Sunday, September 23, 2018

അടിമത്തകാലഘട്ടം--Slavery

സഹകരണത്തിലധിഷ്ഠിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തത്തിലേക്കുള്ള വിപ്ലവം സമൂഹത്തെ കൂടുതൽ പുരോഗമനത്തിലേക്കു നയിച്ചിരുന്നു. കാരണം, ഉത്പാദനോപാധികൾ വമ്പിച്ച തോതിൽ വികസിക്കുകയും ശാസ്ത്രസാങ്കേതികവിദ്യ പുരോഗതി പ്രാപിക്കുകയും ചെയ്തു.. പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നു വ്യത്യസ്തമായി മിച്ചോത്പന്നങ്ങളും സ്വകാര്യസ്വത്തും രൂപംകൊണ്ടതോടെ മനുഷ്യൻ സമ്പത്തിനായി പരസ്പരം യുദ്ധം ചെയ്യാൻ തുടങ്ങി.. കഴിവുള്ളവർ ജയിക്കുകയും തോൽക്കുന്നവർ അടിമകളാകുകയും ചെയ്തു.. സമൂഹത്തിൽ അടിമകൾ(ഭൂരിപക്ഷം) ,ഉടമകൾ(ന്യൂനപക്ഷം) എന്നീ രണ്ടു വിഭാഗങ്ങൾ ഉണ്ടായി..

 അടിമത്തം ആരംഭിക്കുന്ന സമയത്ത് ഈ വേർതിരിവ് അത്ര പ്രകടമായിരുന്നില്ല.. ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളിൽ തോൽക്കുന്നവർ അടിമകളായി മാറി.. പിന്നീട് ഉടമവർഗത്തിൽ പെടുന്നവർ തന്നെ പരസ്പരം ആക്രമിച്ചും വെട്ടിപ്പിടിച്ചും മുന്നോട്ടുനീങ്ങി. ഇവരിലും തോൽക്കുന്നവർ  അടിമകളായി മാറി.. അധിനിവേശങ്ങളിലൂടെ അടിമകളുടെ എണ്ണം വർധിച്ചു.. ഉടമകൾ ചുരുങ്ങുകയും  അടിമകൾ മഹാഭൂരിപക്ഷം ആവുകയും ചെയ്തു..

അടിമകളെ സൃഷ്ടിക്കേണ്ടതും അവരുടെ എണ്ണം വർധിപ്പിക്കേണ്ടതും ഉടമവർഗത്തിന്റെ ആവശ്യമായിരുന്നു. എന്നാലേ അവർക്ക് സുഭിക്ഷമായി ജീവിക്കാനുള്ളതെല്ലാം അടിമകൾ അധ്വാനിച്ച് ഉണ്ടാക്കിത്തരുമായിരുന്നുള്ളൂ.. കൃഷിയും മറ്റ് തൊഴിലുകളും വളർന്നത് അടിമകളുടെ ആവശ്യകതയും വർധിപ്പിച്ചു.. കൂടുതൽ അധിനിവേശങ്ങൾ നടക്കുകയും കൂടുതൽ പേരെ ഉടമകൾ 
കീഴ് പ്പെടുത്തുകയും ചെയ്തു.. അടിമവർഗവും ഉടമവർഗവും തമ്മിലെ വർഗസമരം വർധിച്ചുവന്നു..

ഉടമകൾ അധ്വാനിക്കാതെ സുഖമായി ജീവിച്ചു. അവർ അടിമകളെയും വിൽക്കുകയും വാങ്ങുകയും പണിയെടുപ്പിക്കുകയും വേണ്ടിവന്നാൽ കൊല്ലുകയും ചെയ്തു..  
പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നു വ്യത്‌യസ്തമായി ഭരണകൂടം എന്ന ആശയം ഉണ്ടായത് അടിമത്തസമൂഹത്തിലാണ്. ഉടമകളുടെ ആധിപത്യം ഉറപ്പിക്കാനും അടിമത്തത്തെ സംരക്ഷിച്ചുകൊണ്ട് എതിർശബ്ദങ്ങളെ അടിച്ചമർത്താനും ഭരണകൂടം ഉടമകളെ സഹായിച്ചു.. രാജാവ്, പട്ടാളം, മന്ത്രി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായി. 

ചുരുക്കത്തിൽ എന്താണ് സംഭവിച്ചത്..? അടിമത്തത്തിൽ 
അടിമ--ഉടമ എന്ന ഉത്പാദനബന്ധം ആയിരക്കണക്കിനു വർഷം അങ്ങനെ നിലനിന്നപ്പോൾ തന്നെ ഉത്പാദനശക്തികൾ ക്രമാതീതമായി വളർന്നുവികസിക്കുകയും  വളരുന്ന ഉത്പാദനശക്തികളും മാറ്റമില്ലാതെ തുടരുന്ന ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം അടിമത്തം എന്ന സിസ്റ്റത്തിനു തന്നെ ഭീഷണിയാവുകയും ചെയ്തു..

അടിമത്തത്തിലെ വൈരുധ്യാത്മകത..

അടിമത്തസമൂഹത്തിൽ അടിമകൾക്കും ഉടമകൾക്കും പുറമേ ചിലർ കൈവേലക്കാരായും ധനികരായും ദരിദ്രരായും പുരോഹിതരായും ഭരണാധികാരികളായും ഒക്കെ മാറി.. ഇങ്ങനെ പല വർഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അടിമകളുടെ എണ്ണം വർധിക്കുകയും ഉടമകളും അടിമകളും തമ്മിലെ വൈരുധ്യവും വർഗസമരവും വർധിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ മറ്റെല്ലാ വർഗങ്ങളും അപ്രസക്തമായി.. ചരിത്രം ഈ രണ്ട് വിഭാഗങ്ങൾ തമ്മിലെ വർഗസമരമായി മാറി..

ഉടമകൾക്ക് ശാരീരികാധ്വാനം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ.. അതിനാൽ അവർക്ക് ധാരാളം ഒഴിവുസമയം കിട്ടുകയും  ശാസ്ത്രവും കലയും സർഗാത്മകതയും ഒക്കെ അതിവേഗത്തിൽ വികസിക്കുകയും ചെയ്തു. പുരാതനഗ്രീസിൽ  അരിസ്റ്റോട്ടിലും പ്ലേറ്റോയും തുടങ്ങിയ പ്രഗത്ഭർ ജന്മം കൊണ്ടെങ്കിൽ ഇവിടെ സുശ്രുതനും കണാദനും ആര്യഭടനും ഒക്കെ ആയിരുന്നു അക്കാലത്തെ ബഹുമുഖപ്രതിഭകൾ.  അടിമത്തകാലത്ത്  കലയും സംസ്കാരവും വളർന്നു.. അടിമകളെ കൊണ്ട് പണിയെടുപ്പിക്കുന്നതിനാൽ മറ്റുള്ളവർക്ക് ജീവിതം ഒഴിവുസമയം നിറഞ്ഞതും സുഖകരവുമായി മാറി.. അവർ ധാരാളം അന്വേഷണങ്ങൾ നടത്തി. ഇതാണ് ഈ ശാസ്ത്ര -സാംസ്കാരിക പുരോഗതിക്കും കാരണം.. ഉത്പാദനശക്തികളും വേഗത്തിൽ വികാസം നേടി.. അടിമത്തം എന്ന സിസ്റ്റം അതിന് സഹായിച്ചു. 

എന്നാൽ അടിമയും ഉടമയും തമ്മിലെ മനുഷ്യത്വത്തിനു നിരക്കാത്ത ഉത്പാദനബന്ധം ഉത്പാദനശക്തികളുടെ വളർച്ചയ്ക്ക് തടസമുണ്ടാക്കി..
ശാസ്ത്രസാങ്കേതികവിദ്യ വളർന്നിട്ടും ഉത്പാദനത്തിന് ഉടമകൾ അടിമകളെ തന്നെ ഉപയോഗിച്ചു.. മൃഗീയമായി ജോലി ചെയ്യാൻ അടിമകൾ ധാരാളം ഉള്ളതിനാൽ ഉത്പാദനശക്തികളുടെ വികാസം തന്നെ അനാവശ്യമായി മാറി.. അവയുടെ വളർച്ച മുരടിച്ചു. വികാസം പ്രാപിച്ച ഉത്പാദനശക്തികളെ ഉപയോഗിച്ചാലോ അടിമകളുടെ ആവശ്യകത വലിയ തോതിൽ കുറയുകയും ചെയ്യും.. അടിമത്തത്തിലും വിള്ളൽ വീഴും. ഇതായിരുന്നു ഉത്പാദനശക്തികളും ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം..

 ഇത് പരിധികൾ കടന്നു.. അടിമകളെ മാത്രം ആശ്രയിച്ചുള്ള ഉത്പാദനം അവരുടെ ദുരിതം വർധിപ്പിച്ചു.. അവർ അസംതൃപ്തരായി.. സംഘടിച്ചു.. ലഹളകൾ നടത്തി.. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും ഒടുവിൽ അവർ വിജയിച്ചു.. വിപ്ലവം സാധ്യമായി.. അടിമകൾ സ്വതന്ത്രരായി.. വൈരുധ്യങ്ങൾ തമ്മിലെ സംഘട്ടനം വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു..!! അല്ലെങ്കിൽ ഉത്പാദകശക്തികളിലെ അളവിലെ മാറ്റം ഉത്പാദനബന്ധങ്ങളുടെ ഗുണത്തിലെ മാറ്റമായി മാറി.. (വൈരുധ്യാത്മകഭൗതികവാദം നോക്കുക). അടിമത്തം തകരുകയും തികച്ചും വ്യത്യസ്ഥമായ ഫ്യൂഡലിസം (നാടുവാഴിത്തം) എന്ന പുതിയൊരു സിസ്റ്റം രൂപം കൊള്ളുകയും ചെയ്തു..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...