Saturday, July 18, 2020

മാർക്സും കെയ്ൻസും മുതലാളിത്തപ്രതിസന്ധികളും..


                    മുതലാളിത്തം മാന്ദ്യങ്ങളെ ശരിക്കും അതിജീവിക്കുന്നുണ്ടോ..? നോക്കാം..

രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട്മുൻപുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടും പടർന്നുപിടിച്ച രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് മഹാ സാമ്പത്തിക മാന്ദ്യം അഥവാ ഗ്രേറ്റ് ഡിപ്രഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. പല രാജ്യങ്ങളിൽ പല വർഷങ്ങളിലായി രൂക്ഷമായി കാണപ്പെട്ടുവെങ്കിലും, മിക്ക രാജ്യങ്ങളിലും മഹാ സാമ്പത്തികമാന്ദ്യം 1929 -ഓടെ തുടങ്ങി 1930കളുടെ അവസാനമോ, 1940 കളുടെ തുടക്കത്തിലോ അവസാനിച്ചു. കറുത്ത ചൊവ്വ എന്ന് പിന്നീട് കുപ്രസിദ്ധമായ 1929 ഒക്ടോബർ 29 ന്, അമേരിക്കയിലെ ഓഹരി വിപണിയായ "വാൾ സ്ട്രീറ്റ്" ൽ തുടങ്ങിയ തകർച്ചയാണ് പിന്നീട് ലോകമെമ്പാടും പടർന്നത്. വ്യക്തിഗത വരുമാനങ്ങൾ, നികുതി വരവുകൾ, ലാഭങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കനത്ത തോതിൽ ഇടിവ് സംഭവിക്കുകയും, അന്താരാഷ്ട്ര വ്യാപാരം, പകുതി മുതൽ മൂന്നിൽ രണ്ടു വരെയായി കുറയുകയും ചെയ്തു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനവും, മറ്റ് ചില രാജ്യങ്ങളിൽ ഇത് 33 ശതമാനം വരെയും ആയി വർദ്ധിച്ചു. വ്യവസായത്തെ അമിതമായി ആശ്രയിച്ചിരുന്ന വൻ നഗരങ്ങൾക്കാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യപ്രഹരം ലഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ പല രാജ്യങ്ങളിലും പൂർണ്ണമായും സ്തംഭിച്ചു. ധാന്യവിളകൾക്ക് 60 ശതമാനം വരെ വിലയിടിവ് സംഭവിച്ചത് കൃഷിയേയും, ഗ്രാമപ്രദേശങ്ങളേയും ബാധിച്ചു. കുത്തനെ ഇടിഞ്ഞ തൊഴിൽ അവശ്യകതയും, ഇതര തൊഴിൽ അവസരങ്ങളുടെ അഭാവവും നാണ്യവിളകൾ, ഖനികൾ തുടങ്ങിയ മേഖലകളെ ശക്തമായി ബാധിച്ചു.

                    ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫെസ്സറും ആയിരുന്ന #ജോൺ_മെയ്നാഡ്_കെയ്ൻസ് ആണ് മഹാമാന്ദ്യത്തെ കുറിച്ച് വസ്തുനിഷ്ടമായ വിശദീകരണവും കരകയറാനുള്ള മാർഗങ്ങളും നിർദ്ദേശിച്ചത്. സർക്കാരിന്റെ കുറഞ്ഞ പൊതുചെലവുകൾ ജനങ്ങളുടെ വരുമാനത്തെയും വാങ്ങൽശേഷിയെയും കാര്യമായി ബാധിക്കുകയും വിപണിയിലെ സാമ്പത്തികപ്രക്രിയകൾ തകിടം മറിയുകയും ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായി. ഇത് ഓഹരിവിപണിയെയും പ്രതിസന്ധിയിലാക്കി.
മാന്ദ്യമെന്ന മഹാമാരി പിടിമുറുക്കിയ ആഗോളമുതലാളിത്തത്തെ അതിന്റെ സുവർണദശകളിലേക്ക് കൊണ്ടുവന്നതിൽ #കെയ്നീഷ്യൻ_പ്രിൻസിപ്പിൾസ് വഹിച്ച പങ്ക് ചെറുതല്ല. എന്തൊക്കെയാണ് കെയ്ൻസ് മുന്നോട്ടുവെച്ച സാമ്പത്തികാശയങ്ങൾ..? നോക്കാം..

1) Free market എന്ന dogmaയെ കെയ്ൻസ് തള്ളിക്കളയുന്നു. സാമ്പത്തികമേഖലയിൽ നിന്നും സർക്കാരുകൾ പിന്തിരിയണമെന്നും വിപണിയുടെ അദൃശ്യകരങ്ങൾ മുതലാളിത്തത്തെ സുസ്ഥിരമായി നിലനിർത്തുമെന്നും ഒക്കെയുള്ള പരമ്പരാഗത ലെസെ ഫെയർ വാദഗതിയെ കെയ്ൻസ് എതിർത്തു. 1936ൽ പുറത്തിറക്കിയ തന്റെ General theory of employmentൽ കെയ്ൻസ് തന്റെ ആശയങ്ങൾ വിശദീകരിക്കുന്നു. ആഡംസ്മിത്ത് പോലുള്ളവരുടെ യാഥാസ്ഥിതിക സാമ്പത്തികനിരീക്ഷണങ്ങളുടെ കാലം കഴിഞ്ഞെന്നും മുതലാളിത്തം പുതിയ ഘട്ടങ്ങളിലേക്ക് കടക്കുകയാണെന്നും കെയ്ൻസ് വാദിച്ചു. Economistകളെ മാറിച്ചിന്തിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. എന്നാൽ മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്നതിൽ മറ്റ് ബൂർഷ്വാസൈദ്ധാന്തികരെ പോലെ അദ്ദേഹവും പരാജയപ്പെട്ടു.

2) #Capitalism നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഗോൾഡ് സ്റ്റാൻഡേർഡും ധനആസ്തികളുടെ സ്വഭാവങ്ങളും ഒക്കെ നിരന്തരം മാറുന്നുവെന്ന് കെയ്ൻസ് വ്യക്തമാക്കി.
മുതലാളിത്തം നിയന്ത്രണങ്ങൾ ആവശ്യമുള്ള അസ്ഥിരമായ ഒരു ഉത്പാദനക്രമമാണ്. മാർക്സ് കണ്ടെത്തിയതുപോലെ മുതലാളിത്തത്തിൽ ഉത്പാദനോപാധികൾ വളരെ വേഗത്തിൽ സാമൂഹ്യവത്ക്കരിക്കപ്പെടുന്നുവെന്ന് കെയ്ൻസും അംഗീകരിച്ചു. മുതലാളിത്തം മാന്ദ്യങ്ങളിലേക്ക് വഴുതിവീഴുമ്പോൾ അതിനെ stabilize ചെയ്യാനായി സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് കെയ്ൻസ് വാദിച്ചു.

3) Fiscal policy - ഒരു സർക്കാരിന്റെ നികുതിവരുമാനവും അത് നടത്തുന്ന പൊതുചെലവുകളും സംബന്ധിച്ച നയങ്ങളെയാണ് Fiscal policy എന്ന് വിളിക്കുന്നത്. ഇവിടെ കെയ്ൻസ് 2 മാർഗങ്ങൾ മുന്നോട്ടുവെച്ചു. ഒന്ന് ,നികുതിനിരക്കുകൾ കുറയ്ക്കുക, സമ്പന്നർക്കുമേൽ കൂടുതൽ നികുതി ചുമത്തുക
രണ്ട്, പൊതുചെലവുകൾ വർധിപ്പിച്ചുകൊണ്ട് ജനക്ഷേമം ഉറപ്പാക്കുക. ഈ രണ്ട് മാർഗങ്ങളിലൂടെയും ജനങ്ങളുടെ കയ്യിൽ കൂടുതൽ മിച്ചധനം വന്നുചേരും. അവർ വിപണിയിൽ കൂടുതലായി ചെലവഴിക്കും. സർക്കാരിന്റെ ചെലവുകൾ റവന്യൂ വരുമാനത്തേക്കാൾ കൂടുതലാകുന്ന സാമ്പത്തികനയത്തെ Deficit spending അഥവാ #കമ്മിച്ചെലവ് എന്ന് വിളിക്കാം. ഇതിനെ പൊതുവേ ബൂർഷ്വാ- നിയോക്ലാസിക്കൽ സാമ്പത്തികവിദഗ്ധർ എതിർക്കുന്നു. അതുപോലെ സമ്പന്നനികുതിയെയും അവർ നിഷേധിക്കുന്നു.

നികുതിയും ചെലവും തമ്മിലെ ഈ Fiscal struggle യഥാർത്ഥത്തിൽ #വർഗസമരത്തിന്റെ തന്നെ മറ്റൊരുരൂപമാണെന്ന് മാർക്സ് നിർവചിക്കുന്നത് ഇതിനാലാണ്.
പക്ഷേ മുതലാളിത്തത്തെ മാന്ദ്യത്തിൽ നിന്നും രക്ഷിക്കാൻ കമ്മിബജറ്റുകൾ അനിവാര്യമാണെന്ന് കെയ്ൻസ് സമർത്ഥിച്ചു. 1940ൽ അമേരിക്കയിലെ സമ്പന്നനികുതി 92% വരെ ഉയർന്നു. US പ്രസിഡന്റ് ഫ്രാങ്ക്ളിൻ D റൂസ്‌വെൽറ്റ് കെയ്ൻസിനെ അംഗീകരിക്കുകയും 1933ൽ ന്യൂഡീൽ പദ്ധതി ആവിഷ്കരിക്കുകയും സർക്കാർ ചെലവുകൾ വർധിപ്പിക്കുകയും ചെയ്തു. കർഷകർക്ക് സബ്സിഡികൾ ഉൾപെടെ നൽകി. എങ്കിലും അമേരിക്കയെപോലെ ഒരു മുതലാളിത്തരാഷ്ട്രത്തിന് ഇത്തരം ഇടതുനയങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വൈമുഖ്യം ഉണ്ടായിരുന്നു.
ഒന്നാം ലോകയുദ്ധത്തിലും മഹാമാന്ദ്യത്തിലും തകർന്ന ജർമ്മനിയും #ഹിറ്റ്ലറിന്റെ കാലത്ത് കെയ്നീഷ്യൻ നയങ്ങളെ സ്വീകരിച്ചു.

#മുതലാളിത്തം വളരുന്തോറും സർക്കാർ ഇടപെടലിന്റെ ആവശ്യകതയും വളരുമെന്നതാണ് സത്യം. എന്നാൽ സർക്കാരിന്റെ പൊതുചെലവുകളുടെ ദിശയും മാറുന്നതായി കാണാം. ജനങ്ങളുടെ ക്ഷേമത്തേക്കാൾ ലാഭക്ഷമത ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെങ്കിൽ അത് യാതൊരു ഗുണവും ചെയ്യില്ല. തൊഴിലാളിവർഗത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് വൻകിടകുത്തകകളെ സഹായിക്കാനും അവരുടെ ലാഭനിരക്ക് ഉയർത്താനുമുള്ള ഭരണകൂടശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. ആയുധനിർമ്മാണത്തിലെ നിക്ഷേപമാണ് മറ്റൊന്ന്. വികസിതരാജ്യങ്ങൾ വൻതോതിൽ മുതൽമുടക്കുകയും തൊഴിൽശക്തിയും സമയവും ഊർജ്ജവും ചെലവിടുകയും ചെയ്യുന്ന ആയുധീകരണമേഖല സമൂഹത്തിന് നൽകുന്ന ക്ഷേമമൂല്യം പൂജ്യമാണ്. സുരക്ഷ ഉറപ്പാക്കുമെങ്കിലും നിരന്തരം തുടരുന്ന ഈ നശീകരണോപാധികളുടെ നിർമാണവ്യവസായത്തിനായി മുടക്കുന്ന കോടികൾ എത്രയോ സാധാരണക്കാരുടെ പട്ടിണിയകറ്റുമായിരുന്നു, ആരോഗ്യവിദ്യാഭ്യാസമേഖലകളിൽ വിനിയോഗിക്കാമായിരുന്നു, ജനങ്ങളുടെ ക്ഷേമവും വാങ്ങൽശേഷിയും ഉറപ്പാക്കാനാമായിരുന്നു.

4) പണനയം (Monetary policy) -
ഒരു സമ്പദ്‌വ്യവസ്ഥയിലെ കറൻസിയുടെ ഒഴുക്ക് നിയന്ത്രിച്ചുകൊണ്ട് സാമ്പത്തികവളർച്ച ഉറപ്പാക്കാൻ അതാത് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പ്രഖ്യാപിക്കുന്ന നയം എന്നർത്ഥം.

1980കളോടെ നവഉദാരവത്കരണം തലപൊക്കുകയും ധനനയങ്ങൾ വിപരീതദിശയിലേക്ക് തിരിയുകയും ചെയ്തു. ഇതിനൊരു കാരണമുണ്ട്. deficit spending ന്റെ ആധിക്യം സർക്കാരിന്റെ പൊതുകടം വർധിക്കാനിടയാക്കി. നികുതിവരുമാനത്തേക്കാൾ വർധിച്ച പൊതുചെലവുകൾ നടപ്പാക്കുന്നത് അമേരിക്കയെ ഉൾപെടെ ലോകത്തെ ഒന്നാംനമ്പർ കടബാധ്യതയുള്ള രാജ്യങ്ങളിലൊന്നാക്കി മാറ്റി. എന്നാൽ ഈ കടം തിരിച്ചടയ്ക്കാനും ചെലവുചുരുക്കാനും അവർക്ക് കഴിയുമായിരുന്നില്ല, കാരണം സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്ന സമയത്തെല്ലാം കമ്മിബജറ്റുകൾ പ്രഖ്യാപിച്ചുകൊണ്ട് സർക്കാരുകൾ കെയ്നീഷ്യൻ നയങ്ങളെ പിന്തുടർന്നു. പൊതുകടങ്ങൾ ഉത്പാദനപരമായ ലക്ഷ്യങ്ങൾക്കോ അല്ലാതെയോ ആവാം. ആഭ്യന്തരമോ അന്താരാഷ്ട്രകടങ്ങളോ ആവാം. ഇന്ത്യയുടെ പൊതുകടവും 1900കൾ മുതലിങ്ങോട്ട് പത്തിരട്ടിയിലേറെ വർധിച്ചിട്ടുണ്ട്. ഇത്തരത്തിൽ #public_debt വർധനയെ പ്രതിരോധിക്കാൻ ഭരണകൂടങ്ങൾ സ്വീകരിക്കുന്ന നയങ്ങൾ താഴെക്കൊടുക്കുന്നു.

(1) സബ്സിഡി,പെൻഷൻ തുടങ്ങി സർക്കാർ ചെലവുകൾ ഇല്ലാതാക്കാം.
(2) പൊതുമേഖലയുടെ സ്വകാര്യവത്കരണം
(3) വർധിച്ച വിദേശനിക്ഷേപം
( #മോഡിഭരണത്തിൻ കീഴിൽ ജീവിക്കുന്നതിനാൽ ഇവയൊന്നും കൂടുതൽ നിങ്ങൾക്ക് വിശദീകരിക്കേണ്ടല്ലോ)

#രത്നച്ചുരുക്കം - രൂക്ഷമായ മാന്ദ്യപ്രതിസന്ധികളിൽ നിന്നും എക്കോണമിയെ രക്ഷിക്കാൻ ഗവൺമെന്റ് കെയ്നീഷ്യൻ നയങ്ങളെ കൂട്ടുപിടിക്കും. പൊതുചെലവും വായ്പാപദ്ധതികളും പ്രധാനമന്ത്രിയോജനകളും വർധിക്കും! എന്നാൽ ഇത്തരം ഇടപെടലുകൾക്കും സമ്പദ്ഘടനയെ രക്ഷിക്കാൻ കഴിയാതെ വരും. പ്രശ്നങ്ങളെ കൂടുതൽ തീവ്രതയോടെ കുറച്ചുകാലത്തേക്ക് കൂടിനീട്ടിവെക്കാനേ മുതലാളിത്തത്തിന് സാധിക്കൂ, മറിച്ച് പ്രശ്നങ്ങളെ അതിജീവിക്കാൻ അതിന് കഴിയില്ല.
പരിഹരിക്കാനാവാത്ത വൈരുധ്യങ്ങളുമായി അത് വീഴ്ചകൾ ആവർത്തിച്ചുകൊണ്ടിരിക്കും.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...