മാർക്സ് പ്രസ്താവിച്ച ചരിത്രപരമായ ഭൗതികവാദത്തിലെ ഒരു ഭാഗം തന്നെയെടുക്കാം.. ഭൂമി മുഴുവൻ കുത്തകയായി വെച്ചിരിക്കുന്ന ഭൂപ്രഭു -നാടുവാഴിവർഗത്തിനെതിരെ ശക്തമായ വിപ്ലവങ്ങളിലൂടെയാണ് ബൂർഷ്വാസി മുതലാളിത്തലോകം കെട്ടിപ്പടുത്തത്.. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കും അതുപോലെ മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കും സമൂഹം നയിക്കപ്പെടുകയും ചെയ്യും. മുതലാളിത്തം അങ്ങേയറ്റം വളർച്ച പ്രാപിക്കുന്നതിനനുസരിച്ച് അതിലെ വൈരുധ്യങ്ങളും വളരുകയും സ്വന്തം മരണകാരണം തന്നെ മുതലാളിത്തത്തിനുള്ളിൽ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ഇത് സോഷ്യലിസത്തിന് ജന്മം നൽകുന്നു. സോഷ്യലിസത്തിന്റെ വിത്തുകൾ വളർന്നുവികസിച്ച മുതലാളിത്തത്തിനുള്ളിൽ തന്നെ മുളപൊട്ടാൻ തുടങ്ങും.
എന്നാൽ റഷ്യയിലും ചൈനയിലും ഒക്കെ സംഭവിച്ചതോ..? ഒക്ടോബർ വിപ്ലവത്തിനു മുമ്പുള്ള റഷ്യ ഒരിക്കലും ഒരു വികസിതമുതലാളിത്ത രാജ്യമായിരുന്നില്ല. ഫ്യൂഡലിസത്തിന്റെ അവശേഷിപ്പുകൾ ധാരാളമുണ്ടായിരുന്ന റഷ്യ ഒരു കാർഷികരാജ്യമായിരുന്നു. സാമ്പത്തികവളർച്ചയും ഉത്പാദനവും വ്യവസായരംഗവുമെല്ലാം ദുർബലമായ റഷ്യയിൽ മുതലാളിത്തം പിച്ച വെച്ചുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. അങ്ങനെയുള്ള ഒരു രാജ്യത്ത് സോഷ്യലിസം സ്ഥാപിക്കാൻ പുറപ്പെടുകയും പാർട്ടി രൂപീകരിച്ച് വിപ്ലവം നടത്തി ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്തത് വലിയ പ്രതിസന്ധിയിലേക്കാണ് ലെനിനെ എത്തിച്ചത്.. ഭരണത്തിൽ വന്നതിനു ശേഷം പുത്തൻ സാമ്പത്തികനയമെന്ന പേരിൽ മുതലാളിത്തത്തെ ലെനിൻ ചെറുതായെങ്കിലും സ്വീകരിച്ചു..
ചൈനയാകട്ടെ മാവോയുടെ മരണശേഷം നല്ല ഒന്നാന്തരം മുതലാളിത്തനയങ്ങൾ ചുവപ്പുപെയിന്റടിച്ച് നടപ്പിലാക്കി. ക്യൂബയും വിയറ്റ്നാമും ഒക്കെ ആഗോളവത്കരണ മുതലാളിത്തത്തിന്റെ ഭാഗമായി.. ഇവിടെ ലെനിനെയും ചൈനയെയും ക്യൂബയെയുമൊന്നും കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്.. അവർക്കതല്ലാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയും ക്യൂബയുമൊക്കെ മുതലാളിത്തം വളരെ ദുർബലമായിരുന്ന രാജ്യങ്ങളായിരുന്നു വിപ്ലവത്തിനു മുമ്പ്. ഇത്തരം ദേശങ്ങളിൽ സോഷ്യലിസം സ്ഥാപിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതിൽ അത്ഭുതമില്ല.. മുതലാളിത്തം വളർന്നുവികസിക്കുകയും അതിലൂടെ ഉത്പാദനശക്തികൾ വികസിക്കുകയും വേണം. അത് തന്നെയാണ് ഫ്യൂഡൽ സ്വഭാവമുള്ള രാജ്യങ്ങളായ റഷ്യയിലും ചൈനയിലും ഒക്കെ നടന്നത്.. ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തമേ സൃഷ്ടിക്കപ്പെടൂ.. സോഷ്യലിസം മുകളിൽ നിന്നും കെട്ടിയിറക്കാനാകില്ല എന്ന മാർക്സിസ്റ്റ് വീക്ഷണമാണ് ഇവിടെയെല്ലാം കാണാനാവുക..
ബൂർഷ്വാജനാധിപത്യം...
ബൂർഷ്വാജനാധിപത്യം ജനങ്ങൾക്ക് ഉറപ്പുനൽകുന്നത് നിയമപരമായ സമത്വം മാത്രമാണ്. എന്നാൽ ബൂർഷ്വാപാർലമെന്ററി ജനാധിപത്യത്തിനും ചില പുരോഗമനാത്മകമായ വശങ്ങൾ ഉണ്ടായിരുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ മറന്ന് അവയെയെല്ലാം വെറും ബൂർഷ്വാഉപകരണങ്ങൾ മാത്രമായി മുദ്ര കുത്തുകയാണ് ലെനിനുൾപെടെയുള്ള സോവിയറ്റ് നേതൃത്വം ചെയ്തത്. പാർലമെന്ററി വ്യവസ്ഥയെ ഇവർ ശക്തമായി എതിർത്തു. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും നടപ്പിലായതാകട്ടെ ഏകപാർട്ടിഭരണവും. മറ്റു പാർട്ടികൾ (ഇടതുപക്ഷപാർട്ടികൾ പോലും) നിരോധിക്കപ്പെട്ടു. പാർട്ടിക്കുള്ളിൽ തന്നെ അധികാരം വിരലിലെണ്ണാവുന്ന ആളുകളിലേക്ക് ചുരുങ്ങി. ജനാധിപത്യം പാർട്ടിക്കകത്തും പുറത്തും ഒരുപോലെ ദുർബലമായെന്നർത്ഥം..
ഇന്ന് ചൈനയിലും കാണുന്ന മാതൃക ഇതൊക്കെത്തന്നെയാണ്. പ്രതിപക്ഷവും എതിർസ്വരങ്ങളും അനുവദിക്കപ്പെടാത്ത രാഷ്ട്രീയവ്യവസ്ഥിതികൾക്ക് സ്വേഛാധിപത്യ സ്വഭാവം ഉണ്ടാവുക സ്വാഭാവികമായിരുന്നു. ബൂർഷ്വാപാർലമെന്ററി സിസ്റ്റത്തെ അപേക്ഷിച്ച് സോവിയറ്റ് ജനാധിപത്യം ഒരു പിന്തിരിപ്പൻ മാതൃക തന്നെയായിരുന്നു..
എന്നാൽ മാർക്സിനും എംഗൽസിനും ഇത്തരം കാഴ്ചപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. ജനാധിപത്യം സോഷ്യലിസത്തിലേക്കുള്ള മാർഗമാണെന്നാണ് അവർ പറഞ്ഞത്. പാർലമെന്ററി ജനാധിപത്യത്തോട് മാർക്സ് ഒരിക്കലും വിമുഖത കാട്ടിയിട്ടില്ല. അതിനെയും സോഷ്യലിസത്തിലേക്കുള്ള മാർഗമായി ഉപയോഗിക്കാമെന്ന് മാർക്സ് പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിലൂടെ യൂറോപ്പിൽ സോഷ്യലിസത്തെ ശക്തിപ്പെടുത്തുന്നതിനെ പറ്റി എംഗൽസും പറയുന്നു. കൗത്സ്കിയെപോലുള്ള ചിന്തകരും ഈ അഭിപ്രായക്കാരായിരുന്നു..
ഏകരാഷ്ട്രസോഷ്യലിസം എന്ന തെറ്റായ മാർഗം..
ലെനിന്റെ മരണാനന്തരം സ്റ്റാലിൻ സ്വീകരിച്ച ഒരു അന്താരാഷ്ട്രനയമായിരുന്നു ഏകരാഷ്ട്രസോഷ്യലിസം അഥവാ Socialism in one country.. മാർക്സും എംഗൽസും ലെനിനും ഒക്കെ സ്വപ്നം കണ്ട ആഗോളകമ്മ്യൂണിസവും സർവരാജ്യത്തൊഴിലാളി ഐക്യവും ആഗോളവിപ്ലവവും ഒക്കെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രഖ്യാപിതനയങ്ങൾ കൂടിയായിരുന്നു.. എന്നാൽ ഏകരാഷ്ട്രസോഷ്യലിസം എന്ന പിന്തിരിപ്പൻ വാദത്തിലൂടെ അതിലെല്ലാം വെള്ളം ചേർക്കുന്ന നിലപാടാണ് സ്റ്റാലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സോഷ്യലിസം ഒരു രാജ്യത്ത് മാത്രം നടപ്പിലായാൽ മതിയെന്നും ആഗോളവിപ്ലവം ഉടനെയൊന്നും സംഭവിക്കുക സാധ്യമല്ലെന്നുമുള്ള സ്റ്റാലിന്റെ വാദത്തെ പുരോഗമനവാദികൾ ഒന്നടങ്കം എതിർത്തിരുന്നു.
ഫലമോ..? ജർമനിയിലും മറ്റും വിജയിക്കേണ്ട സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ദയനീയമായി പരാജയപ്പെട്ടു.. സോവിയറ്റ് യൂണിയനിൽ മാത്രമായി ഭരണം ചുരുങ്ങാനും ക്രമേണ അത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വമായി വളരാനും അധികകാലം വേണ്ടിവന്നില്ല. ചെ ഗുവേര ഉൾപെടെയുള്ള അന്താരാഷ്ട്രവ്യക്തിത്വങ്ങൾ അടക്കം ഏകരാഷ്ട്രസോഷ്യലിസത്തെ ശക്തമായി എതിർത്തു.. പിൽക്കാലത്ത് ചൈനയിലും ക്യൂബയിലും ബോളീവിയയിലും വിയറ്റ്നാമിലും ഉത്തരകൊറിയയിലും ഒക്കെ വിപ്ലവം പടരുകയാണ് ചെയ്തത്.
ജനാധിപത്യകേന്ദ്രീകരണവും പാർട്ടി സ്വേച്ഛാധിപത്യവും..
സോഷ്യലിസത്തിന്റെ അടിസ്ഥാനം ജനാധിപത്യമാണെന്നും ഫാസിസത്തിനും ഏകാധിപത്യവാഴ്ചയ്ക്കും കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ സ്ഥാനമില്ലെന്നുമുള്ള വസ്തുത മറന്നതാണ് സോവിയറ്റ് സോഷ്യലിസത്തിനു സംഭവിച്ച ആദ്യപിഴവ്. ജനാധിപത്യസംവിധാനങ്ങൾ USSRൽ ഉണ്ടായിരുന്നെങ്കിലും അവ സുഗമമായി പ്രവർത്തിച്ചിരുന്നില്ല. മറിച്ച് ദുർബലപ്പെട്ടുവന്നു. പാർട്ടി എന്ന പുതിയൊരു അധികാരവർഗം ഉയർന്നുവന്നു. മാർക്സ് പറഞ്ഞത് തൊഴിലാളിവർഗസർവാധിപത്യത്തെ കുറിച്ചാണെങ്കിൽ റഷ്യയിൽ നടന്നത് പാർട്ടി-സർവാധിപത്യമാണ്. വ്യക്തിസ്വാതന്ത്യ്രങ്ങൾ പോലും ഹനിക്കപ്പെട്ടു. പാർട്ടിക്കുള്ളിൽ തന്നെയുള്ള വ്യത്യസ്തശബ്ദങ്ങളെ ജനാധിപത്യപരമായി കൈകാര്യം ചെയ്യാനായില്ല. മറ്റ് ഇടതുപക്ഷപാർട്ടികളെപ്പോലും നിരോധിച്ചു..
വിമർശനം, തെറ്റുതിരുത്തൽ എന്നിവയ്ക്കുള്ള അവസരം കുറഞ്ഞു. പാർട്ടി തൊഴിലാളികളിൽ നിന്നകന്നു. അധികാരികളും നേതൃത്വവും അവരുടെ കീഴിലെ ബുദ്ധിജീവികളും ഈ ജനാധിപത്യമില്ലാത്ത 'സോഷ്യലിസ'ത്തെ സിദ്ധാന്തവും രാഷ്ട്രീയവും തമ്മിലെ വൈരുധ്യമെന്നാണ് ന്യായീകരിച്ചത്. വിപ്ലവസിദ്ധാന്തങ്ങൾ നേതൃത്വത്തിന് സ്വന്തവും രാഷ്ട്രീയം അതിനപ്പുറം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ഉപകരണവുമായി വ്യാഖ്യാനിച്ചു.
വാസ്തവത്തിൽ പാർട്ടിയുടെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെളിച്ചത് സഃലെനിൻ തന്നെ തുടങ്ങിവെച്ച ജനാധിപത്യകേന്ദ്രീകരണം എന്ന രാഷ്ട്രീയതത്വമാണ്. അധികാരം പാർട്ടിയുടെ മുകൾത്തട്ടിലെ വർഗത്തിലേക്ക് കേന്ദ്രീകരിക്കുന്നു. താഴേത്തട്ടിലുള്ള പ്രവർത്തകർ നേതൃത്വത്തിന്റെ പാവകൾ മാത്രമാകുന്നു. അധികാരം മുകളിൽ നിന്നും താഴേക്ക്.. ഇതാണ് ജനാധിപത്യകേന്ദ്രീകരണം( Democratic Centralisation).. ലെനിന്റെ കാലത്ത് പാർട്ടിയെ സുശക്തമാക്കാൻ ഇത് ഉപകരിച്ചെങ്കിലും പിൽക്കാലത്ത് നേതൃത്വത്തിന്റെ ഏകാധിപത്യത്തിലേക്ക് വഴിമാറി. വിപ്ലവകാലത്ത് 'എല്ലാ അധികാരവും സോവിയറ്റുകൾക്ക് 'എന്ന് പറഞ്ഞ ലെനിൻ പിന്നീട് എല്ലാ അധികാരവും പാർട്ടിക്കാണെന്നും സോവിയറ്റുകൾ ഭരണത്തിലെ പൽചക്രങ്ങൾ മാത്രമാണെന്നും തിരുത്തി.. പാർട്ടി നേതൃത്വത്തിലേക്ക് ജനാധിപത്യം ഒതുങ്ങി.. രാജ്യം നടക്കാൻ പാടില്ലാത്ത ക്രൂരതകൾക്ക് സാക്ഷിയുമായി.. ഏകാധിപത്യങ്ങൾ ചരിത്രത്തിൽ സ്വയം എരിഞ്ഞ് ഇല്ലാതാകുക സ്വാഭാവികം. അത് സംഭവിക്കുകയും ചെയ്തു.
ദൗർബല്യങ്ങൾ വിനയായപ്പോൾ..
മോസ്കോയോടുള്ള അമിതമായ അഭിനിവേശമാണ് സോവിയറ്റ് റിപ്പബ്ലിക്കുകളുടെ മറ്റൊരു പ്രധാനദൗർബല്യം.. USSRന്റെ സഖ്യരാജ്യങ്ങളും റിപ്പബ്ലിക്കുകളും ഒക്കെ സോവിയറ്റ് ഭരണകൂടത്തിന്റെ ആശ്രിതരായി മാറി. ഒാരോ രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തരസാഹചര്യങ്ങൾ അനുസരിച്ച് സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതിനു പകരം റഷ്യൻ ആജ്ഞകളും അവരുടെ മാതൃകകളും യാന്ത്രികമായി സ്വന്തം രാജ്യത്തും പകർത്തുകയാണ് ചെയ്തത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പോലും ഇത്തരത്തിൽ ആദ്യകാലങ്ങളിൽ സോവിയറ്റ് ആരാധകരാവുകയാണ് ചെയ്തത്.
മറ്റൊരു പ്രശ്നം USSR തന്നെ സൃഷ്ടിച്ച ഒരു തരം സാമ്രാജ്യത്വമായിരുന്നു. ലോകമഹായുദ്ധങ്ങൾക്കു ശേഷം ആയുധനിർമാണത്തിൽ എങ്ങനെയും അമേരിക്കയെ കടത്തിവെട്ടുക എന്നതു മാത്രമായി USSRന്റെ ലക്ഷ്യം. പൊതുജനക്ഷേമം വിസ്മരിച്ചു. തോക്കും ബോംബും മിസൈലും യുദ്ധസന്നാഹങ്ങളും ഉണ്ടാക്കാൻ പണം വൻതോതിൽ സോവിയറ്റ് യൂണിയൻ ഒഴുക്കി. ജനങ്ങളുടെ ക്ഷേമത്തിനും ഉത്പാദനത്തിനും രണ്ടാം സ്ഥാനം മാത്രം.. മറ്റു രാജ്യങ്ങളുടെ മേൽ അടിച്ചമർത്തലുകൾ നടത്താനും റഷ്യ ശ്രമിച്ചു. അൽബേനിയ, ജോർജിയ എന്നിവിടങ്ങളിൽ ദേശീയവികാരങ്ങളെ അമർച്ച ചെയ്തു. ചെക്-അഫ്ഗാൻ ആക്രമണങ്ങൾ സോവിയറ്റ് യൂണിയനെയും അമേരിക്കയെപോലെ ഒരു സാമ്രാജ്യത്വരാജ്യമെന്ന ദുഷ്പേര് സമ്പാദിക്കാൻ സഹായിച്ചു.
തോക്കിനു പകരം റൊട്ടിയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.. ലോകമുതലാളിത്തശക്തികൾ ശത്രുക്കളായി ചുറ്റും വളഞ്ഞപ്പോൾ അതിജീവനത്തിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു സോവിയറ്റ് യൂണിയൻ..
എല്ലാവരും അവരവരുടെ കഴിവിനൊത്ത് അധ്വാനിക്കുന്നു.. ആവശ്യത്തിനൊത്ത് നേടുന്നു.. ഉത്പാദനോപാധികൾ സമൂഹത്തിന്റെ കൂട്ടുടമസ്ഥതയിൽ വരുന്നു. തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യം സമൂഹത്തിലേക്ക് തന്നെ (മുതലാളിയുടെ പോക്കറ്റിലേക്കല്ല) തിരികെയെത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഇതാണ് മാർക്സ് പറഞ്ഞ സോഷ്യലിസത്തിന്റെ അടിത്തറ. എന്നാൽ സോവിയറ്റ് യൂണിയനിൽ സംഭവിച്ചത് ഇതായിരുന്നില്ല.. സോഷ്യലിസത്തിനുപകരം സർക്കാർ തന്നെ നേതൃത്വം നൽകുന്ന ഒരു മുതലാളിത്തമായിരുന്നു അത്. സ്റ്റേറ്റ് കാപിറ്റലിസം എന്നും പറയാം. മുതലാളിമാരില്ലെങ്കിലും സർക്കാർ തന്നെ ഒരു മുതലാളിയുടെ ഭാവത്തിൽ സമ്പത്ത് കുന്നുകൂട്ടുന്നു. ജനങ്ങളിൽ നിന്നും വ്യാപകമായി സർക്കാർ ഖജനാവിലേക്ക് പണമൊഴുകി. ഉത്പാദനോപാധികൾ സർക്കാർ കൈവശമാക്കി. എന്നാൽ അതിനു തക്കതായ ഉത്പാദനം നടന്നുമില്ല. കൂടാതെ കടുത്ത ഉദ്യോഗസ്ഥമേധാവിത്തവും അഴിമതിയും. സോഷ്യലിസ്റ്റ് രാജ്യങ്ങൾ വ്യാപകമായി നേരിട്ട ഒരു പ്രതിസന്ധി അധ്വാനത്തിന്റെ അന്യവത്കരണമാണ്. ജനങ്ങളുടെ ഉപഭോഗാസക്തി വർധിച്ചെങ്കിലും അധ്വാനിക്കാനുള്ള താത്പര്യം കുറഞ്ഞു. മത്സരങ്ങളുടെയും ചൂഷണങ്ങളുടെയും അഭാവം രാജ്യത്ത് അധ്വാനത്തിനുള്ള പ്രചോദനമെന്ത് എന്ന ചോദ്യമുയർത്തി. കൂടുതൽ ഉപഭോഗം.. കുറച്ചു ജോലി.. കൂടുതൽ സന്തോഷം എന്ന മുതലാളിത്തസങ്കൽപം തന്നെയാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലും വ്യാപകമായത്.
No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...