Friday, September 28, 2018

മുതലാളിത്തത്തിലെ 7 വൈരുധ്യങ്ങൾ..

മുതലാളിത്തം തകരുകയും സോഷ്യലിസം രൂപം കൊള്ളണമെന്ന് പറയുകയും ചെയ്യുമ്പോൾ ''അത് നിങ്ങളുടെ ആഗ്രഹം മാത്രമല്ലേ.. മുതലാളിത്തം തകരുമെന്നെന്താണിത്ര ഉറപ്പ്..?'' എന്ന് ബൂർഷ്വാവാദക്കാർ ചോദിക്കും.. ഉത്തരം ഒന്നേയുള്ളൂ.. വൈരുധ്യങ്ങൾ.. മുതലാളിത്തം അനേകം വൈരുധ്യങ്ങൾ നിറഞ്ഞതാണ്.. ഈ വൈരുധ്യങ്ങൾ കാലക്രമേണ വർധിക്കുന്നവയുമാണ്.. അതായത് പരസ്പരം പൊരുത്തപ്പെട്ടു പോകാത്ത ഈ ഘടകങ്ങൾ മുതലാളിത്തത്തിന്റെ നാശത്തിന് വഴി തുറക്കുകയും അതിന്റെ ഉള്ളിൽ നിന്നും പുതിയ വ്യവസ്ഥ രൂപം കൊള്ളുകയും ചെയ്യും..

മുതലാളിത്തത്തിന്റെ യഥാർത്ഥ ശത്രു സോഷ്യലിസവും കമ്മ്യൂണിസവുമൊന്നുമല്ല.. അങ്ങനെ ചിന്തിച്ചാൽ അത് തെറ്റാണ്. മറിച്ച് മുതലാളിത്തത്തിന്റെ ശത്‌രു മുതലാളിത്തം തന്നെയാണ്.. അത് സ്വയം വളരുകയും സ്വയം നശിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ്. മുതലാളിത്തം വളരുന്ന അതേ സമയം തന്നെ അതിന്റെ മരണത്തിനു കാരണമായ വൈരുധ്യങ്ങളും വളരുന്നു..

മുതലാളിത്തത്തിന്റെ വളർച്ച എന്നാൽ ഉത്പാദനശക്തികളുടെ വളർച്ചയാണ്.. ഉത്പാദനസാമഗ്രികൾ, സാങ്കേതികവിദ്യകൾ, അറിവുകൾ, യന്ത്രങ്ങൾ ,ശാസ്ത്രം തുടങ്ങിയവയെല്ലാം വളർന്നുകൊണ്ടിരിക്കുന്ന ഉത്പാദനശക്തികളാണ്. പക്ഷേ ഉത്പാദനബന്ധം മാറുന്നുണ്ടോ..? ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഇപ്പോഴുമെല്ലാം ഉത്പാദനത്തിന്റെ അടിസ്ഥാനം മുതലാളി- തൊഴിലാളി എന്ന ഉത്പാദനബന്ധം തന്നെയാണ്.. തൊഴിലാളി മിച്ചമൂല്യം സൃഷ്ടിക്കുന്നു. മുതലാളി അത് ലാഭമായി സ്വന്തമാക്കുന്നു. അന്നുമിന്നും ഇങ്ങനെ തന്നെ. ഉത്പാദനശക്തികൾ വളർന്നുവികസിക്കുന്നു. ഉത്പാദനബന്ധങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നു.. വൈരുധ്യാത്മകഭൗതികവാദത്തിന്റെ ഭാഷയിൽ  വളരുന്ന ആന്റി തീസീസും മാറ്റമില്ലാത്ത തീസീസും എന്നർത്ഥം.


മുതലാളിത്തത്തിന്റെ അന്തകൻ അവയിലെ വൈരുധ്യങ്ങൾ തന്നെയാണെന്നും കാലക്രമേണ ഈ വൈരുധ്യങ്ങളുടെ മൂർഛീകരണം ആ വ്യവസ്ഥയെ തന്നെ തകർക്കുമെന്നും മാർക്സ് വ്യക്തമാക്കുന്നു. എന്തൊക്കെയാണ് ഈ വൈരുധ്യങ്ങൾ എന്നുനോക്കാം.

 1) മുതലാളിത്തത്തിൽ ഉണ്ടാകുന്ന സമ്പത്ത് കോടിക്കണക്കിന് ജനങ്ങളുടെ അധ്വാനഫലമാണ്.. എന്നാൽ ആ സമ്പത്തിന്റെ 90 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത് വളരെ കുറച്ചുപേരും.
-വർധിക്കുന്ന ദാരിദ്യ്രവും വർധിക്കുന്ന സമ്പത്തും തമ്മിലെ വൈരുധ്യം..

2) ഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗത്തെ ചൂഷണം ചെയ്ത് ദാരിദ്യ്രത്തിലേക്ക് തള്ളിയിടാതെ മുതലാളിവർഗത്തിന് ലാഭം വർധിപ്പിക്കാനാവില്ല. എന്നാൽ ബഹുജനങ്ങളുടെ വാങ്ങൽ/ ഉപഭോഗശേഷി കുറയുന്നത് മുതലാളിക്ക് ദോഷമാണ് താനും. അയാളുടെ കമ്പനിപ്രൊഡക്റ്റ്സ് ആരും വാങ്ങാതെ കെട്ടിക്കിടക്കുന്നു..
-വർധിക്കുന്ന ലാഭവും കുറഞ്ഞുവരുന്ന വാങ്ങൽശേഷിയും തമ്മിലെ വൈരുധ്യം.

3)ഒരു മൊട്ടുസൂചിയുടെയാണെങ്കിൽ പോലും ഉത്പാദനത്തിലും വിപണനത്തിലും നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു. പക്ഷേ ഉത്പാദകശക്തികളുടെ ഉടമസ്ഥത കുറച്ചു വ്യക്തികൾക്കും.
-സാമൂഹ്യമായ ഉത്പാദനവും സ്വകാര്യമായ ഉടമസ്ഥതയും തമ്മിലെ വൈരുധ്യം.

4)ഫാക്ടറിയിൽ ഉത്പാദനം വളരെ ആസൂത്രിതമാണ്. എന്നാൽ സമൂഹത്തെ മൊത്തത്തിലെടുത്താൽ ഉത്പാദനത്തിൽ ആസൂത്രണമല്ല അരാജകത്വമാണ് കാണുന്നത്.
-ആസൂത്രണവും അരാജകത്വവും തമ്മിലെ വൈരുധ്യം.

5)കൂടുതൽ മൂലധനനിക്ഷേപത്തിലൂടെ നടപ്പാക്കുന്ന യന്ത്രവത്കരണവും മറ്റും തൊഴിലാളിയുടെ ഉത്പാദനശേഷി കൂട്ടുന്നു. പക്ഷേ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുന്നു.
-മൂലധനവർധനവും തൊഴിലില്ലായ്മയും തമ്മിലെ വൈരുധ്യം.

6) സ്വതന്ത്രമായ മത്സരവും സംരംഭങ്ങളും പൊടിപൊടിക്കുമ്പോഴും വിപണി ചില കുത്തകകളുടെ കയ്യിലൊതുങ്ങുന്നു.
-സ്വതന്ത്രമത്സരവും കുത്തകമുതലാളിത്തവും തമ്മിലെ വൈരുധ്യം.

7)മുതലാളിയും തൊഴിലാളിയും തമ്മിലെ വർധിച്ച അന്തരം അവരെ രണ്ട് തട്ടുകളിലേക്ക് ,രണ്ട് ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് വേർതിരിക്കുന്നു.  മുതലാളി വ്യവസ്ഥയെ നിലനിർത്താനും തൊഴിലാളി വ്യവസ്ഥയെ അട്ടിമറിക്കാനും ശ്രമിക്കുന്നു..
-മുതലാളിയും തൊഴിലാളിയും തമ്മിലെ വൈരുധ്യം..
   ---ഇൗ വൈരുധ്യമാണ് വർഗസമരം..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...