ജീവന്റെ ഉത്ഭവവും പരിണാമവും ശാസ്ത്രീയമായി വിശദീകരിച്ചുകൊണ്ട് മതങ്ങളുടെ കെട്ടുകഥകൾക്കുമേൽ ഇടിത്തീ പോലെ വീണ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് മാർക്സിസവുമായി എന്ത് ബന്ധം എന്ന് സംശയം തോന്നാം.. ഒറ്റവാക്യത്തിൽ പറഞ്ഞാൽ ഡാർവിനും മാർക്സും പരിണാമസിദ്ധാന്തം തന്നെയാണ് കെട്ടിപ്പടുത്തത്. ചാൾസ് ഡാർവിൻ ജീവന്റെ പരിണാമത്തിലും മാർക്സ് ജീവികൾ ചേർന്ന സാമൂഹ്യവ്യവസ്ഥയുടെ പരിണാമത്തിലും ശ്രദ്ധയൂന്നി എന്ന് മാത്രം..
ചാൾസ് ഡാർവിൻ 'Origin of Species' പുറത്തിറക്കിയപ്പോൾ അത് ഏറ്റവും കൂടുതൽ പഠനവിധേയമാക്കിയ ചിന്തകനായിരുന്നു കാൾ മാർക്സ്. ഇതിലെ ചില നല്ല കാര്യങ്ങളും കുഴപ്പങ്ങളും ചൂണ്ടിക്കാട്ടി മാർക്സ് എംഗൽസിന് കത്തുകളുമയച്ചിരുന്നു.
ഏകകോശജീവിയിൽ നിന്നും ബഹുകോശജീവിയിലേക്കും നട്ടെല്ലുള്ള ജീവികളിലേക്കും സസ്തനിയിലേക്കും മനുഷ്യനിലേക്കുമുള്ള ജീവന്റെ പരിണാമം മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദത്തിനും ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കുന്നു. സമൂഹം എന്നത് ജീവികൾ ചേർന്ന കൂട്ടമല്ല, മറിച്ച് അവരും അവർ തമ്മിലെ പരസ്പരബന്ധവും ചേർന്നതാണെന്ന് മാർക്സ് പറഞ്ഞു.
ജീവികളെ പോലെ തന്നെ ഈ പരസ്പരബന്ധവും തുടർച്ചയായി മാറ്റങ്ങൾക്ക് വിധേയമാകുന്നു. മനുഷ്യരുടെ കാര്യത്തിൽ പ്രാകൃതകമ്മ്യൂണിസം ,അടിമത്തം ,ഫ്യൂഡലിസം ,മുതലാളിത്തം ,സോഷ്യലിസം ,കമ്മ്യൂണിസം എന്നിവ ഈ പരസ്പരബന്ധത്തിന്റെ വിവിധ ഘട്ടങ്ങളാണ്.
പരിണാമസിദ്ധാന്തത്തിലെ കേവലവാദം..
വിപ്ലവം എന്നതാണ് വൈരുധ്യവാദത്തിന്റെ അടിത്തറ. ഓരോ വ്യവസ്ഥയിലെയും 2 വൈരുധ്യങ്ങളിൽ ഒന്നിന്റെ അളവിന് സാവധാനമുള്ള മാറ്റം(വളർച്ച) ഉണ്ടാകുന്നു. ഇത് ഈ വൈരുധ്യങ്ങൾ തമ്മിലെ ശത്രുത വർധിപ്പിച്ച് വിപ്ലവം സൃഷ്ടിക്കുന്നു. കാലങ്ങളായുള്ള സാവധാനവളർച്ചയ്ക്കു ശേഷം പൊടുന്നനെയുള്ള ഒരു കുതിച്ചുചാട്ടം വ്യവസ്ഥയ്ക്ക് സംഭവിക്കുന്നു.
കോടിക്കണക്കിന് വർഷങ്ങളെടുത്ത ജീവന്റെ പരിണാമത്തിന്റെ കാര്യത്തിലും ഇത് ശരിയായിരുന്നു. ലക്ഷക്കണക്കിന് വർഷത്തെ സാവധാനമാറ്റത്തിനുശേഷം ഇടയ്ക്കിടെ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങൾ ജീവികളുടെ ശൃംഖലയെ തന്നെ മാറ്റിമറിച്ചു. എന്നാൽ ഡാർവിൻ ഇങ്ങനെയല്ല പരിണാമത്തെ കണ്ടത്.
പരിണാമം ഒരു തുടർച്ചയായ, സാവധാനമുള്ള, കോടിക്കണക്കിന് വർഷങ്ങളെടുക്കുന്ന ഒരു പ്രക്രിയയാണെന്ന് അദ്ദേഹം അടക്കം പലരും മുന്നോട്ടുവെച്ചു.
കുതിച്ചുചാട്ടങ്ങൾ പരിണാമത്തിലില്ലെന്ന് അവർ കരുതി. വൈരുധ്യങ്ങളുടെ സംഘട്ടനവും തത്ഫലമായ വിപ്ലവകരമായ വഴിത്തിരിവുകളുമല്ല, സാവധാനമുള്ള പരിണാമപ്രക്രിയയ്ക്കാണ് പരിണാമവാദികൾ ഊന്നൽ നൽകിയത്..
പരിണാമസിദ്ധാന്തം -മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ..
പരിണാമം (സാവധാനമുള്ള തുടർച്ചയായ വളർച്ച-Gradual change)) , വിപ്ലവം (വ്യവസ്ഥയുടെ പെട്ടെന്നുള്ള എടുത്തുചാട്ടം- sudden change) എന്നീ രണ്ടുപദങ്ങളെയും പരസ്പരബന്ധം പുലർത്തുന്ന വൈരുധ്യങ്ങളായാണ് മാർക്സ് കണ്ടത്. ഓരോ സ്പീഷീസും നീണ്ടകാലത്തെ പരിണാമങ്ങൾക്ക് വിധേയമാകുന്നതിനൊപ്പം അവയിലെ വൈരുധ്യങ്ങളുടെ സംഘട്ടനഫലമായി വിപ്ലവങ്ങളും ഉണ്ടാകുന്നു.
ചുറ്റുപാടുമുള്ള സാഹചര്യങ്ങളും കാലാവസ്ഥയും മാറുന്നതനുസരിച്ച് ജീവിവർഗങ്ങളിൽ പൊടുന്നനെയുണ്ടാകുന്ന വംശനാശങ്ങളും അതിജീവനവും ഉദാഹരണം. ചുറ്റുപാടുകളും ജീവികളുടെ ഘടനയും തമ്മിലെ വൈരുധ്യമാണിതിന് കാരണം. ബാഹ്യസാഹചര്യങ്ങൾ അളവിൽ സാവധാനം മാറുന്നു(Anti thesis).
എന്നാൽ നീണ്ട കാലം ജീവിയുടെ ഘടനയ്ക്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നുമില്ല(Thesis). ഇവ രണ്ടും തമ്മിൽ വൈരുധ്യം മൂർച്ഛിക്കുമ്പോൾ ചില പ്രത്യേകഘട്ടങ്ങളിൽ ജീവികളിലും വിപ്ലവകരമായ മാറ്റമുണ്ടാകുന്നു.
പല ജീവികളുടെയും വംശനാശവും പല തരം ജീവിവർഗങ്ങളുടെ ഉത്ഭവവും ഒക്കെ ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉദാഹരണമാണ്. ഉൽക്കാപതനവും വൻകരാവിഭജനവും മുതൽ കാലാവസ്ഥാമാറ്റവും ഇരപിടിയന്മാരും ദേശാടനവും രോഗങ്ങളും വരെ പരിണാമത്തെ സ്വാധീനിക്കുന്ന സാഹചര്യങ്ങളാണ്. വൈരുധ്യാധിഷ്ഠിതമായ പരിണാമസിദ്ധാന്തത്തോട് സമാനമായി മാർക്സിന്റെ ചരിത്രനിയമങ്ങളെയും കാണാവുന്നതേയുള്ളൂ..
ഡാർവിന്റെ പ്രകൃതിനിർദ്ദാരണസിദ്ധാന്തം..
ഡാർവിന്റെ വലിയൊരു സംഭാവനയാണ് പ്രകൃതിനിർദ്ദാരണസിദ്ധാന്തം. അർഹതയുള്ളവൻ അതിജീവിക്കും എന്ന ഈ വാദം പക്ഷേ ചരിത്രത്തിലും ഇന്നുപോലും നന്നായി ദുരുപയോഗം ചെയ്യപ്പെടുന്നു. ചൂഷണങ്ങളെയും സാമ്പത്തികഅസമത്വങ്ങളെയും ദാരിദ്യ്രത്തെയും തൊഴിലില്ലായ്മയെയും ഒക്കെ ന്യായീകരിക്കാൻ ഈ വാചകം പലരും ഉപയോഗിക്കാറുണ്ട്.
പണ്ട് കോളനിവൽക്കരണകാലത്ത് തങ്ങളുടെ ആധിപത്യത്തെ ന്യായീകരിക്കാൻ ബ്രിട്ടീഷുകാരും ഉപയോഗിച്ച ഒരു തത്വമായിരുന്നു ഇതും.. അർഹതയുള്ളവൻ അഥവാ കഴിവുള്ളവൻ വിജയിക്കും. ശക്തിയും സമ്പത്തുമില്ലാത്തവർ പരാജയപ്പെടും. അവരെ കുറിച്ചോർത്ത് ദുഃഖിക്കണ്ട. ദാരിദ്യ്രവും പട്ടിണിയുമൊക്കെ ഈ പ്രകൃതിനിർദ്ദാരണസിദ്ധാന്തത്തിന്റെ ഫലങ്ങളാണ്. അതൊന്നും ആരെക്കൊണ്ടും മാറ്റാനും പറ്റില്ല.. എത്ര മനോഹരമായ ന്യായീകരണം..!!
എന്നാൽ കഴിവുള്ളവന് മറ്റുള്ളവരെ നശിപ്പിക്കാം എന്നല്ല, നിലനിൽപിനായുള്ള സമരം എന്നായിരുന്നു ഡാർവിൻ ഇതുകൊണ്ടുദ്ദേശിച്ചത്. വേട്ടക്കാരനായ പുലിയിൽ നിന്നും രക്ഷപ്പെടാൻ മാൻ ശ്രമിക്കുന്നത് നിലനിൽപിനായാണ്. ഇതിൽ നല്ല വേഗമുള്ള മാനുകൾ രക്ഷപ്പെടും. ശക്തിയില്ലാത്തവ പുലിയുടെ ഭക്ഷണമാകും. ഈ പ്രകൃതിനിയമത്തെ തങ്ങളുടെ അധിനിവേശങ്ങൾക്കായി വളച്ചൊടിക്കുകയായിരുന്നു ചൂഷകവർഗം..
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...