന്ന ഒരു റിക്ഷാത്തൊഴിലാളി നടത്തുന്ന സേവനവും മൂല്യം ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ ഇവിടെ മൂലധനഉടമയും തൊഴിലാളിയുമെല്ലാം അയാൾ തന്നെ ആകയാൽ ഡ്രൈവർ നിർമിക്കുന്ന മിച്ചമൂല്യവും അയാൾ തന്നെ സ്വന്തമാക്കുന്നു. മിച്ചമൂല്യം അധ്വാനിച്ചവനിലേക്ക് തന്നെ നൽകപ്പെടുന്നത് വ്യവസ്ഥാപിതമായ മുതലാളിത്ത- ഉത്പാദകബന്ധങ്ങൾക്ക് വിരുദ്ധമാണല്ലോ. ഇതുപോലെ സർക്കാർ മേഖലയിലുള്ള സ്ഥാപനങ്ങളും ഈ വിഭാഗത്തിൽ പെടും. ഇവിടെയും തൊഴിലാളികൾ മിച്ചമൂല്യം നിർമിക്കുന്നുവെങ്കിലും അത് ഒരു സ്വകാര്യഉടമ ലാഭമായി സ്വന്തമാക്കുകയല്ല, പൊതുഖജനാവിലേക്ക് നൽകപ്പെടുകയാണ് ചെയ്യുക. ഈ ലാഭം വികസനപ്രവർത്തനങ്ങളിലൂടെയും ക്ഷേമപദ്ധതികളിലൂടെയും ജനങ്ങളിലേക്ക് തിരികെയെത്തുന്നു.

                              സാമ്പത്തികകുഴപ്പങ്ങൾ..

മുതലാളിത്തത്തിലെ ഘടനാപരമായ സാമ്പത്തികകുഴപ്പങ്ങൾ എന്തുകൊണ്ട്.. ?

'സാമ്പത്തികമാന്ദ്യം' എന്ന പദം ഇന്ന് സാധാരണക്കാർക്ക് ഉൾപെടെ എല്ലാവർക്കും സുപരിചിതമാംവിധം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ്. ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ മാന്ദ്യഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലില്ലായ്മനിരക്ക് 45 വർഷത്തിനിടയിലെ ഉയർന്ന റെക്കോഡിലാണ്. വളർച്ചാനിരക്ക് 5%ലും താഴെയും. കാർഷികമേഖലയും ചെറുകിടവ്യവസായശാലകളും റീട്ടെയ്ൽ വ്യാപാരകേന്ദ്രങ്ങളും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. എന്താണ് ഇതിന്റെ കാരണം..? പ്രധാനകാരണം ഇതാണ് :- വിപണിയിലെ ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞിരിക്കുന്നു. രൂക്ഷമായ സാമ്പത്തികഞെരുക്കം, വരുമാനഇടിവ്, തൊഴിലില്ലായ്മ തുടങ്ങിയവ മൂലം ആളുകളുടെ കൈവശമുള്ള ക്രയവിക്രയം ചെയ്യാനാവുന്ന പണം കുറയുകയോ, ഉള്ള ചെലവുകൾ അവർ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ചരക്കുകളും സേവനങ്ങളും വിറ്റഴിക്കപ്പെടാതാവും, കെട്ടിക്കിടക്കും. 'അമിതോത്പാദനപ്രതിസന്ധി' പോലുള്ള മുതലാളിത്തപരാജയങ്ങൾ വീണ്ടും ആവർത്തിക്കും.
 
                    സാമ്പത്തികകുഴപ്പങ്ങൾ (Recessions) സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എട്ടോ പത്തോ വർഷം കൂടുന്ന ഇടവേളകളനുസരിച്ച് സമ്പദ്ഘടനയിൽ മാന്ദ്യഘട്ടങ്ങളുണ്ടാവും. പിന്നീട് അവയിൽ നിന്നും വളരെ വേഗത്തിൽ തന്നെ കരകയറുകയും ചെയ്യും. രണ്ടാം ലോകയുദ്ധത്തിന് ശേഷം പ്രധാനമായും ഏഴ് മാന്ദ്യഘട്ടങ്ങളിലൂടെയെങ്കിലും ലോകരാജ്യങ്ങളുടെ സമ്പദ്ഘടനകൾ കടന്നുപോയിട്ടുണ്ട്. എന്നാൽ അവയെല്ലാം താരതമ്യേന തീവ്രത കുറഞ്ഞതും വേഗത്തിൽ പരിഹരിച്ച് അഭിവൃദ്ധിയിലേക്ക് കടക്കാൻ സാധിക്കുന്നതുമായിരുന്നു. കെയ്നീഷ്യൻ ഡിമാന്റ് മാനേജ്മെന്റ് (ഇതെന്താണെന്ന് തുടർലേഖനങ്ങളിൽ വിശദീകരിക്കാം) പോലുള്ള താത്കാലികപരിഹാരങ്ങൾ ക്യാപിറ്റലിസത്തെ ദശാബ്ദങ്ങളോളം സംരക്ഷിച്ചുനിർത്തി.

                    പക്ഷേ ഇന്നതല്ല സ്ഥിതി. 2008ലെ ലോകസാമ്പത്തികമാന്ദ്യം യൂറോപ്പിലുൾപെടെ ഏൽപിച്ച കനത്ത ആഘാതത്തിൽ നിന്ന് ഇന്നും പൂർണമായും ഒരു തിരിച്ചുവരവ് സാധ്യമായിട്ടില്ല. തൊഴിലില്ലായ്മ കൂടുന്നു, തൊഴിലാളികളുടെ കൂലിനിരക്കുകൾ കീഴ്പ്പോട്ടു നീങ്ങുന്നു, ജീവിതച്ചെലവ് വർദ്ധിക്കുന്നു, ആളുകൾ ചെലവുചുരുക്കുന്നു, ഇല്ലായ്മകൾ സഹിച്ച് ജീവിക്കാൻ നിർബന്ധിതരാവുന്നു, അടിവസ്ത്രം മുതൽ ആഢംബരവസ്തുക്കൾ വരെയുള്ള ചരക്കുകളുടെ വിൽപന ഇടിയുന്നു, വീണ്ടും ഗൗരവതരമായ സാമ്പത്തികമാന്ദ്യങ്ങളിലേക്ക് ലോകം നീങ്ങുന്നു. ഇന്ത്യയിലും ഈ ഭീഷണി 2016കൾക്കു മുമ്പേ ദൃശ്യമായിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി പോലുള്ള വിഡ്ഢിത്തങ്ങളും മോദിസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അതിന്റെ തീവ്രത വർധിപ്പിച്ചെന്ന് മാത്രം. എന്തുകൊണ്ടാണ് സാമ്പത്തികകുഴപ്പങ്ങൾ ഒരിക്കലും പിടിച്ചുനിർത്താനോ നിർവീര്യമാക്കാനോ സാധിക്കാത്തവണ്ണം മുതലാളിത്തത്തിൽ അനിവാര്യമായി തീരുന്നത്. കാരണമായി മാർക്സിന്റെ വാക്കുകൾ തന്നെ കടമെടുക്കേണ്ടിവരും -'' മുതലാളിത്തഉത്പാദനക്രമത്തിലെ ഇത്തരം സാമ്പത്തികകുഴപ്പങ്ങളുടെ പ്രഭവകേന്ദ്രം മൂലധനം തന്നെയാണ്.''

                    ദാസ് ക്യാപിറ്റലിൽ നാലാം ഭാഗം മുതൽതന്നെ മുതലാളിത്തം എന്ന ഉത്പാദനക്രമത്തിന്റെ സഹജമായ പ്രതിഭാസമെന്നോണം ഉണ്ടാകുന്ന സാമ്പത്തികകുഴപ്പങ്ങളെയും അതിന്റെ ആവർത്തനസ്വഭാവത്തെയും മാർക്സ് വിഷയമാക്കുന്നുണ്ട്.


1) ഉത്പാദനോപാധികളും ഉപഭോഗവസ്തുക്കളും

ചരക്ക് ഉത്പാദനത്തെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിക്കാം -ഒന്ന് ഉത്പാദനോപാധികൾ നിർമിക്കുന്ന ഒന്നാം വിഭാഗവും ഉപഭോഗവസ്തുക്കൾ നിർമിക്കുന്ന രണ്ടാം വിഭാഗവും. അതായത് ജനങ്ങളുടെ ഉപഭോഗത്തിനായി വിപണിയിലെത്തുന്ന ചരക്കുകളുടെ ഉത്പാദനകേന്ദ്രങ്ങൾ രണ്ടാംവിഭാഗത്തിൽ വരുമ്പോൾ ആ ഉത്പാദനത്തിനാവശ്യമായ യന്ത്രങ്ങളും മറ്റ് ഉപാധികളും നിർമിക്കുന്ന കേന്ദ്രങ്ങൾ ഒന്നാം വിഭാഗത്തിൽ വരുന്നു. ഒരു വാഹനനിർമാണഫാക്ടറി രണ്ടാം വിഭാഗത്തിൽ ഉൾപെടുത്താമെങ്കിൽ അവിടെ സ്ഥാപിക്കപ്പെടുന്ന യന്ത്രസാമഗ്രികൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ നിർമിക്കുന്ന ഫാക്ടറികളെ ഒന്നാംവിഭാഗത്തിലും ചേർക്കാം. ഇങ്ങനെ രണ്ട് വിഭാഗങ്ങൾ ചേർന്ന മുതലാളിത്ത- ഉത്പാദനഘടന ഒരു ആവർത്തനപ്രതിസന്ധി സൃഷ്ടിക്കുന്നതായി മാർക്സ് ചൂണ്ടിക്കാട്ടുന്നു.

                    രണ്ടാം വിഭാഗത്തിൽ ഉൾപെടുന്ന ഉത്പാദനകേന്ദ്രങ്ങളിൽ യന്ത്രോപകരണങ്ങളും സാമഗ്രികളും സ്ഥാപിക്കുകയോ പുനഃസജ്ജീകരിക്കുകയോ ചെയ്യുമ്പോൾ ഒന്നാം വിഭാഗത്തിലെ ഉത്പന്നങ്ങൾക്ക് ഡിമാന്റ് വർധിക്കുന്നു. യന്ത്രോപകരണങ്ങൾ പുനഃസ്ഥാപിക്കുമ്പോൾ ആ ഉപകരണങ്ങളുടെ വിപണി കൂടുതൽ അഭിവൃദ്ധിയിലേക്ക് നീങ്ങുകയാവും ചെയ്യുക. ഇത് ഒന്നാം വിഭാഗത്തിലെയും ഉത്പാദനം ചടുലമാക്കുകയും കൂടുതൽ തൊഴിലാളികൾ ഈ വിഭാഗങ്ങളിലേക്ക് വരികയും ചെയ്യും. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. തൊഴിലവസരങ്ങൾ ഇരുവിഭാഗങ്ങളിലും വർധിക്കുന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്താണ്..? കൂടുതൽ ആളുകളിലേക്ക് തൊഴിലും വരുമാനവും എത്തുന്നതിലൂടെ ജനങ്ങളുടെ വാങ്ങൽശേഷി വർധിക്കുന്നു. വിപണി സജീവമാകുന്നു. സാമൂഹ്യോത്പാദനം ചലനാത്മകമാകുന്നു. ഇതാണ് മുതലാളിത്തത്തിന്റെ അഭിവൃദ്ധിഘട്ടം.

                    എന്നാൽ രണ്ടാം വിഭാഗത്തിൽ എല്ലായ്പ്പോഴും യന്ത്രോപകരണങ്ങൾ സജ്ജീകരിച്ചുകൊണ്ടേയിരിക്കില്ല. രണ്ടാംവിഭാഗത്തിൽ ഒരിക്കൽ ഉപകരണനവീകരണം കഴിഞ്ഞാൽ പിന്നീട് അവർ യന്ത്രോപാധികൾ വാങ്ങേണ്ട ആവശ്യമില്ല. ഒന്നാം വിഭാഗത്തിന്റെ മൊത്തം ആവശ്യകത കുറയും. അവിടെ നിന്നും വിപണിയിലെത്തുന്ന ഉത്പാദനോപാധികളുടെ ഡിമാന്റ് ഇടിയും. ഇത് ഒന്നാം വിഭാഗത്തെ പ്രതിസന്ധിയിലാക്കുകയും ഉത്പാദനകേന്ദ്രങ്ങൾ നഷ്ടത്തിലാവുകയും ചെയ്യും. ഇത് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്കോ കൂലി വെട്ടിച്ചുരുക്കുന്നതിലേക്കോ സ്ഥാപനങ്ങൾ പൂട്ടിപ്പോവുന്നതിലേക്കോ നയിക്കാം. ഇതിലേത് സംഭവിച്ചാലും അത് തൊഴിലാളികളുൾപെടുന്ന ബഹുഭൂരിപക്ഷത്തിന്റെ വാങ്ങൽശേഷി കുറയ്ക്കുകയും മാർക്കറ്റിൽ വിൽപന- ഇടിവ് രൂക്ഷമാവുകയും ചെയ്യും.
ഇത് രണ്ടാംവിഭാഗത്തെയും നഷ്ടങ്ങളിലേക്കും സാമ്പത്തികഞെരുക്കത്തിലേക്കും തള്ളിവിടുന്നു. ചുരുക്കത്തിൽ സമ്പദ്ഘടനയാകെ മാന്ദ്യഘട്ടത്തിലേക്ക് നീങ്ങുന്നു. എന്നാൽ പിന്നീട് രണ്ടാം വിഭാഗത്തിൽ ഉത്പാദനോപാധികളുടെ നവീകരണം ആരംഭിക്കുമ്പോൾ ഒന്നാം വിഭാഗവും തന്മൂലം രണ്ടാം വിഭാഗവും വീണ്ടും പ്രതിസന്ധിയിൽ നിന്നും കരകയറുകയും അഭിവൃദ്ധി ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്യും. 

                    അഭിവൃദ്ധിയും മാന്ദ്യവും ചേർന്ന ഈ പ്രക്രിയ ചാക്രികമായി തുടർന്നുകൊണ്ടേയിരിക്കും. സാധാരണഗതിയിൽ രണ്ടാം വിഭാഗം ഉത്പാദനകേന്ദ്രങ്ങളിൽ നടക്കുന്ന യന്ത്രോപകരണങ്ങളുടെ പുനഃസ്ഥാപനങ്ങൾ ഓരോ 8 -10 (ഏതാണ്ട്) വർഷം കൂടുമ്പോഴും വീണ്ടും അരങ്ങേറുന്നതിനാൽ അഭിവൃദ്ധിയും മാന്ദ്യവും 8- 10 വർഷം കൂടുമ്പോൾ ആവർത്തിച്ചുവരുന്നു. ഇതുവരെയുള്ള economic cycleകളുടെ ചരിത്രവും ഇതിനെ അടിവരയിടുന്നു.

                    മാന്ദ്യവും അഭിവൃദ്ധികളും ചേർന്ന ഈ സാമ്പത്തികചക്രം മുതലാളിത്തഉത്പാദനക്രമത്തെ സ്ഥിരഗതിയിലുള്ളതും വളരെ രൂക്ഷവും ഘടനാപരവുമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. തുടർച്ചയായ സാമ്പത്തികമാന്ദ്യം സൃഷ്ടിക്കുന്ന ഞെരുക്കങ്ങൾ പൊതുവേ ചെലുത്തുന്ന ചില മാറ്റങ്ങൾ ഇവയാണ്..

1) ഓരോ മാന്ദ്യങ്ങൾക്ക് ശേഷവും വിപണി കൂടുതൽ കുത്തകവത്കരിക്കപ്പെടുന്നു. മാന്ദ്യത്തിന്റെ ഫലം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് ചെറുകിട-ഇടത്തരം ഉത്പാദകരെയും വ്യാപാരികളെയുമായിരിക്കും. വൻകിട- ബഹുരാഷ്ട്രകുത്തകകൾ മത്സരത്തിലൂടെയും ഭരണകൂടപിന്തുണകളോടെയും അതിജീവിക്കുകയും മൂലധനം ചെറിയൊരുവിഭാഗത്തിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്ത് ടെലികോം വിപണിയിൽ റിലയൻസ് ജിയോയുടെ വരവും മറ്റു കമ്പനികളുടെ ലയനവും പൂട്ടിപ്പോകലും സേവനദാതാക്കളുടെ എണ്ണം ക്രമാതീതമായി കുറയുന്നതുമെല്ലാം ഉദാഹരണങ്ങളാണ്..

2) കർഷക- തൊഴിലാളികളും ഇടത്തരം വ്യാപാരീ- വ്യവസായികളും തൊഴിലില്ലാത്തവരും ഒക്കെ ഉൾപ്പെടുന്ന വലിയൊരു വിഭാഗം മാന്ദ്യത്തിന്റെ ഫലമെന്നോണം ദരിദ്രവത്കരിക്കപ്പെടും- അതായത് മാന്ദ്യഫലങ്ങളുടെ പ്രത്യാഘാതങ്ങളുടെ ഭാരം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് താഴെത്തട്ടിലുള്ളവരും മധ്യവർഗവുമായിരിക്കും. Real GDP ഉയരുന്നു. സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും കേന്ദ്രീകരണങ്ങൾ ഇരുധ്രുവങ്ങളിലായി നിർബാധം തുടരുന്നു. ഓക്സ്ഫാം പുറത്തുവിട്ട് Time to care റിപ്പോർട്ട് അനുസരിച്ച് ലോകജനസംഖ്യയുടെ 60% ത്തോളം വരുന്ന 450 കോടി ജനങ്ങളുടെ സ്വത്തിനേക്കാൾ ആസ്തി 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട് എന്നാണ് വസ്തുത. 90കൾ മുതൽ നടപ്പാക്കിത്തുടങ്ങിയ നവലിബറലിസവും വിപണിയുടെ സ്വയംനിയന്ത്രണവും ട്രിക്കിൾ ഡൗൺ പോലുള്ള മുതലാളിത്തത്തിന്റെ വ്യാജധാരണകളും എത്രമാത്രം അർത്ഥശൂന്യമാണെന്ന് തെളിയിക്കാൻ 'ദാസ് ക്യാപിറ്റൽ' മറിച്ചുനോക്കേണ്ട. നിലവിൽ കൺമുന്നിൽ കത്തിനിൽക്കുന്ന യാഥാർത്ഥ്യങ്ങളിലേക്ക് സത്യസന്ധമായി നോക്കിയാൽ മാത്രം മതി..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...