മുതലാളിത്തം ആധുനികതയെ പ്രതിഷ്ഠിച്ചത് എങ്ങനെ?
Modern എന്ന വാക്കിന്റെ അർത്ഥമെന്താണ്? മുൻതലമുറകളെ അപേക്ഷിച്ച് ചിന്തയിലും സംസ്കാരത്തിലും ജീവിതശൈലിയിലും ഒക്കെ പ്രകടിപ്പിക്കുന്ന 'പുതുമകളെ' മോഡേൺ എന്ന് വിളിക്കാം. 'ന്യൂജെൻ' എന്നൊക്കെ പറയുന്നത് പോലെ. വാസ്തവത്തിൽ മോഡേൺ എന്നത് എല്ലാകാലങ്ങളിലും ഉണ്ടായിരുന്നു. നമ്മുടെ മുതുമുത്തച്ഛന്മാരെല്ലാം അവരുടെ 'ആയ കാലത്ത്' മോഡേൺ തന്നെയായിരുന്നു. എന്നാൽ ഇതല്ല, Modernism (ആധുനികത) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. Modern, Modernism ഇവ രണ്ടും രണ്ടാണ്. 1890കൾക്കും 1960കൾക്കും ഇടയിൽ ലോകത്ത് വിവിധമേഖലകളിൽ പ്രകടമായ ഒരു പ്രത്യേക പ്രവണതയെയാണ് ആധുനികത, അഥവാ Modernism എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് 19ാം നൂറ്റാണ്ടിലെ അവസാനപാദത്തിൽ തുടങ്ങി 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് മോഡേണിസം പുരോഗതി പ്രാപിക്കുന്നത്. എങ്ങനെയാണ് മുതലാളിത്തം ആധുനികതയെ പ്രതിഷ്ഠിച്ചതും മാർക്സിസ്റ്റ് ആശയങ്ങൾ അതിന്റെ ഒരു സവിശേഷ-ആശയധാരയായി മാറിയതും? നോക്കാം.
മധ്യകാലഘട്ടം എന്നറിയപ്പെടുന്ന 15ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലൂടെ സമൂഹത്തിൽ വേരുറച്ച ഒട്ടേറെ പിന്തിരിപ്പൻ സാംസ്കാരികപ്രസ്ഥാനങ്ങൾക്കെതിരെ (ഉദാ :- മതഭരണകൂടം, മതപൗരോഹിത്യത്തിന്റെ സ്വാധീനം, ഫ്യൂഡലിസം, അന്ധവിശ്വാസങ്ങൾ, സദാചാരനിഷ്ഠകൾ, രാജവാഴ്ച, ജാതീയത, പ്രാദേശികവാദം etc) ചില പുതിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ജ്ഞാനോദയപ്രസ്ഥാനവും (Rennaisance) പുരോഗമനചിന്തകരും ഫ്രാൻസിലും ഇതരയൂറോപ്പിലും രൂപംകൊണ്ടു. വ്യവസായവിപ്ലവശേഷം ഉത്പാദനോപാധികളുടെയും ശാസ്ത്രസാങ്കേതികതയുടെയും അനുസ്യൂത വളർച്ച, ബൂർഷ്വാസിയുടെ ഫ്യൂഡലിസത്തിനുമേലുള്ള രാഷ്ട്രീയവിജയം (eg - ഫ്രഞ്ച് , അമേരിക്കൻ വിപ്ലവങ്ങൾ) ,കൊളോണിയൽ അധിനിവേശം എന്നിവയാണ് ആധുനികതയ്ക്ക് വിത്തുപാകിയത്. കല, തത്വശാസ്ത്രം, സാഹിത്യം, ചിത്രകല, സംഗീതം, രാഷ്ട്രീയപഠനം, സോഷ്യോളജി, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങി മനുഷ്യസമൂഹത്തിന്റെ സകലവൈജ്ഞാനികമേഖലകളിലും Modernist ആശയങ്ങൾ പ്രതിഫലിച്ചു.
ശാസ്ത്രചിന്ത, മതേതരത്വം, പാർലമെന്റി ജനാധിപത്യം, തുല്യത, സോഷ്യലിസം തുടങ്ങിയ ആധുനികമൂല്യങ്ങൾ മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി പൊതുശ്രദ്ധയാകർഷിച്ചു. ശാസ്ത്രചിന്തയിലും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചു. 1859ലെ Origin of species എന്ന ഗ്രന്ഥത്തിലൂടെ ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തം മുന്നോട്ടുവെച്ചത് അതുവരെയുണ്ടായിരുന്ന മത-ദൈവ- പൗരോഹിത്യസങ്കൽപങ്ങളെയാകെ തകിടം മറിച്ചു. കോടിക്കണക്കിന് വർഷങ്ങളുടെ പരിണാമപ്രക്രിയയിലൂടെയും പ്രകൃതിനിർദ്ദാരണത്തിലൂടെയുമാണ് മനുഷ്യനുൾപെടെയുള്ള ജീവിവർഗങ്ങൾ ആവിർഭവിച്ചതെന്നും മനുഷ്യന്റെ സൃഷ്ടിക്ക് ഒരു ദൈവത്തിന്റെ ആവശ്യമില്ലെന്നുമുള്ള സിദ്ധാന്തം ദൈവം എന്ന അന്ധവിശ്വാസത്തിന് വലിയ മുറിവേൽപിച്ചു.
മാർക്സിസ്റ്റ് രീതിശാസ്ത്രം കടമെടുത്താൽ 'നിലനിൽക്കുന്ന ഉത്പാദനോപാധികളും ഉത്പാദനബന്ധങ്ങളും ചേർന്ന മുതലാളിത്തത്തിന്റെ ഭൗതികാടിത്തറയാണ് ആധുനികത എന്ന സാംസ്കാരികമേൽപുരയ്‌ക്ക് രൂപം നൽകിയതെന്ന്' കാണാനാവും. മുതലാളിത്തഉത്പാദനക്രമം വികസിക്കുകയും ആവിയന്ത്രത്തിന്റെ വരവോടെ കുതിച്ചുമുന്നേറിയ വ്യവസായങ്ങൾ പിന്നീട് മറ്റ് ധാരാളം പരിഷ്കരണങ്ങൾക്ക് വിധേയമായി. റയിൽവേ, റോഡ്, ടെലിഗ്രാഫ്, ടെലിഫോൺ, വൈദ്യുതി, വാഹനങ്ങൾ തുടങ്ങിയവയുടെ വ്യാപനം ആധുനികതയ്ക്ക് ഭൗതികാടിത്തറ സൃഷ്ടിച്ചു. വ്യക്തിജീവിതത്തിലും സമൂഹത്തിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. ആധുനികതയുടെ ഏറ്റവും നല്ലൊരുപ്രയോക്താവായി ചിന്തകർ അടയാളപ്പെടുത്തുന്ന മറ്റൊരു ചിന്തകൻ മാർക്സ് തന്നെയാണ്. സാമ്പത്തികം, Sociology, ചരിത്രപഠനം, തത്വശാസ്ത്രം, രാഷ്ട്രീയം, കലാസാഹിത്യ വിമർശനം തുടങ്ങിയ പല മേഖലകളിലും മാർക്സിസം നൽകിയ സംഭാവനകൾ ചെറുതല്ല. എക്കണോമിക്സിനെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ഒരു പഠനശാഖയായി ആവിഷ്കരിച്ച ആഡംസ്മിത്ത്, റിക്കാർഡോ ഉൾപെടെയുള്ള എക്കണോമിസ്റ്റുകളുടെ സിദ്ധാന്തങ്ങൾ തന്നെയാണ് മാർക്സും തന്റെ മുതലാളിത്തവിമർശത്തിൽ സ്വീകരിക്കുന്നത്.
ആധുനികതയെ ഊട്ടിയുറപ്പിച്ച മുതലാളിത്തത്തെ വൈരുധ്യങ്ങൾ നിറഞ്ഞ ഒരു ചരിത്രഘട്ടമായി വിലയിരുത്തുകയും വർഗസമരം എന്ന യാഥാർത്ഥ്യത്തെ വിശകലനം ചെയ്യുകയും ചെയ്തു. മുൻകാലചിന്തകരിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് അദ്ദേഹം ഒരു ശാസ്ത്രീയസ്വഭാവം നൽകി. അധികാരകേന്ദ്രങ്ങൾക്കും മതപൗരോഹിത്യത്തിനും മൂലധനാധിപത്യത്തിനും എതിരായ സമത്വത്തിന് വേണ്ടിയുള്ള വിപ്ലവചിന്തകളെ ആധുനികതയിൽ പ്രതിഷ്ഠിക്കാൻ മാർക്സിന് കഴിയുന്നു. മാർക്സിനെയും എംഗൽസിനെയും കൂടാതെ ലെനിൻ (സാമ്രാജ്യത്വവിരുദ്ധത, സോഷ്യലിസ്റ്റ് വിപ്ലവം), ഗ്രാംഷി (ഫാസിസ്റ്റ് വിമർശം) ,റോസാ ലക്സംബർഗ് (മാർക്സിസ്റ്റ് ഫെമിനിസം), ട്രോട്സ്കി, കൗത്‌സ്കി, വാൾട്ടർ ബെഞ്ചമിൻ, ലൂയിസ് ആർഗൺ തുടങ്ങിയവർക്കെല്ലാം മാർക്സിസ്റ്റ് ആശയങ്ങളെ പലദിശയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു.
കലാസാഹിത്യങ്ങളിലും മനുഷ്യന്റെ ചിന്താരീതികളിലും ഉൾപെടെ 1900കൾ മുതൽ ആധുനികത പ്രകടമായിത്തുടങ്ങി. മോഡേണിസത്തിന്റെ വക്താക്കളായി കരുതപ്പെടുന്ന സാഹിത്യകാരാണ് TS എലിയറ്റ്, ജയിംസ് പിക്കാസോ, കാഫ്ക, യൂജിൻ ഒനീൽ തുടങ്ങിയവർ. 1890കൾക്ക് ശേഷമുണ്ടായ സാമ്പത്തികകുഴപ്പങ്ങളും ഈ പ്രവണതയ്ക്ക് കാരണമായിട്ടുണ്ടെന്ന് തിയോഡോർ അഡോണോ അഭിപ്രായപ്പെടുന്നു.
മനുഷ്യൻ കൂടുതൽ വസ്തുനിഷ്ഠമായി ചിന്തിക്കാൻ ആരംഭിച്ചു. യഥാർത്ഥ പ്രശ്നങ്ങളെ സംബന്ധിച്ച വ്യാകുലത, യുക്തിഭദ്രത, പരിഹാരങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം , റിയലിസം, Universality അഥവാ സാർവികസ്വഭാവം വേണമെന്നുള്ള ശാഠ്യങ്ങൾ ഇതെല്ലാം ആധുനികതയുടെ മുഖമുദ്രകളാണ്. ലഘുവിഷയങ്ങളിലും ആൾക്കൂട്ടവികാരങ്ങളിലും ഒതുങ്ങാതെ ലോകചരിത്രം, മനുഷ്യസമൂഹം ,അതിന്റെ പ്രവർത്തനം, കുഴപ്പങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച സർവതലസ്പർശിയായ ആശയാന്വേഷണങ്ങളെ ആധുനികത പ്രോത്സാഹിപ്പിച്ചു. ആധുനികകലയുടെ സവിശേഷതയായി പലരും അഭിപ്രായപ്പെടുന്നത് ഒറ്റപ്പെടുന്ന മനുഷ്യനും (Isolated being) വ്യക്തിപരതയുമാണ്. പഴയ ഫ്യൂഡൽ- മതചിഹ്നങ്ങൾക്ക് വലിയ തോതിൽ ക്ഷതം സംഭവിച്ചു. നഗരവത്കരണം, വ്യവസായപുരോഗതി ,ആധുനിക തൊഴിലാളിവർഗത്തിന്റെ ഉയർച്ച, കൊളോണിയലിസം തുടങ്ങിയവ ആധുനികതയ്ക്ക് അടിത്തറ പാകി.
ഉത്പാദനവളർച്ചയുടെ ഫലമായി ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ ഫാക്ടറികളിൽ ഉത്പാദിപ്പിക്കപ്പെട്ടതോടെ, അവ വിറ്റഴിക്കാനുള്ള പ്രത്യയശാസ്ത്രങ്ങൾക്ക് കൂടി ആധുനികത ജന്മം നൽകിയെന്ന് പറയാം. പരസ്യങ്ങൾ, ഉപഭോഗാസക്തി, മനുഷ്യബന്ധങ്ങളുടെ പോലും വസ്തുവത്കരണം ഇതൊക്കെ എടുത്തുപറയണം.
ആധുനികത സാഹിത്യത്തിൽ പ്രകടമായത് വിർജീനിയ വൂൾഫിലൂടെയും മാർവെൽ പ്രൂസ്റ്റിലൂടെയും മറ്റുമാണ്. ബോധം, ഉപബോധം തുടങ്ങിയ ആശയങ്ങളെകുറിച്ചും നിയന്ത്രണാതീതമായ മാനസികതലങ്ങളെക്കുറിച്ചും സിഗ്മണ്ട് ഫ്രോയ്ഡിന്റെ ആധുനികമനശാസ്ത്ര വിശകലനങ്ങൾ, പഴയ ഗ്രീക്ക്- മധ്യകാലശൈലികളെ ഉപേക്ഷിച്ച് ആധുനിക- ആർക്കിടെക്ച്ച്വർ മേഖലയിൽ പുതിയ സ്റ്റൈലുകൾക്ക് രൂപം നൽകിയ ലേ കോർബുസിയർ തുടങ്ങിയവരെല്ലാം ആധുനികതയുടെ ചിഹ്നങ്ങൾ പല മേഖലകളിൽ പതിപ്പിച്ചവരാണ്. സംഗീതത്തിൽ അർനോൾഡ് ഷോൺബെർഗ്, ചിത്രകലയിൽ ക്യൂബിസം പോലുള്ള നവീനപ്രയോഗങ്ങൾ ആവിഷ്കരിച്ച പിക്കാസോ തുടങ്ങിയ ഉദാഹരണങ്ങൾ വേറെയും.
മനുഷ്യന്റെ കഴിവിലുള്ള അപാരമായ വിശ്വാസം, മാനവികത, ഭൗതികവാദം, വിക്ടോറിയൻ സദാചാരനിഷ്ഠകൾ ഉൾപെടെയുള്ള പഴഞ്ചൻ മതബോധങ്ങളോടുള്ള വിമുഖത, കുടുംബബന്ധങ്ങളിലും സൗന്ദര്യസങ്കൽപങ്ങളിലും വന്ന മാറ്റം തുടങ്ങിയവയും ആധുനികത ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും Modernism എന്നത് ഒരു ഏകമാനമായ പ്രത്യയശാസ്ത്രമാണെന്ന് കരുതരുത്. പരസ്പരവിരുദ്ധമായ പല സങ്കൽപനഭേദങ്ങളും ആശയധാരകളും പ്രയോഗങ്ങളും ഇതിൽ ഉൾചേർന്നിട്ടുണ്ട്.
മോഡേണിസത്തിന്റെ പ്രധാനസവിശേഷത, അത് ഒരേ സമയം സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വവിരുദ്ധതയ്ക്കും ജന്മം നൽകി എന്നുള്ളതാണ്. മുതലാളിത്തം അതിനുള്ളിൽ തന്നെ സോഷ്യലിസ്റ്റ് ആശയധാരകൾക്ക് രൂപം നൽകിയതുപോലെ. ഇന്ത്യയിലാവട്ടെ ആധുനികത രൂപം പ്രാപിച്ചത് കൊളോണിയലിസം, ജനകീയനവോത്ഥാനം, ദേശീയവാദം, ലിബറൽ വ്യക്തിവാദം എന്നീനിലകളിലാണ്. പഴയകാല നാട്ടുരാജ്യങ്ങളുടെയും അധികാരബിംബങ്ങളുടെയും ജാതീയതയുടെയും മറ്റും കടുത്ത ചങ്ങലകളെ ഭേദിക്കാൻ കൊളോണിയൽ ആധുനികത അവസരം നൽകി. ഇന്ത്യയിൽ റോഡും റയിൽവേയും ഉൾപെടെ ഭൗതികമായും വൻപരിഷ്കാരങ്ങൾ സംഭവിച്ചു. ആധുനികതയിലേക്ക് ഇന്ത്യൻ ജനതയെ പരുവപ്പെടുത്തുന്നതിന് യൂറോപ്യൻ കൊളോണിയലിസം ആവശ്യമായിരുന്നെന്ന് മാക്സ് മുള്ളർ, വില്യം ജോൺസൺ തുടങ്ങിയ യൂറോപ്യൻ ചരിത്രകാരന്മാർ ന്യായീകരിക്കുന്നുണ്ട്.
ഇന്ത്യയുടെ മേൽ സാമ്പത്തികമായും രാഷ്ട്രീയമായും ഭീകരമായ ചൂഷണവും ജനാധിപത്യവിരുദ്ധതയും അസ്വാതന്ത്ര്യവും അഴിച്ചുവിട്ടെങ്കിലും എണ്ണിയാലൊടുങ്ങാത്ത നാട്ടുരാജ്യങ്ങളുടെ പടലപ്പിണക്കങ്ങൾക്ക് പകരം 'ഇന്ത്യ ' എന്നൊരു ദേശീയവികാരം ജനങ്ങളിൽ ഉണർത്തുന്നതിന് മുഖ്യകാരണം കൊളോണിയലിസം തന്നെയാണ്. സതി പോലുള്ള പല അനാചാരങ്ങളും കൊളോണിയൽ ആധുനികതയ്ക്കുകീഴിൽ നിരോധിക്കപ്പെട്ടു. ദേശീയ ഐക്യം, ഏകീകരണം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം ,മാനവികത, ശാസ്ത്രബോധം, നവോത്ഥാനം തുടങ്ങിയ രൂപങ്ങളിൽ ഇന്ത്യയിലും ആധുനികത സ്വാധീനം ചെലുത്തി. വിദ്യാഭ്യാസം മിഷണറിമാരുടെയും മറ്റും വരവോടെ സാർവത്രികമായി. രാജാറാം മോഹൻറായ്, അംബേദ്കർ, നാരായണഗുരു തുടങ്ങിയ അനേകം സാമൂഹ്യപരിഷ്കർത്താക്കളും വാസ്തവത്തിൽ ഇവിടെ ആധുനികതയ്ക്ക് അടിത്തറ പാകുകയാണ് ചെയ്തത്. മലയാളസാഹിത്യത്തിലും ആശാൻ, ഉള്ളൂർ, വള്ളത്തോൾ കൃതികളിലൊക്കെ ഇത് കാണാം.
Modernism മുന്നോട്ടുവെക്കുന്ന മറ്റൊന്ന് ഇംഗ്ലീഷിനോടും പാശ്ചാത്യസംസ്കാരത്തോടുമുള്ള ആഭിമുഖ്യമാണ്. വലിയൊരു വിഭാഗം ജനങ്ങളെ പലവിധത്തിലും സ്വാധീനിച്ച നേതാക്കളും (ഉദാ- ഗാന്ധി, ഹിറ്റ്ലർ, മാർട്ടിൻ ലൂഥർ) മറ്റൊരു സവിശേഷതയാണ്. പാർലമെന്ററി ജനാധിപത്യത്തിലും നമ്മുടെ ഭരണഘടനയിലുമൊക്കെ ആധുനികതയുടെ ലിബറൽ /സോഷ്യലിസ്റ്റ് മൂല്യങ്ങൾ വേണ്ടുവോളം കാണാം. ഇങ്ങനെയൊക്കെ ആണെങ്കിലും 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആധുനികതയ്ക്ക് ലോകമാകമാനം മന്ദീകരണം പ്രകടമായി സംഭവിക്കുകയും Modernism നോടുള്ള പ്രതിഷേധമെന്നോണം പുതിയ ചില വിപരീത പ്രവണതകൾ ഉടലെടുക്കുകയും ചെയ്തു. അത് ഉത്തരാധുനികത (Post modernism) എന്നറിയപ്പെടുന്നു. മാർക്സിസ്റ്റ് ആശയാവലികളുടെയും രാഷ്ട്രീയപദ്ധതികളുടെയും സ്വാധീനത്തെ മാറ്റിനിർത്തിക്കൊണ്ട് ആധുനികതയെയും ഉത്തരാധുനികതയെയും വിശദീകരിക്കാനാവില്ല എന്നതാണ് വസ്തുത.

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...