Wednesday, November 9, 2022




ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും 

 നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വിവരങ്ങൾ ലഭിക്കുന്നതിന് സെർച്ച് ചെയ്യാറുണ്ടല്ലോ. തുടർച്ചയായി സെർച്ച് എൻജിനുകളിൽ നാം ചില പ്രത്യേകവിഷയങ്ങളിൽ engaged ആകുമ്പോൾ, ഇന്റർനെറ്റ് സ്വയമേവ അത് സംബന്ധിയായ കാര്യങ്ങൾ നമ്മിലെത്തിച്ചുതുടങ്ങും. നാം ആവശ്യപ്പെടാതെ തന്നെ യൂട്യൂബിലും ഫേസ്ബുക്കിലും മറ്റ് സോഷ്യൽമീഡിയകളിലും അതാത് recommendations വരുന്നത് സാധാരണമാണ്. ഇത് വാണിജ്യപരസ്യങ്ങളോ മറ്റ് വിവരങ്ങളോ ആവാം. ഉദാഹരണത്തിന് BJPയെക്കുറിച്ച് ഏതെങ്കിലും പേജോ പോസ്റ്റോ നമ്മൾ ലൈക്ക്/ കമന്റ് അല്ലെങ്കിൽ ഷെയർ ചെയ്യുമ്പോൾ, അല്ലെങ്കിൽ അത്തരം ഇടങ്ങളിൽ നമ്മൾ സജീവമാകുമ്പോൾ, നാം പിന്നീട് ഫേസ്ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും കാണുന്നത് ഭൂരിഭാഗവും BJP അനുകൂലമായ വിവരങ്ങളാവും. ഇന്റർനെറ്റ് ജീവവായുവിന്റെ പ്രാധാന്യം നേടുന്ന ഇക്കാലത്ത്, നാം കൊടുക്കുന്ന ഓരോ ലൈക്കുകളും സെർച്ച് ചെയ്യുന്ന keywords പോലും media analystകളെ സംബന്ധിച്ചിടത്തോളം Data ആണ്.

ഒരാൾ ഇത്തരത്തിൽ ഇന്റർനെറ്റിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും സങ്കലനഫലമായി ലഭിക്കുന്ന ഒരു big data ശേഖരിച്ച് , analyse ചെയ്യുന്നതിലൂടെ അയാളുടെ ഒരു ഏകദേശചിത്രം നമുക്ക് ലഭിക്കും. അയാളുടെ ഉപഭോഗതാത്പര്യങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയതാത്പര്യങ്ങൾ, പക്ഷപാതിത്വം, കാഴ്ചപ്പാടുകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. ഒരു ദേശത്തെ മുഴുവൻ ആളുകളിലും ഇത്തരം സങ്കീർണമായ വിശകലനപ്രക്രിയ നടത്തുകവഴി ആളുകളുടെ മനഃശാസ്ത്രവും വ്യക്തിസവിശേഷതകളും സംബന്ധിച്ച പാറ്റേണുകൾ രൂപപ്പെടുത്താൻ ഇത്തരം അൽഗരിതങ്ങൾക്ക് കഴിയും. ഈ വിവരങ്ങൾ മൂലധനശക്തികൾക്കും അധികാരകേന്ദ്രങ്ങൾക്കും വലിയ തോതിൽ ഗുണംചെയ്യും. ഉത്പന്നങ്ങളുടെ മാർക്കറ്റിംങ്, രാഷ്ട്രീയക്യാംപയിനിങുകൾ, മറ്റ് പ്രസ്ഥാനങ്ങളുടെയും ബിസിനസുകാരുടെയും ആശയപ്രചരണതന്ത്രങ്ങൾ etc.
ഇത്രയും പറയാൻ കാരണം AI (Artificial Intelligence) അഥവാ നിർമിതബുദ്ധി വ്യക്തിജീവിതത്തെയും സമൂഹത്തിന്റെ നാനാതുറകളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ്. നിർമിതബുദ്ധി (AI) എന്ന് കേൾക്കുമ്പോൾ മനുഷ്യനെ പോലെ നടക്കാനും ജോലിചെയ്യാനും ചിന്തിക്കാനുമൊക്കെ കഴിയുന്ന റോബോട്ടുകൾ എന്ന ധാരണ മാത്രമാകാൻ പാടില്ല. വരുംകാല സാങ്കേതികവിപ്ലവത്തിൽ ഹ്യുമനോയ്ഡ് റോബോട്ടുകൾ ഒരു ഭാഗം മാത്രമാണ്. AI ക്ക് മറ്റ് ധാരാളം മാനങ്ങളുണ്ട്.
ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം 2 ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്.
1) മനുഷ്യരാശിയുടെ മുന്നോട്ടുപോക്കിന് ഊർജം പകരുന്ന ഭാവികാലസാങ്കേതികവിദ്യകൾ (future tech) ഉത്പാദനത്തിലും economyയിലും വരുത്തുന്ന മാറ്റങ്ങളെന്തെല്ലാം..?
2) മറ്റേതൊരു ചരിത്രഘട്ടത്തിൽ നിന്നും വ്യത്യസ്തമായി AI യുടെ പ്രവചനാതീതമായ ഭാവിയിൽ, മുതലാളിത്തഉത്പാദനക്രമത്തിന്റെ സ്വഭാവങ്ങളെന്തെല്ലാം, മാർക്സിസം പോലുള്ള വിപ്ലവശാസ്ത്രങ്ങൾ അവിടെ പ്രസക്തമാകുമോ?
രണ്ടാമത്തെ ചോദ്യത്തിനുത്തരം അടുത്ത പോസ്റ്റിൽ വ്യക്തമാക്കാം. ഒന്നാമത്തെ ചോദ്യം നോക്കാം.
Future techonology യെ കുറിച്ചുള്ള ചർച്ചകൾ ഒരിക്കലും AI യിലും റോബോട്ടിലും മാത്രമൊതുങ്ങി നിൽക്കില്ല. മെഷീൻ ലേണിങ്, നാനോബോട്ടുകൾ, ഹൈപ്പർ ലൂപ് ഗതാഗതം, ബഹിരാകാശ ടൂറിസം, Block chain tech, ജനറ്റിക്സ്, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിങ്ങനെ മനുഷ്യകുലത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തമായ സാങ്കേതികവിപ്ലവങ്ങൾ നിരവധിയാണ്. എങ്കിലും ഉത്പാദനോപാധികളുടെ ദ്രുതവികാസത്തിന് ആധാരശിലയാകുന്നത് AI തന്നെയാവും. 1950കളിലാണ് കൃത്രിമബുദ്ധി -AI എന്ന പ്രയോഗം ഉടലെടുക്കുന്നത്. സയൻസ് ഫിക്ഷനുകളിലും സിനിമയിലും ഒതുങ്ങിനിന്ന ഈ ആശയം ഇന്നൊരു യാഥാർത്ഥ്യമാണ് എന്നതാണ് സത്യം. ഇനിയും മുന്നോട്ടുപോകാനുണ്ട് താനും.
15ാം നൂറ്റാണ്ടിലെ വ്യവസായവിപ്ലവത്തിൽ നിന്നും പിന്നീടുള്ള ശാസ്ത്രവളർച്ചയിൽ നിന്നും വ്യത്യസ്തമാണത്.
കാണാനും കേൾക്കാനും ലളിതമായ അധ്വാനങ്ങൾക്കും മനുഷ്യൻ നേരത്തെ തയ്യാറാക്കിയ അൽഗരിതങ്ങളെ (instructions) അതുപോലെ അനുസരിക്കുക എന്നതായിരുന്നു നാളിതുവരെ യന്ത്രങ്ങളുടെ ചുമതല. മനുഷ്യനേക്കാൾ പതിന്മടങ്ങ് കാര്യക്ഷമതയും processing speedഉം ഉണ്ടെങ്കിലും സ്വന്തമായി 'ബുദ്ധി' എന്നൊന്ന് യന്ത്രങ്ങൾക്കില്ല. മനുഷ്യനെപോലെ തീരുമാനങ്ങൾ സ്വയമെടുക്കാനും പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും ആശയങ്ങൾ സ്വയം പ്രകടിപ്പിക്കാനും ഉള്ള ശേഷി കമ്പ്യൂട്ടറുകൾക്ക് അന്യമാണ്. ഈ ബുദ്ധി അവയ്ക്ക് പ്രാപ്യമാവുകയും തൊഴിലുകൾ automated ആവുകയും ചെയ്യുന്നിടത്താണ് AI യുടെ പ്രാധാന്യം. ഉദാ: Facial/speech recognition, language translation, surveilence, self driving..
Deepmind എന്ന് കേട്ടിട്ടുണ്ടോ..? AI യെ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ഗവേഷണസ്ഥാപനമാണത്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ക്ലേശകരവും സങ്കീർണവുമായ വീഡിയോഗെയിമുകൾ മനുഷ്യനേക്കാൾ നന്നായി നിമിഷങ്ങൾ കൊണ്ട് കളിച്ച് ജയിക്കാൻ സാധിക്കുന്ന ന്യൂറോനെറ്റ്‌വർക്കുകളും ന്യൂറോ ട്യൂറിങ് മെഷീനുകളും അവർ വികസിപ്പിച്ചിട്ടുണ്ട്. Space X ,Tesla ഉടമ എലൺ മസ്കിന്റെ AI based firm ആണ് Open AI. ഇന്ന് ഗവേഷകർ AI യെ വിശേഷിപ്പിക്കുന്നത് new electricity എന്നാണ്.
അതിസങ്കീർണമായ, തൊഴിൽനിപുണി ആവശ്യപ്പെടുന്ന ജോലികൾ മെഷീന് നിർവഹിക്കാനാവുമോ..? ഏതൊരു സങ്കീർണമായ ജോലിയും അനേകം ലളിതമായ പ്രവൃത്തികൾ കൂടിച്ചേർന്നുണ്ടായതാണെന്ന് ഓർക്കുക. ഈ ലളിതമായ ലഘുപ്രവൃത്തികൾ സമയബന്ധിതമായി, സമാന്തരമായി നിർവഹിക്കാൻ ഒരു മെഷീന് കഴിയുമ്പോൾ സങ്കീർണമായ ജോലികളും പൂർത്തിയാവുന്നു. ബുദ്ധി എന്നതും 'artificial' ആകുന്നു. മെഷീൻ ലേണിങ് പോലുള്ള വിഷയങ്ങൾ ഇന്ന് വാനോളം ഭാവിസാധ്യത കൽപിക്കപ്പെടുന്ന പഠനകോഴ്സുകളായി മാറിക്കഴിഞ്ഞു.
Big data analysis, വർധിതമായ computing ശേഷി, deeplearning തുടങ്ങിയ സങ്കേതങ്ങളിലൂടെ Real world functions സ്വയം പഠിക്കാനും അപഗ്രഥനം നടത്താനും, solutions കണ്ടെത്താനും AI അൽഗരിതങ്ങൾക്ക് കഴിയും.
ഇന്ന് Google translatorൽ രണ്ട് ഭാഷകൾ പരസ്പരം തർജമ ചെയ്യുന്നത് നിമിഷങ്ങൾ കൊണ്ടാണ്. ഇത് സാധ്യമാകണമെങ്കിൽ ഭാഷകളെക്കുറിച്ചും വ്യാകാരണവും vocabularyയും സംബന്ധിച്ചും എത്രഭീമമായ അളവിൽ മുന്നറിവും പ്രോഗ്രാമുകളും ആവശ്യമായിട്ടുണ്ടാവും. സമീപകാലത്ത് ജിയോഫ്രീ ഹിന്റൺ, യോഷുവ ബാങ്കിയോ തുടങ്ങിയ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പലതും ഒരു ചുവടുവെപ്പായിരുന്നു (eg -back propagation algorithm ,neural network architecture). AI ഉപയോഗിച്ചുള്ള data analysis സാധ്യതകളും അനന്തമാണ്. മൂലധനനിക്ഷേപകർക്കും രാഷ്ടീയപ്രസ്ഥാനങ്ങൾക്കും ഒക്കെ ഇത് പ്രയോജനം ചെയ്യും. Data is the new oil എന്നതാണ് പുതിയ ചൊല്ല്. കൂടുതൽ അറിവുകൾ നിങ്ങൾ സ്വയം അന്വേഷിച്ചറിയൂ..
പ്രസിദ്ധ ആഗോളകൺസൾട്ടിങ് കമ്പനിയായ Accenture ന്റെ റിപ്പോർട്ട് പ്രകാരം, നിർമിതബുദ്ധിയുടെ വരവ് 2035ഓടെ ആഗോള GDPയിൽ 14 trillion ഡോളറിന്റെ റെക്കോഡ് വർധന സൃഷ്ടിക്കും.
നിർമിതബുദ്ധിക്കെതിരെയുള്ള വിമർശനങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. ആദ്യത്തേത് AI ഗവേഷണസ്ഥാപനങ്ങൾ സ്വന്തമായുള്ള എലൺ മസ്കും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും നടത്തുന്നതരം ആശങ്കകളാണ്. ബുദ്ധി കൂടിയ യന്ത്രങ്ങൾ ഭാവിയിൽ മനുഷ്യന്റെ മേധാവിത്തത്തിന് ഭീഷണിയാവുമെന്നും മനുഷ്യരാശിയെ തന്നെ നാമാവശേഷമാക്കുമെന്നും മസ്ക് അഭിപ്രായപ്പെടുന്നു. അതിനാൽ AI ഗവേഷണങ്ങൾക്കുമേൽ ഒരു നിയന്ത്രണഅതോറിറ്റി അദ്ദേഹം നിർദ്ദേശിക്കുന്നു. സയൻസ് ഫിക്ഷനിലൊക്കെ യാഥാർത്ഥ്യമാകുന്ന ഇത്തരം ആശങ്കകൾ കഴമ്പുള്ളതാണ്. എന്നാൽ ഇതിനപ്പുറം AI ഉൾപെടെയുള്ള നൂതനസാങ്കേതികതകൾ വരുത്തുന്ന ചില മൂർത്തമായ പ്രതിസന്ധികളെ കുറിച്ച് പോസ്റ്റ് മോഡേൺ ബൂർഷ്വാസി വ്യാകുലപ്പെടാറില്ല. അത്തരം പ്രശ്നങ്ങളും വൈരുധ്യങ്ങളുമാണ് ഇടതുപക്ഷം -വിശേഷിച്ചും മാർക്സിസ്റ്റുകാർ ചർച്ച ചെയ്യേണ്ടത്.
എങ്ങനെയാണ് മാർക്സിസ്റ്റ് വിചാരവേദികളിൽ AI ഉൾപെടെയുള്ള സാങ്കേതികവിപ്ലവങ്ങൾ പരിഗണന നേടുന്നത്..?

ഉത്പാദനോപാധികളുടെയും ശാസ്ത്രസാങ്കേതികവിദ്യകളുടെയും വികാസമാണ് മനുഷ്യചരിത്രത്തെ മുന്നോട്ടുനയിച്ചത്. ശിലയാൽ കൂർപ്പിച്ച ആയുധങ്ങളും തീയും ചക്രങ്ങളും കാർഷികവൃത്തിയും മുതൽ ഇന്ന് നിർമ്മിതബുദ്ധി വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. വിജ്ഞാനത്തിന്റെ വിഭജനവും അന്വേഷണങ്ങളും കണ്ടുപിടുത്തങ്ങളും തുടർചോദ്യങ്ങളും സിദ്ധാന്തങ്ങൾക്കുള്ള പരക്കംപാച്ചിലുമൊക്കെ ഇന്നും തുടരുന്നു. 15ാം നൂറ്റാണ്ടിൽ യൂറോപ്പിൽ വ്യാപകമായ സാങ്കേതികവികാസമാണ് വ്യവസായവിപ്ലവത്തിന് വഴിമരുന്നിട്ടത്. ഫാക്ടറികൾ വ്യാപകമായി യന്ത്രവത്കൃതമായി. ഉത്പാദനം വർധിച്ചു, ജീവിതനിലവാരം ഉയർന്നു. ലോകത്തിന്റെ നാനാമേഖലകളിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. യന്ത്രവത്കരണം, ഉത്പാദനോപാധികളുടെ പരിഷ്കരണം, നൂതനസാങ്കേതികവളർച്ച, കൃത്രിമബുദ്ധി (AI )പോലുള്ള ഭാവിമുന്നേറ്റങ്ങൾ തുടങ്ങിയവ ഒരു മാർക്സിസ്റ്റ് വിദ്യാർത്ഥി എങ്ങനെ പഠനവിഷയമാക്കണം എന്ന് നമുക്ക് നോക്കാം.
കൃത്രിമബുദ്ധി (AI)യെക്കുറിച്ചുള്ള മുൻലേഖനം വായിക്കുമല്ലോ. ഏതാനും ദശകങ്ങളോടെ Automation നമ്മുടെ ഉത്പാദന- ഉത്പാദനേതര സാമ്പത്തികപ്രവർത്തനങ്ങളിലും പടർന്ന് പിടിക്കുമെന്നുറപ്പാണ്. 2013ലെ ഒരു പഠനം കാണിക്കുന്നത് Automationന്റെ ആഗമനം അമേരിക്കയിൽ നിലവിലുള്ളതിന്റെ പകുതിയോളം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നാണ്. യന്ത്രവത്കരണം തൊഴിലാളികളെ തൊഴിലിടത്തിൽ നിന്ന് പുറന്തള്ളുമെന്ന ഭീതി പുതിയ കാര്യമല്ല. 19ാം നൂറ്റാണ്ടിൽ വ്യവസായവത്കരണകാലത്ത് ഇംഗ്ലണ്ടിൽ തൊഴിൽശാലകൾ യന്ത്രങ്ങൾ കീഴടക്കിയതോടെ ലൂഡിറ്റിലെ തൊഴിലാളികൾ പ്രതിസന്ധി മൂലം കലാപമുണ്ടാക്കുകയും ഫാക്ടറികൾ തകർക്കുകയും ചെയ്തു. പക്ഷേ സാങ്കേതികപുരോഗതികൾ പിന്നെയും തുടർന്നു. ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ പഴി കേൾക്കാറുള്ള പഴയ കമ്പ്യൂട്ടർ സമരം (അത് വാസ്തവത്തിൽ കോൺഗ്രസ് -ബിജെപിയുടെ ട്രേഡ് യൂണിയനുകൾ കൂടി അണിചേർന്നിരുന്ന സമരമായിരുന്നെങ്കിലും) ഇതിന്റെ മറ്റൊരു ഉദാഹരണമാണ്.
അന്നത്തെ കാലത്ത് തൊഴിൽ നഷ്ടം എന്ന തൊഴിലാളിയുടെ ഭീതി ന്യായവുമായിരുന്നു.
യന്ത്രവത്കരണം ഒരേസമയം തൊഴിലാളിക്ക് ഗുണവും ദോഷവുമാണ്. അതിനാൽ യന്ത്രവത്കരണത്തെ കണ്ണടച്ച് എതിർക്കണമെന്ന വരട്ടുവാദം മാർക്സിസ്റ്റുകൾക്കില്ല താനും. പ്രശ്നം യന്ത്രവത്കരണമല്ല, മറ്റുചിലതാണ്. എന്താണ് യന്ത്രവത്കരണം ഉത്പാദനക്രമത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ..? നോക്കാം.
1) ലഘൂകരിക്കപ്പെട്ട മനുഷ്യാധ്വാനം. കുറഞ്ഞ അധ്വാനഭാരം.
2) കായികവും ബൗദ്ധികവുമായ ഉയർന്ന പ്രവർത്തനവേഗത, കാര്യക്ഷമത.
3) വലിയതോതിൽ നൈപുണ്യം (skill) ആവശ്യപ്പെടുന്ന തൊഴിലുകൾ പോലും യന്ത്രങ്ങൾ/ അൽഗരിതങ്ങൾ നിർവഹിക്കുന്നു. ഒരു മാനേജരുടെയും ഖനിത്തൊഴിലാളിയുടെയും ജോലിഭാരങ്ങളും തൊഴിൽസ്വഭാവവും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. എന്നാൽ സാങ്കേതികവിപ്ലവങ്ങളുടെ ഫലമെന്നോണം ഈ രണ്ടുപേരുടെയും അധ്വാനം സുഗമമാകും. അവ തമ്മിലെ അന്തരങ്ങൾ കുറഞ്ഞുവരും. ദുഷ്കരമായ അധ്വാനങ്ങൾ പൂർണമായും യന്ത്രവത്കരിക്കപ്പെടും.
4) വർധിച്ച ഉത്പാദനക്ഷമത. അതായത് ഒരു തൊഴിലാളി ഒരു ദിവസം നിർമ്മിക്കുന്ന യൂണിറ്റ് ചരക്കുകളേക്കാൾ അനേകം മടങ്ങ് ഉത്പാദനം ഒരു യന്ത്രത്തിന് നിർവഹിക്കാനാവും. യൂണിറ്റ് സമയത്തെ മൂല്യോത്പാദനം (Productivity) വർധിക്കും.
5) കൂടുതൽ specialized ആകുന്ന തൊഴിൽസ്വഭാവം. ഒരു തൊഴിലാളി തന്നെ ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭാഗമാകുകയല്ല, മറിച്ച് ഓരോ തൊഴിലാളിയും ഓരോ പ്രത്യേകഘട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ടാവും. അസംബ്ലി ലൈനിലെ ഒരു ടൂൾ മാത്രമായി തൊഴിലാളി മാറും. ഒരു തൊഴിൽ തന്നെ പല ഘട്ടങ്ങളായി വിഭജിക്കപ്പെടുകയും ഒാരോ ഘട്ടങ്ങളിലും ഓരോ തൊഴിലാളികൾ അധ്വാനം നിർവഹിച്ച് അതിൽ നൈപുണ്യം നേടുകയും ചെയ്യും. ഇതിൽ ചില ഘട്ടങ്ങൾ യന്ത്രവത്കരിക്കപ്പെടുകയും മറ്റു ചിലത് മനുഷ്യർ തന്നെ നിർവഹിക്കുകയും ചെയ്യും. ഒരു taskൽ ഏർപ്പെടുന്ന തൊഴിലാളി അയാളുടെ ജോലിയിൽ മാത്രം ശ്രദ്ധിക്കും. ഇത് തൊഴിൽ കൂടുതൽ ആവർത്തനവിരസമാകാനും തൊഴിലാളിയിൽ മാനസികമായ മടുപ്പും സ്വന്തം അസ്തിത്വത്തിൽ നിന്നുള്ള അന്യവത്കരണവും സൃഷ്ടിക്കാനുമിടയാക്കും. തൊഴിലാളിയും യന്ത്രസമാനമായി ചലിക്കാൻ തുടങ്ങും. തൊഴിലും തൊഴിലാളിയും കൂടുതൽ specialized ആകും.
6) ഏറ്റവും പ്രധാനമായ സവിശേഷത ഇനി പറയുന്നതാണ്. അത് തൊഴിലിടത്തിൽ നിന്നും തൊഴിൽസേനയുടെ /അധ്വാനത്തിന്റെ അന്യവത്കരണമാണ്. തൊഴിലാളികളെ ആവശ്യമില്ലാത്ത ഒരു ഉത്പാദനക്രമം എന്നത് ഭാവിയുടെ സവിശേഷതയാവും. കാരണമുണ്ട്. ഓരോ ഓരോ ഉത്പാദനവും , ഓരോ തൊഴിലും അനേകം ഘട്ടങ്ങൾ/ taskകൾ ചേർന്നതാണ്. ഇവയിൽ മനുഷ്യരെ മാറ്റി പകരം യന്ത്രസംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ തൊഴിൽനഷ്ടം ഉണ്ടാവും. എന്നാൽ പുതിയ സാങ്കേതികവിദ്യകളും വൈജ്ഞാനികമേഖലകളും ബദലായി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പക്ഷേ ഈ പുതിയ തൊഴിലവസരങ്ങളും ദീർഘകാലത്തിൽ Automationന് വിധേയമാകുന്നതോടെ വ്യവസ്ഥിതി കുരുക്കിലാവും.
eg:- നാട്ടിൽ Self driving automobiles സർവസാധാരണമായാൽ ബസ് /ടാക്സി/ ഓട്ടോ ഡ്രൈവർമാരൊക്കെ പണിയില്ലാതെ പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്. അതേസമയം ഇത്തരം പുതിയ സങ്കേതങ്ങൾ സമൂഹജീവിതത്തെ കൂടുതൽ പരിഷ്കരിക്കുകയും വാഹനങ്ങളുടെ നിർമാണം, സർവീസിങ്, മെയിന്റനൻസ് തുടങ്ങിയ മേഖലകളിലായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
പക്ഷേ ഇത്തരം പുതിയ തൊഴിലവസരങ്ങളും യന്ത്രങ്ങളാൽ നിർവഹിക്കപ്പെടാമെന്നുവന്നാലോ..? ശാസ്ത്ര-സാങ്കേതികപരിഷ്കരണങ്ങൾ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുമെന്നും കൂടുതൽ സാധ്യതകൾ നൽകുമെന്നുമുള്ള വീക്ഷണമാണ് മാർക്സ് മുന്നോട്ടുവെച്ചത്. എന്നാൽ പ്രശ്നം സാങ്കേതികതയ്ക്കല്ല, അത് ഉപയോഗപ്പെടുത്തുന്ന ഉത്പാദനക്രമത്തിനാണ്. ഇവിടെയാണ് AI ആശങ്കകൾ സൃഷ്ടിക്കുന്നത്. നമുക്ക് ചില പോയിന്റുകൾ നോക്കാം.
1) 2004ൽ അമേരിക്കൻ മൂവി കമ്പനിയായ 'ബ്ലോക്ബസ്റ്റർ' 84000 തൊഴിലാളികളെ നിയമിച്ചുകൊണ്ട് 6 ബില്ല്യൻ ഡോളർ വരുമാനം നേടിയപ്പോൾ 2016ൽ Netflix 4500 പേരെ നിയമിച്ചുകൊണ്ട് നേടിയത് 9 ബില്ല്യൺ വാർഷികറവന്യു ആണ്. 1973മുതൽ അമേരിക്കയിൽ പുതിയ തൊഴിലവസരങ്ങളുടെ വർധനാനിരക്ക് മന്ദീഭവിക്കുകയാണ്. Data farming പോലുള്ള മേഖലകൾ പൂർണമായും നിർമിതബുദ്ധിയുടെ കീഴിലായതോടെ തൊഴിൽ നഷ്ടം വർധിച്ചു.
നമ്മുടെ എക്കോണമിയിലും റവന്യൂ , GDP വളർച്ചകളിൽ കാണുന്നത് പൊതുവേ JOBLESS Growth മാത്രമാണ്. സാമ്പത്തികവളർച്ച മുകളിലേക്കും തൊഴിൽവളർച്ച താഴേക്കും പോകുന്ന വിരോധാഭാസം!
ഹ്രസ്വകാലത്ത് ഇത്തരം സാങ്കേതികവിപ്ലവങ്ങൾ തൊഴിൽദായകമാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതല്ല സ്ഥിതി.
AIയുടെ മറ്റൊരു സവിശേഷത exponential growth എന്നതാണ്. ഒരു സാമ്പത്തികമേഖലയാകമാനം നടപ്പാക്കിയ യന്ത്രപരിഷ്കരണം മൂലം 1000 പേരുടെ തൊഴിൽ നഷ്ടമായെന്നിരിക്കട്ടെ. ഈ തൊഴിൽനഷ്ടം പരിഹരിക്കും വിധം പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ ഈ പുതിയ ടെക്നോളജിക്ക് സാധിക്കണമെന്നില്ല. സാധിച്ചാലും ഇത്തരം പുതിയ തൊഴിൽമേഖലകളും യന്ത്രവൽക്കരണത്തിന് വിധേയമാകും. ഒരു യന്ത്രം മറ്റൊരു യന്ത്രത്തെ നിർമിക്കുന്ന സാഹചര്യമുണ്ടായാൽ യന്ത്രങ്ങളുടെ എണ്ണത്തിലെ വർധന എന്നത് 1, 2, 4, 8 , 16 എന്നിങ്ങനെ exponential പാറ്റേണിൽ ആയിരിക്കുമെന്ന് നമുക്ക് സങ്കൽപിക്കാം. ഇവിടെ മനുഷ്യന്റെ തൊഴിലുകളിലുണ്ടാവുന്ന നഷ്ടം പൂർണമായും പരിഹരിക്കുകയെന്നതും അസാധ്യമാവും.
സാമ്പത്തികോത്പാദനം എന്നത് അനേകം തൊഴിൽഘട്ടങ്ങൾ ശ്രേണിയായി ബന്ധിക്കപ്പെട്ട ഒരു ശൃംഖലയാണ്. ഇതിലെ മനുഷ്യൻ സ്ഥാനം പിടിച്ച ഓരോ കണ്ണിയും കാലക്രമേണ കൂടുതൽ യന്ത്രങ്ങൾ കീഴടക്കുമ്പോൾ തൊഴിലുകൾ പ്രതിസന്ധിയിലാകുമെന്നും ഉറപ്പാണ്.
കമ്പ്യൂട്ടർ പലരുടെയും തൊഴിൽ നഷ്ടപ്പെടുത്തിയെങ്കിലും അത് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പുതിയൊരു തൊഴിലാളിവിഭാഗത്തെയും സൃഷ്ടിച്ചിരുന്നു. ഇതല്ല Automation സൃഷ്ടിക്കുന്ന സാങ്കേതിക വിസ്ഫോടനത്തിന്റെ സ്ഥിതി. മനുഷ്യൻ പ്രവർത്തിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടറുകൾ സ്വയം തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ, ഓരോ ഉത്പാദനയൂണിറ്റും ഇത്തരത്തിൽ മാറുമ്പോൾ ഉത്പാദനക്ഷമത കുത്തനെ ഉയരുകയും തൊഴിലില്ലായ്മ ഭീതിജനകമാംവിധം വർധിക്കുകയും ചെയ്യും. ഇതൊക്കെ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങൾ, കലാപാന്തരീക്ഷങ്ങൾ തുടങ്ങിയവ വേറെയും. അവശേഷിക്കുന്ന തൊഴിലാളികളുടെ മേലുള്ള മൂലധനചൂഷണവും ഉയരും.
ഇത്തരം പ്രതിഭാസങ്ങളുടെ ആകെത്തുകയെന്നത് ഒരുവശത്ത് വർധിതമായ ഉത്പാദനവും മറുവശത്ത് വരുമാനവും 'വാങ്ങൾശേഷിയും' ഇല്ലാത്ത ഭൂരിപക്ഷവും ആയിരിക്കും.
തൊഴിലാളികൾ ഇല്ലാതെയും ഉത്പാദനം നടന്നേക്കാം. എന്നാൽ വരുമാനമില്ലാത്ത ഭൂരിപക്ഷത്തിന്റെ ലോകത്ത് ആരാണ് ഈ ഉത്പന്നങ്ങൾ വാങ്ങുക, എങ്ങനെയാണ് ഡിമാന്റ് സൃഷ്ടിക്കപ്പെടുക എന്നൊരു ചോദ്യമുണ്ട്. ഈ വൈരുധ്യത്തിലാണ് മാർക്സിന്റെ മുതലാളിത്തവിമർശനചിന്ത ഊന്നൽ നൽകുന്നത്. മാന്ദ്യങ്ങൾ കൂടുതൽ രൂക്ഷമാകും. ഉത്പാദനശക്തികളുടെ വികാസം ഉത്പാദകബന്ധങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നില്ല എന്ന മാർക്സിയൻ ആശയം ഇവിടെ സർവകാലപ്രസക്തി നേടുന്നു. ആവിയന്ത്രത്തേക്കാൾ വലിയൊരു സാങ്കേതികവിപ്ലവത്തിന് ,നാലാം വ്യവസായവിപ്ലവത്തിന് നിർമിതബുദ്ധി തിരികൊളുത്തുമെന്ന് അഭിപ്രായങ്ങളുണ്ട്. അതുണ്ടാക്കുന്ന exponential സ്വഭാവത്തിലുള്ള തൊഴിൽനഷ്ടത്തെ കുറിച്ചും ചൈനീസ് എക്കണോമിസ്റ്റായ കെയ് ഫു ലിയെ പോലുള്ളവർ ആശങ്ക പങ്കുവെക്കുന്നു.
സ്റ്റോക്ക് അനലിസ്റ്റുകൾ, അക്കൗണ്ടന്റുകൾ, ഡ്രൈവർ, അസംബ്ലി ലൈൻ വർക്കേഴ്സ്, ഓപ്പറേറ്റർമാർ, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ അനേകം തൊഴിലുകൾ ഓർമകളായേക്കാം.. AI മേധാവിത്തം സ്വന്തമായുള്ള ഗൂഗിൾ, ഫേസ്ബുക്ക് പോലുള്ള മൂലധനഭീമന്മാരിലേക്ക് സമ്പത്തും വിപണിനിയന്ത്രണവും കേന്ദ്രീകരിച്ചേക്കും. ആസന്നഭാവി എന്തായാലും സുരക്ഷിതമല്ലെന്ന ഒരു അഭിപ്രായത്തിന് മുൻതൂക്കം ലഭിക്കുന്ന യാഥാർത്ഥ്യമാണ് നമ്മുടെ മുന്നിലുള്ളത്. ശാസ്ത്രമൊക്കെ ഇത്രയും പുരോഗമിച്ച കാലത്ത് മാർക്സിസത്തിന് എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവരോട്, മാർക്സിന് ഇപ്പോഴല്ലാതെ മറ്റെപ്പോഴാണ് പ്രസക്തിയുണ്ടായിരുന്നത് എന്ന് തിരിച്ചുചോദിക്കേണ്ടിവരും.

 

മുതലാളിത്തം ആധുനികതയെ പ്രതിഷ്ഠിച്ചത് എങ്ങനെ?

                            Modern എന്ന വാക്കിന്റെ അർത്ഥമെന്താണ്? മുൻതലമുറകളെ അപേക്ഷിച്ച് ചിന്തയിലും സംസ്കാരത്തിലും ജീവിതശൈലിയിലും ഒക്കെ പ്രകടിപ്പിക്കുന്ന 'പുതുമകളെ' മോഡേൺ എന്ന് വിളിക്കാം. 'ന്യൂജെൻ' എന്നൊക്കെ പറയുന്നത് പോലെ. വാസ്തവത്തിൽ മോഡേൺ എന്നത് എല്ലാകാലങ്ങളിലും ഉണ്ടായിരുന്നു. നമ്മുടെ മുതുമുത്തച്ഛന്മാരെല്ലാം അവരുടെ 'ആയ കാലത്ത്' മോഡേൺ തന്നെയായിരുന്നു. എന്നാൽ ഇതല്ല, Modernism (ആധുനികത) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. Modern, Modernism ഇവ രണ്ടും രണ്ടാണ്. 1890കൾക്കും 1960കൾക്കും ഇടയിൽ ലോകത്ത് വിവിധമേഖലകളിൽ പ്രകടമായ ഒരു പ്രത്യേക പ്രവണതയെയാണ് ആധുനികത, അഥവാ Modernism എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌. അതായത് 19ാം നൂറ്റാണ്ടിലെ അവസാനപാദത്തിൽ തുടങ്ങി 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് മോഡേണിസം പുരോഗതി പ്രാപിക്കുന്നത്. എങ്ങനെയാണ് മുതലാളിത്തം ആധുനികതയെ പ്രതിഷ്ഠിച്ചതും മാർക്സിസ്റ്റ് ആശയങ്ങൾ അതിന്റെ ഒരു സവിശേഷ-ആശയധാരയായി മാറിയതും? നോക്കാം.
മധ്യകാലഘട്ടം എന്നറിയപ്പെടുന്ന 15ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലൂടെ സമൂഹത്തിൽ വേരുറച്ച ഒട്ടേറെ പിന്തിരിപ്പൻ സാംസ്കാരികപ്രസ്ഥാനങ്ങൾക്കെതിരെ (ഉദാ :- മതഭരണകൂടം, മതപൗരോഹിത്യത്തിന്റെ സ്വാധീനം, ഫ്യൂഡലിസം, അന്ധവിശ്വാസങ്ങൾ, സദാചാരനിഷ്ഠകൾ, രാജവാഴ്ച, ജാതീയത, പ്രാദേശികവാദം etc) ചില പുതിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ജ്ഞാനോദയപ്രസ്ഥാനവും (Rennaisance) പുരോഗമനചിന്തകരും ഫ്രാൻസിലും ഇതരയൂറോപ്പിലും രൂപംകൊണ്ടു. വ്യവസായവിപ്ലവശേഷം ഉത്പാദനോപാധികളുടെയും ശാസ്ത്രസാങ്കേതികതയുടെയും അനുസ്യൂത വളർച്ച, ബൂർഷ്വാസിയുടെ ഫ്യൂഡലിസത്തിനുമേലുള്ള രാഷ്ട്രീയവിജയം (eg - ഫ്രഞ്ച് , അമേരിക്കൻ വിപ്ലവങ്ങൾ) ,കൊളോണിയൽ അധിനിവേശം എന്നിവയാണ് ആധുനികതയ്ക്ക് വിത്തുപാകിയത്. കല, തത്വശാസ്ത്രം, സാഹിത്യം, ചിത്രകല, സംഗീതം, രാഷ്ട്രീയപഠനം, സോഷ്യോളജി, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങി മനുഷ്യസമൂഹത്തിന്റെ സകലവൈജ്ഞാനികമേഖലകളിലും Modernist ആശയങ്ങൾ പ്രതിഫലിച്ചു.
ശാസ്ത്രചിന്ത, മതേതരത്വം, പാർലമെന്റി ജനാധിപത്യം, തുല്യത, സോഷ്യലിസം തുടങ്ങിയ ആധുനികമൂല്യങ്ങൾ മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി പൊതുശ്രദ്ധയാകർഷിച്ചു. ശാസ്ത്രചിന്തയിലും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചു. 1859ലെ Origin of species എന്ന ഗ്രന്ഥത്തിലൂടെ ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തം മുന്നോട്ടുവെച്ചത് അതുവരെയുണ്ടായിരുന്ന മത-ദൈവ- പൗരോഹിത്യസങ്കൽപങ്ങളെയാകെ തകിടം മറിച്ചു. കോടിക്കണക്കിന് വർഷങ്ങളുടെ പരിണാമപ്രക്രിയയിലൂടെയും പ്രകൃതിനിർദ്ദാരണത്തിലൂടെയുമാണ് മനുഷ്യനുൾപെടെയുള്ള ജീവിവർഗങ്ങൾ ആവിർഭവിച്ചതെന്നും മനുഷ്യന്റെ സൃഷ്ടിക്ക് ഒരു ദൈവത്തിന്റെ ആവശ്യമില്ലെന്നുമുള്ള സിദ്ധാന്തം ദൈവം എന്ന അന്ധവിശ്വാസത്തിന് വലിയ മുറിവേൽപിച്ചു.
മാർക്സിസ്റ്റ് രീതിശാസ്ത്രം കടമെടുത്താൽ 'നിലനിൽക്കുന്ന ഉത്പാദനോപാധികളും ഉത്പാദനബന്ധങ്ങളും ചേർന്ന മുതലാളിത്തത്തിന്റെ ഭൗതികാടിത്തറയാണ് ആധുനികത എന്ന സാംസ്കാരികമേൽപുരയ്‌ക്ക് രൂപം നൽകിയതെന്ന്' കാണാനാവും. മുതലാളിത്തഉത്പാദനക്രമം വികസിക്കുകയും ആവിയന്ത്രത്തിന്റെ വരവോടെ കുതിച്ചുമുന്നേറിയ വ്യവസായങ്ങൾ പിന്നീട് മറ്റ് ധാരാളം പരിഷ്കരണങ്ങൾക്ക് വിധേയമായി. റയിൽവേ, റോഡ്, ടെലിഗ്രാഫ്, ടെലിഫോൺ, വൈദ്യുതി, വാഹനങ്ങൾ തുടങ്ങിയവയുടെ വ്യാപനം ആധുനികതയ്ക്ക് ഭൗതികാടിത്തറ സൃഷ്ടിച്ചു. വ്യക്തിജീവിതത്തിലും സമൂഹത്തിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. ആധുനികതയുടെ ഏറ്റവും നല്ലൊരുപ്രയോക്താവായി ചിന്തകർ അടയാളപ്പെടുത്തുന്ന മറ്റൊരു ചിന്തകൻ മാർക്സ് തന്നെയാണ്. സാമ്പത്തികം, Sociology, ചരിത്രപഠനം, തത്വശാസ്ത്രം, രാഷ്ട്രീയം, കലാസാഹിത്യ വിമർശനം തുടങ്ങിയ പല മേഖലകളിലും മാർക്സിസം നൽകിയ സംഭാവനകൾ ചെറുതല്ല. എക്കണോമിക്സിനെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ഒരു പഠനശാഖയായി ആവിഷ്കരിച്ച ആഡംസ്മിത്ത്, റിക്കാർഡോ ഉൾപെടെയുള്ള എക്കണോമിസ്റ്റുകളുടെ സിദ്ധാന്തങ്ങൾ തന്നെയാണ് മാർക്സും തന്റെ മുതലാളിത്തവിമർശത്തിൽ സ്വീകരിക്കുന്നത്.
ആധുനികതയെ ഊട്ടിയുറപ്പിച്ച മുതലാളിത്തത്തെ വൈരുധ്യങ്ങൾ നിറഞ്ഞ ഒരു ചരിത്രഘട്ടമായി വിലയിരുത്തുകയും വർഗസമരം എന്ന യാഥാർത്ഥ്യത്തെ വിശകലനം ചെയ്യുകയും ചെയ്തു. മുൻകാലചിന്തകരിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് അദ്ദേഹം ഒരു ശാസ്ത്രീയസ്വഭാവം നൽകി. അധികാരകേന്ദ്രങ്ങൾക്കും മതപൗരോഹിത്യത്തിനും മൂലധനാധിപത്യത്തിനും എതിരായ സമത്വത്തിന് വേണ്ടിയുള്ള വിപ്ലവചിന്തകളെ ആധുനികതയിൽ പ്രതിഷ്ഠിക്കാൻ മാർക്സിന് കഴിയുന്നു. മാർക്സിനെയും എംഗൽസിനെയും കൂടാതെ ലെനിൻ (സാമ്രാജ്യത്വവിരുദ്ധത, സോഷ്യലിസ്റ്റ് വിപ്ലവം), ഗ്രാംഷി (ഫാസിസ്റ്റ് വിമർശം) ,റോസാ ലക്സംബർഗ് (മാർക്സിസ്റ്റ് ഫെമിനിസം), ട്രോട്സ്കി, കൗത്‌സ്കി, വാൾട്ടർ ബെഞ്ചമിൻ, ലൂയിസ് ആർഗൺ തുടങ്ങിയവർക്കെല്ലാം മാർക്സിസ്റ്റ് ആശയങ്ങളെ പലദിശയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു.
കലാസാഹിത്യങ്ങളിലും മനുഷ്യന്റെ ചിന്താരീതികളിലും ഉൾപെടെ 1900കൾ മുതൽ ആധുനികത പ്രകടമായിത്തുടങ്ങി. മോഡേണിസത്തിന്റെ വക്താക്കളായി കരുതപ്പെടുന്ന സാഹിത്യകാരാണ് TS എലിയറ്റ്, ജയിംസ് പിക്കാസോ, കാഫ്ക, യൂജിൻ ഒനീൽ തുടങ്ങിയവർ. 1890കൾക്ക് ശേഷമുണ്ടായ സാമ്പത്തികകുഴപ്പങ്ങളും ഈ പ്രവണതയ്ക്ക് കാരണമായിട്ടുണ്ടെന്ന് തിയോഡോർ അഡോണോ അഭിപ്രായപ്പെടുന്നു.
മനുഷ്യൻ കൂടുതൽ വസ്തുനിഷ്ഠമായി ചിന്തിക്കാൻ ആരംഭിച്ചു. യഥാർത്ഥ പ്രശ്നങ്ങളെ സംബന്ധിച്ച വ്യാകുലത, യുക്തിഭദ്രത, പരിഹാരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം , റിയലിസം, Universality അഥവാ സാർവികസ്വഭാവം വേണമെന്നുള്ള ശാഠ്യങ്ങൾ ഇതെല്ലാം ആധുനികതയുടെ മുഖമുദ്രകളാണ്. ലഘുവിഷയങ്ങളിലും ആൾക്കൂട്ടവികാരങ്ങളിലും ഒതുങ്ങാതെ ലോകചരിത്രം, മനുഷ്യസമൂഹം ,അതിന്റെ പ്രവർത്തനം, കുഴപ്പങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച സർവതലസ്പർശിയായ ആശയാന്വേഷണങ്ങളെ ആധുനികത പ്രോത്സാഹിപ്പിച്ചു. ആധുനികകലയുടെ സവിശേഷതയായി പലരും അഭിപ്രായപ്പെടുന്നത് ഒറ്റപ്പെടുന്ന മനുഷ്യനും (Isolated being) വ്യക്തിപരതയുമാണ്. പഴയ ഫ്യൂഡൽ- മതചിഹ്നങ്ങൾക്ക് വലിയ തോതിൽ ക്ഷതം സംഭവിച്ചു. നഗരവത്കരണം, വ്യവസായപുരോഗതി ,ആധുനിക തൊഴിലാളിവർഗത്തിന്റെ ഉയർച്ച, കൊളോണിയലിസം തുടങ്ങിയവ ആധുനികതയ്ക്ക് അടിത്തറ പാകി.
ഉത്പാദനവളർച്ചയുടെ ഫലമായി ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ ഫാക്ടറികളിൽ ഉത്പാദിപ്പിക്കപ്പെട്ടതോടെ, അവ വിറ്റഴിക്കാനുള്ള പ്രത്യയശാസ്ത്രങ്ങൾക്ക് കൂടി ആധുനികത ജന്മം നൽകിയെന്ന് പറയാം. പരസ്യങ്ങൾ, ഉപഭോഗാസക്തി, മനുഷ്യബന്ധങ്ങളുടെ പോലും വസ്തുവത്കരണം ഇതൊക്കെ എടുത്തുപറയണം.
ആധുനികത സാഹിത്യത്തിൽ പ്രകടമായത് വിർജീനിയ വൂൾഫിലൂടെയും മാർവെൽ പ്രൂസ്റ്റിലൂടെയും മറ്റുമാണ്. ബോധം, ഉപബോധം തുടങ്ങിയ ആശയങ്ങളെകുറിച്ചും നിയന്ത്രണാതീതമായ മാനസികതലങ്ങളെക്കുറിച്ചും സിഗ്മണ്ട് ഫ്രോയ്ഡിന്റെ ആധുനികമനശാസ്ത്ര വിശകലനങ്ങൾ, പഴയ ഗ്രീക്ക്- മധ്യകാലശൈലികളെ ഉപേക്ഷിച്ച് ആധുനിക- ആർക്കിടെക്ച്ച്വർ മേഖലയിൽ പുതിയ സ്റ്റൈലുകൾക്ക് രൂപം നൽകിയ ലേ കോർബുസിയർ തുടങ്ങിയവരെല്ലാം ആധുനികതയുടെ ചിഹ്നങ്ങൾ പല മേഖലകളിൽ പതിപ്പിച്ചവരാണ്. സംഗീതത്തിൽ അർനോൾഡ് ഷോൺബെർഗ്, ചിത്രകലയിൽ ക്യൂബിസം പോലുള്ള നവീനപ്രയോഗങ്ങൾ ആവിഷ്കരിച്ച പിക്കാസോ തുടങ്ങിയ ഉദാഹരണങ്ങൾ വേറെയും.
മനുഷ്യന്റെ കഴിവിലുള്ള അപാരമായ വിശ്വാസം, മാനവികത, ഭൗതികവാദം, വിക്ടോറിയൻ സദാചാരനിഷ്ഠകൾ ഉൾപെടെയുള്ള പഴഞ്ചൻ മതബോധങ്ങളോടുള്ള വിമുഖത, കുടുംബബന്ധങ്ങളിലും സൗന്ദര്യസങ്കൽപങ്ങളിലും വന്ന മാറ്റം തുടങ്ങിയവയും ആധുനികത ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും Modernism എന്നത് ഒരു ഏകമാനമായ പ്രത്യയശാസ്ത്രമാണെന്ന് കരുതരുത്. പരസ്പരവിരുദ്ധമായ പല സങ്കൽപനഭേദങ്ങളും ആശയധാരകളും പ്രയോഗങ്ങളും ഇതിൽ ഉൾചേർന്നിട്ടുണ്ട്.
മോഡേണിസത്തിന്റെ പ്രധാനസവിശേഷത, അത് ഒരേ സമയം സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വവിരുദ്ധതയ്ക്കും ജന്മം നൽകി എന്നുള്ളതാണ്. മുതലാളിത്തം അതിനുള്ളിൽ തന്നെ സോഷ്യലിസ്റ്റ് ആശയധാരകൾക്ക് രൂപം നൽകിയതുപോലെ. ഇന്ത്യയിലാവട്ടെ ആധുനികത രൂപം പ്രാപിച്ചത് കൊളോണിയലിസം, ജനകീയനവോത്ഥാനം, ദേശീയവാദം, ലിബറൽ വ്യക്തിവാദം എന്നീനിലകളിലാണ്. പഴയകാല നാട്ടുരാജ്യങ്ങളുടെയും അധികാരബിംബങ്ങളുടെയും ജാതീയതയുടെയും മറ്റും കടുത്ത ചങ്ങലകളെ ഭേദിക്കാൻ കൊളോണിയൽ ആധുനികത അവസരം നൽകി. ഇന്ത്യയിൽ റോഡും റയിൽവേയും ഉൾപെടെ ഭൗതികമായും വൻപരിഷ്കാരങ്ങൾ സംഭവിച്ചു. ആധുനികതയിലേക്ക് ഇന്ത്യൻ ജനതയെ പരുവപ്പെടുത്തുന്നതിന് യൂറോപ്യൻ കൊളോണിയലിസം ആവശ്യമായിരുന്നെന്ന് മാക്സ് മുള്ളർ, വില്യം ജോൺസൺ തുടങ്ങിയ യൂറോപ്യൻ ചരിത്രകാരന്മാർ ന്യായീകരിക്കുന്നുണ്ട്.
ഇന്ത്യയുടെ മേൽ സാമ്പത്തികമായും രാഷ്ട്രീയമായും ഭീകരമായ ചൂഷണവും ജനാധിപത്യവിരുദ്ധതയും അസ്വാതന്ത്ര്യവും അഴിച്ചുവിട്ടെങ്കിലും എണ്ണിയാലൊടുങ്ങാത്ത നാട്ടുരാജ്യങ്ങളുടെ പടലപ്പിണക്കങ്ങൾക്ക് പകരം 'ഇന്ത്യ ' എന്നൊരു ദേശീയവികാരം ജനങ്ങളിൽ ഉണർത്തുന്നതിന് മുഖ്യകാരണം കൊളോണിയലിസം തന്നെയാണ്. സതി പോലുള്ള പല അനാചാരങ്ങളും കൊളോണിയൽ ആധുനികതയ്ക്കുകീഴിൽ നിരോധിക്കപ്പെട്ടു. ദേശീയ ഐക്യം, ഏകീകരണം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ,മാനവികത, ശാസ്ത്രബോധം, നവോത്ഥാനം തുടങ്ങിയ രൂപങ്ങളിൽ ഇന്ത്യയിലും ആധുനികത സ്വാധീനം ചെലുത്തി. വിദ്യാഭ്യാസം മിഷണറിമാരുടെയും മറ്റും വരവോടെ സാർവത്രികമായി. രാജാറാം മോഹൻറായ്, അംബേദ്കർ, നാരായണഗുരു തുടങ്ങിയ അനേകം സാമൂഹ്യപരിഷ്കർത്താക്കളും വാസ്തവത്തിൽ ഇവിടെ ആധുനികതയ്ക്ക് അടിത്തറ പാകുകയാണ് ചെയ്തത്. മലയാളസാഹിത്യത്തിലും ആശാൻ, ഉള്ളൂർ, വള്ളത്തോൾ കൃതികളിലൊക്കെ ഇത് കാണാം.
Modernism മുന്നോട്ടുവെക്കുന്ന മറ്റൊന്ന് ഇംഗ്ലീഷിനോടും പാശ്ചാത്യസംസ്കാരത്തോടുമുള്ള ആഭിമുഖ്യമാണ്. വലിയൊരു വിഭാഗം ജനങ്ങളെ പലവിധത്തിലും സ്വാധീനിച്ച നേതാക്കളും (ഉദാ- ഗാന്ധി, ഹിറ്റ്ലർ, മാർട്ടിൻ ലൂഥർ) മറ്റൊരു സവിശേഷതയാണ്. പാർലമെന്ററി ജനാധിപത്യത്തിലും നമ്മുടെ ഭരണഘടനയിലുമൊക്കെ ആധുനികതയുടെ ലിബറൽ /സോഷ്യലിസ്റ്റ് മൂല്യങ്ങൾ വേണ്ടുവോളം കാണാം. ഇങ്ങനെയൊക്കെ ആണെങ്കിലും 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആധുനികതയ്ക്ക് ലോകമാകമാനം മന്ദീകരണം പ്രകടമായി സംഭവിക്കുകയും Modernism നോടുള്ള പ്രതിഷേധമെന്നോണം പുതിയ ചില വിപരീത പ്രവണതകൾ ഉടലെടുക്കുകയും ചെയ്തു. അത് ഉത്തരാധുനികത (Post modernism) എന്നറിയപ്പെടുന്നു. മാർക്സിസ്റ്റ് ആശയാവലികളുടെയും രാഷ്ട്രീയപദ്ധതികളുടെയും സ്വാധീനത്തെ മാറ്റിനിർത്തിക്കൊണ്ട് ആധുനികതയെയും ഉത്തരാധുനികതയെയും വിശദീകരിക്കാനാവില്ല എന്നതാണ് വസ്തുത.


മാർക്സിസവും ഉത്തരാധുനികതയും 

ആധുനികതയുടെ വെളിച്ചത്തിൽ ലോകം ഏറെ മുന്നോട്ടുപോയെങ്കിലും ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ, #Modernism രൂപംനൽകിയ സങ്കൽപങ്ങൾ പതിയെ ക്ഷയിച്ചുതുടങ്ങുകയും ഒരു പുതിയ ആശയപരിസരം രൂപംകൊള്ളുകയും ചെയ്തു. 1960കളോടെ ആധുനികതയോടുള്ള പ്രതിഷേധമെന്നോണം പ്രകടമായിത്തുടങ്ങിയ പുതിയൊരു ലോകവീക്ഷണം ആധുനികമൂല്യങ്ങളിൽ നിന്നുള്ള പിൻവലിയലായി രൂപംപ്രാപിച്ചു. ഇതാണ് ഉത്തരാധുനികത (Postmodernism). കല, സംസ്കാരം, സാഹിത്യം, തത്വചിന്ത, രാഷ്ട്രീയവിമർശനം, തുടങ്ങിയ പലമേഖലകളിലും ഉത്തരാധുനികത പ്രത്യക്ഷപ്പെടാൻ തുടങ്ങി.
#Postmodernism വിശകലനവിധേയമാക്കിയ എടുത്തുപറയേണ്ട ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികനാണ് ഫ്രെഡറിക് ജോൺസൺ. പോസ്റ്റ് മോഡേണിസം എന്നത് പിൽക്കാലമുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയാണെന്ന് (Cultural logic of late Capitalism) അദ്ദേഹം വിവരിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം ലോകത്തുണ്ടായ മുതലാളിത്താഭിവൃദ്ധിയും സോഷ്യലിസത്തിനെതിരായ രാഷ്ട്രീയപ്രതിഭാസങ്ങളും ഉത്തരാധുനികതയുടെ ആവിർഭാവത്തിന് ഇടയാക്കി. ശാസ്ത്രബോധവും വസ്തുനിഷ്ഠതയും സാർവത്രികതയും മറ്റ് പുരോഗമനമൂല്യങ്ങളും ഒക്കെ കൈമോശം വരികയും മറ്റ് ചില അബദ്ധധാരണകൾ അവിടെ സ്ഥാനം പിടിക്കുകയും ചെയ്തു. ലോകമൊരുപാട് വലുതായിട്ടും മനുഷ്യനേറെ ചെറുതായിപ്പോയ ഒരു പ്രതിഭാസമെന്ന് വിളിക്കാവുന്ന ഉത്തരാധുനികത മുന്നോട്ടുവെച്ച ചിന്തകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
Postmodernism എന്നത് ഒരൊറ്റ പ്രത്യയശാസ്ത്രമല്ല, മറിച്ച് മനുഷ്യന്റെ ചിന്തയിലും സമൂഹത്തിന്റെ സാംസ്കാരികമായ മേൽപുരയിലും ഉണ്ടായ പല പ്രവണതകളുടെ ആകെത്തുകയാണ്. അവയിൽ ചില സവിശേഷതകൾ താഴെക്കൊടുക്കുന്നു.
1) ആത്മനിഷ്ഠത (Subjectivity)
വസ്തുനിഷ്ഠമായ സത്യം എന്നൊന്നില്ലെന്നും എല്ലാ സത്യങ്ങളും അത് പറയുന്നയാളുടെ 'വീക്ഷണം' മാത്രമാണെന്നുമുള്ള ധാരണ. എല്ലാ അറിവുകളും എല്ലാ ചിന്താഗതികളും ഒരുപോലെ സാധുവാണ്. ഒന്ന് മറ്റൊന്നിനേക്കാൾ 'ശരി' ആകുന്നില്ല. ഉദാഹരണത്തിന് ഒരു വർഗീയവാദിയുടെയും ഒരു ജനാധിപത്യവാദിയുടെയും ചിന്തകളിൽ നമുക്ക് തെറ്റും ശരിയും വേർതിരിക്കാനാവില്ല. Both are equally valid in their own perspectives എന്ന് പറയാം. വസ്തുനിഷ്ഠതയെ മാറ്റിനിർത്തുന്ന ഇത്തരം അബദ്ധചിന്തകൾ ഹിറ്റ്ലറുടെ ചെയ്തികളെ പോലും ന്യായീകരിക്കാൻ ഉപകരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ അറിവും അപൂർണമാണെന്നും ശാസ്ത്രവും പല അറിവുകളിൽ ഒന്നുമാത്രമാണെന്നും മറ്റ് അറിവുകൾക്കില്ലാത്ത യാതൊരു മേന്മയും Scienceനും ഇല്ലെന്നുകൂടി ഇത് കാട്ടിത്തരുന്നു. മനുഷ്യനെക്കുറിച്ചും ധാർമികതയെകുറിച്ചും ഒക്കെയുള്ള കാഴ്ചപ്പാടുകളും സമാനരീതിയിലാണ് ഉത്തരാധുനികചിന്തകർ കൈകാര്യം ചെയ്യുന്നത്.
യുക്തി, വസ്തുനിഷ്ഠത, ശാസ്ത്രം, തുടങ്ങിയ ആധുനികചിന്താമാർഗങ്ങളെ Postmodernism നിഷേധിക്കുകയും എല്ലാ ജ്ഞാനങ്ങളും ശരികൾ തന്നെയാണെന്ന സുരക്ഷിതമായ ബാലൻസിങ് രീതിയിലെത്തുകയും ചെയ്യുന്നു. സമൂഹത്തിന് അപകടകരമായ പ്രത്യയശാസ്ത്രങ്ങൾ പോലും ഉത്തരാധുനികചിന്തയ്ക്ക് കീഴിൽ സാധുവാകുന്നു. മാക്സ് വെബർ, ഇമ്മാനുവൽ കാന്റ് തുടങ്ങിയ ചിന്തകർ ആധുനികതയെയും ജ്ഞാനത്തെയും വിശേഷിപ്പിച്ചത് 'നിഗൂഢതകൾ' ഇല്ലാത്തതും അന്വേഷണസാധ്യവുമായ ലോകം എന്നാണ്. തെളിവിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ വസ്തുനിഷ്ഠസമീപനങ്ങളാണ് അംഗീകരിക്കപ്പെടേണ്ടത്. മറിച്ച് ആത്യന്തികമായ സത്യം എന്നൊന്നില്ലെന്ന ഉത്തരാധുനികസിദ്ധാന്തം തെറ്റാണ്. ( ഒരു സത്യവും യഥാർത്ഥ 'സത്യ'മല്ലെന്ന് അംഗീകരിച്ചാൽ ഉത്തരാധുനികവിശ്വാസങ്ങളും സത്യമല്ലല്ലോ എന്ന് തിരിച്ചും ചോദിക്കാം). ആപേക്ഷികവാദം, Perspectivism എന്നൊക്കൊ ഉത്തരാധുനികനിരീക്ഷണങ്ങൾ അറിയപ്പെടുന്നു.
ഈ ആത്മനിഷ്ഠസമീപനം പലമേഖലകളിലും പ്രതിഫലിച്ചു. ഇന്ന് നിയോക്ലാസിക്ക് എക്കണോമിക്സ് എന്നൊക്കെ അറിയപ്പെടുന്ന സാമ്പത്തികശാസ്ത്രം പഴയ ക്ലാസിക്കൽ എക്കണോമിക്സിൽ നിന്നും വിഭിന്നമാണ്. ആഡം സ്മിത്തും റിക്കാർഡോയും മാർക്സും ഒക്കെ സ്വീകരിച്ച ക്ലാസിക്കൽ ധനശാസ്ത്രത്തിന്റെ രീതി വസ്തുനിഷ്ഠതയെ മുൻനിർത്തിയുള്ളതായിരുന്നു. എന്നാൽ പിൽക്കാലത്തെ നിയോക്ലാസിക്കൽ സാമ്പത്തികശാസ്ത്രത്തിൽ ആത്മനിഷ്ഠസിദ്ധാന്തങ്ങൾ വളരെയേറെ സ്വാധീനം ചെലുത്തുന്നതായി കാണാം. വില എന്നത് മനുഷ്യന്റെ ആത്മനിഷ്ഠമായ തോന്നലുകളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തിൽ എത്രവേണമെങ്കിലും മാറാം എന്ന സ്ഥിതിവന്നു. ഇതിന്റെ ഫലമാണ്, സാമ്പത്തികകുമിളകൾ ഉണ്ടാകുന്നതും വലിയ തകർച്ചയിലേക്ക് എക്കോണമി കൂപ്പുകുത്തുന്നതും. ലാഭവും വിലയുമൊക്കെ മനുഷ്യന്റെ താത്പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വ്യക്തിഗുണത്തിന്റെയും ഫലമാണ്, ഭൗതികയാഥാർത്ഥ്യങ്ങളുമായോ ഉത്പാദനബന്ധങ്ങളുമായോ ചൂഷണമായോ ഒന്നും അതിന് ബന്ധമില്ല, ഒരാൾ അതിസമ്പന്നനാവുന്നതിന്റെ കാരണവും അയാളുടെ കഴിവ് മാത്രമാണ് തുടങ്ങിയ മുൻവിധികൾ ഇതിന്റെ ഭാഗമാണ്.
നല്ലൊരുദാഹരണം പറയാം - രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് മുഖ്യകാരണം അവയുടെ സംഭരണവും വിതരണവും കുത്തകയാക്കി വെച്ചിരിക്കുന്ന മുതലാളിമാരുടെ പകൽകൊള്ളയാണെന്ന് നിങ്ങൾ പറയുന്നു. ഇതുകേട്ട ഒരാളുടെ മറുപടി - ''അത് അയാളുടെ ബിസിനസ് മൈൻഡ്.. കുറ്റം പറയാനാവില്ല.'' എന്നായാൽ എങ്ങനെയുണ്ടാവും. ഇതാണ് ഉത്തരാധുനികതയുടെ ചിന്താവൈകല്യം. മൂലധനം, ഉത്പാദനോപാധികൾ , ഉത്പാദകബന്ധങ്ങൾ, വിപണി, സമൂഹം തുടങ്ങിയ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്ന മാർക്സിസ്റ്റ് വീക്ഷണത്തെ ഉത്തരാധുനികത കാലഹരണപ്പെട്ടതെന്ന് മുദ്രകുത്തുന്നു.
2) പ്രതിജ്ഞാനോദയം (Counter-enlightment)
ശാസ്ത്രം മനുഷ്യനന്മയ്ക്ക് മാത്രമല്ല തിന്മയ്ക്കും ഉപകരിക്കുമെന്ന് ലോകം തിരിച്ചറിഞ്ഞത് ഹിരോഷിമ അണുബോംബ് സ്ഫോടനത്തിലൂടെയാണ്. ഇത് ശാസ്ത്രത്തെ ശത്രുപക്ഷത്തുകൂടി നിർത്താൻ ചിലരെ പ്രേരിപ്പിച്ചു. ശാസ്ത്രം എന്നത് പല അറിവുകളിൽ ഒന്നുമാത്രമാണെന്നും അതിന് മികച്ച ജ്ഞാനശേഖരണ മാർഗമാകാൻ കഴിയില്ലെന്നും ഉത്തരാധുനികത വാദിക്കുന്നു. എല്ലാഅറിവുകളും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നുവെന്ന ന്യായം വാസ്തവത്തിൽ ഗുണം ചെയ്തത് വർഗീയതയ്ക്കും മതമൗലികവാദത്തിനും ഒക്കെയാണ്. ആധുനികതയ്ക്ക് വിത്തുപാകിയ ജ്ഞാനോദയത്തിന് മുമ്പുണ്ടായിരുന്ന കടുത്ത അന്ധവിശ്വാസങ്ങൾ ,മതവെറി, ജാതീയത, വർഗീയത, തീവ്രവാദം, സ്ത്രീവിരുദ്ധത തുടങ്ങിയ അനേകം സാമൂഹ്യമാലിന്യങ്ങൾ തിരിച്ചുവരാൻ തുടങ്ങി. പഴയ പാരമ്പര്യങ്ങളും ആചാരങ്ങളുമൊക്കെ ഗൃഹാതുരത്വമായും അഭിമാനബിംബമായും മഹത്വവത്കരിക്കപ്പെട്ടു.
ആധുനികത നല്ലവണ്ണം വേരുറപ്പിച്ച യൂറോപ്പിൽ ഇത്തരം ഉത്തരാധുനികരീതികൾ വലിയ ദോഷം ചെയ്തില്ല. എന്നാൽ ആധുനികതയും നവോത്ഥാനവും പൂർണമാകാത്ത ഇന്ത്യയിലും മറ്റ് മൂന്നാം ലോകരാജ്യങ്ങളിലും ഫാസിസവും (eg - ഹിന്ദുത്വം) മതവെറിയും അന്ധവിശ്വാസങ്ങളും വ്യാപിക്കാനുള്ള സാഹചര്യം കൈവന്നു. മോഡേണിസവും ശാസ്ത്രവും മാനവികമൂല്യങ്ങളും ക്ഷയിച്ചു.
3) വൈവിധ്യങ്ങളുടെ ആഘോഷവും ബൃഹത് ആഖ്യാനങ്ങളിൽ നിന്നും ലഘുത്വത്തിലേക്കുള്ള ഉൾവലിയലും. (ഇത് അടുത്ത ലേഖനത്തിൽ വിശദമാക്കാം).
*****************************************
ജീൻ ഫ്രാങ്കോയിസ് ലിയോട്ടാർഡ്, മിഷേൽ ഫുക്കോൾട്ട് തുടങ്ങിയ ഉത്തരാധുനികതയെ അടയാളപ്പെടുത്തുന്ന ചിന്തകർ നിരവധിയാണ്. ദെറിദയെപ്പോലുള്ള നവമാർക്സിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. പൊതുവേ വസ്തുനിഷ്ഠയാഥാർത്ഥ്യത്തെ നിഷേധിച്ചും ശാസ്ത്രം ,മാനവികത തുടങ്ങിയ ആധുനികസങ്കൽപങ്ങളെ ചോദ്യം ചെയ്തുമാണ് ഇത്തരം സമീപനങ്ങൾ നമ്മുടെ ചിന്താപരിസരങ്ങളിൽ പോലും വന്നുകൂടിയത്. ശാസ്ത്രം എന്നത് അനേകകഥകളിൽ ഒരു കഥ മാത്രമാണെന്ന് ലിയോട്ടാർഡ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ Postmodernism മൂന്ന് പ്രധാന ജ്ഞാനോദയയുക്തികളെയാണ് നിരാകരിച്ചത്.
1) ഹെഗലിന്റെ വൈരുദ്ധ്യാത്മകത (Dialectics)
2) ദക്കാർത്തെ, കാന്റ് എന്നിവരുടെ യുക്തിചിന്ത (Reason)
3) മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം (Historical materialism)
ഫ്രഞ്ച് പോസ്റ്റ് മോഡേൺ ചിന്തകനായ ഴാങ് ബ്രോദിയാർ പറയുന്നത് Real world & reality - 'യഥാർത്ഥ ലോകവും യാഥാർത്ഥ്യവും' ഒക്കെ ഇല്ലാതായി എന്നാണ്. 'സത്യം' എന്നത് അത് പറയുന്നവന്റേത് മാത്രമാണ്, വസ്തുനിഷ്ഠസത്യം അപ്രാപ്യവും. ഫുക്കോൾട്ടിനെപ്പോലുള്ള ചിന്തകർ ഇതിനെയും കടത്തിവെട്ടി 'ഭാഷയാണ് യാഥാർത്ഥ്യം' -Language is reality പോലുള്ള വാദങ്ങൾ ഉയർത്തുന്നു. നാം യാഥാർത്ഥ്യം പറയുന്നതും മനസിലാക്കുന്നതും ഭാഷയിലൂടെയാണ്, ഈ ഭാഷ തന്നെയാണ് യാഥാർത്ഥ്യം ജനിപ്പിക്കുന്നതും.! വിപ്ലവപദ്ധതികളെയും പൊതുസാമൂഹ്യപ്രശ്നങ്ങളെയും അദ്ദേഹം നിഷേധിക്കുകയും വ്യവസ്ഥിതിയുടെ കുഴപ്പങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ഒപ്പം Micropolitics (eg- NGOs ,സ്വത്വരാഷ്ട്രീയം, സാമൂഹ്യസംഘടനകൾ) പോലുള്ള ആശയങ്ങൾ മുന്നോട്ടുവെക്കുന്നു.
സാർവത്രികമായ മാനവികബോധമൊന്നും ഉത്തരാധുനികതയ്ക്ക് അവകാശപ്പെടാനില്ല. അത് പറയുന്നതാകട്ടെ, total understanding leads to totallitarianism - 'മൊത്തത്തിലുള്ള തീർപ്പുകൽപിക്കൽ ഏകാധിപത്യത്തിലേക്ക് നയിക്കും' എന്നാണ്. ലോകം സുന്ദരമല്ലെന്നും മാനവികതയും കാടത്തവും ഒക്കെ ഇതിന്റെ ഭാഗമാണെന്നും എല്ലാം ഒരുപോലെ സ്വാംശീകരിച്ച് മുന്നോട്ടുപോകുന്നതാണ് ഉചിതമെന്നുമുള്ള നവബൂർഷ്വാസിയുടെ യുക്തിയും ഉത്തരാധുനികത ഉയർത്തിക്കാട്ടുന്നു
(1919ൽ റഷ്യൻ വിപ്ലവകാലത്ത് ലെനിനെ എതിർത്തിരുന്ന ചില സഖാക്കൾ അന്നുമുതലേ ഇത്തരം വികലന്യായങ്ങൾ ഉയർത്തിയിരുന്നു).
*******സമാന്തരയാഥാർത്ഥ്യങ്ങൾ********
യാഥാർത്ഥ്യത്തെപ്പറ്റി ആരും ചിന്തിക്കാറില്ലെങ്കിലും നമുക്കുചുറ്റും ഒരു സമാന്തരയാഥാർത്ഥ്യത്തെ കൂടി ഉത്തരാധുനികത ഉണ്ടാക്കിവെച്ചിട്ടുണ്ട്. മാധ്യമങ്ങൾ, സോഷ്യൽമീഡിയ, കലാഖ്യാനങ്ങൾ ഒക്കെ ഉദാഹരണം. ആധുനികതയിൽ അധ്വാനശക്തി ചരക്കായിരുന്നെങ്കിൽ ഉത്തരാധുനികതയിൽ നമ്മുടെ ചിന്തകളും സംസ്കാരവും ഒക്കെ ചരക്കായി മാറുന്നു. ടിവിയിലും സോഷ്യൽ മീഡിയയിലും ഒക്കെ നാം വിഹരിക്കുന്ന ലോകമാണ് യഥാർത്ഥ ലോകമെന്ന് കരുതുന്നു. വാസ്തവത്തിൽ യഥാർത്ഥ ജീവിതത്തേക്കാൾ നാം വിഹരിക്കാൻ ഇഷ്ടപ്പെടുന്നതും ഇന്റർനെറ്റും മറ്റും സൃഷ്ടിച്ച ഈ മിഥ്യയിൽ തന്നെയാണ്. നമ്മെ വിശാലമായ ലോകങ്ങളിലേക്ക് കൊണ്ടുപോകുന്ന ഇന്റർനെറ്റ് നമ്മെ മുറികൾക്കുള്ളിൽ ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്! സമൂഹത്തിൽ പുതിയൊരു കോളനിവത്കരണം നിലനിൽക്കുന്നുവെന്നും അത് സമൂഹത്തിന്റെ അബോധത്തെയാണ് മുതലെടുക്കുന്നത് എന്നും ഫ്രെഡറിക്ക് ജെയിംസൺ പറയുന്നു.ലോകം സാംസ്കാരിക-വൈകാരിക തലങ്ങളിൽ മാത്രം വിശകലനം ചെയ്യപ്പെടുന്നു. കൂടുതൽ സ്വതന്ത്രവും സ്വേച്ഛാപരവുമാകുന്ന മൂലധനം, കൂടുതൽ technical based ആകുകയും വിമർശനചിന്ത, മാനവിക-സാമൂഹ്യപഠനങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുന്ന വിദ്യാഭ്യാസം ഇതൊക്കെയും ചിന്തിക്കേണ്ടതാണ്.


പോസ്റ്റ് മോഡേണിസം ആവിർഭവിക്കുന്നത് ഫ്രാൻസിലാണെങ്കിലും വാസ്തവത്തിൽ അതിനുമുന്നേ അമേരിക്കയിൽ അതിന്റെ അലയൊലികൾ പ്രത്യക്ഷപ്പെട്ടിരുന്നു. 60കൾക്ക് ശേഷമുണ്ടായ ചില രാഷ്ട്രീയമാറ്റങ്ങളും ഇവിടെ എടുത്തുപറയണം. അതിലൊന്ന് സ്റ്റാലിന്റെ മരണശേഷം സോഷ്യലിസ്റ്റ് ചേരിക്ക് സംഭവിച്ച ക്ഷയമാണ്. സോവിയറ്റ് റഷ്യയിൽ അധികാരത്തിലെത്തിയ നികിത ക്രൂഷ്ചേവ് തന്റെ മുൻഗാമിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് രാജ്യത്ത് നടന്ന പല ക്രൂരതകളും മനുഷ്യാവകാശലംഘനങ്ങളും വെളിപ്പെടുത്തുകയുണ്ടായി. സ്റ്റാലിൻ ഭരണകാലത്തുണ്ടായ രാഷ്ട്രീയസംവിധാനങ്ങളെ ക്രൂഷ്ചേവ് ദുർബലമാക്കുകയും ജനാധിപത്യപരിഷ്കരണങ്ങൾ ഏർപെടുത്തുകയും ഇനി അത്തരമൊരുകാലത്തേക്ക് തിരിച്ചുപോക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. De stalinization എന്നാണിത് അറിയപ്പെട്ടത്. സ്റ്റാലിൻ ഭരണകാലത്തെ കുലാഗ് കൂട്ടക്കൊലകൾ, പാർട്ടിയിലെ പല സഖാക്കളെയും ചാരവൃത്തി ആരോപിച്ചും അഭിപ്രായഭിന്നത മൂലവും വധിച്ചുകളഞ്ഞത്, തുടങ്ങിയ പല അനിഷ്ടസംഭവങ്ങളും രേഖകൾ ഉൾപെടെയുള്ള തെളിവുകളുടെ പിൻബലത്തിൽ പുറത്തുവന്നു. ഇതിനൊക്കെ സ്റ്റാലിനാണ് ഉത്തരവാദിയെന്ന നിലപാടായിരുന്നു ക്രൂഷ്ചേവിന്റേത്.
ഇതിൽ സത്യമെത്ര, നുണയെത്ര എന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തു. എങ്കിലും സമത്വപൂർവും ചൂഷണരഹിതവുമായ, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ കഴിയുന്ന സോഷ്യലിസ്റ്റ് ഭൂമികയെ സ്വപ്നം കണ്ടിരുന്ന വലിയൊരുവിഭാഗം മാർക്സിസ്റ്റുകളിലും സോവിയറ്റ് സംഭവങ്ങൾ വലിയ സങ്കടം ജനിപ്പിച്ചു. സോഷ്യലിസ്റ്റ് -കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലും അനുഭാവികളിലുമൊക്കെ വലിയൊരു നിരാശയ്ക്കും 'ഉൾവലിയലിനും' ഇത് കാരണമായി. അനേകം പേർ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു. സോഷ്യലിസം എന്നതിനുപകരം സോഷ്യൽ ഡമോക്രസി പോലുള്ള പുതിയ രാഷ്ട്രീയസങ്കൽപനങ്ങളും ഉടലെടുത്തു. അമേരിക്കൻ സാമ്രാജ്യത്വം ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. CIA ഉൾപെടെയുള്ള സാമ്രാജ്യത്വഏജൻസികൾ സോഷ്യലിസ്റ്റ്- രാഷ്ട്രീയത്തിനെതിരെ വലിയ ആശയപ്രചരണം നടത്തുകയും കഥകളും സിദ്ധാന്തങ്ങളും പടച്ചുവിടുകയും ചെയ്തു. മാർക്സിസം എന്നത് ജനാധിപത്യവിരുദ്ധവും അപ്രായോഗികവുമായ ഒരു സിദ്ധാന്തമാണെന്ന മിഥ്യാബോധത്തെ പൊതുബോധമായി ഊട്ടിയുറപ്പിക്കാൻ അവർക്ക് കഴിഞ്ഞു.
പിൽക്കാല പുരോഗമനപ്രസ്ഥാനങ്ങളിലും മാർക്സിസത്തോടുള്ള വിമുഖത ഒരു ട്രെന്റായി മാറി. eg- വിദ്യാർത്ഥി-യുവജനസംഘടനകൾ, ഫെമിനിസം, പരിസ്ഥിതിവാദം, black politics, ദളിത്‌മുന്നേറ്റം തുടങ്ങിയവ ഉദാഹരണം. സമത്വത്തെയും സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഒക്കെ ഉയർത്തിക്കാട്ടുമ്പോഴും 'ഞാൻ മാർക്സിസ്റ്റല്ല' എന്നുകൂടി പറഞ്ഞുബോധ്യപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. US സെനറ്റർ ആയിരുന്ന ജോസഫ് മക്കാർത്തിയുടെ നേതൃത്വത്തിൽ മുതലാളിത്തചേരി മാർക്സിസ്റ്റ് വിരുദ്ധതയെ ആളിക്കത്തിച്ചുകൊണ്ടിരുന്നു.
ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട ഒന്ന് മുതലാളിത്തചേരിക്കുണ്ടായ അഭിവൃദ്ധി തന്നെയാണ്. 1930കളിൽ ലോകമുതലാളിത്തം നേരിട്ട സാമ്പത്തികതകർച്ചയും രണ്ടാംലോകമഹായുദ്ധവും സൃഷ്ടിച്ച കെടുതികൾ ക്യാപിറ്റലിസത്തിൽ കാതലായ മാറ്റങ്ങൾക്ക് വഴിതെളിച്ചു. സാമ്പത്തികപ്രതിസന്ധിയിൽ നിന്നും കരകയറാൻ കെയ്നീഷ്യൻ പ്രിൻസിപ്പിൾസും ന്യൂഡീൽ പോലുള്ള പദ്ധതികളും ലോകരാജ്യങ്ങൾ സ്വീകരിച്ചു. തുടർന്ന് വിപണിയും സമ്പദ്ഘടനയും അഭിവൃദ്ധിയിലേക്ക് മുന്നേറുകയും ഏതാനും ദശകങ്ങൾ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുകയും ചെയ്തു. ശാസ്ത്രസാങ്കേതികതയും ഉത്പാദനോപാധികളും വലിയ തോതിൽ പരിഷ്കരണങ്ങൾക്ക് വിധേയമായി. ബഹിരാകാശശാസ്ത്രം, ഐടി, കംപ്യൂട്ടർവത്കരണം, വാണിജ്യപരസ്യമേഖല, മാർക്കറ്റിങ്, ഫിനാൻസ് മൂലധനവ്യാപനം, ഓഹരിവിപണിയുടെ കുതിപ്പ്, ഡാറ്റാഅനലിറ്റിക്സ്, ഡിജിറ്റൽ മീഡിയ, മൊബൈൽഫോൺ, കമ്മ്യൂണിക്കേഷൻ, സേവനമേഖല, തുടങ്ങിയ മേഖലകളിലെ പുരോഗതികൾ ഉദാഹരണം. USSR -US ശീതസമരം ബഹിരാകാശമേഖലയിൽ വലിയ കുതിച്ചുചാട്ടങ്ങൾ സൃഷ്ടിച്ചു.
ഇതിന്റെയൊക്കെ ആകെത്തുകയെന്നോണം ജനങ്ങൾക്ക് പഴയ സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലുമുണ്ടായിരുന്ന പ്രതീക്ഷ കെടുകയും താത്പര്യം ഇല്ലാതാവുകയും ചെയ്തു. മാർക്സിസം വരട്ടുതത്വമായി മുദ്രകുത്തപ്പെട്ടു. ട്രേഡ് യൂണിയനുകൾ പോലും സോഷ്യലിസ്റ്റ് താത്പര്യങ്ങളൊക്കെ ഉപേക്ഷിച്ച് തദ്ദേശീയസർക്കാരുകളുമായും മാനേജ്മെന്റുകളുമായും രമ്യതയിലെത്തി. കമ്മ്യൂണിസ്റ്റ് വിരുദ്ധസാഹിത്യങ്ങൾക്കും പ്രചാരമേറി. ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിൽ കൊളോണിയൽ ശക്തികൾ പിൻവലിഞ്ഞതോടെ ജനാധിപത്യറിപ്പബ്ലിക്കുകളോ സ്വേച്ഛാധിപത്യഭരണമോ രൂപപ്പെട്ടു.
ഉത്തരാധുനികതയുടെ ആദ്യഘട്ടത്തിൽ മുതലാളിത്തഉത്പാദകബന്ധങ്ങൾ കൂടുതൽ വേരുറയ്ക്കാൻ ആരംഭിച്ചു. ഉദാ:- ഭൂപരിഷ്കരണം, പഴയ കാർഷികതൊഴിലാളികളിൽ നിന്നും നഗരസംരംഭകരിലേക്കുള്ള മാറ്റം, കാർഷികേതര ആവശ്യങ്ങൾക്കുള്ള ഭൂവുപയോഗം, സ്വകാര്യസ്വത്തുടമസ്ഥത, കോർപറേറ്റ് ഫാമുകൾ, വ്യവസായപുരോഗതി, ഹരിതവിപ്ലവം, Social democratic -കെയ്നീഷ്യൻ നയങ്ങളെ പിൻപറ്റിയുള്ള സർക്കാരുകളുടെ ക്ഷേമപദ്ധതികൾ, ഇങ്ങനെ അനേകം പുരോഗമനപരമായ മാറ്റങ്ങൾ മുതലാളിത്തത്തിന്റെ അടിത്തറയിൽ രൂപംകൊണ്ടു. അമേരിക്കയിൽ 1950കളിലും യൂറോപ്പിൽ 60കളിലും ക്യാപിറ്റലിസം ഉയർന്ന വളർച്ച പ്രാപിച്ചു. മാർക്സിസം പഴഞ്ചനാണെന്നും മുതലാളിത്തത്തിന് ഇനി യാതൊരുപ്രതിസന്ധികളും ഉണ്ടാകില്ലെന്നും ബൂർഷ്വാപണ്ഡിതർ വിധിച്ചു.
മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരവും മൂലധനഉടമയിൽ നിന്നും വ്യത്യസ്തമായി ബിസിനസ് തീരുമാനങ്ങളും നയരൂപീകരണവും നടത്താൻ ചുമതലയും നൈപുണ്യവുമുള്ള ടെക്നോ- മാനേജീരിയൽ വിഭാഗങ്ങളിലെ ഒരു പുതിയ ന്യൂനപക്ഷതൊഴിലാളിവർഗവും രൂപംകൊണ്ടു. ഇതെല്ലാം ചേർന്ന് സമൂഹത്തിന്റെ സാമ്പത്തിക-ഭൗതികാടിത്തറയിൽ രൂപീകരിച്ച മാറ്റങ്ങൾ പോസ്റ്റ് മോഡേണിസത്തിന്റെ സാംസ്കാരികമേൽപുരയ്ക്കും രൂപംനൽകി.
ഇന്ത്യയുൾപെടെയുള്ള മൂന്നാംലോകരാജ്യങ്ങളിൽ സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ മുതലാളിത്തവത്കരിക്കപ്പെട്ടു. കാർഷികേതരവൃത്തികളിൽ ഏർപെട്ട ഒരു മധ്യവർഗവും ഉയർന്നുവന്നു. മുതലാളിത്തത്തിന്റെ ഈ അഭിവൃദ്ധി ലോകമാകെ ദൃശ്യമായിരുന്നെങ്കിലും 1980കളോടെ ചില പ്രവണതകൾ സമ്പദ്ഘടനയിലുണ്ടായി. Stagflation പോലുള്ള പ്രതിസന്ധികളും ഉയർന്ന കമ്മിബജറ്റുകൾ മൂലമുള്ള പ്രതിസന്ധികളും രൂപംകൊണ്ടു. സ്വാഭാവികമായും അതുവരെയുള്ള 'ജനക്ഷേമത്തിന്റെ' മുഖംമൂടിയഴിക്കാൻ മുതലാളിത്തം നിർബന്ധിതമായി. സ്വതന്ത്രമായ ചൂഷണത്തിലും പൊതുമേഖലാതിരസ്കരണത്തിലും അധിഷ്ഠിതമായ നവലിബറലിസത്തിലേക്ക് അത് കാലുമാറി. മൂലധനവും ചരക്കുകളും മാത്രമല്ല തൊഴിലാളികളും രാജ്യാതിർത്തികൾ കടന്ന് ചരക്കുത്പാദനത്തിന്റെ കണ്ണികളായി. ഗൾഫ് കുടിയേറ്റം, ഉപഭോഗസംസ്കാരം, മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരം, രാജ്യാന്തരവ്യാപാരം ഉദാരവത്കരിച്ചത്, ആഗോളവത്കരണം ഇതോക്കെ നമുക്ക് സുപരിചിതമായി.
(മുതലാളിത്തചരിത്രത്തെ ഏറ്റവും ഫലപ്രദമായി classify ചെയ്തത് ഏർണസ്റ്റ് മാന്റലും തുടർന്ന് ഫ്രെഡറിക് ജെയിംസണും ചേർന്നാണ്. 18ാം നൂറ്റാണ്ടുമുതൽ 1847 വരെയുള്ള കോളനിവൽക്കരണത്തിന്റെ ഒന്നാംഘട്ടം, 1847 - 1890 വിപണിമുതലാളിത്തഘട്ടം, 1890 -1950 കുത്തകമുതലാളിത്തം, 1950നു ശേഷമുള്ള ബഹുരാഷ്ട്രകുത്തകകളുടെ യുഗം എന്നിങ്ങനെ)..
ഉത്തരാധുനികതയിലെ മറ്റൊരു രാഷ്ട്രീയപ്രതിഭാസമെന്നത് മാർക്സിസത്തെ പോലുള്ള ബൃഹത്ആഖ്യാനങ്ങളിൽ നിന്നും ചെറുതിലേക്കുള്ള ഉൾവലിയലാണ്. സോഷ്യലിസ്റ്റ് ആശയങ്ങൾ ഒരുകാലത്ത് മനുഷ്യരാശിക്ക് നൽകിയ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. അധികാരകേന്ദ്രങ്ങൾക്കും നിലനിൽക്കുന്ന വ്യവസ്ഥാനിർമിതമായ അടിമത്തങ്ങൾക്കുമെതിരെ മാറിച്ചിന്തിക്കുക എന്നൊരു 'ആധുനിക'മൂല്യം മാർക്സ് വിഭാവനം ചെയ്തു. ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, സ്ത്രീപ്രശ്നം, വംശീയത, സാമൂഹ്യവിവേചനങ്ങൾ, പരിസ്ഥിതിവാദം, ഭരണകൂടം, മതം, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യയാഥാർത്ഥ്യങ്ങളെ ചരിത്രവത്കരണത്തിലൂടെ വിശകലനം ചെയ്യാനുള്ള ബൃഹത്തായ ഒരു ടൂൾ കൂടിയായിരുന്നു മാർക്സിസം..
എന്നാൽ ഉത്തരാധുനികതയിൽ ഇത്തരം ബൃഹത്തായ രീതിശാസ്ത്രങ്ങളെ പുരോഗമനപക്ഷം കൈയൊഴിഞ്ഞു. ചെറിയ സമരങ്ങളായും ചെറിയ ആൾക്കൂട്ടമുന്നേറ്റങ്ങളായും ചെറുഗ്രൂപ്പുകളുടെ അവകാശപ്പോരാട്ടങ്ങളായും സോഷ്യൽ ആക്ടിവിസം വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. ഉദാ:- ഫെമിനിസ്റ്റ് സംഘടനകൾ, പരിസ്ഥിതി പ്രക്ഷോഭങ്ങൾ, വിദ്യാർത്ഥിസംഘടനകൾ, black politics, സ്വത്വരാഷ്ട്രീയം, ഭാഷാപരമായും പ്രാദേശികമായുമുള്ള താത്പര്യങ്ങളുടെ മേൽ രൂപംകൊണ്ട മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇങ്ങനെ വിമോചനാശയങ്ങൾ പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു എന്നതാണ് പോസ്റ്റ് മോഡേണിസത്തിന്റെ മറ്റൊരു ഫലം.
സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്കും പാട്രിയാർക്കിയൽ കൾച്ചറിനുമെതിരെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നുവന്നെങ്കിലും അവർ വാസ്തവത്തിൽ ചെയ്തത് തുല്യത വേണമെന്ന് ആവർത്തിച്ചു പ്രസംഗിക്കുക മാത്രമാണ്. മറിച്ച് ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും ചരിത്രപരമായി രൂപംകൊണ്ടതെങ്ങനെ, അവ നിലനിൽക്കുന്ന ഉത്പാദകബന്ധങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ വിശകലനങ്ങളൊന്നും അവർ നടത്താറില്ല.
അടിച്ചമർത്തപ്പെടുന്നത് സ്ത്രീയായാലും അവർണനായാലും കറുത്തവനായാലും മതന്യൂനപക്ഷങ്ങളായാലും പരിസ്ഥിതി തന്നെയായാലും അത്തരം ഒറ്റയൊറ്റയായ മുന്നേറ്റങ്ങളെയെല്ലാം കൂട്ടിയിണക്കുന്ന ഒരു പൊതു'കാരണത്തെ' ഉത്തരാധുനികത അദൃശ്യമാക്കുന്നു. പലകോണുകളിൽ നിന്നുള്ള ബഹുസ്വരത ഉത്തരാധുനികതയുടെ അടയാളമായി മാറി. ഒരു ബൃഹത്തായ ലോകവീക്ഷണത്തിനു പകരം കേവലമായ വീക്ഷണങ്ങളിൽ അവരൊതുങ്ങി. മുതലാളിത്തചൂഷണത്തെ കുറിച്ച് ഫെമിനിസ്റ്റുകൾക്കോ സ്ത്രീവിമോചനത്തെ കുറിച്ച് പരിസ്ഥിതിവാദികൾക്കോ പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ച് ദളിത് ആക്ടിവിസ്റ്റുകൾക്കോ ചിന്തിക്കാൻ കഴിയാത്ത / ചിന്തിക്കേണ്ട ആവശ്യമില്ലാത്ത ഒരു സ്ഥിതിവിശേഷം. സമരങ്ങൾക്ക് അതിന്റെ ആശയപരമായ കരുത്ത് നഷ്ടമാവുകയും അവയെല്ലാം കേവലം താൽക്കാലിക പരിഹാരങ്ങൾക്ക് വേണ്ടിയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ ബിംബാരാധനയ്ക്ക് വേണ്ടിയോ ഒക്കെ ആവുകയും ചെയ്തു.
യൂറോപ്പിൽ രൂപംകൊണ്ട പുത്തൻഇടതുപക്ഷ (new left) ഗ്രൂപ്പുകളിലും മാർക്സിസ്റ്റ്- ഇതര പുരോഗമനവാദികൾ ഭൂരിപക്ഷം നേടി. എല്ലാ പ്രശ്നങ്ങളും സാംസ്കാരികപ്രശ്നങ്ങൾ മാത്രമായി മാറി. സ്ത്രീവിരുദ്ധതയും ദളിത്‌വിരുദ്ധതയും പരിസ്ഥിതിപ്രശ്നവും മതമൗലികവാദവും ഒക്കെ 'മനുഷ്യന്റെ സ്വഭാവദോഷത്തിന്റെ' / സാംസ്കാരിക വൈകല്യത്തിന്റെ ഫലമായി കാണപ്പെട്ടു. ഇതിന്റെയൊക്കെ വേരുകളിറങ്ങുന്ന സാമ്പത്തികമായ ഭൗതികാടിത്തറകൾ വിസ്മരിക്കപ്പെട്ടു.
മനുഷ്യൻ നന്നായാൽ ലോകം നന്നായിക്കോളുമെന്ന തെറ്റായ 'കേവലത്വ'ത്തിലേക്ക് ഉത്തരാധുനികത നമ്മെ ചലിപ്പിക്കുന്നു. ചരിത്രപരതയും വസ്തുനിഷ്ഠതയും സാമൂഹ്യവിമർശനങ്ങളിൽ ഇല്ലാതാകുന്നു. വലിയ ലക്ഷ്യങ്ങളിൽ നിന്നും ചെറിയ പ്രസ്ഥാനങ്ങളിലേക്കും പല നിറങ്ങളുള്ള കൊടികളിലേക്കും വിമോചനശാസ്ത്രങ്ങൾ ചുരുങ്ങുന്നു. ഇതിന്റെയൊക്കെ ഫലമായി വർഗസമരം, തൊഴിൽ ചൂഷണം, അസമത്വം തുടങ്ങിയ യാഥാർത്ഥ്യങ്ങൾ ഇത്തരം പുത്തൻ ട്രെന്റുകളുടെ കീഴിൽ ഒതുങ്ങിപ്പോയി. 1962ൽ പുറത്തിറങ്ങിയ റേച്ചൽ കാഴ്സണിന്റെ 'The silent spring' പരിസ്ഥിതിരാഷ്ട്രീയത്തിന് തുടക്കം കുറിച്ചപ്പോൾ 1966ലെ ഫെമിനൈൻ മിസ്റ്റിക്ക് എന്ന ബെറ്റി ഫ്രീഡന്റെ ഗ്രന്ഥം പുതിയ ഫെമിനിസ്റ്റ് തരംഗങ്ങൾക്ക് ആരംഭം കുറിച്ചു. യുഎസിലും ഫ്രാൻസിലും മറ്റും സർവകലാശാല കലാപങ്ങളും വിദ്യാർത്ഥീമുന്നേറ്റങ്ങളും വെടിവെപ്പും വരെ ഉണ്ടായി (1968ലെ പാരീസ് വസന്തം). LGBT ഉൾപെടെയുള്ളവരുടെ പുതിയകാല വിമോചനശബ്ദങ്ങളും എടുത്തുപറയണം.
ഇങ്ങനെ അനേകം പുരോഗമനപ്രസ്ഥാനങ്ങൾ ഉത്തരാധുനികതയിൽ ജന്മം കൊണ്ടെങ്കിലും മറുവശത്ത് വർഗീയഫാസിസ്റ്റ് പാർട്ടികളും മതമൗലികവാദവും തീവ്രവലതുപക്ഷമുന്നണികളും ഒക്കെ മുൻനിരയിലേക്ക് ഉയർന്നുവന്നു. ശാസ്ത്രം വികസിച്ചെങ്കിലും ശാസ്ത്രവിരുദ്ധതയും അങ്ങേയറ്റം പ്രമോട്ട് ചെയ്യപ്പെട്ടു. മനുഷ്യനെ തരംതിരിക്കാൻ അനേകം കാരണങ്ങൾ പോസ്റ്റ് മോഡേണിസം സമ്മാനിച്ചു. ഇടതുബുദ്ധിജീവികൾ പോലും പല സാമൂഹ്യതിന്മകളെയും 'വൈവിധ്യം, ബഹുസ്വരത' തുടങ്ങിയ ന്യായീകരണങ്ങളാൽ പിന്തുണച്ചത് പോസ്റ്റ് മോഡേണിസത്തിന്റെ സ്വാധീനഫലമാണ്. (മതപരമായ ഒരു അനാചാരത്തെ ഇന്നൊരാൾ ചോദ്യം ചെയ്യുമ്പോൾ 'അത് വിശ്വാസികളുടെ കാര്യം. അവരുടെ കണ്ണിൽ അത് ശരിയാണ്. നമ്മൾ തലയിടാൻ പാടില്ല' തുടങ്ങിയ ന്യായീകരണങ്ങൾ നിങ്ങൾ നടത്താറുണ്ടെങ്കിൽ നിങ്ങളും ഒരു ഉത്തരാധുനികൻ ആണെന്ന് സാരം.) ആധുനികതയുടെ നേർവിപരീതമാണിത്. തീവ്രവാദവും ഗോത്രീയവിശ്വാസങ്ങളും ഒക്കെ ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്നു. എല്ലാ വൈവിധ്യങ്ങൾക്കും മേലെയാണ് ജനാധിപത്യവും മാനവികതയും എന്ന 'ആധുനികമൂല്യത്തെ' ഉത്തരാധുനികത നിഷേധിക്കുന്നു. പക്ഷേ അപ്പോഴും മാർക്സിസത്തിന്റെ 'ആധുനികത'യും വിമോചനാശയങ്ങളും വീണ്ടും ഉത്തരാധുനികതയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
( ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ ഉദയത്തോടെ സ്ലാവോയ് ഷിഷെക്, അലൻ ബാദ്യു, ഫ്രഡറിക്ക് ജെയിംസൺ തുടങ്ങിയ നിരവധി ചിന്തകരുടെ കടന്നുവരവോടെ മാർക്സിസം പുത്തനുണർവ് നേടി. ഡേവിഡ് ഹാർവി, ജോൻ എൽസ്റ്റർ, റിച്ചാർഡ് വോള്ഫ്, അൻറോണിയോ നെഗ്രി, ടെറി ഈഗിൾട്ടൺ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ നിരവധി സമകാലിക സാമൂഹിക ശാസ്ത്രജ്ഞന്മാർ മാർക്സിസം എന്ന ആശയത്തിന് വർദ്ധിച്ച ഊർജ്ജം നൽകി).


ഒരു_കമ്മ്യൂണിസ്റ്റായാലുള്ള_ബുദ്ധിമുട്ടുകൾ

        ഈ വിഷയത്തെക്കുറിച്ച് എഴുതണമെന്നാലോചിച്ചിട്ട് കാലം കുറേയായി. കേരളരാഷ്ട്രീയം ഇടത് ,വലത് എന്ന ദ്വന്ദത്തിൽ കാലങ്ങളായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതുകൊണ്ടും ഇപ്പോൾ വർഗീയകക്ഷികൾ കൂടിച്ചേർന്ന് ഒരു ത്രികോണവടംവലിയായി അത് രൂപാന്തരം പ്രാപിച്ചതുകൊണ്ടും പലപ്പോഴും കമ്മ്യൂണിസവും മറ്റുള്ളവരെ പോലെ ഒരു രാഷ്ട്രീയചേരി മാത്രമായി കരുതപ്പെടുന്നുണ്ട്. ഇടതും വലതും ഒക്കെ 'കണക്കാണെ'ന്ന നിഷ്പക്ഷബോധ്യത്തിനും ഇവിടെ കാലങ്ങളായുള്ള പഴക്കമുണ്ട്. എന്നാൽ ഇടതും വലതും അങ്ങനെ തുല്യദുഃഖിതരല്ലെന്നും ഒരു കമ്മ്യൂണിസ്റ്റ്/ ഇടതുപക്ഷക്കാരനായി ജീവിക്കണമെങ്കിൽ മറ്റുകൂട്ടരെ അപേക്ഷിച്ച് ബൗദ്ധികമായ ചില കടമ്പകളും വ്യവസ്ഥകളും ബുദ്ധിമുട്ടുകളും കൂടി മറികടക്കണമെന്നും വ്യക്തമാക്കാനാണ് ഈ പോസ്റ്റ്. (നിങ്ങൾക്കും വേണമെങ്കിൽ കൂട്ടിച്ചേർക്കാം).
1) ആരാണ് കമ്മ്യൂണിസ്റ്റ് എന്നതാണ് ഒന്നാമത്തെ പ്രശ്നം. കമ്മ്യൂണിസം എന്നത് മറ്റ് കക്ഷികളെപോലെ ഒരു പാർട്ടി-സ്വത്വം അല്ല എന്ന് മനസിലാക്കുക. നിങ്ങൾക്ക് ഒരു കോൺഗ്രസുകാരനാവാൻ വളരെ എളുപ്പമാണ്. കോൺഗ്രസ് എന്ന പാർട്ടിയുടെ നിലപാടുകളെ കുറച്ചൊക്കെ പിന്തുടർന്നാൽ മാത്രം മതി. അല്ലെങ്കിൽ വെറുതെ കോൺഗ്രസുകാരനാണെന്ന് പറഞ്ഞാലും മതി. നിങ്ങൾ വർഗീയവാദിയോ മതേതരനോ നാസ്തികനോ വിശ്വാസിയോ മുതലാളിത്തവാദിയോ സോഷ്യലിസ്റ്റോ അനാർക്കിസ്റ്റോ ഫെമിനിസ്റ്റോ സ്ത്രീവിരുദ്ധനോ ഒക്കെയായാലും കോൺഗ്രസുകാരനാകുന്നതിൽ അതൊന്നും ഒരു തടസമല്ല.
ഏതെങ്കിലും പ്രത്യയശാസ്ത്രത്തെയോ മൂല്യങ്ങളെയോ ഒന്നും പിന്തുടരേണ്ടതില്ല. ധാർമികമായ ഒരു ചിന്താപ്രക്രിയയും വേണ്ട. കോൺഗ്രസ് പാർട്ടി മതനിരപേക്ഷനിലപാടുകൾ കൈക്കൊള്ളുമ്പോൾ നിങ്ങളും അതിനെ പിന്തുണയ്ക്കുക.
മറിച്ച് രാമക്ഷേത്രം വേണമെന്ന് പ്രിയങ്കാഗാന്ധി പ്രസംഗിച്ചാൽ നിങ്ങൾക്കും അതിനെയും സപ്പോർട്ട് ചെയ്യാം. കോൺഗ്രസിന്റെ നിലപാട് എന്നത് സോണിയാഗാന്ധി- കുടുംബത്തിന്റെയും ഹൈക്കമാന്റിന്റെയും നിലപാടുകളാണ്. നെഹ്റുവിന്റെ മതനിരപേക്ഷതയും സോഷ്യലിസവും ശാസ്ത്രബോധവും പുരോഗമനവും ഗാന്ധിയുടെ ആദർശവും ജീവിതക്രമവും ഒക്കെ മുറുകെപ്പിടിക്കാമെന്ന് യാതൊരു ശാഠ്യവും ആ പാർട്ടിക്കില്ല. പാർട്ടി നവഉദാരവത്കരണത്തിനും സ്വകാര്യവത്കരണത്തിനും കോർപ്പറേറ്റ് കുത്തകകൾക്കും വേണ്ടി വാദിച്ചാൽ അതും കോൺഗ്രസുകാരന് യാതൊരു ധർമസങ്കടവും ഉണ്ടാക്കില്ല. മറിച്ച് കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിവാദിച്ചാലും നോപ്രോബ്ലം.. വർഗീയത പ്രയോഗിച്ചാലോ, വർഗീയപാർട്ടികളോട് കൂട്ടുകൂടിയാലോ അതും കോൺഗ്രസുകാരനെ വിഷമിപ്പിക്കേണ്ടതില്ല. അന്നന്നത്തെ രാഷ്ട്രീയത്തിനനുസരിച്ച് നിലപാടുകൾ കൈക്കൊള്ളുക. അത്രമാത്രം.
ഇതുപോലെയാണ് ബിജെപിയും. മോഡി- അമിത്ഷാജിമാർ എന്തുപറയുന്നോ അതങ്ങ് ഷെയർ ചെയ്താൽ മതി. അന്ധമായി പിന്തുടർന്നാൽ മതി, നിങ്ങൾക്ക് നല്ലൊരു 916 സങ്കിയായി മാറാം. വിദ്വേഷത്തിന്റെയും നന്മമരത്തിന്റെയും ഭാവങ്ങൾ പാർട്ടിക്കനുസരിച്ച് മാറിമാറിയണിഞ്ഞാൽ മതി.
2) ഇതല്ല, കമ്മ്യൂണിസ്റ്റുകാരന്റെ സ്ഥിതി. നിങ്ങൾ പിണറായി വിജയനെയോ പൊളിറ്റ് ബ്യൂറോയെയോ അന്ധമായി പിന്തുടർന്നാലോ പാർട്ടിയുടെ അനുഭാവിയായാലോ നിങ്ങൾ കമ്മ്യൂണിസ്റ്റുകാരനാവണമെന്ന് നിർബന്ധമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തമായി എതിർത്തതുകൊണ്ട് കമ്മ്യൂണിസ്റ്റുവിരുദ്ധനുമാകില്ല. പാർട്ടിയുമായുള്ള സ്വർച്ചേർച്ചയല്ല, സ്വന്തമായ നിലപാടുകളും മൂല്യബോധവുമാണ് ഒരാളെ കമ്മ്യൂണിസ്റ്റാക്കുക.
സ്വകാര്യവത്കരണം, ചങ്ങാത്തമുതലാളിത്തം, സാമ്പത്തികനയങ്ങൾ, പരിസ്ഥിതി, മതനിരപേക്ഷത, ലിംഗനീതി, പട്ടിണിപ്രശ്നം തുടങ്ങിയ അനേകം വിഷയങ്ങളിൽ നിങ്ങൾക്ക് സ്വന്തമായ വീക്ഷണങ്ങൾ ഉണ്ടായിരിക്കണം. ലോകത്ത് നടക്കുന്ന പലസംഭവങ്ങളിലും അഭിപ്രായങ്ങൾ രൂപീകരിക്കേണ്ടിവരും. ആമസോൺ കാട് കത്തിയപ്പോഴും അമേരിക്ക ഇറാഖിനുമേൽ കടന്ന് കയറിയപ്പോഴും ഇസ്രയേൽ ഗാസയിൽ മനുഷ്യക്കുരുതി നടത്തുമ്പോഴും ഒക്കെ കനലൊരുതരി എന്ന് പരിഹസിക്കപ്പെടുന്ന സിപിഎമ്മും മറ്റ് ഇടത് പാർട്ടികളും അഭിപ്രായം പറയും. രാഷ്ട്രീയം എന്നത് ഇന്ത്യയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് അങ്കണത്തിൽ മാത്രമൊതുങ്ങുന്നതല്ലെന്ന വിശ്വമാനവികബോധമാണത്.
3) ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം കോർപറേറ്റ് അനുകൂലമായ ഭരണം കാഴ്ചവെച്ചാൽ ഒരു കമ്മ്യൂണിസ്റ്റുകാരന് അതിനെ അനുകൂലിക്കാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി മതപ്രീണനമോ, വർഗീയനിലപാടുകളോ, തൊഴിലാളീവിരുദ്ധ നയങ്ങളോ സ്വീകരിച്ചാൽ കമ്മ്യൂണിസ്റ്റുകാർക്ക് തീർച്ചയായും ധർമ്മസങ്കടമുണ്ടാകുകയും (പാർട്ടിയെ ചിലപ്പോൾ അന്ധമായി ന്യായീകരിക്കുമെങ്കിലും) ചെയ്യും. പൊതുസമൂഹം തന്നെ നമ്മെ പരിഹസിക്കും.
ഇതിന് കാരണം കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയസ്വത്വം എന്നത് പാർട്ടിയിലല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളിലാണ്. സ്വന്തം ആശയങ്ങളിലുള്ള ഉറച്ച ബോധ്യമുള്ള ഒരു കമ്മ്യൂണിസ്റ്റിന് പലപ്പോഴുമുണ്ടാകുന്ന ധാർമികപ്രശ്നങ്ങൾ ഒരു കോൺഗ്രസ്- ബിജെപി അനുഭാവിക്ക് ഉണ്ടാവാനിടയില്ല.
നിങ്ങൾക്ക് കടുത്ത ഈശ്വരഭക്തനും ആചാരവാദിയുമാകാം. പക്ഷേ നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ നിങ്ങൾ അക്കാരണത്താൽ പരിഹസിക്കപ്പെടും. രമേശ് ചെന്നിത്തല അമ്പലത്തിൽ കയറി തൊഴുതാൽ അത് സ്വാഭാവികമാണ്. കടകംപള്ളി സുരേന്ദ്രൻ ചെയ്താൽ അത് ട്രോളായിമാറും.
4) പൊളിറ്റ് ബ്യൂറോ നേതാവ് മുതൽ നാട്ടിലെ ഒരു ലോക്കൽ സെക്രട്ടറി വരെ ചെയ്യുന്ന പ്രത്യയശാസ്ത്രവിരുദ്ധമായ പ്രവർത്തികൾക്ക് മറുപടി പറയേണ്ടിവരിക എന്നതാണ് മറ്റൊരു പ്രശ്നം. (ചിലപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത സഖാക്കൾക്ക് പോലും). സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും ചൈനയുടെ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കിനും പോൾപോട്ടിന്റെയും സ്റ്റാലിന്റെയും കിംജോങ് ഉന്നിന്റെയും ക്രൂരതകൾക്കും ഒക്കെ പലപ്പോഴും നമ്മൾ ഉത്തരംനൽകേണ്ടിവരും. സ്വകാര്യവത്കരണ- കോർപറേറ്റ് അനുകൂല നവലിബറൽ രാഷ്ട്രീയയുക്തികളെയും വലതുപൊതുബോധത്തെയും എതിർക്കുമ്പോൾ നാം പെട്ടുപോവുക കടുത്ത ആശയസംവാദങ്ങളിലാവും.
കമ്മ്യൂണിസമൊക്കെ ലോകമാകെ ചവറ്റുകൊട്ടയിലെറിഞ്ഞ ഉട്ടോപ്യൻ ആശയങ്ങളല്ലേ എന്ന പരിഹാസവും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നിട്ടില്ലാത്ത എത്ര കമ്മ്യൂണിസ്റ്റുകൾ ഉണ്ട്..? സുഹൃത്തുക്കൾക്കിടയിൽ പോലും സ്വന്തം ബോധ്യങ്ങളെ നിരന്തരം പ്രതിരോധിക്കേണ്ടി വരും. ചിലപ്പോൾ ഒറ്റപ്പെടേണ്ടതായും. മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മുതലാളിത്തവിരുദ്ധമായ രാഷ്ട്രീയ- സാമ്പത്തികനിലപാടുകൾ കുറച്ചധികം കൊണ്ടുനടക്കേണ്ടിവരും. കുറച്ചധികം രാഷ്ട്രീയ-ചരിത്ര വിദ്യാഭ്യാസവും വേണ്ടിവരും. ആഗോളവത്കരണം, സാമ്രാജ്യത്വം ഇങ്ങനെ പല കടുകട്ടിവിഷയങ്ങളെ കുറിച്ചും നിലപാട് കൈക്കൊള്ളേണ്ടിവരും. അത്തരം നിലപാടുകൾ മാർക്സിസ്റ്റ് വിരുദ്ധമാകുമ്പോൾ ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമാകേണ്ടിയുംവരും.
5) ഏറ്റവും വലിയ കൗതുകം, കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ഉൾപെടെ ഉപദേശങ്ങളും വിമർശനങ്ങളും കേൾക്കേണ്ടിവരും എന്നതാണ്. ഇടതുപക്ഷം ഇടതുപക്ഷവിരുദ്ധമായ ചില നിലപാടുകൾ കൈക്കൊള്ളുമ്പോൾ 'ഇങ്ങനെയല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ' എന്നുപറഞ്ഞ് പാർട്ടിയെ നന്നാക്കാൻ ശ്രമിക്കുന്ന കുറേപേരുണ്ട്. മുമ്പ് കോൺഗ്രസിലെ VM സുധീരൻ 'ഇടതുപക്ഷസർക്കാർ കമ്മ്യൂണിസത്തിന് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത്' എന്നുപറഞ്ഞുകൊണ്ട് നടന്നത് ഓർമയുണ്ട്. LDF സർക്കാരിന്റെ 'കൺസൾട്ടൻസി വിധേയത്വ'ത്തിനെതിരെ ഇതൊന്നും യഥാർത്ഥ ഇടതുസമീപനം അല്ലെന്നുകാണിച്ച് യെച്ചൂരിക്ക് കത്തയച്ചത് ചെന്നിത്തലയാണ്. കമ്മ്യൂണിസ്റ്റുകാർ 'യഥാർത്ഥ കമ്മ്യൂണിസത്തിന് 'നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ വലതുപക്ഷത്തിന് എന്തിനാണ് ഇത്ര സങ്കടം എന്നറിയില്ല.
         എന്നാൽ പാർട്ടിക്കുള്ളിലും പാർട്ടിയോട് സ്നേഹമുള്ള അനുഭാവികൾക്കിടയിലും ഇത്തരം സ്വയംവിമർശനങ്ങൾ മുളപൊട്ടാറുണ്ട്. സിപിഎം യഥാർത്ഥ കമ്മ്യൂണിസത്തിനു വിരുദ്ധമായ വലതുനിലപാടുകൾ കൈക്കൊള്ളുന്നു എന്ന 'റിവിഷനിസ്റ്റ്' ആരോപണങ്ങൾ വലതന്മാരിൽനിന്നും വലതുമാധ്യമങ്ങളിൽനിന്നും ഉദ്ദേശശുദ്ധിയുള്ള ഇടതന്മാരിൽനിന്നും ഒരുപോലെ നിരന്തരം കേൾക്കേണ്ടിവരും എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മറ്റൊരുപ്രശ്നം. ചിലപ്പോൾ ഉള്ളിന്റെയുള്ളിൽ ചിലപ്പോഴെങ്കിലും പാർട്ടിയോട് എതിർപ്പും തോന്നാം. ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ചതാണോ എന്നുള്ള ''ധാർമികപ്രശ്നവും' നിരാശയും ബാധിച്ചേക്കാം. പാർട്ടിക്കെതിരെ നമ്മൾ സംസാരിച്ചാൽ അത് 'പാവപ്പെട്ടവർക്ക് താങ്ങാകേണ്ട' പാർട്ടിയെ ദുർബലപ്പെടുത്തുന്ന കുലംകുത്തി നിലപാടാവില്ലേ എന്ന ആശയകുഴപ്പവും. മറ്റ് പാർട്ടിക്കാർക്കില്ലാത്ത ഇത്തരം ധർമസങ്കടങ്ങളാണ് കമ്മ്യൂണിസ്റ്റായാലുള്ള ഏറ്റവും വലിയ പ്രതിസന്ധി. ഈ മസ്തിഷ്ക- പ്രതിസന്ധികളെ സഹിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും കമ്മ്യൂണിസ്റ്റാവാം. ഇല്ലെങ്കിൽ മറ്റെന്തെങ്കിലുമായി തരംപോലെ 'ഹാപ്പി'യായി ജീവിക്കാം..

 

ഫെമിനിസത്തിന്റെ ചരിത്രം

വ്യക്തിയെ വ്യക്തിയായി പരിഗണിക്കുക എന്ന് ചുരുക്കി നിർവചിക്കാം ഫെമിനിസത്തെ.. ഒരു സമൂഹത്തിൽ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, കടമകൾ നിക്ഷിപ്തമാക്കപ്പെടുമ്പോൾ കഴിവുകളെയും നൈപുണ്യങ്ങളെയും പരിഗണിക്കുമ്പോൾ, നിലപാടുകളുമായി സംവദിക്കുമ്പോൾ ഒക്കെയും അയാളുടെ genderനെ ഒരു മാനദണ്ഡമാക്കാതിരിക്കുക, ലൈംഗികഭിന്നതകളെ മാറ്റിനിർത്തി വ്യക്തിയെന്ന നിലയിൽ ഏവർക്കും തുല്യപരിഗണനയും തുല്യനീതിയും ഉറപ്പാക്കുക ഇതൊക്കെ തന്നെയാണ് ഫെമിനിസ്റ്റ് ആശയങ്ങളുടെ കാതൽ.. സോഷ്യൽമീഡിയയിലൂടെ ഇത്തരം പുരോഗമനാശയങ്ങൾ പല കോണുകളിൽ നിന്നും നാം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. പൊളിറ്റിക്കൽ കറക്ട്നെസ് പോലുള്ള ആശയങ്ങൾ കലയും സിനിമയുമായി ബന്ധപ്പെട്ട് നാം ചർച്ച ചെയ്യുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു ലോകത്തുതന്നെയാണ് നാമിന്നും ജീവിക്കുന്നത്. സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നു, തിരിച്ചറിയപ്പെടാതെ അത് പൊതുബോധത്തിന്റെ ഭാഗമാകുന്നു. നമുക്കുചുറ്റുമുള്ള സമൂഹത്തിൽ വ്യക്തികൾ Socially conditioning ചെയ്യപ്പെടുന്നതിന്റെ ഭാഗമായി പുരോഗമനവാദികളിൽ പോലും സ്ത്രീവിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമാകാറുണ്ട്.
അടുക്കളയിൽ നിത്യാധ്വാനത്തിൽ നിന്നും ഇന്നും മോചിതയാവാത്ത സ്ത്രീക്ക് ഏത് പാതിരാവിലും ഏത് തെരുവിലൂടെയും ഭയം കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന ഒരു സാമൂഹ്യാന്തരീക്ഷം ഇന്ന് സ്വപ്നം മാത്രമാണ്. നവമാധ്യമങ്ങളിൽ പോലും സ്ത്രീകളെ അടയാളപ്പെടുത്തുന്നത് കഴിവിന്റെയോ വ്യക്തിത്വത്തിന്റെയോ പേരിലല്ല, വിപണിമൂല്യമുള്ള സൗന്ദര്യവസ്തുവായി തന്നെയാണ്. ധീരതയുടെയും രക്ഷകർത്തൃത്വത്തിന്റെയും ആണിടങ്ങളിൽ രണ്ടാംകിടക്കാരിയായി അഭയംതേടാനാണ് സ്ത്രീയുടെ ദൗത്യം. മാതൃത്വം, പാതിവ്രത്യം, ചാരിത്ര്യശുദ്ധി തുടങ്ങിയവയെ മഹത്വവത്കരിച്ചും കുടുംബത്തിൽ വിധേയത്വം സ്വീകരിക്കാൻ സ്ത്രീയെ പരിശീലിപ്പിച്ചും പാട്രിയാർക്കി ഇന്നും മുന്നോട്ടുതന്നെയാണ്. 'Gender' എന്നത് പ്രിവിലേജുകൾക്ക് മാനദണ്ഡമാകുന്ന അവസ്ഥ.
#പാട്രിയാർക്കിയുടെ_പൊതുബോധനിർമിതി
ജനിച്ചനാൾ മുതലല്ല, ജനിക്കുന്നതിനു മുമ്പേ തന്നെ, പെൺഭ്രൂണഹത്യയുടെ വാളിനെ അതിജീവിച്ചാണ് ഓരോ ബാലികയും ജനിച്ചുവീഴുന്നത്. ജനിച്ചത് പെൺകുഞ്ഞായാൽ മുഖത്തുണ്ടാവുന്ന നിരാശയിൽ നിന്നും ആൺകുഞ്ഞായാലുള്ള അഭിമാനബോധത്തിൽ നിന്നും മാതാപിതാക്കൾ മുക്തരല്ല. കുടുംബത്തിൽ കുട്ടികൾ തമ്മിലെ കലഹങ്ങളിൽ പോലും നീ പെണ്ണാണെന്നും തോറ്റുകൊടുക്കണമെന്നുമുള്ള ആവർത്തിച്ചുറപ്പിക്കലുകൾ പെൺകുട്ടി കേൾക്കേണ്ടിവരും. ആണിന് വിധേയയാവാനും വിട്ടുവീഴ്ച ചെയ്യാനും സ്ത്രീയെ പരിശീലിപ്പിക്കുന്നത് കുടുംബമാണ്. 'അടക്കവും ഒതുക്കവുമാണ് പെണ്ണിന് സൗന്ദര്യം', 'ആണുങ്ങളോട് തറുതല പറയരുത്' ,'വേറൊരു വീട്ടിൽ ചെന്നുകേറേണ്ടവളാണ്', 'വിവാഹത്തിലൂടെയാണ് പെണ്ണിന്റെ ജീവിതം സുരക്ഷിതമാവുക', 'ഭർത്താവും ഭർത്തൃഗൃഹവുമാണ് അവളുടെ പിന്നീടുള്ള ലോകം', 'കുടുംബത്തിന് പേരുദോഷമുണ്ടാകാൻ പെണ്ണുവിചാരിച്ചാൽ മതി', 'നാരി ഭരിക്കുന്നിടം നരകം', 'അമ്മയാകുമ്പോഴാണ് സ്ത്രീയുടെ ജീവിതം അർത്ഥപൂർണമാവുക', 'പെണ്ണുങ്ങൾ ഒച്ചയുയർത്തി സംസാരിക്കരുത്', 'വസ്ത്രധാരണവും പെരുമാറ്റവുമൊക്കെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് ചേർന്നതാവണം', ഇങ്ങനെ എത്രയെത്ര പൊതുബോധനിർമിതികളാണ് നാം കേട്ടുശീലിച്ചത്..
ആണുങ്ങളോടൊത്ത് മത്സരിക്കുമ്പോഴും ഗാർഹികചുമതലകളുടെ അധികതടസങ്ങൾ ചാടിക്കടക്കേണ്ടിവരുന്ന സ്ത്രീയുടെ ദൈന്യതയും ചർച്ച ചെയ്യപ്പെടണം. കല, സംസ്കാരം, മതം,കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ സാംസ്കാരികമേൽപുരകൾ ഈ സ്ത്രീവിരുദ്ധതയെ ചരിത്രത്തിലുടനീളം ഊട്ടിയുറപ്പിക്കാനേ സഹായിച്ചിട്ടുള്ളൂ. ഫെമിനിസം എന്നാൽ പുരുഷനെ കരിവാരിത്തേക്കാനുള്ള കൊച്ചമ്മമാരുടെ സിദ്ധാന്തമാണെന്ന അബദ്ധധാരണയും വേണ്ടവിധം പ്രചാരം നേടുന്നുണ്ട്.
#What_is_First_wave_feminism
ഫെമിനിസം എന്നത് അടുത്തകാലത്ത് മാത്രം പൊട്ടിമുളച്ച ഒരു പുരോഗമനസാമൂഹ്യപ്രസ്ഥാനമല്ല. സമൂഹത്തിൽ നിശിതമായും തുടർന്നുപോന്ന ലിംഗവിവേചനത്തിനും സ്ത്രീകൾ അനുഭവിച്ചിരുന്ന ഗാർഹിക-അടിമത്തത്തിനും എതിരായ വികാരം ഒരു രാഷ്ട്രീയമുദ്രാവാക്യമായി രൂപം പ്രാപിച്ചത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ഇത് ഒന്നാം ഫെമിനിസ്റ്റ് തരംഗം (1st wave of feminism) എന്നറിയപ്പെടുന്നു. എന്നാൽ ഇതിനുംമുമ്പേ പൗരാണികകാലം മുതലേ, സ്ത്രീത്വത്തെ മഹത്വവത്കരിക്കുന്ന ഫെമിനിസ്റ്റ് സമാനമായ ചിന്താധാരകൾ നിലനിന്നിരുന്നു. BC570ൽ പുരാതനഗ്രീസിലെ സാഫോ കൃതികളും മധ്യകാലത്ത് ജീവിച്ചിരുന്ന ക്രിസ്റ്റീൻ ഡെപിസാൻ, ഹിൽഡേഗാർഡ് ഓഫ്ബിൽഡൻ, ഒളിമ്പസ് ഡേഗ്വോജ്, ജെയിൻ ഓസ്റ്റിൻ തുടങ്ങിയ ചിന്തകരും ഫെമിനിസത്തിന്റെ ആദ്യകാലവക്താക്കളായി അറിയപ്പെടുന്നു. സ്ത്രീയുടെ സവിശേഷമായ കഴിവുകൾ, സർഗാവിഷ്കാരങ്ങൾ, അഭിമാനഘടകങ്ങൾ ഇതൊക്കെ ഉയർത്തിപ്പിടിക്കുന്നതിലപ്പുറം യഥാർത്ഥ സ്ത്രീപ്രശ്നങ്ങളിലേക്ക് അവർ ശ്രദ്ധ പതിപ്പിച്ചില്ല. അന്നത്തെ അപരിഷ്കൃതസമൂഹങ്ങൾ അവർക്കതിനുള്ള ബൗദ്ധികസാഹചര്യമൊരുക്കാത്തതാവാം കാരണം.
എന്നാൽ ലിംഗനീതി, തുല്യത, വിമോചനം തുടങ്ങിയ കാഴ്ചപ്പാടുകളോടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വതന്ത്രരൂപവും സ്വത്വബോധവും ആർജ്ജിച്ചത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ഇതാണ് #1st_wave feminism. വ്യവസായവിപ്ലവത്തെയും നഗരവത്കരണത്തെയും തുടർന്നുവ്യാപിച്ച ഇക്കാലത്തെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സോഷ്യലിസ്റ്റ് -കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും ഇഴുകിച്ചേർന്നു. ലിബറലിസം, തുല്യത, അവസരസമത്വം, സ്ത്രീകൾക്ക് വോട്ടവകാശം, തുല്യവേതനം തുടങ്ങിയവ ഇക്കാലത്തെ പ്രധാനമുദ്രാവാക്യങ്ങളായി മാറി. #കമ്മ്യൂണിസ്റ്റ്- ട്രേഡ്‌യൂണിയനുകൾ ഇതിനെ വലിയതോതിൽ സ്വാധീനിച്ചു.
#കമ്മ്യൂണിസ്റ്റ്_പ്രസ്ഥാനവും_ഫെമിനിസവും
19- 20 നൂറ്റാണ്ടുകളിൽ വിമോചനം സ്വപ്നംകണ്ട സ്ത്രീകൾ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളിൽ അണിനിരന്നതുപോലെ മറ്റൊരു രാഷ്ട്രീയചേരിയിലും അണിനിരന്നിട്ടില്ല. 1848ൽ സെനേക്ക കൻവെൻഷനിലെ വനിതാറാലി, വോട്ടവകാശത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള വനിതാമുന്നേറ്റങ്ങൾ തുടങ്ങിയവ എടുത്തുപറയണം. #കാൾ_മാർക്സിന്റെ മകളായ എലിനോർ മാർക്സ് 1888ൽ നടന്ന ലണ്ടനിലെ വനിതാതൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1904ൽ ജർമനിയിലും വനിതാവോട്ടവകാശപ്രസ്ഥാനം രൂപംകൊണ്ടു. 1912 മുതൽ റഷ്യയിൽ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളും ഫെമിനിസ്റ്റ് പ്രക്ഷോഭങ്ങൾക്ക് പൂർണപിന്തുണ നൽകി. ഇരട്ടചൂഷണം നേരിടുന്ന സ്ത്രീസമൂഹത്തിനു നേരെ കണ്ണടയ്ക്കാൻ ഒരു കമ്മ്യൂണിസ്റ്റിന് കഴിയില്ലെന്ന് ലെനിൻ പ്രസ്താവിച്ചു. #മാർച്ച്_8ന് ലോകത്ത് ആദ്യമായി വനിതാദിനറാലികൾ സംഘടിപ്പിച്ചത് കമ്മ്യൂണിസ്റ്റുകളാണ്. ബൂർഷ്വാചേരിയിൽ നിന്നും സോഷ്യലിസത്തിലേക്ക് സ്ത്രീവിമോചനപ്രസ്ഥാനങ്ങൾ വൻതോതിൽ അണിനിരന്നു.
ഒന്നാം ലോകയുദ്ധത്തിൽ പുരുഷന്മാരധികവും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതോടെ ഫാക്ടറികളിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്തു. ഇത് വീട്ടകങ്ങളിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെ മുന്നോട്ടുനയിച്ചു. സ്ത്രീകൾ അനുഭവിച്ചുപോന്ന ഗാർഹികാധ്വാനവും ലിംഗവിവേചനവും ഇല്ലാതാക്കുക ലക്ഷ്യമിട്ട് ഒക്ടോബർ വിപ്ലവാനന്തരം റഷ്യയിൽ ഒട്ടേറെ നടപടികൾ
സഃ ലെനിന്റെ കാലത്ത് കൈക്കൊണ്ടു. കുടുംബത്തിനുള്ളിൽ ശിശുപരിപാലനത്തിലും വീട്ടുജോലികളിലും തളച്ചിടപ്പെടുകവഴി സ്വന്തം കഴിവുകൾ പ്രകാശിപ്പിക്കുവാനോ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനോ സ്ത്രീകൾക്ക് കഴിയുമായിരുന്നില്ല. ചരക്കുകളുടെ സാമൂഹ്യോത്പാദനത്തിൽ സ്ത്രീപങ്കാളിത്തം വിരളമായിരുന്നു. ഈ അവസ്ഥ മാറണമെങ്കിൽ ഗാർഹികാന്തരീക്ഷം പൊളിച്ചുപണിയേണ്ടി വന്നു.
പൊതുനഴ്സറികളും പൊതു -അലക്കുശാലകളും ഭക്ഷണം വിളമ്പുന്ന കാന്റീനുകളും സോവിയറ്റ് റഷ്യയിൽ വ്യാപകമായത് സ്ത്രീകളെ വീട്ടുജോലികളിൽ നിന്നും കൂടുതൽ സ്വതന്ത്രമാക്കി. ഫാക്ടറികളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിച്ചു. തുല്യവേതനവും രാത്രി-അവധിയും പ്രസവാവധിയുമൊക്കെ ഏർപെടുത്തി. വിവാഹമോചനം കൂടുതൽ ഉദാരമായതോടെ സ്വയം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതിലും കൂടുതൽ സ്വാതന്ത്ര്യം കൈവന്നു.
ഗർഭച്ഛിദ്രവും നിയമവിധേയമായി. പല പാശ്ചാത്യരാഷ്ട്രങ്ങളിലും വനിതാക്ഷേമം മുൻനിർത്തി Abortion നിയമപരമാക്കിയത് പിൽക്കാലത്തായിരുന്നു.
റഷ്യയിൽ വ്യാപകമായിരുന്ന വേശ്യാവൃത്തി വിപ്ലവാനന്തരം അവസാനിപ്പിക്കപ്പെടുകയും ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ സ്വതന്ത്രരാക്കുകയും ചെയ്തു. ഇവരെ ചൂഷണം ചെയ്ത് പണം സമ്പാദിച്ചിരുന്ന വേശ്യാലയബ്രോക്കർമാർ അറസ്റ്റ് ചെയ്യപ്പെട്ടു. അലക്സാണ്ട്രിയ കൊലൻതായിയെ പോലുള്ള ഫെമിനിസ്റ്റ് ചിന്തകർ USSRൽ വനിതാഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലെത്തി. ഫെമിനിസം 20 നൂറ്റാണ്ടിൽ ഒരു രാഷ്ട്രീയശക്തിയായി വളർന്നതിൽ തൊഴിലാളിപ്രസ്ഥാനങ്ങളുടെ പങ്ക് അനിഷേധ്യമാണ്. പ്രമുഖ മാർക്സിസ്റ്റ്- ഫെമിനിസ്റ്റ് ചിന്തകയായ #ക്ലാര_സെറ്റ്കിന്റെ നേതൃത്വത്തിൽ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ തുടങ്ങി.
എന്നാൽ സ്റ്റാലിന്റെ അധികാരപ്രവേശം മാർക്സിസ്റ്റ്- ഫെമിനിസ്റ്റ് ഐക്യത്തെ ദുർബലപ്പെടുത്തി. വനിതാഡിപ്പാർട്ട്മെന്റ് ഇക്കാലത്ത് റദ്ദാക്കപ്പെട്ടു. 1936ൽ ഗർഭച്ഛിദ്രം റഷ്യയിൽ നിയമവിരുദ്ധമാക്കുക, ചൂഷണവിധേയരായ സ്ത്രീ- ലൈംഗികത്തൊഴിലാളികളെ കുറ്റംചുമത്തി അറസ്റ്റ് ചെയ്യുക തുടങ്ങിയ പ്രതിലോമകരമായ നടപടികൾ #സ്റ്റാലിൻ ഭരണകൂടം കൈക്കൊണ്ടു. ട്രോട്സ്കി ഉൾപെടെയുള്ള സഖാക്കൾ ഇതിനെ ശക്തമായി എതിർത്തു.
ലോകത്തിന്റെ ഇതരഭാഗങ്ങളിലും 1st wave feminism പല വിജയങ്ങളും കൈവരിച്ചു. 1920ൽ USൽ വനിതകൾ വോട്ടവകാശം നേടി. ഫ്രാൻസിൽ ഇത് 1944ൽ ആയിരുന്നെങ്കിൽ സ്വിറ്റ്സർലാന്റിൽ സ്ത്രീകൾ വോട്ടവകാശം നേടിയത് 1971ൽ മാത്രമാണ്. സൗദിയെപ്പോലുള്ള മതരാഷ്ട്രത്തിൽ ഇത് യാഥാർത്ഥ്യമാകാൻ 2015 വരെ കാത്തിരിക്കേണ്ടിവന്നു. ഇംഗ്ലണ്ടിൽ 1980കൾ വരെ വിവാഹപീഢനം ക്രിമിനൽകുറ്റം പോലുമായിരുന്നില്ല. ലിംഗസമത്വം എന്നത് ലോകരാജ്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ തുടങ്ങിയിട്ട് വളരെകുറച്ചുകാലമേ ആയുള്ളൂ എന്നത് വ്യക്തം.
#രണ്ടാം_ഫെമിനിസ്റ്റ്_തരംഗം
പൊതുവേ പാശ്ചാത്യരാജ്യങ്ങളിലെ വെള്ളക്കാരിലും മധ്യവർഗത്തിലുമാണ് 1st wave feminism സ്വാധീനം ചെലുത്തിയത്. എന്നാൽ 1960കൾ മുതൽ ഫെമിനിസം പുതിയ രാഷ്ട്രീയരൂപങ്ങളും മുദ്രാവാക്യങ്ങളും സ്വീകരിക്കുകയും പഴയ യൂറോപ്യൻകോളനികൾ ഉൾപെടുന്ന മൂന്നാം ലോകരാജ്യങ്ങളിൽ ഉൾപെടെ സ്വീകാര്യമാവുകയും ചെയ്തു. ഇതാണ് #2nd_wave_feminism. ഉത്തരാധുനികതയുടെ സ്വാധീനം, പുത്തൻ ഇടതുപക്ഷത്തിന്റെ ഉയർച്ച, ഇതരന്യൂനപക്ഷപ്രശ്നങ്ങൾ ഇതൊക്കെ ഈ 'രണ്ടാം തരംഗത്തെ' സ്വാധീനിച്ചു. #ലൈംഗികത, #പ്രത്യുത്പാദനം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി മാറിയത് 2nd wave ഫെമിനിസത്തിലാണ്. സ്ത്രീകളെ വ്യക്തികളിൽ നിന്നും സൗന്ദര്യവസ്തുക്കളായി മാത്രം പ്രതിഷ്ഠിക്കുന്ന (Objectification) മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രവണത വിമർശിക്കപ്പെട്ടു.
സ്വത്വരാഷ്ട്രീയങ്ങളുടെ മലവെള്ളപ്പാച്ചിലിൽ ഫെമിനിസവും ഒരു ഭാഗമായി മാറി.
1949ൽ പുറത്തിറങ്ങിയ '#The_second_sex' എന്ന പുസ്തകത്തിലൂടെ സിമോൺ ദെ ബുവെ എന്ന വിശ്വവിഖ്യാതയായ ഫെമിനിസ്റ്റ് ചിന്തക സ്ത്രീപക്ഷവാദങ്ങൾക്ക് പുതിയ ദിശാബോധം നൽകി. 'ആരും സ്ത്രീയായി ജനിക്കുന്നില്ലെന്നും സമൂഹമാണ് അവളെ സ്ത്രീയാക്കുന്നതെന്നും' ദെ ബുവെ എഴുതി. Sex ,Gender എന്നിവ തമ്മിലെ വൈരുധ്യങ്ങൾ ദെബുവെ യിലൂടെയാണ് കൂടുതൽ ചർച്ചാവിഷയമായത്. വിവാഹം, മാതൃത്വം, പ്രത്യുത്പാദനം തുടങ്ങിയവ സംബന്ധിച്ച ദെബുവെയുടെ നിരീക്ഷണങ്ങൾ വേറിട്ടതായിരുന്നു. 1963ൽ ഫെമിനിൻ മിസ്റ്റിക്ക് എന്ന ഗ്രന്ഥത്തിലൂടെ ബെറ്റി ഫ്രീഡനും 1969ൽ പ്രസിദ്ധീകരിച്ച 'Sexual politics'ലൂടെ കേറ്റ് മില്ലെറ്റും രണ്ടാം ഫെമിനിസ്റ്റ് തരംഗത്തിന് പുത്തനുണർവ് നൽകി. #നിയോമാർക്സിസം, സൈക്കോ അനലിറ്റിക്കൽ തിയറികൾ തുടങ്ങിയവയുമായും ഫെമിനിസം കൈകോർത്തു. പുരുഷാധിപത്യം, #മുതലാളിത്തം, സ്ത്രീലൈംഗികതയുടെ വസ്തുവത്കരണം, #Sexism ,മാതൃത്വത്തിന്റെ മഹത്വവത്കരണം, കേവലമായ Hetero- sexual ന്യൂനീകരണങ്ങൾ ഇതൊക്കെ 2nd wave ഫെമിനിസത്തിൽ വിഷയീഭവിച്ചു. സ്ത്രീസമരം വർഗസമരം തന്നെയാണെന്നും വംശം, വർഗം, ലിംഗം തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്നുമൊക്കെയുള്ള നിഗമനങ്ങൾ രൂപംകൊണ്ടു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീക്ക് അധികപ്രാധാന്യം കൈവരുന്ന മേഖലകൾക്കായി അന്വേഷണം നടന്നു. ഭൂമിയുമായും പരിസ്ഥിതിയുമായും പുരുഷനേക്കാൾ സ്ത്രീകൾ എത്രത്തോളം ബന്ധിതമായിരിക്കുന്നു എന്നതിനെപ്പറ്റിയുള്ള #Eco_feminist ചിന്താധാരകൾ പൊതുമണ്ഡലത്തിലും സാഹിത്യത്തിലും ഇടം നേടി (ഉദാ- വന്ദനാശിവ, മേധാപട്കർ). പ്രമുഖ മാർക്സിസ്റ്റ് -ഫെമിനിസ്റ്റുകളായ Angela davis, ഹെയ്തി ഹാർട്ട്മാൻ, ഗെയിൽ റൂബിൻ തുടങ്ങിയവരും ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1972ൽ ഗാർഹികാധ്വാന- വേതനം ( International wages for housework) ക്യാംപയിനുകൾ രൂപം കൊണ്ടു.
#3rd_wave_feminism
90കളുടെ മധ്യത്തിലും പിന്നീടും കൊളോണിയൽ ഉത്തരാധുനിക പ്രവണതകൾ സാംസ്കാരികതലത്തിൽ ശക്തി പ്രാപിക്കുകയും ആത്മനിഷ്ഠസമീപനങ്ങൾക്ക് മേൽക്കൈ ഉണ്ടാവുകയും ചെയ്തു. ഫെമിനിസം സൈബർ- നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. സാംസ്കാരികബഹുസ്വരതയുടെ സ്വാധീനമുൾക്കൊണ്ട് ആഗോളതലത്തിൽ സ്ത്രീവാദം വളർന്നു. എന്നാൽ രണ്ടാംതരംഗത്തെ പോലെ ഒരു സംഘടിതരൂപമായി ഈ മൂന്നാംതരംഗം (3rd wave feminism) മാറിയില്ല. #ഫെമിനിസം എന്ന വാക്കുകൊണ്ടു സ്വയംവിശേഷിപ്പിക്കാനും അവർ മടിച്ചു. അതേസമയം ഫെമിനിസം എന്നാൽ പുരുഷവിരുദ്ധമായ ഒരു അധീശത്വസിദ്ധാന്തം ആണെന്ന അപഖ്യാതി മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു.
#4th_wave
ഇന്ന് ഫെമിനിസ്റ്റുകൾ എന്ന് സ്വയംവിശേഷിപ്പിച്ചു കൊണ്ടുതന്നെ വിവിധമേഖലകളിൽ ലിംഗനീതിക്കും വിമോചനത്തിനും വേണ്ടിയുള്ള ശബ്ദങ്ങൾ ഉയരുന്നു. കലാസിനിമാ മേഖലകളിലെ വനിതാഐക്യങ്ങളും #me_too മൂവ്മെന്റും ഒക്കെ രൂപംകൊണ്ടിട്ട് അധികകാലമായിട്ടില്ല. ലൈംഗികാതിക്രമത്തിനെതിരായ പൊതുവികാരം, Toxic musculinity, വേതനത്തിലെ അസമത്വം, സദാചാരപോലീസിംങ്, വസ്തുവത്കരണം, സംരക്ഷണവാദം, കലാമേഖലയിലെ Political correctness, #LGBT വിഷയങ്ങൾ തുടങ്ങിയവ ഈ 4th wave ഫെമിനിസത്തിൽ മുഖ്യവിഷയങ്ങളായി മാറുന്നു.
ഒരുആശയമെന്ന നിലയിലും രാഷ്ട്രീയമെന്ന നിലയിലും ഫെമിനിസം എങ്ങനെ വികാസം പ്രാപിച്ചു എന്നാണ് വ്യക്തമാക്കിയത്. സ്ത്രീപ്രശ്നം കേവലം വൈകാരികമോ സാംസ്കാരികമോ ആയ വിഷയമല്ലെന്നും അതിന് ചരിത്രപരമായ /ഭൗതികപരമായ ഒരു മാനമുണ്ടെന്നും തിരിച്ചറിയണം. നിലനിൽക്കുന്ന മുതലാളിത്ത-ഉത്പാദനക്രമവുമായും ഭൗതികയാഥാർത്ഥ്യവുമായും സ്ത്രീപ്രശ്നം ചേർത്തുവെച്ച് വായിക്കണം. വർഗസമരത്തിന്റെ അവിഭാജ്യഘടകമായി ഇത് മനസിലാക്കപ്പെടണം. ഇവിടെയാണ് മാർക്സിസ്റ്റ് - ഫെമിനിസം പ്രസക്തി നേടുന്നത്..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...