Sunday, September 23, 2018

ചരിത്രപരമായ ഭൗതികവാദം..(Historical Materialism)

വൈരുധ്യാത്മകഭൗതികവാദത്തിന്റെ ചരിത്രപരമായ ആവിഷ്കാരമാണ് ചരിത്രപരമായ ഭൗതികവാദം. മനുഷ്യന്റെ ചരിത്രഗതിയിലും വൈരുധ്യാത്മകനിയമങ്ങൾ ആവിഷ്കരിക്കുകയാണ് മാർക്സ് ചെയ്യുന്നത്.. ഇതിന്റെ മൂന്ന് പോയിന്റുകൾ..

1. മനുഷ്യചരിത്രം ഇന്നുവരെയും കടന്നുപോയിട്ടുള്ളത് വർഗസമരങ്ങളിലൂടെ മാത്രമാണ്.. ഓരോ ചരിത്രഘട്ടത്തിലും സമൂഹത്തിൽ വ്യക്തമായി രൂപം കൊള്ളുന്ന രണ്ട് വർഗങ്ങളുടെ ഭൗതികമായ ചേരിതിരിവാണ് വർഗസമരം എന്നത്..
ഉദാഃ മുതലാളിയും തൊഴിലാളിയും തമ്മിലെ വർഗസമരം.

2. ഓരോ സാമൂഹ്യവ്യവസ്ഥിതിയിലും അനേകം വൈരുധ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വികസിച്ച് പരിധി കടക്കുകയും വൈരുധ്യങ്ങളുടെ സംഘട്ടനത്തിലൂടെ സാമൂഹ്യവ്യവസ്ഥയിലും ചരിത്രത്തിലും തന്നെ ധാരാളം മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു.

3. ഓരോ സാമൂഹ്യവ്യവസ്ഥയിലെയും വൈരുധ്യങ്ങൾ അവയുടെ നാശത്തിലേക്ക് നയിക്കുമ്പോൾ തന്നെ പുതിയൊരു സിസ്റ്റം അതിന്റെ ഗർഭത്തിൽ രൂപം കൊള്ളും..ഇത് പുതിയ സാമൂഹ്യവ്യവസ്ഥയായി മാറുകയും അതിൽ തന്നെ പുതിയ വൈരുധ്യങ്ങൾ രൂപപ്പെടുകയും ചെയ്യും..

...ചരിത്രപരമായ ഭൗതികവാദം...

1. മനുഷ്യന്റെ സാംസ്കാരികഘട്ടം ആരംഭിക്കുന്നതിനു മുൻപ് അവൻ ജീവിച്ചിരുന്നത് കാടുകളിലും മറ്റും ഗോത്രസമൂഹങ്ങളായാണ് (ശിലായുഗം). ഒട്ടും പരിഷ്കൃതമല്ലാത്ത, പ്രാകൃതമായ ആ സാമൂഹ്യവ്യവസ്ഥയിൽ  ഉത്പാദനവും ചൂഷണവും ഇല്ലായിരുന്നു. ഉള്ളവനും ഇല്ലാത്തവനുമെന്ന അസമത്വവും ഇല്ലായിരുന്നു.സമത്വവും സഹകരണവുമുള്ള ആ പ്രാചീനകാലഘട്ടത്തെ പ്രാകൃതകമ്മ്യൂണിസം( Primitive communism) എന്നു വിളിക്കാം..

2.പ്രാകൃതകമ്മ്യൂണിസത്തിലെ വൈരുധ്യങ്ങൾ അതിനെ നശിപ്പിക്കുകയും സമൂഹം വികസിച്ച് അടിമത്തവ്യവസ്ഥിതി രൂപംകൊള്ളുകയും ചെയ്തു. സമൂഹത്തിൽ  അടിമയും ഉടമയും എന്നീ രണ്ട് വർഗങ്ങൾ ഉണ്ടായി. 

3.അടിമയും ഉടമയും തമ്മിലെ വർഗസമരം മൂർഛിച്ചു. സമൂഹത്തിലെ പുതിയ വൈരുധ്യങ്ങൾ അടിമത്തവ്യവസ്ഥയെ നശിപ്പിച്ച് ഫ്യൂഡലിസം അഥവാ നാടുവാഴിത്തം എന്ന പുതിയ വ്യവസ്ഥിതിക്ക് ജന്മം നൽകി. സമൂഹത്തിൽ ഭൂപ്രഭു, കർഷകൻ എന്നിങ്ങനെ പുതിയ രണ്ട് വർഗങ്ങൾ ഉണ്ടായി. ഇവർതമ്മിലും വർഗസമരം വർധിച്ചു.

4. സാമൂഹ്യവൈരുധ്യങ്ങളുടെ സംഘട്ടനം നാടുവാഴിത്തത്തെ അവസാനിപ്പിച്ച് മുതലാളിത്തവ്യവസ്ഥയ്ക്കു ജന്മം നൽകി.. മുതലാളിത്തത്തിലോ..? സമൂഹത്തിൽ ബൂർഷ്വാസി , തൊഴിലാളി എന്നീ രണ്ട് വർഗങ്ങൾ ഉത്ഭവിച്ചു. ഇവർ തമ്മിലെ വർഗസമരം വർധിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ഇന്നു നാം ജീവിക്കുന്നതും ഈ കാലഘട്ടത്തിലാണ്.

 മുതലാളിത്തം തകർന്നാൽ പിന്നെയെന്ത്..? അതിന് മാർക്സിസം നൽകുന്ന ഉത്തരങ്ങളാണ് സോഷ്യലിസവും കമ്മ്യൂണിസവും..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...