Wednesday, November 9, 2022


ഫെമിനിസത്തിന്റെ അനിവാര്യതകൾ 

1) സിമോണ് ദെബുവെയുടെ നിരീക്ഷണങ്ങളെ കൂടി പരാമര്ശിക്കാതെ ആധുനികഫെമിനിസ്റ്റ് ചര്ച്ചകളൊന്നും പൂര്ത്തിയാക്കാനാവില്ല. 'The second sex' എന്ന തന്റെ പ്രസിദ്ധമായ കൃതിയില് ദെബുവെ എഴുതുന്നുണ്ട്: 'Man is by default, woman is other'. സമൂഹത്തില് പുരുഷന് എന്ന സ്വത്വം സ്വയം അടയാളപ്പെടുത്തുന്നത് സ്ത്രീയുമായി താരതമ്യം ചെയ്തുമാത്രമാണ്. മനുഷ്യന് എന്ന പദം പ്രാഥമികമായി സൂചിപ്പിക്കുന്നതും പുരുഷലിംഗത്തെ തന്നെയാണ്. പുരുഷനല്ലാതെയുള്ള മറ്റുള്ളവര്- 'others' എന്ന ഗണത്തിലാണ് ഒരു 'രണ്ടാം' വിഭാഗമെന്നോണം സ്ത്രീകള് ഇടംപിടിക്കുന്നത്. Sex, Gender എന്നീപദങ്ങള് തമ്മിലെ വ്യത്യാസം ദെബുവെയുടെ നിരീക്ഷണങ്ങളില് കാണാം. Sexഉം genderഉം ഒരേ അര്ത്ഥമുള്ളവയല്ല. Sex എന്നത് ഒരു ജീവശാസ്ത്രപരമായ സ്വത്വം ആണ്. നിങ്ങള് ജനിക്കുമ്പോള് നിങ്ങള്ക്കുണ്ടായിരുന്ന ലൈംഗികാവയവങ്ങളും ശാരീരികസവിശേഷതകളുമാണ് നിങ്ങളുടെ Sexual identity എന്താണെന്ന് തീരുമാനിക്കുക. അത് നിഷേധിക്കാനാവാത്ത ഒരു യാഥാര്ത്ഥ്യമാണ്.

2) എന്നാല് Gender എന്നതിനെ ഒരു ഭൗതികയാഥാര്ത്ഥ്യമല്ല, മറിച്ച് ഒരു സാമൂഹ്യോത്പന്നമായി വേണം കാണാന്. നിങ്ങള് എന്തായി ജനിക്കുന്നു എന്നതല്ല, നിങ്ങള് സമൂഹത്തില് എങ്ങനെ 'ആയിരിക്കുന്നു' എന്നതാണ് gender. 'പെണ്ണുങ്ങളായാല് അടങ്ങിയൊതുങ്ങി ജീവിക്കണം', 'പെണ്ണുങ്ങള് മാന്യമായി വസ്ത്രം ധരിക്കണം', 'ആണുങ്ങളായാല് ധൈര്യം വേണം', 'ആണുങ്ങള് കരയാന് പാടില്ല' എന്നൊക്കെ നമ്മുടെ ആളുകള് പറയുന്നത് കേട്ടിട്ടില്ലേ..? ഇവിടെ 'ആണ്', 'പെണ്ണ്' എന്നീ പദങ്ങള് sexual identityയേക്കാളുപരി രണ്ട് സാമൂഹ്യപദവികളെ ആണ് സൂചിപ്പിക്കുന്നത്. പെണ്ണിനും ആണിനുമുള്ള ഇത്തരം നിര്വചനങ്ങള് ഒരു പക്ഷേ കുറച്ചുകൂടി പുരോഗമിച്ച സമൂഹങ്ങളില് വ്യത്യാസപ്പെടാം. അതിനാല് gender എന്നത് കാലഘട്ടവും സമൂഹപശ്ചാത്തലവും അനുസരിച്ച് ഗുണപരമായി വ്യത്യാസപ്പെടാം. പെണ്ണ് എന്നാല് എങ്ങനെയാകണം, എങ്ങനെയാവാന് പാടില്ല, ആണുങ്ങള്ക്ക് വേണ്ട ഗുണങ്ങള് ഏവ, ഇത്തരത്തില് പൊതുസമൂഹം ചരിത്രപരമായി ഉണ്ടാക്കിവെച്ചിട്ടുള്ള അനേകം കാഴ്ചപ്പാടുകളുണ്ട്. ഇതാണ് 'gender' എന്ന പദവിയെ സൃഷ്ടിക്കുന്നത്. 'Gender is a social and cultural construct' എന്ന് പല വിഖ്യാതരായ ഫെമിനിസ്റ്റുകള് പറയുന്നതും ഇതിനാലാണ്. 'നീ വെറും പെണ്ണാണ്' എന്നുപറയുമ്പോള് faminine gender എന്ന കിരീടം അവളില് പൊതുസമൂഹം അടിച്ചേല്പിക്കുകയാണ് ചെയ്യുന്നതെന്ന് സാരം.

3) മാതൃത്വം സ്ത്രീയെ അടിമയാക്കിയെന്നും പ്രത്യുത്പാദനം അവളെ നിര്ബന്ധിത -അടിമത്തത്തിലേക്ക് നയിച്ചുവെന്നും സിമോണ് ദെബുവെ തുറന്നടിക്കുന്നുണ്ട്. ഭാര്യാപദവിയും മാതൃത്വവുമാണ് ഒരു സ്ത്രീയുടെ ജീവിതം 'അര്ത്ഥപൂര്ണ'മാക്കുന്നത് എന്നൊരു ധാരണ ഇവിടെ വ്യാപകമാണല്ലോ.
'സ്ത്രീയായി ആരും ജനിക്കുന്നില്ല, സമൂഹത്തില് അവള് സ്ത്രീയായി മാറിത്തീരുന്നതാണ്' എന്ന ദെബുവെയുടെ വാചകം പ്രസിദ്ധമാണ്. ദെബുവെ ഒരു മാര്ക്സിസ്റ്റ് അല്ലായിരുന്നെങ്കിലും മാര്ക്സിന്റെ ചരിത്രവീക്ഷണത്തിന്റെ അംശങ്ങള് അവരുടെ എഴുത്തുകളില് കാണാനാകും. 'കുടുംബത്തിന്റെ ആദര്ശവത്കരണം, മാതൃത്വത്തിന്റെ മഹത്വവത്കരണം, ഗാര്ഹികാധ്വാനത്തിന്റെ അദൃശവത്കരണം' ഇതൊക്കെ ദെബുവെ വിഷയമാക്കുന്നുണ്ട്. സാമ്പത്തികവും ഘടനാപരവുമായ മാറ്റങ്ങളിലൂടെ സ്വാതന്ത്ര്യവും വിമോചനവും സാധ്യമാണെന്ന് അവര് ചൂണ്ടിക്കാട്ടുന്നു. വ്യവസായവത്കരണം സ്ത്രീയെ തൊഴിലാളിയാക്കി കുടുംബത്തില് നിന്നും പുറത്തുകടത്തിയെങ്കിലും തൊഴിലിടത്തിലും അവള് കൂലിവിവേചനത്തിന്റെയും ചൂഷണത്തിന്റെയും ഇരയാകുന്നു.

4) സ്ത്രീയുടെ അപകര്ഷതാബോധമോ, ദൗബല്യമോ അവളെ രണ്ടാംസ്ഥാനത്തേക്ക് തള്ളുകയല്ല, നേരെമറിച്ച് അവളുടെ 'പാര്ശ്വവത്കരണം' അവളില് ദൗര്ബല്യവും അപകര്ഷതാബോധവും നിറയ്ക്കുകയായിരുന്നു എന്നതാണ് ജര്മന് മാര്ക്സിസ്റ്റായ റോസാ ലക്സംബര്ഗിന്റെ വിലയിരുത്തല്. സമാനമായ കാഴ്ചപ്പാട് ദെബുവെയ്ക്കുമുണ്ട്. 'സ്ത്രീത്വം' എന്ന പൊതുസങ്കല്പത്തില് സ്ത്രീകളെ തളച്ചിടുകയും വിധേയത്വവും അടിമബോധവും സ്ത്രീവിരുദ്ധതയും സമൂഹം അവളെ പരിശീലിപ്പിച്ചെടുക്കുന്നു. അടിമത്തത്തെ അലങ്കാരമായി കാണാനും അംഗീകരിക്കാനുമുള്ള ഒരുതരം 'കുലസ്ത്രീ' മനോഭാവം- (പാശ്ചാത്യര് ഇതിനെ സ്റ്റോക്ക്ഹോം സിന്ഡ്രോം എന്നൊക്കെ വിളിക്കും) ഇവിടെ വ്യാപകമാണ്.

5) വിവാഹം സ്ത്രീയെ ഏതാണ്ട് തകര്ക്കുക തന്നെയാണ് ചെയ്യുക. കാരണം അത് ഒരിക്കലും സൃഷ്ടിക്കുന്നത് സ്വാഭാവികമായ പ്രണയമല്ല, കൃത്രിമമായ ഔപചാരികബന്ധം മാത്രമാണ്. വിവാഹം സ്ത്രീയെ മാത്രമല്ല, പുരുഷനെയും ഒരു ഉടമ്പടിയുടെ തടങ്കലില് തളച്ചിടുന്നുവെന്നു കൂടി ദെബുവെ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ പ്രണയിക്കാനും തെരഞ്ഞെടുക്കാനും മനസിലാക്കാനും പൊരുത്തക്കേട് തോന്നിയാല് പ്രണയം ഉപേക്ഷിക്കാനുമുള്ള പൂര്ണമായ സ്വാതന്ത്ര്യവും സാവകാശവും വിവാഹം എന്ന social instituition അനുവദിക്കുന്നില്ല.
ലൈംഗികബന്ധത്തില് ഏര്പെടാനുള്ള ഒരു ലൈസന്സ് മാത്രമായി അത് മാറുന്നു. രണ്ട് വ്യക്തികള് തമ്മിലെ സഹജമായി ഉരുത്തിരിയേണ്ട പ്രണയബന്ധത്തിന് പകരം രണ്ട് കുടുംബങ്ങള് തമ്മിലെ ഔപചാരിക- സാമ്പത്തികബന്ധം കൂടിയായി വിവാഹം മാറുന്നു. പ്രസവം, മാതൃത്വം എന്നിവ സ്ത്രീക്ക് ഒരേസമയം അനുഗ്രഹവും ശാപവും ആണെന്നും സ്ത്രീയെ ഒരു ഉപകരണമെന്നോണം കുടുംബത്തിന്റെ വീട്ടുചങ്ങലകള്ക്കുള്ളില് തളച്ചിടാന് ഇവ ഗുണം ചെയ്യുന്നുവെന്നും ഉള്ള ദെബുവെ ഉള്പെടെയുള്ള ഫെമിനിസ്റ്റ് ചിന്തകരുടെ നിഗമനങ്ങള് പ്രസക്തമാണ്.

6) മാര്ക്സിസ്റ്റ് ചിന്തകയായ അലക്സാണ്ട്ര കൊലന്തായ് പ്രണയത്തെ നിര്വചിക്കുന്നത് ഒരു ജീവശാസ്ത്രപരമായ ചോദനയെന്നോണമാണ്. പ്രത്യുത്പാദനം നടത്താനും തലമുറകളിലൂടെ അതിജീവിക്കാനും പരിണാമപരമായി മനുഷ്യന് കൈവന്ന ഒരു ഹോര്മോണ് ഉത്പന്നം കൂടിയാണത്. എന്നാല് ജീവശാസ്ത്രചോദന എന്നതിനപ്പുറം ചരിത്രത്തിലുടനീളം പ്രണയത്തിന് വൈകാരികവും സര്ഗാത്മകവുമായ വിവിധമാനങ്ങളും കൈവന്നുവെന്ന് കൊലന്തായ് നിരീക്ഷിക്കുന്നു. പക്ഷേ വലിയതോതില് പ്രണയം വിവാഹവുമായി കൂട്ടിയിണക്കപ്പെട്ടു. പ്രണയത്തിന്റെ സദാചാരചട്ടക്കൂടുകള് തീരുമാനിക്കുന്നതാവട്ടെ അതാത് സാമൂഹ്യവ്യവസ്ഥയാണ് എന്ന സ്ഥിതിയുണ്ടായി. എല്ലാ സദാചാരമൂല്യങ്ങള്ക്കും ആധാരവും ഇതാണെന്ന് കാണാം.

7) Gender is a social construct എന്ന നിഗമനത്തെ ആധാരമാക്കി Queer theory പോലുള്ള ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള് ഇന്ന് പ്രചാരം നേടുന്നുണ്ട്. 1990കളില് ജൂഡിറ്റ് ബട്ലര് ആണ് ഇത്തരം നവീനസിദ്ധാന്തങ്ങള്ക്ക് തുടക്കമിട്ടത്. Gender ,sex എന്നിവ ഒരു ഭൗതികയാഥാര്ത്ഥ്യമേ അല്ലെന്നും അവയെ കൃത്യമായി നിര്വചിക്കാനാവില്ലെന്നും ഇവര് വാദിക്കുന്നു. സ്ത്രീ, പുരുഷന് എന്നിവ കേവലം ഭാഷാപ്രയോഗം മാത്രമാണത്രേ.. ഇതില് ധാരാളം പിശകുകളുമുണ്ട്. മാര്ക്സിസ്റ്റ് നിരീക്ഷണങ്ങള് മുന്നോട്ടുവെക്കുന്ന കേന്ദ്രആശയം ''നിലനില്ക്കുന്ന ഉത്പാദനക്രമങ്ങളുമായി ഇത്തരം പുരുഷാധിപത്യമൂല്യങ്ങള്ക്ക് ബന്ധമുണ്ട്'' എന്നതാണ്. സ്ത്രീ, പുരുഷന് എന്നിവയ്ക്കിടയിലെ വിവേചനബുദ്ധികളെ കണ്ണടച്ച് നിഷേധിച്ചതുകൊണ്ട് അത്തരം അസമത്വങ്ങള് ആവിയായിപ്പോകില്ല. Sex എന്നതാകട്ടെ തീര്ച്ചയായും ഒരു ഭൗതികയാഥാര്ത്ഥ്യം കൂടിയാണ് താനും. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ ഘടകങ്ങളുടെ ആകെത്തുകയെന്നോണം sexual identityയെ വിശദീകരിക്കാനാവും.
                         പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമാണ് sex എന്നതും ശരിയല്ല. വിശപ്പ് മാറ്റാന് വേണ്ടി മാത്രമാണ് ഭക്ഷണം എന്നുപറയുന്നതു പോലെ തന്നെ അബദ്ധമാണ് അത്. സ്പീഷീസിന്റെ അതിജീവനത്തോടൊപ്പം ആസ്വാദനത്തിന്റെയും വൈകാരികതയുടെയും കൂടി തലങ്ങള് അവയ്ക്കുണ്ടെന്ന് മനസിലാക്കപ്പെടണം. ഇവിടെയാണ് സ്വവര്ഗലൈംഗികതയും LGBT വിഭാഗങ്ങളും ഒക്കെ പരിഗണിക്കപ്പെടുന്നത്.
            ഒരു വ്യക്തി എന്നത് അനേകം സത്തകളുടെ മിശ്രണമാണ്. മറിച്ച് വ്യക്തിയെ ആണ്-പെണ് കേവലത്വത്തില് മാത്രം ഒതുക്കുന്നിടത്താണ് ട്രാന്സ്ജെന്ഡറുകളെയും ലൈംഗികന്യൂനപക്ഷങ്ങളെയും ഒക്കെ ശത്രുപക്ഷത്ത് നിര്ത്താന് നമുക്ക് പ്രേരണയാവുക. ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമെന്നാല് സ്ത്രീയും പുരുഷനും ട്രാന്സും ഉള്പെടെ എല്ലാ ലൈംഗികസത്തകളും ഉള്ക്കൊള്ളുന്നവര്ക്ക് വേണ്ടിയുള്ള പോരാട്ടം തന്നെയാണ്. ഇത്തരം സവിശേഷതകളാവട്ടെ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചുരുങ്ങുന്നതാണ് അഭികാമ്യവും. വ്യക്തിസ്വാതന്ത്ര്യവും കടമകളും മനുഷ്യാവകാശങ്ങളും ഒക്കെ അംഗീകരിക്കുമ്പോള്, കഴിവുകളെ അംഗീകരിക്കുമ്പോള്, കുറവുകളെ ചൂണ്ടിക്കാട്ടുമ്പോള് ആ വ്യക്തി ആണോ, പെണ്ണോ, ട്രാന്സോ എന്ന ഘടകത്തെ വലിച്ചിഴയ്ക്കാതിരിക്കുക എന്നതാണ് പ്രധാനം. വ്യക്തിയെ വ്യക്തിയായി കാണുക എന്ന് സാരം.

9) മുതലാളിത്തത്തില് സ്ത്രീകള് ഒരു തൊഴില്ശക്തി എന്ന നിലയില് മാത്രമല്ല പരിഗണിക്കപ്പെടുക, ഒരു വസ്തു എന്ന നിലയില് കൂടിയാണ്. 'സ്ത്രീ'യിലെ വ്യക്തിയെ അവഗണിക്കുകയും, ഒരു സൗന്ദര്യ- കാമോദ്ദീപന വസ്തു മാത്രമായി അവളെ ചിത്രീകരിക്കുകയും ചെയ്യുന്നത് പൊതുബോധത്തിന്റെ അധഃപതനം തന്നെയാണ്. ലൈംഗികത പാപമല്ല, മനുഷ്യസഹജമായ പ്രണയത്തിന്റെ അനേകം ആവിഷ്കാരമാര്ഗങ്ങളില് ഒന്നുമാത്രമാണത്. ഒരു വ്യക്തി അവരുടേതായ കലാവാസനയോ കഴിവോ സൗന്ദര്യമോ നൈപുണ്യമോ ഒക്കെ പ്രകടിപ്പിക്കുമ്പോള് അയാളുടെ വ്യക്തിത്വമാണ് കൂടുതല് പ്രകാശിതമാകേണ്ടത്. ജീവിതം കൂടുതല് സര്ഗാത്മകമാകുന്നത് അപ്പോഴാണ്. എന്നാല് നമ്മുടെ കലയിലും സിനിമയിലും മാധ്യമലോകത്തുമൊക്കെ സ്ത്രീകള് കാണിയുടെ ലൈംഗികചോദന ഉണര്ത്താന്പോന്ന ഒരു സൗന്ദര്യബിംബമായി മാത്രം ഒതുക്കപ്പെടുന്നു. കഴിവിനേക്കാളപ്പുറം സമൂഹത്തില് സൗന്ദര്യത്തിന്റെ നിര്വചനത്തില് വരുന്ന സങ്കല്പങ്ങള് (തൊലിവെളുപ്പ്, മുഖത്തിന്റെ സിമെട്രി, സ്ലിം ബ്യൂട്ടി etc) ഒത്തിണങ്ങുന്ന സ്ത്രീകളാവും നായികയായും ഗായികയായും നര്ത്തകിയായും പരസ്യപ്രചാരകയായും അവതാരകയായും ഒക്കെ പൊതുമാധ്യമത്തില് ഇടംപിടിക്കുക.

10) ലാഭകേന്ദ്രീകൃതമായ ഒരു സമ്പദ്ഘടനയില് ഇത്തരം ന്യൂനീകരണങ്ങള് സാധുവായിമാറുന്നു. മുതലാളിത്തത്തിന്റെ യുക്തിയില് സ്ത്രീയുടെ വസ്തുവത്കരണം ലാഭപ്രദായകം തന്നെയാണ്. തങ്ങളുടെ 'മാര്ക്കറ്റിങിന്' ഇത് അനിവാര്യവുമാണ്. സിനിമാ -വ്യവസായങ്ങളില് ഉള്പെടെ ഇത് പ്രകടവുമാണ്. സ്ത്രീ എന്നത് ശരീരം മാത്രമാവുകയും ആത്മത്തെ തന്നെ നഷ്ടമാകുകയും ചെയ്യുന്ന ഒരുതരം അന്യവത്കരണം ഇവിടെ സംഭവിക്കുന്നുണ്ടെന്ന് കാണാം. പ്രണയത്തിന്റെ ആവിഷ്കാരമാര്ഗം എന്നതില് നിന്നും പണം കൈമാറി സ്വന്തമാക്കാവുന്ന കച്ചവടമൂല്യം എന്നതിലേക്ക് വഴിമാറുന്ന സ്ഥിതിവിശേഷം തന്നെയാണ് മറുവശത്ത് ലൈംഗികത്തൊഴിലാളികളെയും സൃഷ്ടിക്കുന്നത്.. മതസദാചാരങ്ങളുടെ നിഴലില് ലൈംഗികസ്വാതന്ത്ര്യം എന്നത് പാപമായപ്പോള് അതിന്റെ മറുപുറമെന്നോണം ലൈംഗികദാരിദ്ര്യവും വേശ്യാലയങ്ങളും പൊതുയാഥാര്ത്ഥ്യമായി മാറി.

11) സ്ത്രീയുടെ വസ്തുവത്കരണത്തിന്റെ മറ്റൊരുതലം നമ്മുടെ സംസ്കാരത്തിലും സദാചാരബോധങ്ങളിലും കാണാനാവും.. ആസക്തിയും ലൈംഗികചോദനകളും ഇഷ്ടാനിഷ്ടങ്ങളുമൊക്കെ പുരുഷനുമാത്രമല്ല, സ്ത്രീക്കുമുണ്ട് . ഇൗ വസ്തുത അംഗീകരിക്കാതെ സ്ത്രീയുടെ ലൈംഗികചോദനകളെ എന്നും അടിച്ചമര്ത്തുവാനാണ് മതബോധനങ്ങള് എന്നും ശ്രമിച്ചിട്ടുള്ളത്. സ്ത്രീക്കുമേലുള്ള 'അവകാശം' തുടര്ന്നുപോകാന് ഇത് ആവശ്യമായിരുന്നു. ലൈംഗികാസ്വാദനം പുരുഷന്റെ മാത്രം വിഷയമാവുന്നു. ലൈംഗികതയെ കുറിച്ച് സംസാരിക്കുന്ന സ്ത്രീകളെ സമൂഹം അവജ്ഞയോടെയല്ലാതെ നോക്കിക്കാണുവാന് ഇടയില്ല. അവളുടെ വസ്ത്രധാരണവും പെരുമാറ്റവും പോലും ഓഡിറ്റ് ചെയ്യുന്ന സൈബര് ആങ്ങളമാരുടെ കരുതല് -ശല്യം വേറെയും.

12) സ്ത്രീയെ വ്യക്തി എന്നതില് നിന്നും 'സ്വകാര്യസ്വത്ത്' എന്നതിലേക്ക് പ്രതിഷ്ഠിക്കുന്ന പാട്രിയാര്ക്കിയല് മനഃസ്ഥിതിയുടെ വകഭേദങ്ങള് ധാരാളമായി നമുക്കുചുറ്റും കാണാനാവും. ഇതിനെതിരായ പുരോഗമനപരമായ മുന്നേറ്റങ്ങളും എതിര്പ്പുകളും അടുത്തകാലത്തു മാത്രമാണ് പ്രകടമായി തുടങ്ങിയത്. ഗര്ഭച്ഛിദ്രം പോലും പല രാജ്യങ്ങളിലും നിയമവിധേയമായിട്ട് അധികകാലമായിട്ടില്ല. സ്ത്രീയുടെ ശരീരം അവളുടേത് മാത്രമാണെന്നും ജീവിതം കൂടുതല് സര്ഗാത്മകമാക്കാനും പുതിയ അനുഭവങ്ങള് ആര്ജ്ജിക്കാനും വ്യക്തിത്വപ്രകാശനത്തിനും അവള്ക്കും അവകാശം ഉണ്ടെന്നുമുള്ള ലിബറല് തത്വം മുതലാളിത്തസമൂഹങ്ങളില് പൂര്ണമായി നടപ്പിലായിട്ടില്ലെന്ന് കാണണം. വ്യക്തിയെ വ്യക്തിയായി കണക്കാക്കുക, അവിടെ genderനെ വലിച്ചിഴയ്ക്കാതിരിക്കുക എന്ന ഫെമിനിസ്റ്റ് ആശയം ആധുനികമനുഷ്യന് ബോധ്യപ്പെടേണ്ടതുണ്ട്. കുടുംബത്തിന്റെ സാമ്പത്തികഭാരം പലപ്പോഴും ആണുങ്ങള് ചുമക്കേണ്ടിവരുന്നതും സദാചാരനിഷ്ഠകളില് സ്വയം അടിമപ്പെടുന്നതും ഒക്കെ ചെയ്യേണ്ടിവരുന്നതിലൂടെ പുരുഷനും ഇതേ പാട്രിയാര്ക്കിയുടെ ദോഷഫലങ്ങള് അനുഭവിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ആശയസമരങ്ങളില് ഫെമിനിസവും ഒരു മുദ്രാവാക്യമായി മാറാന് കാരണം ഇവരണ്ടും 'സമത്വം' എന്ന അനിവാര്യതയെ ലക്ഷ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതു കൊണ്ടാണ്. സമത്വം ഒരു കിട്ടാക്കനിയല്ലെന്നും അതുണ്ടാവാത്തതിന്റെ കാരണം നിലനില്ക്കുന്ന വര്ഗസമൂഹത്തിലെ സാമ്പത്തികവും സാംസ്കാരികവുമായ പുഴുക്കുത്തുകളും അവയെ സംരക്ഷിക്കുന്ന അധികാരകേന്ദ്രങ്ങളും ആണെന്നും ഉള്ള ബോധം നമുക്കുണ്ടാവണം

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...