Friday, September 13, 2019

ഭൗതികവാദത്തിന്റെ ലോകവീക്ഷണം


          


                    ഭൗതികവാദം (materialism) എന്നത് ആശയങ്ങൾക്കും വികാരവിചാരങ്ങൾക്കും മേൽ ഭൗതികതയെ പ്രതിഷ്ഠിക്കുന്ന ഒരു തത്വചിന്തയായാണ് ഫിലോസഫിയിൽ അവതരിപ്പിക്കാറ്.. ആത്മീയം, വൈകാരികം, വൈചാരികം തുടങ്ങിയ ഭൗതികേതരമായ ലോകത്തെ നിഷേധിക്കുകയല്ല, മറിച്ച് അവയുടെ അടിത്തറ ഭൗതികപ്രപഞ്ചമാണെന്നും പ്രപഞ്ചം യഥാർത്ഥമാണെന്നുമുള്ളതാണ് ഭൗതികവാദത്തിന്റെ അടിത്തറ. മാർക്സിസത്തിൽ ഇത് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്..   ആശയങ്ങളും ആദർശങ്ങളും ഭൗതികലോകത്തിന്റെ സൃഷ്ടിയാണെന്നും ആശയങ്ങളിൽ നിന്നും ഭൗതികലോകവും ഭൗതികമായ അസ്തിത്വവും മാറ്റങ്ങളും ഉണ്ടാവുക സാധ്യമല്ലെന്നുമുള്ള സങ്കൽപനമാണത്..
           
                     ഉദാഹരണത്തിന് നാട്ടിലാകെ ജീവഹാനി വിതച്ച ഒരു വെള്ളപ്പൊക്കത്തെ കുറിച്ചുതന്നെ വിശകലനം ചെയ്യുക.. അതിന്റെ കാരണങ്ങളെക്കുറിച്ച് ചോദിച്ചാൽ ലഭിക്കാവുന്നതിൽ രണ്ട് പ്രധാനപ്പെട്ട ഉത്തരങ്ങൾ കൊടുക്കുന്നു..
1) പാരിസ്ഥിതിക സന്തുലിതാവസ്ഥയിലുണ്ടായ മാറ്റം.
2) ദൈവകോപം.

                    ഇതിലേത് നാം തെരഞ്ഞെടുക്കും.. തീർച്ചയായും ഒന്നാമത്തേതു തന്നെ. ദൈവം എന്നത് മനുഷ്യമസ്തിഷ്കത്തിലെ ഒരു ആശയം മാത്രമാണെന്നും ആശയങ്ങൾക്ക് നേരിട്ട് ഭൗതികപ്രകൃതിയിൽ ഒരു സർവനാശം വിതച്ചുകൊണ്ട് മാറ്റമുണ്ടാക്കാൻ കഴിയില്ലെന്നും നാം മനസിലാക്കുന്നു..
     
                        ആശയങ്ങൾ നല്ലതും ചീത്തയുമാവാം.. നല്ല ആശയങ്ങൾ നല്ലതാവാൻ കാരണം അത് ഭൗതികസമൂഹത്തിന്റെ സുരക്ഷിതമായ നിലനിൽപിന് അനിവാര്യമാകുന്നതു കൊണ്ടാണ്.. സമൂഹത്തിന് നാശം വിതയ്ക്കുന്നവ മോശമായും വിലയിരുത്തപ്പെടും. സ്നേഹം, കരുണ, സഹകരണം, പരസ്പരബഹുമാനം, സമാധാനം തുടങ്ങിയ ധാർമികമൂല്യങ്ങൾ തീർച്ചയായും ഒരു ഭൗതികവാദി ഉയർത്തിപ്പിടിക്കും. കാരണം അവയുടെ അസാന്നിധ്യത്തിൽ മാനവരാശിയുടെ നിലനിൽപും വളർച്ചയും അസാധ്യമാണ്..  നശീകരണശേഷിയുള്ള ആശയങ്ങളുടെ കാര്യവും അങ്ങനെതന്നെ..
                        
                    ഏതൊരു ആശയവും ഭൗതികസമൂഹത്തെ സ്വാധീനിക്കുന്നത് മസ്തിഷ്കങ്ങളിലൂടെയാണ്. മസ്തിഷ്കമാകട്ടെ ഒരു ഭൗതികവസ്തുവുമാണ്..
ഉദാഹരണം പറയാം..  വംശീയത എന്ന ആശയം ആശയമായി മാത്രം നിലനിന്നാൽ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാകില്ല. പക്ഷേ ഇത് ലോകവ്യവസ്ഥിതിയിൽ ഭീഷണി സൃഷ്ടിക്കണമെങ്കിൽ ചില സാഹചര്യങ്ങൾ രൂപംകൊള്ളണം..

1) വംശീയത ഒരു വിഭാഗം  ജനങ്ങളുടെ മസ്തിഷ്കത്തിൽ ആഴത്തിൽ വൈകാരികമായ സ്ഥാനം നേടണം.. ഇത് തലച്ചോറിന്റെ  വികാരപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോണുകളെ ആശ്രയിക്കും..
2) വംശീയത ജനങ്ങളെ സ്വാധീനിക്കുവാൻവണ്ണം അവിടെ സാമ്പത്തികാസമത്വം, മാന്ദ്യം, ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ്, തൊഴിലില്ലായ്മ തുടങ്ങിയ മൂർത്തമായപ്രശ്നങ്ങൾ രൂക്ഷമാകണം.. ഇത്തരം പ്രശ്നങ്ങളെ മുതലെടുക്കാനും മറ്റൊരു കൂട്ടരാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എന്നതുപോലുള്ള നുണകളിലൂടെ ഒരുവിഭാഗം ജനതയിൽ വംശീയതയും വർഗീയതയും പടർത്താനും ഒരു തീവ്രവലതുപക്ഷവാദിക്ക് കഴിയും..

                അതായത് വംശീയത എന്ന ആശയത്തിന് ഭൗതികസമൂഹത്തിൽ വേരൂന്നണമെങ്കിൽ ഭൗതികമായ പരുവപ്പെടലുകൾ ജനങ്ങളുടെ തലയ്ക്കകത്തും ജനങ്ങൾ ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിലും ഉണ്ടാകണം എന്ന് സാരം.. ഇതാണ് ഭൗതികവാദം കൊണ്ടുദ്ദേശിക്കുന്നത്.. രണ്ട് പോയിന്റുകൾ നോക്കുക
(1) ആശയങ്ങൾക്കും ആദർശങ്ങൾക്കും ഭൗതികലോകത്ത് സ്വാധീനം ഉണ്ടാകണമെങ്കിൽ ഭൗതികസാഹചര്യങ്ങളുടെ പരുവപ്പെടലും അതിനനുരൂപമായ മസ്തിഷ്കങ്ങൾ എന്ന ഭൗതികാവയവങ്ങളും നിർബന്ധമാണ്.
(2) ആശയങ്ങൾക്കും ആദർശങ്ങൾക്കും ലോകത്ത് രൂപം കൊടുക്കുന്നത് ഭൗതികപരമായ സാഹചര്യങ്ങളാണ്.. 

                             - ഉദാഹരണത്തിന് ജർമ്മനിയിൽ ഒന്നാം ലോകമഹായുദ്ധാനന്തരം രൂക്ഷമായ സാമ്പത്തികമാന്ദ്യം ഇല്ലായിരുന്നെങ്കിൽ ഫാസിസം എന്ന ആശയം അവിടെ പിറവി കൊള്ളുമായിരുന്നില്ല. റഷ്യയിൽ കാർഷികപ്രതിസന്ധിയും അടിച്ചമർത്തലും തൊഴിലാളിചൂഷണവും ഇല്ലായിരുന്നില്ലെങ്കിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ അവിടെ ജനമനസുകളിൽ സ്ഥാനം പിടിക്കുകയില്ലായിരുന്നു.. ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും സാമൂഹ്യസുരക്ഷയിലും മുന്നിൽനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ മതപ്രബോധന ആശയങ്ങൾക്ക് മാർക്കറ്റ് ഇടിയുകയാണ്.. തൊഴിലില്ലായ്മയും മാന്ദ്യക്കെടുതിയും രൂക്ഷമായതുകൊണ്ടാണ് അമേരിക്കയിൽ ട്രംപിന്റെ തീവ്രദേശീയനിലപാടുകൾക്ക് സ്വീകാര്യത വർധിച്ചത്.. ഇതിൽ നിന്നൊക്കെ എന്തുമനസിലാക്കാം..? മാനവരാശിയുടെ മുന്നേറ്റത്തിന് ഊർജം പകരുകയോ തടയിടുകയോ ചെയ്യുന്ന ആശയങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നത് ആ സമൂഹത്തിലെ ഭൗതികസാഹചര്യങ്ങളുടെയും സമൂഹം കടന്നുപോകുന്ന ചരിത്രഘട്ടങ്ങളുടെയും അനന്തരഫലമെന്നോണമാണ്..

                              ആശയങ്ങളും വികാരവിചാരങ്ങളും സ്വയം സൃഷ്ടിക്കപ്പെടുകയോ സ്വയം സ്വാധീനശക്തികളാവുകയോ സ്വയം ഇല്ലാതാവുകയോ ഇല്ല, മറിച്ച് അവയെല്ലാം തന്നെ ഭൗതികപരിസ്ഥിതിയുടെ ഫലമായി സംഭവിക്കുന്നതുമാണ്.. ഈയൊരു വസ്തുത മനസിൽ വെച്ചുകൊണ്ടുവേണം മുതലാളിത്തവും സോഷ്യലിസവും സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളും ഒക്കെ വിശകലനം ചെയ്യപ്പെടേണ്ടത്. കമ്മ്യൂണിസം എന്ന ആശയം അജയ്യമാകുന്നതിന് കാരണം മുതലാളിത്തം നമ്മുടെ ഭൗതികപരിസ്ഥിതിയെ നാശോന്മുഖമായ ഭീഷണികളിലേക്ക് നയിക്കുകയും ഭൂരിപക്ഷത്തിന്റെയും അവസ്ഥ പരിതാപകരമാകുകയും കമ്മ്യൂണിസത്തിന് പ്രസക്തി വർധിക്കുകയും ചെയ്യുന്നതിനാലാണ്. ആശയങ്ങളെ ഭൗതികലോകം സൃഷ്ടിക്കുന്നു, ഭൗതികലോകവും സ്വയം മാറ്റങ്ങളിലൂടെ കടന്നുപോവുന്നു, ആശങ്ങൾക്ക് സ്വാധീനം ചെലുത്താനാവും വിധം ഭൗതികലോകം സവിശേഷസ്ഥിതികൾ കൈവരിക്കുന്നു, ആശയങ്ങൾ സ്വാധീനശക്തികളായി മാറുന്നു, ചരിത്രപരമായ മാറ്റങ്ങൾ സംഭവിക്കുന്നു.. ആശയങ്ങളുടെയും വൈകാരികതയുടെയും നിഷേധമല്ല, അവയുടെ ഭൗതികാടിത്തറയെ ഊന്നിയുള്ള വിശകലനരീതിയാണ് ഭൗതികവാദം.. ഇതാണ് ഭൗതികവാദപരമായ ലോകവീക്ഷണത്തിന്റെ രത്നച്ചുരുക്കം..

-----------------------------------------------------------------

        
                               മാർക്സിസ്റ്റ് പദാവലിയിൽ ഭൗതികവാദം (Materialism) കേവലമൊരു ഫിലോസഫി മാത്രമല്ല, അത് ഒരു അപഗ്രഥന ഉപാധിയും ജ്ഞാനരൂപീകരണമാർഗവും ഒക്കെയാണ്.. ജർമ്മൻ തത്വചിന്തകനായ ഹെഗലിന്റെ ആശയവാദങ്ങളോടുള്ള വിയോജിപ്പെന്ന മട്ടിലാവാം മാർക്സ് തന്റെ ഭൗതികവാദനിരീക്ഷണങ്ങളെ മുന്നോട്ടുവെച്ചത്. ആശയവാദം (Idealism) എന്നത് പൗരാണികകാലം മുതലേ പല ചിന്താപദ്ധതികളായും പല പേരുകളിലും നിലനിന്നിരുന്ന തത്വചിന്തയായിരുന്നു.. ഭാരതത്തിലുൾപ്പെടെ. ശങ്കരന്റെ വേദാന്തവും ദക്കാർത്തെയുടെ തത്വചിന്തകളും ഹെഗലിന്റെ ആശയവാദവും ഒക്കെ ഇതിൽപെടും.

                        ഹെഗലിനെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ആത്മബോധമുള്ള ജീവിയാണ്. മനസ്, ബോധം എന്നിവയ്ക്ക് ഹെഗൽ പ്രഥമസ്ഥാനം നൽകുന്നു. ഈ ആത്മബോധത്തെ മനസിലാക്കുമ്പോൾ മനുഷ്യൻ സ്വയം തിരിച്ചറിയുകയും അവന്റെ സമൂഹം, അവൻ ജീവിക്കുന്ന ലോകം, അവൻ കടന്നുവന്ന ചരിത്രപശ്ചാത്തലം, അതിന്റെ ഭാവി ഒക്കെയും മനസിലാക്കുകയും ചെയ്യുന്നു. അതായത് മനുഷ്യന് ചുറ്റുമുള്ള സാമൂഹിക- പ്രാപഞ്ചികയാഥാർത്ഥ്യങ്ങളെ മനസിലാക്കാൻ അവൻ പുറത്തേക്കല്ല ,തന്റെ ആത്മബോധത്തിലേക്ക് അഥവാ ഉള്ളിലേക്ക് തന്നെ ഊളിയിടണം എന്ന അബദ്ധജടിലമായ നിഗമനമാണ് ഹെഗൽ മുന്നോട്ടുവെച്ചത്. ഭൗതികലോകത്തക്കുറിച്ചുള്ള അറിവിന്റെ ഉത്ഭവം മനസ്സ് ആണെന്ന ഈ വരട്ടുതത്വം ആശയവാദം എന്ന് അറിയപ്പെടുന്നു.

                      ഭൗതികലോകത്തെ പ്രതിഭാസങ്ങൾ, സമസ്യകൾ, മാറ്റങ്ങൾ എന്നിവയെല്ലാം മനസ്സ്, ബോധം, ആത്മാവ് തുടങ്ങിയ ഭൗതികേതരവസ്തുക്കളിൽ നിന്നും രൂപംകൊള്ളുന്നു എന്നത് ഒരു മനോഹരമായ മനോസങ്കൽപത്തിനപ്പുറം മറ്റൊന്നുമല്ല. ഇതിന്റെ മറ്റൊരുരൂപം തന്നെയാണ് അദ്വൈതം ഉൾപ്പെടെയുള്ള ഭാരതത്തിലെ ആസ്തികതത്വചിന്തകളും.. ബ്രഹ്മം സത്യം ജഗത് മിഥ്യ, അഹം ബ്രഹ്മാസ്മി തുടങ്ങിയ വാചാടോപങ്ങളൊക്കെ ഇതിൽപെടും. ലോകം ഭൗതികയാഥാർത്ഥ്യമല്ലെന്നും മിഥ്യയാണെന്നും യഥാർത്ഥ സത്യം മറ്റൊന്നാണെന്നുമുള്ള കൺസപ്ടുകൾ മാർക്സിസ്റ്റ് വിരുദ്ധമാണെന്ന് മാത്രമല്ല, അത് മനുഷ്യവിരുദ്ധം കൂടിയാകും. കാരണം മനുഷ്യന്റെ പട്ടിണിയും തൊഴിലില്ലായ്മയും പോലുള്ള യഥാർത്ഥപ്രശ്നങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടങ്ങളും മനുഷ്യസമൂഹത്തിന്റെ അഭിവൃദ്ധിക്കും സമത്വത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളുമെല്ലാം സാധുവാകുന്നത് ഭൗതികവാദത്തിൽ മാത്രമാണ്. ലോകം മിഥ്യയാണെന്നും, അർത്ഥശൂന്യമാണെന്നും യഥാർത്ഥ ജീവിതം ഈ ഭൗതികലോകത്തിന്റെ സീമകൾക്ക് അപ്പുറത്താണെന്നും ( സ്വർഗമെന്നോ മോക്ഷമെന്നോ എന്തുപേരിട്ടും ഇതിനെ വിളിക്കാം) സർവവും മായയാണെന്നും ആരുടെയോ പരീക്ഷണങ്ങളാണെന്നും ഒക്കെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിന്താപദ്ധതിയിൽ ഭൂമിയിലെ സമരങ്ങളും ചൂഷണവിരുദ്ധപോരാട്ടങ്ങളും അനീതിക്കെതിരായ മുന്നേറ്റവുമൊക്കെ വെറും അർത്ഥമില്ലാത്ത സംഗതികൾ മാത്രമാണ്..

                     ഭൗതികവാദത്തിന്റെ അടിസ്ഥാനമായി മുന്നോട്ടുവെക്കാവുന്ന ഒരു പ്രസ്താവന മാർക്സ് നിരന്തരം ഉയർത്തിപ്പിടിക്കുന്നത് ഇങ്ങനെയാണ്.. 'മനുഷ്യൻ ഒരു ഭൗതികയാഥാർത്ഥ്യമാണ്'. മനുഷ്യസത്ത (Human species essense) , സമൂഹവികാസം, ചരിത്രപുരോഗതി തുടങ്ങിയ എല്ലാ മാർക്സിസ്റ്റ് വിശദീകരണങ്ങളും തുടങ്ങാൻ അനുയോജ്യമായ ഒരു അടിസ്ഥാനതത്വം കൂടിയാണിത്. മനുഷ്യൻ അടിസ്ഥാനപരമായി ഭൗതികദ്രവ്യം തന്നെയാണ്. പ്രകൃതിയിലുള്ള മൂലകങ്ങളും അവ ചേർന്നുള്ള സംയുക്തതന്മാത്രകളും ബലങ്ങളും ഒക്കെത്തന്നെയാണ് മനുഷ്യനിലും ഉള്ളത്. മനസ്, ബോധം എന്നിവ പോലും അവന്റെ മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ ഒരു 'പ്രവർത്തനം' ആണ്. അവന്റെ ചിന്തകളും ആശയങ്ങളും വികാരങ്ങളുമെല്ലാം നാഡീപ്രവർത്തനങ്ങളാണ്. നാഡീവ്യവസ്ഥ (Neurons) തകരാറിലായ ഒരാൾക്ക് ബോധം നഷ്ടപ്പെടുകയോ സ്വഭാവവ്യതിയാനങ്ങൾ ഉണ്ടാവുകയോ ചെയ്യുന്നതിന്റെ കാരണം ബോധവും മനസുമൊക്കെ മസ്തിഷ്കവും സുഷുമ്നയും നാഢീകോശങ്ങളും ചേർന്ന ഒരു 'ഭൗതിക'വ്യവസ്ഥയുടെ ഉത്പന്നങ്ങളാണ് എന്നതാണ്.

                       എന്നാൽ ഭൗതികദ്രവ്യം മാത്രമാണോ മനുഷ്യൻ..? തീർച്ചയായും അല്ല. മനുഷ്യനെന്നത് ഭൗതികദ്രവ്യങ്ങളോടൊപ്പം  അത് ചുറ്റുമുള്ള സമൂഹവുമായി നടത്തുന്ന കൊടുക്കൽ വാങ്ങലുകൾ, മനുഷ്യന്റെയും സമൂഹത്തിന്റെയും കാലാനുസൃതവികാസം എന്നിവ ചേർന്നതാണ്. ഈ സവിശേഷതയാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും. സമൂഹം എന്നത് മനുഷ്യരുടെ കൂട്ടം അല്ലെന്നും അതിനെ നിർവചിക്കുന്നത് മനുഷ്യർക്കിടയിലെ സാമൂഹ്യബന്ധങ്ങളാണെന്നും (Social relations) മാർക്സ് എഴുതുന്നുണ്ട്. നമ്മുടെ സാമൂഹ്യസ്ഥാപനങ്ങൾ ( ഉദാ:- ജനാധിപത്യം, ഭരണകൂടം, മതം, പൊലീസിങ്, കലാസാംസ്കാരികം etc.) പോലും കേവലം മനുഷ്യമനസിലെ ഇച്ഛകളാൽ രൂപം കൊടുത്തതല്ല, മറിച്ച് അത് രൂപംകൊണ്ട കാലത്തെ പാരിസ്ഥിതിക -സാമൂഹ്യഘടകങ്ങളുടെയും ഉത്പാദന- സാങ്കേതികവികാസത്തിന്റെയും മറ്റ് സമൂഹങ്ങളുമായുള്ള പരസ്പരബന്ധങ്ങളുടെയും അതുവരെ നിലനിന്ന സാമൂഹ്യസ്ഥാപനങ്ങളുടെയും സമിശ്രഫലമാണ്. സമൂഹത്തിന്റെ ഭൗതികാടിത്തറകളുടെ വികാസമാണ് ചരിത്രപുരോഗതിയുടെ തന്നെ വികാസത്തിനാധാരം. ഇതാണ് ചരിത്രപരമായ ഭൗതികവാദം (Historical materialism) എന്ന് അറിയപ്പെടുന്നത്. 

മനുഷ്യന്റെ അസ്തിത്വത്തെ പ്രധാനമായും  മൂന്ന് തലത്തിൽ വീക്ഷിക്കാനാവും..

1) ഭൗതികാസ്തിത്വം (Physical) :- മനുഷ്യന്റെ അപാരമായ കഴിവിൽ ഇത്രയേറെ വിശ്വാസമർപ്പിച്ച ഒരു ചിന്തകൻ മാർക്സിനെപ്പോലെ മറ്റൊരാൾ ഉണ്ടാകാൻ ഇടയില്ല. അദ്ദേഹം നിരീക്ഷണം ഇപ്രകാരമാണ് - മനുഷ്യൻ ''അധ്വാനിക്കാൻ കഴിവുള്ള ഒരു ജീവിയാണ്.  തന്റെ അധ്വാനത്തിലൂടെ ഭൗതികനിയമങ്ങളുടെ സഹായത്താൽ ഭൗതികലോകത്ത് ഗണ്യമായ മാറ്റങ്ങൾ വരുത്താൻ മനുഷ്യന് സാധിക്കും''. ഭക്ഷണം പാകം ചെയ്യാൻ തീ മുതൽ ചന്ദ്രനിലിറങ്ങുന്ന ഉപഗ്രഹം വരെ ഈ ഭൗതികാധ്വാനത്തിന്റെ ഫലമാണ്. അധ്വാനത്തിലൂടെ മനുഷ്യൻ പ്രകൃതിയെ മാറ്റിമറിക്കുന്നു. പ്രകൃതിയിലുണ്ടാകുന്ന മാറ്റമാവട്ടെ മനുഷ്യന്റെ അധ്വാനത്തിന്റെ സ്വഭാവത്തെയും മാറ്റാൻ ഇടയാക്കുന്നു. സഹജവും സർഗാത്മകവുമായ  അധ്വാനത്തിന്റെ പുതിയ സാധ്യതകൾ അവന്/അവൾക്ക് മുന്നിൽ തുറക്കുന്നു.

2) ജൈവികാസ്ഥിത്വം (Organic) :-  ജീവശാസ്ത്രപരമായ ആവശ്യങ്ങളും പ്രേരകങ്ങളും കഴിവുകളും പ്രതികരണശേഷികളും ചോദനകളും ഒക്കെ ഉൾച്ചേർന്നതു കൂടിയാണ് മനുഷ്യൻ. വിശപ്പ് ഒരു പ്രകൃതിസഹജമായ  ആവശ്യമാണ്. അതിനാൽ മനുഷ്യനുചുറ്റും അയാളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഒരു പ്രകൃതി ആവശ്യവുമാണ്. പ്രകൃതി മനുഷ്യന്റെ അജൈവികശരീരമാണെന്നാണ് മാർക്സ് എഴുതിയത് (Nature is the inorganic body of human being). അതായത്, മനുഷ്യൻ, പ്രകൃതി എന്നിവ ഒരേ ശരീരത്തിന്റെ (ജൈവികവും അജൈവികവും ആയ) രണ്ട് ഭാഗങ്ങളാണെന്നർത്ഥം. തന്റെ ജീവശാസ്ത്രപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനും അറിവുകൾ ആർജിക്കാനും അതുപയോഗിച്ച് പ്രകൃതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും മനുഷ്യന് കഴിവുണ്ട്. പ്രകൃതി മാറുമ്പോൾ മനുഷ്യന്റെ ആവശ്യങ്ങളും മാറുന്നു. ഇതുമൂലം മനുഷ്യന്റെ പ്രകൃതിയോടുള്ള സമീപനങ്ങളും മാറുന്നു.
  
                             മനുഷ്യന്റെ കഴിവുകളും ആവശ്യങ്ങളും മനുഷ്യപ്രകൃതി തന്നെയും മാറ്റങ്ങൾക്ക് വിധേയമാണ്, അസ്ഥിരവുമാണ്. മറിച്ച് ഇവയെയെല്ലാം  സ്ഥിരസ്വഭാവമുള്ളതായി വിശദീകരിക്കുന്ന തെറ്റായ പ്രവണത യാഥാസ്തിതിക മതസങ്കൽപങ്ങളിലും വലതുപക്ഷ- മുതലാളിത്ത-ന്യായവാദങ്ങളിലും ധാരാളമായി കാണാനാവും എന്നോർക്കുക.

                          മനുഷ്യൻ ഒരു സാമൂഹ്യജീവി കൂടിയാണ്. മനുഷ്യൻ സ്വയം ബോധപൂർവം സമൂഹത്തെ സൃഷ്ടിക്കുകയല്ല, മറിച്ച് സാമൂഹ്യജീവിതം അവനിലെ മനുഷ്യസത്തയെ പരുവപ്പെടുത്തുകയാണ് ചെയ്തത്. ഭാഷ, കല, സംഗീതം, സംസ്കാരങ്ങൾ, ഭരണകൂടം തുടങ്ങിയവ ഭൗതികസമൂഹത്തിന്റെ വികാസത്തിൽ പല ഘട്ടങ്ങളിലായി രൂപം കൊള്ളുകയായിരുന്നു. മനുഷ്യപ്രകൃതിയുടെ അടിസ്ഥാനം തന്നെ സഹകരണാധിഷ്ഠിതമായ സാമൂഹ്യബോധമാണ്. സഹകരണവും പരസ്പരാശ്രയത്വവും ഇല്ലാതെ മനുഷ്യസ്പീഷീസിന് നിലനിൽക്കാനാവില്ലല്ലോ.. സാമൂഹ്യജീവിയായതുകൊണ്ടും മനുഷ്യന്റെ ജീവിതം എന്നത് അയാൾ പുലർത്തുന്ന സാമൂഹ്യബന്ധങ്ങൾ കൂടി ഉൾച്ചേർന്നതായതുകൊണ്ടും മനുഷ്യന്റെ ആവശ്യനിഷേധങ്ങളുടെ കാരണവും സമൂഹത്തിൽ നിലനിൽക്കുന്ന ചൂഷകസംവിധാനങ്ങളാകണം എന്നിടത്താണ് മുതലാളിത്തവിമർശനം ഭൗതികവാദസമീപനവുമായി താദാത്മ്യം പ്രാപിക്കുന്നത്.

3) ലൗകികാസ്ഥിത്വം (Temporal) :-
മനുഷ്യന്റെ കഴിവുകളും ആവശ്യങ്ങളുമെല്ലാം അജ്ഞാതമായ ഏതോ മായാലോകത്തുനിന്നും ഉരുവംകൊണ്ടതല്ല, പ്രകൃതിസഹജവും ലൗകികവും തന്നെയാണ്. ഭൗതികലോകത്തെ തള്ളുകയും ആത്മീയതയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന ഒരു സന്യാസിക്കുപോലും ദാഹം മാറ്റാൻ വെള്ളവും കഴിക്കാൻ ആഹാരവും ശ്വസിക്കാൻ വായുവും ആവശ്യമാണ്. ലൗകികമായ അസ്തിത്വത്തെ മനുഷ്യന് തള്ളിക്കളയാനാവില്ല എന്നതാണ് സത്യം. മനുഷ്യൻ എല്ലാക്കാലവും പ്രകൃതിസഹജമായ ഗുണങ്ങളെ പിന്തുടരുന്നവനാണ്. എന്നാൽ ആ പ്രകൃതിയെ മാറ്റിമറിക്കുന്നവനും ആ മാറ്റങ്ങൾക്കനുസരിച്ച് സ്വയം വികാസം പ്രാപിക്കുന്നവനും കൂടിയാണ്.

------------------------------------------------------------------

മതത്തെക്കുറിച്ചും മതനിരാസത്തെക്കുറിച്ചും..

                  മാർക്സിസ്റ്റ് സംബന്ധിയായ ചർച്ചകളിൽ മുന്തിയസ്ഥാനം പിടിക്കുന്ന ഒരു വിഷയം അതിന്റെ മതത്തോടുള്ള നിലപാടാണ്.. ഇൗ വിഷയം പേജിൽ ധാരാളം എഴുതിയിട്ടുണ്ട്. ഇക്കുറി ഭൗതികവാദപരിസരത്തിലുള്ള ഒരു വിശകലനം തന്നെയാവാം.. ഒന്നാമതായി മാർക്സിസം മതവുമായി സമരസപ്പെടുമോ എന്നതാണ് ചോദ്യം.. ഇതിന് ഉത്തരം ഇതാണ്: ആശയപരമായി ഇല്ല. തൊഴിലാളിവർഗത്തെ മുഴുവൻ മതവിശ്വാസത്തിൽ നിന്നും മുക്തരാക്കിയ ശേഷം വിപ്ലവം ആവാമെന്ന വരട്ടുതത്വവും മാർക്സ് പോലും അംഗീകരിച്ചിട്ടില്ല. ആശയപരമായി വിരുദ്ധചേരിയിലാണെങ്കിലും ചൂഷണത്തിനെതിരായ സമരത്തിൽ വിശ്വാസീ- അവിശ്വാസിവ്യത്യാസം കൂടാതെ ജനങ്ങളെ സംഘടിപ്പിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാർക്ക് ചെയ്യാൻ കഴിയുന്ന കാര്യം.
                       ചരിത്രപരമായി രൂപം കൊണ്ട പഴക്കമേറിയ ഒരു സാമൂഹ്യസ്ഥാപനമാണ് മതം എന്ന് ഒറ്റവാചകത്തിൽ ചുരുക്കാം.. ആശയപരമായി അതൊരിക്കലും മാർക്സിന്റെ ഭൗതികവാദസമീപനവുമായി യോജിക്കില്ല. കാരണം ഭൗതികലോകത്തിനും അതിലെ സമസ്യകൾക്കും ഭൗതികപ്രതിഭാസങ്ങൾക്കും പ്രഥമസ്ഥാനം നൽകുന്നതാണ് ഭൗതികവാദം. ദൈവം എന്ന മനുഷ്യനിർമിതആശയത്തിൽ നിന്ന് രൂപം കൊണ്ട ഭൗതികലോകത്തെ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് മതം. ഭൗതികവാദം മൂർത്തമായ വിശകലനരീതിയെ പിന്തുടരുകയും മായാസിദ്ധാന്തങ്ങളെയും യുക്തിരഹിതമായ സങ്കൽപനങ്ങളെയും എതിർക്കുകയും ചെയ്യുമ്പോൾ മതം സർവപ്രശ്നങ്ങളിലും ദൈവം, സ്വർഗനരകം, പാപഭയം, പുനർജന്മസിദ്ധാന്തങ്ങൾ തുടങ്ങിയ ആശയങ്ങളെ ഉപയോഗിച്ച് ന്യായങ്ങൾ ചമയ്ക്കുന്നു. ഭൗതികവാദവും മതം എന്ന ആശയവാദവും തമ്മിലുള്ള വൈരുധ്യം ആശയപരമായ ഒത്തുതീർപ്പുകൾക്ക് വിധേയമല്ലെന്ന് സാരം..

മതത്തെ മൂന്ന് രീതികളിൽ ഭൗതികവാദപരമായി നിർവചിക്കാം..

1) ചൂഷിതന്റെ വ്യാജ-ഔഷധം
                 - കഷ്ടപ്പാട് അനുഭവിക്കുന്നവന്റെ ആശ്വാസമാർഗമായും അവന്റെ വേദനകൾ ശമിപ്പിക്കാനുള്ള കറുപ്പായും മതം വർത്തിക്കുന്നു. ദുരിതങ്ങൾക്കുള്ള ന്യായീകരണവും അവയ്ക്കുള്ള പരിഹാരങ്ങളും മതവിശ്വാസം നൽകില്ല, യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാതെ വേദനകളെ കേവലവും താത്കാലികവുമായി അത് ശമിപ്പിക്കും. മനുഷ്യനെ സഹജമായ ജീവിതക്രമത്തിൽ നിന്നും അന്യവത്കരിക്കുന്ന ഘടകമായാണ് മതത്തെ മാർക്സ് നിരീക്ഷിച്ചത്. 'ഹൃദയമില്ലാത്ത ലോകത്തെ ഹൃദയമെന്നും ആത്മാവില്ലാത്ത ലോകത്തെ ആത്മാവെന്നും മനുഷ്യനെ മയക്കുന്ന കറുപ്പെന്നുമുള്ള' മാർക്സിന്റെ വിശേഷണങ്ങൾ പ്രസിദ്ധമാണ്.

                              മനുഷ്യസഹജമായ ധാർമികതയ്ക്കും മൂല്യബോധങ്ങൾക്കും ഹൃദയവിശാലതയ്ക്കും സ്ഥാനമില്ലാതെ പോകുന്ന ലോകത്ത് മതം മുന്നോട്ടുവെക്കുന്നത് അയഥാർത്ഥമായ ധാർമികതയും മൂല്യബോധവും ഹൃദയവിശാലതയുമാണ്. ഹൃദയമില്ലാത്തതും ലാഭത്തിലും സ്വാർത്ഥതയിലും അധിഷ്ഠിതമായതുമായ ലോകത്ത് മതം കേവലം ഹൃദയമായി പ്രതിഷ്ഠിക്കപ്പെടുന്നു എന്ന് മാത്രം.. മനുഷ്യസത്തയിൽ നിന്നും സഹജമായ സവിശേഷതകളിൽ നിന്നും അവനെ അകറ്റുന്ന,  അന്യവത്കരിക്കുന്ന പ്രധാനഘടകമായി മതം നിലകൊള്ളുന്നു. യഥാർത്ഥ രോഗത്തെയും രോഗകാരണങ്ങളെയും മറച്ചുപിടിക്കുകയും മുതലാളിത്തത്തിൽ കൊടുമ്പിരി കൊള്ളേണ്ട വർഗസമരാഗ്നിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന കേവലാശ്വാസമാർഗം മാത്രമാണ് മതം..

2) ചൂഷകന്റെ ആയുധം..
                      -മനുഷ്യസമൂഹത്തിൽ വർഗവിഭജനങ്ങളും ചൂഷണങ്ങളും ആരംഭിക്കുന്ന കാലഘട്ടങ്ങൾ തന്നെയായിരുന്നു സാമ്പ്രദായികമതത്തിന്റെയും ഉത്ഭവം. ഗോത്രീയതയും അടിമത്തവും അധിനിവേശങ്ങളും ഒക്കെ വ്യാപിച്ച സമൂഹത്തിൽ മതശാസനങ്ങളും വളർന്നു. അടിമകൾ ഉടമകൾക്കുനേരെയും മർദ്ദിതൻ മർദ്ദകന് നേരെയും ശബ്ദമുയർത്താതിരിക്കാനുള്ള മേൽത്തട്ടുവിഭാഗത്തിന്റെ പ്രത്യയശാസ്ത്രഉപകരണമായി മതശാസനകൾ മാറി. അസമത്വവും വിവേചനങ്ങളുമൊക്കെ മതവചനങ്ങളാൽ ന്യായീകരിക്കപ്പെട്ടു.

                              ചൂഷിതവർഗത്തിന് ആശ്വാസമാർഗം കൂടിയായതിനാൽ ദൈവചിന്ത എല്ലാ വിപ്ലവമാർഗങ്ങളിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനും മേധാവിത്തശക്തികളുടെ ചൂഷണത്തെ നിർബാധം തുടരാനുമുള്ള വൈകാരിക-സഹന മാർഗമായി മാറി. സെമിറ്റിക് മതങ്ങളിലും ഹൈന്ദവസംസ്കാരത്തിലും ഇത് ഒരുപോലെ ദൃശ്യമാണ്. അടിമത്തവും യുദ്ധങ്ങളും കടുത്ത സ്ത്രീവിരുദ്ധതയും വിവേചനബുദ്ധികളും അന്ധവിശ്വാസവും അനാചാരങ്ങളും  ഗോത്രീയതയുമൊക്കെ മതങ്ങളിൽ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടാൻ കാരണം മതങ്ങൾ ഉണ്ടായ ചരിത്രഘട്ടത്തിൽ മേൽപ്പറഞ്ഞ സംഗതികളെല്ലാം സമൂഹത്തിൽ ഉണ്ടായിരുന്നു എന്നതാണ്.

                      ശിലായുഗത്തിൽ നിന്നും   കാർഷിക-കാർഷികേതര ജീവിതത്തിലേക്കുള്ള മനുഷ്യന്റെ ചുവടുവെപ്പ് (അതായത് ഉത്പാദശക്തികളുടെ വളർച്ച) സമ്പത്തിനും ഭൂമിക്കും അധികാരത്തിനും മനുഷ്യാധ്വാനത്തിനും വേണ്ടിയുള്ള പൗരാണിക-അധിനിവേശഘട്ടങ്ങളിലേക്കും അടിമത്തത്തിലധിഷ്ഠിതമായ ഉത്പാദന- സാമൂഹ്യബന്ധങ്ങളിലേക്കും സമൂഹത്തെ നയിച്ചു. മനുഷ്യൻ മനുഷ്യനുമേൽ അധികാരം സ്ഥാപിക്കുന്ന ലോകക്രമം, യുദ്ധങ്ങൾ, അധികാരമുറപ്പിക്കാൻ കെട്ടിപ്പൊക്കിയ വിവേചനശ്രേണികൾ, സ്ത്രീകളെ ഉപഭോഗവസ്തുവായി കണക്കാക്കിയിരുന്ന ഗോത്രീയമൂല്യങ്ങൾ, ഇതെല്ലാം സമൂഹത്തിൽ രൂപം കൊണ്ടു.. ഇവ ഭൂരിപക്ഷം വരുന്ന മർദ്ദിതവർഗത്തിന് മേൽ കാലങ്ങളോളം അടിച്ചേൽപ്പിക്കണമെങ്കിൽ ഒരു വൈകാരിക-ഉത്തേജന ഉപാധി ഉപരിവർഗത്തിന് ആവശ്യമായിരുന്നു. ഇതാണ് മതം ചെയ്തത്.

                          ജാതീയതയായും സ്ത്രീവിരുദ്ധതയായും അന്ധവിശ്വാസങ്ങളായും അനാചാരങ്ങളായും അധിനിവേശങ്ങളായും തിന്മ പരത്തുക മാത്രമല്ല മതം ചെയ്തത്.. മർദ്ദിതന്റെ കഷ്ടപ്പാടിന് അത് ന്യായങ്ങൾ ചമച്ചു. ദാരിദ്ര്യം ദൈവത്തിന്റെ പരീക്ഷണമാണെന്നും ചൂഷണങ്ങൾ ഇഹലോകത്ത് സംഭവ്യമാണെന്നും വിവേചനങ്ങളും ഗോത്രീയമൂല്യങ്ങളും ദൈവത്താൽ സ്ഥാപിതമാണെന്നും ചൂഷണങ്ങളില്ലാത്ത സമത്വസുന്ദരസോഷ്യലിസം (സ്വർഗം) മരണാനന്തരം ദൈവം കരുതിയിട്ടുണ്ടെന്നും കർമ്മം നന്നായാൽ അടുത്ത ജന്മം കുലീനനായിരിക്കുമെന്നും ദുഃഖങ്ങൾക്ക് ആശ്വാസം പകരാൻ ഈശ്വരൻ സമീപത്തുണ്ടെന്നും ഒക്കെ സ്ഥാപിക്കുകവഴി മതം വർഗാധിപത്യത്തെ നിലനിർത്തുന്ന വളരെ മികച്ച ഒരുപാധിയായി ചരിത്രത്തിൽ മാറുകയായിരുന്നു. ഇതാണ് മതത്തിന്റെ വർഗപരമായ ഭൗതികവാദവിശദീകരണം..

3) അജ്ഞതകളെ മറക്കാനുള്ള യുക്തിവിരുദ്ധമാർഗം..

                       - മഴയും വെയിലും കാട്ടുതീയും ഇടിമിന്നലും കാലാവസ്ഥാമാറ്റവും ഒക്കെ മനുഷ്യനെ ഭയപ്പെടുത്തിയ ഒരു കാലം ഉണ്ടായിരുന്നു. അവയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള മനുഷ്യന്റെ സഹജമായ വ്യഗ്രതയാണ് ശാസ്ത്രവളർച്ചയ്ക്ക് ഉത്തേജനം നൽകിയത്. ശാസ്ത്രം എല്ലാത്തിനും ഉത്തരം നൽകുന്ന സമ്പൂർണ്ണഗ്രന്ഥമല്ല, മറിച്ച് ഓരോചോദ്യങ്ങളെയും നിർധാരണം ചെയ്യാനും തെറ്റുകളെ തിരുത്താനും ശരികളിൽ നിന്നും കൂടുതൽ ശരികളിലേക്കു കുതിക്കാനുള്ള രീതിയായാണ് നാളിതുവരെ സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളത്. അറിവ് അനന്തമാണെന്നും അറിയുന്തോറും കൂടുതൽ അറിയാനുള്ള സാഹചര്യങ്ങൾ ഉരുത്തിരിയുമെന്നും ചോദ്യങ്ങൾ എന്നും മനുഷ്യനെ മുന്നോട്ടുനീങ്ങാൻ പ്രേരിപ്പിക്കും എന്നതുമാണ് ശാസ്ത്രത്തിന്റെ പുരോഗമനവശം.

                          എന്നാൽ വിശ്വാസവും മതവാദങ്ങളും അജ്ഞതകളെ മുതലെടുത്തുള്ള വരട്ടുവാദങ്ങൾ മാത്രമാണ്. മഴയെ കുറിച്ച് അറിവില്ലാതിരുന്ന കാലത്ത് മഴ പെയ്യിക്കുന്നത് ദൈവമാണെന്ന് വിധിച്ച മതം ഇന്ന് ക്വാണ്ടം മെക്കാനിക്സിനും ബിഗ്ബാങ്ങിനും പിന്നിലെ സമസ്യകൾക്കും ഉത്തരമായി ദൈവത്തെ വിധിക്കുന്നു. മഴ പെയ്യിക്കൽ ദൈവത്തിന്റെ കർമ്മമാണെന്ന് ഇന്ന് പറയുന്നവർ ചുരുക്കമാണ്, കാരണം മഴയ്ക്കുപിന്നിലെ കാരണങ്ങൾ നമുക്കറിയാം. ഈ അറിവ് നേടലാണ് ദൈവചിന്തയെ കയ്യൊഴിയാനുള്ള പ്രധാനമാർഗങ്ങളിലൊന്ന്. വിശ്വാസം തീർച്ചയായും പിന്തിരിപ്പൻ ആണെന്ന് പറയുന്നതിന് കാരണം, അത് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം അന്വേഷിക്കാനുമുള്ള മനുഷ്യവ്യഗ്രതയെ തടയുന്നു എന്നതാണ്. ഭൗതികലോകത്തെ അജ്ഞാതമായ ചോദ്യങ്ങളും പ്രതിഭാസങ്ങളും തീർച്ചയായും ദൈവം പോലുള്ള ഒത്തുതീർപ്പ് കഥാപാത്രങ്ങളിലേക്ക് മനസിനെ ചുരുക്കാനും മതത്തിന് ന്യായം ചമയ്ക്കാനും സാധ്യത നൽകും.

                        മതവും ദൈവചിന്തയും സ്വയം മനുഷ്യമനസിൽ പൊട്ടിമുളച്ചതല്ല, പ്രവാചകന്മാരും മുനിമാരും പകർന്നതുമല്ല, മറിച്ച് അവയുടെ ഉത്ഭവം അതാത് ചരിത്രസാഹചര്യങ്ങളിലെ ഭൗതികമായ ഉത്പാദനശക്തികളുടെ വളർച്ചയുമായും വർഗബന്ധങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് മുകളിലെല്ലാം വ്യക്തമാക്കാൻ ശ്രമിച്ചത്. ദൈവത്തിൽ നിന്ന് ഭൗതികലോകമല്ല, ഭൗതികലോകത്തുനിന്നും ദൈവമെന്ന ആശയമാണ് സൃഷ്ടിക്കപ്പെട്ടത്. യുക്തിവാദികളും അജ്ഞേയവാദികളും വിശ്വാസികളുമടങ്ങുന്ന ബഹുജനങ്ങളെ സംഘടിപ്പിച്ച് ചൂഷണാത്മകവ്യവസ്ഥയ്ക്കെതിരെ മുന്നേറുമ്പോഴും മനുഷ്യരിൽ യുക്തിബോധവും ശാസ്ത്രചിന്തയും ഭൗതികവീക്ഷണവും വ്യാപിപ്പിക്കാനുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂടിയായി ഇടതുപ്രസ്ഥാനങ്ങൾ മാറണം.. നിരീശ്വരവാദപ്രചരണവും വലിയ പ്രാധാന്യം അർഹിക്കുന്ന കാലമാണിത്.. മതത്തിലേക്ക് ചുരുങ്ങുന്ന സമൂഹത്തിൽ സോഷ്യലിസത്തിന്റെയല്ല, വർഗീയതയുടെയും കാടത്തത്തിന്റെയും വിത്താണ് വേഗത്തിൽ മുളയ്ക്കുക.. മതപരതയിൽനിന്നും മനുഷ്യസത്തയിലേക്കുള്ള ജനതയുടെ ജനാധിപത്യപരമായ ഏകീകരണത്തിനായി പ്രസ്ഥാനങ്ങൾ ഉയർന്നുവരാതെ രക്ഷയില്ല..

-------------------------------------------------------------------

                            തത്വശാസ്ത്രത്തിന്റെ ചരിത്രമെടുത്താൽ പ്രധാനമായും ഭൗതികവാദവും ആശയവാദവും തമ്മിലെ സംഘർഷങ്ങളിലൂടെയാണ് മനുഷ്യവിജ്ഞാനം കടന്നുപോയിട്ടുള്ളതെന്ന് കാണാം. ഭൗതികവാദം ഒരു ജ്ഞാനമാർഗമായി രൂപം കൊണ്ടത് പുരാതനഭാരതത്തിൽ നിന്നുതന്നെയാണെന്ന് പറയാം.. ഭാരതീയതത്വചിന്ത എന്നത് ഏകശിലാരൂപത്തിലുള്ള ഒരു വിജ്ഞാനപദ്ധതി ആയിരുന്നില്ല. അതിലെ ആശയധാരകളിൽ ആസ്തികവും നാസ്തികവും ഉൾച്ചേർന്നിരുന്നു. നാസ്തികദർശനങ്ങളുടെ ശ്രേണിയിൽ പ്രാധാന്യം അർഹിക്കുന്ന ന്യായവും വൈശേഷികവും ലോകായതവുമൊക്കെ ഭൗതികവാദപരമായ ചിന്തകളെയാണ് ഏറിയ തോതിലും ഉയർത്തിപ്പിടിച്ചത്.

                       പയസ്വി, കണാദൻ, ചാർവാകൻമാർ മുതൽ ബുദ്ധ- ജൈനിസങ്ങളിൽ വരെ ഭൗതികവാദം വലിയ സ്വാധീനം ചരിത്രത്തിൽ ചെലുത്തിയതായി കാണാം. സർവ്വവും മായയാണെന്നും ഏകസത്യം ബ്രഹ്മമാണെന്നും ശങ്കരൻ എഴുതിക്കുറിച്ചപ്പോൾ കണങ്ങളാൽ നിർമിതമായ ഒരു പ്രപഞ്ചത്തെ വിഭാവനം ചെയ്യാൻ കണാദമുനിക്ക് സാധിച്ചു. ബൗദ്ധ- ജൈനദർശനങ്ങളിലും ഈ കണവാദത്തിന്റെ അലയൊലികൾ കാണാനാകും. പക്ഷേ ഭൗതികവാദമാണെങ്കിൽകൂടി ഇവയൊക്കെയും യുക്തിഭദ്രമാണെന്ന് ധരിക്കരുത്.. ശാസ്ത്രം ഒട്ടും വികാസം പ്രാപിക്കാത്ത ഒരു കാലത്ത് നിലനിന്നേക്കാവുന്ന പല അബദ്ധധാരണകളും ഈ ദർശനങ്ങളിൽ ഉൾച്ചേർന്നിരുന്നു. പഞ്ചഭൂതങ്ങളാൽ ( ഭൂമി, അഗ്നി, വായു, വെള്ളം, ആകാശം) നിർമിതമായ പ്രപഞ്ചം, ദ്രവ്യനിർമിതമല്ലാത്ത ബോധം തുടങ്ങിയ തെറ്റായ ഭൗതികപ്രപഞ്ചസങ്കൽപങ്ങളും ഇവിടെ രൂപം കൊണ്ടിരുന്നു. ഇന്നും ഇതെല്ലാം വിശ്വസിച്ച് പ്രചരിപ്പിക്കുന്ന ഹിന്ദുത്വപാരമ്പര്യവാദികൾ ഉണ്ടെന്ന് അത്ഭുതപൂർവം ഓർക്കാവുന്നതാണ്.

                    ഭൗതികവാദം ഒരിക്കലും തുടങ്ങിയ സ്ഥാനത്തുതന്നെ ഒരിക്കലും നിലയുറപ്പിച്ചിരുന്നില്ല. പുരാതനദർശനങ്ങൾ മുതൽ പിന്നീട് മനുഷ്യന്റെ ശാസ്ത്രവിജ്ഞാനത്തിലുണ്ടായ ഓരോ വികാസഘട്ടവും ഭൗതികലോകത്തെക്കുറിച്ചുള്ള മനുഷ്യധാരണകളെ തിരുത്തിയെഴുതുകയാണ് ചെയ്തത്. ന്യൂട്ടോണിയൻ ഫിസിക്സിൽ നിന്നും ക്വാണ്ടം ഭൗതികത്തിലേക്കുള്ള ശാസ്ത്രപുരോഗതി ഭൗതികവാദത്തെ ഇല്ലാതാക്കിയിരിക്കുന്നു എന്ന തരത്തിൽ ആശയവാദികൾ ധാരാളം പ്രചരണങ്ങൾ നടത്താറുണ്ട്. വാസ്തവത്തിൽ ഭൗതികവാദത്തെ നിർവീര്യമാക്കുകയല്ല, ഭൗതികലോകത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ മാറ്റുകയാണ് ക്വാണ്ടം മെക്കാനിക്സ് ചെയ്തത്.. പുരാതനഭാരതത്തിൽ മാത്രമല്ല, പുരാതനഗ്രീസിലും യൂറോപ്പിലുമൊക്കെ ഭൗതികവാദം വലിയ സ്വാധീനം നേടി.

                        ഭാരതത്തിലാവട്ടെ ഭൗതികവാദത്തിന് വലിയ ക്ഷതം സംഭവിക്കുകയും വൈദികമതങ്ങളുടെ പിൻബലത്തോടെ ആശയവാദവും അതിന്റെ ഉത്പന്നങ്ങളായ സകല അന്ധവിശ്വാസങ്ങളും ഭാരതത്തിൽ തഴച്ചുവളരുകയും ചെയ്തു. ശാസ്ത്രപുരോഗതിക്കും വമ്പിച്ച തിരിച്ചടി നേരിട്ടു. ജാതിവാദവും കർമ്മസിദ്ധാന്തവും പുരാണങ്ങളും വിവേചനതത്വങ്ങളും ഒക്കെയായി ഭാരതീയദർശനങ്ങൾ അധഃപതനത്തിലേക്ക് നീങ്ങി. ഇത് നമ്മുടെ ചരിത്രത്തിലന്നുമുതൽ ഈ നിമിഷം വരെയും ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങൾ വിശദമാക്കേണ്ട ആവശ്യമില്ലല്ലോ..

                         യൂറോപ്പിലാകട്ടെ ഭൗതികവാദം മത്സരാത്മകമായി വികാസം നേടുകയും അവരുടെ ശാസ്ത്രസാങ്കേതികപുരോഗതിയിൽ ഉൾപെടെ അത് പ്രതിഫലിക്കുകയും ചെയ്തു. ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഉണ്ടായ വളർച്ച അവരുടെ ജീവിതനിലവാര- ഉയർച്ചയിലേക്കും വ്യവസായവിപ്ലവത്തിലേക്കും അവികസിതമായ ഇതരദേശങ്ങളിലെ കൊളോണിയൽ ആധിപത്യങ്ങളിലേക്കും നയിച്ചു. ഒരു ദർശനത്തിന് ചരിത്രത്തിലുണ്ടാക്കാൻ കഴിയുന്ന സ്വാധീനത്തെയാണ് ഇവിടെ വിവരിച്ചത്. ഗ്രീസിലെ എംപിഡോക്കിൾസ്, ല്യൂസീപ്പസ്, ഡമോക്രീറ്റസ്, എപ്പീക്യൂറസ് തുടങ്ങിയവർ മുതൽ ഫൊയർബാഹ്, കാൾ മാർക്സ്, എംഗൽസ്, ലെനിൻ, മാവോ തുടങ്ങിയ ദാർശനികരിലൂടെ ഭൗതികവാദം ജനമസ്തിഷ്കങ്ങളിൽ വലിയ അനുരണനങ്ങൾ സൃഷ്ടിച്ചു. ഭൗതികവാദവും ആശയവാദവും പ്രധാനമായും രണ്ട് ചോദ്യങ്ങളിലാണ് പരസ്പരവിരുദ്ധസ്ഥാനങ്ങൾ കയ്യേറുന്നത്.

1) യാഥാർത്ഥ്യം (Reality) എന്തിനാൽ നിർമിതമാണ്..?
2) യാഥാർത്ഥ്യം രൂപം കൊണ്ടത് എന്തിൽ നിന്നാണ്..?

യാഥാർത്ഥ്യം ഭൗതികമാണെന്നും ആശയങ്ങൾ ഉൾപെടെ സർവവും ഭൗതികലോകത്തുനിന്നും ഉരുത്തിരിഞ്ഞതാണെന്നും കാര്യകാരണബന്ധങ്ങളാൽ (Causality) സർവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാണ് ഭൗതികവാദത്തിന്റെ അന്തഃസത്ത. ഫൊയർബാക്ക് വരെയുള്ളവർ കേവലഭൗതികവാദത്തിന്റെ (Neive Materialism)ആശയങ്ങളെ മുന്നോട്ടുവെച്ചപ്പോൾ മാർക്സ് ഹെഗേലിയൻ വൈരുധ്യാത്മകതയെ (Dialectics) ഭൗതികവാദവുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. കാര്യകാരണബന്ധങ്ങൾ, വൈരുധ്യാത്മകമായ പ്രപഞ്ചസ്വഭാവം, മാറ്റം എന്ന സാർവികസ്വഭാവം തുടങ്ങിയവയൊക്കെ ഇതിൽപെടും.

      #ഇനി_ഒരൽപം_ശാസ്ത്രം..  ഭൗതികവാദം ഒരിക്കലും സ്ഥിരമാണെന്ന് കരുതരുത്. മാർക്സിന്റെ കാലത്ത് ഭൗതികപ്രപഞ്ചം കേവലം ദ്രവ്യവും ഊർജവും ചേർന്നതാണെന്ന അറിവാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നതല്ല സ്ഥിതി. മൗലികകണങ്ങൾ, സ്റ്റാൻഡേർഡ് മോഡൽ, ഊർജ്ജം, മൗലികബലങ്ങൾ, സ്ഥലകാലം (space-time),  ശ്യാമദ്രവ്യം( Dark matter), ശ്യാമോർജ്ജം(Dark energy), പ്രതിദ്രവ്യം (Antimatter), Force fields, Higgs fiels, Space time curvature, Multidimensions, സമാന്തരപ്രപഞ്ചങ്ങൾ തുടങ്ങി ഭൗതികലോകത്തെ സംബന്ധിച്ച നമ്മുടെ ധാരണകൾ അങ്ങേയറ്റം മുന്നോട്ടുപോയിരിക്കുന്നു. ആപേക്ഷികതാസിദ്ധാന്തം (Theory of relativity) ദ്രവ്യത്തെയും ഉൗർജ്ജത്തെയും സമീകരിക്കുന്നതിൽ വിജയിച്ചു. ഊർജ്ജത്തിന് പ്രാഥമികസ്ഥാനം നൽകിയ ആപേക്ഷികതാസിദ്ധാന്തം E= mc2 എന്ന സമവാക്യത്തിലൂടെ ദ്രവ്യത്തെ ഊർജ്ജത്തിന്റെ ഒരു രൂപമായി അവതരിപ്പിച്ചു.
         
                  ക്വാണ്ടം ഭൗതികമാകട്ടെ സൂക്ഷമതലങ്ങളിൽ കാര്യകാരണബന്ധാധിഷ്ഠിതമായ ന്യൂട്ടോണിയൻ ഭൗതികനിയമങ്ങൾ (Laws of classical physics) പരാജയപ്പെടുന്നതായി കണ്ടെത്തി. വസ്തുവിന്റെ സ്ഥാനവും (Position) പ്രവേഗവും (Velocity) അറിയാമെങ്കിൽ അതിന്റെ ഭാവിയിലെ സഞ്ചാരപാതകളും സ്ഥാനങ്ങളും അറിയാമെന്നതാണ് ക്ലാസിക്കൽ ഭൗതികത്തിന്റെ അടിസ്ഥാനം. ക്വാണ്ടം ഫിസിക്സിൽ അനിശ്ചിതത്വസിദ്ധാന്തം (Heisenbergs Uncertainity principle) പ്രകാരം സ്ഥാനവും പ്രവേഗവും ഒരേ സമയം അളക്കുക സാധ്യമല്ല. ഒന്ന് കൃത്യമായ അളവിൽ നാം കണ്ടെത്തിയാൽ മറ്റേത് കൃത്യമായി കണ്ടെത്താനാവാത്ത സ്ഥിതി ഉണ്ടാവുന്നു.

                         പദാർത്ഥത്തിന്റെ കണ-തരംഗ ദ്വൈതസ്വഭാവം (Wave- particle duality) ഒരു ക്വാണ്ടം ഭൗതികതത്വമാണ്. നിരീക്ഷിക്കപ്പെടുന്ന വസ്തുവിന്റെ സ്വഭാവം കണമാണോ തരംഗമാണോ എന്നത്  മനുഷ്യന്റെ ബോധത്തെ ആശ്രയിച്ച് മാറുന്നു. അതായത് ബോധത്തിന് ഭൗതികസ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയുന്നു. ഇതിനാൽ ഭൗതികവാദം വെറും വിഡ്ഢിത്തമാണെന്ന് മറുപക്ഷം ബുദ്ധിജീവികൾ ആവർത്തിച്ചുവാദിക്കുന്നുണ്ട്. ഇത് തെറ്റാണ്. കാരണം, മനുഷ്യബോധം എന്നത് മസ്തിഷ്കം എന്ന ഭൗതികവസ്തുവിന്റെ ഉത്പന്നമാണ്. മനുഷ്യബോധത്തിന് ഒരു ഇലക്ട്രോണിന്റെ സ്ഥാനവും പ്രവേഗവും ഒരേസമയം കൃത്യതയോടെ അറിയാൻ കഴിയാത്തത് നമ്മുടെ പരിമിതി മാത്രമാണ്. ഇലക്ട്രോണിന് പ്രവേഗവും സ്ഥാനവും ഇല്ലെന്ന് അതുകൊണ്ട് അർത്ഥമില്ല. സ്ഥാനം (അല്ലെങ്കിൽ പ്രവേഗം) അളക്കാൻ ശ്രമിക്കുമ്പോൾ മറ്റേ അളവിൽ അനിശ്ചിതത്വം ഉണ്ടാകുന്നു എന്നതിന് കാരണം നമ്മുടെ ബോധം ഭൗതികതയ്ക്ക് മേൽ പ്രാഥമികസ്ഥാനം നേടുന്നു എന്നതല്ല, മറിച്ച് അവയെ അളക്കാനുള്ള നമ്മുടെ ശ്രമം ഭൗതികഅളവുകളിൽ മാറ്റം ഉണ്ടാക്കുന്നു  എന്നതാണ്.
                                   സ്ഥാനം അറിയാൻ ശ്രമിക്കുമ്പോൾ ആ 'ശ്രമം' മൂലം പ്രവേഗത്തിൽ കൃത്യതയില്ലായ്മ ഉണ്ടാവുന്നു. പദാർത്ഥത്തിന്റെ കണതരംഗ സ്വഭാവങ്ങളൊക്കെ ഈ അനിശ്ചിതത്വത്തിന്റെ ഫലമാണ്.. അത് നമ്മുടെ പരിമിതി മാത്രമാണ്. ഒരു ബലൂണിലെ വാതകമർദ്ദം അളക്കാൻ മാനോമീറ്റർ ഘടിപ്പിക്കുമ്പോൾ ആ ശ്രമം മൂലം തുടക്കത്തിൽ കുറച്ച് വാതകം പുറത്തുപോയി മർദ്ദം കുറയുകയും അളക്കുന്നമർദ്ദം യഥാർത്ഥമർദ്ദത്തിൽ നിന്ന് അൽപം വ്യത്യസ്തമായിരിക്കുകയും ചെയ്യും. അതുപോലെ തന്നെയാണ് ഈ പ്രശ്നവും..
          
                                  ക്വാണ്ടം ഡബിൾ സ്ലിറ്റ് എക്സ്പീരിമെന്റും ഹെയ്സൻബർഗിന്റെ പൂച്ചയെയും (Heisenberg's Cat ) ഒക്കെ ഉയർത്തിക്കൊണ്ടുവന്ന് ഭൗതികവാദത്തെ തമസ്കരിക്കാനുള്ള ശ്രമം മതപണ്ഡിതർ ഉൾപെടെയുള്ള ആശയവാദികൾ തുടരുന്നതിനാലാണ് ഇത്രയും എഴുതിയത്.. അളവുകളിലെ കൃത്യതയില്ലായ്മ വസ്തുവിന്റെ ഭൗതികാസ്തിത്വത്തെ ഇല്ലാതാക്കുന്നില്ല.. വലിയ ഭൗതികശാസ്ത്ര വിശദീകരണങ്ങളിലൂടെ മാത്രമേ ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഭൗതികവാദത്തെ വിശദീകരിക്കാൻ കഴിയൂ.. ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ഭൗതികവും തമ്മിലെ വൈരുധ്യങ്ങളാണ് ആധുനികഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ക്വാണ്ടം ഗ്രാവിറ്റിയും ഗ്രാവിറ്റോണും സ്ട്രിംങ് തിയറിയും പോലുള്ള സങ്കൽപനങ്ങളിലൂടെ അവയെ മറികടക്കാനുള്ള ശ്രമം വിജയിക്കുമെന്ന് കരുതാം.. ശാസ്ത്രതത്പരരായവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയും വായിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.. ഭൗതികവാദം എന്നത് ഇന്നും പരിഷ്കരണങ്ങൾക്ക് വിധേയമാകുന്ന ഒരു ദാർശനികോപാധിയാണ്, ശാസ്ത്രമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്..

------------------------------------------------------------------

                    ഭൗതികവാദത്തിന്റെ ശാസ്ത്രീയവിശകലനമാണ് മുൻലേഖനത്തിൽ വിശദമാക്കിയത്. വാസ്തവത്തിൽ ,പ്രപഞ്ചത്തിന്റെ ഒരു സാമാന്യതത്വമായി ഭൗതികവാദത്തെ ഒതുക്കുകയല്ല, മാർക്സിസ്റ്റുകൾ ചെയ്യാറ്. മനുഷ്യചരിത്രത്തെയും സാമൂഹികപ്രതിഭാസങ്ങളെയും ചരിത്രബന്ധങ്ങളെയും ഭൗതികവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാൻ മാർക്സിന് കഴിഞ്ഞു എന്നതാണ് ശരി.  ഇതിനെ ചുരുക്കത്തിൽ ചരിത്രപരമായ ഭൗതികവാദം എന്ന് പറയാം.. മനുഷ്യസമൂഹത്തിന്റെ ഭൗതികാസ്തിത്വത്തെയും അതിൽ നിന്നുത്ഭവിക്കുകയും ഭൗതികസമൂഹവുമായി വൈരുധ്യാത്മകബന്ധം പുലർത്തുകയും ചെയ്യുന്ന ആശയപരമായ മേൽപുരയെയും കുറിച്ചുള്ള വീക്ഷണം പ്രധാനമാണ്..

                     എന്താണ് ഈ അടിത്തറ- മേൽപുര സിദ്ധാന്തം എന്ന് നോക്കാം..
ചരിത്രപുരോഗതിയുടെ അടിസ്ഥാനം സമൂഹത്തിന്റെ ഭൗതികാടിത്തറയ്ക്കുള്ളിൽ നിലനിൽക്കുന്ന വൈരുധ്യങ്ങളുടെ പരസ്പരപ്രവർത്തനമാണ്. എന്താണ് ഈ 'ഭൗതികാടിത്തറ'? ഒരു ചരിത്രഘട്ടത്തിൽ നിലനിൽക്കുന്ന ഉത്പാദനശക്തികളും സാമൂഹ്യബന്ധങ്ങളും ചേർന്ന സംവിധാനത്തെ ഭൗതികാടിത്തറ എന്ന് പറയാം. നാം ഉപയോഗിക്കുന്ന ഉപകരണസാമഗ്രികൾ, ആധുനിക ശാസ്ത്രസാങ്കേതികവിദ്യകൾ, ഉത്പാദനത്തിനും വിപണനത്തിനും പുനരുത്പാദനത്തിനും മാലിന്യനിർമാർജനത്തിനും ഒക്കെ ആവശ്യമായ സംവിധാനങ്ങൾ, യന്ത്രോപകരണങ്ങൾ, അസംസ്കൃതവസ്തുക്കൾ, ഊർജ്ജരൂപങ്ങൾ, ഗതാഗതം, മറ്റ് സ്രോതസ്സുകൾ ഇങ്ങനെയുള്ള മനുഷ്യരാശിയുടെ ഗുണാത്മകവളർച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങൾ ചേർന്നതാണ് ഉത്പാദകശക്തികൾ എന്നറിയപ്പെടുന്നത്..

                            മനുഷ്യന്റെ ചരിത്രം എന്നത് വാസ്തവത്തിൽ ഈ ഉത്പാദകശക്തികളുടെ കൂടി വളർച്ചയാണ്. ആദിമമനുഷ്യൻ കല്ലുരസിയുണ്ടാക്കിയ തീയും ചക്രം ഘടിപ്പിച്ച വാഹനവും കാർഷികോപകരണങ്ങളും ആവിയന്ത്രവും വൈദ്യുതിയും മുതൽ കംപ്യൂട്ടറും ഉപഗ്രഹങ്ങളും കൃത്രിമബുദ്ധിയും നാനോടെക്നോളജിയും വരെയുള്ള ഉത്പാദകശക്തികളുടെ നിതാന്തമായ വളർച്ചയിലൂടെയാണ് മനുഷ്യന് പുരോഗതി പ്രാപിക്കാൻ കഴിഞ്ഞത്. ഇനിയും ഈ വളർച്ച തുടരുകയും ചെയ്യും.

                                    അതേസമയം ഉത്പാദകശക്തികൾ മാത്രമാണോ ഭൗതികസമൂഹം ഉൾക്കൊള്ളുന്നത്..? അല്ല. രണ്ടാമതൊരുഘടകം കൂടി ഇവിടെ പരാമർശിക്കണം. ഇതാണ് സാമൂഹ്യബന്ധങ്ങൾ അഥവാ ഉത്പാദനബന്ധങ്ങൾ.. വികസിച്ചുവരുന്ന സമൂഹത്തിൽ മനുഷ്യർക്കിടയിൽ ചരിത്രപരമായി രൂപംകൊണ്ട പരസ്പരബന്ധങ്ങളെയാണ് സാമൂഹ്യബന്ധങ്ങൾ എന്നുപറയാറ്. കെട്ടിടനിർമാണത്തിൽ ഇഷ്ടികയും സിമന്റും മണലും മാത്രം പോര, തൊഴിലാളിയും കോൺട്രാക്ടറും തമ്മിലെ ബന്ധവും പ്രധാനമാണ്.. സമൂഹത്തിന്റെ ദൈനംദിനപ്രവർത്തനങ്ങൾ വിവിധ വർഗങ്ങൾക്കിടയിൽ നിലകൊള്ളുന്ന പരസ്പരബന്ധങ്ങളെ കൂടി ആശ്രയിച്ചിരിക്കും. ഭൗതികാടിത്തറ കേവലം ഉത്പാദകശക്തികൾ മാത്രമല്ല, ഉത്പാദനബന്ധങ്ങൾ കൂടി ചേർന്നതാണെന്ന് സാരം. പുരാതനഈജിപ്തിലെ അടിമ-ഉടമ ബന്ധം, പഴയ യൂറോപ്പിലെ പുരോഹിതവർഗവും ഭരണവർഗവും തമ്മിലെ ബന്ധങ്ങൾ, നഗരവാസിയും രാജാവും ഭൂപ്രഭുവർഗവും തമ്മിലെ ബന്ധങ്ങൾ, ജന്മി- കുടിയാൻ ബന്ധം, മുതലാളി- തൊഴിലാളി ബന്ധം, ഗവൺമെന്റും പൗരനും തമ്മിലെ ബന്ധം,  തുടങ്ങി മനുഷ്യർക്കിടയിലെ എണ്ണിയാലൊടുങ്ങാത്ത വർഗബന്ധങ്ങളെ കുറിച്ചുള്ള വിശകലനം ഒരു ചരിത്രഘട്ടത്തിലെ സാമൂഹ്യാവസ്ഥയെ മനസിലാക്കാൻ സഹായിക്കുമെന്ന് പറയുന്നത് അതിനാലാണ്..

                                      ഉത്പാദകശക്തികൾ കാലമിന്നോളം മുന്നോട്ടുകുതിക്കുമ്പോൾ ഉത്പാദനബന്ധങ്ങൾ മാറ്റമില്ലാതെ നിലകൊള്ളുകയും ഉത്പാദകശക്തികളുടെയും മനുഷ്യപുരോഗതിയുടെയും വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഉത്പാദകശക്തികളും സാമൂഹ്യബന്ധങ്ങളും തമ്മിലെ ഈ വൈരുധ്യം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുകയും ചരിത്രപുരോഗതിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും ചേർന്ന ഭൗതികാടിത്തറയാണ് മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പരിണാമത്തിന് ആധാരം..
                 
                      ഈ അടിത്തറയിൽ നിന്നും ചരിത്രപരമായി രൂപംകൊള്ളുകയും ചരിത്രത്തിലെ സ്വാധീനശക്തികളായി വർത്തിക്കുകയും ചെയ്യുന്ന ഘടകമാണ് ആശയപരമായ മേൽപുര (Superstructure). ഭൗതികേതരമായ ഈ ഉപരിഘടനയുടെ ഉത്ഭവം ഭൗതികസമൂഹം തന്നെയാണ്. കല, രാഷ്ട്രീയം, സംസ്കാരം, വിദ്യാഭ്യാസം, മതം, സാഹിത്യം, ഭരണകൂടം, കുടുംബഘടന, സദാചാരബോധം ഇങ്ങനെയുള്ള  ഘടകങ്ങളണ് ഈ മേൽപുര ഉൾക്കൊള്ളുന്നത്. മനുഷ്യചരിത്രഗതി എന്നത് കേവലം ഭൗതികപരമായ ഉത്പാദകശക്തികളും സാമൂഹ്യബന്ധങ്ങളും മാത്രം നിർണയിക്കുന്നതാണ് എന്നത് ഒരു പിന്തിരിപ്പൻ ചിന്താഗതിയാണ്.. സംസ്കാരവും മതവും ഭരണകൂടവും ഉൾപെടെയുള്ള മേൽപുരയിലെ എല്ലാഘടകങ്ങൾക്കും   ചരിത്രത്തിൽ ചെലുത്താൻ സാധിക്കുന്ന സ്വാധീനം വളരെ വലുതാണ്. സംസ്കാരം വിപ്ലവത്തിന്റെ അനുബന്ധഘടകം മാത്രമാണ് എന്നൊക്കെയുള്ള പഴയ ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ വളരെ ഉപരിപ്ലവമാണ്, ശരിയല്ലാത്തതുമാണ് എന്ന് പറയേണ്ടിവരും.

                              സാംസ്കാരികഘടനയ്ക്കും ചരിത്രപുരോഗതിയിൽ പുരോഗമനപരമോ യാഥാസ്ഥിതികമോ ആയ പങ്ക് വഹിക്കാനാവും. അതുപോലെ തന്നെ ആശയപരമായ മേൽപുര നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങളെ ന്യായീകരിക്കുകയോ നിലനിർത്താൻ ശ്രമിക്കുകയോ സാധൂകരണം നൽകുകയോ ഒക്കെ ചെയ്യാറുണ്ട്. ഉദാ: സ്ത്രീവിരുദ്ധത അലങ്കാരമാക്കുന്ന സിനിമകൾ, കമ്പോളയുക്തിയെ ഉയർത്തിക്കാട്ടുന്ന സാഹിത്യം, കലാസൃഷ്ടികൾ, ചൂഷണങ്ങളെ ന്യായീകരിക്കുന്ന തത്വസംഹിതകൾ, ലാഭേച്ഛയിലും മത്സരത്തിലും സ്വാർത്ഥതയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസം, ആഢംബരമൂല്യങ്ങളും ഉപഭോഗാസക്തിയും മുഖ്യമാകുന്ന പരസ്യങ്ങൾ, വിപ്ലവങ്ങളെയും തൊഴിലാളിവർഗമുന്നേറ്റങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന ഭരണകൂടം, മാധ്യമം, മതം, ജനങ്ങളുടെ ദുർഗതിയെ മുതലെടുക്കുന്ന മതവും രാഷ്ട്രീയവും ഇങ്ങനെ അനേകം സാംസ്കാരികഘടകങ്ങൾ ഭൗതികാടിത്തറയുടെ സംരക്ഷകരായി മാറുന്നു.

                                 മറിച്ച് സാമൂഹ്യവ്യവസ്ഥിതിയിൽ ഉണ്ടാകേണ്ട പുരോഗമനപരമായ മാറ്റങ്ങൾക്കും വിപ്ലവങ്ങൾക്കും ദിശചൂണ്ടുന്ന ആശയപരമായ ഘടകങ്ങളുമുണ്ട്.. വിമോചനസാഹിത്യങ്ങൾ, ലാഭാധിഷ്ഠിതമായ മുതലാളിത്തചൂഷണങ്ങൾക്കെതിരെ വിമർശനങ്ങൾ നടത്തുന്ന കലാസൃഷ്ടികൾ, ഇടതുപക്ഷ- തൊഴിലാളിവർഗരാഷ്ട്രീയം, ഫെമിനിസം, പരിസ്ഥിതിവാദം പോലുള്ള മറ്റ് പ്രസ്ഥാനങ്ങൾ തുടങ്ങിയവ ഉദാഹരണം.. ഇത്തരം ആശയപരമായ ഘടകങ്ങൾ സ്വാധീനശക്തികളായി നിലനിൽക്കുമെങ്കിലും അവയ്ക്ക് ഭൗതികസമൂഹത്തിൽ നിന്നും വേറിട്ട ഒരു ഉത്ഭവചരിത്രമോ അസ്തിത്വമോ ഇല്ല. ജന്മിത്വം ഇല്ലാത്തൊരു നാട്ടിൽ ചങ്ങമ്പുഴയുടെ വാഴക്കുല കവിത ഉണ്ടാവുക സാവ്യമല്ലല്ലോ.. മതം, സാഹിത്യം, സംസ്കാരം, മാധ്യമം, ധാർമികമൂല്യങ്ങൾ, കുടുംബം, ഭരണകൂടം തുടങ്ങിയ എല്ലാ സാംസ്കാരികഘടകങ്ങളും രൂപം കൊള്ളാൻ അതിനനുരൂപമായ ഒരു ഭൗതികാടിത്തറ ആവശ്യമാണ് എന്ന വസ്തുതയാണ് മാർക്സിസ്റ്റ് സാമൂഹ്യപഠനത്തിൽ പ്രധാനം.

                                ഉത്പാദകശക്തികളും ഉത്പാദനബന്ധങ്ങളും ചേർന്ന അടിത്തറയ്ക്ക് സാംസ്കാരികമായ മേൽപുരയെ മാറ്റിമറിക്കാൻ കഴിയും. അതുപോലെ സാംസ്കാരികമായ മേൽപുരയുടെ പക്വതപ്പെടൽ കൂടി അതിനാവശ്യമാണെന്ന് മാത്രം. സോഷ്യലിസത്തിലൂടെ സമത്വവും ക്ഷേമവും സമൃദ്ധിയും കൈവരുമ്പോൾ മതം താനേ ഇല്ലാതാകുമെന്ന പഴയ ചിന്താഗതി തന്നെ എടുക്കുക.. മനുഷ്യനിൽ മതചിന്തകൾ സ്വയം രൂപം കൊണ്ടതല്ല, അവൻ/ അവൾ ജീവിച്ചിരുന്ന സമൂഹത്തിലെ സാമൂഹ്യബന്ധങ്ങളുടെ നിർമിതിയുടെ ഫലം തന്നെയാണ് മതവും ഭരണകൂടവും ഉൾപെടെയുള്ള എല്ലാ സാംസ്കാരികഘടകങ്ങളും. മതം ദുർബലമാകണമെങ്കിൽ മതവിമർശനങ്ങളും ശാസ്ത്രപ്രചരണവും വ്യാപിപ്പിക്കണം.. കൂടാതെ ചൂഷണാത്മകമായ ഭൗതികസമൂഹവും വിപ്ലവങ്ങളിലൂടെ പരിഷ്കരിക്കപ്പെടണം. വർഗബന്ധങ്ങളിൽ അധിഷ്ഠിതമായ ഭൗതികസമൂഹത്തിന്റെ പരിണാമങ്ങളെ അവഗണിക്കുകയും മതം ഇല്ലാതാകണമെന്ന് പ്രസംഗിക്കുകയും ചെയ്യുന്നത് കേവലയുക്തിവാദം മാത്രമാണ്.

                              അതുപോലെ ഭൗതികാടിത്തറയുടെ ഭാഗമായ സാമൂഹ്യബന്ധങ്ങളിൽ പരിഷ്കരണങ്ങൾ ഉണ്ടാവാതെ നമ്മുടെ രാഷ്ട്രീയം മുതൽ കുടുംബസങ്കൽപം വരെയുള്ള സാംസ്കാരികമൂല്യങ്ങളെ മാറ്റിമറിക്കുന്നതും ദുഷ്കരമാണ്. ഇത്തരം മൂല്യങ്ങളെല്ലാം തന്നെ ഭൗതികാടിത്തറയിൽ നിന്നുത്ഭവിച്ചതും ഭൗതികാടിത്തറയുടെ സ്വാഭാവികപരിണാമങ്ങളെ സ്വാധീനിക്കുന്നതുമാണ്. മറിച്ച് സാംസ്കാരികമൂല്യങ്ങൾക്കും ആശയങ്ങൾക്കും ഒരു ഭൗതികസമൂഹത്തെ സൃഷ്ടിക്കുക സാധ്യമല്ല. വിദൂരഗാലക്സിയിലേക്ക് താമസംമാറ്റുന്ന മനുഷ്യസമൂഹത്തെ കുറിച്ച് സിനിമ എടുത്തതുകൊണ്ട് അങ്ങനെയൊരു സമൂഹം ഉണ്ടാവില്ല, ഉത്പാദകശക്തികളും ശാസ്ത്രവും പുരോഗമിക്കുക തന്നെവേണം. അതുപോലെ സോഷ്യലിസം എന്ന ആശയത്തെ സ്വപ്നം കണ്ടതുകൊണ്ടോ, കവിതയെഴുതിയതുകൊണ്ടോ കാര്യമില്ല, മറിച്ച് സാമ്പത്തികമായ അഥവാ ഭൗതികമായ സമൂഹത്തിന്റെ അടിത്തറ കൂടി പക്വതപ്പെടണം. സോഷ്യലിസ്റ്റ് സാംസ്കാരികമൂല്യങ്ങളും മുതലാളിത്തവിരുദ്ധചിന്തയും വർഗബോധവും ജനമനസുകളിൽ ആഴത്തിൽ സ്ഥാനം നേടുകയും വേണം. സാംസ്കാരികമായ നവോത്ഥാനവും സാമ്പത്തികവിപ്ലവവും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നതാണ് എന്നതാണ് നാം മനസിലാക്കേണ്ട പ്രധാനവസ്തുത..

പരിസ്ഥിതിയും ആഗോളമുതലാളിത്തവും


       ആഗോളതാപനവും പരിസ്ഥിതിപ്രശ്നങ്ങളും ദേശവ്യത്യാസമില്ലാതെ മനുഷ്യരാശിയെ ഒന്നാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാണുന്നത്. അന്താരാഷ്ട്രചർച്ചകളിൽ മാത്രം ഇടംപിടിച്ചിരുന്ന കാലാവസ്ഥാവ്യതിയാനം പോലുള്ള വിഷയങ്ങൾ ഇന്ന് നമ്മൾ മലയാളികളും അനുഭവങ്ങളിലൂടെ തിരിച്ചറിയുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനുശേഷം വീണ്ടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മരണങ്ങളും നാശനഷ്ടങ്ങളും ആവർത്തിക്കപ്പെടുന്നു. ഭൂമിയിലെ 20% ഓക്സിജനും പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ മഴക്കാടുകളായ ആമസോൺ കത്തിനശിക്കുന്നു. മനുഷ്യരാശിയുടെ ഭാവി നേരിടാൻപോകുന്നത് പ്രവചനാതീതമായ പ്രതിസന്ധികളെയാണ്..
                       എല്ലാ പരിസ്ഥിതിഭീഷണികളുടെയും മൂലകാരണം മനുഷ്യനാണെന്ന് പറയാനാവില്ല. കാരണം ഭൂകമ്പങ്ങളിലൂടെയും കാലാവസ്ഥാമാറ്റങ്ങളിലൂടെയും മറ്റ് ദുരന്തങ്ങളിലൂടെയും മുമ്പും ധാരാളം സ്പീഷീസുകൾ നശിക്കുകയോ നാമാവശേഷമാവുകയോ ചെയ്തിട്ടുണ്ട്. പ്രകൃത്യാലുള്ള പ്രതിഭാസങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളിലേക്ക് നയിക്കാറുണ്ട്. ഉദാ: അഗ്നിപർവ്വതസ്ഫോടനങ്ങൾ, ഭൂമികുലുക്കങ്ങൾ( ഭൂമിയിലെ പ്ലേറ്റോണിക് ചലനങ്ങൾ മൂലം), ഭൂമിയുടെ പരിക്രമണപാതയിലെ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വ്യതിയാനങ്ങൾ( ഇത് ഒരു ലക്ഷം വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്നതാണ്). എന്നാൽ ഇത്തരം സ്വാഭാവികപ്രകൃതിദുരന്തങ്ങളുടെ തീവ്രതയെയും അവ മൂലമുള്ള നാശനഷ്ടങ്ങളെയും കുറയ്ക്കാൻ മനുഷ്യന് കഴിയും..
                         1800കളിലെ വ്യവസായവിപ്ലവാനന്തരം മനുഷ്യൻ നടത്തിയിട്ടുള്ള ഇടപെടലുകൾ പരിസ്ഥിതിമാറ്റങ്ങളെ കൂടുതൽ പ്രതികൂലമാക്കി തീർത്തു എന്നതാണ് സത്യം. ഒരു തിരിച്ചുപോക്കിന് ഇടനൽകാത്തവിധം കാർബൺ എമിഷനും ആഗോളതാപനവും ഭീഷണികളായി മാറുന്നു. ഹരിതഗൃഹപ്രഭാവം, വായു-ജലമലിനീകരണം, ഓസോൺ ശോഷണം, അമ്ലമഴ, വനനശീകരണം, മരുവൽകരണം ,ജൈവവൈവിധ്യനാശം, ജനസംഖ്യാപെരുപ്പം മൂലമുള്ള പ്രശ്നങ്ങൾ, ആണവമാലിന്യങ്ങൾ എന്നിങ്ങനെ ഭീഷണികൾ നിരവധിയാണ്. വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയവ പ്രകൃതിയാൽ സംഭവിക്കുന്നതാണെങ്കിൽ പോലും അശാസ്ത്രീയമായ മനുഷ്യഇടപെടൽ അതിന്റെ തീവ്രത വർധിപ്പിക്കും.

ഇവിടെ മാറേണ്ടത് പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനമാണോ എന്നൊരു ചോദ്യമുണ്ട്.. അത് മാറുക സാധ്യമല്ല, കാരണം നിലനിൽക്കുന്ന മുതലാളിത്തസമ്പദ്ഘടന അതിന് അനുവദിക്കുന്നില്ല എന്നത് തന്നെ. ദീർഘകാലത്തെ സുസ്ഥിരതയല്ല, കുറഞ്ഞ സമയം കൊണ്ടുള്ള ലാഭക്ഷമതയാണ് മുതലാളിത്തഉത്പാദന വ്യവസ്ഥയുടെ അടിസ്ഥാനം. ലാഭമാണ് അതിന്റെ പ്രചോദനം. ലാഭവർധനയിൽ മാത്രം അധിഷ്ഠിതമായ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം മനുഷ്യാധ്വാനവും പ്രകൃതിയും സമ്പത്ത് ചുരത്തുന്ന കേവലസ്രോതസുകൾ മാത്രമാണ്. ഈ തിരിച്ചറിവിലാണ് മുതലാളിത്തവിരുദ്ധതയും പരിസ്ഥിതിസംരക്ഷണവും ഒന്നായിമാറുന്നതും എക്കോസോഷ്യലിസം പോലുള്ള ആശയങ്ങൾ പ്രതീക്ഷ നൽകുന്നതും.
       IPCC (Intergovernmental Panel on Climate Change) 2008ലെ റിപ്പോർട്ടിലെ കൗതുകകരമായ ഒരു വസ്തുതയുണ്ട്. ലോകത്തെ കാർബൺ പുറന്തള്ളലിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കയും ചൈനയും ഇന്ത്യയുമൊക്കെ ഉൾപെടെയുള്ള വികസിത- വികസ്വരരാജ്യങ്ങളെ പോലെ മറ്റ് അവികസിതരാജ്യങ്ങളും വികാസം പ്രാപിച്ചിരുന്നെങ്കിൽ ഭൂമിയിൽ ഇന്ന് ജീവൻ അവശേഷിക്കുമായിരുന്ധില്ല. മൂന്നാം ലോകദരിദ്രരാജ്യങ്ങളുടെ പിന്നോക്കാവസ്ഥയാണ് ആഗോളപരിസ്ഥിതിയുടെ സംന്തുലനാവസ്ഥയെ ബാക്കിനിർത്തുന്നത് എന്ന് സാരം. ലോകമെമ്പാടും ഒരാളുടെ പ്രതിശീർഷകാർബൺ പുറന്തള്ളൽ 2 ടൺ ആയിരിക്കുമ്പോൾ, അമേരിക്കയിൽ ഇത് 2.7 ടൺ ആണ്. ചൈനയാണ് ഇന്ന് ഒന്നാംസ്ഥാനത്ത്. ലോകവിപണികൾ കീഴടക്കാനുള്ള മത്സരപ്പോരാട്ടത്തിൽ മുതലാളിത്തരാജ്യങ്ങൾ വരുത്തിവെക്കുന്ന ഇത്തരം ഭീമമായ പരിസ്ഥിതിയാഘാതങ്ങൾ ഒരുപക്ഷേ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക ഭൂരിപക്ഷംവരുന്ന ദരിദ്രരാഷ്ട്രങ്ങളെയും ജനങ്ങളെയുമായിരിക്കും.
                        സാധാരണക്കാരന് പ്രളയവും വരൾച്ചയും സമ്മാനിക്കുക മരണമോ നരകതുല്യമായ ജീവിതമോ തന്നെയാണ്. പ്രകൃതിദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ വീണ്ടും ജനങ്ങൾ താമസത്തിനായ് ചേക്കേറാൻ കാരണവും അവരുടെ ജീവിതസമ്മർദ്ദങ്ങളും സാമ്പത്തികഭാരങ്ങളും തന്നെയാണ്. മുതലാളിത്തത്തിലെ കച്ചവടമൂല്യത്തിൽ പാരിസ്ഥിതിക മൂല്യം എന്നൊന്ന് അസംഭവ്യമാണ്. കാരണം പരിസ്ഥിതിയുടെ നിലനിൽപും ഭൂസംരക്ഷണവും ആവാസവ്യവസ്ഥയുമൊന്നും ഒരു കോർപറേറ്റ് മുതലാളിയുടെ നയചർച്ചകളിൽ ഇടം നേടേണ്ട ആവശ്യമില്ല, അത്തരം പ്രവർത്തനങ്ങൾ അയാൾക്ക് യാതൊരു ലാഭവും പ്രദാനം ചെയ്യുന്നുമില്ല. വികസിതമുതലാളിത്ത രാജ്യങ്ങളിലെ ഉത്പാദനം മൂന്നാംലോകരാജ്യങ്ങളിലേക്ക് കയറ്റിയയക്കുകവഴി മലിനീകരണവും വിഭവചൂഷണവും കൂടി ആഗോളവത്കരിക്കപ്പെടുകയാണ് ചെയ്യുക. ഇങ്ങനെ കുന്നുകൂടുന്ന ലാഭവരുമാനം ഉപയോഗിച്ച് സമ്പന്നരാഷ്ട്രങ്ങൾ സ്വയം മോടിപിടിപ്പിക്കുകയും ദരിദ്രർക്ക് ചേരികളിലെ ദുർഗന്ധവും പകർച്ചാവ്യാധികളും ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു.
                          എന്നാൽ ആഗോളതാപനം പോലുള്ള ഭീഷണികളിൽ നിന്നും സമ്പന്നരാഷ്ട്രങ്ങളും മുക്തമല്ല. മുതലാളിത്തത്തിന്റെ വിജയനിർവചനം പോലും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം എന്നതാണ്, ദീർഘകാലത്തെ സുസ്ഥിരതയും എല്ലാവിഭാഗങ്ങളുടെയും ക്ഷേമവുമല്ല.  ഉപയോഗമൂല്യം ഇല്ലാത്ത ചരക്കുകൾക്ക് പോലും കൃത്രിമമായി മൂല്യം സൃഷ്ടിക്കാൻ മുതലാളിത്തത്തിനാവും. ഗണ്യമായ തോതിലുള്ള ഉത്പാദനം പരിസ്ഥിതിയെ ചൂഷണം ചെയ്തും മാലിന്യഭീഷണിയുണ്ടാക്കിയും മാത്രമേ സാധ്യമാവൂ. ഉത്പാദനം എന്നാൽ മനുഷ്യരാശിക്ക് അനിവാര്യമായ ഉത്പാദനമല്ല. ആയുധ- യുദ്ധോപകരണനിർമാണത്തിനും വാങ്ങിക്കൂട്ടലിനുമായി ലോകത്ത് എല്ലാരാഷ്ട്രങ്ങളും മത്സരാത്മകമായി ശ്രമിക്കുന്നുണ്ട്. യുദ്ധോത്സുകതയോടൊപ്പം വമ്പിച്ച മലിനീകരണവും ആണവമാലിന്യം പോലുള്ള ഭീഷണികളും ചൂഷണവും വർധിക്കുന്നു. ജനങ്ങൾക്കായ് പ്രത്യേകിച്ച് ഉപയോഗമൂല്യമോ ക്ഷേമമൂല്യമോ ഇവ ഉൾക്കൊള്ളുന്നില്ല, മറിച്ചുള്ളതോ നശീകരണം മാത്രമാണ്. ലാഭാധിഷ്ഠിതവും സങ്കുചിതവുമായ ഈ സാമ്പത്തിക- സാമൂഹ്യവ്യവസ്ഥയിൽ നിന്നുകൊണ്ടുള്ള പരിസ്ഥിതി വിമോചനചർച്ചകൾ പലപ്പോഴും പ്രഹസനം മാത്രമാകുന്നതാണ് കുറേകാലങ്ങളായി കാണാൻ കഴിയുന്നത്..

******#ആഗോളതാപനവും_കാലാവസ്ഥാപ്രതിസന്ധിയും_ചില_യാഥാർത്ഥ്യങ്ങൾ ********
       
 ഉത്പാദനശാലകൾ വഴിയും വാഹനങ്ങളിലൂടെയും മറ്റും അന്തരീക്ഷത്തിലെത്തുന്ന കാർബൺ അളവ് വളരെ കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ. മനുഷ്യൻ നാഗരികതയിലേക്ക് കടക്കുമ്പോൾ അന്തരീക്ഷത്തിൽ കാർബൺ ഗാഢത 200ppm ആയിരുന്നത് 1900ൽ 390 ppm ആയി ഉയർന്നു. ഇന്നത് 400നു മുകളിലാണ്‌. അപകടകരമായ സ്ഥിതിവിശേഷമാണത്. സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന ഇൻഫ്രാറെഡ് രശ്മികൾ ഭൗമോപരിതലത്തിൽ തട്ടി പ്രതിഫലിക്കുകയും അന്തരീക്ഷത്തിലൂടെ തിരിച്ച് ബഹിരാകാശത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ഇൗ താപരശ്മികളെ ഒരു പരിധിവരെ പിടിച്ചുനിർത്താനും അന്തരീക്ഷതാപനില വർധിപ്പിക്കാനും CO2, നൈട്രസ് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങൾക്ക് കഴിയും. ഹരിതഗൃഹവാതകങ്ങൾ ദോഷകരമല്ല, മറിച്ച് ഭൂമിയിൽ ജീവനാവശ്യമായ താപനില നിലനിർത്താൻ ഇത് അനിവാര്യമാണ്. എന്നാൽ ഇവയുടെ അളവ് വർധിക്കുന്തോറും താപനിലയും ഉയരാൻ കാരണമാകുന്നു.
           
                    കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ തുലോം കുറവാണ്. ഇവയുടെ അളവ് 1% ആയാൽ പോലും ഭൂമിയിലെ ശരാശരി താപനില 100 ഡിഗ്രി സെൽഷ്യസിന് മുകളിലാകും. കാർബൺ എമിഷനും താപനിലവർധനയും ധ്രുവങ്ങളിലെ മഞ്ഞുരുകാനും സമുദ്രനിരപ്പുയരാനും താപതരംഗങ്ങൾ, മരുവത്കരണം തുടങ്ങിയ പ്രതിഭാസങ്ങൾക്കും കാരണമാകും. സമുദ്രനിരപ്പിന് താഴെയുള്ള ദ്വീപ് രാഷ്ട്രങ്ങൾ, തീരദേശങ്ങൾ തുടങ്ങിയവയുടെ നിലനിൽപ് പരുങ്ങലിലാവുന്നു. കൃഷിയിടങ്ങളെ ഗണ്യമായ തോതിൽ കാലാവസ്ഥാവ്യതിയാനം നശിപ്പിക്കും. പല ജീവിവർഗങ്ങളും വംശനാശത്തിലൂടെ അപ്രത്യക്ഷമാവുകയാണെന്നും ഇത് തുടരുമെന്നുമാണ് IPCC അടക്കമുള്ളവയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ ഹരിതഗൃഹവാതങ്ങളുടെ ഉത്സർജനം തടഞ്ഞാൽ പോലും കാലാവസ്ഥാവ്യതിയാനം തുടരുന്ന സ്ഥിതിയാണ്. അപകടകരമായ വസ്തുതയെന്തെന്നാൽ പരിധികൾ ലംഘിച്ചുകഴിഞ്ഞൊൽ പിന്നീട് ഒരു തിരിച്ചുപോക്ക് ഇല്ലാത്തവണ്ണം ആഗോളതാപനം നിത്യയാഥാർത്ഥ്യമാവുമെന്നതാണ്.

                ആഗോളതാപനഫലമായി ഉയരുന്ന ചൂടിന്റെ 80% സമുദ്രങ്ങളാണ് ആഗിരണം ചെയ്യുക. സമുദ്രങ്ങളുടെ 3000 m ആഴപ്രദേശങ്ങൾ വരെ ചൂടുപിടിക്കാനും വൻകരകളുടെ കാലാവസ്ഥകൾ നിർണയിക്കുന്ന സമുദ്രജലപ്രവാഹങ്ങളെയും അന്താരാഷ്ട്ര -പ്രാദേശികവാതങ്ങളെയും സ്വാധീനിക്കാനും ഇതിന് കഴിയും. കേരളത്തിൽ നടന്ന പ്രളയദുരന്തത്തിന്റെ മുഖ്യകാരണം പോലും കുറഞ്ഞ സമയം കൊണ്ട് അമിതമായ തോതിൽ പെയ്ത മഴയാണ്. ഇത് മൺപാളികൾക്ക് താങ്ങാതെ വരുന്നതിന്റെ അനന്തരഫലമാണ് ഉരുൾപൊട്ടലും മറ്റും.
ലോകത്തെ എല്ലാ ഉത്പാദനപ്രവർത്തനങ്ങളും നിർത്തിവെച്ചാൽ പോലും അന്തരീക്ഷശരാശരി താപനില 0.1 ഡിഗ്രി ഉയരുമെന്നതാണ് അടുത്തകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുക അതിന്റെ കാരണക്കാരായ സമ്പന്നരെയോ മധ്യവർഗത്തെയോ അല്ല, ദരിദ്രരിൽ ദരിദ്രരെ ആയിരിക്കും എന്ന് IPCC പറയുന്നു. 1961 മുതൽ പ്രതിവർഷം 1.8mm വരെ സമുദ്രജലനിരപ്പുയരുന്നു. ഒരേ സമയം വരൾച്ചയും വെള്ളപ്പൊക്കവും സാധാരണമാകുന്നു. ഹിമാനികൾ ഉരുകുകയും ട്രോപ്പിക്കൽ സൈക്ലോണുകളുടെ തീവ്രത വർധിക്കുകയും ചെയ്യുന്നു.
                                  കാർബൺ എമിഷന്റെ അനന്തരഫലങ്ങൾ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാവും പ്രകടമാവുക. നമ്മളുടെ പിഴവുകൾക്ക് വില നൽകേണ്ടിവരിക ഭാവിതലമുറയാവുമെന്ന് സാരം. താപനിലവർധനയും അമ്ലമഴയും പോലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറിയ തോതിലും വർധിക്കുന്നത് CO2, N2O എന്നിവയാണ്. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം കാർബൺ ഡയോക്സൈഡ് ഉത്സർജനത്തെ വർധിപ്പിക്കുമ്പോൾ മീഥെയ്ൻ ഉത്പാദനത്തിന് പ്രധാനകാരണമായി പറയുന്നത് പാലിനും മാംസത്തിനും വേണ്ടിയുള്ള മൃഗപരിപാലനം ആണ്. 2014 WHO പഠനറിപ്പോർട്ട് പ്രകാരം 2012ൽ 70 മില്ല്യൻ ആളുകളുടെ മരണത്തിന് കാരണമായി വായുമലിനീകരണത്തെ ചൂണ്ടിക്കാട്ടുന്നു.
   
                  കാലാവസ്ഥാവ്യതിയാനത്തിന് പരിഹാരമാർഗങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും കോർപ്പറേറ്റ് സംഘടനകളും അവരുടെ താത്പര്യസംരക്ഷകരായ ഗവൺമെന്റുകളുമൊക്കെ അതിന് വലിയ പ്രാധാന്യം നൽകാറില്ല. 1997ലെ ജപ്പാനിൽ വെച്ച് ഒപ്പിട്ട ക്യോട്ടോ ഉടമ്പടിയെ അമേരിക്കയും കാനഡയും ഉൾപെടെയുള്ള രാജ്യങ്ങൾ എതിർക്കുകയും അതിൽ നിന്ന് പിൻമാറുകയും ചെയ്തു. കാർബൺ എമിഷൻ വർധന ഇല്ലാതാക്കുക എന്ന ക്യോട്ടോ ഉടമ്പടി ലക്ഷ്യം എങ്ങുമെത്തിയില്ല. 2015ലെ പാരീസ് ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ചേർന്നെടുത്ത കൂട്ടായ തീരുമാനം 2030 മുതൽ 2050 വരെയുള്ള കാലയളവിൽ അന്തരീക്ഷതാപനില വർധന 1.5%ൽ കവിയരുത് എന്നാണ്. ഇതിൽ പിന്നീട് വികസിതരാജ്യങ്ങളുടെ സമ്മർദ്ദം മൂലം വിട്ടുവീഴ്ച നടത്തുകയും 2%നുതാഴെ പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാൽ സംഭവിച്ചതോ, ട്രംപ് അധികാരത്തിലേറിയ ശേഷം കരാറിൽ നിന്നും ഏകപക്ഷീയമായി യുഎസ് പിൻമാറി. മറ്റ് രാജ്യങ്ങളും ഇന്നിത് കാര്യമായിട്ടെടുത്തിട്ടില്ല. 1.5% മാത്രമായി താപനിലാവർധന ഒതുക്കണമെങ്കിൽ CO2 ഉത്സർജനം ഇപ്പോഴുള്ളതിന്റെ 45% ആയികുറയ്ക്കണം. വർത്തമാനകാല സാമ്പത്തികലാഭങ്ങൾ   മാത്രം ലക്ഷ്യമിടുന്ന നേതാക്കൾക്കും മുതലാളിമാർക്കും ഇത് അസ്വീകാര്യം തന്നെയാണ്.
                     പരിസ്ഥിതി- കാലാവസ്ഥ സുസ്ഥിരതയ്ക്കും സുരക്ഷിതമായ ഭാവിക്കും വേണ്ടിയുള്ള ഏതൊരു ഉദ്യമവും നവലിബറൽ തത്വങ്ങളും തീവ്രവലതുപക്ഷശക്തികളും മേൽക്കോയ്മ നേടുന്ന ലോകത്ത് നിരർത്ഥകമായി മാറുന്നു. ഇതിന്റെ അടുത്തകാല തെളിവാണ് ആമസോണിലെ തീപിടുത്തം. തീയണയ്ക്കാനും പഴയസ്ഥിതി വീണ്ടെടുക്കാനുമുള്ള G7 രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ അഭ്യർത്ഥനകളെയും നിരസിക്കുകയാണ് ബ്രസീലിലെ തീവ്രവലതുഭരണാധികാരിയായ ജയർ ബോർസൊണാരോ. വനങ്ങൾ വെട്ടിത്തെളിച്ച് കൃഷി വ്യാപിപ്പിക്കാനും പ്രകൃതിസമ്പത്ത് മുഴുവനായി വിനിയോഗിക്കാനുമുള്ള നിലപാടുകളുള്ള സർക്കാരാണത്. അമസോൺ ചെറുവനങ്ങളിൽ സർക്കാർ അനുവാദത്തോടെ തീയിടുന്നതാണ് പ്രധാനമായും കാട്ടുതീ വ്യാപിക്കാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു.
                     കോർപ്പറേറ്റുകളുടെ സാമ്പത്തികനേട്ടങ്ങൾക്കും വിഭവങ്ങളെ കരുതലോ സംരക്ഷണമോ കൂടാതെ നിർബാധം ചൂഷണം ചെയ്യുന്നതിനും ഉത്പാദനവളർച്ചയ്ക്കും മാത്രം പ്രാധാന്യം നൽകുന്ന ആഗോളമുതലാളിത്തം നിലവിലെ പരിസ്ഥിതി- കാലാവസ്ഥാഭീഷണികളെ ചെറുക്കുന്നതിൽ പരാജയമാണെന്നതിന്റെ തെളിവാണത്. പരിസ്ഥിതിയെയും മനുഷ്യാധ്വാനത്തെയും ഒരുപോലെ ചൂഷണമുതലാക്കുന്ന വ്യവസ്ഥിതി ഇല്ലാതാക്കാനും സുസ്ഥിരവും നീതിപൂർവ്വവുമായ വികസനം സാധ്യമാക്കാനും കഴിയുന്ന  നവസോഷ്യലിസ്റ്റ് സമീപനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ഫ്യൂഡലിസ്റ്റ് ഉത്പാദകബന്ധളുടെ തകർച്ച, പുതിയ ലോകോദയം



                       ഫ്രഞ്ച് വിപ്ലവം അരങ്ങേറുന്നത് 1789ലാണ്. ഭൂമിയ്ക്കും ഭരണകൂടത്തിനും മേലുള്ള കുത്തകാവകാശം അരക്കെട്ടുറപ്പിച്ചിരുന്ന ഭൂപ്രഭു -നാടുവാഴിവർഗത്തിനെതിരെ ജനാധിപത്യവും സ്വാതന്ത്ര്യവും അവകാശങ്ങളും സ്വപ്നം കണ്ട നഗരവാസികളുടെ ഒരു പുതിയ വർഗം ഉയർന്നുവന്നു.  ഇവർ #ബൂർഷ്വാസി എന്നറിയപ്പെടുന്നു. ഫ്യൂഡലിസത്തിനുകീഴിൽ വ്യവസായമേഖല പുരോഗതി പ്രാപിച്ചു. ചെറുകൈത്തൊഴിൽശാലകളും കാലക്രമേണ വൻകിടയന്ത്രത്തറികളും മറ്റും വ്യാപകമായി. തൊഴിൽ വിഭജനവും സാധാരണമായി. കാർഷിക -വ്യവസായ മേഖലകളിലെ നിക്ഷേപങ്ങളിലൂടെ ഉയർന്നുവന്ന ഒരു സമ്പന്നവർഗവും ഇവരുടെ കീഴിൽ ധാരാളം തൊഴിലാളികളും ഉണ്ടായിരുന്നു. എന്നാൽ ബൂർഷ്വാസിയും തൊഴിലാളിയും തമ്മിലുള്ള വർഗവൈരുധ്യങ്ങൾ ഫ്യൂഡൽ സമൂഹങ്ങളിൽ പ്രകടമായിരുന്നില്ല. കാരണം, മുതലാളിത്തപുരോഗതിക്കും ജനാധിപത്യത്തിനും വളരാനുള്ള സാഹചര്യത്തിന് ഫ്യൂഡൽ ഭൂപ്രഭുത്വം വലിയൊരുവിലങ്ങുതടി ആയിരുന്നെന്ന് പറയാം.
                  ഉത്പാദനോപാധികളെ പ്രഭുവർഗം കയ്യടക്കിവെക്കുന്നിടത്തോളം കാലം പൗരന് സ്വതന്ത്രമായി നിക്ഷേപങ്ങൾ നടത്താനോ, ഉത്പാദനം വർധിപ്പിക്കാനോ ,തീരുമാനങ്ങൾ സ്വീകരിക്കാനോ കഴിയുമായിരുന്നില്ല. ഇത് ഉത്പാദനത്തിന്റെയും വാണിജ്യത്തിന്റെയും വളർച്ചയെയും തന്മൂലം ഉത്പാദനോപാധികളുടെയും ശാസ്ത്രസാങ്കേതികതയുടെയും വികാസത്തെയും തടസപ്പെടുത്തി. യൂറോപ്പിൽ നിലനിന്ന ഭരണസഭകളിലും സാധാരണക്കാർക്ക്  പ്രാതിനിധ്യം വിരളമായിരുന്നു. വോട്ടവകാശങ്ങളും നിഷേധിക്കപ്പെട്ടു. മേലാളവർഗത്തിനുമേലുള്ള അധികാരത്തിന്റെയും ധനത്തിന്റെയും ഈ കേന്ദ്രീകരണം യൂറോപ്പിൽ മാത്രമല്ല വടക്കേ അമേരിക്കയിലും ഏഷ്യയിലും ഒക്കെ പലരൂപങ്ങളിൽ നിലനിന്ന യാഥാർത്ഥ്യമാണ്. ജന്മിയുടെ ഭൂമിയിൽ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കുകയും പണിയെടുക്കുകയും തൊഴിലാളികളെ നിയമിച്ച് പണിയെടുപ്പിക്കുകയും ചെയ്ത ബൂർഷ്വാസിക്ക് ജന്മിയുടെ ഭൂമിക്കുമേലുള്ള കുത്തകാവകാശം വലിയ തടസം സൃഷ്ടിച്ചു. ഇതിന്റെ ഫലമായി ലോകത്ത് പലഭാഗങ്ങളിലും ഫ്യൂഡൽവിരുദ്ധ മുന്നേറ്റങ്ങളും ആശയപ്രചാരണങ്ങളും ദർശനങ്ങളും ഒക്കെ വ്യാപനവും സ്വീകാര്യതയും നേടിയതായി കാണാം.

                  വളർന്നുവികസിച്ച ഉത്പാദനോപാധികളും മാറാതെ നിലനിന്ന ഉത്പാദനബന്ധങ്ങളും തമ്മിലെ വൈരുധ്യം തന്നെയാണ് ഇവിടെയും മൂലകാരണമായി മാറിയത്. ഉത്പന്നങ്ങൾ തിന്നുമുടിക്കുകയും ഭൂമിക്കുമേലുള്ള കുത്തക നിലനിർത്തുകയും ഉത്പാദനവളർച്ച തുടരാനാവശ്യമായ അസംസ്കൃതവസ്തുക്കൾക്ക് തന്നെ തടസം സൃഷ്ടിക്കുകയും ചെയ്ത ഇത്തിൾക്കണ്ണി വർഗമായി ഭൂവുടമവർഗം മാറി. ഭരണകൂടവും സൈന്യവും പൗരോഹിത്യവുമൊക്കെ അവരോടൊപ്പമായിരുന്നു.  മുതലാളിത്തത്തിന്റെ പുതിയ നാമ്പുകൾ ഫ്യൂഡലിസത്തിന്റെ ഉള്ളിൽ മുള പൊട്ടുകയും അവ ഫ്യൂഡലിസത്തെ തകർക്കുകയും ചെയ്തു. യൂറോപ്പിൽ ഇത് ഫ്രഞ്ച് വിപ്ലവത്തിന്റെ രൂപത്തിലായിരുന്നെങ്കിൽ അമേരിക്കയിൽ ഇത് ജോർജ് വാഷിംഗ്ടണിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിലൂടെ ആയിരുന്നു.

2) സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ദർശനങ്ങളുടെ ഉത്ഭവം.
               
              ചരിത്രത്തിൽ രൂപംകൊള്ളുന്ന വൈരുധ്യങ്ങൾ പുതിയ വിപ്ലവങ്ങൾ ആവശ്യമാക്കിത്തീർക്കുക മാത്രമല്ല, അതിനനുരൂപരായ വ്യക്തികൾക്കും ദാർശനികർക്കും ജന്മം നൽകുകകൂടി ചെയ്യാറുണ്ട്. കൊളോണിയലിസം കൊളോണിയൽ വിരുദ്ധദേശീയതയ്ക്കും അതിന്റെ അമരക്കാർക്കും മുതലാളിത്തം മുതലാളിത്തവിരുദ്ധ ചിന്തകർക്കും സ്വേച്ഛാധിപത്യസാഹചര്യങ്ങൾ ലിബറൽ -ജനാധിപത്യവാദികൾക്കും ഒക്കെ രൂപംനൽകുന്നത് ഇതിനാലാണ്. വ്യവസായവിപ്ലവാനന്തരം യൂറോപ്പിൽ ആവിർഭവിക്കുകയും ലോകമെമ്പാടും അനിഷേധ്യമായ ചൂഷണശക്തിയായി തുടരുകയും ചെയ്ത മുതലാളിത്തകാലത്തിന്റെ ഉത്പന്നങ്ങളായിരുന്നു മാർക്സും ലെനിനുമൊക്കെ. ഗാന്ധിയും മാർട്ടിൻ ലൂഥറും സ്പാർട്ടക്കസും റൂസോയും വോൾട്ടയറും അംബേദ്കറും ബുദ്ധനുമൊക്കെ യാദൃശ്ചികമായി ചരിത്രപുരുഷപ്പട്ടം നേടിയയവരല്ല, മറിച്ച് അവർ ജീവിച്ചിരുന്ന ചരിത്രഘട്ടങ്ങൾ അവരെ ആവശ്യപ്പെടുകയായിരുന്നു, അഥവാ അവരുടെയും അവരുയർത്തിയ ആശയങ്ങളുടെയും ആവിർഭാവത്തിന് അടിത്തറ പാകുകയായിരുന്നു.
                 ഫ്രഞ്ച് വിപ്ലവത്തിന്റെ ദാർശനികപരിസരം ഒരുക്കിയ ചിന്തകരായിരുന്നു റൂസോയും വോൾട്ടയറും ഒക്കെ. കേവലബുദ്ധിജീവികൾ എന്നതിനപ്പുറം ജനമനസുകളിൽ നിലനിന്ന ഫ്യൂഡൽവിരുദ്ധതയ്ക്ക് ദാർശനികമായ പിൻബലം നൽകാനും വിപ്ലവകാരികളെ ആശയപരമായി ആയുധീകരിക്കാനും അവർക്ക് കഴിഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (എഗലിതേ, ലിബർത്തേ, ഫ്രദർനിതേ )എന്ന മുദ്രാവാക്യം യൂറോപ്പിനെ അക്കാലത്ത് പിടിച്ചുകുലുക്കാൻ കാരണവും ഇതാണ്.
                   മനുഷ്യരാശിയുടെ വിമോചനവും സമത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങളും ഫ്രഞ്ച് വിപ്ലവത്തിന്റെ ഉത്പന്നങ്ങളല്ല. പുരാതനകാലം മുതലേ സോഷ്യലിസ്റ്റ് ചിന്താധാരകൾ പലയിടങ്ങളിലും പലരൂപങ്ങളിൽ നിലനിന്നിരുന്നു. പ്രൊമിത്യൂസ് പോലുള്ള ഗ്രീക്ക് നാടകങ്ങളിലും പ്ലേറ്റോ ഉൾപെടെയുള്ള ചിന്തകരിലും (റിപ്പബ്ലിക് പോലുള്ള ഗ്രന്ഥങ്ങൾ ഉദാഹരണം )ഒക്കെ ഇത് കാണാം. ജനാധിപത്യസംവിധാനങ്ങൾ ലോകത്ത് ഉദയം കൊള്ളുന്നതും പുരാതനഗ്രീസിൽ ആയിരുന്നല്ലോ. ഭാരതത്തിലും സമത്വദർശനങ്ങൾ പൂർവ്വവേദകാലം മുതലേ ഏറിയും കുറഞ്ഞും പൊതുസ്വീകാര്യത ആർജ്ജിച്ചിരുന്നു. ഉത്തരവേദാന്തകാലവും വർണാശ്രമവ്യവസ്ഥയും അവയ്ക്ക് മങ്ങൽ ഏൽപിച്ചെങ്കിലും.. എന്നാൽ സമത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, മാനവികത, സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ഒരു രാഷ്ട്രീയശക്തിയായി മാറിയതും അവ ജനകീയപ്രസ്ഥാനമായി രൂപംപ്രാപിച്ചതും ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്താണ്.

              അസമത്വത്തിനെതിരെ റൂസോ എഴുതുവാൻ ആരംഭിച്ചു. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നുവെന്നും എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണെന്നും റൂസോ പറഞ്ഞു. ജനാധിപത്യരാഹിത്യം, പ്രഭുവാഴ്ച, ഫ്യൂഡൽ അടിമത്തം, എന്നിവ വിമർശിക്കപ്പെട്ടു. ധീരത വരേണ്യവർഗത്തിനു മാത്രമല്ല, കീഴാളനുമുണ്ടാവണം. സാമൂഹ്യഘടനകളെ പൊളിച്ചെഴുതണം. കരുണയിലും സ്നേഹത്തിലും അധിഷ്ഠിതമായ സമൂഹം സാധ്യമാണെന്നും റൂസ്സോ വിഭാവനം ചെയ്തു. 1762ലാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ 'Social contract' എഴുതുന്നത്. തന്റെ ആശയങ്ങൾ രൂപീകരിക്കുന്നതിൽ അക്കാലത്ത് നേരിട്ട സാമൂഹ്യാനുഭവങ്ങളും ഒപ്പം സ്പാർട്ടക്കസിന്റെയും മറ്റും നേതൃത്വത്തിൽ പഴയകാല അടിമത്തങ്ങൾക്കെതിരെ നടന്നിരുന്ന വിപ്ലവമുന്നേറ്റങ്ങളും റൂസോയ്ക്ക് പ്രചോദനം നൽകി. റൂസ്സോയുടെ ആശയങ്ങൾ യൂറോപ്പിനു പുറത്തേക്കും തീപോലെ പടർന്നുപിടിച്ചു.

           മനുഷ്യന്റെ സ്വാർത്ഥ- താത്പര്യങ്ങൾക്കുമേൽ സമൂഹതാത്പര്യങ്ങൾ സാക്ഷാത്കാരം നേടണമെങ്കിൽ ലോകത്ത് ജനാധിപത്യം (Democracy) ആവശ്യമാണെന്ന് റൂസ്സോ എഴുതി. പാർലമെന്ററി യോഗങ്ങളും മീറ്റിങ്ങുകളും അദ്ദേഹം വിഭാവനം ചെയ്തു. ഇതെല്ലാം ചേർന്ന 'റിപ്പബ്ലിക്' എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. വ്യക്തിയുടെ ഏകാധിപത്യതാത്പര്യങ്ങളെ പൊതുതാത്പര്യങ്ങളാൽ മറികടക്കാനുള്ള ഉപാധിയാണ് ജനാധിപത്യം. മനുഷ്യരെ ഒരേ ദിശയിലേക്ക് ഏകോപിപ്പിച്ച് സാമൂഹ്യലക്ഷ്യങ്ങൾ നിറവേറ്റാൻ 'മീറ്റിങ്ങുകൾ' സഹായിക്കും. രാജാവും മതപുരോഹിതനും ഭൂപ്രഭുവിന് വേണ്ടി ഭരണം നടത്തിയിരുന്ന അന്നത്തെകാലത്ത് റൂസോയുടെ ആശയങ്ങൾ വിപ്ലവകരമായോ ഉട്ടോപ്യൻ ആയോ ഒക്കെയാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ജനം ഇത് സ്വീകരിച്ചു. ഇന്ന് ഭരണകൂടങ്ങളിലും രാഷ്ട്രീയപാർട്ടികളിലും പ്രസ്ഥാനങ്ങളിലും കോർപറേറ്റ് യോഗങ്ങളിലും വരെ ഏറിയും കുറഞ്ഞും കാണപ്പെടുന്ന ജനാധിപത്യചർച്ചകളുടെയും സംവിധാനങ്ങളുടെയും വേരുകൾ റൂസ്സോവിൽ കാണാൻ കഴിയും.

            റൂസോയുടെ ചിന്തകളിൽ നിഴലിച്ചിരുന്ന ഒരു പോരായ്മ ആധുനികതയോടുള്ള അദ്ദേഹത്തിന്റെ വെറുപ്പാണ്. നാഗരികതയുടെ സങ്കീർണതകളെ, ബാഹുല്യത്തെ, വ്യവസായപുരോഗതിയെ ഒക്കെ അദ്ദേഹം എതിർത്തു. നഗരങ്ങളിൽ എല്ലാം കൃത്രിമമാണെന്നും ഗ്രാമീണനന്മയാണ് നിലനിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് പൂർണമായും ശരിയല്ല. ഗ്രാമീണതയോടൊപ്പം വ്യവസായ- ശാസ്ത്ര സാങ്കേതികമേഖലകളിലെ പുരോഗതിയും മാറിവരുന്ന ലോകസാഹചര്യങ്ങളിൽ മനുഷ്യരാശിക്ക് അനിവാര്യം തന്നെയാണ്. വ്യവസായപുരോഗതിയെയും ശാസ്ത്രനേട്ടങ്ങളെയും ബൂർഷ്വാസിയുടെ വിജയമായി  ഉയർത്തിക്കാട്ടുകയും മനുഷ്യന്റെ അന്വേഷണത്വരയിലും ഇച്ഛാശക്തിയിലും അതീവവിശ്വാസമർപ്പിക്കുകയും ചെയ്ത മാർക്സിസ്റ്റ് ദർശനങ്ങൾ ആധുനികതയോട് ചേർന്നുനിൽക്കുന്നതാണ്. റൂസ്സോ നേരെ മറിച്ചും.

3)റോബസ്പിയറും ഭരണകൂടഭീകരതയും..
     
              റൂസോയുടെ കടുത്ത ഭക്തനായിരുന്ന റോബസ്പിയറും ജെക്കോബിൻസും അദ്ദേഹത്തിന്റെ ആശയങ്ങളെ രാഷ്ട്രീയപദ്ധതിയായി അവതരിപ്പിക്കുകയും വിപ്ലവം വിജയിക്കുകയും ചെയ്തു. എന്നാൽ ഭരണത്തിലേറിയ റോബസ്പിയർ മുമ്പ് ഉയർത്തിയിരുന്ന സമത്വമുദ്രാവാക്യങ്ങൾ മറക്കുകയും ജനപ്രതീക്ഷകളെ കളഞ്ഞുകുളിക്കുകയുമാണുണ്ടായത്. സമത്വം വിളംബരം ചെയ്ത് വന്നാലും ഭരണകൂടങ്ങൾ ഒടുവിൽ തങ്ങളുടെ മർദ്ദകസ്വഭാവം പുറത്തെടുക്കുക തന്നെ ചെയ്യും എന്നതിന്റെ ഉദാഹരണമായിരുന്നു റോബസ്പിയറിന്റെ ചെയ്തികളും. തനിക്കെതിരെ നിലപാടുകൾ എടുത്തവരെയും പ്രതിഷേധിച്ചവരെയും അദ്ദേഹം പ്രതിവിപ്ലവകാരികൾ എന്നും ജനവിരുദ്ധരെന്നും മുദ്ര കുത്തുകയും ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് വധശിക്ഷകൾ യഥേഷ്ടം നടപ്പാക്കുകയും ചെയ്തു. ഭയം നാടൊട്ടാകെ വ്യാപിച്ചു.
                              പ്രതിവിപ്ലവത്തെ ഇല്ലാതാക്കേണ്ടത് ശരിയായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ്. മറിച്ച് ഏകാധിപത്യത്തിലൂടെയും കൊലകളിലൂടെയും നിഷ്കാസനങ്ങളിലൂടെയും എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ജനം ഭരണവർഗത്തെ (അവർ എത്ര വലിയ വിശുദ്ധവിപ്ലവകാരികളോ ആകട്ടെ) തൂത്തെറിയുക തന്നെ ചെയ്യും. 1794ൽ ജനങ്ങൾ റോബസ്പിയറെ മുഖം മറയ്ക്കാതെ ഗില്ലറ്റിൻ ചെയ്തു. സ്വന്തം മരണം അദ്ദേഹം കാണുകതന്നെ വേണം എന്ന വികാരത്താലാണിത്.. ഇതിന്റെ മറ്റൊരുരൂപം തന്നെയാണ് കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കുകളും കഴിഞ്ഞ നൂറ്റാണ്ടിൽ കൊഴിഞ്ഞുപോയ സംഭവം..! ആദ്യത്തേതിൽ വില്ലൻ റോബസ്പിയർ ആയിരുന്നെങ്കിൽ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പോളിറ്റ് ബ്യൂറോകളും നേതാക്കളും ആയിരുന്നെന്ന് മാത്രം.
ഈ നൂറ്റാണ്ടിൽ നടന്ന അറബ് ലോകത്തെ ജനകീയവിപ്ലവങ്ങളും (ഈജിപ്ത്, ടുണീഷ്യ, ലിബിയ etc.) സമാനമാണ്. 'ചരിത്രം ആവർത്തിക്കപ്പെടും- ആദ്യം ദുരന്തമായും, പിന്നീട് പ്രഹസനമായും' എന്ന മാർക്സിന്റെ വാക്കുകൾ ഓർക്കുക.
റോബസ്പിയറിന്റെ മരണശേഷവും ധാരാളംപേർ തടവുകളിൽ നിന്നും മോചിതരായി. ഇവരിൽ പ്രമുഖരായ 3 ചിന്തകരാണ് ഫ്രാൻസ്വ ബബൂഫ്, കോമറ്റ് സെയ്ന്റ് സൈമൺ, ചാൾസ് ഫ്യൂരിയർ എന്നിവർ. ഇവർ വിപ്ലവത്തെ സ്നേഹിച്ചു, എന്നാൽ റോബസ്പിയറെ വർഗവഞ്ചകൻ എന്നുവിളിച്ചു. മോചിതരായ ശേഷം സമത്വത്തെയും ജനാധിപത്യത്തെയും കുറിച്ച് ഇവർ ചിന്തിക്കാനാരംഭിച്ചു.

4) തത്വചിന്തകനായ ഫ്രാൻസ്വ ബെബൂഫ് സോഷ്യലിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവെച്ചു. തൊഴിലാളി -കർഷകവിമോചനവും സമ്പത്തിന്റെ നീതിപൂർണമായ വിതരണവും അദ്ദേഹം സ്വപ്നം കണ്ടു. എംഗൽസ് ബെബൂഫിനെ വിളിച്ചത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നാണ്. അയാളുടെ നേതൃത്വത്തിൽ പിന്നീടും വിപ്ലവപദ്ധതികൾ രൂപംകൊണ്ടു. ബെബൂഫ് സ്വകാര്യസ്വത്തിനെ എതിർക്കുകയും കേവലസമത്വം സ്വപ്നം കാണുകയും ചെയ്തു. പണമില്ലാത്ത ലോകത്ത് ഏവരും അധ്വാനിച്ചുണ്ടാക്കുന്ന ചരക്കുകൾ ഓരോരുത്തരുടെയും അധ്വാനത്തിനനുസരിച്ച് ലഭിക്കണമെന്നും ഏവരും അധ്വാനിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. ബെബൂഫിന്റെ ചിന്തകൾ പലതും ഉട്ടോപ്യൻ സ്വഭാവം ഉള്ളതായിരുന്നെങ്കിലും അതിന്റെ ശരിയായ വശങ്ങളെ മാർക്സ് പിൽക്കാലത്ത് സ്വീകരിച്ചു.
                       സെയിന്റ് സൈമൺ ആകട്ടെ ആധുനികതയെയും ഉത്പാദനശക്തികളുടെ ആവശ്യകതയെയും മുന്നിൽ നിർത്തിയുള്ള സോഷ്യലിസമാണ് വിഭാവനം ചെയ്തത്. ഇത് മാർക്സിന്റെ ശാസ്ത്രീയസോഷ്യലിസത്തോട് സമാനതകൾ പുലർത്തുന്നു. ആസൂത്രണത്തെയും ശാസ്ത്രപുരോഗതിയെയും സൈമൺ മാർഗദീപങ്ങളായി ഉയർത്തിപ്പിടിച്ചു. ഫ്രാൻസിന്റെ വിമോചനം ശാസ്ത്രത്തിലൂടെയാവണമെന്നും ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സംയുക്തകൂട്ടായ്മ അധികാരത്തിലിടപെടണമെന്നും സൈമൺ വാദിച്ചു. ജനാധിപത്യത്തിന്റെ മഹത്വത്തെ ഇകഴ്ത്തിക്കാട്ടിയതാണ് സൈമണിന്റെ പോരായ്മ. ജനാധിപത്യം അറിവില്ലാത്തവരുടെ ആൾക്കൂട്ടഭരണമാണെന്നും അത് നാടിന് ഗുണം ചെയ്യില്ലെന്നും സൈമൺ പറഞ്ഞു.
                     സർഗാത്മകത, ആഹ്ലാദം ,ജനങ്ങളുടെ സംതൃപ്തി എന്നിവയ്ക്ക് പ്രാധാന്യം നൽകുകയാണ് ഫ്യൂരിയറുടെ 'കാൽപനിക' സോഷ്യലിസ്റ്റ് ചിന്തകൾ ചെയ്തത്. 'ഫാലൻസ്റ്ററീസ് 'എന്ന സമൂഹമാതൃക ചാൾസ് ഫ്യൂരിയർ മുന്നോട്ടുവെച്ചു. സമത്വത്തെകുറിച്ചോ വിപ്ലവത്തെ കുറിച്ചോ അദ്ദേഹം അധികമൊന്നും പറയുന്നില്ലെങ്കിലും ആധുനികതയെ ഫ്യൂരിയർ പുൽകുന്നു. ആഹ്ലാദത്തിനുവേണ്ടിയാണ് ജീവിതം. എന്നാൽ നിലവിലെ സാമൂഹ്യഘടന ഇതിന് തടസം സൃഷ്ടിക്കുന്നു. ഫ്യൂരിയറുടെ സോഷ്യലിസത്തിൽ അധ്വാനം പീഢനമല്ല, ആനന്ദകരമാണ്. പ്രചോദനവും സർഗാത്മകപ്രകടനത്തിനായുള്ള ഉപാധിയുമാണ്. ഓരോരുത്തരും അവരവർക്ക് ഇണങ്ങുന്നതും ആഹ്ലാദദായകവുമായ തൊഴിലുകൾ ചെയ്യുന്നു. തൊഴിൽ സമയം പ്രതിദിനം രണ്ട് മണിക്കൂറിൽ കൂടരുതെന്നും ഫ്രീടൈം മനുഷ്യന് ധാരാളം ഉണ്ടാകണമെന്നും വിരസതകൾ ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഉത്പാദനക്ഷമതയും ശാസ്ത്രപുരോഗതിയും ഇത് സാധ്യമാക്കും. വൈവിധ്യങ്ങളും അംഗീകരിക്കപ്പെടണം. ഇതൊക്കെയായിരുന്നു ഫ്യൂരിയറുടെ 'റൊമാന്റിക് 'സോഷ്യലിസം.

--------------------------------------------------------------------
             മനുഷ്യകൂട്ടായ്മയുടെ ഊർജ്ജം മൂർച്ചയുള്ളതാവുന്നത് അതിനെ ധാർമികതയും ഇച്ഛാശക്തിയും കൊണ്ട് ശാക്തീകരിക്കുമ്പോഴാണ് എന്ന് ജെക്കോബിയൻസ് എഴുതിയിട്ടുണ്ട്. ഈ ചിന്തകരുൾപെടെ ഫ്രഞ്ച് വിപ്ലവത്തിന്റെ ദാർശനികാടിത്തറ പാകിയ തത്വചിന്തകരുടെ രാഷ്ട്രീയമൂല്യങ്ങളും ആശയങ്ങളുമാണ് പിൽക്കാലത്ത് മാർക്സിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വലിയൊരളവിൽ ദിശാസൂചികയായി മാറിയത്. ശാസ്ത്രീയതയെയും ആധുനികതയെയും വിപ്ലവപ്രത്യയശാസ്ത്രവുമായി വിളക്കിച്ചേർക്കാൻ കഴിഞ്ഞുവെന്നതാണ് മാർക്സിസത്തിന്റെ നേട്ടം.

ഫ്യൂഡലിസം_സാമ്പത്തികവും_രാഷ്ട്രീയവും


1) #അടിമത്തത്തിന്റെ_തകർച്ചയും_ഫ്യൂഡൽസാമൂഹ്യക്രമത്തിന്റെ_ആവിർഭാവവും..

മനുഷ്യരാശിയുടെ ചരിത്രപുരോഗതിയിൽ അടിമത്തസമൂഹങ്ങൾ വഹിച്ചിരുന്ന നിർണായകമായ പങ്ക് വ്യക്തമാണ്.. ഓരോ സാമൂഹ്യവ്യവസ്ഥിതിയിലും ഉത്പാദനശക്തികളുടെ വളർച്ച അനുസ്യൂതം തുടരുമ്പോഴും അവയിൽ നിലനിൽക്കുന്ന സാമ്പത്തികബന്ധങ്ങൾ ആ വളർച്ചയെ അസ്ഥിരപ്പെടുത്തുന്നതായി കാണാം. ശാസ്ത്രസാങ്കേതികരംഗത്തും കലാസാംസ്കാരികമേഖലകളിലും അടിമത്തകാലഘട്ടങ്ങളിൽ ലോകം കൈവരിച്ച പുരോഗതി എണ്ണിത്തീർക്കാൻ കഴിയാത്തതാണ്. അടിമകളെയും പണിയാളരെയും ഒക്കെ ഉപയോഗിച്ച് ക്രൂരമായി പണിയെടുപ്പിച്ചും അടിമച്ചന്തകളിലും അല്ലാതെയുമുള്ള കൊള്ളവ്യാപാരങ്ങളിലൂടെയും ഉടമവർഗം സമ്പത്തും അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണുണ്ടായത്. ഉത്പാദനം വർധിക്കുകയും പുതിയ ഉത്പാദനമാർഗങ്ങളും കണ്ടെത്തലുകളും വിജ്ഞാനങ്ങളും ആവിർഭവിക്കുകയും ചെയ്തു.
                 എന്നാൽ അടിമത്തത്തിൽ അധിഷ്ഠിതമായ വർഗബന്ധങ്ങൾ ഉത്പാദകശക്തികളുടെ വളർച്ചയെ നിരുത്സാഹപ്പെടുത്തുകയും ഉത്പാദനോപാധികളും ഉത്പാദകബന്ധങ്ങളും തമ്മിലെ പൊരുത്തക്കേടുകൾ ഉയർന്നുവരികയും ചെയ്തു. ചൂഷണവും വ്യാപാരമിച്ചവും തുടരുകയും കാർഷിക -ഖനന മേഖലകളിൽ ഉൾപെടെ വളർച്ചയുണ്ടാകുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ വമ്പിച്ച വികാസം പ്രാപിച്ച ഉത്പാദനോപാധികൾ ഉപയോഗിക്കാനുള്ള പ്രേരണയോ നൈപുണ്യമോ അടിമകൾക്ക് ഇല്ലായിരുന്നു. അടിമകളുടെ കലാപങ്ങളെ അടിച്ചമർത്തി വർഗാധിപത്യത്തെ സംരക്ഷിച്ചുനിർത്താൻ ഉടമകൾക്കും ഭരണവർഗത്തിനും കഴിഞ്ഞെങ്കിലും ചാട്ടവാറുപയോഗിച്ച് മാത്രം അടിമകളെ പണിയെടുപ്പിച്ച് ഉത്പാദനവളർച്ച നിലനിർത്താനാവില്ലെന്ന സ്ഥിതി സംജാതമായി. തൊഴിലെടുക്കുന്നവർ ഉത്പാദനമേഖലയിൽ സ്വയം മുൻകൈയെടുക്കുകയും സ്വന്തം തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അധ്വാനത്തിലേർപെടുകയും ചെയ്യേണ്ടത് സമ്പദ്ഘടനയുടെ നിലനിൽപിന് തന്നെ അത്യാവശ്യമായി വന്നു.
   
                    മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഉത്പാദനോപാധികളും സാങ്കേതികരംഗവും വലിയ തോതിൽ വികാസം പ്രാപിച്ചതായിരുന്നു ഇതിന് കാരണമെന്ന് കാണാം. കാർഷിക- വ്യവസായമേഖലകളായി സമ്പദ്ഘടന വേർപിരിയുകയും കൃഷി വൻകിട- കൃഷിയിടങ്ങളായി മാറുകയും ചെയ്തു. Large scale ആയ കൃഷിയിടങ്ങളും അനുബന്ധമേഖലകളും അടിമകളുടെ അധ്വാനവിനിയോഗം ഉത്പാദനശോഷണത്തിന് കാരണമാകാനാണ് ഇടയാക്കിയത്. ശാസ്ത്രസാങ്കേതികപുരോഗതികൾ അടിമകളുടെ അധ്വാനത്തെ ലഘൂകരിക്കുമായിരുന്നു, കഠിനജോലികളിൽ നിന്ന് അവർ സ്വതന്ത്രരുമായേനെ. എന്നാൽ ഉടമവർഗം അടിമകളെ കൂടുതൽ ചൂഷണം ചെയ്യുകയും ശാസ്ത്രസാങ്കേതിക ഉപാധികളുടെ ആവശ്യകത മുരടിക്കുകയും ചെയ്തു. ബലാൽക്കാരമായി  അടിമകളെ ഉപയോഗിച്ച് വിലകൂടിയതും തൊഴിൽനൈപുണ്യവും പ്രവർത്തനരംഗത്തെ വൈദഗ്ധ്യവും ഒക്കെ ആവശ്യമായിരുന്ന ഉത്പാദനോപാധികളും ഉപകരണങ്ങളും പ്രവർത്തിപ്പിക്കുക എന്നതും അപ്രായോഗികമായിരുന്നു.

                      അടിമത്തത്തിന്റെ സാമ്പത്തികാടിത്തറയിൽ തന്നെ ഉടലെടുത്ത ഇത്തരം വൈരുധ്യങ്ങൾ ഉത്പാദകബന്ധങ്ങളുടെ വിപ്ലവകരമായ ഉടച്ചുവാർക്കലിനെ അനിവാര്യമാക്കുകയാണ് ചെയ്തത്. റോമിലും നൈൽതടങ്ങളിലും ഏഷ്യാമൈനറിലും ഗ്രീസിലുമൊക്കെ ഒട്ടേറെ അടിമകലാപങ്ങളും വിപ്ലവങ്ങളും അരങ്ങേറി. സ്പാർട്ടക്കസിനെ പോലുള്ളവരുടെ ചരിത്രപരമായ പോരാട്ടങ്ങൾ ഉദാഹരണം. പലയിടത്തും അടിമവംശങ്ങൾ ഭരണം സ്ഥാപിച്ചു. മേലാളവർഗം അവയെയെല്ലാം അടിച്ചമർത്തിയെങ്കിലും വ്യവസ്ഥാപരമായ പ്രതിസന്ധികളും വർഗസമരത്തിന്റെ വ്യാപനവും കൂടുതൽ അടിമലഹളകളിലേക്ക് നയിച്ചു. പരാജയപ്പെട്ട വിപ്ലവങ്ങൾ വരാനിരിക്കുന്ന പുതിയ ലോകോദയത്തിനു മുമ്പുള്ള ശംഖുനാദങ്ങൾ മാത്രമായിരുന്നെന്ന് ചരിത്രം തെളിയിച്ചു. വളർന്നുവികസിച്ച ഉത്പാദനോപാധികൾക്കനുസൃതമായി അടിമത്തവ്യവസ്ഥ തകർന്നടിയുകയും ഫ്യൂഡലിസം എന്ന പുതിയൊരു സാമൂഹ്യഘടന രൂപംകൊള്ളുകയും ചെയ്തു.

2) #ഫ്യൂഡലിസത്തിന്റെ_വർഗബന്ധങ്ങൾ

           അടിമകൾക്ക് ഉത്പാദനപ്രക്രിയയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനോ ഉപകരണങ്ങളും വിഭവങ്ങളും അറിവുകളും കൈകാര്യം ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെങ്കിൽ ഫ്യൂഡൽ സമൂഹങ്ങളിലെ പണിയാളർക്കും കുടിയാൻമാർക്കും (Serfs) ഇത് സാധ്യമായിരുന്നു. അധ്വാനിക്കുന്നവൻ അധ്വാനവുമായി സ്വയം താദാത്മ്യം പ്രാപിച്ചു. സ്വകാര്യസ്വത്തിന്റെ പ്രാഥമികരൂപമായിരുന്ന ഭൂമി ഭൂപ്രഭുക്കന്മാരുടെ കുത്തകാധികാരത്തിന് കീഴിലായിരുന്നു. ഭൂപ്രഭുവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഉത്പാദനത്തിന് മുൻകൈയെടുക്കാനും വേണ്ടവിധം ഭൂസ്വത്തിനെ കാർഷികോത്പാദനത്തിനായി ഉപയോഗപ്പെടുത്താനും കർഷകർക്ക് കഴിയുന്നു. താൻ ഉത്പാദിപ്പിക്കുന്ന സ്വത്തിന്റെ വലിയൊരുഭാഗം ഭൂവുടമയ്ക്ക് /ജന്മിക്ക് പാട്ടമായി നൽകാൻ പണിയെടുക്കുന്നവർ നിർബന്ധിതരായിരുന്നു.
             
                 അടിമത്തത്തിനു സമാനമായ ചൂഷണാധിഷ്ഠിത സാഹചര്യങ്ങൾ ഫ്യൂഡൽ വ്യവസ്ഥയിലും തുടർന്നുവെങ്കിലും കീഴാളവർഗത്തിന്റെ സ്വന്തം താത്പര്യങ്ങൾക്കും സ്വയം നിർണയാധികാരങ്ങൾക്കും സാധുത നൽകുന്നിടത്താണ് ഫ്യൂഡലിസം അടിമത്തത്തെ അപേക്ഷിച്ച് അൽപം പുരോഗമനസ്വഭാവം പുലർത്തുന്നത്. ഫ്യൂഡൽ സമൂഹങ്ങൾ പല ദേശങ്ങളിൽ പല സ്വഭാവങ്ങളാണ്  പുലർത്തിയിരുന്നത്. ഇന്ത്യയിലെ ജന്മിത്തത്തിനു കീഴിൽ കർഷകർ നിർദയം പണിയെടുക്കുകയും ചൂഷണത്തിന് വിധേയരാവുകയും തോന്നുംപടി കുടിയിറക്കപ്പെടുകയും ഒക്കെ ചെയ്യുന്നത് സാധാരണമായിരുന്നു. വലിയ തോതിൽ ഇക്കാലയളവിൽ സമ്പത്ത് ഉത്പാദിപ്പിക്കപ്പെടുകയും ജന്മി -ഭൂപ്രഭുവർഗവും (Land lords) അവരുടെ സംരക്ഷകരായിരുന്ന ഭരണവർഗവും മതപൗരോഹിത്യവും ചൂഷണമുതൽ തിന്നുകൊഴുക്കുകയും ചെയ്തു. കുടിയാന്മാരുടെയും കുടുംബത്തിന്റെ ജീവനാവശ്യങ്ങൾക്ക് വേണ്ടി ചെറിയൊരംശം ഉത്പാദനമിച്ചവും ഭൂമിയും കുടിയാന് നീക്കിവെച്ചിരുന്നു.

                 നിർബന്ധിതമായി പണിയെടുപ്പിക്കാനോ, പണിക്കാരെ കൈമാറാനോ കുടിയിറക്കാനോ ഒക്കെ വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിലും ഉപരിവർഗത്തിന്റെ അവർക്കുമേലുള്ള അധികാരം ഭാഗികമായിരുന്നു, കീഴാളരെ കൊല്ലുന്നതും പൊതുസമൂഹത്തിൽ നിരുത്സാഹപ്പെടുത്തുകയോ വിലക്കുകയോ ചെയ്തിരുന്നു. കൈത്തറിശാലകളും വ്യക്തിഗതഅധ്വാനത്തിന് ആവശ്യമായ ഉപകരണങ്ങളുമൊക്കെ തൊഴിലാളികൾക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിലും അതിന്റെ ഫലവും ഉത്പാദനമിച്ചവും ഒക്കെ കൈപ്പറ്റാനുള്ള അവകാശം അടിയാളന്മാർക്ക് അന്യമായിരുന്നു. ഫ്യൂഡൽ സ്ഥാപനങ്ങൾ ലോകത്തെല്ലായിടങ്ങളിലും ഏകതാനമായ സ്വഭാവമാണ് പുലർത്തിയത് എന്നു കരുതരുത്.  ഉത്പാദകബന്ധങ്ങളിലെ അടിസ്ഥാനസവിശേഷതകൾ ഒഴിച്ചാൽ വർഗസ്വഭാവങ്ങളിലും ഭൗതികപരിസ്ഥിതിയിലുമൊക്കെ കാര്യമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. കുടിയാൻ, വാടകക്കാർ, കൃഷി മാനേജർമാർ തുടങ്ങിയ വർഗങ്ങൾ സമൂഹത്തിൽ രൂപംകൊണ്ടു. ഭൂമിയെയും പണിയായുധങ്ങളെയും മറ്റ് സ്ഥാവര ജംഗമസാമഗ്രികളെയും പണിയാളർ നല്ലവണ്ണം പരിപാലിച്ചു. അവയെ പരിഷ്കരിച്ച് ഉപയോഗിക്കാനും അവർക്ക് കഴിഞ്ഞു.

3) #ഉത്പാദനോപാധികളുടെയും_ശാസ്ത്രസാങ്കേതികവിദ്യകളുടെയും_വികാസം..
                 
                 കാർഷിക- വ്യവസായിക- വാണിജ്യമേഖലകളിൽ വലിയ പുരോഗതികൾ യൂറോപ്പ് കൈവരിച്ചു. ഭൂമി കൈവശം വെച്ചിരുന്നത് ഭൂപ്രഭുക്കന്മാരാണ്.  യന്ത്രസാങ്കേതികവിദ്യകളും നൂതനമായ ഉപകരണങ്ങളിലും കൂടാതെ, ശാസ്ത്ര- വൈജ്ഞാനികമേഖലകളിലും ഫ്യൂഡൽ സമൂഹങ്ങൾ ലോകമെമ്പാടും കൈവരിച്ച പുരോഗതി വിസ്മരിക്കാനാവില്ല. ഇരുമ്പ് വ്യവസായവും കൈത്തറിയും സാമ്പത്തികപുരോഗതിയെ വേഗത്തിലാക്കി. രാഷ്ട്രീയത്തിലും ഭരണകൂടത്തിലും കലാസാംസ്കാരിക ഘടനകളിലുമൊക്കെ പുതിയ ചരിത്രബന്ധിതമായ മാറ്റങ്ങൾ ഉടലെടുക്കാനും അനുരണനങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് കാരണമായി. ചൂഷണാധിഷ്ഠിതമായ ഉത്പാദകബന്ധങ്ങളിൽ ഉത്പാദനോപാധികൾ വലിയ വളർച്ച പ്രാപിച്ചു. തൊഴിൽവിഭജനവും വ്യാപകമായി മാറി. ഉത്പാദനക്ഷമതയും വർധിച്ചു. വളം, കീടനാശിനികൾ, നൂതനമായ ഗതാഗതസൗകര്യങ്ങൾ, മില്ലുകൾ, പേപ്പർ വ്യവസായം, വെടിമരുന്ന്, പ്രിന്റിംങ് തുടങ്ങി എത്രയോ ഉദാഹരണങ്ങൾ.. ഉത്പാദനം വർധിച്ചു, വാണിജ്യവും തത്ഫലമായി വികാസം പ്രാപിച്ചു. വൻനഗരങ്ങളും വ്യവസായശാലകളും യൂറോപ്പിൽ രൂപംകൊണ്ടു.

4) #കുടുംബം_മതം_ഭരണകൂടം

               കുടുംബങ്ങൾ കൂടുതൽ പുരുഷാധികാരകേന്ദ്രങ്ങളായി മാറുന്നു.ഉന്നതകുടുംബത്തിലെ സ്ത്രീകൾ പോലും  കേവലം ലൈംഗികോപകരണങ്ങളും അടുക്കളച്ചക്കികളും മാത്രമായി ഒതുങ്ങിക്കൂടുന്ന ഇരുണ്ട കാലഘട്ടം ഭാരതത്തിലുൾപെടെ നിലനിന്നിരുന്നതായി കാണാം. സന്താനോത്പാദനവും ഗാർഹികവൃത്തിയും സ്ത്രീയുടെ കടമകളായി സ്ഥാപനവത്കരിക്കപ്പെട്ടു.. ഫ്യൂഡലിസത്തിലെ അധ്വാനവർഗത്തിനു മേലുള്ള ചൂഷണഫലമായി സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിലേക്ക് സ്വത്ത് കുന്നുകൂടി. ഇതാവട്ടെ കുടുംബത്തിലെ പുരുഷന്മാരുടെ അധികാരപരിധിയിലായിരുന്നു. കീഴാളജനതകൾക്കിടയിലും സ്ത്രീ രണ്ടാംകിടപൗരയായി പാർശ്വവത്കരിക്കപ്പെട്ടു. മേലാളവർഗത്തിന്റെ ലൈംഗികചൂഷണങ്ങൾക്കുപോലും അവർ വിധേയരായി. ജന്മിയെ ഊട്ടിപ്പോറ്റേണ്ട അടിയാളരെ പെറ്റുകൂട്ടുന്നവർ മാത്രമായി സ്ത്രീസമൂഹം അധഃപതിച്ചു. സമൂഹത്തിലെ മുഖ്യധാരയിലും സാമ്പത്തികോത്പാദന പ്രക്രിയകളിലും സ്ത്രീക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടു.
                 
                     ഭൂപ്രഭുക്കന്മാരുടെയും ഭരണവർഗത്തിന്റെയും ചൂഷകതാത്പര്യങ്ങളെയും സ്ത്രീവിരുദ്ധ , മാനവികവിരുദ്ധമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുകയാണ് മതശാസനങ്ങളും മതപൗരോഹിത്യവും ചെയ്ത്. ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുള്ള ഫ്രാൻസിലും ഇതര യൂറോപ്യൻ ദേശങ്ങളിലും അധികാരം കയ്യാളിയിരുന്ന രാജകുടുംബങ്ങളോടൊപ്പമോ അവർക്ക് മേലെയോ ആയിരുന്നു പുരോഹിതന്മാരുടെ സ്ഥാനം. പുരോഹിതർ, രാജാവ്, ഭൂപ്രഭു, നഗരവാസികൾ എന്നിങ്ങനെ പല എസ്റ്റേറ്റുകളായി സമൂഹം വിഭജിക്കപ്പെട്ടിരുന്നു.  യൂറോപ്പിലാകമാനം ഫ്യൂഡലിസം സ്ഥാപനവത്കരിക്കപ്പെട്ടു. ഭരണകൂടങ്ങളും സൈന്യവും മറ്റെല്ലാ സാംസ്കാരികസ്ഥാപനങ്ങളും ഉപരിവർഗത്തിന്റെയും അവരുയർത്തിപ്പിടിച്ച മൂല്യബോധങ്ങളുടെയും സംരക്ഷകരായി മാറി.
                  യൂറോപ്പിൽ ഫ്യൂഡലിസത്തിന്റെ കീഴിൽ സമൂഹം എസ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടിരുന്നു. അതിലെ ഏറ്റവും താഴെത്തട്ടിലുള്ള നഗരവാസികൾക്ക് വോട്ടവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. ഭരണസഭകളിലെ അർഹമായ പ്രാതിനിധ്യത്തിനും സാമ്പത്തികോത്പാദനത്തിലും പൊതുസമൂഹ വ്യവഹാരങ്ങളിലും വേണ്ട സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ഫ്രാൻസിലെ നഗരവാസികൾ മുറവിളി കൂട്ടി. ഇവരാണ് #ബൂർഷ്വാസി എന്നറിപ്പെട്ടത്. മാറ്റമില്ലാതെ തുടർന്ന ഫ്യൂഡൽ ഉത്പാദകബന്ധങ്ങൾ സാമ്പത്തികവളർച്ചയ്ക്കും ഉത്പാദനോപാധികളുടെ വികാസത്തിനും ഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിച്ചു. മാർക്സ് നിരീക്ഷിച്ചതുപോലെ പഴയ സാമൂഹ്യവ്യവസ്ഥയിലെ ആന്തരികവൈരുധ്യങ്ങൾ അതിന്റെ നിലനിൽപിന് ഭീഷണിയാവുകയും അതിന്റെയുള്ളിൽ ബൂർഷ്വാസി കെട്ടിപ്പടുക്കാൻ പോകുന്ന പുതിയ ലോകക്രമത്തിന്റെ ബീജം മുളപൊട്ടുകയും ചെയ്തു. ഫ്യൂഡൽ സാമൂഹ്യക്രമത്തിനെതിരായ വർഗസമരങ്ങൾ വലിയ കലാപങ്ങളിലേക്കും വിപ്ലവങ്ങളിലേക്കും പുതിയ പുരോഗമന ആശയങ്ങളിലേക്കും ലോകത്തെ ചലിപ്പിച്ചെന്ന് ചുരുക്കം..

(അടുത്ത ലേഖനം - ഫ്യൂഡൽവിരുദ്ധ വിപ്ലവങ്ങൾ, ബൂർഷ്വാസി, ആധുനിക തൊഴിലാളിവർഗം..)

അടിമത്തവ്യവസ്ഥിതിയെക്കുറിച്ച്


      സഹകരണാധിഷ്ഠിതവും ഉത്പാദനശക്തികൾ അതീവദുർബലാവസ്ഥയിലും ആയിരുന്ന വർഗരഹിതമായ ഒരു പ്രാകൃതകമ്മ്യൂണിസ്റ്റ് മാനവസമൂഹം നിലനിന്നതും തകർന്നടിഞ്ഞതും എങ്ങനെയെന്ന് മുൻലേഖനത്തിൽ വിശദമാക്കിയിരുന്നു. വ്യക്തികളുടെയോ ആൾക്കൂട്ടങ്ങളുടെയോ കേവലആഗ്രഹങ്ങളോ ചിന്തകളോ ബോധപൂർവ്വമായ പ്രവർത്തനമോ ആയിരുന്നില്ല ഈ സാമൂഹ്യവിപ്ലവത്തിലേക്ക് നയിച്ചത്, മറിച്ച് അങ്ങേയറ്റം അപരിഷ്കൃതമായ ഉത്പാദനോപാധികളുടെ വികാസവും പുതിയ ഉത്പാദനമേഖലകളുടെ കണ്ടെത്തലും ആയിരുന്നു. ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഭൗതികശക്തികൾക്കെന്ന പോലെ ആശയങ്ങൾക്കും സാധിക്കും. എന്നാൽ ഈ ആശയങ്ങളുടെ ഉത്ഭവം അതാതുസമയങ്ങളിൽ സംഭവിക്കുന്നത് എവിടെനിന്ന് എന്നതിന്റെ ഉത്തരമാണ് മാർക്സ് ചരിത്രപരമായ ഭൗതികവാദത്തിലൂടെ മുന്നോട്ടുവെച്ചത്.

              പ്രകൃതിവിഭവങ്ങൾ ശേഖരിച്ചും വേട്ടയാടിയും അലഞ്ഞുതിരിഞ്ഞും കൂട്ടം ചേർന്ന് വിഭവങ്ങൾ പങ്കുവെച്ചും നിലനിന്നുപോന്ന ഒരു ഭൗതികസമൂഹത്തിൽ വർഗസമരങ്ങൾക്കോ ചൂഷണങ്ങൾക്കോ വിവേചനയുക്തികൾക്കോ സ്ഥാനമില്ലായിരുന്നു. എന്നാൽ കൃഷിയുടെയും അനുബന്ധതൊഴിലുകളുടെയും കണ്ടെത്തൽ സമൂഹത്തിൽ സമ്പത്ത് കയ്യടക്കുന്ന ഒരു ന്യൂനപക്ഷത്തെയും ചൂഷണവിധേയരായ ഒരു ഭൂരിപക്ഷത്തെയും സൃഷ്ടിച്ചു. പ്രാകൃതകമ്മ്യൂണിസം അതിന്റെ തന്നെ  ആന്തരികവൈരുധ്യങ്ങളാൽ നാശോന്മുഖമാവുകയും അടിമത്തത്തിൽ അധിഷ്ഠിതമായ പുതിയൊരു സാമൂഹ്യഘടന രൂപംകൊള്ളുകയും ചെയ്തു.  എന്തായിരുന്നു ഇതിന്റെ സാമൂഹ്യവും സാമ്പത്തികവുമായ അനന്തരഫലങ്ങൾ..?

1)#ഉത്പാദനശക്തികളുടെ_വികാസം -->

        നദീതടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷികോത്പാദനത്തിന് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ മനുഷ്യർ കൂട്ടംകൂട്ടമായി നദീതടങ്ങളിൽ ചേക്കേറുകയും കൃഷിപരിപാലനവും അനുബന്ധതൊഴിലുകളും ചെയ്ത് ജീവിക്കുകയും തത്ഫലമായി പുതിയ നദീതടനാഗരികസംസ്കൃതികൾ രൂപംകൊള്ളുകയും ചെയ്തു. കാർഷികോത്പാദനവർധനവിനായുള്ള അന്വേഷണങ്ങൾ, വിതയും കൊയ്ത്തുമൊക്കെ സമയക്രമമായി ചെയ്യാനാരംഭിച്ചത് ,കാലഗണനാസമ്പ്രദായങ്ങൾക്ക് തുടക്കമിട്ടത്, തത്ഫലമായി ആർജ്ജിച്ച  ജ്യോതിശാസ്ത്രപരമായ അറിവുകൾ (സൂര്യൻ ,ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങിയവയുടെ ചലനവും സമയവും ദിനങ്ങളും ഇടവേളകളും കാലാവസ്ഥയുമൊക്കെ പുലർത്തുന്ന പരസ്പരബന്ധങ്ങൾ മനസിലാക്കാൻ ഇടയായി), വെങ്കലത്തിന്റെയും മറ്റ് ചില ലോഹങ്ങളുടെയും ലോഹസങ്കരങ്ങളുടെയും കണ്ടുപിടുത്തം, മൺപാത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ, കരകൗശലവസ്തുക്കൾ, ചക്രം ഉപയോഗിച്ച് നിർമിച്ച കാളവണ്ടി പോലുള്ള ചെറിയ വാഹനങ്ങൾ, മൃഗപരിപാലനം, ആഭരണങ്ങൾ, ലോഹനിർമിതമായ ആയുധങ്ങൾ തുടങ്ങി മനുഷ്യസമൂഹത്തിന്റെ ഒട്ടാകെയുള്ള പുരോഗതിക്കാവശ്യമായ ശാസ്ത്രസാങ്കേതികവികാസം സമസ്തമേഖലകളിലും വ്യാപിച്ചു.

              കനാലുകൾ ,ജലസേചനം, പിരമിഡ് പോലുള്ള നിർമിതികൾ, അയിരുകളുടെ ഖനനം, തടിമില്ലുകൾ, കപ്പൽനിർമാണം, ഭാഷകൾ, വാണിജ്യം, നഗരാസൂത്രണം തുടങ്ങിയ അത്ഭുതാവഹമായ പുരോഗതികൾ സാധ്യമായി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കാർഷിക- വ്യവസായിക മേഖലകളിലായി അധ്വാനം വേർതിരിക്കപ്പെട്ടു. ഉത്പാദനോപാധികൾ കൂടുതൽ പരിഷ്കരിക്കപ്പെട്ടു. ഉത്പാദനക്ഷമത കൂടുതൽ വർധിച്ചു.. ഇത് സാമൂഹ്യ- സാംസ്കാരികമണ്ഡലങ്ങളിലും വലിയ അനുരണനങ്ങൾ സൃഷ്ടിച്ചു.

2)#ചൂഷണത്തിൽ_അധിഷ്ഠിതമായ_വർഗസമൂഹങ്ങൾ -->
   
         ഉത്പാദനവും ഉത്പാദനക്ഷമതയും വർധിച്ചത് സാമ്പത്തികവളർച്ചയിലേക്കും സമ്പത്ത് കുന്നുകൂടുന്നതിലേക്കും നയിച്ചു. ഒരു വ്യക്തിയുടെ അധ്വാനത്തിലൂടെ അയാൾക്ക് ആവശ്യമായതിനേക്കാൾ എത്രയോ മടങ്ങ് ചരക്ക് ഉത്പാദിക്കാൻ കഴിയുമെന്ന പുതിയ സ്ഥിതിവിശേഷം സമ്പത്തിനെ മാത്രമല്ല, അവയെ ഉത്പാദിപ്പിക്കുന്ന മനുഷ്യാധ്വാനത്തെയും ഒരു ന്യൂനപക്ഷം കീഴടക്കാൻ കാരണമായി. ഗോത്രയുദ്ധങ്ങളിലും അധിനിവേശങ്ങളിലും പരാജയപ്പെടുന്നവരെ വിജയികൾ കീഴടക്കുകയും അവരെ നിർബന്ധിതാധ്വാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇത് അടിമ, ഉടമ എന്നീ രണ്ടുവർഗങ്ങളെ സമൂഹത്തിൽ സൃഷ്ടിച്ചു. ഉത്പാദനവർധനവ് ചരക്കുകളുടെ കൈമാറ്റത്തിനും ബാർട്ടർ സമ്പ്രദായത്തിനും പിൽക്കാലത്ത് നാണയവ്യവസ്ഥയ്ക്കും നാന്ദികുറിച്ചു. നാണയവ്യവസ്ഥയുടെ ഉദയം വലിയതോതിൽ വ്യാപാരമിച്ചം ഉറപ്പാക്കുകയും സമ്പത്ത് ഉടമകളായ ന്യൂനപക്ഷം അനായാസം കയ്യടക്കാൻ ഇടയാവുകയും ചെയ്തു.

           സ്വകാര്യസ്വത്തിന്റെ ഉത്ഭവവും വളർച്ചയും സമൂഹത്തിൽ അസമത്വവും വ്യാപിപിച്ചു. കൂടുതൽ സമ്പത്തും അധികാരവും കൈക്കലാക്കുവാൻ അടിമകളുടെ മേലുള്ള ചൂഷണവും അടിമകളുടെ എണ്ണവും നാൾക്കുനാൾ പെരുകിവന്നു. സ്വന്തമായ അവകാശങ്ങളോ തീരുമാനസ്വാതന്ത്ര്യമോ ഇല്ലാതിരുന്ന അടിമകൾ ക്രൂരമായ ശിക്ഷകൾക്ക് വിധേയമാവുകയോ മരണപ്പെടുകയോ ചരക്കിനു സമാനമായി വിപണനം ചെയ്യപ്പെടുകയോ ചെയ്തു.

3) #കുടുംബവ്യവസ്ഥിതിയും_സ്ത്രീസമൂഹവും  -->

            സ്വകാര്യസ്വത്ത് ഇല്ലാതിരുന്ന പഴയകാലസമൂഹങ്ങളിൽ സ്ത്രീകൾ സമൂഹത്തിൽ പുരുഷനോടൊപ്പം തന്നെ സ്വാതന്ത്ര്യവും അവകാശങ്ങളും അധികാരങ്ങളും അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നല്ലോ. കുടുംബം, പിതാവ് തുടങ്ങിയ സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക് അന്ന് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ സ്വകാര്യസ്വത്തിന്റെയും അധികാരരൂപങ്ങളുടെയും ഉത്ഭവം പുരുഷന് സ്ത്രീക്കുമുകളിൽ കുടുംബനാഥൻ എന്ന പദവി കൽപിച്ചുനൽകി. തന്റെ പരമാധികാരവും സമ്പത്തും അന്യംനിന്നുപോകാതെ കാലങ്ങളോളം നിലനിൽക്കണമെങ്കിൽ തന്റെ സന്താനങ്ങൾക്ക് അവ കൈമാറണമെന്നും അതിന് സന്താനങ്ങളെ കുറിച്ചുള്ള ബോധമുണ്ടാകേണ്ടതും സന്താനങ്ങളെ ഒപ്പം നിർത്തി പരിപാലിക്കേണ്ടതും അനിവാര്യമാണെന്ന തിരിച്ചറിവ് ആയിരുന്നു ഇതിന്റെ അടിസ്ഥാനം.

          പുരുഷൻ ലൈംഗികവേഴ്ച നടത്തിയശേഷം സ്വന്തം കാര്യമന്വേഷിച്ച് പോവുകയും മക്കൾ മാതാവിന്റെ കീഴിൽ പരിപാലിക്കപ്പെടുകയും പിന്നീട് സമൂഹത്തിന്റെ ഭാഗമായി തീരുകയും ചെയ്യുന്ന  പ്രാകൃതകമ്മ്യൂണിസ്റ്റ് ഘടനയിൽ കുടുംബം എന്നൊരു സ്ഥാപനം അദൃശ്യമായിരുന്നു. എന്നാൽ സ്വകാര്യസ്വത്തിന്റെയും അധികാരത്തിന്റെയും അപ്രമാദിത്വം നിലനിൽക്കണമെങ്കിൽ ഏകഭർത്തൃത്വത്തിൽ അധിഷ്ഠിതമായ Patrilocal & Patrilineal കുടുംബങ്ങൾ രൂപം കൊള്ളേണ്ടത് അനിവാര്യമായി മാറി. അടിമത്തചൂഷണങ്ങളിലൂടെ കുന്നുകൂടിയ സമ്പത്ത് പുരുഷൻ മരിച്ചാലും തലമുറകളോളം നിലനിൽക്കാൻ കുടുംബവ്യവസ്ഥിതി സഹായകമായി. സ്ത്രീയാകട്ടെ ശിശുപരിപാലനവും വീട്ടുജോലിയും പുരുഷന്റെ കിടപ്പറയിലെ സഹധർമിണിയും മാത്രമായി പാർശ്വവത്കരിക്കപ്പെട്ടു. തന്റെ സ്വത്തും അധികാരങ്ങളും കാത്തുസൂക്ഷിക്കേണ്ട ഭാവിസന്താനങ്ങളെ ഉത്പാദിപ്പിക്കാനുള്ള യന്ത്രങ്ങൾ മാത്രമായി സ്ത്രീ അധഃപതിച്ചു.

'ലോകസ്ത്രീസമൂഹത്തിന്റെ ചരിത്രപരമായ പരാജയം - The World Historic defeat of female sex' എന്നാണ് എംഗൽസ് ഇതിനെ വിശേഷിപ്പിച്ചത്. ലിംഗവിവേചനത്തിന്റെ പിന്നിൽ അരങ്ങേറിയ വർഗാധിഷ്ഠിതമായ ചരിത്രബന്ധങ്ങളെ ഫലപ്രദമായി വിശദീകരിക്കാൻ മാർക്സിസ്റ്റ് സ്ത്രീവാദങ്ങൾക്ക് കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം..

4) #ഭരണകൂടം_സൈന്യം_മതം -->

               ഉത്പാദനവളർച്ചയും സാമൂഹ്യവികാസവും ജനസാന്ദ്രമായ നാഗരികസമൂഹങ്ങൾ സൃഷ്ടിച്ചു. ജനസംഖ്യയും ഗണ്യമായി വർധിച്ചു. സമ്പത്തിന്റെ കേന്ദ്രീകരണം അവയുടെ സുരക്ഷയും അനിവാര്യമാക്കി. സ്വകാര്യസ്വത്തിന്റെയും തത്ഫലമായി ആവിർഭവിച്ച അധികാരരൂപങ്ങളുടെയും സംരക്ഷണത്തിനായി ഭരണകൂടങ്ങളും അവയുടെ സൈന്യസംവിധാനങ്ങളും രൂപംകൊള്ളുകയുണ്ടായി. മറ്റ് ദേശങ്ങളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും അടിമകളുടെയും സാധാരണക്കാരുടെയും നേതൃത്വത്തിലുള്ള ആഭ്യന്തരകലാപങ്ങളിൽ നിന്നും സമൂഹത്തിലെ ഉടമവർഗത്തിന്റെ സ്വത്തിനും പരമാധികാരത്തിനും സംരക്ഷണം നൽകേണ്ട ചരിത്രപരമായ  ആവശ്യകതയാണ് ഭരണകൂടങ്ങളുടെയും രാജവംശങ്ങളുടെയുമൊക്കെ കടന്നുവരവിന് ആധാരം.

          സാധാരണക്കാർക്കുമേൽ മർദ്ദകശക്തിയെന്നോണം ഭരണകൂടങ്ങൾ മാത്രമല്ല , സംഘടിതമതങ്ങളും ചരിത്രത്തിൽ നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. രാജാവ് /ഭരണാധികാരി ദൈവമായോ ,ദൈവത്തിന് പ്രിയപ്പെട്ടവനായോ അവതരിപ്പിക്കപ്പെട്ടു. ഇത് ഭരണാധികാരത്തിനെതിരെ വിപ്ലവങ്ങൾ നയിക്കുന്നതിൽ നിന്നും ജനത്തെ പിന്തിരിപ്പിച്ചു. തങ്ങളുടെ ദുരവസ്ഥകളെ ദൈവനിശ്ചയമായി കണ്ട് സ്വയം സമാധാനിക്കാമെന്നല്ലാതെ അടിമകൾക്കും മറ്റ് കീഴാളവിഭാഗങ്ങൾക്കും മറ്റ് വിമോചനമാർഗങ്ങൾ ഉണ്ടായിരുന്നില്ല. മാത്രമല്ല , തങ്ങളെ നിർദയം പീഢിപ്പിച്ചും അടിച്ചമർത്തിയും ചൂഷണം ചെയ്തും തിന്നുകൊഴുക്കുന്ന ഉടമവർഗത്തിനും ഭരണകൂടത്തിനും മതപൗരോഹിത്യത്തിനും എതിരായ സമരയുദ്ധങ്ങൾ ദൈവകോപം ക്ഷണിച്ചുവരുത്തുമെന്ന ഭയവും ചൂഷിതരെ അടിമകളായി തന്നെ നിലനിർത്തി. മതം എക്കാലവും ചൂഷകശക്തികൾക്ക് ഗുണകരമായിരുന്നു. അടിമത്തത്തിന്റെ ചൂഷണയുക്തികളെ പ്രതിഫലിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ മതസംസ്കാരങ്ങൾ സമാനമാണ്. കാരണം അടിമത്തം തന്നെ നീതീകരിക്കപ്പെട്ട, അസമത്വവും ചൂഷണവും അനിവാര്യമാണെന്ന് കരുതപ്പെട്ട ഒരു ഭൗതികസമൂഹത്തിൽനിന്നും രൂപംകൊണ്ട മതവും മതശാസനകളും ഭരണകൂടങ്ങളും അടിമത്തത്തെ പ്രോത്സാഹിപ്പിക്കുകയേ സാധ്യമായിരുന്നുള്ളൂ.

5) #കല_സംസ്കാരം_ശാസ്ത്രസാങ്കേതികത -->

         ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും രുചിയറിഞ്ഞ നമുക്ക് പഴയകാല അടിമത്തവ്യവസ്ഥിതി മാനവികവിരുദ്ധമായി അനുഭവപ്പെടുക സ്വാഭാവികമാണ്. എന്നാൽ ബഹുഭൂരിപക്ഷത്തെ നിർദയം ചൂഷണം ചെയ്യുമ്പോഴും മനുഷ്യരാശിയുടെ വിവിധമേഖലകളിലെ പുരോഗതിക്ക് വലിയ സംഭാവനകൾ ആ കാലഘട്ടം നൽകിയിട്ടുണ്ട്.
സമൂഹത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കുമാവശ്യമായ ചരക്കുസേവനങ്ങളും ഉത്പാദനോപാധികളും നിർമിക്കാനാവശ്യമായ സാമൂഹ്യാധ്വാനം നിർവഹിച്ചിരുന്നത് അടിയാളവർഗമായിരുന്നു.  ഈ അധ്വാനത്തിന്റെ ഫലം പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ചിരുന്ന ഗുണഭോക്താക്കളായ ന്യൂനപക്ഷം സ്വാഭാവികമായും മറ്റ് സർഗാത്മകപ്രവർത്തനങ്ങളിൽ ഏർപെട്ടു.

            എല്ലുമുറിയെ പണിയെടുക്കേണ്ട ബാധ്യതയിൽനിന്നും മുക്തരായതുമൂലം ലഭിച്ച ധാരാളം ഒഴിവുസമയം ഇത്തരത്തിൽ കലാസാംസ്കാരികരംഗത്തെ പുരോഗതിക്കും ശാസ്ത്രഗവേഷണങ്ങൾക്കും പുതിയ കണ്ടുപിടുത്തങ്ങൾക്കും സാഹിത്യാവിഷ്കാരങ്ങൾക്കും ഒക്കെ ജന്മം നൽകാൻ ഉപയോഗിക്കപ്പെട്ടു.  പണ്ഡിതരും കലാകാരന്മാരും തത്വചിന്തകരും ശാസ്ത്രാന്വേഷികളുമൊക്കെ ഉയർന്നുവന്നു. ബൗദ്ധികവികാസവും സാങ്കേതികപുരോഗതിയും ഉത്പാദനോപാധികളുടെയും സാമ്പത്തികാടിത്തറയുടെയും വളർച്ചയെ ത്വരിതപ്പെടുത്തി.
ഗ്രീക്ക് കലയും ഭാഷാസാഹിത്യവും ഗണിതശാസ്ത്രത്തിലും മറ്റുമുണ്ടായ പുരോഗതിയും ചിന്തകന്മാരും അടിമത്തത്തിൽ അധിഷ്ഠിതമായി വളർന്നുവന്ന ഒരു സാമൂഹ്യഘടനയുടെ സൃഷ്ടികളാണ് എന്നത് കൗതുകമായി തോന്നാം.

             കീഴാളജനതയ്ക്കുമേലുള്ള നഗ്നമായ ചൂഷണത്തിന്റെ ഫലമായി സമൂഹം കൈവരിച്ച വമ്പിച്ച പുരോഗതിയാണ് പിൽക്കാലത്ത് ആധുനികയൂറോപ്പിന്റെ ജന്മത്തിനുതന്നെ കാരണമായതെന്നും അടിമത്തസമൂഹങ്ങൾ പൗരാണികകാലത്ത് ഇല്ലായിരുന്നെങ്കിൽ ഈ പുരോഗതികൾ ഒരുപക്ഷേ അസാധ്യമാകുമായിരുന്നെന്നും വിലയിരുത്താനാവും. ഭാരതത്തിൽ വർണവ്യവസ്ഥയുടെ രൂപത്തിലാണ് പ്രധാനമായും അടിമത്തം നിലനിന്നത്. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമടങ്ങുന്ന ഉപരിവർഗം ദ്വിജർ എന്നും സാമൂഹ്യമായി ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭഗം ശൂദ്രർ എന്നും അറിയപ്പെട്ട ചരിത്രം നമുക്ക് പരിചിതമാണ്.

              വർഗരഹിതമായ പ്രാകൃതകമ്മ്യൂണിസത്തിൽ നിന്നും അടിമത്തസമൂഹങ്ങളിലേക്കുള്ള സമൂഹത്തിന്റെ ഘടനാപരമായ ചുവടുമാറ്റം ലോകചരിത്രത്തിൽ എല്ലായിടത്തും പല രൂപങ്ങളിൽ, പല കാലഘട്ടങ്ങളിലായി സംഭവിച്ചതാണ്. പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനമുരടിപ്പും മൃഗസമാനമായ ജീവിതവും അവസാനിക്കുകയും  സാമ്പത്തികോത്പാദനത്തിലേക്കും മാനവരാശിയുടെ പുരോഗതിയിലേക്കും സമ്പത്‌സമൃദ്ധിയിലേക്കും അടിമത്തം നയിക്കുകയും ചെയ്തു. അതേസമയം അത് അങ്ങേയറ്റം ചൂഷണാധിഷ്ഠിതമായിരുന്നു. ഭൂരിപക്ഷത്തിനുമേൽ പതിച്ച മനുഷ്യാവകാശധ്വംസനത്തിന്റെ നീതിശാസ്ത്രമായിരുന്നു.

         അടിമത്തസമൂഹം എന്നാൽ അടിമകളും അവരെക്കൊണ്ട് ക്രൂരമായി ജോലി ചെയ്യിക്കുന്ന ഉടമവർഗവും മാത്രമാണെന്ന് കരുതരുത്. വർഗസമൂഹം എന്നാൽ കൃത്യം രണ്ട് വർഗങ്ങളായി സമൂഹം വേർതിരിഞ്ഞിരിക്കുന്നു എന്നത് മാർക്സിസ്റ്റ് കാഴ്ചപ്പാടല്ല. അടിമകളും ഉടമകളും കൂടാതെ കൂലിവേല ചെയ്തിരുന്ന പണിക്കാരും കർഷകത്തൊഴിലാളികളും വ്യാപാരികളും രാജാക്കന്മാരും സൈന്യവും മതപുരോഹിതരും കലാസാംസ്കാരികപ്രമുഖരും ചിന്തകന്മാരും തുടങ്ങിയ അനേകം വർഗങ്ങളെ അക്കാലങ്ങളിൽ കാണാനാവും. എന്നാൽ സമൂഹത്തിന്റെ പുരോഗതിക്കും അതിന്റെ ആന്തരികവൈരുധ്യങ്ങൾക്കും വിപ്ലവകരമായ മാറ്റങ്ങൾക്കും മൂലകാരണമായി അടിമ- ഉടമ വർഗങ്ങൾ തമ്മിലെ വർഗസമരം മാറി എന്നതാണ് യാഥാർത്ഥ്യം.
              അക്കാലത്തെ വർഗസമരമെന്നാൽ അടിമയും ഉടമയും തമ്മിലെ യുദ്ധം മാത്രമായിരുന്നില്ല, മറിച്ച് അടിമത്തവ്യവസ്ഥിതിയുടെ ഗുണം അനുഭവിച്ചിരുന്ന വർഗങ്ങളും അതിന്റെ ദോഷഫലങ്ങളും നഷ്ടങ്ങളും സഹിച്ച വിഭാഗങ്ങളും തമ്മിലെ സമരമാണെന്ന് കാണാം.  ഈ വർഗസമരം ശാശ്വതവിജയം നേടാനും മാനവരാശിയുടെ സിംഹഭാഗത്തെയും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങളിലേക്ക് നയിക്കാനും ഇടയായ ചരിത്രസംഭവങ്ങൾ ധാരാളമുണ്ട്. ഇതിനുപിന്നിലെ ചരിത്രബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. അടിമത്തവ്യവസ്ഥിതിയിൽ ഉത്പാദനോപാധികൾ  വളർന്നുവികസിക്കുകയും  അതിന്റെ സാമ്പത്തികഘടനയിൽ തന്നെ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചൂഷണാധിഷ്ഠിതമായ ഉത്പാദകബന്ധങ്ങളുമായുള്ള  വൈരുധ്യങ്ങൾ മൂർച്ഛിക്കുകയും ചെയ്തു. സ്വാഭാവികമായും ഭൗതികമായ പ്രതിസന്ധികൾ ഉടലെടുക്കുകയും സാമ്പത്തികാടിത്തറയ്ക്ക് അഥവാ ഉത്പാദനോപാധികളുടെ പുരോഗതിക്ക് തന്നെയും അവ വിഘാതം സൃഷ്ടിക്കുകയും ചെയ്തു. ഈ ചരിത്രപ്രതിസന്ധിയെയും അനന്തരഫലങ്ങളെയും കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമാണ്. Read & share...

കമ്മ്യൂണിസത്തിന്റെ_ആദിമരൂപങ്ങൾ



                 ഡാർവിന്റെ പരിണാമസിദ്ധാന്തം ഭൂമിയിലെ ജീവിവർഗങ്ങളുടെ ജീവശാസ്ത്രപരമായ ഉത്ഭവവും അവയിലുണ്ടാകുന്ന മാറ്റങ്ങളും ആണ് കൈകാര്യം ചെയ്യുന്നതെങ്കിൽ മാർക്സിന്റെ ചരിത്രപരമായ ഭൗതികവാദം വിശദീകരിക്കുന്നത് മനുഷ്യസമൂഹത്തിന്റെ പരിണാമദശകളാണെന്ന് പറയാം. പ്രൈമേറ്റുകളിൽ നിന്നും പരിണമിച്ചുവന്ന മനുഷ്യസമൂഹം ആദിമകാലത്ത് മൃഗങ്ങളുടേതിനു സമാനമായ വന്യജീവിതം ആണ് നയിച്ചിരുന്നതെന്ന് നാം പഠിച്ചിട്ടുണ്ട്. തുടർന്ന് മറ്റ് മൃഗങ്ങളുടേതിൽ നിന്നും വ്യത്യസ്തമായി മനുഷ്യസമൂഹഘടനയിൽ ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുകയും അത് ചരിത്രപരമായ വളർച്ച പ്രാപിക്കുകയും ചെയ്തു. പ്രാകൃതകമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നീഘട്ടങ്ങളിലൂടെയാണ് സമൂഹം ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നതെന്നും മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങൾ അതിന്റെ പുരോഗതിക്കും നിലനിൽപിനും വിഘാതം സൃഷ്ടിക്കുമെന്നും സോഷ്യലിസം എന്ന പുതിയൊരു ഉത്പാദനക്രമവും സാമൂഹ്യവ്യവസ്ഥിതിയും ആവിർഭവിക്കുമെന്നും ഉത്പാദകശക്തികളുടെ വളർച്ചയ്ക്കനുസൃതമായി ഇത് വിദൂരഭാവിയിൽ കമ്മ്യൂണിസ്റ്റ് സമൂഹങ്ങളിലേക്ക് വഴിമാറും എന്നുമൊക്കെയുള്ള കാഴ്ചപ്പാടുകളാണ് ചരിത്രപരമായ ഭൗതികവാദത്തിന്റേത്.

               ഇതിനുപിന്നിലെ യുക്തി എന്താണെന്ന് ഈ ലേഖനം മുതൽ തുടർന്നുള്ള ലേഖനങ്ങളിലൂടെ വിശദീകരിക്കാം.. എന്താണ് പ്രാകൃതകമ്മ്യൂണിസം എന്നും അതിലെ ആന്തരികവൈരുധ്യങ്ങൾ എങ്ങനെയാണ് അതിനെ തകർത്ത് പുതിയ വർഗസമൂഹത്തിന് രൂപം നൽകിയതെന്നും പഠിക്കേണ്ടതുണ്ട്..
മനുഷ്യൻ കാർഷികവൃത്തിയും നാഗരികജീവിതവും ഒക്കെ ആരംഭിക്കുന്നതിന് മുമ്പ് നയിച്ചിരുന്നത് വേട്ടയാടിയും കൂട്ടംചേർന്നും അലഞ്ഞുതിരിഞ്ഞും ഒക്കെയുള്ള ഒരു ജീവിതമായിരുന്നു. പ്രാചീനശിലായുഗം, നവീനശിലായുഗം എന്നൊക്കെ നാം അതിനെ തരംതിരിക്കുന്നുണ്ട്.. എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകൾ  എന്ന് നോക്കുക.

1) ഉത്പാദനം എന്ന പ്രക്രിയ വിരളമായിരുന്നു. പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങൾ നേരിട്ട് ശേഖരിക്കുകയോ, ഇരകളെ കൂട്ടം ചേർന്ന് വേട്ടയാടുകയോ ആയിരുന്നു പതിവ്. ഉത്പാദനോപാധികൾ സൃഷ്ടിക്കുന്ന സാമ്പത്തികാടിത്തറ ദുർബലമെന്നർത്ഥം.

2) സ്വകാര്യസ്വത്തിന്റെ അഭാവം-  വ്യക്തികൾ ശേഖരിക്കുന്നതെല്ലാം ഗോത്രങ്ങൾ പങ്കിടുന്നതായിരുന്നു രീതി. ഉത്പാദനം ഇല്ലാത്തതുകൊണ്ടു തന്നെ വലിയ അളവിൽ മിച്ചമായി സൂക്ഷിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ദീർഘകാലം നിലനിൽക്കുന്ന ആയുധങ്ങളും വസ്ത്രവും മറ്റ് സാമഗ്രികളും ഒഴിച്ചുനിർത്തിയാൽ കിട്ടുന്നതെല്ലാം അന്നുതന്നെ എല്ലാവർക്കുമായി നൽകപ്പെടുകയും എല്ലാവരും ഭക്ഷിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഒരുദിവസം കൂടി വിഭവങ്ങൾ സൂക്ഷിച്ചേക്കാം എന്നതിനപ്പുറം സ്വത്ത് സമ്പാദനവും വ്യക്തികൾ സമ്പത്തും ഉത്പന്നങ്ങളും സ്വന്തമാക്കി കുന്നുകൂട്ടലും അന്ന് അസാധ്യമായിരുന്നു.

3) സമത്വം, സഹകരണം, പങ്കാളിത്തം - മിച്ചോത്പാദനവും സ്വത്ത് സമ്പാദനവും ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യർക്കിടയിൽ ഒരുതരം 'പ്രാകൃതസമത്വം' നിലനിന്നു. ഗോത്രങ്ങൾ  തമ്മിലെ അധിനിവേശയുദ്ധങ്ങളും ലഹളകളും ഒഴിച്ചുനിർത്തിയാൽ മനുഷ്യർക്കിടയിൽ നിലനിന്ന സഹകരണമനോഭാവം വലുതായിരുന്നു. 'പ്രാകൃതകമ്മ്യൂണിസം' എന്ന് ഇതിനെ വിളിക്കാൻ കാരണം ഇതാണ്. പ്രകൃതിദുരന്തങ്ങളോടും വന്യമൃഗങ്ങളോടും പൊരുതാനും വലിയ മൃഗങ്ങളെ വേട്ടയാടാനും മനുഷ്യന് ഈ കൂട്ടായ്മയും സഹകരണവും ആവശ്യമായിരുന്നു. മനുഷ്യർക്കിടയിൽ ചൂഷണലക്ഷ്യങ്ങൾ നിലനിന്നിരുന്നില്ല. അടിസ്ഥാനവിഭവങ്ങൾക്കുമേൽ കൂട്ടായ അവകാശം ഉണ്ടായിരുന്നു.

4) ഉപകരണങ്ങളും താമസവും- സ്ഥിരമായ വാസസ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. വാസയോഗ്യമായ ഇടങ്ങളും ദീർഘകാലം നിലനിൽക്കുന്ന ആയുധങ്ങളുമൊക്കെ പൊതുസ്വത്ത് ആയിരുന്നു. ശിലകളും അസ്ഥികളുമായിരുന്നു ആദ്യകാല ഉപകരണങ്ങൾക്കടിസ്ഥാനം. ഉരുളൻ കല്ലുകൾ കാലക്രമേണ മൂർച്ചയേറിയ ശിലായുധങ്ങളിലേക്കും കുന്തം, അമ്പും വില്ലും, കത്തി തുടങ്ങിയവയിലേക്കും വഴിമാറി. തീയുടെ കണ്ടുപിടുത്തം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. തടിയുപകരണങ്ങളും നിർമ്മിക്കപ്പെട്ടു, ഉരുളൻ തടികൾ ആദ്യകാലചക്രങ്ങളായി മാറി.

5) ഭരണകൂടങ്ങൾ ഉണ്ടായിരുന്നില്ല. സ്വകാരസ്വത്തും അവയ്ക്കുവേണ്ടിയുള്ള സംഘർഷങ്ങളും ഇല്ലാത്തതുകൊണ്ടുതന്നെ അവയ്ക്കുവേണ്ടിയുള്ള സ്റ്റേറ്റ് സംരക്ഷണമോ നിയമവ്യവസ്ഥിതിയോ ആവശ്യമില്ലായിരുന്നു.

6) കുടുംബം, ലൈംഗികത - സ്വകാര്യകുടുംബങ്ങൾ നിലനിന്നിരുന്നില്ല. ലൈംഗികബന്ധങ്ങൾ പോലും സ്വതന്ത്രമായിരുന്നു. ഏകഭാര്യാ, ഏകഭർത്തൃസമ്പ്രദായങ്ങൾ ഉണ്ടായിരുന്നില്ല. ഗോത്രങ്ങൾ കുടുംബങ്ങളായി നിലനിന്നു. കുടുംബവ്യവസ്ഥിതിയുടെ അഭാവം മൂലം പ്രസവിക്കുന്ന കുട്ടികൾക്ക് അച്ഛനാരാണെന്നോ പുരുഷന് തന്റെ സന്തതി ഏതാണെന്നോ ഉള്ള ബോധം പോലും അന്യമായിരുന്നു. കുഞ്ഞുങ്ങൾ മാതാവിന്റെ കീഴിലെ ഹ്രസ്വകാലസംരക്ഷണത്തിനു ശേഷം സമൂഹത്തിന്റെ ഭാഗമായിത്തീർന്നു. സ്ത്രീകൾ ഭക്ഷ്യശേഖരണത്തോടൊപ്പം പ്രത്യുത്പാദനത്തിലും ശിശുപരിപാലനത്തിലും ഏർപ്പെട്ടു.

7) ലിംഗസമത്വം- സ്ത്രീകളും സമൂഹത്തിൽ പുരുഷനോടൊപ്പം തുല്യാധികാരങ്ങളും സാമൂഹ്യപദവികളും പങ്കിട്ടു. പ്രജനനകാലങ്ങളിൽ പുരുഷന്മാർ കൂടുതൽ ക്ലേശകരമായ ജോലികൾ ചെയ്യുകയും വേട്ടയാടുകയും ഒപ്പം ഗോത്രങ്ങളെ സംരക്ഷിക്കുകയും ചെയ്തു. പ്രാകൃതസമൂഹങ്ങളിൽ സ്ത്രീകളും സവിശേഷാധികാരങ്ങൾ കൈക്കൊണ്ടിരുന്നതിന് തെളിവുകൾ ഉണ്ട്. പുരാതനഭാരതത്തിൽ സ്ത്രീകൾ തലപ്പാവ് ധരിച്ചിരുന്നതും അവർക്കിടയിൽ തന്നെ പണ്ഡിതരും കവയിത്രികളും ഒക്കെ ഉണ്ടായിരുന്നതും ഒക്കെ ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പ്രാചീനകാലത്ത് മാതൃദായ- താവഴി (mother right) സമ്പ്രദായങ്ങളായിരുന്നു നിലനിന്നിരുന്നത്. കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതുൾപ്പെടെ എല്ലാ മേഖലയിലും സ്ത്രീകൾക്കും തുല്ല്യപ്രാധാന്യവും അവസരങ്ങളും ഉണ്ടായിരുന്നു. മരുമക്കത്തായം പോലുള്ള സമ്പ്രദായങ്ങൾ നമ്മുടെ നാട്ടിലും നിലനിന്നിരുന്നു എന്നോർക്കുക.

         നാഗരികസാംസ്കാരികജീവിതം ആരംഭിക്കുന്നതിനും മുമ്പേ ഇത്തരത്തിൽ പ്രാചീനകാലങ്ങളിൽ ജീവിച്ചുപോന്ന ആദിമമാനവ-സമൂഹങ്ങളെ പ്രാകൃതകമ്മ്യൂണിസം എന്നാണ് വിശേഷിപ്പിക്കാറ്. മനുഷ്യൻ ഉപകരണങ്ങൾ നിർമ്മിക്കുന്ന ജീവിയാണല്ലോ.. ഉത്പാദനോപാധികളും അവയ്ക്കനുരൂപമായ ഉത്പാദകബന്ധങ്ങളും ഇല്ലാതെ മനുഷ്യസമൂഹത്തിന് നിലനിൽപ് സാധ്യമല്ല. ഈ സവിശേഷതയാണ് മറ്റ് ജീവിവർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യസമൂഹത്തിന്റെ ചരിത്രപരമായ പുരോഗതിക്ക് അടിത്തറ പാകിയത്.. ഉത്പാദനോപാധികൾ അനുസ്യൂതം വളർച്ച പ്രാപിക്കുകയും അത് ഉത്പാദകബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുകയും പുതിയ ഗുണങ്ങളോടുകൂടിയ സമൂഹങ്ങളെയും സാമൂഹ്യസ്ഥാപനങ്ങളെയും സൃഷ്ടിക്കുകയും ചെയ്യും എന്നതാണ് മാർക്സിസ്റ്റ് ചരിത്രവീക്ഷണത്തിന്റെ കാതൽ. പ്രാകൃതകമ്മ്യൂണിസത്തിൽ ഇതെങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് നോക്കാം..

      ശിലായുധങ്ങൾ ഉൾപെടെയുള്ള പ്രാകൃതമായ ഉപകരണങ്ങളും ചക്രവും തീയുമൊക്കെ മനുഷ്യസമൂഹത്തിന്റെ നിലനിൽപിനെ കൂടുതൽ സാധ്യമാക്കി. പ്രാകൃതകമ്മ്യൂണിസ്റ്റ് ഘട്ടത്തിലും ധാരാളം അന്ധവിശ്വാസങ്ങളും ശാസ്ത്ര-അജ്ഞതയും നിലനിന്നിരുന്നു. മനുഷ്യന് ആവശ്യത്തിനനുസരിച്ചുള്ള അധ്വാനസമയം തുലോം കുറവായിരുന്നു. വേട്ടയാടലും തീറ്റയും ഉറക്കവും കഴിഞ്ഞാൽ ധാരാളം ഒഴിവുസമയം ലഭിച്ചു. ഇതുമൂലം  അവനുചുറ്റുമുള്ള പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിക്കാനും കൂടുതൽ അഗാധമായ വിചിന്തനം നടത്താനും പുതിയ ഉപകരണങ്ങൾ കണ്ടെത്താനും പരിഷ്കരിക്കാനും ചിത്രരചന പോലുള്ള കലാസാഹിത്യപരമായ ആവിഷ്കാരങ്ങൾ നടത്താനും പുതിയ ധാരണകൾ കെട്ടിപ്പൊക്കാനും ഒക്കെ ആദിമമനുഷ്യന് കഴിഞ്ഞു.  ഭക്ഷ്യശേഖരണവും ഉത്പാദനവും വർധിക്കുകയും ചെയ്തു.

         ജനസംഖ്യാവർധനവാകട്ടെ ഭക്ഷ്യലഭ്യത വർധിക്കേണ്ടതിന്റെ ആവശ്യകത സൃഷ്ടിച്ചു. ഇത് കൃഷിയുടെ കണ്ടുപിടുത്തത്തിലേക്കും നദീതടങ്ങളിലെ ഫലഭൂയിഷ്ഠമായ മണ്ണിലെ കൂട്ടായ അധ്വാനത്തിലേക്കും നയിച്ചു. ഇതിനായി കൂടുതൽ ഗുണമേന്മയുള്ള ഉപകരണങ്ങൾക്കും ഉത്പാദനോപാധികൾക്കും വേണ്ടിയുള്ള അന്വേഷണം തുടർന്നു. വെങ്കലം പോലുള്ള ലോഹങ്ങളുടെ ഉപയോഗവും അവയെ സംസ്കരിക്കാനും ആയുധനിർമ്മാണത്തിനും വേണ്ടിയുള്ള ശാലകളും വ്യാപിച്ചു. കലനിർമാണം, കരകൗശലവസ്തു നിർമാണം ,മൃഗപരിപാലനം തുടങ്ങിയ അനുബന്ധ തൊഴിൽമേഖലകൾ ഉണ്ടായി. സമൂഹത്തിൽ തൊഴിൽവിഭജനം വ്യാപകമായി. കാർഷികവൃത്തി മനുഷ്യന്റെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം അവസാനിപ്പിക്കുകയും സ്ഥിരതാമസവും കൃഷിപാലനവും സാധ്യമാക്കുകയും ചെയ്തു. 'നിയോലിത്തിക് വിപ്ലവങ്ങൾ' എന്ന് ഇതറിയപ്പെടുന്നു.

        ഇത് വിശാലവും ജനസാന്ദ്രവുമായ നദീതടസംസ്കാരങ്ങൾക്ക് രൂപം നൽകി. വെങ്കലയുഗം എന്ന് ഇത് അറിയപ്പെടുന്നു. തെക്കൻ മെസോപ്പൊട്ടേമിയയിലെ സുമേറിയൻ സംസ്കൃതിയാണ് ഇതിൽ ആദ്യത്തേതായി നാം കണക്കാക്കുന്നത്..  പ്രാകൃതകമ്മ്യൂണിസത്തിലെ ഭക്ഷ്യോത്പാദനം/ ശേഖരണം അന്നന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രമായിരുന്നെങ്കിൽ പിന്നീട് കൃഷിയും അനുബന്ധതൊഴിൽ മേഖലകളും കൂടുതൽ മിച്ചോത്പാദനം ഉറപ്പാക്കി. സമ്പത്ത് വർധിച്ചു. മിച്ചം വരുന്ന ഉത്പന്നങ്ങൾ വ്യാപാരത്തിന്റെയും ബാർട്ടർ സമ്പ്രദായത്തിന്റെയും പിൽക്കാലത്ത് കറൻസിയുടെയും ആവിർഭാവത്തിലേക്ക് നയിച്ചു. ഗോത്രങ്ങൾ തമ്മിലെ യുദ്ധങ്ങൾ മുൻകാലങ്ങളിൽ വളരെ ചുരുക്കവും താത്കാലികവും മാത്രമായിരുന്നല്ലോ. പരാജയപ്പെടുന്നവർ പലായനം ചെയ്യുകയോ മറ്റോ ആയിരുന്നു പതിവ്. എന്നാൽ ഒരു മനുഷ്യന്റെ അധ്വാനത്തിലൂടെ ഒരുപാട് പേരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നവിധം ഉത്പാദനോപാധികൾ വികാസം പ്രാപിച്ചതും സ്വത്തുത്പാദനം വർധിച്ചതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

           മുൻകാലത്തിൽ നിന്നുവ്യത്യസ്തമായി സാങ്കേതികവികാസത്തിന്റെ പിൻബലത്തിൽ മനുഷ്യാധ്വാനത്തിന്റെ അപാരമായ ശക്തി അവൻ തിരിച്ചറിഞ്ഞു. സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കയ്യിൽ കുന്നുകൂടി. സ്വത്തിനും ഭൂമിക്കും വേണ്ടിയുള്ള യുദ്ധങ്ങളും അധിനിവേശങ്ങളും വർധിച്ചു.  പരാജയപ്പെടുന്നവർ തടങ്കലിലാക്കപ്പെടുകയും നിർബന്ധിതമായി അവരെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തു. കാലക്രമേണ അടിമകളും ഉടമകളും അടങ്ങുന്ന ഒരു വർഗസമൂഹം രൂപംകൊണ്ടു. പഴയകാല സോഷ്യലിസ്റ്റ് സംസ്കാരങ്ങൾ അസ്തമിക്കുകയും ചെയ്തു. പുതിയ സാമൂഹ്യഘടനയ്ക്ക് ഉപോൽബലകമായ മറ്റ് സ്ഥാപനങ്ങളും (സംഘടിതമതങ്ങൾ ഉൾപെടെ) ഉയർന്നുവന്നു.

 ഇതിൽ നിന്നും എന്ത് മനസിലാക്കാം..?  പ്രാകൃതകമ്മ്യൂണിസത്തിലെ ഉത്പാദനോപാധികൾ ആർജ്ജിച്ച വമ്പിച്ച പുരോഗതി അതുവരെ നിലനിന്ന സഹകരണത്തിലും സമത്വത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ ഉത്പാദകബന്ധങ്ങളുമായി ഒത്തുപോകുന്നതല്ലായിരുന്നു. സമ്പത്തിന്റെ കേന്ദ്രീകരണവും ഉത്പാദനോപാധികളുടെ വളർച്ചയും പഴയകാലസമൂഹത്തെ തകർക്കുകയും ചൂഷണത്തിലധിഷ്ഠിതമായ പുതിയതൊന്നിന്റെ ഉത്ഭവത്തിന് നാന്ദി കുറിക്കുകയും ചെയ്തു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ വിപ്ലവമായി ഇൗ പ്രക്രിയയെ വിശേഷിപ്പിക്കാവുന്നതാണ്. ചരിത്രപരമായ ഈ വൈരുധ്യാത്മകപ്രക്രിയയിലൂടെ രൂപം കൊണ്ട അടിമത്തസമൂഹങ്ങൾ വീണ്ടും അതേ പ്രക്രിയകളിലൂടെ തന്നെ നാമാവശേഷമാവുകയും പുതിയ സാമൂഹ്യഘടനകളും വ്യവസ്ഥിതികളും ആവിർഭവിക്കുകയും ചെയ്തു. തുടർവിശകലനങ്ങൾ വരുംലേഖനങ്ങളിൽ എഴുതാൻ ശ്രമിക്കാം..

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും     നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...