Sunday, October 28, 2018

മുതലാളിത്തസാമ്പത്തികം - മാർക്സിസ്റ്റ് വിമർശം..

ലാഭവർധനവിന്റെ വഴികൾ.. 

മുതലാളിത്തോത്പാദനത്തെ സംബന്ധിച്ച് കഴിഞ്ഞ പോസ്റ്റിൽ ലളിതമായ വിശദീകരണം നൽകിയിരുന്നു. ഉത്പാദനം എന്നത് മൂലധനഉടമ മുടക്കുന്ന സ്ഥിരമൂലധനത്തിനുമേൽ അധ്വാനം നിക്ഷേപിക്കുന്ന പ്രക്രിയയാണ്. സ്ഥിരമൂലധനത്തിൻമേൽ അധ്വാനമൂല്യം കൂടി ചേരുമ്പോൾ കൂടുതൽ മൂല്യമുള്ള ചരക്ക് നിർമിതമാകും. ഈ അധികമൂല്യമാണ് മിച്ചമൂല്യം.  അതായത് തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം തന്നെയാണ് മുതലാളിയുടെ ലാഭമായി മാറുന്നത്..

മുതലാളിക്ക് തന്റെ ലാഭം രണ്ട് തരത്തിൽ വർധിപ്പിക്കാമെന്ന് മാർക്സ് വ്യക്തമാക്കുന്നു.
1)തൊഴിലാളിയുടെ കൂലി കുറയ്ക്കുക, തൊഴിൽസമയം,അധ്വാനഭാരം എന്നിവ കൂട്ടുക എന്നീ മാർഗങ്ങൾ. ഇവിടെ തൊഴിലാളി മുതലാളിക്കുവേണ്ടി ഉത്പാദിപ്പിക്കുന്ന മിച്ചമൂല്യം (തൊഴിലാളി നിക്ഷേപിക്കുന്ന മൊത്തം മൂല്യം- കൂലി) തന്നെയാണ് വർധിക്കുന്നത്. അതിനാൽ ലാഭവും വർധിക്കുന്നു. കേവലമിച്ചമൂല്യം എന്നിത് അറിയപ്പെടുന്നു. ഇത് തൊഴിലാളികളെ കേവലമായി ദരിദ്രവത്കരിക്കും. ലാഭം കൂടുകയും കൂലി കുറയുകയും ചെയ്യും.

2) സാങ്കേതികപരിഷ്കരണം, യന്ത്രവത്കരണം തുടങ്ങിയവയിലൂടെ തൊഴിലാളിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നു. ഒരു നിശ്ചിതസമയത്തിൽ തൊഴിലാളി ഉത്പാദിപ്പിക്കുന്ന മൂല്യമാണ് ഉത്പാദനക്ഷമത. കൈത്തറിയിലെ തൊഴിലാളികൾ ഒരു മണിക്കൂറിൽ 1000രൂപയുടെ ചരക്ക് നിർമിക്കുന്നുവെങ്കിൽ യന്ത്രത്തറിയിൽ അത്രയും തൊഴിലാളികൾക്ക് ഇതിന്റെ എത്രയോ ഇരട്ടി മൂല്യമുള്ള തുണി നിർമിക്കാം. ഇവിടെ തൊഴിലാളിയുടെ കൂലി വർധിച്ചാലും ഉത്പാദനക്ഷമത അതിനേക്കാൾ വേഗത്തിൽ വർധിക്കുന്നു. നിശ്ചിതസമയത്തിൽ തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം കൂടുന്നതിനാൽ കൂടുതൽ ലാഭം നേടാൻ മുതലാളിക്ക് കഴിയുന്നു. ഇതാണ് ആപേക്ഷികമിച്ചമൂല്യം.ഇവിടെ തൊഴിലാളികൾ ആപേക്ഷികമായാണ് ദരിദ്‌രവത്കരിക്കപ്പെടുന്നത്. അതായത് കൂലി വർധിച്ചാലും ഉത്പാദനക്ഷമതയും മുതലാളിയുടെ ലാഭവും കൂലിയേക്കാൾ കൂടിയ നിരക്കിൽ വർധിക്കുന്നതിനാൽ മുതലാളി- തൊഴിലാളിവർഗങ്ങൾ തമ്മിലെ സാമ്പത്തിക അസമത്വം പെരുകും. അകലം വർധിക്കും..

ഈ 2 മാർഗത്തിലും പൊതുവായി കാണാവുന്ന ഫലം എന്തെന്നാൽ മൊത്തം ദേശീയവരുമാനത്തിൽ കൂലിവിഹിതം ലാഭവിഹിതത്തെ അപേക്ഷിച്ച് കുറയും. തൊഴിലാളിവർഗത്തിന്റെ കൂലിയും മുതലാളിമാർ ലാഭം,പലിശ, വാടക എന്നീയിനങ്ങളിൽ നേടുന്ന വരുമാനവും(ഇതിനെ ഒന്നിച്ച് ലാഭം എന്ന് പറയാം) ചേർന്നതാണ് ദേശീയവരുമാനം. ഇതിൽ കൂലിയുടെ പങ്ക് കുറയുകയും ലാഭവിഹിതം കൂടുകയും ചെയ്യും. മൊത്തം ദേശീയവരുമാനം കൂടിയാലും അതിൽ തൊഴിലാളിയുടെ കൂലിയുടെ പങ്ക് ചുരുങ്ങും.. ദേശീയവരുമാനം ,GDP തുടങ്ങിയ സൂചകങ്ങൾ യഥാർത്ഥ ജനജീവിതത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നാണിത് കാണിക്കുന്നത്.


ചിത്രങ്ങൾ നോക്കുക.. അമേരിക്കയുടെ മൊത്തം ദേശീയവരുമാനത്തിൽ തൊഴിലാളികളുടെ വിഹിതം എത്രയെന്നതിന്റെ കണക്കാണിത്.. കഴിഞ്ഞ 100 വർഷങ്ങളെടുത്തു പരിശോധിച്ചാൽ തൊഴിലാളിയുടെ കൂലി ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നാൽ മൊത്തം ദേശീയവരുമാനത്തിൽ കൂലിയുടെ വിഹിതം സാരമായി കുറഞ്ഞിട്ടുണ്ടെന്ന് ചിത്രം 1 വ്യക്തമാക്കുന്നു.. എന്നാൽ ലാഭവിഹിതം ഗണ്യമായി ഉയരുന്നുണ്ട് താനും(ചിത്രം 2).. ദേശീയവരുമാനം വർധിക്കുന്നുണ്ടെങ്കിലും അത് സമ്പന്നമുതലാളിവർഗത്തിന്റെ ലാഭവർധന കൊണ്ടുമാത്രമാണെന്നും തൊഴിലാളിയുടെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്നും മനസിലാക്കാം.. അമേരിക്കയുടെ മാത്രമല്ല എല്ലാദേശങ്ങളുടെയും സ്ഥിതി ഇതുതന്നെ..

പ്രതിസന്ധിയിലാകുന്ന മുതലാളിത്തം..

നമ്മുടെ സാമൂഹികമായ ഉത്പാദനവ്യവസ്ഥ രണ്ട് തട്ടുകളിലായാണ് സ്ഥിതി ചെയ്യുന്നത്.. സമൂഹം മൊത്തത്തിൽ വാങ്ങി ഉപയോഗിക്കുന്ന ഉപഭോഗവസ്തുക്കളുടെ നിർമ്മാണം, ഈ ഉപഭോഗവസ്തുക്കൾ നിർമ്മിക്കാനാവശ്യമായ ഉത്പാദനോപാധികളുടെ നിർമ്മാണം. അതായത് തുണി എന്ന ഉത്പന്നം എല്ലാ മനുഷ്യരും ഉപയോഗിക്കുന്ന ഉപഭോഗവസ്തുവും തുണിനിർമ്മിക്കുന്ന മെഷീൻ തുണിയുത്പാദിപ്പിക്കുന്ന മുതലാളിക്ക് മാത്രം ആവശ്യമുള്ള ഉത്പാദനോപാധിയുമാണ്. 

സമൂഹത്തിന്റെ മൊത്തം വരുമാനത്തിൽ തൊഴിലാളികളുടെ കൂലിവിഹിതം കുറയുകയും ലാഭവിഹിതം ക്രമേണ കൂടിവരുമെന്നും കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചു. ഇതിന്റെ ഫലമെന്താണ്..? ഉത്പാദനം കുത്തനെ ഉയർന്നാലും തൊഴിലാളികളുടെ വാങ്ങൽശേഷി ഉയരുന്നില്ല. ഉത്പാദനക്ഷമതയും ലാഭവും വർധിക്കുന്നതിനെ അപേക്ഷിച്ച് തൊഴിലാളിയുടെ ശമ്പളം ഉയരാത്തതിനാൽ അവർക്ക് ഇത്തരം ഉത്പന്നങ്ങൾ പൂർണമായും വാങ്ങാനാവില്ല. തൊഴിലാളികളുടെ ഉപഭോഗം ഇടിയുന്നു. ഫലമോ..? കുറേ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. ഇതേസമയം മുതലാളിമാരോ..? അവർ അവർക്ക് കിട്ടുന്ന ലാഭം മുഴുവനും തിന്നുതീർക്കുകയില്ല. നല്ലൊരുഭാഗം വീണ്ടും നിക്ഷേപിച്ച് ഉത്പാദനം വർധിപ്പിക്കുന്നു. ലാഭത്തിന്റെ ശേഷിക്കുന്ന തുക സ്വന്തം ആവശ്യങ്ങൾക്കായി മുതലാളി ഉപയോഗിക്കുന്നു. അതായത് ലാഭം വളരുന്നതിനനുസരിച്ച് മുതലാളിമാരുടെ ഉപഭോഗവും കൂടുന്നില്ല. 

ഉദാ: ഒരു മുതലാളിക്ക് 1000 രൂപ ലാഭവും തൊഴിലാളിക്ക് 100 രൂപ ശമ്പളവും കിട്ടിയെന്ന് കരുതുക.. മുതലാളി ഇതിൽ 500 രൂപ വീണ്ടും നിക്ഷേപത്തിന് വിനിയോഗിക്കുകയും 500 രൂപ കൊണ്ട് ഉത്പന്നങ്ങൾ വാങ്ങി ഉപഭോഗം നടത്തുകയും ചെയ്യും.. തൊഴിലാളി 100 രൂപയ്ക്കും ഉപഭോഗം നടത്തും. 500 രൂപയുടെ നിക്ഷേപം വർധിച്ചതിനാൽ ഉത്പാദനം അടുത്ത തവണ കൂടും. ചരക്കുകളുടെ അളവും കൂടും. ഈ അധിക ചരക്കുകൂടി വിറ്റുപോണമെങ്കിൽ തൊഴിലാളിവർഗത്തിന്റെയും മുതലാളിവർഗത്തിന്റെയും അതിനനുസരിച്ച് വാങ്ങൽശേഷി ഉയരണം. തൊഴിലാളികൾ സമൂഹത്തിൽ ഭൂരിപക്ഷമാണ്. ഇവരുടെ വരുമാനം ഒരിക്കലും മുതലാളിയുടെ ലാഭത്തിനും നിക്ഷേപങ്ങൾക്കും ഉത്പാദനവർധനവിനും ആനുപാതികമായി ഉയരില്ല. അതിനാൽ അവർക്ക് ഉപഭോഗം വർധിപ്പിക്കാനാവില്ല. ഇത് അമിതോത്പാദനപ്രതിസന്ധിയിലേക്ക് നയിക്കും. ചരക്കുകൾ കെട്ടിക്കിടക്കും.. 

 മുതലാളിമാർ എന്ന ന്യൂനപക്ഷത്തിന് വേണമെങ്കിൽ ഈ അധികചരക്കും കൂടി വാങ്ങി ഉപയോഗിച്ച് പ്രതിസന്ധി പരിഹരിക്കാം. എന്നാൽ മുതലാളി കിട്ടുന്ന ലാഭത്തിലൊരു ഭാഗം നിക്ഷേപങ്ങൾക്കുപയോഗിക്കുന്നതിനാൽ ഉപഭോഗം വർധിപ്പിക്കുന്നതിന് പരിധിയുണ്ട്. ചുരുക്കത്തിൽ ഇങ്ങനെ പറയാം.. മുതലാളിത്തത്തിൽ ഉത്പാദനം വളരുന്നതിനനുസരിച്ച് മുതലാളിമാരുടെയും തൊഴിലാളികളുടെയും 'വാങ്ങൽ' വർധിക്കുന്നില്ല. ഇത് അമിതോത്പാദനപ്രതിസന്ധി സൃഷ്ടിക്കുന്നു..

അമിതോത്പാദനപ്രതിസന്ധി...

തൊഴിലാളിവർഗത്തിന്റെ വരുമാനം കേവലമായോ ആപേക്ഷികമായോ കുറയുന്നതും തന്മൂലം മാർക്കറ്റിൽ ഉപഭോഗവസ്തുക്കളുടെ ഡിമാന്റ് ഇടിയുന്നതും മുതലാളിമാർ ലാഭം മുഴുവൻ ഉപഭോഗവസ്തുക്കൾ വാങ്ങി ഡിമാന്റിടിവ് നികത്താത്തതിന്റെ കാരണവും കഴിഞ്ഞ പോസ്റ്റുകളിൽ വ്യക്തമാക്കി.. ഇനി ഉത്പാദനോപാധികളുടെ കാര്യമെടുക്കാം.. ഉപഭോഗവസ്തുക്കളുടെ നിർമാണത്തിനാവശ്യമായ ഉത്പാദനോപാധികൾ വാങ്ങുന്നത് മുതലാളിവർഗം മാത്രമാണ്. (തൊഴിലാളികളും അവരുടെ കുടുംബവും തുണി വാങ്ങിയാൽ മതിയല്ലോ.. അതിനാവശ്യമായ നൂലും യന്ത്രങ്ങളും വാങ്ങുന്നത് ഉത്പാദകനായ മുതലാളിയും..) മാർക്കറ്റിലെ മൊത്തം ഡിമാന്റ് എന്നത് ഉത്പാദനോപാധികളുടെയും ഉപഭോഗവസ്തുക്കളുടെയും ഡിമാന്റ് ചേർന്നതാണ്. 

ജനങ്ങളുടെ വാങ്ങൽശേഷി ഇടിവ് ഉപഭോഗച്ചരക്ക് ഡിമാന്റ് കുറയ്ക്കുന്നു. ഉപഭോഗവസ്തുക്കൾ ആവശ്യമില്ലാതെ കെട്ടിക്കിടക്കും. ഇത് നികത്താനായി മുതലാളിമാർ ഉപഭോഗവസ്തുക്കളുടെ നിർമാണം കുറയ്ക്കും. ഉത്പാദനോപാധികൾ വ്യാപകമായി നിർമിക്കുകയും വാങ്ങിച്ചുകൂട്ടുകയും ചെയ്യും.. (അതായത് തുണിയുടെ ഉത്പാദനം കുറച്ച് പകരം പരുത്തിയും നൂലും തുണിനിർമിക്കുന്ന യന്ത്രസാമഗ്രികളും വ്യാപകമായി നിർമിക്കുകയും വാങ്ങുകയും ചെയ്യും..) ഉത്പാദനോപാധികളുടെ ഡിമാന്റ് വർധിപ്പിക്കും(ഇത് വാങ്ങുന്നത് മുതലാളിമാർ മാത്രമാണെന്ന് ഓർക്കുക).. ഉപഭോഗവസ്തുക്കളുടെ ഡിമാന്റിടിവ് ഉത്പാദനോപാധികളുടെ ഡിമാന്റ് വർധനയിലൂടെ പരിഹരിക്കാനും മുതലാളിത്തത്തിന് കഴിയും...

 എന്നാൽ യഥാർത്ഥ പ്രശ്നം വീണ്ടും ആരംഭിക്കും.. മുതലാളിമാർ നിർമിച്ചുകൂട്ടുന്ന ഉത്പാദനോപാധികൾ വിറ്റഴിക്കണമെങ്കിൽ ഉപഭോഗവസ്തുക്കളുടെ ഉത്പാദനവും വർധിച്ചേ തീരൂ.. തുണിയുടെ ഉത്പാദനം ഇടിഞ്ഞ സാഹചര്യത്തിൽ പരുത്തിയുത്പാദനം വർധിക്കുന്നത് അവയുടെ അമിതോത്പാദനത്തിലേക്കാണ് നയിക്കുക... ചുരുക്കത്തിൽ ഉപഭോഗവസ്തുക്കളുടെ ഡിമാന്റിലുണ്ടാകുന്ന ഇടിവ് ഉത്പാദനോപാധികളിലേക്കും വ്യാപിക്കുന്നു. മുതലാളിത്തം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു..

വരുമാനച്ചുരുക്കം

മാർക്കറ്റിലെ മൊത്തം ഡിമാന്റ്= ഉത്പാദനോപാധികളുടെ ഡിമാന്റ്+ ഉപഭോഗവസ്തുക്കളുടെ ഡിമാന്റ് ആയിരിക്കും.. സമൂഹത്തിൽ വ്യാപകമായി അടിച്ചേൽപ്പിക്കപ്പെടുന്ന വരുമാനഇടിവും ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടാകുന്ന കുറവും ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തെ ദോഷകരമായി വ്യാപിക്കും. ഇത് ഉപഭോഗച്ചരക്കുകൾ നിർമിക്കാനാവശ്യമായ ഉത്പാദനോപാധികളുടെ ഉത്പാദനത്തെയും ബാധിക്കും.. അമിതോത്പാദനപ്രതിസന്ധി മുതലാളിത്തത്തിന്റെ ലാഭത്തിലൂന്നിയ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മുതലാളിമാർ പാപ്പരാകുന്നു.. 

എന്നാൽ ചില പ്രത്യേക മേഖലയിൽ നടക്കുന്ന നിക്ഷേപങ്ങൾ മുതലാളിത്തത്തെ രക്ഷപ്പെടുത്തുന്നു. ഉദാ:- ആയുധനിർമാണം, ബഹിരാകാശഗവേഷണം തുടങ്ങിയവ.. ഇത്തരം മേഖലകൾ ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഉത്പാദനമേഖലകളാണ്. എന്തുകൊണ്ടാണെന്ന് നോക്കാം.. ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടാകുന്ന ഇടിവ് ചരക്കുകളുടെ നിർമാണത്തെ ബാധിക്കും.. എന്നാൽ മുകളിൽ പറഞ്ഞ മേഖലകളെ അവ സ്വാധീനിക്കുന്നില്ല.. ജനങ്ങൾ ദാരിദ്യ്രവത്കരിക്കപ്പെടുമ്പോൾ സാധാരണചരക്കു-സേവനങ്ങളുടേ വിൽപന ഇടിയുകയും അമിതോത്പാദനപ്രതിസന്ധി ഉടലെടുക്കുകയും  ഉത്പാദനം സ്തംഭിക്കുകയും ചെയ്യാം. പക്ഷേ ആയുധനിർമാണം പോലുള്ള മേഖലകൾ നിർബാധം വികസിക്കുന്നു.. ജനങ്ങളുടെ വാങ്ങൽശേഷി ഇടിവും ദാരിദ്യ്രവുമൊന്നും ആയുധനിർമാണത്തെ ബാധിക്കില്ലല്ലോ.. ബോംബും മിസൈലുമൊക്കെ യഥേഷ്ടം നിർമിച്ചുകൂട്ടാൻ ലോകത്ത് യുദ്ധങ്ങൾ നിലനിന്നാൽ മതി.. 

യുദ്ധങ്ങളില്ലാത്ത സമാധാനസുന്ദരലോകം ഉണ്ടായാൽ ആദ്യം തകരുന്നത് ഈ ആയുധനിർമാതാക്കളും വ്യാപാരികളും തന്നെയാവും.. അതായത് ബഹുഭൂരിപക്ഷം ഉപഭോക്താക്കളുടെ വാങ്ങൽശേഷിയുമായി ബന്ധമില്ലാത്ത ആയുധനിർമാണം, ജനങ്ങളുമായി ബന്ധമില്ലാത്ത ഗവേഷണങ്ങൾ,  സമ്പന്നർ മാത്രം വാങ്ങുന്ന ആഢംബരവസ്തുക്കളുടെയും മറ്റും ഉത്പാദനം ഇതെല്ലാം മുതലാളിത്തോത്പാദനത്തെ മുന്നോട്ടുനയിക്കുന്നു.. ജനങ്ങൾ പട്ടിണികിടന്ന് മരിച്ചാലും ഇത്തരം മേഖലകൾ സജീവമായി നിലനിൽക്കുകയും മുതലാളിമാരുടെ കീശ വീർപ്പിക്കുകയും ചെയ്യും..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...