Friday, September 28, 2018

തൊഴിലില്ലായ്മയുടെ ശാസ്ത്രം..


ഉത്പാദനം എന്നത് സഥിരമൂലധനവും അധ്വാനവും ചേരുന്ന പ്രക്രിയയാണെന്ന് നേരത്തെ വിശദീകരിച്ചു. (സ്ഥിരമൂലധനം എന്നത് മറ്റ് പല അധ്വാനങ്ങളുടെയും ഫലമാണ് താനും). മുതലാളിത്തത്തിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് അധ്വാനത്തെ അപേക്ഷിച്ച് സ്ഥിരമൂലധനത്തിന്റെ വർധനവ്. അതായത് തൊഴിലാളികൾക്ക് വേണ്ടി മുടക്കുന്ന കൂലിയേക്കാൾ അസംസ്കൃതവസ്തുക്കൾ, യന്ത്‌രസാങ്കേതികവിദ്യകൾ തുടങ്ങിയവയ്ക്കായി മുതലാളി കൂടുതൽ മൂലധനം മുടക്കുന്നുവെന്നർത്ഥം. വർധിച്ചുവരുന്ന യന്ത്രവത്കരണവും സാങ്കേതികപുരോഗതിയും തന്നെ ഉദാഹരണം. ഇവ വാസ്തവത്തിൽ തൊഴിലാളിയുടെ ഉത്പാദനശേഷി കൂട്ടുന്നു. അതായത് കൈത്തറിത്തൊഴിലാളി ഒരു മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ മൂല്യം യന്ത്രത്തറിയിലെ തൊഴിലാളി ഒരു മണിക്കൂർ കൊണ്ടുണ്ടാക്കുന്നു. എല്ലാ മേഖലകളിലും ഈ പ്രവണത കാണാം.

ഉത്പാദനശേഷി ഒരു ഭാഗത്ത് കൂടുമ്പോൾ യന്ത്രവത്കരണം തൊഴിലവസരങ്ങൾ കുറയ്ക്കും. തൊഴിലില്ലായ്മ വർധിപ്പിക്കും. 10000 പേർ ചെയ്തിരുന്ന ഭാരിച്ച ജോലികൾ അവരേക്കാൾ വേഗത്തിൽ പരാതികളില്ലാതെ, വിശ്രമമില്ലാതെ ഒരു യന്ത്രം ചെയ്യുന്നു. സ്ഥിരമൂലധനം അസ്ഥിരമൂലധന(അധ്വാനം)ത്തെ അപേക്ഷിച്ച് വർധിക്കുന്നു.

യന്തവത്കരണവും ശാസ്ത്രസാങ്കേതികപുരോഗതിയും അനിവാര്യമാണ്. അത് ഉണ്ടാകുക തന്നെ വേണം. എന്നാൽ മുതലാളിത്തത്തിൽ അത് ഒരു ഭാഗത്ത് പുരോഗതിയും മറുഭാഗത്ത് ദുരിതങ്ങളുമാണ് സമ്മാനിക്കുന്നത്. ഈ വൈരുധ്യം മുതലാളിത്തം ഉള്ളിടത്തോളം കാലം തുടരും.

തൊഴിലില്ലായ്മ മുതലാളിത്തത്തിന് അനുഗ്രഹമോ..?

യന്ത്രവത്കരണവും കുത്തകമുതലാളിത്തവും തൊഴിലവസരങ്ങൾ കുത്തനെ താഴ്ത്തുന്നത് എങ്ങനെയെന്ന് നാം കൂടുതൽ പഠിക്കേണ്ടതുണ്ട്. പക്ഷേ ഇത് മുതലാളിത്തത്തിന് ഗുണകരമാകുന്നതെങ്ങനെ..?

സമൂഹത്തിൽ വർധിച്ചുവരുന്ന തൊഴിലില്ലാത്ത ആളുകൾ (തൊഴിലില്ലാപ്പട എന്നും പറയാം) തൊഴിലുള്ളവർക്ക് ഒരു ഭീഷണിയാകും. എത്ര കുറഞ്ഞ കൂലിക്കായാലും വേണ്ടില്ല, ഉള്ള ജോലി കളയാതെ നോക്കണം എന്ന ചിന്തയും ഉത്കണ്ഠയും തൊഴിലാളികളിലുണ്ടാകും. താൻ ജോലി കളഞ്ഞാൽ അത് ചെയ്യാൻ ആയിരങ്ങൾ സമൂഹത്തിൽ തിങ്ങിഞെരുങ്ങുന്നുവെന്ന സത്യം തൊഴിലാളിവർഗം മനസിലാക്കും. തൊഴില്ലാത്ത ആ വലിയ വിഭാഗത്തെ കരുതൽസേന എന്നുപറയും. കരുതൽസേന കൂടുതലുള്ളിടത്ത് മുതലാളിക്ക് എന്ത് ചൂഷണവും മടികൂടാതെ തൊഴിലാളികളിൽ നടപ്പാക്കാം. കൂലി കുറയ്ക്കാം. ജോലിസമയം കൂട്ടാം. ആനുകൂല്യങ്ങൾ എടുത്തുകളയാം. കാരണം തൊഴിലില്ലായ്മ എന്ന തൊഴിലാളിയുടെ ഭയത്തെ അവർ മുതലെടുക്കുന്നു.

കരുതൽസേന കൂടുതലുള്ളിടത്ത്  തൊഴിലാളികളുടെ ലഭ്യത മുതലാളിക്ക് ഒരു പ്രശ്നമേയല്ലാതാകുന്നു. ജോലി ചെയ്യാൻ ധാരാളം പേർ തിരക്കുകൂട്ടുന്നുണ്ടല്ലോ.. ഇതിലൂടെ തൊഴിലാളിയുടെ വിലപേശൽശക്തിയും കുറയ്ക്കാനാകും. തൊഴിലാളിവർഗത്തിന്റെ സംഘടിതശക്തിയെയും ഇല്ലാതാക്കാം. തൊഴിൽ ഇല്ലാതാകുന്ന സ്ഥിതിയോർത്ത് അവർ എന്തും സഹിക്കാനും ക്ഷമിക്കാനും തയ്യാറാകും. തൊഴിലാളിവർഗത്തെ അടക്കി നിർത്തുന്നതിൽ മുതലാളി വിജയിക്കും.

ചുരുക്കത്തിൽ പെരുകിവരുന്ന തൊഴിലില്ലാപ്പട മുതലാളിക്ക് ഒരനുഗ്രഹം തന്നെ.. തൊഴിലില്ലായ്മ വളരെ കൂടുതലുള്ള രാജ്യങ്ങളിലേക്ക് മുതലാളിവർഗം നിക്ഷേപങ്ങൾ നടത്തുന്നതും ഇതുകൊണ്ടുതന്നെ..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...