ലൈംഗികരാഷ്ട്രീയത്തെ കുറിച്ചുള്ള ആദ്യത്തെ ചർച്ച തുടങ്ങിവെക്കുന്നത് തന്നെ ഫ്രെഡറിക് എംഗൽസ് ആണെന്ന് പറയാം. 'ഹൃദയബന്ധമില്ലാത്ത വേഴ്ചയാണ് വ്യഭിചാരമെന്നും രതിയുടെ അടിസ്ഥാനമാകേണ്ട ചട്ടക്കൂട് കുടുംബമല്ല, ഹൃദയബന്ധങ്ങളാണെന്നും' അദ്ദേഹം തുറന്നെഴുതുന്നുണ്ട്. ഏകഭാര്യാഭർത്തൃബന്ധത്തെ എംഗൽസ് വിളിക്കുന്നത് ഒരു പുരുഷനുമായുള്ള സ്ത്രീയുടെ ആജീവനാന്ത വ്യഭിചാരജീവിതം എന്നുതന്നെയാണ്. സ്വതന്ത്രലൈംഗികത എന്നത് ലൈംഗികഅരാജകത്വമാണെന്ന വാദം മതവും പാട്രിയാർക്കിയും ചേർന്ന് രൂപംകൊടുത്തതാണെന്നത് ഒരു വാസ്തവമാണ്. വാസ്തവത്തിൽ നാം കൂടി ഭാഗമായ ഈ പുരുഷകേന്ദ്രീകൃതസമൂഹവും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവുമൊക്കെ വാസ്തവത്തിൽ രൂപംകൊണ്ടത് ഏത് ചരിത്രഘട്ടത്തിലായിരുന്നു എന്ന് ചിന്തിക്കണം. ഇതൊക്കെ പ്രാചീനകാലം മുതലേ ഉള്ളതാണോ..? മനുഷ്യൻ ജൈവപരമായി 'misogynist' ആണോ..? പരിണാമപരമായി തന്നെ സ്ത്രീകൾ ദുർബലരും രണ്ടാംകിടക്കാരും പുരുഷന്റെ നിയന്ത്രണത്തിനും കരുതലിനും സംരക്ഷണത്തിനും വിധേയരാവേണ്ടവരും ആണോ..? ആധുനികമനുഷ്യൻ പരിണാമം വഴി ഉരുത്തിരിഞ്ഞനാൾ മുതൽ പാട്രിയാർക്കിയും അവനിടയിലുണ്ടോ..? അതോ ഇതെല്ലാം മതം പോലുള്ള ബൗദ്ധികസ്ഥാപനങ്ങൾ സ്വയം രൂപംനൽകിയതാണോ..? മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇതെല്ലാം ചർച്ച ചെയ്യേണ്ടിവരും.
ആശയങ്ങൾ സ്വയമേവ രൂപംകൊള്ളുന്നതല്ല, മറിച്ച് നിലനിൽക്കുന്ന ഭൗതികസാഹചര്യങ്ങളാണ് പുതിയ ആശയങ്ങൾക്ക് ജന്മം നൽകുക. ഇതാണ് ലളിതമായി പറഞ്ഞാൽ ഭൗതികവാദത്തിന്റെ ചരിത്രവീക്ഷണം. സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയുമൊക്കെ മനുഷ്യനുണ്ടായ കാലം മുതലേ നിലവിലുള്ള യാഥാർത്ഥ്യങ്ങളല്ല, മറിച്ച് മനുഷ്യസമൂഹത്തെ മുന്നോട്ടുനയിച്ച ഉത്പാദനോപാധികളുടെ വികാസവും സാമ്പത്തികാടിത്തറയിലെ വിപ്ലവകരമായ മാറ്റങ്ങളുമാണ് വർഗസമൂഹങ്ങൾക്കൊപ്പം ഇത്തരം പുരുഷകേന്ദ്രീകൃത മൂല്യങ്ങൾക്കും അതിന്റെ സംരക്ഷണസ്ഥാപനങ്ങൾക്കും രൂപംനൽകിയത്. ഈ പാട്രിയാർക്കിയെയും വർഗാധിപത്യത്തെയും സംരക്ഷിക്കുക, സ്വയം അടയാളപ്പെടുത്തുക എന്നീ കടമകൾ നിർവഹിക്കാൻ സമൂഹം വിവിധ ആശയസ്ഥാപനങ്ങൾക്കും രൂപംനൽകി. കുടുംബം, മതം, ഭരണകൂടം, വിദ്യാഭ്യാസം തുടങ്ങിയവ ഉദാഹരണം.
കുടുംബം_സ്വകാര്യസ്വത്ത്_ഭരണകൂടം
''കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം'' എന്ന എംഗൽസിന്റെ പുസ്തകം പുറത്തിറങ്ങുന്നത് 1884ലാണ്. പ്രാചീനമായ ഗോത്രഗണസാമൂഹ്യവ്യവസ്ഥിതിയിൽ നിന്നും വർഗസമൂഹത്തിലേക്കുള്ള മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടത്തിന്റെ ചരിത്രപരമായ വിശകലനങ്ങൾ ഇതിൽ ധാരാളം കാണാം. നരവംശശാസ്ത്രജ്ഞനും പുരാവസ്തുഗവേഷകനുമായ ഹെന്റി ല്യൂയിസ് മോർഗന്റെ 'Ancient Society Book' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് എംഗൽസും മാർക്സും തങ്ങളുടെ 'സ്വകാര്യസ്വത്തുടമാബന്ധം, കുടുംബവ്യവസ്ഥ, സ്ത്രീപുരുഷബന്ധങ്ങൾ ,ഭരണകൂടം തുടങ്ങിയവയെ കുറിച്ചുള്ള ആശയങ്ങൾ രൂപീകരിക്കുന്നത്.
സ്ഥിരവാസത്തിലേക്കും ചരക്കുത്പാദനത്തിലേക്കും കടക്കുന്നതിന് മുമ്പ് മനുഷ്യസമൂഹം കൂട്ടംകൂട്ടമായി വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും അലഞ്ഞുതിരിഞ്ഞും ജീവിച്ചിരുന്ന ചരിത്രാതീതകാലഘട്ടത്തെ 'പ്രാകൃതകമ്മ്യൂണിസം (Primitive communism) എന്നാണ് മാർക്സ് വിളിച്ചിരുന്നത്. ഭക്ഷണം അക്കാലത്ത് ഉത്പാദിപ്പിച്ചിരുന്നില്ല, മറിച്ച് ശേഖരിക്കുകയും പങ്കുവെക്കുകയുമാണ് ചെയ്തിരുന്നത്. അന്നന്നത്തെ ഭക്ഷണം തിന്നുതീർത്തും പുതിയ ഇടങ്ങളിലേക്ക് കൂട്ടമായി സഞ്ചരിച്ചും ജീവിച്ചിരുന്ന ഗോത്ര-ഗണസമൂഹങ്ങളിൽ 'മിച്ചം' ആയി മാറ്റിവെക്കാൻ സമ്പത്തോ വിഭവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ചരക്കുത്പാദനവും സ്വകാര്യസ്വത്തും അന്യമായതുകൊണ്ടുതന്നെ സ്വത്തിനുവേണ്ടിയുള്ള യുദ്ധങ്ങളോ, മനുഷ്യർ തമ്മിലെ ചൂഷണയുക്തികളോ, വിവേചനബുദ്ധിയോ ഇക്കാലത്ത് പ്രകടമായിരുന്നില്ല. നാഗരികസംസ്കാരങ്ങൾ ഉടലെടുക്കുന്നതിനും മുമ്പേ പ്രാചീനഗോത്ര- ഗണസമൂഹങ്ങളായി നിലനിന്നിരുന്ന ഇത്തരം ഗ്രൂപ്പുകളിൽ സമത്വവും സഹകരണമനോഭാവവും ഉണ്ടായിരുന്നു. ഇതാണ് പ്രാകൃതകമ്മ്യൂണിസം എന്ന് വിശേഷിപ്പിക്കപ്പെട്ടത്.
സ്ത്രീകേന്ദ്രീകൃതസമൂഹങ്ങൾ
കുടുംബം എന്നൊരു സാമൂഹ്യയൂണിറ്റ് അന്നുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സ്ത്രീയും പുരുഷനും തമ്മിലെ ലൈംഗികവേഴ്ചയും സ്വതന്ത്രസ്വഭാവമുള്ളതായിരുന്നു. സ്ത്രീകൾ പ്രസവിക്കുകയും അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങൾ ആ ഗോത്രത്തിന്റെ തന്നെ ഭാഗമാവുകയും ചെയ്തു. മറിച്ച് 'അച്ഛൻ' എന്നൊരു പദവി വഹിക്കാൻ ഒരു വ്യക്തിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ജനനത്തിന് കാരണമായ അച്ഛനെക്കുറിച്ച് ആരും ചിന്തിച്ചിരുന്നതുമില്ല. ജീവശാസ്ത്രപരമായ 'അച്ഛൻമാർ' ഒരു സോഷ്യൽ റിയാലിറ്റിയായി മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ എന്ന് സാരം. കുഞ്ഞുങ്ങൾക്കായി ദീർഘനാൾ ഗർഭധാരണവും മുലയൂട്ടലും പരിചരണവും ആവശ്യമായതിനാൽ മാതാവ് വാസസ്ഥലത്തിൽ സംരക്ഷിക്കപ്പെട്ടു. ഗോത്രത്തിലെ മറ്റ് പുരുഷന്മാരും ഗർഭധാരണം ചെയ്യാത്ത മറ്റ് സ്ത്രീകളും ഒക്കെ ഭക്ഷണശേഖരണത്തിൽ ഏർപെട്ടു. അമ്മമാർ കുഞ്ഞുങ്ങളെ പരിപാലിക്കുകയും അവർക്ക് ഗോത്രത്തിൽ ഒരു കേന്ദ്രസ്ഥാനം കൈവരികയും ചെയ്തു.
ഗോത്രത്തിന്റെ മുഖ്യകേന്ദ്രമായി സ്ത്രീകൾ മാറിയിരുന്ന ഇത്തരം മാതൃകേന്ദ്രീകൃതസമൂഹങ്ങളിൽ (matri -lineal) സ്ത്രീയും പുരുഷനും തമ്മിൽ ലിംഗപരമായ സാമൂഹ്യവിവേചനങ്ങൾ നിലനിന്നിരുന്നില്ല എന്നും matri-lineal ഗോത്രങ്ങൾ സ്വാഭാവികമായി രൂപംകൊള്ളുകയായിരുന്നെന്നും ലൂയിസ് മോർഗൻ കണ്ടെത്തുന്നു. ഇന്നും വെനസ്വേലയിലെ ബാരിഗോത്രങ്ങളിൽ ഇതുപോലുള്ള polygamyയിലധിഷ്ഠിതമായ സാമൂഹ്യഘടന കാണാനാവും. കുട്ടികൾ ആകട്ടെ മാതാവിന്റെ സംരക്ഷണത്തിൽ വളരുകയും പിന്നീട് സമൂഹത്തിന്റെ സ്വന്തവും ആയിമാറുന്നു. കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും അഭാവം, വ്യക്തികളുടെ സ്വയംഭരണം, ഗോത്രങ്ങൾ തമ്മിലും ആളുകൾ തമ്മിലുമുള്ള തർക്കങ്ങളും ആക്രമണങ്ങളും ഒഴിച്ചാൽ പൊതുവേ ഏവർക്കുമിടയിൽ നിലനിന്നിരുന്ന സഹകരണം, ലിംഗപരമായ സമത്വം, ഇതൊക്കെ ഇക്കാലത്തെ പ്രത്യേകതകളാണ്.
പഴയ എത്യോപ്യൻ ആദിവാസികളിൽ ആയുധശേഖരണമുൾപെടെയുള്ള തൊഴിലുകൾ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നിർവഹിച്ചിരുന്നതെന്ന് യൂണിവേഴിസിറ്റി ഒഫ് ഫ്ലോറിഡയിലെ പഠനം സൂചിപ്പിക്കുന്നു. പ്രാചീനതയുടെ അവശേഷിപ്പുകളായി തുടരുന്ന പല ആദിമസമൂഹങ്ങളിലും ലിംഗപരമായ വിവേചനങ്ങൾ വിരളമാണെന്ന് കാണാം. അമേരിക്കയിലെ ഇറാക്വോസ് ട്രൈബുകളിൽ കുടുംബങ്ങളല്ല, മറിച്ച് ഗോത്രങ്ങൾക്ക് കൂട്ടമായി വസിക്കാനുള്ള വലിയ ഭവനങ്ങളാണ് ഉള്ളതെന്ന് മോർഗൻ കണ്ടെത്തുന്നു. സ്ത്രീയുടെ ലൈംഗികപങ്കാളിയായ പുരുഷൻ അവളുടെ ഗോത്രഗണത്തിൽ ചേർന്നിരുന്നു എന്നും ആദിമഗോത്രങ്ങൾ സ്ത്രീകേന്ദ്രീകൃതമായിരുന്നെന്നും അദ്ദേഹം പറയുന്നു. പുരുഷാധിപത്യം ചരിത്രാതീതകാലം മുതലേ നിലനിന്നിരുന്നതല്ല, മറിച്ച് ചരക്കുത്പാദനത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ആവിർഭാവമാണ് ഇതിന്റെ ചരിത്രപരമായ ഉത്ഭവകാരണമെന്നതാണ് മോർഗനെ അടിസ്ഥാനമാക്കി എംഗൽസും മാർക്സും എത്തിച്ചേരുന്ന നിഗമനം.
ചരക്കുത്പാദനവും_അടിമത്തവും
നിയോലിത്തിക് വിപ്ലവാനന്തരം മനുഷ്യൻ കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കും നദീതടങ്ങളിലെ സ്ഥിരവാസത്തിലേക്കും ഭക്ഷണോത്പാദനത്തിലേക്കും വഴിമാറി. മൃഗപരിപാലനത്തിലേർപെട്ട ഇടയഗോത്രങ്ങൾ അപരിഷ്കൃതരുടെ പൊതുസമൂഹത്തിൽ നിന്ന് വഴിപിരിഞ്ഞത് 'ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ആദ്യത്തെ തൊഴിൽവിഭജനമായി ' എംഗൽസ് ചൂണ്ടിക്കാട്ടുന്നു. കാലികൾ, പാൽ, ഇറച്ചി, രോമം തുടങ്ങിയവ കൈമാറ്റം ചെയ്യപ്പെട്ടു. തുടക്കത്തിൽ ഗോത്രങ്ങൾ തമ്മിൽ നടന്നിരുന്ന ഇത്തരം കൈമാറ്റങ്ങൾ പിന്നീട് വ്യക്തികൾക്കിടയിലെ ചരക്കുകൈമാറ്റമായി മാറി. വ്യക്തികൾ സ്വകാര്യമായി സ്വത്ത് കൈവശം വെക്കുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം ദീർഘകാലം കൊണ്ടുസംഭവിച്ച ചരിത്രപ്രക്രിയകളാണ്. കാലികളെ ആളുകൾ കറൻസിയായി ഉപയോഗിച്ചു. കാലിവളർത്തലും കൃഷിയും കൂടുതൽ 'സമ്പത്ത്' സൃഷ്ടിച്ചു. സ്വകാര്യസ്വത്തും ആവിർഭവിച്ചു. സമ്പത്ത് വളരണമെങ്കിൽ കൂടുതൽ മനുഷ്യർ അധ്വാനിക്കേണ്ട ആവശ്യകത ഉണ്ടായി. മനുഷ്യർ സമ്പത്തുള്ള ന്യൂനപക്ഷത്തിന്റെ ബലംപ്രയോഗത്തിലൂടെ തൊഴിലിലേർപ്പെട്ടു. ഇതാണ് 'അടിമത്തവ്യവസ്ഥിതി'യുടെ ഉത്ഭവത്തിന് വഴിയൊരുക്കിയത്.
ഗോത്രീയകലാപങ്ങളിലും യുദ്ധങ്ങളിലും തോൽക്കുന്നവർ അടിമകളായി മാറി. ആദ്യകാലഅടിമകൾ വെറും സഹായികളോ ആശ്രിതരോ മാത്രം ആയിരുന്നെങ്കിൽ പിന്നീട് മൃഗങ്ങളെപോലെ അവർ കൈമാറ്റം ചെയ്യപ്പെട്ടു. കൂടുതൽ സമ്പത്തുണ്ടാകാനും ഉത്പാദനോപാധികൾ വികസിക്കാനും അടിമത്തം നിലനിൽക്കേണ്ടത് ആവശ്യമായിരുന്നു.
സ്ത്രീലിംഗത്തിന്റെ_ചരിത്രപരമായ_പരാജയം
ഉത്പാദനം കൂടുതൽ നിർവഹിച്ചിരുന്നത് പുരുഷനായതുകൊണ്ടും സ്ത്രീകൾ ശിശുപാലനത്തിലും വീട്ടുജോലികളിലും ഏർപ്പെട്ടതിനാലും മിച്ചം വരുന്ന സമ്പത്ത് പുരുഷന്റെ കൈകളിലേക്ക് എത്തിച്ചേരുകയും പുരുഷൻ മുഖ്യഅധികാരകേന്ദ്രമായി മാറുകയും ചെയ്തു. സ്ത്രീകേന്ദ്രീകൃതമായ ഗോത്രസമൂഹങ്ങളുടെ സ്ഥാനം പുരുഷകേന്ദ്രീകൃതമായ കുടുംബങ്ങൾ നേടാനുള്ള മൂലകാരണം ചരക്കുത്പാദനവും സ്വകാര്യസ്വത്തിന്റെ ആവിർഭാവവുമാണ്. ആണുങ്ങൾ ചരക്കിന്റെ സാമൂഹ്യോത്പാദനത്തിൽ ഏർപെട്ടപ്പോൾ സ്ത്രീ ഇതിൽ നിന്നും അന്യവത്കരിക്കപ്പെട്ടു. അളവറ്റ സമ്പത്തും അധികാരവും മറ്റുള്ളവരാൽ തട്ടിയെടുക്കപ്പെടാതെ തലമുറകളോളം നിലനിൽക്കണമെങ്കിൽ ഭാര്യയെയും മക്കളെയും ഒപ്പം നിർത്തേണ്ട അനിവാര്യത സൃഷ്ടിക്കപ്പെട്ടു. ഇണചേരുന്ന സ്ത്രീ പുരുഷനോടൊപ്പം ജീവിക്കുകയും അവളിൽ ഒരു പുരുഷന്റെ മാത്രം കുട്ടികൾ ഉണ്ടാവുകയും ആ കുട്ടികളെ സ്വകാര്യസ്വത്തെന്ന പോലെ സംരക്ഷിക്കുകയും ചെയ്യുന്ന monogamous ഫാമിലി രൂപംകൊണ്ടു. കുടുംബങ്ങളെയും ഏകഭർത്തൃത്വത്തെയും നിലനിർത്താൻ വിവാഹങ്ങൾ ആചാരങ്ങളായി രൂപംകൊണ്ടു.
അധികാരകേന്ദ്രങ്ങളും സാമ്രാജ്യങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിനു വരെ വിവാഹങ്ങൾ കാരണമായി. സ്വകാര്യസ്വത്ത് തലമുറകളിലൂടെ കൈമാറി സംരക്ഷിക്കാനും ചൂഷണം നിർബാധം തുടരാനും കുടുംബം എന്ന സാമൂഹ്യസ്ഥാപനം സഹായിച്ചു. Monogamy, പുരുഷകേന്ദ്രീകൃതസമൂഹങ്ങൾ എന്നിവ പ്രകൃതിദത്തമോ ജീവശാസ്ത്രപരമോ അല്ലെന്നും അവയുടെ അടിത്തറ സാമ്പത്തികമാണെന്നും ഉള്ള ശ്രദ്ധേയമായ കാഴ്ചപ്പാടാണ് ഇവിടെ മാർക്സിസം മുന്നോട്ടുവെക്കുന്നത്. സ്വകാര്യസ്വത്ത് ആവിർഭവിച്ചതോടെ സ്ത്രീയും സന്താനവും പുരുഷന്റെ സ്വകാര്യമായി മാറിയെന്ന് സാരം. പുരാതനഅസീറിയയിൽ പരസ്ത്രീയെ ബന്ധപ്പെടുന്നയാൾക്ക് അയാളുടെ ഭാര്യയെ ഇരയുടെ ഭർത്താവിന് കൈമാറിയിരുന്നു. യുദ്ധത്തിൽ തോൽക്കുന്ന പുരുഷന്മാർ അടിമകളായപ്പോൾ സ്ത്രീകൾ ലൈംഗികഅടിമകളായി തടവിലാക്കപ്പെട്ടു. മതങ്ങളും ദൈവാരാധനകളും കൂടുതൽ സ്ത്രീവിരുദ്ധവും പുരുഷകേന്ദ്രീകൃതവുമായി പരിണമിച്ചു. പുരാതനഗ്രീസിലെ ദേവതമാരുടെ സ്ഥാനത്ത് 'ദേവന്മാരും വീരപുരുഷന്മാരും' ഉണ്ടായി. ഭാരതത്തിലും സമാനമായ മാറ്റങ്ങൾ കാണാനാവും.
ഇതിന്റെ മറുപുറമെന്നോണം സ്ത്രീ പുരുഷന്റെ സന്താനോത്പാദനയന്ത്രമായി മാറി. വീടിന്റെ അകത്തളങ്ങളിൽ അവർ അടിച്ചമർത്തപ്പെട്ടു.
ഫ്രെഡറിക് എംഗൽസ് ഇതിനെ വിളിക്കുന്നത് 'The historical defeat of female sex- സ്ത്രീലിംഗത്തിന്റെ ചരിത്രപരമായ പരാജയം' എന്നാണ്. മറ്റൊരു വസ്തുത ഗാർഹികാധ്വനം തരംതാഴ്ത്തപ്പെട്ടു എന്നതാണ്. പുരുഷൻ വീടിനുപുറത്തുപോയി ചെയ്യുന്ന സാമൂഹ്യാധ്വാനം മഹത്വവത്കരിക്കപ്പെട്ടു. അടുക്കളപ്പണി സാമ്പത്തികലാഭമോ മിച്ചമൂല്യമോ സൃഷ്ടിക്കുമായിരുന്നില്ല എന്നതാവാം കാരണം. ചരിത്രത്തിലെ ആദ്യത്തെ തൊഴിൽ വിഭജനമായി മാർക്സ് ചൂണ്ടിക്കാട്ടുന്നത് ' വീട്ടിലെ സ്ത്രീയും പുരുഷനും തമ്മിലെ തൊഴിൽവിഭജനം' തന്നെയാണ്.
ലൈംഗികതയും_മതവും_സദാചാരവും
ഫ്യൂഡൽ മധ്യകാലസമൂഹങ്ങളിൽ പള്ളിയും പൗരോഹിത്യവും ഭരണകൂടത്തിനും മുകളിലെ ചൂഷണസ്ഥാപനങ്ങളായി മാറി. എല്ലാ മതങ്ങളും അടിമുടി സ്ത്രീവിരുദ്ധമായിരുന്നു. വിവാഹം കുടുംബങ്ങൾ തമ്മിലെ സ്വത്ത് കരാർ മാത്രമായി മാറി. ലൈംഗികതയുടെ ഏകദൗത്യം കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നതായിരുന്നു. പ്രത്യുത്പാദനത്തിന് വേണ്ടിയല്ലാത്ത ലൈംഗികബന്ധം മതത്തിന്റെ കണ്ണിൽ പാപമായി മാറി. സ്വവർഗലൈംഗികത, വിവാഹപൂർവ്വമായ ലൈംഗികബന്ധങ്ങൾ ഇതൊക്കെ സദാചാരവിരുദ്ധമായി മുദ്രകുത്തപ്പെട്ടു. ലൈംഗികസ്വത്വം കൂടുതൽ കർശനസ്വഭാവം കൽപിക്കപ്പെട്ടു. സ്ത്രീ പുരുഷനെ അനുകരിക്കുന്നതു പോലും പാപമായി മാറി. ജൊവാൻ ഒഫ് ആർക്കിനെ ശത്രുക്കൾ തീവെച്ചുകൊന്നതിന്റെ മുഖ്യകാരണം അവൾ പുരുഷവേഷം ധരിച്ചു എന്നതാണല്ലോ! സ്ത്രീയുടെ ലൈംഗികചോദനകൾ പോലും അടിച്ചമർത്തപ്പെട്ടു. ലൈംഗികത എന്നാൽ പുരുഷന്റെ മാത്രം ആനന്ദകേളിയായി മാറി. സ്ത്രീ ശരീരം പ്രദർശിപ്പിക്കുന്നതോ, ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നതോ പോലും ഇന്നും വിലക്കപ്പെടുന്നതിന്റെ ചരിത്രകാരണം ഇതാണ്.
മുതലാളിത്തം_കുടുംബം_സ്ത്രീ
മുതലാളിത്തത്തിന്റെ ആവിർഭാവത്തിലും കുടുംബവ്യവസ്ഥിതിയിൽ പല ഫ്യൂഡൽ അവശേഷിപ്പുകളും ബാക്കിയുണ്ടായിരുന്നു. എന്നാൽ ബൂർഷ്വാസിയുടെ വിപ്ലവവും തുടർമുന്നേറ്റവും മറ്റെല്ലാത്തിനെയും പോലെ കുടുംബത്തിനെയും പരിഷ്കരിച്ചു. കുടുംബവ്യവസ്ഥിതി മുതലാളിത്തത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നത് മാർക്സ് വിഷയമാക്കുന്നുണ്ട്. വ്യവസായവത്കരണഫലമായി മുതലാളിത്തം വളരുമ്പോൾ സ്ത്രീകളും കൂടുതലായി തൊഴിലിടങ്ങളിലെത്തുമെന്നും അവളുടെ ഗാർഹികവത്കരണം ഇല്ലാതാകുമെന്നുമുള്ള ക്ലാസിക്കൽ മാർക്സിസ്റ്റ് നിഗമനങ്ങൾ ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. സ്ത്രീകൾ കൂടുതലായി സാമൂഹ്യോത്പാദനത്തിലേക്കും സമൂഹത്തിന്റെ മുഖ്യധാരകളിലേക്കും കടന്നുവരുന്നുണ്ട്. എന്നാൽ ഇത് അവളുടെ ഗാർഹികാധ്വാനത്തെ പൂർണമായും ഇല്ലാതാക്കുന്നില്ല, മറിച്ച് തൊഴിലിടത്തിലെ ജോലിയും വീട്ടുജോലിയും ചേർന്ന് അവൾക്ക് ഇരട്ടിഭാരം സൃഷ്ടിക്കുകയാണ് ചെയ്യുക.
മുതലാളിത്തത്തിൽ ബൂർഷ്വാസി തൊഴിലാളിയെ ചൂഷണം ചെയ്യുന്നെങ്കിൽ മുതലാളിത്ത- കുടുംബത്തിൽ പുരുഷനായ ബൂർഷ്വാസി സ്ത്രീയായ തൊഴിലാളിയെ ചൂഷണം ചെയ്യുന്നുവെന്ന് എംഗൽസ് എഴുതുന്നു. സ്ത്രീപുരുഷന്മാർക്കിടയിലുമുണ്ട് വർഗസമരം. അതിന്റെയും അടിസ്ഥാനം ഗാർഹികമായ ചൂഷണം തന്നെയാണ്. ഭൂതകാലവുമായുള്ള നാഭീനാളബന്ധം അവസാനിപ്പിക്കാതെ വീട്ടമ്മയുടെ അടിമത്തം അവസാനിക്കില്ലെന്ന ബോൾഷെവിക് വിപ്ലവകാരിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ ട്രോട്സ്കിയുടെ നിഗമനം പ്രസക്തമാണ്.
വർഗസമൂഹത്തിൽ രണ്ട് തരം ഉത്പാദനങ്ങളാണുള്ളത്
1) ചരക്കിന്റെയും ഉത്പാദനോപാധികളുടെയും ഉത്പാദനം (Production)
2) ഇവ നിർമിക്കാനാവശ്യമായ തൊഴിലാളികളുടെ പുനരുത്പാദനം (Reproduction)
ഇതിൽ രണ്ടാമത്തേത് നിർവഹിക്കപ്പെടണമെങ്കിൽ കുടുംബം അനിവാര്യമായി വരുന്നു. അടുത്ത തലമുറയിലെ തൊഴിലാളിയെയും തൊഴിലില്ലാപ്പടയെയും ഉത്പാദിപ്പിക്കണമെങ്കിൽ സ്ത്രീപുരുഷബന്ധങ്ങൾ കുടുംബത്തിനുള്ളിൽ മാറ്റമില്ലാതെ തുടരേണ്ടതുണ്ട്. വിവാഹം, സന്താനങ്ങൾ ഇതൊക്കെയാണ് ജീവിതത്തെ സമ്പൂർണമാക്കുന്നതെന്ന പൊതുബോധനിർമിതിയും ഇതിനെ സഹായിക്കുന്നു. പുരുഷനായ തൊഴിലാളി ജോലിഭാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവന്റെ മാനസികമായ ഉല്ലാസവും സനാഥബോധവും വീണ്ടെടുക്കുന്നതും വിരസതയെയും അന്യവത്കരണത്തെയും പ്രതിരോധിക്കുന്നതും കുടുംബബന്ധങ്ങളിലൂടെയാണ്.
സ്ത്രീയുടെ സാമൂഹ്യപദവിയാണ് ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ലക്ഷണമെന്ന് മാർക്സ് എഴുതുന്നുണ്ട്.
സ്ത്രീപദവിയും_കുടുംബത്തിന്റെ_ധർമങ്ങളും
സമൂഹത്തിൽ സ്ത്രീപദവിയെ സ്വാധീനിക്കുന്ന 4 ഘടകങ്ങളുണ്ടെന്ന് പറയാം. ഗാർഹികാധ്വാനം, പ്രത്യുത്പാദനം, ലൈംഗികത, ശിശുസംരക്ഷണം എന്നിവയാണവ. തൊഴിലാളി സർഗാത്മകമായ അധ്വാനത്തിൽ നിന്നും അന്യവത്കരിക്കപ്പെടുമ്പോൾ സ്ത്രീ അവളുടെ വ്യക്തിത്വത്തിൽ നിന്നുതന്നെ അന്യവത്കരിക്കപ്പെടുന്നു. മാതൃത്വം, ചാരിത്ര്യം, പാതിവ്രത്യം തുടങ്ങിയ മൂല്യങ്ങൾ സ്ത്രീയെ യന്ത്രമാക്കിമാറ്റുന്ന അനീതിയെ നിലനിർത്തുന്ന ഗിമ്മിക്കുകൾ മാത്രമാണ്. കുടുംബത്തിന്റെ മറ്റൊരു ധർമം എന്നത് വിധേയത്വത്തിന്റെ കുഞ്ഞുനാൾ മുതലേയുള്ള പരിശീലനമാണ്. മേലാളരോടുള്ള ഭയഭക്തിബഹുമാനം, അന്ധമായ അനുസരണാശീലം, വിധേയത്വം തുടങ്ങിയ 'ഗുണങ്ങൾ' മനുഷ്യന് ലഭിക്കുന്നത് അവന്റെ കുടുംബത്തിൽ നിന്നുമാണ്. അച്ഛൻ, അമ്മ, മക്കൾ എന്നിങ്ങനെയുള്ള മുകളിൽ നിന്നും താഴേക്കുള്ള അധികാരശ്രേണിയിൽ ജീവിച്ചുവളരുന്ന നമ്മൾ സമൂഹത്തിലും ഇത്തരം അധികാരകേന്ദ്രങ്ങളെ സ്വാഭാവികമായി കണ്ട് അവയ്ക്ക് പൂർണമായി വിധേയരാകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
തുല്യതയെ മുൻനിർത്തിയുള്ള സ്ത്രീപുരുഷബന്ധങ്ങളിലാണ് മാനവികത ഏറ്റവും കൂടുതൽ പ്രകാശിതമാവുക എന്ന മാർക്സിന്റെ നിരീക്ഷണം ചിന്തിപ്പിക്കേണ്ടതാണ്. സ്ത്രീപുരുഷ- ബന്ധത്തിൽ തന്നെയാണ് മനുഷ്യൻ അവനിലെ അന്യവത്കരണത്തെ മറികടക്കുകയും സഹജമായ അവനിലെ 'പ്രകൃതിയിലേക്ക്' മടങ്ങുകയും ചെയ്യുന്നത്. മനുഷ്യൻ -പ്രകൃതി ബന്ധത്തിന്റെ സമ്പൂർണതയും മനുഷ്യസത്തയുടെ വീണ്ടെടുക്കലും സാധ്യമാവുന്നതും സ്ത്രീപുരുഷബന്ധങ്ങളിലാണ്. (ഇന്നായിരുന്നെങ്കിൽ സ്വവർഗലൈംഗികതയെയും മാർക്സ് ഇതിൽ ഉൾപെടുത്തുമായിരുന്നു എന്നുറപ്പ്). വിവാഹം പോലുള്ള ഉടമ്പടികളല്ല, മാനുഷികതയാണ് സ്ത്രീപുരുഷബന്ധത്തിന്റെ കാതൽ. മനുഷ്യനും മനുഷ്യനും തമ്മിലെ ബന്ധങ്ങളിൽ ഏറ്റവും ആസന്നവും സ്വാഭാവികവുമായ ബന്ധവും സ്ത്രീപുരുഷബന്ധമാണ്. പ്രകൃതി മനുഷ്യനായും മനുഷ്യൻ പ്രകൃതിയായും മാറുന്ന സവിശേഷമായ ബന്ധം.''- ഇങ്ങനെ എത്ര മനോഹരമായാണ് മാർക്സ് സ്ത്രീപുരുഷബന്ധത്തെ വിശദീകരിക്കുന്നത് എന്ന് നോക്കുക. സ്ത്രീപുരുഷബന്ധം നീതിപൂർവ്വവും അപരത്വത്തെ ബഹുമാനിച്ചുള്ളതും മാനുഷികവും ആകുമ്പോഴാണ് അത് ഉന്നതമായ മനുഷ്യബന്ധമായി മാറുക. ഉടമ്പടികളും സാമൂഹ്യവിലക്കുകളും സദാചാരനിഷ്ഠകളും ഇവിടെ മുഖംമൂടിയണിഞ്ഞ അധികാരബന്ധങ്ങൾ മാത്രമാണെന്ന് മനസിലാക്കേണ്ടതുണ്ട്..
മാർക്സിസ്റ്റ് ഫെമിനിസം
ചരിത്രപരമായ ഭൗതികവാദത്തിന്റെ പശ്ചാത്തലത്തിൽ ലിംഗവിവേചനത്തെ വിലയിരുത്തുക, വർഗസമൂഹങ്ങളിലെ സ്ത്രീയുടെ സ്ഥാനം, ആധിപത്യത്തിന്റെയും ചൂഷണത്തിന്റെയും പ്രിവിലേജുകളുടെയും ആണിടങ്ങൾ രൂപംകൊള്ളുന്നതിന്റെ ഭൗതികാടിത്തറ, സോഷ്യലിസ്റ്റ് രാഷ്ട്രീയമുന്നേറ്റങ്ങളിൽ സ്ത്രീവിമോചനം മുദ്രാവാക്യമാകുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളെല്ലാം സംഗ്രഹിച്ച് വിളിക്കപ്പെടുന്ന ഒരു ആശയധാരയാണ് മാർക്സിസ്റ്റ് ഫെമിനിസം. സോഷ്യലിസ്റ്റ് -ഫെമിനിസം, Materialist feminism എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു.
മാർക്സിസ്റ്റ് -ഫെമിനിസ്റ്റ് ചർച്ചകളിൽ ഒരിക്കലും ഒഴിവാക്കാനാവത്ത ഒരു പുസ്തകമാണ് ഷുലമിത്ത് ഫയർസ്റ്റോണിന്റെ 'Dialectics of Sex'. ബൂർഷ്വാസി, തൊഴിലാളി എന്നീവർഗങ്ങൾക്ക് സമാനമായി Sex-classകളും വളരെ ആഴത്തിൽ സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്നു. ഇതിന് സാമ്പത്തികമാനങ്ങൾ ഉണ്ടെന്നും ആളുകളുടെ പുരുഷാധിപത്യമനോഭാവം മാറിയതുകൊണ്ടുമാത്രം ഇത് പരിഹരിക്കപ്പെടില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു.
മുതലാളിത്തത്തിൽ സ്ത്രീ എങ്ങനെയാണ് അരികുവത്കരിക്കപ്പെടുന്നത് എന്ന പ്രശ്നം ധാരാളം ചിന്തകർ വിഷയമാക്കിയിട്ടുണ്ട്. ഓരോ കമ്മ്യൂണിസ്റ്റിന്റെയും തൊലിപ്പുറത്തിനുള്ളിൽ ഒരു സംസ്കാരശൂന്യനുണ്ടെന്ന് ലെനിൻ പ്രസ്താവിച്ചത് സ്ത്രീകളോടുള്ള ബഹുജനസമൂഹത്തിന്റെ തെറ്റായ സമീപനത്തെ മുൻനിർത്തിയാണ്. തൊഴിലാളിവർഗം ഒരു ശക്തിയായി സംഘടിച്ചാൽ പോലും നമ്മുടെ മനസിൽ ആഴത്തിൽ വേരുറച്ചുപോയ സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻ സദാചാരബോധവും ഇല്ലാതാകുന്നില്ല എന്നും കാണണം.
പാട്രിയാർക്കി ഇന്നും സ്ത്രീയെ രണ്ടാംതരക്കാരിയായി മാറ്റുന്നതിന് ധാരാളം കാരണങ്ങളുണ്ട്. മുൻകാലവർഗസമൂഹങ്ങളിലെ (അടിമത്തം, ഫ്യൂഡലിസം) കടുത്ത ലിംഗവിവേചനത്തിന്റെയും സ്ത്രീവിരുദ്ധആശയങ്ങളുടെയും അവശേഷിപ്പുകൾ ഇന്നും ഇവിടെ തുടരുന്നുണ്ട്. മതം, കുടുംബം, കല, മാധ്യമങ്ങൾ, വിദ്യാഭ്യാസം, സാഹിത്യം, സാമൂഹ്യപൊതുബോധം തുടങ്ങിയ അനേകം ഘടകങ്ങളാൽ നാം ചെറുപ്പം മുതലേ Socially conditioning ചെയ്യപ്പെടുന്നുണ്ട്. ഉള്ളിന്റെയുള്ളിലെ ഈ പാട്രിയാർക്കിയൽ ധാരണകൾക്കെതിരെ നാം സ്വയം പരിഷ്കരിക്കേണ്ടതും അനിവാര്യമാണ്. കണ്ടുശീലിച്ച ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തിരിച്ചറിയാനും പലപ്പോഴും നമുക്ക് കഴിയാറില്ല. മുതലാളിത്തം തൊഴിലാളിയുടെ അധ്വാനശക്തിയെ ചൂഷണം ചെയ്യുന്നെങ്കിൽ പാട്രിയാർക്കി സ്ത്രീയുടെ അധ്വാനശക്തിയെയും ലൈംഗികതയെയും ചൂഷണം ചെയ്യുന്നുവെന്ന് കാതറീൻ മാക്വിനോൺ ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധിക്കുക, മുതലാളിത്തം എന്ന വ്യവസ്ഥിതിയിൽ വില്ലൻ മുതലാളിമാർ അല്ല, മറിച്ച് ഇത്തരമൊരു ഉത്പാദനഘടനയാണ് പ്രശ്നം. അതുപോലെ പുരുഷനെ വില്ലനാക്കുകയല്ല ഫെമിനിസം ചെയ്യുന്നത്, പുരുഷനിലും സ്ത്രീയിലും ഒരുപോലെ വേരുറച്ചുപോയ പുരുഷ-മേധാവിത്ത ആശയങ്ങളും സ്ഥാപനങ്ങളുമാണ് പ്രശ്നം. 1970കളിൽ പ്രസിദ്ധ മാർക്സിസ്റ്റുകളായ പെഗ്ഗി മോർട്ടൺ, മാർഗരറ്റ് ബെൻസ്റ്റൺ എന്നിവരുടെ നീരിക്ഷണങ്ങൾ പ്രസക്തമാണ്: വീട്ടുജോലിയും ഒരു സേവനമൂല്യം ഉൾക്കൊള്ളുന്നു എന്നതാണത്. തൊഴിലാളിയുടെ അധ്വാനശക്തിയുടെ മൂല്യമാണ് അവന് കൂലിയായി ലഭിക്കുക. ഇൗ അധ്വാനത്തിലൂടെയാണ് അവൻ ചരക്കുകളായും സേവനങ്ങളായും മൂല്യം സൃഷ്ടിക്കുന്നത്. അധ്വാനശക്തിയുടെ മൂല്യമായ 'കൂലി' അവൻ സ്വന്തംകാര്യത്തിന് ചെലവഴിക്കുകയല്ല, കുടുംബത്തിന്റെ മൊത്തത്തിലുള്ള അതിജീവനത്തിന് വിനിയോഗിക്കുകയാണ്. അതേസമയം വീട്ടിലെ സ്ത്രീയും വളരെ ഉയർന്ന തോതിൽ സേവനമൂല്യം സൃഷ്ടിക്കുന്നുണ്ട്- വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രങ്ങളും വസ്ത്രങ്ങളും കഴുകുക, ചെലവുകൾ നിയന്ത്രിക്കുക, ശിശുപരിപാലനം എന്നിങ്ങനെ. എന്നാൽ മുതലാളിത്തത്തിലും വീട്ടുജോലി എന്നാൽ കൈമാറ്റമൂല്യം ഇല്ലാത്ത വെറുമൊരു ധാർമികബാധ്യത മാത്രമാണെന്ന് പെഗ്ഗി മോർട്ടൺ പറയുന്നു. വീട്ടുജോലിയും അടുക്കളപ്പണിയും പലപ്പോഴും പുറംതൊഴിലിനെ അപേക്ഷിച്ച് നിസാരവത്കരിക്കപ്പെടുന്നു, തരംതാഴ്ത്തപ്പെടുന്നു.
നമ്മുടെ നിത്യജീവിതത്തിൽ തന്നെ ഇത് പ്രകടമാണ്. പുറത്ത് നിത്യവൃത്തിക്കായി ജോലിക്ക് പോകുന്ന തൊഴിലാളി തങ്ങളുടെ തൊഴിൽ ഒരിക്കലും വളരെ എളുപ്പമുള്ളതാണെന്ന് പറയാറില്ല. തൊഴിൽ പലപ്പോഴും അഭിമാനത്തിന്റെ കൂടി ഭാഗമായി നാംകാണാറുമുണ്ട്. എന്നാൽ വീട്ടിനുള്ളിലെ സ്ത്രീ നിർവഹിക്കുന്ന ജോലികൾ വളരെ നിസാരവും ബുദ്ധിമുട്ടില്ലാത്തതും ആയി തോന്നുകയും തരംതാഴ്ത്തുകയും ചെയ്യുന്നു. കൂലിക്കുവേണ്ടി ചെയ്യുന്ന തൊഴിലിനോളം തന്നെ മൂല്യവും പ്രാധാന്യവും കാഠിന്യവും വീട്ടുജോലിക്കുണ്ട് (ഒരു പക്ഷേ തൊഴിലിനേക്കാളും). Housework ന്റെ അടിസ്ഥാനമാകട്ടെ കൂലിയല്ല, സ്നേഹബന്ധങ്ങളും അതിനേക്കാളേറെ
വിവാഹം, ഭാര്യാത്വം തുടങ്ങിയ സാമൂഹ്യഉടമ്പടികളും കീഴ്വഴക്കങ്ങളുമാണ്.
അതുകൊണ്ടുതന്നെ ശമ്പളമോ, ആനുകൂല്യങ്ങളോ, അവധിയോ, കൃത്യമായ സമയക്രമമോ, വിരമിക്കലോ, പെൻഷനോ ഒന്നുു തന്നെ അടുക്കളപ്പണിക്ക് ബാധകമാകുന്നില്ല. ഇതെല്ലാം പെണ്ണിന് വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന തൊഴിലായി നാം നോർമലൈസ് ചെയ്തിരിക്കുന്നു. മുതലാളിത്തം അതിന്റെ വിവേചനയുക്തികളെ വീട്ടിനുള്ളിലും ഇമിറ്റേറ്റ് ചെയ്യുന്നു.
1898ൽ സോഷ്യലിസ്റ്റ് ചിന്തകയായ ചാർലോട്ട് പെർകിൻസ് ഗിൽമൻ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്:- സ്ത്രീയുടെ അടിമത്തത്തിന്റെ ഘടനാപരമായ ഭൗതികാടിത്തറ എന്നത് 'സ്ഥാപനവത്കരിക്കപ്പെട്ട വീട്ടുജോലി' ആണ്. ഇത് അരങ്ങേറുന്നത് വീട് എന്ന സ്വകാര്യഇടത്തിലും. സോഷ്യലിസ്റ്റ് ഉത്പാദനക്രമത്തിൽ ഇത് പൊളിച്ചെഴുതപ്പെടുന്നത് രണ്ട് വിധത്തിലാണ്. ഒന്ന്, ഗാർഹികജോലികൾ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും അവയ്ക്ക് 'മൂല്യം -Value' കൽപിക്കപ്പെടുകയും ചെയ്യുക ഉദാ- സോവിയറ്റ് റഷ്യയിൽ പൊതുഭക്ഷണശാലകൾ, അലക്കുകേന്ദ്രങ്ങൾ, Childcare തുടങ്ങിയ പൊതുസേവനങ്ങൾ ഏർപെടുത്തിയത്.
രണ്ട്, ഗാർഹികാധ്വാനവും സമയവും വളരെയധികം ലഘൂകരിക്കാവുന്ന വിധം പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം. ഇതിലുപരി വീട്ടുജോലി എന്നത് ഒരു gender role മാത്രമാകാതെ എല്ലാവരുടെയും ജീവിതചര്യയായി മാറേണ്ടതും അനിവാര്യമാണ്. സ്വാഭാവികമായും ഇതിന്റെയൊക്കെ ഫലമായി സ്ത്രീയുടെ ഒഴിവുസമയം വളരെയധികം വർധിക്കുകയും അവളുടേതായ താത്പര്യമേഖലകളിൽ പ്രവർത്തിക്കാനും സ്വപ്നങ്ങൾ കീഴടക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും.
വലതുപക്ഷഫെമിനിസത്തെ ശക്തമായി എതിർത്ത മാർക്സിസ്റ്റ് ഫെമിനിസ്റ്റുകളാണ് ക്ലാര സെറ്റ്കിൻ, അലക്സാണ്ടർ കൊലൻതായ് തുടങ്ങിയവർ. ധനികരായ 1% സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും വീട്ടിലും ഭൂരിപക്ഷം വരുന്ന പാവപ്പെട്ട സ്ത്രീകളുടെ സാമ്പത്തികവും ലൈംഗികവുമായ ചൂഷണങ്ങളെ തിരിച്ചറിയാനാവില്ലെന്നും സാമ്പത്തികഘടനയുടെ പൊളിച്ചുപണിയലിനും ഇവിടെ പ്രാധാന്യമുണ്ടെന്നും ഇവർ വാദിക്കുന്നു.
വിദ്യാഭ്യാസം സ്ത്രീയുടെ സാമൂഹ്യഉന്നമനത്തിന് വഴിതെളിക്കുമെങ്കിലും വിമോചനത്തിലേക്ക് അത് നയിക്കില്ല. സമ്പദ്‌വ്യവസ്ഥ വളർന്നിട്ടും കാര്യമില്ല, സ്ത്രീക്ക് സ്വത്തുവകകളുണ്ടെങ്കിലും അതിന്റെ നിയന്ത്രണം ഭർത്താവിനായേക്കാം . നമ്മുടെ നാട്ടിലും ഇതുതന്നെയാണ് പൊതുസ്ഥിതി. വളരെ ഉയർന്ന വിദ്യാഭ്യാസമുണ്ടെങ്കിൽ പോലും സ്ത്രീക്കുമേൽ അടിച്ചേൽപിക്കപ്പെട്ട കടമകളും നിവൃത്തിയില്ലായ്മയും മൂലം വിവാഹത്തിലും വീട്ടമ്മപദവിയിലും ഒടുങ്ങുന്ന സ്ത്രീജീവിതങ്ങളാണ് ഏറെയും. തൊഴിൽ, സാമ്പത്തികരംഗങ്ങളിലും മറ്റ് മേഖലകളിലും സ്ത്രീപങ്കാളിത്തം പരിശോധിച്ചാൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം പിന്നിലാണ്. 'വീട്ടമ്മ', 'മാതൃത്വം' തുടങ്ങിയ സ്റ്റീരിയോടൈപ്പുകൾ ഇത്രമേൽ ഗ്ലോറിഫൈ ചെയ്യപ്പെടുന്ന മറ്റൊരു നാടും ഉണ്ടാവില്ല. വിദ്യാഭ്യാസശേഷം 'ഗാർഹികവത്കരിക്കപ്പെടുന്ന' പെൺകുട്ടികളാണ് ഭൂരിപക്ഷവും. 'കല്ല്യാണം കഴിഞ്ഞും പഠിക്കാല്ലോ' എന്ന മോഹവാഗ്ദാനം ഒഴിച്ചാൽ ഇത്തരം അഭിവൃദ്ധികൾ സ്ത്രീയുടെ ഗാർഹികാടിമത്തത്തെ ഇല്ലാതാക്കില്ല.
ലിംഗസമത്വം എന്നത് സ്ത്രീക്ക് പുതുതായി കുറേ അവകാശങ്ങൾ എഴുതിനൽകൽ അല്ലെന്ന് 'റോസാ ലക്സംബർഗ്' എഴുതുന്നുണ്ട്.
ഇത് ബൂർഷ്വാഫെമിനിസ്റ്റ് മാതൃകയാണ്.
ഹെയ്തി ഹാർട്ട്മാന്റെ നിരീക്ഷണത്തിലും ഫെമിനിസം എന്നത് പാട്രിയാർക്കിക്ക് എതിരെ മാത്രമല്ല, ചൂഷണാധിഷ്ഠിതമായ മുതലാളിത്തത്തിന് എതിരെക്കൂടിയാണ്. 'സമത്വം' എന്ന ആശയം ഒരു ദിവാസ്വപ്നം മാത്രമാണെന്നും ചൂഷണവും വിവേചനങ്ങളും ഇല്ലാതെ വ്യവസ്ഥിതിക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഉള്ള മുതലാളിത്തയുക്തിക്കെതിരായ ആശയമുന്നേറ്റമാണ് ആവശ്യം.
മുതലാളിത്തസമ്പദ്‌വ്യവസ്ഥയ്ക്ക് കീഴിൽ നിലനിൽക്കുന്ന ലിബറൽജനാധിപത്യ രാജ്യങ്ങളിലുൾപെടെ കണ്ടുവരുന്ന ഒരു മാറ്റം 'കൂട്ടുകുടുംബങ്ങളിൽ' നിന്നും 'അണുകുടുംബങ്ങളി'ലേക്കുള്ള പരിണാമമാണ്. അണുകുടുംബങ്ങളുടെ വർധന മാർക്കറ്റിലെ ഡിമാന്റ് വർധിപ്പിക്കുന്നതിലൂടെ മുതലാളിത്തത്തിനും ഗുണം ചെയ്യുന്നുണ്ടെന്ന് കാണാം. (കൂട്ടുകുടുംബം പല അണുകുടുംബങ്ങളായി പിരിഞ്ഞപ്പോൾ വീടുകളുടെയും വീട്ടുസാധനങ്ങളുടെയും ഉപഭോഗവസ്തുക്കളുടെയും ഒക്കെ ആവശ്യകതയും വർധിക്കുമല്ലോ..) കുടുംബത്തിൽ സ്ത്രീയുടെ റോളും കാലാനുസൃതമായി മാറുന്നുണ്ട്. ഉദ്യോഗം നേടുമെങ്കിലും ഗാർഹികാധ്വാനത്തിന്റെ ഭൂതം അവരെ വിട്ടുമാറിയിട്ടില്ല. ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിലും യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കുന്നതിലും സ്ത്രീ കൂടുതൽ സ്വാതന്ത്ര്യം ആർജിച്ചിട്ടുണ്ട്.
വിവാഹം, കുടുംബം ,കുട്ടികൾ എന്നീ ഘടകങ്ങൾക്കപ്പുറം ജീവിതത്തിന് മറ്റ് അനേകം സാധ്യതകൾ ഉണ്ടെന്നും അവയെ കണ്ടെത്തുകയും സ്വപ്നങ്ങളെ പിന്തുടരുകയും അനുഭവങ്ങൾ സമ്പാദിക്കുകയും ചെയ്യേണ്ടതുണ്ടെന്നും സ്ത്രീ മനസിലാക്കുന്നുണ്ട്. വിവാഹമോചനങ്ങൾ വർധിക്കുന്നുണ്ട്. ജനനനിരക്ക് കുറയുന്നുണ്ട്. ഗർഭച്ഛിദ്രം സ്ത്രീയുടെ അവകാശമായി അംഗീകരിക്കപ്പെടുന്നു. ലൈംഗികത പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമാണെന്ന മതചിന്തകൾ വിസ്മരിക്കപ്പെടുന്നുണ്ട്.
പ്രണയത്തിന്റെ അനേകം ആവിഷ്കാരമാർഗങ്ങളിൽ ഒന്നുമാത്രമായി ലൈംഗികതയെ മനസിലാക്കേണ്ടതുണ്ട്. ലൈംഗികതയെ വികൃതമാക്കുന്നതിനു പകരം കൂടുതൽ ജനാധിപത്യമനോഭാവത്തോടെ സമീപിക്കേണ്ടതുണ്ട്. ലൈംഗികവിദ്യാഭ്യാസവും വ്യാപകമാകേണ്ടതുണ്ട്.
സ്ത്രീവിരുദ്ധതയും കരുതൽ-ആങ്ങളമാരും ബലാത്സംഘത്തമാശകൾ പോലും നോർമലൈസ് ചെയ്യപ്പെടുന്ന നമ്മുടെ സമൂഹം ഇനിയും എത്രകാതം മുന്നോട്ടുനീങ്ങാനുണ്ട് എന്ന് ചിന്തിക്കണം..
ഇന്ത്യയുടെ കാര്യമെടുത്താൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 2004ൽ 42.7% ആയിരുന്നെങ്കിൽ 2017ൽ 23.3% മാത്രമാണ്. സ്ത്രീകൾ കൂടുതലായി തൊഴിലെടുക്കുന്ന കാർഷികമേഖലയുടെ മുരടിപ്പും ഇതിന് ഒരു കാരണമാകാം. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ ലോകത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും ആദ്യം ആഘാതമേൽപിക്കുന്നത് സ്ത്രീയെ ആണ്. വേതനത്തിലെ സ്ത്രീ-പുരുഷ അസമത്വം ഇന്നും സർവസാധാരണമാണ്. തൊഴിലിടത്തിലെ സ്ത്രീസുരക്ഷയും ചോദ്യചിഹ്നമായി തുടരുന്നു. തൊഴിലിടങ്ങളിൽ നിന്നും തൊഴിലാളികൾ പിരിച്ചുവിടപ്പെടുമ്പോൾ ആദ്യം തൊഴിൽ നഷ്ടമാകാൻ സാധ്യതയും സ്ത്രീകൾക്കാവും. സാമ്പത്തികപ്രാരാബ്ദങ്ങൾക്ക് പുറമേ, ഗൃഹനാഥന്റെ രോഷപ്രകടനത്തിനും ഗാർഹികപീഢനത്തിനും സ്ത്രീകൾ ഇരയായേക്കാം. (ഇതിനൊക്കെ സ്ത്രീകൾ തന്നെ പരസ്യമായി സമ്മതം മൂളുന്ന രാജ്യമാണത്രേ ഇന്ത്യ..!) പുരുഷൻ തൊഴിലിടത്തിലും പെണ്ണ് വീട്ടിലും എന്ന സങ്കൽപം മുതലാളിത്തവ്യവസ്ഥിതിയിലും മാറ്റമില്ലാതെ തുടരുന്നു. വ്യവസ്ഥിതിക്കെതിരായ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളിൽ സ്ത്രീവിമോചനവും അവിഭാജ്യമുദ്രാവാക്യം ആകുന്നത് അവിടെയാണ്..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...