Sunday, October 28, 2018

എന്താണ് നവഉദാരവത്കരണം..? -Neo liberalisation....


           
                                                

മുതലാളിത്തത്തെ രക്ഷിച്ച കെയ്ൻസ്..

                            ചൂഷണവും സാമ്പത്തികമാന്ദ്യങ്ങളും വർധിച്ചുവരുന്ന സാമൂഹ്യപ്രശ്നങ്ങളും മുതലാളിത്തത്തിന്റെ കൂടെപ്പിറപ്പാണ്. കാലം മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് അതിലെ വൈരുധ്യങ്ങൾ രൂക്ഷമാകുകയും ചെയ്യും.. എന്നാൽ അത്തരം ഭീഷണികളെയെല്ലാം ഇല്ലാതാക്കി മുതലാളിത്തസമ്പദ്വ്യവസ്ഥയെ കുറച്ചു കാലത്തേക്കെങ്കിലും സംരക്ഷിച്ചുനിർത്താൻ കെയ്നീഷ്യൻ നയപരിപാടികൾക്ക് കഴിഞ്ഞു. എന്താണിതെന്ന് നോക്കാം.. നിയോക്ലാസിക്കൽ ധനശാസ്ത്രത്തെ തള്ളിക്കളഞ്ഞ സാമ്പത്തികശാസ്ത്രജ്ഞനായ കെയ്ൻസ് ഒരു ശുഭാപ്തിവിശ്വാസി കൂടിയായിരുന്നു. 30ലെ മാന്ദ്യങ്ങൾക്ക് ശേഷം  തകർച്ചകളെയും മാന്ദ്യങ്ങളെയും ഒഴിവാക്കി മുതലാളിത്തത്തെ എക്കാലവും വളർച്ചയുടെ പാതയിൽ നിലനിർത്താമെന്ന് കെയ്ൻസ് വാദിച്ചു. എന്താണ് സാമ്പത്തികമാന്ദ്യത്തിന്റെ അടിസ്ഥാനകാരണം..?

                                ജനങ്ങളുടെ മൊത്തം വാങ്ങൽശേഷിയും ചരക്കുകളുടെ ഡിമാന്റും ഉത്പാദനത്തിനൊത്ത് വളരുന്നില്ല. ഇത് അമിതോത്പാദനത്തിലേക്കും നയിക്കുന്നു. ഈ ഡിമാന്റ് ഇടിവ് നികത്താൻ സർക്കാർ ഇടപെടണമെന്ന് കെയിൻസ് വാദിച്ചു. സർക്കാർ നിക്ഷേപങ്ങൾ വർധിപ്പിക്കണം. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും വാങ്ങൽശേഷിയും ഡിമാന്റും വർധിക്കുകയും ചെയ്യും. ഇതിനെ ചിലർ എതിർത്തു. എങ്കിലും US പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ് കെയ്ൻസിനെ അടിസ്ഥാനമാക്കി ന്യൂഡീൽ പദ്ധതി ആവിഷ്കരിച്ചു. മാന്ദ്യത്തിൽ നിന്നും അമേരിക്ക കരകയറി. പൗരന്മാരുടെ ആരോഗ്യ സാമൂഹ്യസുരക്ഷയ്ക്കും സർക്കാർ പണം മുടക്കി. കെട്ടിക്കിടന്ന ചരക്കുകൾ സർക്കാർ വാങ്ങി വിലകുറച്ച് വിതരണം ചെയ്തു. നാസി ജർമനി പോലും 1930ലെ സാമ്പത്തികമാന്ദ്യങ്ങളിൽ നിന്ന് കരകയറുകയും യുദ്ധസജ്ജരാകുകയും ചെയ്തു. ചില രാജ്യങ്ങളാകട്ടെ ക്ഷേമപദ്ധതികളേക്കാൾ ആയുധവത്കരണത്തിനാണ് സർക്കാർ ചിലവ് വർധിപ്പിച്ചത്. സ്വകാര്യമേഖലയുമായി മത്സരിക്കാതിരിക്കാനും സർക്കാരുകൾ ശ്രദ്ധിച്ചു.

                            പിൽക്കാലത്തും മാന്ദ്യസമയങ്ങളിൽ കെയ്നീഷ്യൻ ഡിമാന്റ് മാനേജ്മെന്റ് മുതലാളിത്തത്തെ തുണച്ചു. ഡിമാന്റ് കുറയുമ്പോൾ സർക്കാർ ചിലവ് കൂട്ടുന്നു. അല്ലാത്തപ്പോൾ ചിലവ് ചുരുക്കുന്നു. ഇതായിരുന്നു ഇതിന്റെ അടിസ്ഥാനം.. കെയ്ൻസിന്റെ സിദ്ധാന്തം വാസ്തവത്തിൽ മാർക്സിസത്തിനു നേരെ എതിരാളികൾ പ്രയോഗിക്കാനും തുടങ്ങി. മാന്ദ്യങ്ങൾ മുതലാളിത്തത്തിൽ അനിവാര്യമാണെന്നും ബൂർഷ്വാസിക്ക് അതിനെ തടഞ്ഞുനിർത്താനാവില്ലെന്നും വാദിച്ച മാർക്സിസ്റ്റുകളോട് 'ഇതാ മുതലാളിത്തം മാന്ദ്യരഹിതവും എക്കാലവും സുസ്ഥിരവും ആയിരിക്കുന്നു'വെന്ന് വിളിച്ചുപറയാൻ മുതലാളിത്തവാദികൾക്ക് കഴിഞ്ഞു. സമ്പദ് വ്യവസ്ഥയിലെ സർക്കാർ പങ്കാളിത്തം കുത്തകമുതലാളിത്തത്തിന് ദഹിക്കാത്ത കാര്യമാണെങ്കിലും കോർപറേറ്റുകളെ പിണക്കാതെയും അവരുടെ വിപണി ആധിപത്യത്തെ ചോദ്യം ചെയ്യാതെയും മാന്ദ്യത്തെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിച്ചു.. മുതലാളിത്തത്തിന്റെ സുവർണയുഗം ആരംഭിച്ചു.. മാർക്സിനെ എല്ലാവരും മറന്നു.. പക്ഷേ ഈ നല്ലകാലം താത്കാലികം മാത്രമായിരുന്നു.

എന്തുകൊണ്ട് കെയ്നീഷ്യൻ നയങ്ങളെ ഇവിടെ പരാമർശിക്കുന്നു..?

                            വൈരുധ്യങ്ങൾ നിറഞ്ഞ മുതലാളിത്തസമ്പദ്വ്യവസ്ഥയിൽ തുടർച്ചയായി രൂക്ഷമായ സാമ്പത്തികമാന്ദ്യങ്ങൾ ഉണ്ടാകുമെന്ന മാർക്സിന്റെ വീക്ഷണത്തെ നിരർഥകമാക്കാൻ പോന്ന നയപരിപാടികളായിരുന്നു കെയ്നീഷ്യൻ ഡിമാന്റ് മാനേജ്മെന്റ് .. മുതലാളിത്തം അനശ്വരവും മാന്ദ്യങ്ങളും വിഷമതകളും ഇല്ലാത്ത വ്യവസ്ഥയാണെന്ന് കാണിച്ചുകൊടുക്കാനും മാത്രമല്ല വർഗസമരത്തെ വലിയൊരളവിൽ പിടിച്ചുനിർത്തി മുതലാളിത്തത്തെ മെരുക്കാനും ഇതിന് കഴിഞ്ഞു. പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല.. 1948 മുതൽ 1968 വരെയുള്ള കെയ്നീഷ്യൻ നയങ്ങളുടെ കാലഘട്ടം മുതലാളിത്തത്തിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നു.

                             മാന്ദ്യം ഉണ്ടായപ്പോഴൊക്കെ ഉണ്ടായ അമിതോത്പാദനപ്രതിസന്ധി ഗവൺമെന്റ് തന്നെ ഇടപെട്ട് കുറച്ചു. ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടാൻ വേണ്ട ക്ഷേമപദ്ധതികൾ നടപ്പിലായി. ചില ഗവൺമെന്റുകൾ ആയുധനിർമാണം പോലുള്ള മേഖലകളിലാണ് പണം മുടക്കിയത്. ഇതിനൊരു കാരണമുണ്ട്. ആയുധമേഖല ഒരിക്കലും ഡിമാന്റ് ഇടിയാത്ത മേഖലയാണ്. അതായത് ജനങ്ങളുടെ വാങ്ങൽശേഷിയുമായി ഇതിന് ബന്ധമില്ല. യുദ്ധങ്ങളും യുദ്ധസമാനസാഹചര്യങ്ങളും ഉണ്ടായാൽ മതി ആയുധനിർമാണവും വ്യാപാരവും പൊടിപൊടിച്ചോളും. ഈ മേഖലയിൽ സർക്കാർ നിക്ഷേപങ്ങൾ നടത്തിയതിനാൽ ഒട്ടേറെ തൊഴിലവസരങ്ങളും വർധിച്ചു. റൊട്ടിക്കുപകരം തോക്കുണ്ടാക്കുന്നതായിരുന്നു അവരുടെ നയം. രണ്ടാം ലോകയുദ്ധത്തിനു ശേഷവും ആയുധീകരണം തുടർന്നു.

                            മാന്ദ്യങ്ങളെ സർക്കാർ ഇടപെടലിലൂടെ തടഞ്ഞ് നിർത്താനും മുതലാളിത്തത്തെ സംരക്ഷിക്കാനും കഴിഞ്ഞ ബൂർഷ്വാസമൂഹം സോഷ്യലിസത്തിനു പകരമായി കെയ്നീഷ്യൻ നയങ്ങളെ വാഴ്ത്തിപ്പാടി. ട്രേഡ് യൂണിയനുകൾ പോലും സർക്കാരും കമ്പനികളുമായും ഇണങ്ങി. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ അവരുപേക്ഷിച്ചു. മാന്ദ്യവും ദാരിദ്യ്ര വും ഇല്ലാതാക്കാൻ കെയ്ൻസിന് സാധിച്ചെങ്കിൽ പിന്നെ സോഷ്യലിസവും കമ്മ്യൂണിസവും കൊണ്ടെന്ത് ഗുണം..? ഇതായിരുന്നു ചിന്ത.. പണിമുടക്കുകൾ കുറഞ്ഞു. ട്രേഡ് യൂണിയനുകൾ ഒതുങ്ങിയതോടെ അവയുടെ ക്ഷീണവും ആരംഭിച്ചു. ആപേക്ഷികപാപ്പരീകരണവും ചൂഷണവും പെരുകി. യുദ്ധാനന്തരം സാങ്കേതികവിപ്ലവങ്ങൾ മൂലം കൂലിവിഹിതം കുറഞ്ഞു. ഉത്പാദനക്ഷമത വർധിച്ചു. ലാഭനിരക്ക് കൂടി.( മാർക്സിന്റെ TRPF തിയറി പ്രസ്താവിക്കുന്നത് ലാഭനിരക്ക്  കുറയുമെന്നാണ്. ). എന്നാൽ ചില പ്രത്യേകസാഹചര്യങ്ങളിൽ ലാഭനിരക്ക് കൂടാം. ആ സാഹചര്യങ്ങൾ മുമ്പുള്ള പോസ്റ്റുകളിൽ വിശദീകരിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ കെയ്നീഷ്യൻ കാലത്തും ലാഭനിരക്ക് ഉയർന്നു.  മൂലധനത്തിന്റെയും ചരക്കിന്റെയും കയറ്റുമതി വർധിച്ചു. അന്താരാഷ്ട്ര വ്യാപാരങ്ങളിൽ നാണയമായി ഡോളർ ഉപയോഗിക്കപ്പെട്ടു. ഡോളറിന്റെ ഒരു കരുതൽശേഖരം മിക്കരാജ്യങ്ങളും സൂക്ഷിച്ചു. ഇതില്ലാത്തവരോ വിദേശനാണ്യത്തിനായി കൈനീട്ടി. ഇവർക്ക് വായ്പ നൽകാൻ IMF,  പോലുള്ള സംഘടനകൾ ഉണ്ടായി. ലോകബാങ്കും മൂന്നാം ലോക രാജ്യങ്ങൾക്ക് കടം നൽകീ. എന്നാൽ ഇതൊന്നും തിരിച്ചടയ്ക്കാൻ മിക്ക രാജ്യങ്ങൾക്കും കഴിയാതെ വരുമ്പോൾ അവർ മുതലാളിത്തസ്ഥാപനങ്ങളുടെ വ്യവസ്ഥകൾ പലതും അംഗീകരിക്കേണ്ടി വന്നു. ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക നയങ്ങളും  അവരുടെ നിർദേശത്താൽ  പൊളിച്ചെഴുതാൻ തുടങ്ങി.

കെയ്നീഷ്യൻ നയങ്ങളുടെ അസ്തമനം...
സോവിയറ്റ് സോഷ്യലിസത്തിന്റെ പതനം...
നവലിബറൽ നയങ്ങളുടെ ഉദയം...

                            കെയ്ൻസിന്റെ സാമ്പത്തികപരിപാടികളുടെ പിൻബലത്താൽ അഭിവൃദ്ധിയിലേക്ക് നീങ്ങിയ മുതലാളിത്തം മരണമില്ലാത്ത വ്യവസ്ഥിതിയായി വാഴ്ത്തപ്പെട്ടു. സോഷ്യലിസവും മാർക്സിസവും തിരസ്കരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ 1980കൾ വരെ മാത്രമായിരുന്നു മുതലാളിത്തത്തിന്റെ ഈ വളർച്ചയുടെ കാലഘട്ടം. താത്കാലികം മാത്രമായിരുന്നു അത്. സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോൾ പതിവുപോലെ സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ട് ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യത്തോടെ മാന്ദ്യം ഇല്ലാതാക്കാൻ കെയ്നീഷ്യൻ നയങ്ങളെ രാഷ്ട്രങ്ങൾ പിൻപറ്റാൻ തുടങ്ങി. എന്നാൽ ഇത് പുതിയൊരു പ്രശ്നത്തിന് വഴിതെളിച്ചു. സ്റ്റാഗ്ഫ്ലേഷൻ. എന്താണിത്..?
ഒരു ഭാഗത്ത് ജനങ്ങളുടെ വാങ്ങൽശേഷിയിടിഞ്ഞ് ഉത്പാദനം മന്ദീഭവിക്കുകയും ദേശീയവരുമാനം കുറയുകയും ചെയ്യുന്നു. കമ്പനികൾ പൂട്ടിപ്പോകുകയോ നിവൃത്തിയില്ലാതെ  തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്യുന്നു.  തൊഴിലില്ലായ്മ യുവാക്കളിലും സ്ത്രീകളിലും രൂക്ഷമായി. അമിതോത്പാദനപ്രതിസന്ധിയും വർധിച്ചു.

                        പതിവുപോലെ രാജ്യങ്ങൾ കെയ്ൻസ് നയങ്ങൾ ആവിഷ്കരിച്ച് മാന്ദ്യത്തെ ചെറുക്കാൻ ആരംഭിച്ചു. വാസ്തവത്തിൽ മാന്ദ്യകാലത്ത് ചരക്കുകളുടെ ഡിമാന്റ് ഇടിവ് മൂലം വിലകൾ താഴുകയാണ് വേണ്ടത്. എന്നാൽ ഇത്തവണ മാന്ദ്യവും(Stagnation) വിലക്കയറ്റവും (Inflation) ഒരുമിച്ച് തലപൊക്കി. ഈ പ്രതിഭാസത്തെയാണ് Stagflation എന്നു പറയുന്നത്. ഇതിന്റെ യഥാർത്ഥ കാരണം മുതലാളിത്തത്തിന്റെ കുത്തകവത്കരണമായിരുന്നു. കുത്തകകൾ വിപണി കയ്യടക്കി. ഇതോടെ തങ്ങൾക്ക് തോന്നിയതുപോലെ ചരക്കുകളുടെ വില വർധിപ്പിക്കാമെന്നു വന്നു. മുമ്പും കുത്തകകമ്പനികൾ ഉണ്ടായിരുന്നെങ്കിലും ചരക്കുവില ഒരു പരിധിയിലധികം കൂട്ടാൻ അവർ മടിച്ചു. ചരക്കിന്റെ ഡിമാന്റ് കുറയുമെന്ന് ഭയന്നായിരുന്നു ഇത്. എന്നാൽ ഇത്തവണ മാന്ദ്യകാലത്ത് കെയ്നീഷ്യൻ നയങ്ങളുടെ ഭാഗമായി സർക്കാർ ജനക്ഷേമ ഇടപെടലുകൾ നടത്തുന്നതിനാൽ ജനങ്ങളുടെ വാങ്ങൽശേഷി കൂടുമെന്നും വില കൂട്ടിയാലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും കമ്പനികൾ കരുതി. മാന്ദ്യം വന്നതിനൊപ്പം കുത്തകകൾ ചരക്കുവിലകൾ തോന്നിയതു പോലെ കൂട്ടി ലാഭം കൊയ്തു. ഇതിന് സർക്കാരുകളും പിന്തുണ നൽകി.

                    സർക്കാർ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ കെയ്ൻസ് നയങ്ങളുടെ ഭാഗമായി നോട്ടുകളടിച്ചിറക്കി. ജനങ്ങളുടെ വാങ്ങൽശേഷി കൂടുന്നതിനനുസരിച്ച് കുത്തകകൾ ചരക്കുവിലകൾ കൂട്ടി. കെയ്ൻസ് നയങ്ങൾ തന്നെ മുതലാളിത്തത്തിന് ശാപമായി മാറി. ഡിമാന്റ് വർധിപ്പിക്കാൻ സർക്കാർ നടപടിയെടുത്താൽ വിലക്കയറ്റമുണ്ടാകും. സർക്കാർ ഇടപെടൽ നിർത്തിയാൽ മാന്ദ്യത്തിലേക്ക് വഴുതിവീഴും. ഫലത്തിൽ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലായി. അതുവരെ കൊട്ടിഘോഷിക്കപ്പെട്ട എല്ലാ അഭിവൃദ്ധികളും അവസാനിച്ചു. കെയ്നീഷ്യൻ നയങ്ങളെ തള്ളിപ്പറഞ്ഞ് മുതലാളിത്തം അതിന്റെ പുതിയ മാതൃകകളിലേക്ക് തിരിഞ്ഞു.

                    ഏതാണ്ട് 90കളിൽ സോവിയറ്റ് സോഷ്യലിസത്തിന്റെ അന്ത്യത്തോടെ മുതലാളിത്തം ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യവസ്ഥയാണെന്ന ചിന്ത വ്യാപകമായി. ലോകമുതലാളിത്തം അതിന്റെ ഏറ്റവും നികൃഷ്ടമായ രൂപം സ്വീകരിച്ചു. ഇന്നും നാമതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആ പുതിയ തത്വശാസ്ത്രമാണ് നവലിബറലിസം അഥവാ Neo-Liberalism..

രാജ്യത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും നടുവൊടിക്കുകയും കോർപറേറ്റുകളുടെ കീശ വീർപ്പിക്കുകയും ചെയ്യുന്ന നവലിബറൽ നയങ്ങൾ ഒരു അലങ്കാരം പോലെ കൊണ്ടുനടക്കുന്ന 'അച്ഛേദിൻ'- സർക്കാർ ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. വാസ്തവത്തിൽ മോദിസർക്കാരിനെ മാത്രമായി നമുക്ക് കുറ്റം പറയാനാവില്ല. മുൻകോൺഗ്രസ് സർക്കാർ നടപ്പാക്കിയ നയങ്ങൾ കുറച്ചുകൂടി വേഗത്തിൽ 'സംഘികൾ' ആവിഷ്കരിക്കുന്നുവെന്ന് മാത്രം..! ഇത്തരം നവലിബറലിസത്തിനെതിരെ പോരാട്ടം നയിക്കാനുള്ള ആശയപരമായ ബാധ്യത ഇടതുപക്ഷത്തിന് മാത്രമാണുള്ളത്. എന്താണ് ഈ നവലിബറലിസം..? എന്താണതിന്റെ അടിസ്ഥാനപ്രമാണങ്ങൾ..?

 1) എല്ലാവിധ സാമ്പത്തികനിയന്ത്രണങ്ങളെയും നവലിബറലിസം എതിർക്കുന്നു. ഉദാഃ ചരക്കുവിലകൾക്കു മേൽ സർക്കാരിന്റെ നിയന്ത്രണം,  കുത്തകകമ്പനികൾക്കുമേലുള്ള നികുതികൾ, വായ്പാബാധ്യതകൾ, ഇറക്കുമതി നിയന്ത്രണങ്ങൾ, കമ്പനികളെ അതൃപ്തരാക്കുന്ന തൊഴിലാളിസൗഹൃദ നയങ്ങൾ, ട്രേഡ് യൂണിയനിസം, പരിസ്ഥിതി നിയമങ്ങൾ, തുടങ്ങിയ സകലതിനെയും പൊളിച്ചു മാറ്റണമെന്ന് നവലിബറലിസം വാദിക്കുന്നു.

2)  വ്യക്തിസ്വാതന്ത്യ്രത്തെ നവലിബറലിസം അങ്ങേയറ്റം വിലമതിക്കുന്നു. അവർ വ്യക്തികളായി കണക്കാക്കുന്നത് അംബാനിമാരെയും അദാനിമാരെയും മാത്രമാണ് എന്നതാണ് സത്യം. നവലിബറലിസം ഉദ്ഘോഷിക്കുന്ന സ്വാതന്ത്യ്രമെന്നത് സമ്പത്ത് ഉണ്ടാക്കാനും കുന്നുകൂട്ടാനുമുള്ള സ്വാതന്ത്യ്രമാണ്. ആർക്കും മാർക്കറ്റിൽ പ്രവേശിക്കാനും തോന്നിയതുപോലെ ഉത്പാദനവും വ്യാപാരവും നടത്താനും ലാഭം കൊയ്യാനും സ്വാതന്ത്യ്രമുണ്ട്. അതിനുവേണ്ടി മാനുഷിക -പാരിസ്ഥിതികമൂല്യങ്ങളെ എത്ര വേണമെങ്കിലും പൊളിച്ചുമാറ്റാനും സ്വാതന്ത്യ്രമുണ്ട്.. ഇതാണ് നവഉദാരവത്കരണം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിസ്വാതന്ത്യ്രം.

3) സർക്കാരിന്റെ സാമ്പത്തികഇടപെടലുകളെ നവഉദാരവത്കരണം എതിർക്കുന്നു. ഏറ്റവും കുറച്ചുഭരിക്കുന്ന സർക്കാർ -നല്ല സർക്കാർ.. ജനങ്ങൾക്കുവേണ്ടി ഏറ്റവും കുറച്ച് ഖജനാവിൽ നിന്നും മുടക്കുന്ന സർക്കാർ -മികച്ച സർക്കാർ. ഇതാണ് നവലിബറലിസത്തിന്റെ തത്വം.. സബ്സിഡികൾ, ക്ഷേമപദ്ധതികൾ, പെൻഷനുകൾ തുടങ്ങിയ സർക്കാർ പരിപാടികൾ അവസാനിപ്പിക്കണം. ക്ഷേമം ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്തമത്രേ..! സമ്പത്ത് വർധിക്കുമ്പോൾ അതിന്റെ ഫലം ജനങ്ങൾക്കും ലഭ്യമായിക്കോളും (ട്രിക്കിൾ ഡൗൺ തിയറി) ..

4) മൂലധനഉടമകളെ അവരുടെ വഴിക്ക് വിട്ടേക്കുക എന്ന പഴയ ലെസെ -ഫെയർ സിദ്ധാന്തത്തെയാണ് അവർ പിന്തുടരുന്നത്. കമ്പോളത്തെ വ്യക്തിഹിതങ്ങൾ നടപ്പാക്കുന്ന മേഖലയായി നവലിബറലിസം കാണുന്നു. സമൂഹം എന്നാൽ വ്യക്തികൾ ചേർന്ന കൂട്ടമാണ്. വ്യക്തികൾക്കിടയിലെ വിവിധ സാമൂഹ്യബന്ധങ്ങളെ നവലിബറലിസം തള്ളിക്കളയുന്നു.

5) സർക്കാരിനെ പൂർണമായും സാമ്പത്തികമേഖലയ്ക്ക് പുറത്തുനിർത്തണമെന്ന പഴയ ലിബറൽ കാഴ്ചപ്പാടല്ല നവലിബറലിസത്തിന്റേത്.. ഗവൺമെന്റ് ഒരു ഒഴിവാക്കാനാകാത്ത ശല്യമാണ് മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം. കുത്തകകളുടെ സ്വകാര്യസ്വത്ത് സംരക്ഷണം, കടങ്ങൾ എഴുതിത്തള്ളൽ, കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകൽ, നികുതികൾ ഇല്ലാതാക്കൽ, പൊലീസിങ് തുടങ്ങിയവയാണ് സർക്കാരുകളുടെ കടമകൾ.. ജനങ്ങൾക്ക് ഉപ്പുമുതൽ കർപൂരം വരെ സർവതും ലഭ്യമാക്കാൻ സ്വകാര്യമേഖലയുണ്ട്. കമ്പോളകാര്യങ്ങളിൽ സർക്കാരുകളും മറ്റ് സംഘടനകളും ഇടപെടാൻ പാടില്ല.

6) കമ്പോളമാണ് പ്രാഥമികം. അത് നല്ലതിനെ ചീത്തയിൽ നിന്ന് വേർതിരിക്കും. സമ്പന്നരെയും പണ്ഡിതന്മാരെയും സൃഷ്ടിക്കും. ചരക്കുവിലകളും തൊഴിലാളികളുടെ കൂലിയും ജനജീവിതവും ഒക്കെ മാർക്കറ്റാണ് തീരുമാനിക്കേണ്ടത്. ഭരണകൂടമല്ല.

7) ഫിനാൻസ് മൂലധനത്തിന്റെ ആധിക്യമാണ് നവലിബറലിസത്തിന്റെ സവിശേഷത. വ്യവസായഉത്പാദനങ്ങളും വ്യാപാരങ്ങളും രണ്ടാം സ്ഥാനത്താകുന്നു. ദിനംപ്രതി ഓഹരിവിപണിയിൽ നടക്കുന്ന ചൂതാട്ടങ്ങൾ, ഊഹക്കച്ചവടം, ധനകാര്യഇടപാടുകൾ എന്നിവ ഒന്നാം സ്ഥാനത്ത് സ്വതന്ത്രമായി മുന്നേറുന്നു. വിപണിയും ഓഹരിവിപണിയും നാഥനില്ലാക്കളരിയാകുന്നു.

8) ട്രേഡ് യൂണിയനുകൾ ഇല്ലാതാകണം. കൂലി ഇഷ്ടം പോലെ കൂട്ടാനും കുറയ്ക്കാനും തൊഴിലാളികളെ ആവശ്യമുള്ളപ്പോൾ റിക്രൂട്ട് ചെയ്യാനും പിരിച്ചുവിടാനും ഉള്ള സ്വാതന്ത്യ്രം ഉണ്ടാകണം. ഇതിനു വിരുദ്ധമായ ചലനങ്ങൾ ഇല്ലാതാകണം. തൊഴിലാളിസമരങ്ങളും രാഷ്ട്രീയവും ഒക്കെ പഴഞ്ചനും ഉട്ടോപ്യനുമാണ്. അപരിഷ്കൃതമാണ്.

9) സാമ്പത്തികമാന്ദ്യങ്ങൾ നല്ലതാണ്. മുതലാളിത്തത്തിന്റെ ദുർമേദസ് കളയാൻ അവ സഹായിക്കും. സാമ്പത്തിക അസമത്വങ്ങളും ദാരിദ്യ്രവും ഒക്കെ അനിവാര്യവും ഒഴിവാക്കാനാവാത്തുമാണ്. ലോകത്തിനാവശ്യം ശക്തരെയും സമ്പന്നരെയുമാണ്.

                                    നവഉദാരവത്കരണം എന്നത് ഇന്നും സർവരാലും അംഗീകരിക്കപ്പെട്ട ഒരു ആഭാസമാണ്. സംശയമില്ല.. നിലവിലെ സർക്കാരുകളാകട്ടെ അവയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്നു. ഇടതുപക്ഷസംഘടനകൾ മാത്രമാണ് ഇവയ്ക്കെതിരെ ശബ്ദമുയർത്താറുള്ളത്..

നവഉദാരവത്കരണത്തിന്റെ ആരംഭവും കുതന്ത്രങ്ങളും..

                                കാൾ മാർക്സ് ദർശിച്ചതുപോലെ തുടർച്ചയായ സാമ്പത്തികമാന്ദ്യങ്ങളിൽ വരിഞ്ഞുമുറുങ്ങിയ മുതലാളിത്തത്തെ രക്ഷിക്കാനും മാന്ദ്യങ്ങളില്ലാത്ത ക്ഷേമമുതലാളിത്തം സൃഷ്ടിക്കാനുമാണ് കെയ്നീഷ്യൻ നയങ്ങൾ ആവിഷ്കരിക്കപ്പെട്ടത്. പക്ഷേ 80കളോടെ  അത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. സ്റ്റാഗ്ഫ്ലേഷൻ എന്ന പുതിയ കുഴപ്പത്തിന് അത് തുടക്കമിട്ടു. ഇതോടെ കെയ്നീഷ്യൻ സിദ്ധാന്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് മുതലാളിത്തം പുതിയ യുഗത്തിലേക്ക് കടന്നു. ഇതാണ് നവഉദാരവത്കരണം..

                                മുതലാളിത്തത്തിന്റെ പഴയ ലിബറൽ പാരമ്പര്യങ്ങളെ ഉയർത്തിക്കാട്ടിയവരാണ് നിയോലിബറലിസത്തിന്റെ വക്താക്കളായത്. കെയ്ൻസിന്റെ കാലത്ത് നവലിബറലിസത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന Constitution Of Liberty എന്ന പുസ്തകം പുറത്തിറങ്ങി. ഫ്രെഡറിക് വോൺ ഹെയ്ക്ക് ആണ് ഇതിന്റെ രചയിതാവ്. ലോകത്ത് ആദ്യമായി നവലിബറലിസത്തിന് തുടക്കമിട്ടത് ചിലിയിലാണ്. 1971ൽ ചിലിയിൽ പട്ടാളഅട്ടിമറിയിലൂടെ അധികാരത്തിലേറിയ പിനോഷെ വൈകാതെ IMF (International Monitary Fund)-മായി അടുപ്പത്തിലായി. പൊതുമേഖല വൻതോതിൽ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങി. പ്രകൃതിവിഭവങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതി. ഇറക്കുമതി സർവസ്വതന്ത്രമാക്കി. വിദേശവ്യാപാരത്തിനായി രാജ്യത്തെ വിപണികൾ തുറന്നു.

                                പിനോഷെയ്ക്ക് ശേഷം നവലിബറലിസത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയായി കടന്നുവന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി മാഗരറ്റ് താച്ചർ ആണ്. Constitution Of Liberty തങ്ങളുടെ അടിസ്ഥാനവിശ്വാസപ്രമാണമാണെന്ന് താച്ചർ അങ്ങ് പ്രഖ്യാപിച്ചുകളഞ്ഞു.!! ട്രേഡ് യൂണിയനുകളെ ഇംഗ്ലണ്ടിൽ നിരോധിച്ചു. ഖനികൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതി. സ്വകാര്‌യവത്കരണം വ്യാപകമായി. ചിലിയിൽ നടന്നതെല്ലാം കൂടുതൽ തീവ്രസ്വഭാവത്തിൽ നടപ്പിലായി. ക്ഷേമപദ്ധതികൾ വെട്ടിക്കുറച്ചു. ആദായനികുതി കുറച്ചു. കമ്മിബജറ്റ് (രാജ്യത്തിലെ സർക്കാർ ചെലവ് കൂടുന്ന ബജറ്റ് ) കുറച്ചു. വിലക്കയറ്റം തടയാൻ വരുമാനച്ചുരുക്കം അടിച്ചേൽപ്പിച്ചു.

                                  അമേരിക്കയിൽ നവലിബറലിസം ഉദ്ഘാടനം ചെയ്തത് റൊണാൾഡ് റീഗനാണ്. സമാനമായ നയങ്ങൾ യുഎസിലും അരങ്ങേറി. അമേരിക്ക കയറ്റുമതി വർധിപ്പിച്ച് ലാഭം കൊയ്തപ്പോഴും തങ്ങളുടെ വിപണിയ്ക്ക് വെല്ലുവിളി ആകാതെയിരിക്കാൻ ജപ്പാനെയും മറ്റും നിർബന്ധിച്ച് അവരുടെ കയറ്റുമതി നിയന്ത്രിച്ചുനിർത്തി. സ്വകാര്യവത്കരണം യുഎസിൽ വലുതായൊന്നും നടന്നില്ല. സ്വകാര്യവത്ക്കരിക്കാൻ മാത്രമുള്ള ഗവഃ സ്ഥാപനങ്ങൾ അവിടെ അവശേഷിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് കാരണം. സൈനികച്ചെലവുകൾ മാത്രം ഗവൺമെന്റ് വർധിപ്പിച്ചുകൊണ്ടിരുന്നു. ലോകത്ത് നവലിബറൽ- ആഗോളവത്കരണനയങ്ങൾ വ്യാപിപ്പിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ മുതലാളിത്തം പ്രയോഗിച്ച ഉപകരണങ്ങളാണ് IMF ,ലോകബാങ്ക് ,ഗാട്ട് ത്രിമൂർത്തികളും ലോകവ്യാപാരക്കരാറും..

                                കുതിച്ചുയരുന്ന അസമത്വം...

                                പുരോഗതിയുടെ വീരവാദങ്ങൾ മുഴക്കി ലോകമെമ്പാടും അടിച്ചേൽപ്പിക്കപ്പെട്ട നവഉദാരവത്കരണം വരുത്തിവെച്ച വിനകൾ അങ്ങേയറ്റം രൂക്ഷമായിരുന്നു. വികസ്വരവും അവികസിതവുമായ രാജ്യങ്ങളിൽ നിന്നും യുഎസ് ഉൾപെടെയുള്ള ചുരുക്കം ചില സമ്പന്നരാജ്യങ്ങളിലേക്കുള്ള ലാഭത്തിന്റെ കുത്തൊഴുക്ക് തന്നെയായിരുന്നു നിയോലിബറലിസത്തിന്റെ അന്തഃസത്ത. സാമ്പത്തികമാന്ദ്യം പഴയതിലും രൂക്ഷമായി തുടർന്നു. പക്ഷേ അതൊന്നും വകവെക്കാതെ കുത്തകമുതലാളിത്തം അതിന്റെ നാശത്തിലേക്കുള്ള യാത്ര തുടരുകയാണ്. സമ്പന്നനും ദരിദ്രനും തമ്മിലെ അസമത്വം റോക്കറ്റ് പോലെ കുതിച്ചുയർന്നു. സമ്പത്ത് ഒരു ന്യൂനപക്ഷത്തിനുമേൽ കുന്നുകൂടി. ഇതെല്ലാം അനിവാര്യമാണെന്ന് ന്യായീകരിക്കുകയാണ് മാഗരറ്റ് താച്ചർ (ബ്രിട്ടീഷ് പ്രധാനമന്ത്രി) ഉൾപെടെയുള്ള നവലിബറൽവാദികൾ ചെയ്തത്. TINA (There Is No Alternative)- ഇതല്ലാതെ മറ്റു പോംവഴികളില്ല എന്നതായിരുന്നു അവരുടെ പ്രമാണം. ഒരേയൊരു പോംവഴിയായ സോഷ്യലിസത്തെ പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു. നവഉദാരവത്കരണം മൂലം ആഗോളപ്രതിശീർഷവരുമാനം കൂടി കുറഞ്ഞുവരുന്നു. ഇത്തരം തല തിരിഞ്ഞ നയങ്ങൾ വരുത്തിവെച്ച സാമ്പത്തികഅസമത്വങ്ങളെ കുറിച്ച് താഴെകൊടുക്കുന്നു.

1) USൽ സാധാരണക്കാരായ 50% പേരുടെ ദേശീയവരുമാനത്തിലെ വിഹിതം 12.8% ആണ്. അതേസമയം ധനികരായ 1% ആളുകൾ ദേശീയവരുമാനത്തിന്റെ 21.2% കയ്യടക്കിയിരിക്കുന്നു.(Wallstreet journel- 2007)
2) USൽ അതിസമ്പന്നരായ 0.5% ആളുകളുടെ പാർപ്പിടേതര ആസ്തി 34% ആണെങ്കിൽ അവിടത്തെ താഴ്ന്നവരുമാനക്കാരായ 90% പേർക്കും ഇത് 22% മാത്രം. (ഡഗ് ഹെൻവുഡ്- wallstreet-2007).
3) 19ാം നൂറ്റാണ്ടിൽ പാശ്ചാത്യരാജ്യങ്ങളുടെ പ്രതിശീർഷവരുമാനം ആഫ്രിക്കയേക്കാൾ 3 ഇരട്ടിയായിരുന്നു. ഇന്നത് 20 ഇരട്ടിയാണ്. (ആൻഗഡ് മെഡിസൻ റിപ്പോർട്ട്)
4) ലോകത്തെ 20% സമ്പന്നർക്ക് 20% ദരിദ്രരുടെ വരുമാനത്തിന്റെ 74മടങ്ങ് വരുമാനമുണ്ട്- UN Report
5) 1% അതിസമ്പന്നരുടെ വരുമാനം ലോകത്തെ 57% സാധാരണക്കാരുടെ വരുമാനത്തിന് തുല്യമാണ്. (WB Report)
6) അമേരിക്കയിലെ 80% ജനങ്ങളുടെ സ്വത്ത് ദേശീയആസ്തിയുടെ 7% മാത്രമാണ്. 1% അതിസമ്പന്നരാകട്ടെ 43% സ്വത്ത് കയ്യടക്കിയിരിക്കുന്നു.
7) USലെ ഏറ്റവും വലിയ 15 കമ്പനികളിലെ CEOമാരുടെ ശമ്പളം ശരാശരി തൊഴിലാളിയുടെ ശമ്പളത്തേക്കാൾ 500 മടങ്ങാണ്. 2003- 2007ൽ CEOമാരുടെ ശമ്പളം 10% വർധിച്ചു. സാധാരണക്കാരുടേത് 0.5%...!!!
8) ലോകത്തെ 1% അതിസമ്പന്നന്യൂനപക്ഷം ആഗോളആസ്തിയുടെ 52% സ്വന്തമാക്കിയിരിക്കുന്നു..! ഏറ്റവും സമ്പന്നരായ 3 പേരുടെ ആസ്തി 50 ദരിദ്രരാജ്യങ്ങളുടെ മൊത്തം ആസ്തിയേക്കാൾ കൂടുതൽ..
9) USലെ 78% വീടുകളും വായ്പാബാധ്യത പേറുന്‌നവയാണ്. അവിടെയുള്ള ഭവനരഹിതരുടെ അഞ്ചിരട്ടി എണ്ണം വീടുകൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.
10) ഓക്സ്ഫാം റിപ്പോർട്ടിന്റെ പുതിയ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2014ൽ ലോകത്തെ സാധാരണക്കാരും ദരിദ്രരുമായ പകുതിജനസംഖ്യ (എതാണ് 350 കോടി)യുടെ സ്വത്തിനേക്കാൾ കൂടുതൽ സ്വത്ത് 85 സ്വകാര്യവ്യക്തികളുടെ കയ്യിലുണ്ട്. 2016ൽ ഇത്രയും സ്വത്ത് 65പേരുടെ കയ്യിലായി. 2017ൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നുറപ്പ്.

                                ഇവിടെ ലോകത്തെ നമ്പർ വൺ സമ്പന്നമുതലാളിത്ത രാജ്യമായി അഹങ്കരിക്കുന്ന കോടീശ്വരന്മാരുടെ നാടായ  അമേരിക്കയുടെ സ്ഥിതി പോലും എന്താണെന്ന് മുകളിൽ വ്യക്തം.. അപ്പോൾ പട്ടിണിപ്പാവങ്ങളുടെയും അശരണരുടെയും നാടായ ഇന്ത്യയുടെ കാര്യം എന്തായിരിക്കുമെന്ന് വായനക്കാർ ചിന്തിക്കുക.. ഇതൊന്നും യാദൃശ്ചികമോ ഒറ്റപ്പെട്ടതോആയ പ്രശ്നങ്ങൾ അല്ല. ഇത് തന്നെയാണ് മുതലാളിത്തം.. ഇതുകൊണ്ടുതന്നെയാണ് മാർക്സിന്റെ വിചാരധാരയ്ക്ക് തിളക്കമേറുന്നത്.

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...