ഒമ്പത് വർഷങ്ങൾക്കുമുമ്പാണ് ലോകത്തെ പിടിച്ചുകുലുക്കിയ ആ ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയെന്ന വൻകിട മുതലാളിത്തരാജ്യം ഉദ്ഘാടനം ചെയ്ത സാമ്പത്തികമാന്ദ്യം ലോകമെമ്പാടും പടർന്നുപിടിച്ചു. 2007ൽ റിയൽ എസ്റ്റേറ്റിലുണ്ടായ പ്രതിസന്ധി സമസ്തമേഖലകളിലും വ്യാപിച്ചു. ചരിത്രത്തിലിന്നോളംമുതലാളിത്തത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. എന്തായിരുന്നു അതിന്റെ പശ്ചാത്തലം..? ലളിതമായി വിശദീകരിക്കാം..
സമൃദ്ധിയിലേക്ക് കുതിച്ചുകയറിയ മുതലാളിത്ത സമ്പദ് വ്യവസ്ഥ ആ വളർച്ച തുടർന്നും നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്നു. വർധിച്ച ഉത്പാദനം അങ്ങനെ തന്നെ നിലനിർത്തണമെങ്കിൽ ജനങ്ങളുടെ ഉപഭോഗശേഷിയും വർധിപ്പിക്കണമായിരുന്നു. അതിന് സാമ്പത്തികവിദഗ്ധർ കണ്ട പോംവഴി കടം നൽകി ജനങ്ങളെ സാധനം വാങ്ങാൻ സമ്മർദ്ദം ചെലുത്തുക എന്നതായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കൻ ബാങ്കുകൾ വായ്പകൾ സമൂഹത്തിലേക്ക് ഒഴുക്കി. ജനങ്ങൾ കടം വാങ്ങി ഉപഭോഗം വർധിപ്പിച്ചു. ഉപഭോഗം വർധിച്ചതോടെ കമ്പനികൾ ഉത്പാദനവും വർധിപ്പിക്കാനാരംഭിച്ചു. മൂലധനത്തിനു പുറമേ വായ്പകൾ കമ്പനികളും എടുത്തു. ഉത്പാദനവും ലാഭവും ഉപഭോഗവും ഓഹരിവിലകളും ഒക്കെ കുതിച്ചുയർന്നു. വിപണി സജീവമായി.
ചില ധനകാര്യസ്ഥാപനങ്ങൾ മറ്റ് കേന്ദങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വായ്പ നൽകി. വായ്പ നൽകുന്ന ബാങ്കുകൾ അവയുടെ കടപത്രം പുറത്തിറക്കാറുണ്ട്. ഇത് ഓഹരിവിപണിയിൽ ഒഴുകിനടക്കും. വ്യക്തികളും സ്ഥാപനങ്ങളും ഇവ വിപണനം നടത്തി ലാഭം വീർപ്പിക്കും. കടപത്രങ്ങൾക്ക് വിലയുണ്ടാകുന്നത് അതിലെ കടങ്ങൾ യഥാസമയം തിരിച്ചടയ്ക്കപ്പെടും എന്നുറപ്പുള്ളപ്പോൾ മാത്രമാണ് എന്ന വസ്തുത എല്ലാവരും മറന്നു. കടത്തിന്റെ കുമിള വീർത്തു. ജനങ്ങളുടെ വരുമാനച്ചുരുക്കത്തെ വായ്പ നൽകി മറികടന്നു എന്ന് സാരം. വിദേശസ്ഥാപനങ്ങളും യുഎസ് ബാങ്കുകളിലും കടപത്രങ്ങളിലും നിക്ഷേപങ്ങൾ നടത്തി.
വായ്പയെടുത്ത ജനങ്ങൾ അത് തിരിച്ചടയ്ക്കാൻ കൂടുതൽ വായ്പയെടുക്കേണ്ടി വന്നു. അവർക്കതേ കഴിയുമായിരുന്നുള്ളൂ.
വായ്പകളിൽ കൂടുതലും പാർപ്പിടവായ്പകളായിരുന്നു. കടപത്രങ്ങൾ, കടം വാങ്ങിയവരുടെ ഈട് തുടങ്ങിയവയെല്ലാം ഓഹരിവിപണിയിൽ വെറും നിക്ഷേപവസ്തുക്കളായി മാറി. ഈടില്ലാതെ വായ്പ നൽകുന്ന മഹാമനസ്കരായ ബാങ്കുകളും ഉണ്ടായിരുന്നു. വീട് എന്നത് വാസസ്ഥലം എന്നതിലുപരി ലാഭം കൊയ്യാനുള്ള ധനനിക്ഷേപ ആസ്തിയായി. വായ്പയെടുത്ത ജനലക്ഷങ്ങൾ വീടുകൾ വാങ്ങി. ഇത് കൂടുതൽ വിലയ്ക്ക് മറിച്ചുവിറ്റ് എല്ലാവരും പണം വാരി. റിയൽ എസ്റ്റേറ്റ് തടിച്ചുകൊഴുത്തു. ഒാരോ ഘട്ടം കഴിയുന്തോറും വീടുകളുടെ വില കുതിച്ചുയർന്നു. വീടുകളുടെ എണ്ണം പെരുകിയതോടെ വിലയിടിയുമെന്ന ഭയം ഉണ്ടായി. ഇതോടെ വീട് വാങ്ങിയവർ കിട്ടുന്ന വിലയ്ക്ക് വിറ്റ് തടിരക്ഷിക്കാനായി ശ്രമം.. അതുവരെ ചടുലമായി നിലനിന്ന സാമ്പത്തികവ്യവസ്ഥ അതിന്റെ അനിവാര്യമായ തകർച്ചയിലേക്ക് നീങ്ങി.
വീടുകൾ വാങ്ങാൻ വന്നവർ വിസമ്മതം പ്രകടിപ്പിച്ചു. റിയൽ എസ്റ്റേറ്റിന്റെയും മറ്റ് സ്വത്തുക്കളുടെയും വിലയിടിഞ്ഞു. കടം തിരിച്ചടവ് മുടങ്ങി. ഈടുകളിലും കടപത്രങ്ങളിലും പണമിറക്കാൻ ആളുകൾക്ക് വിശ്വാസമില്ല. ബാങ്കുകളിലെ പണയവസ്തുക്കളുടെയും വിലയിടിഞ്ഞു. കിട്ടാക്കടം പെരുകാൻ തുടങ്ങിയതോടെ ബാങ്കുകൾ ഒന്നൊന്നായി പൂട്ടാൻ തുടങ്ങി. ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ ജപ്തി ചെയ്ത് പൂട്ടിയിട്ടു. ബാങ്ക് ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു. നിക്ഷേപങ്ങൾ നടത്തിയവരെല്ലാം പാപ്പരായി. ലെഹ്മാൻ ബ്രദേഴ്സ്, ബിയർ സ്റ്റേൺസ് തുടങ്ങിയ മൂലധനഭീമന്മാർ നിമിഷനേരം കൊണ്ട് പാപ്പരായി. കടം കൊടുത്ത് വർധിപ്പിക്കുന്ന ഉപഭോഗം വീഴ്ചയുടെ ആഘാതം വർധിപ്പിക്കുമെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ഉപഭോഗം കുറഞ്ഞതോടെ കമ്പനികൾ നഷ്ടത്തിലായി.
അമിതോത്പാദനപ്രതിസന്ധി ഉടലെടുത്തു. ഓഹരിവില തകർച്ചയും ഉപഭോഗമാന്ദ്യവും രൂക്ഷമായി. കമ്പനികൾ ഉത്പാദനം കുറച്ചു. പലതും പൂട്ടി. തൊഴിലില്ലായ്മ റോക്കറ്റ് പോലെ കുതിച്ചുയർന്നു. ഇത് ദാരിദ്യ്രം വീണ്ടും വർധിപ്പിക്കുകയും ഉപഭോഗവും കടം തിരിച്ചടവും ഒരുപോലെ ഇടിയുകയും ചെയ്തു. തകർന്നടിഞ്ഞ വാൾസ്ട്രീറ്റ് ബാങ്കുകൾ സർക്കാർ തന്നെ ഏറ്റെടുത്തു. അമേരിക്കൻ ഓഹരികളിൽ നിക്ഷേപിച്ച വിദേശരാജ്യങ്ങളിലും മാന്ദ്യം വൈറസ് പോലെ പടർന്നുപിടിച്ചു.
അമേരിക്കൻ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ സാമ്പത്തികകുഴപ്പവും അത് സൃഷ്ടിച്ച ആഘാതങ്ങളും വിശദീകരിച്ചുവല്ലോ.. വമ്പിച്ച പ്രക്ഷോഭമാണ് പിന്നീടുള്ള നാളുകളിൽ അമേരിക്ക സാക്ഷ്യം വഹിച്ചത്. യുഎസ് ഓഹരിവിപണിയുടെ കേന്ദ്രബിന്ദുവായ വാൾസ്ട്രീറ്റ് സമരാനുകൂലികളെ കൊണ്ട് നിറഞ്ഞു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിൽ നടന്ന ഭരണവിരുദ്ധപ്രക്ഷോഭങ്ങളേക്കാൾ രൂക്ഷമായിരുന്നു അത്. എന്തായിരുന്നു മാന്ദ്യകാലത്തെ ജനങ്ങളുടെ അവസ്ഥ..? ഒരു ഭാഗത്ത് വാങ്ങാനാളില്ലാതെ ജപ്തി ചെയ്ത് പൂട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് വീടുകൾ.. മറുഭാഗത്ത് മൈതാനങ്ങളിലും പൊതുഇടങ്ങളിലും ടെന്റ് കെട്ടിയും മറ്റും വസിക്കുന്ന ലക്ഷോപലക്ഷം ഭവനരഹിതർ.. തൊഴിൽ നഷ്ടപ്പെട്ട് അലഞ്ഞു തിരിയുന്ന യുവാക്കൾ.. സ്കൂളുകൾ പൂട്ടിയതോടെ തെരുവിൽ പ്ലക്കാർഡുകളേന്തിയ വിദ്യാർത്ഥികൾ..
ഇങ്ങനെ മാന്ദ്യം എല്ലാ വിഭാഗങ്ങളെയും കടന്നാക്രമിക്കുമ്പോൾ ബാങ്കുകളിലെ ഉന്നതമേധാവികളുടെ ഉയർന്ന ശമ്പളവും ധൂർത്തും ജനങ്ങളെ രോഷാകുലരാക്കി. ബാങ്കുകൾ വായ്പ നൽകുന്നത് കുറച്ചതും കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കിയതേ ഉള്ളൂ. പ്രസിഡന്റ് ബുഷ് ഒരു രക്ഷാപ്പാക്കേജ് പ്രഖ്യാപിച്ചു. എന്നാലിത് ബാങ്കുകളെ മാത്രം സഹായിക്കുന്നതായിരുന്നു. അവയ്ക്ക് ലഭിക്കാനുള്ള കിട്ടാക്കടങ്ങൾ സർക്കാർ നൽകി (വിലയില്ലാത്ത കടപ്പത്രങ്ങൾ വാങ്ങുക) ബാങ്കുകളെ മാത്രം കരകയറ്റുന്നു. എന്നാൽ ലോണെടുത്ത് തിരിച്ചടയ്ക്കാനാവാതെ തെരുവിലിറങ്ങിയവരെ ഒരു ബുഷും തിരിഞ്ഞുനോക്കിയില്ല. ബുഷിന്റെ രക്ഷാപ്പാക്കേജ് വലിയ ജനരോഷം ഉയർത്തി. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പാപ്പരായ ബാങ്കുകളെയും കോർപറേറ്റുകളെയും രക്ഷപ്പെടുത്തണ്ട എന്ന് സമൂഹം ശബ്ദമുയർത്തി. പണക്കാർക്ക് മാത്രം സോഷ്യലിസവും പാവപ്പെട്ടവർക്ക് മുതലാളിത്തവും (Socialism for the Rich, Capitalism for the Rest) എന്ന ആക്ഷേപം ഭരണകൂടത്തിനു നേരെ ഉയർന്നു.
വിദ്യാർത്ഥികളും യുവാക്കളും വയോജനങ്ങളും പടുകൂറ്റൻ ബാനറുകളും പ്ലക്കാർഡുകളുമേന്തി ധനികർ മാത്രം വന്നുപോയിരുന്ന വാൾസ്ട്രീറ്റ് ബാങ്കുകൾക്കു മുന്നിൽ സംഘടിച്ചു. പോലീസുകാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഒടുവിൽ ഭരണപക്ഷവും പ്രതിപക്ഷവും ബുഷിന്റെ പാക്കേജിനെ തള്ളിപ്പറഞ്ഞു. പിന്നീട് സർക്കാർ കൊണ്ടുവന്ന രക്ഷാപ്പാക്കേജിൽ കടബാധ്യതയുള്ള സാധാരണക്കാരെ കൂടി ഉൾപെടുത്തുന്ന നടപടികളുണ്ടായി. ജനങ്ങൾക്കായി ക്ഷേമപദ്ധതികൾ രൂപീകരിച്ചു. നികുതിയിളവുകൾ നൽകി. എന്തിനേറെ പറയുന്നു.., ബാങ്കുകളുടെ ഓഹരികൾ പോലും സർക്കാർ വാങ്ങി അവയെ ദേശസാൽക്കരിച്ചു. മുതലാളിത്തഹുങ്കിന്റെ ഈറ്റില്ലമായ അമേരിക്കയിലും ബ്രിട്ടനിലും നടന്ന ബാങ്ക് ദേശസാൽക്കരണങ്ങൾ അവിടത്തെ നവലിബറൽപ്രേമികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ബജറ്റ് കമ്മിയും ഉയർന്നു. പൊതുജനക്ഷേമത്തിനായി സർക്കാർ ചെലവുകളും നിക്ഷേപങ്ങളും കൂട്ടി.
സോഷ്യലിസത്തെ തള്ളിപ്പറഞ്ഞവർക്ക് മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ സോഷ്യലിസത്തെ തൽക്കാലത്തേക്കെങ്കിലും പുൽകേണ്ടിവന്നു. വെനസ്വേലൻ സോഷ്യലിസ്റ്റ് നേതാവും പ്രസിഡന്റുമായ ഹ്യൂഗോ ഷാവേസ് ജോർജ് ബുഷിനെ വിളിച്ചത് സഖാവ് ബുഷെന്നാണ്..!! യൂറോപ്പിലും യഥേഷ്ടം നടന്നുവന്നിരുന്ന സ്വകാര്യവത്ക്കരണങ്ങൾ നിലച്ചു. ജർമ്മൻ റെയിൽവേ സർക്കാർ ഏറ്റെടുത്തു. ലാറ്റിൻ അമേരിക്കയിലും ഇത് തന്നെ അവസ്ഥ. ഇത്തരം നടപടികൾ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തി. തകർന്നടിഞ്ഞ വിപണി കരകയറി. സോഷ്യലിസ്റ്റ് നയങ്ങളുടെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു. ഇത് പിന്നീട് രാഷ്ട്രീയത്തിലും വരുത്തിയ മാറ്റങ്ങൾ വലുതായിരുന്നു.

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...