Saturday, July 18, 2020

ലൈംഗികദാരിദ്ര്യവും സദാചാര വിലങ്ങുകളും


                    ഏതൊക്കെയോ കാലഘട്ടങ്ങളിലെ ഗോത്രീയമനുഷ്യരുടെ ബോധ്യങ്ങളിൽ നിന്നുംരൂപപ്പെട്ട മതമൂല്യങ്ങൾ ചാർത്തിയ കുറേ പൊതുബോധങ്ങൾ ഇപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് ലൈംഗികതയെ കുറിച്ചുള്ള അബദ്ധജടിലമായ കാഴ്ചപ്പാടുകളിലേക്കുമാണ്. അതിന്റെ അനന്തരഫലമെന്നോണം രാജ്യത്ത് സ്ത്രീസുരക്ഷ ഒരു ചോദ്യചിഹ്നവുമായി മാറുന്ന സ്ഥിതിവിശേഷം വന്നിരിക്കുന്നു. ലൈംഗികത പാപമോ, പൂട്ടിക്കെട്ടിവെക്കേണ്ടതോ, സദാചാരവിലങ്ങുകളാൽ കെട്ടിയിടേണ്ടതോ ആയ വികാരമല്ല, മറിച്ച് ലൈംഗികതയും മനുഷ്യന്റെ സഹജമായ ഒരു ചോദനയാണ്.. തങ്ങളുടെ ജീനുകൾ പകർന്നുനൽകിക്കൊണ്ട് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള സ്പീഷീസുകളുടെ പ്രത്യുത്പാദനപ്രക്രിയ തുടർന്നുകൊണ്ടു പോകാൻ പരിണാമത്തിലൂടെ ജീവികൾ ആർജ്ജിച്ചെടുത്ത സവിശേഷതയാണ് ലൈംഗികത എന്നത്. അത് മനുഷ്യന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ലൈംഗികതയെ ഒരു ജീവൽപ്രക്രിയയായും സഹജമായ സവിശേഷതയായും അംഗീകരിച്ചിരുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. കാമസൂത്രയും ജയദേവന്റെ ഗീതാഗോവിന്ദവും മുതൽ ഖജുരാഹോ ശില്പകലയിൽ വരെ സ്വതന്ത്രലൈംഗികത ഒരു യാഥാർത്ഥ്യമായി കത്തിനിൽക്കുമ്പോഴും നമ്മളിപ്പോഴും കൊളോണിയൽകാലത്തെ വിക്ടോറിയൻ സദാചാരത്തിന്റെ അവശേഷിപ്പുകളും പേറിജീവിക്കുകയാണ്.

ലൈംഗികത പാപമായതും ഒളിച്ചുവെക്കപ്പെടേണ്ടതും വിവാഹം പോലുള്ള സാമൂഹ്യസ്ഥാപനങ്ങളിലൂടെ മാത്രം പൂർത്തീകരിക്കേണ്ടപ്പെടേണ്ടതും ആവുന്നത് അതിനാലാണ്.

ഏതാണ്ട് 12- 13 വയസ്സോടെ തന്നെ ലൈംഗികേച്ഛകളും ചോദനകളും പ്രകടിപ്പിച്ചുതുടങ്ങുമ്പോഴും പിന്നെയും വർഷങ്ങളോളം കാത്തിരുന്ന് വിവാഹം വരെയും ലൈംഗികജീവിതത്തെ മൂടിക്കെട്ടി ജീവിക്കേണ്ടിവരുന്നത് ഇക്കാലത്ത് നീതീകരിക്കപ്പെട്ട ഒരു സമ്പ്രദായമാണ്.. ക്രിസ്റ്റ്യാനിറ്റിയും വിക്ടോറിയൻ മൊറാലിറ്റിയുമൊക്കെ തളംകെട്ടി നിർത്തിയ സദാചാരനിയമങ്ങളെയാകെ ഉപേക്ഷിച്ച് യൂറോപ്പിലേത് ഉൾപെടെയുള്ള വികസിതമുതലാളിത്ത രാജ്യങ്ങളിലെ പൗരജനത ലൈംഗികതയെ സ്വാഭാവികമായി തന്നെ കൈകാര്യം ചെയ്യുകയും കൃത്യമായ ലൈംഗികവിദ്യാഭ്യാസം അവരുടെ പൊതുബോധത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. 
                              വ്യക്തിയുടെ സ്വകാര്യതയും ഇച്ഛകളും അവിടെ സമൂഹത്തിലും കുടുംബത്തിനുള്ളിലും അദരിക്കപ്പെടുന്നു. സ്വതന്ത്രലൈംഗികത എന്നത് ലോകാവസാനമല്ലെന്നും അത് സ്വതന്ത്രജീവിതവും സ്വതന്ത്രചിന്തയും പോലെ ആധുനികമനുഷ്യൻ എത്തിപ്പെടേണ്ട സഹജവും മനുഷ്യസത്തയുടെ ഭാഗവുമായ ഒരു സവിശേഷതയാണെന്നും മനസിലാക്കാനുള്ള ശേഷി ഇല്ലാതെ പോകുന്നിടത്താണ് നാം ലൈംഗികദാരിദ്ര്യത്തിലേക്കും ലൈംഗികവൈകൃതത്തിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്..

                    തന്റെയും തന്റെ ഇണയുടെയും ലൈംഗികസ്വത്വം എന്താണെന്നും, അതിനുപിന്നിലെ ജീവശാസ്ത്രം എന്താണെന്നും തിരിച്ചറിയുക, ആരോഗ്യകരമായ ലൈംഗികജീവിതത്തിലേക്കുള്ള സാധ്യതകൾ, ചുറ്റുപാടുകളിലെ മനുഷ്യരുടെ പെരുമാറ്റങ്ങൾ, അപകടസാധ്യതകൾ എന്നിവ തിരിച്ചറിയൽ, ലൈംഗികപരമായ വൈവിധ്യവും വൈജാത്യവും അംഗീകരിക്കപ്പെടൽ എന്നിങ്ങനെയുള്ള അനേകം പ്രശ്നപരിഹാരസാധ്യതകൾ മുന്നോട്ടുവെക്കുന്നതാവണം മികവുറ്റ ലൈംഗികവിദ്യാഭ്യാസം. മനുഷ്യരെ മനുഷ്യരായി കാണാനും വ്യക്തിയുടെ നിലപാടുകളെയും സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അയാളുടെ ലൈംഗികസ്വത്വത്തെ മാറ്റിനിർത്തി പരിഗണിക്കാനും അംഗീകരിക്കാനും ലൈംഗികജീവിതം ഒരാളുടെ പൂർണമായ സ്വയംനിർണയാവകാശത്തിലും പരസ്പരധാരണകളിലും ജനാധിപത്യത്തിലും അധിഷ്ഠിതമാണെന്ന് മനസിലാക്കാനും കഴിയുന്ന വിധത്തിൽ പൗരന്മാർ ചെറുപ്പകാലം മുതലേ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്.

                    പ്രണയം പോലും ഒരു തെരഞ്ഞെടുപ്പാണെന്നും അതിൽ സ്വാതന്ത്ര്യത്തിനും സ്വയംനിർണയത്തിനും വേർപിരിയലിനും ഇരുകൂട്ടർക്കും അവകാശമുണ്ടെന്നും തിരിച്ചറിയണം.
പരസ്പരം മനസിലാക്കിയും ബഹുമാനിച്ചും ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമെടുക്കലിന് മുന്നോടിയായുള്ള പരസ്പരമുള്ള ബോധ്യപ്പെടലുകൾക്ക് വേണ്ടിയുള്ള ബാന്ധവത്തിന്റെ കാലഘട്ടമാണ് പ്രണയകാലമെന്നും തിരിച്ചറിയപ്പെടണം. വിവാഹമല്ല ഇണകളെ പരസ്പരം ചേർക്കുന്നത്, നീതിയുക്തവും പ്രണയനിർഭരവുമായ ലൈംഗികജീവിതം തന്നെയാണ്. എന്നാൽ ഇവിടെ വിവാഹമെന്നാൽ ലൈംഗികവേഴ്ചയ്ക്കുള്ള ഏകമാനദണ്ഡമായി മാറുന്നുവെന്നതാണ് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട യാഥാർത്ഥ്യം..

                    വേണ്ടവിധത്തിൽ ലൈംഗികവിദ്യാഭ്യാസം നേടാത്തതിന്റെ പ്രശ്നം സമൂഹത്തിൽ ഇന്ന് പ്രകടമായി കാണാനാവും. പ്രണയം നിരസിച്ച കാമുകികൾ ആസിഡ് ആക്രമണം നേരിടുന്നത്, സ്ത്രീത്വം പ്രായഭേദമന്യേ കരാളഹസ്തങ്ങളാൽ പിച്ചിച്ചീന്തപ്പെടുന്നത്, സൈബർ ഇടങ്ങളിൽ പോലും എതിരഭിപ്രായം പറയുന്ന സ്ത്രീയെ തന്റേടിയും ദുർനടത്തിപ്പുകാരിയും വേശ്യയുമാക്കുന്നത്, ആണും പെണ്ണും ചേർന്നിരുന്നാൽ ചൂരലുമായി പിറകേ ചെല്ലുന്നത്, ഇതൊക്കെയും ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവവും ലൈംഗികദാരിദ്ര്യവും മൂലമുണ്ടാകുന്ന അനന്തരഫലങ്ങളാണ്.
ലൈംഗികപീഢനം എന്നൊരു വാക്ക് തന്നെ തെറ്റായ അർത്ഥത്തിലാണ് വിവക്ഷിക്കപ്പെടാറ്. വാസ്തവത്തിൽ ലൈംഗികത എന്നത് പരപീഢനത്തിനുള്ള കാരണമല്ല, അത് മനുഷ്യസഹജമാണ്, ജനാധിപത്യപരമാണ്. 

                    ഉഭയസമ്മതത്തോടുകൂടിയുള്ളതും സ്വന്തം ഇച്ഛയോടോപ്പം മറ്റൊരാളുടെ താത്പര്യങ്ങളെ കൂടി വിലമതിക്കുന്നതും ആയതിനാലാണ് ലൈംഗികത ജനാധിപത്യപരമാകുന്നത്. എന്നാൽ മത- സാംസ്കാരിക വിഡ്ഢിത്തങ്ങൾ പൊതുബോധത്തിൽ നിർണായകഭാഗമായതോടു കൂടി ലൈംഗികതയിൽ ജനാധിപത്യം നഷ്ടമാകുന്നു എന്നതാണ് വാസ്തവം. രണ്ട് വ്യക്തികളുടെ പരസ്പരസംഗമമോ യോജിപ്പുകളോ അല്ല, മറിച്ച് ബന്ധുക്കളും നാട്ടുനടപ്പുകളും മത സാമുദായിക താത്പര്യങ്ങളും എഴുതിവെക്കുന്ന തിട്ടൂരമായി വിവാഹം മാറുന്നു.

                    ആണും പെണ്ണും തമ്മിൽ സംസാരിച്ചാൽ പോലും സംഗതി 'മറ്റേതാണെന്ന' ധ്വനിയോടെ ആക്രമിക്കാനെത്തുന്ന സദാചാരപ്പോലീസുകാർ ആണ് ലൈംഗികദാരിദ്ര്യത്തിന്റെ മറ്റൊരു ഉദാഹരണം. തനിക്കുകിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുമ്പോഴുള്ള സ്വാഭാവികമായ 'വികാരത്തള്ളിച്ച' മാത്രമാണ് എല്ലാ സദാചാര അക്രമികളുടെയും പ്രചോദനം. സ്വവർഗലൈംഗികത വരെ നിയമവിധേയമാകും വിധം ഭാരതത്തിന്റെ നിയമസംഹിതകൾ ആധുനികജനാധിപത്യമൂല്യങ്ങളിലേക്ക് ബഹുദൂരം മുന്നേറിയിട്ടും ആളുകൾ ഇന്നും ലൈംഗികന്യൂനപക്ഷങ്ങൾക്കു നേരെ പരിഹാസങ്ങളോടെ കല്ലെറിയുകയാണ്. ആശാറാം ബാപ്പുവിനും ഗുർമീത് റാം റഹീമിനും വടക്കാഞ്ചേരി ഫാദറിനും മാലയിടുന്നവരും ഇക്കൂട്ടത്തിലുണ്ടാവും അനേകം. തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവർക്കു നേരെ സൈബർ ലിഞ്ചിംഗും പബ്ലിക്ക് ലിഞ്ചിംഗും നടത്തുന്നവരാണ് ഇത്തരം പാരമ്പര്യവാദികൾ. എതിരഭിപ്രായം പറയുന്നത് ഒരു സ്ത്രീയാണെങ്കിൽ അവളെ അധിക്ഷേപിക്കുന്നത് വേശ്യയെന്നും വ്യഭിചാരിണിയെന്നും ഒക്കെ വിളിച്ചായിരിക്കും.

                    ലൈംഗികവസ്തുക്കൾ മാത്രമായി സ്ത്രീയെ ചിത്രീകരിച്ച് ട്രോളുകളുണ്ടാക്കുന്നവരും അതിലൊക്കെ കമന്റുകളിട്ട് സ്വയം രതിമൂർച്ഛ ആസ്വദിക്കുന്നവരും വാസ്തവത്തിൽ ഇതേ ലൈംഗികദാരിദ്ര്യത്തിന്റെ അടിമകൾ തന്നെയാണ്. സാംസ്കാരിക പാരമ്പര്യങ്ങളുടെ (അതെന്താണെന്ന് അവർക്കുപോലും അറിയില്ല) മൊത്തക്കച്ചവടക്കാരായവരിൽ ചികഞ്ഞുനോക്കിയാൽ കാണാനാവും ഇരുളിൻമറവിൽ മൂന്നുവയസുകാരിക്ക് നേരെപോലും നീളുന്ന മാന്യതയുടെ മുഖംമൂടിയണിഞ്ഞ കരങ്ങൾ.. ഹൈദരാബാദിൽ കൊല ചെയ്യപ്പെട്ട യുവതീഡോക്ടറുടെ പേരിൽ പ്രചരിച്ച സപ്പോർട്ടിങ് ഹാഷ്ടാഗുകളേക്കാൾ കൂടുതൽ പേർ പോൺസൈറ്റുകളിൽ അവളുടെ പേരുതിരഞ്ഞതിനും പിന്നിലെ സാമൂഹ്യമനഃശാസ്ത്രം വേറൊന്നുമല്ല. സ്വയം തൊലിപ്പുറത്ത് ഒട്ടിച്ചുവെച്ച സദാചാര വിലങ്ങുകളും ഉള്ളിന്റെയുള്ളിൽ അപകടകരമാംവിധം സഹിച്ചുപോരുന്ന ലൈംഗികദാരിദ്ര്യവും തമ്മിലെ വൈരുധ്യമാണിത്.

                    ഈ അടുത്തകാലത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകൾ മാത്രം ആറായിരത്തിലേറെ വരുമെന്നാണ് കണക്ക്. പ്രായപൂർത്തിയായ സ്ത്രീകൾക്കുനേരെ നടന്ന ആക്രമണങ്ങളും കേസാക്കാൻ മുതിരാതെ പോയ കുറ്റകൃത്യങ്ങളും ഇതിലുമെത്രയോ അധികം ഉണ്ടാവും. ഇക്കഴിഞ്ഞ ഒരാഴ്ച്ചക്കാലത്തെ വാർത്താശീർഷകങ്ങൾ പരിശോധിച്ചാൽ പോലും രാജ്യത്തെ നടുക്കിയിട്ടുള്ള പത്തോളം ബലാൽസംഗങ്ങൾ നടന്നിട്ടുള്ളതായി കാണാം..

                    ബലാൽസംഗങ്ങൾ ഒരിക്കലും ലൈംഗികതയുടെ മൂർച്ഛിക്കലല്ല, അത് ലൈംഗികതയെ വികൃതമാക്കലാണ്. പരസ്പരസമ്മതത്തോടും കൃത്യമായ ധാരണകളോടും കൂടി ലൈംഗികതയെ സമീപിക്കുന്നിടത്താണ് ജനാധിപത്യം പുലരുന്നത്. സ്ത്രീയുടെ അഭിപ്രായത്തിനു താഴെ ലൈംഗികാവഹേളനം നടത്തി സ്വയം നിർവൃതി കൊള്ളുന്നവരും സ്ത്രീക്കുനേരെ മുളകുസ്പ്രേ അടിച്ചവരെ മാലയിട്ട് സ്വീകരിക്കുന്നവരും അവസരം കിട്ടിയാൽ പിഞ്ചുകുഞ്ഞിന്റെയും വസ്ത്രം പിച്ചിച്ചീന്തുന്നവരും വ്യത്യസ്തരല്ല.. അവരെല്ലാം ഒരേ മാനസികവൈകൃതത്തിന്റെ വ്യത്യസ്തമുഖങ്ങൾ മാത്രമാണ്.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...