Sunday, September 23, 2018

ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും..

മാർക്സിസത്തിന്റെ അതിപ്രാധാന്യമായ സിദ്ധാന്തമായ ചരിത്രപരമായ ഭൗതികവാദത്തിലേക്ക് കടക്കുന്ന ഏതൊരാളും തീർച്ചയായും മനസിലാക്കേണ്ട രണ്ട് പദങ്ങൾ..അവയാണ് ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും..

മനുഷ്യൻ ഉത്പാദനം നടത്തി സമ്പത്ത് നേടാനുപയോഗിക്കുന്ന ഏതൊരു വസ്തുവിനെയും ഉത്പാദനോപാധി എന്നുപറയാം.. ഉദാഃ ഭൂമി വാടകയ്ക്ക് നൽകി കാശ് സമ്പാദിക്കുക, സാധനങ്ങൾ മറിച്ചുവിൽക്കുക, ഫാക്ടറിയിൽ ഉത്പാദനം നടത്തുക etc. ഇവിടെ ഭൂമി, കച്ചവടസാധനങ്ങൾ, ഫാക്ടറി,അസംസ്കൃതവസ്തുക്കൾ, സാങ്കേതികവിദ്യ എന്നിവയെല്ലാം ഉത്പാദനശക്തികളാണ്. ഇവ നമുക്ക് കൂടുതൽ സമ്പത്ത് (surplus) നൽകുന്നു. ഓർക്കുക..നമ്മുടെ വീടും നാം ഉപയോഗിക്കുന്ന സാധനങ്ങളുമൊന്നും ഉത്പാദനശക്തികളല്ല.. ഉപഭോഗവസ്തുക്കളാണ്.. അവയിൽ നിന്നും നമുക്ക് സമ്പത്ത് കിട്ടില്ല..

ഏതൊരു സമൂഹത്തിലും ഉത്പാദനം നടക്കാൻ കാരണമായ മനുഷ്യർ തമ്മിലെ ബന്ധത്തെ ഉത്പാദനബന്ധം എന്നു പറയുന്നു.. ഉദാഃ ഈജിപ്തിലെ പിരമിഡ് നിർമിക്കാൻ സഹായകമായ ഉത്പാദനബന്ധം അടിമ-ഉടമ ബന്ധമായിരുന്നു.. ജന്മിയുടെ ഭൂമിയിൽ കുടിയാൻ കൃഷി ചെയ്യുന്നത് ഭൂപ്രഭു- കർഷകബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.. ഇതാണ് ഫ്യൂഡലിസം.. നാം ജീവിക്കുന്ന സമൂഹത്തിലെ ഉത്പാദനത്തിന് കാരണമായ ബന്ധം മുതലാളി- തൊഴിലാളിബന്ധമാണ്. ഈ ബന്ധം ഇല്ലെങ്കിൽ ഉത്പാദനവും നടക്കില്ല. സമൂഹം പുരോഗമിക്കുകയുമില്ല..

ചരിത്രത്തിന്റെ വൈരുധ്യാത്മകത.. (Dialectics of History)

മനുഷ്യർ വർഗങ്ങളായി തിരിയാതെ സഹകരണത്തോടെ ജീവിച്ച അപരിഷ്കൃതമായ  പ്രാകൃതകമ്മ്യൂണിസ്റ്റ് സമൂഹം, അതിനുശേഷം അടിമയും ഉടമയും തമ്മിലെ വർഗസമരം നടന്ന അടിമത്തവ്യവസ്ഥ, അതുകഴിഞ്ഞാൽ ഭൂപ്രഭുക്കന്മാരുടെ കീഴിൽ കർഷകരും മറ്റും ചവിട്ടിമെതിക്കപ്പെട്ട ഫ്യൂഡലിസം, തുടർന്ന് മുതലാളിയും തൊഴിലാളിവർഗവുമായി സമൂഹം വിഭജിക്കപ്പെട്ട ഇന്നത്തെ മുതലാളിത്തം ഇവയാണ് മനുഷ്യന്റെ ചരിത്രഘട്ടങ്ങൾ.. പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും തുടങ്ങി മുതലാളിത്തത്തിന്റെ മത്സരവും ചൂഷണവും നിറഞ്ഞ ലോകത്ത് നാം എത്തിനിൽക്കുന്നു.. ഇനിയെന്ത് എന്ന ചോദ്യത്തിന് മാർക്സിസം അടിവരയിട്ടു പറയുന്ന രണ്ട് സാമൂഹ്യവ്യവസ്ഥിതികളാണ് സോഷ്യലിസവും കമ്മ്യൂണിസവും( പിന്നീട് വ്യക്തമാക്കാം)..

മനുഷ്യസമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ തുടർച്ചയായി മാറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും കാരണമാകുന്നത്..? ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം... അതാണുത്തരം.. 

വൈരുധ്യങ്ങൾ വളർച്ച പ്‌രാപിച്ചും സംഘട്ടനം നടത്തിയുമാണ് മാറ്റം ഉണ്ടാവുക.. എന്താണ് ചരിത്രത്തിലെ മാറ്റങ്ങൾക്കുപിന്നിലെ മെക്കാനിസം..? അതിതാണ്.. ഉത്പാദനശക്തികൾ കാലം കഴിയുന്നതനുസരിച്ച് തുടർച്ചയായി മാറിക്കൊണ്ടേയിരിക്കുന്നു.അവ അനുദിനം വളർച്ച പ്രാപിക്കുന്നു.. എന്നാൽ അപ്പോഴും ഉത്പാദനബന്ധങ്ങൾ മാറ്റമില്ലാതെ  അങ്ങനെ തന്നെ നിലനിൽക്കുന്നു.. മാറിക്കൊണ്ടിരിക്കുന്ന ഉത്പാദനശക്തികളും മാറാത്ത ഉത്പാദനബന്ധങ്ങളും തമ്മിൽ വലിയ വൈരുധ്യങ്ങൾ ഉണ്ടാകുകയും സമൂഹം വലിയ വിപ്ലവങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു.
ഉത്പാദകശക്തികൾ വലിയ പുരോഗതികൾ     കൈവരിക്കുമ്പോഴും ഉത്പാദനബന്ധം മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ചരിത്രത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കിയെന്ന് തുടർന്ന് വിശദീകരിക്കാം..

വൈരുധ്യാത്മകഭൗതികവാദം അനുസരിച്ച് ഇവിടെ ഉത്പാദകശക്തികൾ ആന്റിതീസിസും ഉത്പാദനബന്ധങ്ങൾ തീസിസും ആണെന്ന് മനസിലാക്കുക.. 
http://returntomarx.blogspot.com/2018/09/blog-post_47.html

ചിത്രം കാണുക.. മൂലധനവുംഭൂമിയും  മറ്റും ചേരുന്ന ഉത്പാദകശക്തികളുടെ വളർച്ച സാമ്പത്തികമായ പുരോഗമനത്തിലേക്കു നയിക്കുന്നു.. എന്നാൽ ഈ വളർച്ചയിലും മാറ്റമില്ലാതെ തുടരുന്ന ഉത്പാദകബന്ധങ്ങൾ ഈ ഉത്പാദകശക്തികളുമായി വൈരുധ്യാത്മകമായി പ്രവർത്തിക്കുന്നു.. ഇത് സാമൂഹ്യവ്യവസ്ഥയെ തന്നെ മാറ്റുകയും വിപ്ലവങ്ങൾ നടക്കുകയും ചെയ്യുന്നു..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...