
SOCIALISM- അടിസ്ഥാനതത്വങ്ങൾ
ഉത്പാദനവ്യവസ്ഥയുടെ ജനാധിപത്യവൽക്കരണമാണ് സോഷ്യലിസം എന്നു പറയാം. അതായത് ഉത്പാദനോപാധികൾ കൂട്ടുടമസ്ഥതയിലായി മാറുന്നു. മുതലാളിത്തത്തിൽ ഫാക്ടറി,യന്ത്രോപകരണങ്ങൾ, അസംസ്കൃതവസ്തുക്കൾ, ഉത്പാദനാവശ്യങ്ങൾക്കായി വായ്പയെടുക്കുന്ന ബാങ്ക്,
വാടകയ്ക്ക് ലഭിച്ച കെട്ടിടവും സ്ഥലവും മറ്റ് വസ്തുവകകളും തുടങ്ങിയവയാണ് മുതലാളിത്തത്തിൽ സ്വകാര്യസ്വത്തായി മാറുന്നത്. അതായത് ലാഭം, വാടക, പലിശ എന്നീ ഇനങ്ങളിൽ വരുമാനം നേടിത്തരുന്ന വസ്തുവകകളെ സ്വകാര്യസ്വത്ത് എന്നുപറയാം.
നിങ്ങൾ ലാഭം ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന വ്യവസായശാല, പലിശയ്ക്കായി നൽകുന്ന വായ്പ, വാടകയ്ക്കായി നൽകുന്ന വസ്തുവകകൾ എന്നിവയെല്ലാം സ്വകാര്യസ്വത്താണ്. ഇതിൽ നിന്നെല്ലാം നിങ്ങൾ നേടുന്ന വരുമാനത്തിനടിസ്ഥാനം അധ്വാനമല്ല, മറിച്ച് അവയ്ക്കുമേലുള്ള നിങ്ങളുടെ സ്വത്തുടമസ്ഥാവകാശമാണ്. സോഷ്യലിസത്തിൽ ഈ സ്വകാര്യസ്വത്തുടമാവകാശം പൂർണമായും ഇല്ലാതാകും. അഥവാ സ്വകാര്യസ്വത്തിന്റെ നിർമാർജനമാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. നാം നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുവകകൾ (നാം വസിക്കുന്ന വീട്, കഴിക്കുന്ന ഭക്ഷണം, ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ, വസ്ത്രം തുടങ്ങിയവ..) സ്വകാര്യസ്വത്ത് എന്നല്ല വ്യക്തിഗതസ്വത്ത് എന്നാണ് മാർക്സിസത്തിന്റെ ഭാഷയിൽ അറിയപ്പെടുക. സ്വകാര്യസ്വത്തിൽ നിന്ന് ലാഭമായും മറ്റും വരുമാനം ലഭിക്കുമ്പോൾ വ്യക്തിഗതസ്വത്ത് നാം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അവ നമുക്ക് വരുമാനമല്ല സംതൃപ്തിയാണ് നൽകുന്നത്. സോഷ്യലിസത്തിൽ സ്വകാര്യസ്വത്ത് എന്ന സങ്കൽപം തന്നെ ഇല്ലാതാകുന്നു. എന്നാൽ വ്യക്തിഗതസ്വത്ത് ഉണ്ടാകും.
മുതലാളിത്തത്തിൽ സ്വകാര്യസ്വത്ത് ആയിരുന്ന ഉത്പാദനോപാധികളെല്ലാം കൂട്ടുടമസ്ഥതയിലാകുന്നു. ഉത്പാദനം പൊതുമേഖലയുടെ കീഴിലാകുന്നു. കമ്പനിയുടെ നയങ്ങൾ മുതലാളിയല്ല, മറിച്ച് തൊഴിലാളികളുടെ സമിതിയാണ് തീരുമാനിക്കുന്നത്. തൊഴിൽശാലകൾ ഇവിടെ ജനാധിപത്യവത്കരിക്കപ്പെടുന്നു. സമൂഹത്തിന്റെ ഉടമസ്ഥതയിലായ ഉത്പാദനോപാധികൾക്കു മേൽ ജനങ്ങൾ സഹകരണാടിസ്ഥാനത്തിൽ അധ്വാനിക്കുന്നു. അവർ സൃഷ്ടിക്കുന്ന ലാഭം (മിച്ചമൂല്യം) മുതലാളിയുടെ അക്കൗണ്ടിലേക്കല്ല, മറിച്ച് സമൂഹത്തിലേക്ക് തന്നെ തിരിച്ചൊഴുകുന്നു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം ഇല്ലാതാകുന്ന, ഓരോരുത്തരും അവരവരുടെ കഴിവിനൊത്ത് അധ്വാനിക്കുകയും ആവശ്യത്തിനൊത്ത് നേടുകയും ചെയ്യുന്ന വ്യവസ്ഥിതി സംജാതമാകുന്നു. ഈ പ്രക്രിയയാണ് സോഷ്യലിസം. ഈ വിവരണം കാണുമ്പോൾ തീർച്ചയായും ചിന്താശേഷിയുള്ള വായനക്കാർക്ക് സംശയങ്ങളും വിമർശനങ്ങളും ഉയർത്താനുണ്ടാകും.
സോഷ്യലിസത്തിന്റെ ഉത്പാദനക്രമം.
ഉത്പാദനോപാധികളുടെ കൂട്ടുടമസ്ഥതയാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനം എന്നുപറയാം. സമ്പദ് വ്യവസ്ഥ പൂർണമായും പൊതുമേഖലയുടെ കീഴിലാകുന്നു എന്നു പറഞ്ഞാൽ ഒരു കേന്ദ്രീകൃത ഗവൺമെന്റിന് കീഴിൽ സർവതും നിയന്ത്രിക്കപ്പെടുന്നു എന്നല്ല. ഓരോ കമ്പനിയുടെയും നയങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും കൂട്ടായ ജനാധിപത്യപരമായ പ്രക്രിയകളിലൂടെയായിരിക്കും. തൊഴിൽശാലകൾ ജനാധിപത്യവത്കരിക്കപ്പെടണം. ഓരോ ഫാക്ടറിയും ഓരോ പാർലമെന്റാകണം. എന്ത് നിർമിക്കണം, എങ്ങനെ നിർമിക്കണം, എവിടെ നിർമിക്കണം, ലാഭം ഏതെല്ലാം തരത്തിൽ വിനിയോഗിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തൊഴിലാളികളുടെ സമിതികളിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നു.
ഇന്ന് ഓഹരിഉടമകളായ മുതലാളിമാർ തീരുമാനിക്കുന്നത് നാളെ ജനങ്ങൾ തീരുമാനിക്കും എന്നർത്ഥം.
ഉത്പാദനോപാധികൾ സമൂഹത്തിന്റെ പൊതുസ്വത്തായി മാറുന്നു. വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഉത്പാദനം നടത്താനും ലാഭം സ്വന്തമാക്കാനും കുത്തകയാകാനുമുള്ള സാഹചര്യം ഉണ്ടാകില്ല. ഉത്പാദനമാകട്ടെ ആസൂത്രണം ചെയ്യപ്പെടുന്നു. സമൂഹത്തിലെ ആവശ്യകത, വിഭവലഭ്യത, പാരിസ്ഥിതികവും സാമൂഹ്യപരവുമായ മറ്റ് പ്രശ്നങ്ങളുടെ സാധ്യത, തുടങ്ങിയ അനേകം കാര്യങ്ങൾ കണക്കിലെടുത്താണ് കമ്പനിയുടെ പ്രവർത്തനം ആസൂത്രണം ചെയ്യപ്പെടുക. ഉത്പാദനം വികേന്ദ്രീകൃതമായ മാതൃകയിൽ നടപ്പാക്കപ്പെടും. തദ്ദേശീയമായ അനേകം ഉത്പാദനയൂണിറ്റുകൾ സ്ഥാപിക്കപ്പെടും. പാർട്ടി സ്വേച്ഛാധിപത്യമല്ല സോഷ്യലിസം.. അത് തൊഴിലാളിവർഗ സർവാധിപത്യമാണ്. അതായത് തൊഴിലാളിവർഗത്തിന് മേൽക്കൈയുള്ള സമൂഹം. ഓരോ സ്ഥാപനത്തിന്റെയും നയം തീരുമാനിക്കുന്നത് അവിടുത്തെ ഓരോ തൊഴിലാളിയുടെയുംവോട്ടായിരിക്കും. തൊഴിലാളിവർഗം എന്നുപറയുമ്പോൾ ഫാക്ടറിയിലെ കൈവേലക്കാർ മാത്രമാണെന്ന് കരുതരുത്. കമ്പനിയുടെ ഡയറക്ടറും വിവിധ മാനേജർമാരും എൻജിനീയറും സാങ്കേതികവിദഗ്ദരും ഒക്കെ തൊഴിലാളിവർഗം തന്നെയാണ്.
തൊഴിലാളികളുടെ ഈ സമിതിയിൽ നടക്കുന്ന ക്രിയാത്മകമായ ചർച്ചകൾ കമ്പനിയുടെ തീരുമാനങ്ങളെ സ്വാധീനിക്കും. ഓരോരുത്തരും ചെയ്യേണ്ട തൊഴിലുകളും വഹിക്കേണ്ട തസ്തികകളും ഒക്കെ ഇത്തരം ജനാധിപത്യസമിതികൾ നിർണയിക്കും. മുതലാളിത്തത്തിൽ മൂലധനഉടമകൾ ആണ് വോട്ടിംഗിലൂടെ തീരുമാനങ്ങളെടുക്കുക എന്നറിയാമല്ലോ.. ഓരോ കമ്പനിയുടെയും ഡയറക്ടർ ബോർഡിലെ ഷെയർ ഹോൾഡേഴ്സ് (മൂലധനഓഹരി-ഉടമകൾ ) വോട്ടുചെയ്യും. ഇവിടെ കൂടുതൽ ഓഹരികൾ സ്വന്തമായുള്ളവർക്ക് കൂടുതൽ വോട്ടുചെയ്യാനാകും. പത്ത് ഓഹരിയുള്ളയാൾ പത്തും നൂറ് ഓഹരിയുള്ളവൻ നൂറും വോട്ട് ചെയ്യുന്നുവെന്ന് സാരം. ഇത് ജനാധിപത്യമല്ല. മാത്രമല്ല കമ്പനിയുടെ ലാഭം ഈ ഓഹരിയുടമകൾക്കാണ് താനും. സോഷ്യലിസത്തിൽ ഈ സിസ്റ്റം തകിടം മറിയുന്നു. തീരുമാനങ്ങൾ കൈക്കൊള്ളുന്നത് തൊഴിലാളികൾ തന്നെയാവും. അതിന്റെ ഫലവും അവരിലേക്ക് ഫലപ്രദമായി ഒഴുകിയെത്തും. തൊഴിൽശാലകൾ ജനാധിപത്യവത്കരിക്കപ്പെടും. ഇതാണ് സോഷ്യലിസത്തിന്റെ ഉത്പാദനക്രമം. ഇതുകൊണ്ടുമാത്രം സോഷ്യലിസം വിജയകരമാകില്ല.
സോഷ്യലിസത്തിലെ തൊഴിലാളിവർഗം
ഈ തലക്കെട്ട് തന്നെ തെറ്റാണെന്ന് പറയേണ്ടിവരും. കാരണം തൊഴിലാളിവർഗം എന്നത് മുതലാളിത്തത്തിൽ ബൂർഷ്വാസിയാൽ ചൂഷണം ചെയ്യപ്പെടുന്ന വർഗമാണ്. മുതലാളിത്തത്തിലെ ഉത്പാദനബന്ധങ്ങളാണ് ബൂർഷ്വാസി, തൊഴിലാളി എന്നീ രണ്ട് വർഗങ്ങളെ സൃഷ്ടിക്കുന്നത്. ഇത്തരം വർഗവൈരുധ്യങ്ങളില്ലാതാകുന്ന സോഷ്യലിസത്തിൽ തൊഴിലാളിവർഗം എന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. ഓരോ മനുഷ്യനും തൊഴിലാളിയാണ് എന്നതു തന്നെ കാരണം. സോഷ്യലിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം തൊഴിലില്ലായ്മയുടെ നിർമാർജനമാണ്. ഏവർക്കും തൊഴിൽ ലഭിക്കും.
ഇത് സാധ്യമാകണമെങ്കിൽ രണ്ട് തരത്തിലുള്ള മാറ്റങ്ങൾ സോഷ്യലിസം ആവശ്യപ്പെടുന്നു. ഒന്ന് തൊഴിലാളിയുടെ ജോലിസമയം ഗണ്യമായി കുറയണം. രണ്ട് ഉത്പാദനശക്തികൾ അത്യധികം വികസിച്ച അവസ്ഥയിലായിരിക്കണം. യന്ത്രസാങ്കേതികവിദ്യകളുടെയും വിഭവങ്ങളുടെയും വികാസമാണ് ഉത്പാദനശക്തികളുടെ വികാസം. ഇത് സാധ്യമാകുമ്പോൾ ഓരോ തൊഴിലാളിയുടെയും ഉത്പാദനക്ഷമത വർധിക്കുന്നു. അതായത് യന്ത്രപരിഷ്കരണവും മറ്റും സംഭവിക്കുമ്പോൾ ഓരോ തൊഴിലാളിയുടെയും അധ്വാനം ലഘൂകരിക്കപ്പെടുകയും കുറഞ്ഞ അധ്വാനത്തിൽ നിന്ന് തന്നെ കൂടുതൽ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുകയും ചെയ്യുന്നു.. ഇന്നലെ ഒരു മണിക്കൂറിൽ ഒരു കിലോ ചരക്ക് നിർമിച്ചവൻ സാങ്കേതികവികാസത്തിന്റെയും ഉത്പാദനക്ഷമതയുടെയും ഫലമായി നൂറ് കിലോ ചരക്ക് മണിക്കൂറിൽ നിർമിക്കും.
ഇത്തരം സാങ്കേതികവികാസങ്ങൾ സോഷ്യലിസത്തിൽ തൊഴിലവസരങ്ങൾ കുറയ്ക്കില്ലേ എന്ന് സംശയമുണ്ടാകാം. ഇല്ല എന്നാണുത്തരം. കാരണം ഓരോ തൊഴിലാളിയുടെയും ദിവസത്തിലെ തൊഴിൽസമയം കുറയും . ദിവസത്തിൽ രണ്ട് മണിക്കൂർ ജോലി ചെയ്താലും മതിയെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. കാരണം ഈ രണ്ട് മണിക്കൂർ കൊണ്ടുതന്നെ വലിയ അളവിൽ ഉത്പന്നം നിർമിക്കാനാവുന്ന തരത്തിൽ ഉത്പാദനശക്തികൾ വികസിച്ചിരിക്കും. തൊഴിൽ സമയം കുറയുന്നതോടെ കൂടുതൽ ആളുകൾക്ക് ഒരു ദിവസം ജോലി ചെയ്യാനാവുകയും തൊഴിലവസരങ്ങൾ കുത്തനെ ഉയരുകയും ചെയ്യും.
പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്നത് ആരും നിശ്ചിത ജോലി മാത്രം ചെയ്യാൻ നിർബന്ധിതമാവില്ല എന്നതാണ്. ഓരോരുത്തരുടെയും തൊഴിലുകൾ നിശ്ചിത കാലയളവിൽ മാറാം. ഓരോരുത്തർക്കും അവരവരുടെ കഴിവിനൊത്ത് ജോലികളിൽ ഏർപ്പെടാം. സോഷ്യലിസത്തിന്റെ അത്യന്താപേക്ഷിതമായ സ്വഭാവങ്ങളാണ് മേൽപറഞ്ഞത്. ഇവ എന്തെല്ലാം മാറ്റങ്ങൾ സമൂഹത്തിൽ വരുത്തും..? തൊഴിൽ സമയം കുറയുന്നതോടെ തൊഴിലാളികളുടെ ഒഴിവുസമയം കൂടും. സർഗാത്മകപ്രവർത്തനങ്ങൾക്കും മറ്റുമുള്ള സമയം ഉണ്ടാകും. തൊഴിൽ മുഷിച്ചിലല്ല പകരം ആനന്ദമാവും ഉണ്ടാക്കുക.
മുതലാളിത്തത്തിൽ ഇത്തരം മാറ്റങ്ങൾ സാധ്യമല്ല.. അവിടെ മുതലാളിയുടെ ലാഭം വർധിപ്പിക്കണമെങ്കിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണം. കൂലി കുറയ്ക്കുകയോ അധ്വാനസമയമോ അധ്വാനഭാരമോ കൂട്ടുകയോ വേണം. എല്ലാവർക്കും ജോലി എന്നത് മുതലാളിത്തത്തിൽ ഉട്ടോപ്യൻ വാഗ്ദാനമാണ്. സോഷ്യലിസം അതിനെ സാധ്യമാക്കുന്നു.
വികേന്ദ്രീകൃതമായ ഉത്പാദനമാതൃക
മിച്ചമൂല്യം അഥവാ ലാഭം എന്നത് മുതലാളിത്തത്തിൽ മാത്രമല്ല സോഷ്യലിസ്റ്റ് സമ്പദ്ഘടനയിലും രൂപം കൊള്ളും. എന്നാൽ ഈ ലാഭം മുമ്പത്തേതുപോലെ മുതലാളിയുടെ സ്വന്തമായി മാറില്ല. മറിച്ച് അവ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങൾക്കായി ഉപയോഗപ്പെടുകയാണ് ചെയ്യുക. ഉത്പാദനശക്തികളുടെ വളർച്ച, സാമൂഹ്യവികസനം, പശ്ചാത്തലവികസനം, തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയ ആവശ്യങ്ങളെല്ലാം സോഷ്യലിസത്തിൽ നിർവഹിക്കപ്പെടാൻ ലാഭം സഹായിക്കും. തൊഴിലാളികൾ സൃഷ്ടിക്കുന്നത് ഫലത്തിൽ അവരിലേക്ക് തന്നെ തിരിച്ചൊഴുകും എന്നർത്ഥം. ലാഭത്തിന്റെ ഈ വിനിയോഗമെല്ലാം തീരുമാനിക്കപ്പെടുന്നത് വിവിധ ജനാധിപത്യസമിതികളുടെ ചർച്ചയിലൂടെയാവണം. കമ്പനികളിൽ തൊഴിലാളികളുടെ സമിതിയും പ്രവർത്തനവും ഒക്കെ രണ്ടാം ഭാഗത്തിൽ വിശദീകരിച്ചു.
ഉത്പാദനം അങ്ങേയറ്റം തദ്ദേശവൽക്കരിക്കപ്പെടണം. മൂലധനനിക്ഷേപങ്ങൾ വികേന്ദ്രീകൃതമായ മാതൃകയിൽ നടപ്പാകണം. അതായത് ഒരു കേന്ദ്രത്തിൽ മാത്രം അത് കുന്നുകൂടി മുഴുവൻ ജനങ്ങളും അവയെ ആശ്രയിക്കുകയല്ല വേണ്ടത്. മറിച്ച് ഓരോ പ്രദേശത്തും തദ്ദേശീയമായി ചെറുകിടഉത്പാദനകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടണം. ശാസ്ത്രസാങ്കേതികവിദ്യകൾ ഈ വികേന്ദ്രീകൃതഉത്പാദനത്തെ ലക്ഷ്യമിട്ടാകണം. തൊഴിലാളിസമിതികളുടെ ചർച്ചകളും പ്രവർത്തനങ്ങളും കൂടുതൽ പ്രായോഗികമാകുക വികേന്ദ്രീകൃതമായ ഉത്പാദനസമ്പ്രദായത്തിൽ മാത്രമാണ്. ഉത്പാദനോപാധികളും ലാഭവും സാമൂഹ്യവത്കരിക്കപ്പെടണം. വികേന്ദ്രീകൃതമായ, സഹകരണാടിസ്ഥാനത്തിലുള്ള കോടിക്കണക്കിന് ഉത്പാദനകേന്ദ്രങ്ങൾ വ്യാപകമാകണം.
ഏതെങ്കിലും ഒരു യൂണിറ്റിൽ മാത്രമായി നിക്ഷേപവും ഉത്പാദനവും കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷം മാറണം. ഇതിനെയാണ് ഉത്പാദനത്തിലെ വികേന്ദ്രീകരണം എന്ന് പറയുന്നത്. ചെറുകിട-വികേന്ദ്രീകൃത ഉത്പാദനകേന്ദ്രങ്ങൾ എന്നു പറഞ്ഞാൽ അവയുടെ ഉത്പാദനക്ഷമതയും അവ നിർമിക്കുന്ന ചരക്കുകളുടെ ക്വാളിറ്റിയും ഒക്കെ മോശമായിരിക്കും എന്ന മുൻവിധി വേണ്ട. സോഷ്യലിസത്തിലെ ശാസ്ത്രസാങ്കേതികവിദ്യകളുടെ പുരോഗതി ഇത്തരം ചെറുകിടമേഖലയുടെ ഉത്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കും. കുത്തകകമ്പനികളെ അപേക്ഷിച്ച് ഇവ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ചെറുതിന്റെ ശക്തിപ്പെടലാണ് ആവശ്യം. ഭീമമായ തദ്ദേശീയവത്കരണം/ വികേന്ദ്രീകരണം തന്നെയാണ് സോഷ്യലിസത്തിന്റെ അടിത്തറ. ഉത്പാദനം വികേന്ദ്രീകൃതമാകുമ്പോൾ ജീവിതം നിറവേറ്റാൻ തൊഴിലാളി സഞ്ചരിക്കുന്ന ദൂരവും ചരക്കുകളുടെ സഞ്ചാരദൂരവും ഉത്പാദനകേന്ദ്രവും ഉപഭോക്താവും തമ്മിലെ ദൂരവും എല്ലാം ഗണ്യമായി കുറയും. ഉൗർജലാഭം വേറെയും.. ചരക്കുവിപണനത്തിലെ ഇടനിലക്കാർ ഇല്ലാതാകും. മാർക്സ് വിശദീകരിക്കുന്നതനുസരിച്ച് സോഷ്യലിസത്തിന്റെ അടിസ്ഥാനമായ ജനാധിപത്യഗ്രൂപ്പുകളാണ് കമ്മ്യൂണുകൾ. ഉത്പാദനോപാധികൾ നിയന്ത്രിക്കുകയും ആസൂത്രണവും തീരുമാനങ്ങളും പാസാക്കുകയും ചെയ്യുന്ന വികേന്ദ്രീകൃതമായ സംഘടനകളായാണ് കമ്മ്യൂണുകളെ നാം വിഭാവനം ചെയ്യുന്നത്..
സോഷ്യലിസത്തിലെ കമ്പോളഘടന..
സോഷ്യലിസ്റ്റ് സാമ്പത്തികഘടനയുടെ പ്രധാനപ്പെട്ട ഒരു സവിശേഷത എന്നത് കൈമാറ്റമൂല്യത്തിന്റെ നിരാകരണമാണ്. കൈമാറ്റമൂല്യവും ഉപയോഗമൂല്യവും എന്താണെന്ന് മുമ്പ് വിശദീകരിച്ചിരുന്നു. കമന്റ് ബോക്സിൽ ലിങ്ക് നോക്കുക. ചരക്കുകൾ ലാഭമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പലതവണയായി കൈമാറ്റം ചെയ്യപ്പെടുകയും ഓരോ കൈമാറ്റത്തിനുശേഷവും അതിന്റെ വില കൂടുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാകും. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാകും. ലാഭമുണ്ടാക്കാനല്ല നേരിട്ടുള്ള ഉപയോഗത്തിനു വേണ്ടിയാകണം ചരക്കുത്പാദനം. അവയുടെ ഉപയോഗമൂല്‌യമാകും പരിഗണിക്കുക.
സോഷ്യലിസത്തിലെ കമ്പോളത്തിൽ ചരക്കുവില എന്നത് ഇന്നുള്ളതുപോലെ മുതലാളിമാരുടെ മത്സരത്താലും കുത്തകകളുടെ സ്വാധീനത്താലുമല്ല നിർണയിക്കപ്പെടുക.. അവ ജനാധിപത്യപരമായി ഭരണകൂടം തന്നെ നിയന്ത്രിക്കും. മാർക്കറ്റിൽ നഷ്ടം എന്നത് അസംഭവ്യമാണ്. ഇതിന് 3 കാരണങ്ങളുണ്ട്.
ഒന്ന് ,മുതലാളിത്തത്തിൽ കമ്പനികൾ തമ്മിലെ മത്സരങ്ങളാണ് ചിലർക്ക് ലാഭവും ചിലർക്ക് നഷ്ടവും ഒക്കെ വരുത്തിവെക്കുന്നത്. സോഷ്യലിസത്തിൽ ഉത്പാദനം സമൂഹത്തിന്റെ കൂട്ടുടമസ്ഥതയിലാകുന്നതോടെ മത്സരത്തിന് പ്രസക്തിയില്ലാതാകുന്നു.
രണ്ട്, തൊഴിലില്ലായ്മ ഇല്ലാതാക്കുക, ജനക്ഷേമത്തിനായി ലാഭം വിനിയോഗിക്കുക, തൊഴിലാളികൾക്ക് അവരുടെ അധ്വാനത്തിന് തക്കതായ വരുമാനം ലഭ്യമാക്കുക തുടങ്ങിയ സോഷ്യലിസ്റ്റ് മാർഗങ്ങൾ ജനങ്ങളുടെ വാങ്ങൽശേഷിയൊന്നാകെ വർധിപ്പിക്കും.. ഇത് ചരക്കുകളുടെ വിപണനവും വിനിയോഗവും ഉയർത്തുകതന്നെ ചെയ്യും. സാമ്പത്തികവളർച്ചയും ഉണ്ടാകും.
മൂന്ന്, സോഷ്യലിസത്തിൽ ഉത്പാദനം എന്നത് ആസൂത്രിതമാണ്. അതായത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് ചരക്കുനിർമാണം ആസൂത്രണം ചെയ്യപ്പെടും. എല്ലാം മാർക്കറ്റ് ശക്തികൾക്ക് വിട്ടുകൊടുക്കുന്നത് മുതലാളിത്തമാണെന്നോർക്കുക. ജനങ്ങളുടെ ഉപഭോഗമാണ് ഉത്പാദനത്തിന്റെ ലക്ഷ്യം. അതിനാൽ അമിതോത്പാദനപ്രതിസന്ധി പോലുള്ള പ്രശ്നങ്ങളും നഷ്ടവും സംഭവിക്കില്ല.
ഉത്പാദനം തദ്ദേശീയവത്കരിക്കപ്പെടുമ്പോൾ ആസൂത്രണവും കൂടുതൽ പ്രായോഗികമാകും. സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ഒരു സവിശേഷതയായി മാർക്സ് വിഭാവനം ചെയ്ത ആശയമാണ് ലേബർ വൗച്ചർ. ഓരോ തൊഴിലാളിക്കും അയാളുടെ അധ്വാനമൂല്യം വൗച്ചറിന്റെ രൂപത്തിൽ ലഭിക്കുന്നതാണിത്. വൗച്ചറായാലും കറൻസിയായാലും ഇതുപയോഗിച്ച് തൊഴിലാളിക്ക് അവരുടെ ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയും. സോഷ്യലിസത്തിലെ ഉയർന്ന ഉത്പാദനക്ഷമത മൂലം ആവശ്യസാധനങ്ങളുടെ അപര്യാപ്തത ആർക്കും നേരിടേണ്ടി വരില്ല. സാമ്പത്തികവളർച്ച സുനിശ്ചിതമായിരിക്കും. സോഷ്യലിസത്തിൽ മനുഷ്യന്റെ ജീവിതനിലവാരം വർധിക്കുന്നു. തൊഴിലാളികൾക്ക് ലഭിക്കേണ്ട പ്രതിഫലവും കമ്പനിയുടെ വളർച്ചയ്ക്കും കൂടുതൽ നിക്ഷേപങ്ങൾക്കും സാമൂഹ്യക്ഷേമങ്ങൾക്കും വിനിയോഗിക്കേണ്ട പണവും ഒക്കെ ജനാധിപത്യസമിതികളുടെ ചർച്ചകളിലൂടെ തീരുമാനിക്കപ്പെടും. അതായത് കൂലിയായും ക്ഷേമപദ്ധതികളായും തൊഴിലാളി സൃഷ്ടിക്കുന്ന ലാഭം അവരിലേക്ക് തന്നെ ഒഴുകിയെത്തുമെന്നർത്ഥം..
പരിസ്ഥിതിയും വികസനവും സോഷ്യലിസത്തിൽ..
സോഷ്യലിസത്തിലേക്കുള്ള വിപ്ലവകരമായ മാറ്റമെന്നാൽ യാഥാസ്ഥിതികമായ ഉത്പാദനമാർഗങ്ങളുടെ ഇല്ലാതാകൽ കൂടിയാണ് അർത്ഥമാക്കുന്നത്. പരിസ്ഥിതിക്ഷേമം സോഷ്യലിസത്തിന്റെ അടിസ്ഥാനസവിശേഷതയാണ്. കാരണം, ഇന്ന് ഒരു ബഹുരാഷ്ട്രക്കമ്പനിയുടെ ഉടമയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എപ്പോഴും ലാഭത്തെ മാത്രം മുൻനിർത്തിയുള്ളതായിരിക്കും. തന്റെ ഉത്പാദനസംരംഭങ്ങളും ഫാക്ടറികളും മറ്റും പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങൾ, മലിനീകരണങ്ങൾ ,വിഭവചൂഷണം, ജനങ്ങൾ ചീത്ത വായു ശ്വസിക്കുന്നുവോ, അന്തരീക്ഷതാപനില ഉയരുന്നുവോ തുടങ്ങിയ പ്രശ്നങ്ങൾക്കൊന്നും ഒരു മൂലധനഉടമയുടെ ബിസിനസ് തീരുമാനങ്ങളെ സ്വാധീനിക്കാൻ വഴിയില്ല.
അതേസമയം സോഷ്യലിസത്തിൽ സമൂഹം തന്നെ ഉത്ാദനോപാധികളുടെ അധികാരികളാകുമ്പോൾ, അവർ തന്നെ കൂട്ടായ തീരുമാനങ്ങളിലൂടെയും നയരൂപീകരണങ്ങളിലൂടെയും ഉത്പാദനത്തെ നിയന്ത്രിക്കുമ്പോൾ പരിസ്ഥിതിയും കണക്കിലെടുക്കേണ്ടി വരും. കാരണം പരിസ്ഥിതിദോഷം ജനങ്ങളുടെ തന്നെ പൊതുപ്രശ്നമാണെന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാവും. പരിസ്ഥിതിക്ക് ദോഷകരമായ രീതികൾ തുടച്ചുനീക്കപ്പെടും. നൂതനവും പുനരുപയോഗിക്കാൻ കഴിയുന്നതുമായ വിഭവങ്ങളും ഊർജസ്രോതസുകളും വ്യാപകമാകും. സൂര്യനും കാറ്റുമൊക്കെ നാളെയുടെ ഊർജസ്‌രോതസാകണം. ഇന്നതേതു പോലെ വരുംതലമുറകളെ മറന്ന് ഇന്നത്തെ ലാഭത്തിൽ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടുള്ള തല തിരിഞ്ഞ വികസനമല്ല സോഷ്യലിസത്തിന്റേത്.
സോഷ്യലിസം എന്നത് ഒരു അന്താരാഷ്ട്ര സാമ്പത്തിക- രാഷ്ട്രീയവ്യവസ്ഥിതി ആണെന്ന് ഓർക്കണം. രാജ്യങ്ങൾ തമ്മിലെ ശത്രുതകളും പിണക്കങ്ങളും സോഷ്യലിസത്തിൽ അപ്രസക്തമാകണം.അനാവശ്യമായ ചെലവുകളെല്ലാം ഇല്ലാതാകും. യുദ്ധം, ആയുധനിർമാണം, മയക്കുമരുന്ന് തുടങ്ങിയ സമൂഹത്തിന് ഗുണം ചെയ്യാത്ത ഭീമൻ ചെലവുകൾ ഇല്ലാതാകുന്നതും ആ സമ്പത്ത് ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നതും വിപ്ലവകരമായ ഒരു പരിവർത്തനമായിരിക്കും സമൂഹത്തിൽ സൃഷ്ടിക്കുക.
ഇന്ന് അമേരിക്ക പ്രതിരോധത്തിന് ഉപയോഗിക്കുന്ന പണം മാത്രമുണ്ടെങ്കിൽ ആഫ്രിക്കൻ വൻകരയിലെ ദാരിദ്യ്രം ഇല്ലാതാക്കാം എന്നോർക്കുക.. സ്റ്റോക്ക് എക്സേഞ്ച്, പരസ്യമാമാങ്കങ്ങൾ, തുടങ്ങിയവയും ഇല്ലാതാകും. ഇതെല്ലാം സോഷ്യലിസത്തെ സമൃദ്ധമായ ഒരു സമ്പദ്ഘടന സൃഷ്ടിക്കാൻ സഹായിക്കുന്നു. എല്ലാ വ്യവസായങ്ങളും അവയുടെ ആവശ്യകതയ്ക്കനുസരിച്ച് ആസൂത്രണം ചെയ്യപ്പെടുന്നതിനാൽ അമിതോത്പാദനപ്രതിസന്ധിയും വിഭവനഷ്ടവും ഒക്കെ നിർമാർജനം ചെയ്യപ്പെടും.
കാർഷികമേഖല സോഷ്യലിസത്തിൽ എങ്ങനെയാകണം..?
കൃഷിഭൂമി എന്നതും ഒരു ഉത്പാദനോപാധിയാണ്. സോഷ്യലിസത്തിൽ മറ്റെന്തിനെയും പോലെ കൃഷിഭൂമിയും സ്വകാര്യസ്വത്തല്ലാതാകുന്നു. കാർഷികസംഘങ്ങളുടെ സഹകരണത്തോടെ ഉത്പാദനം കൂട്ടായ ഉടമസ്ഥതയിൽ നടക്കണം. കാർഷികപുരോഗതി സോഷ്യലിസത്തിൽ സുനിശ്ചിതമാകണമെങ്കിൽ നിക്ഷേപവും അധ്വാനവും മാത്രം പോര, സാങ്കേതികപരിഷ്കാരങ്ങളും വൻതോതിൽ ഏർപെടുത്തണം. കാർഷികമേഖലയുടെ വികാസത്തിലൂടെ വേണം വ്യവസായമേഖലയും സേവനമേഖലയും വളരേണ്ടത്. വ്യവസായമേഖലയ്ക്ക് അസംസ്കൃതവസ്തുക്കളും മറ്റും ലഭ്യമാകുന്നത് പ്രധാനമായും കാർഷികമേഖലയിൽ നിന്നാണല്ലോ. വസ്ത്രവ്യവസായം പുരോഗമിക്കണമെങ്കിൽ പരുത്തികൃഷി നടക്കണം എന്നു പറയുന്നതു പോലെ.. കാർഷികമേഖലയും വ്യവസായമേഖലയും ഊർജസ്വലമാകുമ്പോഴാണ് സേവനമേഖല ശക്തിപ്പെടുക.
എന്നാൽ ഇന്ന് നടക്കുന്നത് വിപരീതമാണ്. കാർഷികമേഖല ദുർബലമാകുകയും വ്യവസായ- സേവന മേഖലകൾ ആപേക്ഷികമായി വളരുകയും ചെയ്യുന്നു. ഇത് ശാശ്വതമല്ല. കാർഷികോത്പാദനത്തിൽ നിന്നുള്ള മിച്ചത്തിൽ നിന്നാവണം വ്യവസായമേഖല വളരേണ്ടത്. അല്ലാതെ വിദേശമൂലധനമോ, വായ്പയോ കാർഷികവിള ഇറക്കുമതിയോ അല്ല അവയെ പരിപോഷിപ്പിക്കേണ്ടത്. വ്യവസായ -സേവനമേഖലകളെ അപേക്ഷിച്ച് കാർഷികമേഖലയുടെ മൂല്യം കൂടണം. മണ്ണും ജലസമ്പത്തുമൊക്കെ ഒരു ഫാക്ടറിയിലെ യന്ത്രങ്ങളെ പോലെ കാലക്രമേണ ശോഷണം സംഭവിക്കുന്നു. യന്ത്രങ്ങൾ പുനസ്ഥാപിക്കുന്നതു പോലെ മണ്ണിലെ ഫലഭൂയിഷ്ഠതയും ജലസമ്പത്തും ഉപയോഗിച്ചാൽ മാത്രം പോര.. തിരിച്ച് നൽകുകയും വേണം.
ജൈവാവശിഷ്ടങ്ങൾ മണ്ണിലേക്ക് തിരിച്ചുനൽകണം. ജൈവവളപ്രസ്ഥാനം വിപുലമാകണം. മാലിന്യത്തെ പുനചംക്രമണം ചെയ്യാം.. വിഭവങ്ങളെ പുനരുദ്ദീകരിക്കാം. മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്തവ മൃഗങ്ങൾക്ക് തീറ്റയായി മാറാം. വനവത്കരണം, മണ്ണ് - ഭൂഗർഭജലസംരക്ഷണം എന്നിവയിലൂടെ ജലലഭ്യത ഉറപ്പാക്കാം. വനങ്ങൾ ഭരണകൂടം ഏറ്റെടുക്കണം. വനത്തിൽ നിന്നുള്ള വാർഷികഉപഭോഗവും വനസമ്പത്തിന്റെ വാർഷികഉത്പാദനവും തമ്മിൽ സന്തുലനം ഉണ്ടാകണം.
ഗ്രാമനഗരങ്ങൾ തമ്മിലെ വൈരുധ്യത്തെ കുറിച്ച് മാർക്സ് വ്യക്തമാക്കുന്നതനുസരിച്ച്, ഇവ തമ്മിലെ വേർതിരിവ് ഇല്ലാതാകണം. ഗ്രാമങ്ങളും നഗരങ്ങളും രണ്ട് ഭാഗത്ത് കേന്ദ്രീകരിക്കുകയല്ല , ഇടകലരുകയാണ് വേണ്ടത്. ഇതിലൂടെ കാർഷികഭൂമിയും വ്യവസായമേഖലയും തമ്മിൽ ഭൂമിശാസ്ത്രപരമായി ഇടകലരുന്നു. തദ്ദേശീയ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാകുന്നു. മണ്ണിൽ നിന്നും വിളരൂപത്തിൽ വലിച്ചെടുക്കുന്ന പോഷകങ്ങൾ മണ്ണിലേക്ക് തന്നെ നിക്ഷേപിക്കപ്പെടണമെങ്കിൽ ഗ്രാമനഗരങ്ങൾ ഇടകലരുകയാണ് വേണ്ടത്. ഇൗ മാറ്റം ഗതാഗതമുൾപെടെയുള്ള മേഖലകളിലും ചലനമുണ്ടാക്കാം. (ഉദാ- മോട്ടോർ- ട്രെയിൻ സർവീസുകളുടെ ആവശ്യം കുറഞ്ഞേക്കാം). ഗ്രാമനഗര വൈരുധ്യങ്ങൾ ഇല്ലാതാകുന്നതിനെ കുറിച്ച് മാവോ സെദുങ്ങും തന്റെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്..
സോഷ്യലിസത്തിലെ സാമൂഹികബോധം..
സോഷ്യലിസത്തെ എതിർക്കുന്നവർ സാധാരണയായി പറയാറുള്ള ഒരു ന്യായീകരണമുണ്ട്.. മനുഷ്യൻ സ്വതവേ സ്വാർത്ഥനാണ്. അവൻ അത്യാർത്തിയുള്ളവനും മറ്റുള്ളവരുമായി മത്സരിച്ച് സ്വന്തം ഇരിപ്പിടം ഉറപ്പാക്കാൻ താത്പര്യപ്പെടുന്നവനുമാണ്. അതിനാൽ മുതലാളിത്തം അനശ്വരവുമായിരിക്കും. മത്സരം, കുത്തകവത്കരണം, ധനികവർഗത്തിന്റെ മാത്രം പുരോഗതി ഇതെല്ലാം സ്വാർത്ഥതയിൽ നിന്നും ഉണ്ടാകുന്നതാണ്. മത്സരമാണ് പുരോഗതിക്കാധാരം. അത് വിജയികളെ സൃഷ്ടിക്കുന്നു. സമൂഹത്തെ വളർച്ചയിലേക്ക് നയിക്കുന്നു. സോഷ്യലിസത്തിൽ ഉത്പാദനോപാധികൾ മുഴുവൻ സമൂഹത്തിന്റെ ഉടമസ്ഥതയിലാക്കുമ്പോൾ വ്യക്തികൾ തമ്മിലെ മത്സരം ഇല്ലാതാകുന്നു. ഇത് സാമ്പത്തികവ്യവസ്ഥയെ മുരടിപ്പിക്കും. ധനികനാകാനുള്ള സ്വാർത്ഥമോഹം എല്ലാവർക്കും ഉള്ളതുകൊണ്ട് സോഷ്യലിസത്തിലും അസമത്വവും അഴിമതിയും ഒക്കെ ഉണ്ടാകും.
വാസ്തവത്തിൽ ഈ വാദം എത്രമാത്രം യാഥാർത്ഥ്യമുൾക.കൊള്ളുന്നു എന്ന് നോക്കാം. മാർക്സിസത്തെ സംബന്ധിച്ചിടത്തോളം സ്വാർത്ഥത, മത്സരബുദ്ധി തുടങ്ങിയ മനുഷ്യഗുണങ്ങൾ അവനിൽ പ്രാചീനകാലം മുതൽക്കേ മാറ്റമില്ലാതെ തുടരുന്ന ഗുണങ്ങളല്ല. തീർച്ചയായും ഒരു പരിധി വരെ എല്ലാവരും സ്വാർത്ഥരാണ്. എന്നാൽ അത്യാർത്തിയും മത്സരവും ഒക്കെ മുതലാളിത്തവ്യവസ്ഥ തന്നെ അവനുമേൽ സൃഷ്ടിക്കുന്ന സ്വഭാവസവിശേഷതയാണ്. ഒരാൾ ജനിക്കുമ്പോൾ അത്യാഗ്രഹിയാകുന്നില്ല. സമൂഹത്തിലെ ആശയപരമായ സ്ഥാപനങ്ങൾ അവന് അത്യാഗ്രഹത്തിന്റെ പാഠങ്ങൾ പകരുകയാണ് ചെയ്യുക (ഉദാഃ -വിദ്യാഭ്യാസം). മനുഷ്യന്റെ അടിസ്ഥാനഗുണങ്ങളെ കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാടുകൾ വരും പോസ്റ്റുകളിൽ വിശദീകരിക്കാം.
സോഷ്യലിസത്തിൽ മനുഷ്യനെ മുന്നോട്ടുനയിക്കുന്നത് അത്യാർത്തിയല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധത തന്നെയാണ്. മനുഷ്യന്റെ ചിന്താഗതികൾ പോലും സോഷ്യലിസത്തിൽ വ്യത്യസ്തമാണ്. മുതലാളിത്തത്തിൽ ലാഭവർധനവിനാണ് മനുഷ്യന്റെ സർഗാത്മകശേഷി ഉപയോഗിപ്പെടുത്തുന്നതെങ്കിൽ സോഷ്യലിസത്തിൽ അത് സമൂഹക്ഷേമത്തിനായി വിനിയോഗിക്കപ്പെടും. സമൂഹം തന്നെ ഭരണാധികാരികളും അധ്വാനവർഗവും ആകുന്നതിനാലാണിത്. ശാസ്ത്രസാങ്കേതികവിദ്യകളുടെ ലക്ഷ്യവും ക്ഷേമമായിരിക്കും. സമ്പന്നർക്ക് മാത്രം വേണ്ടിയുള്ള കാറുകൾക്കു പകരം എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കാറുകളുടെ നിർമാണമായിരിക്കും അതിന്റെ ലക്ഷ്യം. താനുണ്ടാക്കുന്ന ചരക്കും അതിന്റെ വിറ്റുവരവും താൻ ഉൾപെടുന്ന സമൂഹത്തിനു വേണ്ടി തന്നെയാണ് വിനിയോഗിക്കപ്പെടുക എന്ന ബോധത്തിൽ അധ്വാനിക്കുന്ന ഓരോ മനുഷ്യനും എത്തിച്ചേരും.
ഈ വിശാലമായ ബോധം രൂപീകരിക്കുന്ന വിദ്യാഭ്യാസസമ്പ്രദായവും കലാസാംസ്കാരിക പ്രവർത്തനങ്ങളും മാധ്യമങ്ങളും ആയിരിക്കും സോഷ്യലിസത്തിന്റെ സവിശേഷത. എങ്ങനെ കൂടുതൽ പണക്കാരനാകാം, എങ്ങനെ കൂടുതൽ ലാഭമുണ്ടാക്കാം തുടങ്ങിയ കാര്യങ്ങൾ പകർന്നുതരികയും അത്യാഗ്രഹവും മത്സരവും അസമത്വവും സാധാരണമാണെന്നുള്ള ബോധവത്കരണവും മുതലാളിത്തമാർഗമാണ്. ഇതാണ് നമ്മൾ ഇന്ന് കാണുന്ന വിദ്യാഭ്യാസവും മാധ്യമങ്ങളും ഉൾപെടെയുള്ള ആശയോപാധികൾ നമ്മെ പഠിപ്പിക്കുന്നത്. സോഷ്യലിസത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം സോഷ്യലിസത്തിന്റേതായ ക്ഷേമത്തിന്റെയും സഹകരണത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങൾ സമൂഹത്തിനു പകർന്നു നൽകുക എന്നതാണ്.
തന്റെ മാത്രം ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് മറ്റു പലർക്കും ദോഷകരമാകാം. എന്നാൽ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ തന്റെ ക്ഷേമവും സാധ്യമാകുന്നു. എല്ലാവരുടെയും ക്ഷേമം സാധ്യമാകുന്നു. സമത്വം സാധ്യമാകുന്നു. ഇതാണ് സോഷ്യലിസത്തിന്റെ മൂല്യബോധം. അത് തന്നെയാണ് അധ്വാനിക്കാനുള്ള മനുഷ്യന്റെ പ്രചോദനം ആകേണ്ടതും. വിദ്യാഭ്യാസം , കല, രാഷ്ട്രീയം, സംസ്കാരം, മാധ്യമം തുടങ്ങിയവയെല്ലാം ഇതിനനുസരിച്ച് പൊളിച്ചെഴുതപ്പെടണം. ആർത്തിയും ആവശ്യവും തമ്മിലെ വ്യത്യാസം ജനങ്ങൾ തിരിച്ചറിയുകയും ചെയ്യും.
സോഷ്യലിസത്തിന്റെ രാഷ്ട്രീയം..
സോഷ്യലിസം എന്നത് ഒരു സാമ്പത്തിക- രാഷ്ട്രീയവ്യവസ്ഥ മാത്രമല്ല എന്നതാണ് ഓരോ ഇടതുപക്ഷക്കാരനും മനസിലാക്കേണ്ട പാഠം. അതിന് ഒരു ബൗദ്ധികതലം കൂടിയുണ്ട്. ഓരോ മനുഷ്യനും സോഷ്യലിസത്തിൽ അധ്വാനിക്കുന്നത് സ്വതന്ത്രനായിട്ടാകും. ഉത്പാദനോപാധികൾ സമൂഹത്തിന്റെ പൊതു ഉടമസ്ഥതയിലാകും. സമൂഹമല്ലാതെ മറ്റൊരു സാമൂഹ്യസ്ഥാപനങ്ങളോടും വ്യക്തികളോടും സോഷ്യലിസത്തിലെ പൗരൻ വിധേയനായിരിക്കുകയില്ല. ആത്യന്തികമായ സ്വാതന്ത്യ്രം സോഷ്യലിസത്തിൽ സാർത്ഥകമാകുന്നു.
അധ്വാനിക്കാനുള്ള മനുഷ്യന്റെ പ്രചോദനം സാമൂഹ്യക്ഷേമത്തിലൂടെ സ്വയം ക്ഷേമം എന്നതാണ്. ഓരോ വ്യക്തിയും സ്വയം ക്ഷേമം കണ്ടെത്തുമ്പോൾ സമൂഹം ക്ഷേമകരമാകുന്നുവെന്ന നവലിബറൽ തത്വത്തിന് വിരുദ്ധമാണിത്. അധ്വാനിക്കാനുള്ള താത്പര്യക്കുറവ്, അഴിമതി, എളുപ്പത്തിൽ സമ്പന്നനാകാനുള്ള മനുഷ്യന്റെ മോഹം കൊണ്ടുണ്ടാകാവുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രവണതകൾ സോഷ്യലിസത്തിൽ ഘട്ടംഘട്ടമായി ഇല്ലാതാകും. ഇത് നടക്കണമെങ്കിൽ സോഷ്യലിസത്തിന് അതിന്റേതായ സാംസ്കാരിക - ബൗദ്ധികപുരോഗതിയുണ്ടാകണം. സാമൂഹ്യക്ഷേമം എന്ന വിശാലമായ സങ്കൽപത്തിലേക്ക് മനുഷ്യനെ കൊണ്ടുവരത്തക്കവിധം വിദ്യാഭ്യാസം, മാധ്യമസ്വാധീനം, കല, സംസ്കാരം തുടങ്ങിയവ ഉടച്ചുവാർക്കപ്പെടും. മനുഷ്‌യൻ സ്വയം പര്യാപ്തനാകും. പ്രാദേശികമായ സ്വയംപര്യാപ്തതയിലേക്ക് സമൂഹം എത്തണം. ജനാധിപത്യം വികേന്ദ്രീകൃതമാകണം എന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത.
കേന്ദ്രസ്ഥാനത്ത് ഒരു പാർട്ടിയെയോ ഭരണകൂടത്തെയോ പ്രതിഷ്ഠിക്കുന്ന പഴയ ലെനിനിസ്റ്റ് സങ്കൽപം തിരുത്തേണ്ടതുണ്ട് എന്നതാണ് ലേഖകന്റെ അഭിപ്രായം. തൊഴിലാളിസംഘങ്ങൾ, രാഷ്ട്രീയസമിതികൾ, ബാലസഭ, യുവസഭ, ശുചിത്വകമ്മിറ്റികൾ, വനിതാസംഘടനകൾ തുടങ്ങിയ അനേകം ചെറിയ ജനാധിപത്യസംഘടനകൾ രൂപം കൊള്ളണം. അധികാരം താഴെത്തട്ടിൽ നിന്നും മുകളിലേക്ക് വേണം നീങ്ങാൻ. ഫെഡറലിസം വ്യാപകമാകണം. താഴെത്തട്ടിലുള്ള സംഘടനകളുടെ ജനാധിപത്യപരമായ പങ്കാളിത്തവും അധികാരവും വർധിക്കണം. ഇതിലൂടെ എല്ലാ ജനങ്ങൾക്കും ജനാധിപത്യത്തിൽ പങ്കുചേരാൻ കഴിയുന്നു. അവർ വികസനപ്രവർത്തനങ്ങളിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മനസിലാക്കുന്നു.
തീരുമാനങ്ങൾ തദ്ദേശീയതലത്തിൽ നടപ്പിലാകും. ഏറ്റവും പ്രധാനപ്പെട്ട കാര്യം തെരഞ്ഞെടുത്തവരെ തിരിച്ചുവിളിക്കാനുള്ള അധികാരവും ജനങ്ങൾക്കുണ്ടാകുമെന്നതാണ്. വമ്പിച്ച ശാസ്ത്ര- സാങ്കേതികവികസനം ഇതിന്റെ സാധ്യത വർധിപ്പിക്കും. വികസനത്തെ പറ്റിയുള്ള സങ്കൽപത്തിൽ തന്നെ മാറ്റമുണ്ടാകും. അത് ജനസൗഹൃദവും പരിസ്ഥിതിസൗഹൃദവും ആകും. ജനാധിപത്യം താഴെത്തട്ടിൽ നിന്ന് തുടങ്ങും. ഈ വികേന്ദ്രീകൃതമായ ജനാധിപത്യമാകും കമ്മ്യൂണിസത്തിലേക്ക് ലോകത്തെ നയിക്കുക.. സ്ഥാനാർത്ഥിനിർണയം അടക്കമുള്ള കാര്യങ്ങൾ താഴെത്തട്ടിൽ നിന്നും തീരുമാനിക്കും. തദ്ദേശവത്കരണത്തിലൂടെ സംവാദങ്ങൾ, പ്രമേയാവതരണങ്ങൾ തുടങ്ങിയവ ജനങ്ങളാൽ നേരിട്ട് നിർവഹിക്കപ്പെടും.
സോഷ്യലിസം എന്നത് വർഗസമരം ഇല്ലാതാകലാണ്. വർഗവൈവിധ്യം അപ്പോഴും അംഗീകരിക്കപ്പെടും. നാനാത്വത്തിലെ ഏകത്വമാണ് സോഷ്യലിസം. അറിവും സംസ്കാരവും ആഗോളവത്കരിക്കപ്പെടും. ബൗദ്ധികസ്വത്തവകാശം പോലുള്ള പിന്തിരിപ്പൻ ചിന്തകൾ ഇല്ലാതാകും.
കമ്മ്യൂണിസം സ്വപ്നലോകമല്ല..
ചരിത്രപരമായ ഭൗതികവാദത്തിലൂടെ (Historical Materialism) മാർക്സ് വ്യക്തമാക്കുന്നതെന്തെന്നാൽ, സോഷ്യലിസം എന്ന സാമ്പത്തിക- രാഷ്ട്രീയവ്യവസ്ഥ കാലക്രമേണ കമ്മ്യൂണിസം എന്ന സമത്വസുന്ദരമായ, രാഷ്ട്രരഹിതവും പ്രബുദ്ധവുമായ ഒരു വ്യവസ്ഥയായി മാറുന്നു എന്നതാണ്. അതായത് കമ്മ്യൂണിസം എന്ന വർഗരഹിതമായ ലക്ഷ്യത്തിന്റെ ആദ്യഘട്ടമാണ് സോഷ്യലിസം എന്നത്. ഓരോ മനുഷ്യനും അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന , മനുഷ്യൻ അവന്റെ സത്തയെ വീണ്ടെടുക്കുന്ന, ജനാധിപത്യം പൂത്തുലയുന്ന വ്യവസ്ഥിതിയാണ് കമ്മ്യൂണിസം.. അതിന്റെ സവിശേഷതകൾ എന്താണെന്നും അതിന് സോഷ്യലിസവും ഇന്നത്തെ സാഹചര്യങ്ങളും തമ്മിലെ ബന്ധമെന്താണെന്നും പരിശോധിക്കേണ്ടതുണ്ട്.
ഒന്നാമതായി കമ്മ്യൂണിസം എന്നത് സമത്വവും ജനാധിപത്യവും അതിന്റെ സമ്പൂർണാർത്ഥത്തിൽ നിറവേറ്റപ്പെടുന്ന ഒരു വ്യവസ്ഥിതിയാണ്. അസമത്വം കൊടികുത്തിവാഴുന്ന മുതലാളിത്തത്തിലെ വൈരുധ്യങ്ങൾ അതിനെ തകർത്തെറിഞ്ഞു കൊണ്ട് സോഷ്യലിസം ഉയർന്നുവരുന്നു. എന്നാൽ സോഷ്യലിസത്തിന്റെ ആരംഭഘട്ടത്തിൽ തീർച്ചയായും സ്വകാര്യസ്വത്തുടമസ്ഥതയും, അഴിമതിയും ചൂഷണവും അസമത്വവും മറ്റ് മുതലാളിത്തമൂല്യങ്ങളും ഒക്കെ അവശേഷിക്കുന്നുണ്ടാകും. ബൂർഷ്വാസി അവന്റെ തിരിച്ചുവരവിനും മുതലാളിത്തം പുനസ്ഥാപിക്കുന്നതിനും ഉള്ള ശ്രമവും സോഷ്യലിസത്തിൽ നടത്തും. ഇതിനെ പ്രതിവിപ്ലവം എന്നുപറയാം. ഇതിനെതിരെ തൊഴിലാളിവർഗം സർവാധിപത്യസ്വഭാവം സമൂഹത്തിൽ ചെലുത്തുകയും സോഷ്യലിസത്തെ മുന്നോട്ടുനയിക്കുകയും വേണമെന്ന് മാർക്സ് വ്യക്തമാക്കുന്നു. തൊഴിലാളിവർഗസർവാധിപത്യം എന്നാൽ പാർട്ടിസ്വേച്ഛാധിപത്യമല്ല, മറിച്ച് എല്ലാ ജനങ്ങളിലേക്കും അധികാരം എത്തിച്ചേരുന്ന ജനാധിപത്യത്തിന്റെ ആവിഷ്കാരം തന്നെയാണെന്ന് മനസിലാക്കുക.
സോഷ്യലിസ്റ്റ് മാതൃകയിലൂടെ സമൂഹത്തിൽ സമ്പത്തിന്റെ വിതരണം സമീകരിക്കപ്പെടുകയും ഉത്പാദനശക്തികളുടെ വളർച്ചയെ അത് ത്വരിതപ്പെടുത്തുകയും ചെയ്യും. ഭരണകൂടം എന്ന സാമൂഹ്യസ്ഥാപനം സോഷ്യലിസത്തിലും ഉണ്ടാകും. താഴെക്കിടയിലുള്ളവരുടെ ഉയർച്ചയും സോഷ്യലിസത്തിന്റെ സംരക്ഷണവും ഒക്കെയാണ് അതിന്റെ ലക്ഷ്യം. ഇത്തരം ഭരണകൂടങ്ങൾ കമ്മ്യൂണിസത്തിൽ സ്വയം അലിഞ്ഞ് ഇല്ലാതായിത്തീരുമെന്ന് മാർക്സ് വ്യക്തമാക്കുന്നു. ഭരണകൂടങ്ങളുടെ കൊഴിഞ്ഞുപോകൽ എന്നും പറയാം. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത് അധികാരവികേന്ദ്രീകരണമാണ്. ജനാധിപത്യപരമായ പ്രക്രിയകളും അധികാരങ്ങളും താഴെത്തട്ടിൽ കാര്യക്ഷമമായി നടപ്പാകണം. കേന്ദ്രീകൃതമായ ഭരണകൂടങ്ങളുടെ സ്വാധീനം കുറഞ്ഞുവരണം. ഓരോ പ്രദേശവും സ്വയംപര്യാപ്തമാവുകയും തദ്ദേശീയമായി ജനാധിപത്യഗ്രൂപ്പുകൾ കൈകോർത്ത് പ്രവർത്തിക്കുകയും വേണം. എണ്ണമറ്റ പരസ്പരസഹായ സംഘങ്ങൾ രൂപംകൊള്ളണം. മുകളിൽ ഒരു അധികാരകേന്ദ്രത്തിന്റെ ആവശ്യം ഇല്ലാതാകണം. ജനങ്ങൾക്കിടയിൽ സമത്വം സാധ്യമാകുമ്പോൾ അവർക്കുവേണ്ടി കാശുമുടക്കേണ്ട ആവശ്യവും ഭരണകൂടങ്ങൾക്കില്ലാതാവും. ഇതെല്ലാം ഗവൺമെന്റുകളെ കൊഴിഞ്ഞുപോകലിലേക്ക് നയിക്കും.
കമ്മ്യൂണിസം എന്നത് ഒരു ആഗോളവ്യവസ്ഥിതി കൂടിയാണെന്ന് ഓർമിക്കുക. മുതലാളിത്തത്തിലും ആഗോളവത്കരണം ഉണ്ട്. ഇവിടെ ബഹുരാഷ്ട്രക്കമ്പനികൾ രാജ്യാതിർത്തികൾ ഭേദിച്ചുകൊണ്ട് ആഗോളമാർക്കറ്റ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു. ദേശീയഗവൺമെന്റുകൾ അപ്രസക്തമാവുകയും അന്താരാഷ്ട്രമുതലാളിത്തം നായകത്വം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലും സംഭവിക്കുക. ആഗോളതലത്തിൽ തൊഴിലാളിവർഗം കൈകോർക്കുകയും സോഷ്യലിസ്റ്റ് സമൂഹം രാജ്യാതിർത്തികളെ അപ്രസക്തമാക്കി ആഗോളസ്വഭാവം നേടുകയും ചെയ്യണം. കാലക്രമേണ രാഷ്ട്രങ്ങളില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് ലോകത്തേക്ക് എത്തിച്ചേരാനും സാധ്യത തള്ളിക്കളയാനാവില്ലെന്ന് മാർക്സ് വ്യക്തമാക്കുന്നുണ്ട്.
ലോകം തന്നെ ഒരു സമൂഹമായി മാറുന്ന സുന്ദരമായ സ്ഥിതിവിശേഷമാണത്. മനുഷ്യൻ അവന്റെ പരിപൂർണതയിലെത്തിച്ചേരുന്ന വ്യവസ്ഥയാണ് കമ്മ്യൂണിസം. അവൻ സ്വയം നിയന്ത്രണം ചെലുത്തുന്നു. സോഷ്യലിസത്തിന്റെ ആശയപരമായ മേൽപുര അവനെ അതിന്റെ വിശാലമായ മൂല്യങ്ങളിലേക്ക് നയിക്കുന്നു. അവന് അധ്വാനം ആനന്ദകരമാകുന്നു. സമൂഹത്തിലെ ഓരോരുത്തരുടെയും ക്ഷേമം സ്വന്തം ക്ഷേമമാകുന്നു. അവന് ഒഴിവുവേളകൾ വർധിക്കുന്നു. അവന് സർഗാത്മകതകൾ പ്രകടിപ്പിക്കാനും വിനോദത്തിനും സ്വാതന്ത്യ്രം ലഭിക്കുന്നു. അവന് ശുദ്ധവായു ശ്വസിക്കാനും മക്കളോടൊത്ത് യാത്ര പോകാനും കടൽത്തീരത്തുകൂടി തണുത്ത കാറ്റിന്റെ നൈർമല്യതയിൽ വിഹരിക്കാനും കഴിയുന്നു. സമരങ്ങളുടെയും ചൂഷണങ്ങളുടെയും ആവശ്യകത ഇല്ലാതാകുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ അപ്രസക്തമാകുന്നു. സ്നേഹത്താൽ ബന്ധങ്ങൾ നിർവചിക്കപ്പെടുന്നു. മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ ആരംഭിക്കുന്നു. ആ ലോകമാണ് കമ്മ്യൂണിസം.. അത് വെറും സ്വപ്നമല്ല..
1) സമൂഹത്തിലെ ഉത്പാദനോപാധികൾക്കു മേലുള്ള സ്വകാര്യഉടമസ്ഥത ഇല്ലാതാകുന്നു. പൊതുഉടമസ്ഥതയിലൂടെ ഉത്പാദനം ജനാധിപത്യപരമായി കൂട്ടായ തീരുമാനങ്ങളാൽ നിർവഹിക്കപ്പെടുന്നു.
2) ലാഭക്കൊതി, മത്സരം തുടങ്ങിയ മുതലാളിത്തമൂല്യങ്ങൾ ഇല്ലാതാകുന്നു. എല്ലാവരും അവരവരുടെ കഴിവിനൊത്ത് അധ്വാനിക്കുകയും അധ്വാനത്തിനൊത്ത് നേടുകയും ചെയ്യുന്നു. സമൂഹത്തിന്റെ ക്ഷേമം അധ്വാനത്തിന്റെ ലക്ഷ്യമായിത്തീരുന്നു.
3) ജനങ്ങളുടെയും പരിസ്ഥിതിയുടെയും ക്ഷേമവും പുരോഗതിയും സോഷ്യലിസത്തിന്റെ അടിസ്ഥാനനയങ്ങളാകുന്നു. ഇത് സാധ്യമാകത്തക്കവിധം ജനങ്ങളിൽ സാംസ്കാരികവും ബൗദ്ധികവുമായ പുരോഗതി ഉണ്ടാകുന്നു. വിദ്യാഭ്യാസം, മാധ്യമം, കല, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ സർവആശയോപാധികളും സോഷ്യലിസത്തിൽ അതിനുതകത്തക്ക വിധം പൊളിച്ചുപണിയണം.
4) ഉത്പാദനവും രാഷ്ട്രീയവും ജനാധിപത്യവും എല്ലാം വികേന്ദ്രീകൃതമാകുന്നു. അധികാരം ഒരു യൂണിറ്റിലേക്ക് കേന്ദ്രീകരിക്കുന്ന പഴയ രീതികൾക്കു പകരം എല്ലാ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാകും വിധം അധികാരവും ഉത്തരവാദിത്തങ്ങളും താഴേത്തട്ടിലേക്ക് വിതരണം ചെയ്യപ്പെടുന്നു.
5) ശാസ്ത്രസാങ്കേതികവികസനം സോഷ്യലിസ്റ്റ് -വൽക്കരിക്കപ്പെടും. അത് എല്ലാവരുടെയും നന്മയ്ക്കും പരിസ്ഥിതിക്ക് ഗുണകരമായും ഉപയോഗിക്കപ്പെടും.ജനങ്ങളുടെ ആവശ്യവും വിഭവലഭ്യതയും അറിഞ്ഞ് ഉത്പാദനം ആസൂത്രണം ചെയ്യുന്ന സോഷ്യലിസ്റ്റ് രീതി ITയും മറ്റും പിടിമുറുക്കിയ ആഗോളസാഹചര്യത്തിൽ സാധ്യമാണ്. സാങ്കേതികപുരോഗതി തൊഴിലാളിയുടെ അധ്വാനവും അധ്വാനസമയവും കുറയ്ക്കും. അവന്റെ വിനോദങ്ങൾക്കും സർഗാത്മകതയ്ക്കുമുള്ള സമയവും ഇടവും വർധിക്കുന്നു. ഉത്പാദനക്ഷമത സോഷ്യലിസത്തിൽ കൂടുതലായിരിക്കും. 2 മണിക്കൂർ ജോലി കൊണ്ടുതന്നെ ഉണ്ടാകുന്ന ഫലം വലുതായിരിക്കും. ഏവരുടെയും ആവശ്യങ്ങൾ കാര്യക്ഷമമായി തൃപ്തിപ്പെടുത്താൻ സാങ്കേതികവിദ്യ സഹായിക്കും.
6) സമത്വം സാധ്യമാകും. ജനങ്ങളുടെ വാങ്ങൽശേഷി വർധിക്കുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും. ആസൂത്രണം ഉള്ളതിനാൽ അമിതോത്പാദനം ഇല്ലാതാകും. യുദ്ധം, ആയുധനിർമാണം, മയക്കുമരുന്ന്, പരസ്യം, പേറ്റന്റ് ,ഓഹരിവിപണി തുടങ്ങിയ അനാവശ്യങ്ങളായ ചെലവുകളും സമ്പ്രദായങ്ങളും ഇല്ലാതാകും.
7) സോഷ്യലിസത്തിൽ ചരക്കിന്റെ കൈമാറ്റമൂല്യമല്ല, ഉപയോഗമൂല്യമാണ് പരിഗണിക്കപ്പെടുക.. ലാഭം ലക്ഷ്യമാക്കിയുള്ള ചരക്കുകൈമാറ്റങ്ങൾ അപ്രത്യക്ഷമാകണം. ചരക്കിനുപിന്നിലെ അധ്വാനമനുസരിച്ച് അതിന്റെ മൂല്യം ആസൂത്രണം ചെയ്യപ്പെടണം. അധ്വാനമൂല്യം തൊഴിലാളിക്ക് പണമായോ വൗച്ചറായോ ലഭിക്കുകയും വേണം. വിലയും വാങ്ങൽശേഷിയും തമ്മിൽ സന്തുലനമുണ്ടാകണം.
8) ഫെഡറലിസം, തൊഴിലാളിസംഘങ്ങൾ, എണ്ണമറ്റ പരസ്പര സഹായപ്രസ്ഥാനങ്ങൾ, രാഷ്ട്രീയസമിതികൾ, വികേന്ദ്രീകൃതാസൂത്രണം തുടങ്ങിയവ സോഷ്യലിസത്തിന്റെ അടിത്തറ രൂപപ്പെടുത്തും. തദ്ദേശീയതലത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.
9) ഗ്രാമനഗരങ്ങൾ ഇടകലരും. കാർഷികമേഖല വളർച്ചപ്രാപിക്കുകയും അതിനെ അടിസ്ഥാനമാക്കി മറ്റ് മേഖലകൾ വളർച്ച നേടുകയും ചെയ്യും. വിപുലമായ പരിസ്ഥിതിസംരക്ഷണം, ജൈവവളപ്രസ്ഥാനം തുടങ്ങിയവ രൂപംകൊള്ളും. മണ്ണിൽ നിന്നെടുക്കുന്ന പോഷകങ്ങൾ മണ്ണിലേക്ക് തന്നെ തിരിച്ചുനൽകപ്പെടും. വമ്പിച്ച സാങ്കേതികപരിഷ്കരണങ്ങൾ കാർഷികമേഖലയിൽ നടപ്പാകും. ഗ്രാമനഗരവ്യത്യാസം ഇല്ലാതാകുന്നത് ജനസംഖ്യയെ സമീകരിക്കും.
10) ആത്മീയസുഖങ്ങൾക്കും സർഗാത്മകതയ്ക്കും സോഷ്യലിസത്തിൽ മുൻഗണനയുണ്ടാകും. തൊഴിലാളികളുടെ അധ്വാനസമയം കുറയും. അതോടൊപ്പം അവർ ഏതെങ്കിലും നിശ്ചിതതൊഴിൽ കള്ളികളിൽ തളയ്ക്കപ്പെടുകയുമില്ല. ജനാധിപത്യപരമായ ചർച്ചകളിലൂടെ ഓരോരുത്തരും വിവിധ തൊഴിലുകളിൽ മാറിമാറി നിയമിക്കപ്പെടും. അധ്വാനം ആനന്ദമാകും.
11) മനുഷ്യൻ സ്വയം നിയന്ത്രിക്കപ്പെടും. സ്ത്രീപുരുഷ സമത്വം സാധ്യമാകും. ജനങ്ങൾ അങ്ങേയറ്റം പ്രബുദ്ധത കൈവരിക്കും. കുടുംബസങ്കൽപങ്ങളിൽ പോലും മൗലികമായ മാറ്റങ്ങൾ ഉണ്ടാകും. സദാചാരബന്ധനങ്ങൾ ഉൾപെടെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും.
സോഷ്യലിസം- അനിവാര്യമാണോ..?
മാർക്സിസത്തിന്റെ കടുത്ത വിമർശകർ മാത്രമല്ല, മാർക്സിസത്തോട് അനുഭാവം പുലർത്തുന്നവരിൽ ചിലർ പോലും സോഷ്യലിസം എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കാറുണ്ട്.. അവരുടെ ചോദ്യം ഇതാകാം:- ''മുതലാളിത്തം ഭൂരിപക്ഷം ജനതയ്ക്കും ദുരിതം സമ്മാനിക്കുന്നതും ജനാധിപത്യവിരുദ്ധവും ഒക്കെയാണ്.. സമ്മതിച്ചു. പക്ഷേ അതുകൊണ്ട് സോഷ്യലിസം സാധ്യമാകും എന്ന് എങ്ങനെ പറയാൻ കഴിയും..? അത് ഒരു ശുഭാപ്തിവിശ്വാസം മാത്രമല്ലേ ആവുന്നുള്ളൂ.. അങ്ങനെ നോക്കിയാൽ മാർക്സിസവും സ്വർഗരാജ്യം തരാമെന്നു പറഞ്ഞ് വിശ്വാസികളെ അണിനിരത്തുന്ന മതങ്ങളും തമ്മിലെന്ത് വ്യത്യാസം..?''
ഇത്തരം ചോദ്യങ്ങൾ പലയിടത്തും ഉയർന്നു കേൾക്കുന്നതിനാൽ അവയ്ക്ക് ഒരു മറുപടി തീർച്ചയായും നൽകേണ്ടതുണ്ട്.. ആദ്യം മുതലാളിത്തത്തിൽ നിന്ന് തുടങ്ങാം..
മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും അടിസ്ഥാനവ്യത്യാസങ്ങൾ എന്തൊക്കെയാണ്..? മുതലാളിത്തത്തിൽ ഉത്പാദനോപാധികൾ മൂലധനഉടമസ്ഥതയിലാണ്.. സോഷ്യലിസത്തിൽ അത് സമൂഹത്തിന്റെ പൊതുഉടമസ്ഥതയിൽ വരുന്നു. മുതലാളിത്തത്തിൽ തൊഴിലാളി നിർമിക്കുന്ന മിച്ചമൂല്യം മുതലാളി ലാഭമായി സ്വന്തമാക്കുന്നു. സോഷ്യലിസത്തിൽ ഇത് തൊഴിലാളികളടങ്ങുന്ന സമൂഹത്തിലേക്ക് തന്നെ തിരിച്ചുനൽകപ്പെടുന്നു..
മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യം എന്നത് സാമൂഹ്യമായ ഉത്പാദനവും സ്വകാര്യമായ ഉടമസ്ഥതയുമാണ്.. മുതലാളിത്തത്തിൽ ഉത്പാദനോപാധികൾ നിരന്തരം വികസിക്കുന്നു. പക്ഷേ ഉത്പാദനബന്ധങ്ങൾ സ്വകാര്യഉടമസ്ഥത എന്ന ചട്ടക്കൂടിൽ മാറ്റമില്ലാതെ തുടരുന്നു.. ഒരു ഭാഗത്ത് സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ മറുവശത്ത് പട്ടിണി കുമിഞ്ഞുകൂടുന്നു.. മനുഷ്യന്റെ കഴിവുകൾ വർധിക്കുമ്പോഴും അത് ഉപയോഗപ്പെടുത്താനുള്ള സാഹചര്യങ്ങൾ അവന് ഇല്ലാതെയാകുന്നു.
യന്ത്രവത്കരണവും ശാസ്ത്രസാങ്കേതികതയും തന്മൂലം ഉത്പാദനക്ഷമതയും ശീഘ്രം പുരോഗമിക്കുമ്പോഴും തൊഴിലവസരങ്ങളും ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ വാങ്ങാനുള്ള ജനങ്ങളുടെ കഴിവും ഇടിയുന്നു.. ഉത്പാദനോപാധികളുടെ വികാസം തുടരണമെങ്കിൽ സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും ഉടമസ്ഥതയിൽ അവ വരണമെന്നും എല്ലാവരുടെയും കഴിവുകൾ പുറത്തുകൊണ്ടുവരാനും എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറാനുമുള്ള സ്ഥിതിയുണ്ടാവണമെന്നുമുള്ള നിഗമനത്തിൽ നമ്മളെത്തിച്ചേരുന്നു.
പരിസ്ഥിതിയെ നിലവിലുള്ളതുപോലെ കുറച്ചുപേരുടെ ലാഭമോഹങ്ങൾക്കായി നിഷ്കരുണം ചൂഷണം ചെയ്താൽ ഭാവിയിൽ ആർക്കും നിലനിൽപുണ്ടാവില്ലെന്നും അതിനാൽ ഉത്പാദനകേന്ദ്രങ്ങൾ ജനാധിപത്യവത്കരിച്ചുകൊണ്ട് വിഭവങ്ങൾ സമൂഹക്ഷേമം മുൻനിർത്തി ഉപയോഗിക്കണമെന്നും വിഭവസംരക്ഷണവും നടക്കണമെന്നും നാം തിരിച്ചറിയുന്നു.. മുതലാളിത്തം ഇന്ന് ആവർത്തിച്ച് നേരിടുകയും അതിന് ഒരിക്കലും പരിഹരിക്കാനാവാത്തതുമായ സാമ്പത്തികമാന്ദ്യങ്ങൾ മുതലാളിത്തത്തിന്റെ അടിസ്ഥാനസ്വഭാവമാണെന്നും അത് ജനജീവിതത്തെയും ഉത്പാദനോപാധികളുടെ വളർച്ചയെയും ഒരുപോലെ ബാധിക്കുമെന്നും നാം മനസിലാക്കുന്നു..
അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം.. മുതലാളിത്തത്തിന്റെ അന്ത്യം സുനിശ്ചിതമാണ്.. അതിന് കാരണം അതിലന്തർലീനമായ വൈരുധ്യങ്ങളാണ്.. അവ പരിഹരിച്ചുകൊണ്ട് അതിജീവിക്കാനുള്ള ശേഷി തീർച്ചയായും മുതലാളിത്തത്തിനുണ്ട്.. പക്ഷേ ഓരോ അതിജീവനവും കൂടുതൽ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് വഴിമരുന്നിടുന്നു.. അപ്പോൾ മുതലാളിത്തമല്ല നമുക്കു വേണ്ടത് എന്നാണെങ്കിൽ പിന്നെന്ത് എന്ന ചോദ്യമുയരുന്നു.. അതിന് മാർക്സ് നൽകിയ ഉത്തരം വ്യക്തമാണ്.. ഒന്നുകിൽ സോഷ്യലിസം, അല്ലെങ്കിൽ കാടത്തം എന്നായിരുന്നു അത്. ഉത്പാദനോപാധികളുടെ സാമൂഹ്യഉടമസ്ഥതയിൽ അധിഷ്ഠിതമായ വ്യവസ്ഥയും അതിനെ ബലപ്പെടുത്തുന്ന ജനാധിപത്യവും ആണ് സോഷ്യലിസമെന്നത്.. മറ്റേതാകട്ടെ, കടുത്ത പാരിസ്ഥിതികപ്രശ്നങ്ങളും അരക്ഷിതാവസ്ഥയും ദുരിതങ്ങളും അത് മൂലം കുത്തഴിഞ്ഞുപോകുന്ന ജനാധിപത്യവും തീവ്രവാദവും ഭീമമായ അസമത്വങ്ങളും ഒക്കെയായിരിക്കും..
അതിനാൽ ഇനി മനുഷ്യരാശിക്ക് ഒരു അതിജീവനം ഉണ്ടെങ്കിൽ അത് സോഷ്യലിസം മാത്രമാണെന്നും അതല്ലാതെയുള്ള മറ്റെന്തും (അത് മുതലാളിത്തമോ ഫാസിസ്റ്റ് വാഴ്ചകളോ അരാജകത്വമോ ആകട്ടെ) ലോകത്തെ കൂടുതൽ നാശത്തിലേക്കു മാത്രമേ നയിക്കൂ എന്നും നമുക്കു പറയേണ്ടിവരുന്നു.. സോഷ്യലിസം എന്നത് ഒരു സ്വപ്നമല്ല, അനിവാര്യതയാണ്.. അത് ഒരാളുടെയോ പ്രസ്ഥാനത്തിന്റെയോ ആത്മനിഷ്ഠമായ ഇച്ഛകളാൽ രൂപം കൊള്ളുന്നതല്ല, സമൂഹത്തിന്റെ വസ്തുനിഷ്ഠമായ സാഹചര്യങ്ങളുടെ പക്വതപ്പെടലിലൂടെ രൂപം കൊള്ളുന്നതാണ്.. അത് കൂടുതൽ ചർച്ചകൾക്ക് വിധേയമാവേണ്ടതുമാണ്..