Saturday, July 18, 2020

വേണ്ടത് മതേതരത്വമാണ്, മതങ്ങളെ ഒരുമിപ്പിച്ച് ഊട്ടലല്ല


ഇതൊക്കെ ഇപ്പോഴേ എഴുതാൻ സാധിക്കൂ.. അതുകൊണ്ട് എഴുതുന്നു..
മതേതരത്വം അഥവാ Secularism എന്നാൽ താഴെക്കാണുന്നതു പോലുള്ള കോപ്രായങ്ങളാണെന്ന് തെറ്റിദ്ധരിച്ചുപോയ ഒരു സമൂഹമാണിത്. രണ്ട് മനുഷ്യർ തമ്മിലെ സ്നേഹബന്ധങ്ങളിൽ പോലും മതചിഹ്നങ്ങൾ തിരുകിക്കയറ്റി മതസൗഹാർദ്ദമായി അതിനെ ചിത്രീകരിക്കാനുള്ള വ്യഗ്രത വാസ്തവത്തിൽ ഒരു പുരോഗമനപരമായ പ്രവണതയേയല്ല. മതേതരത്വവും മതസൗഹാർദ്ദവും തമ്മിലെ അടിസ്ഥാനവ്യത്യാസം പോലും തിരിച്ചറിയുന്നതിലെ പിഴവാണിതിന് കാരണം.
മാംസേതരഭക്ഷണം എന്നാൽ ചിക്കനും ബീഫും ഫിഷും പോർക്കും കൂടി ചേർത്തു വിളമ്പുക എന്നല്ല അർത്ഥം, മാംസഭക്ഷണങ്ങളെ ഒഴിവാക്കിയുള്ള ഭക്ഷണശൈലി എന്നാണ്. മതേതരത്വം എന്നാൽ മതങ്ങൾക്കിതരമായത് എന്നാണ് അർത്ഥം. എന്നാൽ മതേതരത്വത്തെ നമ്മൾ കാണുന്നത് ഹിന്ദുവും മുസൽമാനും ക്രൈസ്തവനും സിഖുകാരനും എല്ലാവരും കൂടി തോളിൽകൈയിട്ട് നടക്കുന്ന ചിത്രത്തോടു കൂടിയാണ്. അത് മതേതരത്വമല്ല, മതസൗഹാർദ്ദമാണ്. (മതം തിന്നാതെ ജീവിക്കുന്നതുകൊണ്ട് യുക്തിവാദികളെ മതസൗഹാർദ്ദ ഫോട്ടോയിൽ ആരും ഉൾപെടുത്താറുമില്ല!).
മതേതരത്വമാവട്ടെ തികച്ചും വ്യത്യസ്തമാണ് താനും. മതങ്ങളെ രാഷ്ട്രീയത്തിൽ നിന്നും, സാമൂഹ്യജീവിതത്തിൽ നിന്നും മാറ്റിനിർത്തി മനുഷ്യരായി ജീവിക്കുക, മനുഷ്യരെ കേവലം മതജീവികളായി കാണാതെ മനുഷ്യരായി കാണുക, മതം പോലുള്ള വിഷയങ്ങൾ സ്വകാര്യതയിലേക്ക് ഒതുക്കുക, ആചാര- വിശ്വാസസംബന്ധിയായ വിവാദങ്ങളെ മാറ്റിനിർത്തി സമൂഹത്തിന് ഹാനികരമായ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുക ഇതൊക്കെയാണ് അതിന് അടിസ്ഥാനം..

മനുഷ്യർക്കിടയിലെ ബന്ധങ്ങളുടെ നൈർമല്യതയെ മനുഷ്യസൗഹാർദ്ദമായി വേണം കാണാൻ- മറിച്ച് അതിനുമേൽ മതസൗഹാർദ്ദമെന്ന് ലേബലൊട്ടിക്കുന്നത് എന്തിനെയും മതത്തിന്റെ ചായം പൂശികാണാനുള്ള സങ്കുചിതമനോഭാവം മാത്രമാണ്..
ഇനി മതസൗഹാർദ്ദമാണോ മതേതരത്വമാണോ വേണ്ടത് എന്നൊരു ചോദ്യമുണ്ട്.. എന്തൊക്കെ സാഹിത്യം പറഞ്ഞ് കൂട്ടിച്ചേർത്തുവെച്ചാലും അടിസ്ഥാനപരമായി എല്ലാമതങ്ങളും മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കാൻ മാത്രം ഉപകരിക്കുന്ന സാമൂഹ്യസ്ഥാപനമാണ്. ആചാരങ്ങളിലും ഐതിഹ്യങ്ങളിലും മൂല്യങ്ങളിലും എല്ലാമതങ്ങളും പരസ്പരം വൈരുധ്യങ്ങൾ പുലർത്തുന്നവയാണ്. നമ്മളെന്നും അവരെന്നുമുള്ള ഭിന്നിപ്പിന്റെ വികാരം പൗരനിൽ നിറയ്ക്കാനേ മതം ഉപകരിക്കൂ.. ഒരാൾ അന്യമതങ്ങളെ ബഹുമാനിക്കുമ്പോൾ പോലും സ്വന്തം വിശ്വാസങ്ങളെ സ്വീകരിക്കാൻ കാരണവും മറ്റ് കെട്ടുകഥകളേക്കാൾ താൻ വിശ്വസിക്കുന്ന കെട്ടുകഥകളാണ് ഏറ്റവും നല്ലതെന്നും പരമമായ യാഥാർത്ഥ്യമെന്നുമുള്ള ഇടുങ്ങിയ ചിന്ത തന്നെയാണ്. മതം അടിസ്ഥാനപരമായി ഏതൊക്കെയോ ഗോത്രീയകാലങ്ങളുടെ ബാക്കിപത്രമെന്നോണം നിലകൊള്ളുന്ന പെരുംനുണകളാണ്.
മതങ്ങളാകുന്ന നുണകളെ എത്രയൊക്കെ മതസൗഹാർദ്ദം പുരട്ടി ഒരുമിപ്പിക്കാൻ ശ്രമിച്ചാലും കാലപ്രവാഹത്തിൽ അവ തമ്മിലെ വിദ്വേഷങ്ങളും കലഹങ്ങളും കലാപാന്തരീക്ഷങ്ങളും വീണ്ടും ഉയർന്നുകൊണ്ടേയിരിക്കും. അതിൽ നിന്നും ചോരകുടിച്ച് വീർക്കുന്ന രാഷ്ട്രീയ- സാമുദായിക ചെന്നായ്ക്കളും പെരുകിക്കൊണ്ടേയിരിക്കും. കാരണം മതം മനുഷ്യർക്കിടയിൽ ഭിന്നതകൾ മാത്രം സൃഷ്ടിക്കുന്ന ഉപകരണമാണ്. മതസൗഹാർദ്ദം പോലുള്ള ഏച്ചുകെട്ടലുകൾക്ക് ഇതിനെ എക്കാലത്തേക്കും നിരാകരിക്കാനാവില്ല.. ഇത് ഒരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ കുറേ ദശകങ്ങളായി ഇന്ത്യ നേരിടുന്ന കയ്പേറിയ യാഥാർത്ഥ്യം.

വേണ്ടത് മതേതരത്വമാണ്, മതങ്ങളെ ഒരുമിപ്പിച്ച് ഊട്ടലല്ല..

നാം കാണാൻ ശീലിക്കേണ്ടത് മനുഷ്യസൗഹാർദ്ദത്തെയാണ്, മതബിംബങ്ങൾക്കിടയിലെ സൗഹാർദ്ദം അല്ല..

പ്രളയം വരുമ്പോൾ ജാതിമതങ്ങൾ മറന്ന് മനുഷ്യർ ഒരുമിച്ചുനിന്നു എന്ന് പത്രങ്ങൾ അടിക്കുറിപ്പെഴുതാറുണ്ട്. അതിന്റെ അർത്ഥം മനുഷ്യർ ഒരുമിക്കാൻ തടസമായി നിൽക്കുന്ന ഏറ്റവും വലിയ സാമൂഹ്യമാലിന്യമാണ് മതം എന്ന് തന്നെയാണ്... ചിന്തിക്കുക..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...