ചരിത്രം എന്നത് വസ്തുനിഷ്ഠമായ ഭൂതകാലവിവരങ്ങളുടെ സമാഹാരമാണെന്ന ധാരണയാണ് പൊതുവേ നാം പിന്തുടരുന്നത്. വാസ്തവത്തിൽ നാം വായിക്കുന്ന മനുഷ്യചരിത്രം യഥാർത്ഥചരിത്രത്തിന്റെ ഒരു തലത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ.. ചരിത്രം എന്നത് വസ്തുനിഷ്ഠമായ ഭൂതകാലവിവരങ്ങളോടൊപ്പം ചരിത്രം കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ചരിത്രകാരന്റെ ആത്മനിഷ്ഠമായ താത്പര്യങ്ങൾ കൂടി ചേർന്നതാണ്. ഉദാ: വേദകാലബ്രാഹ്മണർ രേഖപ്പെടുത്തുന്ന ചരിത്രരേഖകളിൽ കീഴാളഗോത്രങ്ങൾക്കോ ശൂദ്രജീവിതങ്ങൾക്കോ മറ്റ് സാമൂഹ്യവിഭാഗങ്ങളുടെ താത്പര്യങ്ങൾക്കോ സ്ഥാനം ഉണ്ടാവാൻ സാധ്യതയില്ല.. നാം പഠിച്ചിട്ടുള്ള ചരിത്രമാകെയും രാജവംശങ്ങളുടെയും യുദ്ധസാഹസങ്ങളുടെയും സമൂഹത്തിന്റെ ഉപരിവർഗത്തിന്റെ ജീവിതക്രമങ്ങളുടെയും ഒക്കെ ഡാറ്റകളാൽ സമ്പുഷ്ടമാണ്. സമൂഹത്തിലെ മറ്റ് അവശവിഭാഗങ്ങളുടെയും സ്ത്രീകളുടെയും കീഴാളരുടെയും കർഷകതൊഴിലാളികളുടെയും ഒക്കെ ചരിത്രം സാമ്പ്രദായികചരിത്ര പഠനത്തിൽ അപ്രധാനമായി മാറുന്നതും കാണാം.. കാരണം ചരിത്രവിവരങ്ങളുടെ രചനയിലും കൈമാറലിലും ഉൾപെടെ വർഗാധിപത്യം നിർണായകസ്വാധീനം ചെലുത്തിയിരുന്നു എന്നതാണ്.
നാളിതുവരെയുള്ള ചരിത്രം വർഗസമരത്തിന്റേതാണെന്ന മാർക്സിന്റെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തെ തള്ളിക്കളയുന്ന ഒരുപാട് ചരിത്രകാരന്മാരും ചിന്തകരും ഒക്കെയുണ്ട്.. വർഗസമരം മാത്രമല്ല ചരിത്രമെന്നും ചരിത്രത്തിൽ ഇടംപിടിക്കുകയും ചരിത്രത്തെ സ്വാധീനിക്കുകയും ചരിത്രത്തെ മാറ്റിമറിക്കുകയും ചെയ്യുന്ന നിർണായകശക്തികൾ വേറെയും ഉണ്ടെന്നതുമാണ് ഇവരുടെ നിലപാട്. അടിമ-ഉടമ, ജന്മി- കുടിയാൻ, ബൂർഷ്വാസി- തൊഴിലാളി തുടങ്ങിയ സാമൂഹ്യവർഗങ്ങൾ തമ്മിലെ സംഘർഷത്തിൽ മാത്രമായി ചരിത്രം ഒതുക്കുന്നത് ശരിയല്ലെന്നും വിമർശനമുണ്ട്. വർഗസമരം ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണത്രേ.. എന്താണ് വാസ്തവമെന്ന് നമുക്ക് പരിശോധിക്കാം..
മനുഷ്യസമൂഹത്തിന്റെ ചരിത്രപുരോഗതിയുടെ അടിസ്ഥാനം മനുഷ്യന്റെ നിലനിൽപ്പിനാധാരമായ ഉത്പാദനോപാധികളുടെ വളർച്ചയാണ്.. നാം പുതുതായി കണ്ടെത്തിയും പരിഷ്കരിച്ചും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഊർജ്ജരൂപങ്ങൾ, സാങ്കേതികവിദ്യകൾ, വിഭവങ്ങൾ, അസംസ്കൃതവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങിയ ഉത്പാദകോപാധികളുടെ തുടർച്ചയായ പുരോഗതിയാണ് ചരിത്രത്തിനാധാരം. നാം വിവിധ ചരിത്രഘട്ടങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതുപോലും ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം തുടങ്ങിയ പദങ്ങളാണെന്ന് ഓർക്കുക. ആധുനികകാലഘട്ടം കൃത്രിമബുദ്ധിയുടെയും ഡിജിറ്റൽ ആശയവിനിമയങ്ങളുടെയും കാലഘട്ടമെന്നും അറിയപ്പെടുന്നു.. ഒരു ചരിത്രഘട്ടത്തിന്റെ സ്വഭാവഗുണങ്ങൾ അക്കാലത്തെ ഉത്പാദനോപാധികളിൽ എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് നോക്കുക. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭവവികാസങ്ങളും പ്രസ്ഥാനങ്ങളും അധികാരരൂപങ്ങളും ഒക്കെ സാധ്യമാകണമെങ്കിൽ മനുഷ്യന്റെ ഭൗതികജീവിതം സാധ്യമാക്കുന്ന ഉത്പാദനോപാധികൾ തുടർച്ചയായ വികാസം പ്രാപിക്കേണ്ടതുണ്ട്.
വ്യക്തികളോ, വീരപുരുഷന്മാരോ പ്രസ്ഥാനങ്ങളോ രാജവംശങ്ങളോ അല്ല ചരിത്രഗതിയെ നിശ്ചയിക്കുന്നത് മറിച്ച് അതാത് ചരിത്രഘട്ടങ്ങളിൽ വളർന്നുവികസിച്ച ഉത്പാദനോപാധികളും നിലനിൽക്കുന്ന വർഗബന്ധങ്ങളുമാണ്. എന്തുകൊണ്ടാണ് മനുഷ്യനുള്ളതുപോലുള്ള ബൃഹത്തായ ചരിത്രരചന മറ്റ് ജീവികൾക്ക് സാധ്യമാകാത്തത്. വന്യമൃഗങ്ങൾ അയ്യായിരം വർഷം മുമ്പ് ഇരപിടിച്ചും അലഞ്ഞുതിരിഞ്ഞും ജീവിക്കുന്നതുപോലെ തന്നെയാണ് ഇന്നും ചെയ്യുന്നത്. തങ്ങളുടേതായ ഭക്ഷ്യോത്പാദനമോ പരിഷ്കരണവിധേയമായ ഉത്പാദനോപാധികളോ അവയ്ക്ക് സ്വന്തമായില്ല. തത്ഫലമായി ഉണ്ടാകേണ്ടിയിരുന്ന സാമൂഹ്യവികാസവും ചരിത്രപരമായി രൂപംകൊണ്ട പ്രസ്ഥാനങ്ങളും അവയുടെ ചരിത്രരചനയുമൊക്കെ മനുഷ്യനുമാത്രം സാധ്യമാകുന്നു.
ഇരുമ്പിന്റെയും കാഠിന്യവും മൂർച്ചയുമുള്ള ഇരുമ്പുപകരണങ്ങളുടെയും കണ്ടെത്തൽ സംഭവിച്ചില്ലായിരുന്നെങ്കിൽ വിവിധ ദേശങ്ങളിൽ നടന്ന ഘോരയുദ്ധങ്ങളും പുതിയ വൻസാമ്രാജ്യങ്ങളുടെ ഉയർച്ചയുമൊന്നും സംഭവ്യമാകില്ലായിരുന്നു. കാർഷികവൃത്തിയും കാർഷികോപകരണങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്പാദനോപാധികളും ഉണ്ടായിരുന്നില്ലെങ്കിൽ പല നാഗരികതകളും അധിനിവേശസംസ്കാരങ്ങളും രൂപം കൊള്ളില്ലായിരുന്നു. ആവിയന്ത്രത്തിന്റെ കണ്ടെത്തലും വ്യവസായവിപ്ലവവും യൂറോപ്പിലും പുറത്തും കുത്തകമുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും പാർലമെന്ററി ജനാധിപത്യത്തിനും മറ്റ് സംവിധാനങ്ങൾക്കും വഴി തെളിച്ചു. ചരിത്രഗുണങ്ങളെ സ്വാധീനിക്കുന്ന പ്രാഥമികഘടകങ്ങൾ ഉത്പാദകശക്തികളും ഉത്പാദകബന്ധങ്ങളുമാണ് എന്നത് വിശകലനത്തിലൂടെ ബോധ്യപ്പെടാവുന്ന യാഥാർത്ഥ്യമാണ്. മറിച്ച് ഭരണകൂടങ്ങളും യുദ്ധാധിനിവേശങ്ങളും വീരേതിഹാസങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒക്കെ ചരിത്രത്തിൽ വേറിട്ടുനിൽക്കുന്നതോ യാദൃശ്ചികമായി സ്വയമേവ സംഭവിച്ചതോ ആയിരുന്നില്ല എന്ന് സാരം.
സമൂഹം കൈവരിക്കുന്ന ഉത്പാദനവളർച്ചയും ശാസ്ത്രസാങ്കേതികപുരോഗതിയും വിജ്ഞാനപരിഷ്കരണങ്ങളും ഉത്പാദനശക്തികളുടെ സ്ഥിരമായ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നു. എന്നാൽ ഉത്പാദകശക്തികൾ സമൂഹത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ആവശ്യമായ ഉത്പാദനത്തിനായി ഉപയോഗിക്കപ്പെടണമെങ്കിൽ മനുഷ്യർ തമ്മിൽ നിശ്ചിതമായ ഉത്പാദനബന്ധങ്ങളിൽ ഏർപെടേണ്ടതുണ്ട്. ഈ ഉത്പാദനബന്ധങ്ങളെ കൂടാതെ ഉത്പാദകശക്തികളുടെ വളർച്ചയോ സമൂഹത്തിന്റെ ഭൗതികപുരോഗതിയോ സാധ്യമല്ല. ഉദാ: പൗരാണിക സംസ്കാരങ്ങളിൽ നിലനിന്നിരുന്ന അടിമ-ഉടമ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഉത്പാദനബന്ധങ്ങൾ അക്കാലത്തെ സാമ്പത്തിക- സാങ്കേതികമേഖലകളിലെ വളർച്ചയ്ക്ക് അടിസ്ഥാനമായി തീർന്നിട്ടുണ്ട്. മൂലധനത്തിനുമേൽ സ്വകാര്യഉടമസ്ഥാവകാശം ഉള്ള മുതലാളിയും അധ്വാനശേഷി മാത്രം കൈമുതലായുള്ള തൊഴിലാളിയും തമ്മിലുള്ള വർഗബന്ധത്തിൽ അധിഷ്ഠിതമാണ് മുതലാളിത്തം. ഈ ഉത്പാദകബന്ധങ്ങൾ വലിയ സാമ്പത്തിക- ജീവിതനിലവാര പുരോഗതിയിലേക്കും ഉത്പാദകശക്തികളുടെ തന്നെ വികാസത്തിലേക്കും നയിക്കുന്നു.
എന്നാൽ കാലക്രമേണ വളർന്നുവികാസം പ്രാപിക്കുന്ന ഉത്പാദകശക്തികൾ മാറ്റമില്ലാതെ തുടരുന്ന ഉത്പാദനബന്ധങ്ങളുമായി വൈരുധ്യങ്ങൾ സൃഷ്ടിക്കുകയും പുരോഗതിയെ അത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മുതലാളിത്തം തുടർച്ചയായ മാന്ദ്യങ്ങളിലേക്ക് കൂപ്പുകുത്തുകയും സമൂഹത്തിലെ വിവിധമേഖലകളിൽ ദോഷകരമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ഉദാഹരണം. ആധുനികലോകത്തെ ഉത്പാദകശക്തികളും ആഗോളകുത്തകമുതലാളിത്തത്തിന്റെ ഉത്പാദകബന്ധങ്ങളും തമ്മിലെ ഇത്തരം പൊരുത്തക്കേടുകളാണ് ഈ സമ്പദ്ഘടനയുടെ നിലനിൽപിനെ ചോദ്യം ചെയ്യുന്നത്. ഉത്പാദകശക്തികളും ഉത്പാദകബന്ധങ്ങളും (ഇവ ചേർന്നതാണ് സമൂഹത്തിന്റെ സാമ്പത്തികാടിത്തറ) തമ്മിലുള്ള പൊരുത്തക്കേടുകൾ ഉത്പാദനബന്ധങ്ങളിൽ മാറ്റം സൃഷ്ടിക്കുന്നു. തുടർന്ന് സമൂഹത്തിന്റെ മറ്റ് രാഷ്ട്രീയ സാംസ്കാരികമേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നു. എഴുതപ്പെട്ട മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാൽ സാമൂഹ്യഘടനയിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നിർണായകഘടകം ആ സമൂഹത്തിന്റെ ഈ സാമ്പത്തിക-ഭൗതികാടിത്തറ ആണെന്ന് കാണാം.
എന്നാൽ ഇത്തരത്തിൽ മനുഷ്യസമൂഹത്തെ ഗുണപരമായി സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ ഉണ്ടോ..? പരിശോധിക്കാം.
ഭൂമിശാസ്ത്രം, പ്രകൃതിദുരന്തങ്ങൾ, ജനസംഖ്യ തുടങ്ങിയ ഘടകങ്ങളെ പരിഗണിക്കുക. ഒരു സാമൂഹ്യഘടനയുടെ ഗുണത്തെ നിർണയിക്കാനും അവയെ തകർത്തുകൊണ്ട് പുതിയ സാമൂഹ്യവ്യവസ്ഥിതികൾ സൃഷ്ടിക്കാനും ചരിത്രപുരോഗതിയുടെ എൻജിൻ ആകുവാനും മേൽപ്പറഞ്ഞ ഘടകങ്ങൾക്ക് കഴിയില്ല. ഭൂമിശാസ്ത്രം എന്നത് ജനജീവിതത്തിലും ഉത്പാദകമാർഗങ്ങളിലും വിഭവങ്ങളിലും ഒക്കെ സ്വാധീനം ചെലുത്താം. എന്നാൽ സമൂഹത്തിന്റ അടിസ്ഥാനഘടനയെ അത് നിർണയിക്കുന്നില്ല. അമേരിക്കയും യൂറോപ്പും വ്യത്യസ്തമായ ഭൂമിശാസ്ത്രസവിശേഷതകൾ ഉൾക്കൊള്ളുന്ന ഭൂഭാഗങ്ങളാണ്. എന്നാൽ മുതലാളിത്തത്തിൽ അധിഷ്ഠിതമായ ലിബറൽ ജനാധിപത്യസമൂഹങ്ങൾ രണ്ടിടങ്ങളിലും നിലനിൽക്കുന്നു. പുറമേ അവ തമ്മിൽ വ്യത്യാസമുണ്ടാവാം. എന്നാൽ ഒരു സാമൂഹ്യഘടനയെ മറ്റൊന്നാക്കി മാറ്റാൻ ഭൂമിശാസ്ത്രമോ പ്രകൃതിദുരന്തങ്ങളോ പര്യാപ്തമല്ല. ഭൂകമ്പവും സുനാമിയുമൊക്കെ സമൂഹത്തിന്റെ സഹജമായ ചരിത്രപുരോഗതിയെ സാവധാനത്തിലാക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യുന്നു.
സാമൂഹ്യപുരോഗതിയുടെ വേഗതയിൽ വ്യതിയാനം വരുത്തുന്നതല്ലാതെ പുരോഗതിയുടെ കാരണമായി വർത്തിക്കാൻ പ്രകൃതിപ്രതിഭാസങ്ങൾക്ക് കഴിയില്ല. ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിൽ അതിനെ പ്രതിരോധിക്കാനുള്ള പശ്ചാത്തലവികസനവും കെട്ടിടനിർമാണശൈലികളും കണ്ടേക്കാം. എന്നാൽ സാമൂഹ്യഘടനയെ അത് തീരുമാനിക്കുന്നില്ല. ഫ്യൂഡൽ പ്രഭുത്വത്തിന് കീഴിലുള്ള സമൂഹത്തിൽ ആധുനിക മുതലാളിത്ത ജനാധിപത്യസംവിധാനം രൂപീകരിക്കാൻ പ്രകൃതിപ്രതിഭാസങ്ങൾക്കോ അജ്ഞാതശക്തികൾക്കോ സാധ്യമല്ലെന്ന് സാരം. ദുരന്തം സംഭവിക്കുമ്പോൾ ഉത്പാദകശക്തികളും സമ്പദ്ഘടനയും വൻതോതിൽ ശോഷിക്കുകയും ചെയ്തേക്കാം. ഉത്പാദകശക്തികളുടെ വളർച്ചാനിരക്കിനെ അത് വ്യത്യാസപ്പെടുത്തുകയാണ് ചെയ്യുന്നത്, മറിച്ച് ചരിത്രപുരോഗതിയുടെ നിർണായകഘടകം ആവുകയല്ല. ജനസംഖ്യയും ഇത്തരത്തിൽ സാമൂഹ്യപുരോഗതിയുടെ വേഗത നിശ്ചയിക്കുന്നതല്ലാതെ സാമൂഹ്യഘടനയുടെ ഗുണത്തെ മാറ്റിമറിക്കുന്നില്ല. മേൽപറഞ്ഞ ഘടകങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ വ്യവസ്ഥാപരമായ മാറ്റങ്ങളും ചരിത്രപുരോഗതിയും തുടരുകതന്നെ ചെയ്യും.
ആശയങ്ങൾക്കും ആദർശങ്ങൾക്കും ഇതുപോലെ സാമൂഹ്യവ്യവസ്ഥിതിയിൽ മാറ്റം വരുത്താൻ സാധിക്കില്ല. ആശയങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നതിലൂടെ സാമൂഹ്യമനോഭാവത്തിൽ ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെങ്കിലും വ്യവസ്ഥിതിയുടെ ഗുണപരമായ മാറ്റങ്ങൾക്ക് ഭൗതികാടിത്തറയുടെ പക്വതപ്പെടൽ കൂടി അനിവാര്യമാണ്. ഉത്പാദകശക്തികളും ഉത്പാദകബന്ധങ്ങളും ചേർന്ന ഈ ഭൗതികാടിത്തറയുടെ പുരോഗതിയാണ് ചരിത്രപുരോഗതിക്ക് ആധാരം. ഉത്പാദകബന്ധങ്ങളാൽ രൂപം കൊള്ളുന്ന വർഗങ്ങളും വർഗസമരവും നാളിതുവരെയുള്ള ചരിത്രത്തിന്റെ ആധാരശിലയായും അതിനാൽ മാറുന്നു. വർഗസമരം അല്ലാതെയുള്ള മറ്റ് ചരിത്രങ്ങളെ കമ്മ്യൂണിസ്റ്റുകാർ നിഷേധിക്കുകയല്ല, മറിച്ച് മറ്റെല്ലാചരിത്രങ്ങളിലും വർഗസമരവും വർഗബന്ധങ്ങളും നിർണായകശക്തിയായി നിലകൊള്ളുന്നു എന്നതാണ് പ്രധാനം. ഈ വീക്ഷണരീതിയാണ് 'ചരിത്രപരമായ ഭൗതികവാദം'.. ചരിത്രത്തിലെ ഏടുകളെ അതുമാത്രമായി വിലയിരുത്തുകയും ചുറ്റുപാടുകളുമായി അത് നിലനിർത്തുന്ന ചരിത്രബന്ധങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന കേവലവാദഗതിക്കാർക്ക് ഇത് ദഹിക്കാനും ബുദ്ധിമുട്ടാണ്. കൂടുതൽ നിരീക്ഷണങ്ങൾ അടുത്ത പോസ്റ്റിൽ..

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...