ഒരു_കമ്മ്യൂണിസ്റ്റായാലുള്ള_ബുദ്ധിമുട്ടുകൾ
ഈ വിഷയത്തെക്കുറിച്ച് എഴുതണമെന്നാലോചിച്ചിട്ട് കാലം കുറേയായി. കേരളരാഷ്ട്രീയം ഇടത് ,വലത് എന്ന ദ്വന്ദത്തിൽ കാലങ്ങളായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതുകൊണ്ടും ഇപ്പോൾ വർഗീയകക്ഷികൾ കൂടിച്ചേർന്ന് ഒരു ത്രികോണവടംവലിയായി അത് രൂപാന്തരം പ്രാപിച്ചതുകൊണ്ടും പലപ്പോഴും കമ്മ്യൂണിസവും മറ്റുള്ളവരെ പോലെ ഒരു രാഷ്ട്രീയചേരി മാത്രമായി കരുതപ്പെടുന്നുണ്ട്. ഇടതും വലതും ഒക്കെ 'കണക്കാണെ'ന്ന നിഷ്പക്ഷബോധ്യത്തിനും ഇവിടെ കാലങ്ങളായുള്ള പഴക്കമുണ്ട്. എന്നാൽ ഇടതും വലതും അങ്ങനെ തുല്യദുഃഖിതരല്ലെന്നും ഒരു കമ്മ്യൂണിസ്റ്റ്/ ഇടതുപക്ഷക്കാരനായി ജീവിക്കണമെങ്കിൽ മറ്റുകൂട്ടരെ അപേക്ഷിച്ച് ബൗദ്ധികമായ ചില കടമ്പകളും വ്യവസ്ഥകളും ബുദ്ധിമുട്ടുകളും കൂടി മറികടക്കണമെന്നും വ്യക്തമാക്കാനാണ് ഈ പോസ്റ്റ്. (നിങ്ങൾക്കും വേണമെങ്കിൽ കൂട്ടിച്ചേർക്കാം).
1) ആരാണ് കമ്മ്യൂണിസ്റ്റ് എന്നതാണ് ഒന്നാമത്തെ പ്രശ്നം. കമ്മ്യൂണിസം എന്നത് മറ്റ് കക്ഷികളെപോലെ ഒരു പാർട്ടി-സ്വത്വം അല്ല എന്ന് മനസിലാക്കുക. നിങ്ങൾക്ക് ഒരു കോൺഗ്രസുകാരനാവാൻ വളരെ എളുപ്പമാണ്. കോൺഗ്രസ് എന്ന പാർട്ടിയുടെ നിലപാടുകളെ കുറച്ചൊക്കെ പിന്തുടർന്നാൽ മാത്രം മതി. അല്ലെങ്കിൽ വെറുതെ കോൺഗ്രസുകാരനാണെന്ന് പറഞ്ഞാലും മതി. നിങ്ങൾ വർഗീയവാദിയോ മതേതരനോ നാസ്തികനോ വിശ്വാസിയോ മുതലാളിത്തവാദിയോ സോഷ്യലിസ്റ്റോ അനാർക്കിസ്റ്റോ ഫെമിനിസ്റ്റോ സ്ത്രീവിരുദ്ധനോ ഒക്കെയായാലും കോൺഗ്രസുകാരനാകുന്നതിൽ അതൊന്നും ഒരു തടസമല്ല.
ഏതെങ്കിലും പ്രത്യയശാസ്ത്രത്തെയോ മൂല്യങ്ങളെയോ ഒന്നും പിന്തുടരേണ്ടതില്ല. ധാർമികമായ ഒരു ചിന്താപ്രക്രിയയും വേണ്ട. കോൺഗ്രസ് പാർട്ടി മതനിരപേക്ഷനിലപാടുകൾ കൈക്കൊള്ളുമ്പോൾ നിങ്ങളും അതിനെ പിന്തുണയ്ക്കുക.
മറിച്ച് രാമക്ഷേത്രം വേണമെന്ന് പ്രിയങ്കാഗാന്ധി പ്രസംഗിച്ചാൽ നിങ്ങൾക്കും അതിനെയും സപ്പോർട്ട് ചെയ്യാം. കോൺഗ്രസിന്റെ നിലപാട് എന്നത് സോണിയാഗാന്ധി- കുടുംബത്തിന്റെയും ഹൈക്കമാന്റിന്റെയും നിലപാടുകളാണ്. നെഹ്റുവിന്റെ മതനിരപേക്ഷതയും സോഷ്യലിസവും ശാസ്ത്രബോധവും പുരോഗമനവും ഗാന്ധിയുടെ ആദർശവും ജീവിതക്രമവും ഒക്കെ മുറുകെപ്പിടിക്കാമെന്ന് യാതൊരു ശാഠ്യവും ആ പാർട്ടിക്കില്ല. പാർട്ടി നവഉദാരവത്കരണത്തിനും സ്വകാര്യവത്കരണത്തിനും കോർപ്പറേറ്റ് കുത്തകകൾക്കും വേണ്ടി വാദിച്ചാൽ അതും കോൺഗ്രസുകാരന് യാതൊരു ധർമസങ്കടവും ഉണ്ടാക്കില്ല. മറിച്ച് കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിവാദിച്ചാലും നോപ്രോബ്ലം.. വർഗീയത പ്രയോഗിച്ചാലോ, വർഗീയപാർട്ടികളോട് കൂട്ടുകൂടിയാലോ അതും കോൺഗ്രസുകാരനെ വിഷമിപ്പിക്കേണ്ടതില്ല. അന്നന്നത്തെ രാഷ്ട്രീയത്തിനനുസരിച്ച് നിലപാടുകൾ കൈക്കൊള്ളുക. അത്രമാത്രം.
ഇതുപോലെയാണ് ബിജെപിയും. മോഡി- അമിത്ഷാജിമാർ എന്തുപറയുന്നോ അതങ്ങ് ഷെയർ ചെയ്താൽ മതി. അന്ധമായി പിന്തുടർന്നാൽ മതി, നിങ്ങൾക്ക് നല്ലൊരു 916 സങ്കിയായി മാറാം. വിദ്വേഷത്തിന്റെയും നന്മമരത്തിന്റെയും ഭാവങ്ങൾ പാർട്ടിക്കനുസരിച്ച് മാറിമാറിയണിഞ്ഞാൽ മതി.
2) ഇതല്ല, കമ്മ്യൂണിസ്റ്റുകാരന്റെ സ്ഥിതി. നിങ്ങൾ പിണറായി വിജയനെയോ പൊളിറ്റ് ബ്യൂറോയെയോ അന്ധമായി പിന്തുടർന്നാലോ പാർട്ടിയുടെ അനുഭാവിയായാലോ നിങ്ങൾ കമ്മ്യൂണിസ്റ്റുകാരനാവണമെന്ന് നിർബന്ധമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തമായി എതിർത്തതുകൊണ്ട് കമ്മ്യൂണിസ്റ്റുവിരുദ്ധനുമാകില്ല. പാർട്ടിയുമായുള്ള സ്വർച്ചേർച്ചയല്ല, സ്വന്തമായ നിലപാടുകളും മൂല്യബോധവുമാണ് ഒരാളെ കമ്മ്യൂണിസ്റ്റാക്കുക.
സ്വകാര്യവത്കരണം, ചങ്ങാത്തമുതലാളിത്തം, സാമ്പത്തികനയങ്ങൾ, പരിസ്ഥിതി, മതനിരപേക്ഷത, ലിംഗനീതി, പട്ടിണിപ്രശ്നം തുടങ്ങിയ അനേകം വിഷയങ്ങളിൽ നിങ്ങൾക്ക് സ്വന്തമായ വീക്ഷണങ്ങൾ ഉണ്ടായിരിക്കണം. ലോകത്ത് നടക്കുന്ന പലസംഭവങ്ങളിലും അഭിപ്രായങ്ങൾ രൂപീകരിക്കേണ്ടിവരും. ആമസോൺ കാട് കത്തിയപ്പോഴും അമേരിക്ക ഇറാഖിനുമേൽ കടന്ന് കയറിയപ്പോഴും ഇസ്രയേൽ ഗാസയിൽ മനുഷ്യക്കുരുതി നടത്തുമ്പോഴും ഒക്കെ കനലൊരുതരി എന്ന് പരിഹസിക്കപ്പെടുന്ന സിപിഎമ്മും മറ്റ് ഇടത് പാർട്ടികളും അഭിപ്രായം പറയും. രാഷ്ട്രീയം എന്നത് ഇന്ത്യയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് അങ്കണത്തിൽ മാത്രമൊതുങ്ങുന്നതല്ലെന്ന വിശ്വമാനവികബോധമാണത്.
3) ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം കോർപറേറ്റ് അനുകൂലമായ ഭരണം കാഴ്ചവെച്ചാൽ ഒരു കമ്മ്യൂണിസ്റ്റുകാരന് അതിനെ അനുകൂലിക്കാനാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി മതപ്രീണനമോ, വർഗീയനിലപാടുകളോ, തൊഴിലാളീവിരുദ്ധ നയങ്ങളോ സ്വീകരിച്ചാൽ കമ്മ്യൂണിസ്റ്റുകാർക്ക് തീർച്ചയായും ധർമ്മസങ്കടമുണ്ടാകുകയും (പാർട്ടിയെ ചിലപ്പോൾ അന്ധമായി ന്യായീകരിക്കുമെങ്കിലും) ചെയ്യും. പൊതുസമൂഹം തന്നെ നമ്മെ പരിഹസിക്കും.
ഇതിന് കാരണം കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയസ്വത്വം എന്നത് പാർട്ടിയിലല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളിലാണ്. സ്വന്തം ആശയങ്ങളിലുള്ള ഉറച്ച ബോധ്യമുള്ള ഒരു കമ്മ്യൂണിസ്റ്റിന് പലപ്പോഴുമുണ്ടാകുന്ന ധാർമികപ്രശ്നങ്ങൾ ഒരു കോൺഗ്രസ്- ബിജെപി അനുഭാവിക്ക് ഉണ്ടാവാനിടയില്ല.
നിങ്ങൾക്ക് കടുത്ത ഈശ്വരഭക്തനും ആചാരവാദിയുമാകാം. പക്ഷേ നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ നിങ്ങൾ അക്കാരണത്താൽ പരിഹസിക്കപ്പെടും. രമേശ് ചെന്നിത്തല അമ്പലത്തിൽ കയറി തൊഴുതാൽ അത് സ്വാഭാവികമാണ്. കടകംപള്ളി സുരേന്ദ്രൻ ചെയ്താൽ അത് ട്രോളായിമാറും.
4) പൊളിറ്റ് ബ്യൂറോ നേതാവ് മുതൽ നാട്ടിലെ ഒരു ലോക്കൽ സെക്രട്ടറി വരെ ചെയ്യുന്ന പ്രത്യയശാസ്ത്രവിരുദ്ധമായ പ്രവർത്തികൾക്ക് മറുപടി പറയേണ്ടിവരിക എന്നതാണ് മറ്റൊരു പ്രശ്നം. (ചിലപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത സഖാക്കൾക്ക് പോലും). സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും ചൈനയുടെ മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കിനും പോൾപോട്ടിന്റെയും സ്റ്റാലിന്റെയും കിംജോങ് ഉന്നിന്റെയും ക്രൂരതകൾക്കും ഒക്കെ പലപ്പോഴും നമ്മൾ ഉത്തരംനൽകേണ്ടിവരും. സ്വകാര്യവത്കരണ- കോർപറേറ്റ് അനുകൂല നവലിബറൽ രാഷ്ട്രീയയുക്തികളെയും വലതുപൊതുബോധത്തെയും എതിർക്കുമ്പോൾ നാം പെട്ടുപോവുക കടുത്ത ആശയസംവാദങ്ങളിലാവും.
കമ്മ്യൂണിസമൊക്കെ ലോകമാകെ ചവറ്റുകൊട്ടയിലെറിഞ്ഞ ഉട്ടോപ്യൻ ആശയങ്ങളല്ലേ എന്ന പരിഹാസവും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നിട്ടില്ലാത്ത എത്ര കമ്മ്യൂണിസ്റ്റുകൾ ഉണ്ട്..? സുഹൃത്തുക്കൾക്കിടയിൽ പോലും സ്വന്തം ബോധ്യങ്ങളെ നിരന്തരം പ്രതിരോധിക്കേണ്ടി വരും. ചിലപ്പോൾ ഒറ്റപ്പെടേണ്ടതായും. മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മുതലാളിത്തവിരുദ്ധമായ രാഷ്ട്രീയ- സാമ്പത്തികനിലപാടുകൾ കുറച്ചധികം കൊണ്ടുനടക്കേണ്ടിവരും. കുറച്ചധികം രാഷ്ട്രീയ-ചരിത്ര വിദ്യാഭ്യാസവും വേണ്ടിവരും. ആഗോളവത്കരണം, സാമ്രാജ്യത്വം ഇങ്ങനെ പല കടുകട്ടിവിഷയങ്ങളെ കുറിച്ചും നിലപാട് കൈക്കൊള്ളേണ്ടിവരും. അത്തരം നിലപാടുകൾ മാർക്സിസ്റ്റ് വിരുദ്ധമാകുമ്പോൾ ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രമാകേണ്ടിയുംവരും.
5) ഏറ്റവും വലിയ കൗതുകം, കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ഉൾപെടെ ഉപദേശങ്ങളും വിമർശനങ്ങളും കേൾക്കേണ്ടിവരും എന്നതാണ്. ഇടതുപക്ഷം ഇടതുപക്ഷവിരുദ്ധമായ ചില നിലപാടുകൾ കൈക്കൊള്ളുമ്പോൾ 'ഇങ്ങനെയല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ' എന്നുപറഞ്ഞ് പാർട്ടിയെ നന്നാക്കാൻ ശ്രമിക്കുന്ന കുറേപേരുണ്ട്. മുമ്പ് കോൺഗ്രസിലെ VM സുധീരൻ 'ഇടതുപക്ഷസർക്കാർ കമ്മ്യൂണിസത്തിന് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത്' എന്നുപറഞ്ഞുകൊണ്ട് നടന്നത് ഓർമയുണ്ട്. LDF സർക്കാരിന്റെ 'കൺസൾട്ടൻസി വിധേയത്വ'ത്തിനെതിരെ ഇതൊന്നും യഥാർത്ഥ ഇടതുസമീപനം അല്ലെന്നുകാണിച്ച് യെച്ചൂരിക്ക് കത്തയച്ചത് ചെന്നിത്തലയാണ്. കമ്മ്യൂണിസ്റ്റുകാർ 'യഥാർത്ഥ കമ്മ്യൂണിസത്തിന് 'നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നതിൽ വലതുപക്ഷത്തിന് എന്തിനാണ് ഇത്ര സങ്കടം എന്നറിയില്ല.
എന്നാൽ പാർട്ടിക്കുള്ളിലും പാർട്ടിയോട് സ്നേഹമുള്ള അനുഭാവികൾക്കിടയിലും ഇത്തരം സ്വയംവിമർശനങ്ങൾ മുളപൊട്ടാറുണ്ട്. സിപിഎം യഥാർത്ഥ കമ്മ്യൂണിസത്തിനു വിരുദ്ധമായ വലതുനിലപാടുകൾ കൈക്കൊള്ളുന്നു എന്ന 'റിവിഷനിസ്റ്റ്' ആരോപണങ്ങൾ വലതന്മാരിൽനിന്നും വലതുമാധ്യമങ്ങളിൽനിന്നും ഉദ്ദേശശുദ്ധിയുള്ള ഇടതന്മാരിൽനിന്നും ഒരുപോലെ നിരന്തരം കേൾക്കേണ്ടിവരും എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മറ്റൊരുപ്രശ്നം. ചിലപ്പോൾ ഉള്ളിന്റെയുള്ളിൽ ചിലപ്പോഴെങ്കിലും പാർട്ടിയോട് എതിർപ്പും തോന്നാം. ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ചതാണോ എന്നുള്ള ''ധാർമികപ്രശ്നവും' നിരാശയും ബാധിച്ചേക്കാം. പാർട്ടിക്കെതിരെ നമ്മൾ സംസാരിച്ചാൽ അത് 'പാവപ്പെട്ടവർക്ക് താങ്ങാകേണ്ട' പാർട്ടിയെ ദുർബലപ്പെടുത്തുന്ന കുലംകുത്തി നിലപാടാവില്ലേ എന്ന ആശയകുഴപ്പവും. മറ്റ് പാർട്ടിക്കാർക്കില്ലാത്ത ഇത്തരം ധർമസങ്കടങ്ങളാണ് കമ്മ്യൂണിസ്റ്റായാലുള്ള ഏറ്റവും വലിയ പ്രതിസന്ധി. ഈ മസ്തിഷ്ക- പ്രതിസന്ധികളെ സഹിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും കമ്മ്യൂണിസ്റ്റാവാം. ഇല്ലെങ്കിൽ മറ്റെന്തെങ്കിലുമായി തരംപോലെ 'ഹാപ്പി'യായി ജീവിക്കാം..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...