Monday, September 24, 2018

മിച്ചമൂല്യം പങ്കുവെക്കപ്പെടൽ..

പത്തെറിഞ്ഞ് നൂറു കൊയ്യുക എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാനം.. മുതലാളി മുടക്കുന്ന സ്ഥിരമൂലധനത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുമ്പോഴാണ് അതിനെ ലാഭം എന്നു പറയുന്നത്.. ഈ ലാഭമാകട്ടെ തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യവും. ഈ ലാഭം മുതലാളി മാത്രമാണോ സ്വന്തമാക്കുന്നത്..? തീർച്ചയായും അല്ല. മുതലാളിയോടൊപ്പം ബാങ്ക് മുതലാളി, ഭൂവുടമവർഗം, വ്യാപാരമുതലാളി എന്നിവരും ഈ മിച്ചമൂല്യം പങ്കിടുന്നു.വിശദമാക്കാം.

10000 രൂപ സ്ഥിരമൂലധനത്തിൽ  അധ്വാനം നിക്ഷേപിച്ച് ചരക്കുണ്ടാകുന്നു. തൊഴിലാളിക്ക് കൂലിയായി 2000 രൂപ നൽകുന്നു. ചരക്ക് 15000 രൂപയ്ക്ക് വ്യാപാരിക്ക് വിൽക്കുന്നു. 
മുതലാളിയുടെ ലാഭം=3000 രൂപ.

വ്യാപാരി ഇത് 18000 രൂപയ്ക്ക് ഉപഭോക്താവിലെത്തിക്കുന്നു. എങ്കിൽ, ചരക്കിന്റെ മൂല്യം= 18000 രൂപ.
വ്യാപാരിയുടെ ലാഭം=3000 രൂപ.(ചരക്കിന്റെ മൂല്യം ഉപഭോക്താക്കളുടെ മാർക്കറ്റിലാണ് നിർണയിക്കപ്പെടുന്നത്. അതിനാൽ ചരക്കിന്റെ മൂല്യം 15000 അല്ല. 18000 രൂപ)

ചരക്കിലെ അധ്വാനത്തിന്റെ മൂല്യം= ചരക്കിന്റെ മൂല്യം -സ്ഥിരമൂലധനം
=18000- 10000=8000 രൂപ.

തൊഴിലാളിയുടെ അധ്വാനത്തിന്റെ വിലയാണ് ഈ 8000 രൂപ. ഇതിൽ തൊഴിലാളിക്ക് ലഭിച്ചതെത്ര..? 2000രൂപ. 
മിച്ചമൂല്യം= 8000-2000=6000 രൂപ.

മുതലാളിയുടെയും വ്യാപാരിയുടെയും ലാഭം 3000 രൂപ വീതമാണെന്നും മുകളിൽ കാണാം.
ഇതിൽ നിന്നെന്ത് വ്യക്തമാക്കാം..? 6000 രൂപ എന്ന മിച്ചമൂല്യം മുതലാളി മാത്രമല്ല, ഇടനിലക്കാരായ വ്യാപാരിമാരും പങ്കിടുന്നു എന്നു തന്നെ.. തൊഴിലാളിയുടെ അധ്വാനമാണ് പണരൂപത്തിൽ പങ്കുവെക്കപ്പെടുന്നത്..

ഭൂവുടമയും പലിശക്കാരും..

ഭൂമിയും ഉത്പാദനോപാധികളും വാടകയ്ക്ക് നൽകുന്നവരെയാണ് ഭൂവുടമകൾ എന്നു പറയാറ്. ഭൂമിയ്ക്കും കെട്ടിടത്തിനും മറ്റും അവകാശികൾ.. ഇത് മുതലാളിക്ക് ഉത്പാദനാവശ്യങ്ങൾക്ക് വിട്ടുനൽകുകയും വെറുതെയിരുന്ന് വാടക സമ്പാദിക്കുകയും ചെയ്യുന്നു.

പലിശക്കാരൻ അഥവാ ബാങ്ക് മുതലാളി എന്ന വർഗമോ..? അവർ പണമാണ് മുതലാളിക്ക് വിട്ടുനൽകുന്നത്. മുതലിനോടൊപ്പം പലിശയും അവർ ഈടാക്കുന്നു.

 മുതലാളിവർഗത്തിന്റെ വരുമാനം ''ലാഭ''മാണ്. ഈ ലാഭത്തിൽ നിന്നു തന്നെയാണ് ഭൂവുടമയ്ക്കുള്ള വാടകയും ബാങ്ക് മുതലാളിക്ക് പലിശയും  മുതലാളി നൽകുന്നത്.
എന്നാൽ ഈ ലാഭമോ? തൊഴിലാളി സൃഷ്ടിക്കുന്ന മിച്ചമൂല്യവും. അതായത്, തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്ത് ലാഭം നേടുന്ന മുതലാളിയിൽ നിന്നും ആ ലാഭത്തിന്റെ പങ്ക് പിടിച്ചുവാങ്ങുന്ന വർഗമായി ഭൂവുടമ- ബാങ്ക് മുതലാളിമാർ മാറുന്നു. മുതലാളിയും വ്യാപാരിയും പലിശക്കാരനും ഭൂവുടമയും ചേർന്ന ബൂർഷ്വാവർഗം തൊഴിലാളിവർഗത്തിന്റെ അധ്വാനത്തിൽ നിന്നുള്ള മിച്ചമൂല്യം പങ്കുവെക്കുന്നു..

ചൂഷണമൂല്യത്തെ ചൂഷണം ചെയ്യുന്നവർ..

സ്ഥിരമൂലധനത്തിനുമേൽ തൊഴിലാളി ചെലുത്തുന്ന അധ്വാനത്തെ ചൂഷണം ചെയ്താണ് മുതലാളി ലാഭം സൃഷ്ടിക്കുന്നത്. ഈ ലാഭത്തിൽ നിന്നാണ് ഭൂവുടമ വാടകയും ബാങ്ക് പലിശയും ഈടാക്കുന്നത്.. മുതലാളിയും ബാങ്ക് മുതലാളിയും ഭൂവുടമവർഗവും മാത്രമല്ല, വ്യാപാരിയും എങ്ങനെ മിച്ചമൂല്യം പങ്കുവെക്കുന്നുവെന്ന് മുൻലേഖനങ്ങളിൽ കണ്ടു. 

മുതലാളിമാരുടെ ലാഭത്തെ ഊറ്റിജീവിക്കുന്ന ഇത്തിൾക്കണ്ണികളെന്നാണ് ലെനിൻ ഭൂവുടമകളെ വിശേഷിപ്പിക്കുന്നത്. കൂടുതലും കാർഷികമുതലാളിമാർക്കാണ് ഈ വാടകഭാരം താങ്ങേണ്ടിവരിക.

 മുതലാളിത്തഉത്പാദനത്തിന് തടസമായി നിൽക്കുന്ന ഈ ഭൂവുടമയുടെ ആധിപത്യം മുതലാളിത്തത്തിനു മുമ്പുള്ള പഴയ ഫ്യൂഡൽ സമൂഹത്തിന്റെ സ്വഭാവമായി കാണാം.. ( ചരിത്രപരമായ ഭൗതികവാദം കാണുക). ഭൂപരിഷ്കരണവും ദേശസാൽക്കരണവും ഭൂമിക്കുമേലുള്ള ഫ്യൂഡൽ ആധിപത്യം അവസാനിപ്പിക്കും.. അത് മുതലാളിത്തത്തിനും ഗുണം ചെയ്യും.

ബാങ്കുകളാകട്ടെ ഇന്ന് മൂലധനകേന്ദ്രീകരണത്തിന് ചുക്കാൻ പിടിക്കുന്ന സ്ഥാപനങ്ങളായി മാറുന്നു. ചെറിയ ബാങ്കുകളെ വൻബാങ്കുകൾ വിഴുങ്ങുന്നു. മൂലധനം ഒരു സ്ഥാപനത്തിലേക്ക് മാത്രമായി കുന്നുകൂടുന്നു. വായ്പ നൽകിയും ഓഹരികൾ വാങ്ങിയും കുത്തകബാങ്കുകൾ വലുതാകുന്നു.. ലെനിന്റെ ''സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ അന്തിമഘട്ടം'' എന്ന പുസ്തകത്തിൽ ഇതൊക്കെ വിശദമാക്കുന്നുണ്ട്..

No comments:

Post a Comment

സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...