വൈറസ് എന്നാൽ അചേതനമായ ഒരു സൂക്ഷമവസ്തുവാണ്. DNA/ RNA ജനിതകതന്മാത്രകൾക്കുപുറമേ പ്രോട്ടീൻ ആവരണത്തോടുകൂടിയ ലളിതമായ ഒരു ജനിതകകോഡാണ് വൈറസ് എന്നത്. ലോകത്ത് വൈറസ് രോഗങ്ങൾക്കൊന്നും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഉള്ളതാവട്ടെ പ്രതിരോധത്തിനായുള്ള ആന്റിബോഡിയാണ്. നിരന്തരം രൂപപരിണാമത്തിന് വിധേയമാകുന്ന വൈറസുകൾ പുതിയ സ്വഭാവങ്ങളോടുകൂടി മാരകരോഗങ്ങൾക്ക് കാരണമാകുകയും പഴയ വാക്സിനുകളെ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. പുതിയ വൈറസുകൾക്ക് പുതിയ വാക്സിനുകൾ വികസിപ്പിച്ചെടുക്കേണ്ട ആവശ്യകത ഉണ്ടാവുന്നു. ഇത് വൈകുന്തോറും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. WHO Pandemic അഥവാ മഹാമാരി (ഭേദമാക്കാൻ കഴിയുന്നത്) എന്ന വിഭാഗത്തിലാണ് കൊറോണയെ ഉൾപെടുത്തിയിരിക്കുന്നത്. ഏതാണ്ട് 110 രാജ്യങ്ങളിലേറെ ബാധിച്ചിരിക്കുന്നുവെന്ന് കരുതുന്ന ഈ രോഗം കവർന്ന ജീവനുകളുടെ എണ്ണം 6000ത്തോടടുക്കുകയാണ്. കൂടുതൽ ജാഗ്രതയോടെ, സാമൂഹികപ്രതിബദ്ധതയോടെ വ്യക്തിശുചിത്വസംബന്ധിയായ എല്ലാവിധ പ്രതിരോധമാർഗങ്ങളും അവലംബിച്ചും ബോധവത്കരിച്ചും പരമാവധി സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചും മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. എന്താണ് കൊവിഡ് ലോകരാഷ്ട്രീയ- സാമ്പത്തികപരിസരങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങളെന്ന് നോക്കാം.
1) ഉത്പാദനമുരടിപ്പും വ്യാപാരപ്രതിസന്ധിയും എങ്ങനെ..?
ചൈനയിലാണ് എറ്റവും കൂടുതൽ ആൾനാശം ഉണ്ടാക്കിയിട്ടുള്ളതെങ്കിലും ഇപ്പോൾ വളരെ വേഗം രോഗവ്യാപ്തി കുറച്ചുകൊണ്ടുവരാൻ ചൈനയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ ലോകത്തിന്റെ 'നിർമാണശാലയും' രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയുമായ ചൈനയെ കൊറോണ ബാധിച്ചത് പ്രതിസന്ധിഘട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന മറ്റ് രാജ്യങ്ങളിലെ സമ്പദ്ഘടനകളെയും രൂക്ഷമായി ബാധിച്ചു. ചൈനയിൽ രോഗത്തെ തുടർന്ന് ഗതാഗതത്തിനും ചരക്കുനീക്കത്തിനും കർശനനിയന്ത്രണമുണ്ടായതോടെ വിപണികളെ അത് ബാധിച്ചു. വ്യവസായോത്പാദനം ഗണ്യമായി കുറഞ്ഞു. ഇത് ചൈനയിൽ നിന്നുള്ള കയറ്റുമതിയെയും ചൈനയിലേക്കുള്ള ഇറക്കുമതികളെയും ബാധിച്ചു. അതായത് രാജ്യാതിർത്തി കടന്നുള്ള ചരക്കുനീക്കം ദുർബലമായി.
ചൈനയുമായി വ്യാപാരബന്ധത്തിലേർപെട്ട ഇതരരാജ്യങ്ങളിലും ചരക്കിന്റെയും ആളുകളുടെയും ആഗോള- ആഭ്യന്തര ഗതാഗതം വിലക്കപ്പെടുകയോ നിയന്ത്രണവിധേയമാവുകയോ ചെയ്തു. ആളുകൾ പണം ചെലവഴിക്കുന്നതും കുറഞ്ഞത് ബിസിനസുകളെ പിടിച്ചുകുലുക്കി. ഗതാഗതത്തിനുപുറമേ, അന്താരാഷ്ട്രവ്യാപാരം, ടൂറിസം, ഹോട്ടൽ, ഇവന്റ് മാനേജ്മെന്റുകൾ, വിനോദം, ഇലക്ട്രോണിക്സ്, അനുബന്ധമേഖലകൾ തുടങ്ങി സമ്പദ്ഘടനയുടെ എല്ലാമേഖലകളെയും സാമ്പത്തികപ്രതിസന്ധി രൂക്ഷമായി ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ ഉത്പാദകരാജ്യമായതുകൊണ്ടുതന്നെ ചൈനയിൽ നിന്നുള്ള വിദേശകയറ്റുമതികൾ കുറയുന്നത് ഇന്ത്യയുൾപെടെ മറ്റ് രാജ്യങ്ങളിലെ വ്യവസായങ്ങളെയും ബാധിക്കും. ആഗോളവത്കരണകാലത്ത് രാജ്യങ്ങളെല്ലാം അതിർത്തികൾക്കപ്പുറം സ്വതന്ത്രവ്യാപാരത്തിലൂടെയും മൂലധനനീക്കങ്ങളിലൂടെയും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ, ഇത്തരം മാന്ദ്യങ്ങൾ മറ്റ് രാജ്യങ്ങളിലേക്കും പടർന്ന് പിടിക്കും.
ചൈനയുടെ നിർമ്മാണസൂചികയായ PMI 50ൽ നിന്ന് 35ലേക്ക് ഇടിഞ്ഞതായാണ് കണക്ക്. വളർച്ച 2%ലേക്ക് താഴ്ന്നു. ചൈനയിലേക്ക് ടെക്സ്റ്റൈൽസ്, വളം, ആഭരണങ്ങൾ ,പെട്രോളിയം ഉത്പന്നങ്ങൾ ഉൾപെടെ ധാരാളം ചരക്കുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ചൈനയിലെ ഡിമാന്റ് ഇടിഞ്ഞതോടെ ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളുടെ കയറ്റുമതിവരുമാനത്തെയും GDPയെയും ഇത് ബാധിച്ചു. ചുരുക്കത്തിൽ ഇത് ചൈനയ്ക്കുമേലുള്ള ഭീഷണിയിൽ നിന്നും Global impact ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്.
2) നവലിബറലിസം, മുതലാളിത്തപ്രതിസന്ധി
നിലവിലെ ലോകരാഷ്ട്രങ്ങളിലെ സാമ്പത്തികപ്രതിസന്ധികൾക്ക് മൂലകാരണം കൊവിഡ്19 വൈറസ് ആണോ..? അല്ലേയല്ല. മുതലാളിത്തം ഒരു ഉത്പാദകബന്ധമെന്നോണം അതിലന്തർലീനമായ വൈരുധ്യങ്ങളാൽ തന്നെ സമ്പദ്ഘടനയെ രൂക്ഷമായ മാന്ദ്യങ്ങളിലേക്ക് നയിക്കാറുണ്ട്. കൊറോണ വ്യാപകമാകുന്നതിനുമുമ്പും ലോകസാമ്പത്തികവ്യവസ്ഥ ഒട്ടും ആശാസ്യകരമല്ലാത്ത രീതിയിൽ രൂക്ഷമായ മുരടിപ്പിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. വൈറസ് അതിന്റെ പ്രത്യാഘാതത്തിന്റെ വേഗവും തീവ്രതയും വർധിപ്പിച്ചെന്ന് മാത്രം. 90കൾ മുതൽ നവലിബറലിസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനകൾ ഇങ്ങനെ തുടർച്ചയായതും തിരിച്ചുകയറൽ ദുഷ്കരവുമായ തകർച്ചകളിലൂടെയാണ് കടന്നുപോകുന്നത്. വൈറസുകളും പ്രകൃതിദുരന്തങ്ങളുമല്ല, മുതലാളിത്തത്തിന്റെ സഹജമായ ഉത്പാദകബന്ധങ്ങൾ തന്നെയാണ് അതിന്റെ ശവക്കുഴി തോണ്ടുന്നത്. മഹാമാരികൾ അതിന് എണ്ണയൊഴിച്ചുകൊടുക്കുന്നു എന്ന് മാത്രം.
eg:- 1973കളിൽ എണ്ണപ്രതിസന്ധിയായിരുന്നു അക്കാലത്തെ സാമ്പത്തികരംഗത്തെ വിറപ്പിച്ചതെങ്കിൽ 2001ൽ ഡോട്ട് കോം ബബിൾ ആയിരുന്നു പ്രശ്നക്കാരൻ. 2008ൽ ഉദാരമായ വായ്പാനയങ്ങൾ ലോകസാമ്പത്തികമാന്ദ്യത്തിന്റെ ആഘാതം വർധിപ്പിച്ചു. അതിൽ നിന്നും കരകയറാൻ ഇന്നും പൂർണമായും ലോകരാജ്യങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇന്നാകട്ടെ ഒരു വൈറസ് ആണ് സാമ്പത്തികപ്രതിസന്ധിയെ ഭീതിതമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുന്നത്.
2008ലെ മാന്ദ്യത്തെ അമേരിക്ക ഉൾപെടെയുള്ള മുതലാളിത്തരാഷ്ട്രങ്ങൾ അതിജീവിച്ചത് ഉദാരമായ വായ്പാനയങ്ങളിലൂടെയും Deficit financingലൂടെയുമായിരുന്നു. ഇതൊക്കെയും കൈപിടിച്ചുയർത്തിയത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാധാരണക്കാരെ ആയിരുന്നില്ല, ഓഹരിവിലകൾ തകർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബഹുരാഷ്ട്രകുത്തകകളെയും ധനികവർഗത്തെയും ആയിരുന്നു.
ആളുകളുടെ വരുമാനച്ചുരുക്കവും വാങ്ങൽശേഷി കുറഞ്ഞതും മൂലമുണ്ടായ വ്യാപാര- വ്യവസായപ്രതിസന്ധി സർക്കാർ പരിഹരിക്കാൻ ശ്രമിച്ചത് സമൂഹത്തിൽ വായ്പാടിസ്ഥാനത്തിൽ കൂടുതലായി പണലഭ്യത വർധിപ്പിച്ചുകൊണ്ടാണ്. രാജ്യങ്ങളുടെ കടബാധ്യതകളും ഇതുമൂലം വൻതോതിൽ ഉയർന്നു (കഴിഞ്ഞ 150 വർഷത്തിൽ ഏറ്റവും ഉയർന്ന നിലയിൽ). Financial times റിപ്പോർട്ട് പ്രകാരം ആഗോളകടം 250 ട്രില്ല്യൻ ഡോളറിനും മുകളിലാണ്. ഇതിൽ പകുതിയും US, ജപ്പാൻ, ചൈന എന്നിവയുടേതുമാണ്. പോക്കറ്റ് കാലിയായി പണച്ചെലവ് ചുരുക്കുന്ന സാധാരണക്കാർക്ക് ആകർഷകമായ വായ്പ നൽകി ചെലവ് ചെയ്യിപ്പിച്ചാലും ഭാവിയിൽ അത് കടബാധ്യതകൾ വർധിപ്പിക്കുകയേ ഉള്ളൂ. വരാൻ പോകുന്ന ദുരന്തങ്ങളെ കൂടുതൽ തീവ്രതയോടെ കുറച്ചുകാലം കൂടി 'നീട്ടിവെക്കാൻ' മാത്രമേ ഇത് ഉപകരിക്കൂ. മുതലാളിത്തം ഘടനാപരമായി അസ്ഥിരവും വൈരുധ്യാധിഷ്ഠിതവും അതിന്റെ പ്രതിസന്ധികൾ ഒഴിവാക്കാൻ കഴിയാത്തതുമാണ്.
3) ഓഹരിവിപണിയിലെ തീരാദുരന്തങ്ങൾ
2008നുശേഷം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർന്നടിയലിനാണ് ഓഹരിവിപണി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം 20 മിനുട്ടുകൊണ്ട് 12 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത് എന്നായിരുന്നു വാർത്ത. സാധാരണക്കാർക്ക് ഇതൊന്നും ഒരു മുഖ്യവിഷയമല്ല, കാരണം ഊഹക്കച്ചവടത്തിന്റെയും മനഃശാസ്ത്രത്തിന്റെയും ഒക്കെ യുക്തികൾ മാത്രം പേറുന്ന സ്റ്റോക്ക് മാർക്കറ്റ് ഉത്പാദനപരമായ വളർച്ചയെയോ, കോടിക്കണക്കിന് ജനങ്ങളെ കൂടി ഉൾക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രത്തെയോ കാണിച്ചുതരുന്നില്ല. ലക്ഷക്കണക്കിന് നിക്ഷേപകർ എന്നുപറയുമ്പോഴും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നല്ലൊരു ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് അംബാനിമാർ അടങ്ങുന്ന ഒരു ശതമാനം കുത്തകകോർപ്പറേറ്റുകൾ മാത്രമാണ്. കഴിഞ്ഞ കാലങ്ങളിലെ ഓഹരിവിലയിടിവ് കൊണ്ടുണ്ടായ പ്രധാനമാറ്റം ഏഷ്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ മുകേഷ് അംബാനി പിന്നിലേക്ക് പോയി എന്നതാണ്. ബഹുരാഷ്ട്ര -മൂലധനഭീമന്മാരുടെ ക്ഷേമത്തിന്റെ അളവുകോലാണ് പലപ്പോഴും ഇത്തരം സാമ്പത്തികസൂചികകൾ.
4) കീഴോട്ടുകുതിക്കുന്ന എണ്ണവില
കൊറോണ വ്യാപനം ആഗോളവ്യാപാരത്തെയും ഉത്പാദനത്തെയും തൊഴിലുകളെയും ബാധിച്ചതോടെ വരുമാനച്ചുരുക്കവും ജനങ്ങളുടെ ഉപഭോഗഇടിവും രൂക്ഷമാകുന്നു. ഇത് സർക്കാരുകളുടെ നികുതിവരുമാനത്തെയും ബാധിക്കുന്നു. സൗദിയും റഷ്യയും തമ്മിലെ പടലപ്പിണക്കങ്ങൾ മൂലം ഇരുരാജ്യങ്ങളും ക്രൂഡ് ഓയിൽ ഉത്പാദനം വർധിപ്പിച്ചതും കൊറോണ ഇഫക്ട് മൂലം ലോകത്ത് ഇന്ധനഉപഭോഗം കുറഞ്ഞതും എണ്ണവില ഇടിയാൻ കാരണമാവുകയും ചെയ്യുന്നു. എണ്ണവില ബാരലിന് 31$ മാത്രമായി ഇടിഞ്ഞു. 30 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്. US അടക്കമുള്ള എണ്ണഉത്പാദക രാജ്യങ്ങളെ ഇത് പരുങ്ങലിലാക്കി. ഇന്ത്യ പോലുള്ള ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇത് വലിയ ഗുണം ചെയ്യുമെങ്കിലും നമ്മുടെ നാട്ടുകാർക്ക് അതിന്റെ നേട്ടം ''കിട്ടാതിരിക്കാൻ'' മോഡിസർക്കാർ എക്സൈസ് തീരുവയും വർധിപ്പിക്കുന്നുണ്ട് എന്നുമാത്രം. ക്രൂഡ് ഓയിലിന് വില ഒരു ഡോളർ കുറയുമ്പോൾ ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കേണ്ട സാമ്പത്തികലാഭം 2900കോടി ഡോളർ ആണെന്നാണ് ഏകദേശകണക്ക്. പക്ഷേ നമുക്കാ യോഗമില്ലെന്ന് മാത്രം..!
ഇങ്ങനെയൊക്കെ ആണെങ്കിലും എണ്ണവിലയിടിവ് സൗദിയും അമേരിക്കയും റഷ്യയും ഉൾപെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ആ പ്രതിസന്ധി വ്യാപാരപങ്കാളികളെന്ന രീതിയിൽ ഇന്ത്യയെയും ബാധിക്കുന്നു. ഡിമാന്റ് ഇടിവും വിറ്റഴിക്കലും മൂലം സ്വർണവിലയും കുറയുന്നുണ്ട്.
5) പരാജയപ്പെടുന്ന ബൂർഷ്വാഭരണകൂടങ്ങൾ.
വൈറസുകളും പകർച്ചാവ്യാധികളുമൊക്കെ മനുഷ്യജീവനുമേൽ എത്രയൊക്കെ വിലങ്ങുതടിയായാലും സർക്കാരുകൾക്ക് എന്നും മുഖ്യം അവരുടെ ബൂർഷ്വാതാത്പര്യങ്ങളായിരിക്കും എന്നത് സുനിശ്ചിതം. വൈറസ് ഭീതിമൂലം ഭരണാധികാരികളുടെ തീവ്രവലതുപക്ഷസ്വരങ്ങൾക്കും സംരക്ഷണവാദങ്ങൾക്കും ശക്തി കൂടിയിട്ടുണ്ട്. ചൈനയും USഉം പരസ്പരം പഴിചാരുകയാണ്. കൊറോണയെ ചൈനീസ് വൈറസ് എന്നുവരെ ട്രംപ് വംശീയമായി വേർതിരിച്ചു. വൈറസ് അമേരിക്കയെ ബാധിക്കില്ലെന്നാണ് ട്രംപ് ആദ്യം വാദിച്ചത്. അവിടെയും മരണസംഖ്യ ഉയരുകയാണ്. അമേരിക്കൻ സഖ്യശക്തികളുടെ ഉപരോധം സൃഷ്ടിച്ച സാമ്പത്തികമുരടിപ്പ് ഇറാന്റെ രോഗപ്രതിരോധപ്രവർത്തനങ്ങളെ ആകെ താറുമാറാക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നു.
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ആരോഗ്യരംഗവും ഫാർമസ്യൂട്ടിക്കൽ വ്യവസായവും സ്വകാര്യവത്കൃതമാണ്. നമ്മുടെ കൊച്ചുകേരളത്തിൽ പ്രാഥമികാരോഗ്യകേന്ദങ്ങളും സർക്കാർ ആശുപത്രികളും സർക്കാർ മെഡി. കോളേജുകളും പൊതുജനാരോഗ്യം മുൻനിർത്തിയുള്ള സൗജന്യപദ്ധതികളും ചികിത്സാസൗകര്യങ്ങളും താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് വരെ രക്ഷാകരങ്ങളായി എത്തുമ്പോൾ അമേരിക്കയിൽ കൊറോണ ടെസ്റ്റ് നടത്താൻ പോലുമുള്ള ചെലവ് അതിഭീമമാണ്. ആരോഗ്യപരിപാലനവും മരുന്നുത്പാദനവും ഉൾപെടെ ബഹുരാഷ്ട്രകുത്തകകളുടെ നിയന്ത്രണത്തിലാകുമ്പോൾ ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടത്..?
ഒബാമ കെയർ പോലുള്ള സർക്കാർതല ആരോഗ്യസുരക്ഷാപദ്ധതികൾ ട്രംപ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഭൂരിഭാഗം ജനങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പ്രാപ്യമല്ല. ചികിത്സാച്ചെലവുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതുമല്ല.
മുതലാളിത്തത്തിന്റെ ചൂഷണകരങ്ങൾ അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മേൽ പിടിമുറുക്കുകയാണ്. ചൈനയിലെ കൊറോണ വ്യാപനം തങ്ങൾക്ക് ഗുണകരമാവുമെന്നാണ് യുഎസ് ആദ്യം അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് പറഞ്ഞത് ജാഗ്രത പാലിക്കാനോ, സർക്കാർ കൂടെയുണ്ടെന്നോ അല്ല- ''നിങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന വേദന സഹിക്കാൻ തയ്യാറാവുക'' എന്നതാണ്. ജനങ്ങളേക്കാൾ വിപണിക്കും market economyക്കും കുത്തകകളുടെ ലാഭവളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ബൂർഷ്വാഗവൺമെന്റുകളിൽ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്..?!
കേരളത്തിന്റെ ആരോഗ്യരംഗത്തെ വേറിട്ടുനിർത്തുന്ന ഇത്തരം സോഷ്യലിസ്റ്റ് ബദൽമാതൃകകൾ BBC ചാനലിൽ വരെ ചർച്ചാവിഷയമാകുന്നതിനെ എങ്ങനെ നിസാരവത്കരിക്കാൻ കഴിയും..?

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...