Wednesday, November 9, 2022


മാർക്സിസവും ഉത്തരാധുനികതയും 

ആധുനികതയുടെ വെളിച്ചത്തിൽ ലോകം ഏറെ മുന്നോട്ടുപോയെങ്കിലും ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ, #Modernism രൂപംനൽകിയ സങ്കൽപങ്ങൾ പതിയെ ക്ഷയിച്ചുതുടങ്ങുകയും ഒരു പുതിയ ആശയപരിസരം രൂപംകൊള്ളുകയും ചെയ്തു. 1960കളോടെ ആധുനികതയോടുള്ള പ്രതിഷേധമെന്നോണം പ്രകടമായിത്തുടങ്ങിയ പുതിയൊരു ലോകവീക്ഷണം ആധുനികമൂല്യങ്ങളിൽ നിന്നുള്ള പിൻവലിയലായി രൂപംപ്രാപിച്ചു. ഇതാണ് ഉത്തരാധുനികത (Postmodernism). കല, സംസ്കാരം, സാഹിത്യം, തത്വചിന്ത, രാഷ്ട്രീയവിമർശനം, തുടങ്ങിയ പലമേഖലകളിലും ഉത്തരാധുനികത പ്രത്യക്ഷപ്പെടാൻ തുടങ്ങി.
#Postmodernism വിശകലനവിധേയമാക്കിയ എടുത്തുപറയേണ്ട ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികനാണ് ഫ്രെഡറിക് ജോൺസൺ. പോസ്റ്റ് മോഡേണിസം എന്നത് പിൽക്കാലമുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയാണെന്ന് (Cultural logic of late Capitalism) അദ്ദേഹം വിവരിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം ലോകത്തുണ്ടായ മുതലാളിത്താഭിവൃദ്ധിയും സോഷ്യലിസത്തിനെതിരായ രാഷ്ട്രീയപ്രതിഭാസങ്ങളും ഉത്തരാധുനികതയുടെ ആവിർഭാവത്തിന് ഇടയാക്കി. ശാസ്ത്രബോധവും വസ്തുനിഷ്ഠതയും സാർവത്രികതയും മറ്റ് പുരോഗമനമൂല്യങ്ങളും ഒക്കെ കൈമോശം വരികയും മറ്റ് ചില അബദ്ധധാരണകൾ അവിടെ സ്ഥാനം പിടിക്കുകയും ചെയ്തു. ലോകമൊരുപാട് വലുതായിട്ടും മനുഷ്യനേറെ ചെറുതായിപ്പോയ ഒരു പ്രതിഭാസമെന്ന് വിളിക്കാവുന്ന ഉത്തരാധുനികത മുന്നോട്ടുവെച്ച ചിന്തകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
Postmodernism എന്നത് ഒരൊറ്റ പ്രത്യയശാസ്ത്രമല്ല, മറിച്ച് മനുഷ്യന്റെ ചിന്തയിലും സമൂഹത്തിന്റെ സാംസ്കാരികമായ മേൽപുരയിലും ഉണ്ടായ പല പ്രവണതകളുടെ ആകെത്തുകയാണ്. അവയിൽ ചില സവിശേഷതകൾ താഴെക്കൊടുക്കുന്നു.
1) ആത്മനിഷ്ഠത (Subjectivity)
വസ്തുനിഷ്ഠമായ സത്യം എന്നൊന്നില്ലെന്നും എല്ലാ സത്യങ്ങളും അത് പറയുന്നയാളുടെ 'വീക്ഷണം' മാത്രമാണെന്നുമുള്ള ധാരണ. എല്ലാ അറിവുകളും എല്ലാ ചിന്താഗതികളും ഒരുപോലെ സാധുവാണ്. ഒന്ന് മറ്റൊന്നിനേക്കാൾ 'ശരി' ആകുന്നില്ല. ഉദാഹരണത്തിന് ഒരു വർഗീയവാദിയുടെയും ഒരു ജനാധിപത്യവാദിയുടെയും ചിന്തകളിൽ നമുക്ക് തെറ്റും ശരിയും വേർതിരിക്കാനാവില്ല. Both are equally valid in their own perspectives എന്ന് പറയാം. വസ്തുനിഷ്ഠതയെ മാറ്റിനിർത്തുന്ന ഇത്തരം അബദ്ധചിന്തകൾ ഹിറ്റ്ലറുടെ ചെയ്തികളെ പോലും ന്യായീകരിക്കാൻ ഉപകരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ അറിവും അപൂർണമാണെന്നും ശാസ്ത്രവും പല അറിവുകളിൽ ഒന്നുമാത്രമാണെന്നും മറ്റ് അറിവുകൾക്കില്ലാത്ത യാതൊരു മേന്മയും Scienceനും ഇല്ലെന്നുകൂടി ഇത് കാട്ടിത്തരുന്നു. മനുഷ്യനെക്കുറിച്ചും ധാർമികതയെകുറിച്ചും ഒക്കെയുള്ള കാഴ്ചപ്പാടുകളും സമാനരീതിയിലാണ് ഉത്തരാധുനികചിന്തകർ കൈകാര്യം ചെയ്യുന്നത്.
യുക്തി, വസ്തുനിഷ്ഠത, ശാസ്ത്രം, തുടങ്ങിയ ആധുനികചിന്താമാർഗങ്ങളെ Postmodernism നിഷേധിക്കുകയും എല്ലാ ജ്ഞാനങ്ങളും ശരികൾ തന്നെയാണെന്ന സുരക്ഷിതമായ ബാലൻസിങ് രീതിയിലെത്തുകയും ചെയ്യുന്നു. സമൂഹത്തിന് അപകടകരമായ പ്രത്യയശാസ്ത്രങ്ങൾ പോലും ഉത്തരാധുനികചിന്തയ്ക്ക് കീഴിൽ സാധുവാകുന്നു. മാക്സ് വെബർ, ഇമ്മാനുവൽ കാന്റ് തുടങ്ങിയ ചിന്തകർ ആധുനികതയെയും ജ്ഞാനത്തെയും വിശേഷിപ്പിച്ചത് 'നിഗൂഢതകൾ' ഇല്ലാത്തതും അന്വേഷണസാധ്യവുമായ ലോകം എന്നാണ്. തെളിവിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായ വസ്തുനിഷ്ഠസമീപനങ്ങളാണ് അംഗീകരിക്കപ്പെടേണ്ടത്. മറിച്ച് ആത്യന്തികമായ സത്യം എന്നൊന്നില്ലെന്ന ഉത്തരാധുനികസിദ്ധാന്തം തെറ്റാണ്. ( ഒരു സത്യവും യഥാർത്ഥ 'സത്യ'മല്ലെന്ന് അംഗീകരിച്ചാൽ ഉത്തരാധുനികവിശ്വാസങ്ങളും സത്യമല്ലല്ലോ എന്ന് തിരിച്ചും ചോദിക്കാം). ആപേക്ഷികവാദം, Perspectivism എന്നൊക്കൊ ഉത്തരാധുനികനിരീക്ഷണങ്ങൾ അറിയപ്പെടുന്നു.
ഈ ആത്മനിഷ്ഠസമീപനം പലമേഖലകളിലും പ്രതിഫലിച്ചു. ഇന്ന് നിയോക്ലാസിക്ക് എക്കണോമിക്സ് എന്നൊക്കെ അറിയപ്പെടുന്ന സാമ്പത്തികശാസ്ത്രം പഴയ ക്ലാസിക്കൽ എക്കണോമിക്സിൽ നിന്നും വിഭിന്നമാണ്. ആഡം സ്മിത്തും റിക്കാർഡോയും മാർക്സും ഒക്കെ സ്വീകരിച്ച ക്ലാസിക്കൽ ധനശാസ്ത്രത്തിന്റെ രീതി വസ്തുനിഷ്ഠതയെ മുൻനിർത്തിയുള്ളതായിരുന്നു. എന്നാൽ പിൽക്കാലത്തെ നിയോക്ലാസിക്കൽ സാമ്പത്തികശാസ്ത്രത്തിൽ ആത്മനിഷ്ഠസിദ്ധാന്തങ്ങൾ വളരെയേറെ സ്വാധീനം ചെലുത്തുന്നതായി കാണാം. വില എന്നത് മനുഷ്യന്റെ ആത്മനിഷ്ഠമായ തോന്നലുകളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തിൽ എത്രവേണമെങ്കിലും മാറാം എന്ന സ്ഥിതിവന്നു. ഇതിന്റെ ഫലമാണ്, സാമ്പത്തികകുമിളകൾ ഉണ്ടാകുന്നതും വലിയ തകർച്ചയിലേക്ക് എക്കോണമി കൂപ്പുകുത്തുന്നതും. ലാഭവും വിലയുമൊക്കെ മനുഷ്യന്റെ താത്പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വ്യക്തിഗുണത്തിന്റെയും ഫലമാണ്, ഭൗതികയാഥാർത്ഥ്യങ്ങളുമായോ ഉത്പാദനബന്ധങ്ങളുമായോ ചൂഷണമായോ ഒന്നും അതിന് ബന്ധമില്ല, ഒരാൾ അതിസമ്പന്നനാവുന്നതിന്റെ കാരണവും അയാളുടെ കഴിവ് മാത്രമാണ് തുടങ്ങിയ മുൻവിധികൾ ഇതിന്റെ ഭാഗമാണ്.
നല്ലൊരുദാഹരണം പറയാം - രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിന് മുഖ്യകാരണം അവയുടെ സംഭരണവും വിതരണവും കുത്തകയാക്കി വെച്ചിരിക്കുന്ന മുതലാളിമാരുടെ പകൽകൊള്ളയാണെന്ന് നിങ്ങൾ പറയുന്നു. ഇതുകേട്ട ഒരാളുടെ മറുപടി - ''അത് അയാളുടെ ബിസിനസ് മൈൻഡ്.. കുറ്റം പറയാനാവില്ല.'' എന്നായാൽ എങ്ങനെയുണ്ടാവും. ഇതാണ് ഉത്തരാധുനികതയുടെ ചിന്താവൈകല്യം. മൂലധനം, ഉത്പാദനോപാധികൾ , ഉത്പാദകബന്ധങ്ങൾ, വിപണി, സമൂഹം തുടങ്ങിയ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്ന മാർക്സിസ്റ്റ് വീക്ഷണത്തെ ഉത്തരാധുനികത കാലഹരണപ്പെട്ടതെന്ന് മുദ്രകുത്തുന്നു.
2) പ്രതിജ്ഞാനോദയം (Counter-enlightment)
ശാസ്ത്രം മനുഷ്യനന്മയ്ക്ക് മാത്രമല്ല തിന്മയ്ക്കും ഉപകരിക്കുമെന്ന് ലോകം തിരിച്ചറിഞ്ഞത് ഹിരോഷിമ അണുബോംബ് സ്ഫോടനത്തിലൂടെയാണ്. ഇത് ശാസ്ത്രത്തെ ശത്രുപക്ഷത്തുകൂടി നിർത്താൻ ചിലരെ പ്രേരിപ്പിച്ചു. ശാസ്ത്രം എന്നത് പല അറിവുകളിൽ ഒന്നുമാത്രമാണെന്നും അതിന് മികച്ച ജ്ഞാനശേഖരണ മാർഗമാകാൻ കഴിയില്ലെന്നും ഉത്തരാധുനികത വാദിക്കുന്നു. എല്ലാഅറിവുകളും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നുവെന്ന ന്യായം വാസ്തവത്തിൽ ഗുണം ചെയ്തത് വർഗീയതയ്ക്കും മതമൗലികവാദത്തിനും ഒക്കെയാണ്. ആധുനികതയ്ക്ക് വിത്തുപാകിയ ജ്ഞാനോദയത്തിന് മുമ്പുണ്ടായിരുന്ന കടുത്ത അന്ധവിശ്വാസങ്ങൾ ,മതവെറി, ജാതീയത, വർഗീയത, തീവ്രവാദം, സ്ത്രീവിരുദ്ധത തുടങ്ങിയ അനേകം സാമൂഹ്യമാലിന്യങ്ങൾ തിരിച്ചുവരാൻ തുടങ്ങി. പഴയ പാരമ്പര്യങ്ങളും ആചാരങ്ങളുമൊക്കെ ഗൃഹാതുരത്വമായും അഭിമാനബിംബമായും മഹത്വവത്കരിക്കപ്പെട്ടു.
ആധുനികത നല്ലവണ്ണം വേരുറപ്പിച്ച യൂറോപ്പിൽ ഇത്തരം ഉത്തരാധുനികരീതികൾ വലിയ ദോഷം ചെയ്തില്ല. എന്നാൽ ആധുനികതയും നവോത്ഥാനവും പൂർണമാകാത്ത ഇന്ത്യയിലും മറ്റ് മൂന്നാം ലോകരാജ്യങ്ങളിലും ഫാസിസവും (eg - ഹിന്ദുത്വം) മതവെറിയും അന്ധവിശ്വാസങ്ങളും വ്യാപിക്കാനുള്ള സാഹചര്യം കൈവന്നു. മോഡേണിസവും ശാസ്ത്രവും മാനവികമൂല്യങ്ങളും ക്ഷയിച്ചു.
3) വൈവിധ്യങ്ങളുടെ ആഘോഷവും ബൃഹത് ആഖ്യാനങ്ങളിൽ നിന്നും ലഘുത്വത്തിലേക്കുള്ള ഉൾവലിയലും. (ഇത് അടുത്ത ലേഖനത്തിൽ വിശദമാക്കാം).
*****************************************
ജീൻ ഫ്രാങ്കോയിസ് ലിയോട്ടാർഡ്, മിഷേൽ ഫുക്കോൾട്ട് തുടങ്ങിയ ഉത്തരാധുനികതയെ അടയാളപ്പെടുത്തുന്ന ചിന്തകർ നിരവധിയാണ്. ദെറിദയെപ്പോലുള്ള നവമാർക്സിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. പൊതുവേ വസ്തുനിഷ്ഠയാഥാർത്ഥ്യത്തെ നിഷേധിച്ചും ശാസ്ത്രം ,മാനവികത തുടങ്ങിയ ആധുനികസങ്കൽപങ്ങളെ ചോദ്യം ചെയ്തുമാണ് ഇത്തരം സമീപനങ്ങൾ നമ്മുടെ ചിന്താപരിസരങ്ങളിൽ പോലും വന്നുകൂടിയത്. ശാസ്ത്രം എന്നത് അനേകകഥകളിൽ ഒരു കഥ മാത്രമാണെന്ന് ലിയോട്ടാർഡ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ Postmodernism മൂന്ന് പ്രധാന ജ്ഞാനോദയയുക്തികളെയാണ് നിരാകരിച്ചത്.
1) ഹെഗലിന്റെ വൈരുദ്ധ്യാത്മകത (Dialectics)
2) ദക്കാർത്തെ, കാന്റ് എന്നിവരുടെ യുക്തിചിന്ത (Reason)
3) മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം (Historical materialism)
ഫ്രഞ്ച് പോസ്റ്റ് മോഡേൺ ചിന്തകനായ ഴാങ് ബ്രോദിയാർ പറയുന്നത് Real world & reality - 'യഥാർത്ഥ ലോകവും യാഥാർത്ഥ്യവും' ഒക്കെ ഇല്ലാതായി എന്നാണ്. 'സത്യം' എന്നത് അത് പറയുന്നവന്റേത് മാത്രമാണ്, വസ്തുനിഷ്ഠസത്യം അപ്രാപ്യവും. ഫുക്കോൾട്ടിനെപ്പോലുള്ള ചിന്തകർ ഇതിനെയും കടത്തിവെട്ടി 'ഭാഷയാണ് യാഥാർത്ഥ്യം' -Language is reality പോലുള്ള വാദങ്ങൾ ഉയർത്തുന്നു. നാം യാഥാർത്ഥ്യം പറയുന്നതും മനസിലാക്കുന്നതും ഭാഷയിലൂടെയാണ്, ഈ ഭാഷ തന്നെയാണ് യാഥാർത്ഥ്യം ജനിപ്പിക്കുന്നതും.! വിപ്ലവപദ്ധതികളെയും പൊതുസാമൂഹ്യപ്രശ്നങ്ങളെയും അദ്ദേഹം നിഷേധിക്കുകയും വ്യവസ്ഥിതിയുടെ കുഴപ്പങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ഒപ്പം Micropolitics (eg- NGOs ,സ്വത്വരാഷ്ട്രീയം, സാമൂഹ്യസംഘടനകൾ) പോലുള്ള ആശയങ്ങൾ മുന്നോട്ടുവെക്കുന്നു.
സാർവത്രികമായ മാനവികബോധമൊന്നും ഉത്തരാധുനികതയ്ക്ക് അവകാശപ്പെടാനില്ല. അത് പറയുന്നതാകട്ടെ, total understanding leads to totallitarianism - 'മൊത്തത്തിലുള്ള തീർപ്പുകൽപിക്കൽ ഏകാധിപത്യത്തിലേക്ക് നയിക്കും' എന്നാണ്. ലോകം സുന്ദരമല്ലെന്നും മാനവികതയും കാടത്തവും ഒക്കെ ഇതിന്റെ ഭാഗമാണെന്നും എല്ലാം ഒരുപോലെ സ്വാംശീകരിച്ച് മുന്നോട്ടുപോകുന്നതാണ് ഉചിതമെന്നുമുള്ള നവബൂർഷ്വാസിയുടെ യുക്തിയും ഉത്തരാധുനികത ഉയർത്തിക്കാട്ടുന്നു
(1919ൽ റഷ്യൻ വിപ്ലവകാലത്ത് ലെനിനെ എതിർത്തിരുന്ന ചില സഖാക്കൾ അന്നുമുതലേ ഇത്തരം വികലന്യായങ്ങൾ ഉയർത്തിയിരുന്നു).
*******സമാന്തരയാഥാർത്ഥ്യങ്ങൾ********
യാഥാർത്ഥ്യത്തെപ്പറ്റി ആരും ചിന്തിക്കാറില്ലെങ്കിലും നമുക്കുചുറ്റും ഒരു സമാന്തരയാഥാർത്ഥ്യത്തെ കൂടി ഉത്തരാധുനികത ഉണ്ടാക്കിവെച്ചിട്ടുണ്ട്. മാധ്യമങ്ങൾ, സോഷ്യൽമീഡിയ, കലാഖ്യാനങ്ങൾ ഒക്കെ ഉദാഹരണം. ആധുനികതയിൽ അധ്വാനശക്തി ചരക്കായിരുന്നെങ്കിൽ ഉത്തരാധുനികതയിൽ നമ്മുടെ ചിന്തകളും സംസ്കാരവും ഒക്കെ ചരക്കായി മാറുന്നു. ടിവിയിലും സോഷ്യൽ മീഡിയയിലും ഒക്കെ നാം വിഹരിക്കുന്ന ലോകമാണ് യഥാർത്ഥ ലോകമെന്ന് കരുതുന്നു. വാസ്തവത്തിൽ യഥാർത്ഥ ജീവിതത്തേക്കാൾ നാം വിഹരിക്കാൻ ഇഷ്ടപ്പെടുന്നതും ഇന്റർനെറ്റും മറ്റും സൃഷ്ടിച്ച ഈ മിഥ്യയിൽ തന്നെയാണ്. നമ്മെ വിശാലമായ ലോകങ്ങളിലേക്ക് കൊണ്ടുപോകുന്ന ഇന്റർനെറ്റ് നമ്മെ മുറികൾക്കുള്ളിൽ ഒറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്! സമൂഹത്തിൽ പുതിയൊരു കോളനിവത്കരണം നിലനിൽക്കുന്നുവെന്നും അത് സമൂഹത്തിന്റെ അബോധത്തെയാണ് മുതലെടുക്കുന്നത് എന്നും ഫ്രെഡറിക്ക് ജെയിംസൺ പറയുന്നു.ലോകം സാംസ്കാരിക-വൈകാരിക തലങ്ങളിൽ മാത്രം വിശകലനം ചെയ്യപ്പെടുന്നു. കൂടുതൽ സ്വതന്ത്രവും സ്വേച്ഛാപരവുമാകുന്ന മൂലധനം, കൂടുതൽ technical based ആകുകയും വിമർശനചിന്ത, മാനവിക-സാമൂഹ്യപഠനങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുന്ന വിദ്യാഭ്യാസം ഇതൊക്കെയും ചിന്തിക്കേണ്ടതാണ്.


പോസ്റ്റ് മോഡേണിസം ആവിർഭവിക്കുന്നത് ഫ്രാൻസിലാണെങ്കിലും വാസ്തവത്തിൽ അതിനുമുന്നേ അമേരിക്കയിൽ അതിന്റെ അലയൊലികൾ പ്രത്യക്ഷപ്പെട്ടിരുന്നു. 60കൾക്ക് ശേഷമുണ്ടായ ചില രാഷ്ട്രീയമാറ്റങ്ങളും ഇവിടെ എടുത്തുപറയണം. അതിലൊന്ന് സ്റ്റാലിന്റെ മരണശേഷം സോഷ്യലിസ്റ്റ് ചേരിക്ക് സംഭവിച്ച ക്ഷയമാണ്. സോവിയറ്റ് റഷ്യയിൽ അധികാരത്തിലെത്തിയ നികിത ക്രൂഷ്ചേവ് തന്റെ മുൻഗാമിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് രാജ്യത്ത് നടന്ന പല ക്രൂരതകളും മനുഷ്യാവകാശലംഘനങ്ങളും വെളിപ്പെടുത്തുകയുണ്ടായി. സ്റ്റാലിൻ ഭരണകാലത്തുണ്ടായ രാഷ്ട്രീയസംവിധാനങ്ങളെ ക്രൂഷ്ചേവ് ദുർബലമാക്കുകയും ജനാധിപത്യപരിഷ്കരണങ്ങൾ ഏർപെടുത്തുകയും ഇനി അത്തരമൊരുകാലത്തേക്ക് തിരിച്ചുപോക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. De stalinization എന്നാണിത് അറിയപ്പെട്ടത്. സ്റ്റാലിൻ ഭരണകാലത്തെ കുലാഗ് കൂട്ടക്കൊലകൾ, പാർട്ടിയിലെ പല സഖാക്കളെയും ചാരവൃത്തി ആരോപിച്ചും അഭിപ്രായഭിന്നത മൂലവും വധിച്ചുകളഞ്ഞത്, തുടങ്ങിയ പല അനിഷ്ടസംഭവങ്ങളും രേഖകൾ ഉൾപെടെയുള്ള തെളിവുകളുടെ പിൻബലത്തിൽ പുറത്തുവന്നു. ഇതിനൊക്കെ സ്റ്റാലിനാണ് ഉത്തരവാദിയെന്ന നിലപാടായിരുന്നു ക്രൂഷ്ചേവിന്റേത്.
ഇതിൽ സത്യമെത്ര, നുണയെത്ര എന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തു. എങ്കിലും സമത്വപൂർവും ചൂഷണരഹിതവുമായ, അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാൻ കഴിയുന്ന സോഷ്യലിസ്റ്റ് ഭൂമികയെ സ്വപ്നം കണ്ടിരുന്ന വലിയൊരുവിഭാഗം മാർക്സിസ്റ്റുകളിലും സോവിയറ്റ് സംഭവങ്ങൾ വലിയ സങ്കടം ജനിപ്പിച്ചു. സോഷ്യലിസ്റ്റ് -കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലും അനുഭാവികളിലുമൊക്കെ വലിയൊരു നിരാശയ്ക്കും 'ഉൾവലിയലിനും' ഇത് കാരണമായി. അനേകം പേർ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു. സോഷ്യലിസം എന്നതിനുപകരം സോഷ്യൽ ഡമോക്രസി പോലുള്ള പുതിയ രാഷ്ട്രീയസങ്കൽപനങ്ങളും ഉടലെടുത്തു. അമേരിക്കൻ സാമ്രാജ്യത്വം ശക്തിയാർജ്ജിച്ചുകൊണ്ടിരുന്നു. CIA ഉൾപെടെയുള്ള സാമ്രാജ്യത്വഏജൻസികൾ സോഷ്യലിസ്റ്റ്- രാഷ്ട്രീയത്തിനെതിരെ വലിയ ആശയപ്രചരണം നടത്തുകയും കഥകളും സിദ്ധാന്തങ്ങളും പടച്ചുവിടുകയും ചെയ്തു. മാർക്സിസം എന്നത് ജനാധിപത്യവിരുദ്ധവും അപ്രായോഗികവുമായ ഒരു സിദ്ധാന്തമാണെന്ന മിഥ്യാബോധത്തെ പൊതുബോധമായി ഊട്ടിയുറപ്പിക്കാൻ അവർക്ക് കഴിഞ്ഞു.
പിൽക്കാല പുരോഗമനപ്രസ്ഥാനങ്ങളിലും മാർക്സിസത്തോടുള്ള വിമുഖത ഒരു ട്രെന്റായി മാറി. eg- വിദ്യാർത്ഥി-യുവജനസംഘടനകൾ, ഫെമിനിസം, പരിസ്ഥിതിവാദം, black politics, ദളിത്‌മുന്നേറ്റം തുടങ്ങിയവ ഉദാഹരണം. സമത്വത്തെയും സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഒക്കെ ഉയർത്തിക്കാട്ടുമ്പോഴും 'ഞാൻ മാർക്സിസ്റ്റല്ല' എന്നുകൂടി പറഞ്ഞുബോധ്യപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. US സെനറ്റർ ആയിരുന്ന ജോസഫ് മക്കാർത്തിയുടെ നേതൃത്വത്തിൽ മുതലാളിത്തചേരി മാർക്സിസ്റ്റ് വിരുദ്ധതയെ ആളിക്കത്തിച്ചുകൊണ്ടിരുന്നു.
ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ട ഒന്ന് മുതലാളിത്തചേരിക്കുണ്ടായ അഭിവൃദ്ധി തന്നെയാണ്. 1930കളിൽ ലോകമുതലാളിത്തം നേരിട്ട സാമ്പത്തികതകർച്ചയും രണ്ടാംലോകമഹായുദ്ധവും സൃഷ്ടിച്ച കെടുതികൾ ക്യാപിറ്റലിസത്തിൽ കാതലായ മാറ്റങ്ങൾക്ക് വഴിതെളിച്ചു. സാമ്പത്തികപ്രതിസന്ധിയിൽ നിന്നും കരകയറാൻ കെയ്നീഷ്യൻ പ്രിൻസിപ്പിൾസും ന്യൂഡീൽ പോലുള്ള പദ്ധതികളും ലോകരാജ്യങ്ങൾ സ്വീകരിച്ചു. തുടർന്ന് വിപണിയും സമ്പദ്ഘടനയും അഭിവൃദ്ധിയിലേക്ക് മുന്നേറുകയും ഏതാനും ദശകങ്ങൾ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുകയും ചെയ്തു. ശാസ്ത്രസാങ്കേതികതയും ഉത്പാദനോപാധികളും വലിയ തോതിൽ പരിഷ്കരണങ്ങൾക്ക് വിധേയമായി. ബഹിരാകാശശാസ്ത്രം, ഐടി, കംപ്യൂട്ടർവത്കരണം, വാണിജ്യപരസ്യമേഖല, മാർക്കറ്റിങ്, ഫിനാൻസ് മൂലധനവ്യാപനം, ഓഹരിവിപണിയുടെ കുതിപ്പ്, ഡാറ്റാഅനലിറ്റിക്സ്, ഡിജിറ്റൽ മീഡിയ, മൊബൈൽഫോൺ, കമ്മ്യൂണിക്കേഷൻ, സേവനമേഖല, തുടങ്ങിയ മേഖലകളിലെ പുരോഗതികൾ ഉദാഹരണം. USSR -US ശീതസമരം ബഹിരാകാശമേഖലയിൽ വലിയ കുതിച്ചുചാട്ടങ്ങൾ സൃഷ്ടിച്ചു.
ഇതിന്റെയൊക്കെ ആകെത്തുകയെന്നോണം ജനങ്ങൾക്ക് പഴയ സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലുമുണ്ടായിരുന്ന പ്രതീക്ഷ കെടുകയും താത്പര്യം ഇല്ലാതാവുകയും ചെയ്തു. മാർക്സിസം വരട്ടുതത്വമായി മുദ്രകുത്തപ്പെട്ടു. ട്രേഡ് യൂണിയനുകൾ പോലും സോഷ്യലിസ്റ്റ് താത്പര്യങ്ങളൊക്കെ ഉപേക്ഷിച്ച് തദ്ദേശീയസർക്കാരുകളുമായും മാനേജ്മെന്റുകളുമായും രമ്യതയിലെത്തി. കമ്മ്യൂണിസ്റ്റ് വിരുദ്ധസാഹിത്യങ്ങൾക്കും പ്രചാരമേറി. ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിൽ കൊളോണിയൽ ശക്തികൾ പിൻവലിഞ്ഞതോടെ ജനാധിപത്യറിപ്പബ്ലിക്കുകളോ സ്വേച്ഛാധിപത്യഭരണമോ രൂപപ്പെട്ടു.
ഉത്തരാധുനികതയുടെ ആദ്യഘട്ടത്തിൽ മുതലാളിത്തഉത്പാദകബന്ധങ്ങൾ കൂടുതൽ വേരുറയ്ക്കാൻ ആരംഭിച്ചു. ഉദാ:- ഭൂപരിഷ്കരണം, പഴയ കാർഷികതൊഴിലാളികളിൽ നിന്നും നഗരസംരംഭകരിലേക്കുള്ള മാറ്റം, കാർഷികേതര ആവശ്യങ്ങൾക്കുള്ള ഭൂവുപയോഗം, സ്വകാര്യസ്വത്തുടമസ്ഥത, കോർപറേറ്റ് ഫാമുകൾ, വ്യവസായപുരോഗതി, ഹരിതവിപ്ലവം, Social democratic -കെയ്നീഷ്യൻ നയങ്ങളെ പിൻപറ്റിയുള്ള സർക്കാരുകളുടെ ക്ഷേമപദ്ധതികൾ, ഇങ്ങനെ അനേകം പുരോഗമനപരമായ മാറ്റങ്ങൾ മുതലാളിത്തത്തിന്റെ അടിത്തറയിൽ രൂപംകൊണ്ടു. അമേരിക്കയിൽ 1950കളിലും യൂറോപ്പിൽ 60കളിലും ക്യാപിറ്റലിസം ഉയർന്ന വളർച്ച പ്രാപിച്ചു. മാർക്സിസം പഴഞ്ചനാണെന്നും മുതലാളിത്തത്തിന് ഇനി യാതൊരുപ്രതിസന്ധികളും ഉണ്ടാകില്ലെന്നും ബൂർഷ്വാപണ്ഡിതർ വിധിച്ചു.
മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരവും മൂലധനഉടമയിൽ നിന്നും വ്യത്യസ്തമായി ബിസിനസ് തീരുമാനങ്ങളും നയരൂപീകരണവും നടത്താൻ ചുമതലയും നൈപുണ്യവുമുള്ള ടെക്നോ- മാനേജീരിയൽ വിഭാഗങ്ങളിലെ ഒരു പുതിയ ന്യൂനപക്ഷതൊഴിലാളിവർഗവും രൂപംകൊണ്ടു. ഇതെല്ലാം ചേർന്ന് സമൂഹത്തിന്റെ സാമ്പത്തിക-ഭൗതികാടിത്തറയിൽ രൂപീകരിച്ച മാറ്റങ്ങൾ പോസ്റ്റ് മോഡേണിസത്തിന്റെ സാംസ്കാരികമേൽപുരയ്ക്കും രൂപംനൽകി.
ഇന്ത്യയുൾപെടെയുള്ള മൂന്നാംലോകരാജ്യങ്ങളിൽ സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ മുതലാളിത്തവത്കരിക്കപ്പെട്ടു. കാർഷികേതരവൃത്തികളിൽ ഏർപെട്ട ഒരു മധ്യവർഗവും ഉയർന്നുവന്നു. മുതലാളിത്തത്തിന്റെ ഈ അഭിവൃദ്ധി ലോകമാകെ ദൃശ്യമായിരുന്നെങ്കിലും 1980കളോടെ ചില പ്രവണതകൾ സമ്പദ്ഘടനയിലുണ്ടായി. Stagflation പോലുള്ള പ്രതിസന്ധികളും ഉയർന്ന കമ്മിബജറ്റുകൾ മൂലമുള്ള പ്രതിസന്ധികളും രൂപംകൊണ്ടു. സ്വാഭാവികമായും അതുവരെയുള്ള 'ജനക്ഷേമത്തിന്റെ' മുഖംമൂടിയഴിക്കാൻ മുതലാളിത്തം നിർബന്ധിതമായി. സ്വതന്ത്രമായ ചൂഷണത്തിലും പൊതുമേഖലാതിരസ്കരണത്തിലും അധിഷ്ഠിതമായ നവലിബറലിസത്തിലേക്ക് അത് കാലുമാറി. മൂലധനവും ചരക്കുകളും മാത്രമല്ല തൊഴിലാളികളും രാജ്യാതിർത്തികൾ കടന്ന് ചരക്കുത്പാദനത്തിന്റെ കണ്ണികളായി. ഗൾഫ് കുടിയേറ്റം, ഉപഭോഗസംസ്കാരം, മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരം, രാജ്യാന്തരവ്യാപാരം ഉദാരവത്കരിച്ചത്, ആഗോളവത്കരണം ഇതോക്കെ നമുക്ക് സുപരിചിതമായി.
(മുതലാളിത്തചരിത്രത്തെ ഏറ്റവും ഫലപ്രദമായി classify ചെയ്തത് ഏർണസ്റ്റ് മാന്റലും തുടർന്ന് ഫ്രെഡറിക് ജെയിംസണും ചേർന്നാണ്. 18ാം നൂറ്റാണ്ടുമുതൽ 1847 വരെയുള്ള കോളനിവൽക്കരണത്തിന്റെ ഒന്നാംഘട്ടം, 1847 - 1890 വിപണിമുതലാളിത്തഘട്ടം, 1890 -1950 കുത്തകമുതലാളിത്തം, 1950നു ശേഷമുള്ള ബഹുരാഷ്ട്രകുത്തകകളുടെ യുഗം എന്നിങ്ങനെ)..
ഉത്തരാധുനികതയിലെ മറ്റൊരു രാഷ്ട്രീയപ്രതിഭാസമെന്നത് മാർക്സിസത്തെ പോലുള്ള ബൃഹത്ആഖ്യാനങ്ങളിൽ നിന്നും ചെറുതിലേക്കുള്ള ഉൾവലിയലാണ്. സോഷ്യലിസ്റ്റ് ആശയങ്ങൾ ഒരുകാലത്ത് മനുഷ്യരാശിക്ക് നൽകിയ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. അധികാരകേന്ദ്രങ്ങൾക്കും നിലനിൽക്കുന്ന വ്യവസ്ഥാനിർമിതമായ അടിമത്തങ്ങൾക്കുമെതിരെ മാറിച്ചിന്തിക്കുക എന്നൊരു 'ആധുനിക'മൂല്യം മാർക്സ് വിഭാവനം ചെയ്തു. ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, സ്ത്രീപ്രശ്നം, വംശീയത, സാമൂഹ്യവിവേചനങ്ങൾ, പരിസ്ഥിതിവാദം, ഭരണകൂടം, മതം, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യയാഥാർത്ഥ്യങ്ങളെ ചരിത്രവത്കരണത്തിലൂടെ വിശകലനം ചെയ്യാനുള്ള ബൃഹത്തായ ഒരു ടൂൾ കൂടിയായിരുന്നു മാർക്സിസം..
എന്നാൽ ഉത്തരാധുനികതയിൽ ഇത്തരം ബൃഹത്തായ രീതിശാസ്ത്രങ്ങളെ പുരോഗമനപക്ഷം കൈയൊഴിഞ്ഞു. ചെറിയ സമരങ്ങളായും ചെറിയ ആൾക്കൂട്ടമുന്നേറ്റങ്ങളായും ചെറുഗ്രൂപ്പുകളുടെ അവകാശപ്പോരാട്ടങ്ങളായും സോഷ്യൽ ആക്ടിവിസം വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. ഉദാ:- ഫെമിനിസ്റ്റ് സംഘടനകൾ, പരിസ്ഥിതി പ്രക്ഷോഭങ്ങൾ, വിദ്യാർത്ഥിസംഘടനകൾ, black politics, സ്വത്വരാഷ്ട്രീയം, ഭാഷാപരമായും പ്രാദേശികമായുമുള്ള താത്പര്യങ്ങളുടെ മേൽ രൂപംകൊണ്ട മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇങ്ങനെ വിമോചനാശയങ്ങൾ പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു എന്നതാണ് പോസ്റ്റ് മോഡേണിസത്തിന്റെ മറ്റൊരു ഫലം.
സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്കും പാട്രിയാർക്കിയൽ കൾച്ചറിനുമെതിരെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നുവന്നെങ്കിലും അവർ വാസ്തവത്തിൽ ചെയ്തത് തുല്യത വേണമെന്ന് ആവർത്തിച്ചു പ്രസംഗിക്കുക മാത്രമാണ്. മറിച്ച് ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും ചരിത്രപരമായി രൂപംകൊണ്ടതെങ്ങനെ, അവ നിലനിൽക്കുന്ന ഉത്പാദകബന്ധങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ വിശകലനങ്ങളൊന്നും അവർ നടത്താറില്ല.
അടിച്ചമർത്തപ്പെടുന്നത് സ്ത്രീയായാലും അവർണനായാലും കറുത്തവനായാലും മതന്യൂനപക്ഷങ്ങളായാലും പരിസ്ഥിതി തന്നെയായാലും അത്തരം ഒറ്റയൊറ്റയായ മുന്നേറ്റങ്ങളെയെല്ലാം കൂട്ടിയിണക്കുന്ന ഒരു പൊതു'കാരണത്തെ' ഉത്തരാധുനികത അദൃശ്യമാക്കുന്നു. പലകോണുകളിൽ നിന്നുള്ള ബഹുസ്വരത ഉത്തരാധുനികതയുടെ അടയാളമായി മാറി. ഒരു ബൃഹത്തായ ലോകവീക്ഷണത്തിനു പകരം കേവലമായ വീക്ഷണങ്ങളിൽ അവരൊതുങ്ങി. മുതലാളിത്തചൂഷണത്തെ കുറിച്ച് ഫെമിനിസ്റ്റുകൾക്കോ സ്ത്രീവിമോചനത്തെ കുറിച്ച് പരിസ്ഥിതിവാദികൾക്കോ പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ച് ദളിത് ആക്ടിവിസ്റ്റുകൾക്കോ ചിന്തിക്കാൻ കഴിയാത്ത / ചിന്തിക്കേണ്ട ആവശ്യമില്ലാത്ത ഒരു സ്ഥിതിവിശേഷം. സമരങ്ങൾക്ക് അതിന്റെ ആശയപരമായ കരുത്ത് നഷ്ടമാവുകയും അവയെല്ലാം കേവലം താൽക്കാലിക പരിഹാരങ്ങൾക്ക് വേണ്ടിയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ ബിംബാരാധനയ്ക്ക് വേണ്ടിയോ ഒക്കെ ആവുകയും ചെയ്തു.
യൂറോപ്പിൽ രൂപംകൊണ്ട പുത്തൻഇടതുപക്ഷ (new left) ഗ്രൂപ്പുകളിലും മാർക്സിസ്റ്റ്- ഇതര പുരോഗമനവാദികൾ ഭൂരിപക്ഷം നേടി. എല്ലാ പ്രശ്നങ്ങളും സാംസ്കാരികപ്രശ്നങ്ങൾ മാത്രമായി മാറി. സ്ത്രീവിരുദ്ധതയും ദളിത്‌വിരുദ്ധതയും പരിസ്ഥിതിപ്രശ്നവും മതമൗലികവാദവും ഒക്കെ 'മനുഷ്യന്റെ സ്വഭാവദോഷത്തിന്റെ' / സാംസ്കാരിക വൈകല്യത്തിന്റെ ഫലമായി കാണപ്പെട്ടു. ഇതിന്റെയൊക്കെ വേരുകളിറങ്ങുന്ന സാമ്പത്തികമായ ഭൗതികാടിത്തറകൾ വിസ്മരിക്കപ്പെട്ടു.
മനുഷ്യൻ നന്നായാൽ ലോകം നന്നായിക്കോളുമെന്ന തെറ്റായ 'കേവലത്വ'ത്തിലേക്ക് ഉത്തരാധുനികത നമ്മെ ചലിപ്പിക്കുന്നു. ചരിത്രപരതയും വസ്തുനിഷ്ഠതയും സാമൂഹ്യവിമർശനങ്ങളിൽ ഇല്ലാതാകുന്നു. വലിയ ലക്ഷ്യങ്ങളിൽ നിന്നും ചെറിയ പ്രസ്ഥാനങ്ങളിലേക്കും പല നിറങ്ങളുള്ള കൊടികളിലേക്കും വിമോചനശാസ്ത്രങ്ങൾ ചുരുങ്ങുന്നു. ഇതിന്റെയൊക്കെ ഫലമായി വർഗസമരം, തൊഴിൽ ചൂഷണം, അസമത്വം തുടങ്ങിയ യാഥാർത്ഥ്യങ്ങൾ ഇത്തരം പുത്തൻ ട്രെന്റുകളുടെ കീഴിൽ ഒതുങ്ങിപ്പോയി. 1962ൽ പുറത്തിറങ്ങിയ റേച്ചൽ കാഴ്സണിന്റെ 'The silent spring' പരിസ്ഥിതിരാഷ്ട്രീയത്തിന് തുടക്കം കുറിച്ചപ്പോൾ 1966ലെ ഫെമിനൈൻ മിസ്റ്റിക്ക് എന്ന ബെറ്റി ഫ്രീഡന്റെ ഗ്രന്ഥം പുതിയ ഫെമിനിസ്റ്റ് തരംഗങ്ങൾക്ക് ആരംഭം കുറിച്ചു. യുഎസിലും ഫ്രാൻസിലും മറ്റും സർവകലാശാല കലാപങ്ങളും വിദ്യാർത്ഥീമുന്നേറ്റങ്ങളും വെടിവെപ്പും വരെ ഉണ്ടായി (1968ലെ പാരീസ് വസന്തം). LGBT ഉൾപെടെയുള്ളവരുടെ പുതിയകാല വിമോചനശബ്ദങ്ങളും എടുത്തുപറയണം.
ഇങ്ങനെ അനേകം പുരോഗമനപ്രസ്ഥാനങ്ങൾ ഉത്തരാധുനികതയിൽ ജന്മം കൊണ്ടെങ്കിലും മറുവശത്ത് വർഗീയഫാസിസ്റ്റ് പാർട്ടികളും മതമൗലികവാദവും തീവ്രവലതുപക്ഷമുന്നണികളും ഒക്കെ മുൻനിരയിലേക്ക് ഉയർന്നുവന്നു. ശാസ്ത്രം വികസിച്ചെങ്കിലും ശാസ്ത്രവിരുദ്ധതയും അങ്ങേയറ്റം പ്രമോട്ട് ചെയ്യപ്പെട്ടു. മനുഷ്യനെ തരംതിരിക്കാൻ അനേകം കാരണങ്ങൾ പോസ്റ്റ് മോഡേണിസം സമ്മാനിച്ചു. ഇടതുബുദ്ധിജീവികൾ പോലും പല സാമൂഹ്യതിന്മകളെയും 'വൈവിധ്യം, ബഹുസ്വരത' തുടങ്ങിയ ന്യായീകരണങ്ങളാൽ പിന്തുണച്ചത് പോസ്റ്റ് മോഡേണിസത്തിന്റെ സ്വാധീനഫലമാണ്. (മതപരമായ ഒരു അനാചാരത്തെ ഇന്നൊരാൾ ചോദ്യം ചെയ്യുമ്പോൾ 'അത് വിശ്വാസികളുടെ കാര്യം. അവരുടെ കണ്ണിൽ അത് ശരിയാണ്. നമ്മൾ തലയിടാൻ പാടില്ല' തുടങ്ങിയ ന്യായീകരണങ്ങൾ നിങ്ങൾ നടത്താറുണ്ടെങ്കിൽ നിങ്ങളും ഒരു ഉത്തരാധുനികൻ ആണെന്ന് സാരം.) ആധുനികതയുടെ നേർവിപരീതമാണിത്. തീവ്രവാദവും ഗോത്രീയവിശ്വാസങ്ങളും ഒക്കെ ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്നു. എല്ലാ വൈവിധ്യങ്ങൾക്കും മേലെയാണ് ജനാധിപത്യവും മാനവികതയും എന്ന 'ആധുനികമൂല്യത്തെ' ഉത്തരാധുനികത നിഷേധിക്കുന്നു. പക്ഷേ അപ്പോഴും മാർക്സിസത്തിന്റെ 'ആധുനികത'യും വിമോചനാശയങ്ങളും വീണ്ടും ഉത്തരാധുനികതയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
( ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ ഉദയത്തോടെ സ്ലാവോയ് ഷിഷെക്, അലൻ ബാദ്യു, ഫ്രഡറിക്ക് ജെയിംസൺ തുടങ്ങിയ നിരവധി ചിന്തകരുടെ കടന്നുവരവോടെ മാർക്സിസം പുത്തനുണർവ് നേടി. ഡേവിഡ് ഹാർവി, ജോൻ എൽസ്റ്റർ, റിച്ചാർഡ് വോള്ഫ്, അൻറോണിയോ നെഗ്രി, ടെറി ഈഗിൾട്ടൺ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ നിരവധി സമകാലിക സാമൂഹിക ശാസ്ത്രജ്ഞന്മാർ മാർക്സിസം എന്ന ആശയത്തിന് വർദ്ധിച്ച ഊർജ്ജം നൽകി).

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...