Sunday, October 28, 2018

മാർക്സിയൻ ഫെമിനിസം





                                ഒരു സമൂഹത്തിന്റെ പുരോഗതി എത്രയുണ്ടെന്ന് അളക്കണമെങ്കിൽ ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ അറിഞ്ഞാൽ മതിയെന്നാണ് മാർക്സ് അഭിപ്രായപ്പെട്ടത്. പൊതുവെ സ്ത്രീകളുടെ ചരിത്രപരമായ അടിമത്തത്തെ വിശകലനം ചെയ്യാൻ മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം ഉപയോഗപ്പെടുത്താറുണ്ട്.

                                  പ്രാകൃതകമ്മ്യൂണിസമായിരുന്നല്ലോ മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ ആദ്യ ഘട്ടം.. (ചരിത്രപരമായ ഭൗതികവാദത്തെയും പ്രാകൃതകമ്മ്യൂണിസത്തെയും  സംബന്ധിച്ച പഴയ പോസ്റ്റുകൾ വായിക്കുക.. ) പ്രാകൃതകമ്മ്യൂണിസം എന്ന ആദിമവ്യവസ്ഥിതിയിൽ സ്ത്രീപുരുഷ- അസമത്വങ്ങൾ ഉടലെടുത്തിരുന്നില്ല. ഉത്പാദനം ഇല്ലായിരുന്നു. കാട് മുഴുവൻ അലഞ്ഞ് ഭക്ഷണം ശേഖരിച്ച് സഹകരണാടിസ്ഥാനത്തിൽ പങ്കിടുകയാണ് മനുഷ്യർ ചെയ്തത്. വലിയ തോതിലുള്ള അധ്വാനപ്രക്രിയയോ തൊഴിൽവിഭജനമോ ഇല്ലായിരുന്നു. അതിനാൽ ശാരീരികമായ വ്യത്യാസങ്ങൾ ലിംഗസമത്വത്തെ ബാധിച്ചിരുന്നില്ല.

                                  നമ്മുടെ പുരാതനഭാരതത്തിൽ പൂർവകാല വേദങ്ങൾ പരിശോധിച്ചാൽ കാണാം.. ആര്യസംസ്കൃതിയുടെ ആദ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനു തുല്യമായ സ്ഥാനം ഉണ്ടായിരുന്നു. സ്ത്രീകൾക്കിടയിൽ തന്നെ പണ്ഡിതമാരും കവികളും ഉണ്ടായിരുന്നു. ഭർത്താവ് മരിച്ചാൽ പുനർവിവാഹവും പെണ്ണിന് അനുവദനീയമായ ഒരു സമൂഹമായിരുന്നു അന്നത്തേത് എന്ന് പൂർവകാലവേദങ്ങൾ നമുക്ക് ബോധ്യപ്പെടുത്തുന്നു. ഡാൻ ബ്രൗണിന്റെ 'ദ് ഡാവിഞ്ചി കോഡ് 'എന്ന പുസ്തകത്തെ പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. അതിൽ ക്രിസ്തുമതങ്ങൾക്കും പുരുഷാധിപത്യ സമൂഹങ്ങൾക്കും ഒക്കെ വളരെ മുമ്പ് നിലനിന്നിരുന്ന പേജൻസ് സംസ്കാരത്തിലും ഇത്തരം ഒരു സ്വഭാവം കാണാം. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിൽ ഒരേ സ്ഥാനമാണെന്നും ഏത് വ്യവസ്ഥയും സമ്പൂർണമാകുന്നത് അതിലെ സ്ത്രീ-പുരുഷഭാവങ്ങൾ ഒന്നു ചേരുമ്പോഴാണെന്നും അവർ കരുതി. ദേവന്മാരെ പോലെ ദേവിമാരും ആരാധിക്കപ്പെട്ടു.

                                എന്താണ് ഇതെല്ലാം വ്യക്തമാക്കുന്നത്..? ലിംഗവിവേചനം എന്നത് മനുഷ്യൻ ഉണ്ടായ കാലം മുതലേ പൊട്ടിമുളച്ചതല്ല. ആദ്യകാല പ്രാകൃതകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ ഈ വിവേചനം ഇല്ലായിരുന്നു. സ്ത്രീകൾ ഭക്ഷണം ശേഖരിച്ചു. സന്തതികളെ മുലപ്പാൽ നൽകി പരിപാലിച്ചു. പുരുഷന്മാരും ഭക്ഷണം ശേഖരിക്കുകയും ഒപ്പം ഗോത്രത്തെ സംരക്ഷിക്കുകയും ചെയ്തു. സ്ത്രീകളുടെ ഗർഭകാലത്ത് ഈ സംരക്ഷണം അനിവാര്യവുമായിരുന്നു. എന്നാൽ കൃഷിയും ഉത്പാദനവും തൊഴിൽ വിഭജനവും ആരംഭിക്കുകയും അടിമത്തം എന്ന വർഗാധിഷ്ഠിത സമൂഹങ്ങൾ രൂപം കൊള്ളുകയും ചെയ്തതോടെ സ്ത്രീ എന്നെന്നേക്കുമായി രണ്ടാം സ്ഥാനത്തേക്ക് മാറ്റിനിർത്തപ്പെട്ടു. വർഗസമൂഹങ്ങൾ ( അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം) സ്ത്രീ -പുരുഷവിവേചനങ്ങളുടെയും സ്ത്രീകൾക്കുമേലുള്ള പുരുഷാധിപത്യത്തിന്റെയും ദൃശ്യങ്ങൾക്ക് സാക്ഷിയായി. എന്തായിരുന്നു സ്ത്രീ എന്ന സ്വത്വം അടുക്കളയിലേക്ക് ഒതുങ്ങിപ്പോയതിന്റെ ചരിത്രപരമായ സാഹചര്യം..? ഇത് മനസിലാക്കാൻ മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം കൂടുതൽ ചികഞ്ഞു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

***********************************************************************

                                സ്ത്രീസമൂഹത്തിന്റെ സാമൂഹ്യമായ പാർശ്വവത്കരണത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് അധ്വാനത്തിലധിഷ്ഠിതമായ സാമൂഹ്യജീവിതത്തിലേക്ക് മനുഷ്യൻ കടക്കുന്നതോടെയാണ്. പ്രാകൃതകമ്മ്യൂണിസത്തിലെ വൈരുധ്യങ്ങൾ അതിനെ തകർക്കുകയും അടിമത്തം എന്ന ചരിത്രത്തിലെ ആദ്യത്തെ വർഗസമൂഹം രൂപം കൊള്ളുകയും ചെയ്തുവല്ലോ.. കൃഷി, മൃഗസംരക്ഷണം തുടങ്ങി കാർഷികമേഖലയുമായി ബന്ധപ്പെട്ട മറ്റ് തൊഴിലുകളിലേക്ക് മനുഷ്യൻ കടക്കാനാരംഭിച്ചതോടെ സ്ത്രീപുരുഷവ്യത്യാസങ്ങൾ സമൂഹത്തിൽ പ്രകടമായിത്തുടങ്ങി. അവർക്കിടയിലെ ശാരീരികമായ വ്യത്യാസങ്ങൾ തൊഴിലിലും പ്രതിഫലിച്ചു. സ്ത്രീകൾ ചെയ്യേണ്ടത് ,പുരുഷൻ ചെയ്യേണ്ടത് എന്നിങ്ങനെ തൊഴിലുകളിൽ വിഭജനം രൂപപ്പെട്ടു. സമൂഹത്തിലെ ഭാരിച്ച അധ്വാനപ്രക്രിയകളിൽ പുരുഷന്മാർ ഏർപ്പെട്ടപ്പോൾ സ്ത്രീകൾ വീടുകളിൽ ഒതുങ്ങി.

                                അടിമത്തത്തിനു മുൻപ് ഗോത്രങ്ങളായിരുന്നുവല്ലോ. സ്വകാര്യസ്വത്ത് ആവിർഭവിച്ചതോടെ പുരുഷൻ ഗോത്രത്തെ സംരക്ഷിക്കുന്നതോടൊപ്പം സ്വത്തുക്കളുടെ ഉടമസ്ഥതയും ഏറ്റെടുത്തു. ഗോത്രയുദ്ധങ്ങളിൽ തോൽക്കുന്നവരെ അടിമകളാക്കി. ഉടമകൾ എന്ന ന്യൂനപക്ഷം പുരുഷഅടിമകളെ ഉപയോഗിച്ച് കടുത്ത ജോലികൾ ചെയ്യിച്ചപ്പോൾ ശാരീരികബലത്തിലും സാമൂഹ്യമായും രണ്ടാം തരക്കാരായ സ്ത്രീകളെ ലൈംഗികഅടിമകളാക്കി. പൂർണമായും പുരുഷമേധാവിത്തത്തിന്റെ സ്ഥാപനം കൂടിയായിരുന്നു അടിമത്തവ്യവസ്ഥിതി. ഭരണകൂടം, മതം, സംസ്കാരം തുടങ്ങിയ ബൗദ്ധികഘടകങ്ങൾ ഈ അവസ്ഥയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. സ്ത്രീ വെറും അടിമയായും ലൈംഗികവസ്തുവായും അധഃപതിച്ചു.

                                അടിമകൾ പിൽക്കാലത്ത് സ്വതന്ത്രരായെങ്കിലും ഈ പുരുഷമേധാവിത്തം തുടർന്നുപോന്നു. ഫ്യൂഡലിസ്റ്റ് ശക്തികളും മതപുരാണങ്ങളുടെ കൂടി സഹായത്തോടെ സ്ത്രീയെ അടുക്കളയിൽ ഒതുക്കിനിർത്തി. മുതലാളിത്തസമൂഹത്തിലും ഇത് തന്നെ തുടർന്നുപോകുന്നു. കലാമാധ്യമങ്ങളിൽ സ്വന്തമായ ഒരു ഐഡിന്റിയില്ലാതെ പ്രേക്ഷകരിൽ ലൈംഗികാകർഷണം ചെലുത്താനുള്ള വിപണിവസ്തുവായും പുരുഷത്തൊഴിലാളിയേക്കാൾ കൂടുതൽ ചൂഷണം സ്ത്രീക്കുമേൽ അടിച്ചേൽപ്പിക്കുന്നതിലൂടെ  ലാഭം വർധിപ്പിക്കാനുള്ള മാർഗമായും സ്ത്രീ മുതലാളിവർഗത്തിന്റെ ചൂഷണത്തിന് വിധേയമാകുന്നുവെന്ന് മാത്രമല്ല ,തൊഴിലാളിവർഗത്തിൽ തന്നെ രണ്ടാം തരക്കാരായി ഒതുങ്ങിക്കൂടുന്നു. വസ്തുവത്കരിക്കപ്പെടുന്നു..
                                           
********************************************************************

                                ഒരു സമൂഹത്തിന്റെ പുരോഗതി എത്രയുണ്ടെന്ന് അളക്കണമെങ്കിൽ ആ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ അറിഞ്ഞാൽ മതിയെന്ന് കാൾ മാർക്സ് ഒരിക്കൽ പറഞ്ഞു. സ്ത്രീവിമോചനപ്പോരാട്ടങ്ങളും സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ ഭാഗമാകണമെന്ന് ലെനിനും പ്രസ്താവിച്ചു. ഗാർഹികാധ്വാനവും പൊതുഅധ്വാനഭാരവും ഒന്നിച്ച് പേറുന്ന ഒരു സ്ത്രീയുടെ നേരെ കണ്ണുതുറക്കാതിരിക്കാൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ല. 19ാം നൂറ്റാണ്ടിൽ യൂറോപ്പിലെ തൊഴിലാളിവർഗപ്പോരാട്ടങ്ങളിൽ വനിതാപ്രസ്ഥാനങ്ങളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. മാർക്സിന്റെ മകളായ എലിനോർ മാർക്സ് ലണ്ടനിലെ ട്രേഡ് യൂണിയനുകളിലും വനിതാപ്രസ്ഥാനങ്ങളിലും സജീവപ്രവർത്തകയായിരുന്നു. 1888ൽ ലണ്ടനിലെ സ്ത്രീത്തൊഴിലാളികൾ നടത്തിയ മാർച്ചും കൂലിയിലെ ലിംഗവിവേചനത്തിനെതിരെ നടത്തിയ സമരങ്ങളും ഇതിന് ഉദാഹരണമാണ്.

                                 റഷ്യയിലെ ഒക്ടോബർ വിപ്ലവകാലത്ത് ബോൾഷെവിക്കുകളും 1912 മുതൽ സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തി. മാർച്ച് 8ൽ അന്താരാഷ്ട്ര വനിതാദിനത്തിൽ അവർ വലിയ സമ്മേളനങ്ങളും റാലികളും സംഘടിപ്പിച്ചു. ബൂർഷ്വാസ്ത്രീ വിമോചനപ്രസ്ഥാനങ്ങളിൽ നടത്തിവന്ന പ്രവർത്തനങ്ങളെ ബഹിഷ്കരിച്ച് 1905  മുതൽ വനിതകളെ വൻതോതിൽ തൊഴിലാളിവർഗ വിപ്ലവവുമായി വിശാലമായ അർത്ഥത്തിൽ കൂട്ടിയിണക്കി. ലിംഗവിവേചനത്തിനെതിരെ സമരങ്ങളുയർത്തി. ഒന്നാം ലോകയുദ്ധകാലത്ത് ഫാക്ടറിത്തൊഴിലാളികളുടെ 1/3 ഭാഗവും വനിതകളായിരുന്നു.

                                സോവിയറ്റ് വിപ്ലവാനന്തരം ലിംഗസമത്വത്തിനായുള്ള പരിപാടികളും കമ്മ്യൂണിസ്റ്റ് സർക്കാർ ആവിഷ്കരിച്ചു. വീട്ടിലെ സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കുക, അവരെ കൂടുതൽ സ്വതന്ത്രരാക്കുക, സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, ഉത്പാദനമേഖലയിൽ അവരെ പങ്കെടുപ്പിക്കുക തുടങ്ങിയവ പാർട്ടി തങ്ങളുടെ ലക്ഷ്യങ്ങളായി കണ്ടു. കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം, ജനങ്ങൾക്ക് പൊതുഭക്ഷണശാല, അലക്കുകമ്പനികൾ, ഡേ കെയർ സെന്ററുകൾ ,നഴ്സറികൾ തുടങ്ങിയവ സ്ഥാപിച്ചു. ഇതിലൂടെ സ്ത്രീകളുടെ വീട്ടിലെ അധ്വാനഭാരം കുറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തികരംഗം കൂടുതൽ മെച്ചപ്പെടണമെന്ന് ട്രോട്സ്കി വാദിച്ചു.

                                തുല്യജോലിക്ക് തുല്യവേതനം, സ്ത്രീകൾക്ക് രാത്രി ജോലി ഒഴിവാക്കൽ, പ്രസവാവധി, കുടുംബക്ഷേമപദ്ധതികൾ, ശിശുക്ഷേമ പരിപാടികൾ etc നടപ്പിലായി. 1920കളോടെ ഗർഭഛിദ്രം നിയമവിധേയമാക്കിയതും വിവാഹമോചനം കൂടുതൽ ലളിതമാക്കിയതും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്യ്രം നൽകി. സ്ത്രീകളെ ചൂഷണം ചെയ്ത് വേശ്യാലയങ്ങൾ നടത്തി വരുമാനം പറ്റുന്ന മുതലാളിമാരെ അറസ്റ്റ് ചെയ്തു. ജീവിക്കാൻ നിവൃത്തിയില്ലാതെ വേശ്യാവൃത്തിക്കിറങ്ങിയ വനിതകൾക്ക് മറ്റ് തൊഴിലവസരങ്ങളും പരിശീലനങ്ങളും നൽകി. കുട്ടികളെ പ്രസവിക്കുന്നവർ ,കിടപ്പറയിലെ പുരുഷന്റേ സ്വത്ത് തുടങ്ങിയ വിശേഷണങ്ങളിൽ നിന്നും യഥാർത്ഥ സമൂഹജീവികളായി സ്ത്രീകൾ മാറി.

                                എന്നാൽ സ്റ്റാലിന്റേ വരവോടെ സ്ഥിതിയാകെ മാറി. സ്ത്രീവിമോചനം എന്ന സങ്കൽപത്തിൽ തന്നെ വെള്ളം ചേർക്കുകയാണ് അദ്ദേഹം ചെയ്തത്. ഗർബഛിദ്രം നിയമവിരുദ്ധമാക്കുക, വേശ്യാലയങ്ങൾ നടത്തുന്ന ബ്രോക്കർമാർക്കു പകരം ഗതികേടു കൊണ്ട് ഇതിൽ പെട്ടുപോയ വേശ്യകളെ തന്നെ അറസ്റ്റ് ചെയ്യുക, സ്ത്രീകളെ പഴയ അടുക്കളജീവിതത്തിലേക്ക് മടക്കിയയ്ക്കുക തുടങ്ങിയ മുമ്പുള്ളതിൽ നിന്നും വിപരീതമായ നയങ്ങളായിരുന്നു സ്റ്റാലിന്റേത്. ട്രോട്സ്കി ഇതിനെ ശക്തിമായി എതിർത്തു.
സ്റ്റാലിനു ശേഷം സ്ത്രീകൾക്ക് കുറച്ച് സ്വാതന്ത്യ്രമൊക്കെ അനുവദിക്കപ്പെട്ടെങ്കിലും ലെനിന്റെ കാലത്തുണ്ടായ പുരോഗമനപരമായ സ്ത്രീമുന്നേറ്റങ്ങൾ പിന്നീടുണ്ടായില്ല. സോവിയറ്റ് റഷ്യ തകർന്നതോടെ വനിതകൾ പഴയ അടുക്കളച്ചുവരുകളിലേക്ക് തന്നെ ഒതുങ്ങി. ദാരിദ്യ്രം വർധിച്ചു. റഷ്യയുടെ തകർച്ചയ്ക്കു ശേഷം ഏതാനും വർഷങ്ങളിൽ അവിടെ വേശ്യാലയങ്ങളുടെ എണ്ണം കൂടിയെന്നും കണക്കുകൾ കാണിക്കുന്നു. മുതലാളിത്തസമൂഹത്തിലും ഈ ദുരിതങ്ങൾ വർധിക്കുന്നു.

********************************************************************

                                സമൂഹത്തിലെ സ്ത്രീവർഗത്തിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള പിൻവാങ്ങലിന് മനുഷ്യന്റെ അധ്വാനത്തിലധിഷ്ഠിതമായ ഉത്പാദനവ്യവസ്ഥയും വർഗസമൂഹത്തിലേക്കുള്ള സമൂഹത്തിന്റെ പരിണാമവും ഒക്കെയായി നല്ല ബന്ധമുണ്ടെന്ന് മുൻലേഖനങ്ങളിൽ വ്യക്തമായിക്കഴിഞ്ഞു. മുതലാളിത്തത്തിൽ മാത്രമല്ല എല്ലാവർഗവ്യവസ്ഥിതികളിലും (അടിമത്തം, ഫ്യൂഡലിസം) സ്ത്രീകൾ വിവേചനം നേരിടുന്നു. എങ്കിലും വർഗവ്യവസ്ഥിതികളിൽ എന്ന പോലെ സ്ത്രീകളുടെ അവസ്ഥയ്ക്കും ദീർഘകാലാടിസ്ഥാനത്തിൽ ഒരു പുരോഗമനവും പരിഷ്കരണവും ഒക്കെ കാണാനാവും. സ്തീകൾക്ക് മാറുമറയ്ക്കാനാവാത്തഅങ്ങേയറ്റം  ദുഷിച്ച ഫ്യൂഡൽ- ജാതിവ്യവസ്ഥയിൽ നിന്നും  നാം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്.

                                മാർക്സ് സ്ത്രീകൾക്കു മേലുള്ള ചൂഷണത്തെ കുടുംബവ്യവസ്ഥയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. മുതലാളിത്തത്തിൽ കുമിഞ്ഞുകൂടുന്ന സ്വത്ത് തലമുറകളിലൂടെ കൈമാറാനും ആ അസമത്വവും പണത്തിന്റെ കേന്ദ്രീകരണവും ചൂഷണവും കാലങ്ങളോളം നിലനിർത്താനും മുതലാളിത്തത്തെ പ്രാപ്തമാക്കുന്നത് ഈ കുടുംബവ്യവസ്ഥയാണ്. കുടുംബത്തിന്റെ അടിത്തറയാവട്ടെ, വിവാഹവും ദാമ്പത്യബന്ധവും.. വിവാഹം എന്നത് മാനസികമായ ഒരു ബന്ധനത്തേക്കാളുപരി ഇന്ന് സ്ത്രീക്കുമേലുള്ള പുരുഷന്റെ ലൈസൻസായി മാറുന്നു. വിവാഹങ്ങളുടെ  കാരണം തന്നെ പണത്തിലും സ്വത്തിലും അധിഷ്ഠിതമായ സ്വാർത്ഥമോഹങ്ങളാകുന്നു. നമ്മുടെ നാട്ടിൽ തന്നെ സ്ത്രീധനവും ജാതിമതപശ്ചാത്തലവും ജാതകവുമൊക്കെയാണ് വിവാഹങ്ങളെ സാധൂകരിക്കുന്നത്. 

                                വിവാഹം , ദാമ്പത്യം തുടങ്ങിയ പവിത്രമായ മാനുഷികബന്ധങ്ങളിൽ പോലും ധനത്തിന്റെ മേമ്പൊടിയേകുന്നത് മുതലാളിത്തസമൂഹത്തിൽ അനിവാര്യമാണ്. കാരണം മുതലാളിത്തത്തിൽ എല്ലാം തീരുമാനിക്കുന്നത് പ്രൈസ് ടാഗുകളാണ്.. ജനാധിപത്യവും രാഷ്ട്രീയവും പരിസ്ഥിതിയും മനുഷ്യാവകാശങ്ങളും മുതൽ മനുഷ്യർ തമ്മിലെ സ്നേഹബന്ധങ്ങൾ പോലും തീരുമാനിക്കുന്നത് ഭൗതികമായ ചരക്കുകളെയോ സമ്പത്തിനെയോ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലെങ്കിൽ സമൂഹം അങ്ങനെ ധരിച്ചിരിക്കുന്നു. ഭർത്താവിന് ഭാര്യയോടുള്ള പ്രണയത്തെ  പ്രതിനിധീകരിക്കുന്നത് അയാൾ വാങ്ങിക്കൊടുക്കുന്ന ഡയമണ്ട് നെക്ലെയ്സാണെന്ന് ആഭരണപ്പരസ്യം പഠിപ്പിക്കുന്നതു പോലെ.

                                സ്ത്രീകളും കുട്ടികളും മുതലാളിത്തത്തിന്റെ ചൂഷണം പതിന്മടങ്ങ് നേരിടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ശമ്പളത്തിൽ വിവേചനം കാട്ടിയും പെൻസിലെടുക്കേണ്ട കുരുന്നുകൈകളെ ഉപയോഗിച്ച് കടുത്ത ജോലികൾ ചെയ്യിച്ചും മുതലാളിവർഗത്തിന് തങ്ങളുടെ ചൂഷണവും മിച്ചമൂല്യവും പതിന്മടങ്ങ് വർധിപ്പിക്കാമെന്ന് മാർക്സ് മൂലധനത്തിൽ വിവരിക്കുന്നു. കൂലിയിലെ ലിംഗവിവേചനവും ബാലവേലയും ഇന്നത്തെ യാഥാർത്ഥ്യങ്ങളാണ്.  ബാലവേലയെ മാർക്സ് ക്രൂരതയെന്നാണ് വിളിച്ചത്. സ്ത്രീകൾക്കെതിരായ ആൺകോയ്മയുടെ ഗുണഭോക്താക്കൾ മുതലാളിവർഗം കൂടിയാണ്. സംശയമില്ല.

                                 തൊഴിലാളികളുടെ ഒരു കരുതൽസേനയായും മുതലാളിത്തം സ്ത്രീകളെ ഉപയോഗിക്കുന്നു. ലോകമഹായുദ്ധങ്ങൾ നടന്നപ്പോൾ തൊഴിലാളികളായ പുരുഷന്മാർ വരെ  സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് യുദ്ധമുഖത്തേക്ക് ചലിച്ചു. ഇക്കാലയളവിൽ ഫാക്ടറികളിൽ ലക്ഷക്കണക്കിന്  സ്ത്രീകളാണ്  പകരം നിയോഗിക്കപ്പെട്ടത്. വ്യവസായരംഗത്തെ തൊഴിലാളികളുടെ മൂന്നിലൊന്നും സ്ത്രീകളായിരുന്നു. യുദ്ധത്തിനും ഭരണകൂടത്തിനുമെതിരെ അവർ വൻതോതിൽ പ്രക്ഷോഭം നടത്തി. വീട്ടിലും പണിശാലയിലുമായി ഇരട്ടിഅധ്വാനഭാരമാണ് അവർക്ക് സഹിക്കേണ്ടിവന്നത്.

                                  ഇന്നും  തൊഴിലില്ലാത്ത ജനവിഭാഗങ്ങളിൽ നല്ലൊരു പങ്കും സ്ത്രീകളാണ്. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അടങ്ങുന്ന ഈ വമ്പിച്ച തൊഴിലില്ലാപ്പട ഒരു അനുഗ്രഹം കൂടിയാണെന്ന് മുമ്‌പ് വിശദീകരിച്ചതുമാണ്.  സമൂഹത്തിലെ സ്ത്രീകളുടെ പാർശ്വവത്കരണവും മുതലാളിത്തവ്യവസ്ഥയുമായുള്ള ബന്ധം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കൂടാതെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും സ്ത്രീവിമോചനപ്പോരാട്ടങ്ങളും തമ്മിലെ ആശയപരമായ ബന്ധവും സഹവർത്തിത്വവും തിരിച്ചറിയുമ്പോഴേ ഫെമിനിസം എന്ന ആശയം അർത്ഥപൂർണമാകൂ..

***************************************************************************

                                സ്ത്രീവിമോചനവിഷയങ്ങളിൽ മാർക്സിസത്തിന് എന്ത് കാര്യം എന്ന ചിന്തയ്ക്കുള്ള ഉത്തരം കൂടിയാണ് സോഷ്യലിസം.. സാമ്പത്തികവും സാമൂഹ്യവുമായ സമത്വം മാത്രമല്ല, ലിംഗപരമായ സമത്വവും അതിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് സ്ത്രീവിമോചനപ്പോരാട്ടവും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഭാഗമാകണം എന്നു പറയുന്നത്..? ലെനിൻ ഒരിക്കൽ പറഞ്ഞ ഒരു വാചകമുണ്ട്.. ''ഓരോ കമ്മ്യൂണിസ്റ്റിന്റെയും തൊലിക്കടിയിൽ ഒരു സംസ്കാരശൂന്യനുണ്ട്.'' തൊഴിലാളിവർഗത്തിൽ പോലും സ്ത്രീപുരുഷഭിന്നതകൾ കണ്ടുവരുന്ന അനാരോഗ്യകരമായ പ്രവണതയെ മുൻനിർത്തിയാണ് ലെനിൻ ഇത് പറഞ്ഞത്. പുരുഷനായ തൊഴിലാളി അവന്റെ ഭാര്യയോടോ മകളോടോ സഹോദരിയോടോ മറ്റ് സ്ത്രീകളോ കാട്ടുന്ന ലിംഗപരമായ ആധിപത്യസ്വഭാവം സംസ്കാരശൂന്യത തന്നെയാണ്.

                                ഏതൊരു സ്ത്രീയും ഒരു തൊഴിലാളി കൂടിയാണ്. ഗൃഹത്തിലും ഫാക്ടറിയിലും അവൾ പണിയെടുക്കുന്നു. ഭർത്താവിനു വേണ്ടിയും മക്കൾക്കു വേണ്ടിയും അവൾ ചോര നീരാക്കുന്നു. ഇങ്ങനെ ഇരട്ടിഅധ്വാനഭാരം പേറുന്ന ഒരു സ്ത്രീക്കു നേരെ കണ്ണടയ്ക്കാൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന് കഴിയില്ലെന്ന് ലെനിൻ പറഞ്ഞു. സ്ത്രീകളുടെ അടിമത്തം എന്നത് ലിംഗപരമായ വിഷയം മാത്രമല്ല.. അതിന് സാമൂഹ്യവും സാമ്പത്തികവുമായ മാനങ്ങളുണ്ട്. വിവാഹം, ഗാർഹികാധ്വാനം, പ്രസവം തുടങ്ങിയവ സ്ത്രീകളുടെ കടമകളായി മാറുന്നു. അങ്ങനെയുള്ള സ്ത്രീകൾ 'അടക്കവും ഒതുക്കവും' ഉള്ളവരായും മറിച്ച് യാതൊരു ബന്ധനങ്ങളുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കുന്നവൾ തന്റേടിയുമാകുന്നു. തന്റേതായ ഇടം കണ്ടെത്തുന്നവരാണല്ലോ 'തന്റേടക്കാർ'.. എന്നാൽ അത്തരം സ്വാതന്ത്യ്രം അനുഭവിക്കാൻ എത്ര സ്ത്രീകൾക്ക് കഴിയുന്നുണ്ട്..?

                                മുതലാളിത്തം പോലും സ്ത്രീയെ വസ്തുവത്ക്കരിക്കുകയാണ് ചെയ്യുന്നത്. സിനിമയിലും പരസ്യങ്ങളിലും  സ്ത്രീകൾ ലൈംഗികോപകരണങ്ങൾ മാത്രമാണ്.. നായകന്റെ വീരത്വം പ്രേക്ഷകനിലെത്തിക്കാനുള്ള ഉപാധിയായി പെണ്ണ് മാറുന്നു. സ്ത്രീകേന്ദ്രീകൃതമായ , സ്ത്രീയുടെ താത്പര്യങ്ങൾക്കും വികാരങ്ങൾക്കും അവളുടെ ഐഡന്റിറ്റിക്കും പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ ചുരുക്കം.. ചിലതിൽ അവൾ പ്രേക്ഷകരെ ആകർഷിക്കാനുള്ള ലൈംഗികോപാധി മാത്രവും. പരസ്യങ്ങളിൽ പോലും അഴകും ആകർഷകത്വവുമുള്ള സ്ത്രീകൾ ഉത്പന്നങ്ങളുടെ പശ്ചാത്തലത്തിലെത്തുന്നു. സ്ത്രീയെ മുതലാളിത്തം ചരക്കുവത്കരിക്കുന്നതിന് സിനിമയും പരസ്യവും മാത്രമല്ല, പെൺവാണിഭം പോലുള്ള മാഫിയപ്രവർത്തനങ്ങളും ഉദാഹരണം. സ്ത്രീയുടെ ലൈംഗികത വിറ്റ് കാശാക്കുന്ന മുതലാളിമാർ തടിച്ചുകൊഴുക്കുന്നു. പിഞ്ചുബാലികമാർ പോലും പണമുള്ളവന്റെ കിടപ്പറയിലെത്തിച്ചേരുന്നു. ദാരിദ്യ്രവും തൊഴിലില്ലായ്മയും പട്ടിണിയും ഒക്കെ കൊടികുത്തിവാഴുന്ന പുഴുക്കുത്തേറ്റ ചൂഷണത്മകവ്യവസ്ഥിതിയിൽ ഇൗ ജോലി മാത്രമേ തനിക്ക് പോംവഴിയായി മുന്നിലുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഒരു സ്ത്രീ ഗതികേടുകൊണ്ട് സ്വന്തം മാനം വിൽക്കാൻ തയ്യാറാകുന്നതിനെ ആർക്ക് കുറ്റം പറയാനാവും.. അവൾ പെൺവാണിഭമാഫിയകളുടെ ചൂഷണത്തിന് നിന്നു കൊടുത്താലും അത്ഭുതമില്ല. ഇതാണ് ഇന്നത്തെ ലോകയാഥാർത്ഥ്യം..

                                സ്ത്രീസുരക്ഷ എന്ന പദം പോലും തെറ്റാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കിയ സമൂഹമല്ല, സ്ത്രീസുരക്ഷ ആവശ്യമില്ലാത്ത പരിഷ്കൃത സമൂഹമാണ് നമുക്കാവശ്യം. (പുരുഷസുരക്ഷ എന്നാരും പറയാറില്ലല്ലോ..). സ്വാതന്ത്യ്രത്തിന് വിലക്കിടുന്ന സദാചാരങ്ങളും പുരുഷാധിപത്യമനോഭാവവും ഇല്ലാതാകണം. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗത്തിൽ പോലും ഈ സ്ത്രീവിവേചനം നിലനിൽക്കുന്നുണ്ട്. പകൽ മുഴുവൻ പണിയെടുത്ത് തളർന്നു വരുന്നവനും പണിയില്ലാതെ മനസുമടുത്ത് വീട്ടിലെത്തുന്നവനും തന്റെ ദേഷ്യവും സങ്കടവും തീർക്കുക അവന്റെ ഭാര്യയോടായിരിക്കും. സ്ത്രീപുരുഷസമത്വം എന്ന മൂല്യം തൊഴിലാളിവർഗത്തിന്റെ സോഷ്യലിസ്റ്റ് ചിന്തകളുടെ ഭാഗമായാൽ , സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ലാതെ ഒരുമിച്ച് ചൂഷണവിരുദ്ധ- തൊഴിലാളീപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയാൽ അത് തൊഴിലാളിവർഗചൂഷണത്തിനു മാത്രമല്ല അറുതി വരുത്തുക.. സമൂഹത്തിലെ സ്ത്രീവിരുദ്ധചിന്തകൾക്ക് കൂടിയാവും.. എന്താണ് സ്ത്രീവിമോചനത്തിനുള്ള സോഷ്യലിസ്റ്റ് മാർഗങ്ങൾ..? അത്തരം കാര്യങ്ങൾ അവസാനത്തെ  ലേഖനത്തിൽ..
           
**********************************************************************
                                സ്ത്രീവിമോചനപ്പോരാട്ടം സോഷ്യലിസ്റ്‌റ് പ്രസ്ഥാനങ്ങളുടെ ഭാഗമാകേണ്ടതാണ്. സ്ത്രീപുരുഷസമത്വം
യാഥാർത്ഥ്യമാകേണ്ടത് തൊഴിലാളിവർഗപ്പോരാട്ടങ്ങളിലൂടെ തന്നെയാണ്. മുതലാളിത്തചൂഷണത്തിനും കുത്തഴിഞ്ഞ സാമൂഹ്യവ്യവസ്ഥിതിയ്ക്കുമെതിരെ ഒരേ ദിശയിൽ ഒരേ മനസോടെ നീങ്ങുന്ന തൊഴിലാളിവർഗത്തിൽ ഈ ലിംഗസമത്വബോധവും ഉണ്ടാകണം. സ്ത്രീകളുടെ അർപണബോധത്തിനും സമരരംഗത്തെ അവരുടെ ധീരതയ്ക്കും വിപ്ലവവീര്യത്തിനും മാർക്സ് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

                                ട്രേഡ് യൂണിയനുകളിലും വിപ്ലവപ്രസ്ഥാനങ്ങളിലും തുല്യഅവകാശ ബോധത്തോടെയും പ്രതിബദ്ധതയോടെയും സ്ത്രീകളും ശക്തമായ സ്വാധീനം ചെലുത്തണം. യാതൊരു വിധ വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാത്ത സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റം തൊഴിലാളിവർഗത്തിൽ തന്നെയുള്ള പുരുഷാധിപത്യപ്രവണതകളെ ഇല്ലാതാക്കുന്നതും കൂടിയാവണം.

                                  സ്ത്രീകളും വ്യവസായശാലകളിലും മറ്റും തൊഴിലാളികളാകുന്നതിനെ മാർക്സിസം പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും സമൂഹത്തിലെ ഉത്പാദനപ്രക്രിയകളിൽ ഒരു പോലെ പങ്കാളികളാകണം. ഇത് അവർ തമ്മിലെ വേർതിരിവ് ഇല്ലാതാക്കുകയും ഇരുവിഭാഗങ്ങളിലും ഒരേ മനസ്ഥിതി സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം മുന്നേറ്റങ്ങൾ സ്ത്രീകളെ ഒരു സാമൂഹ്യജീവി എന്ന നിലയിൽ പുരുഷനോടൊപ്പം ഉയർത്തിക്കൊണ്ടുവരാൻ കഴിയും. ഭരണരംഗത്തും സ്ത്രീപ്രാതിനിധ്യം വർധിക്കണം. തൊഴിലാളിവർഗത്തെ വർഗബോധത്തിലേക്കും സോഷ്യലിസ്റ്റ് ആശയങ്ങളിലേക്കും നയിക്കുന്ന പ്രവർത്തനത്തിൽ ലിംഗസമത്വത്തെ കുറിച്ചുള്ള ബോധവൽക്കരണവും പ്രധാനമാണ്.

                                കമ്മ്യൂണിസം എന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ആത്യന്തികമായ വിമോചനം തന്നെയാണ്. നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ ഇല്ലാതാകണം. സദാചാരബന്ധനങ്ങൾ ഇല്ലാതാകണം. വിവാഹം എന്നത് പെണ്ണിനെ പുരുഷൻ സ്വകാര്യസ്വത്താക്കുന്ന ഏർപാടാവരുത്‌. ഭാര്യ- ഭർത്താവ്, രക്ഷിതാവ് -സന്താനങ്ങൾ തുടങ്ങിയ ബന്ധങ്ങൾ ഊഷ്മളമാകണം. കരാറുകളോ, ആചാരങ്ങളോ  ,സ്വത്തോ ,പണമോ, താലിമാല പോലുള്ള ബിംബങ്ങളോ ആവരുത് ഇത്തരം സ്നേഹബന്ധങ്ങളുടെ അടിസ്ഥാനം..
മറിച്ച് നിസ്വാർത്ഥമായ സ്നേഹം മാത്രമാകണം.

                                സ്ത്രീ  എന്നാൽ പുരുഷനുപിന്നിൽ മുഖം മറച്ച് അച്ചടക്കത്തോടെ നിൽക്കേണ്ടവളാണെന്നും ഭാര്യയെന്നാൽ പുരുഷനാൽ ഭരിക്കപ്പെടേണ്ടവളാണെന്നും അവൾ കിടപ്പറയിലെ ഉപകരണവും സമൂഹത്തിലെ രണ്ടാംകിടക്കാരും അശക്തരും ആണെന്നും ഒക്കെയുള്ള അധമചിന്തകളുടെ ഒരു കണികയെങ്കിലും വെച്ചുപുലർത്താൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ല. അത്തരം വലതുപക്ഷചിന്തകൾ കൊണ്ടുനടക്കുന്നയാൾ ഒരു കമ്മ്യൂണിസ്റ്റുമല്ല.. തീർച്ച..
   

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...