Sunday, October 28, 2018

വിപ്ലവം- ഒരു ദാർശനികവിശകലനം..



                        മനുഷ്യന് ജീവിക്കണമെങ്കിൽ സാധനങ്ങളും സേവനങ്ങളും വേണം.. ഭക്ഷണം, വെള്ളം, വായു, വസ്ത്രം ,പാർപ്പിടം, ഗതാഗതം, ആശയവിനിമയസൗകര്യം, ഊർജം, തുടങ്ങി അനേകം ഘടങ്ങൾ ഇതിൽ ഉൾപെടും.. ഇതിൽ വായു ഒഴികെ മറ്റെല്ലാം തന്നെ വില കൊടുത്താണ് മനുഷ്യൻ സ്വന്തമാക്കുന്നത്. നാളെ ഒരുപക്ഷേ ഓക്സിജനും വിൽപനച്ചരക്കാകുമോ എന്നതും ആശങ്കയുളവാക്കുന്നതാണ്.. എന്തായാലും ഇത്തരം ചരക്കുകൾ മനുഷ്യന് ഉപയോഗിക്കണമെങ്കിൽ അത് വ്യാപകമായി നിർമിക്കപ്പെടണം. എന്നാൽ ഒരു മനുഷ്യന് അവനാവശ്യമുള്ള ചരക്കുകളെല്ലാം സ്വയം നിർമിക്കാനാവില്ല. അതിനാൽ അവനത് കമ്പോളത്തിൽ നിന്ന് വാങ്ങുന്നു.

                        കമ്പോളത്തിൽ എത്തണമെങ്കിൽ ചരക്ക് നിർമിക്കപ്പെടണം. ഉത്പന്നങ്ങൾ ഉണ്ടാകുന്നത് മനുഷ്യാധ്വാനത്തിലൂടെയാണ്. അധ്വാനം മാത്രം പോര.. അസംസ്കൃതവസ്തുക്കളും ഉപകരണങ്ങളും യന്ത്രങ്ങളും മറ്റ് ഉപാധികളും ഒക്കെ വേണം.. ഇതിനെല്ലാം പണം വേണം. ഒരു സ്വകാര്യവ്യക്തി അല്ലെങ്കിൽ ഗ്രൂപ്പ് ഇതിനായി മൂലധനം മുടക്കുന്നു. ഫാക്ടറിയും മറ്റ് സ്ഥാവരജംഗമവസ്തുക്കളും സജ്ജമാക്കുന്നു.. ഇതു മാത്രം പോര ,മനുഷ്യാധ്വാനവും വേണം.. കയ്യിൽ മൂലധനമില്ലാത്ത, അധ്വാനിക്കാനുള്ള ശേഷി മാത്രമുള്ള ഭൂരിപക്ഷം ഈ സ്ഥാവരജംഗമവസ്തുക്കളുമായി ചേർന്ന് ഉത്പാദനം നടത്തുന്നു.. ആദ്യത്തെ ന്യൂനപക്ഷം മുതലാളിവർഗവും ഭൂരിപക്ഷം തൊഴിലാളിവർഗവുമെന്ന് അറിയപ്പെടുന്നു..
മുതലാളിയുടെ മൂലധനത്തിനുമേൽ തൊഴിലാളിയുടെ അധ്വാനം ചേർന്ന് പുതിയ ചരക്കുണ്ടാകുന്നു. ഈ ചരക്കിന്റെ മൂല്യം മൂലധനത്തേക്കാൾ കൂടുതലായിരിക്കും. ഈ മൂല്യം കമ്പോളത്തിൽ വെച്ച് ലാഭമായി മാറുന്നു. മുടക്കുമുതലും ഈ മിച്ചമൂല്യവും മുതലാളി സ്വന്തമാക്കുന്നു. തൊഴിലാളിക്ക് ഒരു നിശ്ചിതസംഖ്യ നൽകുന്നു.  ചരക്ക് പല കൈകളിലൂടെയും കൈമാറ്റം ചെയ്താണ് കമ്പോളത്തിൽ അന്തിമമായി ഉപഭോക്താവിന്റെ മുന്നിൽ എത്തുന്നത്. അതായത് കമ്പോളത്തിൽ ചരക്കിന് ലഭിക്കുന്നവിലയിൽ നിന്ന് ചരക്ക് നിർമാണത്തിനാവശ്യമായ മൂലധനം കുറച്ചാൽ ബാക്കി ലഭിക്കുന്ന ലാഭം ഫാക്ടറി മുതലാളിയും ഇടനിലക്കാരായ വ്യാപാരിമുതലാളിമാരും പങ്കിടുന്നു എന്ന് കാണാം. കമ്പോളത്തിൽ നിന്ന് ചരക്ക് വാങ്ങുന്നത് ജനങ്ങളാണ്. ഇതിൽ ഭൂരിപക്ഷവും ആരുടെയെങ്കിലും കീഴിൽ പണിയെടുക്കുന്ന തൊഴിലാളിവർഗവും.. അവർ സാധനം വാങ്ങുന്നതാവട്ടെ മാസംതോറും ലഭിക്കുന്ന ശമ്പളം ഉപയോഗിച്ചാണ് താനും.. മുതലാളിമാർ സാധനം വാങ്ങുന്നതോ ലാഭം ഉപയോഗിച്ചും.. ഇതാണ് മുതലാളിത്തം എന്ന സാമ്പത്തികവ്യവസ്ഥിതിയുടെ രത്നച്ചുരുക്കം..


                ആന്തരികവൈരുധ്യങ്ങളാൽ സമ്പുഷ്ടമായ ഒരു സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഈ വൈരുധ്യങ്ങൾ തമ്മിലെ സംഘട്ടനം മൂർഛിക്കുന്നതിന്റെ ഫലമായി പൊടുന്നനെ ഒരു മാറ്റം സംഭവിക്കുന്നു.. ഇതാണ് വിപ്ലവം.. അതിലൂടെ ആ വ്യവസ്ഥിതി തന്നെ തകർന്നടിയുകയും പുതിയതൊന്ന് ജന്മം കൊള്ളുകയും ചെയ്യുന്നു. ഈ പുതിയ വ്യവസ്ഥിതിയുടെ വിത്തുകൾ പഴയ വ്യവസ്ഥിതിയുടെ ഉള്ളിൽ തന്നെയുണ്ടാകും.. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള വിപ്ലവത്തെ ഒന്നു വിശകലനം ചെയ്താൽ താഴെ പറയുന്ന വസ്തുതകൾ വ്യക്തമാകും..

1) മുതലാളിത്തത്തിന്റെ ഉത്പാദനോപാധികൾ (ശാസ്ത്രസാങ്കേതികവിദ്യ ഉൾപെടെ) ദ്രുതഗതിയിൽ വളർന്നുവികസിക്കുമ്പോഴും ചൂഷണത്തേ അടിസ്ഥാനമാക്കിയ അതിന്റെ ഉത്പാദനബന്ധം മാറ്റമില്ലാതെ തുടരുന്നതാണ് വൈരുധ്യങ്ങൾ മൂർച്ഛിക്കാൻ കാരണം. അതായത് ഒരു സോഷ്യലിസ്റ്റ് വിപ്ലവം സംഭവ്യമാകണമെങ്കിൽ മുതലാളിത്തത്തിലെ ഉത്പാദനശക്തികൾ വളർന്നുവികസിക്കണം.

2) സമ്പന്നനും ദരിദ്രനും തമ്മിലെ അകലം കുറയ്ക്കലാണ് സോഷ്യലിസം.. അതായത് സമ്പത്ത് ജനങ്ങളിൽ സമമായി വിതരണം ചെയ്യപ്പെടുന്ന അവസ്ഥ.. അതുകൊണ്ടുതന്നെ സോഷ്യലിസം ഉണ്ടാവണമെങ്കിൽ ആദ്യം സമ്പത്ത് വേണം.. ദരിദ്രന്മാരുടെ സോഷ്യലിസമല്ല മാർക്സ് പ്രഖ്യാപിച്ചതെന്നോർക്കുക. മുതലാളിത്തത്തിന്റെ ഉത്പാദനശക്തികൾ വളരുകയും അതിലൂടെ സമ്പദ് വ്യവസ്ഥ പക്വത പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ ചൂഷണാധിഷ്ഠിതമായ ഉത്പാദനബന്ധങ്ങൾ ഒരു സാമൂഹ്യവിപ്ലവത്തിലേക്ക് നയിക്കുന്നു..

3) സാംസ്കാരികവും സാമ്പത്തികവുമായ പുരോഗമനം സോഷ്യലിസത്തിന്റെ പിറവിക്ക് ആവശ്യമാണ്. സാമ്പത്തികപുരോഗതി എന്തിനാണെന്ന് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.. അതുപോലെ തന്നെയാണ് സാംസ്കാരികമായ/ ബൗദ്ധികമായ പുരോഗതി.. ആർത്തിയെയും ചൂഷണത്തെയും അസമത്വത്തെയും ന്യായീകരിക്കുന്ന മനസ്ഥിതി മാറണം.. പങ്കിടലിന്റെയും സഹകരണത്തിന്റെയും സമത്വഭാവത്തിന്റെയും പാഠങ്ങൾ ചൂഷിതവർഗത്തിന്റെ സംസ്കാരമായി മാറണം.

4) ജാതി- മതങ്ങളുടെ പേരിൽ വിഘടിക്കുകയല്ല, ചൂഷണങ്ങൾക്കെതിരെ ജാതിമതവ്യത്യാസമില്ലാതെ ഒന്നിക്കുകയാണ് വേണ്ടതെന്ന തോന്നൽ തൊഴിലാളിവർഗത്തിന് ഉണ്ടാകണം. മതവിശ്വാസം സ്വകാര്യവിഷയമായി മാറണം.. രാഷ്ട്രീയത്തിൽ നിന്നും അത്തരം ഉപാധികൾ മാറ്റിനിർത്തപ്പെടണം.

5) മുതലാളിത്തവ്യവസ്ഥിതിക്കെതിരെ തൊഴിലാളിവർഗം മാത്രമല്ല, പരിസ്ഥിതിപ്രസ്ഥാനങ്ങൾക്കും മനുഷ്യാവകാശസംഘടനകൾക്കും വനിതാവിമോചനപ്രസ്ഥാനങ്ങൾക്കും ഒക്കെ അണി ചേരാൻ കഴിയും.. മറ്റൊരു ലോകം സാധ്യമാണെന്ന ബോധത്തോടെ ബഹുജനങ്ങൾ അണിനിരക്കണം. എന്നാൽ അവരുടെ പക്കലുള്ള ദാർശനികമായ ആയുധം മാർക്സിസം ആയിരിക്കും എന്നതിൽ സംശയമില്ല. കാരണം മുതലാളിത്തത്തിന്റെ ഒരേയൊരു പ്രതിവിധി സോഷ്യലിസം മാത്രമാണ്.

6) ബൂർഷ്വാസമൂഹത്തിലും പുരോഗമനപരമായ ചില ഘടകങ്ങളുണ്ട്. അവ സ്വീകരിക്കുക തന്നെ വേണം. കുത്തകകളുടെ ലാഭം വർധിപ്പിക്കാനുള്ള ശാസ്ത്രസാങ്കേതികവിദ്യ നാളെ സോഷ്യലിസ്റ്റ് ഉത്പാദനക്രമത്തിനായി പരിവർത്തനപ്പെടുത്തണം. ജനങ്ങൾ പരിപൂർണമായി രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും പങ്കുചേരണം. അത് അങ്ങേയറ്റം വികേന്ദ്രീകൃതമാകണം. കേന്ദ്രീകൃത ജനാധിപത്യവും സ്വേഛാധിപത്യവും ഒക്കെ പൊളിച്ചെഴുതപ്പെടണം..

                ദുഃഖകരമായ കാര്യം എന്തെന്നുവെച്ചാൽ 20ാം നൂറ്റാണ്ടിൽ നാം കണ്ട കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾക്കൊന്നും മേൽപറഞ്ഞ സവിശേഷതകൾ ഉണ്ടായിരുന്നില്ല എന്നതാണ്. അതിനാൽ അവയുടെയെല്ലാം പരാജയവും സുനിശ്ചിതമായിരുന്നു.. സോവിയറ്റ് സോഷ്യലിസത്തിന്റെ തകർച്ചയും ചൈനയുടെ മുതലാളിത്തവത്കരണവും ഉത്തരകൊറിയൻ ഭീകരതകളും ഒക്കെ മാർക്സിസം ആണ് വില്ലനെന്നും അത് തകർന്നതാണെന്നുമുള്ള ബോധം സമൂഹത്തിൽ ഉണ്ടാക്കി. സത്യം അതല്ലങ്കിൽ കൂടി..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...